Wednesday, May 12, 2010

ഒസാമ-ബിൻ-അമേരിക്ക, ഭീകരതയും പ്രേഷിതാധുനികതയും

മാര്‍ക്കോപോളോയെ കണ്ടാമൃഗവുമായി ബന്ധിപ്പിക്കുന്ന ഒരു ചരിത്രനോട്ടം ഉമ്പര്‍ട്ടോ എക്കോ ഒരിടത്തു നടത്തുന്നുണ്ട്. അതുവരെ നമുക്കറിയാത്ത ഒരു പ്രതിഭാസത്തെ അഭിമുഖീകരിക്കുമ്പോള്‍, ഏകദേശവിചാര ത്തിലൂടെയാവും നമ്മള്‍ പ്രതികരിക്കുക എന്ന 'സംഗതി'യെ ഉറപ്പിച്ചു പറയാനാണ് അങ്ങനെയൊരു ചരിത്രപരമായ ക്ളാസിക് ഉദാഹരണം എക്കോ നടത്തുന്നത്. തന്റെ കൊളോണിയല്‍ സഞ്ചാരഗതിക്കിടയില്‍ ജാവയില്‍വച്ചു കണ്ടുമുട്ടിയ കണ്ടാമൃഗത്തിനെ അതെന്താണെന്നറിയാത്ത മാര്‍ക്കോപോളോ, UNICORN എന്ന ഗ്രീക്ക് പൌരാണിക സാങ്കല്പിക മൃഗമായി പരികല്പിച്ച സംഭവമായിരുന്നു ആ ഉദാഹരണം. മാര്‍ക്കോപോളോയുടെ സാംസ്കാരിക പൂര്‍വികബുദ്ധി കണ്ടാമൃഗത്തിനെ യാഥാര്‍ഥ്യമായിത്തീര്‍ന്ന ഒരു പൌരാണിക ബിംബമായി ഏകദേശ വിചാരം ചെയ്തു എന്നര്‍ഥം.

കൊളോണിയല്‍ ബൌദ്ധികം അതിനു പുതുതായ ഒന്നിനെ ഭാവനചെയ്യുമ്പോഴും, വസ്തുത അതിന്റെ മാതൃസംസ്കാരത്തില്‍ സൂചകമായിത്തന്നെ നിലകൊള്ളും എന്നു പഠിപ്പിക്കാന്‍കൂടി ആ സംഭവം ഉപകരിക്കും. അതൊരു ചരിത്രമായിത്തീരുന്നത് കാരണം നിലനില്‍ക്കുന്ന ചിന്താമണ്ഡലത്തിന്റെ ആധിപത്യം കൊളോണിയല്‍ ധിഷണ ഏറ്റെടുക്കുന്നതുകൊണ്ടാണ്.

മാര്‍ക്കോപോളോ യൂറോപ്യന്‍ കൊളോണിയല്‍ ആധിപത്യധിഷണയുടെ പ്രതീകമായതുകൊണ്ട്, കണ്ടാമൃഗത്തിനെ കോളനിയനന്തര ലോകം 'യൂണികോണ്‍' ആയി സംബോധന ചെയ്താലും അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. കോളനീകരിക്കപ്പെട്ട ലോകത്തുനിന്ന് കൊളോണിയല്‍ ചിന്താശക്തികള്‍ സ്വരൂപിച്ചെടുത്ത ഇത്തരം ഏകദേശ വിചാരങ്ങളാണ് ആധുനികമായ വിജ്ഞാനശാസ്ത്രമായി പരിണമിച്ചതെന്നും, അവയുടെ ഉത്തരാധുനിക രൂപാന്തരപ്രാപ്തിയാണ് വിവരങ്ങള്‍ എന്നും നമുക്കറിയാം.

ഇങ്ങനെയും ഒരു യൂണികോണ്‍

മൂലധനവ്യാപ്തിയുടെ ആധുനികോത്തര രൂപമായിരുന്ന ആഗോള മുതലാളിത്തം ഒസാമ-ബിന്‍‍-ലാദന്‍ (ലാദന്റെ -മകന്‍ -ഒസാമ) എന്ന മനുഷ്യജീവിയെ മറ്റൊരു 'യൂണികോണ്‍ ‍' ആയി രൂപകല്‍പ്പന ചെയ്തതു തിരിച്ചറിയാനാണ് ഉമ്പര്‍ട്ടോയെ ഉദ്ധരിച്ചത്. ആഗോള മുതലാളിത്തവും അദൃശ്യ സാമ്രാജ്യത്വവുമെല്ലാം മാര്‍ക്കോപോളോമാരുടെ പിന്‍ഗാമികള്‍ക്കു ലഭിച്ച പൈതൃകസമ്പാദ്യമാണ്. അവരുടെ ചിന്തയും അധിനിവേശ മനോഭാവവുമെല്ലാം വാസ്തവങ്ങളെ ഏകദേശവിചാരം (approximate) ചെയ്യുന്ന പഴയ അവസ്ഥയില്‍നിന്ന് ഘടനാപരമായി മാറിയിട്ടേയില്ല. ജാവയിലെ കണ്ടാമൃഗം ഒസാമ-ബിന്‍-ലാദനും അതിന്റെ യൂണികോണ്‍ പതിപ്പ് ഒസാമ-ബിന്‍-അമേരിക്കയുമാണെന്നു ബോധ്യപ്പെടുത്താനാണ് ഈ പ്രബന്ധം.

'ഒസാമ-ബിന്‍-അമേരിക്ക' എന്ന പ്രയോഗം സംജ്ഞാപരമായിപ്പോലും ഉത്തരാധുനികമല്ല. പ്രഭവകേന്ദ്രത്തെ (modernity) പ്രശ്നവല്‍ക്കരിക്കുന്ന സ്വഭാവം ഉത്തരാധുനികതയ്ക്കുണ്ടായിരുന്നില്ല. 'ഒസാമ-ബിന്‍-അമേരിക്ക', അമേരിക്ക എന്ന പ്രഭവസ്ഥലത്തെ പ്രശ്നവല്‍ക്കരിക്കുകയും അതിന്റെ ഉത്തരാധുനികമായ എല്ലാ ആര്‍ജിത സ്വാധീനങ്ങളെയും പരാജയപ്പെടുത്തിക്കാട്ടുകയും ചെയ്യുന്നു. അതുകൊണ്ട് ഈ പ്രയോഗ യാഥാര്‍ഥ്യത്തെ പ്രേഷിതാധുനികം (posted modern)) എന്നാണ് നാം വിളിക്കേണ്ടത്. പ്രേഷിതാധുനികത ഉത്തരാധുനികതയ്ക്കുശേഷം പ്രത്യക്ഷപ്പെട്ട പുതിയൊരു ആഗോളപ്രതിഭാസമാണ്.

ഒസാമയെ നമുക്ക് ബോദ്രിയാറില്‍നിന്ന് ആരംഭിക്കുന്നതാണുചിതം. ഗള്‍ഫ്യുദ്ധത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യുമ്പോള്‍ (The Gulf war Didn't Take Place എന്ന പുസ്തകം), അദ്ദേഹം, ഭാവിയിലേക്കെറിഞ്ഞ ചില സൂചനകള്‍ നമുക്കു തന്നിരുന്നു. ഒരിക്കലും സംഭവിച്ചിട്ടില്ലാത്തതെന്നാണ് കോളിളക്കമുണ്ടാക്കിയ ആ യുദ്ധപരമ്പരയെ അദ്ദേഹം വിളിച്ചത്. നമുക്കിപ്പോള്‍ അതൊക്കെ വീണ്ടും വീണ്ടും ആവശ്യമായി വന്നിരിക്കുന്നു. പ്രേഷിതാധുനികത, ബോദ്രിയാറിനെ ആവര്‍ത്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

സാമ്രാജ്യത്വ യുദ്ധമുന്നണിയുടെ, രണ്ടാംലോക മഹായുദ്ധ ശേഷമുള്ള നിയന്ത്രണം പരിപൂര്‍ണമായി അമേരിക്കയുടെ കൈവശമായിത്തീര്‍ന്നതിന്റെ പരിണാമഗുപ്തിയെ ബോദ്രിയാര്‍ പരിചയപ്പെടുത്തിയ പേരാണ് 'ഗള്‍ഫുയുദ്ധം നടന്നിട്ടേയില്ല' എന്നത്. കലഹങ്ങളുടെ അതിക്രമം (The violence of the conflicts) എന്നു വിളിക്കാവുന്ന ഉഷ്ണയുദ്ധങ്ങളുടെ കാലത്തും അതിനോടനുബന്ധിച്ചുമാണ് ചരിത്രത്തിന്റെ നിയന്ത്രണം അമേരിക്ക കൈവശപ്പെടുത്തിയതെന്ന് അദ്ദേഹം കണ്ടെത്തുന്നു. പിന്നീടുള്ള അര ശതാബ്ദത്തിന്റെ കാലം ശീതമല്‍പ്പിടിത്തത്തിന്റെ യുദ്ധകാലം (The balance of terror) ആണ്. അതിന്റെ അന്ത്യകാലത്താണ് ഗള്‍ഫുയുദ്ധം വരുന്നത്. ആ പരമ്പരയെ മൃതയുദ്ധം (The dead war) എന്നാണ് ബോദ്രിയാര്‍ വിശേഷിപ്പിച്ചത്. അമേരിക്കയും സദ്ദാംഹുസൈനും ഗള്‍ഫുശക്തികളുംകൂടി ഒരു യുദ്ധത്തിന്റെ മൃതശരീരത്തിനുമേല്‍ പോരാടുന്നു എന്നദ്ദേഹം കളിയാക്കിപ്പറഞ്ഞു.

പ്രഭാഷണപരമായ ഒരു നാടകീയത അതെപ്പറ്റി പറയാന്‍ ബോദ്രിയാര്‍ കരുതിവച്ചിരുന്നു. അതൊരു യുദ്ധംതന്നെ ആയിരുന്നില്ല. യുദ്ധത്തിന്റെ ദുഷിച്ച രൂപമായിരുന്നു. തടവുകാര്യത (deterrence) എന്നൊരു പേരിട്ട് അതിനെ വിളിക്കാം. തടഞ്ഞുവച്ച് കാര്യങ്ങള്‍ നേടിയെടുക്കുന്ന ഒരു കുതന്ത്രമാണത്. ജാമ്യത്തടവുകാരെ ഉപയോഗിച്ചുള്ള ഉപജാപങ്ങളുടെയും ഗൂഢാലോചനകളുടെയും (hostage manipulation and negotiation) സമാഹൃതരൂപമായിരുന്നു ആ യുദ്ധത്തിനുണ്ടായിരുന്നത്. സൈനികരുടെ സ്ഥാനത്ത്, ജാമ്യത്തടവുകാരാണുണ്ടായിരുന്നത്. നടനനായകന്റെ പകര്‍പ്പുകളെപ്പോലെ മാറ്റിയെടുത്ത അഭിനേതാക്കളായിരുന്നു ആ സൈനികത്തടവുകാര്‍. പോരാളികളുടെ യാതൊരുവിധ ആത്മവത്തയുമില്ലാതെ അവര്‍ ആ അയുദ്ധ (nonwar) നാടകത്തിനു വിധേയപ്പെടുകയായിരുന്നു.

മാധ്യമവിപ്ളവത്തിന്റെ ചരിത്രപരമായ ഒരു വ്യതിചലനഘട്ടത്തില്‍വച്ച് ലോകത്തേക്കു മുഴുവന്‍ പ്രക്ഷേപണം ചെയ്യപ്പെട്ട ഗള്‍ഫുയുദ്ധം, കാഴ്ചക്കാരായ നമ്മളെയെല്ലാം വിവരങ്ങളുടെ തടവുകാരുമാക്കിത്തീര്‍ത്തു. (information hostages). മാധ്യമലഹരിയുടെ തടവുകാര്‍. അത്തരമൊരു ലഹരിബാധിത ജനതയായിരിക്കുമ്പോഴാണ് 9/11 നു മുന്‍പും പിന്‍പുമെന്നവിധം ഒരു 'ഒസാമ' അവതരിപ്പിക്കപ്പെടുന്നത്. മാര്‍ക്കോപോളോക്കുമുന്നില്‍ കണ്ടാമൃഗമെന്നപോലെ!

ഒസാമയെ 'യുണികോണ്‍' ആക്കിയ മാര്‍ക്കോപോളോ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ക്ളിന്റനായിരുന്നു. 1998 ആഗസ്ത് -27 ന് 'Operation infinite Reach' എന്നു പേരു നല്‍കിയ ഒരു ഭീകരവിരുദ്ധ ആക്രമണത്തിനു പച്ചക്കൊടി കാട്ടിക്കൊണ്ട് ക്ളിന്റന്‍ നടത്തിയ പ്രഖ്യാപനമായിരുന്നു ആ unicornisation. കെനിയയിലെയും താന്‍സാനിയയിലെയും യു എസ് എംബസികളില്‍ ഭീകരാക്രമണം നടത്തി, ഇരുന്നൂറ്റി ഇരുപത്തിനാലുപേരെ ലാദന്‍സംഘം കൊലപ്പെടുത്തിയതിനുശേഷമായിരുന്നു ക്ളിന്റന്റെ ഛഹഞ പ്രഖ്യാപനം. "നമ്മുടെ ലക്ഷ്യം ഭീകരതയെ അമര്‍ച്ച ചെയ്യലാണെന്നതു വ്യക്തമാണ്. ഒസാമബിന്‍ലാദന്‍ സാമ്പത്തിക സഹായം നല്‍കി പോഷിപ്പിച്ചെടുത്ത തീവ്രവാദ സംഘടനകളാണവ. ഇന്നത്തെ ആഗോള ഭീകരതയുടെ സമര്‍ഥനായ സംഘാടകനും സാമ്പത്തിക സഹായിയുമാണയാള്‍''എന്ന ആവേശം കലര്‍ന്ന വാക്കുകള്‍ വൈറ്റ്ഹൌസിന്റെ മട്ടുപ്പാവില്‍നിന്നു വിളിച്ചുപറയുമ്പോള്‍ ബുഷ് ഓര്‍ത്തിരിക്കില്ല; അത് ഒസാമയുടെ ജീവിതത്തിലെ വേറൊരു ഗതിയായി പരിണമിക്കുകയാണെന്ന്. എംബസി ബോംബിങ്ങിനും ബുഷിന്റെ വാര്‍ത്താസമ്മേളനത്തിനും മുമ്പുവരെ, പൊതുവെ, പാശ്ചാത്യലോകത്തിന് അപരിചിതനായിരുന്ന ഒസാമ പെട്ടെന്ന് ലോകത്തിനാകെ ചിരപരിചിതനായിത്തീര്‍ന്നു. ലോക ടെലിവിഷന്‍ ചാനലുകളാകെ അയാളുടെ ചിത്രംകൊണ്ടു നിറഞ്ഞു. റേഡിയോസ്റ്റേഷനുകള്‍ ഒസാമയുടെ അമേരിക്കന്‍ വിരുദ്ധ പ്രഭാഷണങ്ങളാല്‍ പ്രകമ്പിതമായിത്തീര്‍ന്നു. അവിടംമുതലാണ് ഒസാമയെന്ന ആഗോളഭീകരനെ ലോകം ഭയപ്പെട്ടു തുടങ്ങിയത്. ലോകത്തെ മുഴുവന്‍ സാക്ഷിനിറുത്തി അമേരിക്കയെ വെല്ലുവിളിക്കാനും മുന്നറിയിപ്പുനല്‍കാനും ആധികാരികമായി ഒസാമക്ക് അവകാശമുണ്ടെന്നു തോന്നിക്കുന്ന 2002 സെപ്തംബര്‍ 6 ലെ 'കത്ത്' അമേരിക്കതന്നെ സൃഷ്ടിച്ച ഒസാമയുടേതായിരുന്നു (അനുബന്ധം 1 നോക്കുക). മുഹമ്മദ് അവാദ് ബിന്‍ലാദന്‍ എന്ന യമനിക്കാരനായ പിതാവിന്റെ മകനായ ഒസാമയുടേതല്ല; അമേരിക്കയുടെ (ഭയത്തിന്റെ) മകന്‍ ഒസാമയുടേതാണ്. ധീരന്മാര്‍ ഒരുവട്ടം ചിരിക്കുമ്പോള്‍ ഭീരുക്കള്‍ പലവട്ടം കരയുന്നു എന്ന ശൈലിയുടെ മൂര്‍ത്തമായ അവതാരമാണയാള്‍. നമുക്കയാളെ ഒസാമ-ബിന്‍-അമേരിക്ക എന്നു വിളിക്കേണ്ടിവരുന്നത് അതുകൊണ്ടാണ്.

അല്പം ചരിത്രം

അഫ്ഗാനിലേക്കുള്ള റഷ്യന്‍ കടന്നുകയറ്റത്തെ (1979) പ്രതിരോധിക്കാന്‍വേണ്ടി, ലോകത്തെമ്പാടുമുള്ള മുജാഹിദ് റിബലുകളുടെയും മുസ്ളിം യുവാക്കളുടെയും വിപുലമായ സംഘങ്ങള്‍ അഫ്ഗാന്‍ താഴ്വരകളില്‍ കേന്ദ്രീകരിച്ചു തുടങ്ങുന്നകാലം മുതല്‍ക്കാണ് ഇന്നു കാണുന്ന ആഗോള ഭീകരവാദത്തിന്റെ വേരുകള്‍ ഉറയ്ക്കുന്നത്. അന്നുമുതല്‍ക്ക് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചവരെയുള്ള ഒരു ദശകം, ശീതയുദ്ധപ്രക്രിയയുടെ ജാമ്യത്തടവുകാര്‍/പാവപ്പോരാളികള്‍ എന്ന നിലയില്‍ അവര്‍ക്കുവേണ്ട പണവും ആയുധങ്ങളും പരിശീലനങ്ങളും നല്‍കി സോവിയറ്റ് യൂണിയനെതിരെ അവരെ യഥേഷ്ടം ഉപയോഗിച്ചത് അമേരിക്കയും ഇംഗ്ളണ്ടും ചേര്‍ന്നിട്ടാണ്. സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ അത്തരം അഫ്ഗാന്‍ അറബുകള്‍ക്ക് ഒരു ശത്രു ഇല്ലാതായി. അതോടെ അമേരിക്കക്കും സഖ്യത്തിനും അവരൊരു ബാധ്യതയായിത്തീര്‍ന്നു. പിന്നീടാണ് അവര്‍ക്ക് പുതിയ ശത്രുക്കളും നേതാക്കളുമെല്ലാം വന്നുചേര്‍ന്നത്. ഒസാമയെ അന്വേഷിച്ചു തുടങ്ങേണ്ടത് അവിടം മുതല്‍ക്കാണ്.

ജിദ്ദ തുറമുഖത്തെ ഒരു സാധാരണ കയറ്റിറക്കു തൊഴിലാളിയായി ജീവിതമാരംഭിച്ച്, സൌദിയിലെ ഏറ്റവും വലിയ നിര്‍മാണക്കമ്പനിയുടെ അധിപനായിത്തീര്‍ന്ന മുഹമ്മദ് അവാദ് ബിന്‍ ലാദന്റെ പതിനഞ്ചു മക്കളില്‍ ഏഴാമനായ ഒസാമ എണ്‍പതുകളുടെ പകുതിയോടെയാണ് തന്റെ ജിഹാദ് പ്രവര്‍ത്തനങ്ങള്‍ അഫ്ഗാനില്‍ കേന്ദ്രീകരിക്കുന്നതും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സൈനികസ്വഭാവം കൈവരുത്തുന്നതും. അബ്ദുള്ളഅസമിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ജിഹാദ് സര്‍വീസ്ബ്യൂറോയും സിറിയയില്‍നിന്നും ഈജിപ്തില്‍നിന്നും എത്തിപ്പെട്ട വിരമിച്ച സൈനികരും ഒസാമയുടെ സംഘത്തിന് കരുത്തുനല്‍കിയ ഘടകങ്ങളായിരുന്നു. ഒസാമയുടെ ആദ്യകാല പോരാട്ടങ്ങളെല്ലാം അമേരിക്കന്‍ സഹായത്തോടെ സോവിയറ്റ് സൈന്യവുമായായിരുന്നു. ആ പോരാട്ടങ്ങളുടെ ക്രമാനുഗത പരിണാമമാണ് അല്‍ ഖ്വായിദ (The Base) എന്ന ജിഹാദിസംഘടന. സോവിയറ്റ് പിന്‍മടക്കവും ഗള്‍ഫ്മേഖലയിലെ സംഘര്‍ഷഭരിതമായ രാഷ്ട്രീയാനിശ്ചിതത്വവും ഒസാമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ നിഗൂഢത നല്‍കിയ കാലമായിരുന്നു 1989, 90, 91 കള്‍. ഇറാഖ്-കുവൈത്ത് സംഘര്‍ഷം, സൌദിയിലേക്കുള്ള അമേരിക്കന്‍ പ്രവേശനം തുടങ്ങിയതെല്ലം കൂടി ഒസാമയുടെ നിഗൂഢമായ വളര്‍ച്ചയെ പ്രബലമാക്കി.

ഒസാമ എന്ന മിത്ത്

വാസ്തവത്തില്‍ ശീതയുദ്ധാനന്തര മാധ്യമങ്ങള്‍ സൃഷ്ടിച്ചെടുത്ത ഒരു അമേരിക്കനൈസ്ഡ് മിത്തായിരുന്നു ഒസാമ. യാഥാര്‍ഥ്യങ്ങളെ, വിഭ്രാമക യാഥാര്‍ഥ്യങ്ങള്‍ (virtuals)കീഴടക്കിത്തുടങ്ങിയ ഒരു കാലത്തിന്റെ പ്രതീകമാണത്. അത് (it) എന്നേ പറയാനാവൂ; 'അയാള്‍' (He-the Osama) എന്നത് ഒരു കര്‍ത്തൃത്വമേയല്ലാത്തതുകൊണ്ട്. അതൊരു പ്രതിഭാസമാണ്. ചില സൂപ്പര്‍ താരങ്ങള്‍ തങ്ങളെ സിനിമയിലും അങ്ങനെ പരിചയപ്പെടുത്തിക്കണ്ടിട്ടുണ്ട്. 'ഞാനൊരു വ്യക്തിയല്ല; പ്രസ്ഥാനമാണ്' എന്നൊക്കെ. ഇതെല്ലാം ചില അതിയാഥാര്‍ഥ്യ ന്യായ (hyper realistic logic) മാണ്. ഈ കാലത്തെ അഭിസംബോധന ചെയ്തുകൊണ്ട് 'ഇതത്രേ നമ്മുടെ അന്ത്യവിധി' എന്നു പറഞ്ഞ ബോദ്രിയാര്‍, അതിനു കണ്ടെത്തിയ കാരണങ്ങളിലൊന്നു മേല്‍പ്പറഞ്ഞതായിരുന്നു. ശീതയുദ്ധാനന്തര രാഷ്ട്രീയലോകം ഫുക്കുയാമ സ്വപ്നം കണ്ടതുപോലെ ഒരു സമ്പൂര്‍ണലോകം ആവുകയല്ല ,ശൂന്യമഹാലോകം ആവുകയാണ് ചെയ്തത്.

കല്പിത വിദൂഷണം

അപനിര്‍മിത ഒസാമ (Deconstructed Osama) എന്നൊരു പരികല്പന കണ്ടിട്ടുണ്ട്. 2001 ഒക്ടോബര്‍ 7 ന് അല്‍-ജസീറയില്‍ പ്രത്യക്ഷപ്പെട്ടു സംസാരിക്കുന്ന ഒസാമയുടെ ചിത്രത്തിന്റെ അഴിച്ചുപണിയാണ് ആ വായന. അയാളുടെ സൈനികവസ്ത്രവും എ കെ 47 തോക്കും ടൈമെക്സിന്റെ വാച്ചും മൈക്രോഫോണും ക്യാമറയുമെല്ലാം ആധുനിക സാങ്കേതികവിദ്യയുടെ സംഭാവനയായിരിക്കുമ്പോള്‍ത്തന്നെ, പരോക്ഷമായി അയാള്‍ വെല്ലുവിളിക്കുന്നത് അതേ ആധുനിക സാങ്കേതികതയുടെ പ്രഭവകേന്ദ്രങ്ങളെത്തന്നെയായിരുന്നു. അമേരിക്ക, യു കെ, ഫ്രാന്‍സ്, ആസ്ത്രേലിയ, ജപ്പാന്‍, സോവിയറ്റ് യൂണിയന്‍ അങ്ങനെയങ്ങനെ.

ഒസാമയുടെ രീതികളും പ്രവര്‍ത്തനങ്ങളും അമേരിക്കതന്നെയാണ് തീരുമാനിക്കുന്നതെന്ന ഒരു അബോധവ്യാഖ്യാനശാസ്ത്രം, അപനിര്‍മിത ഒസാമയിലൂടെ നമുക്കു നടത്താം. 9/11 ന്റെ കാര്യത്തിലും അങ്ങനെത്തന്നെയായിരുന്നു. അതിന്റെ തന്ത്രശാസ്ത്രം ഉത്തരാധുനികമേയല്ല; അങ്ങനെയങ്ങു തത്ത്വചിന്താപരമല്ല. 9/11 ന്റെ സന്ദേശം അപഗ്രഥിക്കുമ്പോള്‍ അതു വ്യക്തമാവുന്നുണ്ട്.

ആയുസ്സറ്റ സന്ദേശങ്ങള്‍

'മാധ്യമം തന്നെ സന്ദേശം' എന്ന സമവാക്യം മക്ലൂഹന്‍ അവതരിപ്പിക്കുന്ന കാലത്ത്'ആഗോളഗ്രാമം' എന്ന സങ്കല്പം ആലോചനയില്‍ വന്നു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. 'medium is the message' എന്ന ആ പ്രയോഗത്തിന്റെ രണ്ട് അര്‍ഥസാധ്യതകളെ ലെവിന്‍സണ്‍ നിരീക്ഷിക്കുന്നുണ്ട് (Digital McLuhan, Rout-ledge, 2001). ആദ്യത്തേത് ഉള്ളടക്കം (content) എന്ന നിലയില്‍. അതായത്, ഏതൊരു മാധ്യമത്തിന്റെയും 'ഉള്ളടക്കം' മറ്റൊരു മാധ്യമമായിരിക്കും എന്നത്. എഴുത്തിന്റെ ഉള്ളടക്കം പറച്ചില്‍ (speech) എന്നപോലെ. രണ്ടാമത്തേത്, ഇവിടെ വളരെ സംഗതമാണ്. ഏതൊരു മാധ്യമത്തിന്റെയും സന്ദേശം മനുഷ്യപുരോഗതിയിലും സാമൂഹിക വ്യവഹാരങ്ങളിലും സംഭവിക്കുന്ന പരിണാമത്തിന്റെ വേഗത്തെയും ശ്രേണീബന്ധത്തെയും പ്രതിഫലിപ്പിക്കും എന്ന അര്‍ഥം. 'സന്ദേശ'ത്തിന്റെ ചരിത്രത്തോടു ചേര്‍ന്നുവരുന്ന ആശയമാണിത്.

ഒസാമയുടെ കാര്യത്തില്‍ 'സന്ദേശ'ത്തിന് വളരെ കൃത്യമായ ഒരു പരിണാമസ്വഭാവം വരുന്നതു കാണാം. ചരിത്രപരമായ ഒരു പരിണാമം. മുമ്പ് "medium itself global'' എന്നല്ലാതെ "message itself global'-എന്നു പറയാന്‍ കഴിയുമായിരുന്നില്ല. ആഗോളവ്യാപ്തിയുണ്ടായിരുന്ന സന്ദേശങ്ങള്‍പോലും മാധ്യമത്തിന്റെ സങ്കീര്‍ണമായ സാങ്കേതികതയില്‍നിന്നു മോചിതമായിരുന്നില്ല. എന്നാല്‍, ഒസാമയുടെ സന്ദേശം, സന്ദേശമെന്ന നിലയ്ക്കുതന്നെ ആഗോളീയമായിത്തീര്‍ന്നു. അവ ലോകത്ത് സൃഷ്ടിച്ച ഭയം അതിനു തെളിവായിരുന്നു. ഈ ചരിത്രമാറ്റം, തത്ത്വചിന്താപരമല്ല; ഭാഷീയമോ ഘടനാപരമോ അല്ല. ഉത്തരാധുനികവുമല്ല - ആധുനിക നിരപേക്ഷമായിരുന്നു അഥവാ പ്രേഷിതാധുനിക (posted modern) മായിരുന്നു.

ഒസാമ സൃഷ്ടിച്ച ഭയത്തിന്റെ ഏറ്റവും മൂര്‍ത്തമായ രൂപമായിരുന്നു 9/11. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നപ്പോള്‍ മരണപ്പെട്ട 3000 പേരുടെ കണക്കുവച്ചുമാത്രം അതിനെ അളന്നാല്‍ ഒസാമ പറയുംപോലെ അതൊരു ചെറിയ സംഭവമാണ്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല. അമേരിക്കക്കും അതിന്റെ സഖ്യശക്തികള്‍ക്കും ലോകത്തെവിടെയും ഏതുനേരവും എന്തുമാകാം എന്ന സ്വാതന്ത്ര്യത്തിന്റെ നിസ്സീമത നിലനില്‍ക്കെയാണ് അതീവസുരക്ഷിതമെന്ന് ഒസാമപോലും വിശ്വസിച്ചിരുന്ന പെന്റഗണിനകത്തു കയറി ആക്രമിക്കാന്‍ അല്‍-ഖ്വയ്‌ദയ്ക്കു കഴിഞ്ഞത്. 9/11 അമേരിക്ക സൃഷ്ടിച്ചതാണെന്നു പറയുന്നത് അതുകൊണ്ടാണ്. അമേരിക്കയുടെ മനസ്സില്‍ത്തന്നെയുള്ള യൂണികോണ്‍ ഒബാമയും പകര്‍പ്പുകളുമാണ് അതു സാധ്യമാക്കിയത്.

ശീതയുദ്ധാനന്തരം ശക്തിപ്പെട്ട ആഗോളീകരണ പ്രവണതകള്‍, ലോകത്തെങ്ങുമുള്ള ജനാധിപത്യ സംവിധാനങ്ങളെ തകര്‍ക്കുകയും ഉദാര ജനാധിപത്യത്തിന്റെ കടന്നുകയറ്റത്തെ ശക്തിപ്പെടുത്തുകയും ചെയ്തു. ദേശ/രാഷ്ട്ര ഭരണകൂടങ്ങള്‍ ദുര്‍ബലമായിത്തീര്‍ന്നതും അതിര്‍ത്തികള്‍ അപ്രസക്തമായിത്തീര്‍ന്നതും മൂലധനവ്യാപനത്തെ മാത്രമല്ല, ഭീകരതയെയും ആഗോളമാവാന്‍ സഹായിച്ച ഘടകങ്ങളാണ്. 9/11 നു ശേഷം യുദ്ധത്തിലേര്‍പ്പെട്ടത് Global America യാണ്. സ്വാഭാവികമായും ശത്രു Global Terrorism -വും.

പ്രേഷിതം-പ്രേഷിതാധുനികം

എന്ന അവിശുദ്ധത്രിത്വം ഉത്തരാധുനികമല്ല എന്നതിന്റെ സൂചന ഒസാമയുടെ സന്ദേശം തന്നെയാണ്. അമേരിക്ക എന്ന ആധുനിക യാഥാര്‍ഥ്യം എന്തുകൊണ്ട് അപ്രസക്തമാവുന്നു എന്ന മാനിഫെസ്റ്റോയാണത്. ഒസാമയുടെ സന്ദേശം '"medium- is -the mass-age'' എന്ന ഉത്തരാധുനികോച്ച ( high postmodernity) പ്രതീതിയിലും കടന്നതായിരുന്നു. കാരണം, അല്‍ജസീറ ഒസാമയുടെ സന്ദേശം സംപ്രേഷണം ചെയ്യുമ്പോഴും അയാള്‍ ഒരു തരത്തിലും തന്റെ മാധ്യമത്തിന്റെ (language® letter/Audio/Video tape ®Al Jazeera) ഭാഗമായിരുന്നില്ല. അയാള്‍ ശരീരത്തോടെ വരുമ്പോഴും അശരീരനായിരുന്നു. അതുകൊണ്ട് അമേരിക്ക അയാളുടെ സന്ദേശത്തോടും അശരീരതയോടും ഊഹാപോഹങ്ങളോടുമാണ് പൊരുതിക്കൊണ്ടിരുന്നത്. അയാള്‍ ഉണ്ടോ ഇല്ലയോ എന്നോ ഉണ്ടെങ്കില്‍ത്തന്നെ എവിടെയാണെന്നോ ഏറ്റവും ആധുനികമായ സാങ്കേതികവിദ്യകള്‍ക്കുപോലും കണ്ടെത്താനായില്ല. ാലമൈഴല ല്‍നിന്നും ാമമൈഴല ലെത്തിയ ഉത്തരാധുനികതയുടെ അസ്തമനമായിരുന്നു അങ്ങനെ സംഭവിച്ചത്. ഉത്തരാധുനികതയുടെ ഏറ്റവും ശക്തമായ പ്രതിനിധാനമായിരുന്ന അമേരിക്കയുടെ പരാജയവും.

ഒസാമക്കെതിരെയുള്ള അച്ചുതണ്ടിന്റെ നിയന്താവായിരുന്ന ജോര്‍ജ് ഡബ്ള്യൂ ബുഷിന് തങ്ങള്‍ അഫ്ഗാനിലും ഇറാഖിലും ചെയ്യുന്നതെന്താണെന്ന് അടിക്കടി മാറ്റിപ്പറയേണ്ടിവന്നത് അതുകൊണ്ടാണ്. അയാള്‍ ആദ്യം അതിനെ 'കുരിശുയുദ്ധ'മെന്നും പിന്നെ 'പരിഷ്കൃതിയ്ക്കുവേണ്ടിയുള്ള പോരാട്ട'മെന്നും തുടര്‍ന്ന് 'അവസാനിക്കാത്ത കഠിനകൃത്യം' (A task that never ends) എന്നും പിന്നെ 'ആഗോള ഭീകരതക്കെതിരെയുള്ള യുദ്ധം' എന്നും 'ഭീകരതക്കെതിരെയുള്ള ടൈറ്റാനിക്യുദ്ധം' എന്നുമൊക്കെ മാറ്റി വിളിച്ചുകൊണ്ടിരുന്നു. അമേരിക്കയും അതിന്റെ സഖ്യകക്ഷികളും തോളിലേക്കു വലിച്ചിട്ട വയ്യാവേലി അവരെയെത്തിച്ച മഹാപതനത്തിന്റെ ഓരോരോ ഘട്ടങ്ങളാണവയെന്ന് നിരീക്ഷിച്ചാലറിയാം. അതൊരു പ്രഭാഷണ വ്യതിചലനമായിരുന്നെങ്കിലും പിന്നീടതൊരു വലിയ സാമ്പത്തികത്തകര്‍ച്ചയിലേക്ക് അച്ചുതണ്ടിനെ എത്തിക്കുന്നതും നമുക്കു കാണേണ്ടിവന്നു.

പ്രേഷിതാധുനികത, ഉത്തരാധുനിക സാങ്കേതികവിദ്യകളെ പരാജയപ്പെടുത്തുന്നതെങ്ങനെയെന്നും 9/11 കാട്ടിത്തരുന്നു. ഉത്തരാധുനികത, ആറ്റം സാങ്കേതികതയുടെ വിജയമുഹൂര്‍ത്തത്തോടെയാണ് (രണ്ടാം ലോകമഹായുദ്ധം) ആരംഭിച്ചതെങ്കില്‍ ഉത്തര- അറ്റോമികമായ ( post-atomic) ഒരു ഘട്ടത്തില്‍ അതിന്റെ അന്ത്യവും കുറിക്കപ്പെടേണ്ടതാണ്. 9/11 അങ്ങനെ യൊന്നായിരുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ഒരത്ഭുതവും ഉത്തരാധുനിക സാങ്കേതിക സാക്ഷ്യപത്രവുമായിരുന്നു. അമേരിക്കയുടെ വ്യോമസംവിധാനവും അങ്ങനെയായിരുന്നു. സിനിമകളിലും മറ്റും വാസ്തവ പ്രതീതികരം (virtualreal)ആയി വന്നിരുന്ന ഒരു സംഭവമാണ് 9/11 ലൂടെ നമ്മള്‍ ദര്‍ശിച്ചത്. പെന്റഗണിന്റെ വീഴ്ച, ഉത്തരാധുനിക സാങ്കേതിക ശാസ്ത്രത്തിന്റെ ഏറ്റവും തീവ്രമായ പരാജയസന്ധിയായിരുന്നു. ശാസ്ത്രം അതിന്റെ നിരാശയുടെ ഫിലോസഫി വികസിപ്പിച്ചെടുക്കുന്നത് അവിടെ വളരെ പ്രകടമായിരുന്നു.

ആരാണ് ഭീകരന്‍?

ഭീകരതക്കെതിരെയുള്ള യുദ്ധമെന്ന പേരില്‍ അമേരിക്കന്‍ അച്ചുതണ്ട് നടത്തിയ യുദ്ധം, അവര്‍ക്കും അവരുടെ എതിരാളികളെന്ന് അവര്‍തന്നെ പറയുന്ന ഭീകരര്‍ക്കും താന്താങ്ങളുടെ ശരിയെ സ്ഥാപിക്കാനുള്ള വേദിയായിത്തീരുകയായിരുന്നു. രണ്ടുചേരിയിലും മനുഷ്യരെ അപ്രസക്തമാക്കിക്കൊണ്ടാണ് യുദ്ധം മുന്നേറിയത്. ചാവേറുകള്‍ക്കായിരുന്നു എവിടെയും പ്രസക്തി.

ഭീകരതക്കെതിരെയുള്ള മറ്റൊരു ഭീകരയുദ്ധത്തെ കുരിശുയുദ്ധം (crusade) എന്നു വിളിക്കുന്നതിലൂടെ അപരിമേയമായ ഒരു വിശുദ്ധവല്‍ക്കരണമാണ് ബുഷ് സ്ഥാപിച്ചെടുത്തത്. 9/11 നെ ക്രൂശിതന്റെ പാതയെ സ്മരിക്കാനുള്ള വിശുദ്ധവീഴ്ചയായി കാണാന്‍ പാശ്ചാത്യലോകം നിര്‍ബന്ധിതമാവുകയായിരുന്നു. കുരിശ് ചുമക്കുന്നത് താനാണെന്ന് വരുത്തിത്തീര്‍ക്കുന്നതിലൂടെ ബുഷ്, ദൈവികപരിവേഷമുള്ള താരരാജാവായിത്തീരുകയായിരുന്നു. അത്, നഷ്ടപ്പെട്ടുപോയ അയാളുടെ ബഹുജന സമ്മതിയെ വന്‍തോതില്‍ തിരിച്ചുനല്‍കിയ ഒരു ഗൂഢതന്ത്രമായിരുന്നുവെന്നത് ഇന്നൊരു രഹസ്യമല്ല.

സെപ്തംബര്‍ 11/2001നു മുമ്പത്തെ ദിനങ്ങളില്‍ വെറും നാല്‍പ്പതിനുതാഴെ നിന്നിരുന്ന ബുഷിന്റെ സമ്മതിനിലവാരം (Rating) കുരിശുയുദ്ധ പ്രഖ്യാപനത്തിലൂടെ തൊണ്ണൂറുശതമാനത്തിലേക്കാണുയര്‍ന്നത്. ഫിനാന്‍സ് മൂലധനത്തിന്റെ അദൃശ്യകരങ്ങള്‍ ഓഹരിക്കമ്പോളത്തിലുണ്ടാക്കുന്ന മായിക ചാഞ്ചാട്ടത്തോടു സാദൃശ്യമുള്ള ഒരു പരിപാടിയായിരുന്നു അത്. അതിലൂടെ, പാശ്ചാത്യലോകം അധാര്‍മികതയുടെ, ഒരുതരം ക്രൈസ്തവ മതമൌലികവാദത്തെയാണ് വിജയിപ്പിച്ചെടുത്തതെന്ന് ലോകം ശ്രദ്ധിക്കാതെ പോയി (Aijas Ahmad, war and media എന്ന പുസ്തകംEd.by Dayakrishan thussu & Des. Freedman). പെന്റഗണ്‍, തങ്ങളുടെ യുദ്ധപരിപാടിക്കു നല്‍കിയ 'അവസാനിക്കാത്ത നീതി' എന്ന ശൈലി ബൈബിളിലേതായിരുന്നില്ല. ക്രിസ്ത്യന്‍ മൌലികവാദത്തിന്റെ നിഘണ്ടുവില്‍നിന്നുള്ളതായിരുന്നു.

ഔദ്യോഗികവും അന്തര്‍ദേശീയവുമായ ആയുധസജ്ജീകരണങ്ങളോടെ അമേരിക്കയും അളിയന്‍മാരുംകൂടി ലോകത്തെമ്പാടും കൊന്നൊടുക്കിയ ഭീകരരല്ലാത്ത സാധാരണക്കാരുടെ എണ്ണത്തെക്കാള്‍ എത്രയോ കുറവാണ് സാക്ഷാല്‍ ഭീകരര്‍ വധിച്ചവരുടെ എണ്ണം. നിരപരാധികളുടെ നെഞ്ചിലേക്ക് നിറയൊഴിക്കലും വിശന്നുപൊരിയുന്ന കുഞ്ഞുങ്ങള്‍ക്ക് ബോംബുപൊതി എറിഞ്ഞുകൊടുക്കലുമാണ് ബുഷിന്റെ വിശുദ്ധ യുദ്ധമെങ്കില്‍, അത്, ഭീകരതയുടെ അബോധമായി അംഗീകരിക്കപ്പെട്ട മറ്റൊരു പതിപ്പുതന്നെയല്ലേ?

ജോര്‍ജ് ഡബ്ള്യൂ ബുഷ് എന്ന ലോകതെമ്മാടി അടച്ചുപറഞ്ഞ മൌലികവാദത്തെ അദ്ദേഹത്തിന്റെ അനുചരന്‍മാരിലൊരാള്‍ തുറന്നുതന്നെ പറഞ്ഞു. ഒസാമയ്ക്കെതിരെയുള്ള പോരാട്ടത്തെ മതപരമായി വ്യാഖ്യാനിച്ചുകൊണ്ട് യുഎസിന്റെ ലെഫ്. ജനറലായിരുന്ന വില്യം ബോയ്കിന്‍ പറഞ്ഞതിങ്ങനെയാണ്: "എനിക്കറിയാം. എന്റെ ദൈവം അവന്റെ പടച്ചവനെക്കാള്‍ വലുതാണെന്ന്. എന്താണെന്നോ, ക്രിസ്ത്യന്‍ ദൈവം മാത്രമാണ് വാസ്തവം- അവരുടേത് വെറും വിഗ്രഹം മാത്രമാണ്.'' ഇതിനെ ധാര്‍മിക രോഷത്തോടെ ചൂണ്ടിക്കാട്ടുമ്പോള്‍ അമര്‍ത്യസെന്‍ പറയുന്നത്, ഇസ്ളാമികലോകത്തിനെതിരെ ഉപയോഗിക്കാന്‍വേണ്ടി പടച്ചെടുത്ത മിസൈലുകളായിരുന്നു ഇത്തരം പ്രഖ്യാപനങ്ങളെന്നാണ്. വര്‍ത്തമാന സാഹചര്യത്തില്‍, ഇന്ത്യയിലും അതിന്റെ പടര്‍ന്നുകയറ്റം നമുക്കു ദര്‍ശിക്കാം. ഒരുതരം അമേരിക്കന്‍ ജിഹാദായി അതിവിടെ രൂപംകൊള്ളുന്നു. ശത്രുപക്ഷത്ത്, ഇസ്ളാമികസമൂഹം മുഴുവനും വരുന്നു. ഇത്തരം ജിഹാദ്പ്രകാരങ്ങള്‍, വളരെ നിശ്ചിതമായ ആശയതന്ത്രങ്ങളോടെ ഓരോ സാമൂഹിക ഭൂമിശാസ്ത്രത്തിന്റെയും സ്വഭാവത്തിനനുസരിച്ച് പുറത്തുവന്നുകൊണ്ടിരിക്കും. ചൈനയിലെ വംശീയകലാപവും ഇന്ത്യയിലെ 'ലൌ ജിഹാദ്' വിവാദവും അതുപോലൊന്നാണ്. വംശീയതയെ സാംസ്കാരികാബോധപ്രത്യയശാസ്ത്രസംക്രമണത്തിലൂടെ ഊതിക്കത്തിക്കാനാവുമെന്ന് എത്ര ചെലവുകുറച്ചാണ് ലൌ ജിഹാദിലൂടെ സംഘപരിവാരം തെളിയിച്ചുതന്നത്.

ശീതയുദ്ധാനന്തരലോകം ചരിത്രത്തിന്റെ അന്തിമ ഘട്ടമാണെന്നും ഇനി, ഉദാരജനാധിപത്യമാണ് വരാനിരിക്കുന്നതെന്നും അതിന്റെ നിയന്താവ് അമേരിക്കയായിരിക്കുമെന്നും വിളിച്ചുപറഞ്ഞത് ഫുക്കുയാമയാണ്. അതേ ഫുക്കുയാമയുടെ ഉദാരഭരണകൂടാധിപന്മാരാണ് മതത്തിന്റെയും വംശീയതയുടെയും വൈതാളിക ഭാഷയില്‍ ലോകത്തെ അഭിസംബോധന ചെയ്തുകൊണ്ടിരുന്നത്. ഉദാര ജനാധിപത്യം പേരില്‍മാത്രം ജനാധിപത്യപരമാണ്. ആധുനിക സാമൂഹിക വ്യവസ്ഥയുടെ വിപ്ളവകരമായ സകല നേട്ടങ്ങളെയും അത് ഇല്ലാതാക്കുന്നു. സ്വാതന്ത്യ്രം-സമത്വം-സാഹോദര്യം മുതലായ മുദ്രാവാക്യങ്ങളെയെല്ലാം പഴയ കുപ്പിയിലെ വീഞ്ഞു മാത്രമാക്കിത്തീര്‍ക്കുന്നു. അമര്‍ത്യ അതിനെ ഇങ്ങനെയാണ് സംക്ഷേപിക്കുന്നത്; "The world is suddenly seen not as a collection of people, but as a federation of religions and civilizations''..

അവര്‍ ആഗ്രഹിച്ചത്; അയാള്‍ നല്‍കിയത്

മൌലികവാദികളുടെ പൊതു സവിശേഷത, അവര്‍, ലക്ഷ്യബോധത്തിലും സമീപനത്തിലും അങ്ങേയറ്റം ഏകകാലികര്‍ (synchronic) ആയിരിക്കുമെന്നതാണ്. ചരിത്രപരിണാമത്തെപ്പറ്റി സാമൂഹിക ശാസ്ത്രപരമായ ഒരു തിരിച്ചറിവും അവര്‍ക്കുണ്ടാവില്ല. മരവിച്ച വാക്കുകള്‍കൊണ്ടും ഉള്ളില്‍ ഒളിപ്പിച്ചുവച്ച ഭീരുതകൊണ്ടുമാവും അവര്‍ വര്‍ത്തമാനത്തില്‍ ഇടപെടുക. ഒസാമയുടെ പ്രലപനം അങ്ങനെയുള്ളതായിരുന്നു. അയാള്‍ ലോകത്തോടു സംസാരിച്ചത് നിധി സംരക്ഷിക്കുന്ന സ്ഥാനഭ്രഷ്ടനായ രാജാവിന്റെ പരിമിതികളോടെയായിരുന്നു. ഒസാമ-എന്നൊരാള്‍ ഉണ്ടോ എന്ന സന്ദേഹം നിലനിര്‍ത്തുംവിധം അക്കാലങ്ങളില്‍ അയാളുടെ മരണവാര്‍ത്തയെക്കുറിച്ചുപോലും എത്രയോ റിപ്പോര്‍ടുകള്‍ വന്നു. ദുരൂഹമായ ഒരു ആധികാരികതയുടെ ശബ്ദത്തിലാണ്, അയാളുടെ ഇടപെടലുകള്‍ വന്നുകൊണ്ടിരുന്നത്.

2002 ഒക്ടോബര്‍ ആറിന്റെ കത്ത് അപഗ്രഥിക്കുമ്പോള്‍ നമുക്കത് വ്യക്തമാവും. അല്ലാഹുവിനെ ഉദ്ധരിച്ചും സാക്ഷ്യപ്പെടുത്തിയും പ്രവാചക മാതൃകയിലാണ് അയാള്‍ കത്ത് ആരംഭിക്കുന്നത്. ഖുര്‍ആനിക സൂക്തങ്ങള്‍ സമൃദ്ധമായി ഉപയോഗിച്ചുകൊണ്ട് തന്റെ വാദമുഖങ്ങളെ പ്രത്യയശാസ്ത്രവല്‍ക്കരിച്ച ഒസാമ ബുഷിനെയും വില്യം ബോയ്കിനെയും അന്ധമായി അനുകരിക്കുകയായിരുന്നു. താന്‍ പറയുന്നത് മാത്രമാണ് ശരി എന്നു ചരിത്രരഹിതമായി സ്ഥാപിക്കുകയായിരുന്നു. ഇതൊരു പ്രതിഗണിത തന്ത്രമായിരുന്നു. ഹരണം സാധ്യമല്ലാത്ത പ്രണയം.

അമേരിക്കയോട് വര്‍ത്തമാനം പറയാന്‍ പ്രവാചക ഭാഷതന്നെ ഒസാമയ്ക്കു തെരഞ്ഞെടുക്കേണ്ടിവന്നത് അമേരിക്കയുടെ മനഃശാസ്ത്രത്തിന് അയാള്‍ കീഴ്പ്പെട്ടുപോയതുകൊണ്ടാണ്. ചരിത്രത്തില്‍, ബദര്‍ മുതല്‍ക്കുള്ള യുദ്ധപരമ്പരകളില്‍ പ്രവാചകന്‍ ഏര്‍പ്പെടേണ്ടിവന്നതും തന്റെ സന്ദേശങ്ങളെ അന്നത്തെ സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ച് ചിട്ടപ്പെടുത്തേണ്ടിവന്നതുമായ ചരിത്രം ഇന്നും നമുക്കു വായിച്ചെടുക്കാം. അതേ മാതൃക പിന്‍തുടര്‍ന്നതിലൂടെ ഒസാമ ലക്ഷ്യമിട്ട രണ്ടു കാര്യങ്ങളുണ്ടായിരുന്നു. ഒന്ന്: സമാനമായൊരു ചരിത്രസാഹചര്യമാണ് ഇന്നുള്ളതെന്നു സ്ഥാപിച്ചുകൊണ്ട് തന്റെ പ്രവാചകതുല്യതയെ ഉറപ്പിക്കുക. രണ്ട്: അമേരിക്കയെ എതിര്‍ക്കേണ്ടതിന്റെ ആവശ്യകതയെ മതപരമായി വ്യാഖ്യാനിച്ചുകൊണ്ട് എതിര്‍പ്പിന്റെ മുന്നണിയുടെ നേതാവായിത്തീരുക. അമേരിക്ക ആഗ്രഹിച്ചതും അതുതന്നെയായിരുന്നു.

ഒസാമയില്‍ പാശ്ചാത്യലോകം ആഗ്രഹിച്ചത് എന്തായിരുന്നുവോ അത് നല്‍കാന്‍ ഒസാമയ്ക്കു കഴിഞ്ഞു എന്നാണ് ഇത് അര്‍ഥമാക്കുന്നത്. ശീതയുദ്ധാനന്തരം പാശ്ചാത്യലോകത്തിന് ഇസ്ളാമിനെ ശത്രുവാക്കിത്തീര്‍ക്കുന്നതിനുള്ള ചരിത്രദൌത്യമാണ് ഒസാമയ്ക്കു നിര്‍വഹിക്കാനുണ്ടായിരുന്നത്. ഡാനിഷ്പത്രമായിരുന്ന ഴില്ലന്ത്-പോസ്റ്റര്‍ (Jyllands- poster) ഒരു ഘട്ടത്തില്‍ നമുക്കത് ബോധ്യപ്പെടുത്തിത്തന്നു.

പ്രവാചകന്‍ മുഹമ്മദിന്റെ കാര്‍ടൂണ്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ് ആ പത്രം അത് സ്ഥാപിച്ചത്. ആ കാര്‍ടൂണുകളില്‍ പാശ്ചാത്യലോകം പ്രതിഫലിപ്പിച്ചത് പ്രവാചകനെയായിരുന്നില്ല. ഒസാമയെയായിരുന്നു. ഒറ്റപ്പേജില്‍ നിരത്തിവന്ന പന്ത്രണ്ടു കാര്‍ടൂണുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് തലയില്‍ കത്തിച്ചുപിടിച്ച ബോംബുമായി കണ്ണുരുട്ടുന്ന രൂപത്തിന്റെതായിരുന്നു. തലപ്പാവില്‍ "ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുറസൂലുള്ളാ'' എന്ന വാചകം പതിപ്പിച്ച രൂപം.

സാമാന്യമായൊരവലോകത്തില്‍ ആ രൂപം ഒസാമയുടെ പകര്‍പ്പുതന്നെയാണെന്ന് ഏതൊരാള്‍ക്കും മനസ്സിലാവും. ഒസാമ തന്നിലൂടെ പ്രതീക്ഷിച്ചത്, പാശ്ചാത്യലോകം കാര്‍ടൂണ്‍ ചെയ്തുകാണിച്ചു എന്നര്‍ഥം. ഇത് അതുവരെ അപരിചിതമായിരുന്ന ഒരു പ്രതിഫലന സിദ്ധാന്തമായിരുന്നു. അശരീരതയുടെ പ്രതിഫലനം. ആധുനികതയെ രൂപപ്പെടുത്തിയ ഒരു ഘട്ടത്തിന്റെ (സൃഷ്ടിവാദത്തിന്റെ) ആചാര്യനായിരുന്ന ഡാര്‍വിന്‍ ഇതുപോലൊരു കാര്‍ടൂണ്‍ പരമ്പരയെ നേരിട്ടിരുന്നുവെങ്കില്‍, ഒസാമയുടെ കാര്യത്തില്‍ ഉള്ളടക്കംതന്നെ പ്രത്യയശാസ്ത്രപരമായിത്തീരുകയും വ്യാഖ്യാനത്തില്‍ അത് അണ്‍-കോമിക് ആയി മാറുകയും ചെയ്യുന്നു. ഇവിടെ, ആധുനികതയുടെ ഉത്തര-ഉത്തരാധുനിക (post-post modern) തിരോധാനമായി ഒസാമ മാറുകയാണ് ചെയ്യുന്നത്.

അനുബന്ധം

അമേരിക്കയ്ക്കുള്ള ഒസാമയുടെ കത്ത് 2002/ ഒക്ടോബര്‍ 6

(സംക്ഷിപ്തം/ ഭാഗികം)

കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ ഖുര്‍ആനിലെ 22-ാം അധ്യായത്തിലെ 39-ാം വാക്യം.

ഒരു വിശദീകരണം എന്ന നിലയ്ക്കും മുന്നറിയിപ്പെന്ന നിലയ്ക്കും ഇവിടെ ചില സത്യങ്ങള്‍ വെളിപ്പെടുത്തേണ്ടിവന്നിരിക്കുന്നു. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ടും വിജയവും സഹായവും അവനില്‍നിന്ന് പ്രതീക്ഷിച്ചുകൊണ്ടും.

രണ്ട് ചോദ്യങ്ങളാണ് അമേരിക്കയോട് ചോദിക്കാനുള്ളത്.

1. ഞങ്ങളെന്തുകൊണ്ട് നിങ്ങളെ എതിര്‍ക്കുകയും നിങ്ങള്‍ക്കെതിരെ പോരാടുകയും ചെയ്യുന്നുവെന്നറിയുമോ?

2. ഞങ്ങള്‍ നിങ്ങളില്‍ നിന്നാഗ്രഹിക്കുന്നതെന്താണെന്നും നിങ്ങള്‍ എവിടേക്കു വന്നുചേരണമെന്നാഗ്രഹിക്കുന്നു വെന്നും അറിയുമോ?

ഇതില്‍ ആദ്യ ചോദ്യത്തിനുള്ള മറുപടി അത്രയും ലളിതമാണ്.

ഉത്തരം1. നിങ്ങള്‍ ഞങ്ങളെ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുന്നു.

1.1. കഴിഞ്ഞ 80 വര്‍ഷത്തിലധികമായി പലസ്തീനില്‍, അതിനൊരുദാഹരണമാണ്. ഇസ്രയേല്‍ രാഷ്ട്രരൂപീകരണവും അതിന്റെ നിലനില്‍പ്പും എന്ന മഹത്തായ കുറ്റകൃത്യത്തിനു നേതൃത്വംകൊടുത്തത് നിങ്ങളാണ്. അതിനു ചുക്കാന്‍പിടിച്ച ഓരോ വ്യക്തിയും അവരുടെ കരങ്ങളും ഇതിന്റെ വില - അതെത്ര വലുതായാലും ഏറ്റുവാങ്ങിയേ തീരൂ.

1.2. ശരിക്കുള്ള അറബികളും സെമറ്റിക്കുകളും പലസ്തീനികളാണ്്. അവരാണ് മൂസയുടെയും തോറയുടെയും യഥാര്‍ഥ അനുയായികള്‍. മുസ്ളിമീങ്ങള്‍ അബ്രഹാമിലും മോശയിലും മുഹമ്മദിലും... സകല പ്രവാചകരിലും വിശ്വസിക്കുന്നു. അവരുടേതാണ് പലസ്തീന്‍. ജറുസലേം അവരുടേതാണ്.

1.3. പലസ്തീനില്‍ ചൊരിയുന്ന രക്തത്തിനു മറുപടികളുണ്ട്. അവരുടെ കരച്ചില്‍, അവരെ ഒറ്റയ്ക്കാക്കുകയല്ലെന്ന് നിങ്ങള്‍ അറിയണം. അവരുടെ സ്ത്രീകള്‍ വിധവകളാവുമ്പോഴും അവരുടെ മക്കള്‍ അനാഥരാകുമ്പോഴും...

1.4. നിങ്ങള്‍ ഞങ്ങളെ സൊമാലിയയിലും ചെച്നിയയിലും കശ്മീരിലും ലെബനനിലും ആക്രമിച്ചു.

1.5. നിങ്ങളുടെ മേല്‍നോട്ടത്തിലും ആജ്ഞാനുവാദത്തിലും ഞങ്ങളുടെ രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ നിരന്തരമായി ഞങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ ഗവണ്‍മെന്റുകള്‍ക്കെതിരെയുള്ള ഞങ്ങളുടെ പോരാട്ടം നിങ്ങള്‍ക്കെതിരെയുള്ള പോരാട്ടമാണ്.

1.6. ഞങ്ങളുടെ സ്വത്തും ഇന്ധനങ്ങളും നിങ്ങളുടെ അപാരമായ അന്താരാഷ്ട്ര സ്വാധീനവും സൈനികശേഷിയും ഉപയോഗിച്ച് നിസ്സാര ചെലവില്‍ നിങ്ങള്‍ അപഹരിക്കുന്നു. ലോകമാനവചരിത്രം ഇതേവരെ ദര്‍ശിച്ചിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ കൊള്ളയാണത്.

1.7. നിങ്ങള്‍ ഞങ്ങളുടെ നാടുകളെ വരുതിയിലാക്കുന്നു. അവിടെയെല്ലാം നിങ്ങളുടെ സൈനികത്താവളങ്ങളാക്കുന്നു. നിങ്ങള്‍ ഞങ്ങളുടെ ഇടങ്ങളെ ദുഷിപ്പിക്കുന്നു; ഞങ്ങളുടെ നന്മകളെ മുഴുവന്‍ അപഹരിക്കുന്നു; ജൂതരെ സംരക്ഷിക്കാനും സഹായിക്കാനും വേണ്ടി.

1.8. ഇറാനിലെ മുസ്ളീങ്ങളെ ദിനംപ്രതി നിങ്ങള്‍ കൊന്നു തള്ളുന്നു. എല്ലാ ദിവസവും അവിടെ കുഞ്ഞുങ്ങള്‍ മൃതിപ്പെടുന്നു. ഇറാഖിലേക്കുള്ള നിങ്ങളുടെ പടയോട്ടം കാരണം, 1.5 മില്യണ്‍ ഇറാഖി പൈതങ്ങളാണ് മരിച്ചുപോയതെന്ന അത്യത്ഭുത യാഥാര്‍ഥ്യം നിങ്ങളില്‍ ഒരു പരിഗണനയും നേടുന്നില്ല. എന്നിട്ട്, നിങ്ങളുടെ 3000 പേര്‍ മരിച്ചതിന്റെ പ്രതികരണങ്ങള്‍ ലോകമെമ്പാടുമുയര്‍ന്നതിന്റെ കരങ്ങള്‍ ഇതുവരെ താണിട്ടില്ല.

1.9. ജറുസലേം തങ്ങളുടെ നിത്യതലസ്ഥാനമാണെന്ന ജൂതരുടെ വാദത്തെ നിങ്ങള്‍ പിന്തുണയ്ക്കുന്നു. അല്‍-അഖ്സ പള്ളി തകര്‍ക്കാന്‍ ഇസ്രയേലികള്‍ തന്ത്രം മെനയുന്നത് നിങ്ങളുടെ സഹായത്തിലും സംരക്ഷണത്തിലുമാണ്.

(അങ്ങനെ കത്ത് തുടരുന്നു.)

****

ഡോ. എം എ സിദ്ദീഖ്, കടപ്പാട് : ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഒസാമയെ നമുക്ക് ബോദ്രിയാറില്‍നിന്ന് ആരംഭിക്കുന്നതാണുചിതം. ഗള്‍ഫ്യുദ്ധത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യുമ്പോള്‍ (The Gulf war Didn't Take Place എന്ന പുസ്തകം), അദ്ദേഹം, ഭാവിയിലേക്കെറിഞ്ഞ ചില സൂചനകള്‍ നമുക്കു തന്നിരുന്നു. ഒരിക്കലും സംഭവിച്ചിട്ടില്ലാത്തതെന്നാണ് കോളിളക്കമുണ്ടാക്കിയ ആ യുദ്ധപരമ്പരയെ അദ്ദേഹം വിളിച്ചത്. നമുക്കിപ്പോള്‍ അതൊക്കെ വീണ്ടും വീണ്ടും ആവശ്യമായി വന്നിരിക്കുന്നു. പ്രേഷിതാധുനികത, ബോദ്രിയാറിനെ ആവര്‍ത്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.