Sunday, May 30, 2010

വികസന ഭീകരതയും മാധ്യമ ഭീകരതയും

വീഡിയോ പങ്കിടല്‍ വെബ്സൈറ്റായ യു ട്യൂബില്‍ 'കിനാലൂര്‍' എന്നടിച്ച് പരതിയപ്പോള്‍ കിനാലൂരില്‍ സംഘട്ടനം, വാസ്തവം, കവര്‍ സ്റ്റോറി, സര്‍വ കക്ഷി യോഗം, യു ഡി എഫിന്റെയും സോളിഡാരിറ്റിയുടെയും നിലപാടുകള്‍, മന്ത്രിയുടെ വിശദീകരണം എന്നിങ്ങനെ അനവധി വീഡിയോ ഖണ്ഡങ്ങള്‍ തെളിഞ്ഞു വന്നു. ടെലിവിഷനില്‍ അന്നന്ന് കണ്ട് പിറ്റേന്നത്തെ മറവിയുടെ ചവറ്റുകുട്ടയിലേക്ക് യാത്രയാകുന്ന പല വെല്ലുവിളികളും വാഗ്വാദങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും സമരാഹ്വാനങ്ങളും; ദിവസങ്ങളും മാസങ്ങളും മായ്ക്കാന്‍ കഴിയാതെ ശേഖരിക്കപ്പെട്ട് കിടക്കുന്നതിനാല്‍, മാധ്യമ വിമര്‍ശകരെ സംബന്ധിച്ചിടത്തോളം യു ട്യൂബ് അത്യന്താപേക്ഷിതമായ ഒരു അന്വേഷണ മേഖലയായി മാറിയതിന്റെ തെളിവാണീ സംഭവം. ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ കിനാലൂര്‍ സംബന്ധമായ പ്രസ്താവന/പത്രപ്രവര്‍ത്തകരോടുള്ള വിശദീകരണം (ചാനലുകളില്‍ കണ്ടത് ആരോ യുട്യൂബില്‍ നിക്ഷേപിച്ചിരിക്കുന്നു) ഇപ്രകാരമാണ്: കേരളത്തിലൊരിടത്തും ഇല്ലാത്തതുപോലെ നൂറു മീറ്റര്‍ വീതിയിലുള്ള പാത കിനാലൂരിലെ ജനങ്ങളുടെ നെഞ്ചത്തോട്ട് വേണോ? 275 ഏക്കര്‍ വ്യവസായ പാര്‍ക്കിലേക്കുള്ള വഴിക്കു വേണ്ടി 625 ഏക്കര്‍ അക്വയര്‍ ചെയ്യണോ? എന്നൊക്കെയാണ് അദ്ദേഹം ചോദിക്കുന്നത്. വസ്തുതാവിരുദ്ധമായും പ്രകോപനപരമായും ചില സംഘടനകള്‍ വ്യാപകമായി നടത്തിയ ദുഷ്പ്രചാരണങ്ങളില്‍ അദ്ദേഹവും വീണു പോയിയെന്ന് വ്യക്തം. കാബിനറ്റ് പദവിയുള്ള പ്രതിപക്ഷനേതാവിനെ വരെ ഇപ്രകാരം തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമെങ്കില്‍, സാധാരണക്കാരായ ജനങ്ങള്‍ എത്രമാത്രം പ്രചാരണവഞ്ചനകളില്‍ കുടുങ്ങിപ്പോയിട്ടുണ്ടാവും എന്നൂഹിക്കാവുന്നതേ ഉള്ളൂ. കുറ്റിച്ചൂലും ചാണകവെള്ളവും ഉപയോഗിച്ച് റോഡുപണിയാന്‍ വരുന്നവരെ നേരിടാനുള്ള 'ആര്‍ജ്ജവം' ഉമ്മമാര്‍ കാണിക്കണമെന്ന ആഹ്വാനവും മറ്റൊരു വീഡിയോ(വട്ടോളി ബസാറിലോ മോരിക്കരയിലോ നന്മണ്ടയിലോ മാത്രം സംപ്രേക്ഷണം ചെയ്യുന്ന ഒരു പ്രാദേശിക ചാനലിലേതായിരുന്നു ഈ വാര്‍ത്താദൃശ്യം)യില്‍ കണ്ടു. ടെലിവിഷനാനന്തര മാധ്യമലോകത്തെ അഭിമുഖീകരിക്കാന്‍ നമ്മുടെ നേതാക്കളും സംഘടനകളും പഠിച്ചു തുടങ്ങിയിട്ടില്ല എന്നതിന്റെ തെളിവായി ഈ കൂട്ടിപ്പറയല്‍/ശേഖരണം/പരതല്‍ എന്ന പ്രക്രിയയെ വ്യാഖ്യാനിക്കാവുന്നതാണ്.

കഴിഞ്ഞ ദിവസം ബാലുശ്ശേരിയില്‍ നടന്ന ഒരു യോഗത്തില്‍ സംസാരിക്കാന്‍ പോകുന്നതിനു മുമ്പായിട്ടാണ് ഈ പരതല്‍ നടത്തിയത്. അവിടെ സംസാരിക്കാനുള്ള നിര്‍ണായക വിവരങ്ങള്‍ തന്നെ ആ പരതല്‍ കാഴ്ചയില്‍ നിന്ന് ലഭ്യമാവുകയും ചെയ്തു. അത്യന്താധുനികം എന്നു വിളിക്കാവുന്ന ഈ അറിവ് മാത്രമായിരുന്നില്ല അന്നേ ദിവസം എനിക്ക് ലഭിച്ചത്. യാദൃഛികമായി അന്ന് കണ്ടുമുട്ടിയ ഒരു സുഹൃത്ത്, ഞാനും അദ്ദേഹവും താമസിക്കുന്ന നാട്ടിന്റെ പത്തു നാല്‍പതു വര്‍ഷം മുമ്പത്തെ സ്ഥിതി ഓര്‍മ്മിച്ചെടുത്തു. മണ്ണാര്‍ക്കാട് അങ്ങാടിയില്‍ നിന്ന് പൊമ്പ്ര എന്ന സ്ഥലത്തേക്ക് ഏകദേശം എട്ടു കിലോമീറ്റര്‍ ദൂരം വരും. അന്നവിടേക്ക് റോഡോ പാലങ്ങളോ ബസ് സര്‍വീസോ കാളവണ്ടി പോലുമോ ഇല്ല. ചുമട്ടു തൊഴിലാളി യൂണിയനുമില്ല. പൊമ്പ്രയിലെ പലചരക്കു കടയിലേക്ക് സാധനങ്ങള്‍ തലച്ചുമടായിട്ടാണ് കൊണ്ടു പോകുക. അമ്പതറുപതു കിലോ തൂക്കമുള്ള ഉപ്പിന്‍ ചാക്ക് തലയില്‍ വെച്ച് കാരാടന്‍ ഹംസാക്ക നടന്നു വരുന്നത് സുഹൃത്ത് ഓര്‍മ്മിച്ചെടുത്തു. വഴിമധ്യേ ഏകദേശം നാലു കിലോമീറ്റര്‍ തികയുന്നിടത്താണ് സുഹൃത്തിന്റെ വീട്. വീടിനു ചുറ്റും നെല്‍പാടങ്ങളാണ്. ആ പാടത്തെ ഉയരം കൂടിയ ഒരു വരമ്പ് നോക്കി ഹംസാക്ക ഉപ്പിന്‍ ചാക്കൊന്നിറക്കി വെക്കും. തലയില്‍ നിന്ന് തറയിലേക്കിറക്കാനും തിരിച്ച് കയറ്റാനും കൈസഹായം കിട്ടിയില്ലെങ്കിലോ എന്നു കരുതിയാണ് കണ്ടത്തിലിറങ്ങിയ ശേഷം ഉയരം കൂടിയ വരമ്പത്തേക്ക് ചാക്കിറക്കുന്നത്. ഇറക്കി കഴിഞ്ഞ് നോക്കിയാല്‍, അദ്ദേഹത്തിന്റെ അര്‍ദ്ധനഗ്നമായ ശരീരത്തിലാകെ വിയര്‍പ്പും ഉപ്പിന്‍ കല്ലുകളും കൂടി പരന്നൊലിക്കുന്ന കാഴ്ച കാണാം. സുഹൃത്തിന്റെ വീട്ടിലെത്തി ഒരു പിഞ്ഞാണം കഞ്ഞിവെള്ളം ചോദിച്ചു വാങ്ങി കുടിച്ച് കുറച്ചിരുന്ന് വിശ്രമിച്ച് വീണ്ടും ചാക്ക് തലയിലേറ്റി ലക്ഷ്യസ്ഥാനത്തേക്ക് നടപ്പു തുടരുന്ന കഥാ നായകനെപ്പോലൊരാളെ പുതിയ കാലത്ത് അഞ്ഞൂറു രൂപ കൂലി കൊടുത്താലും കിട്ടാന്‍ പോകുന്നില്ല എന്ന അഭിപ്രായത്തോടെയാണ് സുഹൃത്ത് സ്ഥലകാലത്തിന്റെ മാറ്റങ്ങളെക്കുറിച്ചുള്ള ആശ്ചര്യങ്ങള്‍ പങ്കുവെച്ചത്.

വിവരവിനിമയത്തിന്റെ പഴയതും ഏറ്റവും പുതിയതുമായ രണ്ടവസ്ഥകളില്‍ നിന്നുമായി ഒരു കാര്യം തെളിഞ്ഞു വരുന്നുണ്ട്. അതിതാണ്. റോഡുകളും പാലങ്ങളും മറ്റ് അടിസ്ഥാന സൌകര്യങ്ങളും ജനങ്ങള്‍ ആഗ്രഹിച്ച് ഒത്തൊരുമിച്ച് പ്രയത്നിച്ച് സര്‍ക്കാരിനെക്കൊണ്ട് നടത്തിയെടുത്തതാണ്. ചിലപ്പോഴൊക്കെ ശ്രമദാനത്തിലൂടെ, ചിലപ്പോള്‍ വിട്ടുകൊടുക്കലിലൂടെ, മറ്റു ചിലപ്പോള്‍ പൊന്നും വിലക്ക്, അപൂര്‍വ്വം ചിലപ്പോള്‍ സംഘര്‍ഷങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും ശേഷം എന്നിങ്ങനെയാണ് റോഡുകള്‍ നീണ്ടും വളഞ്ഞു പുളഞ്ഞും പെരുകിപ്പെരുകി നാടിനെ നീട്ടിയതും ചെറുതാക്കിയതും. വഴികള്‍ തനിയെ വന്നതോ ഭരണകൂടം നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിച്ചതോ അല്ല. വാഹനങ്ങളുടെ പെരുപ്പം, യാത്രകളുടെ അത്യാവശ്യങ്ങള്‍, തൊഴിലില്ലായ്മ, വിദ്യാഭ്യാസ വളര്‍ച്ച, വ്യവസായങ്ങളുടെ വിപുലീകരണം എന്നിങ്ങനെ കുറെയധികം ഘടകങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന വികസനപ്രക്രിയയെ 'വികസനഭീകരത' എന്ന് വലിയ വായില്‍ വിശേഷിപ്പിച്ച് പാവപ്പെട്ട ജനങ്ങളെ ഇളക്കിവിടുന്നത് ഏതുതരത്തിലുള്ള ന്യായത്തിന്റെയും ചരിത്രബോധത്തിന്റെയും പിന്‍ബലത്തിലാണ് എന്ന് അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കള്‍ സത്യത്തില്‍ ആലോചിക്കേണ്ടതാണ്. ഇത്തരക്കാരുടെ ദുഷ്പ്രചാരണങ്ങളെ ജനങ്ങള്‍ക്കിടയില്‍ നിമിഷനേരം കൊണ്ട് പ്രചരിപ്പിച്ച് സ്ഫോടനാത്മകമായ സ്ഥിതിവിശേഷങ്ങള്‍ സൃഷ്ടിക്കുന്ന മാധ്യമനീതിയെ 'മാധ്യമ ഭീകരത' എന്ന് വിളിക്കുന്നതായിരിക്കും യുക്തം എങ്കിലും അത്തരം ജനാധിപത്യ വിരുദ്ധ പദപ്രയോഗങ്ങളും പദസംയുക്തങ്ങളും സാമൂഹികബോധത്തിന് യോജിക്കുന്നതല്ല എന്നതുകൊണ്ട് അതിനു മുതിരുന്നില്ല. റുപ്പെര്‍ട് മര്‍ഡോക്കിനെപ്പോലുള്ള ആഗോള മാധ്യമ ഭീമന്മാരാണ്, കേരളത്തില്‍ ഇടതു തീവ്രവാദത്തിന്റെയും ഇസ്ളാം മതമൌലികവാദത്തിന്റെയും ഹൈന്ദവഭീകരതയുടെയും രാഷ്ട്രീയ വലതുപക്ഷത്തിന്റെയും സംയുക്തമുന്നണിക്ക് പ്രചാരമുണ്ടാക്കിക്കൊടുക്കുന്നതെന്നതും ശ്രദ്ധേയമാണ്.

കമ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരും തൊഴിലാളി യൂണിയനുകളായി അണിനിരന്ന് വ്യവസായം മുടക്കികളായി കാലം കഴിക്കണമെന്ന സൈദ്ധാന്തിക ഉപദേശവുമായി കറങ്ങിനടക്കുന്നവരുടെ ബോറടികള്‍ അസഹനീയമായിക്കഴിഞ്ഞിരിക്കുന്നു. യഥാര്‍ത്ഥത്തില്‍, കേരളത്തില്‍ ഏറ്റവും സജീവമായ വ്യവസായത്തിന്റെ തന്നെ വ്യാപനത്തെ തുടര്‍ന്നാണ് ഈ ദുസ്ഥിതി സംജാതമായതെന്നാണ് സത്യം. കമ്യൂണിസ്റ്റ് വിരുദ്ധ-ഇടതുപക്ഷ വിരുദ്ധ പ്രചാരണം എന്ന വ്യവസായമാണ് കേരളത്തില്‍ മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞിട്ടും ഹിറ്റായി വികസിച്ചുകൊണ്ടിരിക്കുന്നത്. ന്യൂസ് ചാനലുകളുടെയും പ്രധാന കുത്തക പത്രങ്ങളുടെയും മുഖ്യ സമയവും സ്ഥലവും ഈ വ്യവസായത്തിന്റെ പ്രവര്‍ത്തനത്തിനായി നീക്കിവെക്കപ്പെട്ടിരിക്കുന്നു. ഏറ്റവും കൂടുതല്‍ വരുമാനം പരസ്യങ്ങളിലൂടെയും സര്‍ക്കുലേഷനിലൂടെയും ഈ പ്രചാരണമികവനുസരിച്ചാണ് ലഭിക്കുന്നത് എന്നു പോലും സമര്‍ത്ഥിക്കാവുന്നതാണ്. പണ്ട് അവസാനത്തെ ബസ്സില്‍ മുഷിഞ്ഞ ഷര്‍ട്ടുമിട്ട് മാധ്യമപ്രവര്‍ത്തകരോടൊപ്പം കടലകൊറിച്ച് സൊറ പറഞ്ഞ് നാടുപിടിച്ചിരുന്ന കരീമിന്റെ ശരീര ഭാഷയും സംസാര ഭാഷയും മാറി മറിഞ്ഞിരിക്കുന്നു എന്നൊക്കെയാണ് പരിസ്ഥിതിക്കനുകൂലവും ജനങ്ങള്‍ക്കനുകൂലവും എന്ന മട്ടില്‍ പടച്ചു വിടുന്ന റിപ്പോര്‍ടുകളില്‍ ചിലര്‍ എഴുതി നിറക്കുന്നത്.

സ്ഫോടനാത്മകമായ വിധത്തില്‍ സമരം സംഘടിപ്പിച്ചു കൊടുക്കുന്ന പ്രൊഫഷനലുകളും വിദേശ ഫണ്ട് മേടിക്കുന്ന എന്‍ ജി ഒ കളും ചേര്‍ന്ന് പടച്ചു വിടുന്ന നുണകളും വിവാദങ്ങളും മാധ്യമങ്ങള്‍ ഏറ്റു പിടിക്കുകയാണെന്നു കാണാം. എച്ച് എം ടി ഭൂമി വിവാദത്തില്‍ ഇതു നാം കണ്ടതാണ്. അറുപതിനായിരം പേര്‍ക്ക് ജോലി ലഭ്യമാവുമെന്ന പ്രതീക്ഷയോടെയാണ് കേരള സര്‍ക്കാര്‍ ഹൈടെക് വ്യവസായത്തിന് അനുമതി നല്‍കിയത്. കുടിയൊഴിപ്പിക്കലോ സ്വകാര്യ സ്വത്തേറ്റെടുക്കലോ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളേറ്റെടുക്കലോ നെല്‍വയല്‍ നികത്തലോ ഇല്ലാത്തതും, കോടിക്കണക്കിന് രൂപ നിക്ഷേപവും ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴിലും പ്രതീക്ഷിച്ചിരുന്നതുമായ വ്യവസായ വല്‍ക്കരണം ഇല്ലാതാക്കാന്‍ സമരക്കാരും മാധ്യമങ്ങളും ചേര്‍ന്നുള്ള ജനവിരുദ്ധ ശക്തികള്‍ക്ക് സാധ്യമായി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഉന്നത നിയമപീഠങ്ങളെല്ലാം കേരള സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള നടപടികള്‍ നിയമാനുസൃതം തന്നെയായിരുന്നു എന്ന് വിധി പുറപ്പെടുവിക്കുകയുണ്ടായി എന്നത് മാധ്യമങ്ങള്‍ തമസ്കരിച്ചാലും ചരിത്രയാഥാര്‍ത്ഥ്യമമായി നിലനില്‍ക്കും.

ജനങ്ങള്‍ക്ക് ഭരണകൂടത്തിനെതിരെയും ഭരണകൂടത്തിന് ജനങ്ങള്‍ക്കെതിരെയും ഉപയോഗിക്കാവുന്ന ഒരു ഉപാധിയാണ് ജനാധിപത്യം എന്നാരോ പറഞ്ഞിട്ടുണ്ട്. അതു പോലെ; ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കാനും, ജനങ്ങളുടേതെന്ന വ്യാജേന ചില തല്‍പരകക്ഷികളുടെ പിന്തിരിപ്പന്‍ അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കാനും, മാധ്യമ മുതലാളിമാര്‍ക്കും 'സര്‍വതന്ത്ര സ്വതന്ത്ര'രായ മാധ്യമപ്രവര്‍ത്തകര്‍ക്കും അവരുടെ തന്നിഷ്ടങ്ങള്‍ നടപ്പിലാക്കാനും എല്ലാം ഉതകുന്ന ഒന്നായി കേരളത്തിലെ മാധ്യമരംഗം വികസിച്ചിരിക്കുന്നു അഥവാ സങ്കോചിച്ചിരിക്കുന്നു എന്നു ചുരുക്കം.

*
ജി. പി. രാമചന്ദ്രന്‍

ഉന്നത വിദ്യാഭ്യാസരംഗം: ഒരു നയവിശകലനം

ഏറെക്കാലമായി വിദ്യാഭ്യാസരംഗം പൊതുവെയും ഉന്നത വിദ്യാഭ്യാസരംഗം വിശേഷിച്ചും ഗുണനിലവാരത്തകര്‍ച്ച അഭിമുഖീകരിക്കുകയായിരുന്നു. വിവിധ രീതിയിലുള്ള ഇടപെടലുകള്‍ പരീക്ഷിച്ചെങ്കിലും എടുത്തുപറയത്തക്ക ഫലമൊന്നും ഉണ്ടായില്ല. ഇക്കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ സ്ഥിതിഗതികള്‍ ആകെ മാറിയിട്ടുണ്ട്. ആശാവഹമായ പുരോഗതി പ്രകടമാണ്. ഹയര്‍സെക്കണ്ടറിമുതല്‍ ബിരുദാനന്തര ബിരുദപഠനവും ഗവേഷണവുംവരെ ഒരേകീകൃത സമീക്ഷയില്‍ ദേശീയവികസനപ്രക്രിയയുടെ ഭാഗമായി കണ്ടുകൊണ്ടുള്ള പുനരാസൂത്രണത്തിനും ഭരണത്തിനും കേരളീയ ഉന്നത വിദ്യാഭ്യാസ മേഖല ഈ രാജ്യത്തിനു വഴികാട്ടിയാവുകയാണ്. ഡോ. കെ എന്‍ പണിക്കര്‍ വൈസ് ചെയര്‍മാന്‍ ആയുള്ള നമ്മുടെ ഉന്നത വിദ്യാഭ്യാസ കൌണ്‍സിലിനെ ആണല്ലോ, അതിന്റെ ഘടന, ജനാധിപത്യ സ്വഭാവം, ഉദ്ദിഷ്ടലക്ഷ്യങ്ങള്‍, പ്രവര്‍ത്തനശൈലി തുടങ്ങിയവ മുന്‍നിര്‍ത്തി യശ്പാല്‍ കമ്മിറ്റി രാഷ്ട്രത്തിനുതന്നെ മാതൃകയായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്തെ അദ്ധ്യയന - അദ്ധ്യാപന പ്രക്രിയകള്‍ ചടുലവും കാര്യക്ഷമവുമാക്കുന്നതില്‍ മന്ത്രാലയം ബദ്ധശ്രദ്ധമാണെന്ന് പ്രസ്തുതരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. അധുനാതന മാര്‍ഗ്ഗങ്ങളും സങ്കേതങ്ങളും ഉപാധികളും ലഭ്യമാക്കിയാലേ ഗുണനിലവാരം മെച്ചപ്പെടുകയുള്ളുവെന്ന ധാരണ പുതിയതല്ലെങ്കിലും അവ ഉറപ്പുവരുത്താനുള്ള ഇച്ഛാശക്തിയും കാര്യനിര്‍വ്വഹണശേഷിയും ധീരമായ ഇടപെടലും നടാടെയാണ്.

സൈദ്ധാന്തിക പശ്ചാത്തലം

ഏതെങ്കിലും ഒരു വിദ്യാഭ്യാസവിദഗ്ധനെയോ സമിതിയെയോവെച്ച് പരിഷ്കരണപദ്ധതി ആവിഷ്കരിക്കുന്ന പതിവു സമ്പ്രദായത്തിനുപകരം ധാരാളം വിദഗ്ധര്‍ ഉപദേശകരായുള്ള ഉന്നതവിദ്യാഭ്യാസ കൌണ്‍സിലിന്റെ മേല്‍നോട്ടത്തിലും പ്രത്യേക വിദഗ്ധസമിതികളുടെ പഠനറിപ്പോര്‍ട്ടുകള്‍ വെച്ചുകൊണ്ടും പരിഷ്കരണം ആസൂത്രണംചെയ്യുന്ന ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രിയുടെ രീതി പരിഷ്കരണസംരംഭങ്ങള്‍ക്ക് ഉണ്ടായിരിക്കേണ്ട സൈദ്ധാന്തിക പശ്ചാത്തലം വ്യക്തമായി മനസ്സിലാക്കിക്കൊണ്ടുള്ളതാണ്. പരിഷ്കരണം നടപ്പാക്കുമ്പോള്‍ മാത്രമല്ല ആസൂത്രണത്തിന്റെ ഭാഗമായി വിശേഷാവഗാഹം പ്രയോജനപ്പെടുത്തുമ്പോഴും ജനാധിപത്യപരമായ സമീപനം പുലര്‍ത്തണം എന്ന നിഷ്കര്‍ഷ വികസിത രാജ്യങ്ങളിലെ മികവുറ്റ സര്‍വ്വകലാശാലകളിലെ പതിവാണ്. ആവക സമ്പ്രദായങ്ങളെക്കുറിച്ച് മന്ത്രിക്കുതന്നെ വേണ്ടത്ര അറിവുണ്ടെന്ന് വ്യക്തമാക്കുന്നവയാണ് നടപ്പായിക്കൊണ്ടിരിക്കുന്ന തീരുമാനങ്ങളൊക്കെയും. ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ മാത്രമല്ല മന്ത്രിയും സഹപ്രവര്‍ത്തകരുംകൂടി പരിഷ്കരണ സംരംഭങ്ങളുടെ സൈദ്ധാന്തിക പശ്ചാത്തലം കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടെന്ന് സ്പഷ്ടം. വികസിതരാജ്യങ്ങളില്‍ ചിരകാലമായി നിലവിലുള്ളതും എന്നാല്‍ നമ്മുടെ രാജ്യത്ത് നിലവില്‍ വന്നുകഴിഞ്ഞിട്ടില്ലാത്തതുമായ ചിലവേറിയ പല സമ്പ്രദായങ്ങളും ഫലപ്രാപ്തിയില്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് വിദ്യാഭ്യാസ സാംസ്കാരിക മന്ത്രാലയം സധൈര്യം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതില്‍നിന്ന് ഈ സൈദ്ധാന്തികസ്പഷ്ടത പ്രകടമാണ്. ഉന്നത വിദ്യാഭ്യാസമേഖലയെ വന്‍ ചിലവുണ്ടാക്കുന്ന മേഖലയെന്നല്ല ഭീമമായ നിക്ഷേപം അര്‍ഹിക്കുന്ന വന്‍വികസനമേഖല എന്നാണ് ഇപ്പോള്‍ മന്ത്രാലയം വിശേഷിപ്പിക്കുന്നത്.

നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നൂതന പദ്ധതികളെല്ലാം വ്യക്തമായ സൈദ്ധാന്തിക സാധൂകരണമുള്ളവയാണ്. നോബല്‍ സമ്മാനജേതാക്കളെയും അതുപോലുള്ള പ്രഗത്ഭരെയും ക്ഷണിച്ചുവരുത്തി അവരുമായി വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും സംവദിക്കാന്‍ അവസരം ഒരുക്കുന്ന എറുഡൈറ്റു പദ്ധതിപ്രകാരമുള്ള സ്കോളര്‍ ഇന്‍ റസിഡന്‍സ് രീതി വിശ്വോത്തര സര്‍വ്വകലാശാലകളില്‍ പഠിച്ചവര്‍ക്കും പഠിപ്പിച്ചവര്‍ക്കും സുപരിചിതമാണെങ്കിലും ഇന്ത്യയില്‍ ഒരു സമ്പ്രദായം എന്നനിലയില്‍ അങ്ങനെയൊന്ന് ഇതാദ്യമാണ്. ആസ്പയര്‍ എന്ന സ്കോളര്‍ഷിപ്പു പദ്ധതിയും അതുപോലെ കേരളത്തിന്റെ സവിശേഷ പരിഷ്കരണപദ്ധതിയുടെ ഭാഗമാണ്. സാമൂഹ്യശാസ്ത്ര വിഷയങ്ങളിലേക്കു സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനുള്ള 'അക്വയര്‍' പദ്ധതിയും ഇന്ത്യയില്‍ കേരളമാണ് ആദ്യമായി നടപ്പാക്കുന്നത്. ഇതുപോലെ അപൂര്‍വ്വമായ വേറൊന്നാണ് ഹയര്‍സെക്കണ്ടറിതലത്തില്‍ ശാസ്ത്രേതര വിഷയം പഠിച്ച് ഏറ്റവും കൂടുതല്‍ മാര്‍ക്കുനേടുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥിള്‍ക്കുള്ള പ്രത്യേക മെരിറ്റ് സ്കോളര്‍ഷിപ്പു പദ്ധതി. ഈയിടെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് ഇത് ഉദ്ഘാടനംചെയ്തത്. ബഹുജനപങ്കാളിത്തംവഴി സുസ്ഥിരത ലക്ഷ്യമാക്കുന്ന ഈ സ്കോളര്‍ഷിപ്പു പദ്ധതിക്കായി കേരളത്തിനകത്തും പുറത്തും വിദേശത്തുമുള്ള ധാരാളംപേരുടെ സംഭാവന സര്‍ക്കാരിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാമൂഹ്യതയാണ് സര്‍ക്കാരിന്റെ വിദ്യാഭ്യാസനയത്തിനുള്ള സൈദ്ധാന്തിക പിന്‍ബലം എടുത്തുകാണിക്കുന്നത്.

ഉന്നത വിദ്യാഭ്യാസനയത്തില്‍ ബിരുദവിദ്യാര്‍ത്ഥികളുടെ മാത്രമല്ല ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ കാര്യത്തിനുകൂടി വമ്പിച്ച പ്രാധാന്യം നല്‍കുന്നതില്‍നിന്നും പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കു പ്രത്യേക പരിഗണന നല്‍കുന്നതില്‍നിന്നും സാമൂഹ്യവിഷയങ്ങളെ ഗൌരവത്തിലെടുക്കുന്നതില്‍നിന്നും ഒക്കെ തെളിയുന്നത് വിദ്യാഭ്യാസനയത്തിന്റെ സൈദ്ധാന്തികാടിത്തറയാണ്. പത്തുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ജനസംഖ്യയില്‍ യുവസമൂഹത്തിനായിരിക്കും ഭൂരിപക്ഷമെന്നും രാജ്യം ഇനി അവരുടെ കൈകളിലായിരിക്കുമെന്നുമുള്ള തിരിച്ചറിവിനുപുറമെ നാളത്തെ ശാസ്ത്രജ്ഞരും സാമൂഹ്യശാസ്ത്രജ്ഞരും നഗരത്തിലെ യാന്ത്രിക വിദ്യാഭ്യാസം അന്യവല്‍ക്കരിച്ചു നിഷ്ക്രിയരാക്കിയ ധനികസമൂഹത്തിലെ കുട്ടികളില്‍നിന്നല്ല ഗ്രാമത്തിലെ പാവങ്ങള്‍ക്കിടയില്‍നിന്നാണുണ്ടാവുകയെന്നുമുള്ള യാഥാര്‍ത്ഥ്യബോധംകൂടിയുള്ള വിദ്യാഭ്യാസനയത്തിന്റെ സൈദ്ധാന്തിക ഉള്‍ക്കാഴ്ച സ്പഷ്ടമാണ്.

പുതിയ ഉണര്‍വ്

ഇഷ്ടാനുസരണം തെരഞ്ഞെടുക്കാവുന്ന കോഴ്സ്-ക്രഡിറ്റ് രീതിയിലുള്ള അദ്ധ്യയനവും സെമസ്റ്റര്‍തല പരീക്ഷാസമ്പ്രദായവും പുതിയ സ്കോളര്‍ഷിപ്പു പദ്ധതികളും നവീനപ്രചോദന മാര്‍ഗ്ഗങ്ങളും മറ്റു പല നൂതന പ്രേരകഘടകങ്ങളും ചേര്‍ന്ന് ഉന്നത വിദ്യാഭ്യാസമേഖലയെ ആകെ ഇന്ന് ഒന്നുണര്‍ത്തിയിരിക്കുന്നു. കോളേജുകള്‍ക്ക് കൂടുതല്‍ അദ്ധ്യയനദിനങ്ങളും മെച്ചപ്പെട്ട അദ്ധ്യയന അന്തരീക്ഷവും അച്ചടക്കവും കൈവന്നിട്ടുണ്ട്. ആവശ്യത്തിനുള്ള കെട്ടിടങ്ങള്‍, പുതിയ പുസ്തകങ്ങളുടെ ലഭ്യത, കമ്പ്യൂട്ടര്‍സഹായം, ഇന്റര്‍നെറ്റ് സൌകര്യം വിവരസാങ്കേതികവിദ്യ എന്നിവ അദ്ധ്യയനത്തെ മികവിലേക്കും ഗുണമേന്മയിലേക്കും നയിച്ചുകൊണ്ടിരിക്കുന്നു. സമയബന്ധിതമായി പരീക്ഷകളും ഫലപ്രഖ്യാപനവും നടത്താന്‍ കഴിയുമെന്ന് കേരളത്തിലെ ഭൂരിഭാഗം സര്‍വ്വകലാശാലകളും തെളിയിച്ചു. ചരിത്രത്തിലാദ്യമായി മഹാത്മാഗാന്ധി സര്‍വ്വകലാശാല അതിന്റെ ബിരുദതല പരീക്ഷകള്‍ കലണ്ടര്‍പ്രകാരം നടത്തി കാലവിളംബംകൂടാതെ ഫലം പ്രഖ്യാപിച്ചുവെന്നത് എന്റെ നേരിട്ടുള്ള അനുഭവം.

ഗുണനിലവാരത്തകര്‍ച്ചയ്ക്ക് അടിസ്ഥാന കാരണം അദ്ധ്യയന - അദ്ധ്യാപന പ്രക്രിയയില്‍ വളര്‍ന്നുവന്ന അന്യവല്‍ക്കരണമാണ്. യാന്ത്രികമായ അധ്യയനവും അദ്ധ്യാപനവുമാണ് അതിന്റെ ലക്ഷണം. അങ്ങനെയുള്ള വിദ്യാഭ്യാസത്തിന് ഗുണമോ നിലവാരമോ ഉണ്ടാവാന്‍ വയ്യ. നല്ല അദ്ധ്യാപകരും നിലവാരമുള്ള പാഠ്യപദ്ധതിയും മികവുറ്റ അദ്ധ്യയന സൌകര്യങ്ങളുമാണ് നല്ല വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ നിലവാരത്തകര്‍ച്ചയ്ക്കു മുഖ്യ കാരണം അദ്ധ്യാപകരുടെ നിലവാരമില്ലായ്മയാണ്. നിലവാരമില്ലാത്ത അദ്ധ്യാപകരാണ് പാഠ്യപദ്ധതിയുടെ നിലവാരമില്ലായ്മയ്ക്കു കാരണം. ഈ തിരിച്ചറിവ് ഉന്നത വിദ്യാഭ്യാസരംഗത്ത് ഇന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങളില്‍ തെളിഞ്ഞുകാണാം. ബിരുദതല പാഠ്യപദ്ധതിയുടെ നവീകരണം എല്ലാ സര്‍വ്വകലാശാലകളും പൂര്‍ത്തീകരിച്ചു. ബിരുദാനന്തരപഠനവും ഗവേഷണവും ഗുണമേന്മയുടെ കാര്യത്തില്‍ ഏറെ മുന്നേറാനുണ്ട്. ഉന്നത വിദ്യാഭ്യാസ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ബിരുദാനന്തര പാഠ്യപദ്ധതി പരിഷ്കരണം ആരംഭിച്ചിരിക്കുന്നു. ആ മേഖല നവീകരിക്കാന്‍ ഡോ. താണുപത്മനാഭന്‍ കമ്മിറ്റിയും സാമൂഹ്യശാസ്ത്ര ഗവേഷണരംഗം പുന:സംവിധാനംചെയ്യാന്‍ ഡോ. റോമിലാഥാപ്പര്‍ കമ്മിറ്റിയും നിയമിക്കപ്പെട്ടിരിക്കുകയാണ്.

ജനകീയതലം

ഉന്നതവിദ്യാഭ്യാസത്തെ ജനങ്ങളുടെ പ്രശ്നങ്ങളുമായും സാമൂഹ്യവികസനവുമായും നേരിട്ട് ബന്ധിപ്പിക്കാനുള്ള വഴികള്‍ക്കാണ് ഉന്നത വിദ്യാഭ്യാസകൌണ്‍സില്‍ ഊന്നല്‍ നല്‍കുന്നത്. നിലവിലുള്ള സംവിധാനമനുസരിച്ച് ഉന്നത വിദ്യാഭ്യാസവും ഗവേഷണവും ജനകീയാവശ്യങ്ങളുമായോ സാമൂഹ്യ പ്രശ്നങ്ങളുമായോ നേരിട്ട് ബന്ധപ്പെടുന്നില്ല. അതുപോലെ പുതിയ അറിവുല്‍പാദിപ്പിക്കുന്നതിലും അത് വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുകൊടുക്കുന്നതിലും നമ്മുടെ സര്‍വ്വകലാശാലകള്‍ പിറകിലാണ്. വിദ്യാഭ്യാസമന്ത്രാലയം ഈ പ്രശ്നം ഗൌരവത്തിലെടുക്കുന്നവത് ഇതാദ്യമാണ്. ഗവേഷണത്തെ സാമൂഹ്യാവശ്യങ്ങളുമായി ബന്ധിപ്പിക്കാനുതകുന്ന വിധത്തില്‍ പഠനമേഖലകളെ പുന:സംവിധാനംചെയ്യാനും പുതിയ അറിവുണ്ടാക്കാനും വിദ്യാഭ്യാസമന്ത്രാലയം പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. അന്തര്‍സര്‍വ്വകലാശാലാകേന്ദ്ര രൂപീകരണ പദ്ധതിയാണ് അതില്‍ പ്രമുഖം. പരസ്പരം ബന്ധപ്പെടാതെ വേര്‍തിരിഞ്ഞുനില്‍ക്കുന്ന വിവിധ വിഷയങ്ങളെ കൂട്ടിയിണക്കാന്‍ സാമൂഹ്യാവശ്യങ്ങളെയും പ്രശ്നങ്ങളെയും ആധാരമാക്കിയുള്ള ഗവേഷണത്തിനു കഴിയും എന്നതിനാല്‍ അതിനുപറ്റിയ പുതിയ സെന്ററുകള്‍ ആരംഭിക്കുക എന്നതാണ് അന്തര്‍ സര്‍വ്വകലാശാലാ കേന്ദ്ര രൂപീകരണപദ്ധതിയുടെ ഉദ്ദേശം.

വയോജനവിദ്യാഭ്യാസ തുടര്‍ അദ്ധ്യയന പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി സര്‍വ്വകലാശാല ഈ ആശയം പ്രായോഗികമാക്കാന്‍ ചെറിയ തുടക്കം കുറിച്ചിരുന്നു. വിദ്യാഭ്യാസമന്ത്രാലയത്തിന്റെ അന്തര്‍സര്‍വ്വകലാശാലാ മാതൃകയാണ് അതിന് ഉയര്‍ന്ന മാനം നല്‍കിയത്. പാരിസ്ഥിതിക പഠനവകുപ്പിന്റെകീഴില്‍ പ്രവര്‍ത്തനമാരംഭിച്ച സുസ്ഥിരവികസന പഠനത്തിനായുള്ള അന്തര്‍ സര്‍വ്വകലാശാലാകേന്ദ്രം മികച്ച ഉദാഹരണമാണ്. ഈ സെന്ററിന്റെ മേല്‍നോട്ടത്തില്‍ അമേരിക്കയിലെ ബ്രൌണ്‍ സര്‍വ്വകലാശാലയുടെ സഹകരണത്തോടെ വെച്ചൂര്‍ പഞ്ചായത്തിലെ അച്ചിനകം ഗ്രാമവാസികള്‍ക്ക് നിര്‍മ്മിച്ചുകൊടുത്ത പ്രത്യേകതരം മഴവെള്ളസംഭരണി സര്‍വ്വകലാശാലാ ഗവേഷണം ജനകീയാവശ്യങ്ങള്‍ നിറവേറ്റുന്നതെങ്ങനെയാണെന്ന് ഉദാഹരിക്കുന്നു. 22 വീടുകള്‍ക്ക് ഇപ്പോള്‍ ഇത് പ്രയോജനപ്പെടുന്നുണ്ട്. 175 വീടുകള്‍ക്ക് പ്രയോജനം ലഭിക്കുംവിധം കൂടുതല്‍ സംഭരണികള്‍ നിര്‍മ്മിച്ചുകൊടുക്കുവാനുള്ള പദ്ധതി നടന്നുവരുന്നു. കുടിവെള്ളമേഖലയിലെന്നപോലെ സാനിറ്ററി മേഖലയിലും ജനകീയപദ്ധതി ആസൂത്രണം ചെയ്തുവരുന്നുണ്ട്. പകര്‍ച്ചവ്യാധികളെക്കുറിച്ചും പ്രായമേറിവരുന്നവരുടെ പ്രശ്നങ്ങളെപ്പറ്റിയും പഠിക്കാന്‍ ഈയിടെ പുതുപ്പള്ളിയില്‍ ഉദ്ഘാടനംചെയ്തുകഴിഞ്ഞ ബയോമെഡിക്കല്‍ ഗവേഷണകേന്ദ്രം മറ്റൊരു അന്തര്‍ സര്‍വ്വകലാശാലാകേന്ദ്രമാണ്. ചിക്കുന്‍ഗുനിയ, ഒ1ച1 പനി തുടങ്ങിയ പകര്‍ച്ചവ്യാധികളെ കേന്ദ്രീകരിച്ചായിരിക്കും ഇവിടത്തെ ആദ്യഘട്ട ഗവേഷണം. ഇത്തരം സാമൂഹ്യപ്രസക്തങ്ങളായ വിവിധ ഗവേഷണ വിഷയങ്ങളെ ആസ്പദമാക്കി കേരളത്തിലെ ഓരോ സര്‍വ്വകലാശാലയിലും അന്തര്‍സര്‍വ്വകലാശാലാകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

അദ്ധ്യാപകര്‍

സമൂഹത്തിന്റെ പരിച്ഛേദമാണല്ലോ അദ്ധ്യാപകര്‍. കൊള്ളാവുന്നവരും അല്ലാത്തവരും അവര്‍ക്കിടയിലുമുണ്ട്. അറിവിന്റെകാര്യത്തില്‍ ശരാശരിയില്‍താഴെനില്‍ക്കുന്നവരും തിരിച്ചറിവില്ലാത്തവരും അവരില്‍ ധാരാളമുണ്ട്. അത്തരക്കാര്‍ പഠിപ്പിക്കാതിരിക്കുന്നതാവും നല്ലത്. പഠിപ്പിക്കാന്‍ മടിയുള്ളവരും ക്ളാസില്‍ കൊച്ചുവര്‍ത്തമാനം പറഞ്ഞു സമയം പാഴാക്കുന്നവരും എല്ലാ കോളേജുകളിലും സര്‍വ്വകലാശാലകളില്‍പോലും ഉണ്ട്. പുതിയ വായനയും പഠനവും വേണ്ടിവരുന്നതരം സിലബസ് നവീകരണം അവരിഷ്ടപ്പെടുന്നില്ല. നല്ല പണ്ഡിതരും ഗവേഷകരും നന്നായി പഠിപ്പിക്കുന്നവരുമായ അദ്ധ്യാപകരുമുണ്ട്. യുജിസി ശമ്പളം പക്ഷേ എല്ലാവര്‍ക്കും കിട്ടും. അദ്ധ്യാപകര്‍ പഠിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് സ്ഥാപനമേധാവികളുടെ ചുമതലയാണ്. വിദ്യാര്‍ത്ഥികളും രക്ഷാകര്‍തൃ സമിതികളും പൊതുസമൂഹവും ഇക്കാര്യത്തില്‍ കര്‍ശനനിലപാട് സ്വീകരിക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളുടെ വിലയിരുിത്തലിന് എല്ലാ അദ്ധ്യാപകരും വിധേയരാവണം. യുജിസി ശമ്പളസ്കെയില്‍ ആദ്യമായി നടപ്പാക്കിയപ്പോള്‍തന്നെ ഈ വിലയിരുത്തല്‍ വേണമെന്ന് ശുപാര്‍ശയുണ്ടായിരുന്നു. നാക് അക്രഡിറ്റേഷന്‍ നടപ്പിലായതോടെ അതുകൂടിയേതീരു എന്നായിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ കോളേജദ്ധ്യാപകരില്‍ ഉന്നതനിലവാരം പുലര്‍ത്തുന്നവര്‍ കൂടുതലാണെന്നുപറയാം. മികവുറ്റ അദ്ധ്യാപകര്‍ അറിവും സാമൂഹ്യപുരോഗതിയും തമ്മിലുള്ള ബന്ധം മനസ്സിലാക്കിയിട്ടുള്ളവരാണ്. അതായത് അറിവിന്റെ രാഷ്ട്രീയം അറിയാവുന്നവര്‍. ഒന്നും ഗ്രഹിക്കാന്‍ പ്രാപ്തിയില്ലാത്ത അരാഷ്ട്രീയക്കാരായ അദ്ധ്യാപകര്‍ നിര്‍ലജ്ജം കലപിലകൂട്ടുന്ന കാഴ്ച നമ്മുടെ ഏതു സര്‍വ്വകലാശാലയുടെ ഉന്നത സമിതികളിലും കാണാം. അതിനെ ജനാധിപത്യ രാഷ്ട്രീയമായാണ് അവര്‍ ധരിച്ചിരിക്കുന്നത്.

വിദ്യാഭ്യാസമന്ത്രാലയം അദ്ധ്യാപകരുടെ ഉദ്ധാരണംകൂടി പുതിയ ഉള്‍ക്കാഴ്ചയോടെ ആസൂത്രണം ചെയ്തുവരുകയാണ്. യുജിസി നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്ന അക്കാദമിക് സ്റ്റാഫ് കോളേജുകളുടെ റിഫ്രഷര്‍ കോഴ്സുകള്‍ക്ക് അദ്ധ്യാപകരുടെ കാലഹരണപ്പെട്ട ജ്ഞാനമണ്ഡലം നവീകരിക്കുവാന്‍ കഴിയുന്നില്ലെന്ന തിരിച്ചറിവില്‍നിന്നാണ് പുതിയ പദ്ധതിയുടെ തുടക്കം. ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവേഷണംചെയ്യുന്ന വിദഗ്ധകേന്ദ്രങ്ങളിലും പ്രയോഗം നടത്തുന്ന പ്രമുഖ വ്യവസായശാലകളിലും രണ്ടും മൂന്നും ആഴ്ചകള്‍ അദ്ധ്യാപകരെ പരിശീനലത്തിനയക്കുന്ന പദ്ധതിയാണിത്. ഓരോ വിഷയത്തിലും അദ്ധ്യാപകര്‍ക്കു വിശേഷാവഗാഹത്തിനുള്ള വഴി ഒരുക്കുകയാണ് ലക്ഷ്യം. ഇങ്ങനെ ഉന്നത വിദ്യാഭ്യാസത്തിന്റെ മര്‍മ്മപ്രധാനമായ സമസ്ത വശങ്ങളെയും അഭിസംബോധന ചെയ്യുന്ന മൌലികവും ലോകനിലവാരവുമായി സംവദിക്കുന്നതുമായ ഒരു പരിഷ്കരണനയം

*
ഡോ. രാജന്‍ ഗുരുക്കള്‍ കടപ്പാട്: ചിന്ത വാരിക

ഭീകരതയുടെ മതം

ആരാണ് ഭീകരര്‍ എന്ന ചോദ്യം പലതരത്തില്‍ ഉയരുന്ന കാലമാണിത്. ഭീകരര്‍ എന്നു കേട്ടാല്‍ ഉടന്‍ അത് മുസ്ളിമാണെന്ന് തോന്നിപ്പിക്കുന്ന പ്രചാരണപദ്ധതി ലോകവ്യാപകമായി നടക്കുന്നുണ്ട്. ഇസ്ളാമിക ഭീകരവാദം എന്ന പരികല്‍പ്പന സാമ്രാജ്യത്വ അടുക്കളയില്‍നിന്നും ചുട്ടെടുത്തതാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കുശേഷം ശക്തിപ്പെട്ട പദമാണത്. തങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ ആധിപത്യത്തിനായി ഇസ്ളാമിനെ ശത്രുവായി പ്രഖ്യാപിക്കുന്ന അമേരിക്ക, അതിനൊപ്പം ലോകവും സഞ്ചരിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇറാഖും ഇറാനും പലസ്തീനുമെല്ലാം ശത്രുപട്ടികയില്‍ വരുന്നതിനു പിറകില്‍ ഈ ലക്ഷ്യവും പ്രകടമാണ്. വിവിധ തരത്തിലുള്ള പ്രചാരണരീതികളിലൂടെ ഇസ്ളാംനാമധാരിയെ കണ്ടാല്‍ ഭയപ്പെടുന്ന മാനസികാവസ്ഥയിലേക്ക് ലോകത്തെ കൊണ്ടുപോകാന്‍ കുറച്ചൊക്കെ അമേരിക്കക്കും കൂട്ടാളികള്‍ക്കും കഴിയുന്നുണ്ട്. അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്ന മുസ്ളിംസമുദായത്തില്‍പ്പെട്ടവര്‍ക്ക് കഠിനമായ പരിശോധനകളിലൂടെ കടന്നുപോകേണ്ടിവരുന്നു. പലരെയും പിടിച്ചുവെക്കുന്നു. മമ്മൂട്ടിക്കും ഷാരൂഖ്ഖാനുമുണ്ടായ തിക്താനുഭവങ്ങള്‍ പെട്ടെന്ന് ആരും മറക്കില്ല. മുന്‍ രാഷ്ട്രപതി അബ്ദുള്‍കലാമിന് ഇന്ത്യന്‍ മണ്ണില്‍വെച്ച് അമേരിക്കന്‍ വിമാനക്കമ്പനി അധികൃതരില്‍നിന്നു മോശപ്പെട്ട പെരുമാറ്റമുണ്ടായി. പലപ്പോഴും എല്ലാ മനുഷ്യാവകാശങ്ങളെയും ലംഘിക്കുന്ന തരത്തിലാണ് പരിശോധന.

എവിടെ ഭീകരാക്രമണമുണ്ടായാലും അതിനുപിന്നില്‍ ഇസ്ളാമിക സംഘടനകളാണെന്ന കാഴ്ചപ്പാടും വ്യാപകമാണ്. അടുത്തിടെ ന്യൂയോര്‍ക്കില്‍ സ്ഫോടനമുണ്ടായപ്പോള്‍ ഏജന്‍സി അടിച്ച വാര്‍ത്തയില്‍ മുസ്ളിം പേരു കണ്ടയുടന്‍ അത് വാഹനത്തിന്റെ പേരാണ് എന്നു തിരിച്ചറിയാന്‍പോലും നോക്കാതെ അക്രമകാരിക്ക് ആ പേര് ചാര്‍ത്തി സായൂജ്യമടഞ്ഞ പത്രം മലയാളത്തിലുമുണ്ട്. ലോകത്തെമ്പാടുമുള്ള അന്വേഷണ ഏജന്‍സികളെയും ഈ സ്വഭാവം ശക്തമായി സ്വാധീനിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 2007ല്‍ നടന്ന ഹൈദരബാദിലെ മക്ക മസ്ജിദ് സ്ഫോടനത്തിനു പിന്നിലുള്ള ശക്തികളെ സംബന്ധിച്ച ഒടുവിലത്തെ കണ്ടെത്തല്‍. രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗയില്‍ നടന്ന സ്ഫോടനം സംഘടിപ്പിച്ച സംഘപരിവാര്‍ സംഘമാണ് മക്ക മസ്ജിദ് സ്ഫോടനത്തിനു പിന്നിലുമെന്നാണ് ഇപ്പോള്‍ കണ്ടെത്തിയത്. സ്ഫോടനം നടന്നയുടന്‍ മുസ്ളിം സംഘടനകളാണ് ഈ ആക്രമണത്തിനു പിന്നില്‍ എന്ന് ഇതേ ഏജന്‍സികള്‍ പരസ്യമായി പറഞ്ഞിരുന്നു. എന്നുമാത്രമല്ല സമീപ പ്രദേശങ്ങളിലുള്ള മുസ്ളിം ചെറുപ്പക്കാരെ പൊലീസ് അറസ്റ്റ് ചെയ്യുകയും മാസങ്ങളോളം കസ്റ്റഡിയില്‍ വെക്കുകയും ചെയ്തു. പൊലീസ് കസ്റ്റഡിയിലും ജയിലിലും അതികഠിനവും പ്രാകൃതവുമായ പീഡനങ്ങള്‍ക്കാണ് ഇവര്‍ ഇരയായത്. പുതിയ വെളിപ്പെടുത്തലുകള്‍ക്കുശേഷം ഹൈദരാബാദ് സന്ദര്‍ശിച്ച ദേശാഭിമാനി ലേഖകന്‍ എന്‍ എസ് സജിത് ഇവരെ നേരില്‍ക്കണ്ട് ചോദിച്ചറിഞ്ഞ വിവരങ്ങള്‍ ഹൃദയം പിളര്‍ക്കുന്നതാണ്.

എല്ലാ മുസ്ളിമും ഭീകരരല്ലെങ്കിലും എല്ലാ ഭീകരരും മുസ്ളിമാണെന്ന വാക്കുകള്‍ അമേരിക്കയുടെ സംഭാവനയാണ്. ഇവിടെ അതിന്റെ പ്രചാരകര്‍ സംഘപരിവാരമാണെന്നേയുള്ളു. ഇതിന്റെ പൊള്ളത്തരം ആദ്യം പുറത്തുകൊണ്ടുവന്നത് മലേഗാവാണ്. സന്ന്യാസിനിയും സൈനികനും വരെ സംഘം ചേര്‍ന്നു നടത്തിയ സ്ഫോടന പരമ്പര ഹിന്ദുത്വശക്തികളുടെ തനിനിറം പുറത്തുകൊണ്ടുവന്നു. ഹേമന്ദ് കാര്‍ക്കറെ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ ധീരമായ അന്വേഷണമാണ് സംഭവത്തിനു പുറകിലുള്ള ശക്തികളെ പുറത്തുകൊണ്ടുവന്നത്. മുംബൈ ഭീകരാക്രമണത്തില്‍ അദ്ദേഹത്തിനു ജീവന്‍ നല്‍കേണ്ടിവന്നു. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ മുസ്ളിം വിരോധമുഖം പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത് വൃന്ദ കാരാട്ടാണ്. ഈ സമീപനത്തെ അതിശക്തമായ ഭാഷയില്‍ അവര്‍ അപലപിച്ചു. ആര്‍എസ്എസുകാരന്‍ അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന കാര്യം വൃന്ദ പരാമര്‍ശിച്ചപ്പോള്‍ ബിജെപിയും കൂട്ടാളികളും ബഹളമുണ്ടാക്കി പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു.

ആരാണ് ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദി? അത് അമേരിക്കയാണ്. ലോകത്ത് തങ്ങളുടെ ആധിപത്യം സ്ഥാപിക്കുന്നതിനായി എല്ലാ ജനാധിപത്യ മര്യാദകളെയും അന്താരാഷ്ട്ര ധാരണകളെയും ധിക്കാരത്തോടെ വെല്ലുവിളിച്ച് നടത്തിയ കടന്നാക്രമണങ്ങളെല്ലാം ഭീകരതയുടെ പ്രയോഗങ്ങളായിരുന്നു. എത്ര രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളെയാണ് അവര്‍ കൊന്നൊടുക്കിയത്. ലിബിയയിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രസിഡന്റിനെ രാത്രിയുടെ മറവില്‍ തട്ടിക്കൊണ്ടുപോകാന്‍ ഏതു അന്താരാഷ്ട്ര നിയമമാണ് അമേരിക്കക്ക് അധികാരം നല്‍കിയത്. ഇറാഖിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണാധികാരിയെ പിടികൂടാനും, തങ്ങളുടെ പാവസര്‍ക്കാരിന്റെ പ്രഹസന വിചാരണയിലൂടെ തൂക്കിക്കൊല്ലാനും അമേരിക്കക്ക് ആര് അധികാരം നല്‍കി. അമേരിക്കയുടെ ഭീകരപ്രവര്‍ത്തനങ്ങളെല്ലാം മാധ്യമക്കണ്ണില്‍ ജനാധിപത്യത്തിന്റെ വിപുലീകരണമാണ്.

ഇന്ത്യയില്‍ ഇതേ സ്വഭാവത്തില്‍ മാധ്യമങ്ങള്‍ സംഘപരിവാരഭീകരതയെ തമസ്കരിക്കുന്നു. അതേ സമയം മുസ്ളിം വെറുപ്പ് രൂപപ്പെടുത്താന്‍ കഴിയുന്ന വിഭവങ്ങള്‍ സമ്പന്നമായി വിളമ്പുന്നു. ഭൂരിപക്ഷത്തിന്റെ വര്‍ഗീയതയും ഭീകരപ്രവര്‍ത്തനവും ഇന്ത്യ പോലുള്ള രാജ്യത്ത് അതീവ ഗുരുതരമായ സാഹചര്യം സൃഷ്ടിക്കും. അത് മതനിരപേക്ഷതയെ തകര്‍ക്കും. വ്യത്യസ്ത മതവിഭാഗങ്ങള്‍ ജീവിക്കുന്ന ഇന്ത്യയില്‍ ജനാധിപത്യം പുലരണമെങ്കില്‍ മതനിരപേക്ഷത പ്രധാന മുന്നുപാധിയാണ്.

അമേരിക്കയുടെ അധിനിവേശത്തെയും ഹിന്ദുത്വശക്തികളുടെ ഭീകരപ്രവര്‍ത്തനത്തെയും എങ്ങനെയാണ് ശരിയായി പ്രതിരോധിക്കുന്നത്? അതിനു ചിലര്‍ സ്വീകരിച്ച വഴി ഭീകരപ്രവര്‍ത്തനത്തിന്റെയാണ്. ഇസ്ളാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഭീകരസംഘടനകള്‍ ലോകത്തുണ്ട്. ഇവയില്‍ പലതും സാമ്രാജ്യത്വത്തിന്റെ സൃഷ്ടിതന്നെയാണ്. ഇവര്‍ നടത്തുന്ന ഭീകരപ്രവര്‍ത്തന ം സാമ്രാജ്യത്വത്തിന്റെ പ്രചാരവേലക്ക് കൂടുതല്‍ പിന്തുണ കിട്ടുന്നതിനു സഹായിക്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം സാര്‍വദേശീയമായി ഉയരേണ്ട വിശാല സമരനിരയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. ഇസ്ളാമിന്റെ പേരില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളെയും സംഘടനകളെയും തള്ളിപ്പറഞ്ഞും തുറന്നുകാണിച്ചും മാത്രമേ ശരിയായ സാമ്രാജ്യത്വ വിരുദ്ധപോരാട്ടത്തെ ശക്തിപ്പെടുത്താന്‍ കഴിയുകയുള്ളൂ.

ഹിന്ദുത്വ വര്‍ഗീയതയെ നേരിടുന്ന കാര്യത്തിലും ഇത് പ്രധാനമാണ്. ഭൂരിപക്ഷ വര്‍ഗീയത ഇന്ത്യയില്‍ വലിയ ഭീഷണിയാണ്. അതിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി കോണ്‍ഗ്രസിനെ വരെ പിന്തുണക്കുന്നതിനു തയ്യാറായ ചരിത്രമാണ് ഇന്ത്യന്‍ ഇടതുപക്ഷത്തിനുള്ളത്. എന്നാല്‍, ഈ പോരാട്ടം നടത്തേണ്ടത് ന്യൂനപക്ഷത്തിന്റെ വര്‍ഗീയതയെയും ഭീകരതയെയും കൂട്ടുപിടിച്ചുകൊണ്ടല്ല. അങ്ങനെ ചെയ്യുന്നത് ഭൂരിപക്ഷ വര്‍ഗീയതയെ ശക്തിപ്പെടുത്തും എന്നു മാത്രമല്ല ഭൂരിപക്ഷത്തിനിടയിലുള്ള മഹാഭൂരിപക്ഷം വരുന്ന മതനിരപേക്ഷ വാദികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യും. അതുകൊണ്ട് ഇസ്ളാമിന്റെ പേരില്‍ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളെ തുറന്നെതിര്‍ത്തുകൊണ്ടുമാത്രമേ വര്‍ഗീയവിരുദ്ധമുന്നണി വിശാലമാക്കാന്‍ കഴിയുകയുള്ളു. ഒന്നു കൂടുതല്‍ അപകടകരമാണെന്നു മാത്രം പറയുകയും മറുഭാഗം കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നത് തീര്‍ത്തും തെറ്റായ നിലപാടാണ്. മഹാഭൂരിപക്ഷം വരുന്നവരും ഹിന്ദുത്വശക്തികളുടെ ഭീകരതക്കു നേരെ കണ്ണടക്കുന്നു. അത് തുറന്നുകാണിക്കേണ്ടത് അനിവാര്യമാണ്.

മതത്തിന്റെ രാഷ്ട്രീയ പ്രയോഗമാണ് വര്‍ഗീയത. അതിന്റെ ഭീകരവഴികളിലൂടെയുള്ള സഞ്ചാരമാണ് മതഭീകരത. യഥാര്‍ഥത്തില്‍ ഇതിനെ വിശേഷിപ്പിക്കുന്ന വാക്കുകളെ സംബന്ധിച്ച പുനരാലോചന ആവശ്യമാണെന്നു തോന്നുന്നു. ഹിന്ദു എന്ന വാക്കില്‍നിന്നു വ്യത്യസ്തമാണ് ഹിന്ദുത്വ. ഹിന്ദുത്വ വര്‍ഗീയ ഉള്ളടക്കമുള്ള പദമാണ്. അതുപോലെ ഇസ്ളാമിനെ തെറ്റായി വ്യാഖ്യാനിക്കുന്ന ശക്തികളെ വിശേഷിപ്പിക്കാനും പുതിയ വാക്കുകള്‍ കണ്ടെത്തേണ്ടതുണ്ട്.

*
പി രാജീവ് കടപ്പാട്: ദേശാഭിമാനി വാരിക

Saturday, May 29, 2010

ഒറ്റപ്പെടുത്തലിനെ അതിജീവിക്കുന്ന ഇറാന്‍

അമേരിക്കന്‍ ഐക്യനാടിന്റെ സാര്‍വദേശീയ സ്വാധീനത്തിനും പ്രസിഡന്റ് ജോര്‍ജ് ബുഷിനും അദ്ദേഹത്തിന്റെ റിപ്പബ്ളിക്കന്‍ പാര്‍ടിക്കും ഏറ്റവും വലിയ വിനയായിത്തീര്‍ന്നത് ബുഷിന്റെ ഇറാഖും അഫ്ഗാനിസ്ഥാനും ഇറാനും സംബന്ധിച്ച നയങ്ങളാണ്. 2003ല്‍ പ്രസിഡന്റ് ബുഷ് ഇറാഖിനെതിരെ ആരംഭിച്ച യുദ്ധവും താലിബാനെ തോല്‍പ്പിക്കാനും ബിന്‍ലാദനെ പിടിക്കാനും ആണെന്നുപറഞ്ഞ് അഫ്ഗാനിസ്ഥാനിലേക്ക് സൈന്യത്തെ അയച്ചതും അവതാളത്തില്‍ കലാശിച്ചു. ഇറാനെതിരെ സൈന്യത്തെ അയച്ചില്ലെങ്കിലും അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അതിന്റെ മുന്നോടിയായി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

ഈ മൂന്ന് നടപടിയും തെറ്റായിപ്പോയെന്നും അവ തിരുത്തുമെന്നും വാഗ്ദാനം ചെയ്തത് ബറാക്ക് ഒബാമയുടെ തെരഞ്ഞെടുപ്പ് വിജയത്തെ കൂടുതല്‍ തിളക്കമുള്ളതാക്കിത്തീര്‍ത്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷവും ആ വാഗ്ദാനങ്ങള്‍ അദ്ദേഹം ആവര്‍ത്തിച്ചെങ്കിലും അതനുസരിച്ചുള്ള നടപടികള്‍ അത്യന്തം മന്ദഗതിയിലായിരുന്നു. ഇനിയും അവയൊന്നും നടപ്പായിട്ടില്ല. മാത്രമല്ല അഫ്ഗാനിസ്ഥാനിലേക്ക് അമേരിക്കന്‍ നേതൃത്വത്തില്‍ നാറ്റോ സൈനികരെ കൂടുതല്‍ നിയോഗിക്കുകയും ചെയ്തു. ഇറാനും അമേരിക്കയുമായി ഇറാന്റെ ആണവസംരംഭത്തെക്കുറിച്ചുള്ള തര്‍ക്കം സമാധാനപരമായി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും ഒബാമ വാഗ്ദാനം ചെയ്തിരുന്നു. അധികാരത്തില്‍ വന്നതിനുശേഷം ഇറാന്‍ ആണവയത്നങ്ങള്‍ ഉപേക്ഷിച്ചാല്‍ മാത്രമേ ചര്‍ച്ച നടത്തൂവെന്ന പ്രസിഡന്റ് ബുഷിന്റെ പിടിവാശി താനുപേക്ഷിക്കുന്നതായും ഒബാമ വ്യക്തമാക്കി. പക്ഷേ അതൊന്നും നടന്നില്ല. മാത്രമല്ല ബുഷിന്റെ നിലപാട് ആവര്‍ത്തിക്കാന്‍ ഒബാമ തുടങ്ങുകയും ചെയ്തിരിക്കുന്നു. ചില നിരീക്ഷകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത് ഒബാമ ഗോള്‍പോസ്റ്റുതന്നെ മാറ്റുന്നുവെന്നാണ്.

പാളിപ്പോയ സംയുക്തസംരംഭം

ഇറാനെതിരെ ഉപരോധമേര്‍പ്പെടുത്താന്‍ ഐക്യരാഷ്ട്ര രക്ഷാസമിതിയും പ്രസിഡന്റ് ഒബാമയും അദ്ദേഹത്തിന്റെ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി റോതം ക്ളിന്റനും കൊണ്ടുപിടിച്ച് ശ്രമിച്ചത് ഒരതിര്‍ത്തിവരെ വിജയിച്ചിരിക്കുന്നു എന്നായിരുന്നു ഹിലാരി ക്ളിന്റന്‍ ഒരുമാസംമുമ്പ് പ്രഖ്യാപിച്ചത്. ഈ സംയുക്ത ഉപരോധത്തിന് റഷ്യയുടെയും ചൈനയുടെയും പിന്തുണയുണ്ടെന്ന ക്ളിന്റന്റെ പ്രഖ്യാപനം റഷ്യയും ചൈനയും നിഷേധിച്ചതുമില്ല. പൊതുവെ ഇറാനെതിരായ അമേരിക്കന്‍ ആക്രോശങ്ങളെയും നടപടികളെയും എതിര്‍ത്തുവന്ന റഷ്യക്കും ചൈനക്കും മനംമാറ്റം വന്നോ എന്നുകൂടി പലരും ആശങ്കപ്പെടാന്‍ തുടങ്ങി. ഇറാന് ആണവോര്‍ജോല്‍പ്പാദനത്തിന് റിയാക്ടറും ഇന്ധനവും നല്‍കിയ റഷ്യ എന്തുകൊണ്ടിങ്ങനെ കുട്ടിക്കരണംമറിയുന്നു. ഇറാനുമായി പ്രകൃതിവാതകം സംബന്ധിച്ച കരാറില്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിക്കുകയും ഇറാനെതിരെ അമേരിക്ക ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വാദിക്കുകയും ചെയ്ത ചൈന എന്തുകൊണ്ട് പറഞ്ഞതൊക്കെ വിഴുങ്ങി. അമേരിക്കയുടെ ഉപരോധശ്രമത്തിന് കൂട്ടുനില്‍ക്കുന്നു?

അടിസ്ഥാനപരമായി തങ്ങളുടെ ഇറാന്‍ നയത്തില്‍ പുതിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സാര്‍ഗി ലാവറോവും ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബോയും ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നു. ആണവയത്നങ്ങള്‍ സംബന്ധിച്ച പൊതുനയങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സാര്‍വദേശീയനടപടികള്‍ കൈക്കൊള്ളാമെന്ന തത്വം മാത്രമേ തങ്ങള്‍ അംഗീകരിച്ചിട്ടുള്ളൂവെന്നും ഇറാന്‍ അതിന് വിപരീതമായി എന്തെങ്കിലും ചെയ്തതായി അറിവില്ലെന്നും ആണ് ഇപ്പോള്‍ ഇരുരാഷ്ട്രങ്ങളുടെയും വിശദീകരണം. അതോടെ ഒബാമയുടെയും ക്ളിന്റന്റെയും സംയുക്ത ഉപരോധശ്രമം പാളിപ്പോയിരിക്കുന്നു.

പുതിയ ഒരു ശക്തികേന്ദ്രം

ഇതിനിടയില്‍ വളരെ സാര്‍വദേശീയപ്രാധാന്യമുള്ള മറ്റൊരു സംഭവം ഒബാമയ്ക്കും ക്ളിന്റനും കനത്ത പ്രഹരമായി. ഇക്കഴിഞ്ഞ മെയ് 17ന് തുര്‍ക്കിയും ബ്രസീലും ഇറാനും തെഹറാനില്‍ പതിനെട്ട് മണിക്കൂര്‍ നീണ്ടചര്‍ച്ചയ്ക്കുശേഷം ഇറാനെ അനുകൂലിച്ചും അമേരിക്കന്‍ നിലപാടിനെ എതിര്‍ത്തും അംഗീകരിച്ച് ഒപ്പുവച്ച ഉടമ്പടിയാണ് ഈ പ്രഹരം.

ബ്രസീലിന്റെ കരുത്തനായ ഇടതുപക്ഷ പ്രസിഡന്റ് ലുയി ഇഗ്നേഷ്യോ ലുല ഡാ-സില്‍വയുടെയും തുര്‍ക്കിയുടെ ജനപ്രീതി നേടിയ പ്രധാനമന്ത്രി റിസെപ്പ് തയിബ് എര്‍ദോഗന്റെയും അമേരിക്കന്‍ ഇടപെടലിനെ ധീരമായി ചെറുത്തുനില്‍ക്കുന്ന ഇറാനിയന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നെജാദിന്റെയും നേതൃത്വത്തില്‍ അമേരിക്കയ്ക്കെതിരെ ഒപ്പുവച്ച ഈ ഉടമ്പടി അമേരിക്കയെയും പശ്ചിമയൂറോപ്പിനെയും പിന്‍തള്ളിക്കൊണ്ട് ഒരു പുതിയ സാര്‍വദേശീയ ശക്തികേന്ദ്രത്തിന്റെ ഉദയത്തെക്കുറിക്കുന്നുവെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

റഷ്യ ഈ ഉടമ്പടിയെ സര്‍വാത്മനാ സ്വാഗതംചെയ്യുന്നുവെന്ന് വിദേശകാര്യമന്ത്രി സര്‍ഗിലാവറോവ് ഇക്കഴിഞ്ഞ ഇരുപത്തേഴാംതീയതി മോസ്കോയില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ചൈനയും ആ നിലപാടുതന്നെ ആവര്‍ത്തിച്ചിരിക്കുന്നു.

തുര്‍ക്കി നാറ്റോയിലെ ഒരംഗരാഷ്ട്രമാണെന്ന് മാത്രമല്ല പൊതുവെ പടിഞ്ഞാറന്‍ ചായ്വുള്ള ഒരു ഏഷ്യന്‍ രാഷ്ട്രമാണ്. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടാനുള്ള തുര്‍ക്കിയുടെ പരിശ്രമം ഇപ്പോഴും ശക്തമായി തുടരുകയാണ്. ഇങ്ങനെയിരിക്കെ തുര്‍ക്കിയും ഇറാന്‍ കാര്യത്തില്‍ ബ്രസീലിന്റെയും റഷ്യയുടെയും ചൈനയുടെയും കൂടെ നില്‍ക്കുന്നുവെന്നത് പടിഞ്ഞാറന്‍കോട്ടയുടെ വളരുന്ന ഒരു വിള്ളലായി കരുതാം.

ഇന്ത്യയുടെ ചാഞ്ചാട്ടം

ഈ സാര്‍വദേശീയ പശ്ചാത്തലത്തില്‍ അടിപതറുന്നത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഭരിക്കുന്ന ഇന്ത്യയ്ക്കാണ്. പ്രസിഡന്റ് ബുഷിന്റെ കല്‍പ്പനയനുസരിച്ച് ഇറാനെതിരെ സ്വന്തം ദേശീയതാല്‍പ്പര്യങ്ങള്‍കൂടി ബലികഴിച്ചുകൊണ്ട് ഇറാനെതിരെ ഒരേഷ്യന്‍ കരിങ്കാലിയായി പ്രവര്‍ത്തിച്ച ഡോ.മന്‍മോഹന്‍സിങ്ങിന്റെ അവസ്ഥ പരിഹാസ്യമായിരിക്കുന്നു. ഈ അടുത്തിടെ ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ഇറാനുമായുള്ള പ്രകൃതിവാതകക്കുഴല്‍പദ്ധതി പുനരുദ്ധരിക്കാനും ചില ശ്രമങ്ങള്‍ ഇന്ത്യാഗവണ്‍മെന്റ് നടത്തിയിട്ടുണ്ടെങ്കിലും അതെല്ലാം വളരെ മന്ദഗതിയിലാണ്. മന്‍മോഹന്‍സിങ്ങിന്റെ ഒന്നാം യുപിഎ സര്‍ക്കാരിന്റെകാലത്ത് ഇറാന്‍-പാകിസ്ഥാന്‍ - ഇന്ത്യ പ്രകൃതിവാതകക്കുഴല്‍ സംബന്ധിച്ച നടപടികള്‍ക്ക് നേതൃത്വം നല്‍കിയതിന് അന്നത്തെ ചുമതലപ്പെട്ട മന്ത്രി മണിശങ്കര്‍ അയ്യരെ ബുഷിനെ തൃപ്തിപ്പെടുത്താന്‍ പിരിച്ചുവിട്ട ആളാണ് ഡോ. മന്‍മോഹന്‍സിങ്.

അങ്ങനെ ഇറാനെ ഒറ്റപ്പെടുത്താനുള്ള അമേരിക്കന്‍ കുത്സിതശ്രമത്തെ അനുകൂലിച്ചതിന്റെ ഫലമായി ഒറ്റപ്പെട്ടത് ഇന്ത്യയാണ്. ഇപ്പോള്‍ വിവരിച്ച ഈ പുതിയ സാഹചര്യമെങ്കിലും ഡോ. മന്‍മോഹന്‍സിങ്ങിനെ വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുമോ എന്ന കാര്യം രാഷ്ട്രവും ലോകവും ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്.

*
പി ഗോവിന്ദപ്പിള്ള കടപ്പാട്: ദേശാഭിമാനി

ഇരയെ പ്രതിയാക്കുന്ന വേട്ടക്കാരന്റെ വക്കീല്‍

ഗാനഗന്ധര്‍വ്വനെന്ന് പുകള്‍പെറ്റ യേശുദാസിന്റെ സംഗീതത്തെ മഹത്തായ സംഗീതമെന്നു വാഴ്ത്തുകയും, അദ്ദേഹത്തിന്റെ സപ്തതി ആഘോഷിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്? യേശുദാസിനെ വിമര്‍ശിച്ച് 1984ല്‍ എഴുതിയ ലേഖനം മാന്യവും ഉചിതവുമായില്ലെന്ന് ഏറ്റുപറഞ്ഞ് 'മാതൃഭൂമി' വാരിക (2010 മാര്‍ച്ച് 1420)യില്‍ കഥാകൃത്തായ സക്കറിയ എഴുതിയ മാപ്പപേക്ഷയാണ് ഈ ചോദ്യമുന്നയിക്കാന്‍ പ്രേരിപ്പിക്കുന്നത്. പഴയ ലേഖനത്തില്‍ യേശുദാസിനെ വസ്തുനിഷ്ഠമായി മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്ന് സക്കറിയ സമ്മതിക്കുന്നു. എന്നാല്‍ 25 വര്‍ഷത്തിനുശേഷം എഴുതിയ പുതിയ ലേഖനത്തിലും അദ്ദേഹത്തിന് യേശുദാസിനെ വിലയിരുത്താന്‍ കഴിയുന്നില്ല. ഉപാധികളില്ലാത്ത സ്തുതിപറച്ചിലിന്റെ അത്യാവേശത്തില്‍ മാന്യത കൈവിടുന്നില്ലെങ്കിലും, സക്കറിയയ്ക്ക് മതികെട്ടുപോകുന്നു. വസ്തുനിഷ്ഠത അദ്ദേഹത്തിന് നഷ്ടപ്പെടുന്നു.

സപ്തതിയിലെത്തിയെങ്കിലും, ഒരു പരമ്പരാഗത വൃദ്ധനാകാന്‍ വിസമ്മതിക്കുന്നതിലാണ് യേശുദാസിന്റെ നിസ്തുലത സക്കറിയ കണ്ടെത്തുന്നത്. എന്നാല്‍, ചിലരെ പുകഴ്ത്തണമെങ്കില്‍ മറ്റു ചിലരെ ഇകഴ്ത്തണമെന്ന ധാരണയുള്ളതുകൊണ്ടാവാം, സക്കറിയ യേശുദാസിനേയും എഴുത്തുകാരായ ബുദ്ധിജീവികളേയും താരതമ്യം ചെയ്യുന്നു. വാര്‍ദ്ധക്യത്തില്‍ എഴുത്തുകാരായ ബുദ്ധിജീവികള്‍ ‘ശാരീരിക പരാജിതത്വത്തിലേക്കും ആന്തരിക പിന്നോക്കാവസ്ഥയിലേക്കും’ അധഃപതിക്കുന്നുവെന്നും, അവര്‍ ‘ആള്‍ദൈവങ്ങളുടെയും, ആരാധനാലയങ്ങളുടെയും തമസിലേക്ക്’ കൂപ്പുകുത്തുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. എന്നാല്‍ കാലത്തിനു കീഴടങ്ങാതെ സ്വന്തം നിസ്തുല വാര്‍ദ്ധക്യം യേശുദാസ് പരിരക്ഷിക്കുന്നുവെന്ന് സക്കറിയ സൂചിപ്പിക്കുന്നു.

വാര്‍ദ്ധക്യം സൃഷ്ടിക്കുന്ന സങ്കീര്‍ണ്ണമായ മാനസിക പ്രശ്നങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടുകൂടി പരിഗണിക്കാതെയാണ് സക്കറിയ യേശുദാസിന്റെ അവസ്ഥയ്ക്ക് അസാധാരണത്വം ചാര്‍ത്തിക്കൊടുക്കുന്നത്. വാസ്തവത്തില്‍ കാലത്തിനു കീഴടങ്ങാതെ, ശരീരത്തിനു വാര്‍ദ്ധക്യം ബാധിച്ചാലും മാനസിക യുവത്വം നിലനിര്‍ത്തുന്ന എത്രയോ പേരുണ്ട്. യേശുദാസിന്റെ വാര്‍ദ്ധക്യകാല മനോഭാവത്തില്‍ അസാധാരണമായ ഒന്നുമില്ലെന്നതാണ് സത്യം. ചെറുപ്പം മുതല്‍ മരണത്തെ ഭയക്കാന്‍ പഠിപ്പിക്കപ്പെടുന്നവരാണ് നാം. ജനാധിപത്യരഹിതമായ കുടുംബാന്തരീക്ഷത്തിലെ രക്ഷിതാക്കളുടെ അധികാരസ്ഥത ശിശുക്കളെ അതിവേഗം വൃദ്ധരാകാന്‍ പരിശീലിപ്പിക്കുന്നു. യുവത്വം തുളുമ്പുന്ന ശരീരത്തില്‍ വൃദ്ധമനസ്സുമായാണ് പല ചെറുപ്പക്കാരും ജീവിക്കുന്നത്. ശാരീരിക വാര്‍ദ്ധക്യം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ജൈവപരമായ അസ്തിത്വത്തിന്റെ അന്ത്യം ആസന്നമാണെന്ന തോന്നല്‍ ശക്തമാകുമ്പോള്‍, ആ അവസ്ഥയെ സമചിത്തതയോടെ സ്വീകരിക്കാന്‍ പലര്‍ക്കും കഴിയാറില്ല. അപ്പോള്‍, നിരീശ്വരവാദം പ്രസംഗിച്ചുനടന്നവര്‍ തീര്‍ത്ഥാടകരായിത്തീരുകയും, ഭൌതികവാദികള്‍ കാഷായ വേഷധാരികളായി ആത്മീയം പറയുകയും, ഈശ്വരവിശ്വാസികളായിരുന്നവര്‍ കൂടുതല്‍ തീവ്രമായ മതാത്മകതയിലെത്തുകയും ചെയ്യുന്നു. എഴുത്തുകാരായ ബുദ്ധിജീവികള്‍ മാത്രമല്ല, എഴുത്തുകാരല്ലാത്ത ബുദ്ധിജീവികളും, രാഷ്ട്രീയക്കാരും മരണഭയത്തിന് ഇരകളാകാറുണ്ട്. അതിനാല്‍ യേശുദാസിനെ വാഴ്ത്തുന്നതിന് വാര്‍ദ്ധക്യകാലത്ത് ഭക്തന്മാരായിത്തീരുന്ന എഴുത്തുകാരായ ബുദ്ധിജീവികളെ മാത്രം ഇകഴ്ത്തേണ്ടതില്ല.

എന്നാല്‍, എന്താണ് മാനസികവും ബൌദ്ധികവുമായ യുവത്വത്തിന്റെ ലക്ഷണമെന്ന് സക്കറിയ സൂചിപ്പിക്കുന്നില്ല. യേശുദാസിന്റെ നിലപാടിനെയാണ് അദ്ദേഹം അടിസ്ഥാന മാനദണ്ഡമായി കണക്കാക്കുന്നതെന്ന് തോന്നുന്നു. എന്നാല്‍ അത് പൂര്‍ണ്ണമായി സ്വീകരിക്കാനാവുകയില്ല. തലനരയ്ക്കുന്നതും, തൊലി ചുളുങ്ങുന്നതുമല്ല, വാര്‍ദ്ധക്യത്തിന്റെ ലക്ഷണമെന്ന് തിരിച്ചറിഞ്ഞ്, എക്കാലവും പുരോഗമനാശയങ്ങളുടെ നിത്യയുവത്വം മനസ്സിലേറ്റി വിപ്ളവകരമായി ജീവിച്ചവര്‍ക്ക് യേശുദാസിന്റെ ചില നിലപാടുകള്‍ അത്ര ശ്രേഷ്ഠമായി തോന്നാനിടയില്ല. ജീവിത യാഥാര്‍ത്ഥ്യങ്ങളെ സംബന്ധിച്ച് ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ അറിവ് നേടി, ചിരപരിവര്‍ത്തന സ്വഭാവിയായ പ്രപഞ്ചത്തിന്റെയും, പ്രകൃതിയുടെയും ചലനനിയമങ്ങള്‍ മനസ്സിലാക്കി, കൂടുതല്‍ മെച്ചപ്പെട്ട ഒരു സാമൂഹ്യഘടനയുടെ സൃഷ്ടിക്കായി ബോധപൂര്‍വ്വം കര്‍മ്മനിരതമാകുന്ന മാനസികാവസ്ഥയാണ് അവര്‍ക്ക് വാര്‍ദ്ധക്യരാഹിത്യത്തിന്റെ ലക്ഷണം. ഈ അര്‍ത്ഥത്തില്‍ പല യുവാക്കളും അകാല വാര്‍ദ്ധക്യം ബാധിച്ചവരാണ്. ആള്‍ ദൈവങ്ങളുടെ ആലിംഗന ചുംബനാദികള്‍ ഏറ്റുവാങ്ങാനും, പുരോഹിത വേഷധാരികളുടെ പാദശുശ്രൂഷ നടത്താനും, ദൈവപ്രഘോഷണത്തിന് കോട്ടും ടൈയും കെട്ടിപ്പോകാനും, മതരാഷ്ട്രനിര്‍മ്മിതിക്കായി ജിഹാദികളാകാനും തയ്യാറാകുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ വാര്‍ദ്ധക്യരോഗബാധിതരായേ കണക്കാക്കാനാകൂ. അവരുടെ ആസന്ന മരണചിന്താശതകങ്ങളും, മരണാനന്തര ജീവിതഭീതികളും മിഥ്യാധാരണ മാത്രമാണ്. ഈ അര്‍ത്ഥത്തില്‍ യേശുദാസ് അദ്ദേത്തിന്റെ ബൌദ്ധിക യുവത്വം നിലനിര്‍ത്തുന്നുവെന്ന് പറയാനാവില്ല. വിശ്വാസത്തിന്റേയും, അതുമായി ബന്ധപ്പെട്ട ആരാധനാലയങ്ങളുടേയും മതില്‍കെട്ടുകളില്‍നിന്നും ചുറ്റമ്പലങ്ങളില്‍നിന്നും സ്വന്തം ഗായകസിദ്ധിയെ പൂര്‍ണ്ണമായി മോചിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. എഴുത്തുകാരായ ബുദ്ധിജീവികള്‍ ആരാധനാലയങ്ങളിലേക്ക് വാര്‍ധ്യക്യത്തില്‍ കൂപ്പുകുത്തുകയാണെങ്കില്‍, യേശുദാസ് ഒരിക്കലും അവിടെനിന്നും പുറത്തുകടക്കാന്‍ ശ്രമിച്ചിട്ടില്ലെന്നതാണ് സത്യം.

എന്നാല്‍ യേശുദാസ് മറ്റുവിശ്വാസികളില്‍നിന്നും വ്യത്യസ്തനാണ്. സഹജീവികള്‍ക്ക് സ്വഭക്തിയില്‍ സ്ഥാനം നല്‍കുന്നതുമൂലം ഗാന്ധിജി, ശ്രീനാരായണഗുരു, രമണ മഹര്‍ഷി, ദക്ഷിണാമൂര്‍ത്തി എന്നിവരുടെ മഹത്വത്തില്‍ അദ്ദേഹം പങ്കാളിയാകുന്നുവെന്ന സക്കറിയയുടെ നിരീക്ഷണത്തില്‍ സത്യത്തിന്റെ അംശമുണ്ട്. ഉദാരമായ സൌമനസ്യത്തിനപ്പുറം സര്‍ഗാത്മകമായ സഹിഷ്ണുതയോടെയാണ് അന്യ ആരാധനാരീതികളെ ഈ മഹാത്മാക്കള്‍ സ്വാംശീകരിച്ചിട്ടുള്ളത്. ബഹുവിധ മതവിശ്വാസങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ ആത്മനിഷ്ഠവിശ്വാസത്തിന്റെ ദുഃശ്ശാഠ്യങ്ങള്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ തിരിച്ചറിഞ്ഞ് അവയോട് രാഷ്ട്രീയമായി പ്രതികരിക്കുകയായിരുന്നു ഗാന്ധിജി ചെയ്തത്. ഇന്ത്യന്‍ സന്ദര്‍ഭത്തില്‍ മതാതീത മാനവികതയുടെ സൃഷ്ടിക്കായി ആത്മവേദനയോടെ, ഗാന്ധിജി നടത്തിയ പ്രാര്‍ത്ഥനയായിരുന്നു "ഈശ്വര്‍ അള്ളാ തേരേനാം, സബ്കോ സന്മതി ദേ ഭഗവാന്‍'' എന്നത്. മതപരമായ വൈരത്തിനും ജാതീയമായ ഉച്ചനീചത്വത്തിനുമെതിരെ ശ്രീനാരായണഗുരു നടത്തിയ പോരാട്ടത്തില്‍ സവിശേഷമായ രാഷ്ട്രീയമുണ്ടായിരുന്നു. നാസ്തികനെ വരെ ശിഷ്യനായി സ്വീകരിച്ച ഗുരുവിന്റെ മതേതര സമീപനം സ്വാംശീകരിച്ചുകൊണ്ടാണ് യേശുദാസ് കേരളീയ സാമൂഹ്യ- സാംസ്കാരിക പരിസരത്തോട് പ്രതികരിച്ചിട്ടുള്ളത്.

"ജാതിഭേതം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണി''തെന്ന ഗുരുവാക്യത്തിലെ രാഷ്ട്രീയം സ്വന്തം കലയുടേയും, ജീവിതത്തിന്റേയും സാരമായി ആലപിക്കുന്നിടത്താണ് യേശുദാസിന്റെ മഹത്വം. ശ്രീനാരായണഗുരുവിന്റെ ദര്‍ശനത്തെ അദ്ദേഹം സ്വവിശ്വാസത്തിന്റെ ആത്മാംശമാക്കി. അന്യമതങ്ങളുടെ ഭക്തിഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ധാരാളം ഗായകരുണ്ട്. യേശുദാസിന്റെ മഹത്വം സര്‍വ്വമതങ്ങളുടെയും ഭക്തിഗാനങ്ങള്‍ ആലപിച്ചുവെന്നതല്ല, സ്വവിശ്വാസത്തില്‍ സര്‍വ്വവിശ്വാസങ്ങളേയും ഉള്‍ചേര്‍ത്തുവെന്നതാണ്. ഗാനാലാപനത്തിന്റെ സാങ്കേതികത്തികവിലൂടെ നേടിയെടുക്കുന്ന ശ്രേഷ്ഠതയല്ലിത്; സ്വന്തംജീവിതത്തില്‍ ഗായകന്‍ അനുഷ്ഠിക്കുന്ന മൂല്യാധിഷ്ഠിതചര്യകളുടെ ഫലമാണിത്. ആത്മനിഷ്ഠ നിലപാടുകളില്‍ വിശ്വസിച്ചുകൊണ്ട് സ്വദൈവവും സ്വമതസാരവും മാത്രമാണ് മോക്ഷദായകം എന്നു വിശ്വസിച്ച് കൊല്ലാനും ചാകാനും തയ്യാറുള്ളവരുള്ള സമൂഹത്തില്‍ യേശുദാസിന്റെ നിലപാടിന് വലിയ രാഷ്ട്രീയപ്രാധാന്യമുണ്ട്. ജനിച്ചുവളര്‍ന്ന മതസാഹചര്യങ്ങള്‍ ഉല്പാദിപ്പിച്ച മാനസിക സങ്കുചിതത്വത്തില്‍നിന്നും മോചനം പ്രാപിക്കുകയും, ഇതര വിശ്വാസങ്ങളുടെ ആചാരാനുഷ്ഠാനങ്ങളില്‍ പരസ്യമായി മനസ്സ് അര്‍പ്പിക്കുകയും ചെയ്യുന്നതിലൂടെ യേശുദാസ് പ്രസരിപ്പിക്കുന്നത് അന്യമതസ്വീകാരത്തിന്റെ രാഷ്ട്രീയ സന്ദേശമാണ്. ഈ രാഷ്ട്രീയസന്ദേശം യേശുദാസിനെ ഗായകരിലെ രാഷ്ട്രീയക്കാരനാക്കുകയും,മലയാളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചാവകാശിയാക്കുകയും ചെയ്യുന്നു.

യേശുദാസിനെ വസ്തുനിഷ്ഠമായി വിലയിരുത്താതെ പുകഴ്ത്തലിന്റെ പരകോടിയിലെത്തിച്ച് സക്കറിയ അദ്ദേഹത്തെ വിഗ്രഹവത്കരിക്കുന്നു. സ്വന്തം വിഗ്രഹപദവിയെ ആത്മലാളനയോ, മിഥ്യാബോധമോ ഇല്ലാത്ത കണ്ണുകള്‍ കൊണ്ട് കാണാന്‍ യേശുദാസിന് കഴിയുന്നുവെന്ന് സക്കറിയ എഴുതുമ്പോള്‍ വിഗ്രഹവത്കരണം പൂര്‍ത്തിയാകുന്നു. ഭാവഗായകനാണ് യേശുദാസ്. ഭഗവാനല്ല. ഭാവവ്യത്യാസങ്ങളുണ്ടാകാത്തതാണ് വിഗ്രഹം. സ്നേഹിക്കാനറിയുന്ന മലയാളിയുടെ മനസ്സില്‍ സ്ഥിരസ്ഥാനം യേശുദാസിന് ലഭിച്ചിട്ടുണ്ട്. കുറ്റങ്ങളും കുറവുകളുമില്ലാത്ത ഒരു ആരാധനാവിഗ്രഹമായി യേശുദാസ് മാറരുത്. സംഗീതലോകത്തിലെ ഒരു ആള്‍ദൈവമാക്കി യേശുദാസിനെ മാറ്റാനാണ് സക്കറിയ ശ്രമിക്കുന്നതെന്ന് തോന്നുന്നു. പാടുകയും പ്രസംഗിക്കുകയും സാമൂഹികപ്രശ്നങ്ങളോട് പ്രതികരിക്കുകയും സാമൂഹ്യപ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന യേശുദാസിനെയാണ് മലയാളിക്ക് വേണ്ടത്. യേശുദാസിനെ വിഗ്രഹമോ ദൈവമോ ആയി മലയാളിക്കുവേണ്ടാ. ഗായകനായിമാത്രം മതി. മനുഷ്യകഥാനുഗായകനായി. ഉദാത്തമായ മതേതരഭാവം മനുഷ്യരിലുല്പാദിപ്പിക്കുന്ന മഹാഗായകനായി മാത്രം.

വര്‍ത്തമാനകാല ആഗോള-ദേശീയ രാഷ്ട്രീയ സന്ദര്‍ഭത്തില്‍ യേശുദാസിന്റെ മതാതീത മാനവിക നിലപാടിന് ഏറെ പ്രസക്തിയുണ്ട്. എന്നാല്‍, അതില്‍ അന്തര്‍ലീനമായ രാഷ്ട്രീയത്തെ വികസിപ്പിച്ച് തേജസാര്‍ന്ന മതനിരപേക്ഷതയിലേക്ക് ഉയര്‍ത്താന്‍ യേശുദാസ് തയ്യാറാകുന്നില്ല. ഇത് യേശുദാസിന്റെ നിലപാടിന്റെ പരിമിതിയാണ്. എന്നാല്‍, ഈ പരിമിതിയെ സക്കറിയ വാഴ്ത്തുകയാണ് ചെയ്യുന്നത്: ‘കേരള രാഷ്ട്രീയത്തിന്റെ നിക്ഷിപ്തതാത്പര്യങ്ങളുടെ പരിലാളനകളില്‍ നിന്ന് തന്റെ സ്വാതന്ത്ര്യത്തിന്റെ അകലം പരിപാലിക്കാനും അദ്ദേഹത്തിന് കഴിയുന്നു. എന്താണിതിന്റെ അര്‍ത്ഥം? കേരളത്തിലെ രാഷ്ട്രീയം മൊത്തത്തില്‍ നിക്ഷിപ്തമാണെന്നല്ലേ? കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എല്ലാം ഒരേപോലെ നിക്ഷിപ്തതാല്പര്യങ്ങള്‍ വെച്ചുപുലര്‍ത്തുന്നുവെന്നാണോ? ജാതിയുടേയും മതത്തിന്റേയും രാഷ്ട്രീയം ശക്തിപ്രാപിക്കുന്ന സന്ദര്‍ഭത്തില്‍, അതിനെതിരായി രൂപം കൊള്ളുന്ന രാഷ്ട്രീയം - യേശുദാസിന്റേതുള്‍പ്പെടെ - നിക്ഷിപ്തമാണോ? രാഷ്ട്രീയപാര്‍ട്ടികളുടെ പ്രീണനങ്ങളില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുനില്‍ക്കുന്നുവെന്ന ലളിതമായ അര്‍ത്ഥം മാത്രമല്ല സക്കറിയായുടെ വാക്കുകള്‍ക്കുള്ളത്. അരാഷ്ട്രീയതയുടെ ന്യായീകരണം കൂടിയാണ് അദ്ദേഹം നടത്തുന്നത്. കേരളരാഷ്ട്രീയത്തിന്റെ നിക്ഷിപ്തതയില്‍ നിന്നും സ്വാതന്ത്ര്യത്തിന്റെ അകലം പാലിക്കാന്‍ യേശുദാസിന് കഴിയുന്നുവെന്ന് സക്കറിയ നിരീക്ഷിക്കുമ്പോള്‍ ‘സ്വാതന്ത്ര്യ’ത്തെ രാഷ്ട്രീയബാഹ്യമായ ഒരു പരികല്പനയായാണ് സക്കറിയ കാണുന്നത്. ജാതി മത രാഷ്ട്രീയം ഉയര്‍ത്തുന്ന വിഭാഗീയതകളുടെ ഭീഷണികളെ ആത്മനിഷ്ഠ അരാഷ്ട്രീയമന്ത്രം ഭജിച്ച് നേരിടാന്‍ ആര്‍ക്കാണ് സാധിക്കുക. ജാതിമത രാഷ്ട്രീയത്തിനെതിരെ സമാനചിന്താഗതിക്കാരുമായി സംഘം ചേര്‍ന്നുകൊണ്ടുമാത്രമേ, മതേതര മനസ്സുള്ള ഏതൊരു വ്യക്തിക്കും സ്വാതന്ത്ര്യം സംരക്ഷിക്കാനാകുകയുള്ളു. ശുദ്ധസ്വാതന്ത്ര്യം അരാജകവും നിഷ്ക്രിയവും വന്ധ്യവുമാണ്. യേശുദാസിന്റെ ‘സ്വാതന്ത്ര്യം അരാഷ്ട്രീയമാണെങ്കില്‍ അത് അദ്ദേഹത്തിന്റെ വീക്ഷണത്തിന്റെ പരിമിതിയാണ്. എന്നാല്‍ മതാതീത മനവികതയുടെ നിക്ഷിപ്തരാഷ്ട്രീയത്തെ ശക്തമാക്കുന്ന രാഷ്ട്രീയസ്വാതന്ത്ര്യം യേശുദാസ് വിനിയോഗിക്കുന്നുവെന്ന് വിശ്വസിക്കാനാണ് പൊതുവേ കേരളീയര്‍ക്കിഷ്ടം. എന്നാല്‍, സ്വന്തം അരാഷ്ട്രീയ നിലപാടിന്റെ ന്യായീകരണത്തിനായി സക്കറിയ യേശുദാസിനെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. അനായാസം ആത്മനിഷ്ഠ നിലപാടിലേക്കെടുത്തു ചാടാതെ, വസ്തുനിഷ്ഠതയുടെ ദാര്‍ഢ്യമുള്ള അറിവ് കേരളരാഷ്ട്രീയത്തെ സംബന്ധിച്ച് സക്കറിയ ഇനിയും രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. നിക്ഷിപ്തരാഷ്ട്രീയപാര്‍ട്ടികളും വ്യക്തികളും കേരളത്തിലുണ്ട്. അതോടൊപ്പം ജാതിരഹിതവും മതനിരപേക്ഷവുമായ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇവിടെയുണ്ട്. സാമൂഹികമായ ധാര്‍മ്മികബോധത്തോടെ തെരഞ്ഞെടുപ്പു നടത്താന്‍ ഓരോരുത്തരും ബാധ്യസ്ഥരാണ്. പുരോഗമനരാഷ്ട്രീയ ശക്തികളെ കണ്ടറിയാനും വിമര്‍ശനപരമായ സര്‍ഗാത്മകതയോടുകൂടി അവയെ ശക്തിപ്പെടുത്താനും മതാതീതമാനവികതയ്ക്ക് മൂല്യം കല്പിക്കുന്ന ഏവര്‍ക്കും രാഷ്ട്രീയമായ ഉത്തരവാദിത്വമുണ്ട്. യേശുദാസിനും സക്കറിയയ്ക്കും ഇത് ബാധകമാണ്.

സ്വപരിഗണനകളുടെ പരിധിക്കു വെളിയില്‍ രാഷ്ട്രീയത്തെ നിര്‍ത്താനുള്ള സക്കറിയയുടെ യത്നം മറനീക്കി പുറത്തുവരുന്നത് അദ്ദേഹത്തിന്റെ മാപ്പപേക്ഷയുടെ അവസാനഭാഗത്താണ്. അദ്ദേഹം എഴുതുന്നു: 'നവോത്ഥാനത്തെ പില്ക്കാലരാഷ്ട്രീയവും മാധ്യമസംസ്കാരവും അവയുത്പാദിപ്പിച്ച ജാതി-മത-പ്രത്യയശാസ്ത്രജഡിലതകളും ചേര്‍ന്ന് നാമാവശേഷമാക്കി‘. ഇവിടെ സാമാന്യവത്കരണത്തിലൂടെ സത്യത്തെ തമസ്കരിക്കാനാണ് സക്കറിയ ശ്രമിക്കുന്നത്. നവോത്ഥാനത്തിന്റെ സൃഷ്ടിയായ മതേതരചിന്തകളെ കേരളത്തില്‍ നശിപ്പിച്ചതാരാണെന്ന് എല്ലാ സാമൂഹ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കും കൃത്യമായി അറിയാമെന്നിരിക്കെ, സാഹിത്യകാരനായ സക്കറിയ അത് മനസ്സിലാക്കിയില്ലെന്ന് വരുമോ? കുപ്രസിദ്ധമായ വിമോചനസമരവും, അതിന് നേതൃത്വം നല്‍കിയ രാഷ്ട്രീയപാര്‍ട്ടികളും ശക്തികളും കൂടിയാണ് ജാതി-മതഭൂതങ്ങളെ കുടത്തില്‍ നിന്നും തുറന്നു വിട്ടത്. കോണ്‍ഗ്രസും മുസ്ളീംലീഗും എന്‍എസ്എസും ക്രിസ്ത്യന്‍ പൌരോഹിത്യവും, വലതുപക്ഷമാധ്യമങ്ങളും കൂടി അമേരിക്കന്‍ മുതലാളിത്തത്തിന്റെ സഹായത്തോടെ ഇ.എം.എസ് നേതൃത്വം നല്‍കിയ കമ്യൂണിസ്റ്റ് ഗവണ്മെന്റിനെതിരെ നടത്തിയ പ്രതിവിപ്ളവമാണ് നവോത്ഥാന മൂല്യങ്ങളെ നാമാവശേഷമാക്കിയത്. ഇവയെല്ലാം ചരിത്രവസ്തുതകളായിരിക്കെ, വിശദാംശങ്ങളെ ഒഴിവാക്കി സാമാന്യവത്കരണത്തില്‍ തല പൂഴ്ത്തുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തേയും പ്രതിപ്പട്ടികയില്‍ ഉള്‍ക്കൊള്ളിക്കാനാണ്. എല്ലാരാഷ്ട്രീയവും ഒരുപോലെ മോശമാണെന്ന് പറഞ്ഞ് അരാഷ്ട്രീയതയെ പുണരാനുള്ള ശ്രമമാണിതിന്റെ പിന്നില്‍. ഇവിടെ ഇരയെ പ്രതിയാക്കുന്ന വേട്ടക്കാരന്റെ വക്കീലായി സക്കറിയ സ്വയം അവതരിക്കുകയാണ് ചെയ്യുന്നത്.

ബുദ്ധിജീവി നാട്യത്തോടെ പൊതുരാഷ്ട്രീയത്തെ കുറ്റപ്പെടുത്താനും അകന്നുനില്‍ക്കാനും എളുപ്പമാണ്. അനായാസമായി അരാഷ്ട്രീയ നിലപാടുകളില്‍ എത്തിച്ചേരാനാകും. ബുദ്ധിജീവികള്‍ക്കായി റഡിമെയ്ഡ് ഉത്തമരാഷ്ട്രീയം ഒരുക്കിവെച്ചു കാത്തിരിക്കാന്‍ ബാധ്യതപ്പെട്ടവരാരും സമൂഹത്തിലില്ല. രാഷ്ട്രീയം എല്ലാവരുടേയുമാണ്. രാഷ്ട്രീയത്തിന്റെ കളത്തില്‍ കാഴ്ചക്കാരില്ല; കൂട്ടുകളിക്കാരേയുള്ളു. ഏറിയോ കുറഞ്ഞോ അളവില്‍, അരാഷ്ട്രീയക്കാരുള്‍പ്പെടെ എല്ലാവരും രാഷ്ട്രീയപ്രക്രിയയില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. മറ്റുള്ളവര്‍ നല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണമെന്നും, മറ്റുള്ളവര്‍ ത്യാഗമനുഷ്ഠിച്ചുകൊള്ളണമെന്നും ആവശ്യപ്പെടാന്‍ ഒരു മനുഷ്യനും അവകാശമില്ല. ഉത്തമരാഷ്ട്രീയം അനുഷ്ഠിക്കല്‍ ഓരോരുത്തരുടേയും സാമൂഹ്യധര്‍മ്മമാണ്. രാഷ്ട്രീയപ്രക്രിയകളില്‍ പങ്കെടുത്തുകൊണ്ടുമാത്രമേ, രാഷ്ട്രീയപ്രസ്ഥാനങ്ങളെ ഗുണപരമായി മെച്ചപ്പെടുത്താന്‍ കഴിയുകയുള്ളു. ബുദ്ധിപരമായ ഔന്നിത്യഭാവത്തോടെ സമൂഹത്തിലെ രാഷ്ട്രീയപ്രക്രിയയില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്നത് കാപട്യം നിറഞ്ഞ അഹന്തയുടെ ഫലമാണ്. അകന്നുമാറുകയും അരാഷ്ട്രീയതയെ പ്രണയിക്കുകയും ചെയ്യുന്നത് അധാര്‍മ്മികമായ ആത്മവഞ്ചനയാണ്. ഒരിക്കലും താന്‍ ഒരു കമ്മറ്റിയില്‍ നിന്നും രാജിവെക്കുകയില്ലെന്നും, രാജിവെച്ചാല്‍ തന്നേക്കാള്‍ മോശക്കാരായ ആരെങ്കിലും അവിടെ വരുമെന്നും പറഞ്ഞ ബര്‍ണാര്‍ഡ് ഷായുടെ നിലപാടാണ് ഇവിടെ അനുകരണീയം. രാഷ്ട്രീയത്തെ പുച്ഛത്തോടെ നോക്കിക്കണ്ട് ആത്മനിഷ്ഠതയോടെ അരാഷ്ട്രീയ കേമത്തത്തില്‍ അഭിരമിക്കുന്നത് ബൌദ്ധികമായ ആത്മരതിയാണെന്ന് സക്കറിയ മനസിലാക്കണം.

നവോത്ഥാനപാരമ്പര്യത്തിന്റെ നാശത്തിന് മാധ്യമസംസ്കാരത്തെ കുറ്റപ്പെടുത്തുമ്പോഴും സക്കറിയ അശാസ്ത്രീയമായ സാമാന്യവത്കരണം നടത്തുന്നു. വസ്തുതകളുടെ വിശദാംശങ്ങളിലേക്കുകടന്ന് തൂമ്പായെ തൂമ്പായെന്ന് വിളിക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് ദേശീയ ബൂര്‍ഷ്വാസിയുടെ ഉടമസ്ഥതയിലായിരുന്ന ഇന്ത്യന്‍ മാധ്യമങ്ങള്‍ ആദര്‍ശാധിഷ്ഠിതമായ മാധ്യമ പ്രവര്‍ത്തനമാണ് നടത്തിയിരുന്നത്. ദേശസ്നേഹം, മതേതരത്വം, സാമ്രാജ്യത്വവിരുദ്ധത തുടങ്ങിയ രാഷ്ട്രീയമൂല്യങ്ങള്‍ അവ പ്രചരിപ്പിച്ചു. എന്നാല്‍ സാമ്രാജ്യത്വത്തിനെതിരായി ഒരുമിച്ചു പോരാടിയ ഇന്ത്യന്‍ ജനതയുടെ താല്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മാധ്യമങ്ങള്‍ പരാജയപ്പെട്ടു. സ്വാതന്ത്ര്യാനന്തരം ബൂര്‍ഷ്വാഭരണനേതൃത്വവും ബഹുജനങ്ങളും തമ്മിലുണ്ടായ വര്‍ഗപരമായ വേര്‍പിരിയലില്‍ ബൂര്‍ഷ്വാ ഉടമസ്ഥതയിലായിരുന്ന മാധ്യമങ്ങള്‍ ആദര്‍ശങ്ങള്‍ ഉപേക്ഷിക്കുകയും ബൂര്‍ഷ്വാസിയുടെ ഉപകരണമായിത്തീരുകയും ചെയ്തു. അധികാരവും സമ്പത്തും കൈവശം വെയ്ക്കാന്‍ ബൂര്‍ഷ്വാസിയെ സഹായിക്കുന്നതിന്റെ ചരിത്രമാണ് സ്വാതന്ത്യ്രാനന്തരമുള്ള ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനത്തിന്റേത്. മാധ്യമങ്ങള്‍ കച്ചവടലാക്കോടു കൂടി പ്രവര്‍ത്തിക്കുകയും, പ്രത്യയശാസ്ത്രപരമായി ജനസാമാന്യത്തെ കീഴ്പ്പെടുത്തുന്നതിന് ജാതിമതശക്തികള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. അവര്‍ വലതുപക്ഷ ആശയങ്ങളുടെ വക്താക്കളാകുകയും, ഇടതുപക്ഷ പുരോഗമന ആശയങ്ങള്‍ക്കെതിരെ പ്രചരണം നടത്തുകയും ചെയ്യുന്നു. അസത്യം പ്രചരിപ്പിക്കുകയും വസ്തുതകളെ വളച്ചൊടിക്കുകയും വിവാദങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. ഈ വസ്തുതയും സക്കറിയ കാണുന്നില്ല.

*
ഡോ. കെ.പി.കൃഷ്ണന്‍കുട്ടി കടപ്പാട്: ചിന്ത വാരിക

Friday, May 28, 2010

'സ്വര്‍ഗകവാടങ്ങള്‍ തള്ളിത്തുറന്നവര്‍'

1871 മാര്‍ച്ച് 18നു പാരീസിലെ പതിനായിരക്കണക്കിനു തൊഴിലാളികള്‍ ബൂര്‍ഷ്വാഭരണാധികാരികളെ പുറത്താക്കിക്കൊണ്ട് അധികാരം സ്വന്തം കൈയിലെടുത്ത്, വിപ്ളവകാരികളുടെ ആസ്ഥാന കേന്ദ്രമായിരുന്ന ഹോട്ടല്‍ ഡി വില്ലില്‍ ചെങ്കൊടി ഉയര്‍ത്തി. ലോകചരിത്രത്തില്‍ ആദ്യത്തെ തൊഴിലാളിവര്‍ഗ ഭരണകൂടമാണ് അവര്‍ സ്ഥാപിച്ചത്. അത് പാരീസ് കമ്യൂണ്‍ എന്ന പേരില്‍ ഇന്നും അറിയപ്പെടുന്നു. ലോകം അതുവരെ ദര്‍ശിച്ചിട്ടില്ലാത്ത ഒരു പുതിയതരം ഭരണകൂടമായിരുന്നു അത്. "സ്വര്‍ഗകവാടങ്ങളെ തള്ളിത്തുറന്നവര്‍'' എന്നാണ് മഹാനായ കാള്‍ മാര്‍ക്സ് പാരീസ് കമ്യൂണാര്‍ഡുകളെ വിശേഷിപ്പിച്ചത്.

ബിസ്മാര്‍ക്കിന്റെ പ്രഷ്യയും (ജര്‍മനി) ലൂയി നെപ്പോളിയന്‍ മൂന്നാമന്റെ ഫ്രാന്‍സും തമ്മില്‍ നടന്ന യുദ്ധത്തില്‍ (1870) പരാജയം ഏറ്റുവാങ്ങിയ ഫ്രാന്‍സിന്റെമേല്‍ നാണംകെട്ട ഒത്തുതീര്‍പ്പുവ്യവസ്ഥകളാണ് ബിസ്മാര്‍ക്ക് അടിച്ചേല്‍പ്പിച്ചത്. ഇങ്ങനെയൊരു യുദ്ധം ജനങ്ങള്‍ ഒട്ടും ആഗ്രഹിച്ചിരുന്നില്ല. യുദ്ധ സാഹചര്യത്തിലും അതിനുശേഷവും പാരീസിലെ സാധാരണജനങ്ങളുടെയും തൊഴിലാളികളുടെയും ജീവിതം പരമദയനീയമായിരുന്നു. ജര്‍മന്‍ ചാന്‍സലറായ ബിസ്മാര്‍ക്കിന്റെയും ലൂയി നെപ്പോളിയന്‍ മൂന്നാമന്റെയും (ഫ്രാന്‍സ്) സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള യുദ്ധമാണ് ഇതെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. യുദ്ധാനന്തരം 1870 സെപ്തംബര്‍ 4നു ഫ്രാന്‍സില്‍ രാജവാഴ്ചയ്ക്ക് അന്ത്യം കുറിച്ച് റിപ്പബ്ളിക് സ്ഥാപിതമായി. പുതിയ റിപ്പബ്ളിക്കില്‍ ലഭ്യമായിരുന്ന ജനാധിപത്യ പൌരസ്വാതന്ത്ര്യങ്ങളെ തൊഴിലാളിവര്‍ഗം സ്വന്തം വര്‍ഗസംഘടന കെട്ടിപ്പടുക്കാനും ശക്തിപ്പെടുത്താനും പ്രയോജനപ്പെടുത്തണമെന്നും അതിനു പകരം അകാലികമായ കലാപത്തിനു ശ്രമിക്കുന്നത് വലിയ അബദ്ധമായിരിക്കുമെന്നും കാള്‍മാര്‍ക്സ് ഫ്രഞ്ച് വിപ്ളവകാരികളെ ഉപദേശിച്ചിരുന്നു. എന്നാല്‍, 1871 മാര്‍ച്ച് 18ന്റെ പാരീസിലെ തൊഴിലാളി വര്‍ഗ വിപ്ളവം മാര്‍ക്സിനെ ആവേശഭരിതനാക്കുകയും അദ്ദേഹം 'ഫ്രാന്‍സിലെ ആഭ്യന്തരയുദ്ധം' എന്ന ആഹ്വാനം എഴുതുകയും ചെയ്തു. പാരീസ് കമ്യൂണിന്റെ ചരിത്രപ്രാധാന്യം വരച്ചുകാട്ടിയ 'ഫ്രാന്‍സിലെ ആഭ്യന്തരയുദ്ധം' എന്ന മാര്‍ക്സിന്റെ കൃതി താമസിയാതെ വിവിധ ഭാഷയില്‍ പ്രസിദ്ധീകരിച്ചു.

തൊഴിലാളിവര്‍ഗ സര്‍വാധിപത്യ ഭരണകൂടമായിരുന്നു പാരീസ് കമ്യൂണ്‍ എന്നും അധ്വാനത്തിന്റെ സാമ്പത്തിക മോചനം നേടിയെടുക്കുന്നതിനു കണ്ടുപിടിച്ച രാഷ്ട്രീയരൂപമായിരുന്നു അതെന്നും ഈ കൃതിയില്‍ മാര്‍ക്സ് വിശദീകരിച്ചു. കമ്യൂണ്‍ യഥാര്‍ഥത്തില്‍ ദേശീയ ഐക്യം സൃഷ്ടിച്ചെന്നും തൊഴിലാളിവര്‍ഗത്തിന്റെ കീഴില്‍ ഒരു കേന്ദ്രീകൃത ഭരണകൂടത്തിന്റെ പ്രാധാന്യം ഇത് തെളിയിക്കുന്നുണ്ടെന്നും മാര്‍ക്സ് ഊന്നിപ്പറഞ്ഞു.
തൊഴിലാളിവര്‍ഗത്തിന്റെ മാത്രമല്ല കര്‍ഷകരുടെയും ഇടത്തരക്കാരുടെയും താല്‍പ്പര്യങ്ങളെക്കൂടി മുന്‍നിര്‍ത്തിയാണ് തൊഴിലാളിവര്‍ഗ ഭരണകൂടം പ്രവര്‍ത്തിച്ചതെന്ന് മാര്‍ക്സ് അഭിപ്രായപ്പെട്ടു. കമ്യൂണിന്റെ സാമൂഹ്യസാമ്പത്തിക നടപടികളെപ്പറ്റിയും അതിന്റെ നയത്തെപ്പറ്റിയും മാര്‍ക്സ് വിശദീകരിച്ചു. കമ്യൂണിന്റെ പതനത്തെ ത്വിരതപ്പെടുത്തിയ വിപ്ളവ ഗവര്‍മെന്റിന്റെ തെറ്റുകളെ മാര്‍ക്സ് നിഷ്കൃഷ്ടമായി പരിശോധിച്ചു വിശകലനം ചെയ്തു. ഈ വിപ്ളവം ഭാവിയില്‍ വരാനിരിക്കുന്ന തൊഴിലാളിവര്‍ഗ വിപ്ളവങ്ങള്‍ക്ക് പാഠമാണെന്നു ചൂണ്ടിക്കാട്ടി. 72 ദിവസമാണ് കമ്യൂണ്‍ അധികാരത്തിലിരുന്നതെങ്കിലും രാജ്യത്ത് പല വിപ്ളവപരമായ ഭരണപരിഷ്കാരങ്ങളും ഏര്‍പ്പെടുത്തി. സ്ഥിരം സൈന്യത്തെ പിരിച്ചുവിട്ടു. ആയുധം ധരിച്ച ജനതയെ പകരംവച്ചു. സാര്‍വത്രികമായ വോട്ടവകാശം നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ കമ്യൂണു (കൌസില്‍)കള്‍ രൂപീകരിക്കുകയും ചെയ്തു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായിരുന്നു കമ്യൂണിലെ അംഗങ്ങള്‍. ഭരണനിര്‍വഹണവും നിയമനിര്‍മാണവും ഒന്നിച്ചുനടത്തി. ഉദ്യോഗസ്ഥരെയും നീതിന്യായ പീഠത്തിലെ ന്യായാധിപരെയും എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുത്തയച്ച ജനങ്ങള്‍ക്കുതന്നെ തിരിച്ചുവിളിക്കാമെന്ന വ്യവസ്ഥയുണ്ടാക്കി. ഉദ്യോഗസ്ഥരുടെ ശമ്പളം തൊഴിലാളികളുടെ ശമ്പളത്തിനു തുല്യമാക്കി. ഉദ്യോഗസ്ഥരുടെ വിശേഷാധികാരങ്ങള്‍ റദ്ദാക്കി. പള്ളിയെ ഭരണകൂടത്തില്‍നിന്നു വേര്‍പെടുത്തി. വിദ്യാഭ്യാസം സൌജന്യമാക്കി. പള്ളിയുടെ ഇടപെടല്‍ അവസാനിപ്പിച്ചു. സ്ഥിരം സൈന്യത്തെയും ഉദ്യോഗസ്ഥവൃന്ദത്തെയും എടുത്തുകളഞ്ഞ് അത് ചെലവുകുറഞ്ഞ രീതിയിലാക്കി. ലിയോ ഫ്രാങ്കല്‍ എന്ന വിദേശ പൌരനായ തൊഴിലാളിയെ തൊഴില്‍ മന്ത്രിയാക്കിക്കൊണ്ട് പാരീസ് കമ്യൂണ്‍ അതിന്റെ സാര്‍വദേശീയത്വം തെളിയിച്ചു.
നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് ഒന്നാമന്‍ ചക്രവര്‍ത്തി (1769-1821)യുടെ കാലത്ത് സൈനിക കീര്‍ത്തിയുടെ പ്രതീകമായി സ്ഥാപിച്ച 'വെന്‍ദോം കവലയിലെ വിജയസ്തംഭം' 1871 മെയ് 16നു തകര്‍ത്തുകളഞ്ഞു. തൊഴിലാളികളുടെ രാത്രിവേല നിര്‍ത്തലാക്കി. പൂട്ടിക്കിടന്ന എല്ലാ ഫാക്ടറിയും തൊഴിലാളികളുടെ സഹകരണസംഘങ്ങളെ ഏല്‍പ്പിച്ചു. വീടുവാടക റദ്ദാക്കി. പണയ ഉരുപ്പടികളുടെ വില്‍പ്പന തടഞ്ഞു. ജനങ്ങളെ കശാപ്പുചെയ്തുകൊണ്ടിരുന്ന 'ഗില്ലറ്റിന്‍' (ശിരച്ഛേദനയന്ത്രം) ജനങ്ങളുടെ ആഹ്ളാദത്തിമിര്‍പ്പില്‍ പരസ്യമായി കത്തിച്ചുകളഞ്ഞു. ഇങ്ങനെ 72 ദിവസത്തെ ഹ്രസ്വമായ കാലംകൊണ്ട് പാരീസ് കമ്യൂണ്‍ ജനങ്ങള്‍ക്കുവേണ്ടി അതിപ്രധാനമായ ഒട്ടേറെ കാര്യം ചെയ്യുകയും മറ്റു ചിലതിനു തുടക്കമിടുകയും ചെയ്തു.

പാരീസ് കമ്യൂണിന്റെ പരാജയത്തിനുശേഷം രക്ഷപ്പെട്ടു പോന്ന ധീരനായൊരു കമ്യൂണാര്‍ഡായിരുന്നു എഴേനി പോത്യേ. സമരപോരാട്ടങ്ങള്‍ക്കിടയ്ക്ക് അദ്ദേഹം വിപ്ളവത്തിന്റെ ജ്വാല എരിഞ്ഞുനിന്ന ഒരു കവിത രചിച്ചു. രഹസ്യമായി ഇംഗ്ളണ്ടിലേക്ക് കടത്തിക്കൊണ്ടു വന്ന അത് ലോകമെമ്പാടുമുള്ള തൊഴിലാളിവര്‍ഗത്തിന്റെ സമരഗാനമായിത്തീര്‍ന്നു. മര്‍ദിതരോടും ചൂഷിതരോടും നാടുംകുലവും മറന്ന് സമര രംഗത്തിറങ്ങാന്‍ ആഹ്വാനം ചെയ്യുന്ന 'ഇന്റര്‍നാഷണല്‍ ഗാനം' രൂപംകൊണ്ടത് അങ്ങനെയാണ്.

പാരീസ് കമ്യൂണിനെ അടിച്ചമര്‍ത്താനും നശിപ്പിക്കാനും ബദ്ധവൈരികളായിരുന്ന പ്രഷ്യയിലെ ബിസ്മാര്‍ക്കും ത്യേറിന്റെ നേതൃത്വത്തിലുള്ള വെഴ്സൈല്‍സിലെ ഫ്രഞ്ച് ബൂര്‍ഷ്വാ ഗവര്‍മെന്റും യോജിപ്പിലെത്തി. അവര്‍ ഒത്തൊരുമിച്ച് ആയിരക്കണക്കിനു ജനങ്ങളെ തോക്കിനും പീരങ്കിക്കും ഇരയാക്കി. സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും വെറുതെ വിട്ടില്ല. 1871 മെയ് 28നുവരെ പാരീസ് ധീരോദാത്തമാംവിധം ചെറുത്തുനിന്നു. എന്നാലും അന്ന് പാരീസ് കമ്യൂണ്‍ മറിഞ്ഞു വീണു. എന്നാല്‍, വിപ്ളവത്തെ തകര്‍ക്കാന്‍ ശ്രമിച്ച പ്രതിവിപ്ളവകാരികളെ തിരിച്ചറിയാനോ അവര്‍ക്കെതിരെ കര്‍ശന നിലപാടെടുക്കാനോ കമ്യൂണുകള്‍ക്കു കഴിഞ്ഞില്ല. പ്രതിവിപ്ളവത്തെ ചെറുത്തുതോല്‍പ്പിക്കുന്നതിന് ആവശ്യമായ ശക്തിയും ബുദ്ധിയും വേണ്ടത്ര പ്രകടിപ്പിക്കുന്നതില്‍ വിപ്ളവകാരികള്‍ പരാജയപ്പെട്ടു.

കമ്യൂണിന്റെ പരാജയത്തിനു പ്രധാന കാരണം അപ്പോള്‍ തൊഴിലാളി വിപ്ളവത്തിനാവശ്യമായ സാഹചര്യങ്ങള്‍ തികച്ചും വളര്‍ന്നിരുന്നില്ലെന്നതാണ്. മുതലാളിത്തം വളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. തൊഴിലാളിവര്‍ഗം അധികാരം ഏറ്റെടുക്കാന്‍ സന്നദ്ധമായിരുന്നില്ല. പാരീസ് കമ്യൂണ്‍ സോഷ്യലിസം ലക്ഷ്യംവച്ചുള്ള മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചില്ല. പാരീസ് കമ്യൂണിന്റെ നേതാക്കള്‍ പല പാര്‍ടികളുടെയും പ്രതിനിധികളായിരുന്നു. കമ്യൂണിന്റെ പരാജയത്തിനു മറ്റൊരു പ്രധാന കാരണം, ഒരു ഏകീകൃത തൊഴിലാളി പാര്‍ടിയുടെ അഭാവമായിരുന്നു. കമ്യൂണിനു കര്‍ഷകവര്‍ഗവുമായി ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. കമ്യൂണിന്റെ തെറ്റുകള്‍ അതിന്റെ പതനത്തിന് വേഗത കൂട്ടി. ശത്രുക്കളെ പരാജയപ്പെടുത്തുംമുമ്പ് നാഷണല്‍ ഗാര്‍ഡിന്റെ കേന്ദ്രകമ്മിറ്റി കമ്യൂണിലേക്ക് തെരഞ്ഞെടുപ്പു നടത്താന്‍ വെമ്പല്‍ കാണിച്ചു. പാരീസ് കമ്യൂണ്‍ നാഷണല്‍ ബാങ്ക് ദേശസാല്‍ക്കരിച്ചില്ല. ബൂര്‍ഷ്വാസിക്കെതിരെയുള്ള സമരത്തില്‍ കമ്യൂ സഖ്യശക്തികളെ കണ്ടെത്തിയില്ല. തൊഴിലാളിവര്‍ഗം അധികാരം കൈയേറാന്‍ നടത്തിയ ആദ്യ പരിശ്രമമായി, തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിന്റെ ആദ്യാനുഭവമായി, പാരീസ് കമ്യൂണ്‍ എന്നും ഓര്‍മിക്കപ്പെടും. പാരീസിലുള്ള പെര്‍-ലഷേസ് സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന കമ്യൂ പോരാളികള്‍ക്ക് വിപ്ളവാഭിവാദ്യങ്ങള്‍.

*
കെ ജെ തോമസ് കടപ്പാട്: ദേശാഭിമാനി

Thursday, May 27, 2010

യൂറോപ്പ് സാമ്പത്തികക്കുഴപ്പത്തിലേക്ക്

കഴിഞ്ഞവര്‍ഷം അമേരിക്കയില്‍ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി, മുതലാളിത്തലോകത്തെ മുഴുവനും കീഴ്പ്പെടുത്തി മെല്ലെയെങ്കിലും പ്രതിസന്ധിയില്‍നിന്ന് തലയൂരാന്‍ ശ്രമിക്കുമ്പോഴാണ് യൂറോപ്പ് മറ്റൊരു കുഴപ്പത്തിലേക്ക് മുതലകൂപ്പു കുത്തുന്നത്.

ഇപ്രാവശ്യം തുടക്കം ഗ്രീസില്‍നിന്നാണ്. ഗ്രീസ് പക്ഷേ ഒറ്റയ്ക്കല്ല. സ്പെയിനും പോര്‍ച്ചുഗലും അയര്‍ലന്‍ഡും ഇറ്റലിയും ഗ്രീസിന്റെ വഴിക്കു നീങ്ങുകയാണ്. അങ്ങനെ യൂറോ കറന്‍സി നിലവിലുള്ള 16 രാജ്യവും ഭയത്തിന്റെ നിഴലിലാണ്. ഉടനടി പരിഹാരനടപടികള്‍ ഉണ്ടായില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനും ലോകരാജ്യങ്ങളും കുഴപ്പത്തില്‍ ചാടുമെന്ന് പ്രപചിക്കപ്പെടുന്നു.

പ്രതിസന്ധിയില്‍നിന്ന് കൂടുതല്‍ ആഴമേറിയ പ്രതിസന്ധിയിലേക്കാണ് മുതലാളിത്തത്തിന്റെ പ്രയാണം എന്നു വിശ്വസിക്കാത്തവരുണ്ട്. അത്തരക്കാരുടെ ധാരണ പൊളിക്കുന്നതാണ് യൂറോപ്പിലെ സംഭവപരമ്പരകള്‍. നിയന്ത്രണവിമുക്തമായ വിപണി വ്യവസ്ഥയ്ക്ക് ഒരിക്കലും സുസ്ഥിര വളര്‍ച്ച കൈവരുത്താനാകില്ല.

സോഷ്യല്‍ ഡെമോക്രസി ലക്ഷ്യമാക്കിയ പാന്‍ ഹെലനിക് മൂവ്മെന്റ് (പാസോക്ക്) ആയിരുന്നു 2009 ഒക്ടോബര്‍വരെ അധികാരത്തില്‍. നാലേമുക്കാല്‍ വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് ഒക്ടോബറില്‍ വലതുപക്ഷ ഉല്‍പ്പതിഷ്ണുക്കളുടെ പാര്‍ടിയായ ന്യൂ ഡെമോക്രസി (എന്‍ഡി) അധികാരത്തിലെത്തി. മുന്‍ ഗവമെന്റ് ദേശീയവരുമാനം, വിദേശകടം, വിദേശ നിക്ഷേപം, ബജറ്റ് കമ്മി, തൊഴിലില്ലായ്മ എന്നിവയുടെ വിവരങ്ങള്‍ ജനങ്ങളില്‍നിന്നും ഗ്രീക്ക് പാര്‍ലമെന്റില്‍നിന്നും മറച്ചുപിടിക്കുകയായിരുന്നെന്നും സാമ്പത്തികസ്ഥിതി സംബന്ധിച്ച് ഊതിപ്പെരുപ്പിച്ച കണക്കുകളാണ് പ്രചരിപ്പിച്ചതെന്നും അതോടെ വെളിപ്പെട്ടു. ഗ്രീസിനെയും ഗ്രീസില്‍ ധനമൂലധനമെറിഞ്ഞ് ലാഭം കൊയ്തുകൊണ്ടിരുന്ന വിദേശ നിക്ഷേപസ്ഥാപനങ്ങളെയും പ്രസ്തുത വെളിപ്പെടുത്തല്‍ ഞെട്ടിക്കുകതന്നെചെയ്തു.

മറ്റൊന്നുകൂടി സംഭവങ്ങള്‍ക്ക് ആക്കംകൂട്ടി. സാമ്പത്തികനിലയും നിക്ഷേപ- ലാഭസാധ്യതകളും വിലയിരുത്തി റേറ്റിങ് നല്‍കുന്ന സ്ഥാപനങ്ങളാണ് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍. അവയുടെ വിലയിരുത്തല്‍ ആധികാരിക അഭിപ്രായങ്ങളായി സ്വീകരിക്കപ്പെടുന്നു. കമ്പനികളും സര്‍ക്കാരുകളും ഉയര്‍ന്ന റേറ്റിങ് നേടാന്‍ ഏജന്‍സികളെ കോഴനല്‍കി വശത്താക്കുന്നത് സാധാരണമാണ്. അതേപോലെ തങ്ങള്‍ക്ക് കൂടുതല്‍ ബിസിനസ് കിട്ടാന്‍ ഏജന്‍സികള്‍ മറിച്ച് സ്വാധീനം ചെലുത്തുന്നതും സാധാരണമാണ്. 2009വരെ ഉയര്‍ന്ന റേറ്റിങ് ഉണ്ടായിരുന്ന ഗ്രീസിന് സ്റ്റാന്റേഡ് ആന്‍ഡ് പുവേഴ്സ് (ക്രെഡിറ്റ് റേറ്റിങ് സ്ഥാപനം) വളരെ കുറഞ്ഞ റേറ്റിങ് നല്‍കിയതോടെ വിദേശ നിക്ഷേപസ്ഥാപനങ്ങള്‍ക്ക് ഗ്രീക്ക് ഗവണ്‍മെന്റ് ബോണ്ടുകളിലും സ്വകാര്യ ഓഹരികളിലുമുള്ള വിശ്വാസം തകര്‍ന്നു. നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെട്ടു. പുതിയ വായ്പയോ നിക്ഷേപമോ കിട്ടാതെയുമായി.

എന്താണ് ഗ്രീസിന്റെ യഥാര്‍ഥ സ്ഥിതി? ദേശീയ വരുമാനത്തേക്കാള്‍ ഉയര്‍ന്ന വിദേശകടബാധ്യതയാണ് ഗ്രീസ് നേരിടുന്നത്. 414 ശതകോടി ഡോളറാണ് വിദേശകടം. ദേശീയ വരുമാനത്തിന്റെ 115 ശതമാനം വരുമിത്. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് വാങ്ങിയ ആകെ കടം 190 ശതകോടി ഡോളറാണ്. ജര്‍മന്‍ ബാങ്കുകളില്‍നിന്നുമാത്രം 45 ശതകോടി ഡോളര്‍ കടംവാങ്ങി. കടത്തിന്റെ ഒരുഭാഗം ഈ മാസംതന്നെ തിരിച്ചടയ്ക്കണം. മാത്രവുമല്ല അടുത്ത മൂന്നു വര്‍ഷത്തേക്ക് തിരിച്ചടയ്ക്കാന്‍ 150 ശതകോടി ഡോളര്‍ വേണം. എങ്ങനെ തിരിച്ചടയ്ക്കും? ഖജനാവ് പാപ്പരാണ്. ബജറ്റ് കമ്മിയാണ്. ദേശീയവരുമാനത്തിന്റെ 13.6 ശതമാനമാണ് കമ്മി. ഖജനാവില്‍ പണമില്ല. കടബാധ്യത ഗ്രീസിനെ മൂടുന്നു. ഈ പരിതസ്ഥിതിയില്‍ ആര് കടംകൊടുക്കും? ആര് നിക്ഷേപിക്കും. വായ്പയും നിക്ഷേപവും തിരിച്ചുകിട്ടുമെന്നതിന് എന്ത് ഗ്യാരന്റി? കടം വര്‍ധിച്ചതോടെ, കൂടുതല്‍ പലിശ നല്‍കിയാലേ കടം കിട്ടൂവെന്ന സ്ഥിതിവന്നു. പലിശനിരക്ക് ഉയര്‍ന്നു. വര്‍ധിച്ച ചെലവുകളും വ്യാപകമായ നികുതിവെട്ടിപ്പും സ്ഥിതിഗതികള്‍ വഷളാക്കി. വിലക്കയറ്റം രൂക്ഷമായി. ഗ്രീസിന്റെ കയറ്റുമതിയും ഇടിഞ്ഞതോടെ ഡോളറും യൂറോയും തമ്മിലെ വിനിമയനിരക്ക് കഴിഞ്ഞ നാലുമാസത്തെ ഏറ്റവും താണ നിലയിലെത്തി.

വല്ലാത്ത സ്ഥിതിയിലാണ് ഗ്രീസ്. മറ്റ് യൂറോസോ രാജ്യങ്ങള്‍ പിന്നാലെയുണ്ട്. കഴിഞ്ഞ 13 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് സ്പെയിനില്‍. 20.05 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. യൂറോ സോ രാജ്യങ്ങളുടെ തൊഴിലില്ലായ്മ നിരക്ക് 10 ശതമാനമെത്തി. 2010 മാര്‍ച്ച് അവസാനം സ്പെയിനില്‍ 46,12,700 പേര്‍ തൊഴില്‍രഹിതരായിരുന്നു. ഇറ്റലിയുടെ കടബാധ്യത 115 ശതമാനമാണ്- ഗ്രീസിനേക്കാള്‍ ഒരുശതമാനം കുറവ്. വളരെ ഉയര്‍ന്നതാണ് പോര്‍ച്ചുഗലിന്റെ ബജറ്റ്കമ്മി.

പുതിയ ഗവണ്‍മെന്റ് സത്യാവസ്ഥ വെളിപ്പെടുത്തിയതും ക്രെഡിറ്റ് റേറ്റിങ് സ്ഥാപനം തകിടംമറിച്ചതും പ്രതിസന്ധിയുടെ കാരണങ്ങളല്ല. രണ്ടും പ്രശ്നചര്‍ച്ചകളിലെ പ്രധാന വിഷയങ്ങള്‍ മാത്രമാണ്. യഥാര്‍ഥ കാരണം പ്രമുഖ ധനശാസ്ത്രജ്ഞനും നോബല്‍ സമ്മാനിതനുമായ പോള്‍ ക്രൂഗ്മാന്‍ സത്യസന്ധമായി വിശകലനംചെയ്തിട്ടുണ്ട്. ആഗോള മൂലധനത്തിന്റെ ലാഭക്കൊതിയും ആഗോള സാമ്പത്തിക പ്രതിസന്ധിയുമായും ഗ്രീക്ക് പ്രതിസന്ധി ബന്ധപ്പെട്ടിരിക്കുന്നു. മൂന്നുവര്‍ഷം മുമ്പ് ഗ്രീസിന്റെ ബജറ്റ്കമ്മി വലുതായിരുന്നില്ല. സ്പെയിനിന് ശരിക്കും മിച്ചബജറ്റായിരുന്നു. യൂറോ സോണിലെ അംഗത്വം ഗ്രീസിന്റെയും സ്പെയിനിന്റെയും പോര്‍ച്ചുഗലിന്റെയും സുസ്ഥിര വളര്‍ച്ച ഉറപ്പാക്കുമെന്ന് ധനമൂലധന നിക്ഷേപക സ്ഥാപനങ്ങള്‍ കണക്കുകൂട്ടി. ഗണ്യമായ ധനമൂലധന നിക്ഷേപം അവര്‍ സര്‍ക്കാര്‍ ബോണ്ടുകളിലേക്കും സ്വകാര്യ ഓഹരികളിലേക്കും ഒഴുക്കി. ലോകമുതലാളിത്തത്തെ പിടിച്ചുലച്ച 2008-09ലെ ആഗോള സാമ്പത്തിക പ്രതിസന്ധി കാര്യങ്ങളാകെ മാറ്റിമറിച്ചു. വിദേശ നിക്ഷേപങ്ങളുടെ കുത്തൊഴുക്ക് നിലച്ചു. വിദേശബാങ്കുകള്‍ കടംകൊടുക്കാതായി. അതേസമയം, തിരിച്ചടവ് ബാധ്യത തുടര്‍ന്നു. ബജറ്റ് കമ്മി പലമടങ്ങ് വര്‍ധിച്ചു. പാപ്പരായ ഗവമെന്റിന് കടംനല്‍കാന്‍ ബാങ്കുകള്‍ വിസമ്മതിച്ചു. ഈ ദൂഷിതവലയത്തില്‍നിന്ന് സ്വയം രക്ഷപ്പെടാന്‍ ഗ്രീസിന് കഴിവില്ലാതായി.

ഗ്രീസിന്റെ സഹായത്തിനെത്തിയില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളാകെ കുഴപ്പത്തില്‍ ചാടുമെന്ന് തിരിച്ചറിഞ്ഞ പ്രമുഖ യൂറോ സോ രാജ്യമായ ജര്‍മനിയും ഐഎംഎഫും സഹായത്തിന് രംഗത്തിറങ്ങിയിട്ടുണ്ട്. വികസ്വരരാജ്യങ്ങളെ സഹായിക്കുന്നതില്‍ പിശകുകാണിക്കുന്ന ഐഎംഎഫ് ഒരു പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യത്തിനുവന്ന കെടുതിയില്‍ അതിനെ രക്ഷിച്ചു. മുതലാളിത്തം നിലനിര്‍ത്താന്‍ ഐഎംഎഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സഹായമാണ് (115 ശതകോടി ഡോളര്‍) വച്ചുനീട്ടുന്നത്. 16 യൂറോ സോ രാജ്യങ്ങള്‍ ചേര്‍ന്ന് 26.8 ശതകോടി ഡോളര്‍ വാഗ്ദാനംചെയ്യുന്നു.

ധനസഹായത്തിന് പകരമായി കടുത്ത നിബന്ധനകളാണ് ചുമത്തുന്നത്. വിലയും കൂലിയും സര്‍ക്കാര്‍ ചെലവുകളും കുറയ്ക്കലാണ് നിര്‍ദേശിക്കപ്പെടുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ബോണസ് നിഷേധിക്കുക, സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ബോണസിന് പരിധി ഏര്‍പ്പെടുത്തുകയും വാര്‍ഷിക ഒഴിവുദിനങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യുക, പൊതുമേഖലാ തൊഴിലാളികളുടെ ശമ്പളവര്‍ധനയും പെന്‍ഷന്‍കാരുടെ പെന്‍ഷന്‍വര്‍ധനയും മൂന്നുവര്‍ഷത്തേക്ക് നിഷേധിക്കുക, വില്‍പ്പന നികുതിനിരക്ക് വര്‍ധിപ്പിക്കുക, ഇന്ധനം, മദ്യം, പുകയില എന്നിവയുടെ നികുതി 10 ശതമാനംകണ്ട് വര്‍ധിപ്പിക്കുക- ഇവയാണ് നിബന്ധനകള്‍. അതിലൂടെ ബജറ്റ്കമ്മി 2014 ആവുമ്പോഴേക്കും മൂന്നു ശതമാനമായി കുറയ്ക്കാനാണ് നിര്‍ബന്ധിക്കുന്നത്. അതേസമയം കപ്പല്‍ ഗതാഗതം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലെ വന്‍തോക്കുകളെ നികുതികളില്‍നിന്ന് ഒഴിവാക്കുകയും ചെയ്യുന്നു.

മേല്‍നടപടികള്‍ തൊഴിലാളികളെയും സാധാരണക്കാരെയും ദുരിതത്തിലാഴ്ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. അതിശക്തമായാണ് തൊഴിലാളികള്‍ പ്രതികരിക്കുന്നത്. പൊതുമേഖല- സ്വകാര്യമേഖല തൊഴിലാളികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, പെന്‍ഷന്‍കാര്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങി ലക്ഷക്കണക്കിന് ജനങ്ങള്‍ പണിമുടക്കി തെരുവിലിറങ്ങി. ബലപ്രയോഗത്തിലൂടെയാണ് പൊലീസ് അവരെ നേരിടുന്നത്. ഗ്രീസിലെ മൂന്നാമത്തെ കക്ഷിയായ കമ്യൂണിസ്റ്പാര്‍ടി പ്രക്ഷോഭ സമരങ്ങളുടെ മുന്‍നിരയിലുണ്ട്. പ്രകടനക്കാരെ ലാത്തിക്കടിച്ചും മുളകുപൊടി വിതറിയും തീബോംബുകള്‍ വര്‍ഷിച്ചുമാണ് അധികാരികള്‍ നേരിടുന്നത്. മെയ് നാലിനും അഞ്ചിനും നടന്ന 48 മണിക്കൂര്‍ പണിമുടക്ക് പൂര്‍ണമായിരുന്നു. പ്രകടനത്തിനിടെ തീബോംബിലകപ്പെട്ട് ബാങ്ക് ജീവനക്കാരായ രണ്ട് സ്ത്രീകളും ഒരു പുരുഷനും വെന്തുമരിച്ചു. തുടര്‍ച്ചയായ പണിമുടക്ക് സമരങ്ങളാണ് ഗ്രീസില്‍ അരങ്ങേറുന്നത്. പണിമുടക്കിയ തൊഴിലാളികളെക്കൊണ്ട് ഗ്രീസിലെ തെരുവീഥികള്‍ ചുമന്നു തുടിക്കുകയാണ്. 2009 സെപ്തംബര്‍ 27, 2010 ഫെബ്രുവരി 10, ഫെബ്രുവരി 19, മാര്‍ച്ച് 11, മെയ് നാല്, അഞ്ച്- പണിമുടക്കു സമരങ്ങള്‍ തുടരുകയാണ്. തൊഴിലാളിവര്‍ഗത്തിന്റെ ഐക്യവും കരുത്തും വീണ്ടും തിരിച്ചറിയുകയാണ് മുതലാളിത്തം

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ കടപ്പാട്: ദേശാഭിമാനി

കണ്ണൂരിന്റെ കഥ

കാനത്തൂര്‍ എന്നായിരുന്നു കണ്ണൂരിന്റെ പഴയ പേര്. ഇന്നത്തെ കണ്ണൂര്‍ പട്ടണത്തിന്റെ തെക്ക് കിഴക്കായി ഏതാണ്ട് ഏഴ് കിലോമീറ്റര്‍ അകലെയുള്ള ചാലക്കുന്നുകളിലൂടെ, താഴെ ചൊവ്വയിലെ സമതലങ്ങളിലൂടെ, തയ്യില്‍ പ്രദേശത്തിലൂടെ വളരെ മുമ്പ് സമൃദ്ധ ജലവാഹിനിയായി കാനംപുഴ ഒഴുകിയിരുന്നു. ആദികടലായി എന്നറിയപ്പെടുന്ന കടലായിയിലാണ് പുഴ കടലില്‍ പതിക്കുന്നത്. ഉത്ഭവസ്ഥാനങ്ങളിലെ സ്രോതസ്സുകള്‍ അടഞ്ഞുപോയെങ്കിലും അല്പമൊക്കെ മലിനജല വാഹിനിയായി നേര്‍ത്ത രൂപത്തില്‍ കാനം പുഴ ഇന്നും ഒഴുകുന്നു. വരള്‍ച്ചയുടെ നാളുകളില്‍ അഴിമുഖത്ത് പൂഴിനിറഞ്ഞ് കടലും പുഴയും തമ്മിലുള്ള ബന്ധം വിഛേദിക്കപ്പെട്ടിരിക്കും. വര്‍ഷകാലത്ത് ബന്ധം പുനഃസ്ഥാപിക്കപ്പെടും. ചിലപ്പോള്‍ മണ്ണ് നീക്കാന്‍ മനുഷ്യാധ്വാനം വേണ്ടിവരും. അവേരക്കുന്നുകളുടെയും കടലായിക്കുന്നുകളുടെയും ചരിവിലൂടെ ഒഴുകുന്ന പുഴയുടെ വടക്കന്‍ കരയാണ് കാനത്തൂര്‍ പട്ടണമായി വളര്‍ന്ന് വികസിച്ചത്. കാനത്തൂര്‍ വിദേശികളുടെ കൈയില്‍ കാനനൂരായി. പിന്നെ കണ്ണൂര്‍ എന്നും ചുരുക്കപ്പേരായി.

സ്ഥലനാമം കണ്ണൂര്‍ എന്നായപ്പോള്‍ കടലായിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കണ്ണന്റെ ഊര് എന്നും ചിലര്‍ ഈ പ്രദേശത്തിന് നാമകല്പന നല്‍കി. ചിറക്കല്‍ ടി ബാലകൃഷ്ണന്‍നായര്‍ ചൂണ്ടിക്കാണിച്ചതുപോലെ ഏറെ നൂറ്റാണ്ടുകാലം കാനത്തൂര്‍ എന്നുതന്നെയാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. അതിപുരാതനമായ കടല്‍ക്കരയിലെ ദേവീക്ഷേത്രം 'കാനത്തൂര്‍കാവ് ' എന്നാണല്ലൊ അറിയപ്പെടുന്നത്. കണ്ണൂര്‍ മുനിസിപ്പാലിറ്റിയില്‍ ഒരു വാര്‍ഡിന്റെ പേര് ഇന്നും കാനത്തൂര്‍ എന്നുതന്നെയാണ്. കാനത്തൂര്‍ എന്നതാണ് ജനമനസ്സുകളില്‍ എത്രയോ നൂറ്റാണ്ടുകാലം പതിഞ്ഞിരുന്ന പേര് എന്ന് മേല്‍ സൂചനകളില്‍നിന്നും വ്യക്തം.

ചക്രവണ്ടികളും പുഴകള്‍ക്ക് പാലവുമില്ലാതിരുന്ന കാലത്ത് ജലഗതാഗതത്തെ ആശ്രയിച്ചും പുഴയോരങ്ങളില്‍ കൃഷി നടത്തിയുമാണ് ഒരു സമൂഹം ജീവിച്ച് പടര്‍ന്നു പന്തലിക്കുന്നത്. കാനംപുഴയുടെ വടക്കന്‍കരയില്‍ കാനത്തൂര്‍ പട്ടണം വളര്‍ന്നുവന്നതും ഈ പുഴ വഴിയുള്ള ഗതാഗതത്തെ ആശ്രയിച്ചുതന്നെയാണ്. തൊട്ടടുത്ത വളര്‍പട്ടണം പുഴയുടെ അത്രയും ഗരിമ കാനം പുഴയ്ക്കില്ലായിരുന്നു. അതുകൊണ്ടാണ് പഴയകാലത്ത് വളര്‍പട്ടണത്തോളം വലുപ്പവും പ്രശസ്തിയും കാനത്തൂരിന് ഇല്ലാതെ പോയത്. ഇന്നത്തെ മാപ്പിളബേയിലും കടലായിയിലും തുറമുഖങ്ങള്‍ വികസിച്ചുവന്നതോടെയാണ് കണ്ണൂര്‍ ചരിത്രത്തില്‍ ശ്രദ്ധേയമാവുന്നത്.

കാനംപുഴയുടെ തീരത്തെ കൈപ്പാട് നിലങ്ങളില്‍ കൃഷി ചെയ്തും മത്സ്യബന്ധനം നടത്തിയും ജീവിച്ചുവന്ന ചെറുമരാണ് കണ്ണൂര്‍ പ്രദേശത്തെ ആദിമര്‍. ഇന്നും അവേരക്കുന്നുകളിലെ താമസക്കാരില്‍ വലിയഭാഗം ഈ വിഭാഗം തന്നെയാണ്. വ്യാപാരബന്ധങ്ങള്‍ വഴിയും വടക്കുനിന്നുള്ള കുടിയേറ്റം വഴിയും പിന്നീട് പല ജനവിഭാഗങ്ങള്‍ വന്നുചേര്‍ന്നിരിക്കാം. അതില്‍ നിന്നായിരിക്കണം പില്‍ക്കാലത്തെ ജാതിസമൂഹങ്ങള്‍ വികസിച്ചുവന്നത്. കണ്ണൂരിലെ തീയര്‍ സിലോണില്‍നിന്നു വന്നവരാണെന്ന് ഒരൈതിഹ്യമുണ്ട്. അതുപോലെ നായന്മാര്‍ നാഗാലാന്‍ഡില്‍ നിന്നു വന്നവരാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. സിലോണില്‍നിന്ന് ചിലര്‍ വന്നിരിക്കാന്‍ ഇടയുണ്ട് എന്ന് ഇ എം എസ്സ് അഭിപ്രായപ്പെടുന്നുണ്ട് * .

കറകളഞ്ഞ ദ്രാവിഡ ജീവിത രീതിയാണ് ഈ സമൂഹം വച്ച്പുലര്‍ത്തിയിരുന്നത്. സംഘകാലത്തെ കൊറ്റാവൈ എന്ന മാതൃപൂജയുടെ സ്ഥാനത്ത് 'ശ്രീകൂരുമ്പ' എന്ന അമ്മദൈവ പൂജയാണ് പ്രചാരത്തിലുണ്ടായിരുന്നത്. എ ഡി 10-ാം നൂറ്റാണ്ടില്‍ വടക്കന്‍ കേരളത്തില്‍ തീരദേശത്ത് ഒട്ടേറെ ശ്രീ കൂരുമ്പക്കാവുകള്‍ നിലവിലുണ്ടായിരുന്നു. കണ്ണൂരില്‍ കടല്‍ക്കരയിലെ കാനത്തൂര്‍ കാവും തയ്യില്‍ പ്രദേശത്തെ ശ്രീകൂരുമ്പക്കാവും ഏറെ പ്രസിദ്ധമാണ്. കൊടുങ്ങല്ലൂരമ്മയുടെയും, സംഘകാലത്തെ പ്രധാന തമിഴ് കൃതിയായ ചിലപ്പതികാരത്തിലെ നായിക കണ്ണകിയുടെയും കഥകള്‍ ഇഴചേര്‍ന്നതാണ് ശ്രീകൂരുമ്പയുടെ മിത്തുകള്‍. അതി പ്രശസ്ത നര്‍ത്തകിയായിരുന്നുവെങ്കിലും കടുത്ത ദാരിദ്ര്യത്തിലാണ് കണ്ണകിയും ഭര്‍ത്താവ് കോവലനും ജീവിച്ചിരുന്നത്. ജീവിത നിവൃത്തിക്കായി തന്റെ കാല്‍ച്ചിലങ്കകളിലൊന്ന് വില്‍ക്കാന്‍ പറഞ്ഞയച്ച ഭര്‍ത്താവ് കോവലനെ പാണ്ഡ്യരാജാവ് കള്ളനെന്ന് മുദ്രകുത്തി വധിച്ചുകളഞ്ഞ വിവരമറിഞ്ഞ കണ്ണകി ദിവ്യശക്തികൊണ്ട് മധുരാനഗരം എരിച്ചുകളഞ്ഞുവെന്നും പിന്നീട് തെക്കോട്ട് നടകൊണ്ട് കൊടുങ്ങല്ലൂരിലെത്തി കൊടുങ്ങല്ലൂരമ്മയായെന്നും ആണ് ഐതിഹ്യം.

എ ഡി 10, 11 നൂറ്റാണ്ടുകളിലാണ് ദ്രാവിഡ സംസ്കാരം പിന്‍തള്ളപ്പെടുന്നതും കണ്ണൂരില്‍ പുത്തല്‍കൂറ്റുകാര്‍ ആധിപത്യമുറപ്പിക്കുന്നതും. അക്കാലത്തെ ഭരണാധികാരികളായിരുന്ന മൂഷികന്മാര്‍ ഏഴിമലയില്‍നിന്ന് വളര്‍പട്ടണത്തേക്ക് ഭരണ കേന്ദ്രം മാറ്റുന്നതും ഇതേ കാലത്തുതന്നെയാണ്. വല്ലഭന്‍ രണ്ടാമന്‍ വളര്‍പട്ടണത്ത് വലഭപട്ടണവും ഒരു കോട്ടയും വാളോര്‍ പെരുങ്കളരിയും നിര്‍മിച്ചു. കളരിവാതുക്കലമ്മയ്ക്ക് ആരാധനാലയം നിര്‍മിക്കുകയും ചെയ്തു. വല്ലഭന്റെ പിന്തുണയോടെയാണ് ആര്യന്മാര്‍ കണ്ണൂരിലെത്തുന്നത്. കര്‍ണാടകത്തില്‍നിന്ന് ബ്രഹ്മണന്മാര്‍ തയ്യില്‍ പ്രദേശത്ത് വന്നെത്തുന്നതും ഏതാണ്ട് ഇതേ കാലത്താണ്.

ഇതിനും ഏറെ മുമ്പുതന്നെ അറേബിയന്‍ന്മാരും ചൈനക്കാരും വ്യാപാരാവശ്യത്തിന് കണ്ണൂര്‍ തീരത്ത് എത്തിയിരുന്നു. ചീനവല, ചീനച്ചട്ടി, ചീന (തോണി) തുടങ്ങിയ മലയാള പദങ്ങള്‍ ചൈനീസ് വ്യാപാരത്തിന്റെ പഴക്കത്തെയും സ്വാധീനത്തെയും സൂചിപ്പിക്കുന്നു. തഞ്ചാവൂരില്‍നിന്നും ചെട്ടികളും ധാരാളമായി കണ്ണൂര്‍ക്കരയില്‍ എത്തിയിരുന്നു. അവരുടെ സ്വാധീനംകൊണ്ടാണ് കണ്ണൂര്‍ കോവിലുകളുടെ നഗരമായി മാറിയത്. ഏറ്റവും പ്രശസ്തം റെയില്‍വേസ്റ്റേഷന് അല്പം വടക്കായുള്ള മുനീശ്വരന്‍ കോവില്‍തന്നെ. അതുപോലെ സ്വാമിമഠവും. തൊട്ടടുത്ത കാമാക്ഷിഅമ്മന്‍ കോവില്‍, മുത്ത്മാരി അമ്മന്‍കോവില്‍ എന്നിവയും പ്രശസ്തമാണ്. നവരാത്രി കാലങ്ങളിലെ ദുര്‍ഗാ പൂജയ്ക്കും, ആ ദിവസങ്ങളിലെ സംഗീതസപര്യക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കോലത്തിരിമാര്‍ പില്‍ക്കാലത്ത് കണ്ണൂര്‍ ഭരണാധികാരികളായി മാറിയപ്പോള്‍ അവരുടെ അമ്മദൈവമായ കോലത്തിങ്കല്‍തായ് (തായ് പരദേവത) എന്ന മാതാവിനെയും ആരാധിക്കാന്‍ തുടങ്ങി. താളിക്കാവിലെ പ്രധാന തെയ്യങ്ങളിലൊന്നാണ് തായ്പ്പരദേവത.

കടല്‍വാണിഭം ആദിമകാലം മുതല്‍ കണ്ണൂരിന്റെ വരുമാന മാര്‍ഗമായിരുന്നു. കോലത്തിരിയും പിന്നീട് അറക്കല്‍ ബീവിയും കച്ചവടം കൊണ്ടാണ് സമ്പത്ത് വര്‍ധിപ്പിച്ചത്. ലൈറ്റ്ഹൌസ് ഇല്ലാതിരുന്ന കാലത്ത് കടലായി കടപ്പുറത്തെ "കപ്പല്‍ത്തൂണ് ' കപ്പലുകള്‍ക്ക് വഴികാട്ടിയായിരുന്നു. കപ്പല്‍ത്തൂണ് വലിയ കേടുപാടില്ലാതെ ഇന്നും കടലായി കടപ്പുറത്ത് കാണാവുന്നതാണ്.

എ ഡി 11-ാം നൂറ്റാണ്ടിന്റെ അവസാനം കണ്ണൂര്‍ ജനതയുടെ ജീവിതത്തില്‍ ഗതിമാറ്റത്തിന്റെ കാലമാണ്. തഞ്ചാവൂരില്‍ ശക്തിപ്പെട്ടുവന്ന ചോളന്മാരെ എതിരിട്ടുനില്‍ക്കാന്‍ അന്ന് കേരളം ഭരിച്ചിരുന്ന ചേരന്മാര്‍ക്കോ ഉത്തരകേരളം ഭരിച്ചിരുന്ന മൂഷികന്മാര്‍ക്കോ കഴിഞ്ഞില്ല. ചോളശക്തിയോടേറ്റുമുട്ടി കേരളവര്‍മനെന്ന ചേരരാജാവും, കണ്ടന്‍കാരി വര്‍മനെന്ന മൂഷികരാജാവും വധിക്കപ്പെട്ടു. കണ്ടന്‍കാരിവര്‍മന്‍ വല്ലഭന്റെ അനുജനും അവസാനത്തെ മൂഷിക രാജാവുമായ ശ്രീകണ്ഠനാണെന്ന് ഡോ. എം ജി എസ് നാരായണന്‍ അഭിപ്രായപ്പെടുന്നു. കേന്ദ്രീകൃത രാജവാഴ്ചയുടെ പതനത്തോടെ ഭരണം ഇടപ്രഭുക്കന്മാരുടെ കൈയിലായി. അവരുടെ കാലത്താണ് ആര്യന്മാര്‍ കൂടുതലായി കണ്ണൂരിലെത്തുന്നത്.

ഇതേ കാലത്തുതന്നെയാണ് മാലിക്ക് ദീനാറിന്റെ നേതൃത്വത്തില്‍ ഒരുസംഘം ഇസ്ളാംമത പ്രചാരണത്തിനായി ഈ പ്രദേശത്ത് എത്തുന്നത്. മാലിക്ക് ഇബ്‌നുഹബീബിന്റെ നേതൃത്വത്തിലുള്ളവരാണ് വടക്കോട്ട് വന്നതും 1024ല്‍ പഴയങ്ങാടി, ശ്രീകണ്ഠപുരം, ഇരിക്കൂര്‍ എന്നിവിടങ്ങളില്‍ പള്ളി പണിതതും ഒട്ടേറെപ്പേരെ ഇസ്ളാമിലേക്ക് പരിവര്‍ത്തനം ചെയ്തതും. കണ്ണൂരില്‍ ഇബ്‌നുഹബീബ് വന്നെത്തിയതിന്റെ സൂചനകളൊന്നും ചരിത്രത്തിലില്ല. എന്നാല്‍ ഇതേകാലത്തുതന്നെയാണ് കണ്ണൂരില്‍ ഇസ്ളാം വന്‍ തോതില്‍ പ്രചരിച്ചതെന്ന് നിസ്സംശയം പറയാം. എന്നാല്‍ കണ്ണൂരിലെ മൊയ്തീന്‍പള്ളി എ ഡി 7-ാം നൂറ്റാണ്ടില്‍ പണിതീര്‍ത്തതാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. പില്‍ക്കാലത്ത് ആലിരാജാക്കന്മാര്‍ (ആദിരാജാ എന്നും പറയും) എന്ന പേരില്‍ പ്രശസ്തരായ അറക്കല്‍ രാജവംശം രൂപപ്പെടുന്നത് ഈ കാലത്തായിരിക്കണം. വര്‍ത്തക പ്രമാണിമാര്‍ എന്ന നിലയില്‍ ആരംഭിച്ച് സ്വതന്ത്ര ഭരണാധികാരികളായി മാറുംവിധം വിവിധ കാലങ്ങളില്‍ ഈ കുടുംബം പരിണാമത്തിന് വിധേയമായിരിക്കാം. സമൂഹം വിവിധ തൊഴില്‍ വിഭാഗം എന്ന നിലയില്‍ നിന്ന് വിവിധ ജാതി സമൂഹമായി മാറി, തൊട്ടുകൂടായ്മയും തീണ്ടലുമൊക്കെ ആരംഭിക്കുന്നതും തുര്‍ന്നങ്ങോട്ടുള്ള പന്ത്രണ്ട്, പതിമൂന്ന് നൂറ്റാണ്ടുകളിലെ നാടുവാഴിത്ത ഭരണകാലത്താണ്.

എ ഡി 14-ാം നൂറ്റാണ്ടു മുതലാണ് വടക്കന്‍ കേരളത്തില്‍ കോലത്തിരിമാര്‍ അധികാരത്തില്‍ വരുന്നത്. ഇവര്‍ മൂഷികരുടെ പിന്‍ഗാമികള്‍ എന്നാണ് അറിയപ്പെടുന്നത്. വളര്‍പട്ടണം കോട്ടയും തൊട്ടടുത്തുള്ള ചിറക്കല്‍ കൊട്ടാരവും കേന്ദ്രീകരിച്ച് ഭരണം നടത്തിയ അവര്‍ കണ്ണൂര്‍ പ്രദേശവും സ്വന്തം നിയന്ത്രണത്തിലാക്കി. ഏറ്റവും പ്രഭാവകാലത്ത് വടക്ക് നേത്രാവതി പുഴയോരം മുതല്‍ തെക്ക് കോരപ്പുഴ വരെയുള്ള പ്രദേശങ്ങള്‍ അവരുടെ നിയന്ത്രണത്തിലായിരുന്നു.

14-ാം നൂറ്റാണ്ടിലെ കോലത്തിരി രാജാവായ ഉദയവര്‍മന്റെ കാലത്താണ് പള്ളിക്കുന്നില്‍ താമസിച്ചുകൊണ്ട് ചെറുശ്ശേരി കൃഷ്ണഗാഥ രചിക്കുന്നത്. അതുപോലെ കോലത്തുനാട്ടിലെ തെയ്യങ്ങള്‍ ഇന്നു കാണുംവിധം പൊലിമയോടെ രൂപകല്പന ചെയ്യപ്പെടുന്നതും ഇതേ കാലത്താണ്. കരിവെള്ളൂരിലെ പ്രശസ്ത തെയ്യം കലാകാരന്‍ മണക്കാടന്‍ ഗുരുക്കളാണ് ഇക്കാര്യത്തില്‍ കോലത്തിരിയുടെ വലംകൈയായി വര്‍ത്തിച്ചത്.

സാംസ്കാരികമായി ഒട്ടേറെ പുരോഗതി പതിനാലാം നൂറ്റാണ്ടില്‍ കൈവരിക്കാന്‍ കഴിഞ്ഞെങ്കിലും കടുത്ത ജാതിവിഭജനവും നാടുവാഴികളുടെ ചൂഷണവും ജനങ്ങളെ ഭിന്നിപ്പിക്കുകയും പാപ്പരാക്കുകയും ചെയ്തു. കേരളത്തിന്റെ മൊത്തം ഭരണാധികാരികളായിരുന്ന ചേരന്മാര്‍ നൂറ്റാണ്ട് യുദ്ധങ്ങള്‍ക്കുശേഷം തകര്‍ന്നുപോയതുകൊണ്ട് ഒരു കേന്ദ്രീകൃത ഭരണം നിലവിലില്ലായിരുന്നു. ഈ വിടവിലേക്കാണ് സാംസ്കാരികമായും ഭരണപരമായും വാണിജ്യപരമായും ആധിപത്യം ചെലുത്താന്‍ 15-ാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തില്‍ പോര്‍ത്തുഗീസുകാര്‍ എത്തുന്നത്.

പോര്‍ത്തുഗീസുകാര്‍

പറങ്കികള്‍ എന്നാണ് പോര്‍ത്തുഗീസുകാര്‍ വടക്കേ മലബാറില്‍ അറിയപ്പെടുന്നത്. അവര്‍ പരിചയപ്പെടുത്തിയ വറ്റല്‍മുളകിന് പറങ്കി എന്നുതന്നെയാണ് ഇന്നും പേര്. അതുപോലെ കശുമാങ്ങയ്ക്ക് പറങ്കിമാങ്ങ എന്നും. ദൈനംദിന ജീവിതത്തില്‍ പോലും കണ്ണൂര്‍ പ്രദേശത്ത് പറങ്കികള്‍ ചെലുത്തിയ സ്വാധീനത്തെയാണ് ഈ പ്രയോഗങ്ങള്‍ സൂചിപ്പിക്കുന്നത്.

1498ല്‍ കോഴിക്കോടിനടുത്ത് പന്തലായനി കൊല്ലത്ത് കപ്പലിറങ്ങി പുഴ കടന്നും നടന്നും സാമൂതിരിക്കോവിലകത്തെത്തിയ വാസ്‌കോഡിഗാമയ്ക്ക് നല്ല സ്വീകരണമല്ല സാമൂതിരിയില്‍നിന്നും ലഭിച്ചത്. ജീവന്‍തന്നെ അപകടത്തിലാകുമെന്നു കണ്ട ഗാമ തഞ്ചത്തില്‍ അവിടെനിന്നും പിന്മാറി കപ്പല്‍ കയറി കൊച്ചിരാജ്യത്തേക്ക് പോയി. ഗാമയെ സന്തോഷപൂര്‍വം സ്വീകരിച്ച കൊച്ചിരാജാവ് ഗാമക്കനുകൂലമായ ഒട്ടേറെ വ്യാപാരക്കരാറുകളില്‍ ഒപ്പിടുകയും ചെയ്തു. സന്തോഷത്തോടെ സ്വദേശത്തേക്ക് പോകാന്‍ തയാറെടുത്ത ഗാമ കപ്പലുമായി കണ്ണൂര്‍ തൂക്കിലെത്തി. കോലത്തിരിയുടെ ഭരണത്തിന്‍ കീഴിലായിരുന്നു അന്ന് കണ്ണൂര്‍ പ്രദേശവും. കോലത്തിരി ഗാമയെക്കാണാന്‍ താല്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ കോഴിക്കോട്ടെ തിക്താനുഭവം കാരണം കരക്കിറങ്ങാന്‍ ഗാമ തയാറായില്ല. കോലത്തിരി നിര്‍ബന്ധിച്ചപ്പോള്‍ കരക്കിറങ്ങാതെ കാണാന്‍ ഗാമ സമ്മതിച്ചു. കടപ്പുറത്തുനിന്നു ഗാമയുടെ കപ്പല്‍ നങ്കൂരമിട്ട സ്ഥലം വരെ കോലത്തിരി ഒരു താല്ക്കാലികപാലം പണികഴിപ്പിച്ചു. കോലത്തിരി കരയില്‍നിന്ന് കപ്പല്‍മാര്‍ഗത്തിലേക്കും ഗാമ കപ്പലില്‍നിന്ന് കരയിലേക്കും ഇറങ്ങിനടന്ന് പാലത്തിന്റെ മധ്യഭാഗത്ത് തയാറാക്കിയ പ്രത്യേക ഇരിപ്പിടങ്ങളിലിരുന്ന് വ്യാപാര ചര്‍ച്ചകള്‍ നടത്തി. അങ്ങേയറ്റം സൌഹൃദപരമായിരുന്നു ആ ചര്‍ച്ച. ഗാമക്കാവശ്യമായ മലഞ്ചരക്കുകള്‍ കോലത്തിരി നല്‍കാന്‍ തയാറായി. വ്യാപാരബന്ധം വിപുലീകരിക്കാമെന്ന ഉറപ്പോടെ 1498 നവംബര്‍ 20-ാം തിയ്യതി പോര്‍ത്തുഗീസ് സംഘം മടക്കയാത്ര ആരംഭിച്ചു. അടുത്തവര്‍ഷം നാവികനായ കബ്രാലിന്റെ നേതൃത്വത്തില്‍ ഒരുസംഘം കണ്ണൂരില്‍ എത്തിയെങ്കിലും ഫലപ്രദമായ വ്യാപാര ചര്‍ച്ച നടത്താന്‍ അവര്‍ക്കായില്ല. 1501 മാര്‍ച്ചില്‍ കണ്ണൂരിലെത്തിയ ജോണ്‍ ഡിനോവ കോലത്തിരിയുമായി ഫലപ്രദമായ കച്ചവടബന്ധങ്ങള്‍ ഉണ്ടാക്കി. ചുരുക്കം ചില വ്യാപാരികളെ കണ്ണൂരില്‍ നിര്‍ത്തിയാണ് ഡിനോവ മടങ്ങിയത്.

1502-ല്‍ വാസ്കോഡിഗാമ വീണ്ടും മലബാര്‍ തീരത്തെത്തി. കണ്ണൂരില്‍ കപ്പലിറങ്ങിയ ഗാമക്ക് രാജകീയ സ്വീകരണമാണ് കോലത്തിരി നല്‍കിയത്. നാലായിരം നായര്‍ പടയാളികളുടെ അകമ്പടിയോടെയായിരുന്നു സ്വീകരണം. ഉദാരമായ വാണിജ്യ ഉടമ്പടിയില്‍ ഇരുവരും ഒപ്പുവെച്ചു. ഈ കാലത്തിനിടയില്‍ത്തന്നെ ഒരു പോര്‍ത്തുഗീസ് വ്യാപാരശാല കണ്ണൂരില്‍ ആരംഭിച്ചിരുന്നു. ഈ വ്യാപാരശാലക്കടുത്താണ് പില്‍ക്കാലത്ത് കണ്ണൂര്‍ കോട്ട പണിതത്. വ്യാപാര ശാലയുടെ സംരക്ഷണത്തിന് കോലത്തിരി നായര്‍ പടയാളികളെ ഏര്‍പ്പെടുത്തുകയും ചെയ്തു. ഗാമ തിരിച്ചുപോകുമ്പോള്‍ ഇരുന്നൂറ് പോര്‍ത്തുഗീസുകാരെ കരക്ക് നിര്‍ത്തി. വെടിക്കോപ്പുകള്‍ ഭൂമിക്കടിയില്‍ കുഴിച്ചിടുകയും ചെയ്തു. 1503ല്‍ കണ്ണൂരിലെത്തിയ പോര്‍ത്തുഗീസ് ഗവര്‍ണര്‍ അല്‍ബുക്കര്‍ക്ക് കോലത്തിരിയെ സന്ദര്‍ശിച്ചിരുന്നുവെങ്കിലും കാര്യമായ വ്യാപാര പുരോഗതിയൊന്നും കൈവരിച്ചില്ല. കൊച്ചിയില്‍ കേന്ദ്രീകരിക്കാനായിരുന്നു അല്‍ബുക്കര്‍ക്കിന് താല്പര്യം. 1504 സെപ്തംബര്‍ നാലിന് കണ്ണൂരിലെത്തിയ പോര്‍ത്തുഗീസ് ഗവര്‍ണര്‍ സോറസ് ഡി മെല്‍സസിനും അയ്യായിരം നായര്‍ പടയാളികളുടെ അകമ്പടിയോടെ വീരോചിത സ്വീകരണമാണ് കോലത്തിരി നല്‍കിയത്. എന്നാല്‍ 1505ല്‍ ഇന്ത്യന്‍ കടലോര മേഖലയുടെ വൈസ്രോയിയായി നിയമിതനായ ഡോണ്‍ ഫ്രാന്‍സിസ്കോ അല്‍മൈദയുടെ കാലം മുതലാണ് പോര്‍ത്തുഗീസുകാര്‍ കണ്ണൂരില്‍ രാഷ്‌ട്രീയശക്തിയായി ചുവടുറപ്പിക്കുന്നത്. അല്‍മൈദയാണ് 1505ല്‍, ഇന്നും കണ്ണൂര്‍ കടപ്പുറത്ത് തലയുയര്‍ത്തി നില്‍ക്കുന്ന സെയിന്റ് ആഞ്ചലോസ് കോട്ട പണികഴിപ്പിച്ചത്. കോട്ടയുടെ അകത്ത് ഒരു ക്രിസ്ത്യന്‍ ആരാധനാലയവും പണിതു. ഇതായിരുന്നിരിക്കാം കണ്ണൂരിലെ ആദ്യത്തെ ക്രിസ്ത്യന്‍പള്ളി. തദ്ദേശീയരുമായി വിവാഹബന്ധത്തിലേര്‍പ്പെട്ട പോര്‍ത്തുഗീസുകാര്‍ പിന്‍തലമുറയായി ഒരു ക്രിസ്ത്യന്‍ സമൂഹത്തിന് അടിത്തറ പാകി. 16-ാം നൂറ്റാണ്ട് മുതലാണ് ഈ സമൂഹം കണ്ണൂരില്‍ വളര്‍ന്നുതുടങ്ങുന്നത്. ഇത് ലാറ്റിന്‍ ക്രിസ്ത്യന്‍ വിഭാഗമായിരുന്നു. പിന്നീട് ഡച്ചുകാരുടെയും ഫ്രഞ്ചുകാരുടെയും ഇംഗ്ളീഷുകാരുടെയും കാലമാവുമ്പോഴേക്കും ഗണ്യമായ ഒരു ക്രിസ്ത്യന്‍ വിഭാഗം കണ്ണൂരില്‍ രൂപപ്പെട്ടു വന്നു. വിവിധ ആരാധനാക്രമങ്ങള്‍ പിന്തുടരുന്നവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. സ്വാഭാവികമായും വിവിധ ആരാധനാക്രമങ്ങള്‍ പിന്തുടരുന്ന പള്ളികളും രൂപപ്പെട്ടു.

ഏതാണ്ട് ഇതേ കാലത്തുതന്നെയാണ് കണ്ണൂര്‍ കടലോരത്ത് അറക്കല്‍ രാജവംശം രൂപപ്പെട്ടുവരുന്നത്. കോലത്തിരിയുടെ കീഴില്‍ വ്യാപാര പ്രമുഖരായി വളര്‍ന്നുവന്ന കുടുംബമായിരുന്നു അറക്കല്‍. അറക്കലിനോളംതന്നെ ധനശേഷിയുള്ള ചൊവ്വക്കാരന്‍ മൂസയെപ്പോലുള്ള വര്‍ത്തക പ്രമാണിമാര്‍ അക്കാലത്ത് കണ്ണൂരില്‍ ഉണ്ടായിരുന്നു. അറക്കല്‍ രാജവംശത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പല മിത്തുകളും കണ്ണൂരില്‍ നിലവിലുണ്ട്. വളര്‍പട്ടണം കോട്ടക്ക് സമീപമുള്ള കാടാമ്പള്ളിപ്പുഴയില്‍ കുളിച്ചുകൊണ്ടിരുന്ന ഒരു കോലത്തിരി തമ്പാട്ടി ഒഴുക്കില്‍പെട്ട് മുങ്ങിപ്പോകുമ്പോള്‍ കോലത്തിരിയുടെ നാവികപ്പടയിലെ ഒരു മുസ്ളിം യുവാവ് അവരെ കൈപിടിച്ച് ഉയര്‍ത്തി രക്ഷിച്ചുവെന്നാണ് കഥ. സംപ്രീതനായ കോലത്തിരി മകളെ യുവാവിന് കല്ല്യാണം കഴിച്ചുകൊടുത്തു. അവര്‍ക്ക് സ്വന്തം നിലയില്‍ കണ്ണൂര്‍ പ്രദേശത്തിന്റെ അധികാരം വിട്ടുകൊടുത്തുവെന്നും ആ തരുണീമണി അറക്കല്‍ ബീവിയായി അധികാരം കൈയേറ്റു എന്നുമാണ് ഒരു കഥ. ഏതായാലും അറക്കല്‍ തമ്പാട്ടിയുടെ ദീപ്തസ്മരണക്കായി ഒരു നിലവിളക്ക് അടുത്തകാലം വരെ കണ്ണൂര്‍ അറക്കല്‍ കെട്ടില്‍ കത്തിച്ചുവെക്കുമായിരുന്നു.

ആര്യങ്കുളങ്ങര നായര്‍ എന്ന കോലത്തിരിയുടെ ഒരു മന്ത്രി എ ഡി 11-ാം നൂറ്റാണ്ടില്‍ മതംമാറി മുഹമ്മദ്അലിയായി മാറിയെന്നും അദ്ദേഹത്തിന്റെ കഴിവില്‍ ഏറെ മതിപ്പുണ്ടായിരുന്ന കോലത്തിരി കണ്ണൂര്‍ പ്രദേശം അവര്‍ക്ക് സ്വതന്ത്ര ഭരണത്തിനു വിട്ടുകൊടുത്തു എന്നുമാണ് മറ്റൊരൈതിഹ്യം. ഈ കഥയാണ് വില്ല്യം ലോഗന്‍ ചൂണ്ടിക്കാണിക്കുന്നത്.

കോലത്തിരിയും പോര്‍ത്തുഗീസുകാരുമായുള്ള ചങ്ങാത്തം അധികകാലം നീണ്ടുനിന്നില്ല. 1507 മുതല്‍ കണ്ണൂര്‍ കോട്ടയില്‍ തമ്പടിച്ച പോര്‍ത്തുഗീസുകാരെ തുരത്താന്‍ കോലത്തിരി ശ്രമം തുടങ്ങി. പോര്‍ത്തുഗീസ് കോട്ടയുടെ തൊട്ടരികത്ത് അറക്കല്‍ കെട്ടില്‍ ഭരണം നടത്തുന്ന അറക്കല്‍ ഭരണാധികാരികള്‍കോലത്തിരിക്ക് വേണ്ടപ്പെട്ടവരായി മാറിയപ്പോള്‍ അവര്‍ക്കെതിരെ വളരാനിടയുള്ള ഒരു ശക്തിയോട് സ്വാഭാവിക മമത കുറഞ്ഞതാവാം.

പോര്‍ത്തുഗീസുകാരുമായി ചങ്ങാത്തത്തിലായിരുന്ന കോലത്തിരി മരിച്ചതും പോര്‍ത്തുഗീസുകാരോട് മമതയില്ലാത്ത ഒരു മരുമകന്‍ കോലത്തിരിയായി അധികാരമേറ്റതും ഈ നയമാറ്റത്തിനു കാരണമായിട്ടുണ്ടാകാം. 1507ല്‍ സാമൂതിരിയുടെ പിന്തുണയോടെ കോലത്തിരി കണ്ണൂര്‍ കോട്ട ഉപരോധിച്ചു. ഉപരോധം നാല് മാസക്കാലം നീണ്ടുനിന്നു. പട്ടിണിമരണത്തിന്റെ വക്കിലെത്തിയ പോര്‍ത്തുഗീസുകാര്‍ യാദൃച്ഛികമായി പന്ത്രണ്ടു കപ്പലുകളിലായി പോര്‍ത്തുഗലില്‍നിന്നെത്തിയ സൈനികരുടെ സഹായത്തോടെ ഉപരോധത്തെ മറികടന്നു. പിന്നീട് നീണ്ടകാലം കണ്ണൂര്‍ കടലോരത്തിന്റെ നിയന്ത്രണം പോര്‍ത്തുഗീസുകാര്‍ക്കായിരുന്നു.

തങ്ങളെ എതിരിടാന്‍ കെല്പുള്ള ഇസ്ളാംമത വിശ്വാസികളെ എന്നും അവര്‍ ശത്രുക്കളായി കരുതിയിരുന്നു. വാസ്കോഡിഗാമയുടെ മരണശേഷം 1524ല്‍ കേരളക്കരയിലെത്തിയ ഹെന്ററി മെനാസിസ് ബാലഹുസൈന്‍ എന്ന മുസ്ളിം പ്രമാണിയെ കോലത്തിരിയുടെ എതിര്‍പ്പ് വകവെക്കാതെ തൂക്കിക്കൊന്നു. ഇനി കോലത്തിരിയെ ആശ്രയിച്ചതുകൊണ്ട് പ്രയോജനമില്ലെന്ന് അറക്കലും തദ്ദേശീയരായ മുസ്ളിം ജനതയും കരുതി. കണ്ണൂര്‍ രാഷ്‌ട്രീയത്തിലെ ഒരു സ്വതന്ത്രശക്തിയായി അറക്കല്‍ ഉദയം ചെയ്യുന്നത് ഈ കാലം മുതലാണ്. 1658ല്‍ ഡച്ചുകാര്‍ കേരളതീരം കൈയടക്കിയതോടെ കണ്ണൂര്‍ക്കരയിലെ പോര്‍ത്തുഗല്‍ പ്രതാപം അസ്തമിച്ചു.

1663ല്‍ കണ്ണൂര്‍കോട്ട ഡച്ചുകാര്‍ കൈവശപ്പെടുത്തി. അവരില്‍നിന്നും വിലയ്ക്കുവാങ്ങിയാണ് അറക്കല്‍ ബീവി പിന്നീട് കോട്ട സ്വന്തമാക്കുന്നത്. അറക്കല്‍ ഭരണാധികാരികള്‍ സുല്‍ത്താന്‍ ആദി രാജാ എന്ന സ്ഥാനപ്പേര്‍ സ്‌ത്രീപുരുഷ ഭേദമന്യേ സ്വന്തം പേരിനൊപ്പം ചേര്‍ത്തുവിളിക്കും. ഉദാ: സുല്‍ത്താന്‍ ആദിരാജാ ആയിഷാ മുത്തുബീവി. കണ്ണൂരിലെ മുസ്ളിം ജനതയുടെ ആത്മീയനേതൃത്വം ദീര്‍ഘകാലംവരെ അറക്കലിനായിരുന്നു.

അറക്കലും ചിറക്കലും

ചിറക്കല്‍ രാജവംശത്തില്‍നിന്ന് മുള പൊട്ടിയതാണ് അറക്കല്‍ എന്നാണ് ഐതിഹ്യം. ഏറെക്കാലം അവര്‍ ഉറ്റ സൌഹൃദത്തിലുമായിരുന്നു. രാഷ്‌ട്രീയത്തില്‍ നിത്യബന്ധുക്കളും ശത്രുക്കളുമില്ലാത്തതുപോലെ മേല്‍ക്കോയ്മാതര്‍ക്കവും കിടമത്സരവും കാരണം ഈ രണ്ടു രാജവംശങ്ങള്‍ കടുത്ത ശത്രുതയിലായി. 14, 15 നൂറ്റാണ്ടുകളില്‍ വടക്ക് നേത്രാവതി മുതല്‍ തെക്ക് കോരപ്പുഴ വരെയുള്ള പ്രദേശങ്ങളുടെ രാജാക്കന്മാരായിരുന്ന കോലത്തിരിമാരുടെ അധികാരം പോര്‍ത്തുഗീസുകാരുടെ വരവോടെ ചുരുങ്ങാന്‍ തുടങ്ങി. സാമന്തരാജാക്കന്മാരായിരുന്ന കുമ്പള, നീലേശ്വരം, കടത്തനാട്, കോട്ടയം എന്നീ പ്രദേശങ്ങളിലെ ഇടരാജാക്കന്മാര്‍ സ്വതന്ത്രരായി. കണ്ണൂരില്‍ അറക്കല്‍ ബീവിയുമായുള്ള ബന്ധം ശിഥിലമാവുകയും ചെയ്തു. 1732ല്‍ കര്‍ണാടകത്തിലെ ഇക്കേരി നായകന്മാര്‍ വളര്‍പട്ടണം പുഴയുടെ വടക്കന്‍ പ്രദേശം വരെ ആക്രമിച്ചുകീഴടക്കിയതോടെ കോലത്തിരിയുടെ അധികാരസീമ ഗണ്യമായി ചുരുങ്ങി. 1738ല്‍ അധികാരം ചിറക്കല്‍ക്കോവിലകം താവഴിയിലെ രാജാവ് കോലത്തിരി എന്ന പദവി ഉപേക്ഷിക്കുകയും ചിറക്കല്‍ രാജാവ് എന്ന പേരില്‍ ചുരുങ്ങിയ പ്രദേശത്തിന്റെ ഭരണാധികാരികളാവുകയും ചെയ്തു.

അറക്കലും ചിറക്കലും ബദ്ധവൈരികളായി മാറി. അറക്കലിനെ തകര്‍ക്കാന്‍ ആരുമായും കൂട്ടുചേരാന്‍ ചിറക്കലിനു മടിയുണ്ടായില്ല. തിരിച്ചും അതുതന്നെയായിരുന്നു അവസ്ഥ. 1766ല്‍ മംഗലാപുരം വഴി ഹൈദരലി ആക്രമണം നടത്തി കണ്ണൂര്‍ വരെയുള്ള പ്രദേശങ്ങള്‍ പിടിച്ചടക്കി. ചിറക്കല്‍ രാജഭരണം പിഴുതെറിയപ്പെട്ടു. ഭരണാധികാരികള്‍ തെക്കന്‍ കേരളത്തിലേക്ക് പലായനം ചെയ്തു. തങ്ങള്‍ പിടിച്ചടക്കിയ പ്രദേശത്തിന്റെ നിയന്ത്രിത ഭരണച്ചുമതല ഹൈദരലി അറക്കല്‍ ബീവിക്കു നല്കി. 1789 ല്‍ ടിപ്പുസുല്‍ത്താന്‍ കണ്ണൂരിലെത്തിയത് അറക്കല്‍ ബീവിയെ ഒന്നൂകുടി ശക്തിപ്പെടുത്തി. ബീവിയുടെ മകളും ടിപ്പുസുല്‍ത്താന്റെ മകനുമായുള്ള വിവാഹം വഴി ബന്ധം ഒന്നുകൂടെ ദൃഢമായി. ടിപ്പുവിന്റെ പ്രതിനിധി എന്ന നിലയിലാണെങ്കിലും സര്‍വശക്തയും സര്‍വസ്വതന്ത്രയുമെന്ന നിലയിലാണ് അവര്‍ ആ കാലത്ത് ഭരണം നടത്തിയിരുന്നത്. ധര്‍മടം, ലക്ഷദ്വീപ് എന്നീ പ്രദേശങ്ങളുടെ അധികാരവും അക്കാലത്ത് അറക്കല്‍ ബീവിക്കായിരുന്നു.

എന്നാല്‍ തലശേരി കേന്ദ്രീകരിച്ച് ബ്രിട്ടീഷ് ഭരണം ശക്തിപ്പെടാന്‍ തുടങ്ങിയതോടെ അറക്കലിനു മേല്‍ നിയന്ത്രണങ്ങള്‍ വന്നു. 1799ലെ മൈസൂര്‍ യുദ്ധത്തില്‍ ടിപ്പുസുല്‍ത്താന്‍ വധിക്കപ്പെട്ടതോടെ അറക്കലും ചിറക്കലും ഇംഗ്ളീഷുകാരുടെ കീഴിലായി. നാടുവിട്ടുപോയ ചിറക്കല്‍ രാജാവ് തിരിച്ചുവന്ന് പേരിന് അധികാരം കൈയേറ്റുവെങ്കിലും ഏറെ താമസിയാതെ അവര്‍ രാജാധികാരം സ്വമേധയാ ഉപേക്ഷിച്ചു. അതുപോലെതന്നെ അറക്കലും അധികാരം ഉപേക്ഷിച്ചു. 1800 മുതല്‍ കണ്ണൂര്‍ പ്രദേശം പൂര്‍ണമായി ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായി. അറക്കലും ചിറക്കലും ഗതകാല ചരിത്രത്തിലെ ഏടുകളായി.

II

കണ്ണൂരിലെ ദേശീയപ്രസ്ഥാനം

പഴയ കോലത്തിരി നാട് 1801 ല്‍ ബ്രിട്ടീഷ് മലബാര്‍ ജില്ലയുടെ ഭാഗമായിത്തീര്‍ന്നു. അറക്കല്‍ബീവിയും ചിറക്കല്‍രാജാവും ജന്മിത്തമ്പുരാക്കന്മാരായി. അതുപോലെ, നീലേശ്വരം രാജാവ്, കോട്ടയം രാജാവ് തുടങ്ങിയവരും കിരാത ജന്മികളായി. കരക്കാട്ടിടം നായനാര്‍, കരുമാരത്ത് നമ്പൂതിരി, കുറുമാത്തൂര്‍ തമ്പുരാന്‍ എന്നിങ്ങനെ ഒട്ടേറെ ഇടജന്മികളും ഉണ്ടായിവന്നു. ജാതിഅടിമത്തവും അടിമവില്പനയും കൊടികുത്തിവാണു. ജന്മിമാര്‍ കൃഷിക്കാര്‍ക്കെതിരെ കൊല്ലുംകൊലയും വരെയുള്ള അധികാരങ്ങള്‍ നിഷ്ഠുരമായി ഉപയോഗിച്ചു. ഈ ഇരുണ്ടകാലത്താണ് നവോത്ഥാന ചിന്തകളുടെ പുത്തന്‍ പ്രസരിപ്പായി ബ്രഹ്മാനന്ദ ശിവയോഗിയുടെയും വാഗ്‌ഭടാനന്ദന്റെയും ചിന്തകള്‍ക്ക് കണ്ണൂരില്‍ വേരോട്ടമുണ്ടാകുന്നത്. 1909 ല്‍ കണ്ണൂര്‍ യോഗശാല സ്ഥാപിക്കപ്പെട്ടു. സമാന്തരമായി കണ്ണപുരം, കല്ല്യാശേരി തുടങ്ങിയ സ്ഥലങ്ങളിലും യോഗശാലകള്‍ സ്ഥാപിക്കപ്പെട്ടു. അനാചാരങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുന്ന കേന്ദ്രങ്ങളായി അവ മാറി. ശ്രീനാരായണഗരുവിന്റെ ചിന്തകളും അവര്‍ണരില്‍ പ്രത്യാശകള്‍ പകര്‍ന്നു. അവരുടെ ഉയിര്‍പ്പിന്റെ പ്രതീകമായി കണ്ണൂര്‍ തളാപ്പില്‍ ശ്രീ സുന്ദരേശ്വരക്ഷേത്രം സ്ഥാപിക്കപ്പെടുകയുംചെയ്തു.

ഏറ്റവും പുരോഗമനപരമായ മറ്റൊരു കാര്യമായിരുന്നു സ്വാമി ആനന്ദതീര്‍ഥരുടെ നേതൃത്വത്തില്‍ ഹരിജന്‍ സമാജങ്ങള്‍ സ്ഥാപിക്കപ്പെട്ടത്. കണ്ണൂരിന്റെ പ്രാന്തപ്രദേശങ്ങളിലായിരുന്നു അവയെങ്കിലും കണ്ണൂരിനെയും അവ നല്ല നിലയില്‍ സ്വാധീനിച്ചു. ജാതിവ്യത്യാസമില്ലാത്ത പൊതുവിദ്യാഭ്യാസ കേന്ദ്രം എന്ന ആശയം ജാതിവ്യത്യാസമില്ലാത്ത പൊതുസമൂഹം എന്ന ആശയത്തിന്റെ ബലവത്തായ അടിത്തറയായി വര്‍ത്തിച്ചു. ഈ ആശയസമ്പന്നതയാണ് ജന്മിമാരെ ചെറുക്കാനുള്ള സംഘടനകള്‍ക്ക് രൂപംനല്‍കാന്‍ കൃഷിക്കാര്‍ക്ക് ശക്തി പകര്‍ന്നത്. 1934 ല്‍ വളര്‍പട്ടണം പുഴയുടെ തെക്കേക്കരയില്‍ കേരളീയന്റെയും വിഷ്ണുഭാരതീയന്റെയും നേതൃത്വത്തില്‍ രൂപീകൃതമായ കര്‍ഷക സംഘം ജന്മികള്‍ക്കെതിരെ ഉശിരന്‍പോരാട്ടങ്ങള്‍ നടത്തി. ഇത്തരം പ്രസ്ഥാനങ്ങളുമായി ഒത്തുപ്രവര്‍ത്തിക്കേണ്ടതാണ് ഹരിജന്‍ സമാജങ്ങള്‍പോലുള്ള സാമൂഹ്യനവീകരണ പ്രസ്ഥാനങ്ങള്‍ എന്ന് സ്വാമി ആനന്ദതീര്‍ഥര്‍ കരുതുകയും 1936 ല്‍ പറശിനിയില്‍ നടന്ന കര്‍ഷക സമ്മേളനത്തില്‍ തന്റെ വിദ്യാര്‍ഥികളോടൊപ്പം പങ്കെടുക്കുകയും ചെയ്തു. എകെജി പങ്കെടുത്ത ആ സമ്മേളനത്തിന്റെ അലയൊലി കണ്ണൂരിലുമെത്തി.

ജന്മികളുടെ നിഷ്ഠുരതകള്‍ക്കെതിരായ കാര്‍ഷിക കലാപങ്ങള്‍ ലോകചരിത്രത്തില്‍ നിരവധിയാണ്. കേരളത്തിലും ജന്മികള്‍ക്കെതിരെ ഒട്ടേറെ കലാപങ്ങള്‍ നടന്നിട്ടുണ്ട്. 1920-21 കാലത്ത് ഏറനാടന്‍ പ്രദേശത്ത് നടന്ന കാര്‍ഷിക കലാപമാണ് പിന്നീട് മാപ്പിള ലഹളയായി മാറിയത്. ഈ കാലത്ത് കണ്ണൂര്‍ ജില്ലയിലെ കോട്ടയംതാലൂക്കില്‍ ഒരു ജന്മിയും കുടുംബവും കൊല്ലപ്പെടുകയുണ്ടായി. കലാപകാരികളെ പിന്നീട് ജന്മിയുടെ ആള്‍ക്കാള്‍ വകവരുത്തി. 1939 ല്‍ തലശേരിയില്‍ കമ്യൂണിസ്റ്റുപാര്‍ടിയുടെ പരസ്യപ്രവര്‍ത്തനം വിളബരം ചെയ്യപ്പെട്ട കമ്യൂണിസ്റ്റ് സമ്മേളനത്തിന്റെയും കണ്ണൂര്‍ ജില്ലയിലെ ദേശീയപ്രസ്ഥാനത്തിന്റെയും ശക്തി സ്രോതസ്സുകളായി വര്‍ത്തിച്ചത് ചെറുത്തുനില്പിന്റെ കരുത്താര്‍ജിച്ച കര്‍ഷക കൂട്ടായ്മകളാണ്.

1918ല്‍ തലശേരിയില്‍ നടന്ന അഖില മലബാര്‍ കോണ്‍ഗ്രസ് സമ്മേളന (മൂന്നാം സമ്മേളനം) ത്തോടെയാണ് കണ്ണൂര്‍ ദേശീയപ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നത്. കണ്ണൂര്‍ ചിറക്കല്‍ കോവിലകത്തെ രാജരാജവര്‍മ, കൂത്തുപറമ്പിലെ ഉപ്പിസാഹിബ് തുടങ്ങിയവര്‍ ഈ സമ്മേളനത്തിന്റെ സംഘാടകരായിരുന്നു. മഹാത്മാഗാന്ധിയുടെ ആഹ്വാനപ്രകാരം 1920 ല്‍ നടന്ന നിസ്സഹകരണ സമരത്തിന്റെ ഭാഗമായി നിരവധി അധ്യാപകര്‍ സര്‍ക്കാര്‍ജോലി രാജിവച്ചു. ഗാന്ധിതൊപ്പി ധരിച്ചതിന് തയ്യിലെ സെന്റ് ആന്റണീസ് വിദ്യാലയത്തില്‍നിന്ന് പുറത്താക്കപ്പെട്ട അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് വാര്‍ധാമോഡല്‍ യു പി സ്കൂള്‍ ആരംഭിക്കുന്നത്. എം വി അനന്തന്‍മാസ്റ്റര്‍, സി എച്ച് കറുവന്‍ എന്നീ അധ്യാപകരായിരുന്നു ഈ പരിശ്രമത്തിന്റെ നേതാക്കള്‍.

കണ്ണൂര്‍ പ്രഭാത് ടാക്കീസ് ജങ്ഷനിലുള്ള വിളക്കുംതറ ഇപ്പോള്‍ കേരളമാകെ പ്രസിദ്ധമാണല്ലൊ. കോട്ടമൈതാനം അതിരുകള്‍കെട്ടി വേര്‍തിരിക്കാത്ത കാലത്ത് ഈ വിളക്കുംതറക്ക് ചുറ്റുമായിരുന്നു ദേശീയപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട സമ്മേളനങ്ങളെല്ലാം നടന്നിരുന്നത്. രാത്രികാല പാന്ഥന്മാര്‍ക്ക് സഹായകരമാകുംവിധം അന്നത്തെ വ്യവസായി സാമുവല്‍ ആറോന്‍ പലയിടങ്ങളിലായി സ്ഥാപിച്ച മണ്ണെണ്ണവിളക്കുകളുടെ അടിസ്ഥാനങ്ങളില്‍ ഒന്നുമാത്രമായിരുന്ന കണ്ണൂരിലെ വിളക്കുംതറ ചരിത്രപ്രസിദ്ധമായി. ചുറ്റുമുള്ള മൈതാനം വിളക്കുംതറ മൈതാനം എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. 1952 ല്‍ വിളക്കുംതറ മൈതാനിയില്‍ എകെജി നടത്തിയ പ്രസംഗം ചരിത്രപ്രസിദ്ധമാണ്. മര്‍ദകവീരന്മാരും കൊലയാളികളുമായ കണ്ണൂരിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റെയും സംഘവും ഭയന്ന് കമ്യൂണിസ്റ്റ് മര്‍ദനം അവസാനിപ്പിച്ചത് ആ പ്രസംഗത്തോടെയായിരുന്നു.

കണ്ണൂരിന്റെ പ്രത്യേകതയായിത്തീര്‍ന്ന കൈത്തറിയും ബീഡിവ്യവസായവും കണ്ണൂരില്‍ വന്‍തോതില്‍ നടപ്പില്‍വരുന്നത് 1920 കളിലാണ്. 1857 ല്‍ തലശേരിയിലും കണ്ണൂരിലുമായി പ്രവര്‍ത്തനം തുടങ്ങിയ ജര്‍മന്‍ മിഷണറിമാര്‍ (ബാസല്‍ ഇവാഞ്ചിക്കല്‍ മിഷണറി സൊസൈറ്റി) 1920 കളില്‍ നൂതന വിദ്യകളോടുകൂടിയ കൈത്തറി നെയ്ത്തുകേന്ദ്രങ്ങള്‍ കണ്ണൂരില്‍ ആരംഭിച്ചു. ഇവരില്‍നിന്നും വിദ്യ കൈവശമാക്കിയാണ് സാമുവല്‍ ആറോന്റെ പിതാവ് 'ആറോന്‍ കമ്പനി' കണ്ണൂരില്‍ സ്ഥാപിക്കുന്നത്. അതിവേഗം വളര്‍ന്ന ഈ കമ്പനിയുടെ അമരക്കാരനായി മാറിയ സാമുവല്‍ ആറോനാണ് 1931 ല്‍ കമ്പനി വളര്‍പട്ടണം പുഴയുടെ വടക്കേക്കരയിലേക്ക് മാറ്റി സ്ഥാപിക്കുന്നത്. പില്‍ക്കാലത്ത് ഈ കമ്പനി കേന്ദ്രീകരിച്ചാണ് ഒട്ടേറെ തൊഴില്‍ സമരങ്ങള്‍ ഉയര്‍ന്നുവന്നതും 1940 സെപ്തംബര്‍ 15 ന്റെ മൊറാഴ സംഭവത്തിലേക്ക് നയിച്ച രാഷ്‌ട്രീയ സംഭവവികാസങ്ങള്‍ ഉരുത്തിരിയുന്നതും. സാമുവല്‍ ആറോന്‍ കണ്ണൂരില്‍ നെയ്ത്തുകമ്പനി ആരംഭിച്ച കാലത്തുതന്നെ അഴീക്കോട് ഭാഗത്ത് പില്‍ക്കാലത്ത് പ്രശസ്തമായ 'രാജരാജേശ്വരി' മില്‍സിന്റെ സ്ഥാപകന്‍ എ കെ നായരും മുന്‍തലമുറയും നെയ്ത്തു വ്യവസായത്തില്‍ ഏര്‍പ്പെട്ടിരുന്നു. വ്യാവസായികമായ ഈ ചരിത്രപശ്ചാത്തലത്തിലാണ് സി കണ്ണന്‍, കെ പി ഗോപാലന്‍, അഴീക്കോടന്‍ രാഘവന്‍, ഒ ഭരതന്‍ തുടങ്ങിയ പില്‍ക്കാല കമ്യൂണിസ്റ്റു നേതാക്കള്‍ ട്രേഡ് യൂണിയന്‍ സംഘാടകരായി വളര്‍ന്നുവരുന്നത്.

1920 മുതല്‍ സിലോണിലേക്ക് കണ്ണൂരില്‍നിന്ന് ബീഡി കയറ്റി അയച്ചിരുന്നതായി സ. സി കണ്ണന്‍ രേഖപ്പെടുത്തുന്നു.* നാട്ടുകാര്‍ ബീഡിയേക്കാള്‍ ഏറെ ചുരുട്ടായിരുന്നുവത്രെ ഉപയോഗിച്ചിരുന്നത്. ചട്ടബീഡി, മദന്‍ബീഡി, ലക്ഷ്മി ബീഡി, വൈറ്റ്ഹാള്‍ ബീഡി എന്നിവയാണ് ആ കാലത്ത് പ്രചാരത്തിലുണ്ടായത്. സാധു ബീഡി പിന്നീട് ഏറെക്കാലം കഴിഞ്ഞാണ് പ്രചാരത്തില്‍ വരുന്നത്. അഞ്ച് അണമുതല്‍ അഞ്ചര അണവരെയായിരുന്നു അക്കാലത്ത് 1000 ബീഡി തെറുത്താല്‍ കൂലി. ഞായറാഴ്ചയും ജോലി ചെയ്തിരുന്നു. ഈ ബീഡിത്തൊഴിലാളികളെ സംഘടിപ്പിച്ചാണ് സ. സി കണ്ണന്‍ കണ്ണൂരിന്റെ കണ്ണിലുണ്ണിയും കമ്യൂണിസ്റ്റുപാര്‍ടിയുടെ മുന്‍നിര നേതാവുമായി ചരിത്രത്തില്‍ നടന്നുകയറുന്നത്. ഇക്കാര്യങ്ങളിലെല്ലാം സ. കെ പി ഗോപാലന്‍ സി കണ്ണന് തുണയായി ഉണ്ടായിരുന്നു. 1968 ല്‍ മംഗലാപുരം ആസ്ഥാനമായുള്ള മംഗളൂര്‍ ഗണേശ് ബീഡി, പി വി എസ് ബീഡി, ഗ്രേറ്റ് ദര്‍ബാര്‍ ബീഡി എന്നിവ കണ്ണൂരിലെ പ്രവര്‍ത്തനശാലകള്‍ പൂട്ടി. ആയിരിക്കണക്കിനു തൊഴിലാളികളുടെ പ്രതിസന്ധി അകറ്റാനാണ് 1969 ല്‍ കേരള ദിനേശ് ബീഡി സഹകരണസംഘം രൂപീകരിക്കുന്നത്. കഴിഞ്ഞ നാല്പതു വര്‍ഷമായി തൊഴിലാളികളുടെ ആശ്രയകേന്ദ്രമായി ദിനേശ് ബീഡി സഹകരണ സംഘം നിലനില്ക്കുന്നു.

സ. സി കണ്ണനോടൊപ്പം പ്രവര്‍ത്തിച്ചാണ് പില്‍ക്കാലത്ത് കെ പി സഹദേവന്‍ കണ്ണൂരിലെ പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവായി മാറുന്നത്. കണ്ണൂരിലെ ട്രേഡ്യൂണിയന്‍ രംഗത്ത് സ. ഒ ഭരതന്‍ നടത്തിയ പ്രവര്‍ത്തനവും നിസ്തുലമായിരുന്നു.

കണ്ണൂരിലെ ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രം വേണ്ടത്ര ലഭ്യമല്ല. ഖിലാഫത്ത് പ്രസ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തതോടെ പാറപ്പുറത്ത് കോയകുഞ്ഞി, മുഹമ്മദ്സാലി, എം സി ഉമ്മര്‍കുഞ്ഞി തുടങ്ങിയ മുസ്ളിം നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളായി മാറി. കണ്ണൂരിലെ പ്രമുഖ പത്രപ്രവര്‍ത്തകനായിരുന്ന പാമ്പന്‍ മാധവന്‍ ദേശീയപ്രസ്ഥാനത്തിന്റെയും മുന്‍നിര നേതാവായിരുന്നു. 1923 ല്‍ കണ്ണൂരില്‍നിന്നു മാണിക്കോത്ത് കുമാരന്‍ നാഗപ്പൂരില്‍ കോണ്‍ഗ്രസ് സത്യഗ്രഹസമരത്തില്‍ പങ്കെടുത്തിരുന്നുവെന്ന കാര്യവും പ്രത്യേകം രേഖപ്പെടുത്തേണ്ടതുണ്ട്.

ചരിത്രത്തില്‍നിന്ന് ഉയിര്‍പ്പ്കൊണ്ടതാണ് കണ്ണൂര്‍ നഗരസഭ. 1867-ലാണ് കണ്ണൂര്‍ മുനിസിപ്പാലിറ്റി രൂപീകരിക്കപ്പെടുന്നത്. 1920 ല്‍ മുനിസിപ്പല്‍ ആക്ട് നിലവില്‍ വന്നതോടെ കണ്ണൂര്‍ മുനിസിപ്പാലിറ്റിയും ഒരു ജനായത്ത സ്വഭാവം കൈവരിച്ചു. റാവുസാഹേബ് കെ ചന്തുനായിരുന്നു കണ്ണൂര്‍ മുനിസിപ്പാലിറ്റിയുടെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ചെയര്‍മാന്‍. ഒരു നീണ്ടകാലം നഗരസഭയുടെ ചെയര്‍മാനായിരുന്ന എന്‍ കെ കുമാരന്‍, ദീര്‍ഘകാലം ചെയര്‍മാനും ഇപ്പോഴത്തെ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് എന്നിങ്ങനെ ഒട്ടേറെ പ്രമുഖര്‍ ഈ നഗരസഭയുടെ ചെയര്‍മാന്മാരായിരുന്നു. ബി പി ഫാറൂക്ക് ആണ് ഇപ്പോഴത്തെ ചെയര്‍മാന്‍.

കണ്ണൂര്‍ ജില്ല കമ്യൂണിസ്റ്റു പാര്‍ടിയുടെ നെടുങ്കോട്ടയാണെങ്കിലും കണ്ണൂര്‍ നഗരസഭക്കകത്ത് സമ്മിശ്ര രാഷ്‌ട്രീയ സ്വാധീനമാണ് നിലനില്‍ക്കുന്നത്. യൂറോപ്യന്‍ പാരമ്പര്യം, കച്ചവട പാരമ്പര്യം, വന്‍കിട വ്യവസായങ്ങളുടെ കുറവ് തുടങ്ങിയ നിരവധി കാരണങ്ങളാലാണ് രാഷ്‌ട്രീയമായി കണ്ണൂര്‍ നഗരം ഒരു മിശ്രിത സമൂഹമായി തുടരുന്നത്. എങ്കിലും കണ്ണൂരിലെ മതനിരപേക്ഷ ജനാധിപത്യ ബോധവും മതസൌഹാര്‍ദവും ഏറെ പ്രശംസനീയമാണ്.

നാനാ ജാതിമതസ്ഥരുടെയും വ്യത്യസ്ത രാഷ്‌ട്രീയവിശ്വാസികളുടെയും വ്യത്യസ്ത സംസ്ഥാനങ്ങളില്‍നിന്നു വന്ന് തലമുറകളായി സ്ഥിരതാമസമാക്കിയവരുടെയും മിശ്രിതസമൂഹമാണ് കണ്ണൂരിന്റേത്. വടക്കന്‍കൂര്‍ മണ്ണിന്റെ പൊതുനന്മ അവരുടെ പൈതൃകമാണ്. അവയെ പൊലിപ്പിക്കുംവിധം ഭൌതികവും രാഷ്‌ട്രീയവുമായ മാറ്റങ്ങള്‍ക്ക് കണ്ണൂര്‍ കാതോര്‍ക്കുകയാണ്. അ ഉ ഒന്നാം നൂറ്റാണ്ടുമുതല്‍ വാണിജ്യകേന്ദ്രമായിരുന്ന കണ്ണൂര്‍സിറ്റി പഴമകൊണ്ടും ഞെരുക്കംകൊണ്ടും തകരുകയാണ്. അറക്കല്‍ബീവിയുടെ ആസ്ഥാനമായ ചരിത്രനീക്കിയിരിപ്പുകള്‍പോലും വേണ്ടത്ര നന്നായി സംരക്ഷിക്കപ്പെടുകയോ സദാ സന്ദര്‍ശകരെ ആകര്‍ഷിക്കുകയോ ചെയ്യുന്നില്ല. അതിപുരാതനമായ തൊട്ടടുത്ത കണ്ണൂര്‍ കോട്ടയുടെ നിലയും വ്യത്യസ്തമല്ല. ഹൈവേയില്‍നിന്നു നേരിട്ട് ഈ പ്രദേശത്തേക്ക് നല്ല റോഡുകള്‍ ഇല്ലെന്നതാണ് പ്രധാന ന്യൂനത. ശുചിത്വമുള്ള കെട്ടിടങ്ങള്‍, സഞ്ചാരികള്‍ക്ക് സുരക്ഷിതമായ താമസസൌകര്യം എന്നിവയുടെയും അപര്യാപ്തതയുണ്ട്.

പയ്യാമ്പലമാണ് മറ്റൊരു സുപ്രധാനമായ ചരിത്ര സ്മാരകം. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ കെ ജി, ഇ കെ നായനാര്‍ എന്നിങ്ങനെ ഒട്ടേറെ നേതാക്കളുടെ ഭൌതികാവശിഷ്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്മൃതിമണ്ഡപങ്ങള്‍ പയ്യാമ്പലത്തിന്റെ പ്രത്യേകതയാണ്. തൊട്ടടുത്തുള്ള പയ്യാമ്പലം ശ്മശാനം ഇന്ന് ഒരു പൊതുശ്മശാനമാണ്.

എത്രയോ കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പയ്യാമ്പലം ബീച്ച് കണ്ണൂരിന്റെ അനുഗ്രഹമാണ്. അതും ഇന്ന് വേണ്ടത്ര പ്രയോജനപ്പെടുത്തുന്നില്ല. പയ്യാമ്പലം പാര്‍ക്കില്‍ അല്പമൊക്കെ കാനായി കുഞ്ഞിരാമന്റെ കരവിരുത് ദര്‍ശിക്കാന്‍ കഴിയുമെങ്കിലും മൊത്തത്തില്‍ കെട്ടും മട്ടും നടത്തിപ്പും പരിതാപകരമാണ്.

അതിപുരാതനമാണ് കണ്ണൂര്‍ റെയില്‍വേസ്റ്റഷന്‍. 1907 മുതല്‍ നിലനില്ക്കുന്നത്. ഈ അടുത്തകാലത്തുമാത്രമാണ് ഒന്നില്‍കൂടുതല്‍ പ്ളാറ്റുഫോമുകള്‍ നിലവില്‍വന്നത്. കണ്ണൂരിനടുത്തായി ഒരു വിമാനത്താവളത്തിന് അടുത്തുതന്നെ ചിറകുമുളയ്ക്കുമെന്ന അധികാരികളുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. വിദേശങ്ങളില്‍ ജോലി ചെയ്യുന്ന സാധാരണക്കാര്‍ക്ക് മുതല്‍ ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന കീഴ്‌ത്തട്ട് ഇടത്തരക്കാര്‍ക്കുവരെ ഈ വിമാനത്താവളം പ്രയോജനപ്പെടും.

കണ്ണൂരിന്റെ പരമ്പരാഗത വ്യവസായമായ കൈത്തറിയും ബീഡിയും ഏറെക്കുറെ തകര്‍ന്നു. വര്‍ഷത്തില്‍ രണ്ട് തവണ നടക്കുന്ന കൈത്തറി മേളകൊണ്ടാണ് ഈ രംഗത്തുള്ള ചുരുക്കം കൈത്തറിശാലകള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. ബീഡിയുടെ ഉപയോഗംതന്നെ കുറഞ്ഞകാലത്ത് അതിനെ നിലനിര്‍ത്തുക ദുഷ്കരംതന്നെ.

തികഞ്ഞ മതസൌഹാര്‍ദമാണ് കണ്ണൂരിന്റെ മുഖമുദ്ര. ചരിത്രത്തിലുടനീളം അതിന്റെ അടയാളങ്ങള്‍ കാണാം. കണ്ണൂരില്‍ എല്ലാ മതക്കാരും ഭരണം നടത്തിയിട്ടുണ്ട്. ചുരുക്കം ചില ഘട്ടങ്ങളിലൊഴിച്ചാല്‍ മറ്റു മതസ്ഥര്‍ക്ക് വേണ്ടത്ര സംരക്ഷണം ഏതു ഭരണകാലയളവിലും ലഭിച്ചിരുന്നു. എന്നാല്‍ വിവിധ മതങ്ങളിലെ ഒരു ന്യൂനപക്ഷം മതതീവ്രവാദം വളര്‍ത്താനും ജാതീയതയെ പുനര്‍ജീവിപ്പിക്കാനും കൊണ്ടുപിടിച്ച് ശ്രമിക്കുകയാണ്. അത്തരത്തിലുള്ള പ്രസ്ഥാനങ്ങള്‍ക്ക് കണ്ണൂരില്‍ വേരോട്ടമുണ്ടാകില്ല. നേരിന്റെയും നേരിനുവേണ്ടിയുള്ള പോരിന്റെയും വീറ് ഇന്നും നിലനിര്‍ത്തുന്ന കണ്ണൂര്‍ ജനത ശരിയായ രാഷ്‌ട്രീയ ദിശയിലേക്കുള്ള പ്രയാണം തുടരുകതന്നെ ചെയ്യും. കാനംപുഴ നനച്ചുവളര്‍ത്തിയ ഈ മണ്ണ് അധ്വാനിക്കുന്നവരുടെ കേന്ദ്രഭൂമിയായി ചരിത്രത്തില്‍ തുടരും.


****

കീച്ചേരി രാഘവന്‍, കടപ്പാട് : ദേശാഭിമാനി വാരിക

ഇത് പെണ്‍കരുത്തിന്റെ ഐശ്വര്യഗാഥ

"കഷ്ടകാലത്തിന് ഞങ്ങള്‍ക്കൊരു മെമ്പര്‍ സെക്രട്ടറിയുണ്ട്... സാര്‍''- തമിഴ് ചുവയുള്ള മലയാളത്തില്‍ ഇടുക്കി കാന്തല്ലൂര്‍ പഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്സന്‍ ഡെയ്സി കഥ പറയുകയാണ്. പകുതിക്കു നിര്‍ത്തി ശ്വാസമെടുത്തപ്പോള്‍ നിറഞ്ഞ സദസ്സില്‍ കരഘോഷം. കുടുംബശ്രീ 12-ാം വാര്‍ഷികത്തോടനുബന്ധിച്ചു ചേര്‍ന്ന ഗ്രൂപ്പ് ചര്‍ച്ചയിലെ അനുഭവം ക്രോഡീകരിക്കുകയാണ് ഡെയ്‌സി. സംഘകൃഷിക്കു നല്‍കിയ അപേക്ഷയില്‍ ഒപ്പിടാന്‍ വിസമ്മതിച്ച മെമ്പര്‍ സെക്രട്ടറിയെ മൂക്കുകൊണ്ട് 'ക്ഷ' വരപ്പിച്ചതാണ് കഥ. പത്ത് വ്യത്യസ്ത ഗ്രൂപ്പുകളിലായി 14 ജില്ലകളിലെ സിഡിഎസ് പ്രതിനിധികള്‍ പറഞ്ഞ വീരകഥകളും കണ്ണീരില്‍കുതിര്‍ന്ന എണ്ണിയാലൊടുങ്ങാത്ത അനുഭവസാക്ഷ്യവും പ്രതിനിധിസമ്മേളനവേദിയെ ത്രസിപ്പിച്ചു. അപേക്ഷയില്‍ ഒപ്പിടാതെ മുങ്ങിനടന്ന സെക്രട്ടറിയെ വളഞ്ഞു പിടിക്കാന്‍ സിഡിഎസ് തീരുമാനിച്ചതോടെ കാന്തല്ലൂരിലെ മെമ്പര്‍ സെക്രട്ടറി സ്‌ത്രീ കൂട്ടായ്‌മയുടെ കരുത്തറിഞ്ഞു. കൈക്കൂലി ഒപ്പിക്കാനായിരുന്നു സെക്രട്ടറിയുടെ മുങ്ങല്‍. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതിയുടെ തലേന്ന് രാത്രി സെക്രട്ടറിയെ പിടികൂടി. ഒപ്പിട്ടില്ലെങ്കില്‍ മുറിയില്‍ പൂട്ടിയിടുമെന്നായി സ്ത്രീസംഘം. അങ്ങനെയെങ്കില്‍ സ്ഥലം കാണണമെന്നായി സെക്രട്ടറി. രാത്രി ടോർച്ച് ലൈറ്റ് മിന്നിച്ച് സെക്രട്ടറിയെ സ്ഥലംകാണിച്ച് ബോധ്യപ്പെടുത്തി. ഗത്യന്തരമില്ലാതെ ഒപ്പിടാന്‍ ഇരുന്നപ്പോള്‍ രാത്രി പത്തര. ഒപ്പിന് കുറച്ചധികം നീളമുള്ളതിനാല്‍ ഇട്ടുതീര്‍ക്കാന്‍ സമയമെടുത്തെന്ന് ഡെയ്‌സി. എന്തായാലും പുലര്‍ച്ചെ ഒന്നരയോടെ പണിതീര്‍ത്തു. എഴുനൂറോളം ഏക്കറില്‍ കൃഷിയിറക്കി അവാര്‍ഡും കിട്ടിയെന്ന ഡെയ്‌സിയുടെ നിശ്വാസത്തിന് കരഘോഷം

അകമ്പടിയായി. സ്‌ത്രീ പദവി പഠന ഗ്രൂപ്പിലെ അനുഭവം പറഞ്ഞത് തൃശൂരിലെ സാവിത്രി സദാനന്ദന്‍. അരക്ഷിതമായിരുന്ന തന്റെ കുടുംബത്തെ കരപറ്റിക്കാനും സാമൂഹ്യപ്രശ്‌നത്തില്‍ ഇടപെടാന്‍ പ്രാപ്‌തയാക്കിയതും കുടുംബശ്രീയാണെന്നു പറഞ്ഞപ്പോള്‍ തൊണ്ടയിടറി. മൂത്തേടം സിഡിഎസാണോ ഇങ്ങോട്ടു വരേണ്ട എന്നാണ് പ്രമുഖ ബാങ്കിന്റെ മാനേജര്‍ ആദ്യമൊക്കെ പറഞ്ഞത്. അനുഭവം അദ്ദേഹത്തെ തിരുത്തി. മാഡം വരണം, ഇരിക്കണം, എത്ര പണം വേണം എന്നാണ് ഇപ്പോഴത്തെ ചോദ്യമെന്ന് മൈക്രോ ഫിനാന്‍സ് വിജയകഥ നിരത്തി നടത്തറ പഞ്ചായത്ത് ചെയര്‍പേഴ്‌സൺ മേഴ്‌സി പറഞ്ഞു. മകളുടെ വിവാഹത്തിന് പണമില്ലാതെ കുടുംബനാഥന്‍ ആത്മഹത്യചെയ്‌തപ്പോള്‍ കുടുംബശ്രീ രണ്ടുലക്ഷം രൂപ സഹായമെത്തിച്ചതിന്റെ വിവരണം. ആലപ്പുഴ ഭരണിക്കാവ് ബാലസഭാംഗം ജിഷ്‌ണുവിലൂടെ 29 കുടുംബം താമസിക്കുന്ന കോളനിയിലേക്ക് വഴിയും വൈദ്യുതിയുംഎത്തിയതിന്റെ പാഠം ബാലസഭയുടെ പ്രതിനിധി റസീന അയവിറക്കി. വൃദ്ധയോടുള്ള ബസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തില്‍ ബാലസഭാംഗം പ്രതികരിച്ചതും കണ്യാര്‍കളി ബാലസഭയിലൂടെ പുനരുജ്ജീവിപ്പിച്ചതും ഡല്‍ഹിയില്‍ റിപ്പബ്ളിൿദിന പരേഡില്‍ കണ്യാര്‍കളി അവതരിപ്പിച്ചതും വിവരിച്ചു. ആശ്രയ, വീടുനിര്‍മാണം, തൊഴിലുറപ്പുപദ്ധതി എന്നിവയുടെ അനുഭവങ്ങളും പ്രതിനിധികള്‍ പങ്കുവച്ചു.

(എം എസ് അശോകന്‍)

കുടുംബശ്രീ സ്‌ത്രീശാക്തീകരണത്തിന്റെ അതുല്യ മാതൃക: വിദഗ്ധര്‍

സ്‌ത്രീ ശാക്തീകരണത്തിന്റെ ഉജ്വല മാതൃകയായ കുടുംബശ്രീയുടെ ഇന്നലെകള്‍ മനോഹരം; വരാനുള്ളത് മഹത്തരമാകുമെന്ന് വിദഗ്ധര്‍. കുടുംബശ്രീ ഏറ്റെടുത്ത പത്തു മേഖലകളിലെ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല അനുഭവവിവരണം സശ്രദ്ധം കേട്ട വിദഗ്ധ പാനലിന്റേതാണ് വിലയിരുത്തല്‍. പരിസ്ഥിതിശാസ്‌ത്രജ്ഞന്‍ ആര്‍ വി ജി മേനോന്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തക ലീലാ മേനോന്‍, കില ഡയറൿടര്‍ പ്രൊഫ. രമാകാന്തന്‍, വികസനശാസ്‌ത്രജ്ഞന്‍ ഡോ. കെ പി കണ്ണന്‍, മുന്‍ പൊതുവിദ്യാഭ്യാസ ഡയറൿടര്‍ ലിഡ ജേക്കബ് എന്നിവരായിരുന്നു പാനല്‍ അംഗങ്ങള്‍. കുടുംബശ്രീ ഇല്ലായിരുന്നെങ്കില്‍ പഞ്ചായത്തുകള്‍ വിഷമിക്കുമായിരുന്നെന്ന് ഗ്രീന്‍ കേരള എക്സ്പ്രസിന്റെ വിധികര്‍ത്താവെന്ന നിലയില്‍ തോന്നിയതായി ആര്‍ വി ജി മേനോന്‍ പറഞ്ഞു. എല്ലാം കുടുംബശ്രീയെ ഏല്‍പ്പിച്ച് കയ്യൊഴിയാന്‍ പഞ്ചായത്തുകളെ അനുവദിക്കരുത്. അവയെ കൈകാര്യംചെയ്യുന്ന ശക്തിയായി മാറണം. പാട്ടക്കൃഷിക്ക് സംഘക്കൃഷി എന്നു പേരുമാറ്റിയെങ്കിലും പാട്ടവ്യവസ്ഥയുടെ ഒറ്റപ്പെട്ട അനുഭവം ഉണ്ടാകുന്നുണ്ട്. അത് ഒഴിവാക്കാന്‍ വ്യക്തമായ വ്യവസ്ഥയ്ക്ക് രൂപംനല്‍കണമെന്നും ആര്‍ വി ജി മേനോന്‍ പറഞ്ഞു.

കുടുംബശ്രീ അംഗങ്ങളുടെ തൊഴില്‍വൈദഗ്ധ്യം വര്‍ധിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമുണ്ടാകണമെന്ന് ഡോ. കെ പി കണ്ണന്‍ നിര്‍ദേശിച്ചു. തൊഴിലുറപ്പില്‍ ശരാശരി തൊഴില്‍ദിനം 35ല്‍ നിന്ന് നൂറായി ഉയര്‍ത്തണം. മറ്റു പദ്ധതികളുമായി സംയോജിപ്പിച്ചുള്ളവ ഏറ്റെടുക്കുക, വിള ഇന്‍ഷുറന്‍സ് നടപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കി. നഗരങ്ങളിലും കുടുംബശ്രീ ശക്തമായ സാന്നിധ്യമാകണമെന്ന് ലിഡ ജേക്കബ് പറഞ്ഞു. സ്‌ത്രീപ്രശ്നം തദ്ദേശസ്ഥാപനങ്ങളുടെ അജന്‍ഡയിലെ മുന്‍നിര വിഷയമാക്കണം. സ്‌ത്രീപദവിയും അവകാശങ്ങളും സംബന്ധിച്ച ബോധവല്‍ക്കരണം കാര്യക്ഷമമാകണമെന്നും അവര്‍ പറഞ്ഞു. വര്‍ധിച്ചുവരുന്ന ഗാര്‍ഹികപീഡനവും സ്‌ത്രീപീഡനങ്ങളും ചെറുക്കാന്‍ കുടുംബശ്രീകള്‍ക്ക് ഇടപെടാനാകണമെന്ന് ലീലാ മേനോന്‍ പറഞ്ഞു. കുടുംബശ്രീയിലൂടെ സമൂഹത്തിന്റെ അടിത്തട്ടില്‍ ഉണ്ടാകുന്ന മാറ്റം ജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നില്ലെന്ന് പ്രൊഫ. രമാകാന്തന്‍ പറഞ്ഞു. രണ്ടുദിവസത്തെ ചര്‍ച്ചയില്‍ അത്ഭുതകരമായ കാര്യങ്ങളാണ് കേട്ടത്. അധികാരവികേന്ദ്രീകരണവും ജനകീയാസൂത്രണവുമാണ് ഇതിന് അടിസ്ഥാനം. കുടുംബശ്രീയിലൂടെ കൈകാര്യശേഷിയുള്ള പുതിയ പ്രാദേശിക നേതൃത്വം ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അടുത്ത തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ അതിന്റെ പ്രതിഫലനമുണ്ടാകുമെന്നും അദ്ദേഹംപറഞ്ഞു.

നിര്‍മാണ കമ്പനി മാതൃകയിലുള്ള കുടുംബശ്രീകള്‍ക്ക് 25 ലക്ഷം

പ്രൊഡ്യൂസര്‍ കമ്പനി മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീകള്‍ക്ക് 25 ലക്ഷം രൂപവീതം അനുവദിക്കുമെന്ന് മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കുടുംബശ്രീകള്‍ക്കാണ് തുക നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബശ്രീയുടെ 12-ാം വാര്‍ഷികത്തിന്റെ ഭാഗമായി എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സിഡിഎസ് പ്രതിനിധി കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടികജാതി-വര്‍ഗ കുടുംബങ്ങളിലേക്കും ആദിവാസികളിലേക്കും ആശ്രയ പദ്ധതി വ്യാപിപ്പിക്കുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് 40 ലക്ഷം രൂപ ചലഞ്ച് ഫണ്ട് നല്‍കും. ഈ വിഭാഗങ്ങള്‍ക്ക് ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യസുരക്ഷാപദ്ധതി, ചികിത്സ, തൊഴില്‍ എന്നിവ ഏര്‍പ്പെടുത്തുന്നതിനായാണ് തുക. നവംബര്‍മുതല്‍ കേരളത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി സോഷ്യല്‍ ഓഡിറ്റിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീകള്‍വഴി നടത്തും. അധികാരവികേന്ദ്രീകരണത്തിന്റെ രൂപീകരണശക്തിയാകാനും വികസനപ്രക്രിയയില്‍ പങ്കാളികളാകാനും കുടുംബശ്രീകള്‍വഴി സ്‌ത്രീകള്‍ക്കു കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കക്ഷിരാഷ്ട്രീയഭേദമില്ലാതെ കേരളത്തിന്റെ വികസനപ്രക്രിയയില്‍ സ്‌ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തിയത് കുടുംബശ്രീകളാണെന്ന് മന്ത്രി പി കെ ശ്രീമതി പറഞ്ഞു. സ്‌ത്രീകളുടെ അന്തസ്സും പൊതുസമൂഹത്തില്‍ അവരുടെ പദവിയും ഉയര്‍ത്തുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ നിരവധി ക്ഷേമപദ്ധതികളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. പെന്‍ഷന്‍ 110 രൂപയില്‍നിന്ന് 300 രൂപയായി ഉയര്‍ത്തിയതും ആശ്വാസ് കിരൺ പദ്ധതിയുമെല്ലാം ഇതിന്റെ ഭാഗമാണ്. യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് താമസസൌകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഷെല്‍ട്ടറുകള്‍ നിര്‍മിക്കാന്‍ മൂന്നുലക്ഷം രൂപവരെ അനുവദിക്കും. മൂന്നു സെന്റ് സ്ഥലമെങ്കിലും ലഭ്യമാക്കിയാല്‍ ഈ തുക മറ്റു നിബന്ധനകളൊന്നുമില്ലാതെ കൈമാറാന്‍ ഒരുക്കമാണെന്നും മന്ത്രി പറഞ്ഞു. പ്രൊഫ. പി കെ രവീന്ദ്രന്‍, ലിഡ ജേക്കബ് , പ്രൊഫ. എന്‍ രമാകാന്തന്‍, ലീലാ മേനോന്‍ എന്നിവര്‍ സംസാരിച്ചു. കുടംബശ്രീ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാരദ മുരളീധരന്‍ അധ്യക്ഷയായി.

കിണര്‍ കുഴിക്കാനും ഇനി പെണ്‍പട

മുപ്പതടി ആഴമുള്ള കിണറിലേക്ക് കയറില്‍ തൂങ്ങി രമണിയും ലക്ഷ്‌മിയും തങ്കമ്മയും ഓമനയും ഇറങ്ങുമ്പോള്‍ കാഴ്ചക്കാര്‍ക്ക് അത്ഭുതം തോന്നും. പേടിയും. എന്നാല്‍ ഇവര്‍ക്ക് തെല്ലും ഭയമില്ല. ഇവര്‍ പിക്കാസും തൂമ്പയുമേന്തി മണ്ണ്കുഴിക്കും. മണ്ണുവലിച്ചുകയറ്റാനും പെണ്‍പടതന്നെ. കുടിവെള്ളത്തിനായി കിണര്‍കുഴിക്കാന്‍ ആളെക്കിട്ടാതെ ഇനി വിഷമിക്കേണ്ട. എത്ര ആഴത്തിലുള്ള കിണര്‍ കുഴിക്കാനും ഈ പെണ്‍സംഘം തയ്യാറാണ്. ഇതിനകം നാലുകിണര്‍ ഇവര്‍ പൂര്‍ത്തിയാക്കി.

തൃക്കൂര്‍ പഞ്ചായത്തിലെ നാലാംവാര്‍ഡിലെ നാല്‍പ്പതോളം സ്‌ത്രീകളാണ് കിണര്‍ കുഴിക്കാന്‍ രംഗത്തെത്തിയത്. തൃക്കൂര്‍ തെക്കൂട്ട് സതീശന്റെ ഭാര്യ ഓമന, വിയ്യത്ത് സുനിലിന്റെ ഭാര്യ ലക്ഷ്മി, കുഴിച്ചാമഠത്തില്‍ രമണി, പാണ്ടിപറമ്പില്‍ കൃഷ്ണന്റെ ഭാര്യ തങ്കമണി, പാണ്ടിപറമ്പില്‍ രമണി എന്നിവരാണ് കിണറ്റിലിറങ്ങിയത്. ശാന്ത, എല്‍സി, ഫിലോമിന, ഓമന, ഇന്ദിര, വസന്ത, ജോയ്സി, ഷീബ, വത്സല തുടങ്ങിയവര്‍ മണ്ണുവലിച്ചുകയറ്റാനും മറ്റും സഹായിക്കും. പഞ്ചായത്തിലെ ദേശീയ തൊഴിലുറപ്പ് പദ്ധതികാര്‍ഡുള്ള തൊഴിലാളികളായ ഇവര്‍ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള കിണറുകളാണ് കുഴിക്കുന്നത്. പഞ്ചായത്ത് ഫണ്ടുനല്‍കി കുഴിക്കുന്ന കിണറുകള്‍ കുറഞ്ഞ കൂലിനിരക്കിലാണ് ഇവര്‍ കുഴിക്കുന്നത്. എഡിഎസ് രതി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടുടീമുകളായാണ്് പ്രവൃത്തി ഏറ്റെടുക്കുന്നത്. ഇ എം എസ് ഭവന പദ്ധതിയുടെ വീടുകളുടെ തറകോരുന്നതും ഈ സംഘമാണ്. കൂടാതെ ചെറുകിട കര്‍ഷകനെ സഹായിക്കുന്നതിന് തെങ്ങിന്റെ ചുവട് കിളയ്ക്കുക തുടങ്ങിയ പണികളും ഇവര്‍ ചെയ്തുവരുന്നു.

*****

കടപ്പാട്: ദേശാഭിമാനി, കുടുംബശ്രീ വെബ് സൈറ്റ്

എന്‍പിടിയില്‍ ഇന്ത്യ ഒപ്പിടണമെന്ന് യുഎന്‍

ഐക്യരാഷ്ട്രകേന്ദ്രം: ആണവപരീക്ഷണ നിരോധനകരാറുകളില്‍ ഇന്ത്യ ഒപ്പിടണമെന്ന് യുഎന്‍ ആണവനിര്‍വ്യാപന അവലോകന സമ്മേളനം. അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഇത്തരമൊരു പ്രമേയം തയ്യാറാക്കി ഇന്ത്യയുടെ പേര് ഉള്‍പ്പെടുത്തിയത്. സമ്മേളനം തയ്യാറാക്കിയ അന്തിമ കരടുപ്രമേയത്തില്‍ പാകിസ്ഥാനോടും ഇസ്രയേലിനോടും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പതിവില്‍നിന്ന് വ്യതിചലിച്ചാണ് ഇത്തവണ പ്രമേയത്തില്‍ രാജ്യങ്ങളുടെ പേര് പരാമര്‍ശിച്ചത്. മുന്‍കാലങ്ങളില്‍ ആണവനിര്‍വ്യാപനത്തിന് പൊതുവായ ആഹ്വാനം മാത്രമാണ് യുഎന്‍ സമ്മേളനം നല്‍കിയിരുന്നത്. അമേരിക്കയുടെ നേതൃത്വത്തില്‍ പാശ്ചാത്യരാജ്യങ്ങള്‍ തയ്യാറാക്കിയ പ്രമേയത്തില്‍ ബോധപൂര്‍വം ഇന്ത്യയുടെയും മറ്റും പേര് ഉള്‍പ്പെടുത്തുകയായിരുന്നു.

ഇന്ത്യ-അമേരിക്ക ആണവകരാര്‍പ്രകാരമുള്ള ഇടപാടുകള്‍ മുന്നോട്ടുനീങ്ങാന്‍ ഇന്ത്യ ആണവനിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പിടണമെന്ന് അമേരിക്ക പലതലങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. യുഎന്‍ സമ്മേളനവേദിയെ കരുവാക്കി ഇന്ത്യയെക്കൊണ്ട് ആണവനിര്‍വ്യാപന കരാറില്‍ ഒപ്പിടുവിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി ഇന്ത്യ ഒപ്പിട്ടുവെന്ന ആരോപണം ഒഴിവാക്കാനും ഇതുവഴി സാധിക്കും. ആണവനിര്‍വ്യാപന ശ്രമങ്ങളിലെ പുരോഗതി വിലയിരുത്താന്‍ അഞ്ചുവര്‍ഷത്തിലൊരിക്കലാണ് യുഎന്‍ സമ്മേളനം ചേരുന്നത്. മെയ് മൂന്നിന് ആരംഭിച്ച നടപ്പുസമ്മേളനം 28നാണ് സമാപിക്കുക. 2005ല്‍ ചേര്‍ന്ന സമ്മേളനം ലക്ഷ്യം നേടുന്നതില്‍ പരാജയപ്പെട്ടിരുന്നു. കാലതാമസം വരുത്താതെയും നിരുപാധികമായും ആണവനിര്‍വ്യാപന കരാറിലും (എന്‍പിടി) സമഗ്ര ആണവപരീക്ഷണ നിരോധന ഉടമ്പടിയിലും (സിടിബിടി) ഒപ്പിടാനാണ് കരടുപ്രമേയം ആവശ്യപ്പെടുന്നത്. ഇന്ത്യയും പാകിസ്ഥാനും ആണവപരീക്ഷണങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്നും പ്രമേയത്തില്‍ പറയുന്നു.

1970 മാര്‍ച്ച് അഞ്ചിന് നിലവില്‍വന്ന എന്‍പിടി വിവേചനപരമാണെന്നാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. എന്‍പിടിയിലും സിടിബിടിയിലും ഒപ്പിടുന്നത് ആണവോര്‍ജമേഖലയില്‍ ഇന്ത്യയുടെ പരമാധികാരം നഷ്ടപ്പെടുത്തും. തനതായ ആണവപരീക്ഷണങ്ങള്‍ക്കോ ഇന്ധനസമ്പുഷ്ടീകരണത്തിനോ കഴിയാതാകും. ആണവരംഗത്ത് മുന്‍കൂട്ടി ആധിപത്യം നേടിയ ശക്തികളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് ഇന്ത്യക്ക് നീങ്ങേണ്ടിവരും. എന്‍പിടിയില്‍ ഒപ്പിടാത്ത ഇന്ത്യക്ക് ആണവസാമഗ്രികള്‍ നല്‍കുന്നതിനെ ആണവവിതരണ രാജ്യങ്ങളുടെ ഗ്രൂപ്പ് (എന്‍എസ്ജി) എതിര്‍ത്തിരുന്നു. എന്നാല്‍, അമേരിക്ക ഇടപെട്ട് ഇന്ത്യക്ക് ഇളവ് നല്‍കുകയായിരുന്നു. ഭാവിയില്‍ ഇന്ത്യയെ എന്‍പിടിയില്‍ അംഗമാക്കാമെന്ന് എന്‍എസ്ജിക്ക് അമേരിക്ക നല്‍കിയ ഉറപ്പില്‍നിന്നാണ് ഇപ്പോഴത്തെ യുഎന്‍ പ്രമേയത്തിന്റെ പിറവി. യുഎന്‍ സമ്മേളനം പ്രമേയം അംഗീകരിച്ചാലും എന്‍പിടിയില്‍ ഒപ്പിടാന്‍ ഇന്ത്യക്ക് നിയമപരമായി ബാധ്യതയുണ്ടാകില്ല. എന്നാല്‍, യുഎന്‍ പ്രമേയം ചൂണ്ടിക്കാട്ടി അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങള്‍ക്കും എന്‍എസ്ജി രാജ്യങ്ങള്‍ക്കും ഇന്ത്യയുടെമേല്‍ സമ്മര്‍ദം ശക്തിപ്പെടുത്താനാകും. ഈ സാഹചര്യത്തില്‍, അമേരിക്കയുമായുള്ള ആണവകരാര്‍ ഇന്ത്യക്കുമേല്‍ ഭീഷണിയായി ഉരുണ്ടുകൂടുകയാണ്. ഇസ്രയേലിനും പാകിസ്ഥാനും ആണവസാമഗ്രികള്‍ നല്‍കുന്നതിനെയും എന്‍എസ്ജി എതിര്‍ത്തുവരികയാണ്. ഇവരുടെ കാര്യത്തിലും അമേരിക്ക ഉദ്ദേശിച്ച കാര്യം നടത്താനാണ് യുഎന്‍ പ്രമേയംവഴി ലക്ഷ്യമിടുന്നത്.

*
കടപ്പാട്: ദേശാഭിമാനി