Tuesday, May 1, 2012

മന്ത്രിയഞ്ചാമന്‍

നാലാണോ അഞ്ചാണോ വലുത്?. ഇതെന്ത് ചോദ്യം എന്ന് കരുതുന്നവരുണ്ടാവാം. അവരുടെ അറിവിലേക്ക് ചിരപുരാതനമായ മറ്റു ചില ചോദ്യങ്ങള്‍ കൂടി. കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്? മാവാണോ അണ്ടിയാണോ മൂത്തത്? പാണക്കാട് ഹൈദരലി തങ്ങളാണോ ഉമ്മന്‍ ചാണ്ടിയാണോ വലുത്?. ലീഗാണോ എന്‍എസ്എസ്സാണോ മൂത്തത്? ആര്യാടനാണോ കെ പി എ മജീദാണോ വലുത്? മഞ്ഞളാംകുഴി അലിയാണോ മാലിന്യമാണോ വലുത്?.....

ഇത്തരം ചോദ്യങ്ങളില്‍ തത്വശാസ്ത്രവും ദര്‍ശനവും പാണ്ഡിത്യവുമൊക്കെ കാണുന്നവര്‍ നാലാണോ അഞ്ചാണോ വലുത് എന്ന ചോദ്യത്തില്‍ എന്തുകൊണ്ട് അതൊന്നും കാണുന്നില്ല. നാല് വെറും നാലല്ല, അഞ്ച് അഞ്ചുമല്ല. അക്കങ്ങള്‍ക്ക് വെറും അക്കങ്ങള്‍ എന്ന നിലയില്‍ നിലനില്‍പ്പില്ല. ലേശം ബുദ്ധിജീവിപ്പരുവത്തില്‍ പറഞ്ഞാല്‍ അക്കങ്ങള്‍ക്ക് സ്വത്വമില്ല. ഒരു കൈമാറ്റ വ്യവസ്ഥയില്‍ അക്കങ്ങള്‍ക്ക് പ്രാതിനിധ്യ സ്വഭാവമാണുള്ളത്. വെറുതെ "ഒന്ന്" എന്നു പറഞ്ഞാല്‍ എന്തു കാര്യം. "ഒരു" കള്ളന്‍ എന്നുപറഞ്ഞാല്‍ ഒന്നിന് അര്‍ഥമായി. "നൂറ്" ആര്‍ക്കു വേണം?."നൂറ്" രൂപ, "നൂറ്" മാങ്ങ എന്നിവ പലര്‍ക്കും വേണം. നാല് എന്നു പറഞ്ഞാല്‍ ഒന്നുമല്ല. പക്ഷെ നാലു മന്ത്രിമാര്‍ എന്നു പറഞ്ഞാല്‍ അര്‍ഥം മാറി. നാലില്‍ കൂടുതല്‍ മന്ത്രിമാരെ തരില്ല എന്നു പറഞ്ഞാല്‍ അര്‍ഥം പിന്നെയും മാറി. അതു പോലെ തന്നെ അഞ്ചും. അഞ്ചു മന്ത്രിമാര്‍ വേണം എന്നു ലീഗ്് പറയുമ്പോള്‍ സംഗതി ആകെ മാറി. അപ്പോള്‍ നാലും അഞ്ചും വെറും അക്കങ്ങളല്ല. അക്കങ്ങളാണ് രാഷ്ട്രീയം. അക്കങ്ങളില്‍ കയറിയിറങ്ങിയുള്ള കളിയാണ് അധികാരം.

തോറ്റപ്പോള്‍ പനമ്പിള്ളിയുടെ പ്രതികരണം ചരിത്രപ്രസിദ്ധം."എണ്ണിനോക്കിയപ്പോള്‍ എതിരാളിക്കായിരുന്നു കൂടുതല്‍ വോട്ട്" നാലിന്റെ പക്ഷത്താണ് കോണ്‍ഗ്രസ്. ലീഗിന്റെ ഏറ്റവും വലിയ സംഖ്യ അതാണെന്ന് അവര്‍ ആണയിടുന്നു. എന്നാല്‍ അഞ്ചാണ് വലുതെന്ന് ലീഗ്. അഞ്ചോളം വരുമോ നാല് എന്നാണവരുടെ ചോദ്യം. നാലോളം വരില്ല അഞ്ചെന്ന് കോണ്‍ഗ്രസ്. ലീഗിനെന്താണ് അഞ്ചിനോടിത്ര തഞ്ചം എന്ന് അറിയില്ല. മുസ്ലീം ലീഗും മഹാഭാരതവും തമ്മില്‍ എന്തെങ്കിലും ധാരണ ഉള്ളതായി അറിയില്ല. രാമായണവുമായി ലേശം അടുപ്പമുണ്ടെന്ന് കേട്ടിട്ടുണ്ട്. "മാപ്പിള രാമായണം" എന്ന പാട്ടുണ്ട്. പണ്ട് മലബാറിലെ ചില മാപ്പിളമാര്‍ പാടിനടന്ന രാമായണമാണ് ഇത്. "പണ്ട് താടിക്കാരനൗലി പാടിവന്നൊരു പാട്ട് കണ്ടതല്ലെ ഞമ്മളീ "ലാമായണം" കതപ്പാട്ട് കര്‍ക്കടകം കാത്തുകാത്തു കുത്തിരിക്കും പാട്ട് കാതുരണ്ടിലും കൈവിരലി- ട്ടോരി കൂട്ടും പാട്ട്." ഇതില്‍ ശൂര്‍പ്പണഘ രാമനോട് പ്രണയാഭ്യര്‍ഥന നടത്തുന്ന പാട്ടുണ്ട്. യുഡിഎഫ് യോഗം ചേരുമ്പോള്‍ ലീഗ് നേതൃത്വത്തിന് കെപിസിസി അധ്യക്ഷന്റെ ചെവിയില്‍ മൂളാവുന്നതാണ്. "ആരാ നിങ്ങള് ബാല്യക്കാരാ പേരെന്താടോ കൂടെക്കാണുന്നാരാ പെണ്ണ് ബീടരാണോ മക്കളില്ലെ കൂടെ മരുമക്കളില്ലെ കൊക്കും പൂവും ചോന്ന പെണ്ണ് പെറ്റിട്ടില്ലെ." രാമായണവുമായി ബന്ധമില്ലെങ്കിലും പാണക്കാട്ട് തങ്ങള്‍ക്ക് മഹാഭാരതവുമായി അല്‍പം അടുപ്പമില്ലേ എന്നൊരു ശങ്ക. ടെസ്റ്റ് പാസായി അര്‍ജുനന്‍ പാഞ്ചാലിയേയും കൊണ്ടു വരുന്നു. വീട്ടുമുറ്റത്തു നിന്ന് ധര്‍മപുത്രര്‍ വിളിച്ചു പറഞ്ഞു. "അമ്മേ, ഞങ്ങള്‍ ഒരു സമ്മാനം കൊണ്ടു വന്നിട്ടുണ്ട്" കുന്തിദേവി അകത്തു നിന്നു പറഞ്ഞു. "നിങ്ങള്‍ അഞ്ചു പേരും കൂടിയെടുത്തോ.." അങ്ങനെ പാഞ്ചാലി അഞ്ചുപേര്‍ക്ക് ഭാര്യയായി. ലീഗിന്റെ അഞ്ചിനും ഈ മഹാഭാരതം കഥയോട് പൊരുത്തമുണ്ട്.

തെരഞ്ഞെടുപ്പ് വിജയത്തില്‍ ആര്‍ത്തട്ടഹസിച്ച് ലീഗുകാര്‍ പാണക്കാട്ട് പടിപ്പുരയില്‍ എത്തി. അവര്‍ വിളിച്ചു പറഞ്ഞു. "നമ്മള്‍ കലക്കി." അകത്തു നിന്ന് പാണക്കാട് തങ്ങള്‍ പറഞ്ഞു "നിങ്ങള് അഞ്ചു പേരും കൂടി അനുഭവിക്ക്" അങ്ങനെ വന്നു ഭവിച്ച ഒരഞ്ചാണ് അത്. സത്യത്തില്‍ അവര്‍ക്ക് ആവശ്യമില്ല. പാണക്കാട്ട് തങ്ങള്‍ പറഞ്ഞു പോയ സ്ഥിതിക്ക് അഞ്ചില്‍ നിന്ന് ഒരിഞ്ച് മാറാന്‍ പറ്റില്ല. കുന്തി പറഞ്ഞാല്‍ പാണ്ഡവര്‍ക്ക് മറ്റൊന്നില്ല. പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ ലീഗിനും മറ്റൊന്നും ചിന്തിക്കാനില്ല. പ്രശ്നം രൂക്ഷമായി. അടിയന്തര പരിഹാരത്തിന് ശ്രമം തുടങ്ങി. കാര്യം ഗൗരവമായി കൈകാര്യം ചെയ്യാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. നടപടികള്‍ തുടങ്ങി. പ്രശ്നം തീര്‍ക്കാനുള്ള യോഗം കൂടാന്‍ മൂന്നംഗ സമിതിയെ തെരഞ്ഞെടുത്തു. മൂന്നംഗ സമിതി ആദ്യ യോഗം ചേര്‍ന്ന് അടുത്ത യോഗത്തിന്റെ തിയതി തീരുമാനിച്ച് പിരിഞ്ഞു. അടുത്ത യോഗം അടിയന്തരമായി ചേര്‍ന്ന് മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ നാലംഗ സമിതിക്ക് രൂപം നല്‍കി. നാലംഗ സമിതിയുടെ ആദ്യയോഗം എവിടെച്ചേരണമെന്ന് തീരുമാനിക്കാന്‍ അഞ്ചംഗ സമിതിക്ക് രൂപം നല്‍കി. അഞ്ചംഗ സമിതി യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് ക്രോഡീകരിക്കാന്‍ മൂന്നംഗ സമിതി രൂപീകരിച്ചു. മൂന്നംഗ സമിതി കരട് തയ്യാറാക്കി. ഈ കരട് പരിശോധിക്കാന്‍ നാലംഗ സമിതിയെ തെരഞ്ഞെടുത്തു. നാലംഗ സമിതി തയ്യാറാക്കിയ അന്തിമ റിപ്പോര്‍ട്ട് കെപിസിസി നിര്‍വാഹക സമിതിയില്‍ വെക്കാന്‍ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തി. നിര്‍വാഹക സമിതിയോഗം വിളിച്ചു ചേര്‍ക്കാന്‍ ഏഴംഗ സമിതിക്ക് രൂപം നല്‍കി. ഏഴംഗ സമിതി യോഗം ചേര്‍ന്നപ്പോള്‍ സമയത്തെക്കുറിച്ച് ധാരണയായില്ല എന്ന് ഏകകണ്ഠമായി തീരുമാനിച്ചു. തീരുമാനത്തിന്റെ വിശദവിവരങ്ങള്‍ പരിശോധിക്കാന്‍ ആറംഗ സമിതി രൂപീകരിച്ചു. ആറംഗ സമിതി പ്രശ്നം ചര്‍ച്ച ചെയ്ത് ഏഴംഗ സമിതിക്ക് സമര്‍പ്പിച്ചു. ഏഴംഗ സമിതി യോഗം ചേര്‍ന്ന് ഇത്തവണ തിയതിയെച്ചൊല്ലി തര്‍ക്കം വേണ്ടെന്ന് തീരുമാനിച്ചു. എന്നാല്‍ അതിനെച്ചൊല്ലി ഉണ്ടായ ചില അസ്വാസ്ഥ്യങ്ങള്‍ പരിഹരിക്കാന്‍ ഉപസമിതി രൂപീകരിച്ചു.

ഉപസമിതി പ്രശ്നത്തിന്റെ നാനാ വശങ്ങളും ചര്‍ച്ച ചെയ്ത് ഹൈക്കമാന്റിനെ സമീപിക്കാന്‍ തീരുമാനിച്ചു. ഹൈക്കമാന്റിനെ സമീപിക്കാന്‍ മൂന്നംഗ സമിതി രൂപീകരിക്കാന്‍ നാലംഗങ്ങളുള്ള കമ്മിറ്റി തെരഞ്ഞെടുത്തു. നാലംഗ സമിതി നാലു തവണ യോഗം ചേര്‍ന്ന് മൂന്നംഗ സമിതി രൂപീകരിച്ചു. മൂന്നംഗ സമിതി ഡല്‍ഹിക്ക് പോകാനുള്ള സമയം തീരുമാനിക്കാന്‍ മറ്റൊരു ആറംഗ സമിതിയെക്കൂടി തെരഞ്ഞെടുത്തു. ആറംഗ സമിതിയുടെ ആദ്യയോഗം തീരുമാനമാവാതെ പിരിഞ്ഞു. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്നം രമ്യമായി പരിഹരിച്ചു. സമയം തീരുമാനിച്ചു. മൂന്നംഗം ഉടന്‍ ഡല്‍ഹിക്ക് കുതിച്ചു. ഹൈക്കമാന്റിന് അവധിയായതിനാല്‍ തിരിച്ചു പോന്നു. വീണ്ടും യോഗം ചേരാന്‍ രണ്ടംഗ സമിതിക്ക് രൂപം നല്‍കി. യോഗം ചേരാനുള്ള തിയതിയെച്ചൊല്ലി വീണ്ടും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായി. എങ്കിലും നേതൃത്വത്തിന്റെ കര്‍ശനമായ ഇടപെടലിനെത്തുടര്‍ന്ന് കലണ്ടര്‍ നോക്കി തിയതി തീരുമാനിക്കാമെന്ന അഭിപ്രായ സമന്വയത്തിലെത്തി. ഇതിനിടയില്‍ പരസ്യമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത് ജില്ലാ കലക്ടര്‍മാര്‍ കര്‍ശനമായി നിരോധിച്ചു. മൂന്നു വാക്കില്‍ കൂടുതല്‍ പറയുന്നവരെ 144ാം വകുപ്പുപ്രകാരം ജയിലില്‍ അടക്കാന്‍ നിര്‍ദേശം നല്‍കി. മിണ്ടണ്ടെന്നും മിണ്ടാപ്പൂച്ചകള്‍ കലമുടച്ചാല്‍ മതിയെന്നും ഉത്തരവിറങ്ങി. സമിതി വീണ്ടും ഹൈക്കമാന്റിനെ സമീപിച്ചു. ഹൈക്കമാന്റ് പ്രശ്നം കേള്‍ക്കാമെന്ന് സമ്മതിക്കണമോ എന്ന് പരിശോധിക്കാന്‍ തീരുമാനിച്ചു. അതിന് ദക്ഷിണേഷ്യ മുഴുവന്‍ ചുമതലയുള്ള മൂന്നു പേരെ ചുമതലപ്പെടുത്തി. അവരുടെ റിപ്പോര്‍ട്ട് വരുന്നതു വരെ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം കെപിസിസി യോഗം വിശദമായി ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. ഒടുവില്‍ ഹൈക്കമാന്റിന്റെ തീരുമാനം വന്നു. പ്രശ്നം കേരളത്തില്‍ തന്നെ ചര്‍ച്ച ചെയ്യണം.

മറ്റൊരു സംസ്ഥാനത്തെയും ഇത് ബാധിക്കുന്നതല്ല. ചര്‍ച്ചക്ക് കേരളത്തെ സഹായിക്കാന്‍ ഒരു അഷ്ടവൈദ്യനെ അയക്കാമെന്നും ഹൈക്കമാന്റ് അറിയിച്ചു. നിര്‍ദേശം നിര്‍വാഹക സമിതിയോഗം വിശദമായി ചര്‍ച്ച ചെയ്തു. കൂടുതല്‍ ചര്‍ച്ചക്ക് ഒരു ഉപസമിതിക്ക് രൂപം നല്‍കി. ഉപസമിതി ചര്‍ച്ച ചെയ്യാനുള്ള വിഷയവുമായി ഡല്‍ഹിക്ക് കുതിച്ചു. ഹൈക്കമാന്റ് അവരെ ഓടിച്ചിട്ട് തല്ലി. ഹൈക്കമാന്റ് പ്രശ്നത്തില്‍ കാര്യമായി ഇടപെട്ടിട്ടുണ്ടെന്ന് തിരിച്ചെത്തിയ ഉപസമിതി വാര്‍ത്താലേഖകരെ അറിയിച്ചു. പ്രശ്നം ഇനി നീട്ടിക്കൊണ്ടു പോകേണ്ടതില്ലെന്നും ചുരുക്കിക്കൊണ്ടു വരാമെന്നും നിര്‍വാഹക സമിതി ഏകകണ്ഠമായി തീരുമാനിച്ചു. അതിനു വേണ്ടി യുഡിഎഫ് യോഗം ചേരണമെന്ന് നിര്‍ദേശിക്കാനുള്ള കെപിസിസി യോഗത്തിന് മുന്നോടിയായ ജില്ലാ നേതൃയോഗങ്ങളുടെ തീയതി തീരുമാനിക്കാന്‍ പത്തംഗ പ്രത്യേക സമിതിക്ക് രൂപം നല്‍കി. പാവം..പാവം..അഞ്ചാം മന്ത്രി!. മിന്നുകെട്ടുന്നതും കാത്ത്, പുതുക്കങ്ങളണിഞ്ഞ്, മൈലാഞ്ചിയും പൂശി കുത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്നു തികഞ്ഞു. പ്രതിശ്രുത മന്ത്രിയുടെ ഇരിപ്പ് കണ്ട് അണികള്‍ ചങ്കു പൊട്ടി നിലവിളിച്ചു.

"..ന്റ ബദരീങ്ങ്ളെ..ന്റ പുള്ളേന്റെ ഇരുപ്പ് കണ്ടാ..നല്ല ന്ലാവുദിച്ച പോലേണ്ടാര്‍ന്ന ന്റ പുള്ള ബാടിക്കരിഞ്ഞിരിക്ക്ണ കണ്ടാ..അത്തറും പൂശി, പൗണ്ടറും മിനുക്കി ചൊകചൊകാന്നിരുന്ന ന്റ പുള്ളേന്റ മോന്തേന്റ ശെയ്പ് കണ്ടാ..അടക്കേന്റെ തൊണ്ടൊണങ്ങ്യ പോലായല്ലൊ പടച്ചോനെ... ഇങ്ങനത്തെ ഒരു കൊടും ശതി പടച്ചോന്‍ പൊറുക്കൂല്ലാ..ഇന്നാവും മന്ത്രി, നാളെയാവും മന്ത്രി, നാളെ കയിഞ്ഞാവും മന്ത്രി എന്നെല്ലാം ങ്ങ്ള് എത്ര തവണ പറഞ്ഞ് കൊതിപ്പിച്ച്. ശീറിപ്പായണ ബണ്ടിക്കകത്തൊള്ള ആ പോക്കും, പോലീശുകാര് കൈപൊക്കി തൊയ്കണതും..ന്റ റബ്ബേ സുബര്‍ക്കം തായിത്ത് ബന്നന്നല്ലെ ന്റ പുള്ള കര്തീത്..നാലാം കുളീം കയിഞ്ഞ് അഞ്ചാം മന്ത്രിയാകാന്‍ ശുറുമ എയ്തിയിരുന്ന ന്റ പുള്ളേനോട് ന്തിനാ ങ്ള് ഈ ശതി ശെയ്തത്..കോയിക്ക് അദ് ബന്നട്ടും ന്റ പുള്ളക്ക് മന്ത്രീന്റ പട്ടുറുമാലൊന്ന് ശുറ്റാന്‍ പറ്റീല്ലല്ലാ... കൊല്ലമൊന്ന് കയിഞ്ഞിട്ടും ന്റ പുള്ള പൊര നെറഞ്ഞ് നിക്കേയായിരുന്നില്ലേ..ഓരോ ബണ്ടി ബരുമ്പയും ഓടിച്ചെന്ന് നോക്കും..അപ്പ്ളാണ് അറിയണത് അതെന്റ പുള്ളക്കൊള്ള ബണ്ട്യല്ലാന്ന്.

സൊപ്നം കണ്ട് കണ്ട് ന്റ പുള്ള മെലിഞ്ഞ് മെലിഞ്ഞ് ഇല്ലാണ്ടായി. എല്ലാരും മന്ത്രിക്കാറീക്കേറി ശീറിപ്പാഞ്ഞ് പോകണേം കണ്ട് ന്റ പുള്ള മാത്രം തിണ്ണപ്പൊറത്തിരുന്ന് എണ്ണിപ്പെറുക്കണ കണ്ടാ..തയ്ച്ചുബെച്ച പുതിയ ശില്‍ക്ക് കുപ്പായം പാറ്റ നക്കി ഓട്ടയാക്കി. രണ്ടാനേക്കൊടുത്താലും കൊഴപ്പൂല്ലാര്‍ന്ന്. എന്തിനാ ങ്ങ്ള് ആശ കൊടുത്തത്.. " അണികളുടെ കൂട്ടക്കരച്ചില്‍ ശക്തമായി. കല്ലേറായി, കയ്യാങ്കളിയായി. കാത്തുകാത്തിരുന്ന് കല്ലായിപ്പോയ പ്രതിശ്രുത മന്ത്രിക്ക് അതോടെ ശാപമോക്ഷമായി. പക്ഷെ കിട്ടിയത് അഞ്ചാം മന്ത്രി എന്ന ചീത്തപ്പേരും!.

*
എം എം പൗലോസ് ദേശാഭിമാനി വാരിക 06 മെയ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നാലാണോ അഞ്ചാണോ വലുത്?. ഇതെന്ത് ചോദ്യം എന്ന് കരുതുന്നവരുണ്ടാവാം. അവരുടെ അറിവിലേക്ക് ചിരപുരാതനമായ മറ്റു ചില ചോദ്യങ്ങള്‍ കൂടി. കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്? മാവാണോ അണ്ടിയാണോ മൂത്തത്? പാണക്കാട് ഹൈദരലി തങ്ങളാണോ ഉമ്മന്‍ ചാണ്ടിയാണോ വലുത്?. ലീഗാണോ എന്‍എസ്എസ്സാണോ മൂത്തത്? ആര്യാടനാണോ കെ പി എ മജീദാണോ വലുത്? മഞ്ഞളാംകുഴി അലിയാണോ മാലിന്യമാണോ വലുത്?.....