Friday, May 25, 2012

പരസ്യമായ നിയമലംഘനം

ക്രിമിനല്‍കേസ് അന്വേഷണം തുടങ്ങി കോടതിയിലെത്തുന്നതുവരെ അന്വേഷണ ഉദ്യോഗസ്ഥന്‍ ചെയ്യുന്ന ഒരു കാര്യവും പുറത്തുവരികയില്ല. നിയമത്തിന്റെ അടിസ്ഥാനതത്വങ്ങളെക്കുറിച്ച് ബോധ്യമുള്ള ആര്‍ക്കും അറിയാവുന്നതാണത്. പുറത്തുവന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നിയമലംഘനമാണ് നടത്തുന്നത്. അന്വേഷണപുരോഗതി, അന്വേഷണം അവസാനിക്കുന്നതിനുമുമ്പേ പുറത്തുവിട്ടാല്‍ കോടതിയലക്ഷ്യവും ആകും. പത്ര-ദൃശ്യമാധ്യമങ്ങള്‍ കേസുകളുടെ അന്വേഷണവിവരങ്ങള്‍ എന്നുപറഞ്ഞ് വെളിപ്പെടുത്തുന്നത് പലതും സാധാരണ ജനങ്ങളെ വിഡ്ഢികളാക്കാനാണ് എന്നര്‍ഥം. നിയമവും നീതിയും നിലനില്‍ക്കുന്ന നമ്മുടെ നാട്ടില്‍ ഇങ്ങനെ മാത്രമേ ചിന്തിക്കാന്‍ സാധിക്കുകയുള്ളൂ. പത്ര-ദൃശ്യമാധ്യമങ്ങള്‍ പറയുന്നതാണ് ശരിയെങ്കില്‍, പ്രധാനപ്പെട്ട ക്രിമിനല്‍ കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ നിയമലംഘനവും കോടതിയലക്ഷ്യവുമാണ് നടത്തുന്നത്. കേസന്വേഷണം ആരംഭിക്കുന്നത് ക്രിമിനല്‍ നടപടി നിയമം 154 വകുപ്പുപ്രകാരം പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കുന്നതോടെയാണ്. ക്രിമിനല്‍ നടപടി നിയമം 172 പ്രകാരം ക്രിമിനല്‍ കേസന്വേഷിക്കുന്ന പൊലീസുദ്യോഗസ്ഥന്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ചെയ്യുന്ന എല്ലാ കാര്യവും വിശദമായി എഴുതി ഡയറി സൂക്ഷിക്കേണ്ടതാണ്. ഇതിനെയാണ് "കേസ് ഡയറി" എന്ന് പൊതുവെ പറയുന്നത്. അന്വേഷണം തുടങ്ങിയതുമുതല്‍ അവസാനിക്കുന്നതുവരെയുള്ള എല്ലാ കാര്യവും അതില്‍ വിവരിക്കേണ്ടതാണ്. ഉദ്യോഗസ്ഥന്‍ അന്വേഷണമധ്യേ സഞ്ചരിച്ച സ്ഥലങ്ങള്‍, ചോദ്യംചെയ്ത സാക്ഷികള്‍, മൊഴികള്‍, കണ്ടെടുത്ത സാധനങ്ങള്‍ എന്നിവയെല്ലാം കേസ് ഡയറിയില്‍ ചേര്‍ത്തിരിക്കണം. ഡയറി പേജ് നമ്പറുകളിട്ട് സൂക്ഷിക്കേണ്ടതാണ്. വകുപ്പ് 172 (3) പ്രകാരം പ്രതിക്കോ പ്രതികളുടെ ആളുകള്‍ക്കോ കേസ് ഡയറി പരിശോധിക്കാനുള്ള അധികാരം ഇല്ല. 172 (2) പ്രകാരം ക്രിമിനല്‍ കോടതികള്‍ക്ക് പോലും പൊലീസിന്റെ കേസ് ഡയറി തെളിവായി ഉപയോഗിക്കാന്‍ പാടുള്ളതല്ല. പക്ഷേ, കോടതികള്‍ക്ക് കേസ് ഡയറി വിചാരണസമയത്തോ അതിനോടനുബന്ധിച്ച കാര്യത്തിനോ വിളിച്ചുവരുത്താവുന്നതാണ്. ക്രിമിനല്‍ നടപടി നിയമം 172-ലെ 1, 1എ, 1ബി, 2, 3 എന്നീ ഉപവകുപ്പുകള്‍ വായിച്ചുകഴിഞ്ഞാല്‍ മേല്‍ പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാകും. പ്രത്യേക കേസന്വേഷണത്തിന്റെ ഭാഗമായുണ്ടാകുന്ന കേസ് ഡയറിക്ക് പുറമെ, കേരള പൊലീസ് ആക്ടിലെ വകുപ്പ് 67 പ്രകാരം, എല്ലാ പൊലീസ് സ്റ്റേഷനിലും ജനറല്‍ ഡയറി ഉണ്ടായിരിക്കും. ഈ ജനറല്‍ ഡയറിയില്‍ എല്ലാ കേസുകളുടെയും ചുരുക്കവിവരവും അന്യായക്കാരുടെ വിവരവും പ്രതികളുടെ വിവരവും ചാര്‍ജ് ഷീറ്റ് കൊടുത്ത വിവരവും ചോദ്യംചെയ്ത സാക്ഷികളുടെയും വിവരവും ചേര്‍ക്കേണ്ടതാണ്. ജില്ലാ മജിസ്ട്രേട്ടിന് മാത്രമേ ഡയറി വിളിച്ച് വരുത്താന്‍ പൊലീസ് ആക്ട് അധികാരം നല്‍കുന്നുള്ളൂ.

ക്രിമിനല്‍ നടപടി നിയമം 172(2) പ്രകാരം ആ വകുപ്പില്‍ പറയുന്ന കാര്യത്തിന് ക്രിമിനല്‍ കോടതികള്‍ക്കും ജനറല്‍ ഡയറി വിളിച്ച് വരുത്താവുന്നതാണ്. കേസന്വേഷണമധ്യേ, കേസ്ഡയറി വിവരങ്ങള്‍ പുറത്തുവന്നാലുണ്ടാകുന്ന പ്രശ്നങ്ങള്‍ കേരള ഹൈക്കോടതിയും സുപ്രീംകോടതിയും വിവിധ വിധികളില്‍ വിസ്തരിച്ച് പ്രതിപാദിച്ചിട്ടുണ്ട്. മുരുകേശന്‍ ഢെ. സ്റ്റേറ്റ് ഓഫ് കേരള (2011(1) കെഎല്‍ടി-194) കേസില്‍ കേരള ഹൈക്കോടതി പറഞ്ഞത് ഒരു ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനുശേഷം പ്രഥമ വിവര റിപ്പോര്‍ട്ട് മജിസ്ട്രേട്ട് കോടതിക്കയച്ചുകഴിഞ്ഞാല്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും അന്വേഷണത്തിന്റെ പുരോഗതിയോ മറ്റു കാര്യങ്ങളോ പുറത്തുവിടാനുള്ള അധികാരമില്ല എന്നാണ്. അന്വേഷണവിവരങ്ങള്‍ പുറത്തുപറഞ്ഞാല്‍ ആ ഉദ്യോഗസ്ഥന്റെപേരില്‍ നടപടിയെടുക്കാന്‍ തക്കവണ്ണം സ്വഭാവദൂഷ്യമാണ് നടത്തിയതെന്നും കോടതി പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണമധ്യേ പൊലീസ് ഉദ്യോഗസ്ഥര്‍ സമാഹരിക്കുന്ന തെളിവുകള്‍ ഒന്നുകില്‍ കോടതികള്‍ക്ക് അംഗീകരിക്കാന്‍ പറ്റാത്ത തെളിവുകളാകാം അല്ലെങ്കില്‍ മൂന്നാംമുറ ഉപയോഗിച്ച് നേടിയെടുത്ത തെളിവുകളാകാം എന്നും ആ വിധിയില്‍ പറയുന്നു. ഇത്തരം തെളിവുകള്‍ വിചാരണ നടത്തുമ്പോള്‍ നിലനില്‍ക്കില്ല എന്നും വിധിയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നാല്‍, അത് സമൂഹനന്മയ്ക്ക് വേണ്ടിയായിരിക്കില്ല എന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മേലില്‍ ഇനി ഇത്തരം നിയമലംഘനം നടത്തിയാല്‍ അന്വേഷണ ഉദ്യോഗസ്ഥരും മാധ്യമങ്ങളും നിയമലംഘനത്തിനുള്ള നടപടികള്‍ക്ക് വിധേയരാകേണ്ടിവരും എന്നും അതേ വിധിയിലെ ഖണ്ഡിക 5-ലെ അവസാനത്തെ വാചകത്തില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു. ജസീക്കാലാല്‍ വധക്കേസില്‍ (2010 (6) SSC 1) സുപ്രീംകോടതി പറഞ്ഞ കാര്യവും പ്രസക്തമാണ്. ഒരു പ്രതിയുടെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം "മീഡിയാ ട്രയല്‍" എന്ന നടപടിയിലൂടെ നശിപ്പിക്കുന്നതിനെതിരെ വിശദമായി ഈ വിധിയില്‍ പ്രതിപാദിക്കുന്നു. ഇത്തരം മാധ്യമവിചാരണകള്‍ പ്രതിയുടെ മൗലികാവകാശമായ ജീവിക്കാനുള്ള അവകാശത്തിനെതിരാണെന്ന് കോടതി പറഞ്ഞിട്ടുണ്ട്. കേസ് അന്വേഷണമധ്യേ നടത്തുന്ന ഇത്തരം "മീഡിയാ ട്രയലു"കള്‍ നിര്‍ത്തേണ്ടുന്നതിന്റെ ആവശ്യം വിശദമായി വിധിയിലെ ഖണ്ഡിക 295 മുതല്‍ 302 വരെ പറയുന്നു. ജസ്റ്റിസ് യു എല്‍ ബട്ടിന്റെ 1984ലെ വിധിയും ശ്രദ്ധിക്കേണ്ടതാണ് (Kannan V/s. State of Kerala 1984 KLT 412). അതില്‍ ക്രിമിനല്‍ കേസന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളും അതിനെപ്പറ്റിയുള്ള അഭിപ്രായത്തോടനുബന്ധിച്ച് ചിലര്‍ കുറ്റംചെയ്തു എന്നുള്ള നിഗമനങ്ങളും മാധ്യമങ്ങളില്‍ നടത്തുന്നത് നിയമത്തിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യംചെയ്യുമെന്ന് കോടതി പറഞ്ഞു. ഈയിടെ നടന്ന പല ക്രിമിനല്‍ കേസുകളുടെയും അന്വേഷണമധ്യേ നടന്നു എന്നുപറയുന്ന കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത് ശരിയാകാന്‍ വഴിയില്ല.

ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസന്വേഷണം പൊലീസ് നടത്തിക്കൊണ്ടിരിക്കുകയാണ്. എല്ലാ ദിവസവും പത്ര-ദൃശ്യമാധ്യമങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചെയ്തതായി പറയുന്ന കാര്യങ്ങളും ചോദ്യംചെയ്തതായി പറയപ്പെടുന്ന സാക്ഷികളുടെ വിവരങ്ങളും മൊഴികളും കസ്റ്റഡിയിലെടുത്ത ആളുകളുടെ മൊഴികളും വിവരങ്ങളും ആരൊക്കെയാണ് കുറ്റം ചെയ്തത് എന്ന നിഗമനങ്ങളും വന്നുകൊണ്ടിരിക്കുന്നു. അന്വേഷണം നടക്കവെ, ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത് തടയേണ്ടത് പൊലീസ് ഉദ്യോഗസ്ഥരുടെയും സര്‍ക്കാരിന്റെയും കടമയാണ്. ഇത് ചെയ്തില്ലെങ്കില്‍, മുരുകേശന്‍ V/s State of Kerala 2011(1) KLT 194) എന്ന വിധി പ്രകാരം പൊലീസുകാരും മാധ്യമപ്രവര്‍ത്തകരും കോടതിയലക്ഷ്യനടപടികള്‍ക്ക് വിധേയരാകേണ്ടിവരും. ഇത്തരം അവസ്ഥയില്‍ ക്രിമിനല്‍ നടപടി നിയമത്തിലെ 172-ാം വകുപ്പ് പ്രകാരം ഒരിക്കലും പുറത്തു വരാന്‍ പാടില്ലാത്ത ക്രിമിനല്‍ കേസിലെ കേസ് ഡയറിയിലെ വിവരങ്ങള്‍ തെറ്റായോ ശരിയായോ പുറത്തുവന്നാല്‍ അത് തടയേണ്ടത് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെയും ഭരണാധികാരികളുടെയും കടമയാണ്. ഇത് സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി തടയാതിരുന്നാല്‍, ആര്‍ക്കും ആരുടെയും പേരില്‍ എന്തും പറയാന്‍ പറ്റും എന്ന അവസ്ഥ വരും. ജുഡീഷ്യറിയും ഈ കാര്യത്തില്‍ വെറും കാഴ്ചക്കാരാകുന്നത് വേദനാജനകമാണ്

*
അഡ്വ. പി വി കുഞ്ഞിക്കൃഷ്ണന്‍ ദേശാഭിമാനി 25 മേയ് 2012

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ക്രിമിനല്‍കേസ് അന്വേഷണം തുടങ്ങി കോടതിയിലെത്തുന്നതുവരെ അന്വേഷണ ഉദ്യോഗസ്ഥന്‍ ചെയ്യുന്ന ഒരു കാര്യവും പുറത്തുവരികയില്ല. നിയമത്തിന്റെ അടിസ്ഥാനതത്വങ്ങളെക്കുറിച്ച് ബോധ്യമുള്ള ആര്‍ക്കും അറിയാവുന്നതാണത്. പുറത്തുവന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നിയമലംഘനമാണ് നടത്തുന്നത്. അന്വേഷണപുരോഗതി, അന്വേഷണം അവസാനിക്കുന്നതിനുമുമ്പേ പുറത്തുവിട്ടാല്‍ കോടതിയലക്ഷ്യവും ആകും. പത്ര-ദൃശ്യമാധ്യമങ്ങള്‍ കേസുകളുടെ അന്വേഷണവിവരങ്ങള്‍ എന്നുപറഞ്ഞ് വെളിപ്പെടുത്തുന്നത് പലതും സാധാരണ ജനങ്ങളെ വിഡ്ഢികളാക്കാനാണ് എന്നര്‍ഥം. നിയമവും നീതിയും നിലനില്‍ക്കുന്ന നമ്മുടെ നാട്ടില്‍ ഇങ്ങനെ മാത്രമേ ചിന്തിക്കാന്‍ സാധിക്കുകയുള്ളൂ. പത്ര-ദൃശ്യമാധ്യമങ്ങള്‍ പറയുന്നതാണ് ശരിയെങ്കില്‍, പ്രധാനപ്പെട്ട ക്രിമിനല്‍ കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ നിയമലംഘനവും കോടതിയലക്ഷ്യവുമാണ് നടത്തുന്നത്.

Anonymous said...

കഷ്ടം തന്നെ, ഓരോ ദിവസം ആദര്‍ശ ധീരന്മാരായ സഖാക്കള്‍ പെണ്ണ് കേസില്‍ പെട്ടപോലെ തലയും മുഖവും മറച്ചു ഇങ്ങിനെ പോലീസ് സ്റേഷന്‍ കയറി ഇറങ്ങുന്ന കാഴ്ച അല്ലെ കുഞ്ഞി ക്കണ്ണ, പഴയ ഒരു സഖാവിനെ ഇങ്ങിനെ വെട്ടിക്കൊന്നിട്ട്ട് എന്ത് നേടി?

Anonymous said...

എളമരം കരീം വിചാരിച്ചാല്‍ ഒന്നും സീ എച്ചിന്റെ മുഖത്തെ കള്ളത്തരം കുറ്റബോധം മായ്ക്കാന്‍ പറ്റില്ല, കൊലപ്പുള്ളിക്ക് അഭിആവ്ദ്യുഅന്ഗല് അര്‍പ്പിക്കാന്‍ അവിടെ കൂടി നിന്ന് മുദ്രാവാക്യം വിളിക്കുന്ന കുറെ തെണ്ടികള്‍ ഉണ്ടല്ലോ അവര്‍ ഐ പി സി അനുസരിച്ച് കൃത്യ നിര്‍വ്വഹണത്തെ തടസ്സപ്പെടുതുകയല്ലേ ? ആ വകുപ്പും കൂടി എഴുതാമായിരുന്നു