Wednesday, May 23, 2012

ധവളപത്രം എന്ന കറുത്ത കടലാസ്

വിദേശബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്കുള്ള കള്ളപ്പണനിക്ഷേപം 50,000 കോടി ഡോളറിലേറെ (ഏകദേശം 24.5 ലക്ഷം കോടിരൂപ) വരുമെന്ന് സിബിഐ ഡയറക്ടര്‍ വെളിപ്പെടുത്തിയതാണ്. 2 ജി, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങി അടുത്തിടെ ശ്രദ്ധയാകര്‍ഷിച്ച അഴിമതിക്കേസുകളില്‍ ദുബായ്, സിംഗപ്പുര്‍, മൗറീഷ്യസ് എന്നിവിടങ്ങളിലേക്ക് ഇന്ത്യയില്‍നിന്ന് പണം പോയതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത് സ്വിറ്റ്സര്‍ലന്‍ഡിലും അതുപോലെ നികുതിയില്ലാത്ത മറ്റു സ്ഥലങ്ങളിലും എത്തിച്ചേരുകയാണെന്നും ഔദ്യോഗികമായിത്തന്നെ സിബിഐ തലവന്‍ പറഞ്ഞു. സ്വിസ് ബാങ്കുകളില്‍ നിക്ഷേപം നടത്തിയവരില്‍ ഏറെയും ഇന്ത്യക്കാരാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്റര്‍പോളിന്റെ ആഗോള അഴിമതിവിരുദ്ധ പരിപാടി ഡല്‍ഹിയില്‍ ഉദ്ഘാടനംചെയ്താണ് സിബിഐ ഡയറക്ടര്‍ എ പി സിങ് ഞെട്ടിക്കുന്ന ഈ യാഥാര്‍ഥ്യങ്ങള്‍ പുറത്തുവിട്ടത്. കള്ളപ്പണ നിക്ഷേപം കണ്ടെത്താനും മരവിപ്പിക്കാനും പിടിച്ചെടുക്കാനും ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാനും വൈദഗ്ധ്യംമാത്രം പോരാ, രാഷ്ട്രീയ ഇച്ഛാശക്തിയും വേണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സിബിഐക്ക് അറിയാവുന്ന ഈ കാര്യങ്ങള്‍ യുപിഎ സര്‍ക്കാരിന് "അറിയില്ല" എന്നാണ് തിങ്കളാഴ്ച ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയില്‍ അവതരിപ്പിച്ച ധവളപത്രം തെളിയിക്കുന്നത്. 97 പേജുള്ള ധവളപത്രത്തില്‍ വിദേശബാങ്കുകളില്‍ കള്ളപ്പണനിക്ഷേപമുള്ള ഇന്ത്യക്കാരുടെ പേരും പണത്തിന്റെ അളവും ഇല്ല. കള്ളപ്പണക്കാര്‍ക്ക് കൂച്ചുവിലങ്ങിടാനും രാജ്യത്തിന്റെ കൊള്ളയടിക്കപ്പെട്ട പണം തിരിച്ചുപിടിക്കാനുമുള്ള യുപിഎ സര്‍ക്കാരിന്റെ അശക്തിയാണ് ഈ ധവളപത്രത്തിലൂടെ ആവര്‍ത്തിച്ചു വെളിപ്പെടുന്നത്.

കള്ളപ്പണം വെറുതെ ഉണ്ടാകുന്നതല്ല; നികുതിവെട്ടിപ്പിന്റെമാത്രം പ്രശ്നവുമല്ല. ഉന്നതതല അഴിമതികളില്‍നിന്നാണ് കണക്കില്‍പെടുത്താനാകാത്ത പണം പ്രധാനമായും ഉണ്ടാകുന്നത്. 2 ജി ലൈസന്‍സുകളും സ്പെക്ട്രവും 2008ല്‍ ടെലികോം കമ്പനികള്‍ക്ക് തുച്ഛമായ വിലയ്ക്ക് നല്‍കിയതുമൂലം 57,000 കോടി രൂപ മുതല്‍ 1.76 ലക്ഷം കോടി രൂപവരെ ഖജനാവിന് നഷ്ടമുണ്ടായി എന്നാണ് സിഎജി വിലയിരുത്തിയത്. ക്യാബിനറ്റ് മന്ത്രിയും ഭരണ- രാഷ്ട്രീയ തലത്തിലെ ഉന്നതരുമാണ് ഈ അഴിമതിക്കേസില്‍ അറസ്റ്റിലായി ജയിലിലടയ്ക്കപ്പെട്ടത്. മുന്‍ ധനമന്ത്രിയും പ്രധാനമന്ത്രിയും ഇതില്‍ പങ്കാളികളാണ് എന്നതിന് തെളിവുകള്‍ വന്നിരിക്കുന്നു. വന്‍ ബിസിനസുകാരും ഭരണ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ മേധാവികളും ചേര്‍ന്ന അവിശുദ്ധസഖ്യം എങ്ങനെ രാജ്യത്തെ കൊള്ളയടിക്കുന്നു എന്നതിന്റെ സംശയരഹിതമായ ഉദാഹരണമാണ് 2 ജി സ്പെക്ട്രം കേസ്. പ്രതിരോധ രംഗത്തെ വമ്പന്‍ ഇടപാടുകള്‍ അഴിമതിയുടെയും വമ്പന്‍ ഉദാഹരണങ്ങളാണ്. ലക്ഷക്കണക്കിന് കോടി രൂപ കോഴയായി കൈപ്പറ്റി രാജ്യത്തെ വഞ്ചിക്കുന്ന ഭരണരാഷ്ട്രീയ നേതൃത്വമാണ് കള്ളപ്പണത്തിന്റെ ഏറ്റവും വലിയ കൈകാര്യകര്‍ത്താക്കള്‍. അതുകൊണ്ടുതന്നെ നിലവിലുള്ള ഒരു ഔദ്യോഗിക ഏജന്‍സിക്കും കള്ളപ്പണക്കാരെ പുറത്തുകൊണ്ടുവരാന്‍ കഴിയില്ല- അതിന് ഭരണ നേതൃത്വം അനുവദിക്കില്ല. വികസ്വര രാജ്യങ്ങളിലെ കള്ളപ്പണത്തെക്കുറിച്ച് ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി (ജിഎഫ്ഐ) നടത്തിയ പഠനം ശ്രദ്ധേയമാണ്. 2008 വരെ ഇന്ത്യയില്‍നിന്ന് പുറത്തേക്കൊഴുകിയ അവിശുദ്ധപണം കുറഞ്ഞത് 46,200 കോടി ഡോളര്‍ (23 ലക്ഷം കോടിയിലേറെ രൂപ) എങ്കിലും വരുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. 1991ല്‍ സാമ്പത്തിക പരിഷ്കരണങ്ങള്‍ കൊണ്ടുവന്നതിനെത്തുടര്‍ന്ന് നിയമങ്ങള്‍ ഇളവുചെയ്തതും ഉദാരവല്‍ക്കരണവുമാണ് ഇന്ത്യയില്‍നിന്നുള്ള കള്ളപ്പണമൊഴുക്ക് റെക്കോഡിലെത്തിച്ചതെന്ന് ജിഎഫ്ഐ ചൂണ്ടിക്കാട്ടുന്നു.

സ്വിസ്ബാങ്കുകളിലെയും നികുതിയിളവുള്ള മറ്റു രാജ്യങ്ങളിലെയും കള്ളപ്പണം തിരിച്ചുപിടിക്കണമെന്ന് ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഐ എം നിരന്തരമായി ആവശ്യപ്പെടുകയാണ്. സ്വകാര്യ അക്കൗണ്ട് സൂക്ഷിക്കുന്നവരുടെ പേരുകള്‍ സര്‍ക്കാരിന്റെ കൈയിലുണ്ട്. അത് പുറത്തുവന്നാല്‍ സര്‍ക്കാരിനെ നയിക്കുന്നവരുടെ മുഖമാണ് വികൃതമാവുക എന്നതുകൊണ്ട് ഇപ്പോള്‍ പാര്‍ലമെന്റിനെയും കബളിപ്പിച്ചിരിക്കുന്നു. സര്‍ക്കാര്‍ ധവളപത്രം പ്രസിദ്ധീകരിക്കുക എന്നാല്‍, ബന്ധപ്പെട്ട വിഷയത്തില്‍ സമഗ്രതയോടെ വസ്തുതകള്‍ പുറത്തുപറയുക എന്നാണര്‍ഥം. കള്ളപ്പണം സംബന്ധിച്ച് പ്രണബ് മുഖര്‍ജി വച്ച ധവളപത്രത്തില്‍ സമഗ്രതയുമില്ല; വസ്തുതയുമില്ല; സത്യസന്ധതയുമില്ല. വെളുത്ത പത്രമല്ല, കറുത്ത കടലാസാണത്. നിരാശാജനകം എന്നാണ് അതിനെക്കുറിച്ച് പ്രതിപക്ഷം പ്രതികരിച്ചത്. തങ്ങള്‍ കള്ളപ്പണത്തെക്കുറിച്ച് ചിന്തിക്കുന്നു എന്ന് വരുത്തിത്തീര്‍ക്കാനുള്ള അഭ്യാസത്തിനപ്പുറം ഒരു പ്രസക്തിയും ധവളപത്രത്തിനില്ല. കള്ളപ്പണത്തിന്റെ ഉത്ഭവത്തെയും വ്യാപനത്തെയും കുറിച്ച് വിശദീകരിക്കാന്‍ ധവളപത്രം വേണ്ടതില്ല- ധനവകുപ്പിന്റെ വാര്‍ത്താക്കുറിപ്പ് മതിയാകും.

നിലവിലുള്ള നിയമ സംവിധാനത്തിനുള്ളില്‍നിന്ന്, വിദേശത്ത് അനധികൃതമായി നിക്ഷേപിച്ച പണം പിടിച്ചെടുക്കാന്‍ ശ്രമം സര്‍ക്കാര്‍ നടത്തിയതായി അറിവില്ല. അത്തരം ശ്രമങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ധവളപത്രത്തിലെ സാരോപദേശ കഥകളെങ്കില്‍ നേരിയ വിശ്വാസ്യതയെങ്കിലും ലഭിച്ചേനേ. കള്ളപ്പണം പിടിച്ചെടുത്ത് വികസനച്ചെലവുകള്‍ക്കായി വിനിയോഗിക്കണമെന്നാണ് സിപിഐ എം ആവശ്യപ്പെട്ടിട്ടുള്ളത്. കള്ളപ്പണം വെളുപ്പിച്ച് നികുതിരഹിത ലാഭമാക്കി ഇന്ത്യയിലേക്ക് കടത്തുന്നതിനുള്ള ഏറ്റവും വലിയ മാര്‍ഗമാണ് മൗറീഷ്യസ് റൂട്ട്. ഇന്ത്യയിലേക്ക് വരുന്ന വിദേശ പ്രത്യക്ഷനിക്ഷേപത്തിന്റെ 41 ശതമാനവും മൗറീഷ്യസ് വഴിയാണ്. മൗറീഷ്യസുമായി ഉണ്ടാക്കിയിട്ടുള്ള രണ്ടുവട്ടനികുതി ഒഴിവാക്കല്‍ കരാര്‍ ദുരുപയോഗിക്കപ്പെടുന്നു. ആ കരാര്‍ റദ്ദാക്കേണ്ടതാണ് എന്നും പാര്‍ടി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇപ്പോള്‍ ഉള്ളത് പിടിച്ചെടുക്കുന്നതിനൊപ്പം ഇനി കള്ളപ്പണം ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങള്‍ കൂടിവേണം. അതൊന്നും ചെയ്യാതെ ധവളപത്രത്തിന്റെ പേരില്‍ കബളിപ്പിക്കലിലൂടെ മുഖം രക്ഷിക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ നീക്കം അക്ഷരാര്‍ഥത്തില്‍ കാപട്യമാണ്. കള്ളപ്പണം ഇല്ലാതാക്കണമെങ്കില്‍ നവലിബറല്‍ നയങ്ങള്‍ ഉപേക്ഷിക്കുകയാണ് വേണ്ടത്. അതിന്റെ വക്താക്കളായ യുപിഎ സര്‍ക്കാരില്‍നിന്ന് നയപരമായ തെറ്റുതിരുത്തല്‍ പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ട്, കള്ളപ്പണക്കാരോടെന്നപോലെ കഠിനമായ വെറുപ്പോടെയും രോഷത്തോടെയുമുള്ള പ്രതികരണമാണ് ഈ പ്രശ്നത്തില്‍ യുപിഎ സര്‍ക്കാരിനെതിരെ ജനങ്ങളില്‍ നിന്നുയരേണ്ടത്.

*
ദേശാഭിമാനി മുഖപ്രസംഗം 23 മേയ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...