നുണനിര്‍മാണത്തിന്റെയും വ്യക്തിഹത്യയുടെയും ഏറ്റവും ഹീനമായ പ്രചാരവേലയുടെ അപമാനകരമായ ഉദാഹരണമായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷത്തിലധികമായി കേരളത്തില്‍ ലാവലിന്റെ പേരില്‍ നടന്നത്. പിണറായി വിജയനും സിപിഐ എമ്മിനുമെതിരായി മാധ്യമനേതൃത്വത്തില്‍ ഒരു സംഘം നടത്തിയ പ്രചാരവേല പ്രസ്ഥാനത്തെ തകര്‍ക്കുകയെന്ന ഏകലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു. ഇത്രയും ഹീനമായി മാധ്യമങ്ങള്‍ ആക്രമിച്ച മറ്റൊരു നേതാവും പിണറായിയെപ്പോലെ കേരളത്തില്‍ ഉണ്ടാവില്ല. ഒന്നിനു പിറകെ ഒന്നായി മാധ്യമങ്ങള്‍ നുണകള്‍ തുടര്‍ച്ചയായി നിര്‍മിച്ചുകൊണ്ടിരുന്നു. ഒരു നുണ തകര്‍ന്നുവീഴുമ്പോള്‍ അങ്ങനെയൊന്നു തങ്ങളുടെ ശ്രദ്ധയില്‍പ്പോലുംപെട്ടില്ലെന്ന മട്ടില്‍ മറ്റൊന്നിന്റെ ആഘോഷം അവര്‍ തുടങ്ങിയിരിക്കും. മനുഷ്യന് മറവി അധികമാണ്. മലവെള്ളപ്പാച്ചില്‍പോലെ ഒന്നിനു പിറകെ ഒന്നായി കഥകള്‍ തുറന്നുവിടുമ്പോള്‍ പഴയതിനു എന്തു സംഭവിച്ചെന്ന് ഓര്‍ക്കാന്‍ ജനത്തിനു നേരമുണ്ടാകില്ലെന്ന ധാരണയാണ് അപവാദവ്യവസായികള്‍ക്ക്.
വരദാചാരിയുടെ തലപരിശോധനയുടെ കഥയും സിബിഐ അഡ്വക്കറ്റ് ജനറലിന്റെ ഫോണ്‍ ചോര്‍ത്തിയ കഥയും ഒരു കേന്ദ്രത്തില്‍ തയ്യാറാക്കിയ തിരക്കഥയായിരുന്നെന്ന് വസ്‌തുതകള്‍ സഹിതം പുറത്തുവന്നപ്പോഴും ഒരിടത്തും ഒരു തിരുത്തുപോലുമില്ലായിരുന്നു. വരദാചാരിയുടെ തലപരിശോധന വാര്‍ത്ത നല്‍കിയ പത്രങ്ങള്‍ പണ്ട് ഇതേ വിഷയത്തില്‍ നല്‍കിയ വാര്‍ത്തയടക്കം പുറത്തുവന്നപ്പോഴും അത് കണ്ടമട്ട് നടിച്ചില്ല മാധ്യമങ്ങള്‍. എന്നാല്‍, ഇങ്ങനെ തകര്‍ന്നു വീണ നുണകളെ അടിസ്ഥാനമാക്കാന്‍ സിബിഐപോലും തുനിയുമെന്ന അമ്പരപ്പിക്കുന്ന പുതിയ പാഠവും ലാവലിന്‍ നല്‍കി.
കുറെക്കാലമായി മാധ്യമങ്ങള്‍ നടത്തിവന്ന നുണപ്രചാരവേലയുടെ അടിത്തറയിളക്കുന്ന വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം സിബിഐ കോടതിയിലുണ്ടായത്. ലാവലിന്‍ കേസില്‍ പിണറായി അഴിമതി നടത്തിയതിനു തെളിവൊന്നുമില്ലെന്ന് അസന്ദിഗ്ധമായി സിബിഐ വ്യക്തമാക്കി. യഥാര്‍ഥത്തില്‍ നേരത്തെ നല്‍കിയ റിപ്പോര്‍ട്ടിലും പിണറായി അഴിമതി നടത്തിയതിന് തെളിവൊന്നുമില്ലെന്ന കാര്യം സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. അതെല്ലാം വിശദമായി പഠിച്ചായിരിക്കും അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാരിനു നിയമോപദേശം നല്‍കിയിട്ടുണ്ടാവുക. അതൊന്നും കണക്കിലെടുക്കാതെ ആരോ ചിലരുടെ താല്‍പര്യാര്‍ഥം പിണറായിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിനു അനുമതി നല്‍കിയ ഗവര്‍ണര്‍ ഗവായിയും ഇതോടെ പ്രതിക്കൂട്ടിലായി. ഒരുതരത്തിലുള്ള അഴിമതിയും നടത്തിയിട്ടില്ലാത്ത പിണറായിയെ തകര്‍ക്കുന്നതിനായി പ്രചാരവേല നടത്തിയ സംഘം സമൂഹത്തിന്റെ മുമ്പാകെ തെറ്റ് ഏറ്റുപറയേണ്ട സന്ദര്‍ഭമാണിത് എന്നാണ് പല ശുദ്ധാത്മാക്കളും കരുതിയത്.
എന്നാല്‍, കേരളത്തിലെ അച്ചടി/ദൃശ്യമാധ്യമങ്ങള്‍ എങ്ങനെയാണ് ഈ പ്രശ്നം അവതരിപ്പിച്ചതെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. നുണപ്രചാരവേല നടത്തിയ ഒരു പത്രവും ഈ തുറന്നുകാണിക്കല്‍ പ്രധാന ലീഡ് വാര്‍ത്തയായി അവതരിപ്പിച്ചില്ല. സിബിഐ കോടതിയില്‍ പിണറായി ഹാജരായ ദിവസം ഓരോ ചാനലും എത്ര യൂണിറ്റുകളാണ് കോടതി വളപ്പിലേക്ക് അയച്ചത്. തത്സമയ സംപ്രേഷണം നടത്തിയവര്‍ ആരും ഈ വെളിപ്പെടുത്തലിനു അതിന്റെ നൂറിലൊന്നു പ്രാധാന്യംപോലും നല്‍കിയില്ല. പിണറായിയെ വേട്ടയാടുകയെന്ന പുതിയ ബീറ്റ് നല്‍കിയ ചാനലുകളിലെ ന്യൂസ് അവറുകളില്‍ ഈ വാര്‍ത്തക്ക് പ്രധാനവാര്‍ത്തകളിലെ ആദ്യഭാഗത്തൊന്നും ഇടം കിട്ടിയില്ല. ഇത്തരം ചാനലുകളിലൊന്നും ഈ വിഷയത്തെ സംബന്ധിച്ച് പാനല്‍ ചര്‍ച്ചകള്‍ എങ്ങും കണ്ടില്ല. ആസ്ഥാനവിദഗ്ധര്‍ ആരും തന്നെ വിശകലനങ്ങളുമായി രംഗത്തുവന്നില്ല. ഏതു മര്യാദയാണ് ഇവര്‍ പുലര്‍ത്തുന്നത്? ഇവര്‍ നടത്തിക്കൊണ്ടിരുന്ന വേട്ട ഏതു മാധ്യമസ്വാതന്ത്ര്യത്തിന്റെ നിര്‍വചനത്തിലാണ് ഉള്‍പ്പെടുക?
അഴിമതി നിരോധന നിയമമനുസരിച്ച് അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്ന ഒരാള്‍ അഴിമതി നടത്തിയെന്നു സ്ഥാപിക്കണമെങ്കില്‍ കൃത്യമായ വ്യവസ്ഥകളുണ്ട്. 13(1)ഡി വകുപ്പാണ് ഇതു കൈകാര്യം ചെയ്യുന്നത്. അതനുസരിച്ച് അധികാരം ഉപയോഗിച്ച് നടത്തിയ പ്രവൃത്തിയുടെ ഭാഗമായി തനിക്കോ മറ്റാര്‍ക്കെങ്കിലുമോ സാമ്പത്തികമായോ വിലപിടിപ്പുള്ള മറ്റെന്തെങ്കിലുമായോ നേട്ടമുണ്ടായിരിക്കണം. പിണറായിക്കോ മറ്റാര്‍ക്കെങ്കിലുമോ ഒരു നേട്ടവുമുണ്ടായിട്ടില്ലെന്ന് സിബിഐ തന്നെ കോടതിയില്‍ ആധികാരികമായി പറയുന്നു. എന്നിട്ടും മാധ്യമങ്ങള്‍ക്ക് ലാവലിന്‍ ഇടപാടാണ്. പിണറായി ഗൂഢാലോചന നടത്തിയെന്നാണ് കേസെന്ന് ഇപ്പോള്‍ ചിലര്‍ പഠിപ്പിക്കുന്നു. കാര്‍ത്തികേയന്‍ തുടങ്ങിവെച്ച കരാറില്‍ പിണറായി മാത്രം എന്തു ഗൂഢാലോചന നടത്തും എന്ന സ്വാഭാവിക ചോദ്യം കോടതിയില്‍ ആദ്യമേ ഉയര്‍ത്തിയതും ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്. അത് കോടതിക്ക് എളുപ്പം മനസ്സിലായി. അതുകൊണ്ടാണ് കാര്‍ത്തികേയന്റെ പങ്ക് അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടത്. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളായവര്‍ക്ക് സമന്‍സ് അയക്കുന്നത് സാധാരണ കോടതി നടപടിയാണ്. അത് വലിയ വാര്‍ത്തയല്ല. എന്നാല്‍, സിബിഐ കുറ്റവിമുക്തനാക്കിയ ഒരാളെക്കുറിച്ച് പുതിയ അന്വേഷണം നടത്തണമെന്ന് കോടതി പറഞ്ഞാല്‍ അതാണ് വാര്‍ത്ത. എന്നാല്‍, ഹിന്ദു പത്രത്തില്‍പോലും പിണറായിക്ക് സമന്‍സ് അയച്ചതിനായിരുന്നു പ്രാധാന്യം. കാര്‍ത്തികേയന്റെ ചിത്രമല്ല അവര്‍ നല്‍കിയത്. പകരം പിണറായിയുടെ ചിത്രം തന്നെയായിരുന്നു.
ഇതെല്ലാം പിണറായിയെ ലക്ഷ്യം വെച്ചുള്ള നീക്കം മാത്രമായിരുന്നു. തുടക്കം മുതലുള്ള ഇതിന്റെ അവതരണം നോക്കിയാല്‍ ഇതു മനസ്സിലാക്കാന്‍ കഴിയും. യുഡിഎഫിന്റെ കാലത്ത് ഒപ്പിട്ട കരാറുമായി ധൈര്യപൂര്‍വം മുന്നോട്ടുപോകണമെന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായിക്ക് ഉപദേശം നല്‍കിയ മാധ്യമങ്ങള്‍ മാറ്റിച്ചവിട്ടി ആക്രമണവുമായി രംഗത്തുവന്നത് ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായിട്ടായിരുന്നു. വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയ വസ്‌തുതകള്‍ യഥാര്‍ഥ രൂപത്തില്‍ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കാനും ഈ മാധ്യമങ്ങള്‍ തയ്യാറായില്ല. ഇപ്പോള്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടും വിജിലന്‍സ് റിപ്പോര്‍ട്ടും കൂട്ടിവെച്ച് വായിക്കുമ്പോഴേ വേട്ടയാടലിന്റെ ഭീകരത ബോധ്യപ്പെടുകയുള്ളു.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമീഷന്‍ യോഗം ചേരുന്ന ദിവസം തന്നെയാണ് അസാധാരണ മന്ത്രിസഭായോഗം ചേര്‍ന്ന് സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നത്. ഇതിന്റെ പിറകിലെ താല്‍പര്യം അന്വേഷിക്കാന്‍ ഒരു മാധ്യമവും തയ്യാറായില്ല. സിബിഐ അന്വേഷണം തുടങ്ങിയപ്പോള്‍ കരാറിന്റെ കാലത്ത് വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിമാരെ കണ്ട് തെളിവെടുത്തിരുന്നു. അതു പ്രധാന വാര്‍ത്തയായി നല്‍കിയ മാതൃഭൂമിയുടെ തലക്കെട്ട് പിണറായിയെ ചോദ്യം ചെയ്‌തുവെന്നായിരുന്നു. ജി കാര്‍ത്തികേയന്‍, ആര്യാടന്‍ മുഹമ്മദ്, എസ് ശര്‍മ എന്നിവരുടെ മൊഴിയെടുത്തെന്ന് എഴുതിയ പത്രം തന്നെയാണ് പിണറായിയെ ചോദ്യം ചെയ്‌തെന്ന തലക്കെട്ട് നല്‍കിയത്. സിബിഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനു മുമ്പുതന്നെ മാധ്യമങ്ങള്‍ പിണറായി പ്രതിയാണെന്ന അവബോധം പൊതുമണ്ഡലത്തില്‍ സൃഷ്‌ടിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചിരുന്നു.
കെട്ടിപ്പൊക്കിയ നുണക്കൊട്ടാരം തകര്‍ന്നുവീഴുന്നതു കണ്ടപ്പോഴും ഇക്കൂട്ടര്‍ പണി നിര്‍ത്തുന്നില്ല. ഇത്രയും കാലം കേട്ടുകേള്‍വിയില്ലാത്ത ദൃൿസാക്ഷികള്‍ വരുന്നു, പുതിയ വെളിപ്പെടുത്തലുകള്‍, അവരുമായുള്ള അഭിമുഖങ്ങള്‍... ഒന്നും അവസാനിക്കുന്നില്ല.
എന്നാല്‍, കേരളീയ സമൂഹം പതുക്കെ പതുക്കെ തിരിച്ചറിവിലേക്ക് വരുന്നുണ്ട്. മാധ്യമം വിളമ്പിത്തരുന്നത് ഉപ്പുകൂട്ടാതെ വിഴുങ്ങി നിലപാടിലേക്ക് എത്തുന്നവരല്ല നമ്മുടെ സമൂഹം. ഭൂരിപക്ഷമാളുകളെയും അധികകാലത്തേക്ക് തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ലെന്ന പഴയ വാക്കുകള്‍ ഇവിടെയും പ്രസക്തം. സാധാരണ ഒരാളാണെങ്കില്‍ ഈ അപവാദപ്രചാരവേലയില്‍ തകര്‍ന്നു വീണേനെ. ചിലരെങ്കിലും പതറി മാധ്യമ തമ്പുരാക്കന്മാരുടെ കാല്‍ക്കല്‍ സാഷ്‌ടാംഗം വീണേനെ. എന്നാല്‍ അസാധാരണമായ ധീരതയാണ് പിണറായി പ്രകടിപ്പിച്ചത്. പ്രത്യയശാസ്‌ത്ര പ്രതിബദ്ധത നല്‍കുന്ന കരുത്തും അസാധാരണ നിശ്ചയദാര്‍ഢ്യവും വഴി കരുത്തുള്ള കമ്യൂണിസ്റ്റു നേതൃത്വത്തിന്റെ വിപ്ളവ മികവാണ് അദ്ദേഹം കാഴ്‌ചവെച്ചത്. ഏതു പ്രതിസന്ധി ഘട്ടങ്ങളിലും ഭരണവര്‍ഗത്തിന്റെ ചതിക്കുഴികള്‍ തിരിച്ചറിഞ്ഞ് പതറാതെ മുന്നോട്ടുപോകാനുള്ള പാഠമാണ് പിണറായി തന്റെ പ്രവര്‍ത്തനത്തിലൂടെ ലോകത്തിനു നല്‍കിയത്.
*****
പി രാജീവ്
Sunday, May 9, 2010
തകര്‍ന്നുവീണ അപവാദഗോപുരം
Subscribe to:
Post Comments (Atom)
1 comment:
നുണനിര്‍മാണത്തിന്റെയും വ്യക്തിഹത്യയുടെയും ഏറ്റവും ഹീനമായ പ്രചാരവേലയുടെ അപമാനകരമായ ഉദാഹരണമായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷത്തിലധികമായി കേരളത്തില്‍ ലാവലിന്റെ പേരില്‍ നടന്നത്. പിണറായി വിജയനും സിപിഐ എമ്മിനുമെതിരായി മാധ്യമനേതൃത്വത്തില്‍ ഒരു സംഘം നടത്തിയ പ്രചാരവേല പ്രസ്ഥാനത്തെ തകര്‍ക്കുകയെന്ന ഏകലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു. ഇത്രയും ഹീനമായി മാധ്യമങ്ങള്‍ ആക്രമിച്ച മറ്റൊരു നേതാവും പിണറായിയെപ്പോലെ കേരളത്തില്‍ ഉണ്ടാവില്ല. ഒന്നിനു പിറകെ ഒന്നായി മാധ്യമങ്ങള്‍ നുണകള്‍ തുടര്‍ച്ചയായി നിര്‍മിച്ചുകൊണ്ടിരുന്നു. ഒരു നുണ തകര്‍ന്നുവീഴുമ്പോള്‍ അങ്ങനെയൊന്നു തങ്ങളുടെ ശ്രദ്ധയില്‍പ്പോലുംപെട്ടില്ലെന്ന മട്ടില്‍ മറ്റൊന്നിന്റെ ആഘോഷം അവര്‍ തുടങ്ങിയിരിക്കും. മനുഷ്യന് മറവി അധികമാണ്. മലവെള്ളപ്പാച്ചില്‍പോലെ ഒന്നിനു പിറകെ ഒന്നായി കഥകള്‍ തുറന്നുവിടുമ്പോള്‍ പഴയതിനു എന്തു സംഭവിച്ചെന്ന് ഓര്‍ക്കാന്‍ ജനത്തിനു നേരമുണ്ടാകില്ലെന്ന ധാരണയാണ് അപവാദവ്യവസായികള്‍ക്ക്.
Post a Comment