Friday, May 14, 2010

ജനകീയ സംസ്‌ക്കാരത്തിനായി തുടരുന്ന പോരാട്ടം

പുരോഗമനസാഹിത്യപ്രസ്ഥാനം പോരാട്ടങ്ങളുടെ എഴുപതുവര്‍ഷം പിന്നിടുന്നു. മലയാളിയുടെ ജീവിതത്തിലും സാഹിത്യത്തിലും സംസ്‌ക്കാരത്തിലും ആ പോരാട്ടങ്ങള്‍ വരുത്തിയ മാറ്റം ചെറുതല്ല. കേരളത്തെ ചരിത്രവല്‍ക്കരിച്ചുനോക്കിയാല്‍ നമുക്കത് മനസ്സിലാകും. പാളയില്‍ കഞ്ഞികുടിക്കില്ല, തമ്പ്രാനെന്നു വിളിക്കില്ല ................. പാളയില്‍ കഞ്ഞികുടിപ്പിക്കും, തമ്പ്രാനെന്നു വിളിപ്പിക്കും - അമ്പതുവര്‍ഷം മുമ്പ് കേരളത്തില്‍ ഏറ്റുമുട്ടിയ രണ്ട് ആശയങ്ങളാണ് ഈ മുദ്രാവാക്യത്തില്‍ മുഴങ്ങുന്നത്.

ഇന്ന് തമ്പ്രാന്‍-അടിയന്‍ തുടങ്ങിയ പ്രയോഗങ്ങള്‍തന്നെ സമൂഹത്തില്‍നിന്ന് മാറ്റിയെടുക്കാന്‍ സമരങ്ങള്‍വഴി സാധിച്ചിട്ടുണ്ട്. സമരങ്ങളാണ് കേരളീയ ജീവിതത്തെ നവീകരിച്ചതും മുന്നോട്ടുനയിച്ചതും. എഴുത്തുകാര്‍ ഈ സമരങ്ങള്‍ക്ക് ആവേശം പകര്‍ന്നു. എഴുത്തുകാര്‍ക്ക് സമരങ്ങള്‍ നല്‍കിയ ഊര്‍ജവും വലുതായിരുന്നു.

രാജാവും രാജ്ഞിയും ജന്മിയും പ്രഭുവുംമാത്രം നിറഞ്ഞുനിന്ന സാഹിത്യരംഗത്ത് സാധാരണമനുഷ്യരെ കഥാപാത്രങ്ങളാക്കാന്‍ പുരോഗമന സാഹിത്യകാരന്മാര്‍ക്ക് കഴിഞ്ഞു. കീഴാളജീവിതത്തിന് സാഹിത്യത്തില്‍ ഇടംകിട്ടിയതും തോട്ടിയും തോട്ടിയുടെ മകനും കുട്ടനാട്ടെ കര്‍ഷകത്തൊഴിലാളിയും കഥാപാത്രങ്ങളായി കൃതികളുണ്ടായതും ഈ പ്രസ്ഥാനത്തിന്റെ കരുത്തുകൊണ്ടാണ്. മനുഷ്യപക്ഷത്തുനിന്നെഴുതാന്‍ എഴുത്തുകാര്‍ക്ക് പുരോഗമനസാഹിത്യം ആവേശം നല്‍കി.

സാഹിത്യവും കലയും എല്ലാം സാമൂഹ്യപ്രയോഗമാണെന്ന് സ്ഥാപിക്കാന്‍ കഴിഞ്ഞു. കൃതിയെപ്പോലെ പ്രധാനമാണ് അതെഴുതപ്പെട്ട സാമൂഹ്യസാഹചര്യമെന്ന് എഴുത്തുകാരെ ഈ പ്രസ്ഥാനം ബോധ്യപ്പെടുത്തി. മലയാളസാഹിത്യത്തെ മനുഷ്യവല്‍ക്കരിച്ചത് പുരോഗമനസാഹിത്യമാണ്.

ഭാഷ എന്നാല്‍ സവര്‍ണഭാഷ എന്ന സ്ഥിതി മാറ്റി ഭാഷയെ ജനാധിപത്യവല്‍ക്കരിക്കാനും സാധാരണക്കാരന്റെ ചിന്തകള്‍ക്കും പ്രയോഗങ്ങള്‍ക്കും സാഹിത്യത്തില്‍ ഇടം കണ്ടെത്താനും സാധിച്ചു. എഴുത്തുകാരോട് കഷ്ടപ്പെടുന്നവരുടെ ഭാഗത്തുനില്‍ക്കാന്‍ പുരോഗമനസാഹിത്യപ്രസ്ഥാനം നടത്തിയ അഭ്യര്‍ഥന ഫലം കണ്ടു.

ചൂഷണവ്യവസ്ഥയ്ക്കെതിരെ ധാരാളം കൃതികള്‍ മലയാളത്തിലുണ്ടായി. പുരോഗമനസാഹിത്യം ഉയര്‍ത്തിപ്പിടിച്ച മാനവികത യാഥാസ്ഥിതികരായ എഴുത്തുകാരെപ്പോലും സ്വാധീനിച്ചു. ചരിത്രം സാമൂഹ്യപോരാട്ടങ്ങൾ ‍കൊണ്ടുനിറഞ്ഞതാണെന്നും ഈ സമരത്തില്‍ എഴുത്തുകാര്‍ക്ക് ദുഃഖിതന്റെ പക്ഷത്തുനില്‍ക്കാനേ കഴിയൂവെന്നും ഈ പ്രസ്ഥാനം എല്ലാവരെയും ഓര്‍മിപ്പിച്ചു.

ഇന്നും അത്തരം പോരാട്ടങ്ങള്‍ കരുത്തോടെ തുടരുകയാണ്. പുരോഗമനപ്രസ്ഥാനങ്ങള്‍ രൂപംകൊണ്ട കാലത്തേക്കാള്‍ ദുരൂഹവും ആച്ഛാദിതവുമായ രൂപങ്ങളിലാണ് പ്രതിലോമരാഷ്‌ട്രീയവും അധിനിവേശതന്ത്രങ്ങളും അവയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് രൂപപ്പെടുത്തുന്നത്. സമൂഹത്തെ അരാഷ്‌ട്രീയവല്‍ക്കരിക്കാനുള്ള പ്രചാരണതന്ത്രങ്ങള്‍ ശക്തമാണ്. സാമ്രാജ്യത്വവും രാഷ്‌ട്രീയവും സൈനികവുമായ ഒരു കര്‍മപദ്ധതി മാത്രമല്ല സാംസ്‌ക്കാരികമായ അധിനിവേശയജ്ഞം കൂടിയാണ്. സംസ്‌ക്കാരംതന്നെ സാമ്രാജ്യത്വമാണ് എന്ന അവസ്ഥ സംജാതമായിക്കൊണ്ടിരിക്കെ അധിനിവേശത്തിലേക്കു നയിക്കുന്ന മാനസികമായ അടിമത്തത്തിന്റെ അടയാളങ്ങളെ യുക്തിചിന്തകൊണ്ടും വര്‍ഗീയനിലപാടുകള്‍കൊണ്ടും ചെറുത്തുതോല്‍പ്പിക്കേണ്ടതായിട്ടുണ്ട് ''. (പു.ക.സ തിരുവനന്തപുരം നയരേഖ)

ഈ പരാമര്‍ശങ്ങള്‍ ഇന്ന് ഏറെ പ്രസക്തമാണ്. വംശീയയുദ്ധങ്ങളും വര്‍ഗീയകലാപങ്ങളും വ്യാപിച്ചുകൊണ്ടിരിക്കെ മാക്സിംഗോര്‍ക്കിയുടെ ആ പഴയചോദ്യം വീണ്ടും പ്രസക്തമാകുന്നു: 'എഴുത്തുകാരേ നിങ്ങള്‍ ഏതുചേരിയില്‍? ഫാസിസത്തിന്റെയും യുദ്ധത്തിന്റെയും ചേരിയിലോ അതോ ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും ഭാഗത്തോ?

ആഗോളനാഗരികത മനുഷ്യസമൂഹത്തെ കാടത്തത്തിലേക്കാണോ നയിക്കുന്നതെന്ന സംശയം ഉയരുന്ന കാലമാണിത്. ഹിംസ, പക, വിദ്വേഷം, അസഹിഷ്ണുത, സംശയം, അരക്ഷിതബോധം - ഇതെല്ലാം മനുഷ്യനെ അതിവേഗം കീഴടക്കുകയാണ്.

'മനുഷ്യഹൃദയങ്ങളുടെ എന്‍ജിനിയര്‍മാരാകേണ്ട കലാകാരന്മാ'രില്‍ പലരും ഇന്ന് പകച്ചുനില്‍ക്കുകയാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം പുതിയ ചില സിദ്ധാന്തങ്ങള്‍ പൊട്ടിമുളയ്ക്കുകയുണ്ടായി. പ്രത്യയശാസ്‌ത്രത്തിന്റെ അന്ത്യം, ചരിത്രത്തിന്റെ അന്ത്യം, സംസ്‌ക്കാരങ്ങളുടെ സംഘര്‍ഷം എന്നീ ആശയങ്ങള്‍ മാര്‍ക്സിസത്തിനെതിരെ ചില ബുദ്ധിജീവികള്‍ കൊണ്ടുവന്നു. പക്ഷേ അവരെയെല്ലാം ഞെട്ടിച്ചുകൊണ്ട് ആഗോളസാമ്പത്തികക്കുഴപ്പം പൊട്ടിപ്പുറപ്പെട്ടു. മുതലാളിത്ത അഹന്തയ്ക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു ഈ സാമ്പത്തികത്തകര്‍ച്ച. ഇതോടെ മാര്‍ക്സിസത്തിനെതിരെ കൊണ്ടുവന്ന വികലദര്‍ശനങ്ങള്‍ അല്‍പ്പായുസ്സുകളായിത്തീര്‍ന്നു.

ലോകം ഇപ്പോള്‍ മാര്‍ക്സിനെ വീണ്ടും വായിക്കുന്ന കാഴ്ച നമുക്കുകാണാം. മുതലാളിത്തത്തെ വിലയിരുത്താനും മാറ്റാനും മാര്‍ക്സിസമല്ലാതെ മറ്റ് രീതിശാസ്‌ത്രങ്ങളൊന്നുമില്ലെന്ന് ഇന്ന് കൂടുതല്‍ വ്യക്തമായിരിക്കുന്നു.

ജനങ്ങളുടെ ദുരിതത്തെയും അരക്ഷിതാവസ്ഥയെയും മുതലെടുത്ത് മതമൌലികവാദികളും നവഫാസിസ്‌റ്റ് സംഘടനകളും രംഗപ്രവേശം ചെയ്യുന്നുണ്ട്. മുതലാളിത്ത വികസനനയങ്ങളാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന തിരിച്ചറിവ് ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കുന്നതിനാണ് ഇവരുടെയൊക്കെ ശ്രമം. ചില ബുദ്ധിജീവികളും മുതലാളിത്തമാധ്യമങ്ങളും പ്രതിലോമരാഷ്‌ട്രീയവും പയറ്റുന്നതും ഇതേ തന്ത്രങ്ങളാണ്.

ജനങ്ങളാകട്ടെ അവരുടെ ഭീതിയും ആശങ്കകളും തരണംചെയ്യാന്‍ നവഭക്തിപ്രസ്ഥാനങ്ങളിലേക്കും മതാഘോഷങ്ങളിലേക്കും തിരിയുന്നു. കേരളത്തിന്റെ മതനിരപേക്ഷമനസ്സും സംസ്‌ക്കാരവും രാഷ്‌ട്രീയമായും സാംസ്‌ക്കാരികമായും ഇന്ന് വെല്ലുവിളികള്‍ നേരിടുകയാണ്.

വിദ്യാഭ്യാസം, അറിവ്, സംസ്‌ക്കാരം, സാഹിത്യം, കല എന്നിവയെ മതത്തിന്റെ ഉരുക്കുമുഷ്ടിയില്‍നിന്ന് മോചിപ്പിച്ച് സ്‌റ്റേറ്റിന്റെയും ജനസമൂഹത്തിന്റെയും പൊതുസ്വത്താക്കിയത് നവോത്ഥാനകാലമാണ്. അവയെ വീണ്ടും കൈപ്പിടിയിലൊതുക്കാന്‍ ഛിദ്രശക്തികള്‍ ശ്രമിക്കുമ്പോള്‍ തകര്‍ന്നുപോകുന്നത് ജനാധിപത്യവ്യവസ്ഥയാണ്. പ്രസിദ്ധചിത്രകാരന്‍ എം എഫ് ഹുസൈന്‍ ഇന്ത്യ വിട്ടുപോയി ഖത്തറില്‍ പൌരത്വം സ്വീകരിക്കേണ്ടിവന്ന സംഭവം ഇന്ത്യന്‍ മതേതരത്വത്തിനേറ്റ തീരാകളങ്കമാണ്.

മാധ്യമലോകത്തിന്റെ വലതുപക്ഷവല്‍ക്കരണം അപകടകരമായ ദിശയിലേക്ക് വളര്‍ന്നുകഴിഞ്ഞു. പൊതുജനങ്ങളുടെ നാവായി പ്രവര്‍ത്തിച്ചിരുന്ന മാധ്യമങ്ങള്‍ ഇന്ന് മൂലധനത്തിന്റെ നാവായി മാറിയിരിക്കുന്നു. പത്രങ്ങളെയും പത്രപ്രവര്‍ത്തകരെയും മൂലധനശക്തികള്‍ വിലയ്ക്കെടുക്കുന്നു. മാധ്യമങ്ങള്‍ അധികാരകേന്ദ്രങ്ങളായി മാറുകയാണ്. വാര്‍ത്തകളെ ചരക്കുകളാക്കി വിപണിവല്‍ക്കരിക്കുന്ന മാധ്യമ മുതലാളിത്തമാണ് ഇന്ന് നമ്മള്‍ കാണുന്നത്. ലോകരാജ്യങ്ങളിലെ ചില്ലറ വില്‍പ്പനശാലകളെ കൈയടക്കി കുത്തകവല്‍ക്കരിക്കുന്നതുപോലെ പ്രാദേശികപത്രങ്ങളെയും ചാനലുകളെയും മാധ്യമഭീകരന്മാര്‍ വിഴുങ്ങി കുത്തകവല്‍ക്കരിക്കുന്നു. മുതലാളിത്തവ്യവസ്ഥയെ അനുകൂലിക്കുന്നവരെ താരങ്ങളാക്കാനും എതിര്‍ക്കുന്നവരെ അപവദിച്ച് കരിക്കട്ടകളാക്കാനുമുള്ള ഹീനശ്രമമാണ് കുത്തകമാധ്യമങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ മാനവികതയിലൂന്നിയ ബദല്‍ മാധ്യമസംസ്‌ക്കാരം വളര്‍ത്തിയെടുക്കേണ്ടതുണ്ട്.

ജര്‍മന്‍ഭാഷയെ അശുദ്ധമാക്കിക്കൊണ്ടാണ് ഹിറ്റ്ലര്‍ ജര്‍മന്‍ജനതയുടെ അവബോധത്തെ കീഴടക്കിയത്. അതുപോലെ മലയാളഭാഷയെ ഇന്ന് പ്രതിലോമശക്തികള്‍ ദുഷിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. ടെലിവിഷന്‍ ചാനലുകളിലൂടെ നമ്മുടെ വീട്ടിലേക്ക് കയറിവരുന്ന ആഗോളമുതലാളിത്തവും അതിന്റെ കലാരൂപങ്ങളും നമ്മുടെ ഗൃഹഭാഷയെയും കുടുംബബന്ധങ്ങളെയും ജീവിതശൈലിയെയും താറുമാറാക്കിക്കൊണ്ടിരിക്കുകയാണ്. കൊച്ചുകുട്ടികള്‍ മാതാപിതാക്കളില്‍നിന്നും മാതൃഭാഷയായ ഗൃഹഭാഷ അഭ്യസിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ചാനലിലെ വഷളന്‍ഭാഷ സ്വായത്തമാക്കുന്നു. വളര്‍ന്നുവരുന്ന തലമുറയുടെ ഭാഷയെയും ബോധത്തെയും വികലമാക്കുന്നതിലൂടെ അവരുടെ സാമൂഹ്യബോധം വിഘടിച്ചുപോവുകയും അത് സാമൂഹ്യജീവിതത്തിനുതന്നെ ഭീഷണിയായിത്തീരുകയും ചെയ്യുന്നു.

സാംസ്‌ക്കാരികമൂലധനം (Cultural Capitalism) ഇന്ന് സാംസ്‌ക്കാരിക മേഖലയെ ആകമാനം അതിന്റെ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. പത്രമാസികകള്‍, ദൃശ്യമാധ്യമങ്ങള്‍, സിനിമ, ടെലിവിഷന്‍, ഇന്റര്‍നെറ്റ്, ബ്ളോഗ്, സാഹിത്യരൂപങ്ങളായ കഥ, കവിത, നാടകം തുടങ്ങിയ രംഗങ്ങളിലെല്ലാം ഇടതുപക്ഷവിരോധജ്വരം ജ്വലിപ്പിക്കാനാണ് മുതലാളിത്തം ശ്രമിക്കുന്നത്.

സ്വത്വപഠനങ്ങളും കീഴാളവര്‍ഗപഠനങ്ങളും ദിശമാറി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. സ്വത്വരാഷ്‌ട്രീയം, തീവ്രരാഷ്‌ട്രീയനിലപാടുകളിലേക്കും ഭീകരപ്രവര്‍ത്തനങ്ങളിലേക്കും മാറുകയാണ്. അവരുടെയും ആക്രമണലക്ഷ്യം ആത്യന്തികമായി ഇടതുപക്ഷരാഷ്‌ട്രീയമാണ്.

പരിസ്ഥിതിനാശവും വനമേഖലയിലെ മാഫിയ കടന്നുകയറ്റവും സംസ്‌ക്കാരവിരുദ്ധവും ആവാസവിരുദ്ധവുമായ പ്രവണതകളായി മാറുന്നു. അതുണര്‍ത്തിവിടുന്ന മാഫിയാസംഘങ്ങളുടെ ഹിംസാത്മകമായ മനോഭാവം പ്രകൃതിക്കുതന്നെ ഭീഷണിയാകുന്നു.

സാഹിത്യവും കലയും നല്ല മലയാളവും രണ്ടാംസ്ഥാനത്തേക്ക് തള്ളപ്പെടുകയും താരപരിവേഷപരിപാടികളും ചാനല്‍കലകളും ദുഷിച്ച ചാനല്‍മലയാളവും പ്രഥമസ്ഥാനത്തേക്കുയര്‍ത്തി ഗൃഹസദസ്സുകളില്‍ നിറയ്‌ക്കുകയുമാണ് മുതലാളിത്തം ചെയ്തുകൊണ്ടിരിക്കുന്നത്. നമ്മുടെ ജീവതംപോലും മറ്റാരോ സ്പോൺസര്‍ ചെയ്യുന്ന പ്രതീതി. സംസ്‌ക്കാരം ഇന്ന് സംസ്‌ക്കാരവ്യവസായ (culture Industry)മായി മാറിയിരിക്കുന്നു.

സംസ്‌ക്കാരത്തിന്റെ മേഖല ഉപയോഗിച്ച് പ്രതിലോമആശയങ്ങളും മതമൌലികചിന്തകളും പ്രചരിപ്പിക്കാന്‍ നടക്കുന്ന നീക്കങ്ങളെ ശക്തമായി ചെറുത്തുതോല്‍പ്പിക്കുകയാണ് സാംസ്‌ക്കാരികപ്രവര്‍ത്തകരുടെ കടമ. ആശയരംഗത്ത് പ്രതിരോധത്തിന്റെയും പ്രത്യാക്രമണത്തിന്റെയും കരുത്ത് വര്‍ധിപ്പിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് ഇന്ന് ആവശ്യം.

****
പ്രൊഫ. വി എന്‍ മുരളി, കടപ്പാട് : ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളനം കൊല്ലത്തു വച്ച് നടക്കുകയാണ്. ഇതോടനുബന്ധിച്ച് സംഘം സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി എഴുതിയ ലേഖനം

Anonymous said...

'എഴുത്തുകാരേ നിങ്ങള്‍ ഏതുചേരിയില്‍? ഫാസിസത്തിന്റെയും യുദ്ധത്തിന്റെയും ചേരിയിലോ അതോ ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും ഭാഗത്തോ?

മാറ്‍ക്സിസ്റ്റ്‌ പാറ്‍ട്ടി നാടു ഭരിക്കുമ്പോള്‍ ഇവിടെ ഒരു എഴുത്തു കാരനും ജീവനില്ല പ്റതികരണ ശേഷി ഇല്ല മുകുന്ദനും മറ്റും പാറ്‍ട്ടിയുടെ കുഴലൂത്തുകാരനായി മാറി കേശവണ്റ്റെ വിലാപങ്ങള്‍ പോലെ ഒരു പിന്തിരിപ്പന്‍ നോവല്‍ എഴുതിയ മുകുന്ദന്‍ സീ പീ എം ഭരിക്കുമ്പോള്‍ അക്കാദമി അധ്യക്ഷനായത്‌ നിഗൂഡമായിരിക്കുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ളയും സക്കറിയായും മാത്റമാണു ഇപ്പോള്‍ എന്തിനെ പറ്റി എങ്കിലും എന്തെങ്കിലും പ്റതികരിക്കുന്നത്‌, തിലകന്‍ പ്റശ്നത്തില്‍ അഴീക്കോടും ഇടപെട്ടു, ഇവ ഒഴിച്ചു നിറ്‍ത്തിയാല്‍ ഇവിടെ സാഹിത്യകാരന്‍മാരും ബുധിജീവികളൂം ഉണ്ടോ എന്നു മഷി ഇട്ട്‌ നോക്കണം ഭരണം മാറുമ്പോള്‍ ഇവരെല്ലാം ജീവിച്ചിരിപ്പുണ്ടെന്നു കാണാന്‍ കഴിയും എന്നു വിശ്വസിക്കാം