Monday, May 7, 2012

ബ്രാന്റഡ് നിറങ്ങള്‍ ഉയര്‍ത്തുന്ന ദലിത് ചിന്തകള്‍

'എന്നാലും നിനക്കാ പെലയനെ കിട്ടിയുള്ളോടീ' എന്ന അയല്‍വാസിയുടെ പതം പറച്ചില്‍ കേട്ടുകൊ്യുണ്ടാണ് ഒരു ദിവസം ആരംഭിച്ചത്.സ്വന്തം മകള്‍ ദലിതനായ ഒരു പുരുഷനോടൊപ്പം ഇറങ്ങിപ്പോയതിലുള്ള അമര്‍ഷം പറഞ്ഞു തീര്‍ക്കുകയായിരുന്നു അവര്‍. ഭാരതം സ്വതന്ത്രമായി 65 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും,തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയുമൊക്കെ നിയമം മൂലം അവസാനിപ്പിച്ചിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടുവെങ്കിലും എന്തുകൊണ്ടാണ് ഭാരതീയ മനസ്സ്/മലയാളി മനസ്സ് ദലിതന്റെ പേരു കേള്‍ക്കുമ്പോഴേക്കും ഇത്രമേല്‍ സങ്കുചിതമായി പെരുമാറുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്നും ദലിത് വീടുകളിലെ വിവാഹത്തിന് പങ്കെടുക്കാന്‍ വിമുഖത കാട്ടുന്ന,ദലിത് വീടുകളില്‍ നിന്ന് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാന്‍ തയ്യാറാവാത്ത 'അഭ്യസ്തവിദ്യരായ അനേകര്‍ നമ്മുടെയിടയില്‍ ഉണ്ടെന്ന് തിരിച്ചറിയുമ്പോഴാണ് വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലെ ദലിതുകളുടെ അവസ്ഥ എത്രമേല്‍ പരിതാപകരമെന്ന തിരിച്ചറിവ് ഉണ്ടാകുന്നത്.

ദലിത് പ്രശ്‌നങ്ങളില്‍ പ്രാധാന്യം സാമൂഹികമായവയ്ക്കാണ്. ജാതിവ്യവസ്ഥ നിയമം മൂലം നിര്‍ത്തലാക്കിയെങ്കിലും ജാതിവ്യവസ്ഥ അതിന്റെ ഏറ്റവും വൃത്തികെട്ട രൂപത്തിലും ഭാവത്തിലും ഇവിടെ നിലനില്‍ക്കുന്നുണ്ട്യു്.അധികാരത്തിലും ഭൂവുടമസ്ഥതയിലും ജാതിവ്യവസ്ഥ അങ്ങേയറ്റം പ്രകടമാണ്.അതുകൊണ്ട്യു് തന്നെയാണ് 'അദൃശ്യതയിലേയ്ക്കാണ്ടു നില്‍ക്കുന്ന ജാതി ഇന്നും നമ്മുടെ സമൂഹത്തില്‍ നിലകൊള്ളുന്നു'എന്ന സി.അയ്യപ്പന്റെ വാക്കുകള്‍ പ്രസക്തമാകുന്നത്. 

സാമ്പത്തിക പരാധീനതകള്‍ അനുഭവിക്കുന്ന ദലിതുകളുടെ എണ്ണം രാജ്യത്ത് ഒട്ടും കുറവല്ല. ഇന്നും കേവലം 28% ദലിതുകള്‍ക്കു മാത്രമാണ് സ്വന്തമായി ഭൂമിയുള്ളത്. ഭൂപരിഷ്‌കരണം നടപ്പിലാക്കിയതോടെ കേരളത്തിലെ ദലിതുകളുടെ അവസ്ഥയില്‍ മെച്ചമുണ്ടായെങ്കിലും രാജ്യത്തെ 90% വരുന്ന ദലിതരും ഭൂരഹിത കര്‍ഷകരാണ്. മൃതദേഹം മറവ് ചെയ്യാന്‍ വേണ്ട ആറടി മണ്ണു പോലും നമ്മുടെ രാജ്യത്ത് അന്യമാക്കപ്പെടുന്നതു കൊണ്ടാണ് അടുക്കള പൊളിച്ച് ശവം മറവ് ചെയ്യാന്‍ ദലിതന്‍ നിര്‍ബന്ധിതനാകുന്നത്.

ദലിതുകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ദിനംപ്രതി വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 'ഓരോ രണ്ടു മണിക്കൂറിലും ഒരു ദലിതന്‍ അപമാനിക്കപ്പെടുന്നുണ്ടെന്നും, ഒരു ദിവസം കുറഞ്ഞത് മൂന്ന് ദലിത് സ്ത്രീകള്‍ മാനംഭംഗത്തിനിരയാകുന്നുണ്ടെന്നും, രണ്ട് ദലിത് വീടുകള്‍ അഗ്നിക്കിരയാക്കപ്പെടുന്നുണ്ടെന്നും ‘ക്രൈം ഇന്‍ ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്യുന്നു. 1995 ലെ കണക്കനുസരിച്ച് 32,990 അക്രമസംഭവങ്ങളാണ് ദലിതുകള്‍ക്കെതിരെ ഉണ്ടായിട്ടുള്ളത്. വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ചും ബിഹാറില്‍ നിന്നുമാണ് ഏറ്റവുമധികം അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗംഗാസേന, റണ്‍വീര്‍ സേന,കന്‍വര്‍ സേന തുടങ്ങിയ ജാതി സേനകളുടെ നേതൃത്വത്തിലാണ് അക്രമങ്ങള്‍.

വിദ്യഭ്യാസരംഗത്ത് ദലിത് ഉന്നമനത്തിനായി ഒട്ടനവധി ക്ഷേമപരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും ഇതൊന്നും തന്നെ താഴേക്കിടയിലേക്കെത്തുന്നില്ലെന്നു വേണം കരുതാന്‍. 2001 ലെകണക്കനുസരിച്ച് ഹൈസ്്കൂള്‍ തലങ്ങളിലേക്ക് കടക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം 53%,ഗ്രാജ്വേറ്റ്,പോസ്റ്റ് ഗ്രാജ്വേറ്റ് തലങ്ങളില്‍ യഥാക്രമം 35%,60% എന്നിങ്ങനെയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പൊതു വിദ്യാഭ്യാസ രംഗത്തെ ദലിത് വിജയം ശരാശരിക്കും താഴെ നില്‍ക്കുന്ന പരിതാപകരമായ അവസ്ഥയാണ് ഇന്ന് രാജ്യത്തുള്ളത്. ദലിത് സാക്ഷരത ദേശീയ ശരാശരിയുടെ പകുതിയിലും താഴെ(41.3%) യാണ്. ദേശീയ ശരാശരിയുടെ 1/4 മാത്രമാണ് രാജസ്ഥാന്‍,ബിഹാര്‍,മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലുള്ളത്.

നിയമവാഴ്ചയും ഭരണഘടനയിലെ എണ്ണം പറഞ്ഞ ആര്‍ട്ടിക്കിളുകളും(ആര്‍ട്ടിക്കിള്‍-14,15,17,46..) ദലിതുകള്‍ക്കു നേരെയുണ്ടാകുന്ന അക്രമങ്ങളില്‍ നോക്കുകുത്തിയാകുന്ന അവസ്ഥാവിശേഷമാണ് ഇന്ന് നിലനില്‍ക്കുന്നതെന്ന് പറയേണ്ടിയിരിക്കുന്നു.

വോട്ടു രാഷ്ട്രീയത്തിനും ജാതി സമവാക്യ സന്തുലനത്തിനും മാത്രമായി ദലിത് വിഭാഗത്തെ ആശ്രയിക്കുന്ന നിലയിലേക്ക് നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയും മാറിക്കഴിഞ്ഞു. ദലിത് ഉന്നമനം ലക്ഷ്യമാക്കി നിലവില്‍ വന്ന ഒരു പാര്‍ട്ടിക്കു പോലും ദലിതുകളുടെ അവസ്ഥയില്‍ അല്‍പം പോലും മാറ്റം സൃഷ്ടിക്കുവാന്‍ കഴിഞ്ഞില്ല എന്നത് അത്യന്തം ഖേദകരമായ വസ്തുതയാണ്. 1970 ല്‍ ദലിത് പാന്തേഴ്‌സ് പാര്‍ട്ടിയും,1980 ല്‍ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുമൊക്കെ നിലവില്‍ വന്നുവെങ്കിലും ശക്തമായ ഒരു 'ദലിത് ലോബി' രൂപീകരിക്കുന്നതില്‍ ഇവ അമ്പേ പരാജയപ്പെട്ടു. അതുകൊണ്ടു തന്നെയാവണം 60 പതിറ്റാണ്ടിലധികമായി സ്വതന്ത്ര റിപ്പബ്ലിക്കായി നിലകൊള്ളുന്ന ഇന്ത്യ പോലെ ഒരു ജനാധിപത്യ രാഷ്ടത്തില്‍ ദലിത് സ്വത്വം ഇത്രമേല്‍ അടിച്ചമര്‍ത്തപ്പെടുകയും മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യുന്നതെന്ന നിഗമനത്തിലാണ് നമുക്ക് എത്തിച്ചേരാന്‍ കഴിയുക.

ദലിതുകളുടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാവേണ്ടത് ആവശ്യമാണ്. അതിനായി നമുക്ക് വേണ്ടത് കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ മാത്രമല്ല.അത് നടപ്പിലാക്കുവാനുള്ള ആര്‍ജ്ജവമാണ്.അതിനെക്കാളുപരി ഒരു ദലിതനെ മനുഷ്യനായി,സഹജീവിയായി കാണുവാനുള്ള ഹൃദയ വിശാലതയാണ്.അത് ഇല്ലാത്ത കാലത്തോളം തുടക്കത്തില്‍ പറഞ്ഞതു പോലുള്ള ബ്രാന്‍ഡഡ് വിളി കേട്ട് ഉണരേണ്ട ഗതികേട് നമുക്കുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

*
റീനു മാത്യു ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...