Sunday, May 6, 2012

കാര്‍ഷികരംഗത്തെ അരക്ഷിതാവസ്ഥ

രാജ്യത്തിന്റെ ഒരുഭാഗത്ത് വരള്‍ച്ച കടുത്ത രീതിയില്‍ തുടരുമ്പോള്‍ മറുഭാഗത്ത് അസാധാരണമായ രീതിയില്‍ വേനല്‍മഴ പെയ്യുന്നു. കര്‍ണാടകം, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ കൊടുംവരള്‍ച്ചയുടെ പിടിയിലാണ്. ഹരിയാനയിലും പഞ്ചാബിലും ഉത്തര്‍പ്രദേശിലും അകാലത്തു വന്ന പെരുമഴ കാര്‍ഷികവിളകളെ സാരമായി ബാധിച്ചു. വരുന്ന കാലവര്‍ഷം ദുര്‍ബലമായിരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഈ അവസ്ഥ ഇക്കൊല്ലത്തെ വിളയെമാത്രമല്ല വരുംവര്‍ഷത്തേതിനെയും ബാധിക്കും. ജലസേചന സൗകര്യത്തിന്റെ അഭാവംമൂലം കാലവര്‍ഷത്തെ അമിതമായി ആശ്രയിക്കുന്നതാണ് ഇന്ത്യയുടെ കൃഷിക്കളങ്ങളേറെയും. അതുകൊണ്ടുതന്നെ വിളവില്‍ വര്‍ധന നേടാന്‍ മുഖ്യകാര്‍ഷിക വിളകള്‍ക്ക് കഴിയുന്നില്ല. ആവശ്യത്തിന് ആനുപാതികമായി ഉല്‍പ്പാദനം ഇല്ലാത്തതിനാല്‍ ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. എല്ലാതലത്തിലും കാര്‍ഷിക പ്രതിസന്ധി രൂക്ഷമാവുകയാണ്. കേന്ദ്രവും വിവിധ സംസ്ഥാന സര്‍ക്കാരുകളും ഈ പ്രതിസന്ധിക്കുമുന്നില്‍ ഒന്നുംചെയ്യാതെ നില്‍ക്കുന്നു. പ്രതിസന്ധി മഹാഭൂരിപക്ഷം ജനങ്ങളുടെയും ദൈനംദിന ജീവിതത്തെ ബാധിച്ചിട്ടും സര്‍ക്കാരുകള്‍ അനങ്ങുന്നില്ല.

രാജ്യത്തെ ജനസംഖ്യയിലെ 60 ശതമാനത്തോളം കൃഷിയെ ആശ്രയിക്കുന്നവരാണ്. പഞ്ചവത്സര പദ്ധതികളില്‍ കാര്‍ഷിക വളര്‍ച്ചാലക്ഷ്യം തുടര്‍ച്ചയായി പാളുകയാണ്. ഭക്ഷ്യധാന്യങ്ങളുടെ ആളോഹരി പ്രതിദിന ലഭ്യത കുറഞ്ഞുവരുന്നു. ആന്ധ്ര, മഹാരാഷ്ട്ര, കര്‍ണാടകം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കുപുറമെ പശ്ചിമബംഗാളിലും കേരളത്തിലും കര്‍ഷക ആത്മഹത്യ തിരിച്ചെത്തിയിരിക്കുന്നു. കര്‍ഷക ആത്മഹത്യയ്ക്ക് മുഖ്യകാരണം കടബാധ്യതയാണ്. കൃഷിച്ചെലവിലെ താങ്ങാനാവാത്ത വര്‍ധനയും ഉല്‍പ്പന്നങ്ങളുടെ വിലക്കുറവും സംഭരണമില്ലായ്മയും മറ്റുകാരണങ്ങള്‍. മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും പരുത്തിവില ക്രമാതീതമായി കുറഞ്ഞപ്പോഴാണ് കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയംതേടിയത്.
പ്രതിസന്ധി തനിയേ വന്നതല്ല. നവലിബറല്‍ നയങ്ങളുടെ സൃഷ്ടിയാണ്. കേന്ദ്രം പ്രഖ്യാപിച്ച തറവില മിക്ക വിളകളുടെ കാര്യത്തിലും കൃഷിച്ചെലവിന് അടുത്തെത്തുന്നതല്ല. കേന്ദ്ര ഏജന്‍സികളുടെ സംഭരണ നടപടികള്‍ പരിമിതപ്പെടുത്തി. കൃഷിക്കായി ആവശ്യാനുസൃതമുള്ള പൊതുനിക്ഷേപമില്ല. സബ്സിഡികള്‍ കുറച്ചുകൊണ്ടേയിരിക്കുന്നു. വിത്തും വളവും ഇന്ധനവും വിലയേറിയേറി കര്‍ഷകര്‍ക്ക് അപ്രാപ്യമാവുന്നു. കൃഷി ലാഭംനല്‍കാത്തപ്പോള്‍ ഗ്രാമീണധനികര്‍ കാര്‍ഷികേതര പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുന്നു. കോര്‍പറേറ്റ് കൃഷിയും കരാര്‍കൃഷിയും വര്‍ധിച്ചു വരുന്നു. യഥാര്‍ഥ കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ കിട്ടുന്നില്ല. എല്ലാ ആക്രമണവും ഒന്നിച്ചുവരുമ്പോള്‍ കര്‍ഷകര്‍ക്ക് ആത്മഹത്യതന്നെ മാര്‍ഗം- അല്ലെങ്കില്‍ സ്ഥലം വിറ്റ് എങ്ങോട്ടേക്കെങ്കിലും പോകാന്‍ നിര്‍ബന്ധിതരാകുന്നു.

പ്രതിസന്ധിയുടെ മുഖ്യ ഇര ചെറുകിട- നാമമാത്ര കര്‍ഷകരാണ്. പങ്കുപാട്ടക്കാരും ദരിദ്ര കര്‍ഷകരുമടക്കം മറ്റുള്ളവരുടെ ഭൂമിയില്‍ പണിയെടുക്കുന്നവര്‍ ഈ ദുരിതത്തിനുപുറമെ കടുത്ത ചൂഷണത്തിനും ഇരയാവുകയാണ്. കര്‍ഷകത്തൊഴിലാളികളുടെ നില കാണെക്കാണെ വഷളാകുന്നു. നവലിബറല്‍ നയങ്ങള്‍ അവരെ കൂടുതല്‍കൂടുതലായി ഭൂരഹിതരാക്കുന്നു. കര്‍ഷകത്തൊഴിലാളികള്‍ക്ക് നിയമാനുസൃതമുള്ള കുറഞ്ഞ കൂലിയോ സാമൂഹ്യസുരക്ഷാ നടപടികളോ മിക്ക സംസ്ഥാനങ്ങളിലും നിലവിലില്ല. കിടപ്പാടമോ വീടോ നല്‍കുന്നതിനുള്ള നടപടികളുമില്ല. സ്വന്തം തൊഴില്‍ വിട്ട് നഗരകേന്ദ്രങ്ങളിലേക്കും മറ്റും പലായനംചെയ്ത് അടിമതുല്യമായി ജീവിക്കാനാണ് കര്‍ഷകത്തൊഴിലാളികളെ ഈ അവസ്ഥ നിര്‍ബന്ധിക്കുന്നത്. കൂലി നിശ്ചയിക്കുന്നതിനും സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും ഉതകുന്ന നിയമം വേണമെന്ന ആവശ്യത്തോട് യുപിഎ സര്‍ക്കാര്‍ പുറംതിരിഞ്ഞുനില്‍ക്കുന്നു.

ഇന്ത്യ കാര്‍ഷിക രാജ്യമാണെന്ന യാഥാര്‍ഥ്യം സര്‍ക്കാര്‍ സൗകര്യപൂര്‍വം മറന്നിരിക്കുന്നു. കര്‍ഷകരെ പാപ്പരാക്കാനുള്ള തീരുമാനങ്ങളും നടപടികളുമാണ് തുടരെത്തുടരെയുണ്ടാകുന്നത്. സ്വതന്ത്ര വ്യാപാരക്കരാറുകളും ചുങ്കം ഇളവുകളുമാണ് നവലിബറല്‍ നയങ്ങളുടെ മുഖമുദ്ര. ഇതിലൂടെ ചെറുകിട കര്‍ഷകര്‍ കൃഷിയില്‍ നിന്ന് ആട്ടിയോടിക്കപ്പെടുകയാണ്. അന്നന്ന് മണ്ണില്‍ പണിചെയ്ത് ജീവിക്കുന്ന പാവപ്പെട്ട കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ആട്ടിപ്പുറത്താക്കിയശേഷം പരവതാനിവിരിച്ച് സ്വാഗതംചെയ്യുന്നത് വന്‍കിട കോര്‍പറേറ്റുകളെയാണ്. നാടനും മറുനാടനുമായ കോര്‍പറേറ്റുകള്‍ക്ക് കാര്‍ഷികരംഗം കൈയടക്കാനുള്ള സര്‍വ സന്നാഹങ്ങളും യുപിഎ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

കാര്‍ഷിക പ്രതിസന്ധി വലിയൊരു ദുരന്തത്തിലേക്കുള്ള ചൂണ്ടുപലകയാണ്. കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സ്വമേധയാ തയ്യാറാകും എന്ന് കരുതാനാവില്ല. ഈ സര്‍ക്കാരുകളെക്കൊണ്ട് നാടിനോടുള്ള കടമ നിര്‍വഹിപ്പിക്കാനുള്ള ജനകീയ ഇടപെടല്‍ അനിവാര്യമായിരിക്കുന്നു. കാര്‍ഷിക കടങ്ങള്‍ക്കും കര്‍ഷകത്തൊഴിലാളികളുടെ കടങ്ങള്‍ക്കും ഇളവ് നല്‍കുക, തൊഴിലുറപ്പ് പദ്ധതിയിലൂടെ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും തൊഴിലവസരം സൃഷ്ടിക്കുക, അര്‍ഹമായ മേഖലകളില്‍ സൗജന്യ റേഷന്‍ നല്‍കുക, കുറഞ്ഞവിലയ്ക്ക് കര്‍ഷകര്‍ക്ക് വൈദ്യുതി ലഭ്യമാക്കുക, കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയുക, സബ്സിഡി നിരക്കില്‍ വളവും വിത്തും കിട്ടുമെന്ന് ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാരുകളുടെ ശ്രദ്ധ പതിപ്പിക്കാന്‍ ശക്തമായ പ്രക്ഷോഭം രാജ്യവ്യാപകമായി ഉയരേണ്ടിയിരിക്കുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം 05 മേയ് 2012

No comments: