Thursday, May 31, 2012

നെയ്യാറ്റിന്‍കരയുടെ ചുവരെഴുത്ത്

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെയും ബിജെപിയെയും പരാജയപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എഫ് ലോറന്‍സ് വന്‍ വിജയം നേടുമെന്നത് ഉറപ്പാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയപോരാട്ടമാക്കി മാറ്റാന്‍ എല്‍ഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. ഒരു വര്‍ഷത്തിനിടയില്‍ രണ്ടാമത്തെ തെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ച യുഡിഎഫിന്റെ കുതന്ത്രത്തിനും കാലുമാറ്റത്തിനും എതിരായ ജനവിധിയാണ് നെയ്യാറ്റിന്‍കരയില്‍ ഉണ്ടാകാന്‍ പോകുന്നത്. 1982ല്‍ എല്‍ഡിഎഫിന്റെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ഉദുമയിലെ കുഞ്ഞിരാമന്‍ നമ്പ്യാര്‍ നിയമസഭാംഗത്വം രാജിവച്ച് അതേ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു. ആ വഞ്ചനക്കെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മത്സരിച്ച അഡ്വ. കെ പുരുഷോത്തമനെ വിജയിപ്പിച്ച ഉദുമയിലെ ജനങ്ങളുടെ ജനാധിപത്യബോധമാണ് നെയ്യാറ്റിന്‍കരയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ആവര്‍ത്തിക്കാന്‍ പോകുന്നത്.

തിരുവനന്തപുരം ജില്ലയില്‍ മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പുകള്‍ എല്‍ഡിഎഫിന്റെ മുന്നേറ്റത്തിന് നാന്ദികുറിച്ച സംഭവങ്ങളാണ്. 1977ല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷംനടന്ന തെരഞ്ഞെടുപ്പില്‍ സിപിഐ എം കനത്ത പരാജയം ഏറ്റുവാങ്ങിയശേഷം തിരുവനന്തപുരം ഈസ്റ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഐ എം സ്ഥാനാര്‍ഥി കെ അനിരുദ്ധനെ വിജയിപ്പിച്ച് ജനങ്ങള്‍ രാഷ്ട്രീയ മുന്നേറ്റത്തില്‍ ഇടതുപക്ഷ വീക്ഷണമാണ് ശരി എന്നുറക്കെ പ്രഖ്യാപിച്ചു. 1979ല്‍ പാറശാല മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഐ എം സ്ഥാനാര്‍ഥി എം സത്യനേശന്‍ വിജയിച്ചു. ആ വിജയത്തിലൂടെ വമ്പിച്ച രാഷ്ട്രീയമാറ്റത്തിന് ഇടയാക്കിയ സംഭവവികാസങ്ങള്‍ ഉരുത്തിരിയുകയും അന്നത്തെ യുഡിഎഫ് തകരുകയും 1980ല്‍ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരികയുംചെയ്തു. 1982ല്‍ നേമം മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ജെ തങ്കപ്പനെ വിജയിപ്പിച്ചാണ് ജനദ്രോഹം മുഖമുദ്രയാക്കിയ യുഡിഎഫ് സര്‍ക്കാരിന് ജനങ്ങള്‍ പ്രഹരമേല്‍പ്പിച്ചത്. ഈ ചരിത്രമുള്ള തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര അതേ അനുഭവമാണ് ആവര്‍ത്തിക്കുക.

യുഡിഎഫ് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ജനദ്രോഹനയങ്ങള്‍ക്കും യുപിഎ സര്‍ക്കാരിന്റെ മൂന്നുവര്‍ഷത്തെ ജനവിരുദ്ധ നടപടികള്‍ക്കും എതിരായ ജനവിധിയാണ് നെയ്യാറ്റിന്‍കരയില്‍ ഉണ്ടാകാന്‍ പോവുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ സര്‍ക്കാരിനെക്കുറിച്ചുള്ള വിലയിരുത്തലാവുമെന്ന് പറഞ്ഞ യുഡിഎഫ് ഇപ്പോള്‍ മാര്‍ക്സിസ്റ്റ് അക്രമമെന്ന പതിവു പല്ലവിയിലേക്ക് പിന്‍വാങ്ങി. സെല്‍വരാജിന്റെ കാലുമാറ്റത്തിനെതിരായി ഉയരുന്ന ജനരോഷത്തെ മാര്‍ക്സിസ്റ്റ് അക്രമമെന്ന പേരില്‍ പ്രചാരണം നടത്തി ഗതി തിരിച്ചുവിടാമെന്നാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും വ്യാമോഹിക്കുന്നത്. ഒരു വര്‍ഷത്തെ ഭരണത്തിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സംസ്ഥാനത്തെ ശവപ്പറമ്പാക്കി. 62 കര്‍ഷകരാണ് ചുരുങ്ങിയ കാലംകൊണ്ട് കടഭാരം കാരണം ആത്മഹത്യചെയ്തത്. കാര്‍ഷികമേഖല വിറങ്ങലിച്ച് നില്‍ക്കുന്നു. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ കൃത്യമായി വിതരണംചെയ്യുന്നില്ല. എല്‍ഡിഎഫ് പ്രഖ്യാപിച്ച കര്‍ഷകപെന്‍ഷന്റെ വിതരണം നിലച്ചു. സാമൂഹ്യ സുരക്ഷിതത്വ പദ്ധതികള്‍പ്രകാരം നല്‍കേണ്ടുന്ന ആനുകൂല്യങ്ങളെല്ലാം മുടക്കി. റേഷന്‍കടകളിലൂടെയുള്ള മണ്ണെണ്ണവിതരണവും ഗോതമ്പ് വിതരണവും അനിശ്ചിതത്വത്തിലായി. ഒരു രൂപയുടെ അരി ലഭിക്കുന്നവരുടെ എണ്ണം പത്ത് ലക്ഷത്തില്‍ താഴെമാത്രമായി. അതും മുടങ്ങുകയാണ്. എല്‍ഡിഎഫ് ആവിഷ്കരിച്ച രണ്ടുരൂപ അരിവിതരണപദ്ധതി നിഷ്കരുണം അട്ടിമറിച്ചു. വിലക്കയറ്റത്തിന് കാരണക്കാരായ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനവികാരമാണ് പ്രധാനമായും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക. ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പുറത്തിറക്കിയ പ്രൈസ് ബുള്ളറ്റിനില്‍ സംസ്ഥാന ശരാശരിയായി, മട്ട അരി കിലോയ്ക്ക് 20.07 രൂപ വിലയുണ്ടായിരുന്നത് ഇന്ന് തിരുവനന്തപുരം പൊതുവിപണിയില്‍ 27 രൂപയാണ്. 2009ല്‍ 20 രൂപയുള്ള ചമ്പാ അരിക്ക് 24 രൂപയായി. 21.77 രൂപ വിലയുള്ള ആന്ധ്ര വെള്ള അരിക്ക് 27 രൂപയാണിന്ന്. ഉഴുന്നിന് 2009ല്‍ 50.07 രൂപയായിരുന്നത് 62 ആയി, എറണാകുളത്ത് 80ഉം. ചെറുപയറിന് 2009ല്‍ 47.7 രൂപ ഉണ്ടായിരുന്നത് 64 ആയി. 54.79 രൂപയായിരുന്ന തുവരപ്പരിപ്പിന് ഇപ്പോള്‍ 68 രൂപയാണ്. 2009ല്‍ പഞ്ചസാരയ്ക്ക് സംസ്ഥാനശരാശരി വില 22.37 ആയിരുന്നു. ഇപ്പോള്‍ 33 രൂപയാണ്. 20 രൂപയ്ക്ക് ലഭിച്ചിരുന്ന മില്‍മപാലിന്റെ വില ലിറ്ററിന് 27 രൂപയായി. വെളിച്ചെണ്ണയ്ക്ക് 2009ല്‍ സംസ്ഥാന ശരാശരി വില ലിറ്ററിന് 54.50 രൂപയായിരുന്നു. ഇന്ന് വെളിച്ചെണ്ണ ലൂസിന് 72 രൂപയും കേര വെളിച്ചെണ്ണയ്ക്ക് 85 രൂപയും കെഎല്‍എഫ് നിര്‍മലിന് 95 രൂപയും കൊടുക്കണം. ഈ പട്ടിക വളരെ വലുതാണ്.

സംസ്ഥാനസര്‍ക്കാരിന്റെ ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ രേഖകള്‍തന്നെയാണ് ഈ വിലവിവരം വെളിപ്പെടുത്തുന്നത്. തിരുവനന്തപുരത്തെ പൊതുവിപണിയില്‍നിന്ന് മെയ് 26നാണ് അവര്‍ ഈ വിലവിവരം ശേഖരിച്ചത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ത്രിവേണി സ്റ്റോറുകളില്‍ പോലും ഇത്തരത്തില്‍ വില വര്‍ധിച്ചിരിക്കുന്നു. സര്‍ക്കാര്‍ നോക്കുകുത്തിയായി. പച്ചക്കറിവില ഇത്രയേറെ വര്‍ധിച്ച സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ല. മാംസം, മുട്ട തുടങ്ങിയവയുടെ വിലയും ക്രമാതീതമായി വര്‍ധിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പാലിന്റെ വിലയില്‍മാത്രം എട്ടു രൂപയുടെ വര്‍ധനയാണ് വരുത്തിയത്. പെട്രോള്‍ വില ലിറ്ററിന് 75.74 രൂപയായി വര്‍ധിപ്പിച്ചു. കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരാണ് പെട്രോള്‍ വില വര്‍ധിപ്പിച്ചത്. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ വലിയൊരു കാര്യംപോലെ അതിലെ നികുതിവരുമാനം വേണ്ടെന്നു വയ്ക്കുന്നു. അതിന്റെ പേരില്‍ പെരുമ്പറയടിച്ച് ജനങ്ങളെ കബളിപ്പിക്കുന്നു. എന്നാലും ലിറ്ററിന് 74.11 രൂപ കൊടുക്കണം. ഒറ്റയടിക്ക് 6.29 രൂപയുടെ വര്‍ധന. സാധാരണക്കാര്‍ക്ക് ഇരുചക്രവാഹനങ്ങള്‍ ഓടിക്കാന്‍ പറ്റാത്ത അവസ്ഥ. ഓട്ടോറിക്ഷ ഓടിച്ച് വീടുപുലര്‍ത്തുന്ന കുടുംബസ്ഥരുടെ വയറ്റത്തടിച്ചതിനെക്കുറിച്ച് യുഡിഎഫിന് വിശദീകരണമില്ല.

ഡീസലിനും പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വില വര്‍ധിപ്പിക്കാന്‍ പോകുന്നു. ഇതിന്റെ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിയുടെ കോണ്‍ഗ്രസിനു മാത്രമാണ്. യുഡിഎഫ് മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന ആ കോണ്‍ഗ്രസിനെതിരായ കേരളജനതയുടെ വികാരമാണ് പ്രതിഷേധമായി, പ്രതിരോധമായി, യുഡിഎഫിനെതിരായ വോട്ടായി നെയ്യാറ്റിന്‍കരയില്‍ പ്രതിഫലിക്കാന്‍ പോകുന്നത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരാല്‍ കുത്തിനിറയ്ക്കപ്പെട്ട ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയില്‍നിന്ന് ഇതിലുമേറെ പ്രതീക്ഷിക്കാന്‍ സാധിക്കില്ല. ആറ് മന്ത്രിമാര്‍ വിജിലന്‍സ് കേസില്‍ പ്രതികളാണ്. പാമൊലിന്‍ കേസിലും സൈന്‍ബോര്‍ഡ് കേസിലും ആരോപണവിധേയനായി പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയെ രക്ഷിച്ചെടുക്കാന്‍ ഭരണസംവിധാനത്തെ ഉപയോഗപ്പെടുത്തുന്നു. അഴിമതി നിരോധനവകുപ്പിനെ രാഷ്ട്രീയവല്‍ക്കരിച്ച മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. ഇത്തരം സാമൂഹ്യപ്രശ്നങ്ങള്‍ യുഡിഎഫിനെതിരായ പ്രതികരണമായി രൂപംകൊണ്ടാല്‍, യുഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് തള്ളിനീക്കപ്പെടും. ആ ആശങ്കയാണ് കുത്തക മാധ്യമങ്ങളെ കൂട്ടുപിടിച്ച് മാര്‍ക്സിസ്റ്റ് വിരുദ്ധ പ്രചാരവേലയ്ക്ക് ആക്കം കൂട്ടാന്‍ യുഡിഎഫിനെ പ്രേരിപ്പിക്കുന്നത്. യുഡിഎഫും ബിജെപിയും രണ്ടാംസ്ഥാനത്തിനു വേണ്ടിയാണ് നെയ്യാറ്റിന്‍കരയില്‍ മത്സരിക്കുന്നത്. സിപിഐ എം രൂപം കൊണ്ടശേഷം അഞ്ഞൂറ്റിപ്പത്ത് പ്രവര്‍ത്തകര്‍ കേരളത്തില്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതല്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടത് സിപിഐ എമ്മില്‍ പ്രവര്‍ത്തിച്ചതിന്റെ പേരിലാണ്. അങ്ങനെയുള്ള ഒരു പാര്‍ടിക്കെതിരെ അക്രമകഥകള്‍ പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പ് വിധിയെ അട്ടിമറിക്കാമെന്ന ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹം വിഫലമാവാന്‍ പോവുകയാണ്.

ഇടുക്കിയിലെ എസ്എഫ്ഐ ജില്ലാ വൈസ്പ്രസിഡന്റ് അനീഷ് രാജനെ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തി മൂന്ന് മാസമായിട്ടും പ്രതികളെ പിടികൂടാത്ത ഉമ്മന്‍ചാണ്ടിസര്‍ക്കാരാണ് നിഷ്പക്ഷമായ നീതിനിര്‍വഹണത്തെക്കുറിച്ച് ഗീര്‍വാണം പ്രസംഗിക്കുന്നത്. സിപിഐ എമ്മുകാര്‍ പ്രതികളാണെന്ന് ആരോപിക്കപ്പെടുന്ന സംഭവങ്ങള്‍ കൈകാര്യംചെയ്യുന്ന രീതിയും കോണ്‍ഗ്രസുകാര്‍ പ്രതികളായ കേസുകള്‍ കൈകാര്യംചെയ്യുന്ന രീതിയും എങ്ങനെയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇടതുപക്ഷത്തിനെതിരായ ഏറ്റവും വലിയ കടന്നാക്രമണമാണ് യുഡിഎഫ് ഇപ്പോള്‍ നടത്തുന്നത്. രണ്ട് അംഗങ്ങളുടെമാത്രം ഭൂരിപക്ഷമുള്ള ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ അധികാരം നിലനിര്‍ത്താന്‍ എന്തും ചെയ്യും എന്നതാണ് എംഎല്‍എയുടെ കാലുമാറ്റവും തുടര്‍ന്ന് ഉയര്‍ന്ന സംഭവങ്ങളും സ്വീകരിക്കുന്ന നിലപാടുകളും വ്യക്തമാക്കുന്നത്.

ഭീഷണി ഉണ്ടായതുകൊണ്ടാണ് പാര്‍ടി വിട്ടതെന്നും ക്വട്ടേഷന്‍സംഘത്തില്‍പെട്ട ആള്‍തന്നെയാണ് തനിക്ക് വിവരം നല്‍കിയതെന്നും സെല്‍വരാജ് പറയുകയുണ്ടായി. തമിഴ്നാട്ടിലെ മലയടിയിലെ ക്വട്ടേഷന്‍ സംഘമാണ് ഇതിനു പിന്നിലെന്ന് സെല്‍വരാജ് ആരോപിച്ചപ്പോള്‍ പൊഴിയൂരിലെ ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിച്ചതായാണ് വിവരം ലഭിച്ചതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആരോപിച്ചു! ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഈ വ്യക്തമാക്കലുകളുടെ അടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ സംഘങ്ങളില്‍പ്പെട്ട ഒരാളെപ്പോലും പിടികൂടാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കഴിയാത്ത സാഹചര്യത്തില്‍ ഈ ആരോപണങ്ങളും തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള കുപ്രചാരണമായിരുന്നു എന്ന് തെളിഞ്ഞിരിക്കുന്നു.

ഇത്തരം പ്രചാരണങ്ങള്‍ ഇനിയുള്ള ദിവസങ്ങളിലും കോണ്‍ഗ്രസുകാര്‍ നടത്തും. മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും നേതൃത്വത്തില്‍ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് യുഡിഎഫ് പ്രചാരണം നടത്തുന്നത്. പൊലീസിനെയും ഭരണ സംവിധാനത്തെയും ഉപയോഗിച്ച്, നുണപ്രചാരണങ്ങള്‍ നടത്തുന്ന മാധ്യമങ്ങളുടെ സഹായത്തോടെ, പണക്കൊഴുപ്പിന്റെ ആര്‍ഭാടത്തില്‍ നടത്തുന്ന നെയ്യാറ്റിന്‍കര മണ്ഡലത്തിലെ യുഡിഎഫ് പ്രചാരണത്തിന്റെ പൊള്ളത്തരം ജനങ്ങള്‍ മനസിലാക്കുന്നുണ്ട്. അത്തരത്തിലുള്ള എല്ലാ വഴിവിട്ട പരിശ്രമങ്ങളെയും ചെറുത്ത് തോല്‍പ്പിക്കാന്‍ നെയ്യാറ്റിന്‍കരയിലെ ജനാധിപത്യ വിശ്വാസികള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാളേറെ ഭൂരിപക്ഷത്തോടെ സീറ്റ് നിലനിര്‍ത്താന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് സാധിക്കും.

*
കോടിയേരി ബാലകൃഷ്ണന്‍

കേസുകള്‍ രാഷ്ട്രീയ ആയുധമാകുമ്പോള്‍

ഭരണകൂടത്തിന്റെ നെടുംതൂണുകളിലൊന്നാണ് നീതിന്യായ വ്യവസ്ഥ. യേശുവിനെ മരണം വിധിച്ച് കുരിശിലേറ്റാന്‍ പീലാത്തോസ് വേണ്ടിവന്നു. ഭരണകൂടത്തോട് എതിരിടുന്നവരെ ഒറ്റുകൊടുക്കാന്‍ യൂദാസുമാര്‍ ഉണ്ടാകും. കള്ളസാക്ഷ്യം നല്‍കാന്‍ അവസരവാദികള്‍ വരും. ഈ രക്തത്തില്‍ തനിക്ക് പങ്കില്ലയെന്ന് വിലപിച്ച് കൈകഴുകുന്ന പീലാത്തോസുമാര്‍ വിചാരണകളില്‍ അധ്യക്ഷരാകും. വിപ്ലവകാരികളെ തച്ചമര്‍ത്തുന്നതിന് നീതിന്യായ വ്യവസ്ഥയെ ദുരുപയോഗംചെയ്തതിന് ഉദാഹരണങ്ങള്‍ ചരിത്രത്തിലെത്രയോ ഉണ്ട്.

ക്യൂബന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാരോപിക്കപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തി, പ്രതിക്കൂട്ടില്‍ നിന്ന ഫിദല്‍കാസ്ട്രോ "ചരിത്രം എന്നെ കുറ്റക്കാരനല്ലെന്ന് വിധിക്കുമെന്ന്" ആത്മവിശ്വാസത്തോടെ പറഞ്ഞു. കാസ്ട്രോയെ ജയിലിലടച്ച ഭരണകൂടവും ന്യായാസനങ്ങളും ചരിത്രത്തിലെ ഫോസിലുകളായി മാറി. കാസ്ട്രോ ഒരു രാജ്യത്തിന്റെയും ലോകവിപ്ലവ പ്രസ്ഥാനത്തിന്റെയും ഭാഗധേയം തെളിച്ച ചരിത്രസ്രഷ്ടാവായി. അമേരിക്കന്‍ സേനയുടെ പിടിയിലായ സദ്ദാം ഹുസൈനെ കഴുവിലേറ്റുന്നതിന് പിന്നണി പാടാന്‍ ഒരു അന്വേഷണ ഏജന്‍സിയും കോടതിയും ഉണ്ടായി. അധീശവര്‍ഗത്തിന്റെ കളിപ്പാട്ടങ്ങളായി പൊലീസും കോടതിയും തെളിവെടുപ്പും ഉപയോഗിക്കപ്പെട്ട സന്ദര്‍ഭങ്ങള്‍ വര്‍ത്തമാനകാലത്തും ഏറെയുണ്ട്.

ഇന്ത്യയിലെ കമ്യൂണിസത്തിന്റെ ഉദയത്തെ ഗര്‍ഭഗൃഹത്തില്‍ വച്ചുതന്നെ തടയാന്‍ ബ്രിട്ടീഷ് ഭരണകൂടം പ്രയോഗിച്ചതും കേസുകളുടെ പരമ്പരതന്നെ. പെഷവാര്‍, മീററ്റ്, കാണ്‍പുര്‍ ഗൂഢാലോചന കേസുകള്‍, കെട്ടുകഥകളെ കോടതിവിധികളാക്കി മാറ്റാന്‍ ഭരണകൂടത്തിനുള്ള വൈഭവത്തിന് സാക്ഷ്യപത്രങ്ങളാണ്. പക്ഷേ, കേസുകളില്‍ ജയിച്ചുവെങ്കിലും ജനങ്ങളുടെ കോടതിയില്‍ തോറ്റതാണ് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അനുഭവം. പിച്ചവയ്ക്കുംമുമ്പേ കേസുകളും കോടതിയും തടവറയും വിചാരണയും കണ്ടു പരിചയമുള്ള ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരെ കേസുകാട്ടി വിരട്ടാമെന്ന് അല്‍പ്പജ്ഞാനികളായ ചിലര്‍ വിചാരിക്കുന്നുണ്ടാവും. മഹാത്മാഗാന്ധിയുടെ വധം ലക്ഷണമൊത്ത രാഷ്ട്രീയ കൊലപാതകമായിരുന്നു. നാഥുറാം ഗോഡ്സെ ലക്ഷ്യംകണ്ടത് മൂന്നാമത്തെ ശ്രമത്തിലാണ്. ഗാന്ധിവധത്തിനു പിന്നിലെ രാഷ്ട്രീയശക്തിയായ ആര്‍എസ്എസിനെ തുറന്നുകാട്ടാനോ, നേരിട്ടു കുറ്റപ്പെടുത്താനോ കോണ്‍ഗ്രസ് നേതൃത്വത്തിന് മടിയായിരുന്നു. പക്ഷേ, ഒഞ്ചിയത്ത് ഒരു കൊലപാതകമുണ്ടായപ്പോള്‍ അതിന്റെ പ്രതിസ്ഥാനത്ത് സിപിഐ എമ്മിനെ നിര്‍ത്താന്‍, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ക്കും, യുഡിഎഫ് നേതാക്കള്‍ക്കും എന്തൊരു തിടുക്കം. "പാര്‍ടി കോടതി"യുടെ വധശിക്ഷയാണെന്ന ചെന്നിത്തലയുടെ ആരോപണവും പൊടുന്നനെ വന്നു. പോസ്റ്റ്മോര്‍ട്ടം മുറിയില്‍ ആഭ്യന്തരമന്ത്രി കയറിയതും പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചെന്നിത്തല പങ്കെടുത്തതെന്തിനെന്നും ഇപ്പോള്‍ വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. കൊലപാതകം നടത്തിയവരെ പിടിച്ചിട്ടില്ല. എന്നാല്‍, ആയുധങ്ങള്‍ കിണറ്റില്‍നിന്ന് കണ്ടെടുക്കുകയുംചെയ്തു. സാധാരണഗതിയില്‍ കുറ്റകൃത്യം നടത്തിയവരില്‍ നിന്ന് പൊലീസിന് ലഭിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തില്‍, കുറ്റത്തിനുപയോഗിക്കുന്ന ആയുധങ്ങള്‍ കണ്ടെത്തിയാല്‍ അത് തെളിവുനിയമത്തിന്റെ 27-ാം വകുപ്പ് പ്രകാരം വിലപ്പെട്ട തെളിവാണ്. ദൃക്സാക്ഷികളില്ലാത്ത കേസില്‍പോലും ശിക്ഷയിലേക്ക് നയിക്കാന്‍ കോടതിക്ക് സാധിക്കുന്ന അത്തരം തെളിവുകള്‍ ഈ കേസില്‍ ലാഘവത്തോടെ പൊലീസ് കൈകാര്യംചെയ്തിരിക്കുന്നു. കൊലപാതകം നടത്തിയവര്‍ ആയുധങ്ങളെല്ലാം കൂട്ടമായി പിന്നീട് കണ്ടെടുക്കാന്‍ പാകത്തില്‍ ഒരാളെ ഏല്‍പ്പിക്കുക, അയാള്‍ മാപ്പുസാക്ഷിയായി, ആയുധം കണ്ടെത്തുക തുടങ്ങി യുക്തിരഹിതമായ നടപടികളാണ് ഇപ്പോള്‍ നടന്നു വരുന്നതായി മാധ്യമ വാര്‍ത്തകളില്‍ കാണുന്നത്. പോസ്റ്റ്മോര്‍ട്ടം മുറിയില്‍ രക്തസാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടാവും. അത് കൃത്രിമതെളിവുകള്‍ക്ക് ഉപയോഗപ്പെടുത്തുന്ന രീതി പല അന്വേഷണ ഏജന്‍സികളും മുമ്പ് സ്വീകരിച്ചിട്ടുണ്ട്. അഭിഭാഷകന്‍കൂടിയായ ആഭ്യന്തരമന്ത്രി പോസ്റ്റ്മോര്‍ട്ടം മുറിയില്‍ കയറിയത് സംശയത്തിനിടയാക്കുന്നത് ഇക്കാരണത്താലാണ്. അല്ലെങ്കില്‍ എന്തിനാണ് അവിടെ താന്‍ ചെന്നതെന്ന് വിശദീകരിക്കാന്‍ മന്ത്രിക്ക് ബാധ്യതയുണ്ട്.

ഒരു ക്രിമിനല്‍ കേസില്‍ അന്വേഷണ മേല്‍നോട്ടം കോടതിക്കു മാത്രമാണ്. പോസ്റ്റ്മോര്‍ട്ടം നടത്തുന്ന മുറിയില്‍ കയറുക മാത്രമല്ല തുടരെ ഇടപെടല്‍ നടത്തുന്ന ആഭ്യന്തരമന്ത്രി മേല്‍നോട്ടം സ്വയം ഏറ്റെടുത്തിരിക്കുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് സാക്ഷ്യം വഹിക്കണമെന്ന് കോടതിയോടപേക്ഷിച്ചാല്‍ ജഡ്ജിതന്നെ തല്‍സമയം ഹാജരാകുന്ന അനുഭവങ്ങളുണ്ട്. ചിലപ്പോള്‍ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് മേല്‍നോട്ടം വഹിക്കും. ആഭ്യന്തരമന്ത്രി അതിന് പകരമാകില്ല. ഇവിടെ സംസ്ഥാന ആഭ്യന്തര മന്ത്രിക്കുമേല്‍ അധിക മേല്‍നോട്ടത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് മുല്ലപ്പള്ളിയും വന്നു. കേസന്വേഷണം സിബിഐ ഏറ്റെടുക്കുമെന്നാണ് ഭീഷണി. ഇപ്പോള്‍ പിടികൂടിയവര്‍ പലരും നിരപരാധികളാണെന്ന് കേന്ദ്രമന്ത്രിക്കറിയാം. അവരെ ബലിയാടാക്കുന്നത് നേതാക്കളെ ലക്ഷ്യമിട്ടാണ്. അത് കേന്ദ്രമന്ത്രി പറയുമ്പോള്‍ ഭീഷണി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ്. പൊലീസിന്റെ അന്വേഷണത്തിന്റെ പോരായ്മകൊണ്ട് പിന്നീട് സിബിഐ ഏറ്റെടുത്ത പല കേസുകളിലും ലോക്കല്‍ പൊലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കുന്ന ധാരാളം സംഭവങ്ങളുണ്ട്. നേതാക്കളെ പ്രതികളാക്കിയില്ലെങ്കില്‍ ഇപ്പോള്‍ അന്വേഷണച്ചുമതലയുള്ളവരെ കൂട്ടുപ്രതികളാക്കി മാറ്റുമെന്നതാണ് മുല്ലപ്പള്ളിയുടെ വടകര പ്രസംഗത്തിന്റെ അര്‍ഥം. സുധാകരന്‍ -മുല്ലപ്പള്ളി സംഘത്തിന്റെ നിയമ വിരുദ്ധ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഈ കേസിലെ അന്വേഷണത്തെയും നിയമവ്യവസ്ഥയെയും കീഴ്മേല്‍ മറിച്ചിരിക്കുന്നു. ഇതോടൊപ്പം മറ്റ് രണ്ട് കേസുകൂടി ഉപയോഗിച്ച് സിപിഐ എമ്മിനെതിരെ മഹാസഖ്യമുണ്ടാക്കി ആക്രമിക്കാനാണ് യുഡിഎഫിന്റെ പുറപ്പാട്.

1991 കാലത്ത് കരുണാകരന്‍ സര്‍ക്കാര്‍ കണ്ണൂരില്‍ ടാഡ പ്രയോഗിച്ചാണ് പാര്‍ടിക്കെതിരെ നീങ്ങിയത്. ഇപ്പോള്‍ ടാഡ നിലവിലില്ല. എന്നാല്‍, ഭീകരവാദ വിരുദ്ധനിയമത്തിലെ വ്യവസ്ഥകള്‍, അവിടെ നടപ്പായപോലെയാണ് പൊലീസും മാധ്യമങ്ങളും പെരുമാറുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തെളിവില്ലാതെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ട് തെറ്റുകാരനല്ലായെന്ന് പ്രതികള്‍ തെളിയിക്കണമെന്നാണ് മാധ്യമശാഠ്യം. വീരേന്ദ്രകുമാര്‍ മുതല്‍ പി സി ജോര്‍ജു വരെ, ഉമ്മന്‍ചാണ്ടിയുടെ ഉപകീചക വേഷങ്ങള്‍ ആടിത്തിമിര്‍ക്കുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള പി സി ജോര്‍ജാണ് സമാധാനത്തിന്റെ ആള്‍രൂപമായി അഭിനയിക്കുന്നത്. ഇരയെ കഴുത്തുനോക്കി മഴുവിനു വെട്ടികൊല്ലുന്ന രീതി അണികളെ പഠിപ്പിക്കുന്ന എന്‍ഡിഎഫിനെയും ഇവിടെ മാധ്യമങ്ങള്‍ ജ്ഞാനസ്നാനം നല്‍കി മാലാഖയാക്കുന്നു. തങ്ങളുടെ ആള്‍ബലത്തിനപ്പുറം നരമേധശേഷി പ്രകടിപ്പിച്ച ആര്‍എസ്്എസും വിശുദ്ധരാക്കപ്പെടുന്നു. ചന്ദ്രശേഖരന്‍ വധക്കേസിന്റെ പിന്നിലൊളിച്ചിരുന്ന് വലതുപക്ഷ രാഷ്ട്രീയത്തിലെ പരസ്പരം ഏറ്റുമുട്ടുന്നവരും കപട ഇടതുപക്ഷക്കാരും ഒരുമിച്ചിരിക്കുന്നു.

വിഷവൃക്ഷത്തിന്റെ അടിവേരു തേടിയവര്‍, അതേ വൃക്ഷത്തിന്റെ ശിഖരത്തില്‍ കെട്ടിയിട്ട ഊഞ്ഞാലില്‍ ആടിത്തിമിര്‍ത്ത് സിപിഐ എമ്മിനെതിരെ വിഷം ചീറ്റുന്നു. മുത്തൂറ്റ് പോള്‍ വധക്കേസില്‍ ഒരുദിവസത്തിനകം കൊലയാളികള്‍ ജയിലിലായപ്പോള്‍ യഥാര്‍ഥ കുറ്റവാളികള്‍ മറ്റാരോ ആണെന്നും പൊലീസ് തയ്യാറാക്കിയ തിരക്കഥയാണെന്നും മാധ്യമങ്ങള്‍ അലറിവിളിച്ചു. പോളിനൊപ്പം യാത്രചെയ്തവരും സിപിഐ എം അന്ന് രക്ഷപ്പെടുത്താന്‍ തത്രപ്പെട്ടതായി ആരോപിക്കപ്പെട്ടവരുമായ രണ്ടുപേരെയും സിബിഐ പിന്നീട് സാക്ഷികളാക്കിമാറ്റിയപ്പോള്‍ ഈ മാധ്യമങ്ങള്‍ മിണ്ടിയില്ല. എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ പൊലീസ് പറയുന്നത് അവിശ്വസിക്കുന്ന മാധ്യമങ്ങള്‍ യുഡിഎഫ് ഭരിക്കുമ്പോള്‍ പൊലീസ് പറയുന്നതെല്ലാം വേദവാക്യമായി കരുതി ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതെന്തുകൊണ്ട്. നീതിയുടെ താല്‍പ്പര്യങ്ങളോ നിയമവാഴ്ചയുടെ നടത്തിപ്പോ അല്ല വലതുപക്ഷ രാഷ്ട്രീയത്തിന്റെ നേട്ടകോട്ടങ്ങളാണ് ഈ നിറംമാറ്റത്തിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്നത്. കേസുകളെ രാഷ്ട്രീയായുധമാക്കി ഉപയോഗിക്കുന്നവര്‍ ഇവിടെ നിരാശപ്പെടുകതന്നെ ചെയ്യും.

*
അഡ്വ. കെ അനില്‍കുമാര്‍ ദേശാഭിമാനി 31 മേയ് 2012

എ കെ ആന്റണിയുടെ സത്വരശ്രദ്ധ പതിയാന്‍

നെയ്യാറ്റിന്‍കരയില്‍ സിപിഐ എം ജയിച്ചാല്‍ ഒഞ്ചിയം ആവര്‍ത്തിക്കുമെന്ന് താങ്കള്‍ പ്രസംഗിച്ചതായി മാധ്യമങ്ങളില്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത് കണ്ടു. അക്രമരാഷ്ട്രീയത്തിന് ഫുള്‍സ്റ്റോപ്പിടാനുള്ള അവസരമാണ് നെയ്യാറ്റിന്‍കരക്കാര്‍ക്ക് കൈവന്നിരിക്കുന്നതെന്നും താങ്കള്‍ കൂട്ടിച്ചേര്‍ത്തു. ആദ്യത്തേതെങ്ങനെയാണെന്ന് മനസിലായില്ല. രണ്ടാമത് കൂട്ടിച്ചേര്‍ത്തത് ശരിയുമാണ്. ചന്ദ്രശേഖരന്‍ നിഷ്ഠുരമായി കൊല്ലപ്പെട്ടത് യുഡിഎഫ് ഭരണത്തിലാണ്, എല്‍ഡിഎഫ് ഭരണകാലത്തല്ല. കൊലപാതകത്തില്‍ സിപിഐ എം പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പേര് കൊലയ്ക്കുത്തരവാദികളെന്നപേരില്‍ താങ്കളുടെ സഹപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചുകൊടുത്തിട്ടുണ്ടെന്നത് നേരാണ്. താങ്കള്‍ ഉള്‍പ്പെടുന്ന സര്‍ക്കാരിലെ ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ് ഈ നുണപ്രചാരവേല നയിക്കുന്നത്. അന്വേഷണം വഴിതിരിച്ചുവിടാനും യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനുമാണ് താങ്കളുടെ പാര്‍ടി ശ്രമിക്കുന്നതെന്ന് പറയേണ്ടിവന്നതില്‍ ഖേദമുണ്ട്.

എല്‍ഡിഎഫിന്റെ ജയം ഉറപ്പുവരുത്തിയാല്‍മാത്രമേ കൊലപാതകരാഷ്ട്രീയത്തിനും വര്‍ഗീയമായ ഏറ്റുമുട്ടലിനും കൊലയ്ക്കും അറുതിവരുത്താന്‍ കഴിയൂ എന്നതാണ് കേരളത്തിലെയും ഇന്ത്യയിലെയും അനുഭവം. മഹാത്മാഗാന്ധിയെ വധിച്ചത് ഇടതുപക്ഷമല്ല. കൊല്ലപ്പെട്ടത് ഇടതുപക്ഷഭരണത്തിലുമല്ല. ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും കൊല്ലപ്പെട്ടതിലും ഇടതുപക്ഷത്തിന് പങ്കില്ല. അത്തരത്തില്‍ ആരോപണവും ഇല്ല. 1987ല്‍ ചീമേനിയില്‍ അഞ്ച് സിപിഐ എം പ്രവര്‍ത്തകരെ തീയിട്ടും വെട്ടിയും കൊന്നത് താങ്കളുടെ പാര്‍ടിയില്‍പ്പെട്ട ക്രിമിനല്‍സംഘമാണ്; താങ്കളുടെ പാര്‍ടിയുടെ ഭരണകാലത്തുമാണ്. മാറാട്ട് ഒന്‍പതുപേര്‍ കൊല്ലപ്പെട്ടത് താങ്കളുടെ പാര്‍ടി ഭരിക്കുന്ന കാലത്താണ്; താങ്കള്‍ മുഖ്യമന്ത്രിയായിരുന്നകാലത്താണ്. താങ്കള്‍ നിശ്ചയിച്ച ജുഡീഷ്യല്‍ കമീഷന്‍ ഈ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ശുപാര്‍ശ ചെയ്തു. എല്‍ഡിഎഫ് ഭരണകാലത്ത് മൂന്നുതവണ ഈ ശുപാര്‍ശ നടപ്പില്‍വരുത്തണമെന്ന് താങ്കള്‍ക്ക് പ്രാമുഖ്യമുള്ള കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തിന് ഇന്നുവരെ ഉത്തരവുണ്ടായില്ല. ആരെ രക്ഷിക്കാനാണിത് ചെയ്തത്? കൊലപാതകികളെ രക്ഷിക്കാനോ കൊല്ലപ്പെട്ടവര്‍ക്ക് നീതി ഉറപ്പുവരുത്താനോ?

സിപിഐ എം നേതാവും എംഎല്‍എയുമായിരുന്ന സ. കുഞ്ഞാലിയെ വെടിവച്ചുകൊന്നത് താങ്കള്‍ മറന്നിരിക്കാനിടയില്ല. താങ്കള്‍ കോണ്‍ഗ്രസിലെ ഒരു ഗ്രൂപ്പിന്റെ നേതാവായിട്ടാണല്ലോ അറിയപ്പെടുന്നത്. താങ്കളുടെ ഗ്രൂപ്പില്‍പ്പെട്ട പ്രഗത്ഭനായ നേതാവായിരുന്നു കൊലക്കേസില്‍ ഒന്നാംപ്രതി. ആ പ്രതി ഇപ്പോള്‍ യുഡിഎഫ് മന്ത്രിസഭയില്‍ അംഗമാണ്. സ. അഴീക്കോടന്‍ രാഘവന്‍ കൊല്ലപ്പെട്ടതും കോണ്‍ഗ്രസിന്റെ ഭരണകാലത്താണ്. ഇ പി ജയരാജനെ തീവണ്ടിയില്‍ സഞ്ചരിക്കുമ്പോള്‍ വെടിവച്ചുകൊല്ലാന്‍ ഗുണ്ടകളെ നിയോഗിച്ചത് താങ്കളുടെ പാര്‍ടിയില്‍പെട്ട പാര്‍ലമെന്റ് അംഗമാണെന്നോര്‍ക്കുന്നുണ്ടോ? തലനാരിഴയ്ക്കാണ് ആ സഖാവിന്റെ ജീവന്‍ രക്ഷപ്പെട്ടത്. ജീവിക്കുന്ന രക്തസാക്ഷിയാണദ്ദേഹം. പി ജയരാജനെ വേട്ടയാടാന്‍ താങ്കളുടെ പാര്‍ടിക്കാര്‍ ശ്രമം തുടരുകയാണല്ലോ. ജയരാജനെ തിരുവോണനാളില്‍ വീട്ടില്‍ ഭാര്യയുടെ മുമ്പില്‍വച്ചാണ് വകവരുത്താന്‍ ശ്രമിച്ചത്. അത്ഭുതകരമായി രക്ഷപ്പെട്ടു. അംഗവൈകല്യം സംഭവിക്കുകയുംചെയ്തു. വിദ്യാര്‍ഥിനേതാവ് കെ വി സുധീഷിനെ സ്വന്തം വീട്ടില്‍ മാതാപിതാക്കളുടെ മുമ്പിലാണ് വെട്ടിനുറുക്കിക്കൊന്നത്. മേപ്പയൂരിലെ ഇബ്രായിയും കല്ലാച്ചിയിലെ ബിനുവും കൊല്ലപ്പെട്ടതോര്‍ക്കണം. ടി പി ചന്ദ്രശേഖരന്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് നേരിട്ടു പറഞ്ഞിട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും എന്തുകൊണ്ടാണ് സംരക്ഷണം ഉറപ്പുവരുത്താതിരുന്നത് എന്ന് മുതിര്‍ന്ന നേതാവായ താങ്കള്‍ തിരക്കിയിട്ടുണ്ടാകുമെന്ന് കരുതട്ടെ. എന്തായിരുന്നു അതിന് ലഭിച്ച മറുപടി? കേരളത്തിലേക്ക് താങ്കള്‍ ഇടയ്ക്കെങ്കിലും നോക്കാറുണ്ട് എന്നാണ് വിശ്വാസം. കാസര്‍കോട് വെടിവയ്പ് കേസ് അന്വേഷിക്കുന്ന നിസാര്‍കമീഷനെ പിരിച്ചുവിട്ടതും മാറാട് കലാപത്തെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ പ്രവര്‍ത്തനം വേണ്ടെന്നു വച്ചതും നരിക്കാട്ടേരിയില്‍ ബോംബ് നിര്‍മാണത്തിനിടെ അഞ്ച് മുസ്ലിംലീഗുകാര്‍ മരണപ്പെട്ട സംഭവത്തെക്കുറിച്ചുള്ള അന്വേഷണം മരവിപ്പിച്ചതും ആരാണെന്ന് സഹപ്രവര്‍ത്തകനായ ഉമ്മന്‍ചാണ്ടിയോട് താങ്കള്‍ അന്വേഷിക്കുമെന്ന് കരുതട്ടെ. അതൊന്നും എല്‍ഡിഎഫിന് പങ്കാളിത്തമുള്ള സംഭവങ്ങളല്ല എന്നതും ഓര്‍ക്കുമല്ലോ. നെയ്യാറ്റിന്‍കരയില്‍ വോട്ടുപിടിക്കാന്‍ ഒഞ്ചിയംസംഭവം ആയുധമാക്കാന്‍ താങ്കള്‍കൂടി തയ്യാറായതില്‍ അത്ഭുതപ്പെടുന്നില്ല. യുഡിഎഫിന്റെ ഏക പ്രചാരണവിഷയം അതായതിലും അതിശയിക്കുന്നില്ല. മറ്റെന്തെങ്കിലും പറയാന്‍ ഇല്ലാത്ത താങ്കളുടെ കക്ഷിയും മുന്നണിയും കണ്ണീരുവിറ്റ് വോട്ടുവാങ്ങാന്‍ ശ്രമിച്ചല്ലേ മതിയാകൂ.

സംസ്ഥാനത്ത് ഇന്ന് നടക്കുന്ന കൊടുംക്രൂരതകളില്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്ന് ജനങ്ങള്‍ക്കുമുന്നില്‍ വിശദീകരിക്കാനുള്ള ഉത്തരവാദിത്തത്തില്‍നിന്ന് താങ്കള്‍ ഒളിച്ചോടില്ല എന്നാണ് കരുതുന്നത്. കട്ടപ്പനയില്‍ യുവാവിനെ കൊന്നത് മത്സ്യം മോഷ്ടിച്ചു എന്നാരോപിച്ചാണ്. വഴിയാത്രക്കാരനായ രഘുവിനെ പെരുമ്പാവൂരില്‍വച്ച് തല്ലിക്കൊന്നത് കണ്ണൂര്‍ എം പി കെ സുധാകരന്റെ ഗണ്‍മാനാണ്. കൊലചെയ്തവരില്‍ മൂന്നാമത് ഒരാള്‍കൂടിയുണ്ടെന്ന് പോലീസ് കണ്ടെത്തിയെങ്കിലും ആയാളെ ഇതുവരെ പിടികൂടിയിട്ടില്ല. കൊട്ടാരക്കര വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാര്‍ മൃഗീയമായി ആക്രമിക്കപ്പെട്ടു. പ്രതികളെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അങ്ങയുടെ അനുയായികളുടെ ഭരണം വന്ന് എട്ട് മാസത്തിനിടയില്‍ 261 കൊലപാതകങ്ങളും 2437 ഭവനഭേദനവും 1552 വീടുകളിലെ മോഷണവും 164 ക്ഷേത്രമോഷണവും 8405 സ്ത്രീപീഡനവും 973 ബാലപീഡനങ്ങളും 1132 ബലാത്സംഗങ്ങളും 3756 മാനഭംഗങ്ങളും 14193 സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും 1484 കുട്ടികള്‍ക്കെതിരായ അക്രമങ്ങളും 221പേരെ തട്ടിക്കൊണ്ടുപോയ സംഭവങ്ങളും 6039 ആത്മഹത്യകളും നടന്നു എന്നാണ് നിയമസഭയില്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയത്. റെക്കോഡ് വേഗത്തിലാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത്. കഴിഞ്ഞ നിയമസഭാ സമ്മേളനഘട്ടത്തിലാണ് എസ്എഫ്ഐയുടെ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് രാജനെ കോണ്‍ഗ്രസുകാര്‍ മൃഗീയമായി കൊലപ്പെടുത്തിയ സംഭവമുണ്ടായത്. പാലക്കാട്ട് ഡിവൈഎഫ്ഐ നേതാവ് വിനീഷിനെ ബിജെപിക്കാര്‍ കൊലപ്പെടുത്തിയ സംഭവവും ഈ അടുത്ത കാലത്താണ് ഉണ്ടായത്. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടു എന്നതല്ലേ ഒരു വര്‍ഷത്തെ യുഡിഎഫ് ഭരണത്തിന്റെ അനുഭവം? കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കുപോലും സുരക്ഷിതമായി ജോലിചെയ്യാന്‍ കഴിയുന്നില്ലല്ലോ? അവരെ വെടിവച്ചുകൊല്ലുന്നവരെയല്ലേ സംരക്ഷിക്കുന്നത്? ഇതൊന്നും ഇടതുപക്ഷത്തിന്റെ പങ്കാളിത്തംകൊണ്ട് സംഭവിക്കുന്നതല്ലല്ലോ.

യുഡിഎഫ് ഭരണത്തിന് അന്ത്യം കുറിക്കാന്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പുകൊണ്ട് സാധ്യമാകുമെങ്കില്‍, കേരളത്തോടും ജനങ്ങളോടും തെല്ലെങ്കിലും സ്നേഹം അങ്ങയുടെ മനസ്സില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ വിജയിപ്പിക്കാനല്ലേ അഭ്യര്‍ഥിക്കേണ്ടത്? സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ചൈനാ സന്ദര്‍ശനത്തിന് പോയതിനെക്കുറിച്ച്, അങ്ങനെയൊരു യാത്രയേ നടത്തിയിട്ടില്ല, നിലത്തുനിന്ന് പൊങ്ങിയിട്ടില്ല എന്നാണ് താങ്കളുടെ അനുയായി കെ സുധാകരന്‍ എംപി പറഞ്ഞിരുന്നത്. ആ നിലവാരത്തിലേക്ക് താങ്കള്‍ താഴില്ല എന്ന് വിശ്വസിച്ചിരുന്നു. നെയ്യാറ്റിന്‍കരയിലെ അങ്ങയുടെ പ്രകടനം വീക്ഷിച്ചപ്പോള്‍, ആ വിശ്വാസം തകര്‍ന്നുപോയി എന്നു പറയുന്നതില്‍ പരിഭവിക്കരുത്.

*
വി വി ദക്ഷിണാമൂര്‍ത്തി ദേശാഭിമാനി 31 മേയ് 2012

Wednesday, May 30, 2012

ഹേമന്ദ ബോസ്: ഒരു രാഷ്ട്രീയ കൊലപാതകത്തിന്റെ ഓര്‍മ

ചരിത്രം മനുഷ്യനെ ഇടക്കിടക്ക് പലതും ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും. അതിനാല്‍ ഏകാധിപതികളും അധികാരത്തിനുവേണ്ടി അധാര്‍മികതകള്‍ കാട്ടുന്നവരും എപ്പോഴും ചരിത്രത്തെ ഭയപ്പെടും. അടിയന്തരാവസ്ഥയെക്കുറിച്ച് ഓര്‍മിപ്പിക്കുമ്പോള്‍ അതിന്റെ മുഖ്യ സംഘാടകരായ കോണ്‍ഗ്രസുകാര്‍ മാത്രമല്ലല്ലോ ഞെട്ടുന്നത്. അടിയന്തരാവസ്ഥയില്‍ ജനങ്ങള്‍ക്കെതിരെ ഒറ്റുകാരായി പ്രവര്‍ത്തിച്ചവരും ഞെട്ടാറുണ്ട്. പാര്‍ലമെന്റിന്റെ അറുപതാം വാര്‍ഷികത്തില്‍ ജനാധിപത്യമൂല്യങ്ങളെക്കുറിച്ച് പ്രസംഗിച്ച "മാന്യനായ പ്രധാനമന്ത്രി" ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത കാര്യമാണ് യുപിഎ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കോടികള്‍ കോഴ നല്‍കിയ സംഭവം. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കുമ്പോഴും പണം കൊടുത്ത് അധികാരം നിലനിര്‍ത്തിയ നാണക്കേടുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇത്തരം അധാര്‍മികതകളും കണ്ണില്‍ച്ചോരയില്ലാത്ത കുരുതികളും അധികാരം നിലനിര്‍ത്താന്‍ വേണ്ടി നടത്തിയതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്.

കേരളത്തില്‍ കോണ്‍ഗ്രസ് നേരിടാന്‍ പോകുന്ന സുപ്രധാന തെരഞ്ഞെടുപ്പില്‍ (നെയ്യാറ്റിന്‍കര) കോണ്‍ഗ്രസിന്റെ മുഖം വളരെ വികൃതമാണ്. ജനങ്ങളെ വഞ്ചിച്ച് മറുകണ്ടം ചാടിയ ആളെ സ്വന്തം സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് അവരോധിച്ചു. അഭിമാനപൂര്‍വം ഉയര്‍ത്തിക്കാട്ടാന്‍ ഒന്നുമില്ലാത്ത കോണ്‍ഗ്രസ് പ്രതിരോധത്തിലാവുക സ്വാഭാവികം. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഒരു പുതിയ വിഷയം രൂപപ്പെടുത്തിയെടുക്കുന്നു. ടി പി ചന്ദ്രശേഖരന്‍ വധം എത്ര പെട്ടെന്നാണ് കോണ്‍ഗ്രസിനെ സഹായിക്കാനുള്ള വിഷയമാക്കി മാധ്യമങ്ങള്‍ മാറ്റിയത്. സിപിഐ എമ്മിന് നിരവധി രാഷ്ട്രീയ എതിരാളികളുണ്ട്. അവരെ നേരിടാനുള്ള ശക്തമായ രാഷ്ട്രീയവും പ്രത്യയശാസ്ത്രവുമാണ് സിപിഐ എം ഉയര്‍ത്തിപ്പിടിക്കുന്നത്. എതിരാളികളെ ഇല്ലാതാക്കിയല്ല, എതിര്‍രാഷ്ട്രീയത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടിയാണ് സിപിഐ എം മുന്നേറിയത്. സിപിഐ എമ്മിലൂടെ കേരളത്തിലെ വലിയ നേതാക്കളായി വളര്‍ന്നവര്‍ മറുകണ്ടം ചാടിയശേഷം ഇപ്പോഴും എതിര്‍പാളയങ്ങളില്‍നിന്ന് വെല്ലുവിളി നടത്തുന്നുണ്ട്. സിപിഐ എമ്മിന് അതുകൊണ്ട് ഒന്നും സംഭവിച്ചിട്ടില്ല. കോഴിക്കോട് ജില്ലയിലെ ഒഞ്ചിയത്ത് മാത്രമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയും അതിന്റെ നേതാവും സിപിഐ എമ്മിനെ സംബന്ധിച്ച് ഒരു തരത്തിലും ഭീഷണിയായിരുന്നില്ല. ഈ രാഷ്ട്രീയ പശ്ചാത്തലങ്ങള്‍ കൂടി മനസ്സില്‍ വച്ച് ചിന്തിക്കുമ്പോള്‍ ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ "ഗുണഭോക്താക്കള്‍" ആരെന്ന് വ്യക്തമാകും. കോണ്‍ഗ്രസിന് രാഷ്ട്രീയനേട്ടമുണ്ടാകാന്‍ നിരപരാധികളെ കൊന്നശേഷം രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ അവര്‍ പ്രചാരണം നടത്തുമോ? നിഷ്കളങ്കമായി ചിന്തിക്കുന്നവരുടെ മനസ്സില്‍ ഇത്തരം സംശയം ഉയര്‍ന്നുവരാം. ബുദ്ധിജീവികള്‍, ഇടതുപക്ഷ സഹയാത്രികരെന്ന് അവകാശപ്പെടുന്നവര്‍ തുടങ്ങിയവരും ഇങ്ങനെ ചിന്തിക്കാറുണ്ട്. എന്നാല്‍ എഴുപതുകളിലെ ഇന്ത്യന്‍ രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുള്ളവര്‍ക്ക് കോണ്‍ഗ്രസ് ഇതല്ല, ഇതിനപ്പുറവും ചെയ്യുമെന്ന് ബോധ്യപ്പെടും.

ടി പി ചന്ദ്രശേഖരന്‍ വധത്തോട് നിരവധി സമാനതകളുള്ള സംഭവമാണ് പശ്ചിമബംഗാളില്‍ 1971ല്‍ നടന്ന ഹേമന്ദകുമാര്‍ ബോസ് വധം. ഹേമന്ദ ബോസ് വധത്തിന്റെ ഗുണഭോക്താക്കളും കോണ്‍ഗ്രസുകാര്‍ തന്നെയായിരുന്നു. പശ്ചാത്തലം 1971ലെ തെരഞ്ഞെടുപ്പ്. പശ്ചിമബംഗാളില്‍ എഴുപതുകളുടെ തുടക്കത്തിലുള്ള രാഷ്ട്രീയ അവസ്ഥ വിശദീകരിച്ചാല്‍ മാത്രമേ കോണ്‍ഗ്രസ് ഇത്തരമൊരു കുടിലതന്ത്രം സ്വീകരിച്ചതിനു പിന്നിലുള്ള കാരണങ്ങള്‍ വ്യക്തമാവുകയുള്ളൂ. 1967, 69 വര്‍ഷങ്ങളിലെ സിപിഐ എം പങ്കാളിത്തമുള്ള ഐക്യമുന്നണി സര്‍ക്കാരുകള്‍ കോണ്‍ഗ്രസിനെ ഒട്ടൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. ഭൂപരിഷ്കരണ നിയമം ഉള്‍പ്പെടെയുള്ള ജനപക്ഷ നിയമങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളെ അട്ടിമറിക്കാനും ഭൂപ്രഭുക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും കോണ്‍ഗ്രസ് മുന്നിലെത്തി. രണ്ടാം ഐക്യമുന്നണി സര്‍ക്കാരിനുള്ളില്‍ തന്നെ കുഴപ്പമുണ്ടാക്കി ഗവണ്‍മെന്റിനെ അട്ടിമറിച്ചു. സിപിഐ എം രൂപീകരിച്ചശേഷം പശ്ചിമബംഗാളില്‍ ആദ്യമായി നടന്ന തെരഞ്ഞെടുപ്പാണ് 1967ലെ നിയമസഭാ തെരഞ്ഞെടുപ്പ്. ഏഴ് പാര്‍ടികള്‍ ഉള്‍പ്പെടുന്ന ഐക്യ ഇടതുമുന്നണി രൂപീകരിച്ചാണ് സിപിഐ എം തെരഞ്ഞെടുപ്പിനെ നേരിട്ടത്. സിപിഐ എമ്മിനെ കൂടാതെ ആര്‍എസ്പി, മാര്‍ക്സിസ്റ്റ് ഫോര്‍വേഡ് ബ്ലോക്ക്, ആര്‍സിപിഐ, എസ്എസ്പി, എസ്യുസിഐ, വര്‍ക്കേഴ്സ് പാര്‍ടി എന്നിവയായിരുന്നു ഐക്യ ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍. സിപിഐ, ഫോര്‍വേഡ് ബ്ലോക്ക്, അജയ് മുഖര്‍ജിയുടെ ബംഗ്ലാ കോണ്‍ഗ്രസ് എന്നിവ ചേര്‍ന്ന് പിയുഎല്‍എഫ് എന്ന മുന്നണി രൂപീകരിച്ചാണ് മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം സീറ്റുകള്‍ നേടാന്‍ കഴിഞ്ഞില്ല. 280 അംഗ നിയമസഭയില്‍ 127 സീറ്റാണ് അവര്‍ക്ക് ലഭിച്ചത്. 68 സീറ്റ് ലഭിച്ച ഐക്യ ഇടതുമുന്നണിയും 65 സീറ്റ് നേടിയ പിയുഎല്‍എഫും ചേര്‍ന്ന് ഒന്നാം ഐക്യമുന്നണി സര്‍ക്കാര്‍ രൂപീകരിച്ചു. 43 സീറ്റ് നേടിയ സിപിഐ എം ആയിരുന്നു മുന്നണിയില്‍ ഏറ്റവും വലിയ പാര്‍ടി. എന്നാല്‍ മുഖ്യമന്ത്രിസ്ഥാനം അജയ് മുഖര്‍ജിക്ക് വിട്ടുകൊടുത്തു. ജ്യോതിബസു ഉപമുഖ്യമന്ത്രിയായി. ഒന്നാം ഐക്യമുന്നണി സര്‍ക്കാരിന്റെ കാലത്താണ് നക്സല്‍ബാരിയില്‍ കലാപം ആരംഭിച്ചത്. ഹരേകൃഷ്ണ കോനാര്‍ ആയിരുന്നു ഐക്യമുന്നണി മന്ത്രിസഭയില്‍ ഭൂപരിഷ്കരണത്തിന്റെ ചുമതലയുള്ള മന്ത്രി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഭൂപരിഷ്കരണത്തിനുള്ള നിരവധി നടപടികള്‍ ആരംഭിച്ചു. പാട്ട കൃഷിക്കാരായ ബര്‍ഗാധാര്‍മാരുടെ പങ്ക് 60:40 എന്ന അനുപാതത്തില്‍ നിന്ന് 75:25 ആയി ഉയര്‍ത്തി. 23 ലക്ഷം ഏക്കര്‍ മിച്ചഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്കും നാമമാത്ര കര്‍ഷകര്‍ക്കും വിതരണം ചെയ്തു. ബിനാമി പേരുകളില്‍ കൈവശം വച്ചിരുന്നതടക്കം ആറ് ലക്ഷം ഏക്കര്‍ മിച്ചഭൂമി രണ്ട് ഐക്യമുന്നണി സര്‍ക്കാരുകളുടെ കാലത്ത് പിടിച്ചെടുത്ത് സര്‍ക്കാരില്‍ ലയിപ്പിച്ചു. തൊഴില്‍ തര്‍ക്കങ്ങളില്‍ പൊലീസ് ഇടപെടില്ലെന്ന നിലപാടെടുത്തു. ഇത്തരം നടപടികള്‍ കോണ്‍ഗ്രസിന്റെ മാത്രമല്ല, ഐക്യമുന്നണി ഘടകകക്ഷികളുടെ കൂടി കടുത്ത എതിര്‍പ്പ് ക്ഷണിച്ചുവരുത്തി. 1967 നവംബര്‍ നാലിന് ഭക്ഷ്യമന്ത്രി പ്രഭുല്ലചന്ദ്ര ഘോഷ് രാജിവച്ചു. നവംബര്‍ 21ന് ഗവര്‍ണര്‍ ഒന്നാം ഐക്യമുന്നണി സര്‍ക്കാരിനെ പിരിച്ചുവിട്ടു. പ്രഭുല്ലചന്ദ്ര ഘോഷിനെ മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. ഈ ഗവണ്‍മെന്റിനെതിരെ ശക്തമായ പ്രതിഷേധം ബംഗാളിലാകെ ഉയര്‍ന്നു. നവംബര്‍ 29ന് സ്പീക്കര്‍ നടത്തിയ പ്രഖ്യാപനം സംസ്ഥാന സര്‍ക്കാരിനെ ഞെട്ടിച്ചു. പ്രഭുല്ലചന്ദ്രഘോഷ് സര്‍ക്കാര്‍, ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു പ്രഖ്യാപനം. കുറേനാള്‍ കൂടി കടിച്ചുതൂങ്ങിയശേഷം 1968 ഫെബ്രുവരി 20ന് പ്രഭുല്ലചന്ദ്ര ഘോഷ് രാജിവച്ചു. തുടര്‍ന്ന് നടന്ന ഒരു വര്‍ഷത്തെ രാഷ്ട്രപതിഭരണത്തില്‍ സിപിഐ എമ്മിനെതിരെ അതിനിഷ്ഠുരമായ ആക്രമണമാണ് പൊലീസും കോണ്‍ഗ്രസും നക്സലൈറ്റുകളും നടത്തിയത്. 1969 ഫെബ്രുവരി ഒന്‍പതിന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊതു മിനിമം പരിപാടിക്കു കീഴില്‍ 12 പാര്‍ടികളുടെ മുന്നണി രൂപീകരിച്ചാണ് സിപിഐ എം തെരഞ്ഞെടുപ്പിനെ നേരിട്ടത്.

280ല്‍ 214 സീറ്റും ഐക്യമുന്നണി നേടി. 101 സീറ്റില്‍ മത്സരിച്ച സിപിഐ എമ്മിന് 83 സീറ്റ് കിട്ടി. രണ്ടാം ഐക്യമുന്നണി സര്‍ക്കാരിനെയും മുന്നണിക്കുള്ളില്‍ കുഴപ്പമുണ്ടാക്കി താഴെവീഴ്ത്തി. അതിനുശേഷം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിയായിരുന്ന സിദ്ധാര്‍ഥശങ്കര്‍ റേയെ പശ്ചിമബംഗാളിന്റെ കോണ്‍ഗ്രസ് സംഘടനാ ചുമതല നല്‍കി ഡല്‍ഹിയില്‍നിന്ന് കൊല്‍ക്കത്തയിലേക്കയച്ചത് ഇന്ദിരാഗാന്ധിയാണ്. ഗവര്‍ണര്‍ ഭരണത്തില്‍ സിദ്ധാര്‍ഥശങ്കര്‍ റേയുടെ ആസൂത്രണത്തിലാണ് പിന്നീട് കാര്യങ്ങള്‍ നടന്നത്. സിപിഐ എമ്മിനെതിരെ വ്യാപകമായ ആക്രമണങ്ങളാണ് നടന്നത്. സ്വതന്ത്രമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ സിപിഐ എമ്മിന് കഴിയാത്തവിധം അക്രമവും കൊലപാതകങ്ങളും ദിവസവും അരങ്ങേറി. നൂറുകണക്കിന് സിപിഐ എം പ്രവര്‍ത്തകരെ കൊന്നൊടുക്കിയിട്ടും ഒരു കേസും രജിസ്റ്റര്‍ ചെയ്തില്ല; ആരെയും അറസ്റ്റുചെയ്തില്ല. 1971 മാര്‍ച്ച് ഒന്‍പതിന് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചു. ഫോര്‍വേഡ് ബ്ലോക്ക് അടക്കമുള്ള എട്ട് പാര്‍ടികള്‍ ചേര്‍ന്ന് "കോണ്‍ഗ്രസ് വിരുദ്ധ മുന്നണി" രൂപീകരിച്ചു. കോണ്‍ഗ്രസിനെ തോല്‍പ്പിക്കലായിരുന്നില്ല ആ പാര്‍ടികളുടെ ഉന്നം. വോട്ടുകള്‍ ഭിന്നിപ്പിച്ച് കോണ്‍ഗ്രസിനെ സഹായിക്കുകയെന്നതായിരുന്നു.
1971 ജനുവരി ഒന്നിനും തെരഞ്ഞെടുപ്പ് നടന്ന മാര്‍ച്ച് ഒന്‍പതിനുമിടയില്‍ 70 സിപിഐ എം പ്രവര്‍ത്തകരെയാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്. ജ്യോതിബസു ഉള്‍പ്പെടെയുള്ള നേതാക്കളെ ആക്രമിച്ചു. പ്രചാരണയോഗങ്ങള്‍ തടസ്സപ്പെടുത്തി. സിപിഐ എം സ്ഥാനാര്‍ഥികളെ തങ്ങളുടെ മണ്ഡലങ്ങളില്‍ പ്രവേശിക്കാന്‍ പോലും അനുവദിച്ചില്ല. ഇങ്ങനെയൊക്കെ ചെയ്തിട്ടും കോണ്‍ഗ്രസിന് അനുകൂലമായ അന്തരീഷമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് അതിന്റെ നേതാക്കള്‍ക്കു തന്നെ ബോധ്യമായി. ഈ സാഹചര്യത്തിലാണ് സിപിഐ എമ്മിനെ സമൂഹമധ്യത്തില്‍ ഒറ്റപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനുമുള്ള ഗൂഢാലോചന നടന്നത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സമകാലികനായിരുന്ന ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ഹേമന്ദകുമാര്‍ ബോസിനെ വധിക്കുകയെന്നതായിരുന്നു പദ്ധതി. ഫോര്‍വേഡ് ബ്ലോക്ക് തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന്റെ വിരുദ്ധമുന്നണിയിലായിരുന്നു. ഫോര്‍വേഡ് ബ്ലോക്കിന്റെ ചെയര്‍മാനായിരുന്നു ഹേമന്ദകുമാര്‍ ബോസ്. ബംഗാളില്‍ ഏറെ ആദരിക്കപ്പെടുന്ന നേതാവ്. അദ്ദേഹത്തെ കൊന്ന് അത് സിപിഐ എമ്മിനു മേല്‍ കെട്ടിവച്ചാല്‍ ഇടതു പാര്‍ടികള്‍ പിന്നീടൊരിക്കലും യോജിച്ച് പ്രവര്‍ത്തിക്കുകയില്ലെന്നും ജനവികാരമാകെ സിപിഐ എമ്മിന് എതിരാകുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടി.

1971 ഫെബ്രുവരി 20ന് ഉത്തര കൊല്‍ക്കത്തയിലെ ശ്യാംപുക്കൂര്‍ സ്ട്രീറ്റില്‍ പട്ടാപ്പകല്‍ ഒരു സംഘം അക്രമികള്‍ ഹേമന്ദ ബോസിനെ ആക്രമിച്ച് കൊലപ്പെടുത്തി. രാവിലെ 10.45ന് ശ്യാംപുക്കൂറിലെ ഫോര്‍വേഡ് ബ്ലോക്ക് ഓഫീസില്‍നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുക്കാനായി സുഭാഷ് കോര്‍ണറിലേക്ക് പോവുകയായിരുന്നു ഹേമന്ദ ബോസ്. ഒരു സംഘം ചെറുപ്പക്കാര്‍ ഓടിയെത്തി ഹേമന്ദ്ദായെ കുത്തിവീഴ്ത്തി. ആക്രമിക്കുന്നവരോട് അദ്ദേഹം ചോദിക്കുന്നത് കേട്ടു, "നിങ്ങളെന്തിനാണ് എന്നെ കൊല്ലുന്നത്?". ചെറുപ്പക്കാര്‍ ഒന്നും പറയാതെ കൃത്യം നടത്തിയശേഷം ഓടിമറഞ്ഞു. ഹേമന്ദ് ദായെ വധിച്ചശേഷം നടന്ന സംഭവങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍ ടി പി ചന്ദ്രശേഖരന്‍ വധത്തിനുശേഷം നടന്ന സംഭവങ്ങള്‍ക്ക് സമാനമാണ്. ഉത്തരബംഗാളിലായിരുന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധാര്‍ഥശങ്കര്‍ റേ പെട്ടെന്ന് കൊല്‍ക്കത്തയിലെത്തി. വിമാനത്താവളത്തില്‍ വച്ചുതന്നെ അദ്ദേഹം പറഞ്ഞു, "കൊലപാതകത്തിനു പിന്നില്‍ സിപിഐ എം" ആണ്. രാവിലെ 10.45ന് നടന്ന സംഭവം വിശദാംശങ്ങള്‍ സഹിതം ഉച്ചയ്ക്കിറങ്ങിയ "ജുഗാന്തര്‍" പത്രത്തില്‍ വാര്‍ത്തയായി വന്നു. വാര്‍ത്തയുടെ ഊന്നല്‍ ഇതായിരുന്നു, "ഹേമന്ദ് ബസുവിനെ വധിച്ചത് സിപിഐ എം ആണ്". സിദ്ധാര്‍ഥശങ്കര്‍ റേയുടെ ഉടന്‍ പ്രതികരണവും ജുഗാന്തറിലെ വാര്‍ത്തയും ചേര്‍ത്ത് വായിച്ചാല്‍ തന്നെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ താല്‍പര്യം വ്യക്തമാകും. ജുഗാന്തര്‍ കോണ്‍ഗ്രസ് അനുകൂല പത്രമാണ്. കോണ്‍ഗ്രസ് അപവാദ പ്രചാരണത്തിന്റെ ഏതറ്റം വരെയും പോകുമെന്ന് ബോധ്യമുണ്ടായിരുന്നിട്ടു കൂടി സിപിഐ എം അത്ഭുതപ്പെട്ടുപോയി. പാര്‍ടി സംസ്ഥാന സെക്രട്ടറി പ്രമോദ്ദാസ് ഗുപ്ത പുറത്തിറക്കിയ പ്രസ്താവനയില്‍ കൊലപാതകത്തില്‍ ശക്തിയായി പ്രതിഷേധിക്കുകയും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 22ന് പൊതുപണിമുടക്ക് നടത്താനും പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു. ഹേമന്ദ് ദാ വധക്കേസില്‍ ആദ്യം അറസ്റ്റുചെയ്തത് രണ്ട് സിപിഐ എം പ്രവര്‍ത്തകരെയാണ്. ഒരു തെളിവും ഇവര്‍ക്കെതിരെ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ പിന്നീട് വിട്ടയച്ചു. കേസ് ചാര്‍ജ് ചെയ്തത് ചില നക്സലൈറ്റ് പ്രവര്‍ത്തകര്‍ക്കെതിരെയാണ്. 1967ല്‍ ഐക്യമുന്നണി മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന ഹേമന്ദ് ബോസിനോട് തങ്ങള്‍ക്ക് വൈരാഗ്യമുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് കൊന്നതെന്നുമാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴിയായി അവതരിപ്പിച്ചത്. 1967ല്‍ അജയ് മുഖര്‍ജിയുടെ ഐക്യമുന്നണി മന്ത്രിസഭയില്‍ ജ്യോതിബസു ഉപമുഖ്യമന്ത്രിയായിരുന്നു. നിരവധി മന്ത്രിമാര്‍ ആ മന്ത്രിസഭയില്‍ ഉണ്ടായിരുന്നു.

1969ല്‍ രണ്ടാമത്തെ ഐക്യമുന്നണി മന്ത്രിസഭയില്‍ ഫോര്‍വേഡ് ബ്ലോക്കിന് മൂന്ന് മന്ത്രിമാരുണ്ടായിരുന്നു. രണ്ടാം ഐക്യമുന്നണി മന്ത്രിസഭയില്‍ ഹേമന്ദ ബോസ് അംഗമായിരുന്നില്ല. മറ്റൊരു മന്ത്രിയോടും തോന്നാത്ത ശത്രുത ആദരണീയനും മാതൃകാ പൊതു പ്രവര്‍ത്തകനുമായ ഹേമന്ദ ബോസിനോട് തോന്നുകയെന്നത് യുക്തിക്കു നിരക്കുന്നതായിരുന്നില്ല. സിദ്ധാര്‍ഥ ശങ്കര്‍ റേയുടെ പൊലീസിന്റെ ഈ "മൊഴി" കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞില്ല. ഹേമന്ദ് ബോസിന്റെ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതായി ജനങ്ങള്‍ക്ക് ബോധ്യപ്പെട്ട ഒരു കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റുചെയ്തില്ല. സംഭവദിവസം അദ്ദേഹം ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്ന് രേഖയുണ്ടാക്കി. അങ്ങനെ അറസ്റ്റില്‍ നിന്നും വിചാരണയില്‍ നിന്നും രക്ഷപ്പെട്ടു. ആരാണ് കൊല നടത്തിയതെന്ന് കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞില്ല. എല്ലാ തെളിവുകളും നശിപ്പിച്ച് കുറ്റവാളികളെ രക്ഷിക്കാന്‍ സിദ്ധാര്‍ഥശങ്കര്‍ റേ സര്‍ക്കാരിന് കഴിഞ്ഞു. എന്നാല്‍ ജനമധ്യത്തില്‍ കുറ്റവാളി കോണ്‍ഗ്രസ് ആണെന്ന് വളരെ വൈകാതെതന്നെ വ്യക്തമായി. അതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരില്‍ വരെയെത്തുന്ന ആസൂത്രണവും ഉണ്ടായിരുന്നെന്ന് ബോധ്യമായി. ഹേമന്ദ് ബോസിനെ വധിച്ചത് സിപിഐ എം ആണെന്ന അതിശക്തമായ പ്രചാരണമാണ് 1971ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നടത്തിയത്. കോണ്‍ഗ്രസിന് രാഷ്ട്രീയമായി ശത്രുതയൊന്നുമില്ലാത്ത ഹേമന്ദ് ബോസിനെ കൊലപ്പെടുത്തുന്നത് എന്തിന് എന്ന ചോദ്യത്തിന്റെ ഉത്തരം രാഷ്ട്രീയമാണ്.

1967ലും 1969ലും സിപിഐ എമ്മിനൊപ്പം ഗവണ്‍മെന്റില്‍ പങ്കാളിയായ ഫോര്‍വേഡ് ബ്ലോക്കിനെ പൂര്‍ണമായും സിപിഐ എം വിരുദ്ധചേരിയില്‍ നിര്‍ത്തുക, ആദരണീയനായ ഒരു നേതാവിനെ വധിച്ച കിരാതരായി സിപിഐ എമ്മിനെ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ച് ഒറ്റപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത്. 1928ല്‍ കൊല്‍ക്കത്തയില്‍ നടന്ന എഐസിസി സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ വളണ്ടിയര്‍ സേന രൂപീകരിച്ചത് നേതാജി സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നു. അദ്ദേഹം തന്നെയായിരുന്നു അതിന്റെ ക്യാപ്റ്റന്‍. വളണ്ടിയര്‍ സേനയിലെ മുഖ്യ കമാന്‍ഡര്‍ ആയിരുന്നു നേതാജിയുടെ അടുത്ത അനുയായിയായ ഹേമന്ദ ബോസ്. സുഭാഷ്ചന്ദ്ര ബോസ് കോണ്‍ഗ്രസ് വിട്ട് പുറത്തുവന്ന് ഫോര്‍വേഡ് ബ്ലോക്ക് രൂപീകരിച്ചപ്പോള്‍ ഹേമന്ദ് ദായും ഒപ്പമുണ്ടായിരുന്നു. വിവാഹിതനാകാതെ ജീവിതം മുഴുവന്‍ പൊതുപ്രവര്‍ത്തനത്തിനായി സമര്‍പ്പിച്ച ആളായിരുന്നു അദ്ദേഹം. 1967ല്‍ മന്ത്രിയായിരുന്നപ്പോള്‍ പോലും അദ്ദേഹം ട്രാമില്‍ സാധാരണജനങ്ങള്‍ സഞ്ചരിക്കുന്ന സെക്കന്‍ഡ് ക്ലാസിലാണ് യാത്ര ചെയ്തിരുന്നത്. ജനായകന്‍ ഹേമന്ദ് ബാബു എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇത്രയും ആദരണീയനായ ഒരു നേതാവിനെ സിപിഐ എം വധിച്ചു എന്ന് ജനങ്ങള്‍ വിശ്വസിക്കുകയാണെങ്കില്‍ അത് കോണ്‍ഗ്രസിന് വലിയൊരു രാഷ്ട്രീയനേട്ടമാകുമെന്ന ധാരണയിലാണ് ഹേമന്ദ് ബോസ് വധത്തിന്റെ ആസൂത്രണം നടന്നത്. ഏറ്റവുമവസാനം വെളിപ്പെട്ട വിവരം ഞെട്ടിക്കുന്നതാണ്. ഇന്ദിരഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരമൊരു കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നാണ്. ഇടതുപക്ഷ പാര്‍ടികളുടെ ഐക്യം തകര്‍ത്ത് സിപിഐ എമ്മിനെ ഒറ്റപ്പെടുത്തി രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് ഹേമന്ദ് ബോസിന്റെ കൊലപാതകമെന്നാണ് ഫോര്‍വേഡ് ബ്ലോക്കിന്റെ നിലപാടെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍ പറഞ്ഞു.

1971ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കല്‍ക്കത്ത നഗരത്തില്‍ സിപിഐ എമ്മിന് ഒരു സീറ്റ് പോലും നേടാന്‍ കഴിയാതെപോയത് ഹേമന്ദ് ബോസ് കൊലപാതകം ഉയര്‍ത്തിക്കാട്ടി സിപിഐ എമ്മിനെതിരെ നടത്തിയ നുണപ്രചാരണം കൊണ്ടാണ്. കൊല്‍ക്കത്തയില്‍ നടക്കുന്ന പ്രധാന രാഷ്ട്രീയ സംഭവങ്ങള്‍ പശ്ചിമബംഗാളിലെങ്ങും പ്രതികരണങ്ങളുണ്ടാക്കുമെന്ന ബോധ്യത്തോടെ നടത്തിയ ഹീനകൃത്യമാണ് ഹേമന്ദ് ബോസ് വധം-ദേവരാജന്‍ വിശദീകരിച്ചു. ഹേമന്ദ് ബസു വധത്തിന് കോണ്‍ഗ്രസ് നക്സലൈറ്റുകളെ ഉപയോഗിച്ചിട്ടുണ്ട്. 1967ല്‍ ആരംഭിച്ച നക്സലൈറ്റ് പ്രസ്ഥാനം പശ്ചിമബംഗാളില്‍ പ്രധാനമായും സിപിഐ എമ്മിനെയാണ് ഉന്നംവച്ചത്. കൊല്‍ക്കത്തയിലും പരിസരപ്രദേശങ്ങളിലുമായി നൂറുകണക്കിന് സിപിഐ എം പ്രവര്‍ത്തകരെ നക്സലൈറ്റുകള്‍ കൊന്നൊടുക്കി. സിപിഐ എമ്മിനെതിരെ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ആയുധമെന്ന നിലയില്‍ നക്സലൈറ്റുകളെ കോണ്‍ഗ്രസുകാര്‍ നന്നായി ഉപയോഗിക്കുകയും ചെയ്തു. പശ്ചിമബംഗാളില്‍ അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന വാക്കാണ് "കോണ്‍ക്സലൈറ്റ്". കോണ്‍ഗ്രസും നക്സലൈറ്റുകളും ഒന്നാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു ഈ വാക്ക്. നക്സലൈറ്റുകള്‍ നടത്തിയ കൊലപാതകങ്ങളില്‍ സിപിഐ എം പ്രവര്‍ത്തകരല്ലാത്ത ആളുകള്‍ വധിക്കപ്പെട്ടപ്പോള്‍ അതൊക്കെ സിപിഐ എമ്മിന്റെ ചുമലില്‍ കെട്ടിവയ്ക്കാനും കോണ്‍ഗ്രസ് ശ്രമിച്ചു.

അറുപതുകളുടെ അവസാനത്തിലും എഴുപതുകളുടെ തുടക്കത്തിലും കേരളത്തില്‍ നക്സലൈറ്റുകള്‍ നടത്തിയ നഗരൂര്‍, കുമ്മിള്‍, കോങ്ങാട് കൊലക്കേസുകളിലും അവയൊക്കെ സിപിഐ എം നടത്തിയതാണെന്ന പ്രചാരണം കോണ്‍ഗ്രസ് നടത്തിയിരുന്നു. നക്സലൈറ്റുകളുടെയും സിപിഐ എമ്മിന്റെയും നയപരിപാടികളിലെ വ്യത്യാസങ്ങള്‍ വിശദീകരിച്ച് ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രചാരണം നടത്തിയാണ് സിപിഐ എം അതിനെ മറികടന്നത്. സിദ്ധാര്‍ഥ ശങ്കര്‍ റേയുടെ നേതൃത്വത്തില്‍ എല്ലാ തെളിവുകളും വളരെ ആസൂത്രിതമായി നശിപ്പിച്ചിരുന്നതിനാല്‍ ഹേമന്ദ് ബോസ് കേസിന്റെ വിചാരണ പൂര്‍ത്തിയായപ്പോള്‍ എല്ലാ കുറ്റവാളികളും രക്ഷപ്പെട്ടു. ഏറ്റവുമൊടുവില്‍ മമതാ ബാനര്‍ജി മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ വലിയ വാഗ്ദാനം വന്നു. ഹേമന്ദ് ബോസ് വധത്തിലെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുമെന്ന്. എന്നാല്‍ ഒരടി പോലും മുന്നോട്ടുപോകാന്‍ അവര്‍ക്കും കഴിഞ്ഞില്ല. ഹേമന്ദ് ബോസ് വധത്തിലൂടെ കോണ്‍ഗ്രസിന് അവരുടെ ലക്ഷ്യം ഭാഗികമായി നേടാന്‍ കഴിഞ്ഞു. താല്‍ക്കാലികമായ ജനവികാരം സിപിഐ എമ്മിനെതിരെ തിരിച്ചുവിടാനായി. വളരെ വൈകാതെ തന്നെ ജനങ്ങള്‍ സത്യം മനസ്സിലാക്കുകയും സിപിഐ എമ്മിനെ തെറ്റിദ്ധരിച്ചതില്‍ പശ്ചാത്തപിക്കുകയും ചെയ്തു. 1971 മുതല്‍ 77 വരെ പശ്ചിമബംഗാളില്‍ നടന്ന അര്‍ധഫാസിസ്റ്റ് ഭീകരവാഴ്ചയോടെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയവും ദുഷ്ടലാക്കുകളും ജനങ്ങള്‍ക്ക് പൂര്‍ണമായി മനസ്സിലായി. അതാണ് 1977ല്‍ ഇടതുമുന്നണിക്ക് ലഭിച്ച വമ്പിച്ച ജനപിന്തുണയുടെ കാരണം.

34 വര്‍ഷം ഈ ജനപിന്തുണയോടെ പശ്ചിമബംഗാളില്‍ ഭരണം നടത്തി ബംഗാളിന്റെ മുഖച്ഛായ മാറ്റാനും കാര്‍ഷിക പരിഷ്കരണത്തിലൂടെയും നിരവധി ക്ഷേമ പദ്ധതികളിലൂടെയും പട്ടിണി ഇല്ലാതാക്കാനും സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ഇടതുമുന്നണിക്ക് കഴിഞ്ഞു. ഇടതു പാര്‍ടികളെ തമ്മിലടിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ ആഗ്രഹം എഴുപതുകളില്‍ തന്നെ പൊളിഞ്ഞു. പശ്ചിമബംഗാളില്‍ ഇടതുപക്ഷം ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പരാജയം നേരിട്ട വര്‍ത്തമാനകാല സാഹചര്യത്തിലും ഫോര്‍വേഡ് ബ്ലോക്കും സിപിഐ എമ്മും അടങ്ങുന്ന ഇടതുമുന്നണിയിലെ ഐക്യം സുശക്തമാണ്. കേരളത്തില്‍ ടി പി ചന്ദ്രശേഖരന്‍ വധം ഉയര്‍ത്തിപ്പിടിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഐക്യം തകര്‍ക്കാനും സിപിഐ എമ്മിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനും ശ്രമം നടക്കുന്നു. കേസുമായി ബന്ധപ്പെട്ട് സിപിഐ എം പ്രവര്‍ത്തകരെ അറസ്റ്റുചെയ്യുന്നു. അത് വലിയ വാര്‍ത്തയായി പ്രസിദ്ധീകരിക്കാന്‍ ദേശീയപ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന ഒരു പത്രം സമനില വിട്ട് പ്രവര്‍ത്തിക്കുന്നു. അറസ്റ്റോടെ ഒരു കേസ് അവസാനിക്കുന്നില്ല. ഹേമന്ദ് ബസു വധക്കേസിലും ആദ്യം അറസ്റ്റുചെയ്തത് സിപിഐ എം പ്രവര്‍ത്തകരെയാണ്. അവര്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കാന്‍ പോലും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പൊലീസിന് കഴിഞ്ഞില്ല. കോടതിയുടെ മുന്നിലെത്തി വിചാരണ പൂര്‍ത്തിയാകുമ്പോള്‍ പുറത്തുവരുന്ന സത്യം ഗൂഢാലോചനക്കാരുടെ മുഖം പുറത്താക്കും. സിപിഐ എമ്മിനെതിരായി ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അതോടെ ആവിയാകും.

*
വി ജയിന്‍ ദേശാഭിമാനി 03 ജൂണ്‍ 2012

റീഷ്സ്റ്റാഗ് തീവയ്പ് കേരളത്തിനൊരു പാഠം

നാസി ജര്‍മനിയുടെ നിര്‍മിതിയില്‍ അതിപ്രധാനമായ സ്ഥാനമാണ് റീഷ്സ്റ്റാഗ് തീപ്പിടുത്തത്തിനുള്ളത്. ഒരുവെടിക്ക് രണ്ടുപക്ഷി എന്നു പറയുന്നതുപോലെ ഒരുചെയ്തികൊണ്ട് രണ്ടു നേട്ടങ്ങളുണ്ടാക്കുകയാണ് ഇതുവഴി ഹിറ്റ്ലറും അയാളുടെ മന്ത്രിയായ ഗോറിങ്ങും ലക്ഷ്യമാക്കിയത്. ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ നശിപ്പിക്കുകയും ഇതരജനാധിപത്യപ്രസ്ഥാനങ്ങളെ പേടിപ്പിക്കുകയുമായിരുന്നു ആദ്യലക്ഷ്യം. ജര്‍മനിയിലെ നാമമാത്രജനാധിപത്യത്തിന്റെ ഏകസ്ഥാപനമായ റീഷ്സ്റ്റാഗിനെ നാമാവശേഷമാക്കുകയായിരുന്നു രണ്ടാമത്തെ ലക്ഷ്യം. ജനജീവിതത്തിന്റെ പ്രശ്നങ്ങളേറ്റെടുത്ത് പോരാട്ടം നടത്തുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഉന്മൂലനം ചെയ്യാന്‍ നാസിസം എന്ന ജര്‍മന്‍ ഫാസിസം ദൃഢപ്രതിജ്ഞയെടുത്തിരുന്നു. ഇനിയുമൊരു സോവിയറ്റ് യൂണിയന്‍ ലോകമുതലാളിത്തത്തിനു താങ്ങാവുന്നതിലപ്പുറമായിരുന്നു. അതുകൊണ്ടുതന്നെ ജര്‍മനിയും ഇറ്റലിയുമുള്‍പ്പെടുന്ന ഫാസിസ്റ്റ് രാജ്യങ്ങള്‍ക്കു പുറമെ യൂറോപ്പിലെയും ഏഷ്യയിലെയും മുതലാളിത്തരാജ്യങ്ങളും അമേരിക്കയും നാസിജര്‍മനിയുടെ നടപടികളില്‍ ആഹ്ലാദം പൂണ്ടു. ഈ മുതലാളിത്ത രാജ്യങ്ങള്‍, വിശിഷ്യാ ഇംഗ്ലണ്ട്, ഫ്രാന്‍സ്, അമേരിക്ക മുതലായവ ജനാധിപത്യ മേനിനടിച്ചുകൊണ്ടിരുന്നു. ഈ നാട്യത്തോടെ ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യങ്ങളാവുകയും കോളനിജനതയുടെ അവകാശങ്ങള്‍ നിരന്തരം ചവിട്ടിമെതിക്കുകയും ചെയ്തുകൊണ്ടിരുന്നു.

നാസിസമായാലും ഫാസിസമായാലും ദേശീയവിമോചനത്തിനും ജനാധിപത്യത്തിനും അധ്വാനിക്കുന്ന ജനങ്ങളുടെ വിമോചനത്തിനും എതിരാണെങ്കില്‍ ഹായ്, സുഖം, നടക്കട്ടെ എന്നതായിരുന്നു മുതലാളിത്ത മനോഭാവം. 1933 ഫെബ്രുവരി 27നാണ് റീഷ്സ്റ്റാഗിന് തീപിടിച്ചത്. ജര്‍മന്‍ പാര്‍ലമെന്റ് മന്ദിരത്തിന് തീപ്പിടിച്ചത് "ഒരു കമ്യൂണിസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് കണ്ടെത്താന്‍ നാസി ഭരണകൂടത്തിന് അധികസമയം വേണ്ടിവന്നില്ല. ഡച്ചുകാരനായ വാന്‍ ദെര്‍ല്യൂബന്‍ എന്നൊരാളെ റീഷ്സ്റ്റാഗിനടുത്തുവച്ച് അറസ്റ്റ് ചെയ്തു. അഡോള്‍ഫ് ഹിറ്റ്ലര്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആക്രമണങ്ങള്‍ക്കെതിരെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ പ്രസിഡന്റിനോടാവശ്യപ്പെട്ടു. ഹിറ്റ്ലറുടെ പാവയായി മാറിക്കഴിഞ്ഞിരുന്ന പ്രസിഡന്റ് ഹിന്റണ്‍ബര്‍ഗ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പൗരാവകാശങ്ങള്‍ സസ്പെന്റ് ചെയ്യുകയും ചെയ്തു. വീമര്‍ഭരണഘടനയുടെ 48ാം അനുഛേദമുപയോഗിച്ച് ഒരു റീഷ്സ്റ്റാഗ് അഗ്നിബാധാവിളംബരം പ്രസിഡന്റ് പ്രഖ്യാപിച്ചു. വന്‍തോതിലുള്ള കമ്യൂണിസ്റ്റ് വേട്ടയാരംഭിച്ചു. പാര്‍ലമെന്റിലെ കമ്യൂണിസ്റ്റംഗങ്ങളെ മുഴുവന്‍ തടവിലിടുകയും അവരുടെ സ്ഥാനം നഷ്ടമായതായി പ്രഖ്യാപിക്കുകയും ചെയ്തു. അവരുടെ സ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടന്നതിനാല്‍ ബലപ്രയോഗം വഴി നാസി പാര്‍ടിക്ക് ഭൂരിപക്ഷമായി നടിക്കാന്‍ കഴിഞ്ഞു.

ഭൂരിപക്ഷമില്ലാത്ത നാസി പാര്‍ടി പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്ത് അധികാരം പിടിച്ചെടുക്കുകയായിരുന്നു. അങ്ങനെയാണ് ഹിറ്റ്ലര്‍ തന്റെ അധികാരം ദൃഢീകരിച്ചത്. എല്ലാ ഏകാധിപതികളും ഇതുപോലുള്ള കൃത്രിമമാര്‍ഗങ്ങളിലൂടെയാണ് അധികാരം ഉറപ്പിക്കുന്നത്. റീഷ്സ്റ്റാഗ് വിളംബരം വഴി എല്ലാ പൗരാവകാശങ്ങളും സസ്പെന്റ് ചെയ്യപ്പെട്ടു. നാസികള്‍ക്കനുകൂലമല്ലാത്ത എല്ലാ പ്രസിദ്ധീകരണങ്ങളും തടഞ്ഞു. തീവയ്പ് കമ്യൂണിസ്റ്റ് ഗൂഢാലോചനയാണെന്ന ഹിറ്റ്ലര്‍ സിദ്ധാന്തത്തിന് പത്രങ്ങള്‍ വ്യാപകവും വിപുലവുമായ പ്രചാരം നല്‍കി. പലപ്പോഴും ഫാസിസം അധികാരമുറപ്പിക്കുന്നത് പത്രങ്ങളിലൂടെയാണ്. അഗ്നിബാധയെ തുടര്‍ന്നുള്ള ദിനങ്ങളില്‍ ആയിരക്കണക്കിന് കമ്യൂണിസ്റ്റുകാര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. തെരഞ്ഞെടുപ്പുപ്രചാരവേലയില്‍ കമ്യൂണിസ്റ്റ് സാന്നിധ്യം ഫലത്തില്‍ ഇല്ലാതായി. നാസി പാര്‍ടിയുടെ വോട്ട് ശതമാനം വര്‍ധിച്ചു. എന്നാല്‍ മൂന്നില്‍രണ്ടു ഭൂരിപക്ഷം കിട്ടിയില്ല. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി അംഗങ്ങളെ ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും പാര്‍ലമെന്റില്‍നിന്ന് മാറ്റിനിര്‍ത്തിയാണ് ഹിറ്റ്ലറും നാസികളും 1933 മാര്‍ച്ച് 23ന് എനാബിളിങ്ങ് ആക്റ്റ് പാര്‍ലമെന്റിനെക്കൊണ്ട് അംഗീകരിപ്പിച്ചത്.

മഹത്തായ ജനാധിപത്യമാര്‍ഗംതന്നെ! അഗ്നിബാധയെത്തുടര്‍ന്നുള്ള നാളുകള്‍ നിരന്തരമായ നായാട്ടിന്റേതായിരുന്നു. വന്‍തോതിലുള്ള കൂട്ട അറസ്റ്റുകള്‍ ഉണ്ടായി. അറസ്റ്റ് ചെയ്യപ്പെടേണ്ട നേതാക്കളുടെയും കേഡര്‍മാരുടെയും പട്ടിക ശ്രദ്ധാപൂര്‍വം തയ്യാറാക്കി. സോഷ്യല്‍ ഡെമോക്രാറ്റുകളെയും ലിബറലുകളെയും അറസ്റ്റ് ചെയ്തു. അഗ്നിബാധയുടെ ആദ്യരാത്രിയില്‍ തന്നെ നാലായിരത്തോളം പേരെ തടവിലാക്കി. അവരില്‍ ഇടതുപക്ഷ ബുദ്ധിജീവികളും ട്രേഡ് യൂണിയന്‍ നേതാക്കളുമെല്ലാമുണ്ടായിരുന്നു. അവരെ സാധാരണ ജയിലുകളിലേക്കല്ല കൊണ്ടുപോയത്, മറിച്ച് എസ്സേ ബാരക്കുകളിലേക്കായിരുന്നു. നാസികള്‍ മാത്രമടങ്ങുന്ന പ്രത്യേക സൈനികസംഘമായിരുന്നു എസ്സേ സംഘം. വ്യക്തിസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും സംഘടിക്കാനുള്ള സ്വാതന്ത്ര്യവും കൂട്ടം ചേരാനുള്ള സ്വാതന്ത്ര്യവും നിയമം വഴി ഇല്ലാതാക്കി. ഇതിനായി പ്രത്യേകം വിളംബരം നടത്തി. എന്നിട്ടും 1933 മാര്‍ച്ച് 5ന് നടന്ന തെരഞ്ഞെടുപ്പില്‍ നാസികള്‍ക്ക് ഭൂരിപക്ഷം ലഭിച്ചില്ല. അഗ്നിബാധയെപ്പറ്റി അന്വേഷണം നടന്നു. എങ്ങനെയെങ്കിലും കമ്യൂണിസ്റ്റുകാരെ കുറ്റവാളികളാക്കണമെന്ന് നാസികള്‍ക്ക് നിര്‍ബന്ധമായിരുന്നു. എല്ലാ കമ്യൂണിസ്റ്റിതര എഴുത്തുകാരും ഇതംഗീകരിക്കുന്നുണ്ട്, നാസികളൊഴികെ. കമ്യൂണിസ്റ്റ് ഇന്റര്‍നാഷനലാണ് റീഷ്സ്റ്റാഗിനു തീവയ്ക്കാന്‍ നിര്‍ദ്ദേശിച്ചത് എന്നു വരുത്തണമായിരുന്നു ഹിറ്റ്ലര്‍ക്ക്.

1933 മാര്‍ച്ചില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് പേരും ബള്‍ഗേറിയക്കാരായിരുന്നു: ജോര്‍ജി ദിമിത്രോവ്, വാസില്‍ താനേവ്, ബ്ലാഗോയ് പോപോവ്. പ്രഷ്യന്‍ പൊലീസിന്റെ വ്യാഖ്യാനമനുസരിച്ച് ഇവര്‍ മൂവരും കോമിന്റേണിന്റെ വളരെ സീനിയര്‍ നേതാക്കളായിരുന്നു. അഗ്നിബാധയ്ക്കുമുമ്പ് തന്നെ പാര്‍ലമെന്റ് പിരിച്ചുവിടാനും പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും ഹിറ്റ്ലര്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. കമ്യൂണിസ്റ്റ് എതിര്‍പ്പിനെ അതിജീവിക്കുന്നതിന്നായി നാസി ഭൂരിപക്ഷം നിര്‍മിക്കുകയായിരുന്നു ഹിറ്റ്ലറുടെ ലക്ഷ്യം. ജനാധിപത്യത്തിന്റെയും നിയമവിധേയത്വത്തിന്റെയും മുഖംമൂടിയണിഞ്ഞ് ജനാധിപത്യത്തെ കശാപ്പുചെയ്യുകയായിരുന്നു ഹിറ്റ്ലറുടെ പരിപാടി. അതിനുവേണ്ടി പുതിയൊരു നിയമം പാസാക്കണമായിരുന്നു. എനാബിളിങ്ങ് ആക്റ്റ് എന്നായിരുന്നു ഇതിന്റെ പേര്. ഈ നിയമമനുസരിച്ച് ചാന്‍സലര്‍ക്ക് വിളംബരം വഴി ഭരണം നടത്താന്‍ കഴിയും. ജര്‍മനിയിലെ വീമര്‍ ഭരണഘടനപ്രകാരം പ്രസിഡന്റിനായിരുന്നു ഈ അധികാരം. എനാബിളിങ്ങ് ആക്റ്റ് അത്യധികം പ്രതിസന്ധിയുള്ള ഘട്ടങ്ങളിലേക്കാണ് ഭരണഘടന വിഭാവനം ചെയ്തിരുന്നത്. മുമ്പ് ഒരു തവണ മാത്രമേ ഈ നിയമം ഉപയോഗിച്ചിരുന്നുള്ളൂ. ഈ നിയമം പാസാകാന്‍ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണ്ടിയിരുന്നു. നാസികള്‍ക്കാകാവട്ടെ പാര്‍ലമെന്റില്‍ 32 ശതമാനം സീറ്റുകളേ ഉണ്ടായിരുന്നുള്ളൂ. ഈ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നത്. പ്രചാരണവേളയില്‍ ഹിറ്റ്ലര്‍ ആസന്നമായ കമ്യൂണിസ്റ്റ് വിപത്തിനെ പറ്റിയാണ് പ്രധാനമായും പറഞ്ഞത്. അത് തടയാനുള്ള ഏകമാര്‍ഗം എനാബിളിങ്ങ് നിയമം പാസാക്കിയെടുക്കലാണ്. അതിനു നാസി പാര്‍ടി ജയിക്കണം. ഈ കരിനിയമം പാസാക്കിയെടുക്കുന്നതിനുവേണ്ടി കമ്യൂണിസ്റ്റ് പാര്‍ടിയെ നിരോധിക്കാന്‍ ഹിറ്റ്ലര്‍ നിശ്ചയിച്ചിരുന്നു. റീഷ്സ്റ്റാഗിലെ അഗ്നിബാധ ഈ നിശ്ചയത്തിന്റെ നിര്‍വഹണം ത്വരിതപ്പെടുത്തി. അഗ്നിബാധ റിപ്പോര്‍ട്ട് ചെയ്യുന്ന സമയം ഹിറ്റ്്ലര്‍ ബെര്‍ലിനില്‍ ജോസഫ് ഗീബല്‍സിന്റെ ഭവനത്തില്‍ അയാളോടൊപ്പം ഡിന്നര്‍ കഴിക്കുകയായിരുന്നു. ഹിറ്റ്ലറും പരിവാരവും ഉടന്‍ റീഷ്സ്റ്റാഗിലേക്ക് പാഞ്ഞു. ഗോറിങ്ങ് അവരെ സ്വീകരിച്ചു. ഗോറിങ്ങ് പറഞ്ഞു: "ഇത് കമ്യൂണിസ്റ്റക്രമമാണ്. ഒരു ചുവപ്പന്‍ കുറ്റവാളിയെ അറസ്റ്റ് ചെയ്തിരിക്കുന്നു." ഹിറ്റ്ലര്‍ ഇത് ദൈവികമായ അടയാളമാണെന്ന് പറഞ്ഞു.

പിറ്റേന്ന് പ്രഷ്യന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു:"ബോള്‍ഷെവിസം ജര്‍മനിയില്‍ നടപ്പാക്കുന്ന ഏറ്റവും വലിയ ഭീകരപ്രവര്‍ത്തനമാണത്. രാജ്യവും ഭരണവും വലിയൊരു ഭീഷണി നേരിടുകയാണ്." വിചാരണ ഈ കേസിന്റെ വിചാരണ വിചിത്രമായിരുന്നു. 1933 സെപ്തംബര്‍മുതല്‍ ഡിസംബര്‍വരെ വിചാരണ നീണ്ടുനിന്നു. ലീപ്സിഗ് വിചാരണ എന്നാണിതറിയപ്പെടുന്നത്. മൂന്ന് ഘട്ടങ്ങളായിനടന്ന വിചാരണയുടെ ഒരു ഘട്ടത്തിലും നാസികള്‍ക്ക് തങ്ങളുടെ ഗൂഢലക്ഷ്യങ്ങള്‍ മൂടിവയ്ക്കാന്‍ കഴിഞ്ഞില്ല. കേസില്‍ അഞ്ചുപ്രതികളാണുണ്ടായിരുന്നത്. മാറിനസ് വാന്‍ ദെര്‍ ല്യൂബ്, ഏണസ്റ്റ് ടോര്‍ഗ്ലര്‍, ജോര്‍ജി ദിമിത്രോവ്, ബ്ലോഗോയ് പോപോവ്, വാസില്‍ തനേവ്. ഡച്ച് കമ്യൂണിസ്റ്റ് പാര്‍ടിപ്രവര്‍ത്തകനായിരുന്നു മാറിനസ്. ഈ തീവയ്പ് സംഭവത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും മാറിനസിനാണെന്ന് കരുതപ്പെട്ടു. 1934ല്‍ അദ്ദേഹം വധശിക്ഷയ്ക്ക് വിധേയനായി. പിന്നീട് ജര്‍മനിയില്‍ കമ്യണിസ്റ്റ് ഭരണകാലത്തും പിന്നീടും അദ്ദേഹം കുറ്റവാളിയല്ലെന്ന് മരണാനന്തരം വിധിക്കപ്പെട്ടു. റീഷ്സ്റ്റാഗിലെ കമ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്നു ഏണസ്റ്റ് ടോര്‍ഗ്ലര്‍. വിചാരണാവേളയില്‍ ദിമിത്രോവ് സവിശേഷമായി ഉയര്‍ത്തിപ്പിടിച്ച സന്ദേശം ഇതായിരുന്നു: "എന്റെ കമ്യൂണിസ്റ്റ് ബോധ്യം ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷേ, അക്കാരണം കൊണ്ടുതന്നെ ഞാന്‍ വ്യക്തി ഭീകരതയ്ക്കെതിരാണ്." ഈ വാദം വക്കീല്‍ മുഖേന ഉന്നയിക്കാന്‍ കോടതി ആവശ്യപ്പെട്ടപ്പോള്‍ നാസി സര്‍ക്കാര്‍ നിയോഗിച്ച വക്കീലിനെ വിശ്വസിക്കുന്നില്ലെന്നും തനിക്കുവേണ്ടി താന്‍ തന്നെ വാദിക്കുമെന്നും ദിമിത്രോവ് പറഞ്ഞു. തന്റെ വാദത്തിനിടയില്‍ തീവയ്പ് കേസിന്റെ രാഷ്ട്രീയം വിശദീകരിക്കുകയാണ് ദിമിത്രോവ് ചെയ്തത്. സാക്ഷികളായിവന്ന ഗോറിങ്ങിനേയും ഗീബല്‍സിനേയും അദ്ദേഹം പൂര്‍ണമായി തൊലിയുരിച്ചുകാണിച്ചു. അവരുടെ അഹങ്കാരപൂര്‍ണമായ വാക്കുകള്‍ എത്രമാത്രം പൊള്ളയാണെന്നും എങ്ങനെ ലോകകമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കരിതേച്ചു കാണിക്കുന്നതിനുവേണ്ടി മൂന്നാം കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ജനറല്‍ സെക്രട്ടറിയായ താനുള്‍പ്പെടെയുള്ള സഖാക്കളെ വ്യാജകേസില്‍ ഉള്‍പ്പെടുത്തിയെന്നും അദ്ദേഹം കോടതിയില്‍ വിശദീകരിച്ചു.
രാഷ്ട്രീയപ്രചാരണത്തിനുവേണ്ടി കോടതിയെ ഉപയോഗിക്കുന്നതിനുള്ള ശിക്ഷയായി പലപ്പോഴും ദിമിത്രോവിനെ കോടതിമുറിയില്‍നിന്ന് പുറത്തിരുത്തി. സര്‍ക്കാര്‍സാക്ഷിയായ പ്രധാനമന്ത്രി ഗോറിങ്ങിനെ ജോര്‍ജി ദിമിത്രോവ് തന്നെ ക്രോസ് വിസ്താരം നടത്തി. വിസ്താരത്തിന്റെ ഒരു മാതൃക ഇതാ: ദിമിത്രോവ്: അറസ്റ്റ് ചെയ്യുമ്പോള്‍ ഡച്ച് കമ്യൂണിസ്റ്റ് വാന്‍ല്യൂബന്റെ കൈയില്‍നിന്ന് പാസ്പോര്‍ട്ടും കമ്യൂണിസ്റ്റ് പാര്‍ടി കാര്‍ഡും പിടിച്ചെടുത്തുവെന്ന് പ്രധാനമന്ത്രി പ്രസതാവിച്ചു. ഈ വിവരം എവിടെ നിന്നാണ് ലഭിച്ചത്? ഗോറിങ്ങ്: പൊലീസ് എല്ലാ കുറ്റവാളികളേയും പരിശോധിക്കുന്നു. അതിന്റെ വിവരം എന്നെ അറിയിക്കുന്നു. ദിമിത്രോവ്: വാന്‍ദെര്‍ല്യൂബിനെ പരിശോധിച്ച മൂന്നുദ്യോഗസ്ഥന്മാരും പറയുന്നുണ്ട്, അദ്ദേഹത്തില്‍നിന്ന് പാര്‍ടി കാര്‍ഡ് ലഭിച്ചിട്ടില്ലെന്ന്. അപ്പോള്‍ അങ്ങനെയൊരു കാര്‍ഡ് ലഭിച്ചുവെന്ന വിവരം എവിടുന്ന് കിട്ടിയെന്ന് എനിക്കറിയണം. ഗോറിങ്ങ്: എന്നോട് ഒരുദ്യോഗസ്ഥന്‍ പറഞ്ഞതാണ്. തീപ്പിടുത്തത്തിന്റെ അന്നു രാത്രി എന്നോട് റിപ്പോര്‍ട്ട് ചെയ്തതാണ്. അതൊന്നും പരിശോധിക്കാനോ തെളിയിക്കാനോ കഴിയില്ല. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞതാണത്. അത് ഞാന്‍ മുഖവിലയ്ക്ക് സ്വീകരിച്ചു. അത് പരിശോധിക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ വസ്തുതയായി അംഗീകരിച്ചു. അപ്രകാരം പ്രസിദ്ധപ്പെടുത്തി. അഗ്നിബാധ നടന്നതിന്റെ പിറ്റേന്ന് ഞാന്‍ പത്രസമ്മേളനം നടത്തിയപ്പോള്‍ വാന്‍ദെര്‍ല്യൂബിന്റെ ചോദ്യം ചെയ്യല്‍ അവസാനിച്ചിരുന്നില്ല. പക്ഷേ, അതിലെന്താ പരാതിപ്പെടാന്‍. അയാളുടെ കൈയില്‍ പാര്‍ടി കാര്‍ഡുണ്ടായിരുന്നില്ലെന്ന് ഈ വിചാരണയില്‍ തെളിഞ്ഞു.

ദിമിത്രോവ്: വാന്‍ദെല്യൂബിന്റെ ചലനങ്ങള്‍, അയാളുടെ കൂട്ടാളികള്‍, അയാളുടെ വാസം തുടങ്ങിയ കാര്യങ്ങള്‍ നിരീക്ഷിച്ചുവോ- ഇതൊക്കെ അറിയണം. ഗോറിങ്ങ്: ഞാനൊരുദ്യോഗസ്ഥനല്ല. ഉത്തരവാദപ്പെട്ട മന്ത്രിയാണ്. ഇത്തരം നിസ്സാരകാര്യങ്ങളൊന്നും ഞാനറിയേണ്ടതില്ല. പാര്‍ടിയെ( കമ്യൂണിസ്റ്റ് പാര്‍ടി- സി പി) തുറന്നുകാണിക്കുകയായിരുന്നു എന്റെ ലക്ഷ്യം. അവരുടെ മനോഭാവം പുറത്തുകൊണ്ടുവരികയാണെന്റെ ഉദ്ദേശ്യം. ദിമിത്രോവ്: ആദരണീയനായ മന്ത്രിക്കറിയാമോ, അദ്ദേഹം പഴിക്കുന്ന ഈ പ്രസ്ഥാനത്തില്‍പ്പെട്ടവര്‍ ഇന്ന് ലോകത്തില്‍ ആറിലൊന്നിന്റെ ഭാഗധേയം നിര്‍ണയിക്കുകയാണെന്ന്? സോവിയറ്റ് യൂണിയന്റെ? ഗോറിങ്ങ്: റഷ്യയിലെന്തുനടക്കുന്നുവെന്ന് ഞാന്‍ ഗൗനിക്കുന്നില്ല. അവരെങ്ങനെ ബില്ലടക്കുന്നുവെന്നതൊന്നും എന്റെ പ്രശ്നമല്ല, ഇവിടുത്തെ കമ്യൂണിസ്റ്റ് പാര്‍ടിയാണെന്റെ പ്രശ്നം. റീഷ്സ്റ്റാഗിനു തീവയ്ക്കാന്‍ വന്ന വട്ടന്മാരാണെന്റെ പ്രശ്നം. ദിമിത്രോവ്: ഈ ക്രിമിനല്‍ മനോഭാവമാണ് സോവിയറ്റ് യൂണിയനെ ഭരിക്കുന്നത്. ലോകത്തിലെ ഏറ്റവും മഹത്തായ രാജ്യത്തെ, ഏറ്റവും നല്ല രാജ്യത്തെ. ആദരണീയ മന്ത്രിക്കതറിയാമോ?

ഗോറിങ്ങ്: ജര്‍മന്‍ ജനതയ്ക്കറിയാവുന്ന കാര്യം പറയാം. നിങ്ങള്‍ വളരെ മോശമായിട്ടാണ് പെരുമാറുന്നതെന്ന് അവര്‍ക്കറിയാം. നിങ്ങള്‍ ജര്‍മനിയിലേക്കു നുഴഞ്ഞു കയറിയ കമ്യൂണിസ്റ്റ് വട്ടനാണെന്നുമവര്‍ക്കറിയാം. നിങ്ങള്‍ റീഷ്സ്റ്റാഗിനു തീവച്ചുവെന്നുമവര്‍ക്കറിയാം. എന്റെ കണ്ണില്‍ നിങ്ങള്‍ വെറുമൊരു തെമ്മാടിയാണ്. ഭ്രാന്തനാണ്. നിങ്ങളുടെ സ്ഥാനം കഴുമരമാണ്. ലീപ്സിഗ് വിചാരണ ലോകശ്രദ്ധ പിടിച്ചുപറ്റി. കോടതി എല്ലാ കമ്യൂണിസ്റ്റുകാരെയും ശിക്ഷിക്കുമെന്നാണ് ആശങ്കപ്പെട്ടിരുന്നത്.പക്ഷേ, വിധി പ്രഖ്യാപിച്ചപ്പോള്‍ വാന്‍ദെര്‍ല്യൂബിനെ മാത്രമേ ശിക്ഷിച്ചുള്ളൂ. മറ്റുനാലുപേരും കുറ്റക്കാരല്ലെന്നു വിധിയുണ്ടായി. ഈ വിധി ഹിറ്റ്ലറെ ക്രുദ്ധനാക്കി. ഇനിമുതല്‍ രാജ്യദ്രോഹമുള്‍പ്പെടുന്ന എല്ലാ കേസുകളും ജനകീയകോടതിയെന്ന പുതിയകോടതിയാണ് വിചാരണചെയ്യുകയെന്ന് അയാള്‍ പ്രഖ്യാപിച്ചു. അതനുസരിച്ച് ഉത്തരവുണ്ടായി. ഈ കോടതി നാസി വിശ്വസ്തന്മാരടങ്ങുന്ന കോടതിയായിരുന്നു.

1944ലെ ഹിറ്റ്ലര്‍ വധഗൂഢാലോചനയുള്‍പ്പെടെ അനേകം കേസുകളില്‍ ഈ കോടതി ആയിരക്കണക്കിന് പേര്‍ക്ക് വധശിക്ഷ വിധിച്ചു. ല്യൂബിനെ 1934ല്‍ ശിരഛേദം ചെയ്തു. പക്ഷേ 1967ല്‍ മരണാനന്തരം അദ്ദേഹത്തിന്റെ ശിക്ഷ എട്ടുവര്‍ഷത്തെ തടവായി വിധിക്കപ്പെട്ടു. 1981ല്‍ പശ്ചിമജര്‍മന്‍ കോടതി ല്യൂബ് കുറ്റവാളിയല്ലെന്ന് കണ്ടെത്തി. അഗ്നിബാധയുടെ സമയത്ത് അദ്ദേഹത്തിന് ബുദ്ധിസ്ഥിരതയില്ലെന്ന കാരണമാണ് ഇതിനു പറഞ്ഞത്. 2008ല്‍ അദ്ദേഹത്തിന് മാപ്പുനല്‍കുന്ന വിധിയുണ്ടായി. വാന്‍ദെര്‍ല്യൂബിനെ ശിക്ഷിക്കുന്നതിനു അടിസ്ഥാനമായ നിയമങ്ങള്‍ ഭരണഘടനാവിരുദ്ധമായതിനാലായിരുന്നു ഇത്. ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ പൂര്‍ണമായി ഇല്ലായ്മ ചെയ്യുകയെന്നതായിരുന്നു നാസികളുടെ മോഹം. ലോകകമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അവഹേളിക്കുക എന്നതും അവരുടെ താല്‍പര്യമായിരുന്നു. അതിനുസൃതമായ ഒരു സംഭവം അവര്‍ ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് നിഷ്പക്ഷമതികളായ എല്ലാവരും സമ്മതിക്കുന്നുണ്ട്.

1943ല്‍ ഹിറ്റ്ലറിന്റെ ജന്മദിനാഘോഷവേളയില്‍ നടന്ന ഒരു സംഭാഷണം The Rise and Fall of the Third Reich എന്ന ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഭാഷണം ക്രമേണ റീഷ്സ്റ്റാഗ് സംഭവത്തിലേക്ക് തിരിഞ്ഞു. റീഷ്സ്റ്റാഗ് മന്ദിരത്തിന്റെ കലാമൂല്യവും അവിടെ സംഭാഷണവിഷയമായി. ആ സംഭാഷണത്തില്‍നിന്ന് ജനറല്‍ ഫ്രാസ്ഹാല്‍ഡര്‍ രേഖപ്പെടുത്തുന്നു: ""ഞാന്‍ സ്വന്തം ചെവികൊണ്ട് കേട്ടു, ഗോറിങ്ങ് പറയുന്നത്, റീഷ്സ്റ്റാഗ് മന്ദിരത്തെ കുറിച്ചറിയുന്ന ഒരാളേയുള്ളൂ, ഈ ഞാന്‍, ഞാനതിനു തീകൊടുത്തു. ഇതുപറഞ്ഞ് അയാള്‍ സ്വന്തം തുടകളിലടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു"" .

ജനങ്ങളുടെ ഉദാസീനത 1934ന് ശേഷം ഹിറ്റ്്ലര്‍ ദീര്‍ഘകാലം ജര്‍മന്‍ ഏകാധിപതിയായി തുടര്‍ന്നു. ആദ്യനാളുകളില്‍ അയാളെ അംഗീകരിച്ചവര്‍ക്കും പിന്നീട് കമ്യൂണിസ്റ്റുകാരുടെ വാദമംഗീകരിക്കേണ്ടിവന്നു. ഇരുപതാം നൂറ്റാണ്ടിന്റെ നാലും അഞ്ചും ദശാബ്ദങ്ങളില്‍ മനുഷ്യചരിത്രത്തിലെ ഏറ്റവും ഭയാനകമായ കുറ്റകൃത്യങ്ങള്‍ ജര്‍മനിയിലെ നാസി ഭരണകൂടം ചെയ്തുകൂട്ടി. ജനങ്ങളുടെ രാഷ്ട്രീയ അശ്രദ്ധയായിരുന്നു ഇതിന് കാരണം. ധൈഷണികമായ അനേകം കാരണങ്ങള്‍ പറയാനുണ്ടാവാം. പ്രബുദ്ധതയുടെ മൂല്യങ്ങള്‍ ജര്‍മന്‍ ആര്യമേല്‍ക്കോയ്മാ കാല്‍പനികത നിരസിച്ചുവെന്നും നിയമവ്യവസ്ഥ തകിടംമറിക്കപ്പെട്ടുവെന്നുമെല്ലാം പറയാം. പക്ഷേ ജനങ്ങളുടെ ഉദാസീനത അവര്‍ക്കു നഷ്ടപ്പെടുത്തിയത് സ്വാതന്ത്ര്യവും ജീവിതവുമായിരുന്നു. ""പോലീസുകാരന്റെ തോക്കില്‍നിന്നുതിരുന്ന ബുള്ളറ്റാണ് എന്റെ ബുള്ളറ്റ്. അത് കൊലപാതകമാണെന്ന് നിങ്ങള്‍ പറയുന്നുവോ? ശരി, അതൊരു കൊലപാതകം തന്നെയാണെന്ന് ഞാനും സമ്മതിക്കുന്നു. ഞാനാണ് ആ കൊലയാളി. എനിക്ക് രണ്ടുതരം നിയമമറിയാം. കാരണം എനിക്ക് രണ്ടുതരം മനുഷ്യരെ അറിയാം, ഞങ്ങളുടെ കൂടെ നില്ക്കുന്നവര്‍, ഞങ്ങളുടെ കൂടെയല്ലാത്തവര്‍""-ഗോറിങ്ങിന്റെ ഈ പ്രസ്താവം അക്ഷരാര്‍ഥത്തില്‍ നടപ്പായി. സന്ദേശം വളരെ വ്യക്തമായിരുന്നു. കടുത്ത ഉദാസീനത പ്രകടിപ്പിച്ച ജര്‍മന്‍ജനത ശപിക്കപ്പെട്ട അനേകം ദുരന്തങ്ങള്‍ക്ക് കാരണക്കാരായി- കമ്യൂണിസ്റ്റുവേട്ട, ജൂതവേട്ട, ഇതരന്യൂനപക്ഷങ്ങളുടെ വേട്ട, ബുദ്ധിജീവിഭാഗങ്ങളുടെ വേട്ട, രണ്ടാം ലോകമഹായുദ്ധം.

മാര്‍ട്ടിന്‍ നിയോമുള്ളറെന്ന പാതിരി എഴുതി: "" ആദ്യം അവര്‍ കമ്യൂണിസ്റ്റുകള്‍ക്കായി വന്നു ഞാന്‍ ശബ്ദിച്ചില്ല കാരണം ഞാനൊരു കമ്യൂണിസ്റ്റായിരുന്നില്ലല്ലോ പിന്നീടവര്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ക്കായി വന്നു ഞാന്‍ ശബ്ദിച്ചില്ല കാരണം ഞാനൊരു ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായിരുന്നില്ലല്ലോ പിന്നീടവര്‍ ജൂതന്മാര്‍ക്കായിവന്നു ഞാന്‍ ശബ്ദിച്ചില്ല കാരണം ഞാനൊരു ജൂതനായിരുന്നില്ലല്ലോ അവസാനം അവര്‍ എനിക്കായി വന്നു അപ്പോള്‍ എനിക്കുവേണ്ടി സംസാരിക്കാന്‍ ആരും അവശേഷിച്ചിരുന്നില്ല."" തുടക്കത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധനും ഹിറ്റ്ലര്‍ അനുഭാവിയുമായ ഒരു ലൂഥറന്‍ പുരോഹിതനായിരുന്നു മാര്‍ട്ടിന്‍ നിയോ മുള്ളര്‍. ഹിറ്റ്ലര്‍ക്ക് മതത്തിലുമുപരി തന്റെ ഭരണസംവിധാനമായിരുന്നു പ്രധാനം. ഈ തിരിച്ചറിവില്‍ മുള്ളര്‍ ഒരു പ്രതിരോധഗ്രൂപ്പ് സംഘടിപ്പിച്ചു. 1937ല്‍ അറസ്റ്റ് വരിക്കുകയും 1945വരെ ജയില്‍വാസമനുഭവിക്കുകയും ചെയ്തു. രാഷ്ട്രീയമായ അനാസ്ഥക്കെതിരായ വലിയ മുന്നറിയിപ്പാണ് മുള്ളറുടെ ചെറിയ കവിത. ഇപ്പോള്‍ ഏകാധിപതി ലക്ഷ്യം വയ്ക്കുന്നത് നിങ്ങളെതിര്‍ക്കുന്ന ഒരാളെയാവാം, ഒരു വിഭാഗത്തെയാവാം, പക്ഷേ പതുക്കെ ഏകാധിപതിയുടെ കുരുക്കുകള്‍ നിങ്ങളുടെ കഴുത്തിലേക്ക് നീങ്ങുകയാണ്.

ചരിത്രത്തില്‍ ഇതിനു സമാന്തരമായ മറ്റൊരുദാഹരണമുണ്ട്. നാലാം നൂറ്റാണ്ടിലെ റീഷ്സ്റ്റാഗ് അഗ്നിബാധ എന്നാണിതറിയപ്പെടുന്നത്. റോമാചക്രവര്‍ത്തി ഡയോക്ലീഷ്യന്റെ കൊട്ടാരം കത്തിച്ചുവെന്ന് നവക്രൈസ്തവര്‍ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണമാണത്. പുതുവിശ്വാസികള്‍ക്കെതിരെ പരമാവധി പീഡനങ്ങള്‍ നല്കുന്നതിനുള്ള ന്യായീകരണമായി കൊട്ടാരത്തിനു തീ കൊടുക്കാന്‍ ചക്രവര്‍ത്തി തന്നെ ഏര്‍പ്പാട് ചെയ്യുകയായിരുന്നു. ഇതുവഴി പുതുക്രൈസ്തവരെ പൊതുജനശത്രുക്കളായി ചിത്രീകരിച്ചു. പക്ഷേ, ക്രൈസ്തവമതം ആ പീഡനത്തെ അതിജീവിച്ചു. ഈ അതിജീവനസമരത്തിനിടയില്‍ നൂറുകണക്കില്‍ രക്തസാക്ഷികളുണ്ടായി. അതുകൊണ്ടാണ് രക്തസാക്ഷിയുടെ ചോരയിലാണ് ക്രൈസ്തവമതം ഉറപ്പിച്ചിരിക്കുന്നത് എന്ന് പറയുന്നത്. എന്താണ് ഈ സംഭവങ്ങളുടെ സമകാലീനപ്രസക്തി?

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ഒരു വിവാദത്തിന്റെ പശ്ചാത്തലവുമായി നമുക്കിതിനെ താരതമ്യം ചെയ്യാം. ടി പി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദമാണ് ഇവിടെ സൂചിപ്പിക്കുന്നത്. കേരളീയ ജീവിതത്തിന്റെ അലകും പിടിയും മാറ്റിയ മഹാപ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാര്‍ടി. അവിഭക്തപാര്‍ടിയുടെ മഹനീയ പാരമ്പര്യം നിലനിര്‍ത്തുന്ന പ്രസ്ഥാനമാണ് സിപിഐ എം. ആ പാര്‍ടിക്കെതിരെയാണ് കേരളത്തിലെ ഭരണമുന്നണി വാളോങ്ങി നില്‍ക്കുന്നത്. ഇന്ന് കേരളം ഭരിക്കുന്ന മുന്നണി അതിന്റെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ പതനത്തിലെത്തിനില്‍ക്കുകയാണ്. പതിറ്റാണ്ടുകളായി കേരളം നേടിയെടുത്ത് സൂക്ഷിച്ചിരുന്ന എല്ലാ നല്ല സംരംഭങ്ങളേയും ആ മുന്നണി തകിടം മറിച്ചു. രാഷ്ട്രീയത്തെ കേവലം ജാതി- മത സംരംഭമാക്കി ന്യൂനീകരിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്മേല്‍ കേരളത്തിനുള്ള സ്വാഭാവികമായ അവകാശങ്ങളെല്ലാം നഷ്ടപ്പെടുത്തി. ജനജീവിതം ചരിത്രത്തിലെ ഏറ്റവും വലിയ ദുസ്സഹാവസ്ഥയിലെത്തിച്ചേര്‍ന്നു. അധികാരത്തില്‍ കടിച്ചുതൂങ്ങുന്നതിനുവേണ്ടി നിയമസഭാ സാമാജികന്മാരെ കാലുമാറ്റി രാജിവയ്പിക്കുന്ന സമ്പ്രദായം തുടങ്ങിവച്ചു. അതിന്റെ ഫലമായി കോടിക്കണക്കിന് രൂപ ജനങ്ങളുടെ നികുതിവരുമാനത്തില്‍നിന്ന് ചെലവാക്കി അകാലത്തിലൊരു തെരഞ്ഞെടുപ്പിന് വഴിയൊരുക്കി. മന്ത്രിമാരുടെ, വിശിഷ്യാ മുഖ്യമന്ത്രിയുടെ പേരിലുള്ള അഴിമതിക്കേസുകളോരോന്നായി എഴുതിത്തള്ളി. ഈ മുന്നണിയുടെ തലതൊട്ടപ്പന്മാരുടെ കേന്ദ്രസര്‍ക്കാര്‍ ഏറ്റവും ജനവിരുദ്ധമായ കാലവും ഇതുതന്നെ. ഈ സാഹചര്യത്തിലാണ് നെയ്യാറ്റിന്‍കരയിലെ കാലുമാറ്റ തെരഞ്ഞെടുപ്പ് നടക്കുന്നത്.

2011ലെ തെരഞ്ഞെടുപ്പില്‍ ജയിച്ച ഒരാള്‍ രാജിവച്ച് ജനസേവനത്തിനു വീണ്ടുമൊരവസരം നല്‍കാന്‍ നാണമില്ലാതെ വോട്ട് ചോദിക്കുന്ന തെരഞ്ഞെടുപ്പാണിത്. ഈ പശ്ചാത്തലത്തിലാണ് ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെടുന്നത്. കൊലനടന്ന് മിനുട്ടുകള്‍ക്കകം കേന്ദ്രമന്ത്രിമാരും സംസ്ഥാനമന്ത്രിമാരും ചാനലുകളും പത്രങ്ങളുമെല്ലാം സിപി ഐ എമ്മിന്റെ ചോരയ്ക്ക് വേണ്ടി മുറവിളി കൂട്ടുകയാണ്. കൊലപാതകത്തെ വലിയ ആഘോഷമാക്കി മാറ്റുകയാണവര്‍. ദിവസേനയെന്നോണം കുറ്റവാളികളുടെ പേരുകള്‍മാറുന്നു; ഗൂഢാലോചനയുടെ രീതികള്‍ മാറുന്നു. മാറാതെ നില്‍ക്കുന്നത് അവരുടെ കമ്യൂണിസ്റ്റ് വിരോധം മാത്രം. ഈ സന്ദര്‍ഭത്തില്‍ ഉണ്ടാവുന്ന ഏത് ഉദാസീനതയും കേരളത്തെ നൂറ്റാണ്ടുകള്‍ പിറകോട്ടു കൊണ്ടുപോവും. ചരിത്രം മാപ്പുനല്‍കാത്ത ക്രൂരമായ പ്രചാരവേലയാണ് കേരളത്തിലിന്ന് നടക്കുന്നത്. അതിനെതിരെ പ്രതികരിച്ചില്ലെങ്കില്‍ ജര്‍മന്‍ ജനത അനുഭവിച്ച പതിറ്റാണ്ടുകളുടെ ജനവിരുദ്ധഭരണസംവിധാനത്തിലേക്ക് കേരളം മറിഞ്ഞുവീഴും. നമ്മുടെ ജീവിതസൗകര്യങ്ങള്‍ ഇല്ലാതാവും, സ്വാതന്ത്ര്യം നഷ്ടമാവും. നാം ജാഗരൂകരായിരിക്കേണ്ടതുണ്ട്.

*
സി പി അബൂബക്കര്‍ ദേശാഭിമാനി വാരിക 03 ജൂണ്‍ 2012

സിപിഐ എം വിരോധവും കണ്ണീരിന്റെ കച്ചവടവും

ധാര്‍മികമേല്‍ക്കൈ അവകാശപ്പെടുകയും ശത്രുക്കളെ ഭീഷണിപ്പെടുത്തുകയും എതിര്‍ശബ്ദത്തെ ഞെരിച്ചുകളയുകയും ചെയ്യുന്ന ഇസ്രായേലി മാധ്യമ മാനേജ്മെന്റിനെക്കുറിച്ച് നീവ് ഗോര്‍ഡന്‍ പറയുന്നുണ്ട്. അത് "ആകര്‍ഷകം" മാത്രമല്ല പേടിപ്പെടുത്തുന്നതും കൂടിയാണ്. ഇസ്രായേലി ഭരണകൂടം ഗാസയിലെ ജനങ്ങളെ ഉന്മൂലനം ചെയ്യുന്നതിനുള്ള തങ്ങളുടെ പദ്ധതികളെക്കുറിച്ച് വിശദമായും രേഖകള്‍ വച്ചും പരസ്യപ്രഖ്യാപനങ്ങള്‍ നടത്തുന്നത് യാതൊരു കുറ്റബോധവുമില്ലാതെയാണ്. ""വൈറ്റ്ഹൗസ്മുതല്‍ കോണ്‍ഗ്രസ്വരെ നീളുന്ന, അമേരിക്കയിലെ ഇരുപാര്‍ടികളിലുംപെട്ട മുഴുവന്‍ രാഷ്ട്രീയക്കാരുടെയും അധികാരമൊഴിയുന്നവരും അധികാരമേല്‍ക്കുന്നവരുമായ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥവൃന്ദത്തിന്റെയും മുഖ്യധാരയില്‍പ്പെട്ട എല്ലാ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളുടെയും കലവറയില്ലാത്ത പിന്തുണ അവര്‍ക്കുണ്ട് എന്നതാണതിന്റെ കാരണം"" എന്ന് ജെയിംസ് പെട്രാസ് നിരീക്ഷിക്കുന്നു.

ലോകത്ത് സമകാലത്ത് നടക്കുന്ന ഏറ്റവും പരസ്യവും നിഷ്ഠുരമായതുമായ നരമേധത്തെ ന്യായീകരിക്കാനും അതിന് ഇസ്രായേലി ജൂതന്‍മാരില്‍ 81 ശതമാനത്തിന്റെയും പിന്തുണ നേടിക്കൊടുക്കാനും ഈ പ്രചാരണത്തിന് കഴിയുന്നു. ഇസ്രായേലി മാധ്യമങ്ങളില്‍ വരുന്ന ഏകപക്ഷീയമായ വാര്‍ത്തകള്‍ക്ക്; ഇസ്രായേലിന്റെ ചെയ്തികളെ ഒരിക്കല്‍പ്പോലും വിമര്‍ശിക്കാത്ത തരത്തില്‍ മാത്രം പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് ഇങ്ങനെ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതില്‍ ഉള്ള സ്വാധീനത്തെയാണ് "എങ്ങനെ ധാര്‍മികതായുദ്ധത്തെ വില്‍ക്കാം" എന്ന ലേഖനത്തില്‍ നീവ് ഗോര്‍ഡന്‍ പരിശോധിക്കുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് കൈകാര്യം ചെയ്യപ്പെടുന്ന രീതിയില്‍ "ധാര്‍മികതായുദ്ധ"ത്തിന്റെ ചിട്ടപ്പെടുത്തിയ വിപണന രീതികളും പ്രചാരണ തന്ത്രങ്ങളുടെ ആവര്‍ത്തനവും കാണാനാവും. കൊലചെയ്യപ്പെട്ടു എന്നതും കൊല്ലപ്പെട്ടയാള്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശത്രുചേരിയിലായിരുന്നു എന്നതുമാണ് മുന്നിലുള്ള വസ്തുതകള്‍. അതിനപ്പുറമുള്ളത് സങ്കല്‍പ്പങ്ങളാണ്. ചന്ദ്രശേഖരനെ കൊല്ലാന്‍ സിപിഐ എമ്മിനുമാത്രമേ കഴിയൂ എന്നാണ് വിപണനം ചെയ്യപ്പെടുന്ന ഒരു യുക്തി. രണ്ടാമത്തേത്, ചന്ദ്രശേഖരന് മറ്റ് ശത്രുക്കളില്ലായിരുന്നു എന്നത്. അതിനര്‍ഥം കൊല്ലപ്പെട്ടയാള്‍ സിപിഐ എം അല്ലാത്ത എല്ലാവരുടെയും മിത്രമായിരുന്നു എന്നാണ്. സിപിഐ എമ്മുമായി കലഹിച്ച് പുറത്തുപോയത്, "വലതുപക്ഷ വല്‍ക്കരണ"ത്തിലെ രോഷം അടക്കാനാവാതെയാണെന്ന് യഥാര്‍ഥ ഇടതുപക്ഷമെന്ന് സ്വയം വിശേഷിപ്പിക്കുന്ന ചന്ദ്രശേഖരാനുകൂലികള്‍ ആവര്‍ത്തിക്കുന്നുണ്ട്. അത് മുഖവിലയ്ക്കെടുത്താല്‍, മുല്ലപ്പള്ളി രാമചന്ദ്രനും കെ സുധാകരനുമാണ് ഇടതുപക്ഷത്തിന്റെ ഊതിക്കാച്ചിയ പ്രതിനിധികള്‍ എന്നും വിശ്വസിക്കേണ്ടിവരും. ഇത്തരം വിരുദ്ധോക്തികള്‍ (പുതിയ മാര്‍ക്സിസ്റ്റ് മേധത്തിന് പൊടിതട്ടി ഉപയോഗിക്കപ്പെടുന്ന എഴുത്തുകാരനായ ജോര്‍ജ് ഓര്‍വെലിന്റെ പ്രയോഗമായ ഡബിള്‍തിങ്ക് അഥവാ ഇരുചിന്ത) സമര്‍ഥമായി വിറ്റുപോകുന്ന മാധ്യമ പരിസരമാണ് ചന്ദ്രശേഖരന്‍ വധത്തിനുശേഷം കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടത്.

""ഫ്യൂറര്‍ യഥാര്‍ഥത്തില്‍ ആവേശം കൊണ്ടു. കയ്യടിയുടെ കൊടുങ്കാറ്റുതന്നെയുണ്ടായി. ഞാന്‍ അവതരിപ്പിച്ച കാര്യം ശരിക്കും ആഴത്തില്‍ ഫലിക്കുന്നതായിരുന്നു""എന്നാണ് നാസി പാര്‍ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ താന്‍ നടത്തിയ പ്രസംഗത്തെക്കുറിച്ച് ജോസഫ് ഗീബല്‍സ് 1935 സെപ്തംബര്‍ 15ന്റെ ഡയറിത്താളില്‍ എഴുതിയത്. ആ പ്രസംഗം കമ്യൂണിസ്റ്റുകാര്‍ക്കെതിരെയുള്ളതായിരുന്നു. കമ്യണിസ്റ്റുകാരും സോഷ്യലിസ്റ്റുവിശ്വാസികളും ജൂതന്മാരും ഉന്‍മൂലനംചെയ്യപ്പെടേണ്ടവരാണ് എന്ന സിദ്ധാന്തവും വികാരവുമാണ് പ്രസംഗത്തിലും പ്രവൃത്തിയിലും ഗീബല്‍സ് പിന്തുടര്‍ന്നത്. ഹിറ്റ്ലറുടെ ആത്മഹത്യക്ക് ശേഷം ഒരുദിവസത്തേക്ക് ജര്‍മനിയുടെ ചാന്‍സലറാവുകയും ഒടുവില്‍ അഞ്ച് കുഞ്ഞുങ്ങളെ കൊന്ന് ഭാര്യയോടൊപ്പം ആത്മഹത്യചെയ്യേണ്ടിവരികയും ചെയ്ത ഗീബല്‍സില്‍നിന്ന് മാര്‍ക്സിസ്റ്റ് വിരോധ പ്രചാരണം എറെ സഞ്ചരിച്ചുകഴിഞ്ഞിരിക്കുന്നു. കയ്യടിയുടെ കൊടുങ്കാറ്റുകള്‍ സൃഷ്ടിക്കാനുള്ള മത്സരത്തില്‍, ആവര്‍ത്തനത്തിന്റെ മടുപ്പും ചെടിപ്പും കാര്യമാക്കാതെയുള്ള നൈരന്തര്യമാണുണ്ടാകുന്നത്. ഒരേ മുഖങ്ങള്‍, ഒരേ ശൈലിയില്‍, ഒരേ കാര്യം പറഞ്ഞുകൊണ്ടേയിരിക്കുക എന്നത് "വലിയ നുണ"യുടെ പ്രയോഗ രീതിയാണ്. പാര്‍ടിഗ്രാമവും പാര്‍ടികോടതിയും സെല്‍ഭരണവും മതിമറന്നാഘോഷിക്കാനുള്ള പ്രയോഗങ്ങളായി വലതുപക്ഷം ഏറ്റെടുത്തത് ഇന്നോ ഇന്നലെയോ അല്ല. ടി പി ചന്ദ്രശേഖരന്റെ പോസ്റ്റുമോര്‍ട്ടം മുറിയില്‍ നേരിട്ടു കയറിച്ചെന്ന ആഭ്യന്തരമന്ത്രിയും അന്വേഷണ ഉദ്യോഗസ്ഥരോട് രഹസ്യ ചര്‍ച്ച നടത്തിയ മുഖ്യഭരണകക്ഷി അധ്യക്ഷനും "സെല്‍ഭരണ"ത്തിന് പുറത്തുനില്‍ക്കുകയാണ്.

പൊലീസ് അന്വേഷണം തുടരുന്ന കേസില്‍, പ്രതിസ്ഥാനത്ത് ആര് വരണമെന്ന ഭരണാധികാരികളുടെ നിര്‍ദേശങ്ങള്‍ ശിരസാവഹിക്കാന്‍ അന്വേഷകര്‍ തയാറായേ മതിയാകൂ. സര്‍ക്കാരിന്റെ ഭൂരിപക്ഷത്തെക്കുറിച്ചുള്ള ആശങ്കകള്‍ നീങ്ങിക്കിട്ടാന്‍ എംഎല്‍എമാരെ വിലയ്ക്കെടുക്കുക എന്നതുമാത്രമല്ല വഴി എന്ന് തിരിച്ചറിയുന്നവര്‍ക്ക് ഈ വഴിയിലും പരിധിയില്ലാതെ സഞ്ചരിക്കാനാവും. ചന്ദ്രശേഖരന്‍ ഒഞ്ചിയത്തിനു സമീപത്തെ ഏറാമല പഞ്ചായത്തുകാരനാണ്. കോണ്‍ഗ്രസ് കുടുംബത്തില്‍നിന്ന് ബാലസംഘത്തില്‍ എത്തി സിപിഐ എം ഏരിയാ കമ്മിറ്റി അംഗമായി ഉയര്‍ന്നയാളാണ്. അദ്ദേഹം എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും ജില്ലാ നേതാവായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഐ എമ്മുമായി ഏതെങ്കിലും നയപരമായ ഭിന്നത ഉയര്‍ത്തിപ്പിടിച്ചല്ല പുറത്തുപോയത്. ഒരു പഞ്ചായത്ത് പ്രസിഡന്റ്സ്ഥാനം ഘടകകക്ഷിയായ ജനതാദളിന് മുന്നണിധാരണയനുസരിച്ച് നല്‍കാന്‍ വിസമ്മതിച്ചുകൊണ്ടാണ് ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ പാര്‍ടിക്കെതിരെ കലഹമുണ്ടാക്കിയതും വേറിട്ട പാര്‍ടിയുണ്ടാക്കിയതും. ആര്‍ക്കെതിരെയാണോ വികാരാധീനരായി ബഹളമുണ്ടാക്കിയത്, അതേ ജനതാദളിനോട് പിന്നീട് ചന്ദ്രശേഖരനും കൂട്ടരും കൈകോര്‍ത്തു. പാര്‍ടിയുടെ സംഘടനാതത്വങ്ങളെ പരസ്യമായി വെല്ലുവിളിച്ചതും സംഘടനയ്ക്കതീതമാണ് തങ്ങളുടെ വാശി എന്നു ഘോഷിച്ചതും ഒരു നയത്തിന്റെയും അടിസ്ഥാനത്തിലല്ല, കേവലം ഒരു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈവിടാതിരിക്കാനായിരുന്നു എന്നര്‍ഥം. ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ ഐക്യം ഉറപ്പിക്കാന്‍ ഉറച്ച നിലപാട് സ്വീകരിച്ചതിനെ സിപിഐമ്മിന്റെ വലതുപക്ഷവല്‍ക്കരണമാണെന്ന് സമര്‍ഥിക്കാന്‍ ന്യായങ്ങളൊന്നുമില്ലതന്നെ.
തുടക്കത്തില്‍ പ്രാദേശികമായി കുറെയാളുകളെ ഒപ്പം നിര്‍ത്താനായെങ്കിലും അവരെ തുടര്‍ന്നും പിടിച്ചു നിര്‍ത്താന്‍ നയപരമായ ഭിന്നത ചൂണ്ടിക്കാണിക്കാനാവാതിരുന്നത് ഒഞ്ചിയത്തെ "വിപ്ലവ" പാര്‍ടി നേരിട്ട പ്രധാന ദൗര്‍ബല്യമാണ്. അതിന്റെ ഫലമായി, അനുയായികള്‍ സിപിഐ എമ്മിലേക്ക് തിരിച്ചു പോകുന്നത് ചന്ദ്രശേഖരന്‍ തിരിച്ചറിഞ്ഞിരുന്നു. അത്തരമൊരവസ്ഥയിലാണ്, ആ തിരിച്ചുപോക്കില്‍ താനും പങ്കാളിയാകാമെന്ന ധാരണയിലെത്തിയത്. സ്ഥാപിത താല്‍പര്യമുള്ള "അദൃശ്യശക്തി" അത് അട്ടിമറിച്ചെങ്കിലും ചന്ദ്രശേഖരനെ ഇല്ലാതാക്കിയാല്‍ അവസാനിക്കുന്ന പ്രശ്നങ്ങളൊന്നും അവിടെ സിപിഐ എമ്മിനുണ്ടായിരുന്നില്ല. കൊലപാതകത്തിന്റെ നേട്ടം കൊയ്യുന്നത്, മോഹന്‍ലാലിന്റെ ഭാഷയില്‍ കണ്ണീര് വില്‍ക്കാന്‍ ശ്രമിക്കുന്നത് ആരാണ്? വലിയ ഒരുനിരയെയാണ് കാണാന്‍ കഴിയുന്നത്. ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രി മുതല്‍ കാലഹരണപ്പെട്ട് കാഴ്ചയില്‍നിന്ന് മറഞ്ഞിരുന്ന മുന്‍മാര്‍ക്സിസ്റ്റുകാര്‍ വരെ അക്കൂട്ടത്തിലുണ്ട്.

മെയ് നാലിന് രാത്രി ആരംഭിച്ച തുടര്‍ച്ചയായ ചാനല്‍ഷോയ്ക്ക് ചെറിയ ഇടവേള ലഭിച്ചത് മെയ് ഇരുപത്തിമൂന്നിന് പെട്രോള്‍ വിലയില്‍ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധന വരുത്തിയപ്പോള്‍ മാത്രമാണ്. പതിനെട്ട് ദിവസം തുടര്‍ച്ചയായി മലയാളത്തിലെ പ്രമുഖ വലതുപക്ഷ പത്രങ്ങളുടെ ലീഡ് വാര്‍ത്തകള്‍ ചന്ദ്രശേഖരനെക്കുറിച്ചുള്ളതായിരുന്നു; വാര്‍ത്താ ചാനലുകളിലെ ചര്‍ച്ചാവിഷയം ഒഞ്ചിയത്തെ കൊലപാതകമായിരുന്നു. പെട്രോള്‍ വിലക്കയറ്റത്തിെന്‍റ രൂക്ഷത ജനങ്ങളെ ശ്വാസംമുട്ടിക്കുന്ന വാര്‍ത്തയെപ്പോലും അപ്രധാനമാക്കി പിറ്റേന്ന്(മെയ് 24ന്)പ്രമുഖ പത്രങ്ങള്‍ ഇറങ്ങിയതും ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒരാള്‍ പിടിക്കപ്പെട്ടു എന്നതിന്റെ സചിത്ര കഥനത്തിന്റെ ആഘോഷവുമായാണ്. രാജീവ് ഗാന്ധി വധത്തിന്റെ വാര്‍ത്തകളും ചിത്രങ്ങളും നല്‍കിയതിന്റെ ഇരട്ടിയോളം സ്ഥലമാണ് മലയാള പത്രങ്ങളില്‍ ചന്ദ്രശേഖരനായി ഉപയോഗിക്കപ്പെട്ടത്. പ്രാധാന്യത്തിന്റെ തോതും സമാനം തന്നെ. നിശ്ചയമായും ചന്ദ്രശേഖരനെക്കാള്‍ ഉയര്‍ന്ന പദവിയിലിരിക്കവെ രാഷ്ട്രീയ നേതാക്കള്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടിട്ടുണ്ട്; വധശ്രമത്തിനിരയായിട്ടുണ്ട്. അതിനോടൊന്നും കാണിക്കാത്ത ആവേശം ഇന്ന് കാണിക്കുന്നത്, ചന്ദ്രശേഖരനെ കൊന്നത് സിപിഐ എം ആണ് എന്ന് സ്ഥാപിക്കാനുള്ള എളുപ്പംകൊണ്ടുമാത്രമല്ല, അങ്ങനെ സ്ഥാപിച്ചാല്‍ ലഭ്യമാകുമെന്ന് കരുതുന്ന രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ടുമാണ്.

അന്വേഷണത്തിന്റെ സൂക്ഷ്മാംശങ്ങളിലേക്ക് പോകാതെ തന്നെ വ്യക്തമാകുന്നത്, അതിന്റെ കരുതിക്കൂട്ടിയുള്ള രാഷ്ട്രീയ ലക്ഷ്യമാണ്. അതാകട്ടെ, സിപിഐ എമ്മിനെ തളര്‍ത്താന്‍ രാഷ്ട്രീയ എതിരാളികള്‍ നിരന്തരം ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ക്ക് ഒപ്പിച്ചുള്ളതുമാണ്. ഭരണരാഷ്ട്രീയ നേതൃത്വം രാഷ്ട്രീയമായി ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് അനുപൂരകമായ "സിപിഐ എം ബന്ധങ്ങള്‍" സൃഷ്ടിക്കാനും "തെളിവു"കള്‍ ഉണ്ടാക്കാനും പൊലീസ്-മാധ്യമ നെക്സസ് ജാഗ്രതയോടെ രംഗത്തുവന്നിരിക്കുന്നു. സിപിഐ എം പൊതുയോഗം വിളിച്ചുകൂട്ടി പ്രഖ്യാപിച്ച് ഒരു കൊലപാതകം നടത്തിയാല്‍പോലും ഇത്രയേറെ പാര്‍ടി നേതാക്കളെ കേസുമായി ബന്ധപ്പടുത്താന്‍ കഴിയില്ല-ഇവിടെ, ആര്‍എംപിയുടെ പുത്തന്‍ നേതൃത്വത്തിന് വിരോധമുള്ളവര്‍, കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ഇഷ്ടമില്ലാത്തവര്‍, കണ്ണൂര്‍ ജില്ലയിലെ പാര്‍ടിയുമായി ബന്ധപ്പെടുത്താനുള്ള കണ്ണികള്‍-ഇങ്ങനെ ലക്ഷ്യം നിശ്ചയിച്ച് കേസില്‍ ആളെക്കൂട്ടുകയാണ്. ഒരു ലോക്കല്‍ കമ്മിറ്റിയംഗത്തെ ആദ്യം നിശ്ചയിച്ചാല്‍, മേല്‍കമ്മിറ്റികളിലുള്ളവരെ ചൂണ്ടിക്കാട്ടാനുള്ള അനായാസത പൊലീസ് കാണുന്നുണ്ട്. സാധാരണ നിലയില്‍ അവര്‍ തമ്മില്‍ കണ്ടിട്ടുണ്ടാകും; സംസാരിച്ചിട്ടുണ്ടാകും. ഒരു ഫോണ്‍കോള്‍ ഇന്നസമയത്ത് ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാല്‍പോലും അതാണ് നിര്‍ണായക തെളിവ് എന്നാര്‍ത്തുവിളിക്കാനുള്ള സാഹചര്യം മാധ്യമങ്ങള്‍ ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്.

കേരളത്തില്‍ അടുത്തകാലത്ത് സംഭവിച്ച ചില കാര്യങ്ങളുമായി ഇതിനെ കൂട്ടിവായിക്കേണ്ടതുണ്ട്. ഇക്കഴിഞ്ഞ പാര്‍ലമെന്റ്തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് തൊട്ടുമുമ്പ് കണ്ണൂരില്‍ ഒരു ക്വട്ടേഷന്‍ സംഘത്തെ പിടികൂടിയിരുന്നു. ചാലക്കുടിയില്‍നിന്നുള്ള കുപ്രസിദ്ധ ക്രിമിനലുകളുടെ ഇരുപത്തിയൊന്നംഗ സംഘമാണ് കണ്ണൂരിലെത്തിയത്. മൂന്ന് വാഹനത്തില്‍ 21 പേരടങ്ങുന്ന ക്വട്ടേഷന്‍ സംഘം കണ്ണൂരിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് പൊലീസിന് രഹസ്യവിവരം കിട്ടിയതിനെതുടര്‍ന്നാണ് വാഹന പരിശോധന നടത്തിയത്. വിവരം കിട്ടിയതുപ്രകാരമുള്ള വാഹനം കണ്ണൂര്‍ ഡിസിസി ഓഫീസ് പരിസരത്ത് കണ്ടെത്തി. കെഎല്‍ 17- 2410 ക്വാളിസ് വാനും അതിലുണ്ടായിരുന്ന മൂന്നുപേരെയുമാണ് കസ്റ്റഡിയിലെടുത്തത്. ഒരു പ്രമുഖ നേതാവിനെ വധിച്ച്, അത് സിപിഐ എമ്മിനുമേല്‍ ചാരി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നു ലക്ഷ്യം. (പിറ്റേന്ന് കെ സുധാകരന്‍ പത്രസമ്മേളനം നടത്തി പറഞ്ഞത് തെരഞ്ഞെടുപ്പിനിടെ എ പി അബ്ദുള്ളക്കുട്ടി എംപിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് എന്നാണ്. ഉന്നത രാഷ്ട്രീയനേതാവിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പത്രങ്ങളില്‍ വന്ന വാര്‍ത്തയ്ക്ക് മറുപടിയായാണ് ഇക്കാര്യം വിശദീകരിച്ചത്. പ്രമുഖന്‍ എന്നുമാത്രമേ പത്രങ്ങള്‍ പറഞ്ഞിരുന്നുള്ളൂ. എന്നാല്‍, അത് അബ്ദുള്ളക്കുട്ടിയാണെന്ന് സുധാകരന്‍ തന്നെ വിളിച്ചു പറഞ്ഞു). എറണാകുളം പറവൂര്‍ മൂത്തകുന്നത്തെ കളത്തില്‍വീട്ടില്‍ കെ ജെ തോമസ്(24), ചാലക്കുടി കുറ്റിച്ചിറയിലെ സി ഡി ടെന്‍സന്‍(26), കണ്ണൂര്‍ ജില്ലാ ബാങ്ക് ജീവനക്കാരന്‍ വലിയന്നൂര്‍ സ്വദേശി പ്രജിത്ത് എന്നിവരെ കണ്ണൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ്സംഘമാണ് പിടികൂടിയത്. പൊലീസ് പിടികൂടിയ "യുഡിഎഫ് പ്രവര്‍ത്തകരെ" വിട്ടയക്കണമെന്നാവശ്യപ്പെട്ട് അന്ന് കെ സുധാകരന്‍ കുറെയാളുകളുമായി സ്റ്റേഷനിലെത്തി. പിടികൂടിയവരെ കോടതിയില്‍ ഹാജരാക്കി ജാമ്യം ലഭിക്കുന്നതുവരെ എംഎല്‍എയും സംഘവും സ്റ്റേഷനു മുമ്പില്‍ തമ്പടിച്ചു. യുഡിഎഫിന്റെ സംസ്ഥാന നേതൃത്വം ആസൂത്രണം ചെയ്ത പ്രകാരമാണ് ചാലക്കുടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘം ജില്ലയിലെത്തിയതെന്ന് സുധാകരന്റെ സമരത്തോടെ വ്യക്തമായി.

ഒപ്പം മറ്റൊന്നുകൂടി അന്ന് നടന്നു. കോട്ടയത്ത്, പുതുപ്പള്ളിയില്‍ വോട്ടുചെയ്ത ശേഷം അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ഹെലികോപ്ടറില്‍ കണ്ണൂരിലേക്ക് കുതിച്ചു. പൊലീസിനെപ്പോലും അറിയിക്കാതെയായിരുന്നു ആ യാത്ര. കണ്ണൂരില്‍ കൊലപാതകം നടത്തിയശേഷം സംസ്ഥാനത്താകെ കലാപം വിതയ്ക്കാനുള്ള ക്രിമിനല്‍ ഗൂഢാലോചനയില്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ നേരിട്ടുള്ള പങ്കാളിത്തം ആ പറന്നിറങ്ങലില്‍ തെളിഞ്ഞു. പേരാവൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് ഏജന്റുമാരെ മര്‍ദിച്ചതറിഞ്ഞ് ഉമ്മന്‍ചാണ്ടി ആകാശമാര്‍ഗം എത്തിയെന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ സണ്ണി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടത്. പേരാവൂരില്‍ എവിടെയും അങ്ങനെയൊരു മര്‍ദനം നടന്നിട്ടില്ല. തെരഞ്ഞെടുപ്പ് കമീഷനു മുമ്പില്‍ പരാതിയുമുണ്ടായിരുന്നില്ല.

പിടിയിലായ ക്വട്ടേഷന്‍ സംഘം തന്റെ ബിസിനസ് സുഹൃത്തുക്കളാണെന്ന് സുധാകരന്‍ വാദിച്ചുനോക്കി. അവരുമായുള്ള ബിസിനസ് എന്തെന്ന് പറയാനായില്ല. കൊലയാളികള്‍ പിടിക്കപ്പെടുമെന്ന് ഓര്‍ക്കാതെയാണ് ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച പറന്നിറങ്ങിയത്. അന്ന്, ഉച്ചയ്ക്കുമുമ്പ് വോട്ട് രേഖപ്പെടുത്തണമെന്ന് യുഡിഎഫ് അണികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഉച്ചയോടെ ഗൂഢാലോചന നടപ്പാകുമെന്നും തുടര്‍ന്ന് സംസ്ഥാനത്താകെ കലാപം അഴിച്ചുവിടാമെന്നുമുള്ള പദ്ധതിയാണ് പൊളിഞ്ഞത്. സംസ്ഥാനം കത്തിക്കാന്‍ ലക്ഷ്യമിട്ട അത്തരമൊരു ക്രിമിനല്‍ ഗൂഢാലോചനയുടെ അനുഭവം ഇന്നത്തെ ഒഞ്ചിയം സംഭവങ്ങളോട് ചേര്‍ത്തുവയ്ക്കുമ്പോള്‍, ഭയാനകമായ ചിത്രമാണ് തെളിയുക.

മാര്‍ക്സിസ്റ്റുകാര്‍ ബലപ്രയോഗത്തെ തിരസ്കരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നില്ല. എന്നാല്‍ ബലപ്രയോഗം അനവസരത്തില്‍ അനാവശ്യമായി നടത്തേണ്ട ഒന്നായി അവര്‍ കാണുന്നില്ല. സാമൂഹ്യമര്‍ദനത്തിനെതിരായ വിപ്ലവകരമായ ബഹുജനപ്രസ്ഥാനത്തിന്റെ അഭേദ്യഭാഗവും ചൂഷകവര്‍ഗത്തിന്റെ അക്രമത്തിനെതിരായ ദോഷവുമാണ് കമ്യൂണിസ്റ്റുകാര്‍ക്ക് ബലപ്രയോഗം. അതുകൊണ്ടുതന്നെ ഒരു ചെറു വിഘടിത ഗ്രൂപ്പിന്റെ നേതാവിനെതിരെ പ്രയോഗിക്കേണ്ടതല്ല അത്. കമ്യൂണിസ്റ്റുകാര്‍ അഹിംസാ സിദ്ധാന്തികളാണ് എന്ന് പറഞ്ഞു നടക്കുന്നവരല്ല. അഹിംസയെക്കുറിച്ച് ഏറ്റവും കൂടുതല്‍ പറഞ്ഞിട്ടുള്ള ഗാന്ധിജിയും അങ്ങനെതന്നെയായിരുന്നു. നിത്യവും പുള്ളിപ്പുലി കടന്നുചെല്ലുന്ന ഗ്രാമത്തില്‍ നിന്ന് ഒളിച്ചോടുന്നയാള്‍ ഭീരുവും പുലിയെ കൊല്ലുന്നയാള്‍ ധീരനുമാണെന്നാണ് ഗാന്ധിജിയുടെ അഭിപ്രായം. ""ഒരു കൃഷിക്കാരനായി കാട്ടില്‍ താമസിക്കുകയാണെങ്കില്‍ എനിക്ക് ഏറ്റവും പരിമിതമായെങ്കിലും അക്രമം പ്രയോഗിക്കുക ഒഴിവാക്കാനാവാതെവരും. വിളകളെ തിന്നുനശിപ്പിക്കുന്ന കുരങ്ങുകളെയും പക്ഷികളെയും കീടങ്ങളെയും എനിക്ക് കൊല്ലേണ്ടതായി വരും.....ക്ഷാമമുള്ള കാലത്ത് അഹിംസയുടെ പേരില്‍ വിളകള്‍ തിന്നുനശിപ്പിക്കാന്‍ അനുവദിക്കുന്നത് പാപമാണ്. തിന്മയും നന്മയും ആപേക്ഷികമാണ്. ഒരു സാഹചര്യത്തിലെ നന്മ വ്യത്യസ്തമായ മറ്റൊരു സാഹചര്യത്തില്‍ പാപമായിരിക്കും."" (ഹരിജന്‍, 29 മെയ് 1946)

തല്ലാനും കൊല്ലാനും വരുമ്പോള്‍ കൈകെട്ടി നിന്ന പാരമ്പര്യം സിപിഐ എമ്മിനുമില്ല. ഏതെങ്കിലും ഒരു കൊലപാതകക്കുറ്റം ചാര്‍ത്തിക്കിട്ടിയാല്‍ തകര്‍ന്നു തരിപ്പണമായിപ്പോകുന്ന പാര്‍ടിയാണ് സിപിഐ എം എന്നതിന് അനുഭവ സാക്ഷ്യമില്ല. ചന്ദശേഖരനെ കൊന്നത് ഞങ്ങളല്ല എന്ന് സിപിഐ എം പറയുമ്പോള്‍ വരുന്ന വിശ്വാസ്യത ആ ചരിത്രയാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്നതാണ്. ചന്ദ്രശേഖരന്‍ വധം സിപിഐ എമ്മിനുമേല്‍ കെട്ടിവെക്കേണ്ടത്, പാര്‍ടിയെ എതിര്‍ക്കുന്ന എല്ലാവരുടെയും ആവശ്യമാണ്. അതുകൊണ്ടുതന്നെ, വധം സംഭവിച്ചയുടനെ ഉത്തരവാദി സിപിഐ എം ആണെന്ന തീര്‍പ്പ് പലകണ്ഠങ്ങളില്‍ നിന്ന് ഒന്നിച്ചുയര്‍ന്നതില്‍ അത്ഭുതപ്പെടാനില്ല. എന്നാല്‍, സിപിഐ എമ്മിന് അതുകൊണ്ടെന്ത് ലാഭം എന്ന യുക്തിപൂര്‍ണമായ ചോദ്യം ആരും ഉയര്‍ത്തിയില്ല. ഒന്നാമത്, ചന്ദ്രശേഖരന്‍ സിപിഐ എമ്മിലേക്ക് തിരിച്ചെത്താനുള്ള സന്നദ്ധത അറിയിച്ചിരുന്നയാളാണ്. ആ വെളിപ്പെടുത്തലിന് ചന്ദ്രശേഖരന്റെ പാര്‍ടിയില്‍നിന്ന് നിഷേധം ഉണ്ടായിട്ടില്ല. പെട്ടെന്ന് ഏതോ അജ്ഞാത ശക്തിയുടെ സമ്മര്‍ദത്തിനുവഴങ്ങിയാണ് അതില്‍നിന്ന് പിന്‍മാറിയത്. അങ്ങനെ പിന്‍മാറിയെങ്കിലും നേരത്തെ നിലനിന്ന ശത്രുത സിപിഐ എമ്മും ചന്ദ്രശേഖരനും തമ്മില്‍ തുടര്‍ന്നിരുന്നില്ല. ഏതാണ് ആ അജ്ഞാത ശക്തി? ഉത്തരം പറയാന്‍ കഴിയുന്ന ആള്‍ ചന്ദ്രശേഖരന്റെ പിന്‍ഗാമിയായി നേതൃസ്ഥാനത്ത് വന്ന വേണുവാണ്. സിപിഐ എമ്മും ചന്ദ്രശേഖരനും തമ്മില്‍ അകന്നുകഴിയണം എന്ന് കഠിനമായി ആഗ്രഹിച്ച ആ അജ്ഞാതശക്തിക്ക്, ചന്ദ്രശേഖരന്‍ നിഷ്ഠുരമായി കൊല്ലപ്പെട്ടാല്‍ ഉണ്ടാകുന്ന അന്തരീക്ഷത്തിന്റെ ആനുകൂല്യവും ആഗ്രഹിക്കാവുന്നതാണ്. അതില്‍ യുക്തിയുണ്ട്. സിപിഐ എമ്മിലേക്ക് കൊണ്ടുപോയി ഉറപ്പിക്കാന്‍ ശ്രമിക്കുന്ന അന്വേഷണം ആ വഴിയിലേക്ക് തിരിഞ്ഞു നോക്കിയില്ല.

ഇടതുപക്ഷം എന്ന് സ്വയംവിശേഷിപ്പിക്കുന്ന വ്യക്തികളും കേന്ദ്രങ്ങളും യുഡിഎഫിന്റെ രാഷ്ട്രീയ ആക്രമണത്തിന് ആയുധങ്ങളായി രംഗത്തുണ്ട്. ഇടതുപക്ഷ വേഷത്തില്‍, ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതും ചരിത്രത്തിലെ ആദ്യ അനുഭവമല്ല. 1974ല്‍ കണ്ടെടുത്ത "നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തനം" എന്ന പേരിലുള്ള "അജിന്റര്‍ പ്രസ്" (ഒളിവേറ സലാസറുടെ ഏകാധിപത്യ ഭരണകാലത്ത്, 1966 സെപ്തംബറില്‍ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ രൂപീകരിച്ച രഹസ്യ വാര്‍ത്താഏജന്‍സിയാണ് അജിന്റര്‍ പ്രസ്. അള്‍ജീരിയന്‍ യുദ്ധകാലത്ത്(1954-62) "ഫ്രഞ്ച് അള്‍ജീരിയയ്ക്ക്" വേണ്ടി നിലകൊണ്ട മാഡ്രിഡിലെ തീവ്രവലതുപക്ഷ ഭീകരസംഘടന ഒഎഎസിന്റെ സ്ഥാപകരില്‍ ഒരാളായ ക്യാപ്റ്റന്‍ വെസ് ഗ്യൂറിന്‍ സെറാക്കാണ് ഇതിന് നേതൃത്വം നല്‍കിയത്. യഥാര്‍ഥത്തില്‍ ലോകമെങ്ങും ശാഖകളുള്ള കമ്യൂണിസ്റ്റ്വിരുദ്ധ സായുധസംഘടനയാണ് അജിന്റര്‍ പ്രസ്. ബോംബാക്രമണങ്ങള്‍, നിശബ്ദ കൊലപാതകങ്ങള്‍, അട്ടിമറി പ്രവര്‍ത്തനങ്ങള്‍, നിഗൂഢമായ വാര്‍ത്താവിനിമയം, നുഴഞ്ഞുകയറ്റം തുടങ്ങിയ ഭീകരപ്രവര്‍ത്തനസമാനമായ രഹസ്യനടപടികള്‍ക്ക് ഈ സംഘടന അതിലെ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നു) രേഖ അത്തരം ഗൂഢമായ പ്രവര്‍ത്തനങ്ങളുടെ ഉപയോഗവും സംഘര്‍ഷതന്ത്രങ്ങളിലെ പങ്കാളിത്തവും വിശദീകരിക്കുന്നുണ്ട്.

""ഭരണകൂടത്തിന്റെ എല്ലാ ഘടനകളിലും ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഉതകുന്ന സാഹചര്യം ഒരുക്കുകയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടമെന്ന് നാം കരുതുന്നു... കമ്യൂണിസ്റ്റ് ചൈന അനുകൂല പ്രവര്‍ത്തനങ്ങളുടെ മറവില്‍ ജനാധിപത്യ ഭരണഘടന തകര്‍ക്കുകയെന്നതാണ് ആദ്യമായി നടത്തേണ്ട നീക്കമെന്ന് നാം കരുതുന്നു. മാത്രമല്ല, ഇത്തരം സംഘടനകളില്‍ നമ്മുടെ ആളുകള്‍ നുഴഞ്ഞുകയറിയിട്ടുണ്ട്, നമ്മുടെ ആക്രമണങ്ങള്‍ ആശയപ്രചാരണത്തിന്റെ അകമ്പടിയില്‍ നടത്തണം. ഇത്തരം ആക്രമണങ്ങള്‍ നമ്മുടെ കമ്യൂണിസ്റ്റ് എതിരാളികളുടെ ഭാഗത്തുനിന്നാണ് ഉണ്ടാകുന്നതെന്ന പ്രതീതി സൃഷ്ടിക്കുകയും വേണം. അങ്ങനെ, ഓരോ രാജ്യത്തും ജനങ്ങളുടെ സമാധാനജീവിതത്തിന് ഭീഷണിയാകുന്ന കമ്യൂണിസ്റ്റുകാര്‍ക്കെതിരെ വെറുപ്പിന്റേതായ അന്തരീക്ഷം രൂപംകൊള്ളുകയും ചെയ്യും."" ഇങ്ങനെ വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കാനുള്ളതും, ആത്യന്തികമായി അത് ഇടതുപക്ഷതെ തുടച്ചുനീക്കാനുള്ള ആയുധമായി ഉപയോഗിക്കാനുമുള്ളതുമായ ആസൂത്രണത്തിലെ കൃത്യത ചന്ദ്രശേഖരന്‍ വധത്തെ കൈകാര്യം ചെയ്യുന്നതില്‍ വലതുപക്ഷവും ഇടതുപക്ഷ മുഖംമൂടിയിട്ട വലതുപക്ഷ എജന്റുമാരും മാധ്യമങ്ങളും കാണിക്കുന്നുണ്ട്. പയ്യപ്പിള്ളി ബാലന്‍ ഒരു അനുഭവം അനുസ്മരിക്കുന്നുണ്ട്. ""വിമോചന സമരകാലത്ത് മഞ്ഞുമ്മല്‍ നടന്ന കമ്യൂണിസ്റ്റ് വിരുദ്ധ പൊതുയോഗത്തില്‍ &ൃറൂൗീ;ഒരു പ്രസംഗകന്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ കൈയിലെടുത്ത് പകുത്ത് വായിക്കാന്‍ തുടങ്ങി. "ആകയാല്‍ കമ്യൂണിസ്റ്റുകാര്‍ക്ക് അമ്മ പെങ്ങള്‍ വ്യത്യാസമില്ല. എല്ലാ സ്ത്രീകളും പൊതുസ്വത്താണ്. ഏതൊരു സ്ത്രീയേയും ഏതൊരു പുരുഷനും പ്രാപിക്കാം." പ്രസംഗകന്‍ പുസ്തകത്തില്‍ നിന്നും നോട്ടം സദസ്സിലേക്ക് തിരിച്ചിട്ടു പറഞ്ഞു. ഞാന്‍ ചുമ്മാതെ വായ്ത്താരി പറയുകയല്ല. കമ്യൂണിസ്റ്റുകാര്‍ വേദപുസ്തകമായി കണക്കാക്കുന്ന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ അച്ചടിച്ചു വെച്ചിരിക്കുന്നതാണ്. പ്രസംഗകന്‍ പകുത്തു പിടിച്ച പുസ്തകവുമായി സദസ്സിലേക്കിറങ്ങിച്ചെന്നു. എട്ടുപത്തുപേരെ താന്‍ വായിച്ച വരികള്‍ വായിച്ചു നോക്കാന്‍ ആവശ്യപ്പെട്ടു. വായിച്ചവരെല്ലാം തലകുലുക്കി സമ്മതിച്ചു. ശുദ്ധമനസ്കര്‍ കമ്യൂണിസ്റ്റുകാര്‍ വെറുക്കപ്പെടേണ്ടവര്‍ തന്നെ ഉറച്ചു വിശ്വസിച്ചു. കമ്യൂണിസ്റ്റ് അനുഭാവികളായ ചിലര്‍ സദസ്സിലുണ്ടായിരുന്നു. അവര്‍ മാനിഫെസ്റ്റോ വായിച്ചിട്ടില്ല.

പല കമ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെയും ജീവിതം നേരിട്ടു മനസ്സിലാക്കിയിട്ടുള്ള അവര്‍ സംശയാലുക്കളായി. ""ഈ കൊലച്ചതി എങ്ങനെയാണെന്നോ സംഘടിപ്പിക്കുന്നത്. പാര്‍ടി തര്‍ജമ ചെയ്തിട്ടുള്ള അതേ പേജ് വലിപ്പത്തില്‍ അതേ വലിപ്പത്തിലുള്ള അച്ചുകള്‍ നിരത്തി തങ്ങള്‍ ആഗ്രഹിക്കുന്ന വളച്ചൊടിക്കല്‍ ചേര്‍ത്ത് ആവശ്യമുള്ള പേജുകള്‍ തയ്യാറാക്കുന്നു. യഥാര്‍ഥ മൂലകേന്ദ്രത്തിന്റെ ഉച്ചിക്കെട്ടഴിച്ച് വളച്ചൊടിക്കലുകള്‍ കുത്തിത്തിരുകി ഗ്രന്ഥം പൂര്‍വസ്ഥിതിയിലാക്കുന്നു. ഒറ്റനോട്ടത്തില്‍ ഈ തട്ടിപ്പ് ആരും മനസ്സിലാക്കുകയില്ല."" ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് നടക്കുന്ന മാധ്യമപ്രചാരണത്തിന്റെ സ്വഭാവം ഇതില്‍നിന്ന് തെല്ലും വേറിട്ടുനില്‍ക്കുന്നില്ല. കമ്യൂണിസ്റ്റ് വിരോധമെന്നത് കാപട്യപൂര്‍ണമാണ്. സാമ്രാജ്യത്വത്തിന്റെ പ്രത്യയശാസ്ത്ര ആയുധമാണത്. അതുകൊണ്ടുതന്നെ ക്രൂരവും നിര്‍ദയവുമാണ്. സ്വന്തം അഭിപ്രായങ്ങളെയും ലക്ഷ്യങ്ങളെയും മൂടിവെക്കുന്നത് കമ്യൂണിസ്റ്റുകാര്‍ക്ക് അറപ്പാണ് എന്ന് മാനിഫെസ്റ്റോ പറയുന്നു. ഒരു കൊലപാതകക്കേസില്‍ പ്രതിചേര്‍ക്കപ്പെടുന്നത് ഭയന്ന്, നുണ പറയുന്നതിലേക്കോ ഒളിച്ചോടുന്നതിലേക്കോ എത്തിച്ചേരുന്നതുമല്ല അത്.

യുവമോര്‍ച്ചാ നേതാവ് ജയകൃഷ്ണന്‍ വധിക്കപ്പെട്ട കേസില്‍ സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളുമായ ഒന്‍പത് പേരെ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ആ സഖാക്കളുടെ കുടുംബത്തെ സഹായിക്കാനും കേസ് നടത്തിപ്പിനുമായി സിപിഐ എം ഫണ്ട് ശേഖരണം നടത്തുകയുണ്ടായി. മറ്റേതൊരു ഫണ്ട് ശേഖരണത്തെയും നിഷ്പ്രഭമാക്കുന്ന രീതിയിലാണ് ജനങ്ങള്‍ അന്ന് സംഭാവന നല്‍കിയത്. തങ്ങള്‍ക്കുവേണ്ടിയാണ് ആ സഖാക്കള്‍ തടവറയില്‍ കിടക്കുന്നതെന്നും അവരാരും വെറുക്കപ്പെടേണ്ടവരല്ലെന്നുമുള്ള ഉത്തമബോധ്യമാണ് ജനങ്ങളെ നയിച്ചത്. എന്നാല്‍ സിപിഐ എമ്മിന്റെ രാഷ്ട്രീയ എതിരാളികളുടെ അനുഭവം മറിച്ചാണ്. പി ജയരാജന്‍ വധശ്രമം മുഴുമിപ്പിക്കാനായില്ല എന്ന പരിഭവം അക്കാലത്ത് ആര്‍എസ്എസിനുണ്ടായിരുന്നു. ആര്‍എസ്എസ് "കതിരൂര്‍ പൗരസമിതി" എന്ന പേരില്‍ ഒരു നോട്ടീസ് അച്ചടിച്ച് തലശ്ശേരി താലൂക്കിലാകെ വിതരണംചെയ്തു. "പി ജയരാജന്‍ ആര്? നിങ്ങള്‍ വിലയിരുത്തുക" എന്നാണ് തലക്കെട്ട്. ജയരാജനെ എന്തിനു കൊല്ലണം എന്നാണ് നോട്ടീസില്‍ വിശദീകരിക്കുന്നത്. വിദ്യാര്‍ഥി നേതാവ് കെ വി സുധീഷിനെ കൊലപ്പെടുത്തിയപ്പോഴും ഇത്തരത്തിലൊരു നോട്ടീസ് ഇറക്കി. കെ വി സുധീഷിനെ കൊന്നത് സിപിഐ എംകാരനാണെന്നും സുധീഷ് ഗൗരിയമ്മ ഗ്രൂപ്പായതുകൊണ്ടാണ് കൊല നടത്തിയതെന്നുമാണ് അച്ചടിച്ചതാരെന്ന് വ്യക്തമാക്കാത്ത ആ നോട്ടീസിലുണ്ടായത്. ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള പ്രസില്‍നിന്ന് അച്ചടിച്ച് ആര്‍എസ്എസുകാര്‍ തന്നെയാണ് നോട്ടീസ് കണ്ണൂര്‍ ജില്ലയില്‍ പലയിടത്തും എത്തിച്ചതെന്ന് പിന്നീട് അന്വേഷണത്തില്‍ വ്യക്തമായി. അത്തരത്തില്‍, അയഥാര്‍ഥ അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ഇടപെടലുകള്‍ ഇവിടെ ബോധപൂര്‍വം ഉണ്ടാകുന്നു. അത് ചെയ്യുന്നതാകട്ടെ, സിപിഐ എം പ്രതിസ്ഥാനത്തെത്തിയേ മതിയാവൂ എന്ന് നിര്‍ബന്ധമുള്ളവരുമാണ്.

അന്വേഷണ വിവരങ്ങള്‍ പൊലീസില്‍നിന്ന് പുറത്തുപോകില്ല എന്ന് ഡിജിപി ആവര്‍ത്തിക്കുമ്പോഴും പൊലീസ് മേധാവികളുടെ കമ്പ്യൂട്ടറില്‍നിന്നുള്ള രഹസ്യവിവരങ്ങള്‍ എന്നുപറഞ്ഞുപോലു"മ" മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന തുടര്‍വാര്‍ത്തകള്‍ മറ്റെന്തിനെയാണ് സുചിപ്പിക്കുന്നത്? സിപിഐ എമ്മിനോടുള്ള ഭ്രാന്തന്‍ വിദ്വേഷം സാമാന്യബോധത്തെ കീഴടക്കുന്നത് മാധ്യമ വലതുപക്ഷ സമീപനത്തില്‍ കാണാനാകും. വലതുപക്ഷ മാധ്യമ കൂട്ടായ്മയുടെ അസന്തുഷ്ടി സമ്പാദിക്കുകയോ താല്‍പര്യങ്ങള്‍ക്ക് അനുരോധമായി പ്രവര്‍ത്തിക്കാതിരിക്കുകയോ അതിന്റെ വിലങ്ങടിച്ചു നില്‍ക്കുകയോ ചെയ്യുന്ന ഏതൊന്നിനേയും തകര്‍ത്തു കളയാനുള്ള ധാര്‍ഷ്ട്യം അതിന് കൈവന്നിരിക്കുന്നു. അക്ഷരാര്‍ഥത്തില്‍ മനഃശാസ്ത്രപരമായ യുദ്ധമാണ് അത് ഏറ്റെടുത്തിരിക്കുന്നത്.

ഇടതുപക്ഷത്തെ ശിഥിലീകരിക്കുക ഇടതുപക്ഷത്തിന്റെ നായകസ്ഥാനത്തുള്ള സിപിഐ എമ്മിനെ അസ്ഥിരീകരിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. കമ്യൂണിസത്തിന്റെ വര്‍ഗശത്രുക്കള്‍ നടത്തുന്ന ഉഗ്രമായ ഈ ആക്രമണത്തിന് പിന്തിരിപ്പന്‍ ശക്തികളുടെയാകെ പിന്തുണയുണ്ട്. കമ്യൂണിസം എന്ന വാക്കിനെ നിഷേധിച്ച് അതിന്റെ ആശയത്തെ അഭിശപ്തമായി ചിത്രീകരിക്കുന്നതായിരുന്നു കമ്യൂണിസ്റ്റ് വിരുദ്ധരുടെ ആദ്യതന്ത്രം. കപടമായ ഇടതുപക്ഷ മുഖംമൂടി അണിഞ്ഞ് രംഗത്തുവരുന്നവരെ ശ്രദ്ധിക്കേണ്ടതാണ്. അവരുടെ അംഗസംഖ്യ ചിലപ്പോള്‍ പത്തോ നൂറോ ആയിരമോ ആയി ചുരുങ്ങും. മുണ്ടന്‍ പാര്‍ടികളെന്നാണ് അവരെ വിളിച്ചിരുന്നത്. എന്നാല്‍ ഇത്തരം സംഘങ്ങളുടെ പ്രത്യേകത അവര്‍ സ്വയം വിശേഷിപ്പിക്കുന്നത് തങ്ങളാണ് യഥാര്‍ഥ ഇടതുപക്ഷം എന്നാണ്. അവരുടെ പേരുകളിലും രേഖകളിലും മാര്‍ക്സിസ്റ്റ് പദാവലിയുടെ തള്ളിക്കയറ്റം തന്നെ കാണാം.

കമ്യൂണിസം, തൊഴിലാളിവര്‍ഗം, വിപ്ലവം എന്നിങ്ങനെയുള്ള വാക്കുകള്‍ അവര്‍ നിര്‍ലോഭം ഉപയോഗിക്കുന്നു. സ്വയം ഇടതന്‍മാരെന്നും കമ്യൂണിസ്റ്റുകാരെന്നും വിളിക്കുകയും മാര്‍ക്സിസ്റ്റ് പദാവലി എടുത്തു ചുഴറ്റുകയും സോഷ്യലിസമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന ഇത്തരം കപടവിപ്ലവകാരികളില്‍ ഭ്രമിച്ചു പോകുന്നവര്‍ ഏറെയുണ്ടാകും. രാഷ്ട്രീയ പരിജ്ഞാനവും അനുഭവവുമില്ലാത്ത അത്തരക്കാരാണ് കപടവിപ്ലവകാരികളെ തിരിച്ചറിയാതെ പലപ്പോഴും അവര്‍ക്ക് പിന്നാലെ പോകുന്നത്. വലതും ഇടതുമായ വ്യതിയാനക്കാര്‍ക്ക് മാര്‍ക്സിന്റെ നിര്‍ദേശവും പ്രചോദനവും ലഭിക്കുന്നത് കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തില്‍ നിന്നാണ്. അവിടെയാണ് പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍ പ്രവര്‍ത്തിച്ച അജിന്റര്‍ പ്രസിന്റെ മേല്‍ഉദ്ധരിച്ച ചരിത്രം പ്രസക്തമാകുന്നത്. ജര്‍മന്‍ തത്വശാസ്ത്രജ്ഞനായ ഫ്രെഡറിക് നീറ്റ്ഷേയുടെ ഓര്‍മ പ്രസക്തമാണ്. സമത്വത്തിന്റെയും നീതിയുടെയും ആദര്‍ശങ്ങളെ നീറ്റ്ഷേ തിരസ്കരിച്ചു. തെരഞ്ഞെടുക്കപ്പെട്ട ചെറിയൊരു വിഭാഗം ജനങ്ങള്‍ക്കുമേല്‍ ആധിപത്യം വഹിക്കുന്നത് സംബന്ധിച്ച ആശയമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. മറ്റുള്ളവരുമായുള്ള ഇടപാടില്‍ എന്ത് ക്രൂരമാര്‍ഗങ്ങള്‍ക്കും അവകാശമുള്ള അതിമാനുഷ പൂജയാണ് നീറ്റ്ഷേ ഉപദേശിച്ചത്. അത്തരമൊരതിമാനുഷ പൂജയുടെയും ആദര്‍ശങ്ങളുടെ തിരസ്കാരവും തെളിഞ്ഞു വരുന്നു എന്നതാണ് കേരളം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി.

വസ്തുനിഷ്ഠ സാഹചര്യങ്ങളെ അതിലംഘിച്ച് കപടവിപ്ലവ വാദത്തില്‍ വ്യാപൃതരാവുന്നവര്‍ക്കാണ് വലതുപക്ഷത്തിന്റെ പരിപൂര്‍ണ പിന്തുണ ലഭിക്കുന്നത്. ചഞ്ചലമനസ്കരും കുടുംബ കെട്ടുപാടുകള്‍ ഇല്ലാത്തവരും സാമൂഹ്യപദവിയെക്കുറിച്ച് ഭയപ്പാടില്ലാത്തവരുമായവരുടെ കൂട്ടായ്മകള്‍ സൃഷ്ടിക്കപ്പെടുന്നതും ഇടതുപക്ഷത്തിനെതിരായ പോര്‍മുഖങ്ങളില്‍ അത്തരക്കാരെ ചാവേറുകളാക്കുന്നത് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. ചന്ദ്രശേഖരന്‍ വധത്തിനും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനും മുകളിലുള്ള പ്രാധാന്യം ഇന്നത്തെ കേരള രാഷ്ട്രീയത്തിലെ ഈ പ്രവണതകള്‍ക്കുണ്ട്. അത് തിരിച്ചറിഞ്ഞ് പോരാടാനും അതിജീവിക്കാനുമുള്ള വലിയ ഉത്തരവാദിത്തമാണ് ഇടതുപക്ഷത്തിന് ഏറ്റെടുക്കാനുള്ളത്. ജനക്കൂട്ടത്തിന്റെ ഹീനവാസനകളെ ഇളക്കിവിടുന്ന നാസി പ്രസ്ഥാനത്തെ വിപ്ലവപ്രസ്ഥാനമെന്നാണ്; ബൂര്‍ഷ്വാസിക്ക് എതിരായ പ്രസ്ഥാനമെന്നാണ് ഹിറ്റ്ലറൈറ്റുകള്‍ വിശേഷിപ്പിച്ചത് എന്ന് ആവര്‍ത്തിച്ച് ഓര്‍മിക്കപ്പെടണം. ജനക്കൂട്ടത്തിന്റെ പ്രതികാരപരമായ മനഃസ്ഥിതികളോടും സാങ്കല്‍പികമായ ആവശ്യങ്ങളോടും സമര്‍ഥമായി പൊരുത്തപ്പെടുന്നു എന്ന് നടിച്ചാണ് നാസികള്‍ ജനപിന്തുണ ആര്‍ജിച്ചത് എന്നത് വലിയൊരു യാഥാര്‍ഥ്യമാണ്. ആ ചരിത്ത്രിന്റെ ആവര്‍ത്തനത്തിനുള്ള ഉല്‍ക്കടമായ മോഹം കേരളത്തില്‍ ഇന്ന് ഭയാനകരൂപം പ്രാപിച്ചിട്ടുള്ള മാര്‍ക്സിസ്റ്റ്മേധത്തിന്റെ ശക്തികളുടെ ഉള്ളില്‍ നിര്‍ഞ്ഞുനില്‍പ്പുണ്ട്.

*
പി എം മനോജ് ദേശാഭിമാനി വാരിക 03 ജൂണ്‍ 2012

Tuesday, May 29, 2012

മക്കാര്‍ത്തിയിസത്തിന്റെ നാളുകള്‍ പുനര്‍ജനിക്കുമ്പോള്‍

ടി പി ചന്ദ്രശേഖരന്റെ അത്യന്തം അപലപനീയമായ കൊലപാതകത്തെ മുന്‍നിര്‍ത്തി സിപിഐ എമ്മിനും ഇടതുപക്ഷ പ്രസ്ഥാനത്തിനുമെതിരെ ആസൂത്രിമായ കടന്നാക്രമണമാണ് വലതുപക്ഷ രാഷ്ട്രീയശക്തികളും മാധ്യമങ്ങളും ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. ചന്ദ്രശേഖരന്റെ പൈശാചികമായ കൊല നടന്ന നിമിഷം മുതല്‍ മുന്‍കൂട്ടി തയാറാക്കിയ ഒരു തിരക്കഥയനുസരിച്ചെന്നപോലെ സിപിഐ എമ്മിനെതിരെ പ്രചാരവേലകളാരംഭിക്കുകയായിരുന്നു. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമസേനന്‍ തന്നെയെന്ന ലളിതയുക്തിയാണ് മാധ്യമങ്ങളും യുഡിഎഫ് നേതാക്കളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. യഥാര്‍ഥ പ്രതികളെ കണ്ടെത്തുവാനുള്ള അന്വേഷണങ്ങളെയെല്ലാം വഴിതെറ്റിക്കുന്ന തരത്തില്‍, സിപിഐ എമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള നീചവും ക്ഷുദ്രസങ്കുചിത വികാരങ്ങളുണര്‍ത്തുന്നതുമായ മാധ്യമവേട്ടയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

അന്ധമായ കമ്യൂണിസ്റ്റ് വിരോധം തലക്കുപിടിച്ച ബുദ്ധിജീവികളും യുഡിഎഫ് നേതാക്കളും നിര്‍ഭാഗ്യകരമായ ഒരു കൊലപാതകത്തെ നിമിത്തമാക്കി കമ്യൂണിസ്റ്റുകാരെ ക്രിമിനലുകളും ക്വട്ടേഷന്‍ സംഘവുമായി ആക്ഷേപിച്ച് ജനങ്ങളില്‍ നിന്ദയും അവമതിപ്പും വളര്‍ത്തിയെടുക്കുവാനുള്ള മക്കാര്‍ത്തിയന്‍ രീതിയിലുള്ള പ്രചാരവേലയാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ചരിത്രബോധത്തെയാകെ അപഹസിച്ചുകൊണ്ട് സിപിഐ എമ്മിന്റേത് കൊലപാതക രാഷ്ട്രീയവും അതിന്റെ നേതാക്കളെല്ലാം ക്രിമിനലുകളുമാണെന്ന പ്രചാരണമാണ് നടക്കുന്നത്. ആടിനെ പട്ടിയാക്കി, പട്ടി പേപ്പട്ടിയാണെന്നു വരുത്തി തല്ലിക്കൊല്ലുന്ന പഴങ്കഥയിലെ മാംസഭോജികളുടെ തന്ത്രമാണ് ഇപ്പോള്‍ വലതുപക്ഷം പയറ്റിനോക്കുന്നത്. ഈ മക്കാര്‍ത്തിയന്‍ തന്ത്രത്തെ, ഗീബല്‍സിയന്‍ പ്രചാരണങ്ങളെ തുറന്നെതിര്‍ത്തുകൊണ്ടു മാത്രമേ കേരളം നേടിയെടുത്ത പുരോഗതിയുടെ ചാലകശക്തിയായി വര്‍ത്തിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സംരക്ഷിക്കാനാവൂ. ജാതി-ജന്മിത്ത ശക്തികളും കൊളോണിയല്‍ അടിമത്തവും സമ്മാനിച്ച ജീവിത നരകങ്ങളില്‍നിന്ന് സ്വാതന്ത്ര്യത്തിലേക്കും ആധുനിക മനുഷ്യസംസ്കൃതിയിലേക്കും മലയാളിയെ കൈപിടിച്ചുയര്‍ത്തിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. ജനങ്ങളുടെ സ്വാഭാവികവും മനുഷ്യോന്മുഖവുമായ പുരോഗതിക്ക് തടസ്സംനിന്ന ഭൗതികോല്പാദന ബന്ധങ്ങളെ പരിവര്‍ത്തനപ്പെടുത്തുന്ന ത്യാഗപൂര്‍ണമായ പോരാട്ടങ്ങളിലൂടെയാണ് ഇന്നത്തെ കേരളം രൂപപ്പെട്ടത്.

ആഗോളവല്‍ക്കരണ നയങ്ങള്‍ കഴിഞ്ഞകാല പോരാട്ടങ്ങളിലൂടെ ജനങ്ങള്‍ നേടിയെടുത്ത സമസ്ത നേട്ടങ്ങളെയും ഇല്ലാതാക്കുകയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സാമന്ത പ്രദേശമാക്കി രാജ്യത്തെ അധഃപതിപ്പിക്കുകയുമാണ്. ഈ നവ കൊളോണിയല്‍വല്‍ക്കരണ നയങ്ങള്‍ക്കെതിരെ അനുരഞ്ജന രഹിതമായ നിലപാട് സ്വീകരിച്ചിട്ടുള്ള പാര്‍ടിയാണ് സിപിഐ എം. ഇതുകൊണ്ടുതന്നെയാണ് സിപിഐ എമ്മിനെ റുപര്‍ട്ട് മര്‍ഡോക്ക് മുതല്‍ വീരേന്ദ്രകുമാര്‍ വരെയുള്ള മാധ്യമ രാക്ഷസന്മാര്‍ ടാര്‍ജറ്റ് ചെയ്യുന്നത്; പത്രമുത്തശ്ശിമാര്‍ നുണക്കഥകള്‍ മെനയുന്നത്. അമേരിക്കന്‍ സ്വതന്ത്ര സമൂഹത്തിന്റെ പ്രചാരകന്മാരായ എംജിഎസ് നാരായണനെപ്പോലുള്ളവര്‍ മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിനും സിപിഐ എമ്മിനുമെതിരെ ഭ്രാന്തമായ ജല്‍പ്പനങ്ങളുമായി പതിവുപോലെ രംഗത്തിറങ്ങിയിരിക്കുകയാണ്. വാര്‍ത്തകളും വാര്‍ത്താകഥകളും ബ്രേക്കിങ് ന്യൂസുകളുമെല്ലാമായി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരായ ഒരു പ്രചാരണോത്സവമാക്കി മാറ്റിയിരിക്കുകയാണ് ചന്ദ്രശേഖരന്‍ വധം. ക്രൂരമായ കമ്യൂണിസ്റ്റ് വിരോധത്തിന്റേതായ മക്കാര്‍ത്തിയന്‍ നാളുകളെയാണ് ഇത് അനുസ്മരിപ്പിക്കുന്നത്. അന്ധമായ കമ്യൂണിസ്റ്റ് വിരോധത്തിന്റെ പ്രത്യയശാസ്ത്രവും പ്രയോഗ പരിപാടിയുമാണ് മക്കാര്‍ത്തിയിസമെന്നത്.

കുപ്രസിദ്ധവും മനുഷ്യത്വരഹിതവുമായ കമ്യൂണിസ്റ്റ് വേട്ടക്ക് 1950കളില്‍ നേതൃത്വം കൊടുത്ത അമേരിക്കന്‍ സെനറ്ററായിരുന്നു ജോസഫ് മക്കാര്‍ത്തി. സമൂഹത്തില്‍ നടക്കുന്ന എല്ലാ പാതകങ്ങളുടെയും തിന്മകളുടെയും ഉത്തരവാദികള്‍ കമ്യൂണിസ്റ്റുകാരാണെന്നും അവരെ വെറുക്കുകയും ഇല്ലാതാക്കുകയും ചെയ്യേണ്ടത് ദൈവേച്ഛയാണെന്നുമാണ് മക്കാര്‍ത്തി പ്രചരിപ്പിച്ചത്. ശീതയുദ്ധകാലത്തെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയുടെ ആസൂത്രകനും കാര്‍മികനുമെന്ന നിലയിലാണ് മക്കാര്‍ത്തി കുപ്രസിദ്ധനായത്. അന്ധമായ കമ്യൂണിസ്റ്റ് വിരോധത്തെ ആംഗ്ലോ-സാക്സണ്‍ വര്‍ണബോധവുമായി സംശ്ലേഷിപ്പിച്ച് ഭ്രാന്തമായ കമ്യൂണിസ്റ്റ് വേട്ടക്കാണ് ജോസഫ് മക്കാര്‍ത്തി നേതൃത്വം നല്‍കിയത്. മക്കാര്‍ത്തിയിസത്തിന്റെ ക്രൂരമായ നാളുകളില്‍ കമ്യൂണിസ്റ്റുകാരെ മാത്രമല്ല അവരോടു സഹഭാവം പുലര്‍ത്തുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയുമെല്ലാം പൈശാചികമായ രീതിയില്‍ വേട്ടയാടുകയാണ് അമേരിക്കന്‍ ഭണകൂടവും സിഐഎയും ചെയ്തത്. അതൊരുതരം മനഃശാസ്ത്ര യുദ്ധമായിരുന്നു. കമ്യൂണിസ്റ്റായി ഒരാള്‍ക്കും ജീവിക്കാനാവില്ലെന്നും കമ്യൂണിസം എല്ലാവിധ ധാര്‍മികതക്കും വിരുദ്ധമായൊരു പ്രത്യയശാസ്ത്രമാണെന്നുമുള്ള പ്രചാരണമാണ് നടത്തിയത്. തങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത ജനവിഭാഗങ്ങള്‍ക്കും ചിന്താഗതികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമെതിരെ രൂക്ഷമായ വിദ്വേഷവും ഭ്രാന്തമായ എതിര്‍പ്പും വളര്‍ത്തുക എന്നതായിരുന്നു മക്കാര്‍ത്തിയിസത്തിന്റെ പ്രത്യയശാസ്ത്ര തന്ത്രം. ഇതിനായി കുറ്റാന്വേഷണ സംവിധാനങ്ങളെയും പൊലീസിനെയും ഉപയോഗിച്ച് കള്ളക്കേസുകള്‍ പടച്ചുണ്ടാക്കുകയും നുണക്കഥകള്‍ പ്രചരിപ്പിക്കുകയും ചെയ്യുക മാത്രമല്ല അമേരിക്കന്‍ ഭരണകൂടം ചെയ്തത്. ആസൂത്രിതമായ കൊലപാതകങ്ങള്‍ സംഘടിപ്പിക്കുകയും അതിന്റെയെല്ലാം ഉത്തരവാദിത്തം കറുത്തവരുടെയോ കമ്യൂണിസ്റ്റുകാരുടെയോ ചുമലില്‍ കെട്ടിവെക്കുക തുടങ്ങിയ ഇന്റലിജന്‍സ് തന്ത്രങ്ങളും വ്യാപകമായി നടത്തിയിരുന്നു. ഇന്നിപ്പോള്‍ സാമ്രാജ്യത്വ ചിന്താകേന്ദ്രങ്ങളും സിഐഎയും ആഗോളതലത്തില്‍തന്നെ മക്കാര്‍ത്തിയിസത്തെ പുനരുജ്ജീവിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

മതപ്രോക്തസംഘങ്ങളെയും കേവല ധാര്‍മികവാദികളായ എഴുത്തുകാരെയുമെല്ലാം രംഗത്തിറക്കി വന്‍കിട മാധ്യമസഹായത്തോടെ കമ്യൂണിസ്റ്റ് വിരുദ്ധ ഉന്മാദത്തിലേക്ക് ജനങ്ങളെയാകെ നയിക്കാനാണ് വലതുപക്ഷ ശക്തികള്‍ ശ്രമിച്ചുനോക്കുന്നത്. ഓരോ മതവിശ്വാസിയുടെയും ദൈവവിശ്വാസിയുടെയും മനുഷ്യസ്നേഹിയുടെയും കടമയാണ് കമ്യൂണിസ്റ്റുകാരെയും അവരുമായി സഹകരിക്കുന്നവരെയും പരമാവധി ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുക എന്ന അന്തരീക്ഷമാണ് മക്കാര്‍ത്തിയിസത്തിന്റെ നാളുകളില്‍ സൃഷ്ടിക്കപ്പെട്ടത്. വിമോചന സമരകാലത്തെ ധാര്‍മിക പുനരായുധീകരണ പ്രവര്‍ത്തനങ്ങള്‍ ഓര്‍ക്കുമല്ലോ. സിപിഐ എമ്മിനെയും പൊതുവെ കമ്യൂണിസ്റ്റ്-ഇടതുപക്ഷ പ്രസ്ഥാനത്തെയും ദുര്‍ബലപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്യുക എന്ന അജന്‍ഡയാണ് വലതുപക്ഷ ശക്തികളും മാധ്യമങ്ങളും എല്ലാകാലത്തും സ്വീകരിച്ചുപോന്നിട്ടുള്ളത്. ഇന്നിപ്പോള്‍ ചന്ദ്രശേഖരന്‍ വധമെന്നപോലെ ഓരോ കാലഘട്ടത്തിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും അതിന്റെ നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തുവാന്‍ നിര്‍ഭാഗ്യകരമായ ഓരോ സംഭവത്തെയും വലതുപക്ഷ ശക്തികള്‍ ഉപയോഗിച്ചിട്ടുണ്ട്. സ. കൃഷ്ണപിള്ള പാമ്പുകടിയേറ്റല്ല മരിച്ചതെന്നും ഒളിവിലിരിക്കുന്ന സഖാവിനെ വിഷം കൊടുത്തു കൊല്ലുകയായിരുന്നുവെന്നുമുള്ള പ്രചാരണം ഒരുകാലത്ത് കേരളത്തില്‍ നടന്നിരുന്നുവല്ലോ. മനോരമ ഉള്‍പ്പെടെയുള്ള വലതുപക്ഷ മാധ്യമങ്ങള്‍ ഈയടുത്തകാലം വരെ ഇത്തരമൊരു നീചമായ പ്രചാരണം തുടരുകയുണ്ടായി. പ്രസ്ഥാനത്തിലെ തങ്ങളുടെ വ്യക്തിപരമായ ഉന്നതിക്ക് കൃഷ്ണപിള്ള ജീവിച്ചിരിക്കുന്നത് തടസ്സമാണെന്നു കരുതിയിരുന്ന ചില നേതാക്കളാണ് കൃഷ്ണപിള്ളയെ വിഷം കൊടുത്ത് കൊന്നതെന്നും ഇതില്‍ മുഖ്യപങ്ക് വഹിച്ചത് സഖാവ് ഇ എം എസ് ആയിരുന്നുവെന്നുമായിരുന്നല്ലോ പ്രചാരണം. ഈയടുത്ത കാലത്തു പോലും ""കൃഷ്ണപിള്ളയെ കടിച്ച പാമ്പ് വരാനിടയുണ്ട്"" എന്ന രീതിയില്‍ മനോരമ വാരാന്ത്യപ്പതിപ്പ് ഈ നീചമായ കഥ ആവര്‍ത്തിച്ചിരുന്നല്ലോ. കൃഷ്ണപിള്ളയുടെ ഘാതകന്‍ ഇ എം എസ്സാണെന്നുവരെ പ്രചരിപ്പിച്ച വൃത്തികെട്ട പാരമ്പര്യമുള്ള മലയാളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ ഇന്ന് നടത്തുന്ന അപവാദ പ്രചാരണങ്ങളില്‍ ചരിത്രബോധമുള്ള ഒരാളും അത്ഭുതപ്പെടേണ്ടതില്ല. എന്നുമെന്നും മനോരമയുടെ പണി കൊടും നുണയെ സത്യമാക്കുന്ന ഗീബല്‍സിയന്‍ തന്ത്രം തന്നെയാണ്. ക്രൂരമായി കൊല ചെയ്യപ്പെട്ട ചന്ദ്രശേഖരന്റെ മൃതദേഹത്തിന് ചുറ്റും മഹത്വത്തിന്റെ മഹാവലയം സൃഷ്ടിച്ച് മാധ്യമങ്ങള്‍ ഇടതുപക്ഷ പ്രസ്ഥാനത്തെയും വിശിഷ്യ, സിപിഐ എമ്മിനെയും അപകീര്‍ത്തിപ്പെടുത്തുവാനുള്ള കുത്സിതമായ പ്രചാരവേലയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ചന്ദ്രശേഖരനെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും ആദര്‍ശവല്‍ക്കരിക്കുന്നത് സിപിഐ എമ്മിനെ അടിക്കാനുള്ള വടിയെന്ന നിലയ്ക്കു മാത്രമാണ്. അല്ലാതെ യഥാര്‍ഥ ഇടതുപക്ഷവും വെള്ളം ചേര്‍ക്കാത്ത മാര്‍ക്സിസവും വളര്‍ത്തിയെടുക്കാനല്ലെന്ന് കാര്യവിവരമുള്ള ഒരാള്‍ക്കും ആരും പറഞ്ഞുകൊടുക്കേണ്ടതില്ല.

ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിന്റെ ചുമലില്‍ വച്ചുകെട്ടാനുള്ള നുണക്കഥകളും കുറ്റാന്വേഷണ വിവരങ്ങളും പടച്ചുവിടുന്ന മാധ്യമങ്ങള്‍ പുന്നപ്ര-വയലാര്‍ ഉള്‍പ്പെടെയുള്ള സമരങ്ങളില്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ സ്വന്തം ഉയര്‍ച്ചക്കായി ആയിരങ്ങളെ കുരുതികൊടുക്കുകയായിരുന്നുവെന്ന് ആരോപിച്ചു നടന്നവരാണ്. പാവപ്പെട്ട അണികളെ തോക്കിന്‍ കുഴലുകള്‍ക്കു മുമ്പില്‍ തള്ളിവിട്ട് തടി രക്ഷിച്ചവരാണ് ടി വി തോമസ് അടക്കമുള്ള നേതാക്കളെന്ന ആരോപണം നിരന്തരമായി മനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ തട്ടിവിട്ടുകൊണ്ടിരുന്നല്ലോ. പുന്നപ്രയിലും വയലാറിലും നൂറുകണക്കിന് സഖാക്കളെ നിഷ്ഠുരമായി കൊല ചെയ്ത സര്‍ സിപിയെയോ അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ജന്മി-മുതലാളിത്ത ശക്തികളെയോ ഒരിക്കലും വലതുപക്ഷ മാധ്യമങ്ങള്‍ കുറ്റക്കാരായി കണ്ടിരുന്നില്ലല്ലോ.

1948 ഏപ്രില്‍ മുപ്പതിന് എംഎസ്പിക്കാരുടെ വെടിയേറ്റ് ഒഞ്ചിയത്തിന്റെ മണ്ണില്‍ എട്ടു സഖാക്കള്‍ പിടഞ്ഞുവീണപ്പോള്‍ പിറ്റേ ദിവസം മാതൃഭൂമി പത്രം പൊലീസ് നടപടിയെ ന്യായീകരിച്ചും വെടിയേറ്റു മരിച്ചവരെ കുറ്റക്കാരായി ചിത്രീകരിച്ചുമാണ് വാര്‍ത്ത കൊടുത്തത്. ഇന്നിപ്പോള്‍ ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് ത്രസിക്കുന്ന വാക്കുകളില്‍ വാര്‍ത്താ കഥകള്‍ എഴുതിവിടുന്ന മാതൃഭൂമി സിപിഐ എമ്മിനെയും പൊതുവെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഒഞ്ചിയം സമരത്തിന്റെ പാരമ്പര്യവും കമ്യൂണിസ്റ്റ് വിപ്ലവമൂല്യവും കൈവിട്ടവരായി കുറ്റപ്പെടുത്തുകയാണ്. ഒഞ്ചിയത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പിളര്‍ത്തി യുഡിഎഫിന്റെ കൈയില്‍ കളിക്കുന്ന ആര്‍എംപിക്കാരെ ഒഞ്ചിയം സമരത്തിന്റെ യഥാര്‍ഥ പിന്തുടര്‍ച്ചക്കാരായി വാഴ്ത്തുകയാണ്. വലതുപക്ഷ ശക്തികള്‍ എപ്പോഴും ജനതയെ തങ്ങളുടെ പ്രത്യയശാസ്ത്രബോധത്തിലേക്ക് പിടിച്ചുവലിക്കുന്നത് ചരിത്രത്തില്‍നിന്നും അവരെ അന്യവല്‍ക്കരിച്ചുകൊണ്ടാണ്.

1940കളിലെ പുകപടലം നിറഞ്ഞ രാഷ്ട്രീയ കാലാവസ്ഥയില്‍ ഈ മലബാറിന്റെ മണ്ണില്‍ 83 കമ്യൂണിസ്റ്റ് വിപ്ലവകാരികളാണ് രക്തസാക്ഷികളായത്. കോണ്‍ഗ്രസിന്റെ ഗുണ്ടാസംഘമായിരുന്ന ദേശരക്ഷാസംഘവും പൊലീസുകാരും ചേര്‍ന്നാണ് ഈ ധീരവിപ്ലവകാരികളെയെല്ലാം നിഷ്ഠുരമായി കൊലപ്പെടുത്തിയത്. ചന്ദ്രശേഖരനെ ധീര കമ്യൂണിസ്റ്റായി വാഴ്ത്തുന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പിതാവ് മുല്ലപ്പള്ളി ഗോപാലന്‍ 40കളില്‍ ഒഞ്ചിയം മേഖലയില്‍ നടന്ന ക്രൂരമായ കമ്യൂണിസ്റ്റ് വേട്ടക്ക് നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് നേതാവായിരുന്നു. 1948 ഏപ്രില്‍ 30ന് വൈകിട്ട് മുക്കാളിയില്‍ കമ്യൂണിസ്റ്റുനേതാക്കളുടെ ചോര മണത്ത് എംഎസ്പിക്കാര്‍ വന്നിറങ്ങി യപ്പോള്‍ അവര്‍ക്ക് വഴി കാണിച്ചതും സൗകര്യങ്ങള്‍ ചെയ്തു കൊടുത്തതും കോണ്‍ഗ്രസിന്റെ ""ചെറുപയര്‍ പട്ടാള""മായിരുന്നു. ഒഞ്ചിയത്തെ പാവപ്പെട്ട മനുഷ്യരുടെ വീടുകളില്‍ചെന്ന് അട്ടം തപ്പി കമ്യൂണിസ്റ്റുകാരെ ഒറ്റിക്കൊടുക്കലായിരുന്നു ചെറുപയര്‍ പട്ടാളത്തിന്റെ പതിവ് പണിതന്നെ. ദേശരക്ഷാസംഘമെന്ന ചെറുപയര്‍ പട്ടാളത്തിന്റെ സഹായത്തോടെ എംഎസ്പിക്കാര്‍ പിടിച്ചുകൊണ്ടുപോയ നിരപരാധികളെ വിട്ടുകിട്ടാനായിട്ടായിരുന്നല്ലോ ചെന്നാട്ട്താഴ വയലില്‍ ഒഞ്ചിയത്തെ വിപ്ലവകാരികളായ ജനങ്ങള്‍ തടിച്ചുകൂടിയത്. അവര്‍ക്കു നേരെയാണ് ഇന്‍സ്പെക്ടര്‍ തലൈവയുടെ നേതൃത്വത്തിലുള്ള എംഎസ്പിക്കാര്‍ വെടിയുണ്ടയുതിര്‍ത്തത്.

ഒഞ്ചിയം രക്തസാക്ഷികളുടെ ഘാതകന്മാരെ ഗോഡ്ഫാദര്‍മാരാക്കിയാണ് ചന്ദ്രശേഖരനും കൂട്ടരും സിപിഐ എമ്മിനേക്കാള്‍ വിപ്ലവമുള്ള മാര്‍ക്സിസ്റ്റ് പാര്‍ടി രൂപീകരിച്ചതെന്നത് ചരിത്രത്തിലെ ഒരു വിപര്യയം മാത്രമല്ല, വര്‍ഗവഞ്ചനയുടെ ഒരു ഉത്തരാധുനിക ആവിഷ്കാരം കൂടിയാണ്. സംഭവങ്ങളെയും വ്യക്തികളെയും അതിന്റെ ചരിത്രപരതയില്‍നിന്നും യാഥാര്‍ഥ്യത്തില്‍നിന്നും സത്താരഹിതമായി അപനിര്‍മിക്കുന്ന പ്രത്യയശാസ്ത്ര ലീലയാണിത്. ഒഞ്ചിയത്തിന്റെ ചോരപ്പാടുകള്‍ ഉണങ്ങുംമുമ്പാണല്ലോ കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ തുടക്കക്കാരില്‍ പ്രമുഖനായിരുന്ന സ. മൊയാരത്ത് ശങ്കരനെ കോണ്‍ഗ്രസിന്റെ കുറുവടിസംഘം മൃഗീയമായി കൊലചെയ്തത്. എടക്കാട് റെയില്‍വേ സ്റ്റേഷനില്‍നിന്നും കോയ്യോട്ടുള്ള ഭാര്യവീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ചരിത്രമെഴുതിയ ധീരനായ സ്വാതന്ത്ര്യസമരസേനാനി മൊയാരത്തിനെ കോണ്‍ഗ്രസ് ഗുണ്ടകള്‍ പട്ടിയെ തല്ലുന്നതുപോലെ പെരുവഴിയിലിട്ട് മര്‍ദിച്ച് മൃതാവസ്ഥയിലാക്കിയത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും മൃഗീയമായ കൊലപാതകമായിരുന്നു മൊയാരത്തിന്റേത്. ഇങ്ങനെ എത്രയെത്ര കൊലപാതകങ്ങള്‍.

കോണ്‍ഗ്രസിന്റെ കൈകള്‍ എത്രയോ കമ്യൂണിസ്റ്റുകാരുടെ ചോരക്കറയില്‍ കുളിച്ചതാണ്. സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്ന സഖാവ് അഴീക്കോടന്‍ രാഘവന്റെ നിഷ്ഠുരമായ കൊലക്കുപിന്നില്‍ കോണ്‍ഗ്രസായിരുന്നുവെന്ന കാര്യം ആവര്‍ത്തിച്ചു വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. സിപിഐ എം വിട്ടുപോയ ഒരു വിഭാഗത്തെ ഉപയോഗിച്ചും ഇടതുപക്ഷത്തിനകത്തെ ഭിന്നിപ്പി ന്റേതായ ഒരു സാഹചര്യം മുതലെടുത്തുമാണ് ഈയൊരു കൊലപാതകം ആസൂത്രണം ചെയ്യപ്പെട്ടത്. 1972 സെപ്തംബര്‍ 23നാണല്ലോ അഴീക്കോടന്‍ അരുംകൊല ചെയ്യപ്പെടുന്നത്. സെപ്തംബര്‍ 24ന് അന്നത്തെ മുഖ്യമന്ത്രി സി അച്ചുതമേനോന്‍ നിയമസഭയില്‍ ഇതുസംബന്ധമായി പ്രസ്താവനയിറക്കി. കൊലയില്‍ സര്‍ക്കാരിനും അതുമായി ബന്ധപ്പെട്ട കക്ഷികള്‍ക്കും പങ്കില്ലെന്നാണ് അച്ചുതമേനോന്‍ എവിടെയും തൊടാതെ പറഞ്ഞത്. സെപ്തംബര്‍ 26ന് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഇ എം എസ് നടത്തിയ പ്രസംഗത്തില്‍ അഴീക്കോടന്റെ വധത്തില്‍ കരുണാകരനും കോണ്‍ഗ്രസിനുമുള്ള പങ്ക് അക്കമിട്ട് വ്യക്തമാക്കി.

നവാബ് രാജേന്ദ്രന്റെ കൈയില്‍ തട്ടില്‍ എസ്റ്റേറ്റ് സൂപ്രണ്ട് വധിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് കരുണാകരന്‍ അദ്ദേഹത്തിന് കൊടുത്തയച്ച ഒരു കത്ത് കിട്ടി. ആ കത്ത് സൂപ്രണ്ടിനോട് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തായിരുന്നു. കരുണാകരന്റെ ഈ ആവശ്യം നിരസിച്ചതിന്റെ പ്രതികാരമായിട്ടായിരുന്നു തട്ടില്‍ എസ്റ്റേറ്റ് സൂപ്രണ്ട് വധിക്കപ്പെട്ടതെന്ന കാര്യം അക്കാലത്തെ പരസ്യമായ രഹസ്യമായിരുന്നു. സര്‍വശക്തനും എതിരാളികളെ നേരിടാന്‍ ഏതറ്റം പോകാനും മടിയില്ലാത്ത കരുണാകരനില്‍നിന്ന് തട്ടില്‍ എസ്റ്റേറ്റ് കേസിലെ നിര്‍ണായകമായൊരു തെളിവ് സംരക്ഷിക്കാനാണ് ഈ കത്ത് നവാബ് രാജേന്ദ്രന്‍ അഴീക്കോടനെ ഏല്പിക്കുന്നത്. ഈ കത്ത് നവാബ് രാജേന്ദ്രന്‍ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നറിയാനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ക്രൂരമായി പീഡിപ്പിച്ചത്. പീഡനങ്ങള്‍ സഹിക്കാനാവാതെ നവാബ് ഈ കത്ത് അഴീക്കോടന്‍ രാഘവനെ ഏല്പിച്ചിരിക്കുകയാണെന്ന് സമ്മതിച്ചു. ഈയൊരു സാഹചര്യത്തിലാണ്, തിരുവനന്തപുരത്തുനിന്ന് അഴീക്കോടന്‍ തൃശൂര്‍ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ ഇറങ്ങി, താമസിക്കുന്നേടത്തേക്ക് നടന്നുപോകുമ്പോള്‍ പതിയിരുന്ന അക്രമികള്‍ അദ്ദേഹത്തെ ക്രൂരമായി കൊലചെയ്തത്. അദ്ദേഹത്തിന്റെ ബാഗില്‍നിന്ന് കരുണാകരനെതിരെ തെളിവാക്കാവുന്ന കത്ത് പിടിച്ചെടുക്കാനായിട്ടായിരുന്നു ഈ അരുംകൊല നടത്തിയത്.

പ്രത്യക്ഷമായിതന്നെ കരുണാകരനും കോണ്‍ഗ്രസിനും ബന്ധമുള്ള അഴീക്കോടന്‍ വധത്തെ മുന്‍നിര്‍ത്തി അക്കാലത്ത് ഒരു പത്രമുത്തശ്ശിയും കോണ്‍ഗ്രസ് പാര്‍ടിക്കെതിരെ പ്രചാരണം നടത്തിയിരുന്നില്ലല്ലോ. നുണക്കഥകളിലൂടെ ചന്ദ്രശേഖരന്‍ വധത്തിന് ഉത്തരവാദികള്‍ സിപിഐ എം ആണെന്ന് വരുത്തിത്തീര്‍ക്കുന്ന മാധ്യമങ്ങളും വലതുപക്ഷ ബുദ്ധിജീവികളും, വിചിത്രമായ ധാര്‍മിക-നൈതിക വിശകലനങ്ങളുമായി ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെടുന്ന ഇടതുപക്ഷ വാചകമടിക്കാരും യുഡിഎഫിന്റെ രാഷ്ട്രീയ അജന്‍ഡയുടെ നിര്‍വാഹകരോ മാപ്പുസാക്ഷികളോ ആണ്. കുറ്റാന്വേഷണം സ്വയമെറ്റെടുത്ത ചാനലുകളും കുത്തകപത്രങ്ങളും എന്തെല്ലാം വിചിത്രമായ വാര്‍ത്തകളാണ് പടച്ചുവിട്ടത്. ചന്ദ്രശേഖരന്‍ ദാരുണമായി കൊലചെയ്യപ്പെട്ട 2012 മെയ് 4ന് ഏതാണ്ട് അര്‍ധരാത്രിയോടെ കൊലപാതകികള്‍ സിപിഐ എമ്മുകാരാണെന്ന പ്രചാരണമാണ് മാധ്യമങ്ങളും യുഡിഎഫ് നേതാക്കളും ആരംഭിച്ചതും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും. മെയ് 5ന് അന്വേഷണസംഘം പ്രാഥമിക അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ ചാനലുകള്‍ ഫ്ളാഷ് ചെയ്തത് കൊല നിര്‍വഹിച്ചത് പായപടക്കി റഫീഖും സംഘവുമാണെന്നാണ്. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ ഈ റഫീഖ് സിപിഐ എംകാരനാണെന്നും ന്യൂമാഹിയിലെ ഇരട്ടക്കൊലക്കേസില്‍ പ്രതിയാണെന്നുമെല്ലാം തട്ടിവിടുകയായിരുന്നു. വളയത്തെ ചില കൊലക്കേസ് പ്രതികളുമായുള്ള റഫീഖിന്റെ ബന്ധവും ജയിലില്‍ കഴിയുന്ന ഒരു തടവുകാരന്റെ മകളുടെ കല്യാണവും ഗൂഢാലോചന കഥകളുടെ പരമ്പരകളായി അടിച്ചുവിടുകയായിരുന്നു. കൊലക്ക് ഉപയോഗിച്ച ഇന്നോവ കാറും അതിന്റെ ഉടമയായ നവീന്‍ദാസുമെല്ലാം സിപിഐ എംകാരാണെന്ന് വസ്തുതകളുടെ വിദൂരബന്ധം പോലുമില്ലാത്ത നുണകള്‍ ബ്രേക്കിങ് ന്യൂസുകളായി അവതരിപ്പിക്കുകയായിരുന്നു.

ചൊക്ലിയില്‍നിന്നു കണ്ടെടുത്ത കാറില്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി റഫീഖിന്റെ ഫിംഗര്‍ പ്രിന്റ് തിരിച്ചറിഞ്ഞുവെന്നും ബ്രേക്കിങ് ന്യൂസ് നിരന്തരമായി വന്നുകൊണ്ടിരുന്നല്ലോ. സിപിഐ എം സംസ്ഥാനസെക്രട്ടറി, നവീന്‍ദാസിനും റഫീഖിനും എന്തു ബന്ധമാണ് സിപിഐ എമ്മിനുള്ളത് എന്ന് വെല്ലുവിളിച്ചതോടെ റഫീഖിനെ കേന്ദ്രീകരിച്ചുള്ള എല്ലാ അന്വേഷണങ്ങളും വാര്‍ത്തകളും നിലയ്ക്കുകയാണുണ്ടായത്. റഫീഖിന്റെ ബന്ധങ്ങളെല്ലാം കോണ്‍ഗ്രസും ലീഗും എന്‍ഡിഎഫുമായിട്ടാണെന്ന വസ്തുത മറച്ചുപിടിച്ചാണ് ഈ ക്വട്ടേഷന്‍ സംഘത്തലവനെ മാധ്യമങ്ങള്‍ സിപിഐ എം ആക്കിയത്. റഫീഖിനെ വിട്ട മാധ്യമങ്ങള്‍ പിന്നീട് കൊടി സുനിയെ മുന്‍നിര്‍ത്തിയാണ് സിപിഐ എമ്മിനെതിരെ കഥകള്‍ മെനഞ്ഞത്. ഇപ്പോള്‍ കൊടി സുനിയെയും വിട്ട് മാധ്യമങ്ങള്‍ കൊല നിര്‍വഹിച്ചതും ആസൂത്രണം ചെയ്തതും ടി കെ രജീഷാണെന്നാണ് പ്രചരിപ്പിക്കുന്നത്. ഇങ്ങനെ മാറിയും മറിഞ്ഞും വാര്‍ത്തകള്‍ പരത്തി അന്വേഷണത്തെ വഴിതെറ്റിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്.

മെയ് 4ന് ദാരുണമാംവിധം മരണമേറ്റുവാങ്ങേണ്ടിവന്ന വള്ളിക്കാട്ടേക്ക് ചന്ദ്രശേഖരനെ വിളിച്ചുവരുത്തിയ ഫോണ്‍കോളിനെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് ഒരന്വേഷണകൗതുകം പോലുമില്ല. കല്യാണവീട്ടില്‍നിന്നും ചന്ദ്രശേഖരന്‍ വള്ളിക്കാട്ട് പോകുന്നതിനുമുമ്പ് തന്റെ ഉറ്റ സുഹൃത്തായ പി പി ജാഫറിന്റെ മലബാര്‍ ട്രാവല്‍സ് എന്ന സ്ഥാപനത്തില്‍ വരുന്നുണ്ട്. ജാഫര്‍ തന്നെ മാധ്യമങ്ങളോട് പറഞ്ഞത് അവിടെനിന്നും ഒരു ഫോണ്‍വിളി വന്നതോടെ പരിഭ്രാന്തനായ ചന്ദ്രശേഖരന്‍ വള്ളിക്കാട്ടേക്ക് പോകുകയായിരുന്നുവെന്നാണ്. അന്വേഷണത്തിന്റെയും ചോദ്യം ചെയ്യലിന്റെയും വിവരങ്ങള്‍ അനുനിമിഷം ഫ്ളാഷ് ന്യൂസായി നല്‍കുന്ന മാധ്യമങ്ങള്‍ എന്തേ ഈ വഴിക്കുള്ള അന്വേഷണങ്ങളെക്കുറിച്ചൊന്നും ഒരു വിവരവും നല്‍കാതിരുന്നത്. ഇതെല്ലാം ഈ കൊലപാതകത്തിന് പിന്നിലെ യഥാര്‍ഥ പ്രതികളിലേക്ക് അന്വേഷണം നീളാതിരിക്കുനാനുള്ള ഗൂഢാലോചനാപരമായ പദ്ധതിയായിരുന്നുവെന്ന സംശയം ഉയര്‍ത്തുന്നതല്ലേ.

2008ല്‍ ചന്ദ്രശേഖരന്റെ ഉറ്റ സുഹൃത്തും ലീഗ് നേതാവും ബിസിനസ്സുകാരനുമായ പി പി ജാഫര്‍ മൃഗീയമായി ആക്രമിക്കപ്പെട്ട വാര്‍ത്ത പത്രങ്ങളിലെല്ലാം വന്നതാണ്. ആക്രമണത്തിന് പിന്നില്‍ എന്‍ഡിഎഫ് എന്ന തീവ്രവാദ സംഘടനയാണോ എന്ന സംശയവും ഉയര്‍ന്നിരുന്നു. ഗുരുതരമായ പരിക്ക് പറ്റിയ ജാഫറെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതും ചികിത്സാകാര്യങ്ങള്‍ക്ക് മുന്‍കൈയടുത്തതും ചന്ദ്രശേഖരനാണ്. ജാഫര്‍ക്ക് ഭീഷണിയായ അക്രമിസംഘത്തെ പ്രതിരോധിക്കുന്നതും ചന്ദ്രശേഖരനാണ്. ഈ ദിശയിലൊന്നും അന്വേഷണം പോവാതെ ചന്ദ്രശേഖരന് സിപിഐ എം കാരല്ലാതെ മറ്റൊരു തരത്തിലുള്ള ശത്രുക്കളുമില്ലെന്ന് സമര്‍ഥിക്കാനാണ് മാധ്യമങ്ങള്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്നത്. ഇപ്പോള്‍ മാധ്യമങ്ങള്‍ക്കും വലതുപക്ഷ ശക്തികള്‍ക്കും ചന്ദ്രശേഖരന്റെ കൊലപാതകികളെ കണ്ടെത്തലല്ല ഈ കൊലപാതകത്തെ ഉപയോഗിച്ച് സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്തലാണ് ലക്ഷ്യം. ഈയൊരു വലതുപക്ഷ - മാധ്യമ ഗൂഢാലോചനയെ തുറന്നുകാണിക്കേണ്ടത് പുരോഗമനശക്തികളുടെ അടിയന്തര കടമയായിത്തീര്‍ന്നിരിക്കുന്നു.

*
കെ ടി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനി വാരിക 03 ജൂണ്‍ 2012

എന്തിന് ഈ ക്രൂരമായ അവഗണന

മന്‍മോഹന്‍സിങ് നയിക്കുന്ന യുപിഎ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ ആഘോഷപൂര്‍വം മലയാളിയോട് പറഞ്ഞത്, ചേര്‍ത്തലയില്‍ റെയില്‍ബോഗി നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാന്‍ പോകുന്നു; ഇതാ നിങ്ങള്‍ക്കുള്ള വാര്‍ഷികസമ്മാനം എന്നാണ്. ഇപ്പോള്‍ കേള്‍ക്കുന്നത്, അങ്ങനെയൊരു സംരംഭം നടക്കാനിടയില്ല എന്നാണ്. അതില്‍നിന്ന് റെയില്‍വേ പിന്മാറുകയാണത്രേ. മൂന്നുവര്‍ഷംമുമ്പ് കരാര്‍ ഒപ്പിട്ടതാണ്. ഇന്നുവരെ പ്രാരംഭപണി തുടങ്ങിയിട്ടില്ല. ഒരു പൈസ നിക്ഷേപിച്ചിട്ടില്ല. പ്രതിരോധമന്ത്രി എ കെ ആന്റണി നെയ്യാറ്റിന്‍കരയില്‍ യുഡിഎഫിനുവേണ്ടി വോട്ടുപിടിക്കാന്‍ വരുന്നുണ്ട്. സമ്മാനം പ്രഖ്യാപിച്ചിട്ട് സര്‍ക്കാരിന്റെ മൂന്ന് ജന്മദിനം കടന്നുപോയി. ഇതുവരെ എന്തുചെയ്യുകയായിരുന്നെന്നും എന്തുകൊണ്ട് യൂണിറ്റ് കേരളത്തിന് നഷ്ടമാകുന്നെന്നും അദ്ദേഹം ജനങ്ങള്‍ക്കുമുന്നില്‍ വിശദീകരിക്കേണ്ടതുണ്ട്.

ആദ്യത്തെ യുപിഎ സര്‍ക്കാരില്‍ റെയില്‍മന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവാണ് കേരളത്തിന്റെ ആവശ്യം പരിഗണിച്ച് യൂണിറ്റ് പ്രഖ്യാപിച്ചത്. വെറുതെ പറയുകയല്ല; ബജറ്റില്‍ തുകയും വകയിരുത്തി. എല്‍ഡിഎഫ് സര്‍ക്കാര്‍ അതിന് സഹായകമായ നടപടി എന്ന നിലയില്‍ ചേര്‍ത്തല ഓട്ടോകാസ്റ്റും റെയില്‍വേയും ചേര്‍ന്ന് സംയുക്തസംരംഭമായി ബോഗിനിര്‍മാണ യൂണിറ്റ് തുടങ്ങാനുള്ള നടപടിയെടുത്തു. 2007ലെ റെയില്‍ ബജറ്റില്‍ കേരള റെയില്‍ കംപോണന്റ്സ് ലിമിറ്റഡ് എന്ന പേരില്‍ സംസ്ഥാനവുമായി ചേര്‍ന്ന് സംയുക്തസംരംഭം പ്രഖ്യാപിച്ചു. അടുത്തവര്‍ഷം 85 കോടി രൂപ ബജറ്റില്‍ കമ്പനിക്കായി നീക്കിവച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന് ഈ പദ്ധതി യാഥാര്‍ഥ്യമാകണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു. വ്യവസായവകുപ്പിന്റെ കീഴിലെ ഓട്ടോകാസ്റ്റ് ലിമിറ്റഡിന്റെ 54 ഏക്കറും സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡിന്റെ കീഴിലെ സ്റ്റീല്‍ ഫാബ്രിക്കേഷന്‍ യൂണിറ്റിന്റെ 24 ഏക്കറും ചേര്‍ത്ത് 80 ഏക്കറോളം ഭൂമി അതിനായി നീക്കിവച്ചു. 2009 ഫെബ്രുവരി 27ന് കേന്ദ്രവും കേരളവും ചേര്‍ത്തലയില്‍ പൊതുചടങ്ങില്‍ കരാര്‍ ഒപ്പിട്ടു. പക്ഷേ, കേന്ദ്രം തുടര്‍നടപടിക്ക് തയ്യാറായില്ല. അന്ന് റെയില്‍ സഹമന്ത്രി ഇ അഹമ്മദായിരുന്നു. 2010 മാര്‍ച്ചില്‍ കേരളത്തിന്റെ അന്നത്തെ വ്യവസായമന്ത്രി എളമരം കരീമിന് അഹമ്മദ് നല്‍കിയ മറുപടിയില്‍ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി ഉടന്‍ ലഭിക്കുമെന്നാണറിയിച്ചത്. ഒന്നും നടന്നില്ല.

മമത ബാനര്‍ജി റെയില്‍മന്ത്രിയായപ്പോള്‍ കാര്യങ്ങള്‍ പിന്നെയും വഷളായി. പുതിയ പഠനം നടത്തണമെന്നായി അവര്‍. പിന്നെ അനുകൂലചലനമൊന്നുമുണ്ടായില്ല. കേരളത്തിന്റെ സ്വപ്നമായിരുന്ന വികസനപദ്ധതിയാണ് അട്ടിമറിക്കപ്പെടുന്നത്. കേന്ദ്രവും കേരളവും ഒരുകക്ഷി ഭരിച്ചാല്‍ അത്ഭുതങ്ങള്‍ സംഭവിക്കും എന്നുപറഞ്ഞാണ് യുഡിഎഫ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇപ്പോള്‍ അങ്ങനെതന്നെ നടക്കുന്നു. പക്ഷേ, കേരളത്തിന് ഒരു പ്രയോജനവുമില്ല എന്നുമാത്രമല്ല, ഇതുപോലുളള ദ്രോഹങ്ങള്‍ അടിക്കടി ഉണ്ടാവുകയും ചെയ്യുന്നു. കേരളത്തില്‍നിന്ന് ഡല്‍ഹിയില്‍ പോയി കേന്ദ്രമന്ത്രിമാരായവര്‍ക്ക് ഇതൊന്നും അജന്‍ഡയാകുന്നില്ല. ചേര്‍ത്തല പദ്ധതിക്കൊപ്പം പ്രഖ്യാപിച്ചിരുന്ന റായ്ബറേലി റെയില്‍കോച്ച് ഫാക്ടറി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. അത് സോണിയ ഗാന്ധിയുടെ മണ്ഡലത്തിലാണ്. കേരളത്തിലെ പാലക്കാട് കോച്ച് ഫാക്ടറിയുടെ തറക്കല്ലിടല്‍മാത്രമേ നടന്നിട്ടുള്ളൂ. റായ്ബറേലിയിലെപ്പോലെ പാലക്കാട്ട് റെയില്‍വേ പണംമുടക്കാന്‍ തയ്യാറല്ല. ബംഗാളിനും ബിഹാറിനും കര്‍ണാടകത്തിനും സോണിയ ഗാന്ധിയുടെ റായ്ബറേലിക്കുമൊക്കെ വാരിക്കോരി പദ്ധതികള്‍ നല്‍കുമ്പോള്‍ കേരളത്തെ എന്തുകൊണ്ടിങ്ങനെ ക്രൂരമായി അവഗണിക്കുന്നു എന്ന് വിശദീകരിക്കാന്‍ എല്ലാ യുഡിഎഫുകാര്‍ക്കും ബാധ്യതയുണ്ട്. വിശേഷിച്ച് എ കെ ആന്റണിക്ക്.

*
ദേശാഭിമാനി മുഖപ്രസംഗം 29 മേയ് 2012