Monday, May 28, 2012

കുറിച്യകലാപത്തിന്റെ അനുസ്മരണവും ആദിവാസി വംശഹത്യയും

ഇതുവരെ എഴുതപ്പെട്ട സമരങ്ങള്‍ വര്‍ഗ്ഗസമരങ്ങളുടെ ചരിത്രമാണെന്ന് മാര്‍ക്‌സ് വെറുതെ പറഞ്ഞതല്ല. തന്റെ കാലഘട്ടം വരെ സംഭവിച്ചിട്ടുള്ള ചരിത്രസംഭവങ്ങളെ യുക്തിഭദ്രമായി വിശകലനം നടത്തി ആ അതുല്യപ്രതിഭ നടത്തിയ നിരീക്ഷണമാണ് ഇത്. ഈ നിരീക്ഷണത്തെ സമ്പൂര്‍ണ്ണമായി ശരിവെക്കുന്ന ഒരു ചരിത്രസംഭവമാണ് 1812 ല്‍ വയനാട്ടില്‍ നടന്ന കുറിച്യകലാപം. ഈ മാസം 19-ാം തീയതി സി പി ഐ വയനാട് ജില്ലാകമ്മറ്റി ഗോത്രമഹാസഭയുടെ ആഭിമുഖ്യത്തില്‍ പ്രസ്തുത കലാപത്തിന്റെ അനുസ്മരണം സംഘടിപ്പിക്കുകയുണ്ടായി. അവിടെ നടന്ന സെമിനാറും തുടര്‍ന്ന് ആദിവാസികളുമായി നടത്തിയ ചര്‍ച്ചകളും അനസ്യൂതം തുടരുന്ന വര്‍ഗ്ഗസമരത്തിന്റെ സമരമുഖങ്ങളിലേക്ക് പുതിയ വെളിച്ചം വീശുന്നതായിരുന്നു.
സി പി ഐ ദേശീയ കൗണ്‍സിലംഗവും ജനയുഗം പത്രാധിപരുമായ ബിനോയ് വിശ്വം സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ആദിവാസികള്‍ വര്‍ത്തമാനകാലഘട്ടത്തില്‍ നടത്തുന്ന ഭൂസമരങ്ങള്‍ സത്യത്തില്‍ 1812 ല്‍ അവര്‍ നടത്തിയ മഹത്തായ സമരത്തിന്റെ തുടര്‍ച്ചയാണെന്ന് കാര്യകാരണങ്ങള്‍ നിരത്തി ഉദ്ഘാടകന്‍ സമര്‍ഥിച്ചപ്പോള്‍ അത് മാര്‍ക്‌സിസ്റ്റ് രീതിശാസ്ത്രത്തിന്റെയും ദര്‍ശനത്തിന്റെയും ഒളിമങ്ങാത്ത പ്രസക്തിയിലേക്ക് വെളിച്ചം വീശുന്ന ഒരു ചൂണ്ടുപലകയായി.

തുടര്‍ന്ന് ബിനോയിയും ജില്ലാസെക്രട്ടറി വിജയന്‍ ചെറുകരയുമുള്‍പ്പെടെയുള്ള നേതാക്കള്‍ ആദിവാസികളുമായി നേരിട്ടു ചര്‍ച്ചകള്‍ നടത്തി. അപ്പോള്‍ കാണാന്‍ കഴിഞ്ഞത് നൂറ്റാണ്ടുകളായി ആ സമൂഹം അനുഭവിച്ചുവരുന്ന കൊടിയ ചൂഷണങ്ങള്‍ക്കെതിരെ അവരുടെ ഉള്ളില്‍ പതഞ്ഞുപൊന്തുന്ന പ്രതിഷേധവും അതേസമയം ശക്തരായ ചൂഷകര്‍ക്കു മുമ്പില്‍ നിസ്സഹായരായിരിക്കേണ്ടി വരുന്നതിലെ തീവ്രദുഖവുമായിരുന്നു.

ബ്രിട്ടീഷുകാര്‍ ഉയര്‍ന്ന നികുതി നിരക്കുകള്‍ വഴി നടത്തിയ കൊടിയ ചൂഷണമാണ് ആദിവാസികളെ ആദ്യം പഴശ്ശിക്കു ഒപ്പവും പിന്നീട് 1812 ല്‍ ഒറ്റയ്ക്കും കലാപത്തിനിറങ്ങാന്‍ പ്രേരിപ്പിച്ചത്. കലാപാനന്തരം അവരുടെ ഭൂമി പിടിച്ചെടുത്ത ബ്രിട്ടീഷ് ഭരണകൂടം അത് പുറംനാട്ടുകാര്‍ക്ക് ലേലം വിളിച്ചുനല്‍കി. വയനാട്ടിലെ ആദിവാസികളുടെ മണ്ണും മാനവും പറിച്ചെടുത്ത കുടിയേറ്റക്കാരുടെ കടന്നുകയറ്റം തുടങ്ങിയത് ഇങ്ങനെയാണ്. ഒരര്‍ഥത്തില്‍ ആസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലും ലാറ്റിനമേരിക്കയിലും വെള്ളക്കാര്‍ കാട്ടിയതിന് സമാനമായ ക്രൂരതയിലൂടെ ബ്രിട്ടീഷുകാര്‍ക്ക് ശേഷം വയനാടന്‍ മലനിരകളില്‍ എത്തിച്ചേര്‍ന്ന പുറംനാട്ടുകാരായ കുടിയേറ്റക്കാര്‍ ആദിവാസികളെ ശാശ്വതമായ കടെക്കണിയിലും അടിമത്വത്തിലും തളച്ചിട്ടും ഭരണകൂടത്തെ കൂട്ടുപിടിച്ച് ഭീഷണിയിലൂടെയും അവരുടെ മണ്ണ് ഇപ്പോഴും കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്നു. ആസ്‌ട്രേലിയയിലും മറ്റും എന്നപോലെ 1800 കളില്‍ വയനാടന്‍ ജനസംഖ്യയുടെ 99 ശതമാനം ആദിവാസികളായിരുന്നു. ഇന്നവരുടെ എണ്ണം വയനാട്ടിലെ ജനസംഖ്യയുടെ 17 ശതമാനം മാത്രമാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ക്കു വേണ്ടിയുള്ള അവരുടെ സമരങ്ങള്‍ അനധികൃത കുടിയേറ്റക്കാരുടെ ഭരണകൂടം മുത്തങ്ങയില്‍ എന്നതുപോലെ ചോരയില്‍ മുക്കികൊന്നതും നാം കണ്ടതാണ്.

ഒരുതരം നിശബ്ദമായ വംശഹത്യയാണ് വയനാടന്‍ മലനിരകള്‍ സാക്ഷ്യംവഹിക്കുന്നത്. കുടിയേറ്റക്കാര്‍ അച്ഛനില്ലാത്ത മക്കളെ നല്‍കി ആദ്യം അവരുടെ വംശശുദ്ധി നശിപ്പിച്ചു. ആത്മാഭിമാനവും കുലമഹിമയും നഷ്ടമായ ആദിവാസി കുടിലുകളിലേക്കവര്‍ മദ്യമൊഴുക്കി. ഒടുവില്‍ ഒരിറ്റു മദ്യത്തിനുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറായ അവരെ നാമമാത്രമായ കൂലിക്ക് തങ്ങളുടെ തോട്ടങ്ങളില്‍ അടിമപ്പണിചെയ്യിച്ചു. ശിവരാമകാറന്തിന്റെ 'ചോമനദുഡി' എന്ന നോവലിലെ ദളിതന്മാരെപ്പോലെ വ്യാജരേഖകള്‍ ചമച്ച് അവരെ നിത്യ അടിമത്വത്തിലാക്കി. ആദ്യം ബ്രിട്ടീഷ് പ്ലാന്റര്‍മാരാണ് ഈ ക്രൂരത കാണിച്ചിരുന്നതെങ്കില്‍ പിന്നീട് നമ്മുടെ സ്വന്തം തൊലികറുത്ത സായ്പ്പന്മാരായിരുന്നു പ്രധാന ചൂഷകര്‍. ഇപ്പോള്‍ കര്‍ണ്ണാടകയിലെ ഇഞ്ചി കൃഷിക്കാരായ ചൂഷകരാണ് മുമ്പില്‍. കൊച്ചുകുട്ടികള്‍ക്ക് വരെ മദ്യം നല്‍കി ബോധം നശിപ്പിച്ച് ഇറച്ചി കാളകളെപ്പോലെ ലോറികളില്‍ കുത്തിനിറച്ച് കുടകിലേക്കും മറ്റും കൊണ്ടുപോകുന്നതിന്റെ ദയനീയചിത്രം നിറകണ്ണുകളോടെയാണ് ആദിവാസി അമ്മമാര്‍ ബിനോയിയോട് വിവരിച്ചത്.

ഓര്‍ക്കുക, യൂറോപ്യന്‍ നിലവാരമുള്ള റോഡുകള്‍ക്കുവേണ്ടി നമ്മളും, വിദേശ കുത്തകകള്‍ക്ക് നൂറുശതമാനം നിക്ഷേപമനുവദിക്കുവാന്‍ നമ്മുടെ ഗവണ്‍മെന്റുകളും മുറവിളികൂട്ടുന്നു. നമ്മുടെയെല്ലാം പൂര്‍വ്വികരായ ഒരു സമൂഹം വയനാടന്‍ ഉള്‍ക്കാടുകളില്‍ നിശബ്ദമായി വംശഹത്യ ചെയ്യപ്പെടുകയാണ്. അവര്‍ പട്ടിണി കിടന്നു മരിക്കുമ്പോഴാണ് നമ്മുടെ പുത്തന്‍പണക്കാര്‍ സിക്‌സ്‌കോഴ്‌സ് ഡിന്നറിനെപ്പറ്റി വാചാലരാകുന്നത്. ഇത് നല്‍കുന്ന സൂചന 200 വര്‍ഷമായി തുടരുന്ന ഒരു സമരത്തോട്  ജനാധിപത്യവാദികളായ നമ്മളും നമ്മുടെ ജനായത്തഭരണകൂടവും പുലര്‍ത്തുന്ന കൊടിയ നിസ്സംഗതയാണ്. ആദിവാസികള്‍ ഒരു വോട്ടുബാങ്കല്ല. പക്ഷേ വര്‍ഗ്ഗസമരത്തിന്റെ നിതാന്തമായ ഒരടയാളമാണ്. നാം തിരിച്ചറിയേണ്ടതും ഇടപെടേണ്ടതുമായ ഒരു സമകാലിക യാഥാര്‍ഥ്യം.

*
ജനയുഗം 28 മേയ് 2012

No comments: