Friday, May 28, 2010

'സ്വര്‍ഗകവാടങ്ങള്‍ തള്ളിത്തുറന്നവര്‍'

1871 മാര്‍ച്ച് 18നു പാരീസിലെ പതിനായിരക്കണക്കിനു തൊഴിലാളികള്‍ ബൂര്‍ഷ്വാഭരണാധികാരികളെ പുറത്താക്കിക്കൊണ്ട് അധികാരം സ്വന്തം കൈയിലെടുത്ത്, വിപ്ളവകാരികളുടെ ആസ്ഥാന കേന്ദ്രമായിരുന്ന ഹോട്ടല്‍ ഡി വില്ലില്‍ ചെങ്കൊടി ഉയര്‍ത്തി. ലോകചരിത്രത്തില്‍ ആദ്യത്തെ തൊഴിലാളിവര്‍ഗ ഭരണകൂടമാണ് അവര്‍ സ്ഥാപിച്ചത്. അത് പാരീസ് കമ്യൂണ്‍ എന്ന പേരില്‍ ഇന്നും അറിയപ്പെടുന്നു. ലോകം അതുവരെ ദര്‍ശിച്ചിട്ടില്ലാത്ത ഒരു പുതിയതരം ഭരണകൂടമായിരുന്നു അത്. "സ്വര്‍ഗകവാടങ്ങളെ തള്ളിത്തുറന്നവര്‍'' എന്നാണ് മഹാനായ കാള്‍ മാര്‍ക്സ് പാരീസ് കമ്യൂണാര്‍ഡുകളെ വിശേഷിപ്പിച്ചത്.

ബിസ്മാര്‍ക്കിന്റെ പ്രഷ്യയും (ജര്‍മനി) ലൂയി നെപ്പോളിയന്‍ മൂന്നാമന്റെ ഫ്രാന്‍സും തമ്മില്‍ നടന്ന യുദ്ധത്തില്‍ (1870) പരാജയം ഏറ്റുവാങ്ങിയ ഫ്രാന്‍സിന്റെമേല്‍ നാണംകെട്ട ഒത്തുതീര്‍പ്പുവ്യവസ്ഥകളാണ് ബിസ്മാര്‍ക്ക് അടിച്ചേല്‍പ്പിച്ചത്. ഇങ്ങനെയൊരു യുദ്ധം ജനങ്ങള്‍ ഒട്ടും ആഗ്രഹിച്ചിരുന്നില്ല. യുദ്ധ സാഹചര്യത്തിലും അതിനുശേഷവും പാരീസിലെ സാധാരണജനങ്ങളുടെയും തൊഴിലാളികളുടെയും ജീവിതം പരമദയനീയമായിരുന്നു. ജര്‍മന്‍ ചാന്‍സലറായ ബിസ്മാര്‍ക്കിന്റെയും ലൂയി നെപ്പോളിയന്‍ മൂന്നാമന്റെയും (ഫ്രാന്‍സ്) സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള യുദ്ധമാണ് ഇതെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. യുദ്ധാനന്തരം 1870 സെപ്തംബര്‍ 4നു ഫ്രാന്‍സില്‍ രാജവാഴ്ചയ്ക്ക് അന്ത്യം കുറിച്ച് റിപ്പബ്ളിക് സ്ഥാപിതമായി. പുതിയ റിപ്പബ്ളിക്കില്‍ ലഭ്യമായിരുന്ന ജനാധിപത്യ പൌരസ്വാതന്ത്ര്യങ്ങളെ തൊഴിലാളിവര്‍ഗം സ്വന്തം വര്‍ഗസംഘടന കെട്ടിപ്പടുക്കാനും ശക്തിപ്പെടുത്താനും പ്രയോജനപ്പെടുത്തണമെന്നും അതിനു പകരം അകാലികമായ കലാപത്തിനു ശ്രമിക്കുന്നത് വലിയ അബദ്ധമായിരിക്കുമെന്നും കാള്‍മാര്‍ക്സ് ഫ്രഞ്ച് വിപ്ളവകാരികളെ ഉപദേശിച്ചിരുന്നു. എന്നാല്‍, 1871 മാര്‍ച്ച് 18ന്റെ പാരീസിലെ തൊഴിലാളി വര്‍ഗ വിപ്ളവം മാര്‍ക്സിനെ ആവേശഭരിതനാക്കുകയും അദ്ദേഹം 'ഫ്രാന്‍സിലെ ആഭ്യന്തരയുദ്ധം' എന്ന ആഹ്വാനം എഴുതുകയും ചെയ്തു. പാരീസ് കമ്യൂണിന്റെ ചരിത്രപ്രാധാന്യം വരച്ചുകാട്ടിയ 'ഫ്രാന്‍സിലെ ആഭ്യന്തരയുദ്ധം' എന്ന മാര്‍ക്സിന്റെ കൃതി താമസിയാതെ വിവിധ ഭാഷയില്‍ പ്രസിദ്ധീകരിച്ചു.

തൊഴിലാളിവര്‍ഗ സര്‍വാധിപത്യ ഭരണകൂടമായിരുന്നു പാരീസ് കമ്യൂണ്‍ എന്നും അധ്വാനത്തിന്റെ സാമ്പത്തിക മോചനം നേടിയെടുക്കുന്നതിനു കണ്ടുപിടിച്ച രാഷ്ട്രീയരൂപമായിരുന്നു അതെന്നും ഈ കൃതിയില്‍ മാര്‍ക്സ് വിശദീകരിച്ചു. കമ്യൂണ്‍ യഥാര്‍ഥത്തില്‍ ദേശീയ ഐക്യം സൃഷ്ടിച്ചെന്നും തൊഴിലാളിവര്‍ഗത്തിന്റെ കീഴില്‍ ഒരു കേന്ദ്രീകൃത ഭരണകൂടത്തിന്റെ പ്രാധാന്യം ഇത് തെളിയിക്കുന്നുണ്ടെന്നും മാര്‍ക്സ് ഊന്നിപ്പറഞ്ഞു.
തൊഴിലാളിവര്‍ഗത്തിന്റെ മാത്രമല്ല കര്‍ഷകരുടെയും ഇടത്തരക്കാരുടെയും താല്‍പ്പര്യങ്ങളെക്കൂടി മുന്‍നിര്‍ത്തിയാണ് തൊഴിലാളിവര്‍ഗ ഭരണകൂടം പ്രവര്‍ത്തിച്ചതെന്ന് മാര്‍ക്സ് അഭിപ്രായപ്പെട്ടു. കമ്യൂണിന്റെ സാമൂഹ്യസാമ്പത്തിക നടപടികളെപ്പറ്റിയും അതിന്റെ നയത്തെപ്പറ്റിയും മാര്‍ക്സ് വിശദീകരിച്ചു. കമ്യൂണിന്റെ പതനത്തെ ത്വിരതപ്പെടുത്തിയ വിപ്ളവ ഗവര്‍മെന്റിന്റെ തെറ്റുകളെ മാര്‍ക്സ് നിഷ്കൃഷ്ടമായി പരിശോധിച്ചു വിശകലനം ചെയ്തു. ഈ വിപ്ളവം ഭാവിയില്‍ വരാനിരിക്കുന്ന തൊഴിലാളിവര്‍ഗ വിപ്ളവങ്ങള്‍ക്ക് പാഠമാണെന്നു ചൂണ്ടിക്കാട്ടി. 72 ദിവസമാണ് കമ്യൂണ്‍ അധികാരത്തിലിരുന്നതെങ്കിലും രാജ്യത്ത് പല വിപ്ളവപരമായ ഭരണപരിഷ്കാരങ്ങളും ഏര്‍പ്പെടുത്തി. സ്ഥിരം സൈന്യത്തെ പിരിച്ചുവിട്ടു. ആയുധം ധരിച്ച ജനതയെ പകരംവച്ചു. സാര്‍വത്രികമായ വോട്ടവകാശം നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ കമ്യൂണു (കൌസില്‍)കള്‍ രൂപീകരിക്കുകയും ചെയ്തു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായിരുന്നു കമ്യൂണിലെ അംഗങ്ങള്‍. ഭരണനിര്‍വഹണവും നിയമനിര്‍മാണവും ഒന്നിച്ചുനടത്തി. ഉദ്യോഗസ്ഥരെയും നീതിന്യായ പീഠത്തിലെ ന്യായാധിപരെയും എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുത്തയച്ച ജനങ്ങള്‍ക്കുതന്നെ തിരിച്ചുവിളിക്കാമെന്ന വ്യവസ്ഥയുണ്ടാക്കി. ഉദ്യോഗസ്ഥരുടെ ശമ്പളം തൊഴിലാളികളുടെ ശമ്പളത്തിനു തുല്യമാക്കി. ഉദ്യോഗസ്ഥരുടെ വിശേഷാധികാരങ്ങള്‍ റദ്ദാക്കി. പള്ളിയെ ഭരണകൂടത്തില്‍നിന്നു വേര്‍പെടുത്തി. വിദ്യാഭ്യാസം സൌജന്യമാക്കി. പള്ളിയുടെ ഇടപെടല്‍ അവസാനിപ്പിച്ചു. സ്ഥിരം സൈന്യത്തെയും ഉദ്യോഗസ്ഥവൃന്ദത്തെയും എടുത്തുകളഞ്ഞ് അത് ചെലവുകുറഞ്ഞ രീതിയിലാക്കി. ലിയോ ഫ്രാങ്കല്‍ എന്ന വിദേശ പൌരനായ തൊഴിലാളിയെ തൊഴില്‍ മന്ത്രിയാക്കിക്കൊണ്ട് പാരീസ് കമ്യൂണ്‍ അതിന്റെ സാര്‍വദേശീയത്വം തെളിയിച്ചു.
നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് ഒന്നാമന്‍ ചക്രവര്‍ത്തി (1769-1821)യുടെ കാലത്ത് സൈനിക കീര്‍ത്തിയുടെ പ്രതീകമായി സ്ഥാപിച്ച 'വെന്‍ദോം കവലയിലെ വിജയസ്തംഭം' 1871 മെയ് 16നു തകര്‍ത്തുകളഞ്ഞു. തൊഴിലാളികളുടെ രാത്രിവേല നിര്‍ത്തലാക്കി. പൂട്ടിക്കിടന്ന എല്ലാ ഫാക്ടറിയും തൊഴിലാളികളുടെ സഹകരണസംഘങ്ങളെ ഏല്‍പ്പിച്ചു. വീടുവാടക റദ്ദാക്കി. പണയ ഉരുപ്പടികളുടെ വില്‍പ്പന തടഞ്ഞു. ജനങ്ങളെ കശാപ്പുചെയ്തുകൊണ്ടിരുന്ന 'ഗില്ലറ്റിന്‍' (ശിരച്ഛേദനയന്ത്രം) ജനങ്ങളുടെ ആഹ്ളാദത്തിമിര്‍പ്പില്‍ പരസ്യമായി കത്തിച്ചുകളഞ്ഞു. ഇങ്ങനെ 72 ദിവസത്തെ ഹ്രസ്വമായ കാലംകൊണ്ട് പാരീസ് കമ്യൂണ്‍ ജനങ്ങള്‍ക്കുവേണ്ടി അതിപ്രധാനമായ ഒട്ടേറെ കാര്യം ചെയ്യുകയും മറ്റു ചിലതിനു തുടക്കമിടുകയും ചെയ്തു.

പാരീസ് കമ്യൂണിന്റെ പരാജയത്തിനുശേഷം രക്ഷപ്പെട്ടു പോന്ന ധീരനായൊരു കമ്യൂണാര്‍ഡായിരുന്നു എഴേനി പോത്യേ. സമരപോരാട്ടങ്ങള്‍ക്കിടയ്ക്ക് അദ്ദേഹം വിപ്ളവത്തിന്റെ ജ്വാല എരിഞ്ഞുനിന്ന ഒരു കവിത രചിച്ചു. രഹസ്യമായി ഇംഗ്ളണ്ടിലേക്ക് കടത്തിക്കൊണ്ടു വന്ന അത് ലോകമെമ്പാടുമുള്ള തൊഴിലാളിവര്‍ഗത്തിന്റെ സമരഗാനമായിത്തീര്‍ന്നു. മര്‍ദിതരോടും ചൂഷിതരോടും നാടുംകുലവും മറന്ന് സമര രംഗത്തിറങ്ങാന്‍ ആഹ്വാനം ചെയ്യുന്ന 'ഇന്റര്‍നാഷണല്‍ ഗാനം' രൂപംകൊണ്ടത് അങ്ങനെയാണ്.

പാരീസ് കമ്യൂണിനെ അടിച്ചമര്‍ത്താനും നശിപ്പിക്കാനും ബദ്ധവൈരികളായിരുന്ന പ്രഷ്യയിലെ ബിസ്മാര്‍ക്കും ത്യേറിന്റെ നേതൃത്വത്തിലുള്ള വെഴ്സൈല്‍സിലെ ഫ്രഞ്ച് ബൂര്‍ഷ്വാ ഗവര്‍മെന്റും യോജിപ്പിലെത്തി. അവര്‍ ഒത്തൊരുമിച്ച് ആയിരക്കണക്കിനു ജനങ്ങളെ തോക്കിനും പീരങ്കിക്കും ഇരയാക്കി. സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും വെറുതെ വിട്ടില്ല. 1871 മെയ് 28നുവരെ പാരീസ് ധീരോദാത്തമാംവിധം ചെറുത്തുനിന്നു. എന്നാലും അന്ന് പാരീസ് കമ്യൂണ്‍ മറിഞ്ഞു വീണു. എന്നാല്‍, വിപ്ളവത്തെ തകര്‍ക്കാന്‍ ശ്രമിച്ച പ്രതിവിപ്ളവകാരികളെ തിരിച്ചറിയാനോ അവര്‍ക്കെതിരെ കര്‍ശന നിലപാടെടുക്കാനോ കമ്യൂണുകള്‍ക്കു കഴിഞ്ഞില്ല. പ്രതിവിപ്ളവത്തെ ചെറുത്തുതോല്‍പ്പിക്കുന്നതിന് ആവശ്യമായ ശക്തിയും ബുദ്ധിയും വേണ്ടത്ര പ്രകടിപ്പിക്കുന്നതില്‍ വിപ്ളവകാരികള്‍ പരാജയപ്പെട്ടു.

കമ്യൂണിന്റെ പരാജയത്തിനു പ്രധാന കാരണം അപ്പോള്‍ തൊഴിലാളി വിപ്ളവത്തിനാവശ്യമായ സാഹചര്യങ്ങള്‍ തികച്ചും വളര്‍ന്നിരുന്നില്ലെന്നതാണ്. മുതലാളിത്തം വളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. തൊഴിലാളിവര്‍ഗം അധികാരം ഏറ്റെടുക്കാന്‍ സന്നദ്ധമായിരുന്നില്ല. പാരീസ് കമ്യൂണ്‍ സോഷ്യലിസം ലക്ഷ്യംവച്ചുള്ള മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചില്ല. പാരീസ് കമ്യൂണിന്റെ നേതാക്കള്‍ പല പാര്‍ടികളുടെയും പ്രതിനിധികളായിരുന്നു. കമ്യൂണിന്റെ പരാജയത്തിനു മറ്റൊരു പ്രധാന കാരണം, ഒരു ഏകീകൃത തൊഴിലാളി പാര്‍ടിയുടെ അഭാവമായിരുന്നു. കമ്യൂണിനു കര്‍ഷകവര്‍ഗവുമായി ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. കമ്യൂണിന്റെ തെറ്റുകള്‍ അതിന്റെ പതനത്തിന് വേഗത കൂട്ടി. ശത്രുക്കളെ പരാജയപ്പെടുത്തുംമുമ്പ് നാഷണല്‍ ഗാര്‍ഡിന്റെ കേന്ദ്രകമ്മിറ്റി കമ്യൂണിലേക്ക് തെരഞ്ഞെടുപ്പു നടത്താന്‍ വെമ്പല്‍ കാണിച്ചു. പാരീസ് കമ്യൂണ്‍ നാഷണല്‍ ബാങ്ക് ദേശസാല്‍ക്കരിച്ചില്ല. ബൂര്‍ഷ്വാസിക്കെതിരെയുള്ള സമരത്തില്‍ കമ്യൂ സഖ്യശക്തികളെ കണ്ടെത്തിയില്ല. തൊഴിലാളിവര്‍ഗം അധികാരം കൈയേറാന്‍ നടത്തിയ ആദ്യ പരിശ്രമമായി, തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിന്റെ ആദ്യാനുഭവമായി, പാരീസ് കമ്യൂണ്‍ എന്നും ഓര്‍മിക്കപ്പെടും. പാരീസിലുള്ള പെര്‍-ലഷേസ് സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന കമ്യൂ പോരാളികള്‍ക്ക് വിപ്ളവാഭിവാദ്യങ്ങള്‍.

*
കെ ജെ തോമസ് കടപ്പാട്: ദേശാഭിമാനി

3 comments:

വര്‍ക്കേഴ്സ് ഫോറം said...

1871 മാര്‍ച്ച് 18നു പാരീസിലെ പതിനായിരക്കണക്കിനു തൊഴിലാളികള്‍ ബൂര്‍ഷ്വാഭരണാധികാരികളെ പുറത്താക്കിക്കൊണ്ട് അധികാരം സ്വന്തം കൈയിലെടുത്ത്, വിപ്ളവകാരികളുടെ ആസ്ഥാന കേന്ദ്രമായിരുന്ന ഹോട്ടല്‍ ഡി വില്ലില്‍ ചെങ്കൊടി ഉയര്‍ത്തി. ലോകചരിത്രത്തില്‍ ആദ്യത്തെ തൊഴിലാളിവര്‍ഗ ഭരണകൂടമാണ് അവര്‍ സ്ഥാപിച്ചത്. അത് പാരീസ് കമ്യൂണ്‍ എന്ന പേരില്‍ ഇന്നും അറിയപ്പെടുന്നു. ലോകം അതുവരെ ദര്‍ശിച്ചിട്ടില്ലാത്ത ഒരു പുതിയതരം ഭരണകൂടമായിരുന്നു അത്. "സ്വര്‍ഗകവാടങ്ങളെ തള്ളിത്തുറന്നവര്‍'' എന്നാണ് മഹാനായ കാള്‍ മാര്‍ക്സ് പാരീസ് കമ്യൂണാര്‍ഡുകളെ വിശേഷിപ്പിച്ചത്.

Calicocentric കാലിക്കോസെന്‍ട്രിക് said...

"these Parisians, storming heaven"
എന്നാല്‍ സ്വര്‍ഗ്ഗകവാടം തള്ളിത്തുറന്നവരല്ല. സ്വര്‍ഗ്ഗത്തെ ആക്രമിച്ചവരാണ്.

ജനശക്തി said...

ആക്രമിച്ചവര്‍ എന്നതിനേക്കാള്‍ “ബലം പ്രയോഗിച്ച് കയ്യടക്കിയവര്‍“(Take by force) എന്നോ മറ്റോ ആയിരിക്കും കൂടുതല്‍ കൃത്യമായ വിവര്‍ത്തനം. സ്വര്‍ഗകവാടങ്ങള്‍ തള്ളിത്തുറന്നവര്‍ എന്നത് വിവര്‍ത്തകന്റെ സ്വാതന്ത്ര്യം ആയി കണ്ടാല്‍ മതി.