Thursday, May 24, 2012

ഈ കൊടുംക്രൂരത രാജ്യം പൊറുക്കില്ല

നമ്മുടെ പദസമ്പത്തിലെ പദാവലികളൊന്നും മതിയാകാതെ വരുന്നു. പെട്രോള്‍ വില വര്‍ധനവിലൂടെ ഇന്ത്യന്‍ ജനതയോട് സര്‍ക്കാര്‍ ചെയ്ത കൊടുംചതി അത്രയും ഭീകരമാണ്. വിലവര്‍ധിപ്പിച്ചത് തങ്ങളല്ല എണ്ണക്കമ്പനികളാണെന്ന് സര്‍ക്കാര്‍ കൈകഴുകുമായിരിക്കും. പക്ഷേ അത്തരം കൈകഴുകല്‍കൊണ്ടൊന്നും സര്‍ക്കാരിന്റെമേല്‍ അടിഞ്ഞുകൂടിയ ജനവഞ്ചനയുടെ കളങ്കപ്പാടുകള്‍ മാഞ്ഞുപോവുകയില്ല. എണ്ണക്കമ്പനികള്‍ക്ക് ആരാണ് വില നിര്‍ണയാവകാശം പതിച്ചുനല്‍കിയത്. ഒരു 'സ്വതന്ത്രപരമാധികാര ജനാധിപത്യ റിപ്പബ്ലിക്കി'ല്‍ സൃഷ്ടി സ്ഥിതി സംഹാര അവകാശങ്ങളെല്ലാം കമ്പനികളെ ഏല്‍പിച്ചുകൊടുക്കാനാണെങ്കില്‍ പിന്നെ ആ വാക്കുകളുടെ അര്‍ഥമെന്താണ്?

ആരാണ് ഇവിടെ രാജ്യം ഭരിക്കുന്നത്? ജനങ്ങള്‍ തിരഞ്ഞെടുത്ത ഗവണ്‍മെന്റോ, ലാഭത്തിനുവേണ്ടി വായ് പിളര്‍ന്നിരിക്കുന്ന കമ്പനികളോ? ആര്‍ക്കാണ് ഇവിടെ പരമാധികാരം? ജനങ്ങളുടെ പ്രാതിനിധ്യം അവകാശപ്പെടുന്ന ഗവണ്‍മെന്റിനോ, കമ്പോള മേധാവിത്വത്തിനായി ചരടുവലിക്കുന്ന കമ്പനികള്‍ക്കോ? ഗവണ്‍മെന്റിനു ജനതാല്‍പര്യങ്ങളെ മാനിക്കാന്‍ തരിമ്പും മനസില്ലെന്നു വീണ്ടും തെളിയുകയാണ്. സമ്പന്നന്മാരുടെ കാര്യസ്ഥപ്പണി ചെയ്യുന്നതില്‍ സായൂജ്യം കൊള്ളുന്ന ഗവണ്‍മെന്റ് എണ്ണകമ്പനികളുടെ കൈയില്‍ താക്കോല്‍ ഏല്‍പിച്ചതിന്റെ ദുരന്തമാണ് ഇന്ന് രാജ്യം അനുഭവിക്കുന്നത്.

പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിര്‍ണയാവകാശം കമ്പനികള്‍ക്ക് അടിയറവച്ചതിനു സര്‍ക്കാര്‍ നിരത്തുന്ന ന്യായങ്ങളൊന്നും ന്യായങ്ങളേയല്ല. ആഗോള സാമ്പത്തിക പ്രതിസന്ധിയും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് സര്‍ക്കാര്‍ ന്യായീകരണങ്ങള്‍. അതിന്റെയെല്ലാം ശിക്ഷ ജനങ്ങള്‍ പേറണമെന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാട് ആപാദചൂഡം ജനവിരുദ്ധമാണ്. ആഗോളസാമ്പത്തിക മാന്ദ്യം ജനങ്ങള്‍ ഉണ്ടാക്കിയതല്ല. രൂപയുടെ മൂല്യം ഇടിഞ്ഞതില്‍ ജനങ്ങള്‍ യാതൊരു പങ്കും വഹിച്ചിട്ടില്ല. പ്രതിസന്ധിയുടെ ഭാരം മുഴുവന്‍ ജനങ്ങളുടെ ചെലവില്‍ പരിഹരിക്കാനാണ് ഗവണ്‍മെന്റിന്റെ ശ്രമം. യു പി എ സര്‍ക്കാരിന്റെ ഈ മൂന്നാം വാര്‍ഷികസമ്മാനം അതിന്റെ കമ്പോളചങ്ങാത്തപരവും ജനവിരുദ്ധവുമായ വര്‍ഗനയങ്ങളുടെ പ്രതിഫലനമാണ്. ഇത് എല്ലാ രംഗത്തും ആര്‍ക്കും തടയാനാകാത്തത്ര രൂക്ഷമായ വിലവര്‍ധനാപരമ്പയ്ക്കാണു തീകൊടുക്കുന്നത്.

2010 ജൂണില്‍ വിലനിര്‍ണയ രംഗത്തുനിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയപ്പോള്‍ പെട്രോളിന്റെ വില ഡല്‍ഹിയില്‍ 51.43 രൂപയായിരുന്നു. ഇതിനകം 15 തവണ അവര്‍ വിലകൂട്ടി. ഇതുവരെ ഉണ്ടായതിലേക്കുവച്ച് ഏറ്റവും വലിയ വര്‍ധനയായ 7.54 രൂപ കൂടിയപ്പോള്‍ ഇന്ന് അത് ഡല്‍ഹിയില്‍ 73.18 രൂപയായിരിക്കുന്നു. ഇന്ത്യയിലെ ജനങ്ങള്‍ എങ്ങനെ ജീവിക്കുമെന്നാണ് ഗവണ്‍മെന്റ് കരുതുന്നത്? പ്രതിദിന ആവശ്യത്തിന് 20 രൂപ പോലും ഇല്ലാത്ത 80 കോടിയില്‍പരം ജനങ്ങള്‍ ജീവിക്കുന്ന നാടാണിതെന്ന  സത്യം ഗവണ്‍മെന്റ് മറക്കുകയാണ്.
ഈ കൊടിയ ക്രൂരതയ്‌ക്കെതിരെ രാജ്യം ഒന്നടങ്കം സമരരംഗത്തുവരുമെന്നുറപ്പാണ്. ഇന്നത്തെ ഹര്‍ത്താല്‍ സൂചനമാത്രമേ ആകുന്നുള്ളൂ. ഇടതുപക്ഷ പാര്‍ട്ടികള്‍ നീണ്ടുനില്‍ക്കുന്ന സമരത്തിനാണ് സജ്ജമാകുന്നത്. എല്ലാ അനീതികളുടേയും മുന്നില്‍ എക്കാലവും ജനങ്ങള്‍ തലകുനിച്ചിരിക്കുമെന്ന് ഭരണക്കാര്‍ കരുതിയെങ്കില്‍ അവര്‍ക്കുതെറ്റി. ജനിച്ചനാട്ടില്‍ മനുഷ്യരെപ്പോലെ ജീവിക്കാന്‍ തങ്ങള്‍ക്കുള്ള അവകാശം തട്ടിപ്പറിക്കാന്‍ ആര്‍ തന്നെ വന്നാലും അഭിമാനമുള്ള ജനത പൊറുക്കില്ല. പെട്രോളിയം വിലവര്‍ധനവിനെതിരായ സമരം ആ ജീവിതസത്യം വിളംബരംചെയ്യുന്ന പോരാട്ടമായി വളര്‍ന്നുവരട്ടെ.

*
ജനയുഗം മുഖപ്രസംഗം 24 മേയ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...