Tuesday, May 29, 2012

കേസില്ലാത്ത പൊന്‍കുഞ്ഞുങ്ങള്‍

ഒരു പൊതുയോഗത്തിലെ പ്രസംഗത്തിന്റെപേരില്‍ സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിക്കെതിരെ ജാമ്യമില്ലാ വകുപ്പുചേര്‍ത്ത് കേസെടുത്തിരിക്കുന്നു. അദ്ദേഹം പത്രസമ്മേളനം നടത്തിയോ എഴുതി തയ്യാറാക്കിയ പ്രസ്താവനയിലൂടെയോ എന്തെങ്കിലും പറഞ്ഞതല്ല. നാട്ടിന്‍പുറത്തെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു. മണിയുടെ ദീര്‍ഘമായ പ്രസംഗം പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും ജനങ്ങള്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്. അതില്‍ ഒരുഭാഗത്ത്, പാര്‍ടി എതിരാളികളില്‍നിന്ന് നേരിട്ട ആക്രമണങ്ങളെക്കുറിച്ച് പറഞ്ഞു. വടകരയിലെ ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിനുമേല്‍ ആരോപിക്കുന്നതിന്റെ അസാംഗത്യത്തെക്കുറിച്ച് പറഞ്ഞു. അതിനിടയില്‍, ആനുഷംഗികമായി നടത്തിയ ചില പരാമര്‍ശങ്ങള്‍ പാര്‍ടിയുടെ നിലപാടിന് നിരക്കാത്തതായിരുന്നു. തെറ്റിദ്ധാരണ ഉളവാക്കുന്ന ആ ഭാഗം പാര്‍ടി നയത്തില്‍നിന്നുള്ള വ്യതിയാനമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പരസ്യമായി പറഞ്ഞു.

സിപിഐ എമ്മിന്റെ ജില്ലാസെക്രട്ടറി സ്വന്തം ജില്ലയിലെ ഒരു പൊതുയോഗത്തില്‍ നടത്തിയ പ്രസംഗം രാജ്യാന്തരവാര്‍ത്തയായി വളരുന്നതാണ് പിന്നീട് കണ്ടത്. ഒരുതരം ആര്‍ത്തിയോടെയാണ് മാധ്യമങ്ങള്‍ ആ വാര്‍ത്തയെ സമീപിച്ചത്. കോടതി തീര്‍പ്പുകല്‍പ്പിച്ച കേസുകള്‍ അവര്‍ക്ക് മാന്തിയെടുക്കണം. സിപിഐ എം കൊലപാതകികളുടെ പാര്‍ടിയാണെന്ന് സ്ഥാപിക്കണം. ഗുജറാത്തില്‍ നൂറുകണക്കിന് മുസ്ലിം സഹോദരങ്ങളെ കൊന്നുതള്ളുന്നതിന് നേതൃത്വംകൊടുത്ത നരേന്ദ്ര മോഡിയെക്കൊണ്ടുപോലും പ്രതികരിപ്പിച്ചത് മാധ്യമങ്ങളാണ്. ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ഡല്‍ഹിയില്‍ സിഖുകാരെ കൂട്ടത്തോടെ കൊന്നൊടുക്കിയത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ്. വെട്ടിയും ചുട്ടും കുത്തിയും വെടിവച്ചും സിഖ് കുഞ്ഞുങ്ങളെപ്പോലും കൊന്നു. അന്ന്, ആ ചോരയുടെ നവ് മാറുന്നതിനുമുമ്പ് കോണ്‍ഗ്രസ് പ്രസിഡന്റ് രാജീവ്ഗാന്ധി പറഞ്ഞത്, വന്‍മരം വീഴുമ്പോള്‍ അങ്ങനെയൊക്കെ ഉണ്ടാകുമെന്നാണ്. ഒരു ജനതയെ സ്വന്തം അനുയായികള്‍ കൂട്ടത്തോടെ കൊന്നൊടുക്കുമ്പോള്‍, തന്റെ മാതാവിന്റെ കൊലപാതകത്തിലുള്ള സ്വാഭാവിക പ്രതികരണമായി അതിനെ വിശേഷിപ്പിച്ച രാജീവ്ഗാന്ധിയാണ് പിന്നീട് കോണ്‍ഗ്രസിനെ നയിച്ചത്- കൊല്ലപ്പെടുവോളം. ആ രാജീവിനെ നേതാവായിക്കാണുന്ന കോണ്‍ഗ്രസിന് ഇപ്പോള്‍ എം എം മണിയുടെ പ്രസംഗത്തെ പ്രതിക്കൂട്ടില്‍ കയറ്റണംപോലും.

കൈയിലുള്ള ഭരണം അതിന്റെ ഏറ്റവും നീചമായ അര്‍ഥത്തില്‍ ഉപയോഗിക്കുകയാണ് ഉമ്മന്‍ചാണ്ടി. ഒരുപക്ഷേ, ഇത്രയും ഹീനമായ മനസ്സും പ്രവൃത്തിയും കേരളം ഇതിനുമുമ്പ് ഒരു ഭരണാധികാരിയിലും കണ്ടിട്ടുണ്ടാകില്ല. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനംചെയ്യാനും തകര്‍ത്തുകളയാനും പൊലീസിനെയും ഭരണസംവിധാനത്തെയാകെയും മാധ്യമങ്ങളെയും ഒരുപോലെ ഉപയോഗിക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തഭൃത്യരായി പ്രമുഖ മാധ്യമങ്ങള്‍ പരിപൂര്‍ണമായി രൂപാന്തരപ്പെട്ടിരിക്കുന്നു എന്നതാണ് ഈ കാലത്തിന്റെ സവിശേഷത. എം എം മണി പറഞ്ഞതിന്റെ അര്‍ഥവും അര്‍ഥക്കേടും അറിയാഞ്ഞിട്ടല്ല ഒരുതരം ആക്രാന്തത്തോടെ മാധ്യമങ്ങള്‍ അതിനെ സമീപിക്കുന്നത് എന്നര്‍ഥം. കാരണം, ഇത്തരം നിരവധി പ്രസ്താവനകളും പ്രസംഗങ്ങളും നമുക്ക് മുന്നിലുണ്ട്. അവയോടൊന്നും ഈ സമീപനം കണ്ടിട്ടില്ല. മുമ്പും അങ്ങനെയുണ്ടായിരുന്നില്ല.

കണ്ണൂര്‍ ഡിസിസി പ്രസിഡന്റായിരുന്ന പി രാമകൃഷ്ണന്‍ കഴിഞ്ഞ ഒക്ടോബര്‍ ആറിന് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്താണ്, കൂത്തുപറമ്പ് വെടിവയ്പ്പും എ കെ ജി ആശുപത്രി പിടിച്ചെടുക്കലും ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ സൃഷ്ടിച്ച് കണ്ണൂര്‍ ജില്ലയില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടത് കെ സുധാകരന്‍ എംപിയാണെന്ന് വെളിപ്പെടുത്തിയത്. ""കൂത്തുപറമ്പില്‍ പോകരുതെന്ന് ഞങ്ങളെല്ലാം പറഞ്ഞു. മന്ത്രി രാമകൃഷ്ണന്‍ പോകാന്‍ തയ്യാറാകാതിരുന്ന കൂത്തുപറമ്പിലേക്ക് എം വി രാഘവനെ നിര്‍ബന്ധിച്ച് അയച്ചത് സുധാകരനാണ്. എ കെ ജി ആശുപത്രി പിടിച്ചെടുക്കുന്നതിനെ കോണ്‍ഗ്രസ് എതിര്‍ത്തു. എ കെ ജിയുടെ പേരിലുള്ള സ്ഥാപനവുമായി കോണ്‍ഗ്രസിന് ബന്ധമൊന്നുമില്ല. സുധാകരനായിരുന്നു ആശുപത്രി പിടിച്ചെടുക്കലിനുപിന്നില്‍. കൂത്തുപറമ്പ്, എ കെ ജി ആശുപത്രി സംഭവങ്ങളെ തുടര്‍ന്നാണ് ബൂത്തിലിരിക്കാന്‍പോലും ആളില്ലാത്ത സ്ഥിതിയിലേക്ക് കോണ്‍ഗ്രസ് എത്തിയത്. കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് ചരിത്രം അട്ടിമറിക്കപ്പെടുകയും പാര്‍ടി നാമാവശേഷമാകുകയും ചെയ്തു"". ""സുധാകരന്‍ രക്തസാക്ഷികളെ സൃഷ്ടിച്ചതും പ്രവര്‍ത്തകരെക്കൊണ്ട് ആയുധമെടുപ്പിച്ചതും പാര്‍ടിയെ രക്ഷിക്കാനായിരുന്നില്ല. സുധാകരന്റെ നാളുകള്‍ തിരിച്ചുവന്നാല്‍ കോണ്‍ഗ്രസ് വീണ്ടും കാടുകയറും. അക്കാലത്തും ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഗുണ്ടകളെ ഉപയോഗിക്കാറില്ല.""- എന്നും രാമകൃഷ്ണന്‍ പറഞ്ഞു. കൊലപാതകം, അതിനുള്ളപ്രേരണ, ഗുണ്ടാബന്ധം, അന്യായമായ സംഘംചേരല്‍, ആയുധശേഖരണം- ഇങ്ങനെ ഒട്ടേറെ കുറ്റങ്ങള്‍ സുധാകരനെതിരെ ചാര്‍ജ് ചെയ്യാനുള്ള വകയുണ്ട്. മുഖ്യസാക്ഷി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുതന്നെ. കേസെടുത്തോ ഉമ്മന്‍ചാണ്ടി? മൈക്കും കൊണ്ട് പ്രതികരണത്തിനായി പരക്കംപാഞ്ഞോ ചാനല്‍ജീവികള്‍? മുഖപ്രസംഗം എഴുതിയോ മനോരമ? കാര്‍ട്ടൂണ്‍ വരച്ചോ മാതൃഭൂമി? അതുചെയ്തിട്ടാണ് ഇന്നത്തെ ഉറഞ്ഞുതുള്ളലെങ്കില്‍ അതിനെ അന്തസ്സായ പണി എന്ന് വിളിക്കാമായിരുന്നു. ഇതിപ്പോള്‍ തറനിലവാരത്തിലുള്ള ഒന്നായിപ്പോയി.

കടയിലിരുന്ന് ചായകുടിക്കുകയായിരുന്ന നാല്‍പാടി വാസു എന്ന ചെറുപ്പക്കാരന്‍ തന്റെ ജാഥയ്ക്കുനേരെ നോക്കി പരിഹസിക്കുകയാണെന്ന് തോന്നിയപ്പോള്‍ സുധാകരന്റെ ഗണ്‍മാനെക്കൊണ്ട് വെടിവച്ച് കൊല്ലിച്ചു. എന്നിട്ട് അടുത്ത കേന്ദ്രത്തില്‍ പോയി, ഒരുത്തനെ വെടിവച്ച് കൊന്നിട്ടാണ് വരുന്നതെന്ന് വീമ്പിളക്കി. ആ നേതാവിനെ കേസില്‍നിന്ന് ഒഴിവാക്കാനായിരുന്നു മലയാള മനോരമയുടെയും മാതൃഭൂമിയുടെയും ആവേശം.

ഉദാഹരണങ്ങള്‍ അവസാനിക്കുന്നില്ല. സീതിഹാജിയുടെ മകന്‍ ബഷീര്‍ ഇന്ന് മുസ്ലിംലീഗിന്റെ എംഎല്‍എയാണ്. ബഷീര്‍ നടത്തിയ ഒരു പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ ഇവിടെ: ""ഈ കേസിനെ സംബന്ധിച്ച് ഏറനാട് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്. അതിന്റെ പ്രസിഡന്റ് എന്ന നിലയ്ക്ക് പറയുന്നു, ഈ കേസ് കോടതിയില്‍ എന്നെങ്കിലും വരികയാണെങ്കില്‍ ഇതിന് എവനെങ്കിലും സാക്ഷി പറയാന്‍ കോടതിയില്‍ എത്തുകയാണെങ്കില്‍ അവന്‍ ജീവനോടെ തിരിച്ചുപോരില്ല. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. നിങ്ങള്‍ ചെയ്തോ, ബാക്കി ഞാനേറ്റു. ഒരു ബേജാറും വേണ്ട"". ഏതാണ് കേസ് എന്ന് സംശയിക്കേണ്ട- മുസ്ലിംലീഗുകാര്‍ പാഠപുസ്തകത്തിനെതിരെ സമരം ചെയ്തപ്പോള്‍ അധ്യാപകനെ ചവിട്ടിക്കൊന്ന കേസാണ്. അതില്‍ "കമ്യൂണിസ്റ്റുകാര്‍ സാക്ഷി പറയാന്‍ പോകരുതെന്ന് അന്ന് പറഞ്ഞതാണ്. ശങ്കരപണിക്കര്‍ പോയാല്‍ കാലുവെട്ടുമെന്ന് പറഞ്ഞു. അത് ഇപ്പോഴും ആവര്‍ത്തിക്കുന്നു"- എന്നാണ് ബഷീര്‍ മൈക്കുകെട്ടി പൊതുയോഗത്തില്‍ പറഞ്ഞത്. പ്രത്യേക സാക്ഷികളുടെയൊന്നും ആവശ്യമില്ല. ഇന്റര്‍നെറ്റില്‍ വെറുതെ തിരക്കിയാല്‍ മതി. പ്രസംഗത്തിന്റെ പൂര്‍ണരൂപം കിട്ടും. ഈ പ്രസംഗം ഏതെങ്കിലും പത്രമോ ചാനലോ റിപ്പോര്‍ട്ടുചെയ്യുന്നത് മലയാളികള്‍ കണ്ടോ? എവിടെയെങ്കിലും ചര്‍ച്ചചെയ്യപ്പെട്ടോ? എം എം മണിയുടെ മേല്‍ കുതിരകയറുമ്പോള്‍ ആ ഓര്‍മ ഉണ്ടായിരിക്കേണ്ടതല്ലേ? എം എം ഹസ്സന്‍ പറഞ്ഞത്, കോണ്‍ഗ്രസുകാര്‍ സിപിഐ എം പ്രവര്‍ത്തകരെ കൊന്നിട്ടുണ്ട് എന്നാണ്. ഏഷ്യാനെറ്റ് വാര്‍ത്താ ചാനലിന്റെ പരിപാടിയിലാണ് ആ പരാമര്‍ശം ഉണ്ടായത്.

എം എം മണിയുടെ പ്രസംഗം പ്രാദേശിക വീഡിയോപടമെടുപ്പുകാരനെ തേടിപ്പിടിച്ച് കൈവശപ്പെടുത്തി ഉത്സവമാക്കിമാറ്റിയ ചാനലിന് സ്വന്തം മുറ്റത്തുവന്ന് ഹസ്സന്‍ നടത്തിയ വെളിപ്പെടുത്തല്‍ വാര്‍ത്തയുടെ പൊടിപോലുമായില്ല. എന്തൊരു കാപട്യമാണിത്? എന്തുതരം ദാസ്യമാണിത്? എം എം മണിയുടെ പ്രസംഗം കൊണ്ട് കുരുക്കുതീര്‍ത്ത് സിപിഐ എമ്മിനെ തൂക്കിക്കൊന്നുകളയാം എന്ന് മോഹിച്ചുള്ള പരക്കംപാച്ചിലല്ല ഇത് എന്ന് സാമാന്യബോധമുള്ള മലയാളിക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഉമ്മന്‍ചാണ്ടിക്ക് ഗ്ലൂക്കോസ് കൊടുക്കാനുള്ള അഭ്യാസമാണിത്. ചന്ദ്രശേഖരന്‍ വധക്കേസില്‍ പൊലീസ് പിടിച്ചുകൊണ്ടുപോയവരുടെ മൊഴി എന്നപേരില്‍ കഥകളും ഉപകഥകളും സൃഷ്ടിച്ച് വിട്ടവരുടെ ഇടവേളയിലെ വിനോദം മാത്രം. ഇതിനൊക്കെ ഉമ്മന്‍ചാണ്ടിയും യുഡിഎഫും എങ്ങനെയെല്ലാം പ്രത്യുപകാരം ചെയ്യേണ്ടിവരും എന്നാണ് ഇനി അന്വേഷിക്കേണ്ടത്. എന്തായാലും സുധാകരനെതിരെ കേസെടുക്കാനോ അറസ്റ്റുചെയ്യാനോ നട്ടെല്ലുകാണിച്ചു വേണമല്ലോ എം എം മണിയെത്തേടി ചെല്ലാന്‍. അതുപറയാന്‍ യുഡിഎഫ് വിലാസം മാധ്യമങ്ങളുടെ വഴുവഴുപ്പന്‍ നാവിന് കഴിയില്ല എങ്കിലും എല്ലാം കാണുന്ന നാട്ടുകാര്‍ക്ക് അങ്ങനെ ചിന്തിക്കാതിരിക്കാനാകില്ല. എം എം മണി പറഞ്ഞതുപോലെ, ""വെടിക്കെട്ടുകാരന്റെ കുട്ടിയെ ഉടുക്കുകൊട്ടി പേടിപ്പിക്കുന്നത്"" കൗതുകമുള്ള കാഴ്ചതന്നെ.

*
പി എം മനോജ്

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഒരു പൊതുയോഗത്തിലെ പ്രസംഗത്തിന്റെപേരില്‍ സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിക്കെതിരെ ജാമ്യമില്ലാ വകുപ്പുചേര്‍ത്ത് കേസെടുത്തിരിക്കുന്നു. അദ്ദേഹം പത്രസമ്മേളനം നടത്തിയോ എഴുതി തയ്യാറാക്കിയ പ്രസ്താവനയിലൂടെയോ എന്തെങ്കിലും പറഞ്ഞതല്ല. നാട്ടിന്‍പുറത്തെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു. മണിയുടെ ദീര്‍ഘമായ പ്രസംഗം പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും ജനങ്ങള്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്. അതില്‍ ഒരുഭാഗത്ത്, പാര്‍ടി എതിരാളികളില്‍നിന്ന് നേരിട്ട ആക്രമണങ്ങളെക്കുറിച്ച് പറഞ്ഞു. വടകരയിലെ ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിനുമേല്‍ ആരോപിക്കുന്നതിന്റെ അസാംഗത്യത്തെക്കുറിച്ച് പറഞ്ഞു. അതിനിടയില്‍, ആനുഷംഗികമായി നടത്തിയ ചില പരാമര്‍ശങ്ങള്‍ പാര്‍ടിയുടെ നിലപാടിന് നിരക്കാത്തതായിരുന്നു. തെറ്റിദ്ധാരണ ഉളവാക്കുന്ന ആ ഭാഗം പാര്‍ടി നയത്തില്‍നിന്നുള്ള വ്യതിയാനമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പരസ്യമായി പറഞ്ഞു.

vkayil said...

മണി പറഞ്ഞ കാര്യങ്ങള്‍ ഒരു മോഡിയോ, പി സി ജോര്‍ജോ ആണ് പറഞ്ഞിരുന്നതെങ്കില്‍, താങ്കളും, സിപിഎം നേതാക്കളും എങ്ങിനെയായിരുന്നു പ്രതികരിക്കുക എന്ന്കൂടി പറഞ്ഞാല്‍ കാര്യങ്ങള്‍ക്ക് വ്യക്തത കിട്ടും.