Wednesday, May 2, 2012

'പുട്ട് ഈസ് പുട്ട് ... നോ മോര്‍ പുട്ട് ! '

ശുപാര്‍ശയുടെയും സംഭാവനയുടെയും ബലത്തില്‍ മകളെ ചേര്‍ത്ത അണ്‍എയിഡഡ്  ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്ന്  കുട്ടിയെ വിടുതല്‍ ചെയ്തു ഒരു സാദാ സ്‌കൂളില്‍ ചേര്‍ക്കാന്‍ തീരുമാനിച്ച ഒരു രക്ഷകര്‍ത്താവിനെ ഞാന്‍ കഴിഞ്ഞ ആഴ്ച കണ്ടു. 'ഇംഗ്ലീഷ്  മീഡിയം എന്നൊക്കെ പറയും; പക്ഷേ അവിടത്തെ  ടീച്ചര്‍മാര്‍ക്ക്  പോലും നേരാം വണ്ണം ഇംഗ്ലീഷു പറയാന്‍ അറിയില്ല!' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. ഇതെപ്പറ്റി നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നെങ്കിലും സംഗതി കാലം കൂടിയത് ഒരു ദിവസം കുട്ടി സ്‌കൂളില്‍ നിന്ന് വന്നു അന്നത്തെ അനുഭവം വിവരിച്ചപ്പോഴാണ്. സ്‌കൂളിലെ കമ്പ്യൂട്ടര്‍ സെന്ററില്‍ കയറും മുന്‍പ് ചെരുപ്പ് ഊരി പുറത്ത്  വയ്ക്കണം എന്നാണ് നിയമം. ഇന്ന് ഒരു കുട്ടി അത് ചെയ്യാന്‍ മറന്നു പോയി. ടീച്ചര്‍ പിടിച്ചു. 'സോറി ടീച്ചര്‍!' എന്ന് പറഞ്ഞു, ശിക്ഷ പേടിച്ചു കുട്ടി കരയാന്‍ തുടങ്ങിയപ്പോള്‍ മനസ്സലിഞ്ഞ ടീച്ചര്‍ പറഞ്ഞതാണത്രെ, 'പുട്ട് ഈസ് പുട്ട്, നോ മോര്‍ പുട്ട്' സംഗതി മനസ്സിലായില്ലേ? 'ഇട്ടത് ഇട്ടു, ഇനി ഇടരുത് !'

ഒറ്റപ്പെട്ട ഒരു ടീച്ചറുടെ ഉദാഹരണം വച്ചു സാമാന്യവത്കരിക്കുന്നത് ശരിയല്ല എന്ന് അറിയാം. എങ്കിലും പറയാതെ വയ്യ, ഇത് അത്ര ഒറ്റപ്പെട്ട സംഭവം അല്ല. ഒരു പൊതുവേദിയില്‍ കുട്ടികള്‍ ഇംഗ്ലീഷിലുള്ള നാടകം അവതരിപ്പിക്കുന്നു. ക്ലാസ്സില്‍ പഠിക്കാനുള്ള ഒരു പാഠത്തെ ആസ്പദമാക്കിയാണ് സംഭവം. ഒരു ഘട്ടത്തില്‍  ഒരു കഥാപാത്രം ബാലവേല ചെയ്യുന്ന ഒരു കുട്ടിയോട് ദേഷ്യപ്പെട്ടു ശകാരിക്കുകയാണ് : 'യൂ ഗോ ഇന്‍ ഫ്രണ്ട്  ഓഫ് മൈ ഐ!' എന്റെ കണ്ണിന്റെ മുന്പീന്നു പോ, എന്നാണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായി എങ്കിലും അവതരണം കഴിഞ്ഞു കുട്ടികള്‍ അഭിപ്രായം  ചോദിച്ച് വന്നപ്പോള്‍ പറയാതിരിക്കാന്‍ കഴിഞ്ഞില്ല. 'അഭിനയം ഒക്കെ വളരെ നന്നായിരുന്നു. പിന്നെ, നിങ്ങള്‍ നാടകം എഴുതീട്ട് ടീച്ചറെ കാണിച്ചു തിരുത്തിക്കണം കേട്ടോ.' അപ്പോള്‍ കിട്ടിയ മറുപടി ശരിക്കും ഞെട്ടിച്ചു. 'ടീച്ചറാ എഴുതീത് .' പിന്നെ എന്തു പറയാനാ!

ഇങ്ങനെയുള്ള രസകരമായ ഇംഗ്ലീഷു പറയുന്ന അധ്യാപകര്‍ ഞങ്ങളെ എന്‍ജിനീയറിംഗ് കോളേജുകളിലും പഠിപ്പിച്ചിട്ടുണ്ട്, ഇപ്പോഴും പഠിപ്പിക്കുന്നുണ്ട് എന്ന് കുട്ടികള്‍ പറയുന്ന കഥകള്‍ കേട്ടാല്‍ അറിയാം. ഒരു കോളേജിലെ ഒരു പൂര്‍വ വിദ്യാര്‍ഥി തന്റെ അനിയനെ കോളേജില്‍ ചേര്‍ക്കാന്‍ പ്രിന്‍സിപ്പലിന്റെ മുന്നില്‍ ചെന്നു. ഇരിക്കാന്‍ പറഞ്ഞിട്ടും ബഹുമാനം കാണിച്ചു മടിച്ചു നിന്നു. അപ്പോള്‍ അദ്ദേഹം സൗമനസ്യത്തോടെ പറഞ്ഞത്രേ: ' യെസ്‌റ്റെര്‍ഡെ യൂ വേര്‍ മൈ സ്റ്റുഡന്റ്, റ്റുടെ യൂ ആര്‍ മൈ പേരന്റ്്!' മറ്റൊരു കോളേജില്‍ ശല്യക്കാരിയായ ഒരു പെണ്‍കുട്ടിയുടെ അച്ഛനെ വിളിച്ച് വരുത്തി പ്രിന്‍സിപ്പല്‍ ദേഷ്യപ്പെട്ടത് ഇങ്ങനെ: 'ഇഫ്  യൂ വാന്റ്  ടു മാരി ഹേര്‍, മാരി ഹേര്‍; ബട്ട്  ഇഫ് യൂ വാന്റ് ടു സ്റ്റഡി  ഹേര്‍, സ്റ്റഡി ഹേര്‍!'
പക്ഷേ ഈ അധ്യാപകശ്രേഷ്ഠര്‍ എല്ലാം പൊതുവേ വളരെ പോപുലര്‍ ആയിരുന്നു എന്നാണോര്‍മ. അത് കുട്ടികള്‍ക്ക് പറഞ്ഞ് രസിക്കാന്‍ വക നല്‍കുന്നു എന്നതിന്റെ പേരില്‍ അല്ല; അവരൊക്കെ ‘സബ്ജക്റ്റില്‍’ നല്ല വിവരം ഉള്ളവര്‍ ആയിരുന്നു. വിദ്യാര്‍ഥികളെ സ്‌നേഹിക്കുന്നവരും ശാസിക്കുന്നവരും ആയിരുന്നു.  ഒരു അധ്യാപകനെ ഒടുവില്‍ വിലയിരുത്തുന്നത്  അതിന്റെയൊക്കെ പേരില്‍ ആണല്ലോ. പ്രൊഫെഷണല്‍ കോളേജില്‍ അത് മതി താനും. ഭാഷാശേഷിയല്ല  അറിവിന്റെ ലക്ഷണം എന്ന് എനിക്ക് മനസ്സിലായത് അങ്ങനെയാണ്.

എങ്കിലും ഇംഗ്ലീഷു നല്ലവണ്ണം പഠിക്കട്ടെ എന്ന ലക്ഷ്യത്തോടെ കുട്ടികളെ ഇംഗ്ലീഷു മീഡിയം സ്‌കൂളുകളില്‍ ചേര്‍ക്കുന്ന രക്ഷിതാക്കള്‍ക്ക് അവിടത്തെ അധ്യാപകര്‍ നല്ലവണ്ണം ഇംഗ്ലീഷു പറഞ്ഞില്ലെങ്കില്‍ തീര്‍ച്ചയായും ഇച്ഛാഭംഗം ഉണ്ടാകും എന്നുറപ്പാണ്. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ പല ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെയും അവസ്ഥ ഇങ്ങനെ തന്നെയാണ്. വീട്ടിലും നിത്യജീവിതത്തിലും ഇംഗ്ലീഷ്  ഉപയോഗിക്കാത്ത, ഇംഗ്ലീഷു സിനിമയോ നാടകമോ കാണാത്ത, ഇംഗ്ലീഷു ന്യൂസ് പോലും കേള്‍ക്കാത്ത, ഇംഗ്ലീഷു മാതൃഭാഷയായിട്ടുള്ളവര്‍ അതെങ്ങനെ പ്രയോഗിക്കുന്നു എന്ന്  ഒരിക്കലും സംസാരിച്ചു കേള്‍ക്കാത്ത, നാല് പേര്‍ കേള്‍ക്കെ ഇംഗ്ലീഷില്‍ സംസാരിക്കാന്‍  ധൈര്യമില്ലാത്ത ടീച്ചര്‍മാര്‍ ആണ് പലപ്പോഴും ഇംഗ്ലീഷില്‍ പഠിപ്പിക്കാന്‍ നിര്‍ബന്ധിതരാകുന്നത് . അവരില്‍ പലരും ഒരുപക്ഷെ തെറ്റില്ലാതെ ഇംഗ്ലീഷില്‍ എഴുതാന്‍ കഴിവുള്ളവര്‍ ആയിരിക്കും. പക്ഷേ ഇംഗ്ലീഷില്‍ പഠിപ്പിക്കാന്‍ അതുപോരല്ലോ. പിന്നെ നിവൃത്തികേട് കൊണ്ട് അവര്‍ ആ വെല്ലുവിളി ഏറ്റെടുക്കുന്നു എന്ന് മാത്രം.

താന്‍ ഇംഗ്ലീഷില്‍ പഠിച്ച കാര്യങ്ങള്‍ അങ്ങനെ തന്നെ ആവര്‍ത്തിക്കുക,  ഇംഗ്ലീഷില്‍ നോട്ടു കൊടുക്കുക, അത് കാണാതെ പഠിച്ച് അതുപോലെ എഴുതാന്‍ കുട്ടികളെ നിര്‍ബന്ധിക്കുക, അതില്‍നിന്നു കടുകിട മാറിയാല്‍ കുട്ടികളെ ശിക്ഷിക്കുക ... ഇതൊക്കെയാണ് മിക്ക സ്‌കൂളുകളിലും നിന്ന് കേള്‍ക്കുന്നത്. അതുകൊണ്ട് തന്നെ സ്വന്തമായി ചിന്തിക്കാനും ആശയം പ്രകടിപ്പിക്കാനും ഉള്ള കുട്ടികളുടെ കഴിവ് മുരടിച്ചു പോകുന്നില്ലേ എന്ന് നാം ഗൗരവപൂര്‍വമായി ആലോചിക്കേണ്ടിയിരിക്കുന്നു.   അതേ സമയം, മലയാളത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് തങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ സ്വന്തമായ ഭാഷയില്‍ പറഞ്ഞും എഴുതിയും ഫലിപ്പിക്കാനുള്ള  കഴിവ് താരതമ്യേന കൂടുതല്‍ ഉണ്ടെന്നാണ് പല 'ബാല ശാസ്ത്ര കോണ്‍ഗ്രസ്സുകളിലും' കേള്‍വിക്കാരന്‍ ആയി ഇരിക്കുമ്പോള്‍ തോന്നിയിട്ടുള്ളത്.

ഇവിടെയാണ്  'ഇംഗ്ലീഷു പഠിക്കലും ഇംഗ്ലീഷില്‍ പഠിക്കലും' രണ്ടാണെന്ന്  പറയേണ്ടിവരുന്നത്. തങ്ങളുടെ കുട്ടികള്‍ ഇംഗ്ലീഷു നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവ് നേടണം എന്ന രക്ഷകര്‍ത്താക്കളുടെ ഉത്കണ്ഠ മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ അതിന് വേണ്ടി അവരെ ഇംഗ്ലീഷു മീഡിയം സ്‌കൂളില്‍ ചേര്‍ക്കേണ്ടതുണ്ടോ? അവര്‍ എല്ലാ വിഷയങ്ങളും ഇംഗ്ലീഷില്‍ തന്നെ പഠിക്കേണ്ടതുണ്ടോ? ഏതു പാഠവും  മനസ്സില്‍ പതിയുന്നത്  നിത്യവും ഉപയോഗിക്കുന്ന ഭാഷയിലൂടെ പഠിക്കുമ്പോഴാണ് എന്നത് വ്യക്തമാണ്. നമ്മുടെ ചില കുട്ടികള്‍ ഇംഗ്ലീഷു മീഡിയത്തില്‍ പഠിച്ചിട്ടും വലിയ 'കേട് ' ഇല്ലാതെ രക്ഷപ്പെടുന്നത്  രണ്ട് കാരണങ്ങള്‍ കൊണ്ടാകാം. ഒന്ന്, ചിലരുടെ വീട്ടില്‍ നിത്യവും ഇംഗ്ലീഷ് ഉപയോഗിക്കാറുണ്ട്, ഇംഗ്ലീഷു പത്രം വായിക്കാറുണ്ട്, ഇംഗ്ലീഷു സിനിമ കാണാറുണ്ട്, ധാരാളം ഇംഗ്ലീഷു പുസ്തകങ്ങള്‍ വായിക്കാറുണ്ട്, ഇന്റര്‍നെറ്റും സിഡികളും ഉപയോഗിക്കാറുണ്ട് ... അങ്ങനെയുള്ള വീടുകളിലെ കുട്ടികള്‍ക്ക് ഇംഗ്ലീഷു മീഡിയം ക്ലാസ്സ് വലിയ പ്രശ്‌നം ഉണ്ടാക്കില്ല. പക്ഷേ അങ്ങനെയുള്ളവര്‍ മാത്രമല്ലല്ലോ ഇപ്പോള്‍ ഇംഗ്ലീഷ് മീഡിയത്തെ ആശ്രയിക്കുന്നത്. ഇതൊന്നും പതിവില്ലാത്ത, തികച്ചും സാധാരണക്കാരും ഇപ്പോള്‍ ഇംഗ്ലീഷ് മീഡിയം എന്നുള്ള ബോര്‍ഡു മാത്രം നോക്കി കുട്ടികളെ അയക്കുന്നുണ്ട്. അങ്ങനെയുള്ളവര്‍ ഒരുവിധം പിടിച്ചു നില്‍ക്കുന്നത്  പല 'ഇംഗ്ലീഷു മീഡിയം' സ്‌കൂളുകളിലും യഥാര്‍ത്ഥ  ബോധനഭാഷ മലയാളം ആയത്  കൊണ്ടാണ് ! മലയാളത്തില്‍ പഠിപ്പിക്കും എന്നിട്ട്  ഇംഗ്ലീഷില്‍ നോട്ടു കൊടുക്കും. അപ്പോള്‍ ഇംഗ്ലീഷു മീഡിയം കൊണ്ട് കിട്ടേണ്ട ഗുണം ഒട്ടു കിട്ടുകയുമില്ല, ദൂഷ്യം ഒക്കെ ഉണ്ടാവുകയും ചെയ്യും. അങ്ങനെയുള്ളിടത്താണ്  പുട്ട് ഈസ് പുട്ടും യൂ ഗോ ഇന്‍ ഫ്രണ്ട് ഓഫ് മൈ ഐയും ഒക്കെ സംഭവിക്കുന്നത്.

നമ്മുടെ ഒരു കുഴപ്പം നാം പലപ്പോഴും യാഥാര്‍ത്യങ്ങളെ  നേരിടാന്‍ മടിക്കുന്നു എന്നതാണ്. കണ്ണടച്ച് ഇരുട്ടാക്കുന്നു.  കേരള വിദ്യാഭ്യാസ നിയമം അനുസരിച്ച് അഞ്ചാം ക്ലാസ് മുതല്‍ക്കേ ഇംഗ്ലീഷ് മീഡിയം അനുവദനീയം ആകൂ. പക്ഷേ പല സര്‍ക്കാര്‍ പ്രൈമറി  സ്‌കൂളുകളിലും ഒന്നാം ക്ലാസ് മുതല്‍ക്കേ ഇംഗ്ലീഷ് മീഡിയം ഉണ്ട് എന്നത്  പരസ്യമായ രഹസ്യമാണ്. അവിടെ എന്തു പഠിപ്പിക്കുന്നു, ഏതു പുസ്തകം പഠിപ്പിക്കുന്നു, എങ്ങനെ പഠിപ്പിക്കുന്നു എന്നതിനെപറ്റി ഒരന്വേഷണവും ആരും നടത്തുന്നില്ല.  തസ്തിക സംരക്ഷിക്കാനുള്ള വ്യഗ്രതയില്‍ അധ്യാപക സംഘടനകളും ഇതിന് നേരെ കണ്ണടക്കുന്നു. ജീവിതത്തില്‍ ഒരു ഇംഗ്ലീഷു മീഡിയം ക്ലാസ്സിലും പഠിച്ചിട്ടില്ലാത്ത അധ്യാപകര്‍ ഒരു തയാറെടുപ്പും കൂടാതെ ഒരു സുപ്രഭാതത്തില്‍ ഇംഗ്ലീഷില്‍ പഠിപ്പിച്ചു തുടങ്ങുന്നു. ഇംഗ്ലീഷ് മീഡിയം നഴ്‌സറി പോലും ഇങ്ങനെയൊക്കെ നാം നടത്തുന്നു. ഒരിക്കല്‍ ഒരു ഇംഗ്ലീഷ് മീഡിയം നഴ്‌സറി റ്റീച്ചറോട്  നിങ്ങള്‍ എങ്ങനെയാണ് പിഞ്ചു കുഞ്ഞുങ്ങളെ ഇംഗ്ലീഷില്‍ കൊഞ്ചിക്കുന്നത് എന്ന് ചോദിച്ചു. അവരെന്നെ  തല്ലിയില്ലെന്നേയുള്ളൂ! വളരെ കുറച്ച്  ഇംഗ്ലീഷ് വാക്കുകളിലും വാചകങ്ങളിലും ഒതുക്കി  കുഞ്ഞുങ്ങളുടെ ആശയപ്രകടനലോകം ചുരുക്കുന്നതിന്റെ പാപം നാം എങ്ങിനെയാണ് കഴുകിക്കളയുക?

നാം പരമ്പരാഗതമായി ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന രീതിയും മാറ്റേണ്ടിയിരിക്കുന്നു. നാട്ടിലൊരിടത്തുമില്ലാത്ത  ഡാഫോഡിലിനെപ്പറ്റിയുള്ള കവിത കാണാതെ പഠിപ്പിക്കുന്ന ഇംഗ്ലീഷു ബോധനം അല്ല നമുക്ക് വേണ്ടത്. രണ്ടാം ‘ഭാഷയായി എങ്ങനെ ഇംഗ്ലീഷ് പഠിപ്പിക്കണം എന്നതിനെ പറ്റി ധാരാളം  പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇവിടെയും ചില പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. നല്ല ഫലം ഉണ്ടായതായും കേട്ടിട്ടുണ്ട്. പക്ഷേ അവ മുന്നോട്ടു കൊണ്ടുപോകാന്‍ എന്തുകൊണ്ടോ നമുക്കു കഴിഞ്ഞിട്ടില്ല.

മലയാളം മാധ്യമത്തില്‍ പഠിപ്പിച്ചുകൊണ്ട് തന്നെ നല്ല രീതിയില്‍ ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള കഴിവ് കുട്ടികള്‍ക്ക് കൊടുക്കാന്‍ കഴിയും എന്ന ഉറപ്പ് ആണ് നാം രക്ഷാകര്‍ത്താക്കള്‍ക്ക്  കൊടുക്കേണ്ടത്. അത് സാധിക്കും എന്നതിനു ഇവിടത്തെ പഴയ തലമുറ തന്നെ സാക്ഷി. കോളനി‘ഭരണകാലത്ത്  ആണ്  സ്‌കൂള്‍ വിദ്യാഭ്യാസം മാതൃഭാഷയിലൂടെ ആകണം എന്ന നിയമം ഇവിടെ നടപ്പാക്കിയത്  എന്നത്  ഒരു വിരോധാഭാസം  ആയി  തോന്നാം. ഇന്ന് അതിന്  പകരം ഇംഗ്ലീഷ് മീഡിയത്തിന്റെ പേരിലുള്ള ആഭാസങ്ങളെ ആണ് നാം ചുമക്കുന്നത്!

*
ആര്‍ വി ജി മേനോന്‍ ജനയുഗം 01 മെയ് 2012

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ശുപാര്‍ശയുടെയും സംഭാവനയുടെയും ബലത്തില്‍ മകളെ ചേര്‍ത്ത അണ്‍എയിഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്ന് കുട്ടിയെ വിടുതല്‍ ചെയ്തു ഒരു സാദാ സ്‌കൂളില്‍ ചേര്‍ക്കാന്‍ തീരുമാനിച്ച ഒരു രക്ഷകര്‍ത്താവിനെ ഞാന്‍ കഴിഞ്ഞ ആഴ്ച കണ്ടു. 'ഇംഗ്ലീഷ് മീഡിയം എന്നൊക്കെ പറയും; പക്ഷേ അവിടത്തെ ടീച്ചര്‍മാര്‍ക്ക് പോലും നേരാം വണ്ണം ഇംഗ്ലീഷു പറയാന്‍ അറിയില്ല!' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. ഇതെപ്പറ്റി നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നെങ്കിലും സംഗതി കാലം കൂടിയത് ഒരു ദിവസം കുട്ടി സ്‌കൂളില്‍ നിന്ന് വന്നു അന്നത്തെ അനുഭവം വിവരിച്ചപ്പോഴാണ്. സ്‌കൂളിലെ കമ്പ്യൂട്ടര്‍ സെന്ററില്‍ കയറും മുന്‍പ് ചെരുപ്പ് ഊരി പുറത്ത് വയ്ക്കണം എന്നാണ് നിയമം. ഇന്ന് ഒരു കുട്ടി അത് ചെയ്യാന്‍ മറന്നു പോയി. ടീച്ചര്‍ പിടിച്ചു. 'സോറി ടീച്ചര്‍!' എന്ന് പറഞ്ഞു, ശിക്ഷ പേടിച്ചു കുട്ടി കരയാന്‍ തുടങ്ങിയപ്പോള്‍ മനസ്സലിഞ്ഞ ടീച്ചര്‍ പറഞ്ഞതാണത്രെ, 'പുട്ട് ഈസ് പുട്ട്, നോ മോര്‍ പുട്ട്' സംഗതി മനസ്സിലായില്ലേ? 'ഇട്ടത് ഇട്ടു, ഇനി ഇടരുത് !'

Narayana Swamy said...

I am a person who has studied in Malayalam medium till SSLC; and subsequently in English medium for the namesake, because the teachers used to explain the subjects mostly in Malayalam - including English. The difference was that the English teachers took real pains to teach us the language and literature, not the'Ba Ba Blacksheep' and the 'Daffodils'. It paid. There were at least two occasions (with utmost humility I shall say this) when the international audience (including British) appreciated my vocabulary and style in English -- Please note, I DO NOT HAVE any foreign accent; I still retain mallu english accent by default!

Jomy said...

മിക്ക ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും നടക്കുന്നത് ഇംഗ്ലീഷില്‍ പഠിച്ച കാര്യങ്ങള്‍ അങ്ങനെ തന്നെ ആവര്‍ത്തിക്കുക,  ഇംഗ്ലീഷില്‍ നോട്ടു കൊടുക്കുക, അത് കാണാതെ പഠിച്ച് എഴുതാന്‍ കുട്ടികളെ നിര്‍ബന്ധിക്കുക, തെറ്റിയാൽ കുട്ടികളെ ശിക്ഷിക്കുക ..ഇതൊക്കെയാണ് . .സ്വന്തമായി ചിന്തിക്കാനും ആശയം പ്രകടിപ്പിക്കാനും ഉള്ള കുട്ടികളുടെ സ്വാഭാവിക കഴിവ് മുരടിച്ചു പോകുന്നു . അതേ സമയം, മലയാളത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് തങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ സ്വന്തമായ ഭാഷയില്‍ പറഞ്ഞും എഴുതിയും ഫലിപ്പിക്കാനുള്ള  കഴിവ് കൂടുകയും ചെയ്യുന്നു .