Thursday, May 10, 2012

ദംഷ്ട്രകള്‍ നീട്ടുന്ന വര്‍ഗീയരാഷ്ട്രീയം

നരേന്ദ്രമോഡിയാണ് ഗുജറാത്തിലെ വംശഹത്യയുടെ സൂത്രധാരനെന്നതില്‍ സാമാന്യബോധമുള്ള ആര്‍ക്കും ശങ്കയുണ്ടാകില്ല. വര്‍ഗീയ അജന്‍ഡ നടപ്പാക്കാനും അതിലൂടെ അധികാരം നിലനിര്‍ത്താനും മോഡിയുടെ നേതൃത്വത്തില്‍ നടത്തിയ രക്തച്ചൊരിച്ചില്‍ ഗുജറാത്തിന്റെ മാത്രമല്ല; മനുഷ്യസമൂഹത്തിന്റെയാകെ അടങ്ങാത്ത നീറ്റലാണിന്നും. മോഡി പ്രതിനിധാനംചെയ്യുന്നത് സംഘപരിവാറിന്റെ വര്‍ഗീയരാഷ്ട്രീയത്തെയാണ്. ഭൂരിപക്ഷ വര്‍ഗീയതയെയും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെയും ഉയര്‍ത്തിപ്പിടിച്ച് ആര്‍എസ്എസും അതിന്റെ രാഷ്ട്രീയവിഭാഗമായ ബിജെപിയും കൂടുതല്‍ വ്യാപകമായ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്നു. മതനിരപേക്ഷ കക്ഷിയെന്നവകാശപ്പെടുന്ന കോണ്‍ഗ്രസാകട്ടെ, സാമ്പത്തിക നയങ്ങളില്‍ ബിജെപിയോട് ഒത്തുനില്‍ക്കുന്നു. അധികാര രാഷ്ട്രീയത്തിന്റെ സമവാക്യങ്ങള്‍ കണ്ടെത്തുമ്പോള്‍ വര്‍ഗീയതകളോട് സന്ധിചെയ്യാന്‍ കോണ്‍ഗ്രസ് മടിച്ചുനില്‍ക്കുന്നുമില്ല. ബിജെപിക്ക് വര്‍ഗീയ രാഷ്ട്രീയത്തിലൂടെ നേട്ടമുണ്ടാക്കാന്‍ കഴിയുന്നതിന് സഹായകമായ പ്രധാന ഘടകങ്ങളിലൊന്ന് കോണ്‍ഗ്രസിന്റെ ഈ സമീപനംതന്നെയാണെന്നതില്‍ തര്‍ക്കമില്ല. ഗുജറാത്ത് വംശഹത്യക്കേസുകള്‍ കേന്ദ്ര ഏജന്‍സികള്‍ കൈകാര്യം ചെയ്തതിലെ അപാകതകള്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ്. ഗുജറാത്ത് നരമേധഘട്ടത്തില്‍ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ വിവിധ വകുപ്പുകള്‍പ്രകാരം മോഡിയെ പ്രോസിക്യൂട്ട് ചെയ്യാവുന്നതാണെന്ന് അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ റിപ്പോര്‍ട്ട് ചെയ്തത് ഈ സാഹചര്യത്തില്‍ അതീവ പ്രാധാന്യമുള്ളതാണ്. എല്ലാത്തരം ഗൂഢതന്ത്രങ്ങളെയും അതിജീവിച്ചുള്ളതാണ് ഈ ശുപാര്‍ശ.

വംശഹത്യക്കാലത്ത് ഉന്നത പൊലീസ്- സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്ത മോഡി ഹിന്ദുക്കളെ തടയരുതെന്നും അവര്‍ വികാരം ശമിപ്പിക്കട്ടെയെന്നും ആഹ്വാനംചെയ്തെന്ന് ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് മൊഴി നല്‍കിയത് കണക്കിലെടുക്കാത്ത പ്രത്യേക അന്വേഷണ സംഘത്തിന് കനത്ത ആഘാതമാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസിന് തീപിടിച്ചശേഷം സംസ്ഥാനത്തുണ്ടായ വംശഹത്യയില്‍ മോഡി സ്വീകരിച്ച നിലപാടുകള്‍ വിശദമായി അന്വേഷിക്കണമെന്നും സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ശുപാര്‍ശചെയ്യുന്നുണ്ട്. അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍തന്നെ ഐപിസി 153എ(1) എ-ബി, 153(ബി)1, 166, 505(2) എന്നീ വകുപ്പുകള്‍ പ്രകാരം മോഡിക്കെതിരെ കേസെടുക്കാമെന്ന ശുപാര്‍ശ വംശഹത്യയുടെ നായകനെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിലേക്കുള്ള നിര്‍ണായക ചുവടുവയ്പാണെന്നതില്‍ സംശയമില്ല. അതിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ടുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. അയോധ്യയിലെ രാമക്ഷേത്രം, ഇസ്ലാമിക ഭീകരത തുടങ്ങിയ വര്‍ഗീയ അജന്‍ഡകള്‍ ഉപയോഗിച്ച് ജനങ്ങളെ അണിനിരത്താന്‍ ആര്‍എസ്എസിന്റെ നിര്‍ദേശങ്ങള്‍ക്കുകീഴില്‍ ബിജെപി നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് ഗുജറാത്ത് കേസിലെ പുതിയ സംഭവങ്ങള്‍. ആ പാര്‍ടിയെ നയിക്കുന്നത് കുപ്രസിദ്ധ കുറ്റവാളിയാണെന്ന്; അതും അധികാരസ്ഥാനത്തിരിക്കുമ്പോള്‍ ജനങ്ങളെ കൊന്നുതള്ളാന്‍ നേതൃത്വം നല്‍കിയ ക്രിമിനലായിരുന്നുവെന്ന് നിയമത്തിനുമുന്നില്‍ തെളിയുകയാണ്. ആ ക്രിമിനലിനെ ചുമന്നു നടക്കുകയാണ് ബിജെപി. രാജ്യത്തിന്റെ ഭാവി ഭരണാധികാരിയായി മോഡിയെ ചൂണ്ടിക്കാട്ടാന്‍പോലും മടിയില്ലാത്ത വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് ഓര്‍മിപ്പിക്കുന്നത്.

*
ദേശാഭിമാനി മുഖപ്രസംഗം 10 മേയ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നരേന്ദ്രമോഡിയാണ് ഗുജറാത്തിലെ വംശഹത്യയുടെ സൂത്രധാരനെന്നതില്‍ സാമാന്യബോധമുള്ള ആര്‍ക്കും ശങ്കയുണ്ടാകില്ല. വര്‍ഗീയ അജന്‍ഡ നടപ്പാക്കാനും അതിലൂടെ അധികാരം നിലനിര്‍ത്താനും മോഡിയുടെ നേതൃത്വത്തില്‍ നടത്തിയ രക്തച്ചൊരിച്ചില്‍ ഗുജറാത്തിന്റെ മാത്രമല്ല; മനുഷ്യസമൂഹത്തിന്റെയാകെ അടങ്ങാത്ത നീറ്റലാണിന്നും. മോഡി പ്രതിനിധാനംചെയ്യുന്നത് സംഘപരിവാറിന്റെ വര്‍ഗീയരാഷ്ട്രീയത്തെയാണ്. ഭൂരിപക്ഷ വര്‍ഗീയതയെയും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെയും ഉയര്‍ത്തിപ്പിടിച്ച് ആര്‍എസ്എസും അതിന്റെ രാഷ്ട്രീയവിഭാഗമായ ബിജെപിയും കൂടുതല്‍ വ്യാപകമായ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്നു. മതനിരപേക്ഷ കക്ഷിയെന്നവകാശപ്പെടുന്ന കോണ്‍ഗ്രസാകട്ടെ, സാമ്പത്തിക നയങ്ങളില്‍ ബിജെപിയോട് ഒത്തുനില്‍ക്കുന്നു.