Wednesday, May 30, 2012

ഹേമന്ദ ബോസ്: ഒരു രാഷ്ട്രീയ കൊലപാതകത്തിന്റെ ഓര്‍മ

ചരിത്രം മനുഷ്യനെ ഇടക്കിടക്ക് പലതും ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും. അതിനാല്‍ ഏകാധിപതികളും അധികാരത്തിനുവേണ്ടി അധാര്‍മികതകള്‍ കാട്ടുന്നവരും എപ്പോഴും ചരിത്രത്തെ ഭയപ്പെടും. അടിയന്തരാവസ്ഥയെക്കുറിച്ച് ഓര്‍മിപ്പിക്കുമ്പോള്‍ അതിന്റെ മുഖ്യ സംഘാടകരായ കോണ്‍ഗ്രസുകാര്‍ മാത്രമല്ലല്ലോ ഞെട്ടുന്നത്. അടിയന്തരാവസ്ഥയില്‍ ജനങ്ങള്‍ക്കെതിരെ ഒറ്റുകാരായി പ്രവര്‍ത്തിച്ചവരും ഞെട്ടാറുണ്ട്. പാര്‍ലമെന്റിന്റെ അറുപതാം വാര്‍ഷികത്തില്‍ ജനാധിപത്യമൂല്യങ്ങളെക്കുറിച്ച് പ്രസംഗിച്ച "മാന്യനായ പ്രധാനമന്ത്രി" ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത കാര്യമാണ് യുപിഎ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കോടികള്‍ കോഴ നല്‍കിയ സംഭവം. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കുമ്പോഴും പണം കൊടുത്ത് അധികാരം നിലനിര്‍ത്തിയ നാണക്കേടുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇത്തരം അധാര്‍മികതകളും കണ്ണില്‍ച്ചോരയില്ലാത്ത കുരുതികളും അധികാരം നിലനിര്‍ത്താന്‍ വേണ്ടി നടത്തിയതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്.

കേരളത്തില്‍ കോണ്‍ഗ്രസ് നേരിടാന്‍ പോകുന്ന സുപ്രധാന തെരഞ്ഞെടുപ്പില്‍ (നെയ്യാറ്റിന്‍കര) കോണ്‍ഗ്രസിന്റെ മുഖം വളരെ വികൃതമാണ്. ജനങ്ങളെ വഞ്ചിച്ച് മറുകണ്ടം ചാടിയ ആളെ സ്വന്തം സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് അവരോധിച്ചു. അഭിമാനപൂര്‍വം ഉയര്‍ത്തിക്കാട്ടാന്‍ ഒന്നുമില്ലാത്ത കോണ്‍ഗ്രസ് പ്രതിരോധത്തിലാവുക സ്വാഭാവികം. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഒരു പുതിയ വിഷയം രൂപപ്പെടുത്തിയെടുക്കുന്നു. ടി പി ചന്ദ്രശേഖരന്‍ വധം എത്ര പെട്ടെന്നാണ് കോണ്‍ഗ്രസിനെ സഹായിക്കാനുള്ള വിഷയമാക്കി മാധ്യമങ്ങള്‍ മാറ്റിയത്. സിപിഐ എമ്മിന് നിരവധി രാഷ്ട്രീയ എതിരാളികളുണ്ട്. അവരെ നേരിടാനുള്ള ശക്തമായ രാഷ്ട്രീയവും പ്രത്യയശാസ്ത്രവുമാണ് സിപിഐ എം ഉയര്‍ത്തിപ്പിടിക്കുന്നത്. എതിരാളികളെ ഇല്ലാതാക്കിയല്ല, എതിര്‍രാഷ്ട്രീയത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടിയാണ് സിപിഐ എം മുന്നേറിയത്. സിപിഐ എമ്മിലൂടെ കേരളത്തിലെ വലിയ നേതാക്കളായി വളര്‍ന്നവര്‍ മറുകണ്ടം ചാടിയശേഷം ഇപ്പോഴും എതിര്‍പാളയങ്ങളില്‍നിന്ന് വെല്ലുവിളി നടത്തുന്നുണ്ട്. സിപിഐ എമ്മിന് അതുകൊണ്ട് ഒന്നും സംഭവിച്ചിട്ടില്ല. കോഴിക്കോട് ജില്ലയിലെ ഒഞ്ചിയത്ത് മാത്രമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയും അതിന്റെ നേതാവും സിപിഐ എമ്മിനെ സംബന്ധിച്ച് ഒരു തരത്തിലും ഭീഷണിയായിരുന്നില്ല. ഈ രാഷ്ട്രീയ പശ്ചാത്തലങ്ങള്‍ കൂടി മനസ്സില്‍ വച്ച് ചിന്തിക്കുമ്പോള്‍ ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ "ഗുണഭോക്താക്കള്‍" ആരെന്ന് വ്യക്തമാകും. കോണ്‍ഗ്രസിന് രാഷ്ട്രീയനേട്ടമുണ്ടാകാന്‍ നിരപരാധികളെ കൊന്നശേഷം രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ അവര്‍ പ്രചാരണം നടത്തുമോ? നിഷ്കളങ്കമായി ചിന്തിക്കുന്നവരുടെ മനസ്സില്‍ ഇത്തരം സംശയം ഉയര്‍ന്നുവരാം. ബുദ്ധിജീവികള്‍, ഇടതുപക്ഷ സഹയാത്രികരെന്ന് അവകാശപ്പെടുന്നവര്‍ തുടങ്ങിയവരും ഇങ്ങനെ ചിന്തിക്കാറുണ്ട്. എന്നാല്‍ എഴുപതുകളിലെ ഇന്ത്യന്‍ രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുള്ളവര്‍ക്ക് കോണ്‍ഗ്രസ് ഇതല്ല, ഇതിനപ്പുറവും ചെയ്യുമെന്ന് ബോധ്യപ്പെടും.

ടി പി ചന്ദ്രശേഖരന്‍ വധത്തോട് നിരവധി സമാനതകളുള്ള സംഭവമാണ് പശ്ചിമബംഗാളില്‍ 1971ല്‍ നടന്ന ഹേമന്ദകുമാര്‍ ബോസ് വധം. ഹേമന്ദ ബോസ് വധത്തിന്റെ ഗുണഭോക്താക്കളും കോണ്‍ഗ്രസുകാര്‍ തന്നെയായിരുന്നു. പശ്ചാത്തലം 1971ലെ തെരഞ്ഞെടുപ്പ്. പശ്ചിമബംഗാളില്‍ എഴുപതുകളുടെ തുടക്കത്തിലുള്ള രാഷ്ട്രീയ അവസ്ഥ വിശദീകരിച്ചാല്‍ മാത്രമേ കോണ്‍ഗ്രസ് ഇത്തരമൊരു കുടിലതന്ത്രം സ്വീകരിച്ചതിനു പിന്നിലുള്ള കാരണങ്ങള്‍ വ്യക്തമാവുകയുള്ളൂ. 1967, 69 വര്‍ഷങ്ങളിലെ സിപിഐ എം പങ്കാളിത്തമുള്ള ഐക്യമുന്നണി സര്‍ക്കാരുകള്‍ കോണ്‍ഗ്രസിനെ ഒട്ടൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. ഭൂപരിഷ്കരണ നിയമം ഉള്‍പ്പെടെയുള്ള ജനപക്ഷ നിയമങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളെ അട്ടിമറിക്കാനും ഭൂപ്രഭുക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും കോണ്‍ഗ്രസ് മുന്നിലെത്തി. രണ്ടാം ഐക്യമുന്നണി സര്‍ക്കാരിനുള്ളില്‍ തന്നെ കുഴപ്പമുണ്ടാക്കി ഗവണ്‍മെന്റിനെ അട്ടിമറിച്ചു. സിപിഐ എം രൂപീകരിച്ചശേഷം പശ്ചിമബംഗാളില്‍ ആദ്യമായി നടന്ന തെരഞ്ഞെടുപ്പാണ് 1967ലെ നിയമസഭാ തെരഞ്ഞെടുപ്പ്. ഏഴ് പാര്‍ടികള്‍ ഉള്‍പ്പെടുന്ന ഐക്യ ഇടതുമുന്നണി രൂപീകരിച്ചാണ് സിപിഐ എം തെരഞ്ഞെടുപ്പിനെ നേരിട്ടത്. സിപിഐ എമ്മിനെ കൂടാതെ ആര്‍എസ്പി, മാര്‍ക്സിസ്റ്റ് ഫോര്‍വേഡ് ബ്ലോക്ക്, ആര്‍സിപിഐ, എസ്എസ്പി, എസ്യുസിഐ, വര്‍ക്കേഴ്സ് പാര്‍ടി എന്നിവയായിരുന്നു ഐക്യ ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍. സിപിഐ, ഫോര്‍വേഡ് ബ്ലോക്ക്, അജയ് മുഖര്‍ജിയുടെ ബംഗ്ലാ കോണ്‍ഗ്രസ് എന്നിവ ചേര്‍ന്ന് പിയുഎല്‍എഫ് എന്ന മുന്നണി രൂപീകരിച്ചാണ് മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം സീറ്റുകള്‍ നേടാന്‍ കഴിഞ്ഞില്ല. 280 അംഗ നിയമസഭയില്‍ 127 സീറ്റാണ് അവര്‍ക്ക് ലഭിച്ചത്. 68 സീറ്റ് ലഭിച്ച ഐക്യ ഇടതുമുന്നണിയും 65 സീറ്റ് നേടിയ പിയുഎല്‍എഫും ചേര്‍ന്ന് ഒന്നാം ഐക്യമുന്നണി സര്‍ക്കാര്‍ രൂപീകരിച്ചു. 43 സീറ്റ് നേടിയ സിപിഐ എം ആയിരുന്നു മുന്നണിയില്‍ ഏറ്റവും വലിയ പാര്‍ടി. എന്നാല്‍ മുഖ്യമന്ത്രിസ്ഥാനം അജയ് മുഖര്‍ജിക്ക് വിട്ടുകൊടുത്തു. ജ്യോതിബസു ഉപമുഖ്യമന്ത്രിയായി. ഒന്നാം ഐക്യമുന്നണി സര്‍ക്കാരിന്റെ കാലത്താണ് നക്സല്‍ബാരിയില്‍ കലാപം ആരംഭിച്ചത്. ഹരേകൃഷ്ണ കോനാര്‍ ആയിരുന്നു ഐക്യമുന്നണി മന്ത്രിസഭയില്‍ ഭൂപരിഷ്കരണത്തിന്റെ ചുമതലയുള്ള മന്ത്രി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഭൂപരിഷ്കരണത്തിനുള്ള നിരവധി നടപടികള്‍ ആരംഭിച്ചു. പാട്ട കൃഷിക്കാരായ ബര്‍ഗാധാര്‍മാരുടെ പങ്ക് 60:40 എന്ന അനുപാതത്തില്‍ നിന്ന് 75:25 ആയി ഉയര്‍ത്തി. 23 ലക്ഷം ഏക്കര്‍ മിച്ചഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്കും നാമമാത്ര കര്‍ഷകര്‍ക്കും വിതരണം ചെയ്തു. ബിനാമി പേരുകളില്‍ കൈവശം വച്ചിരുന്നതടക്കം ആറ് ലക്ഷം ഏക്കര്‍ മിച്ചഭൂമി രണ്ട് ഐക്യമുന്നണി സര്‍ക്കാരുകളുടെ കാലത്ത് പിടിച്ചെടുത്ത് സര്‍ക്കാരില്‍ ലയിപ്പിച്ചു. തൊഴില്‍ തര്‍ക്കങ്ങളില്‍ പൊലീസ് ഇടപെടില്ലെന്ന നിലപാടെടുത്തു. ഇത്തരം നടപടികള്‍ കോണ്‍ഗ്രസിന്റെ മാത്രമല്ല, ഐക്യമുന്നണി ഘടകകക്ഷികളുടെ കൂടി കടുത്ത എതിര്‍പ്പ് ക്ഷണിച്ചുവരുത്തി. 1967 നവംബര്‍ നാലിന് ഭക്ഷ്യമന്ത്രി പ്രഭുല്ലചന്ദ്ര ഘോഷ് രാജിവച്ചു. നവംബര്‍ 21ന് ഗവര്‍ണര്‍ ഒന്നാം ഐക്യമുന്നണി സര്‍ക്കാരിനെ പിരിച്ചുവിട്ടു. പ്രഭുല്ലചന്ദ്ര ഘോഷിനെ മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. ഈ ഗവണ്‍മെന്റിനെതിരെ ശക്തമായ പ്രതിഷേധം ബംഗാളിലാകെ ഉയര്‍ന്നു. നവംബര്‍ 29ന് സ്പീക്കര്‍ നടത്തിയ പ്രഖ്യാപനം സംസ്ഥാന സര്‍ക്കാരിനെ ഞെട്ടിച്ചു. പ്രഭുല്ലചന്ദ്രഘോഷ് സര്‍ക്കാര്‍, ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു പ്രഖ്യാപനം. കുറേനാള്‍ കൂടി കടിച്ചുതൂങ്ങിയശേഷം 1968 ഫെബ്രുവരി 20ന് പ്രഭുല്ലചന്ദ്ര ഘോഷ് രാജിവച്ചു. തുടര്‍ന്ന് നടന്ന ഒരു വര്‍ഷത്തെ രാഷ്ട്രപതിഭരണത്തില്‍ സിപിഐ എമ്മിനെതിരെ അതിനിഷ്ഠുരമായ ആക്രമണമാണ് പൊലീസും കോണ്‍ഗ്രസും നക്സലൈറ്റുകളും നടത്തിയത്. 1969 ഫെബ്രുവരി ഒന്‍പതിന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊതു മിനിമം പരിപാടിക്കു കീഴില്‍ 12 പാര്‍ടികളുടെ മുന്നണി രൂപീകരിച്ചാണ് സിപിഐ എം തെരഞ്ഞെടുപ്പിനെ നേരിട്ടത്.

280ല്‍ 214 സീറ്റും ഐക്യമുന്നണി നേടി. 101 സീറ്റില്‍ മത്സരിച്ച സിപിഐ എമ്മിന് 83 സീറ്റ് കിട്ടി. രണ്ടാം ഐക്യമുന്നണി സര്‍ക്കാരിനെയും മുന്നണിക്കുള്ളില്‍ കുഴപ്പമുണ്ടാക്കി താഴെവീഴ്ത്തി. അതിനുശേഷം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിയായിരുന്ന സിദ്ധാര്‍ഥശങ്കര്‍ റേയെ പശ്ചിമബംഗാളിന്റെ കോണ്‍ഗ്രസ് സംഘടനാ ചുമതല നല്‍കി ഡല്‍ഹിയില്‍നിന്ന് കൊല്‍ക്കത്തയിലേക്കയച്ചത് ഇന്ദിരാഗാന്ധിയാണ്. ഗവര്‍ണര്‍ ഭരണത്തില്‍ സിദ്ധാര്‍ഥശങ്കര്‍ റേയുടെ ആസൂത്രണത്തിലാണ് പിന്നീട് കാര്യങ്ങള്‍ നടന്നത്. സിപിഐ എമ്മിനെതിരെ വ്യാപകമായ ആക്രമണങ്ങളാണ് നടന്നത്. സ്വതന്ത്രമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ സിപിഐ എമ്മിന് കഴിയാത്തവിധം അക്രമവും കൊലപാതകങ്ങളും ദിവസവും അരങ്ങേറി. നൂറുകണക്കിന് സിപിഐ എം പ്രവര്‍ത്തകരെ കൊന്നൊടുക്കിയിട്ടും ഒരു കേസും രജിസ്റ്റര്‍ ചെയ്തില്ല; ആരെയും അറസ്റ്റുചെയ്തില്ല. 1971 മാര്‍ച്ച് ഒന്‍പതിന് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചു. ഫോര്‍വേഡ് ബ്ലോക്ക് അടക്കമുള്ള എട്ട് പാര്‍ടികള്‍ ചേര്‍ന്ന് "കോണ്‍ഗ്രസ് വിരുദ്ധ മുന്നണി" രൂപീകരിച്ചു. കോണ്‍ഗ്രസിനെ തോല്‍പ്പിക്കലായിരുന്നില്ല ആ പാര്‍ടികളുടെ ഉന്നം. വോട്ടുകള്‍ ഭിന്നിപ്പിച്ച് കോണ്‍ഗ്രസിനെ സഹായിക്കുകയെന്നതായിരുന്നു.
1971 ജനുവരി ഒന്നിനും തെരഞ്ഞെടുപ്പ് നടന്ന മാര്‍ച്ച് ഒന്‍പതിനുമിടയില്‍ 70 സിപിഐ എം പ്രവര്‍ത്തകരെയാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്. ജ്യോതിബസു ഉള്‍പ്പെടെയുള്ള നേതാക്കളെ ആക്രമിച്ചു. പ്രചാരണയോഗങ്ങള്‍ തടസ്സപ്പെടുത്തി. സിപിഐ എം സ്ഥാനാര്‍ഥികളെ തങ്ങളുടെ മണ്ഡലങ്ങളില്‍ പ്രവേശിക്കാന്‍ പോലും അനുവദിച്ചില്ല. ഇങ്ങനെയൊക്കെ ചെയ്തിട്ടും കോണ്‍ഗ്രസിന് അനുകൂലമായ അന്തരീഷമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് അതിന്റെ നേതാക്കള്‍ക്കു തന്നെ ബോധ്യമായി. ഈ സാഹചര്യത്തിലാണ് സിപിഐ എമ്മിനെ സമൂഹമധ്യത്തില്‍ ഒറ്റപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനുമുള്ള ഗൂഢാലോചന നടന്നത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സമകാലികനായിരുന്ന ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ഹേമന്ദകുമാര്‍ ബോസിനെ വധിക്കുകയെന്നതായിരുന്നു പദ്ധതി. ഫോര്‍വേഡ് ബ്ലോക്ക് തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന്റെ വിരുദ്ധമുന്നണിയിലായിരുന്നു. ഫോര്‍വേഡ് ബ്ലോക്കിന്റെ ചെയര്‍മാനായിരുന്നു ഹേമന്ദകുമാര്‍ ബോസ്. ബംഗാളില്‍ ഏറെ ആദരിക്കപ്പെടുന്ന നേതാവ്. അദ്ദേഹത്തെ കൊന്ന് അത് സിപിഐ എമ്മിനു മേല്‍ കെട്ടിവച്ചാല്‍ ഇടതു പാര്‍ടികള്‍ പിന്നീടൊരിക്കലും യോജിച്ച് പ്രവര്‍ത്തിക്കുകയില്ലെന്നും ജനവികാരമാകെ സിപിഐ എമ്മിന് എതിരാകുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടി.

1971 ഫെബ്രുവരി 20ന് ഉത്തര കൊല്‍ക്കത്തയിലെ ശ്യാംപുക്കൂര്‍ സ്ട്രീറ്റില്‍ പട്ടാപ്പകല്‍ ഒരു സംഘം അക്രമികള്‍ ഹേമന്ദ ബോസിനെ ആക്രമിച്ച് കൊലപ്പെടുത്തി. രാവിലെ 10.45ന് ശ്യാംപുക്കൂറിലെ ഫോര്‍വേഡ് ബ്ലോക്ക് ഓഫീസില്‍നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുക്കാനായി സുഭാഷ് കോര്‍ണറിലേക്ക് പോവുകയായിരുന്നു ഹേമന്ദ ബോസ്. ഒരു സംഘം ചെറുപ്പക്കാര്‍ ഓടിയെത്തി ഹേമന്ദ്ദായെ കുത്തിവീഴ്ത്തി. ആക്രമിക്കുന്നവരോട് അദ്ദേഹം ചോദിക്കുന്നത് കേട്ടു, "നിങ്ങളെന്തിനാണ് എന്നെ കൊല്ലുന്നത്?". ചെറുപ്പക്കാര്‍ ഒന്നും പറയാതെ കൃത്യം നടത്തിയശേഷം ഓടിമറഞ്ഞു. ഹേമന്ദ് ദായെ വധിച്ചശേഷം നടന്ന സംഭവങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍ ടി പി ചന്ദ്രശേഖരന്‍ വധത്തിനുശേഷം നടന്ന സംഭവങ്ങള്‍ക്ക് സമാനമാണ്. ഉത്തരബംഗാളിലായിരുന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധാര്‍ഥശങ്കര്‍ റേ പെട്ടെന്ന് കൊല്‍ക്കത്തയിലെത്തി. വിമാനത്താവളത്തില്‍ വച്ചുതന്നെ അദ്ദേഹം പറഞ്ഞു, "കൊലപാതകത്തിനു പിന്നില്‍ സിപിഐ എം" ആണ്. രാവിലെ 10.45ന് നടന്ന സംഭവം വിശദാംശങ്ങള്‍ സഹിതം ഉച്ചയ്ക്കിറങ്ങിയ "ജുഗാന്തര്‍" പത്രത്തില്‍ വാര്‍ത്തയായി വന്നു. വാര്‍ത്തയുടെ ഊന്നല്‍ ഇതായിരുന്നു, "ഹേമന്ദ് ബസുവിനെ വധിച്ചത് സിപിഐ എം ആണ്". സിദ്ധാര്‍ഥശങ്കര്‍ റേയുടെ ഉടന്‍ പ്രതികരണവും ജുഗാന്തറിലെ വാര്‍ത്തയും ചേര്‍ത്ത് വായിച്ചാല്‍ തന്നെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ താല്‍പര്യം വ്യക്തമാകും. ജുഗാന്തര്‍ കോണ്‍ഗ്രസ് അനുകൂല പത്രമാണ്. കോണ്‍ഗ്രസ് അപവാദ പ്രചാരണത്തിന്റെ ഏതറ്റം വരെയും പോകുമെന്ന് ബോധ്യമുണ്ടായിരുന്നിട്ടു കൂടി സിപിഐ എം അത്ഭുതപ്പെട്ടുപോയി. പാര്‍ടി സംസ്ഥാന സെക്രട്ടറി പ്രമോദ്ദാസ് ഗുപ്ത പുറത്തിറക്കിയ പ്രസ്താവനയില്‍ കൊലപാതകത്തില്‍ ശക്തിയായി പ്രതിഷേധിക്കുകയും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 22ന് പൊതുപണിമുടക്ക് നടത്താനും പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു. ഹേമന്ദ് ദാ വധക്കേസില്‍ ആദ്യം അറസ്റ്റുചെയ്തത് രണ്ട് സിപിഐ എം പ്രവര്‍ത്തകരെയാണ്. ഒരു തെളിവും ഇവര്‍ക്കെതിരെ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ പിന്നീട് വിട്ടയച്ചു. കേസ് ചാര്‍ജ് ചെയ്തത് ചില നക്സലൈറ്റ് പ്രവര്‍ത്തകര്‍ക്കെതിരെയാണ്. 1967ല്‍ ഐക്യമുന്നണി മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന ഹേമന്ദ് ബോസിനോട് തങ്ങള്‍ക്ക് വൈരാഗ്യമുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് കൊന്നതെന്നുമാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴിയായി അവതരിപ്പിച്ചത്. 1967ല്‍ അജയ് മുഖര്‍ജിയുടെ ഐക്യമുന്നണി മന്ത്രിസഭയില്‍ ജ്യോതിബസു ഉപമുഖ്യമന്ത്രിയായിരുന്നു. നിരവധി മന്ത്രിമാര്‍ ആ മന്ത്രിസഭയില്‍ ഉണ്ടായിരുന്നു.

1969ല്‍ രണ്ടാമത്തെ ഐക്യമുന്നണി മന്ത്രിസഭയില്‍ ഫോര്‍വേഡ് ബ്ലോക്കിന് മൂന്ന് മന്ത്രിമാരുണ്ടായിരുന്നു. രണ്ടാം ഐക്യമുന്നണി മന്ത്രിസഭയില്‍ ഹേമന്ദ ബോസ് അംഗമായിരുന്നില്ല. മറ്റൊരു മന്ത്രിയോടും തോന്നാത്ത ശത്രുത ആദരണീയനും മാതൃകാ പൊതു പ്രവര്‍ത്തകനുമായ ഹേമന്ദ ബോസിനോട് തോന്നുകയെന്നത് യുക്തിക്കു നിരക്കുന്നതായിരുന്നില്ല. സിദ്ധാര്‍ഥ ശങ്കര്‍ റേയുടെ പൊലീസിന്റെ ഈ "മൊഴി" കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞില്ല. ഹേമന്ദ് ബോസിന്റെ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതായി ജനങ്ങള്‍ക്ക് ബോധ്യപ്പെട്ട ഒരു കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റുചെയ്തില്ല. സംഭവദിവസം അദ്ദേഹം ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്ന് രേഖയുണ്ടാക്കി. അങ്ങനെ അറസ്റ്റില്‍ നിന്നും വിചാരണയില്‍ നിന്നും രക്ഷപ്പെട്ടു. ആരാണ് കൊല നടത്തിയതെന്ന് കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞില്ല. എല്ലാ തെളിവുകളും നശിപ്പിച്ച് കുറ്റവാളികളെ രക്ഷിക്കാന്‍ സിദ്ധാര്‍ഥശങ്കര്‍ റേ സര്‍ക്കാരിന് കഴിഞ്ഞു. എന്നാല്‍ ജനമധ്യത്തില്‍ കുറ്റവാളി കോണ്‍ഗ്രസ് ആണെന്ന് വളരെ വൈകാതെതന്നെ വ്യക്തമായി. അതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരില്‍ വരെയെത്തുന്ന ആസൂത്രണവും ഉണ്ടായിരുന്നെന്ന് ബോധ്യമായി. ഹേമന്ദ് ബോസിനെ വധിച്ചത് സിപിഐ എം ആണെന്ന അതിശക്തമായ പ്രചാരണമാണ് 1971ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നടത്തിയത്. കോണ്‍ഗ്രസിന് രാഷ്ട്രീയമായി ശത്രുതയൊന്നുമില്ലാത്ത ഹേമന്ദ് ബോസിനെ കൊലപ്പെടുത്തുന്നത് എന്തിന് എന്ന ചോദ്യത്തിന്റെ ഉത്തരം രാഷ്ട്രീയമാണ്.

1967ലും 1969ലും സിപിഐ എമ്മിനൊപ്പം ഗവണ്‍മെന്റില്‍ പങ്കാളിയായ ഫോര്‍വേഡ് ബ്ലോക്കിനെ പൂര്‍ണമായും സിപിഐ എം വിരുദ്ധചേരിയില്‍ നിര്‍ത്തുക, ആദരണീയനായ ഒരു നേതാവിനെ വധിച്ച കിരാതരായി സിപിഐ എമ്മിനെ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ച് ഒറ്റപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത്. 1928ല്‍ കൊല്‍ക്കത്തയില്‍ നടന്ന എഐസിസി സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ വളണ്ടിയര്‍ സേന രൂപീകരിച്ചത് നേതാജി സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നു. അദ്ദേഹം തന്നെയായിരുന്നു അതിന്റെ ക്യാപ്റ്റന്‍. വളണ്ടിയര്‍ സേനയിലെ മുഖ്യ കമാന്‍ഡര്‍ ആയിരുന്നു നേതാജിയുടെ അടുത്ത അനുയായിയായ ഹേമന്ദ ബോസ്. സുഭാഷ്ചന്ദ്ര ബോസ് കോണ്‍ഗ്രസ് വിട്ട് പുറത്തുവന്ന് ഫോര്‍വേഡ് ബ്ലോക്ക് രൂപീകരിച്ചപ്പോള്‍ ഹേമന്ദ് ദായും ഒപ്പമുണ്ടായിരുന്നു. വിവാഹിതനാകാതെ ജീവിതം മുഴുവന്‍ പൊതുപ്രവര്‍ത്തനത്തിനായി സമര്‍പ്പിച്ച ആളായിരുന്നു അദ്ദേഹം. 1967ല്‍ മന്ത്രിയായിരുന്നപ്പോള്‍ പോലും അദ്ദേഹം ട്രാമില്‍ സാധാരണജനങ്ങള്‍ സഞ്ചരിക്കുന്ന സെക്കന്‍ഡ് ക്ലാസിലാണ് യാത്ര ചെയ്തിരുന്നത്. ജനായകന്‍ ഹേമന്ദ് ബാബു എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇത്രയും ആദരണീയനായ ഒരു നേതാവിനെ സിപിഐ എം വധിച്ചു എന്ന് ജനങ്ങള്‍ വിശ്വസിക്കുകയാണെങ്കില്‍ അത് കോണ്‍ഗ്രസിന് വലിയൊരു രാഷ്ട്രീയനേട്ടമാകുമെന്ന ധാരണയിലാണ് ഹേമന്ദ് ബോസ് വധത്തിന്റെ ആസൂത്രണം നടന്നത്. ഏറ്റവുമവസാനം വെളിപ്പെട്ട വിവരം ഞെട്ടിക്കുന്നതാണ്. ഇന്ദിരഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരമൊരു കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നാണ്. ഇടതുപക്ഷ പാര്‍ടികളുടെ ഐക്യം തകര്‍ത്ത് സിപിഐ എമ്മിനെ ഒറ്റപ്പെടുത്തി രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് ഹേമന്ദ് ബോസിന്റെ കൊലപാതകമെന്നാണ് ഫോര്‍വേഡ് ബ്ലോക്കിന്റെ നിലപാടെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍ പറഞ്ഞു.

1971ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കല്‍ക്കത്ത നഗരത്തില്‍ സിപിഐ എമ്മിന് ഒരു സീറ്റ് പോലും നേടാന്‍ കഴിയാതെപോയത് ഹേമന്ദ് ബോസ് കൊലപാതകം ഉയര്‍ത്തിക്കാട്ടി സിപിഐ എമ്മിനെതിരെ നടത്തിയ നുണപ്രചാരണം കൊണ്ടാണ്. കൊല്‍ക്കത്തയില്‍ നടക്കുന്ന പ്രധാന രാഷ്ട്രീയ സംഭവങ്ങള്‍ പശ്ചിമബംഗാളിലെങ്ങും പ്രതികരണങ്ങളുണ്ടാക്കുമെന്ന ബോധ്യത്തോടെ നടത്തിയ ഹീനകൃത്യമാണ് ഹേമന്ദ് ബോസ് വധം-ദേവരാജന്‍ വിശദീകരിച്ചു. ഹേമന്ദ് ബസു വധത്തിന് കോണ്‍ഗ്രസ് നക്സലൈറ്റുകളെ ഉപയോഗിച്ചിട്ടുണ്ട്. 1967ല്‍ ആരംഭിച്ച നക്സലൈറ്റ് പ്രസ്ഥാനം പശ്ചിമബംഗാളില്‍ പ്രധാനമായും സിപിഐ എമ്മിനെയാണ് ഉന്നംവച്ചത്. കൊല്‍ക്കത്തയിലും പരിസരപ്രദേശങ്ങളിലുമായി നൂറുകണക്കിന് സിപിഐ എം പ്രവര്‍ത്തകരെ നക്സലൈറ്റുകള്‍ കൊന്നൊടുക്കി. സിപിഐ എമ്മിനെതിരെ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ആയുധമെന്ന നിലയില്‍ നക്സലൈറ്റുകളെ കോണ്‍ഗ്രസുകാര്‍ നന്നായി ഉപയോഗിക്കുകയും ചെയ്തു. പശ്ചിമബംഗാളില്‍ അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന വാക്കാണ് "കോണ്‍ക്സലൈറ്റ്". കോണ്‍ഗ്രസും നക്സലൈറ്റുകളും ഒന്നാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു ഈ വാക്ക്. നക്സലൈറ്റുകള്‍ നടത്തിയ കൊലപാതകങ്ങളില്‍ സിപിഐ എം പ്രവര്‍ത്തകരല്ലാത്ത ആളുകള്‍ വധിക്കപ്പെട്ടപ്പോള്‍ അതൊക്കെ സിപിഐ എമ്മിന്റെ ചുമലില്‍ കെട്ടിവയ്ക്കാനും കോണ്‍ഗ്രസ് ശ്രമിച്ചു.

അറുപതുകളുടെ അവസാനത്തിലും എഴുപതുകളുടെ തുടക്കത്തിലും കേരളത്തില്‍ നക്സലൈറ്റുകള്‍ നടത്തിയ നഗരൂര്‍, കുമ്മിള്‍, കോങ്ങാട് കൊലക്കേസുകളിലും അവയൊക്കെ സിപിഐ എം നടത്തിയതാണെന്ന പ്രചാരണം കോണ്‍ഗ്രസ് നടത്തിയിരുന്നു. നക്സലൈറ്റുകളുടെയും സിപിഐ എമ്മിന്റെയും നയപരിപാടികളിലെ വ്യത്യാസങ്ങള്‍ വിശദീകരിച്ച് ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രചാരണം നടത്തിയാണ് സിപിഐ എം അതിനെ മറികടന്നത്. സിദ്ധാര്‍ഥ ശങ്കര്‍ റേയുടെ നേതൃത്വത്തില്‍ എല്ലാ തെളിവുകളും വളരെ ആസൂത്രിതമായി നശിപ്പിച്ചിരുന്നതിനാല്‍ ഹേമന്ദ് ബോസ് കേസിന്റെ വിചാരണ പൂര്‍ത്തിയായപ്പോള്‍ എല്ലാ കുറ്റവാളികളും രക്ഷപ്പെട്ടു. ഏറ്റവുമൊടുവില്‍ മമതാ ബാനര്‍ജി മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ വലിയ വാഗ്ദാനം വന്നു. ഹേമന്ദ് ബോസ് വധത്തിലെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുമെന്ന്. എന്നാല്‍ ഒരടി പോലും മുന്നോട്ടുപോകാന്‍ അവര്‍ക്കും കഴിഞ്ഞില്ല. ഹേമന്ദ് ബോസ് വധത്തിലൂടെ കോണ്‍ഗ്രസിന് അവരുടെ ലക്ഷ്യം ഭാഗികമായി നേടാന്‍ കഴിഞ്ഞു. താല്‍ക്കാലികമായ ജനവികാരം സിപിഐ എമ്മിനെതിരെ തിരിച്ചുവിടാനായി. വളരെ വൈകാതെ തന്നെ ജനങ്ങള്‍ സത്യം മനസ്സിലാക്കുകയും സിപിഐ എമ്മിനെ തെറ്റിദ്ധരിച്ചതില്‍ പശ്ചാത്തപിക്കുകയും ചെയ്തു. 1971 മുതല്‍ 77 വരെ പശ്ചിമബംഗാളില്‍ നടന്ന അര്‍ധഫാസിസ്റ്റ് ഭീകരവാഴ്ചയോടെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയവും ദുഷ്ടലാക്കുകളും ജനങ്ങള്‍ക്ക് പൂര്‍ണമായി മനസ്സിലായി. അതാണ് 1977ല്‍ ഇടതുമുന്നണിക്ക് ലഭിച്ച വമ്പിച്ച ജനപിന്തുണയുടെ കാരണം.

34 വര്‍ഷം ഈ ജനപിന്തുണയോടെ പശ്ചിമബംഗാളില്‍ ഭരണം നടത്തി ബംഗാളിന്റെ മുഖച്ഛായ മാറ്റാനും കാര്‍ഷിക പരിഷ്കരണത്തിലൂടെയും നിരവധി ക്ഷേമ പദ്ധതികളിലൂടെയും പട്ടിണി ഇല്ലാതാക്കാനും സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ഇടതുമുന്നണിക്ക് കഴിഞ്ഞു. ഇടതു പാര്‍ടികളെ തമ്മിലടിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ ആഗ്രഹം എഴുപതുകളില്‍ തന്നെ പൊളിഞ്ഞു. പശ്ചിമബംഗാളില്‍ ഇടതുപക്ഷം ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പരാജയം നേരിട്ട വര്‍ത്തമാനകാല സാഹചര്യത്തിലും ഫോര്‍വേഡ് ബ്ലോക്കും സിപിഐ എമ്മും അടങ്ങുന്ന ഇടതുമുന്നണിയിലെ ഐക്യം സുശക്തമാണ്. കേരളത്തില്‍ ടി പി ചന്ദ്രശേഖരന്‍ വധം ഉയര്‍ത്തിപ്പിടിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഐക്യം തകര്‍ക്കാനും സിപിഐ എമ്മിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനും ശ്രമം നടക്കുന്നു. കേസുമായി ബന്ധപ്പെട്ട് സിപിഐ എം പ്രവര്‍ത്തകരെ അറസ്റ്റുചെയ്യുന്നു. അത് വലിയ വാര്‍ത്തയായി പ്രസിദ്ധീകരിക്കാന്‍ ദേശീയപ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന ഒരു പത്രം സമനില വിട്ട് പ്രവര്‍ത്തിക്കുന്നു. അറസ്റ്റോടെ ഒരു കേസ് അവസാനിക്കുന്നില്ല. ഹേമന്ദ് ബസു വധക്കേസിലും ആദ്യം അറസ്റ്റുചെയ്തത് സിപിഐ എം പ്രവര്‍ത്തകരെയാണ്. അവര്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കാന്‍ പോലും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പൊലീസിന് കഴിഞ്ഞില്ല. കോടതിയുടെ മുന്നിലെത്തി വിചാരണ പൂര്‍ത്തിയാകുമ്പോള്‍ പുറത്തുവരുന്ന സത്യം ഗൂഢാലോചനക്കാരുടെ മുഖം പുറത്താക്കും. സിപിഐ എമ്മിനെതിരായി ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അതോടെ ആവിയാകും.

*
വി ജയിന്‍ ദേശാഭിമാനി 03 ജൂണ്‍ 2012

No comments: