Friday, May 21, 2010

ഫെമിനിസ്റ്റ് സിദ്ധാന്ത വിചാരം

പണ്ടു പണ്ടു ഗോത്ര സമൂഹങ്ങളില്‍ നിലനിന്നിരുന്നത് തള്ളവാഴ്ചയായിരുന്നു: മെട്രിയാര്‍ക്കി. താക്കോല്‍കൂട്ടം അരയില്‍ത്തിരുകി, മുറുക്കിച്ചുവപ്പിച്ച്, കൊല്ലിനും കൊലക്കും കെല്‍പ്പുള്ള കാരണോത്തി പൂമുഖത്തെ ചാരുപടിയില്‍ വിരാജിച്ചു. ഒറ്റമുണ്ടും ഈരിഴത്തോര്‍ത്തുമായി ഉടപ്പിറന്നോന്‍ വാപൊത്തി നിന്നു. അമ്മവായ്ക്കെതിര്‍വായില്ലായിരുന്നു. പിന്നീടെപ്പോഴോ വാ പൊത്തിനിന്ന കോന്തുണ്ണിനായര് തക്കാരം പറഞ്ഞ് താക്കോല്‍ക്കൂട്ടം തട്ടിയെടുത്തു. പുമാന്‍ ഏമാനായി; പൂമാനിനിയാകട്ടെ അകത്തളങ്ങളില്‍ ഒതുങ്ങി. പെങ്ങളുടെ ഒച്ച പൊങ്ങാതായി. ആങ്ങള തിരുവിളയാടല്‍ തുടങ്ങി. ധ്വജ കേന്ദ്രിത സമൂഹം (Phallic Society)പരുവപ്പെട്ടു. അതാണ് പേട്രിയാര്‍ക്കി അഥവാ തന്തവാഴ്ച.

അവിടുന്നങ്ങോട്ട് ഒരു കഥ ആരംഭിക്കുന്നു. അടിച്ചമര്‍ത്തലിന്റെ , ലിംഗചൂഷണത്തിന്റെ പെണ്‍പാര്‍ശ്വവത്കരണത്തിന്റെ നീതി നിഷേധത്തിന്റെ, സ്വത്വനിഗ്രഹത്തിന്റെ ആഭരണങ്ങളണിയിച്ച് ആണ് പെണ്ണിനെ അനങ്ങാന്‍ വയ്യാതാക്കി. അവളെ അവന്‍ സതി എന്നു വിളിച്ചു; സാവിത്രിയെന്ന് വര്‍ണിച്ചു; സര്‍വം സഹയെന്നും സുഹാസിനിയെന്നും വാഴ്ത്തി സുമധുരഭാഷിണിയെന്ന് സുഖിപ്പിച്ചു. ഓരോ വിളിയും ഓരോ നാമവിശേഷണവും ഒരു തന്ത്രമായിരുന്നു: കുതന്ത്രം, കീഴ്പ്പെടുത്തലിന്റെ അടവ്, നിരായുധീകരണത്തിന്റെ കൂടോത്രം, ഭാവശുദ്ധി, ശാലീനത, ചാരിത്രം തുടങ്ങിയ മധുരപദങ്ങള്‍ പെണ്ണിനെ തളച്ചുകെട്ടാനുള്ള പൊട്ടച്ചരടുകളായി. ഇതുപോലെ അപകടം പതിയിരിക്കുന്ന ഒരുപാട് സ്തുതിവാക്കുകള്‍ പുരുഷാധിപത്യം അത്യന്തകുശലമായി പ്രയോഗിച്ചു. ബന്ധുരകാഞ്ചന കൂടുകള്‍ ഭാഷകളില്‍ നിറഞ്ഞു. കണ്ണെഴുതി പൊട്ടുംതൊട്ട് പാവംപെണ്ണ് ഈ ഹേമപഞ്ജരങ്ങളിലമര്‍ന്നു.

സ്വത്വനഷ്ടത്തെക്കുറിച്ച്, പിന്‍തള്ളപ്പെടലിനെക്കുറിച്ച്, പ്രാന്തവല്‍ക്കരണത്തെക്കുറിച്ച്, എപ്പോഴോ സ്‌ത്രീബോധമുണര്‍ന്നപ്പോഴാണ് ഫെമിനിസം വെളിച്ചപ്പെടുന്നത്, പതിവുപോലെ പടിഞ്ഞാറ്. പെണ്‍പക്ഷപാതത്തിന്റെ വേരുകളന്വേഷിക്കുമ്പോള്‍ നാം ചെന്നെത്തുന്നത് ഏതെങ്കിലുമൊരു പ്രത്യേക ഉറവിടത്തിലല്ല, ചില പാരമ്പര്യങ്ങളിലാണ്. സാമൂഹ്യവ്യഥകളിലാണ്; ചരിത്രച്ചുഴികളിലാണ്. ഫെമിനിസത്തെ കൃത്യമായും തൃപ്തികരമായും നിര്‍വചിക്കാന്‍ എളുപ്പമല്ലാതെ വരുന്നത് അതുകൊണ്ടാണ്. മധ്യകാല യൂറോപ്പില്‍ നവോത്ഥാനത്തിന്റെ കാറ്റ് ശക്തിയായി വിശീയപ്പോള്‍, സ്വാതന്ത്ര്യം, പ്രകൃതിനിയമം, മനുഷ്യമഹത്വം തുടങ്ങിയ ആശയങ്ങള്‍ക്ക് വിപുലവും ആവേശകരവുമായ സ്വീകരണമുണ്ടായി. അക്കാലത്താണ് ഫെമിനിസ്റ്റ് ചിന്തയും ചിറകുവിരുത്തിയത്. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഴാന്‍ദെമ്യൂങ്ങാ, പതിനാലാം ശതകത്തില്‍ പ്രശസ്തയായ ക്രിസ്റ്റീന്‍ ദെപിഡാന്‍ തുടങ്ങിയ ഫെമിനിസ്റ്റുകളാണ് സ്‌ത്രീപക്ഷ വേദാന്തത്തിന് വിത്തുപാകിയത്. അവരുടെ പാത പിന്‍തുടര്‍ന്ന് പിന്നീട് അഫ്രബെന്നും മേരി ആസ്റ്റെലും ഇംഗ്ളണ്ടില്‍ ഫെമിനിസത്തിന്റെ കൊടിയുയര്‍ത്തി. ഫെമിനിസത്തെ ഒരു പ്രസ്ഥാനമെന്ന നിലയില്‍ പരിശോധിക്കുമ്പോള്‍ ആ ആദ്യകാല ആക്ടിവിറ്റിസ്റ്റുകളെ വിസ്മരിച്ചുകൂടാ. ഫ്രഞ്ച് വിപ്ളവവും അമേരിക്കന്‍ സ്വാതന്ത്ര്യസമരവും സ്‌ത്രീവിമോചന വിചാരത്തിനും ഉണര്‍വും ഊക്കും പ്രദാനം ചെയ്തു. ഈ പരിസരങ്ങളില്‍ നിന്നുകൊണ്ടാണ് മേരി വോള്‍സ്റ്റണ്‍ ക്രാഫ്റ്റ് (Mary Wollstonecraft ) എന്ന ബ്രിട്ടീഷ് ഫെമിനിസ്റ്റ് പ്രഖ്യാതമായൊരു പുസ്തകമെഴുതിയത്- Vindication of the Rights of Woman (പെണ്ണവകാശങ്ങളുടെ സമര്‍ഥനം) 1772ലാണ് ഈ ഗ്രന്ഥം വെളിച്ചം കാണുന്നത്. സ്‌ത്രീ സ്വാഭാവികമായും പുരുഷനു താഴെയാണെന്ന വാദത്തെ മേരിവോള്‍സ്റ്റണ്‍ ക്രാഫ്റ്റ് ശക്തിയുക്തം എതിര്‍ക്കുന്നു. വിദ്യാഭ്യാസപരമായപിന്നോക്കനില. അതാണ് പെണ്ണിന്റെ താഴ്ത്തിക്കെട്ടലിന് പ്രധാന ഹേതുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ബുദ്ധിയിലും യുക്തിയിലും അധിഷ്ഠിതമായ ഒരു സമൂഹഘടന ഉണ്ടാകണമെന്നും ആണും പെണ്ണും ചിന്താശക്തിയുള്ള സൃഷ്ടികളെന്ന് നിലയില്‍ ഒരേ വിതാനത്തില്‍ പരിഗണിക്കപ്പെടേണ്ടവരാണെന്നും ഈ ഫെമിനിസ്റ്റ് സമര്‍ഥിക്കുന്നു.

എഴുത്തെന്നപോലെ, മേരിയുടെ സ്വകാര്യജീവിതവും വ്യക്തിബന്ധങ്ങളും സ്ഫോടനാത്മകമായിരുന്നു. തികച്ചും അസാമ്പ്രദായികം എന്ന് അവയെ വിശേഷിപ്പിക്കാം. രണ്ട് പ്രണയങ്ങള്‍ മിന്നുകെട്ടിലെത്താതെ തകര്‍ന്നുപോയി. മൂന്നാമത്തെ പ്രേമം പരിണയത്തില്‍ കലാശിച്ചു. ചിന്താപരമായ അരാജകത്വത്തിന്റെ ആചാര്യന്മാരില്‍ ഒരാളായ വില്യം ഗോഗ്വിനെ-അദ്ദേഹം ഉറച്ച നിരീശ്വരവാദിയും ആയിരുന്നു-ജീവിതസഖാവായി സ്വീകരിക്കുമ്പോള്‍ മേരി ഗര്‍ഭവതിയായിരുന്നു, കുഞ്ഞിന്റെ പിതൃത്വം പൂര്‍വകാമുകനുമായിരുന്നു. ആ കുട്ടിയാണ് ഫാനി മേരി വോള്‍സ്റ്റണ്‍ ക്രാഫ്റ്റ് . ഗോഡ്വിന്‍ ബന്ധത്തില്‍ പിറന്ന മകള്‍ പിന്നീട് പ്രഖ്യാത കാല്പനിക കവി ഷെല്ലിയുടെ വാമഭാഗമായി (അവരെഴുതിയ 'ഫ്രാങ്കെസ്റ്റിന്‍' എന്ന ഗോഥിക് നോവല്‍ ഒരു ക്ളാസിക്കായി). രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച് രണ്ടാഴ്ചക്കകം മേരി വോള്‍സ്റ്റണ്‍ ക്രാഫ്റ്റ് രക്തസ്രാവം മൂലം മരിച്ചു.

ഈ ഫെമിനിസ്റ്റിന്റെ എഴുത്തിന് ഒരു ദാര്‍ശനിക ഭാവമുണ്ട്. തന്റെ കാലത്തിനു ബഹുദൂരം മുന്നില്‍നിന്നുകൊണ്ടാണ് അവര്‍ സംസാരിച്ചത്. അവരുടെ ഏറെ മാറ്റൊലിക്കൊണ്ട വാക്യമിതാണ്: “I do not wish [women] to have power over men, but over themselves.” (ആണിന്റെ മേല്‍ പെണ്ണിന് അധികാരമുണ്ടാവണമെന്നല്ല ഞാനാഗ്രഹിക്കുന്നത്; അവളുടെ മേല്‍ അവള്‍ക്കുതന്നെ ആധിപത്യമുണ്ടാവണം എന്നാണ്) മേരി വോള്‍സ്റ്റണ്‍ ക്രാഫ്റ്റിന്റെ ശ്രദ്ധേയമായ മറ്റൊരു വാചകമുണ്ട്: Make Women Rational Creatures, and Free Citizens and they will quickly become good wives...“(സ്‌ത്രീകളെ യുക്തിബോധമുള്ളവരാക്കുക, സ്വതന്ത്രരാക്കുക, എങ്കില്‍ അവര്‍ താമസിയാതെ നല്ല ഭാര്യമാരായിത്തിരും) പുരുഷ വിദ്വേഷമല്ല, സ്‌ത്രീപക്ഷവിചാരത്തിന്റെ ആധാരശിലയെന്ന് മേരി വോള്‍റ്റണ്‍ ക്രാഫ്റ്റ്. നമ്മെ ബോധ്യപ്പെടുത്തുന്നു.

അമേരിക്കന്‍ ഐക്യനാടുകളിലും ബ്രിട്ടനിലും ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന് കരുത്തേറിയ സാരഥികളുണ്ടായി: എലിസബത്ത് ക്യാഡി സ്റ്റാന്‍ട്രന്‍ (Elizabeth Cady Stanton ) മാര്‍ഗ്രറ്റ് ഫുള്ളര്‍ (Margaret Fuller ) ലുക്രീഷ്യ മോട് (Lucretia Mott) എന്നിവര്‍. സ്‌ത്രീക്ക് വിവാഹം വിദ്യാഭ്യാസം, തൊഴില്‍ എന്നീ കാര്യങ്ങളില്‍ നിയമപരമായ അവകാശങ്ങള്‍ ഉറപ്പുവരുത്തുകയായിരുന്നു അവരുടെ മുഖ്യമായ ആവശ്യം. ലാങ്ഹ്യാം പ്ളേസ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം തികഞ്ഞ ദിശാബോധത്തോടുകൂടിയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ അടിമവിരുദ്ധ പ്രസ്ഥാനങ്ങളുമായും മദ്യ നിരോധ പ്രക്ഷോഭങ്ങളുമായും ഫെമിനിസ്റ്റുകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. യൂണിറ്റേറിയന്‍ ക്വാക്കര്‍ പാരമ്പര്യങ്ങളുമായി സമരസപെടാന്‍ അന്നത്തെ പെണ്‍പക്ഷ ചിന്തക്ക് പ്രയാസമുണ്ടായില്ല (യൂണിറ്റേറിയന്‍ വിശ്വാസികള്‍ യേശുക്രിസ്തുവിന്റെ അപാരനന്മയിലാണ് ഊന്നുന്നത്. ത്രിമൂര്‍ത്തി സങ്കല്പത്തെ (Holy Trinity: Father son and the holy ghost) അവര്‍ നിരാകരിക്കുന്നു. ക്വാക്കര്‍മാരാകട്ടെ, മതത്തിനെ ബാഹ്യാചാരങ്ങളെ, അനുഷ്ഠാനങ്ങളെ അനാവശ്യമെന്ന് വിധിക്കുന്നവരാണ്. (Society of friends എന്നാണ് ക്വാക്കര്‍ സമൂഹത്തിന്റെ ശരിയായ പേര്) ഇപ്പറഞ്ഞ ഫെമിനിസ്റ്റ് വിചാരത്തെ ബൂര്‍ഷ്വാ എന്ന് വിശേഷിപ്പിക്കുന്നത് അനുചിതമാവില്ല. അതിനോട് ആശയതലങ്ങളില്‍ കലഹിച്ചുകൊണ്ടാണ് സോഷ്യലിസ്റ്റ് ഫെമിനിസം എന്ന ചിന്താധാരയും അതിന്റെ പ്രസ്ഥാനരൂപവും അരങ്ങത്തുവന്നത്. ആദ്യകാല സോഷ്യലിസ്റ്റ് സാമൂഹ്യാത്മക വേദികളില്‍ നിന്ന് - സെയിന്റ് സിമണ്‍, ഫൊറിയര്‍, റോബര്‍ട് ഓവന്‍ മുതല്‍ പേര്‍ നയിച്ച സമവാദ പ്രസ്ഥാനത്തില്‍നിന്ന് - പുരോഗമനപരമായ പെണ്‍വാദം ഊര്‍ജമുള്‍ക്കൊണ്ടു.

1860 നും 1930 നുമിടക്ക് പ്രബലപ്പെട്ട സഫ്രെജെറ്റ് പ്രസ്ഥാനം (suffragette movement) - സമ്മതിദായകത്വത്തിനുവേണ്ടിയുള്ള സ്‌ത്രീ മുന്നേറ്റം - വിവിധ പശ്ചാത്തലങ്ങളില്‍നിന്ന്, വര്‍ഗ ശ്രേണികളില്‍നിന്ന് വരുന്ന വനിതകളെ ഒരു ബലവത്തായ ചരടില്‍ കോര്‍ത്തുനിര്‍ത്തി. വോട്ടവകാശത്തിനായുള്ള പോരാട്ടത്തിന്റെ സന്ദര്‍ഭത്തില്‍ അഭൂതപൂര്‍വമായ കുതിപ്പാണ് സ്‌ത്രീവാദത്തിന് യൂറോപ്യന്‍രാജ്യങ്ങളിലുണ്ടായത്. അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള സമരങ്ങള്‍ അവര്‍ തന്നെ നടത്തണമെന്നും, ആണ്‍കോയ്മ പുലരുന്ന രാഷ്‌ട്രീയ പാര്‍ടികളെയോ തൊഴില്‍സംഘടനകളയോ ആശ്രയിച്ചിട്ട് കാര്യമില്ലെന്നും പെണ്‍കൂട്ടായ്മകള്‍ക്ക് തികച്ചും ബോധ്യം വന്നതും അക്കാലത്താണ്.

സിഗ്മണ്ട് ഫ്രോയ്ഡ് എന്ന ഓസ്ട്രിയന്‍ മനഃശാസ്ത്രജ്ഞന്‍ പോയ നൂറ്റാണ്ടിന്റെ വിചാരമണ്ഡലങ്ങളില്‍ ഒരു കൊടുങ്കാറ്റു വിതക്കുകയുണ്ടായല്ലോ. അദ്ദേഹത്തിന്റെ സമീപനങ്ങള്‍ ഫെമിനിസ്റ്റ് ചിന്തയെയും ആഴത്തില്‍ സ്പര്‍ശിച്ചു. പ്രത്യേകിച്ച് ഫ്രാന്‍സില്‍ രൂപംകൊണ്ട സ്‌ത്രീപക്ഷ പ്ളാറ്റ്ഫോമുകളെ. ഈ താടിക്കാരന്‍ വരുന്നതുവരെ സമൂഹ മനസ്സില്‍ ആണും പെണ്ണും എന്നത് ജീവശാസ്ത്രപരമായ രണ്ട് വകഭേദങ്ങള്‍ മാത്രമായിരുന്നു. ലൈംഗികതയെക്കുറിച്ച് ഫ്രോയ്ഡ് തുറന്നുവിട്ട സംവാദം നമ്മുടെ സംസ്കാരസങ്കല്‍പ്പനങ്ങളുടെ സാമ്പ്രദായിക സദാചാരധാരണകളുടെ, അടിത്തറതന്നെ മാന്തുന്ന അടിസ്ഥാനപരമായ സന്ദേഹങ്ങളാണ് അനാവരണം ചെയ്തത്. ലൈംഗികത എന്നതിന്റെ നിര്‍മാണത്തില്‍ ഉള്‍ച്ചേരുന്ന സങ്കീര്‍ണമായ പ്രക്രിയയെ ഫ്രോയ്ഡ് ഇഴ കീറി പരിശോധിക്കുകയുണ്ടായി. ആണും പെണ്ണുമല്ല, 'ഹ്യുമന്‍സബ്ജക്ട് - മനുഷ്യന്‍ എന്ന വിഷയം - എന്നതാണ് പ്രധാനമെന്ന് അദ്ദേഹം വാദിച്ചു. മനുഷ്യലൈംഗികതയെ ഉപരിതലത്തില്‍നിന്ന് സൂക്ഷ്മത്തിന്റെ അടിപ്പടവിലേക്ക് കൊണ്ടുവരാനാണ് ഫ്രോയ്ഡ് ഉദ്യമിച്ചത്. ആണ്‍കോയ്മക്ക് കീഴിലുള്ള സ്‌ത്രീസ്വത്വത്തിന്റെ അടിച്ചര്‍ത്തല്‍ ഫ്രോയ്ഡിയന്‍ വിശകലനത്തിന് വലിയ തോതില്‍ വിധേയമായി. പെണ്‍പക്ഷവാദത്തിന് ആശയശാസ്ത്രപരമായ ആരൂഢമൊരുക്കുമ്പോള്‍ ഫ്രോയ്ഡിയന്‍ കാഴ്ചപ്പാടുകളില്‍ ചിലതെങ്കിലും ഫെമിനിസ്റ്റ് സൈദ്ധാന്തികര്‍ക്ക് പ്രയോജനപ്പെട്ടു.

1960 കളിലാണല്ലോ ആഗോളമായിത്തന്നെ സ്‌ത്രീമോചനമുന്നേറ്റം ഊക്കും ഊറ്റവും കൈവരിച്ചത്. വിദ്യാര്‍ഥികളും തൊഴിലാളികളും കറുത്തവര്‍ഗക്കാരും സ്‌ത്രീ സമൂഹവും സടകടഞ്ഞെഴുന്നേറ്റ് സിംഹഗര്‍ജനം ചെയ്ത കാലം. ഈ നിവര്‍ന്ന് നില്‍പ്പ്, ഈ അട്ടഹാസം, മനുഷ്യമോചന ചരിത്രത്തിലെ വിലപ്പെട്ട ഒരേടാകുന്നു. പ്രതിഷേധ പ്രവര്‍ത്തനങ്ങളുടെ രണ്ടാംനിരയിലേക്ക് തള്ളിനീക്കപ്പെടുന്നുവെന്ന അവസ്ഥയുണ്ടായപ്പോള്‍ സ്‌ത്രീകളുടേതു മാത്രമായ സംഘം ചേരലുകള്‍ പല പടിഞ്ഞാറന്‍ നാടുകളിലും തകൃതിയായി നടന്നു.( consciousness-raising groups) ബോധമുണര്‍ത്തുന്ന ഗ്രൂപ്പുകള്‍ എന്നാണ് ഇവ പൊതുവെ വ്യവഹരിക്കപ്പെട്ടത്. സഹോദരീ സംഗമമെന്ന ആശയത്തിന് വലിയ പ്രചാരമുണ്ടായി. മധ്യവര്‍ഗ എഴുത്തുകാരികള്‍ - സിമന്‍ദെബുവെ, ബെറ്റിഫ്രീഡന്‍, കേറ്റ് മില്ലറ്റ്, ജര്‍മെന്‍ ഗ്രീര്‍ തുടങ്ങിയവര്‍ -ഫെമിനിസ്റ്റ് ആശയശാസ്ത്രത്തിന് പുതിയ ജനലുകള്‍ തുറന്നിട്ടു. തൊഴിലിടങ്ങളിലെ ചൂഷണം മുതല്‍ കിടപ്പറയിലെ അനുഭവങ്ങള്‍ വരെയുള്ള നിരവധി വിഷയങ്ങളില്‍ സ്‌ത്രീകള്‍ ഒളിച്ചുവയ്ക്കാതെയും വളച്ചുകെട്ടില്ലാതെയും ഉറക്കെ സംസാരിച്ചുതുടങ്ങിയതും ഇക്കാലത്താണ്. വ്യക്തിപരമെന്നത് രാഷ്‌ട്രീയപരമായി, സാമൂഹ്യ പ്രസക്തമായി.

1970കളിലും 80കളിലും ഫെമിനിസ്റ്റ് പ്രസ്ഥാനത്തിലും സ്‌ത്രീപക്ഷ ചിന്താപദ്ധതികളിലും ചെറുതും വലുതുമായ ഉരുള്‍പൊട്ടലുകള്‍ സംഭവിച്ചു. ആ പതിറ്റാണ്ടുകള്‍ സാക്ഷ്യം വഹിച്ചത് സ്തീ സ്വത്വവിചാരത്തിന്റെ വിനിര്‍മിതിക്കാണ്. റാഡിക്കല്‍ ഫെമിനിസം ആവിര്‍ഭവിച്ചു. അതിന് അനുകൂലവും പ്രതികൂലവുമായ പ്രതിസ്പന്ദനങ്ങളുണ്ടായി. പെണ്‍പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്ര മതിലുകളില്‍ പലേടത്തും വിള്ളലുകള്‍ പ്രത്യക്ഷമായി. പെണ്ണനുഭവം എന്നതിന്റെ വ്യത്യസ്ഥതയും സങ്കീര്‍ണ സ്വഭാവവും അംഗീകരക്കപ്പെട്ടതോടെ നിരവധി ഫെമിനിസ്റ്റ് ഗ്രൂപ്പുകള്‍ ഉദയം ചെയ്തു. അധ്വാനിക്കുന്ന സ്‌ത്രീ, മൂന്നാംലോകത്തിലെ സ്‌ത്രീ, കറുത്ത സ്‌ത്രീ, യൂറോകേന്ദ്രിതവും മധ്യവര്‍ഗവീക്ഷണം സ്വകാര്യമായി സ്വീകരിക്കുന്നതുമായ പൊതുപ്രസ്ഥാനത്തില്‍നിന്ന് അടര്‍ന്നുനിന്നു. ആംഗ്ളോ -അമേരിക്കന്‍ സ്‌ത്രീ പാരമ്പര്യത്തിന്റെ പാതയോരത്ത് റാഡിക്കല്‍ ലെസ്ബിയനിസം (Radical Lesbianism) പൊട്ടിമുളക്കുന്നത് കാണായി. ഈ സവിശേഷ ഫെമിനിസ്റ്റ് ചിന്ത പൊക്കിപ്പിടിക്കുന്നത് ഒരു തരം 'സെപ്പെരിറ്റിസ'മാണെന്ന, ലിംഗവ്യത്യസ്തതയാണെന്ന ആക്ഷേപവുമുണ്ടായി. ഇതെ തുടര്‍ന്ന് ലെസ്ബിയന്‍ സാഡോമസോക്കിസം (Lesbian Sadomasochism)ഒരു തട്ടുതകര്‍പ്പന്‍ സംവാദമായി വളരുകയുമുണ്ടായി.

അധുനാധുന ഫെമിനിസ്റ്റ് സിദ്ധാന്ത ചര്‍ച്ചയില്‍ ഫ്രഞ്ച് സംഭാവന വളരെ വിലപ്പെട്ടതാണ്. സൈദ്ധാന്തികമായ പുതുവെളിച്ചങ്ങളും അപഗ്രഥന രസതന്ത്രവുമായി ഇടപെട്ടത് ജൂലിയ ക്രിസ്റ്റെവ, ഹെല്‍ സിക്സൂ, ലൂസ്ഇരിഗറെ തുടങ്ങിയ പ്രതിഭാശാലികളായിരുന്നു. ഇവര്‍ അവലംബിച്ചത് ജെ ലെക്കന്‍ (Jacques Lacan) പരിഷ്കരിച്ച് പ്രചരിപ്പിച്ച മനഃശാസ്ത്രാപഗ്രഥനത്തിന്റെ ഉപകരണങ്ങളെയത്രെ. ലക്കന്റെ രീതിശാസ്ത്രത്തെ ചില്ലറ നീക്കുപോക്കുകളോടെ ഇവര്‍ പിന്‍തുടര്‍ന്നു. ചിന്ത, ഭാഷ, ലൈംഗികതയുടെ നിര്‍മാണം, സാഹിത്യപാഠങ്ങളില്‍ ലിംഗ ചോദനയുടെ ആവിഷ്കാരം ഇച്ഛയുടെ അനാവരണം തുടങ്ങിയ വിഷയങ്ങളെ ഫ്രഞ്ച് ഫെമിനിസം ലക്കേനിയന്‍ വിശ്ളേഷണ സമ്പ്രദായമുപയോയിച്ച് വിസ്തരിച്ച് പഠിച്ചു. സ്‌ത്രീപാഠവും (Female text) സ്തീ സ്വത്വ വിചാരവും ഏകരൂപവും, ഇഴതൂര്‍ന്ന് കിടക്കുന്നതുമാണെന്ന ധാരണയെ, സങ്കല്പത്തെ - ഇതാണ് ഹ്യൂമനിസ്റ്റ് ഫെമിനിസം അഥവാ ബൂര്‍ഷ്വാ ഫെമിനിസം കാതലായി കണ്ടത് - ഫ്രഞ്ചു ഫെമിനിസ്റ്റുകള്‍ തീര്‍ത്തും നിരാകരിക്കുന്നു

1981 ല്‍ പുറത്തുവന്ന ബെറ്റി ഫ്രീഡന്റെ 'ദി സെക്കന്‍ഡ് സ്റ്റേജസ്' എന്ന പാഠവും 1984 ല്‍ ജെര്‍മന്‍ ഗ്രീര്‍ എഴുതിയ' സെക്സ് അന്‍ഡ് ഡെസ്റ്റിനി എന്ന പ്രാമാണിക ഗ്രന്ഥവും ആംഗ്ളോ - അമേരിക്കന്‍ ഫെമിനിസ്റ്റ് ആലോചനയിലെ അമൂല്യമായ അടയാള പുസ്തകങ്ങളാണ് . സെക്ഷ്വല്‍ പൊളിറ്റിക്സ് (ലൈംഗിക രാഷ്‌ട്രീയം) എന്നതില്‍നിന്നുള്ള ഒരു പിന്‍വാങ്ങല്‍ നാമിവിടെ കാണുന്നു. ഒരു ഉത്തരഫെമിനിസ്റ്റ് കാലഘട്ടം ഈ പിന്‍വാങ്ങലിലൂടെ പിറന്നുവെന്ന് പലരും കരുതുന്നുമുണ്ട്.

ഫെമിനിസ്റ്റ് നിരൂപണശാഖയെപ്പറ്റി അല്‍പ്പമൊന്നുപന്യസിക്കാതെ ഈ ആമുഖമവസാനിപ്പിക്കുന്നത് ഉചിതമാവില്ല. സ്‌ത്രീയും ഭാഷയും തമ്മിലുള്ള സവിശേഷ വേഴ്ചയെ സൂക്ഷ്മമായി വിശേഷിക്കുക എന്നത് ഈ നിരൂപണത്തിന്റെ നിയോഗമത്രെ. പെണ്ണെഴുത്തിനെ, പെണ്ണെഴുത്തുകാരെ, പെണ്‍പാഠങ്ങളെ, പെണ്‍വായനാ സമൂഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങളെ ഗൌരവമായി പരിശോധിക്കുക എന്ന പ്രധാനമായ ചുമതലയും ഫെമിനിസ്റ്റ് വിമര്‍ശനം ഏറ്റെടുക്കുന്നുണ്ട്. ഇവിടെയും രണ്ട് കളരികള്‍ കാണാം: 1. ആഗ്ളോ -അമേരിക്കന്‍ 2. ഫ്രങ്കോ - യൂറോപ്യന്‍. ആദ്യത്തേത് കര്‍തൃ- കേന്ദ്രിതം (Author oriented) ആണെങ്കില്‍ രണ്ടാമത്തേത് പാഠ കേന്ദ്രിതം (Text oriented) ആണ്. ആംഗ്ളോ - അമേരിക്കന്‍ ഫെമിനിസ്റ്റ് നിരൂപണം സിദ്ധാന്തത്തെ (Theory) സംശയദൃഷ്ടിയോടെയാണ് വീക്ഷിച്ചത്. അത് ഒരു (Male Discourse -പുംസവാദം) ആണെന്ന അഭിപ്രായം പല ബ്രിട്ടീഷ് ഫെമിനിസ്റ്റുകള്‍ക്കുമുണ്ടായി. പെണ്ണെഴുത്തുകാരിയുടെ വേറിട്ട ശബ്ദത്തെ തിരിച്ചറിയുകയും ഇതിനെ ഉറക്കെ കേള്‍പ്പിക്കുകയുമാണ് ബ്രിട്ടീഷ് ഫെമിനിസ്റ്റുകള്‍ ഒരു വിപ്ളവ പ്രവര്‍ത്തനമായി സ്വീകരിച്ചത്. 1977 ല്‍ പുറത്തിറങ്ങിയ ' A Literature of Their Own:' എന്ന പേര്‍കൊണ്ട് പുസ്തകത്തിലൂടെ ലൈന്‍ ഷോ വാള്‍ട്ടര്‍ ചെയ്തതും അതാണ്. ആണെഴുത്തുകാരുടെയും പെണ്ണെഴുത്തുകാരുടെയും സൃഷ്ടികളില്‍ സന്നിഹിതമായ ലൈംഗിക പ്രത്യയശാസ്ത്രത്തെ (Sexual ideology) തുറന്നുകാട്ടുകയെന്നതും ബ്രിട്ടീഷ് ഫെമിനിസ്റ്റ് നിരുപണക്കളരി ഒരു ധര്‍മമായി കണ്ടു.

ഫ്രഞ്ച് ഫെമിനിസ്റ്റ് വിമര്‍ശനമാകട്ടെ സൈക്കോ അനാലിസ്, സ്ട്രക്ചറലിസം, ഡീകണ്‍ട്രക്ഷന്‍ തുടങ്ങിയ ഭാഷാബന്ധിത ചിന്താ പദ്ധതികളില്‍നിന്ന് ഊര്‍ജം ഊറ്റിയെടുത്തു. അവയുടെ ആയുധങ്ങള്‍ നിര്‍ലോഭം ഉപയോഗിച്ചു. ജൂലിയ ക്രിസ്റ്റോവയും സിക്സുസും ഇറിഗാറെയുമൊക്കെ ഇതാണ് ചെയ്തത്് അവര്‍ പാഠത്തിന് പരമമായ പ്രധാന്യം കല്‍പ്പിക്കുന്നു. പാഠത്തിലൂടെ ലൈംഗികതയുടെ നിര്‍മാണത്തെ നിരീക്ഷിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു. സ്ഥായിയായ, ഉറച്ച ഒരു മനുഷ്യവിഷയം എന്ന സങ്കല്പത്തെ തന്നെ ചോദ്യം ചെയ്യുന്നു.

സ്‌ത്രീക്ക് ആത്മാവിഷ്കാരത്തിന്, സര്‍ഗപ്രവര്‍ത്തനത്തിന് സ്വന്തമായ ഒരു ഇടം (space) അത്യാവശ്യമാണെന്ന വാദം ആദ്യമായി ഉന്നയിച്ച് വെര്‍ജീനിയ വുള്‍ഫ് ആണ്. അവരുടെ ' A Room of One's Own' എന്ന പ്രബന്ധത്തിന്റെ പ്രസക്തി ഇപ്പോഴും മങ്ങിയിട്ടില്ല. അതുപോലെ ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലെ പെണ്‍പക്ഷ മുന്നേറ്റത്തിന്റെ ധാരയില്‍ കിളിര്‍ത്തുവന്ന പ്രസിദ്ധീകരണങ്ങളെയുംപ്രസിദ്ധീകരണ ങ്ങളെയും പ്രസിദ്ധീകരണ ശാലകളെയും ഓര്‍ക്കേണ്ടതുണ്ട്. SpareRib, Signസ്, Virago, Women's press തുടങ്ങിയ നിരവധി സ്‌ത്രീപക്ഷ പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ ഫെമിനിസ്റ്റ് ചിന്തക്കും സാഹിത്യ പ്രവര്‍ത്തനത്തിനും അവിസ്മരണീയമായ സംഭാവനയണ് നല്‍കിയത്.

ഇനി നമുക്ക് സ്‌ത്രീപക്ഷ ചിന്തയുടെ അകത്തളത്തിലേക്ക് പ്രവേശിക്കാം.

ഫെമിനിസത്തിന്റെ ഇന്ത്യന്‍ രുചിഭേദങ്ങള്‍

കാലം മറന്നുപോയ ഫെമിനിസ്റ്റ് - കേറ്റ് മില്ലറ്റ്

സിമണ്‍ ദെ ബൊവെ - ഫ്രഞ്ച് ഫെമിനിസത്തിന്റെ വഴികാട്ടി

*
വി സുകുമാരന്‍

6 comments:

വര്‍ക്കേഴ്സ് ഫോറം said...

പണ്ടു പണ്ടു ഗോത്ര സമൂഹങ്ങളില്‍ നിലനിന്നിരുന്നത് തള്ളവാഴ്ചയായിരുന്നു: മെട്രിയാര്‍ക്കി. താക്കോല്‍കൂട്ടം അരയില്‍ത്തിരുകി, മുറുക്കിച്ചുവപ്പിച്ച്, കൊല്ലിനും കൊലക്കും കെല്‍പ്പുള്ള കാരണോത്തി പൂമുഖത്തെ ചാരുപടിയില്‍ വിരാജിച്ചു. ഒറ്റമുണ്ടും ഈരിഴത്തോര്‍ത്തുമായി ഉടപ്പിറന്നോന്‍ വാപൊത്തി നിന്നു. അമ്മവായ്ക്കെതിര്‍വായില്ലായിരുന്നു. പിന്നീടെപ്പോഴോ വാ പൊത്തിനിന്ന കോന്തുണ്ണിനായര് തക്കാരം പറഞ്ഞ് താക്കോല്‍ക്കൂട്ടം തട്ടിയെടുത്തു. പുമാന്‍ ഏമാനായി; പൂമാനിനിയാകട്ടെ അകത്തളങ്ങളില്‍ ഒതുങ്ങി. പെങ്ങളുടെ ഒച്ച പൊങ്ങാതായി. ആങ്ങള തിരുവിളയാടല്‍ തുടങ്ങി. ധ്വജ കേന്ദ്രിത സമൂഹം (Phallic Society)പരുവപ്പെട്ടു. അതാണ് പേട്രിയാര്‍ക്കി അഥവാ തന്തവാഴ്ച.

Calicocentric കാലിക്കോസെന്‍ട്രിക് said...

"ആ കുട്ടിയാണ് ഫാനി മേരി വോള്‍സ്റ്റണ്‍ ക്രാഫ്റ്റ്."
അങ്ങനെയൊരു കുട്ടിയുണ്ടെങ്കില്‍ ആ കുട്ടിയുടെ തന്ത സുകുമാരന്‍ മാത്രമാണ്. മരമണ്ടത്തരം എഴുതാന്‍ ദേശാഭിമാനിക്ക് എവിടെനിന്നാണ് ഇത്ര മിടുക്കന്മാരെ കിട്ടുന്നത്?
ബാക്കി എന്റെ ബ്ലോഗില്‍ പറയാം.

Calicocentric കാലിക്കോസെന്‍ട്രിക് said...

സുകുമാരം ഫെമിനിസ്റ്റ് കഷായം

മരത്തലയന്‍ said...

ജീന്‍ വാല്‍ ജീന്‍ ആണോ ഴാങ്ങ് വാല്‍ ഴാങ്ങ് ആണോ അതോ ഴ്‌ആങ്ങ് വ്‌ആല്‍ ഴ്‌ആങ്ങ് ആണോ ശരി calicocentric? ഒരു ക്ലാസ് തുടങ്ങിയാല്‍ കുറെപ്പേര്‍ പഠിക്കാന്‍ വന്നേക്കും.

Calicocentric കാലിക്കോസെന്‍ട്രിക് said...

Monkey see monkey do

Abdulla Bukhari said...

ഇതൊന്നു നോക്കൂ
http://sthreeonline.blog.com/archives/861/
സ്ത്രീ സമുദ്ധാരണത്തിന്റെ പേരില്‍ സ്ത്രീകളെ അപമാനിക്കുന്ന അഭിനവ ഫെമിനിസ്റ്റ്‌ ചിന്താ ധാരകളെ പരിച്ഹേദനം നടത്തുകയാണ് എഴുത്തുകാരിയിവിടെ