Tuesday, December 11, 2007

വൈദ്യവിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത ഗ്രാമീണസേവനം എന്തുകൊണ്ട്?

ടെക്സ്റ്റ് ബുക്ക് വിവരണത്തില്‍നിന്നും സമീകൃതമായ ആശുപത്രി സാഹചര്യങ്ങളില്‍നിന്നും എത്രയോ അകലെയാണ് ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങളുടെ പൊതുജനാരോഗ്യപ്രശ്നങ്ങള്‍.

വൈദ്യവിദ്യാര്‍ഥികള്‍ക്ക് എംബിബിഎസ് പൂര്‍ത്തീകരിച്ചശേഷം ഒരു വര്‍ഷത്തെ നിര്‍ബന്ധിത ഗ്രാമീണസേവനം ഏര്‍പ്പെടുത്തുന്നതിനുള്ള നിയമം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുകയാണ്. നിര്‍ദേശിക്കപ്പെടുന്ന നിയമപ്രകാരം കോഴ്സ് പൂര്‍ത്തിയാക്കി ഹൌസ് സര്‍ജന്‍സിക്കുശേഷം ഒരു വര്‍ഷം ഗ്രാമീണസേവനം ചെയ്യണം. ഈ കാലയളവില്‍ 8000 രൂപ സ്റ്റൈപെന്‍ഡ് നല്‍കും. ഗ്രാമീണസേവനത്തിനു ശേഷമായിരിക്കും സ്ഥിരം രജിസ്ട്രേഷന്‍ മെഡിക്കല്‍ കൌണ്‍സില്‍ നല്‍കുന്നത്. തുടര്‍ന്ന് ബിരുദധാരിക്ക് ഉപരിപഠനത്തിനു പോകുന്നതിനും സ്ഥിരംജോലിക്കും മറ്റും യോഗ്യത ലഭിക്കുന്നതാണ്. സ്വകാര്യ പൊതുമേഖലാ വ്യത്യാസമില്ലാതെ ഇന്ത്യയിലെ എല്ലാ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും ഇത് ബാധകമാണ്. മാത്രമല്ല, ഇങ്ങനെയാകുമ്പോള്‍ ആരുടെയും ഉപരിപഠന/തൊഴില്‍ അവസരങ്ങള്‍ നഷ്ടമാകുന്നുമില്ല. കോഴ്സ് കാലാവധി പഴയതുപോലെ നിലനില്‍ക്കും. എന്നാല്‍, ഒരുവര്‍ഷം നിര്‍ബന്ധിത ഗ്രാമീണ സര്‍വീസ് ചെയ്യണമെന്നു മാത്രം. ബോണ്ട് ഏര്‍പ്പെടുത്തുമ്പോള്‍ അത് ചെയ്യാമെന്ന് ഏറ്റശേഷം മുങ്ങുകയോ കണ്ടുപിടിച്ചാല്‍ ബോണ്ട് പണം നല്‍കുകയോ ചെയ്ത് ഗ്രാമീണസേവനം ഒഴിവാക്കുന്നതിനുള്ള പ്രവണത നിലനില്‍ക്കുന്നുണ്ട്.

വൈദ്യവിദ്യാഭ്യാസത്തിന് പ്രവേശനം നേടി വരുന്ന ഭൂരിപക്ഷത്തിന്റെയും സാമ്പത്തിക- സാമൂഹ്യ നിലവാരമനുസരിച്ച് ഇത്തരത്തില്‍ സര്‍വീസ് ചെയ്യാതെ പണം നല്‍കുന്നതിന് അവര്‍ക്ക് കഴിയുമെന്നു കാണാം. അല്ലെങ്കില്‍ പണം ഇറക്കി സുപ്രീം കോടതിവരെ പോയി അത് സ്റ്റേ ചെയ്യുകയോ മറ്റ് പ്രതിസന്ധി സൃഷ്ടിക്കുകയോ ചെയ്യും. കേരളത്തില്‍ പിജി വിദ്യാര്‍ഥികള്‍ ഇത്തരത്തില്‍ നല്‍കിയ ഒരു കേസ് കോടതിയില്‍ നിലവിലുണ്ട്. അതുകൊണ്ട് സ്ഥിരം രജിസ്ട്രേഷന്‍ ഗ്രാമീണസര്‍വീസിനുശേഷമെന്ന സമീപനം തീര്‍ച്ചയായും അതേപടി നടപ്പാക്കേണ്ടതുണ്ട്. ഉപരിപഠനത്തിനുശേഷം നിര്‍ബന്ധിത ഗ്രാമീണ സര്‍വീസ് ചെയ്താല്‍ മതിയെന്നുവച്ചാല്‍ പിന്നീട് അത് മറികടക്കുന്നതിനുള്ള ശ്രമങ്ങളാകും ഉണ്ടാകുന്നത്. അതുകൊണ്ട് എല്ലാവരും ബിരുദമെടുത്തശേഷം സര്‍വീസ് ചെയ്യുന്നതാണ് അഭികാമ്യം.

ചൈനയിലും മറ്റും നിലനില്‍ക്കുന്ന നഗ്നപാദ ഡോക്ടര്‍സങ്കല്‍പ്പത്തിനു സമാനമായി ഇതിനെ കാണാവുന്നതാണ്. മാത്രമല്ല, വികസിത മുതലാളിത്ത രാജ്യങ്ങളിലടക്കം ഇത്തരത്തിലുള്ള നിര്‍ബന്ധിത സേവനനിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. "ഞാന്‍..... എന്റെ പൈസ..... എന്റെ കുട്ടി പഠിച്ച് ഡോക്ടര്‍ ആയി.. അതിന് സര്‍ക്കാരിന് എന്ത് കാര്യം?'' എന്നിങ്ങനെയുള്ള സ്വകാര്യ സങ്കല്‍പ്പങ്ങള്‍മാത്രം വച്ചുപുലര്‍ത്തുന്ന മധ്യ-ഉപരിവര്‍ഗ മാതാപിതാക്കള്‍ക്കും അവര്‍ വളര്‍ത്തുന്ന ചോക്ളേറ്റ് കുട്ടന്മാര്‍ക്കും ഇത് ദഹിക്കുകയില്ല. ദേശസേവനമായോ അനുഭവപരിചയം നേടുന്നതിനുള്ള ഉപാധിയായോ അവര്‍ക്ക് ഇതിനെ കാണാനാവുകയില്ല, മറിച്ച് കേവലം ഒരു വര്‍ഷത്തിന്റെ നഷ്ടമായി മാത്രമേ അവര്‍ ഇതിനെ വിലയിരുത്തുകയുള്ളൂ. നിയമത്തിനുമേല്‍ പുകമറ സൃഷ്ടിച്ച് നിര്‍ബന്ധിതഗ്രാമീണ സേവനം ഏതുവിധേനയും ഒഴിവാക്കുന്നതിനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്.

എങ്ങനെയാണ് ഒരു മെഡിക്കല്‍ ബിരുദധാരി ഉണ്ടാകുന്നത്? തന്റെ കോഴ്സ് വേളയില്‍ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലായി നിരന്തരമായി അനവധി രോഗികളെ ശാരീരികപരിശോധന നടത്തിയും അധ്യാപകരുടെ നേതൃത്വത്തില്‍ വിശകലനംചെയ്തുമാണ് വൈദ്യപഠനം പൂര്‍ത്തിയാക്കുന്നത്. ഒടുവില്‍ തിയറി/പ്രാക്ടിക്കല്‍ പരീക്ഷകള്‍ പ്രത്യേകമായി വിജയിക്കുകയും വേണം. പഠനവേളയില്‍ ഉടനീളവും തുടര്‍ന്ന് പരീക്ഷാവേളയിലും ഒരു പ്രതിഷേധവുമില്ലാതെ ശാരീരികപരിശോധനയ്ക്ക് സ്വയം തയ്യാറായി വൈദ്യവിദ്യാര്‍ഥിക്ക് കിടന്നുകൊടുക്കുന്നത് ആരാണ്? ഏറ്റവും സാധാരണക്കാരായ രോഗികള്‍. ജനറല്‍ വാര്‍ഡില്‍ത്തന്നെ കിടക്കുന്ന അല്‍പ്പം സാമ്പത്തികമായി മെച്ചപ്പെട്ട രോഗികളും പേവാര്‍ഡ് രോഗികളും വലിയൊരളവുവരെ ഇത്തരത്തില്‍ വൈദ്യവിദ്യാര്‍ഥികള്‍ക്ക് ക്ളാസ് എടുക്കുന്നതിനും ഡെമോണ്‍സ്ട്രേഷനും വേണ്ടിവരുന്ന സാഹചര്യങ്ങളില്‍ പരിശോധനയ്ക്ക് വിധേയമാകുന്നതിനും മറ്റും സ്വയം തയ്യാറാകുന്നില്ലെന്നതാണ് വാസ്തവം. ചികിത്സിക്കുന്ന അധ്യാപകന്‍ നിര്‍ബന്ധിച്ചാല്‍ക്കൂടി ഇത്തരത്തില്‍ സഹകരിക്കാത്ത രോഗികള്‍ നിരവധിയാണ്. പരീക്ഷാവേളയില്‍ അസിസ്റ്റന്റായി നിയമിക്കപ്പെടുന്ന അധ്യാപകന് മുന്നിലുണ്ടാകുന്ന ഏറ്റവും വലിയ തലവേദന പരീക്ഷയ്ക്ക് ആവശ്യത്തിന് രോഗികളെ കണ്ടെത്തുകയെന്നതാണ്.

ഇങ്ങനെ പഠിച്ചിറങ്ങുന്ന യുവഡോക്ടര്‍ വീണ്ടും ബിരുദാനന്തര ബിരുദങ്ങള്‍ സമ്പാദിച്ച് നഗരത്തില്‍ മുന്തിയ ഭാവഹാവാദികളോടെ പ്രാക്ടീസ് തുടങ്ങുമ്പോള്‍ സേവിക്കുന്നത് ആരെയാണ്? ഒരു പ്രതിഷേധവുമില്ലാതെ തന്റെ ഒട്ടിയവയറും ദാരിദ്ര്യജന്യമായ രോഗലക്ഷണങ്ങളും കാണിച്ചുകൊടുത്ത് സ്വയം ഒരു പഠനവസ്തുവായി നിന്നുകൊടുത്ത പാവങ്ങള്‍ക്ക് അവിടെ പ്രവേശനം ഉണ്ടാകുമോ?.... വൈദ്യവിദഗ്ദനായി മുന്തിയഫീസ് വാങ്ങി നഗരങ്ങളില്‍ സേവിക്കുന്നവരും കോഴ്സ് കഴിഞ്ഞ് ഉടന്‍തന്നെ കേമനായി വിദേശത്തേക്ക് പറക്കുന്നവരും താന്‍ പരിശോധിച്ച് പഠിച്ച ദരിദ്രസമൂഹത്തിന് എന്താണ് തിരികെ നല്‍കുന്നത്? ചുരുക്കത്തില്‍ ഒരു വലിയ വൈരുധ്യം വൈദ്യവിദ്യാഭ്യാസമേഖലയില്‍ നിലനില്‍ക്കുന്നുവെന്നു കാണാം. തീര്‍ച്ചയായും ഈ നൈതികപ്രതിസന്ധിക്ക് ഉത്തരം കാണേണ്ട ഉത്തരവാദിത്തം പൊതുസമൂഹത്തിനുമുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നിര്‍ബന്ധിത ഗ്രാമീണ സേവനത്തിനു വേണ്ടിയുള്ള നിയമത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നത്.

വൈദ്യവിദ്യാര്‍ഥിയെയും വൈദ്യസമൂഹത്തെയും കരിക്കുലത്തിന്റെ ഭാഗമായി സാമൂഹ്യവല്‍ക്കരിക്കേണ്ടതുണ്ട്. ടെക്സ്റ്റ് ബുക്ക് വിവരണത്തില്‍നിന്നും സമീകൃതമായ ആശുപത്രി സാഹചര്യങ്ങളില്‍നിന്നും എത്രയോ അകലെയാണ് ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങളുടെ പൊതുജനാരോഗ്യപ്രശ്നങ്ങള്‍. ചികിത്സ കേവലമായ മരുന്നെഴുത്തു മാത്രമല്ല, അത് അയാളുടെ ജീവിതസാഹചര്യത്തിലുള്ള ഇടപെടല്‍കൂടിയാകേണ്ടതുണ്ട്. ഈ യാഥാര്‍ഥ്യം മനസ്സിലാകണമെങ്കില്‍ സാധാരണക്കാരുടെ ഇടയിലേക്ക്, ഗ്രാമങ്ങളിലേക്ക്, അവരുടെ പരിമിതമായ സാഹചര്യങ്ങളിലേക്ക് യുവഡോക്ടര്‍ ഇറങ്ങി ചെല്ലണം. അത് അയാളുടെ അനുഭവശേഷിയും പ്രശ്നപരിഹാര പാടവവും വര്‍ധിപ്പിക്കും. അക്കാദമികമായ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഒരു വഴിയായി പുതിയ ഗ്രാമീണസേവനത്തിനുള്ള സാഹചര്യത്തെ കാണേണ്ടതുണ്ട്.

പുതിയ നിയമത്തില്‍ ചില പോരായ്കകളും അപകടവും പതിയിരിക്കുന്നുണ്ട്. നിര്‍ബന്ധിത ഗ്രാമീണസേവനത്തിന്റെ കാലയളവില്‍ നല്‍കുന്ന വേതനം തികച്ചും പരിമിതമാണ്. ഡോക്ടര്‍ ആയശേഷം അയാള്‍ക്ക് കുടുംബത്തെ നോക്കേണ്ടതായിവരും. ലോണ്‍തിരിച്ചടയ്ക്കേണ്ടതായി വന്നേക്കാം. ദൂരെ താമസിച്ച് സേവനം ചെയ്യുകയും വേണം. അതിനു പര്യാപ്തമായ രീതിയില്‍ വേതനം വര്‍ധിപ്പിക്കേണ്ടതുണ്ട്. കേരളത്തില്‍ നിലനില്‍ക്കുന്ന നാമമാത്രമായ ഗ്രാമീണസേവനത്തിന് 15,000 രൂപ നല്‍കുന്നുണ്ട്. ഇതിന് സമാനമായ തുക കാലാകാലങ്ങളില്‍ പരിഷ്കരിച്ച് നല്‍കുകയാണ് വേണ്ടത്. കൂടാതെ, നിര്‍ബന്ധിത ഗ്രാമീണസേവനംചെയ്യുന്ന ഡോക്ടര്‍മാരെമാത്രം വച്ച് പൊതുജനാരോഗ്യസംവിധാനം നടത്തിക്കൊണ്ടു പോകുന്നതിനുള്ള ഗൂഢശ്രമം കേന്ദ്രസര്‍ക്കാര്‍ വച്ചുപുലര്‍ത്തുന്നുണ്ടെങ്കില്‍ അത് അംഗീകരിക്കാനാകില്ല. സേവനമേഖലയില്‍നിന്ന് പിന്മാറുന്നതിനുള്ള ഒരു കുറുക്കുവഴിയായി നിര്‍ബന്ധിത ഗ്രാമീണസേവനത്തെ ഉപയോഗിക്കാന്‍ പാടില്ല.

നിയമം നടപ്പാക്കപ്പെടുന്നതിന് വലിയ ശ്രമം ഉണ്ടാകേണ്ടതുണ്ട്. ഈ വിഷയത്തെക്കുറിച്ചുള്ള വിപുലമായ ചര്‍ച്ചകള്‍ പൊതുസമൂഹത്തില്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. ഐഎംഎ തുടങ്ങിയ സംഘടനകള്‍ ഈ വിഷയത്തില്‍ എന്തു നിലപാട് എടുക്കുമെന്നും അറിയേണ്ടതുണ്ട്. എന്തായാലും കേരളത്തിലെ വൈദ്യവിദ്യാര്‍ഥി സമൂഹം നിര്‍ബന്ധിത ഗ്രാമീണസേവന നിയമത്തിനെതിരെ രംഗത്തുവരികയില്ലെന്നു പ്രത്യാശിക്കാം.

(ലേഖകന്‍: ഡോ.ആര്‍.ജയപ്രകാശ്‌. കടപ്പാട്: ദേശാഭിമാനി ദിനപ്പത്രം)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വൈദ്യവിദ്യാര്‍ഥികള്‍ക്ക് എംബിബിഎസ് പൂര്‍ത്തീകരിച്ചശേഷം ഒരു വര്‍ഷത്തെ നിര്‍ബന്ധിത ഗ്രാമീണസേവനം ഏര്‍പ്പെടുത്തുന്നതിനുള്ള നിയമം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുകയാണ്. നിര്‍ദേശിക്കപ്പെടുന്ന നിയമപ്രകാരം കോഴ്സ് പൂര്‍ത്തിയാക്കി ഹൌസ് സര്‍ജന്‍സിക്കുശേഷം ഒരു വര്‍ഷം ഗ്രാമീണസേവനം ചെയ്യണം. ഈ കാലയളവില്‍ 8000 രൂപ സ്റ്റൈപെന്‍ഡ് നല്‍കും. ഗ്രാമീണസേവനത്തിനു ശേഷമായിരിക്കും സ്ഥിരം രജിസ്ട്രേഷന്‍ മെഡിക്കല്‍ കൌണ്‍സില്‍ നല്‍കുന്നത്. തുടര്‍ന്ന് ബിരുദധാരിക്ക് ഉപരിപഠനത്തിനു പോകുന്നതിനും സ്ഥിരംജോലിക്കും മറ്റും യോഗ്യത ലഭിക്കുന്നതാണ്. സ്വകാര്യ പൊതുമേഖലാ വ്യത്യാസമില്ലാതെ ഇന്ത്യയിലെ എല്ലാ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും ഇത് ബാധകമാണ്.

നിയമം നടപ്പാക്കപ്പെടുന്നതിന് വലിയ ശ്രമം ഉണ്ടാകേണ്ടതുണ്ട്. ഈ വിഷയത്തെക്കുറിച്ചുള്ള വിപുലമായ ചര്‍ച്ചകള്‍ പൊതുസമൂഹത്തില്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. ഐഎംഎ തുടങ്ങിയ സംഘടനകള്‍ ഈ വിഷയത്തില്‍ എന്തു നിലപാട് എടുക്കുമെന്നും അറിയേണ്ടതുണ്ട്. എന്തായാലും കേരളത്തിലെ വൈദ്യവിദ്യാര്‍ഥി സമൂഹം നിര്‍ബന്ധിത ഗ്രാമീണസേവന നിയമത്തിനെതിരെ രംഗത്തുവരികയില്ലെന്നു പ്രത്യാശിക്കാം.

ഡോ.ആര്‍.ജയപ്രകാശ് എഴുതിയ ലേഖനം ചര്‍ച്ചകള്‍ക്കായി സമര്‍പ്പിക്കുന്നു.