Wednesday, May 23, 2012

കശുവണ്ടി മേഖല വീണ്ടും ദുരിതത്തിലേക്ക്

പരമ്പരാഗത വ്യവസായങ്ങളില്‍ പ്രമുഖമായ ഒന്നാണ് കശുവണ്ടി വ്യവസായം. ആറ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കടുത്ത യാതനകള്‍ക്കും കൊടിയ ചൂഷണത്തിനും വിധേയരായിരുന്ന കശുവണ്ടിത്തൊഴിലാളികളെ സംഘടിപ്പിച്ച് വര്‍ഗബോധമുയര്‍ത്തി നടത്തിയ അനേകം പോരാട്ടങ്ങളുടെ ഫലമായി ഈ തൊഴിലാളികള്‍ക്ക് കാലാനുസൃതമായി കുറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, മുതലാളിത്ത സമ്പദ്വ്യവസ്ഥ സൃഷ്ടിച്ച ഭാരിച്ച കെടുതികള്‍മൂലം ജീവിതം കൂടുതല്‍ ദുസ്സഹമാകുന്ന സാഹചര്യമാണിന്ന്.

ഒരുകാലത്ത് കൊല്ലത്തും പരിസരത്തും മാത്രമായിരുന്ന വ്യവസായം ഇന്ന് ഇതര ജില്ലകളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. കശുവണ്ടി ഉല്‍പ്പാദക രാഷ്ട്രങ്ങളിലും വ്യവസായം ക്രമേണ വ്യാപിക്കുകയാണ്. ഇപ്രകാരം കശുവണ്ടി വ്യവസായം മത്സരാധിഷ്ഠിത വ്യവസായമായി മാറി. അതേസമയം കശുവണ്ടി വ്യവസായത്തിന്റെ ലോകതലസ്ഥാനം കൊല്ലംതന്നെയാണ്. കയറ്റുമതിയുടെ 92 ശതമാനവും കൊല്ലം അടിസ്ഥാനമാക്കിയാണ്. പ്രതിവര്‍ഷം ഒരുലക്ഷത്തിലധികം ടണ്‍ കശുവണ്ടിപ്പരിപ്പ് കയറ്റുമതിചെയ്ത് 3500 കോടി രൂപ വിദേശനാണ്യം നേടുന്നു. ആഭ്യന്തരവിപണിയും അതിവേഗം വികസിക്കുന്നുണ്ട്. മൂന്നുലക്ഷത്തിലധികം തൊഴിലാളികളില്‍ 98 ശതമാനവും സ്ത്രീകളാണ്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ പ്രമുഖമായ പങ്കുവഹിക്കുന്ന കശുവണ്ടി വ്യവസായം വലിയ വെല്ലുവിളികളെ നേരിടുന്നു. കയറ്റുമതി മുതലാളിമാര്‍ സൃഷ്ടിക്കുന്ന കച്ചവടമത്സരം വ്യവസായത്തിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു. മിനിമംവേജസ് കമ്മിറ്റികളും കശുവണ്ടി വ്യവസായബന്ധ സമിതിയും നിശ്ചയിക്കുന്ന വേതനവും ഇതര ആനുകൂല്യങ്ങളും നിഷ്കര്‍ഷയോടെ നടപ്പാക്കാനും പുതിയ ആനുകൂല്യങ്ങള്‍ കൈവരിക്കാനുള്ള പ്രവര്‍ത്തനം സമയബന്ധിതമായി സംഘടിപ്പിക്കാനും കഴിയുന്ന സഹചര്യത്തില്‍മാത്രമേ വ്യവസായത്തിന് സുസ്ഥിരത കൈവരിക്കാന്‍ കഴിയൂ. തൊഴിലാളികളെ ചൂഷണംചെയ്യുന്ന സമ്പ്രദായം പൂര്‍ണമായി അവസാനിപ്പിക്കാനും കഴിയണം. ഈ പശ്ചാത്തലത്തില്‍ 2006-11 കാലയളവില്‍ കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ചുരുക്കം വിവരങ്ങള്‍ പ്രതിപാദിക്കേണ്ടതുണ്ട്. രാജ്യത്ത് പ്രതിവര്‍ഷം 12 ലക്ഷം മെട്രിക് ടണ്‍ തോട്ടണ്ടിയാണ് സംസ്കരിക്കുന്നത്. ഇതില്‍ 6.5 ലക്ഷം മെട്രിക് ടണ്‍ ഇറക്കുമതിചെയ്യുന്നതാണ്. തോട്ടണ്ടിയുടെ ഉല്‍പ്പാദനം കേരളത്തില്‍ ഗണ്യമായി കുറഞ്ഞു. 1970കളില്‍ 1.5 ലക്ഷം ടണ്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് 2006 ആയപ്പോള്‍ 65,000 മെട്രിക് ടണ്ണായി. എല്‍ഡിഎഫ് സര്‍ക്കാര്‍ കശുമാവ് വികസനത്തിനുവേണ്ടി കേന്ദ്രകൃഷിമന്ത്രിക്ക് സമര്‍പ്പിച്ച സമഗ്രമായ പദ്ധതിക്ക് കേന്ദ്രം 2008ല്‍ അനുമതി നല്‍കുകയും 57.6 കോടി രൂപ അനുവദിക്കുകയുംചെയ്തു. സംസ്ഥാന സര്‍ക്കാര്‍ സഹായംകൂടി ലഭ്യമാക്കി നടപ്പാക്കേണ്ട കശുമാവ് കൃഷിവികസനത്തിന് ഒരു ഏജന്‍സി രൂപീകരിക്കുകയും കാഷ്യൂ സ്പെഷ്യല്‍ ഓഫീസറെ നിയമിക്കുകയുംചെയ്തു. ഏജന്‍സിയുടെ നേതൃത്വത്തില്‍ കൃഷിവികസനത്തിനുള്ള സംവിധാനം ഏര്‍പ്പെടുത്തി. ഇതിനകം കേന്ദ്രവിഹിതമായി 23.70 കോടി രൂപയും സംസ്ഥാനവിഹിതമായി 8.5 കോടി രൂപയും ലഭ്യമാകുകയും ചെലവാക്കുകയും ചെയ്തു. (2011-12ല്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം മരവിപ്പിക്കുകയും സംസ്ഥാന വിഹിതം നല്‍കാതിരിക്കുകയും ചെയ്തു) കഴിഞ്ഞ മൂന്നുവര്‍ഷത്തിനകം 16794 ഹെക്ടര്‍ സ്ഥലത്ത് പുതുതായി കശുമാവ് കൃഷി ആരംഭിച്ചു. കശുവണ്ടി കോര്‍പറേഷനെയും കാപ്പക്സിനെയും തകര്‍ച്ചയില്‍നിന്ന് കരകയറ്റി മാതൃകാസ്ഥാപനങ്ങളാക്കി. കാഷ്യൂ കോര്‍പറേഷന്റെ 34 ഫാക്ടറികളില്‍ പത്തെണ്ണം ഒഴികെ 24 ഫാക്ടറികള്‍ ഞലൂൗശശെശേീി മരേ അനുസരിച്ചാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. അത് നിശ്ചിതകാലയളവിലേക്ക് മാത്രം ഫാക്ടറികള്‍ കൈവശംവയ്ക്കാന്‍ അധികാരപ്പെടുത്തുന്ന നിയമമാണ്. ചില ഉടമകള്‍ ഫാക്ടറികള്‍ വിട്ടുകിട്ടാന്‍ കോടതികളെ സമീപിച്ചു. അവസാനം സുപ്രീംകോടതി നാല് ഫാക്ടറികള്‍ സ്വകാര്യഉടമകള്‍ക്ക് വിട്ടുകൊടുക്കാന്‍ വിധി പുറപ്പെടുവിച്ചു. 2002ല്‍ വിധി നടപ്പാക്കുമെന്ന സ്ഥിതി വന്നപ്പോള്‍ കാഷ്യൂ കോര്‍പറേഷന്‍ ഫാക്ടറികള്‍ സംരക്ഷിക്കാന്‍ പുതിയ നിയമം പാസാക്കണമെന്ന് ട്രേഡ്യൂണിയനുകള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും യുഡിഎഫ് സര്‍ക്കാര്‍ വിസമ്മതിച്ചു. നാല് ഫാക്ടറികള്‍ സ്വകാര്യ ഉടമകള്‍ക്ക് തിരികെ കൊടുത്തു. മറ്റ് ഫാക്ടറികള്‍ക്കും കോടതിവിധി ബാധകമാകുമെന്ന സ്ഥിതിവന്നപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരള കാഷ്യൂ ഫാക്ടറീസ് അക്വിസിഷന്‍ (ഭേദഗതി) നിയമം പാസാക്കുകയും 2009ല്‍ അതിന് കേന്ദ്രസര്‍ക്കാരിന്റെയും രാഷ്ട്രപതിയുടെയും അംഗീകാരം ലഭിക്കുകയുംചെയ്തു.

പ്രതിസന്ധിയിലായിരുന്ന രണ്ട് പൊതുമേഖലാസ്ഥാപനങ്ങളെയും സാമ്പത്തികസഹായം നല്‍കിയും ബോര്‍ഡും എംഡിയുമില്ലാതിരുന്ന കാപ്പക്സിനെ പുനഃസംഘടിപ്പിച്ചും പുനരുദ്ധരിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കാഷ്യൂ കോര്‍പറേഷനില്‍ പത്തും പതിനഞ്ചും ദിവസംമാത്രം ജോലിനല്‍കിയ സാഹചര്യത്തില്‍ അതിശക്തമായ സമരം ഉയര്‍ന്നുവന്നതിനെത്തുടര്‍ന്ന് 2005-06ല്‍ 235 ദിവസം ജോലികൊടുത്തെങ്കിലും പ്രസ്തുതവര്‍ഷം 40 കോടി രൂപയുടെ നഷ്ടമാണ് സ്ഥാപനത്തിന് വരുത്തിവച്ചത്. കാഷ്യൂ കോര്‍പറേഷനും കാപ്പക്സും വര്‍ഷത്തില്‍ എല്ലാദിവസവും തൊഴില്‍നല്‍കുന്ന സ്ഥാപനങ്ങളായി ഉയര്‍ന്നു. രണ്ട് സ്ഥാപനങ്ങളുടെയും ഫാക്ടറികളെല്ലാം നവീകരിച്ചു. കാഷ്യൂ കോര്‍പറേഷന്റെ അക്വയര്‍ചെയ്യേണ്ട 20 ഫാക്ടറികള്‍ക്കാവശ്യമായ 25 കോടി രൂപ ലഭ്യമാക്കാന്‍ നിയമത്തില്‍ വ്യവസ്ഥചെയ്തു. രണ്ട് സ്ഥാപനങ്ങളിലും 1997 മുതലുള്ള ഗ്രാറ്റുവിറ്റി കുടിശ്ശിക 2009 വരെയുള്ളത് കൊടുത്തുതീര്‍ത്തു. കാപ്പക്സില്‍ ലീവ് വിത്ത് വേജസിനുള്ള ബോണസ് 2010ല്‍ ആദ്യമായി നടപ്പാക്കി. അഞ്ചുവര്‍ഷത്തിനകം കാഷ്യൂ കോര്‍പറേഷനില്‍ 6000 പേര്‍ക്കും കാപ്പക്സില്‍ 2000 പേര്‍ക്കും പുതിയ തൊഴിലവസരം സൃഷ്ടിച്ചു. രണ്ട് സ്ഥാപനങ്ങളിലും ഉല്‍പ്പാദനക്ഷമതയും ഉല്‍പ്പാദനവും വര്‍ധിപ്പിക്കുകയും ഗുണമേന്മ ഉയര്‍ത്തുകയുംചെയ്തു. രണ്ട് സ്ഥാപനങ്ങളും യുഡിഎഫ് ഭരണകാലത്ത് സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്താന്‍ ട്രേഡ്യൂണിയന്‍ സംഘടനകള്‍ ജാഗ്രത പുലര്‍ത്തണം. 2006-11ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടുപ്രാവശ്യം തൊഴിലാളികളുടെ മിനിമം വേജസ് പുതുക്കി നിശ്ചയിക്കുകയും നടപ്പാക്കുകയുംചെയ്തു. ഇതിനുമുമ്പ് 1991ലും "99ലും മിനിമം വേജസ് പുതുക്കിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ ആയിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ അധികാരപ്രവേശം സ്വകാര്യമേഖലയില്‍ ഗണ്യമായ വിഭാഗം മുതലാളിമാര്‍ക്കും നിയമനിഷേധത്തിന് അവസരമൊരുക്കിയിട്ടുണ്ട്. മിനിമം വേജസും ഇതര ആനുകൂല്യങ്ങളും സാര്‍വത്രികമായി നടപ്പാക്കുന്നതിനുള്ള സമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരണം. അതിരൂക്ഷമായ വിലക്കയറ്റം കണക്കിലെടുത്ത് മിനിമംവേജസ് പുനര്‍നിര്‍ണയംചെയ്യാനുള്ള പ്രക്ഷോഭവും ആരംഭിക്കണം. 1995ലെ ഇപിഎഫ് സ്കീം തൊഴിലാളികളോടുള്ള വലിയ വിവേചനമായിരുന്നു. അര്‍ഹമായ പെന്‍ഷന്‍തുക ലഭ്യമാക്കാനും സ്കീം പരിഷ്കരിക്കാനും വലിയ പ്രക്ഷോഭം ആവശ്യമാണ്. കശുവണ്ടി വ്യവസായം നമ്മുടെ സംസ്ഥാനത്ത് നിലനിര്‍ത്താനും ഇതര സംസ്ഥാനങ്ങളിലേക്ക് പറിച്ചുനടപ്പെടാതിരിക്കാനും വ്യവസായത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങളുണ്ടാകണം. ഇതര രാഷ്ട്രങ്ങളില്‍ വ്യവസായം ആരംഭിക്കാന്‍ സാധ്യതയുള്ള സ്ഥിതിക്ക് കശുവണ്ടി ഉല്‍പ്പാദനത്തില്‍ നമ്മുടെ രാജ്യത്തിന് സ്വയംപര്യാപ്തത നേടാനാകണം. കൊള്ളലാഭംകൊയ്യുന്ന ഇടത്തട്ടുകാരുടെ ചൂഷണം അവസാനിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് വലിയ ബാധ്യതയാണുള്ളത്. കൊല്ലം ആസ്ഥാനമാക്കി കാഷ്യൂ ബോര്‍ഡ് സ്ഥാപിക്കണമെന്ന ആവശ്യം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിരന്തരമായി ഉയര്‍ത്തി. കമല്‍നാഥ് വാണിജ്യ-വ്യവസായ മന്ത്രിയായിരുന്ന ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് അനുകൂലമായ തീരുമാനം എടുത്തിരുന്നു. കേന്ദ്രമന്ത്രിയുടെയും കേന്ദ്ര വാണിജ്യവകുപ്പിന്റെയും ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡിന്റെ ആസ്ഥാനമന്ദിരം നിര്‍മിക്കാനുള്ള സ്ഥലവും കണ്ടെത്തി. ആ തീരുമാനം പ്രവാര്‍ത്തികമായില്ല. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തും ഈ പ്രശ്നം വീണ്ടും ഉയര്‍ത്തുകയും അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും സംയുക്തമായി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുകയുംചെയ്തു. വാണിജ്യമന്ത്രി ആനന്ദ്ശര്‍മയില്‍നിന്ന് ലഭിച്ച മറുപടിയില്‍ കാഷ്യൂ ബോര്‍ഡിനുള്ള അംഗീകാരം ധനവകുപ്പില്‍നിന്നും കൃഷിവകുപ്പില്‍നിന്നും ലഭിച്ചിട്ടില്ലെന്നാണ്. കേന്ദ്ര പ്ലാനിങ് കമീഷന്‍ ഇപ്പോള്‍ കാഷ്യൂ ബോര്‍ഡിന് അനുകൂലമായ തീരുമാനമെടുത്തതായി മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തൊഴിലാളിസംഘടനകളുടെയും നിയമസഭയുടെയും സര്‍ക്കാരിന്റെയും മുന്‍കൈ ഇക്കാര്യത്തിലുണ്ടാകണം.

*
പി കെ ഗുരുദാസന്‍ ദേശാഭിമാനി 23 മേയ് 2012

No comments: