Wednesday, June 30, 2010

ഇഎംഎസ് പറഞ്ഞു, ഞാന്‍ മന്ത്രിയായി, ന്യായാധിപനായി

വി ആര്‍ കൃഷ്ണയ്യരുമായി എന്‍ എസ് സജിത് നടത്തിയ അഭിമുഖം.

തൊണ്ണൂറാം വയസ്സിലും കണ്ണും മനസ്സും തുറന്നുപിടിക്കുക. ചുറ്റും നടക്കുന്ന കാര്യങ്ങളെ ജാഗ്രതയോടെ വിലയിരുത്തുക. മൂര്‍ച്ചയോടെ പ്രതികരിക്കുക. കേരളത്തില്‍ ഇങ്ങനെയൊരാള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്-വി ആര്‍ കൃഷ്ണയ്യര്‍.

ഐക്യകേരളത്തിലെ ആദ്യ മന്ത്രിസഭയിലെ അതികായന്‍. ജീവിക്കാന്‍വേണ്ടി ജനങ്ങള്‍ നടത്തുന്ന സമരത്തെ നേരിടാന്‍ പൊലീസിനെ ഉപയോഗിക്കില്ലെന്ന് പ്രഖ്യാപിച്ച ഇ എം എസ് മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി. സംസ്ഥാനഭരണം എങ്ങനെ അടിസ്ഥാനവര്‍ഗത്തിന്റെ ക്ഷേമത്തിനായി ഉപയോഗിക്കാമെന്ന് അരനൂറ്റാണ്ടുമുമ്പ് ലോകത്തിന് കാട്ടിക്കൊടുത്ത മന്ത്രിസഭയിലെ പ്രമുഖന്‍. കുടിയൊഴിപ്പിക്കല്‍ നിരോധിക്കുകയും കേരളീയന് തന്റേതായ ഒരിടം ഉണ്ടാക്കിക്കൊടുക്കുകയും സ്വകാര്യമാനേജര്‍മാരുടെ തേരോട്ടം നടന്ന വിദ്യാഭ്യാസമേഖല ഉടച്ചുവാര്‍ക്കുകയുംചെയ്ത ഇ എം എസ് മന്ത്രിസഭയുടെ നിയമനിര്‍മാണങ്ങള്‍ക്കുമേല്‍ മായാത്ത കൈയൊപ്പ് ചാര്‍ത്തിയ നിയമമന്ത്രി. ഇന്ത്യന്‍ ജുഡിഷ്യറിക്ക് മനുഷ്യമുഖമുണ്ടെന്ന് കാണിച്ചുകൊടുത്ത നീതിപതി.

എഴുതിയത് എണ്‍പതിലേറെ പുസ്തകങ്ങള്‍. ഏറെയും നീതിയെയും നിയമത്തെയും സംബന്ധിച്ച്. ക്യൂബയെക്കുറിച്ചും ഒരു ഗ്രന്ഥമുണ്ട്, ക്യൂബന്‍ പാനോരമ. അഞ്ച് ജീവചരിത്രകൃതികളാണ് കൃഷ്ണയ്യരെക്കുറിച്ച് ഇറങ്ങിയിട്ടുള്ളത്. രവി കുറ്റിക്കാട് എഴുതി തൊണ്ണൂറുകളുടെ ആദ്യം ദേശാഭിമാനി വാരിക ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ജനഹൃദയങ്ങളിലെ ന്യായാധിപന്‍ അതിലൊന്ന്. മലയാളത്തിലിറങ്ങിയ ഏക ജീവചരിത്രവും ഇതുതന്നെ. കൃഷ്ണയ്യരുടെ വിധികളെ അധികരിച്ച് തയ്യാറാക്കിയ പിഎച്ച്ഡി പ്രബന്ധങ്ങള്‍ നിരവധി. നിയമപഠനത്തിന്റെ പാഠ്യക്രമത്തില്‍ ആവര്‍ത്തിച്ചുവരുന്നു അമ്പരപ്പിക്കുന്ന ഭാഷാസൌന്ദര്യമുള്ള അദ്ദേഹത്തിന്റെ ജഡ്ജ്മെന്റുകള്‍. പരന്ന വായനയുടെ ഫലമാണ് ഈ ഭാഷാജ്ഞാനം. ഓരോ ജഡ്ജ്മെന്റും ഫിക്ഷന്‍ പോലെയാവുന്നതും അതുകൊണ്ടുതന്നെ.

ബര്‍ണാഡ് ഷായെ ആരാധിക്കുന്ന താന്‍ ഇപ്പോഴും ഫേബിയന്‍ സോഷ്യലിസ്റ്റാണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട് അദ്ദേഹം. അമ്മയില്‍ നിന്ന് പകര്‍ന്നു കിട്ടിയ ഭൂതദയ ഇപ്പോഴും കാക്കുന്നു. അതിവേഗത്തില്‍ കാറോടിക്കുന്നതില്‍ ഏറെ കമ്പമുണ്ടായിരുന്ന അദ്ദേഹം ദിനചര്യയുടെ ഒരു ഭാഗം ഇപ്പോഴും സംഗീതത്തിന് നീക്കിവെയ്ക്കുന്നു. ഒരിക്കല്‍ യേശുദാസ് യേശുദാസ് ആവുന്നതിന് മുമ്പ് ഗാനമേളയില്‍ പാടുമ്പോള്‍ വിളിച്ചു വരുത്തി വീട്ടില്‍ വച്ച് പാട്ടുപാടിപ്പിച്ചിട്ടുണ്ട് കൃഷ്ണയ്യര്‍.

കൊച്ചി നഗരത്തിന്റെ തിരക്കിലൂടെ ഇപ്പോഴും വേദികളില്‍ നിന്ന് വേദികളിലേക്ക് നീങ്ങാന്‍ അദ്ദേഹത്തിന് മടിയൊന്നുമില്ല. വീട്ടില്‍ വരുന്ന മന്ത്രിമാര്‍ തൊട്ട് സാധാരണക്കാര്‍ വരെയുള്ളവരോട് ഒരുപോലെ പെരുമാറാനും അദ്ദേഹത്തിന് കഴിയുന്നു, അനാരോഗ്യം വലയ്ക്കുന്നുണ്ടെങ്കിലും. ഞങ്ങള്‍ കൃഷ്ണയ്യരുടെ വീട്ടിലെത്തുമ്പോള്‍ നിയമമന്ത്രി എം വിജയകുമാറുമായി അദ്ദേഹം സംസാരിക്കുകയായിരുന്നു. പ്രത്യേകിച്ച് വിഷയങ്ങളൊന്നുമില്ല. ഐക്യകേരളത്തിലെ ആദ്യ നിയമമന്ത്രിയുമായി കണ്ട് സംസാരിക്കാന്‍ പുതുതലമുറക്കാരന്റെ ഔത്സുക്യമാണ് വിജയകുമാറില്‍ കണ്ടത്.

ഏറെനാളായി ശ്രമിക്കുന്ന കൃഷ്ണയ്യരുമായുള്ള അഭിമുഖം തരപ്പെടുന്നത് വാരിക പത്രാധിപര്‍ ഐ വി ദാസ്മാഷുടെ ശ്രമഫലമായി. ഇരുവരും പതിറ്റാണ്ടുകളായി ഗാഢമായ സ്നേഹബന്ധവും പരസ്പര ബഹുമാനവുമുള്ള തലശേരിക്കാര്‍. പൊതുജീവിതത്തില്‍ ഏറെ പരിചയസമ്പന്നതയുള്ളവര്‍. തലശേരിയില്‍ നിന്നാരംഭിച്ച സൌഹൃദം ഇന്നും സുദൃഢം. കൃഷ്ണയ്യരെക്കുറിച്ചുള്ള 'ജസ്റ്റിസ് കൃഷ്ണയ്യര്‍-പ്രതിബദ്ധതയുടെ പ്രകാശഗോപുരം(ലിപി പബ്ളിക്കേഷന്‍സ്) എന്ന പുസ്തകം ഐ വി ദാസ് ആണ് എഡിറ്റ് ചെയ്തത്. ഇവര്‍ തമ്മിലുള്ള സംസാരം രേഖപ്പെടുത്തുകയെന്നതായിരുന്നു തുടക്കത്തിലെ പ്ളാന്‍. കൊച്ചിയിലെ കൃഷ്ണയ്യരുടെ വീട്ടിലേക്കുള്ള വഴിയില്‍ മാഷോട് പറഞ്ഞുറപ്പിച്ചതും അങ്ങനെതന്നെ. ഇരുവരും സംസാരിച്ചു തുടങ്ങിയപ്പോള്‍ പദ്ധതിയൊക്കെ പാളി. അനൌപചാരികതയുടെ ഊടുവഴികളിലൂടെ ഈ സംഭാഷണം 'കാടുകയറി.' മന്ത്രിയെന്ന നിലയ്ക്കുള്ള കൃഷ്ണയ്യരുടെ ഓര്‍മകളിലേക്കും നിലപാടുകളിലേക്കുമൊക്കെ സംസാരം വളര്‍ന്നു. ഇ എം എസ്, നെഹ്റു, ഇന്ദിരാഗാന്ധി, അച്യുതമേനോന്‍, കെ ആര്‍ ഗൌരിയമ്മ എന്നിവരൊക്കെ പലവട്ടം അഭിമുഖത്തില്‍ കടന്നുവന്നു. പലപ്പോഴും ഓര്‍മകളുടെ തിര മുറിഞ്ഞുപോകുന്നുണ്ട്. ശാരീരികാവശതകള്‍ക്കൊപ്പം സ്മൃതിഭ്രംശവും സംഭവിക്കുമോ എന്ന ഭീതിയും അദ്ദേഹം ഞങ്ങളുമായി പങ്കുവെച്ചു.

സാമ്പത്തികമായും സാമൂഹികമായും ഉയര്‍ന്ന കുടുംബത്തില്‍നിന്ന് വന്ന താങ്കള്‍ ആറേഴ് പതിറ്റാണ്ടുമുമ്പ് കമ്യൂണിസ്റ്റു ധാരയുമായി അടുക്കുന്നത് എങ്ങനെയാണ്?

തലശേരിയില്‍ വക്കീലായിരിക്കെ ക്രിമിനല്‍ കേസുകളാണ് ഞാന്‍ കൈകാര്യം ചെയ്തിരുന്നത്. അന്ന് കണ്ണൂരില്‍ മൂന്നുനാല് തുണിമില്ലുകളുണ്ട്. സാമുവല്‍ ആറോണിന്റെയും കായ്യത്ത് ദാമോദരന്റെയും മറ്റും. അവിടെ തൊഴിലാളികള്‍ക്ക് തുച്ഛമായ കൂലിയാണ് ലഭിച്ചിരുന്നത്. അതിനെതിരെയുള്ള സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ഞാനാണ് വാദിച്ചത്. അതുകൂടാതെ ചിറക്കല്‍ രാജാവിനെതിരെയും മറ്റും കര്‍ഷകസംഘം നടത്തിയ സമരങ്ങളുടെയും കേസുകള്‍ ഞാനാണ് നടത്തിയത്. കേസുകളിലൂടെ പ്രധാന കമ്യൂണിസ്റ്റ് നേതാക്കളുമായി അടുക്കാന്‍ സാധിച്ചു. വടക്കേ മലബാറായിരുന്നു അന്നത്തെ സമരങ്ങളുടെ കേന്ദ്രബിന്ദു. അക്കാലത്താണ് 1952ലെ തെരഞ്ഞെടുപ്പ്. ആ സമയത്ത് ജനങ്ങളും കമ്യൂണിസ്റ്റ് പാര്‍ടിയും എന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടു. സി എച്ച് കണാരനാണ് അന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറി, ഞാന്‍ ഏറെ ആദരിച്ച നേതാവ്. കിനാത്തി നാരായണന്‍ നേതൃത്വം നല്‍കുന്ന കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ടിയും എന്നെ പിന്തുണച്ചു. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും ബഡായി പറയുകയാണെന്നും പറഞ്ഞ് കെ കേളപ്പന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍നിന്ന് വിട്ടുപോന്നവരാണ് കെഎംപിപി എന്ന പാര്‍ടിയുണ്ടാക്കിയത്. കേളപ്പനും എ കെ ജിയും സംയുക്തമായി എന്നോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് ഞാന്‍ സ്ഥാനാര്‍ഥിയാവുന്നത്.

തെരഞ്ഞെടുപ്പ് രംഗത്തെക്കുറിച്ച് ഓര്‍ക്കുന്നുണ്ടോ. ആരെയാണ് തോല്‍പ്പിച്ചത്?

കെ ടി ഹരീന്ദ്രനാഥ് എന്ന സോഷ്യലിസ്റ്റിനെയാണ് തോല്‍പ്പിച്ചത്. പിന്നെ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമുണ്ടായിരുന്നു. മുസ്ലിംലീഗും എന്നെ പിന്തുണച്ചു. ലീഗ്നേതാവ് സീതിസാഹിബും ഞാനും ഒരു കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയാണ്. അന്ന് സീതിസാഹിബിന്റെ മകളുടെ ഭര്‍ത്താവ് അബ്ദുള്‍ഖാദര്‍ എന്റെ പതിനഞ്ച് ജൂനിയര്‍മാരില്‍ ഒരാളാണ്. പിന്തുണ ആവശ്യപ്പെട്ട് ഞാന്‍ സീതിസാഹിബിന് ഒരു കത്തയച്ചു. അങ്ങനെയാണ് ലീഗിന്റെ പിന്തുണ കിട്ടിയത്. ബാഫഖിതങ്ങളും അന്ന് എനിക്കുവേണ്ടി പ്രചാരണം നടത്തി. മുസ്ലിംലീഗ് ചത്ത കുതിരയാണെന്ന് നെഹ്റു പറഞ്ഞ കാലമാണത്. ആ ചത്ത കുതിരയെ കെട്ടിപ്പുണരാന്‍ ഇന്നും കോണ്‍ഗ്രസിന് മടിയില്ല.

1957ലെ തെരഞ്ഞെടുപ്പിന്റെ ഓര്‍മകള്‍ എന്തെല്ലാമാണ്?

അമ്പത്തേഴില്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച എല്ലാ എംഎല്‍എമാരും എറണാകുളത്ത് യോഗം ചേരുമ്പോഴാണ് ഇ എം എസ് പൊടുന്നനെ എന്നോടൊരു കാര്യം ആവശ്യപ്പെട്ടത്. ഐക്യകേരളത്തിലെ ആദ്യമന്ത്രിസഭയില്‍ മന്ത്രിയാവാനുള്ള ക്ഷണമായിരുന്നു അത്. തികച്ചും അപ്രതീക്ഷിതം. എന്റെ ജീവിതത്തിലെ വഴിത്തിരിവ്.

അന്ന് തലശേരിയില്‍ എനിക്ക് നല്ല പ്രാക്ടീസുള്ള കാലമായിരുന്നു. നല്ല വരുമാനവും. എംഎല്‍എക്കും മന്ത്രിക്കുമൊന്നും അന്നത്ര ശമ്പളമില്ല. മന്ത്രിമാര്‍ക്ക് നിയമപ്രകാരം അഞ്ഞൂറു രൂപയാണ് ശമ്പളം. കമ്യൂണിസ്റ്റ് പാര്‍ടി അംഗങ്ങളായ മന്ത്രിമാര്‍ മുന്നൂറ്റമ്പത് രൂപയേ വാങ്ങാവൂ എന്ന് ഇ എം എസ് നിഷ്കര്‍ഷിച്ചു. മന്ത്രിസ്ഥാനം ലഭിച്ച സ്വതന്ത്ര എംഎല്‍എമാരായ ഞങ്ങള്‍ മൂന്നുപേര്‍, പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയും ഡോ. എ ആര്‍ മേനോനും ഞാനും അഞ്ഞൂറു രൂപ ശമ്പളം വാങ്ങി. ഞാന്‍ മന്ത്രിയാവുന്നതിനെ ഭാര്യ ശക്തമായി എതിര്‍ത്തിരുന്നു. പലരും എതിര്‍ത്തു. പക്ഷേ ഇ എം എസിന്റെ നിര്‍ബന്ധത്തിന് മുന്നില്‍ ഞാന്‍ കീഴടങ്ങി.

മന്ത്രിയാവുമെന്ന പ്രതീക്ഷയുണ്ടായിരുന്നോ? ആകസ്മികമായി ലഭിച്ച മന്ത്രിപദം ജീവിതത്തിലെ ഒരു വഴിത്തിരിവാകുകയായിരുന്നില്ലേ?

മന്ത്രിയാവുന്നതിനെ വ്യക്തിപരമായി ഞാന്‍ എതിര്‍ത്തിരുന്നു. അങ്ങനെയൊരു വീക്ഷണമേയില്ല. ഇ എം എസിന്റെ ക്ഷണമാണ് ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. എത്ര വകുപ്പുകളാണ് അന്ന് ഇ എം എസ് എനിക്ക് തന്നത്. ആഭ്യന്തരം, നിയമം, ജയില്‍, സാമൂഹ്യക്ഷേമം, ജലസേചനം, ഉള്‍നാടന്‍ ജലഗതാഗതം. മുഖ്യമന്ത്രിക്ക് പോലും ഇത്രയും വകുപ്പുകളില്ല. എല്ലാ വകുപ്പിലും എന്റെ വ്യക്തിത്വം പതിപ്പിക്കാനായി.

ആ ക്ഷണം സ്വീകരിച്ചിരുന്നില്ലെങ്കില്‍ വെറുമൊരു നിയമവിശാരദന്‍ എന്ന നിലയില്‍ മാത്രം ഒതുങ്ങിപ്പോവുമായിരുന്നുവെന്ന് തോന്നിയിട്ടുണ്ടോ?

പിന്നീട് ജൂറിസ്റ്റായി മാറി. 1964ലെ തെരഞ്ഞെടുപ്പില്‍ തോറ്റ് ഞാന്‍ എറണാകുളത്ത് വന്നപ്പോള്‍ അന്നത്തെ ചീഫ് ജസ്റ്റിസ് എം എസ് മേനോന്‍ പറഞ്ഞു, തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനമെങ്കില്‍ നിങ്ങളൊരു ജഡ്ജ് ആവണമെന്ന്. ഞാന്‍ പറഞ്ഞു, തെരഞ്ഞെടുപ്പില്‍ മത്സരിക്കലല്ല എന്റെ രാഷ്ട്രീയം. തെരഞ്ഞെടുപ്പില്‍ നിന്നതും മന്ത്രിയായതും ഇഎംഎസ് പറഞ്ഞിട്ടാണ്. മന്ത്രിയായി നല്ല നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ജഡ്ജ് ആവാനും ഞാനില്ലെന്ന് പറഞ്ഞു. അപ്പോഴാണ് ഇഎംഎസിന്റെ ദൂതുമായി കെ ആര്‍ ഗൌരിയമ്മ എന്റെയടുത്തെത്തിയത്. ഒരു കമ്യുണിസ്റ്റുകാരന് സ്റ്റേറ്റ് പവര്‍ കിട്ടുമ്പോള്‍ നോ എന്നല്ല യെസ് എന്നു തന്നെ പറയണമെന്ന പാര്‍ടിയുടെ അഭിപ്രായമാണ് അവര്‍ എന്നെ അറിയിച്ചത്. പക്ഷേ അച്യുതമേനോന്‍ ഞാന്‍ ജഡ്ജി ആവുന്നതിനെ എതിര്‍ത്തു. എല്ലാവരുടെയും ഉപദേഷ്ടാവായി ഞാന്‍ മാറണമെന്നായിരുന്ന അച്യുതമേനോന്റെ അഭിപ്രായം. ജഡ്ജായാല്‍ ആര്‍ക്കും സമീപിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒടുവില്‍ ഇഎംഎസിന്റെ നിര്‍ദേശമാണ് ഞാന്‍ സ്വീകരിച്ചത്. അതു പ്രകാരം ജഡ്ജിയായി. കോടതിയില്‍ നിന്ന് വിരമിക്കുന്ന സമയത്ത് ഇഎംഎസ് എന്നെ വിശേഷിപ്പിച്ചത് ജുഡിഷ്യറിയില്‍ ലെഫ്റ്റിസം കൊണ്ടുവന്ന ന്യായാധിപന്‍ എന്നാണ്. അന്ന് മദ്രാസ് ഹൈക്കോടതിയില്‍ ഏറ്റവും കൂടുതല്‍ ഫീസ് വാങ്ങുന്ന ഒരു വക്കീല്‍ പ്രസംഗിച്ചത് ഞാന്‍ കോടതിയെ 'കൃഷ്ണയ്യറൈസ്' ചെയ്തുവെന്നാണ്. മറ്റൊന്നു കൂടി അയാള്‍ പറഞ്ഞു. സുപ്രിംകോര്‍ട് ഓഫ് ഇന്ത്യ വാസ് മെയ്ഡ് ബൈ കൃഷ്ണയ്യര്‍ ഏസ് സുപ്രിംകോര്‍ട് ഫോര്‍ ഇന്ത്യന്‍സ്. ഒരുപാട് പരിഷ്കാരങ്ങള്‍ ജുഡിഷ്യറിയില്‍ കൊണ്ടുവരാനായി. പൊതുതാല്‍പര്യഹര്‍ജികള്‍ പ്രാബല്യത്തില്‍ വരുന്നത് ഞാനുള്ളപ്പോഴാണ്. ഞാന്‍ മാത്രമാണ് അതിന് പിന്നിലെന്ന് പറയാനാവില്ല. ജസ്റ്റിസ് ചിന്നപ്പ റെഡ്ഡിയെപ്പോലുള്ളവര്‍ എനിക്കൊപ്പമുണ്ടായിരുന്നു.

മന്ത്രിയായിരുന്ന കാലത്ത് ഏതെല്ലാം തരത്തിലുള്ള എതിര്‍പ്പുകളാണ് നേരിട്ടത്?

എതിര്‍പ്പുകള്‍ ധാരാളമുണ്ടായിരുന്നു. അതെല്ലാം ഞാനെന്റെ ജീവചരിത്രത്തില്‍ പറയുന്നുണ്ട്. എല്ലാമൊന്നും ഓര്‍മ കിട്ടുന്നില്ല.

1957ലെ ഇഎംഎസ് മന്ത്രിസഭയെ പിരിച്ചുവിടുന്നതിന് നെഹ്റുവിന് ആദ്യം താല്‍പര്യമുണ്ടായിരുന്നില്ലെന്ന് കേട്ടിട്ടുണ്ട്. പിന്നെ എങ്ങനെയാണ് 1959ല്‍ പിരിച്ചുവിടുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. നെഹ്റുവുമായുള്ള ചര്‍ച്ചകള്‍ക്ക് താങ്കള്‍ നിയോഗിക്കപ്പെട്ടിരുന്നില്ലേ?

വിമോചനസമരം മഹാതോന്ന്യാസമായിരുന്നു. റൌഡിയിസം. കുതിരപ്പുറത്തുകയറി സെക്രട്ടറിയേറ്റിലേക്ക് കടന്ന് അധികാരം പിടിച്ചെടുക്കുമെന്നൊക്കെയാണ് അന്ന് മന്നത്ത് പദ്മനാഭന്‍ പറഞ്ഞത്. സമരം ശക്തമായ സമയത്ത് ഇഎംഎസ് എന്നോട് പറഞ്ഞു, നെഹ്റുവിനെ ചെന്നു കണ്ട് സംസാരിക്കാന്‍. ഊട്ടിയില്‍ എഐസിസി സമ്മേ ളനത്തിന് നെഹ്റു വന്നപ്പോള്‍ ഞാന്‍ ചെന്നു കണ്ടു. സമരത്തെക്കുറിച്ച് വിശദീകരിച്ചപ്പോള്‍ ഐ വില്‍ ഒപ്പോസ് ഇറ്റ് എന്നൊക്കെ നെഹ്റു പറഞ്ഞു. സമരത്തിന്റെ പേരില്‍ എന്തൊക്കെയായിരുന്നു അക്രമങ്ങള്‍. നെഹ്റുവിനോട് കേരളത്തില്‍ വന്ന് സ്ഥിതി മനസ്സിലാക്കണമെന്നും ഞാന്‍ പറഞ്ഞു. അപ്പോള്‍ തന്നെ അദ്ദേഹം ഇന്ദൂ എന്ന് വിളിച്ച് ഇന്ദിരാഗാന്ധിയെ വരുത്തി. കേരളത്തിലെ കാര്യങ്ങള്‍ പറയാനാണ് കൃഷ്ണയ്യര്‍ വന്നതെന്ന് പറഞ്ഞു. അവരോടും ഞാന്‍ സമരത്തിന്റെ പേരിലുള്ള അക്രമങ്ങളെക്കുറിച്ച് വിശദീകരിച്ചു. പക്ഷേ അവര്‍ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് മുന്‍കൂട്ടി തീര്‍ച്ചപ്പെടുത്തിയപോലെ എനിക്ക് തോന്നിയിരുന്നു.

എന്റെ ക്ഷണപ്രകാരം നെഹ്റു കേരളത്തിലെത്തി. സമരക്കാര്‍ അമ്പത് ആരോപണങ്ങള്‍ സര്‍ക്കാരിനെതിരെ ഉയര്‍ത്തിയിരുന്നു. മൂന്ന് ആവശ്യങ്ങളായിരുന്നു സമരക്കാര്‍ പ്രധാനമായും ഉന്നയിച്ചത്. ഇത് അശോക് മേഹ്ത പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. അമ്പത് ആരോപണങ്ങള്‍ അന്വേഷിക്കണം, ഫ്ളോറിയുടെ മരണം അന്വേഷിക്കണം, വിദ്യാഭ്യാസനിയമത്തിന്റെ സ്െകഷന്‍ പതിനൊന്ന് പിന്‍വലിക്കണം. ഈ മൂന്ന് ആവശ്യങ്ങളും അംഗീകരിക്കാമെന്ന് പാര്‍ടി തീരുമാനിച്ചു. ഈ തീരുമാനം നെഹ്റുവിനെ അറിയിച്ചു. അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തെ ഇക്കാര്യം അറിയിച്ചപ്പോള്‍ അവര്‍ പറഞ്ഞത് സര്‍ക്കാരിനെ പിരിച്ചുവിട്ടേ തീരൂ എന്നാണ്. ഡിസ്മിസ് ചെയ്യണമെന്ന് കേരളത്തിലെ സര്‍ക്കാരിനോട് പറയുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതൃത്വം നെഹ്റുവിനോട് നിര്‍ദേശിച്ചു. ജനങ്ങളും സര്‍ക്കാരും തമ്മില്‍ അകന്നിരിക്കയാണെന്നും അതിനാല്‍ തെരഞ്ഞെടുപ്പാണ് വേണ്ടതെന്നും പറഞ്ഞാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് നെഹ്റു ഡല്‍ഹിക്ക് തിരിച്ചത്.

പിരിച്ചുവിടുന്നതില്‍ ഇന്ദിരാഗാന്ധിക്കായിരുന്നു കൂടുതല്‍ താല്‍പര്യം എന്നു കേട്ടിട്ടുണ്ട് ....?

അതവര്‍ നേരത്തെ കൂട്ടി തീരുമാനിച്ചതായിരുന്നു. മന്ത്രിസഭ പിരിച്ചുവിട്ടാല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന മോഹം കോണ്‍ഗ്രസുകാര്‍ക്കുണ്ടായി. അതിന് മുമ്പ് മന്നത്ത് പദ്മനാഭനും കൂട്ടരും ഈഴവരെ ആക്ഷേപിച്ച് പ്രസംഗിച്ചിരുന്നു. പന്നിപെറ്റ് പെരുകുന്നപോലെയാണ് ഈഴവര്‍ പെരുകുന്നതെന്നും അവരുമായി ഒരുതരത്തിലും ഐക്യമുണ്ടാവില്ലെന്നും മന്നം പ്രസംഗിച്ചു നടന്നു. അപ്പോഴൊന്നും ഈഴവനായ കോണ്‍ഗ്രസ് പ്രസിഡണ്ട് ആര്‍ ശങ്കര്‍ ഒന്നും മിണ്ടിയില്ല. തെരഞ്ഞെടുപ്പില്‍ ജയിച്ച് ഭരണം കിട്ടുമെന്ന പ്രതീക്ഷയുണ്ടായപ്പോള്‍ ശങ്കറും മുന്നോട്ടുവന്നു. അധികാരത്തിനുള്ള മോഹമാണ് അപ്പോള്‍ തെളിഞ്ഞത്.

അന്ന് ഭരണപക്ഷത്തുനിന്ന് ഒരംഗത്തെപ്പോലും ചാക്കിട്ടുപിടിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് കഴിഞ്ഞില്ല. അധികാരം നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും ആരും വിട്ടുപോയില്ല. ചെയ്തതെല്ലാം ശരിയാണെന്ന് ഉറപ്പുള്ളതുകൊണ്ടായിരുന്നു. പ്രത്യയശാസ്ത്രത്തിലുള്ള വിശ്വാസം അത്രവലുതായിരുന്നു. വളരെ പ്രധാനകാര്യമാണത്. അഴിമതിയോ കൈക്കൂലിയോ ഒന്നും ഇല്ലാത്ത സംശുദ്ധമായ സര്‍ക്കാര്‍ ആയിരുന്നു അത്. എന്നിട്ടും നിരവധി ആരോപണങ്ങളും ആക്ഷേപങ്ങളും ഞങ്ങള്‍ക്കെതിരെയുണ്ടായി.

വിമോചന സമരത്തിന് വിദേശപണം ഒഴുകിയിരുന്ന കാര്യം അറിഞ്ഞിരുന്നോ ?

അമേരിക്കന്‍ പണം വ്യാപകമായി ഒഴുകിയ സമരമായിരുന്നു വിമോചനസമരം. പള്ളിയിലെ കാര്യങ്ങള്‍ക്കായി പുരോഹിതന്മാര്‍ക്ക് അയച്ചുകൊടുത്ത പണം കൃസ്ത്യന്‍യുവാക്കളെ പരിശീലിപ്പിക്കാനാണ് ഉപയോഗിച്ചിരുന്നത്. ക്രിസ്റ്റഫര്‍ സേന എന്ന പേരിലായിരുന്നു പരിശീലനം. മന്ത്രിമാരെ തല്ലാന്‍ വേണ്ടിയാണ് പരിശീലനം. മന്ത്രിമാര്‍ക്ക് കാറില്‍ പോവാന്‍ പറ്റില്ല. കാറിന് മുമ്പില്‍ ചാടും. മന്ത്രിമാര്‍ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്ന് പറയാന്‍ വേണ്ടിയാണിത്. ഇതൊഴിവാക്കാന്‍ ഞാന്‍ സൈക്കിളിലാണ് സെക്രട്ടറിയേറ്റിലേക്ക് പോയിരുന്നത്.

ഇന്നത്തെ സാമൂഹ്യ സ്ഥിതിയില്‍ എന്ത് മാറ്റമാണ് താങ്കള്‍ പ്രതീക്ഷിക്കുന്നത്?

ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, സെക്കുലര്‍, ഡെമോക്രാറ്റിക് റിപ്പബ്ളിക് എന്നാണ് എഴുതിയിരിക്കുന്നത്. ഇത് എല്ലാ പാര്‍ടികളുടെയും ഭരണഘടനയില്‍ ഉള്‍പ്പെടുത്തണം. സാമൂഹ്യനീതി, സാമ്പത്തികനീതി, രാഷ്ട്രീയനീതി എന്നിവ ഉറപ്പുവരുത്തുന്ന ആമുഖം സ്വന്തം ഭരണഘടനയില്‍ ഉള്‍പ്പെടുത്താന്‍ എല്ലാ പാര്‍ടികളും തയ്യാറാവണം. തെരഞ്ഞെടുപ്പു കമീഷന്‍ കര്‍ശനമായി ഈ നിര്‍ദേശം എല്ലാ പാര്‍ടികള്‍ക്കും നല്‍കണം. ബ്രിട്ടീഷുകാരുടെ കാലത്തെ സോഷ്യലിസ്റ്റ് സങ്കല്‍പ്പം പോലും ഇപ്പോഴില്ല. സാമൂഹ്യമാറ്റം വരുത്താന്‍ നമുക്ക് സാധിക്കും. പക്ഷേ അതിനുള്ള സന്നദ്ധത വേണം.

എങ്ങനെ അതുണ്ടാവും. നമ്മുടെ പ്രധാനമന്ത്രിയെ നോക്കൂ. എവിടുന്നോ ഇറക്കുമതി ചെയ്തതല്ലേ അയാളെ. ലോക്സഭയിലും രാജ്യസഭയിലും ഇല്ലാതിരുന്ന ഒരു മനുഷ്യന്‍. ഇങ്ങനെയൊക്കെ ആദ്യമാണ് ഇന്ത്യയില്‍.

ഇന്ത്യന്‍ അവസ്ഥ കൂടുതല്‍ ദുസ്സഹമാവുകയല്ലേ. വിലക്കയറ്റം, തൊഴിലില്ലായ്മ, വര്‍ഗീയത, മാവോയിസം. താങ്കളുടെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തിന്റെ ആരംഭത്തില്‍ ഇങ്ങനെയുള്ള ഒരു ഇന്ത്യയാണോ സങ്കല്‍പ്പത്തിലുണ്ടായിരുന്നത് ?

ഈ രാജ്യത്ത് ജീവിക്കാനുള്ള അവകാശം മൌലികാവകാശമാണ്. സുപ്രീംകോടതി അത് വ്യാഖ്യാനിച്ചിരിക്കുന്നത് റൈറ്റ് റ്റു ലൈഫ് ഇസ് റൈറ്റ് റ്റു ലീവ് ഇന്‍ ഡിഗ്നിറ്റി എന്നാണ്. അന്തസ്സായി ജീവിക്കുകയെന്ന് വച്ചാല്‍ അടിമയെപ്പോലെയല്ലാത്ത ജീവിതം എന്നാണ്. അടിമയെപ്പോലെ അല്ലാതെ അന്തസ്സായി ജീവിക്കണമെങ്കില്‍ തൊഴില്‍ വേണം. റൈറ്റ് ടു ലൈഫ് ഇസ് റൈറ്റ് ടു എംപ്ളോയ്മെന്റ്. മറ്റൊരാളുടെ ചെലവില്‍ ജീവിക്കുമ്പോള്‍ അന്തസ്സുണ്ടാവുമോ. അത് അടിമജീവിതത്തിന് സമാനമാണ്. അതിനുള്ള സാഹചര്യവും അന്തരീക്ഷവും വേണം. തൊഴിലും വേണം.

സ്കൂള്‍ പ്രവേശനം തൊട്ട് വേണം വന്‍തുക. ഒരു കോളേജില്‍ പഠിക്കണമെങ്കില്‍ ഏഴു ലക്ഷം വേണം. മെഡിക്കല്‍ കോളേജിലാണെങ്കില്‍ ഇരുപത് ലക്ഷത്തിലേറെ വേണം. സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം എങ്ങനെയാണ് നടപ്പാവുന്നത്. ഈ പ്രഖ്യാപനം നടപ്പായില്ല. ആരോഗ്യവും ഒരു അവകാശമാണ്. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിക്കുമ്പോള്‍ പണമടക്കേണ്ട സ്ഥിതിയാണ്. വിദ്യാഭ്യാസ, ആരോഗ്യമേഖലകള്‍ പൂര്‍ണമായും പണം കൊടുക്കുന്നവര്‍ക്ക് മാത്രമായി. ആശുപത്രിയിലേക്കും വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കും എത്തിനോക്കാന്‍ കഴിയാതായി. ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുകയറുകയാണ്. അത് നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുന്നില്ല. ബ്രിട്ടീഷുകാര്‍ ഭക്ഷ്യവില വര്‍ധന നിയന്ത്രിക്കുന്നതില്‍ വിജയിച്ചിരുന്നു. എന്തുകൊണ്ട് സ്വതന്ത്ര ഇന്ത്യയില്‍ അതിന് സാധിക്കുന്നില്ല?

കമ്യൂണിസ്റ്റുകാര്‍ പണ്ട് ചിറയ്ക്കല്‍ രാജാവിന്റെ വള്ളത്തില്‍ കൊണ്ടുപോകുകയായിരുന്ന അരി പിടിച്ചെടുത്തത് ഈ സാഹചര്യത്തില്‍ ഓര്‍ക്കണം. റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് ആ അരി റേഷന്‍ വിലയ്ക്ക് വിറ്റശേഷം ആ പണം രാജാവിന് അയച്ചുകൊടുത്തു. എന്നാല്‍ രാജാവ് തന്റെ അരി പിടിച്ചെടുത്തുവെന്നും പറഞ്ഞ് കമ്യൂണിസ്റ്റുകാര്‍ക്കെതിരെ കേസ് കൊടുത്തു. അന്ന് കമ്യൂണിസ്റ്റുകാരുടെ കേസ് വാദിച്ചത് ഞാനായിരുന്നു. 'ഒരു രൂപപോലും ഇവരെടുത്തിട്ടില്ല, പിന്നെ എങ്ങനെ ഇവര്‍ കുറ്റക്കാരാകുമെന്ന് ഞാന്‍ കോടതിയില്‍ വാദിച്ചു. എന്നാലും ബലം പ്രയോഗിച്ച് നെല്ല് എടുത്തുകൊണ്ടുപോയതിന്റെ പേരില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് അന്ന് കോടതി ഒരു രൂപ പിഴശിക്ഷ വിധിച്ചു. വടക്കേ മലബാറില്‍ കമ്യൂണിസ്റ്റ്പാര്‍ടി വളര്‍ന്നത് ഇങ്ങനെയൊക്കെയാണ്.

ഭക്ഷ്യവില നിയന്ത്രിക്കാന്‍ കഴിയുമെന്ന് ബ്രിട്ടീഷുകാര്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധിക്കുന്ന കാര്യത്തില്‍ ഞാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനോട് സംസാരിച്ചിരുന്നു. വില നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെയൊരു ചിന്തയേ അദ്ദേഹത്തിനില്ല. ഡിഫന്‍സ് ഓഫ് ഇന്ത്യ ആക്ടിന്റെ റൂള്‍ 81 പ്രകാരം ഗസ്റ്റ് കണ്‍ട്രോള്‍ എന്ന വ്യവസ്ഥയൊക്കെ ഉപയോഗിച്ചാണ് ബ്രിട്ടീഷുകാര്‍ വില നിയന്ത്രിച്ചത്. ഒരു ചടങ്ങില്‍ ഇരുപത്തഞ്ച് ആളുകളില്‍ കൂടുതല്‍ പേര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പാടില്ലെന്നായിരുന്നു ഈ വ്യവസ്ഥ. ഈയിടെ ഒരു കല്യാണത്തിന് സ്ത്രീധനമായി സ്വര്‍ണം കൊടുത്തത് കിലോ കണക്കിനാണ്. പത്തുപവനും നൂറുപവനുമൊക്കെ കൊടുക്കുന്നത് പഴങ്കഥയായി. കിലോ കണക്കിന് സ്വര്‍ണമാണ് സമ്പന്നന്‍ സ്ത്രീധനമായി കൊടുക്കുന്നത്. ഈ സാഹചര്യങ്ങളൊക്കെത്തന്നെയാണ് മാവോയിസ്റ്റുകളെ സൃഷ്ടിക്കുന്നത്.

ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ നിയമംമൂലം സര്‍ക്കാരിന് കഴിയും. പക്ഷേ അതിന് മനസ്സുണ്ടാവണം. ഏഴാം ഷെഡ്യൂള്‍ പ്രകാരം പാര്‍ലമെന്റിന് അധികാരവും ശേഷിയുമുണ്ട്. എന്നാല്‍ അതൊന്നും പ്രയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. ജനങ്ങള്‍ അക്രമമാര്‍ഗം സ്വീകരിക്കുന്നതിനുള്ള നിര്‍ബന്ധിത സാഹചര്യമൊരുക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ ഈ നയങ്ങള്‍ തന്നെയാണ്. വിലക്കയറ്റമൊക്കെ തടയാന്‍ അധികാരമുണ്ട്. പക്ഷേ സെന്‍സിറ്റിവിറ്റിയാണ് വേണ്ടത്.

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് ഫുഡ് ഇന്‍ഫ്ളേഷന്‍ എന്നൊരു പ്രയോഗം തന്നെ സര്‍വവ്യാപിയാവുന്നുണ്ട് ?

അതെ. അതുപോലെ തന്നെയാണ് പെട്രോള്‍ വിലക്കയറ്റം. വീണ്ടും ഇന്ധനവില കയറാന്‍ സാധ്യതയുണ്ട്. പല കാര്യങ്ങളും ഇതിനെതിരെ ചെയ്യാന്‍ കഴിയും. യുദ്ധകാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വഭരണകൂടത്തിന് ഇതിലും നല്ല രൂപത്തില്‍ ഈ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്നു. അത് കുറേക്കൂടി മെച്ചപ്പെട്ട സോഷ്യലിസ്റ്റ് സങ്കല്‍പ്പമായിരുന്നുവെന്ന് ഞാന്‍ പറയും. ഇത് ലജ്ജാകരമാണ്. ഭരണഘടനയില്‍ എഴുതിവച്ച സോഷ്യലിസ്റ്റ്, സെക്യുലര്‍, ഡെമോക്രാറ്റിക് റിപ്പബ്ളിക് എന്നിവ മാന്ത്രികവചനങ്ങളാണ്. എന്നാല്‍ അവ വെറുംവാക്കുകളായി മാത്രം നിലനില്‍ക്കുന്നു?

എങ്ങനെയാണ് ബ്രിട്ടീഷുകാര്‍ ഭക്ഷ്യവസ്തുക്കളുടെ വിലനിയന്ത്രണം വിജയകരമായി നടപ്പാക്കിയത് ?

ഒരുദാഹരണം പറയാം. തലശേരിയില്‍ പണ്ട് ജയരാജന്‍ എന്നൊരു സബ് കലക്ടര്‍ ഉണ്ടായിരുന്നു. അയാള്‍ ബംഗ്ളാവില്‍ നിന്നിറങ്ങിയാല്‍ കച്ചവടക്കാരെല്ലാം അരിയും മറ്റും ന്യായവിലയ്ക്കേ വില്‍ക്കൂ. ഇയാളുടെ കോടതിയില്‍ രസകരമായ കാര്യങ്ങളാണ് നടന്നത്. കരിഞ്ചന്തയില്‍ തോന്നിയ വിലയ്ക്ക് വില്‍ക്കാന്‍വേണ്ടി അരി കുന്നുകൂട്ടുന്ന കച്ചവടക്കാരെ-ഹാലായ്മാര്‍ എന്നാണവരെ വിളിക്കുക- ഇയാള്‍ കണിശമായി ശിക്ഷിക്കും. രാവിലെ പതിനൊന്ന് മണിക്ക് ഈ ഹാലായ്മാരെ ഹാജരാക്കും. എല്ലാവരെയും ശിക്ഷിക്കും. പതിനായിരം തൊട്ട് ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാനാണ് വിധി. പക്ഷേ വിധി പ്രഖ്യാപിക്കില്ല. തൊട്ടപ്പുറത്തുള്ള ജില്ലാ കോടതിയില്‍ പോയി സ്റ്റേ വാങ്ങാതിരിക്കാന്‍ വേണ്ടി ഉത്തരവ് രഹസ്യമായി വയ്ക്കും. ജില്ലാ ജഡ്ജി പോയെന്ന് ശിപായ്മാരെ വിട്ട് ഉറപ്പുവരുത്തിയ ശേഷമാണ് വിധി പ്രഖ്യാപിക്കുക. ശിക്ഷ ലഭിച്ച കരിഞ്ചന്തക്കാരെ അമ്പതു വാര അപ്പുറത്തുള്ള സബ് ജയിലിലേക്ക് അയക്കാന്‍ അദ്ദേഹം സ്വന്തം ശിപായിമാരെ ചുമതലപ്പെടുത്തും. പൊലീസിന്റെ സഹായം തേടില്ല. പൊലീസിനെ വിശ്വാസമില്ലാത്തതുകൊണ്ടാണ്. എല്ലാ ചരക്കുകളും നിയന്ത്രിതവിലയ്ക്ക് വില്‍ക്കാന്‍ അന്ന് കച്ചവടക്കാര്‍ തയ്യാറായിരുന്നു. ഇത് ഇപ്പോഴും സാധ്യമാണ്. ഭരണപരമായ നടപടികള്‍ക്ക് സര്‍ക്കാര്‍ മടിച്ചുകൂടാ. അതിന് സമഗ്രമായ നിയമനിര്‍മാണവും വേണം. അതിലാണ് നമുക്ക് വീഴ്ച പറ്റിയത്. ഫലം സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയായി.

മാവോയിസത്തിന്റെ സ്വാധീനത്തില്‍ വീണവര്‍ പരമദരിദ്രരാണ്. അവരെ സംബന്ധിച്ചിടത്തോളം ജീവിതം മുന്നോട്ടുകൊണ്ടുപോകുക അസാധ്യമാണ്. ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് മരിക്കുകയാണെന്ന് അവര്‍ക്കുതോന്നുന്നുണ്ടാവാം. അങ്ങനെയൊരു മനഃസ്ഥിതി രൂപപ്പെടുന്നതിന്റെ ഉത്തരവാദിത്തം ഇന്ത്യന്‍ ഭരണകൂടത്തിനാണ്. മാവോയിസ്റ്റുകള്‍ സൃഷ്ടിക്കുന്ന ഭീഷണി നേരിടാന്‍ കേന്ദ്രത്തിന് കഴിയണം.

*
കടപ്പാട്: ദേശാഭിമാനി വാരിക

ജമാഅത്തിന്റേത് മത പരിത്യാഗം

ഇസ്ളാം രണ്ടുതരം രാഷ്‌ട്രവ്യവസ്ഥകളെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്. ഒന്ന് വിശ്വാസ സ്വാതന്ത്ര്യവും ജനക്ഷേമവും നടപ്പാക്കുന്ന രാഷ്‌ട്രം (ദാറുല്‍ ഇസ്ളാം); രണ്ട്: വിശ്വാസ സ്വാതന്ത്ര്യം ഹനിക്കുകയും ജനക്ഷേമത്തിന് എതിരു നില്‍ക്കുകയും ചെയ്യുന്ന രാഷ്‌ട്രം (ദാറുല്‍ ഹര്‍ബ്). ദാറുല്‍ ഇസ്ളാം എന്നതുകൊണ്ട് ഇസ്ളാമിന്റെ തത്വങ്ങള്‍ക്കനുസരിച്ചു മാത്രം ഭരിക്കുന്ന രാജ്യമെന്നോ മുസ്ളിങ്ങള്‍ ഭരിക്കുന്ന രാജ്യമെന്നോ അര്‍ഥമില്ല. ദാറുല്‍ ഹര്‍ബിന് മുസ്ളിങ്ങളല്ലാത്തവര്‍ ഭരിക്കുന്ന രാജ്യമെന്നും അര്‍ഥമില്ല. സ്വേച്ഛാധിപത്യവും സാമ്രാജ്യത്വവും ആരുടെ ഭാഗത്തുനിന്നായാലും ആ രാജ്യം സ്വാഭാവികമായും ദാറുല്‍ ഹര്‍ബായി (യുദ്ധഭൂമി) മാറും. യുദ്ധഭൂമിയിലെ ശത്രു അശുദ്ധമാ(നജസ് )ണ്. ഇവര്‍ അക്രമം നിര്‍ത്തി സമാധാനം സ്ഥാപിക്കുംവരെയോ ശത്രു കീഴടങ്ങുംവരെയോ യുദ്ധം ചെയ്യാനാണ് മതം നിര്‍ദേശിക്കുന്നത്.

അതേസമയം ഭരണം മതസ്വാതന്ത്ര്യവും ജനക്ഷേമവും ലാക്കാക്കുമ്പോള്‍ ആ രാജ്യം ഇസ്ളാമിക രാജ്യമാവും(ദാറുല്‍ ഇസ്ളാം). ഇസ്ളാമിക രാജ്യം ഭരിക്കുന്നവര്‍ ഏത് മതക്കാരനാണെന്നതോ അവിടെ രാജ ഭരണമെന്നതോ, ജനാധിപത്യമെന്നതോ പ്രശ്‌നമല്ല. അതു കൊണ്ടാണ് ഹിന്ദുധര്‍മമനുസരിച്ച് രാജ്യം ഭരിച്ച സാമൂതിരിയുടെ രാജ്യത്തെ മുസ്ളിം മതപ്രബോധകര്‍ ഇസ്ളാം രാജ്യം എന്ന് വിളിച്ചത്. കേരളത്തില്‍ മുസ്ളിം നവോത്ഥാനം കുറിച്ച ശൈഖ് സൈനുദീന്‍ മഖ്‌ദൂം സാമൂതിരിയുടെ നാടിന് ദാറുല്‍ ഇസ്ളാം (ഇസ്ളാമിക രാജ്യം) എന്നാണ് തന്റെ ചരിത്രകൃതിയായ തുഹ്ഫതുല്‍ മുജാഹിദീനില്‍ പേര് നല്‍കിയത്. യൂറോപ്യന്‍ അധിനിവേശം വന്നപ്പോള്‍ അതിനെതിരെ മുസ്ളിങ്ങളെ യുദ്ധത്തിന് പ്രേരിപ്പിച്ചത് സാമ്രാജ്യത്വത്തെയും മുതലാളിത്തത്തെയും അംഗീകരിക്കരുതെന്ന ഇസ്ളാമിക നിര്‍ദേശത്തിന്റെ ഭാഗമായാണ്. ക്ഷേമരാഷ്‌ട്രം മുസ്ളിങ്ങള്‍ക്ക് സ്വരാജ്യമാണ്. രാജ്യസ്‌നേഹം വിശ്വാസത്തിന്റെ ഭാഗവുമാണ്. ഈ നിയമങ്ങളെയൊക്കെ കാറ്റില്‍ പറത്തിയാണ് ലോകത്ത് ഇസ്ളാമിസ്റുകളെന്ന പേരില്‍ രൂപംകൊണ്ട ഇഖ്വാനുല്‍ മുസ്ളിമുന്‍, ജമാഅത്തെ ഇസ്ളാമി തുടങ്ങിയ സംഘടനകള്‍ പ്രവര്‍ത്തിച്ചത്.

അധിനിവേശ ശക്തികള്‍ക്കെതിരെ മുസ്ളിം പോരാട്ട പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടു വന്നപ്പോള്‍ ഇവയെ പരാജയപ്പെടുത്താന്‍ മുസ്ളിങ്ങളെത്തന്നെ ഉപയോഗപ്പെടുത്തുന്ന തന്ത്രമാണ് യൂറോപ്യന്‍ ശക്തികള്‍ ആവിഷ്‌ക്കരിച്ചത്. ഇതിന് സിഐഎ ശക്തമായി പിടിമുറുക്കുകയും ചെയ്‌തു. അറബ് ദേശീയത ഉയര്‍ത്തിപ്പിടിച്ച് ഈജിപ്‌തിലും ഇറാഖിലുമൊക്കെ ഉയര്‍ന്നു വന്ന ഭരണകൂടങ്ങള്‍ സാമ്രാജ്യത്വ അച്ചുതണ്ടിനെതിരെ ശക്തി പ്രാപിക്കുകയും കമ്യൂണിസ്‌റ്റ് ചേരിയിലേക്ക് പോവുകയും ചെയ്‌തപ്പോള്‍ ഇവര്‍ക്കെതിരെ ചില മതപണ്ഡിതന്മാരെത്തന്നെ രംഗത്തിറക്കുകയാണ് കൊളോണിയന്‍ ശക്തികള്‍ ചെയ്‌തത്. ദേശീയതയും സോഷ്യലിസവും ഉയര്‍ത്തിപ്പിടിച്ച മുസ്ളിം നേതാക്കളെ ഇസ്ളാം വിരോധികളായി മുദ്രകുത്തുകയും ഇവര്‍ക്കെതിരെ വാളെടുക്കാന്‍ ആജ്ഞാപിച്ചുകൊണ്ട് ജിഹാദിന് ദുര്‍വ്യാഖ്യാനങ്ങള്‍ പടയ്‌ക്കുകയുംചെയ്‌തു. ഇങ്ങനെ മുസ്ളിങ്ങള്‍ക്കിടയില്‍ത്തന്നെ ഭിന്നിപ്പ് സൃഷ്‌ടിച്ച് ഇസ്ളാമിസ്‌റ്റുകള്‍ സാമ്രാജ്യത്വത്തെ കൈയയച്ച് സഹായിച്ചു.

സാമ്രാജ്യത്വത്തിന്റെ തണലില്‍ വളര്‍ന്ന ഈ തീവ്ര സംഘടനകള്‍ ദേശീയ നേതാക്കളെ വധിച്ചു. തങ്ങളുടെ ഹിതത്തിന് അനുകൂലിക്കാത്ത പാരമ്പര്യ പണ്ഡിതരെയും ഇവര്‍ ഹനിച്ചു. ഈജിപ്‌തില്‍ പിറന്ന ഇഖ്വാനുല്‍ മുസ്ളിമുനാണ് ഈ ഇനത്തില്‍ നാം കേള്‍ക്കുന്ന ആദ്യത്തെ ഇസ്ളാമിസ്‌റ്റുകള്‍. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ പിറന്ന ജമാഅത്തെ ഇസ്ളാമി ഇഖ്വാന്റെ പ്രചോദനത്തില്‍ പിറന്ന സംഘടനയാണ്. ഇസ്ളാമിന്റെ വേഷമണിയുകയും, ഇസ്ളാം കാര്യങ്ങളനുഷ്‌ഠിക്കുകയും ചെയ്‌തുകൊണ്ട് സാധാരണ മുസ്ളിങ്ങളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യാനാണ് ഇവര്‍ ശ്രമിച്ചത്. അഹ്‌മദിസം, അല്‍ ഖായ്‌ദ, താലിബാന്‍, സിമി, ലഷ്‌കര്‍ ഇ തോയ്‌ബ തുടങ്ങിയ സംഘടനകള്‍ ഏറെക്കുറെ ജമാഅത്ത് സ്ഥാപകനായ മൌദൂദി സാഹിബിന്റെ വീക്ഷണങ്ങളാണ് ഉള്‍ക്കൊള്ളുന്നത്. പല മെയ്യാണെങ്കിലും ഇവരൊറ്റക്കരളാണ്. ഇവര്‍ സാമ്രാജ്യത്വ ശക്തികളുടെ ജീവനാണ്. ഇവര്‍ക്ക് പാലും പഴവും നല്‍കുന്നത് സാമ്രാജ്യത്വമാണ്. ഇവരുപയോഗിക്കുന്നത് ഇസ്രയേലിന്റെയും അമേരിക്കയുടെയും കാലഹരണപ്പെട്ട ആയുധങ്ങളാണ്. ഇവരൊക്കെ പൊരുതിപ്പഠിച്ചത് മുസ്ളിം രാജ്യങ്ങളോടോ പരമ്പരാഗത മുസ്ളിം വിഭാഗങ്ങളോടോ യുദ്ധം ചെയ്‌തുകൊണ്ടാണ്; പൊതുശത്രുവായ സാമ്രാജ്യത്വത്തോടല്ല. സാമ്രാജ്യത്വ വിരോധം അവര്‍ക്ക് ആളെക്കൂട്ടാനുള്ള ഉപാധിമാത്രമാണ്.

ഇസ്ളാമിന്റെ ആധ്യാത്മികത അവഗണിച്ച് വേദവചനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്‌ത് ഒരു രാഷ്‌ട്രീയശക്തിയാക്കി മതത്തെ പരിവര്‍ത്തിപ്പിച്ച് മതത്തിന്റെ അന്തസ്സത്ത തകര്‍ക്കുന്ന നടപടികളാണ് ഇസ്ളാമിസ്‌റ്റുകളെന്നറിയപ്പെടുന്ന ഇഖ്വാനും ജമാഅത്തും ചെയ്യുന്നത്. ഇവരുടെ സാഹിത്യങ്ങളും വ്യാഖ്യാനങ്ങളുമാണ് ഇന്നറിയപ്പെടുന്ന മിക്ക മുസ്ളിം ഭീകര വാദ സംഘടനകളുടെയും ആയുധം. ആധ്യാത്മിക പ്രസ്ഥാനമായ സൂഫിസത്തെ എതിര്‍ക്കുന്നതില്‍ ഈ വിഭാഗങ്ങള്‍ ഒറ്റക്കെട്ടാണ്. കള്‍ച്ചറല്‍ ഇസ്ളാമിനെയും ഇവര്‍ക്ക് കണ്ടുകൂടാ. വിവിധ നാടുകളില്‍ മുസ്ളിം ജനവിഭാഗങ്ങളും ആധ്യാത്മിക നേതാക്കളും വളര്‍ത്തിയെടുത്ത സമന്വയ സംസ്‌ക്കാരത്തെ ഇവര്‍ തെല്ലും അംഗീകരിക്കുന്നില്ല. പാരമ്പര്യ മതവിഭാഗങ്ങളെ ഇവര്‍ നരകത്തിന്റെ ആളുകളായി ചിത്രീകരിക്കുകയാണ്.

അല്‍ ജിഹാദു ഫില്‍ ഇസ്ളാം (ഇസ്ളാമിലെ ജിഹാദ് ) എന്ന കൃതിയിലൂടെയാണ് ജമാഅത്തെ ഇസ്ളാമിയുടെ സ്ഥാപകനായ മൌദൂദി തന്റെ തീവ്ര ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഈജിപ്‌തിലെ ഇഖ്വാനുല്‍ മുസ്ളിമുന്‍ പ്രസ്ഥാനത്തിന്റെ ശില്‍പ്പി ഹസനുല്‍ ബന്നായുടെ ചിന്തകള്‍ക്ക് ചുവടൊപ്പിച്ചുകൊണ്ടാണ് മൌദൂദി ഈ കൃതി രചിക്കുന്നത്.

"ഇസ്ളാമിന്റെ ആശയങ്ങള്‍ സ്വീകരിക്കാത്ത എല്ലാ സര്‍ക്കാരുകളെയും സ്റ്റേറ്റുകളെയും ഇല്ലാതാക്കാനാണ് ഇസ്ളാം ആഗ്രഹിക്കുന്നത്. ഇസ്ളാമിനു വേണ്ടത് ഈ ഭൂമി മുഴുവനുമാണ്. ഒരു ഭാഗം മാത്രമല്ല. ഈ ഗ്രഹം മുഴുവനുമാണ്. ഇതിനുവേണ്ടി എല്ലാ ശക്തികളെയും ഉപയോഗപ്പെടുത്തുന്നതിനാണ് ജിഹാദ് എന്ന് പറയുന്നത്. ജനങ്ങളുടെ വീക്ഷണങ്ങളെ മാറ്റിയെടുത്ത് അവരില്‍ ബുദ്ധിപരവും മാനസികവുമായ വിപ്ളവത്തിന്റെ തീപ്പൊരിയുണ്ടാക്കുന്നതും ജിഹാദാണ്. പഴയ സ്വേച്‌ഛാധിപത്യ വ്യവസ്ഥിതി തകര്‍ക്കുകയും വാളിന്റെ ശക്തികൊണ്ട് ഒരു പുതിയ ക്രമം സൃഷ്ടിക്കുകയും ചെയ്യുന്നതും ജിഹാദാണ്. അതിനുവേണ്ടി പണം ഉപയോഗിക്കുന്നതും ശക്തി പ്രയോഗിക്കുന്നതും ജിഹാദ് തന്നെ.''(അല്‍ ജിഹാദു ഫില്‍ ഇസ്ളാം).

യുദ്ധഭൂമിയില്‍ പ്രയോഗിക്കാന്‍വേണ്ടി അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ വചനങ്ങളാക്കെ തന്റെ ജിഹാദിനു വേണ്ടി മൌദൂദി പ്രയോഗിക്കുന്നു. പ്രവാചക വചനങ്ങളും ഇപ്രകാരം പ്രയോഗിച്ച് തന്റെ തീവ്രവാദങ്ങള്‍ക്ക് വളം നല്‍കുന്നു. ചരിത്ര വസ്‌തുതകളെ അദ്ദേഹം വെടക്കാക്കി തനിക്കാക്കുകയാണ്. തന്റെ യുദ്ധക്കൊതിക്കു വേണ്ടി മതത്തെ ദുര്‍വ്യാഖ്യാനം ചെയ്‌തതും ജനാധിപത്യവ്യവസ്ഥയെ തള്ളിയതും ഭൂരിപക്ഷ മതപണ്ഡിതന്‍മാരുടെയും എതിര്‍പ്പിന് കാരണമായി.

എല്ലാ വിശ്വാസങ്ങളെയും സംരക്ഷിക്കുകയും ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കുകയും ചെയ്യുന്ന ജനാധിപത്യ വ്യവസ്ഥിതിയെ അംഗീകരിക്കാത്ത മൌദൂദി സാഹിബിന്റെ നീക്കങ്ങളെ അക്കാലത്തെ മതപണ്ഡിതന്മാര്‍ ശക്തമായി വിമര്‍ശിച്ചു. മത പണ്ഡിത സഭയായ ജംഇയ്യത്തേ ഉലമായെ ഹിന്ദ് മൌദൂദിയെ മത പരിത്യാഗിയായി പ്രഖ്യാപിച്ചു. ജംഇയ്യത്തിന്റെ പ്രസിഡന്റായ മൌലാനാ ഹുസൈന്‍ അഹ്മദ് മഅ്ദനി പറഞ്ഞു:

"ദൈവീകമായ സൂത്രങ്ങളിലൂടെ എഴുതിയതാണെങ്കിലും മത പരിത്യാഗപരവും മതവിരുദ്ധവുമാണ് മൌദൂദിയുടെ അഭിപ്രായങ്ങള്‍. സാധാരണ വായനക്കാര്‍ ഈ കെണികള്‍ കണ്ടുകൊള്ളണമെന്നില്ല. തത്ഫലമായി പ്രവാചകന്‍ കൊണ്ടുവന്ന ഇസ്ളാം അക്രമപരമാണെന്ന് ജനങ്ങള്‍ വിചാരിച്ചു പോവുന്നു.''(മൌദൂദി സാഹിബ്; അകാബിറേ ഉമ്മത്ത് കീ നസര്‍ മെം)

മുസ്ളിംലോകം സര്‍വാത്മനാ ആദരിക്കുന്ന ഇന്ത്യയിലെ മുസ്ളിം പണ്ഡിതന്‍ മൌലാനാ അബുല്‍ ഹസന്‍ അലി നദ്‌വിയും ഇതേ അഭിപ്രായംതന്നെയാണ് ജമാഅത്തിനെക്കുറിച്ച് പറഞ്ഞത്. മൌദൂദി തന്റെ രാഷ്‌ട്രീയ അജന്‍ഡ നടപ്പാക്കാന്‍ ഇസ്ളാമിക പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് ഉര്‍ദു പുസ്‌തകമായ അസ്റേ ഹാസിര്‍ മെം ദീന്‍ കി തഫ്‌ഹിം ഒ തശ്രീഹ് എന്ന കൃതിയില്‍ നദ്‌വി സാഹിബ് പറയുന്നു. ഇസ്ളാം ഒരു രാഷ്‌ട്രീയ പ്രോഗ്രാമിനപ്പുറം ഒന്നുമല്ലെന്നാണ് മൌദൂദി പ്രചരിപ്പിക്കുന്നത്. "മതം, ദീന്‍, ആരാധന, അല്ലാഹു എന്നീ സംജ്ഞകളെയൊക്കെ മൌദൂദി കേവലം രാഷ്‌ട്രീയ വല്‍ക്കരിച്ചരിക്കയാണ്.'' ഇസ്ളാമിന്റെ ലക്ഷ്യം ഭരണം സ്ഥാപിക്കയാണെന്ന മൌദൂദിയുടെ പ്രചാരണം പ്രവാചകത്വ പദവിയെത്തന്നെ ദുര്‍വ്യാഖ്യാനം ചെയ്യലാണെന്നും നദ്‌വി.

സ്വാതന്ത്ര്യവേളയില്‍ ഇന്ത്യയുടെ ഭരണഘടനയ്‌ക്കും സര്‍ക്കാരിനും എതിരായ നിലപാടാണ് മൌദൂദി സ്വീകരിച്ചത്. ദൈവീക ഭരണമല്ലാത്തതുകൊണ്ട് ഇന്ത്യന്‍ സര്‍ക്കാരുമായി സഹകരിക്കരുതെന്നാണ് അദ്ദേഹം അനുയായികളെ ഉപദേശിച്ചത്. എന്നാല്‍, പാകിസ്ഥാനില്‍ അദ്ദേഹം കുറെക്കൂടി തീവ്രമായ നിലപാട് സ്വീകരിച്ചെന്നു മാത്രമല്ല; അവിടത്തെ അമുസ്ളിം വിഭാഗങ്ങളെ രണ്ടാം തരം പൌരന്മാരായി പരിഗണിക്കണമെന്ന് സര്‍ക്കാര്‍ കമീഷന്റെ മുമ്പില്‍ നിര്‍ദേശം വയ്‌ക്കുകയുംചെയ്‌തു. മുസ്ളിം പണ്ഡിതന്മാരും സര്‍ക്കാരും അദ്ദേഹത്തെ അവഗണിക്കുകയാണ് ചെയ്‌തത്.
പാകിസ്ഥാനിലെ രാഷ്‌ട്രീയത്തില്‍ സജീവ പങ്കാളിത്തം വഹിച്ച ജമാഅത്തെ ഇസ്ളാമി പ്രസിഡന്റ് സുല്‍ഫിക്കര്‍ അലി ഭൂട്ടോയെ വധിക്കുന്നതില്‍ പങ്ക് വഹിച്ചത്രേ. എന്നാല്‍, ഇന്ത്യയില്‍ പ്രത്യക്ഷമായ നിലപാട് സ്വീകരിക്കാന്‍ ജമാഅത്ത് തയ്യാറായില്ല. മുസ്ളിങ്ങളില്‍ നിന്നുതന്നെ ശക്തമായ എതിര്‍പ്പാണ് സംഘടനയ്‌ക്ക് നേരിടേണ്ടിവന്നത്. ഏതാണ്ട് എല്ലാ മുസ്ളിം സംഘടനകളും ജമാഅത്തിനെതിരാണ്. സാഹിത്യങ്ങളിലൂടെയാണ് കുറച്ചെങ്കിലും സമുദായത്തിനകത്ത് അവര്‍ വേരുറപ്പിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് തീവ്രവാദങ്ങളുടെ പേരില്‍ ആര്‍എസ്എസിനോടൊപ്പം ജമാഅത്തിനെയും ജയിലിലടച്ചപ്പോള്‍ ആര്‍എസ്എസുമായി ഒരുമിക്കുന്ന വിചിത്രമായ അവസ്ഥയാണ് നാം കണ്ടത്. ആര്‍എസ്എസ് പിന്തുണയ്‌ക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാന്‍വരെ ഇവരുടെ അഭ്യര്‍ഥന വന്നു.

തങ്ങളുടെ ശ്രമങ്ങളൊന്നും ഗുണംപിടിക്കാതെ പോയതുകൊണ്ടാണ് ഇത്രകാലം ഇസ്ളാമിക വിരുദ്ധമെന്ന് മുദ്ര കുത്തിയ ജനാധിപത്യ വ്യവസ്ഥിതിയോട് രാജിയാവാന്‍ അവര്‍ തീരുമാനിച്ചത്. തങ്ങളുടെ ലക്ഷ്യം സാധിക്കാന്‍ ഇതാണ് പോംവഴിയെന്നും അവര്‍ കണക്ക് കൂട്ടുന്നു. വോട്ട് ചെയ്യല്‍ ബഹുദൈവത്വവും നിഷിദ്ധവുമാണെന്ന് പറഞ്ഞവര്‍ പിന്നീട് മൂല്യംനോക്കി വോട്ട് ചെയ്യാമെന്നു പറഞ്ഞ് രാഷ്‌ട്രീയത്തില്‍ ഇടപെടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. തങ്ങളുടെ ആശയങ്ങള്‍ സമര്‍ഥമായി ജനങ്ങളിലെത്തിക്കാന്‍ ജമാഅത്തിന്റെ മേല്‍നോട്ടത്തില്‍ത്തന്നെ ദിനപത്രവും തുടങ്ങി. വൈകാരിക പ്രശ്‌നങ്ങളെടുത്തിട്ട് സമുദായത്തില്‍ ഇടം നേടാന്‍ അവര്‍ക്ക് സാധിക്കുകയുംചെയ്‌തു. പത്രം മതേതര മുഖം പ്രദര്‍ശിപ്പിക്കുകയും തങ്ങളുടെ അജന്‍ഡകള്‍ ഭംഗിയായി നടപ്പാക്കുകയുംചെയ്‌തു. രാഷ്‌ട്രീയത്തില്‍ നേരിട്ട് ഇടപെടാന്‍വേണ്ടി സോളിഡാരിറ്റി എന്ന സംഘടനയ്ക്ക് രൂപം നൽകി.ഒപ്പം മനുഷ്യാവകാശ പ്രസ്‌ഥാനങ്ങളെയും ദളിത് പ്രസ്‌ഥാനങ്ങളെയും കൂട്ടുപിടിച്ചു.സാമുദായിക പ്രശ്‌നങ്ങളിൽ ഇവർ അതിവേഗം ഇടപെട്ടു. മുസ്‌ലിം ലീഗിന്റെമേൽ മേൽക്കൈ നേടുക എന്ന ലക്ഷ്യം കൂടി ജമാ‍അത്തിനുണ്ടായിരുന്നു.മാധ്യമം പത്രം അവർക്ക് മതേതരത്വത്തിന്റെ മൂടുപടമിട്ടു കൊടുത്തു. യുഡി‌എഫിൽ ഇടം നേടാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് ജമാ‍അത്ത് അമീർ തങ്ങളുടെ ജനയിതാവായ മൌദൂദി സാഹിബിനെ തൽക്കാലത്തേക്ക് തള്ളിപ്പറഞ്ഞത്. ഇപ്പോൾ അവിടെയും ഇവിടെയുമില്ലാതെ ജമാ‍അത്ത് വായുവിൽ തൂങ്ങുകയാണ്. അതിനിടയ്‌ക്ക് തങ്ങളുടെ പൊയ്‌മുഖം വീണുപോകാതിരിക്കാൻ ജമാ‍അത്ത് നേതാക്കൾ മുഖം പൊത്തിപ്പിടിക്കുന്നതാണ് ഏറ്റവും ഒടുവിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്.


*****

ഹുസൈന്‍ രണ്ടത്താണി, കടപ്പാട് : ദേശാഭിമാനി

(എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം എന്ന ലേഖന പരമ്പരയിലെ ഏഴാമത്തെ ലേഖനം)

അധിക വായനയ്‌ക്ക്

1. എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം
2. ജമാഅത്തെ ഇസ്ളാമിയും മുസ്ളിം ലീഗും
3. ജമാഅത്തെ ഇസ്ളാമിയുടെ രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രവും
4.രാഷ്‌ട്രീയ ഇസ്ളാമിന്റെ പലസ്‌തീന്‍പര്‍വം
5.ജമാ അത്തെ ഇസ്ളാമിയുടെ വികസനവിരോധവും വിപ്ളവവായാടിത്തവും
6.ജമാഅത്തും സംഘപരിവാറും ഒരേ നുകത്തില്‍

ജമാഅത്തും സംഘപരിവാറും ഒരേ നുകത്തില്‍

കമ്യൂണിസ്‌റ്റ് പാര്‍ടിയുടെ രേഖകളില്‍ മുമ്പേതന്നെ കൃത്യമായ അര്‍ഥത്തില്‍ പരാമര്‍ശിക്കപ്പെട്ട, 'ന്യൂനപക്ഷപ്രശ്‌നം' പുരോഗമന കലാസാഹിത്യസംഘത്തിലെ ചിലരുടെ സൃഷ്‌ടിയാണെന്ന പുക പരത്താനാണ് സംഘപരിവാര്‍ശക്തികള്‍ മുമ്പെന്നപോലെ ഇപ്പോഴും ശ്രമിക്കുന്നത്. അതനുസരിച്ച് അവര്‍ കമ്യൂണിസ്‌റ്റുകാരില്‍ ഒരു വിഭാഗത്തെ, 'ന്യൂനപക്ഷപ്രീണനവാദികൾ' എന്നും വേറൊരു വിഭാഗത്തെ, 'ഭൂരിപക്ഷപ്രീണനവാദികൾ' എന്നും വിഭജിച്ച് സ്വയം രസിക്കുകയാണ് !

ഭൂരിപക്ഷ കാര്‍ഡാണ് ഇപ്പോള്‍ സിപിഐ എം കളിക്കുന്നതെന്ന ജമാഅത്തെ ഇസ്ളാമി വിമര്‍ശം, സംഘപരിവാര്‍ കാഴ്‌ചപ്പാടിന്റെ വിജയമാണ് വേറൊരു വിധത്തില്‍ വിളംബരം ചെയ്യുന്നത്. കമ്യൂണിസ്‌റ്റ് പാര്‍ടിയുടെമേല്‍ ഹിന്ദുവിരുദ്ധപ്രതിച്‌ഛായ കെട്ടിവയ്‌ക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെങ്കിൽ, അതിന്റെമേല്‍ 'ന്യൂനപക്ഷവിരുദ്ധത' കെട്ടിവയ്‌ക്കാനാണ് ജമാഅത്തെ ഇസ്ളാമി ശ്രമിക്കുന്നത്. കമ്യൂണിസ്‌റ്റ് പാര്‍ടിയേ ഇല്ലാത്ത ഒരു ലോകം സൃഷ്‌ടിക്കാന്‍ ശ്രമിക്കുന്ന മൂലധനശക്തികളെയാണ് ആ അര്‍ഥത്തില്‍ വ്യത്യസ്‌തതലങ്ങളില്‍ നിന്നുകൊണ്ടാണെങ്കിലും ഇരുകൂട്ടരും ആശ്ളേഷിക്കുന്നത്.

ജാതിമതഭേദമെന്യേ ഒരു വീട്ടില്‍ എല്ലാവരും, എല്ലാ ഉത്സവങ്ങളും എല്ലാവര്‍ക്കും, എല്ലാ ആരാധനാലയങ്ങളും എല്ലാവര്‍ക്കും തുടങ്ങി, ഒരു പുതിയ മതരഹിത സാമൂഹ്യക്രമത്തിന്റെ സാക്ഷാല്‍ക്കാരം സ്വപ്‌നംകണ്ട് ഞാനെഴുതിയത് നിരവധി പുസ്‌തകങ്ങളിലായി ആര്‍ക്കും വായിക്കാന്‍ കഴിയുംവിധം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതോടൊപ്പം മതവിശ്വാസത്തിന്റെതന്നെ അടിസ്ഥാനത്തില്‍ വികസിക്കുന്ന മതനിരപേക്ഷബോധത്തെ പുരോഗമന കലാസാഹിത്യസംഘം പ്രവര്‍ത്തകര്‍ സദാ സ്വാഗതം ചെയ്യുകയും ചെയ്‌തിട്ടുണ്ട്.

ആശയതലത്തില്‍ സംവാദങ്ങളും പ്രായോഗികതലങ്ങളില്‍ 'ജീവിത ബദലുകളും' സൃഷ്‌ടിച്ചുകൊണ്ടാണ്, അല്ലാതെ ചുമ്മാ ആഴ്‌ചപ്പതിപ്പുകള്‍ക്കുചുറ്റും കറങ്ങിക്കൊണ്ടല്ല, പുരോഗമന കലാസാഹിത്യസംഘം പ്രവര്‍ത്തകര്‍ ഇത്തരം ദൌത്യം നിരവധി പരിമിതിക്കും ആശയസംവാദങ്ങള്‍ക്കുമിടയില്‍ നിന്നുകൊണ്ട് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് സാഹിത്യസംഘം പ്രവര്‍ത്തകര്‍ എന്നനിലയില്‍ ഞങ്ങള്‍ക്കെതിരെ ഭൂരിപക്ഷവര്‍ഗീയശക്തികളും ന്യൂനപക്ഷവര്‍ഗീയശക്തികളും സ്വന്തം പ്രസിദ്ധീകരണങ്ങളില്‍ നിരന്തരം വിമര്‍ശങ്ങള്‍ നിര്‍വഹിക്കുന്നത്.

സംഘപരിവാര്‍ശക്തികള്‍ ബാബറി മസ്‌ജിദ് തകര്‍ത്തതിനെതിരെയും നിരന്തരം വര്‍ഗീയകലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനെതിരെയും സമാനതകളില്ലാതെ വംശഹത്യകള്‍ ഗുജറാത്തിലും ഒറീസയിലും നടത്തിയതിനെതിരെയും ശക്തമായ പ്രചാരണം നടത്തിയ ഒരു സാംസ്‌ക്കാരികസംഘടനയെന്ന നിലയില്‍ സാഹിത്യസംഘവും അതിന് നേതൃത്വം നല്‍കിയവരും സംഘപരിവാര്‍ രോഷത്തിന് മറ്റാരേക്കാളും കൂടുതല്‍ വിധേയമാകുക സ്വാഭാവികമാണ്. പ്രധാനമായും സംഘപരിവാര്‍ നേതൃത്വത്തില്‍ അടുത്തുനടന്ന 'ലൌ ജിഹാദ് ' വിവാദത്തിന്റെ അസംബന്ധം പുറത്തായിപ്പോയതിന്റെ രോഷം കേസരി എനിക്കെതിരെ പ്രകടിപ്പിക്കുന്നതുമാത്രം കാണുക.

"ലൌ ജിഹാദിനെതിരെ സൈദ്ധാന്തിക തത്ത്വാധിഷ്‌ഠിത ഡങ്കു ഡുങ്കയുമായി വന്ന കുഞ്ഞഹമ്മദ് വെറുമൊരു ജമാഅത്ത് മെഗഫോണായിരുന്നുവെന്ന് വൈകിയെങ്കിലും മാർൿസിസ്‌റ്റുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവണം.''

ഇന്ത്യ പൊട്ടിക്കരഞ്ഞ സമയങ്ങളിലൊക്കെ സമര്‍ഥമായ മൌനം സൂക്ഷിച്ച് സമവാക്യങ്ങള്‍ സൃഷ്‌ടിച്ചവരോട് അവര്‍ക്കേറെ സന്തോഷമുണ്ടാകുന്നത് സ്വാഭാവികമാണ്. മൃദുഹിന്ദുത്വവുമായി കൊഞ്ചിക്കുഴയുന്നവരെ ആശ്ളേഷിക്കുന്ന സംഘപരിവാറിന്റെ ചോരമണക്കുന്ന കൈകളല്ല, അതില്‍ കോരിത്തരിക്കുന്ന മനസ്സുകളാണ് ഏറെ ലജ്ജിക്കേണ്ടത്.

നാലഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പ്, 'വിശ്വാസങ്ങള്‍ക്ക് എന്തുപറ്റി' എന്ന പേരിൽ, ഞാനെഴുതിയ ഒരു പ്രബന്ധത്തിനെതിരെ ജമാഅത്തെ ഇസ്ളാമിയുടെ താത്വിക പ്രസിദ്ധീകരണമായ പ്രബോധനം നിര്‍വഹിച്ച നിശിതവിമര്‍ശത്തോടുള്ള പ്രതികരണമായി ഞാനെഴുതിയ 'മതരാഷ്‌ട്രീയത്തിന്റെ ബലതന്ത്രം' എന്ന പ്രബന്ധം 2010ല്‍ ഒലീവ് പുറത്തിറക്കിയ, 'ജമാഅത്തെ ഇസ്ളാമി അകവും പുറവും' എന്ന ജമാഅത്ത് വിമര്‍ശന ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെ ഇ എന്‍ ജമാഅത്തെ ഇസ്ളാമിയെ വിമര്‍ശിക്കാറില്ലെന്ന കള്ളം പൊളിക്കാന്‍ ആ പ്രബന്ധത്തില്‍നിന്നുള്ള ഒരല്‍പ്പഭാഗംതന്നെ അധികമാകും. അതുകൊണ്ടിപ്പോള്‍ അതില്‍നിന്ന് ഒരു ചെറുഭാഗംമാത്രം ഇവിടെ എടുത്തുചേര്‍ക്കുന്നു.

"ദൈവസമര്‍പ്പണത്തിനും സാമൂഹ്യസമര്‍പ്പണത്തിനും സൈദ്ധാന്തികമായി സംവാദങ്ങള്‍ തുടര്‍ന്നുകൊണ്ടുതന്നെ മനുഷ്യസമൂഹം അഭിമുഖീകരിക്കുന്ന അത്യന്തം ഭീഷണമായ വിപത്തുകള്‍ക്കെതിരെ അനിവാര്യമായും ഒന്നിക്കാന്‍ കഴിയുമെന്നും ഒന്നിക്കേണ്ടതുണ്ടെന്നുമുള്ള സമരോത്സുകമായ ഒരു ശുഭാപ്‌തിവിശ്വാസമായിരുന്നു പ്രസ്‌തുത പ്രബന്ധം മുന്നോട്ടുവെച്ചത്. മതമൌലികവാദികള്‍ മനുഷ്യജീവിതത്തിന്റെ നടുത്തളങ്ങളിലേക്ക് ഉന്തിവിട്ട കൊമ്പന്‍ മീശക്കാരനായ വമ്പന്‍ ദൈവത്തിനുപകരം, അശാന്തമായ കാലത്തിന് സാന്ത്വനം നല്‍കുന്ന സ്നേഹമൂര്‍ത്തിയായ ഒരീശ്വരനുവേണ്ടിയുള്ള വിനീതമായ ഒരു നിവേദനമായിരുന്നു അത്. വിശ്വാസത്തോട് വിടചോദിച്ച് കഴിഞ്ഞതിനുശേഷവും ദൈവത്തെ മനുഷ്യവംശം സൃഷ്‌ടിച്ച മനോഹരമായ കവിതയായി, ആത്യന്തിക നീതിയെക്കുറിച്ചുള്ള സമാനതകളില്ലാത്ത സ്വപ്‌നമായി മനസ്സിലിപ്പോഴും സൂക്ഷിക്കുന്ന ഒരു ശാരാശരി മനുഷ്യന്റെ സംഘര്‍ഷങ്ങളുടെയും സങ്കടങ്ങളുടെയും സംഗ്രഹമായിരുന്നു അത്. യഥാര്‍ഥ വിശ്വാസികളും അവിശ്വാസികളും ഒരേപോലെ ആഗ്രഹിക്കുന്ന ശാന്തിയും സമാധാനവും സാക്ഷാല്‍ക്കരിക്കുന്ന സര്‍വമത/മതേതര കൂട്ടായ്‌മയാണത് കൊതിച്ചത്. "

പക്ഷേ ജമാഅത്തെ ഇസ്ളാമിയുടെ സൈദ്ധാന്തിക മാസികയായ 'പ്രബോധനം' അതിനോട് പ്രതികരിച്ചത് മതസൌഹാര്‍ദം ശക്തിപ്പെടുത്താന്‍ സഹായിക്കും വിധത്തിലല്ല, മറിച്ച് 'രാഷ്‌ട്രീയ ഇസ്ളാമിന്റെ' സവിശേഷത ആവര്‍ത്തിച്ച് ഉറപ്പിക്കുംവിധത്തിലാണ്.

"മനുഷ്യന്റെ ചോരപുരണ്ട ആരാധനാലയങ്ങള്‍ കോള്‍ഗേറ്റ് പേസ്‌റ്റിനൊപ്പം ബഹിഷ്‌ക്കരിക്കപ്പെടണം എന്ന സമീപനത്തോട് 'മതരാഷ്‌ട്രീയക്കാർ‍' എന്തു നിലപാട് സ്വീകരിക്കുമെന്നതാണ് ചോദ്യം. കലാപകേന്ദ്രങ്ങളാകുന്ന ആരാധനാലയങ്ങളില്‍ തുടര്‍ന്നും പ്രാര്‍ഥിക്കാനും അത്തരം മതസ്ഥാപനങ്ങളുമായി സഹകരിക്കാനും ഞങ്ങള്‍ക്ക് വിഷമമുണ്ട് എന്ന് വിശ്വാസികള്‍ക്ക് സ്വയമേവ വ്യക്തമാക്കാനുമുള്ള ഒരു പരോക്ഷ പ്രചോദനമായിത്തീരട്ടെ എന്ന പ്രത്യാശയോടെയാണ് 'വിശ്വാസങ്ങള്‍ക്കെന്തുപറ്റി' എന്ന പ്രബന്ധം എഴുതിയത്. മതത്തെയല്ല, മറിച്ച് മതവിശ്വാസത്തെപ്പോലും അസാധ്യമാക്കുന്ന 'മതരാഷ്‌ട്രീയത്തെ' മാത്രമാണ് അതില്‍ വിചാരണയ്‌ക്ക്വിധേയമാക്കിയത്.

എന്നാൽ‍, അതുപോലും 'മാർൿസിസ്‌റ്റ് ബുദ്ധിജീവിക്ക് പറ്റിയ ഒരബദ്ധമാണ് ' എന്നാണ് 'ആദര്‍ശ വ്യതിയാനങ്ങളാണ് അപകടകാരണം' എന്ന സാമാന്യയുക്തിയുടെ മറവില്‍ നിന്നുകൊണ്ട് 'പ്രബോധനം' ചോദ്യോത്തര പംക്തിയില്‍ മുജീബ് വിശദീകരിക്കുന്നത്. 'ഒരു ജര്‍മന്‍ യഹൂദിയുടെ പ്രതികാരബുദ്ധിയില്‍നിന്ന് പൊട്ടിപ്പുറപ്പെട്ടതും റഷ്യയില്‍ തഴച്ചുവളര്‍ന്നതുമായ വിഷച്ചെടിയാണ് കമ്യൂണിസം' എന്ന മൌലാനാ മൌദൂദീയുടെ കാഴ്‌ചപ്പാടില്‍നിന്ന് മുജീബിനെപ്പോലുള്ളവര്‍ ഇപ്പോഴും പുറത്തുകടന്നിട്ടില്ല!

"ആദര്‍ശ വ്യതിയാനങ്ങള്‍ക്ക് പ്രധാനമായും ഇടനല്‍കുന്നത് മോക്ഷ സാക്ഷാല്‍ക്കാരത്തിന് സമര്‍പ്പിക്കേണ്ട മതവിശ്വാസത്തെ, രാഷ്‌ട്രീയാധികാരം പിടിച്ചെടുക്കാനുള്ള ഉപകരണവും ഉപാധിയുമാക്കി സങ്കോചിപ്പിക്കുന്ന മതരാഷ്‌ട്രീയ കാഴ്‌ചപ്പാടുകളാണ് എന്ന മൌലികവസ്‌തുതയാണ് അദ്ദേഹം സൌകര്യപൂര്‍വം മാറ്റിവെച്ചിരിക്കുന്നത്. മതം 'വ്യക്തിപരമായ കാര്യമാണ്', ഏത് വ്യക്തിക്കും ഇഷ്‌ടമുള്ള മതം സ്വീകരിക്കാം, മതംതന്നെ ഉപേക്ഷിക്കാം, രാഷ്‌ട്രീയവും മതവും കൂട്ടിക്കുഴയ്ക്കരുത് തുടങ്ങിയ മതേതരത്വനിലപാടുകളെ മതത്തെ പരിമിതപ്പെടുത്താനും അതുവഴി ഉന്മൂലനം ചെയ്യാനുള്ള ഭൌതികവാദശ്രമങ്ങളുടെ ഗൂഢപദ്ധതികളായിട്ടാണ് ജമാഅത്തെ ഇസ്ളാമി പരിഗണിക്കുന്നത്. 'മതേതരത്വം ദേശീയത്വം ജനാധിപത്യം ഒരു താത്വിക വിശകലനം' എന്ന ഗ്രന്ഥത്തില്‍ ഇതുസംബന്ധിച്ച് ജമാഅത്തെ ഇസ്ളാമിയുടെ സ്ഥാപകനായ മൌലാനാ മൌദൂദി എഴുതുന്നു:

'മുസല്‍മാനെ സംബന്ധിച്ചിടത്തോളം, ഞാനിതാ അവരോടു തുറന്നു പ്രസ്‌താവിക്കുന്നു: ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ളാമിനും ഈമാനിനും കടകവിരുദ്ധമാണ്. നിങ്ങളതിന്റെ മുമ്പില്‍ സര്‍വാത്മനാ തലകുനിക്കുകയാണെങ്കില്‍ നിങ്ങളുടെ വിശുദ്ധ ഖുര്‍ആനെ പുറകോട്ട് വലിച്ചെറിയലായിരിക്കും. നിങ്ങളതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കു വഹിക്കുകയാണെങ്കില്‍ നിങ്ങളുടെ തിരു ദൂതനോട് ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും. നിങ്ങളതിന്റെ കൊടി പിടിക്കുകയാണെങ്കില്‍ നിങ്ങളുടെ കൊടി ദൈവത്തിനെതിരെ രാജദ്രോഹക്കൊടി ഉയര്‍ത്തലായിരിക്കും. ഏതൊരു പരിശുദ്ധ ഇസ്ളാമിന്റെ പേരില്‍ മുസ്ളിങ്ങളെന്നു നിങ്ങള്‍ സ്വയം അവകാശപ്പെടുന്നുണ്ടോ അതിന്റെ ആത്മാവും ഈ അവിശുദ്ധ വ്യവസ്ഥിതിയുടെ ആത്മാവും തമ്മില്‍ തുറന്ന സമരത്തിലാണ്. അതിന്റെ മൌലികതത്വങ്ങളും ഇതിന്റെ മൌലികതത്വങ്ങളും തമ്മില്‍ പ്രത്യക്ഷ സംഘട്ടനമാണ്. അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്‌തുത വ്യവസ്ഥിതിയുമായി ഇസ്ളാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വാഴുന്നിടത്ത് ഇസ്ളാം വെറും ജലരേഖയായിരിക്കും. ഇസ്ളാമിന് സ്വാധീനമുള്ള ദിക്കില്‍ ആ വ്യവസ്ഥയ്‌ക്ക്യാതൊരു സ്ഥാനവുമുണ്ടാവുകയില്ല. നിങ്ങള്‍ പരിശുദ്ധ ഖുര്‍ആനും തിരുദൂതരും ആവിഷ്‌ക്കരിച്ച ഇസ്ളാമിലാണ് യഥാര്‍ഥത്തില്‍ വിശ്വസിക്കുന്നതെങ്കിൽ‍, നിങ്ങള്‍ എവിടെയിരുന്നാലും ശരി, മതേതര ഭൌതികത്വ സിദ്ധാന്തത്തിലധിഷ്‌ഠിതമായ ഈ ദേശീയ ജനായത്തത്തെ പ്രതിരോധിക്കുകയും, പകരം ദൈവവിശ്വാസത്തിലധിഷ്‌ഠിതമായ ആ മാനുഷിക പ്രാതിനിധ്യത്തിന്റെ സ്ഥാപനാര്‍ഥം സമരം നടത്തുകയും ചെയ്യേണ്ടത് നിങ്ങളുടെ ഒഴിച്ചുകൂടാത്ത മതകര്‍ത്തവ്യം മാത്രമാകുന്നു: നിങ്ങള്‍ക്ക് ഒരു പ്രത്യേക ജനതയെന്ന നിലയില്‍ സ്വാതന്ത്ര്യവും സ്വയം നിര്‍ണയാവകാശവും ലഭിക്കുന്നേടത്ത് വിശേഷിച്ചും. യഥാര്‍ഥ ഇസ്ളാമിക വ്യവസ്ഥിതിക്കുപകരം, ഈ 'കുഫ്‌ർ' വ്യവസ്ഥയാണ് നിങ്ങള്‍ സ്വന്തം കരങ്ങള്‍കൊണ്ട് നിര്‍മിച്ചു നടത്തുന്നതെങ്കില്‍പ്പിന്നെ നിങ്ങളോട് എനിക്കൊന്നും പറയാനില്ല.''

ജമാഅത്തെ ഇസ്ളാമിയടക്കമുള്ള മുസ്ളിം മതമൌലികപ്രസ്ഥാനങ്ങളെയും ഭീകരവര്‍ഗീയപ്രസ്ഥാനങ്ങളെയും കമ്യൂണിസ്‌റ്റുകാര്‍ വിമര്‍ശിക്കുന്നത് സാമ്രാജ്യത്വ-സംഘപരിവാര്‍ സമീപനങ്ങളില്‍ നിന്നുകൊണ്ടല്ല. സംഘപരിവാര്‍ശക്തികള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന 'സാംസ്‌ക്കാരിക ദേശീയത'യ്‌ക്കെതിരെ ഉയര്‍ന്നുകഴിഞ്ഞ വിമര്‍ശങ്ങളെ ശിഥിലീകരിക്കുംവിധം, ഇടതുപക്ഷ സാംസ്‌ക്കാരികവിമര്‍ശകരെ നിര്‍വീര്യമാക്കാനുള്ള വലതുപക്ഷ സംഘടിത ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

*****

കെ ഇ എന്‍ കുഞ്ഞഹമ്മദ്, കടപ്പാട് : ദേശാഭിമാനി

(എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം എന്ന ലേഖന പരമ്പരയിലെ ആറാമത്തെ ലേഖനം)

അധിക വായനയ്‌ക്ക് :


1. എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം
2. ജമാഅത്തെ ഇസ്ളാമിയും മുസ്ളിം ലീഗും
3. ജമാഅത്തെ ഇസ്ളാമിയുടെ രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രവും
4.രാഷ്‌ട്രീയ ഇസ്ളാമിന്റെ പലസ്‌തീന്‍പര്‍വം
5.ജമാ അത്തെ ഇസ്ളാമിയുടെ വികസനവിരോധവും വിപ്ളവവായാടിത്തവും

ജമാ അത്തെ ഇസ്ളാമിയുടെ വികസനവിരോധവും വിപ്ളവവായാടിത്തവും

ഇന്ത്യയില്‍ ഇന്നു നിലനില്‍ക്കുന്ന ഇടതുപക്ഷത്തിന്റെ കേന്ദ്രം സിപിഐ എം ആണെന്നതില്‍ സംശയമുണ്ടാകാനിടയില്ല. നിലവിലുള്ള ഇടതുപക്ഷത്തെ തകര്‍ത്താല്‍ സാമ്രാജ്യത്വത്തിനും ഹിന്ദുത്വഫാസിസത്തിനും ഇന്ത്യയില്‍ എതിര്‍പ്പുകളില്ലാതെ അവരുടെ അജന്‍ഡ നടപ്പാക്കാന്‍ കഴിയും.

മുഖ്യമായും കേരളത്തിലും പശ്ചിമബംഗാളിലും സിപിഐ എം ആര്‍ജിച്ച ശക്തി ഉപയോഗിച്ചുകൊണ്ടാണ് ഇടതുപക്ഷം ഇന്ത്യയിലാകമാനം വലതുപക്ഷവും തീവ്രവലതുപക്ഷവും നടത്തുന്ന കടന്നുകയറ്റം ചെറുക്കുന്നത്. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തെ പ്രത്യേകിച്ച് സിപിഐ എമ്മിനെ തകര്‍ക്കാന്‍ പലവിധത്തിലുള്ള ഗൂഢാലോചനകള്‍ നടക്കുന്നതായി 1959 മുതലെങ്കിലും തെളിയിക്കപ്പെട്ട കാര്യമാണ്. ഇന്ന് കേരളത്തിലെയും പശ്ചിമബംഗാളിലെയും ഇടതുപക്ഷശക്തികളെ ദുര്‍ബലമാക്കാനുള്ള വലതുപക്ഷ മാധ്യമ-വര്‍ഗീയ അജന്‍ഡ കുറേക്കൂടി മറനീക്കി രംഗത്തുവന്നിരിക്കയാണ്.

അടിത്തറയില്ലാത്ത കേരളമാതൃക അതിജീവിക്കണമെങ്കില്‍ സാമ്പത്തിക ഉല്‍പ്പാദന അടിത്തറ വികസിപ്പിക്കുകതന്നെ വേണമെന്ന് ഇ എം എസ് ജീവിതസായാഹ്നത്തില്‍ ഉപദര്‍ശിച്ചിരുന്നു. കമ്യൂണിസ്‌റ്റ് പാര്‍ടികള്‍ക്കും ഇടതുപക്ഷത്തിനും വികസനത്തെക്കുറിച്ച് കൃത്യമായ കാഴ്‌ചപ്പാടുണ്ടെങ്കിലും മുതലാളിത്ത വ്യവസ്ഥയില്‍ അതെല്ലാം അതേപടി പ്രയോഗത്തില്‍ വരാന്‍ കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ നാലു വര്‍ഷമായി ആഗോളതലത്തില്‍ സംഭവിച്ച സാമ്പത്തിക തകര്‍ച്ച കേരളത്തിന്റെ വികസനത്തെയും ബാധിക്കുമെന്നതില്‍ സംശയമില്ല.

എങ്കിലും ജനപക്ഷ കാഴ്‌ചപ്പാടിന്റെയും പ്രതിബദ്ധതയുടെയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ കേരളത്തെ കര്‍ഷക ആത്മഹത്യയില്‍നിന്നു വിമോചിപ്പിച്ചിട്ടുണ്ടെന്ന കാര്യം ആരും വിസ്‌മരിക്കരുത്. വിദര്‍ഭയില്‍ കോടികളുടെ സഹായം കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങും പ്രഖ്യാപിച്ചെങ്കിലും അതൊന്നും കര്‍ഷകരുടെ ജീവിതപരിസരത്തെ മാറ്റിയില്ല.

ലോകമൊട്ടുക്കും മാധ്യമശ്രദ്ധ കിട്ടുംവിധത്തിലാണ് സിംഗൂരിലെ വികസനപ്രശ്‌നത്തെ വലത്-തീവ്രവലത്-പ്രച്‌ഛന്ന ഇടതുസഖ്യം അവതരിപ്പിച്ചത്. ജമാ അത്തെ ഇസ്ളാമിയും അവരുടെ മാധ്യമങ്ങളും സിംഗൂരില്‍ ഇടതുപക്ഷം ജനവിരുദ്ധവികസനം നടപ്പാക്കിയെന്നു മാത്രമല്ല, മുസ്ളിം വിരുദ്ധമാണ് ബംഗാളിലെ ഇടതുപക്ഷമെന്നും പ്രചരിപ്പിച്ചു! അഹമ്മദാബാദില്‍നിന്നും വെറും 40 കിലോമീറ്റര്‍ അകലെ ആയിരക്കണക്കിനേക്കര്‍ ഭൂമിയില്‍ രത്തന്‍ ടാറ്റ നാനോ കാര്‍ ഫാക്ടറി മാറ്റിസ്ഥാപിച്ചത് മാധ്യമങ്ങള്‍ അറിഞ്ഞതേയില്ല! നരേന്ദ്രമോഡിയെയും ഗുജറാത്തിനെയും വികസനപക്ഷമായും പശ്ചിമബംഗാളിനെയും കേരളത്തെയും വികസനവിരുദ്ധ സംസ്ഥാനങ്ങളായും അടയാളപ്പെടുത്തുന്നതില്‍ വലതുപക്ഷ-പ്രച്‌ഛന്ന ഇടതുപക്ഷ സഖ്യത്തിന് ഊര്‍ജംപകരുന്നത് ഇപ്പോള്‍ കേരളത്തില്‍ ജമാ അത്തെ ഇസ്ളാമിയാണ്.

ജമാ അത്തെ ഇസ്ളാമി അമീര്‍ ടി ആരിഫലി മാതൃഭൂമി വാരികയ്‌ക്ക്(ജൂൺ 13-19) നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് കാണുക:

'ദൌര്‍ഭാഗ്യവശാല്‍ സിപിഐ എമ്മില്‍ പ്രകടമായും രണ്ടു ചിന്താധാരകളുണ്ട്. ജമാ അത്ത് മുന്നോട്ടുവെക്കുന്ന വികസന കാഴ്‌ചപ്പാട് സിപിഐ എമ്മിന്റെ ഔദ്യോഗിക വിഭാഗത്തിനു വിരുദ്ധമായ കാഴ്‌ചപ്പാടുള്ളവരോടാണ് കൂടുതല്‍ അടുത്തുനില്‍ക്കുന്നത്. ഇത് പാര്‍ടി സെക്രട്ടറിയെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും വളരെ വൈകാരികമായി സ്വാധീനിക്കുന്നു. ഏതെങ്കിലും ഒരുവിഭാഗത്തിന്റെ അഭിപ്രായം പാര്‍ടിയിലെ മറ്റേ വിഭാഗത്തിന്റെ അഭിപ്രായത്തോട് യോജിച്ചുവന്നാല്‍ അവരുടെ ആത്മാവില്‍ തട്ടും. ഔദ്യോഗിക പക്ഷത്തിന്റെ വികസന, സാമ്രാജ്യത്വവിരുദ്ധ കാഴ്‌ചപ്പാടിനേക്കാള്‍ മറുവിഭാഗത്തിന്റെ കാഴ്‌ചപ്പാടുകളോടാണ് ജമാ അത്തിന്റെ നിലപാടുകള്‍ യോജിച്ചുവരുന്നത്.'

കമ്യൂണിസ്‌റ്റ് പാര്‍ടിയില്‍ ഒരുവിഭാഗം തങ്ങളുടെ കൂടെയാണ് നിലയുറപ്പിച്ചതെന്ന് കേരളീയ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ ജമാ അത്തെ ഇസ്ളാമി ലക്ഷ്യമിടുന്നത് എന്താണ് ? ഒരുവശത്ത് കമ്യൂണിസ്‌റ്റുകാരില്‍ ഒരുവിഭാഗം ജമാ അത്തെയുടെ വികസനസങ്കല്‍പ്പം പങ്കിടുന്നവരാണെന്ന വ്യാജ പ്രചാരണവും മറുവശത്ത് ഇടതുപക്ഷം കേരളത്തിലും പശ്ചിമബംഗാളിലും ന്യൂനപക്ഷവിരുദ്ധമാണെന്നും പ്രചരിപ്പിക്കാന്‍ എന്തുകൊണ്ടാണ് ജമാ അത്തെ നിരന്തരം ഉത്സാഹിക്കുന്നത് ?

കേരളത്തിലെ ജനങ്ങള്‍ക്ക് തൊഴിലും വരുമാനവും ലഭ്യമാക്കുന്നതിനു മാന്ദ്യകാലത്തുപോലും ചെയ്യാന്‍ സാധ്യമാകുന്ന വികസനപ്രവര്‍ത്തനത്തിനാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും വ്യവസായവകുപ്പും നേതൃത്വം നല്‍കുന്നത്. കിനാലൂരില്‍ സംഘര്‍ഷം സൃഷ്‌ടിച്ച് വികസനം മുടക്കുക മാത്രമല്ല ഇടതുപക്ഷസര്‍ക്കാരും കമ്യൂണിസ്‌റ്റുകാരും മുസ്ളിങ്ങള്‍ക്കും ജനങ്ങള്‍ക്കും എതിരാണെന്നു വരുത്തിത്തീര്‍ക്കാനും ജമാ അത്തെ നേതൃത്വം വ്യഗ്രത കാണിക്കുന്നതായി കാണാന്‍ കഴിയും.

വ്യവസായങ്ങളും അനുബന്ധ വികസനവുമില്ലാതെ എങ്ങനെയാണ് ഒരു ജനതയ്‌ക്ക് അതിജീവിക്കാന്‍ കഴിയുക! സ്വന്തമായി ഒന്നും നിര്‍മിക്കാനോ തൊഴില്‍ കേന്ദ്രങ്ങള്‍ വികസിപ്പിക്കാനോ കഴിയാതെ കേരളത്തെ മുരടിപ്പിക്കണമെന്നാണോ ജമാ അത്തെ പറയുന്നത്. ബംഗാളിലും കേരളത്തിലും വികസനം തടയുന്നതിനു നേതൃത്വം കൊടുക്കുന്ന ജമാ അത്തെ എന്തുകൊണ്ട് വംശഹത്യ നടക്കുന്ന ഗുജറാത്തിനെ വികസന പിന്തുണക്കാരാക്കി മാറ്റുന്നു?

എല്ലാ തീവ്രവലതുപക്ഷത്തെയുംപോലെ ജമാ അത്തെയും ഇടതുപക്ഷത്തെ ദുര്‍ബലമാക്കാനുള്ള അജന്‍ഡയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇടതുപക്ഷത്തെ രണ്ടായി വിഭജിച്ച് ഒരുവിഭാഗം ചാരന്മാരും സാമ്രാജ്യത്വ ഏജന്റുമാരുമാണെന്ന കപടവിപ്ളവ പ്രചാരണം പൊളിഞ്ഞെങ്കിലും പുതിയ ഭിന്നിപ്പിക്കല്‍ തന്ത്രങ്ങളുമായി അവര്‍ മുന്നോട്ടുപോകുകയാണ്.

ശുദ്ധ-പരിസ്ഥിതിവാദത്തെയോ പ്രകൃതിവാദത്തെയോ സൈദ്ധാന്തികമായോ പ്രായോഗികമായോ ഇടതുപക്ഷം ഒരുകാലത്തും പിന്തുണച്ചിട്ടില്ല. മറിച്ച് പ്രകൃതിയെയും പരിസ്ഥിതിയെയും പരമാവധി സംരക്ഷിച്ചുകൊണ്ട് ആധുനീകരണം നടത്തണമെന്ന കാഴ്‌ചപ്പാടാണ് എന്നും ഇടതുപക്ഷം മുന്നോട്ടുവച്ചത്. അതുകൊണ്ട് കമ്യൂണിസ്‌റ്റ് പാര്‍ടിയെ ഭിന്നിപ്പിച്ച് വിപ്ളവകാരികൾ‍/പിന്തിരിപ്പന്മാർ/പരിസ്ഥിതി പ്രേമികൾ‍/മാഫിയകള്‍ മുതലായ കപടമുദ്രകള്‍ ചാര്‍ത്തി കേരളത്തിന്റെ വികസനത്തെ തടയാമെന്ന വ്യാമോഹം ജമാ അത്തെ ഇസ്ളാമി ഉപേക്ഷിക്കുന്നതാണ് നല്ലത്. അല്ലെങ്കിലും ജമാ അത്തെ ഇസ്ളാമിയുടെയും വലതുപക്ഷത്തിന്റെയും സര്‍ട്ടിഫിക്കറ്റുകള്‍ നോക്കിയല്ല കേരളത്തിലെ ഇടതുപക്ഷത്തെ ജനങ്ങള്‍ തിരിച്ചറിയുന്നത്. മറിച്ച് സംഘടനയുടെയും സര്‍ക്കാരിന്റെയും നിലപാടുകളാണ് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം എന്നും ജനപക്ഷത്ത് സ്ഥിരം സാന്നിധ്യമായി മാറുന്നതില്‍ സഹായിച്ചിട്ടുള്ളത്.

1957 മുതല്‍ കേരളത്തില്‍ നടപ്പാക്കിയ നിയമനിര്‍മാണങ്ങളും മുപ്പതുകളില്‍ ആരംഭിച്ച അവകാശ പ്രക്ഷോഭങ്ങളുമാണ് കേരളത്തെ വേറിട്ട മാതൃകയാക്കിമാറ്റിയതെന്ന സത്യം മൂടിവയ്‌ക്കാനാണ് ഇത്തരം ചാപ്പകുത്തലുകളും ഭിന്നിപ്പിക്കലും നടത്തുന്നത്. പ്രച്‌ഛന്ന ഇടതുപക്ഷത്തെ തീവ്രഇടതുപക്ഷമെന്ന വ്യാജേന അവതരിപ്പിച്ച് വര്‍ഗീയ പ്രസ്ഥാനങ്ങള്‍ നടത്തുന്ന കപടവിപ്ളവ വായാടിത്തത്തെ തിരിച്ചറിയേണ്ടത് ഈ സന്ദര്‍ഭത്തില്‍ അനിവാര്യമാണ്. ജമാ അത്തെ ഇസ്ളാമിയുടെ വിപ്ളവാഭിമുഖ്യത്തിലെ കാപട്യവും മുതലാളിത്ത മാധ്യമങ്ങളുടെ പരിസ്ഥിതി പ്രേമത്തിലെ ചതിക്കുഴിയും ആര്‍ക്കാണ് ഇന്നു മനസ്സിലാകാത്തത്.

*****

ഡോ. പി കെ പോക്കര്‍, കടപ്പാട് : ദേശാഭിമാനി

(എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം എന്ന ലേഖന പരമ്പരയിലെ അഞ്ചാമത്തെ ലേഖനം)

അധിക വായനയ്‌ക്ക്:


1. എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം
2. ജമാഅത്തെ ഇസ്ളാമിയും മുസ്ളിം ലീഗും
3. ജമാഅത്തെ ഇസ്ളാമിയുടെ രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രവും
4.രാഷ്‌ട്രീയ ഇസ്ളാമിന്റെ പലസ്‌തീന്‍പര്‍വം

Tuesday, June 29, 2010

രാഷ്‌ട്രീയ ഇസ്ളാമിന്റെ പലസ്‌തീന്‍പര്‍വം

പിറന്ന മണ്ണില്‍ അഭയാര്‍ഥികളാക്കപ്പെട്ട പലസ്‌തീനികളുടെ സമരോത്സുകമായ സ്വപ്‌നങ്ങളെയും ഐതിഹാസികമായ ചെറുത്തു നില്‍പ്പിനെയും സംഹരിക്കാനുള്ള സാമ്രാജ്യത്വ-സയണിസ്‌റ്റ് തന്ത്രങ്ങളെ പരാജയപ്പെടുത്താന്‍ അവസാനത്തെ ആത്മബോധവും ആയുധമാക്കി പോരാടുകയാണ് യാസര്‍ അറഫാത്തിന്റെ പിന്മുറക്കാര്‍. ഇസ്രയേലിനെതിരായ ചെറുത്തുനില്‍പ്പിന് ജനകീയ സ്വഭാവം കൈവന്നത് യാസര്‍ അറഫാത്തിന്റെ വരവോടുകൂടിയാണ്.

1948 മുതല്‍ 1967 വരെയുള്ള കാലഘട്ടത്തില്‍ ഒരു അറബ് ദേശീയ പ്രശ്‌നമായാണ് പലസ്‌തീനികളുടെ സമരം നിര്‍വചിക്കപ്പെട്ടത്. പലസ്‌തീനികള്‍ക്കു വേണ്ടി സഹോദര അറബ് രാജ്യങ്ങള്‍ യുദ്ധവും നയതന്ത്രനീക്കങ്ങളും നടത്തുന്ന സ്ഥിതിക്ക് മാറ്റമുണ്ടായത് പിഎല്‍ഒയുടെ പ്രസിഡന്റായി 1967ല്‍ യാസര്‍ അറഫാത്ത് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്.

കെയ്റോയില്‍ വിദ്യാര്‍ഥിയായിരിക്കെ യാസര്‍ അറഫാത്ത് പാലസ്‌തീന്‍ വിദ്യാര്‍ഥി യൂണിയന്‍ രൂപീകരിച്ചു. അറബ് ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളായ അബ്‌ദുള്‍ഫത്ത, ഈസ ഹമീദ്, ഖലീര്‍-അല്‍-വസീര്‍ എന്നിവര്‍ അറഫാത്തിന് ശക്തമായ പിന്തുണ നല്‍കി. അറബ് വംശീയത, അറബി ഭാഷ, അറബി സംസ്‌ക്കാരം, സോഷ്യലിസത്തോടുള്ള ആഭിമുഖ്യം, സാമ്രാജ്യത്വ-കോളനി വിരുദ്ധ മനോഭാവം എന്നിവയിലധിഷ്‌ഠിതമായ അറബ് ദേശീയ പ്രസ്ഥാനം മതേതരമായ ദേശീയ സ്വത്വമാണ് ഉയര്‍ത്തിപ്പിടിച്ചത്.

അറബ് ദേശീയതയുടെ മുഖ്യധാരയില്‍ നിന്നുയര്‍ന്നു വന്ന പാലസ്‌തീന്‍ ദേശീയത വിശുദ്ധഭൂമിയില്‍ ഒരു പലസ്‌തീന്‍ ദേശരാഷ്‌ട്രം സ്ഥാപിക്കാനാണ് പരിശ്രമിച്ചത്. ജൂത വംശീയ ദേശീയതയിലും ജൂതമത മൌലികവാദത്തിലും അധിഷ്ഠിതമായ സയണിസ്‌റ്റ് ഇസ്രയേലിനെതിരെ പോരാടി പുരോഗമന പാലസ്‌തീന്‍ ദേശരാഷ്‌ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യം നേടാന്‍ 1956ലെ സൂയസ് യുദ്ധത്തിനു ശേഷം യുവ വിപ്ളവകാരികളെ ചേര്‍ത്ത് അറഫാത്ത് അല്‍-ഫത്ത എന്ന വിപ്ളവ സംഘടനയ്‌ക്ക് രൂപം നല്‍കി.

അറബ് ക്രിസ്‌ത്യാനിയായ ജോ ഹബാഷ് എന്ന വിപ്ളവകാരിയാണ് 'സായുധ സമരത്തിലൂടെ പലസ്‌തീന്‍ വിമോചനം' എന്ന ആശയം മുന്നോട്ടുവച്ചത്. അറഫാത്ത്-ജോ ഹബാഷ് കൂട്ടുകെട്ട് അല്‍-ഫത്തയെ ലക്ഷണമൊത്ത മതേതര ദേശീയ വിപ്ളവ സംഘടനയായി വളര്‍ത്തിയെടുത്തു. ഇസ്രയേലിനെതിരെ സായുധ സമരം സഘടിപ്പിക്കുന്നതോടൊപ്പം പലസ്‌തീന്‍ ജനതയെ ആന്തരികമായി ഐക്യപ്പെടുത്താനുള്ള ആശയ പ്രചാരണവും ഫലപ്രദമായി നടത്താന്‍ അറഫാത്തിനും കൂട്ടുകാര്‍ക്കും കഴിഞ്ഞു.

പലസ്‌തീന്‍ ജനസംഖ്യയുടെ 90 ശതമാനത്തോളം അറബ് മുസ്ളിങ്ങള്‍, 8 ശതമാനത്തോളം അറബ് ക്രിസ്‌ത്യാനികള്‍, 2 ശതമാനത്തില്‍ താഴെ മാത്രം ഡ്രൂസുകള്‍, യൂറോപ്പില്‍നിന്നുള്ള ജൂതകുടിയേറ്റത്തിനു മുമ്പ് പലസ്‌തീനില്‍ സ്ഥിരതാമസമാക്കിയിരുന്ന സൂക്ഷ്‌മ ന്യൂനപക്ഷമായ തദ്ദേശീയ ജൂതന്മാര്‍ തുടങ്ങിയ വിവിധ ജനവിഭാഗങ്ങളില്‍നിന്നും ഏറെക്കുറെ സമ്പൂര്‍ണമായ പിന്തുണ നേടിയെടുക്കാന്‍ അറഫാത്തിന്റെ പിഎല്‍ഒയ്‌ക്ക് കഴിഞ്ഞു. മാത്രമല്ല, ഒരു മതേതര ദേശീയ പ്രസ്ഥാനമെന്ന നിലയില്‍ സോഷ്യലിസ്‌റ്റ് ബ്ളോക്കിന്റെയും ചേരിചേരാ പ്രസ്ഥാനത്തിന്റെയും ഉറച്ച പിന്തുണ പിഎല്‍ഒയ്‌ക്ക് ലഭിച്ചു. ഈ സാഹചര്യത്തിലാണ് സ്വതന്ത്ര ഭൂപ്രദേശമില്ലാതിരുന്നിട്ടും പലസ്‌തീന് ഐക്യരാഷ്‌ട്ര സഭയില്‍ അംഗത്വം ലഭിക്കുന്നത്. അന്താരാഷ്‌ട്ര സമൂഹം പാലസ്‌തീന് നല്‍കിയ 'രാഷ്‌ട്രപദവി' പാലസ്‌തീന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ശരിയും മാനവികവുമായ നയങ്ങള്‍ക്ക് ലഭിച്ച അംഗീകാരമായിരുന്നു.

ഇരുപതാംനൂറ്റാണ്ടിന്റെ പ്രഥമാര്‍ധത്തില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ മൌലാന മൌദൂദിയും ഈജിപ്‌തില്‍ ഹസനുല്‍ ബന്നയും സെയ്യിദ് ഖുതുബും എല്ലാ ആധുനിക രാഷ്‌ട്രീയ മൂല്യങ്ങളെയും രാഷ്‌ട്ര വ്യവസ്ഥകളെയും കടന്നാക്രമിച്ചുകൊണ്ട് ആക്രമണോത്സുകതയും പരമത വിദ്വേഷവും പ്രസരണം ചെയ്യുന്ന രാഷ്‌ട്രീയ ഇസ്ളാമുമായി രംഗത്തെത്തിയത്. 1970 കളുടെ അവസാനമായപ്പോഴേക്കും മൌദൂദി-ഖുതുബ് പ്രഭൃതികളുടെ പ്രത്യയ ശാസ്‌ത്ര പരിലാളനകളില്‍ വളര്‍ന്ന രാഷ്‌ട്രീയ ഇസ്ളാം മധ്യപൌരസ്‌ത്യ മേഖലയില്‍ ശക്തമായ സാന്നിധ്യമായി മാറി. കടുത്ത സാമ്രാജ്യത്വ വിരുദ്ധത പുലര്‍ത്തുന്ന അറബ് ദേശീയ പ്രസ്ഥാനങ്ങള്‍, അറബ് സോഷ്യലിസം, ഈജിപ്‌ഷ്യന്‍ പ്രസിഡന്റായിരുന്ന ഗമാല്‍ അബ്‌ദുള്‍ നാസറിന്റെ സോഷ്യലിസ്‌റ്റ് ആശയങ്ങള്‍ ('നാസറിസം') എന്നിവയുടെ സ്ഥാനത്ത് 'രാഷ്‌ട്രീയ ഇസ്ളാം' കടന്നു വന്നു.

മധ്യ പൌരസ്‌ത്യ മേഖലയില്‍ സോവിയറ്റ് യൂണിയന്റെ സ്വാധീനം ഇല്ലാതാക്കാനും സോഷ്യലിസ്‌റ്റ് ആഭിമുഖ്യം പുലര്‍ത്തുന്ന ഭരണകൂടങ്ങളെയും പ്രസ്ഥാനങ്ങളെയും തകര്‍ക്കാനുമുള്ള 'കോടാലിക്കൈ' ആയി രാഷ്‌ട്രീയ ഇസ്ളാമിനെ സാമ്രാജ്യത്വം ഉപയോഗിച്ചു. അറബ് ദേശീയത, മതേതരത്വം, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ രാഷ്‌ട്രീയമൂല്യങ്ങളെ 'യൂറോപ്യന്‍-ക്രിസ്‌ത്യന്‍' ആശയങ്ങളായി ചുരുക്കി വ്യാഖ്യാനിക്കുകയും അവയുടെ സ്ഥാനത്ത് 'ഇസ്ളാമിക വ്യവസ്ഥ' സ്ഥാപിക്കണമെന്ന് ശഠിക്കുകയും ചെയ്‌തു രാഷ്‌ട്രീയ ഇസ്ളാമിസ്‌റ്റുകള്‍.

ദേശരാഷ്‌ട്രത്തിന്റെ സ്ഥാനത്ത് 'പ്രവാചകന്റെ കാലത്തെ സാമൂഹ്യ-രാഷ്‌ട്രീയ വ്യവസ്ഥ' സ്ഥാപിക്കണമെന്ന മൌദൂദി (1903-79) യുടെ ആശയമാണ് രാഷ്‌ട്രീയ ഇസ്ളാമിന്റെ മുദ്രാവാക്യം. മൌദൂദിയുടെ ശിഷ്യനും സുന്നി മൌലികവാദ പ്രസ്ഥാനമായ മുസ്ളിം ബ്രദര്‍ഹുഡിന്റെ സൈദ്ധാന്തികനുമായ സയ്യിദ് ഖുതുബ് (1906-66) എഴുതിയ 'നാഴികക്കല്ലുകള്‍' എന്ന കൃതി വിവിധ ഇസ്ളാമിസ്‌റ്റ് ഗ്രൂപ്പുകളുടെ വേദഗ്രന്ഥമായി. 'ഇസ്ളാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് വിരുദ്ധമായ സകല ജനതകള്‍ക്കും ഭരണകൂടങ്ങള്‍ക്കുമെതിരെ വിശുദ്ധ യുദ്ധം നടത്തണമെന്ന ഖുതുബിന്റെ ആഹ്വാനം ലോകത്തെമ്പാടും നിരവധി ഇസ്ളാമിക തീവ്രവാദ സായുധ സംഘങ്ങള്‍ക്ക് ജന്മം നല്‍കി.

മൌദൂദി-ഖുതുബുമാര്‍ നട്ടുനനച്ചു വളര്‍ത്തിയ രാഷ്‌ട്രീയ ഇസ്ളാമിന്റെ വരവോടെ പലസ്‌തീന്‍ ദേശീയ പ്രസ്ഥാനം ഇസ്ളാമികവല്‍ക്കരണത്തിന് വിധേയമായി. മൌദൂദി-ഖുതുബ് അച്ചുതണ്ടില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മുസ്ളിം ബ്രദര്‍ഹുഡിന്റെ മാതൃകയില്‍ ഹമാസ് രൂപംകൊണ്ടു. ബ്രദര്‍ഹുഡിന്റെ സംഘടനാരീതിയും പ്രവര്‍ത്തനശൈലിയും 1980കളില്‍ ഹമാസ് അതേപടി പകര്‍ത്തി. പലസ്‌തീനില്‍ ഒരു സ്വതന്ത്ര മതനിരപേക്ഷ ദേശരാഷ്‌ട്രം സ്ഥാപിക്കുക എന്ന പിഎല്‍ഒയുടെ മുദ്രാവാക്യത്തിന്റെ സ്ഥാനത്ത് 'ഇസ്ളാമിക രാഷ്‌ട്രം' സ്ഥാപിക്കുക എന്ന ആഹ്വാനമാണ് ഹമാസ് മുന്നോട്ടുവച്ചത്. ജൂതരും മുസ്ളിങ്ങളും തമ്മിലുള്ള ഒരു മതസംഘര്‍ഷമെന്ന നിലയില്‍ പലസ്‌തീന്‍ പ്രശ്‌നത്തെ മാറ്റിത്തീര്‍ക്കാന്‍ ഇസ്ളാമിസ്‌റ്റുകള്‍ക്ക് കഴിഞ്ഞു.

ഇസ്ളാമികവല്‍ക്കരിക്കുക അല്ലെങ്കില്‍ നശിക്കുക എന്ന മുദ്യാവാക്യമാണ് ഹമാസിന്റെ ആചാര്യന്‍ മുഹമ്മദ് യാസിന്‍ മുന്നോട്ടുവച്ചത്. മൌദൂദിസത്തിന്റെയും അതിന്റെ പരിഛേദമായ ഖുതുബിസത്തിന്റെയും പതാകവാഹകരായ ഇസ്ളാമിസ്‌റ്റ് സംഘങ്ങള്‍ പലസ്‌തീന്‍ പ്രശ്‌നത്തെ പലസ്‌തീന്‍ ഒരു മതപ്രശ്‌നമായി ന്യൂനീകരിക്കുകയും ആ ദിശയില്‍ വ്യാപകമായ പ്രചാരണം നടത്തുകയുംചെയ്‌തു. സംഘടിതമായ ഇത്തരം പ്രചാരണങ്ങള്‍ 'ദേശീയ പാലസ്‌തീന്‍ സ്വത്വ'ത്തെ 'ഇസ്ളാമിക സ്വത്വ'മായി തിരിച്ചറിയപ്പെടുന്ന സാഹചര്യം സൃഷ്‌ടിച്ചു. തല്‍ഫലമായി 'അല്‍-ഫത്ത'യുടെ ജനസ്വാധീനം ക്രമാനുഗതമായി കുറഞ്ഞു വരുകയും 'ഹമാസ് ' ഉത്തരോത്തരം ജനപ്രിയമാവുകയും ചെയ്‌തു.

ഫത്ത പാര്‍ടിയും ഹമാസും രാഷ്‌ട്രീയമായും സൈനികമായും ഏറ്റുമുട്ടുന്ന അവസ്ഥയുണ്ടായി. സയണിസ്‌റ്റ് - സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം ആഭ്യന്തര സംഘര്‍ഷങ്ങളിലേക്ക് വളര്‍ന്നപ്പോള്‍ ജനകീയ ഐക്യം തകര്‍ന്നു. ക്രിസ്‌ത്യന്‍ അറബികള്‍, പലസ്‌തീന്‍ ജൂതര്‍, ഡ്രൂസുകള്‍ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളും അറബ് ദേശീയവാദികളും ഇസ്ളാമിസ്‌റ്റുകള്‍ മുന്നോട്ടുവച്ച ഇസ്ളാമിക രാഷ്‌ട്ര സങ്കല്‍പ്പത്തെ ഭീതിയോടെ കാണാന്‍ തുടങ്ങിയതോടെ നിരന്തര ആഭ്യന്തര സംഘര്‍ഷങ്ങളുടെ വിളനിലമായി പലസ്‌തീന്‍ മാറി. രാഷ്‌ട്രീയമായി ഐക്യപ്പെട്ട പലസ്‌തീന്‍ വീണ്ടും വിഭജിക്കപ്പെട്ടു. ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയും ഫത്ത നിയന്ത്രണത്തിലുള്ള വെസ്‌റ്റ് ബാങ്കും രൂപം കൊണ്ടത് ഒരു 'ദേശരാഷ്‌ട്രമായി മാറാനുള്ള യോഗ്യത പലസ്‌തീനിനില്ല' എന്ന സയണിസ്‌റ്റ് വാദമുഖത്തെ ഒരര്‍ഥത്തില്‍ സാധൂകരിക്കുകയാണുണ്ടായത്.

വ്യത്യസ്‌തമായ രാഷ്‌ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്ന പാര്‍ടികളുടെയും ഗ്രൂപ്പുകളുടെയും മുന്നണി സംഘടനയാണ് പിഎല്‍ഒ ഫത്ത പാര്‍ടി. പോപ്പുലര്‍ ഫ്രണ്ട്, പോപ്പുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ കമാന്‍ഡ്, അല്‍-സെയ്‌ക്ക, സിറിയന്‍ ബാത്ത് പാര്‍ടി, അറബ് ലിബറേഷന്‍ ആര്‍മി, അറബ് ലിബറേഷന്‍ ഫ്രണ്ട് എന്നിവയായിരുന്നു പിഎല്‍ഒയുടെ പ്രധാനപ്പെട്ട ഘടക സംഘടനകള്‍. ഇസ്ളാമിസ്‌റ്റുകളുടെ, പ്രത്യേകിച്ച് ഹമാസ്, അല്‍-ഖായ്‌ദ എന്നിവയുടെ വരവോടെ പിഎല്‍ഒയുടെ ഐക്യം തകര്‍ന്നു. വിവിധ പോരാട്ട സംഘങ്ങളെ യോജിപ്പിച്ച് പലസ്‌തീന്‍ ജനതയ്‌ക്കാകെ നേതൃത്വം നല്‍കിയിരുന്ന പിഎല്‍ഒയുടെ തളര്‍ച്ച ആഭ്യന്തര ഐക്യപ്പെടലിന്റെ സാധ്യതകളെ ദുര്‍ബലമാക്കി. മതസ്വത്വവാദം ജനകീയ ഐക്യത്തെ തകര്‍ത്തതിന്റെ നേര്‍ക്കാഴ്‌ചയാണ് വീണ്ടും വിഭജിക്കപ്പെട്ട പലസ്‌തീന്‍.

******

ഡോ. പി ജെ വിന്‍സന്റ്, കടപ്പാട് : ദേശാഭിമാനി

(ലേഖകന്‍ അറബ്-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ വികാസപരിണാമങ്ങള്‍ എന്ന വിഷയത്തിലാണ് ഗവേഷണ ബിരുദം നേടിയത്)

(എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം എന്ന ലേഖന പരമ്പരയിലെ നാലാമത്തെ ലേഖനം)

അധിക വായനയ്‌ക്ക്:

1. എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം
2. ജമാഅത്തെ ഇസ്ളാമിയും മുസ്ളിം ലീഗും
3. ജമാഅത്തെ ഇസ്ളാമിയുടെ രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രവും

ജമാഅത്തെ ഇസ്ളാമിയുടെ രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രവും

കമ്യൂണിസത്തിനും ദേശീയ വിമോചനപ്രസ്ഥാനങ്ങള്‍ക്കുമെതിരെ അമേരിക്കന്‍ പ്രസിഡന്റ് വുഡ്രോ വിത്സണ്‍ ആവിഷ്‌ക്കരിച്ചതും പ്രസിഡന്റ് ഹാരി ട്രൂമാന്‍ വിപുലപ്പെടുത്തിയതുമായ 'പ്രതിവിപ്ളവപദ്ധതി' (counter intelligence program) യുടെ സൃഷ്‌ടിയാണ് ഇന്ത്യയിലെ ആര്‍എസ്എസും ജമാഅത്തെ ഇസ്ളാമിയും. സോവിയറ്റ് യൂണിയനും ദേശീയ വിമോചനശക്തികളും ഉയര്‍ത്തിയ വെല്ലുവിളികളെ നേരിടാനുള്ള സാമ്രാജ്യത്വത്തിന്റെ കുത്സിത നീക്കങ്ങളിലാണ് സര്‍വവിധ മത, വംശീയ പ്രസ്ഥാനങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുന്നത്.

വിശ്വാസപരമായ ധാരണകളെ സാമ്രാജ്യത്വവിരുദ്ധ ദേശീയതയെയും സ്ഥിതിസമത്വാശയങ്ങളെയും എതിര്‍ക്കാനുള്ള സ്ഥാപനപരമായ പ്രത്യയശാസ്‌ത്രപദ്ധതിയായി വികസിപ്പിക്കാനാണ് അമേരിക്കന്‍ സ്‌റ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റും അതിന്റെ രഹസ്യാന്വേഷണവിഭാഗങ്ങളും കൌണ്ടര്‍ ഇന്റലിജന്‍സ് പ്രോഗ്രാമിലൂടെ യത്‌നിച്ചത്. ആധുനിക രാഷ്‌ട്രസങ്കല്‍പ്പങ്ങളെയും ജീവിതവീക്ഷണങ്ങളെയും നിരാകരിക്കുന്ന എല്ലാവിധ ചിന്താധാരകളെയും ഡോളര്‍ ഒഴുക്കി ഈ ഭൂമണ്ഡലമാകെ വളര്‍ത്തുകയായിരുന്നു അമേരിക്കയും മറ്റ് സാമ്രാജ്യത്വരാജ്യങ്ങളും. ആര്‍എസ്എസും ജമാഅത്തെ ഇസ്ളാമിയുമെല്ലാം ജന്മമെടുക്കുന്നത് ഈയൊരു ആഗോളപശ്‌ചാത്തലത്തിലാണ്.

ആധുനിക ജനാധിപത്യ മതേതര സങ്കല്‍പ്പങ്ങളെ ഗോള്‍വാള്‍ക്കറും മൌദൂദിയും സമീപിക്കുന്നത് പരമ പുച്‌ഛത്തോടെയാണ്. പാര്‍ലമെന്ററി ജനാധിപത്യത്തേക്കാള്‍ എന്തുകൊണ്ടും വിശിഷ്‌ടം രാജവാഴ്‌ചയാണെന്ന് സ്ഥാപിക്കുന്ന ഗോള്‍വാള്‍ക്കറിസത്തിന്റെ നിലപാടുകളെത്തന്നെയാണ് മറ്റൊരു രൂപത്തില്‍ മൌദൂദിസവും മുന്നോട്ടു വയ്ക്കുന്നത്.

ഗോള്‍വാള്‍ക്കറെപ്പോലെതന്നെ ആധുനിക ജനാധിപത്യ സങ്കല്‍പ്പങ്ങളെയും ജീവിതസാഹചര്യങ്ങളെയും ശരിയായി വിശകലനം ചെയ്യാന്‍ വിസമ്മതിക്കുന്ന മൌദൂദിയും ജനാധിപത്യ - മതേതര ആശയങ്ങളോട് തികഞ്ഞ ശത്രുതയാണ് പുലര്‍ത്തുന്നത്. സമുദ്രഗുപ്‌ത മൌര്യന്റെയും റാണാപ്രതാപന്റെയും ഛത്രപതി ശിവജിയുടെയും ഭരണകാലത്തെ സുവര്‍ണകാലമായി വിലയിരുത്തുന്ന ഗോള്‍വാള്‍ക്കര്‍ ആ ഒരു ഭൂതകാലത്തിന്റെ വീണ്ടെടുക്കുന്നതിലൂടെ വര്‍ത്തമാന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാക്കാമെന്ന മിഥ്യാധാരണയാണ് സൃഷ്‌ടിക്കുന്നത്. മൌദൂദിയും മധ്യകാലിക ജീവിതവീക്ഷണങ്ങളെ ആധുനിക പദപ്രയോഗങ്ങളില്‍ പുതപ്പിച്ചവതരിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. വര്‍ത്തമാന ജീവിതപ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം ഉണ്ടാക്കാന്‍ ദൈവിക ഭരണം (ഹുക്കുമത്തെ ഇസ്ളാമിയെന്നോ ഇഖാമത്തുദ്ദീന്‍ എന്നോ നാമകരണം ചെയ്യപ്പെട്ട) സ്ഥാപിക്കണമെന്നാണ് വിളിക്കുന്നത്.

ആര്‍എസ്എസിനെപ്പോലെതന്നെ തികഞ്ഞ മതരാഷ്‌ട്രവാദമാണ് ജമാഅത്തെ ഇസ്ളാമിയും മുന്നോട്ടുവയ്‌ക്കുന്നത്. ഇന്ത്യയെപ്പോലൊരു ബഹുമത സമൂഹത്തില്‍ ഹിന്ദുരാഷ്‌ട്രവാദംപോലെതന്നെ രാഷ്‌ട്രഘടനയെയും ദേശീയ പരമാധികാരത്തെയും അസ്ഥിരീകരിച്ച് ദുര്‍ബലപ്പെടുത്തുന്ന പ്രത്യയശാസ്‌ത്ര പദ്ധതിയെന്ന നിലയിലാണ് ഇസ്ളാമികരാഷ്‌ട്രവാദവും പ്രോത്സാഹിക്കപ്പെടുന്നത്. ഇതിനായി അമേരിക്കയും സൌദിഅറേബ്യയും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫൌണ്ടേഷനുകളും സംഘടനകളും പെട്രോ ഡോളര്‍ ഒഴുക്കുകയാണ്.

സിഐഎയുടെ കാര്‍മികത്വത്തില്‍ ഫോര്‍ഡ് ഫൌണ്ടേഷനും കാര്‍ണഗി എന്‍ഡോവ്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് തുടങ്ങിയ അമേരിക്കന്‍ സ്ഥാപനങ്ങളും മുന്‍കൈ എടുത്താണല്ലോ ലോകമുസ്ളിംലീഗ് (WORLD MUSLIM CONGRESS) രൂപീകരിക്കുന്നത്. അറബ് ലോകത്തെ അമേരിക്കയുടെ വിശ്വസ്‌ത താവളമായ സൌദിഅറേബ്യയിലെ ഫൈസല്‍ രാജകുമാരനെ മുന്‍നിര്‍ത്തിക്കൊണ്ടാണല്ലോ അമേരിക്ക അറബ് ദേശീയ ഉണര്‍വുകളെ തകര്‍ക്കാനും ലോകമെമ്പാടുമുള്ള കമ്യൂണിസ്‌റ്റ് ഭീഷണിയെ നേരിടാനുമായി ലോകമുസ്ളിംലീഗിന് (റാബിത്താത്ത് അല്‍-അലം-അല്‍ഇസ്ളാമി) രൂപം കൊടുത്തത്. അമേരിക്കയുടെയും ബ്രിട്ടന്റെയും എണ്ണ താല്‍പ്പര്യങ്ങള്‍ക്കെതിരെ അറബ് സമൂഹത്തിലാകെ പടര്‍ന്നുപിടിച്ച ദേശാഭിമാനപരമായ മുന്നേറ്റങ്ങളെയും അതിന് നേതൃത്വം കൊടുത്ത ഈജിപ്‌തിലെ നാസറെയും അദ്ദേഹത്തെ സഹായിക്കുന്ന ചേരിചേരാ രാഷ്‌ട്രങ്ങളെയും സോവിയറ്റ് യൂണിയനെയും ഇസ്ളാമിക പ്രത്യയശാസ്‌ത്രം ഉപയോഗിച്ച് നേരിടുക എന്നതായിരുന്നു റാബിത്തായുടെ പ്രഖ്യാപിതലക്ഷ്യം തന്നെ. 1962-ലെ മെയ് മാസത്തില്‍ മെക്കയില്‍ ചേര്‍ന്ന റാബിത്തയുടെ രൂപീകരണസമ്മേളനത്തില്‍ ജമാഅത്തെ ഇസ്ളാമിയുടെ സ്ഥാപകനായ മൌദൂദിയും പങ്കെടുത്തിരുന്നു. ലോകമെമ്പാടും ഇസ്ളാമികവ്യവസ്ഥ സ്ഥാപിക്കുക എന്ന ദൌത്യവുമായി അമേരിക്കന്‍ ആശീര്‍വാദത്തോടെ ജന്മമെടുത്ത റാബിത്തയുടെ ഫൌണ്ടര്‍ മെമ്പര്‍ കൂടിയാണ് മൌദൂദി.

റാബിത്തായുടെ രൂപീകരണ സമ്മേളന പ്രഖ്യാപനം കടുത്ത ഭാഷയില്‍തന്നെ പറയുന്നത്: "ഇസ്ളാമിനെ തള്ളിപ്പറയുകയും ദേശീയതയുടെ കടുംപിടിത്തത്തിനു കീഴില്‍ അതിനെ വികൃതപ്പെടുത്തുകയും ചെയ്യുന്നവര്‍ ഇസ്ളാമിന്റെയും അറബികളുടെയും കടുത്ത ശത്രുക്കളാണ് '' എന്നാണ്. ദേശീയതയെയും സമുദായത്തെയും സംബന്ധിച്ച മതേതര അവബോധത്തെ എതിര്‍ക്കുകയും തടയുകയും ചെയ്യുന്ന, സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങളിലും കമ്യൂണിസ്‌റ്റ് പ്രസ്ഥാനങ്ങളിലും വിള്ളലുകള്‍ സൃഷ്‌ടിക്കുന്ന നാനാവിധമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് റാബിത്തായെയും അതിന്റെ ബഹുമുഖമായ സംഘടനാശൃംഖലകളെയും ഉപയോഗിച്ച് സിഐഎ ആസൂത്രണം നടത്തിയത്.

സമൃദ്ധമായ ധനസഹായം നല്‍കി റാബിത്ത മുസ്ളിം ഭൂരിപക്ഷരാജ്യങ്ങളിലും ഇന്ത്യയെപ്പോലുള്ള ഏഷ്യയിലെ തന്ത്രപ്രധാന മേഖലകളിലും ഓഫീസുകളും കള്‍ച്ചറല്‍ സെന്ററുകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പലിശരഹിത ബാങ്കുകളും ആരംഭിച്ചു. തങ്ങളുടെ മതരാഷ്‌ട്ര പ്രവര്‍ത്തനങ്ങളുടെ വിദ്വേഷജ്വാലകളെ വിശ്വാസികള്‍ക്കിടയില്‍ പടര്‍ത്താനും സ്വസമുദായത്തില്‍ മറ്റിതര വിഭാഗങ്ങളില്‍നിന്ന് ആളെ ചേര്‍ക്കാനും സമര്‍ഥമായ പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്‌ക്കരിച്ചുകൊണ്ടാണ് റാബിത്തയില്‍നിന്ന് പണം പറ്റി പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയ ഇസ്ളാമിസ്‌റ്റുകള്‍ സജീവമായിരിക്കുന്നത്. ജമാഅത്തെ ഇസ്ളാമിയുടെ ഇന്ത്യയിലെയും കേരളത്തിലെയും പ്രവര്‍ത്തനങ്ങള്‍ റാബിത്തായുടെയും നിരവധി ഫണ്ടിങ് ഏജന്‍സികളുടെയും ഏകോപനത്തിലും മുന്‍കൈയിലും ആവിഷ്‌ക്കരിക്കപ്പെടുന്നതാണ്.

പ്രശസ്‌ത പോളിഷ് ബുദ്ധിജീവി പ്രൊഫ. എച്ച് സിൿമോവ്സ്‌കി കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്‌റ്റ് ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ സിഐഎ എങ്ങനെയാണ് ക്രൈസ്‌തവ മതദര്‍ശനങ്ങളെ ഉപയോഗപ്പെടുത്തിയതെന്ന് നിരീക്ഷിക്കുന്നുണ്ട്. കുരിശിനെയും ക്രൈസ്‌തവ ചിഹ്നങ്ങളെയും പുനരുജ്ജീവിപ്പിച്ചുകൊണ്ടാണ് പോളണ്ടിലെ ജാറുല്‍സ്‌കി സര്‍ക്കാരിനെതിരെ മതവിശ്വാസികളെ തിരിച്ചുവിട്ടത്. കമ്യൂണിസ്‌റ്റുകാരുടെ 'ജനാധിപത്യമില്ലായ്‌മ'യെയും 'ദൈവനിഷേധ'ത്തെയും എതിര്‍ക്കാന്‍ എത്രയോ ലിബറല്‍ ബുദ്ധിജീവികളും മുന്‍കാല കമ്യൂണിസ്‌റ്റുകാരും ക്രൈസ്‌തവ മതമൌലികവാദികളോടൊപ്പം ചേര്‍ന്നതിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് അവര്‍ സിഐഎയുടെ പേ റോളില്‍ പ്രവര്‍ത്തിച്ചവരായിരുന്നുവെന്ന് പിന്നീട് മറെക്ക് ഗ്ളാസ്‌കോവ്സ്‌കി അദ്ദേഹത്തിന്റെ യൂറോപ്യന്‍ ഫ്യൂച്ചര്‍ കോണ്‍ഗ്രസിലെ പ്രസംഗത്തില്‍ പറയുകയുണ്ടായി.

വ്യവസ്ഥ ആവശ്യപ്പെടുന്ന എന്തും സമ്മതിച്ചുകൊടുക്കുന്ന വേശ്യകളെന്ന് സിൿമോവിസ്‌കി വിശേഷിപ്പിക്കുന്ന പരിസ്ഥിതി-ദളിത്-മാവോയിസ്‌റ്റ് ബുദ്ധിജീവികളെ പരിരംഭണം ചെയ്‌തുകൊണ്ടാണ് ജമാഅത്തെ ഇസ്ളാമി അവരുടെ കമ്യൂണിസ്‌റ്റ് വിരുദ്ധ അജന്‍ഡ പ്രയോഗിക്കാന്‍ ശ്രമിക്കുന്നത്. തങ്ങളുടെ മതരാഷ്‌ട്രവാദ- തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വീകാര്യത നേടിയെടുക്കാനുള്ള രാഷ്‌ട്രീയ ഇസ്ളാമിസ്‌റ്റുകളുടെ കൌശലപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തിക്കൊണ്ടേ മതേതര ജനാധിപത്യപ്രസ്ഥാനങ്ങള്‍ക്ക് മുന്നോട്ടു പോകാനാവൂ.

*****

കെ ടി കുഞ്ഞിക്കണ്ണന്‍, കടപ്പാട് : ദേശാഭിമാനി

(എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം എന്ന ലേഖന പരമ്പരയിലെ മൂന്നാമത്തെ ലേഖനം)

അധിക വായനയ്‌ക്ക്:

1. എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം
2. ജമാഅത്തെ ഇസ്ളാമിയും മുസ്ളിം ലീഗും

ജമാഅത്തെ ഇസ്ളാമിയും മുസ്ളിം ലീഗും

മതേതരത്വമാണ് തങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നത് എന്ന് മുസ്ളിം ലീഗ് പറയാറുണ്ട്. മുസ്ളിം ന്യൂനപക്ഷത്തിന്റെ ഭൌതിക ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടിയാണ് ലീഗ് നിലകൊള്ളുന്നത് എന്നതാണ് അവരുടെ അവകാശവാദം. മുസ്ളിം സമുദായത്തെ വോട്ടുബാങ്കാക്കി ഉപയോഗപ്പെടുത്തി അധികാരം നേടുക എന്നതാണ് ലീഗിന്റെ പരിപാടി. അധികാരത്തിലെത്താനും അത് നിലനിര്‍ത്താനും വേണ്ടി പലഘട്ടത്തിലും മുസ്ളിം മതവികാരം ഇളക്കിവിട്ടുള്ള ഹീനതന്ത്രങ്ങള്‍ അവര്‍ പ്രയോഗിക്കാറുണ്ട്.

ലീഗിന്റെ കാലിനടിയില്‍നിന്ന് മണ്ണ് ചോര്‍ന്നുപോയിരിക്കുന്നു. വര്‍ഗീയതയിലും, തീവ്രവാദ പ്രവര്‍ത്തനങ്ങളിലും കണ്ണുവച്ച് പുതിയ ചില സംഘടനകള്‍ രംഗത്ത് വരുന്നതും ലീഗിനെ ക്ഷീണിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് മുസ്ളിംലീഗ് പുതിയ ബന്ധങ്ങളെപ്പറ്റി ചിന്തിക്കാന്‍ ഇടവന്നത്. ഐഎന്‍എല്ലിനെ ഇടതുപക്ഷബന്ധത്തില്‍നിന്ന് അടര്‍ത്തിയെടുക്കാനും, ലീഗിനോട് ധിക്കാരം കാണിച്ച് പണ്ട് വിട്ടുപോയതിന് 'ക്ഷ' പറയിപ്പിക്കാനും ഒരു കൊല്ലമായി ശ്രമം നടത്തിവരികയായിരുന്നു. എന്നാല്‍, പോയവര്‍ മുഴുവന്‍ തിരിച്ചുവരില്ലെന്നും, ഐഎന്‍എല്‍ ഇടതുപക്ഷത്തോടു കാണിച്ച വഞ്ചനയില്‍ അതിലെ ഭൂരിപക്ഷം പ്രവര്‍ത്തകര്‍ക്കും അമര്‍ഷമുണ്ടെന്നും ലീഗ് മനസിലാക്കുന്നു. ഈ കാരണങ്ങളാലാണ് പുതിയ മാര്‍ഗങ്ങള്‍ മുസ്ളിം ലീഗ് അന്വേഷിക്കാന്‍ നിര്‍ബദ്ധരാകുന്നത്. എന്‍ഡിഎഫുമായുള്ള അടുപ്പം വേണ്ടത്ര പ്രയോജനമുണ്ടാക്കുന്നില്ല എന്നവര്‍ മനസിലാക്കി. അങ്ങനെയാണ് ജമാഅത്തെ ഇസ്ളാമിയുമായി ബന്ധമുണ്ടാക്കാനുള്ള രഹസ്യ അജന്‍ഡ രൂപപ്പെട്ടത്. കഴിഞ്ഞ ഒരുകൊല്ലത്തിനിടയില്‍ പതിനൊന്നു പ്രാവശ്യം ലീഗുമായി ചര്‍ച്ച നടത്തി എന്നാണ് അമീര്‍ ആരിഫലി പറഞ്ഞത്. അത് നിഷേധിച്ച്, ഒരു പ്രാവശ്യമേ ചര്‍ച്ച നടത്തിയിട്ടുള്ളു എന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്.

മുസ്ളിം സമുദായത്തിനകത്ത് വര്‍ഗീയവികാരം നിലനിര്‍ത്തി അധികാരം പിടിക്കാനും അതുവഴി നേട്ടങ്ങളുണ്ടാക്കാനും ശ്രമിക്കുന്ന ഒരു സാമുദായിക രാഷ്‌ട്രീയ പാര്‍ടിയാണ് ലീഗ്. മതാധിഷ്ഠിത ദൈവിക ഭരണം സ്ഥാപിക്കുക എന്നതോ, ഇസ്ളാമിക നിയമങ്ങള്‍ മാത്രം പുലര്‍ത്തുന്ന ഇസ്ളാമികരാഷ്‌ട്രം സൃഷ്‌ടിക്കുക എന്നതോ ലീഗിന്റെ പരിപാടിയല്ല. എന്നാല്‍, ജമാഅത്തെ ഇസ്ളാമി അതല്ല. അതൊരു മതമൌലികവാദ സംഘടനയാണ്. മുമ്പ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ലെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ രാഷ്‌ട്രീയപാര്‍ടി രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ സജീവമായി പങ്കെടുക്കാന്‍ ശ്രമിക്കുകയാണ്. സ്വന്തമായി ജയിക്കാനുള്ള ജനപിന്തുണയില്ലാത്തതിനാല്‍ കൂട്ടാളികളെ അന്വേഷിക്കുകയാണ്.

1941ലാണ് ലാഹോറില്‍ ആ സംഘടന രൂപംകൊള്ളുന്നത്. 'ജമാഅത്തെ ഇസ്ളാമി ഹിന്ദ് ' എന്നാണ് അതിന്റെ സ്ഥാപകനായ അബുല്‍ അഅ്ലാ മൌദൂദി അതിനെ നാമകരണംചെയ്തത്. ഇന്ത്യയില്‍ 'ഹുകൂമഞ്ഞെ ഇലാഹി'(ദൈവിക ഭരണം) സ്ഥാപിക്കലായിരുന്നു അതിന്റെ ലക്ഷ്യം. 1947ല്‍ വിഭജനത്തിനുശേഷം പാകിസ്ഥാന്‍ ജമാഅത്തെ ഇസ്ളാമി വേറിട്ടുപോയി. അബുല്‍ അഅ്ലാ മൌദൂദിയും പാകിസ്ഥാനിലേക്കു പോയി. ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി മൌലാനാ അബുല്‍ലൈസിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യയെപ്പോലെ, ഭരണഘടനയില്‍ത്തന്നെ മതേതരത്വം അംഗീകരിച്ച ഒരു ബഹുമത സമൂഹത്തില്‍ അള്ളാഹുവിന്റെ ഭരണം (ഹുകൂമഞ്ഞെ ഇലാഹി) സ്ഥാപിക്കാന്‍ ഒരു മുസ്ളിം സംഘടന നിലകൊള്ളുന്നതിലെ അപകടവും വിവേകശൂന്യതയും ഊഹിക്കാവുന്നതേയുള്ളു. അതുകൊണ്ട് അവര്‍ ഒരു കപടമുഖം പുറത്ത് കാണിക്കാന്‍ ശ്രമിച്ചുനോക്കി. 'ഹുകൂമഞ്ഞെ ഇലാഹി' എന്നതിനു പകരം തങ്ങളുടെ ലക്ഷ്യം 'ഇഖാമത്തുദീന്‍' ആണെന്ന് ലേഖനമെഴുതി.

എന്നാല്‍,ദീന്‍ എന്നതിന് സ്ഥാപകനായ മൌദൂദി നല്‍കിയ അര്‍ഥം വ്യവസ്ഥിതി, രാഷ്‌ട്രം, ഭരണം എന്നൊക്കെയാണ്. അപ്പോള്‍ ഇഖാമത്തുദീന്‍ എന്നാല്‍ ഇസ്ളാമിക വ്യവസ്ഥിതിയുടെ (ഭരണത്തിന്റെ) സ്ഥാപനം എന്നുവരുന്നു. രണ്ടും ഒന്നുതന്നെ. വാക്ക് ഏത് പ്രയോഗിച്ചാലും ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി നിലകൊള്ളുന്നത് ഇന്ത്യയെ ഇസ്ളാമീകരിച്ച് ഇവിടെ ഒരു ഇസ്ളാമികരാഷ്‌ട്രം സ്ഥാപിക്കാന്‍തന്നെ എന്നു കാണാവുന്നതാണ്.

മതം രാഷ്‌ട്രീയാധികാരം കൈക്കലാക്കാനുള്ള ഉപകരണമാക്കുന്നതാണ് വര്‍ഗീയത. രാഷ്‌ട്രീയലക്ഷ്യംവച്ച് മതത്തെ ദുരുപയോഗപ്പെടുത്തിയിട്ടുള്ള കുറെ സംഘടനകളെ ചരിത്രത്തില്‍ കാണാന്‍ കഴിയും. പുരാതനകാലത്ത് അതിന് തുടക്കം കുറിച്ച സംഘടനയായിരുന്നു 'ഖാമാരിജ' കക്ഷി. തുടര്‍ന്ന് പല സംഘടനകളും ആ വഴി തെരഞ്ഞെടുത്തതായി കാണാം. ആധുനിക കാലഘട്ടത്തിലെ അത്തരത്തിലുള്ള ഒരു കക്ഷിയാണ് ഈജിപ്‌തിലെ മുസ്ളിം ബ്രദര്‍ഹുഡ്(ഇഖമാനുല്‍ മുഅ്മുസ്ളിമീന്‍). ഇവരെല്ലാവരും ഉയര്‍ത്തിയ മുദ്രാവാക്യം ഒന്നുതന്നെയായിരുന്നു. ഇസ്ളാം അപകടത്തില്‍, അള്ളാഹുവിന്റെ ഭൂമിയില്‍ അള്ളാഹുവിന്റെ ഭരണം. വിധിക്കാനുള്ള അധികാരം (ഹുകൂമത്ത്) അള്ളാഹുവിനു മാത്രം. ചുരുക്കത്തില്‍, 'ഹുകൂമഞ്ഞെ ഇലാഹി'(അള്ളാഹുവിന്റെ ഭരണം) സ്ഥാപിക്കുക എന്നതാണ് പൊരുള്‍. അള്ളാഹുവിന്റെ ഭരണം എന്നാല്‍ അള്ളാഹുവിന്റെ ഭരണം സ്ഥാപിക്കുന്നവരുടെ ഭരണം. സ്ഥാപിക്കുന്നത് ജമാഅത്തെ ഇസ്ളാമി, അപ്പോള്‍ അവരുടെ ഭരണംതന്നെ.

മേല്‍പ്പറഞ്ഞ മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുകൊണ്ടായിരുന്നു ഇസ്ളാമിക ചരിത്രത്തിലെ ആദ്യത്തെ തീവ്രവാദികള്‍ പ്രവാചകന്റെ ജാമാതാക്കള്‍ മൂന്നും, നാലും ഖലീഫമാരായ ഉസ്‌മാനെയും അലിയെയും കൊലപ്പെടുത്തിയത്. ഇതേ മുദ്രാവാക്യങ്ങള്‍ ആര്‍ത്തുവിളിച്ചുകൊണ്ടുതന്നെയാണ് മുസ്ളിം ബ്രദര്‍ ഹുഡുകാര്‍ ഈജിപ്‌തിന്റെ പ്രധാനമന്ത്രി നിക്രാഷിപാഷയെയും പിന്നീട് അവിടത്തെ പ്രസിഡന്റ് അന്‍വര്‍ സാദത്തിനെയും വെടിവച്ചുകൊന്നത്. ഇതേ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിത്തന്നെയാണ് ജമാഅത്തെ ഇസ്ളാമിക്കാരനായ സെയ്‌ദ് അൿബര്‍ മുസ്ളിം ലീഗ് നേതാവും പാകിസ്ഥാന്‍ പ്രധാനമന്ത്രിയുമായിരുന്ന ലിയാഖത്ത് അലി ഖാന്റെ വിരിമാറിലേക്ക് നിറയൊഴിച്ചത്. ഈ മുദ്രാവാക്യങ്ങള്‍ക്കു വേണ്ടിയായിരുന്നു ജമാഅത്തിന്റെ സ്ഥാപക നേതാവായ അബുള്‍ അഅ്ല മൌദൂദി ലാഹോറിന്റെ തെരുവുകളില്‍ കെട്ടിക്കിടക്കുന്ന അഹമ്മദികളുടെ രക്തപ്പുഴയിലൂടെ കുതിരസവാരി നടത്തിയത്.

ഇന്ത്യയിലും മേല്‍ മുദ്രാവാക്യങ്ങള്‍തന്നെയാണ് ജമാ അത്തെ ഇസ്ളാമിക്കുള്ളത്. പക്ഷേ, മുസ്ളിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നടപ്പാക്കിയ ഭീകരപരിപാടികളൊന്നും അവര്‍ ഇവിടെ പുറത്തെടുക്കുന്നില്ലെന്നുമാത്രം. എന്നാല്‍, അടിസ്ഥാനപരമായി ലോകത്തുള്ള ഭീകരസംഘടനകളുടെ എല്ലാം ആശയസ്രോതസ്സും വികാരാവേശവും ഹസനുല്‍ ബന്ന, സെയ്യിദ് ഖുതുബ്, അബുല്‍ അഅ്ലാമൌദൂദി എന്നിവരും അവരുടെ പ്രസ്ഥാനങ്ങള്‍ ബ്രദര്‍ഹുഡും (ഇഖാനുല്‍ മുസ്ളിമിനീന്‍) ജമാഅത്തെ ഇസ്ളാമിയുമാണെന്ന് ചരിത്രം വ്യക്തമാക്കുന്നു. 1949ല്‍ ഹുസനുല്‍ ബന്ന വെടിയേറ്റ് മരിച്ചശേഷം ഈജിപ്‌തില്‍ തീവ്രവാദത്തിന് നേതൃത്വം കൊടുത്തത് സെയ്യിദ് ഖുത്തുബ് ആയിരുന്നു. ഖുത്തുബിന്റെ ഏറ്റവും ആധികാരിക ഗ്രന്ഥമാണ് 'മൈല്‍ സ്‌റ്റോൺസ് '. ഈ ഗ്രന്ഥം ജമാഅത്തെ ഇസ്ളാമിയുടെ അസിസ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്നാണ് 'വഴിയടയാളങ്ങള്‍' എന്ന പേരില്‍ പരിഭാഷപ്പെടുത്തി ജമാഅത്തിന്റെ ഐപിഎച്ചില്‍ പ്രസിദ്ധീകരിച്ചതും വില്‍ക്കുന്നതും.

ഇതുകാണിക്കുന്നത് ഖുത്തുബും ജമാഅത്തും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ്. 'മൈല്‍ സ്‌റ്റോൺസി'ന്റെ പരിഭാഷ 'വഴിയടയാളങ്ങളില്‍' നിന്നു താഴെ പറയുന്ന ഭാഗം നോക്കുക: 'ഇസ്ളാമിന്റെ ജന്മത്തോടെതന്നെ സംഘട്ടനവും അനിവാര്യമായിത്തീരുന്നു. ഇഷ്‌ടാനുസാരം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യംകൂടി ഇല്ലാത്തവിധം യുദ്ധം നിര്‍ബന്ധമായിത്തീരുന്നു. കാരണം ഇസ്ളാമിനും അല്ലാത്തവര്‍ക്കുംകൂടി ഒന്നിച്ചു വളരെക്കാലം നില്‍ക്കുക സാധ്യമല്ല. അതിനാല്‍ ഇസ്ളാമിന് ഇത്തരം പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടേണ്ടിവരുന്നു'. (പേജ്- 107).

ഇനി മറ്റൊരിടത്ത് പറയുന്നതു കാണുക: 'ഇസ്ളാമിലെ ജിഹാദ് വെറും നാവുകൊണ്ടും പേനകൊണ്ടും മാത്രമല്ല നടത്തേണ്ടത്. വാളും കുന്തവും അതിന്റെ ഘടകങ്ങളാണ്.... താന്തോന്നിത്തരത്തിന്റെ അധികാരവാഴ്‌ച അവസാനിപ്പിച്ച്, അള്ളാഹുവിന്റെ നിയമവ്യവസ്ഥ നടപ്പാക്കലാണ്, അതിനുള്ള മാര്‍ഗമാണ് ജിഹാദ്'. (പേജ്-86)

ഇങ്ങനെ മുസ്ളിം മനസ്സുകളില്‍ തീ കോരിയിടാന്‍ കഴിയുന്ന പ്രകോപനപരമായ വാക്കുകള്‍ ധാരാളമുണ്ട്. ചിലത് മാത്രമേ ഉദ്ധരിച്ചിട്ടുള്ളു. ഖുത്തുബിന്റെയും മൌദൂദിയുടെയും ആശയങ്ങള്‍ ഒന്നുതന്നെയാണ്. ബ്രദര്‍ഹുഡും ജമാഅത്തും ഇരട്ടക്കുട്ടികളാണ്. അതുകൊണ്ടാണല്ലോ ഖുത്തുബിന്റെ ഗ്രന്ഥം ജമാഅത്തെ ഇസ്ളാമിയുടെ അസിസ്‌റ്റന്റ് അമീര്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച് പ്രചരിപ്പിച്ചിരിക്കുന്നത്.

ഈ ആശയങ്ങള്‍ വച്ചുപുലര്‍ത്തിക്കൊണ്ടുതന്നെയാണ് ഇന്ത്യയിലും കശ്‌മീരിലും ജമാഅത്തെ ഇസ്ളാമികള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് ജമാഅത്ത് ഇസ്ളാമികളും സംയുക്തമായാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമിയുടെ കേരളത്തിലെ മുഖപത്രമായ പ്രബോധനം വാരികയുടെ 50-ാം വാര്‍ഷിക പതിപ്പില്‍ ഇത് സംബന്ധിച്ചുവന്ന പരാമര്‍ശം കാണുക:
"താഴ്വരയില്‍ തീവ്രവാദ പ്രവര്‍ത്തനം ശക്തിപ്പെട്ടതോടെ ജമാഅത്തെ ഇസ്ളാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുണ്ട്. ഹിസ്‌ബുള്‍, ജമാഅത്തെ അനുകൂല ഗ്രൂപ്പാണ്. അള്ളാ ടൈഗേഴ്‌സ് എന്ന ഗ്രൂപ്പിനും രൂപം കൊടുത്തിട്ടുണ്ട്. രാഷ്‌ട്രീയ മേഖലയില്‍ 13 സംഘടനകള്‍ ചേര്‍ന്ന തഹ്രീക്കെ ഹുര്‍റിയത്തെ കാശ്‌മീര്‍ (കാശ്‌മീര്‍ സ്വതന്ത്ര പ്രസ്ഥാനം) എന്ന മുന്നണിക്ക് രൂപംകൊടുത്ത വിവിധ തീവ്രവാദികളെ ഏകോപിപ്പിക്കുന്നതിലും ജമാഅത്തിന്റെ പങ്ക് പ്രധാനമാണ് ''.

ഇതില്‍ രണ്ടുകാര്യം വ്യക്തമാണ്. ഒന്ന് ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം ജമാഅത്തെ ഇസ്ളാമിയാണ്. രണ്ട്: ജമാഅത്തെ ഇസ്ളാമി ഇന്ത്യയിലും കശ്‌മീരിലും രണ്ടാണ്. കാരണം കശ്‌മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നു അവര്‍ കരുതുന്നില്ല. വിവിധ ഭീകരഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതും ഇവര്‍തന്നെയാണ്.

മേല്‍വിവരിച്ച ഇസ്ളാമും, രാഷ്‌ട്രീയവും കൂട്ടുപിടിച്ച് ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ പ്രത്യേകിച്ചു കേരളത്തില്‍ രാഷ്‌ട്രീയ സ്വാധീനം വളര്‍ത്താനുള്ള ആഗ്രഹം മുസ്ളിംലീഗില്‍ ഉണ്ടായതാണ് അത്ഭുതം. കഴിഞ്ഞ ഒരുകൊല്ലത്തിനിടയില്‍ പതിനൊന്നുവട്ടം ചര്‍ച്ചചെയ്‌തു എന്നു പറയുന്നത് യാദൃച്‌ഛികമല്ല. സോളിഡാരിറ്റി എന്ന ജമാഅത്തെ ഇസ്ളാമിയുടെ യുവജന സംഘടന എല്ലാ വികസനപ്രവര്‍ത്തനങ്ങളെയും എതിര്‍ത്തു പരാജയപ്പെടുത്താന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. ഇടതുപക്ഷ തീവ്രവാദി സംഘടനകളുമായി കൈകോര്‍ക്കുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരാണെന്ന ഭാവത്തില്‍ മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിക്കുന്നു. കിനാലൂരില്‍ പൊലീസിനുനേരെ ചാണകം കലക്കിയ വെള്ളം പ്രയോഗിച്ചതും കല്ലെറിഞ്ഞു പൊലീസുദ്യോഗസ്ഥരുടെ തലകീറിയതും തങ്ങളാണെന്ന് അവകാശപ്പെടുന്നു. മനുഷ്യാവകാശം തങ്ങള്‍ക്കിഷ്‌ടമുള്ളവര്‍ക്കു മാത്രമാണെന്നാണ് ഇവരുടെ ഭാവം. കടുത്ത സമീപനം സ്വീകരിക്കാന്‍തന്നെയാണ് അവരുടെ ദുരുദ്ദേശ്യമെന്നു ബോധ്യമാകും. തല്‍ക്കാലം ഉപേക്ഷിച്ചെന്നു പറയുന്നുണ്ടെങ്കിലും രഹസ്യ അജന്‍ഡയ്‌ക്ക് പഴക്കമുള്ളതിനാല്‍ ഏത് ഘട്ടത്തിലും തലപൊക്കാം; കരുതിയിരിക്കുക.

****

ടി കെ ഹംസ, കടപ്പാട് : ദേശാഭിമാനി

(എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം എന്ന ലേഖന പരമ്പരയിലെ രണ്ടാമത്തെ ലേഖനം)

അധിക വായനയ്‌ക്ക്:
1. എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം

എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം

മൌലാനാ മൌദൂദിയുടെ സാരഥ്യത്തില്‍ 1941ല്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിലവില്‍വന്ന മതരാഷ്‌ട്രീയസംഘടനയാണ് ജമാഅത്തെ ഇസ്ളാമി. ഇസ്ളാമിനെ ഒരു രണോത്സുകരാഷ്‌ട്രീയ പ്രത്യയശാസ്‌ത്രമായി വികലമായി അവതരിപ്പിച്ച മൌദൂദിയുടെയും സയ്യിദ് ഖുതുബിന്റെയും കൃതികളാണ് ഇന്ത്യക്ക് പുറത്തും അകത്തും വിഹരിക്കുന്ന തീവ്രവാദികള്‍ക്ക് പ്രചോദനവും താന്താങ്ങളുടെ വിധ്വംസകകൃത്യങ്ങള്‍ക്ക് സാധൂകരണവും നല്‍കുന്നത്. ഒരു മുസ്ളിമിന്റെ കടമ, മതം അനുശാസിക്കുന്നതരത്തില്‍ ജീവിതം ചിട്ടപ്പെടുത്തുകയാണെന്നും മതവിശ്വാസ സ്വാതന്ത്ര്യമുള്ള ഭൂമുഖത്തെ ഏതുകോണിലും മുസ്ളിമായി ജീവിക്കാന്‍ കഴിയുമെന്നും മറ്റ് മുസ്ളിം മതസംഘടനകള്‍ കരുതുമ്പോള്‍ ജമാഅത്തെ ഇസ്ളാമി യുക്തിസഹവും സഹിഷ്‌ണുതാപരവുമായ ഈ വാദമുഖത്തെ അഗണ്യകോടിയില്‍ തള്ളുന്നു. ജമാഅത്തിനെ സംബന്ധിച്ചിടത്തോളം മുസ്ളിമിന്റെ പ്രഥമവും പരമപ്രധാനവുമായ കടമ ഇസ്ളാമിക രാഷ്‌ട്രം സ്ഥാപിക്കുക എന്നതത്രേ. അതിനെ അവര്‍ തരാതരംപോലെ 'ഹുകൂമഞ്ഞെ ഇലാഹി' (അള്ളാഹുവിന്റെ ഭരണം) എന്നും 'ഇഖാമത്തുദ്ദീന്‍' (മതസ്ഥാപനം) എന്നും വിളിച്ചുപോരുന്നു. രണ്ടും ഒന്നുതന്നെ.

ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ളാദേശിലും ശ്രീലങ്കയിലും പ്രവര്‍ത്തിച്ചുവരുന്ന ജമാഅത്തെ ഇസ്ളാമി കക്ഷത്തിലേറ്റി നടക്കുന്ന രാഷ്‌ട്രീയഇസ്ളാം എന്ന ഇസ്ളാമിസത്തെ വിമര്‍ശകര്‍ തൊലിയുരിച്ചുകാണിക്കുമ്പോള്‍ ഇസ്ളാം ആക്രമിക്കപ്പെടുന്നെന്ന് ജമാഅത്തുകാര്‍ അലമുറയിടും. ഇസ്ളാമും ഇസ്ളാമിസവും രണ്ടാണെന്ന പച്ചപ്പരമാര്‍ഥത്തെ ജമാഅത്തെ ഇസ്ളാമി ആച്‌ഛാദനം ചെയ്യാന്‍ ശ്രമിക്കുന്നു. പക്ഷേ, അതില്‍ ദയനീയമായി പരാജയപ്പെടുന്നു. ഇന്ത്യയുടെ ഭരണവ്യവസ്ഥ ഉള്‍പ്പെടെ എല്ലാ ആധുനിക രാഷ്‌ട്രവ്യവസ്ഥകളുടെയും ആരൂഢങ്ങളായി വര്‍ത്തിക്കുന്ന ജനാധിപത്യം, മതേതരത്വം, ദേശീയത തുടങ്ങിയ ആശയങ്ങളെ ആര്‍എസ്എസിനെപ്പോലെ ജമാഅത്തെ ഇസ്ളാമിയും നിരങ്കുശം എതിര്‍ക്കുന്നു. 'മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്വികവിശകലനം' എന്ന പേരില്‍ മൌദൂദിയുടെ ഒരു പ്രസംഗം പുസ്‌തകരൂപത്തില്‍ കേരളത്തിലെ ജമാഅത്തുകാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍നിന്നുള്ള ചില ഭാഗങ്ങള്‍ നോക്കൂ:

"ലോകത്തിന്റെ ചിന്താപരവും സദാചാരപരവും നാഗരികവും രാഷ്‌ട്രീയവും സാമ്പത്തികവുമായ ജീവിതവ്യവസ്ഥയെ മുച്ചൂടും ചലിപ്പിച്ചുകൊണ്ടിരിക്കുന്ന അഭിനവസംസ്‌ക്കാരം വാസ്‌തവത്തില്‍ മൂന്ന് അടിസ്ഥാനതത്വത്തിലാണ് അധിഷ്ഠിതമായിരിക്കുന്നത്. ഒന്ന് മതേതരഭൌതികവാദം, രണ്ട് ദേശീയത്വം, മൂന്ന് ജനാധിപത്യം. നമ്മുടെ പക്ഷത്തില്‍ ഈ മൂന്ന് തത്വവും അബദ്ധജടിലങ്ങളാണ്. മാത്രമല്ല, മനുഷ്യരിന്ന് അടിമപ്പെട്ടുപോയിട്ടുള്ള സകലദുരിതങ്ങളുടെയും നാരായവേര് ആ തത്വങ്ങളാണെന്നുകൂടി നാം ദൃഢമായി വിശ്വസിക്കുന്നു. നമ്മുടെ വിരോധം വാസ്‌തവത്തില്‍ അതേ തത്വങ്ങളോടത്രേ. നാം നമ്മുടെ മുഴുശക്തിയുമുപയോഗിച്ച് അവയ്‌ക്കെതിരെ സമരം നടത്തിയേ തീരൂ''.

പരമാധികാരം ജനങ്ങളില്‍ നിക്ഷിപ്‌തമാക്കുന്ന ജനാധിപത്യത്തെ ഭര്‍സിച്ച മൌദൂദി 'ദൈവികപരമാധികാരം' എന്ന പ്രതിലോമപരികല്‍പ്പനയാണ് ഉയര്‍ത്തിപ്പിടിച്ചത്. ഈ ദൈവികപരമാധികാരം പ്രയോഗത്തില്‍ പൌരോഹിത്യ പരമാധികാരത്തിലാണ് കലാശിക്കുക എന്ന് പ്രത്യേകം പറയേണ്ടതില്ല. ജമാഅത്ത് മൌലാനമാര്‍ നടത്തുന്ന ഈ മുല്ലാഭരണത്തില്‍ മുസ്ളിങ്ങളല്ലാത്തവര്‍ 'ദിമ്മി'കള്‍ (രണ്ടാംതരം പൌരന്മാര്‍) ആയിരിക്കുമെന്നും മൌദൂദി അര്‍ഥശങ്കയ്‌ക്ക്ഇടയില്ലാതെ പറഞ്ഞുവച്ചിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ രാഷ്‌ട്രീയനിലനില്‍പ്പിന് തല്‍ക്കാലം ജനാധിപത്യമെന്ന 'പൈശാചിക' ഭരണക്രമം നിലനില്‍ക്കേണ്ടതുണ്ടെന്ന് ജമാഅത്തുകാര്‍ക്കറിയാം. ഭരണത്തിലേറുംവരെ ജനാധിപത്യം, ഭരണത്തിലേറിയാല്‍ ജമാഅത്ത് മുല്ലാഭരണം. ഇതാണ് ജമാഅത്ത് ലൈന്‍.

മതേതരത്വത്തെയും മൌദൂദി കടന്നാക്രമിക്കുന്നു. മതം വ്യക്തിപരമായ കാര്യമാണെന്നും മതവും രാഷ്‌ട്രീയവും രണ്ടാണെന്നുമുള്ള ആരോഗ്യകരമായ കാഴ്‌ചപ്പാടിനെ ജമാഅത്തെ ഇസ്ളാമി അംഗീകരിക്കുന്നില്ല. മതവും രാഷ്‌ട്രീയവും അവിച്‌ഛിന്നമാണെന്നും മതേതരത്വം മതവിരുദ്ധമാണെന്നും എല്ലാ മുസ്ളിങ്ങളും മതരാഷ്‌ട്രസ്ഥാപനത്തെ ഒരു തീവ്രയത്നപരിപാടിയായി കാണണമെന്നും മൌദൂദി ആണയിടുന്നു. ദേശീയത മൌദൂദിക്കും അനുചരര്‍ക്കും വര്‍ജ്യമാണ്. ലോകത്തെല്ലായിടത്തുമുള്ള മുസ്ളിങ്ങള്‍ ഒറ്റ രാഷ്‌ട്രമാണ് എന്ന ആഗോള ഇസ്ളാമിസമാണ് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. മനുഷ്യസമൂഹത്തെ മുസ്ളിം-അമുസ്ളിം എന്ന മതമതില്‍കെട്ടി മൌദൂദി വേര്‍തിരിച്ചുനിര്‍ത്തുകയും ചെയ്യുന്നു.

ഇന്ത്യയുടെ അഖണ്ഡതയെ ജമാഅത്തെ ഇസ്ളാമി അംഗീകരിക്കുന്നില്ല. അതിന്റെ ഒന്നാന്തരം നിദര്‍ശനമാണ് ഇന്ത്യയില്‍ രണ്ട് ജമാഅത്തെ ഇസ്ളാമികള്‍ പ്രവര്‍ത്തിക്കുന്നുവെന്നത്. ജമാഅത്തെ ഇസ്ളാമി ഹിന്ദ് എന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമിയും കശ്‌മീര്‍ ജമാഅത്തെ ഇസ്ളാമിയും. കശ്‌മീരില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി ഇല്ല. കശ്‌മീര്‍ ഇന്ത്യയുടെ അവിഭാജ്യഭാഗമാണെന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി അംഗീകരിക്കുന്നില്ല എന്നര്‍ഥം. ഹിസ്‌ബുള്‍ മുജാഹിദീന്‍ എന്ന തീവ്രവാദസംഘടന കശ്‌മീര്‍ ജമാഅത്തിന്റെ സന്തതിയാണ്. കശ്‌മീര്‍ താഴ്വരയിലെ വിവിധ തീവ്രവാദിഗ്രൂപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തനനിരതമാക്കുന്നത് ജമാഅത്തെ ഇസ്ളാമിയാണെന്ന് ഒരു കൂസലുമില്ലാതെ ജമാഅത്തുകാര്‍തന്നെ പറയാറുണ്ട്.

മാർൿസിസത്തിനും മാർൿസിസ്‌റ്റുകാര്‍ക്കുമെതിരെ ചന്ദ്രഹാസമിളക്കുന്നതില്‍ മൌദൂദിയും ശിഷ്യഗണങ്ങളും സാമ്രാജ്യത്വവൈതാളികന്മാരെപ്പോലും പലപ്പോഴും പിന്നിലാക്കി. "ഒരു ജര്‍മന്‍ യഹൂദിയുടെ പ്രതികാരബുദ്ധിയില്‍നിന്ന് പൊട്ടിപ്പുറപ്പെട്ടതും റഷ്യയില്‍ തഴച്ചുവളര്‍ന്നതുമായ വിഷച്ചെടിയാണ് കമ്യൂണിസം'' എന്നാണ് മൌദൂദിയുടെ ഒരു ഉദീരണം. വംശീയതയുടെയും പരമതദ്വേഷത്തിന്റെയും വിഷബീജങ്ങള്‍ നുരയുന്ന ഈ പ്രസ്‌താവത്തിന്റെ അന്തസ്സത്ത അടിമുടി സ്വാംശീകരിച്ചവരാണ് കേരളത്തിലെ ജമാഅത്തെ ഇസ്ളാമിക്കാരെന്ന് അവര്‍ പലപാട് തെളിയിച്ചിട്ടുണ്ട്.
അഫ്‌ഗാനിസ്ഥാനിലെ സോഷ്യലിസ്‌റ്റ് ഭരണാധികാരിയായിരുന്ന നജീബുല്ലയെ കാബൂളിലെ തെരുവോരത്തെ വിളക്കുകാലില്‍ താലിബാന്‍ ഭീകരര്‍ കെട്ടിത്തൂക്കിയപ്പോള്‍ 'മാധ്യമം' പത്രം എഡിറ്റോറിയല്‍ എഴുതി ഹര്‍ഷാതിരേകം പ്രകടിപ്പിച്ചിരുന്നു. ബാമിയാനിലെ ബുദ്ധപ്രതിമകള്‍ നിലംപരിശാക്കിയപ്പോഴും ഇവര്‍ ഗൂഢാഹ്ളാദത്തിലായിരുന്നു. മനുഷ്യാവകാശത്തിന്റെ ധ്വജവാഹകരായി ചമയുന്ന ജമാഅത്തുകാര്‍ മതപരിവര്‍ത്തനവിഷയത്തില്‍ കടുത്ത കപടന്മാരും തീവ്രവാദികളുമാണ്. ഇസ്ളാമില്‍നിന്ന് ഒരാള്‍ പുറത്തുപോയാല്‍ അയാളെ വധിക്കണമെന്നാണ് ജമാഅത്ത് ആചാര്യന്‍ എഴുതിയിട്ടുള്ളത്. തന്റെ വാദമുഖം ഊട്ടിയുറപ്പിക്കാന്‍ 'മതപരിത്യാഗികളുടെ ശിക്ഷ ഇസ്ളാമിക നിയമത്തില്‍' എന്ന ശീര്‍ഷകത്തില്‍ ഒരു പുസ്‌തകവും മൌദൂദി എഴുതി. 'ഇസ്ളാമിലേക്ക് സ്വാഗതം, പുറത്തുപോകുന്നവരുടെ തല കാണില്ല' എന്ന അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും വിധ്വംസകവുമായ ആശയം മറയേതുമില്ലാതെ ഉദ്ഘോഷിക്കുന്ന ജമാഅത്തെ ഇസ്ളാമിക്കാര്‍തന്നെയാണ് ഈയിടെ കേരളത്തിലെ കവലകള്‍തോറും മതപരിവര്‍ത്തനസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച് സെമിനാറുകള്‍ സംഘടിപ്പിച്ചത്! ഇതാണ് ജമാഅത്തെ ഇസ്ളാമി.

അകത്ത് കാളകൂടം. പുറത്ത് 'മതേതര-ജനാധിപത്യ പഞ്ചസാര'. കേരളത്തിലെ ജമാഅത്തെ ഇസ്ളാമി കഴിഞ്ഞ ഒരു വ്യാഴവട്ടത്തിലേറെയായി 'മുഖം മിനുക്കി' നടക്കുകയാണ്. പക്ഷേ, അകത്ത് നുരഞ്ഞുപതയുന്നത് മതരാഷ്‌ട്രവാദത്തിൽ അധിഷ്ഠിതമായ മൌദൂദിയുടെ ദ്വേഷനിര്‍ഭരപ്രത്യയശാസ്‌ത്രംതന്നെ. ദളിത്-ആദിവാസിസ്നേഹത്തിന്റെയും പരിസ്ഥിതി പ്രണയത്തിന്റെയും മനുഷ്യാവകാശമമതയുടെയും സാമ്രാജ്യത്വവിരുദ്ധതയുടെയും കടുത്ത ചായക്കൂട്ടുകള്‍ മുഖത്തുതേച്ച്, ഇടതുപക്ഷ പദാവലികളുടെ ഒരു അതിഭാഷ സൃഷ്‌ടിച്ച്, തങ്ങള്‍ മഹാമതേതര-ജനാധിപത്യവാദികളാണെന്ന് പുരപ്പുറത്തുകയറി പ്രസംഗിച്ചു നടക്കുകയാണവര്‍. വാദ്യഘോഷവുമായി അകമ്പടി സേവിക്കാന്‍ മുന്‍ നൿസലൈറ്റുകളെയും മുന്‍ റോയിസ്‌റ്റുകളെയും വ്യാജ ഇടതന്മാരെയും ചെല്ലും ചെലവും കൊടുത്ത് അവര്‍ നിര്‍ത്തിയിട്ടുമുണ്ട്. കേരളത്തിലെ മതനിരപേക്ഷ രാഷ്‌ട്രീയപ്രസ്ഥാനങ്ങളുടെ, വിശിഷ്യ ഇടതുപക്ഷത്തിന്റെ വിശ്വാസ്യത തകര്‍ക്കുകയും കേരളത്തെ അടിമുടി അരാഷ്‌ട്രീയവല്‍ക്കരിക്കുകയും വര്‍ഗീയവല്‍ക്കരിക്കുകയുംചെയ്യുക എന്ന സൃഗാലദൌത്യമാണ് ജമാഅത്തെ പരിവാര്‍ ഏറ്റെടുത്തിരിക്കുന്നത്.

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ നിരീക്ഷണം ഇത്തരുണത്തില്‍ ശ്രദ്ധേയമത്രേ. "ഇന്ത്യയില്‍ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ ഹിറ്റ്ലര്‍-ഗോള്‍വാള്‍ക്കര്‍-മൌദൂദി അച്ചുതണ്ടിനെ രാഷ്‌ട്രീയമായി പരാജയപ്പെടുത്തണം''.

*****

കടപ്പാട് : ദേശാഭിമാനി

( എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം എന്ന ലേഖന പരമ്പരയിലെ ആദ്യത്തെ ലേഖനം)

Monday, June 28, 2010

അന്ധത ഒരു പകര്‍ച്ചവ്യാധി

കണ്ണ് ഒരു സാധാരണ അവയവത്തിനപ്പുറം സാമൂഹ്യ ഉള്ളടക്കം നിറഞ്ഞുനില്‍ക്കുന്നതാണ്. അതിനാല്‍ കാഴ്‌ചയും അങ്ങനെത്തന്നെ. വ്യക്തിപരമായ അന്ധത സാഹിത്യത്തിന്റെയും സിനിമയുടെയും ഉല്‍ക്കണ്‌ഠകളായി പലമട്ടില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. എന്നാല്‍ കൂട്ടമായ കാഴ്‌ചനഷ്‌ടം ഉള്ളില്‍ തട്ടുംവിധം അപഗ്രഥിച്ചപ്പോഴാണ് ഷുസെ സരമാഗോവിന്റെ 'അന്ധത' (ബ്ളൈന്‍ഡ്‌നസ്) നോവല്‍ അതിശ്രദ്ധേയമായിത്തീര്‍ന്നത്. 1998ലെ സാഹിത്യനോബല്‍ നേടിയതോടെ അത് ലോകമെങ്ങും ചര്‍ച്ചയായി.

ജീവിതത്തിന്റെ ഏതോ ശപിക്കപ്പെട്ട നിമിഷത്തിലുണ്ടാവുന്ന കാഴ്‌ചനഷ്‌ടവും ജന്മനാ പിടികൂടപ്പെടുന്ന അന്ധതയും വ്യത്യസ്‌തമായ ആവൃത്തിയിലാണ് മനുഷ്യമനസ്സില്‍ പോറലുകളേല്‍പ്പിക്കുക. ജനനംമുതല്‍ അകപ്പെടുന്ന ഇരുട്ടില്‍ കുളിച്ചുനില്‍ക്കുന്ന ഒരാള്‍ക്ക് പ്രകാശവും കാഴ്‌ചയും എന്താണെന്നു സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമാകും. എന്നാല്‍ ജീവിത ഇടവേളകളിലെപ്പോഴോ അകക്കണ്ണ് കെടുന്നവന് മോഹിപ്പിച്ച ഏതോ ഓര്‍മ കൂടെത്തന്നെ ഉണ്ടാവും. വര്‍ണരാജികളും ആഹ്ളാദ പൂത്തിരികളും മഴവില്ലു തീര്‍ത്ത അതിന്റെ ഒരിക്കലും കുടിച്ചുതീര്‍ക്കാനാവാത്ത സങ്കടല്‍തന്നെ. പകര്‍ച്ചവ്യാധിപോലെ തീപിടിച്ച അന്ധതയെ സാമൂഹ്യ മനഃശാസ്‌ത്രത്തിന്റെ പിന്‍ബലത്തില്‍ തുറന്നുനോക്കുകയാണ് സരമാഗോ നോവലില്‍. അതിലൂടെ വ്യവസ്ഥയുടെ ദയാരഹിതമായ കാര്‍ക്കശ്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നുമുണ്ട്. യുക്തിയുടെയും പാരസ്‌പര്യത്തിന്റെയും പ്രകാശരശ്‌മികളെ വന്നുമൂടുന്ന ഇരുട്ടാണ് ഇതില്‍ അന്ധത. സൂചനയുടെ നിഴല്‍പോലുമില്ലാതെ മനുഷ്യര്‍ക്ക് ഒന്നടങ്കം കൂട്ടായി കാഴ്‌ച കൈമോശംവന്നുപോകുമ്പോള്‍ ഉണ്ടാകുന്ന വൈരുധ്യം നിറഞ്ഞ സംഭവപരമ്പരകള്‍ വിവരിക്കുകയാണെന്ന് പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും ഈ കൃതിയുടെ സന്ദേശം അതിനുമപ്പുറമാണ്.

വാഹനത്തിരക്കിന്റെ ശ്വാസംമുട്ടലില്‍ അമര്‍ന്ന സിഗ്നല്‍പോയിന്റില്‍നിന്നാണ് കഥയുടെ ആരംഭം. മഞ്ഞ, ചുവപ്പ്, പച്ച വെളിച്ചങ്ങള്‍ തെളിയുമ്പോഴുള്ള ഭാവപ്രകടനങ്ങള്‍. പച്ചയുടെ അനുമതിയിലൂടെ തിക്കിത്തിരക്കി പായുന്ന കാല്‍നടക്കാര്‍. വരയന്‍കുതിരയുടെ തോല്‍ വിരിച്ചതുപോലുള്ള വഴി(സീബ്രാവര)യിലെ തിരക്ക് അവസാനിച്ചിരിക്കുന്നു. പിന്നെ കാറുകളുടെ പതുങ്ങിയ നീക്കം. ചിലവയുടെ വേഗം തടസ്സപ്പെടുത്തി ഒരു കാര്‍ പെട്ടെന്ന് നിശ്ചലമായി. യന്ത്രത്തകരാറ്, പെട്രോളില്ലാത്ത അവസ്ഥ, വൈദ്യുതിസര്‍ക്യൂട്ടുകളിലെ പിഴവ്... തുടങ്ങിയ പല കാരണങ്ങള്‍ പലതും നിരൂപിച്ചു. ആ കാറോടിച്ചയാള്‍ എല്ലാവരെയും സ്‌തംബ്‌ധരാക്കി ഞെട്ടിക്കുന്ന കാര്യം വ്യക്തമാക്കുംവരെ അത്തരം വിചാരങ്ങള്‍ തുടരുകതന്നെ ചെയ്‌തു. "എന്റെ കാഴ്‌ചശക്തി നഷ്ടപ്പെട്ടിരിക്കുന്നു'' എന്ന അയാളുടെ വെളിപ്പെടുത്തല്‍ പെട്ടെന്നായിരുന്നു. "..... ഞാന്‍ അന്ധനാണ്. കാറില്‍നിന്ന് പുറത്തേക്കിറങ്ങാന്‍ അവര്‍ സഹായിക്കുന്നതിനിടെ അയാള്‍ പറഞ്ഞു. ശരിക്കും നിരാശപൂണ്ടാണ് അയാള്‍ ഇത്രയും പറഞ്ഞത്. കണ്ണുനീര്‍ പുറത്തേക്ക് വന്നുകൊണ്ടിരുന്ന ആ കണ്ണുകള്‍ അയാളെ സംബന്ധിച്ചിടത്തോളം മരിച്ച അവസ്ഥയിലാണ്. അതിന് ഒന്നുകൂടി തിളക്കം വീണ്ടുകിട്ടിയപോലെ ഉണ്ടായിരുന്നു.....''

വിളക്കുകളിലെ നിറം പിന്നെയും മാറിമറിഞ്ഞുകൊണ്ടിരുന്നു. ആകാംക്ഷയുടെ മുള്‍മുനയില്‍ കാഴ്‌ചക്കാര്‍. കാര്യമറിയാതെ പിന്നില്‍കുടുങ്ങിയ ഡ്രൈവര്‍മാര്‍ പ്രതിഷേധത്തിന്റെ ചിഹ്നങ്ങള്‍ എടുത്തണിയാന്‍ തുടങ്ങി. ഒരു സാധാരണ അപകടരംഗത്തില്‍ കവിഞ്ഞ ഗൌരവമൊന്നും അവര്‍ നല്‍കാത്തതിനാല്‍ ക്ഷമ നശിച്ച പ്രകടനങ്ങള്‍തന്നെ. 'നാശംപിടിച്ച ഈ പഴയ സാധനത്തെ വഴിയില്‍നിന്നു മാറ്റിയിടാന്‍ നോക്കൂ' എന്ന കടുത്ത വാക്കുകള്‍. ദയവായി ആരെങ്കിലുമൊന്ന് എന്നെ വീട്ടില്‍ കൊണ്ടെത്തിക്കുമോ എന്ന അന്ധനായ മനുഷ്യന്റെ അപേക്ഷ. കാഴ്‌ചക്കുറവ് അയാളുടെ ഓര്‍മകളെ ദുര്‍ബലമാക്കിയിരിക്കുന്നു. എന്നിട്ടും അയാള്‍ വിലാസം വച്ചുനീട്ടി.

വീട്ടിലെത്തിച്ച മനുഷ്യനോട് ആ അന്ധന്‍ നിറഞ്ഞ നന്ദിവാക്കുകള്‍ പറഞ്ഞു. എന്നാല്‍ തികച്ചും അപരിചിതനായ ഒരാളെ അകത്തേക്കു ക്ഷണിക്കാന്‍ അയാള്‍ക്ക് താല്‍പ്പര്യമുണ്ടായില്ല. ലിഫ്‌റ്റിന്റെ താഴേക്കുള്ള ചലനശബ്‌ദം കേട്ട് ആശ്വാസത്തിന്റേതായ നെടുവീര്‍പ്പിടുകയും ചെയ്‌തു.

താക്കോല്‍പഴുത് തേടിയുള്ള കൈവിരലുകളുടെ ചലനം. പൂക്കള്‍ അലങ്കരിച്ചുവച്ച മണ്‍പാത്രം തട്ടിയിട്ടത്. വിരലിലേറ്റ മുറിവ്. ഡോൿടറുടെ ഫോണ്‍നമ്പര്‍ തിരക്കി ഭാര്യ ഡയറൿടറിയുടെ പേജുകള്‍ മറിച്ചുനോക്കുന്നതിന്റെ ഒച്ച- സ്വാഭാവികതയെല്ലാം തകിടംമറിയുകയായിരുന്നു. കണ്ണു ഡോൿടറുമായുള്ള സംഭാഷണങ്ങള്‍. തന്നെ വീട്ടില്‍ കൊണ്ടുവിട്ടയാള്‍ കാറിന്റെ താക്കോല്‍ അവിടെ വയ്‌ക്കാതെയാണ് പോയതെന്ന അറിവ്. ആ നല്ല സമരിയക്കാരന്‍ കാറുംകൊണ്ട് കടന്നുകളഞ്ഞിരിക്കയാണെന്ന ഞെട്ടല്‍. "..... അന്ധനായ മനുഷ്യന്റെ വീടിനടുത്തെത്തിയപ്പോള്‍ മാത്രമേ വളരെ സാധാരണമാംവിധം അങ്ങനെ ഒരു ആശയം അയാള്‍ക്ക് തോന്നിയുള്ളൂ. ശരിക്കും പറഞ്ഞാല്‍ പെട്ടെന്നൊരു ലോട്ടറിക്കാരനെ കാണുമ്പോള്‍ ടിക്കറ്റെടുക്കാന്‍ തോന്നുന്നതുപോലെ...''

അന്ധത പിന്നെയൊരു പകര്‍ച്ചവ്യാധിപോലെ പടരുകയാണ്. കഥാപാത്രങ്ങളെ സരമാഗോ പേരു നല്‍കി വിളിക്കാന്‍ ശ്രമിക്കുന്നില്ല. കഥാസന്ദര്‍ഭത്തെ ബഹുവചനമായി പരിവര്‍ത്തിപ്പിക്കുന്നതില്‍ അസാധാരണമായ കൃത്യതയാണ് പ്രദര്‍ശിപ്പിക്കുന്നത്. കാഴ്‌ചനഷ്‌ടത്തിനു ശേഷമുള്ള പലരുടെയും ശരീരഭാഷയും മനോഘടനയും വ്യവസ്ഥയുമായി സംയോജിപ്പിച്ചാണ് പഠിച്ചതും. അന്ധത ശൈഥില്യത്തിന്റെ മറുപേരുതന്നെ ആവുകയാണിവിടെ. പേരില്ലാത്ത രാജ്യംപോലും ഒരു രൂപകമാണ്. സൈന്യം, മാധ്യമം, ബിസിനസ് തുടങ്ങിയ സ്ഥാപനങ്ങളുടെ മുഖം അനാവരണം ചെയ്യുന്നുവെന്നതും പ്രധാനം. സ്ഥാനഭ്രംശവും അശാന്തിയും തിരയടിക്കുന്നിടത്ത് കപ്പലോട്ടക്കാരന്റെ ശ്രദ്ധയോടെയാണ് സരമാഗോ കടന്നുചെല്ലുന്നത്. മിത്തും കല്‍പ്പിതകഥയും പോലെ വായിച്ചെടുക്കാവുന്ന കഥാപാത്രങ്ങള്‍ക്ക് സാമൂഹ്യമായ തലക്കുറിപ്പുകളാണ്. ആശുപത്രിയിലെ മനോവിഭ്രാന്തിയോടടുത്ത അവസ്ഥകള്‍ വിവരിക്കുമ്പോള്‍ പുതിയ രൂപീകരണങ്ങള്‍ എത്രയോ കാണാനാവുന്നു. ഭക്ഷണവും മരുന്നും ശുദ്ധജലവും ഇല്ലാത്ത നരകഭൂമിയാണത്. 'അന്ധത' 2008ല്‍ ചലച്ചിത്രമായപ്പോള്‍ കണ്ണും കാഴ്‌ചയും പുതിയ നിര്‍വചനങ്ങളായി അനുഭവപ്പെടുകയായിരുന്നു. ജൂലിയാനെ മൂര്‍ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

പോര്‍ച്ചുഗലില്‍ അസിന്‍ ഹഗ ഗ്രാമത്തിലെ കര്‍ഷകകുടുംബത്തില്‍ പിറന്ന സരമാഗോ ക്ളേശകരങ്ങളായ മുള്‍വഴികളിലൂടെയാണ് നടന്നത്. 12-ാം വയസ്സില്‍ സ്‌കൂള്‍വിദ്യാഭ്യാസം അവസാനിപ്പിച്ച് കാര്‍ മെക്കാനിക്കായി. പിന്നെയും കഠിനമായ പരീക്ഷണങ്ങള്‍. പലതരം തൊഴിലുകള്‍. പത്രപ്രവര്‍ത്തകനും കോപ്പിയെഴുത്തുകാരനുമായാണ് സാഹിത്യാഭിരുചിയുടെ തുടക്കം. പിന്നെ പ്രതിഭാസ്‌പര്‍ശമേല്‍ക്കാത്ത സാഹിത്യമേഖല ഒന്നുമുണ്ടായില്ല. കവിത, കഥ, നോവല്‍, യാത്രാവിവരണം, നാടകം- എന്നിങ്ങനെ ഒഴുകിപ്പരന്നു രചനാപരിശ്രമങ്ങള്‍. 1947ല്‍ ആദ്യ നോവല്‍ പുറത്തിറങ്ങി. പിന്നെ രണ്ടുപതിറ്റാണ്ടിനോടടുത്ത മൌനമായിരുന്നു. കവിതാസമാഹാരം പുറത്തിറക്കിയാണ് ആ നിശ്ശബ്‌ദഘട്ടം മറികടന്നത്.

നിത്യരോഗങ്ങളുടെ പിടിയിലമര്‍ന്ന സരമാഗോവിന്റെ അന്ത്യം സ്‌പെയിനിലെ കാനറി ദ്വീപിലായിരുന്നു. പോര്‍ച്ചുഗലിലെ അതിയാഥാസ്ഥിതിക സര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങളെയും ഏറ്റുമുട്ടലുകളെയും വിമര്‍ശങ്ങളെയും തുടര്‍ന്ന് അദ്ദേഹം ഏതാനും വര്‍ഷമായി അവിടെയായിരുന്നു താമസം. 1991ല്‍ പ്രകാശിതമായ 'സുവിശേഷം യേശുക്രിസ്‌തുവിന്റെ വാക്കുകളില്‍' എന്ന നോവല്‍ ഭരണകൂടത്തെയും മതയാഥാസ്ഥിതികത്വത്തെയും ഏറെ പ്രകോപിപ്പിച്ചു. യൂറോപ്യന്‍ സാഹിത്യപുരസ്‌ക്കാരത്തിന് സരമാഗോവിന്റെ പേര് ശുപാര്‍ശചെയ്യാതെയായിരുന്നു പ്രതികാരം. ഇതില്‍ പ്രതിഷേധിച്ചാണ് രാജ്യംവിട്ടത്. അദ്ദേഹത്തിന്റെ ശവസംസ്‌ക്കാര ചടങ്ങില്‍ പ്രസിഡന്റ് അനിബാല്‍ കവാകോ സില്‍വ കരുതിക്കൂട്ടി പങ്കെടുക്കാതിരുന്നതില്‍നിന്ന് വിരോധത്തിന്റെ ആഴം മനസ്സിലാക്കാം. യൂറോപ്യന്‍ സാഹിത്യസമ്മാനത്തിന് തടസ്സമുയര്‍ത്തിയ കാലത്ത് സില്‍വ പ്രധാനമന്ത്രിയായിരുന്നുവെന്നത് മറ്റൊരു കഥ. യേശുവിനെക്കുറിച്ചുള്ള കൃതിക്കെതിരെ കത്തോലിക്ക യാഥാസ്ഥിതികരും പരുഷമായി പ്രതികരിച്ചിരുന്നു. വത്തിക്കാന്‍പത്രം മരണവേളയില്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത് കനത്ത ശകാരപദംകൊണ്ടായത് നിസ്സാരമല്ല. ജനപ്രിയ തീവ്രവാദി, മതവിരുദ്ധ പ്രത്യയശാസ്‌ത്രകാരന്‍ തുടങ്ങിയ പ്രയോഗങ്ങള്‍ അതില്‍ കയറിക്കൂടിയത് യാദൃച്‌ഛികവുമല്ല.

കല്ലുചങ്ങാടം, പേരറിയാത്ത ദ്വീപിന്റെ കഥ, ഇടവേളകളില്ലാത്ത മരണം, റിക്കാഡോ റീസ് മരിച്ച കൊല്ലം, ഗുഹ, ലിസ്‌ബണ്‍- ഉപരോധചരിതം തുടങ്ങിയവ സരമാഗോവിന്റെ വിഖ്യാത കൃതികളാണ്. മുപ്പതിലധികം ഭാഷയിലായി ഇവയുടെ ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റുപോയത്. മരണത്തെക്കുറിച്ച് 2005ലെഴുതിയ നോവല്‍ 'അന്ധത'യുടെ മറ്റൊരു മുഖമാണെന്നു തോന്നും. പെട്ടെന്ന് മരണം നിന്നുപോയ പേരില്ലാത്ത ആ രാജ്യത്തിന്റെ അന്തര്‍സംഘര്‍ഷമാണ് അതില്‍.
1969ല്‍ പോര്‍ച്ചുഗീസ് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായ സരമാഗോ സ്വേച്‌ഛാധിപത്യത്തിനെതിരായ പോരാട്ടങ്ങളില്‍ സജീവമായി പങ്കെടുത്തു. കടുത്ത നിരോധനത്തിന്റെ ഘട്ടങ്ങളിലും പരസ്യനിലപാടെടുക്കുകയുമുണ്ടായി. ഇക്കാലത്തെ ഓര്‍മിപ്പിച്ച് അദ്ദേഹമെഴുതിയത് ചെറുഫലിതത്തിന്റെ മേമ്പൊടിയോടെയാണ്. "ജനങ്ങള്‍ പറയുമായിരുന്നു ഞാന്‍ നല്ലവനാണ്. എന്നാല്‍ ഒരു കമ്യൂണിസ്റ്റായിപ്പോയി. ഇപ്പോഴത്തെ പ്രതികരണം- കമ്യൂണിസ്റ്റാണെങ്കിലും നല്ലവനാണ്.'' വലിയ വ്യത്യാസമില്ലെന്നു തോന്നുന്ന അതിന്റെ ഊന്നല്‍ തള്ളിക്കളയാനാകില്ല.

കമ്യൂണിസ്റ്റ് ആഭിമുഖ്യം ആരോപിച്ച് സരമാഗോവിനു നേരെ പല പ്രതികാരനടപടിയും ഉണ്ടായി. അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന പത്രത്തില്‍നിന്ന് പുറത്താക്കിയാണ് തുടക്കം. ആ നടപടിയെ സരമാഗോ പിന്നീടു വിലയിരുത്തിയത് ശ്രദ്ധേയമായിരുന്നു: "ആ ചിന്ത ഉദയംചെയ്‌ത മനസ്സിനോട് ഏറെ നന്ദിയുള്ളവനാണ്. അന്നത്തെ പുറത്താക്കലാണ് എന്നെ ഉടച്ചുവാര്‍ത്തത്. അങ്ങനെ പുതിയ മനുഷ്യനായി. അത് എഴുത്തിന്റെ മണ്ഡലത്തിലും ശക്തി നല്‍കുന്നതായിരുന്നു''.

പലസ്‌തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നടത്തിയ ഇടപെടലുകളിലൂടെയും സരമാഗോവിന്റെ ഖ്യാതി ലോകമാകെ വ്യാപിച്ചു. 2002ല്‍ യാസര്‍ അറഫാത്തിനെ സന്ദര്‍ശിച്ചശേഷം ഇസ്രയേലി അതിക്രമങ്ങളെ അദ്ദേഹം തുറന്നെതിര്‍ക്കുകയുണ്ടായി. ഔഷ്വിറ്റ്സ് നാസി പീഡനമുറികളെ മനസ്സില്‍ തെളിച്ചുകൊണ്ടുവരുന്നതാണ് ഇസ്രയേലി അധിനിവേശമെന്നാണ് സരമാഗോ അന്ന് പ്രതികരിച്ചത്.

തന്റെ ഒരക്ഷരം, വാക്ക്, വാചകങ്ങള്‍, പേജ്, പുസ്‌തകം, കൃതികള്‍... അവയിലെല്ലാം പരന്നുനില്‍ക്കുന്ന കഥാപാത്രങ്ങളില്ലെങ്കില്‍ താന്‍ ഒരിക്കലും ഇതുപോലെ ആകുമായിരുന്നില്ലെന്നാണ് ഒരിക്കല്‍ എഴുത്തിലെ ആ പ്രക്ഷോഭകാരി വികാരപരമായി പറഞ്ഞത്. സാമൂഹ്യപ്രശ്‌നങ്ങളോടും പ്രതിഭാസങ്ങളോടും നിറഞ്ഞ പ്രതിബദ്ധതയോടെ ഇടപഴകിയ സരമാഗോ പകര്‍ച്ചവ്യാധിയെപ്പോലെ പടരുന്ന ജനവിരുദ്ധാശയങ്ങളെ തുറന്നുകാട്ടിക്കൊണ്ടിരിക്കയായിരുന്നു.

*****

അനില്‍കുമാര്‍ എ വി, കടപ്പാട് :ദേശാഭിമാനി വാരാന്തപ്പതിപ്പ്

Saturday, June 26, 2010

സായ്‌നാഥ് സംസാരിക്കുന്നു...

ഇതു മാധ്യമസ്വാതന്ത്ര്യമല്ല; പണത്തിന്റെ കളി മാത്രം

പി സായ്‌നാഥുമായി വി ശിവദാസന്‍ നടത്തിയ അഭിമുഖ സംഭാഷണം.

ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ താങ്കളുടെ ഇടപെടല്‍ ഇന്ത്യയിലെ വികസന ചര്‍ച്ചകളെ വലിയ അളവില്‍ സ്വാധീനിച്ചിട്ടുണ്ട്. രാഷ്‌ട്ര വികസനത്തില്‍ മാധ്യമങ്ങളുടെ പങ്ക് എന്തെന്ന് വിശദീകരിക്കാമോ?

മാധ്യമങ്ങള്‍ വികസന സ്രഷ്‌ടാക്കളല്ല. അവര്‍ സ്വീകരിച്ചിരിക്കുന്ന സാമൂഹ്യ ഉത്തരവാദിത്വം സംബന്ധിച്ച കാഴ്‌ചപ്പാടിനെ ആശ്രയിച്ചിരിക്കുമിത്. കോര്‍പറേറ്റ് ലോകത്തെയാണ് ഇന്ന് മാധ്യമങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. അവ കോര്‍പറേറ്റ് പ്രത്യയശാസ്‌ത്രത്തില്‍ വിശ്വസിക്കുന്നു. ഇന്ത്യന്‍ പത്രപ്രവര്‍ത്തനം സ്വാതന്ത്ര്യസമരത്തിന്റെ സന്തതിയാണ്, സാധാരണക്കാരന്റെ ഉന്നമനവും വികസനവും പ്രഖ്യാപിത ലക്ഷ്യങ്ങളായിരുന്നു. ഈ രണ്ടുതരം മാധ്യമപ്രവര്‍ത്തനങ്ങളെയും തിരിച്ചറിയേണ്ടതുണ്ട്, ജനക്ഷേമത്തെ മുന്‍നിര്‍ത്തിയുള്ള മാധ്യമപ്രവര്‍ത്തനമാണോ അതോ കോര്‍പറേറ്റ് ഭീമന്മാരുടേയും ഭരണവര്‍ഗത്തിന്റേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതാണോ. വിവിധ വികസന പ്രശ്‌നങ്ങളില്‍ കാര്യക്ഷമമായി ഇടപെട്ടിരുന്ന മാധ്യമപ്രവര്‍ത്തനം ചില സന്ദര്‍ഭങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഇടപെടലുകള്‍ ഇന്നും വളരെ തീവ്രമായി നടക്കുന്നു, പക്ഷേ അതെല്ലാം വന്‍ വ്യവസായ ഗ്രൂപ്പുകളുടെ മുഖപത്രങ്ങള്‍ എന്ന നിലയില്‍ മാത്രം. പോസ്‌ക്കോയുമായി ബന്ധപ്പെട്ട പ്രശ്‌നമായാലും വ്യവസായത്തിനും മറ്റുമായി മനുഷ്യ ആവാസ മേഖലകള്‍ ഒഴിപ്പിക്കുന്നതായാലും മാധ്യമങ്ങള്‍ സംസാരിക്കുന്നത് വരേണ്യവര്‍ഗത്തിനുവേണ്ടി മാത്രമാണ്. അവരുടെ സ്റ്റെനോഗ്രാഫര്‍മാരായി മാധ്യമപ്രവര്‍ത്തകര്‍ അതിവേഗം മാറുകയാണ്. ബഹുജനങ്ങളുടെ ദൃഷ്‌ടിയില്‍ വികസനത്തെ നോക്കിക്കാണാന്‍ കഴിഞ്ഞാല്‍ മാത്രമെ അവര്‍ക്ക് സാമൂഹ്യമാറ്റ പ്രക്രിയയില്‍ പങ്കാളിയാവാന്‍ കഴിയുകയുള്ളൂ.

എന്റെ അറിവില്‍ ഇങ്ങനെ താല്‍പര്യമുള്ള അനേകം പത്രപ്രവര്‍ത്തകരുണ്ട്. അവര്‍ വികസന പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടാനും ആഗ്രഹിക്കുന്നു. എന്നാല്‍ ഇവര്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. കഴിവുള്ള ദൃഢനിശ്ചയമുള്ള പത്രപ്രവര്‍ത്തകര്‍ നമുക്കുണ്ട്. മാധ്യമങ്ങളെ നയിക്കുന്ന കോര്‍പറേറ്റ് കുത്തക മുതലാളിമാര്‍ക്ക് ഇവരെയൊന്നും ആവശ്യമില്ല. അവര്‍ക്ക് സംസാരിക്കാനാവുന്ന വികസനമാകട്ടെ കോര്‍പറേറ്റുകളുടെ ഭീമന്‍ പദ്ധതികളും ഇന്ത്യയിലെ ഗ്രാമങ്ങളില്‍ വിറ്റഴിയുന്ന കാറുകളുടെ വര്‍ധനവുമായിരിക്കും.

നമ്മുടെ മുമ്പാകെ രണ്ട് വികസന കാഴ്‌ചപ്പാടുകളാണുള്ളത്. എഴുപതുകളിലും എണ്‍പതുകളിലും മാധ്യമങ്ങളുടെയും സര്‍ക്കാരിന്റെയും വികസന കാഴ്‌ചപ്പാടില്‍ പൊരുത്തമുണ്ടായിരുന്നു. അക്കാര്യത്തില്‍ അവര്‍ നൈരന്തര്യം പുലര്‍ത്തി. അന്ന് ഭരണവര്‍ഗം സോഷ്യലിസ്റ്റ് ആശയങ്ങള്‍ പറഞ്ഞപ്പോള്‍ മാധ്യമങ്ങളും അതുതന്നെ പിന്തുടര്‍ന്നു. സര്‍ക്കാര്‍ വലതുപക്ഷ നയത്തെയും സ്വകാര്യവല്‍ക്കരണത്തെയും പറ്റി സംസാരിച്ചപ്പോള്‍ മാധ്യമങ്ങള്‍ ഒരുപടികൂടി കടന്ന് പ്രചാരണം ഏറ്റെടുക്കുന്നു. ചില സമയങ്ങളില്‍ സര്‍ക്കാരിന് പ്രകടിപ്പിക്കാന്‍ കഴിയാത്ത തീവ്ര വലതുപക്ഷ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്നു. വികസനത്തെക്കുറിച്ച് ഭരണവര്‍ഗത്തിന്റേയും വരേണ്യവിഭാഗത്തിന്റേയും കാഴ്‌ചപ്പാട് തന്നെയാണ് ഭൂരിഭാഗം വരുന്ന മാധ്യമ മുതലാളിമാര്‍ക്കും, എഡിറ്റര്‍മാര്‍ക്കും, പരസ്യദായകര്‍ക്കുമുള്ളത്. അവര്‍ അതുതന്നെയാണ് പിന്തുടരുന്നത്. അതുകൊണ്ട് മാധ്യമങ്ങളിലും മാധ്യമപ്രവര്‍ത്തനങ്ങളിലും ജനകീയ കാഴ്‌ചപ്പാടുകളും കോര്‍പറേറ്റ് കാഴ്‌ചപ്പാടുകളും തമ്മില്‍ ശക്തമായ സംഘര്‍ഷവും പോരാട്ടവും നിലനില്‍ക്കുന്നുണ്ട്.

ഈയിടെയായി മാധ്യമങ്ങള്‍ ശക്തമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുന്നു. സ്വതന്ത്ര മാധ്യമങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവ ഭരണവര്‍ഗ ആശയത്തില്‍നിന്ന് മോചിതരല്ല. ഇന്ത്യന്‍ മാധ്യമങ്ങളില്‍ വര്‍ധിച്ചുവരുന്ന സ്ഥാപിത താല്‍പര്യത്തെ എങ്ങനെ വീക്ഷിക്കുന്നു?

നോക്കൂ, ഇന്ത്യന്‍ മാധ്യമങ്ങള്‍ സ്വതന്ത്രമാണ്. അവര്‍ രാഷ്‌ട്രീയമായി സ്വതന്ത്രമാണ്. പക്ഷേ അവര്‍ വാണിജ്യത്തിന്റേയും ലാഭേച്‌ഛയുടേയും തടങ്കിലിലാണ്. മാധ്യമപ്രവര്‍ത്തനത്തിലൂടെ നീങ്ങള്‍ എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ ആരും നിങ്ങളെ കൊല്ലുകയില്ല. പക്ഷേ നിങ്ങള്‍ ലാഭത്തിന്റെ തടങ്കലിലാണ്. രാഷ്‌ട്രീയമായി സ്വതന്ത്രരാണെങ്കിലും മാധ്യമങ്ങള്‍ അവരുടെ രാഷ്‌ട്രീയ സ്വാതന്ത്ര്യം ലാഭത്തിനുവേണ്ടി അടിയറവ് പറയുന്നു. മാധ്യമങ്ങള്‍ 'പെയ്‌ഡ് ന്യൂസ്' പോലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു. ഇതിനെതിരെ വിമര്‍ശനമുണ്ടായാല്‍ അവര്‍ വിളിച്ചുപറയും 'നിങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തെ ആക്രമിക്കുകയാണ്.' മാധ്യമങ്ങള്‍ക്ക് കളവ് പറയാനും കവര്‍ച്ച നടത്താനും സ്വാതന്ത്ര്യമില്ല. ഇത് മാധ്യമ സ്വാതന്ത്ര്യമല്ല,
This is freedom of purse. എപ്പോഴെല്ലാം അവര്‍ പണമുണ്ടാക്കാന്‍ നോക്കുന്നുവോ അപ്പോള്‍ പറയും ഇതൊരു ബിസിനസ്സാണ്. എന്നാല്‍ അവരെ വിമര്‍ശിച്ചാലോ അവര്‍ മാധ്യമങ്ങളുടെ പ്രത്യേക അവകാശത്തെക്കുറിച്ച് പറയും, മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് നിലവിളിക്കും. വാണിജ്യതാല്‍പര്യം സംരക്ഷിക്കാന്‍ നിങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകനോട് സംസാരിക്കുന്നതോ, "പുറത്തുപോയി ഞാന്‍ പറയുന്നത് ചെയ്യുക, ഇത് ബിസിനസ്സാണ്'' എന്നായിരിക്കും. ഈ മാധ്യമ സ്വാതന്ത്ര്യം മാധ്യമപ്രവര്‍ത്തകന്റെ അടുത്തുപോലും എത്തുന്നില്ല, ഇതൊരു ഹിപ്പോക്രസിയാണ്. ഇതുകൊണ്ടാണ് എ ജെ ലിബ്ളിങ് മാധ്യമ സ്വാതന്ത്ര്യം മാധ്യമ മുതലാളിക്ക് മാത്രമുള്ളതാണെന്ന് എഴുപത് വര്‍ഷംമുമ്പ് പറഞ്ഞത്. ആരാണോ ഉടമസ്ഥന്‍ അയാള്‍ക്ക് മാത്രമേ സ്വാതന്ത്ര്യമുള്ളൂ. ഇവിടെ സ്വാതന്ത്ര്യം മാധ്യമപ്രവര്‍ത്തകര്‍ക്കല്ല, സമൂഹത്തിനുമല്ല, വായനക്കാര്‍ക്കോ കാഴ്‌ചക്കാര്‍ക്കോ അല്ല. മറിച്ച് മാധ്യമങ്ങളെ നിയന്ത്രിക്കുന്ന കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കാണ്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ ധാര്‍മികതയുടെ പേരില്‍ ഇക്കൂട്ടര്‍ സ്വയം സംരക്ഷണ കവചം തീര്‍ക്കുന്നത് രസകരമായ കാഴ്‌ചയാണ്. ഇവര്‍ മറ്റ് സമയങ്ങളില്‍ പിടിച്ചുപറിക്കാരും കൊള്ളലാഭം കൊയ്യുന്നവരുമാണ്. ഇതൊരിക്കല്‍ ബൂമറാങ് പോലെ തിരിച്ചടിക്കും. നമുക്കുള്ള സ്വാതന്ത്ര്യം വളരെ പരിമിതമാണ്. ഉടമസ്ഥരുടെ സ്വാതന്ത്ര്യം പത്രപ്രവര്‍ത്തകനോ വായനക്കാരനോ ഇല്ല. ഈ പരിമിതമായ സ്വാതന്ത്ര്യം നിങ്ങളുടെ വാങ്ങല്‍ശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു, എത്രത്തോളം പണം കയ്യിലുണ്ടെന്നതും അധികാര സ്ഥാനത്തോടുള്ള അടുപ്പവും.

ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടെന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് വിയോജിക്കാനുള്ള ഇടം ഇപ്പോഴും നിലനില്‍ക്കുന്നത്. എനിക്ക് മാധ്യമത്തില്‍ ജോലി ചെയ്യാന്‍ കഴിയും. എന്നെ പോലുള്ള നൂറുകണക്കിനാളുകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. അപ്പോള്‍ നമുക്കും ഒരിടമുണ്ട്. പത്രപ്രവര്‍ത്തകര്‍ക്ക് പ്രത്യേക തരത്തിലുള്ള സ്വാതന്ത്ര്യം ഇപ്പോഴും നിലവിലുണ്ട്. പക്ഷേ അത് കുറഞ്ഞുവരികയാണ്. എനിക്ക് സ്വാതന്ത്യമില്ല എന്ന് ഞാന്‍ പറയില്ല. പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളില്‍ വലിയ നിലയില്‍ സ്വാതന്ത്ര്യം അനുഭവിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഞാന്‍ പറയുന്നത് ഇരുപത് വര്‍ഷം മുമ്പത്തേയും ഇപ്പോഴത്തേയും സ്ഥിതിയാണ്. എല്ലാ നിലയിലും സ്വാതന്ത്ര്യത്തിന്റെ ഇടം ചുരുങ്ങുകയാണ്. വരേണ്യവല്‍ക്കരണത്തിനും കോര്‍പറേറ്റ് വല്‍ക്കരണത്തിനും കൂടുതലായി വിധേയപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിനെതിരായ കാഴ്‌ചപ്പാടുള്ളവര്‍ക്ക് മാധ്യമപ്രവര്‍ത്തനത്തിലേക്ക് കടന്നുവരിക പ്രയാസകരമാണ്.

താങ്കള്‍ മഹാരാഷ്‌ട്രയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്ത 'പെയ്‌ഡ് ന്യൂസ്' പ്രതിഭാസം വിവിധ കോണുകളില്‍നിന്നും വ്യത്യസ്‌തമായ പ്രതികരണങ്ങളുണ്ടാക്കി. ഇത്തരം ചെയ്‌തികള്‍ നിയന്ത്രിക്കണമെന്ന ആവശ്യവും നിലനില്‍ക്കുന്നു. ഇങ്ങനെയുള്ള നിയന്ത്രണവും പത്രപ്രവര്‍ത്തകന്റെ അഭിപ്രായ സ്വാതന്ത്ര്യവും തമ്മിലുള്ള ശരിയായ സമതുലിതാവസ്ഥ എന്താണ്?

എന്താണ് പെയ്‌ഡ് ന്യൂസ് ? ഒരു പ്രത്യേക രാഷ്‌ട്രീയ പ്രചാരണത്തിന്റേയോ വാണിജ്യ പരസ്യത്തിന്റേയോ ഭാഗമായി പണം വാങ്ങി പ്രസിദ്ധീകരിക്കുന്ന വാര്‍ത്തയെന്ന് തോന്നിപ്പിക്കുന്ന പരസ്യമാണത്. പക്ഷേ പണം വാങ്ങി തയ്യാറാക്കിയതാണെന്ന് വായനക്കാരനോട് വെളിപ്പെടുത്തുകയുമില്ല.

നിങ്ങള്‍ ഒരു വ്യാജ ഡോൿടറാണെന്ന് കരുതുക. ആസ്‌ത്‌മയോ ക്ഷയമോ മാറ്റാനുള്ള മരുന്ന് നിങ്ങള്‍ പുറത്തിറക്കുന്നു. ഒരുപക്ഷേ അത് വ്യാജമാകാം. ഞാനൊരു സ്‌റ്റോറി തയ്യാറാക്കുന്നു. ഇതാ ഈ മനുഷ്യന്‍ ആസ്‌ത്‌മക്ക് മരുന്ന് കണ്ടെത്തിയിരിക്കുന്നു. ഇയാള്‍ ജീനിയസ്സാണ്. നിങ്ങളും വാങ്ങുക, രോഗം സുഖപ്പെടുത്തുക... ഇങ്ങനെ. പക്ഷേ ഇത് പ്രസിദ്ധീകരിക്കാന്‍ നിങ്ങളില്‍നിന്നും മൂന്നുലക്ഷം രൂപ ഞാന്‍ വാങ്ങിയത് മറച്ചുവെക്കുന്നു. ഇത് പെയ്‌ഡ് ന്യൂസാണ്.

തെരഞ്ഞെടുപ്പുവേളയില്‍ ഇത്തരം വാര്‍ത്തകള്‍ രണ്ടിരട്ടി അപകടകാരിയാണ്. അത് വായനക്കാരന്റെ അറിവിനെ മാത്രമല്ല, തെരഞ്ഞെടുപ്പിലെ ജനാധിപത്യ അവകാശത്തെയും അപകടപ്പെടുത്തുന്നു. നിങ്ങള്‍ ഒരു തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയാണെങ്കില്‍ നിങ്ങള്‍ തരുന്ന പണത്തെ മുന്‍നിര്‍ത്തി നിങ്ങളെക്കുറിച്ച് നല്ല വാര്‍ത്തകള്‍ മാത്രം ഞാന്‍ നല്‍കുന്നു. നിങ്ങള്‍ എത്രമാത്രം പണം നല്‍കുന്നോ അതിനനുസരിച്ച് നിങ്ങളെ പുകഴ്ത്തി വാര്‍ത്ത നല്‍കും. എതിര്‍സ്ഥാനാര്‍ഥിയുടെ പേരുപോലും വായനക്കാരന്‍ അറിയുക മാധ്യമം വഴി ആക്രമിക്കുമ്പോള്‍ മാത്രമായിരിക്കും. ഇതിനെയാണ് ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി ഇരുതല മൂര്‍ച്ചയുള്ള ആയുധം എന്ന് വിളിച്ചത്. സ്വതന്ത്രവും നീതിയുക്തവും മുന്‍വിധിയില്ലാത്തതുമായ മാധ്യമപ്രവര്‍ത്തനത്തെ പെയ്‌ഡ് ന്യൂസ് നശിപ്പിക്കുന്നു. ജനാധിപത്യ പ്രക്രിയയില്‍ ഇടപെട്ട് ശരിയായതും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പിന് തുരങ്കം വെയ്‌ക്കുന്നു. ഇത് യാതൊരു ഉത്തരവാദിത്വവുമില്ലാതെ വലിയ തോതില്‍ പണം കൈകാര്യം ചെയ്യുന്നതിനെ അനുവദിക്കുന്നു. നമ്മുടെ പത്രങ്ങളിലും ടി വി ചാനലുകളിലും എല്ലാ ദിവസവും പെയ്‌ഡ് ന്യൂസുകള്‍ കാണാന്‍ കഴിയും. ഒന്നോര്‍ക്കുക, If journalism does not wipe out paid news; paid news will wipe out journalism.

അമര്‍ത്യാസെന്‍ ബംഗാള്‍ ക്ഷാമത്തെക്കുറിച്ച് നടത്തിയ ഗവേഷണത്തില്‍ സ്വതന്ത്ര പത്രങ്ങളും മാധ്യമങ്ങളും ഉണ്ടായിരുന്നുവെങ്കില്‍ ക്ഷാമം തടയാമായിരുന്നുവെന്ന് അഭിപ്രായപ്പെടുകയുണ്ടായി. സ്വതന്ത്ര ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തനത്തെ മുമ്പ് സൂചിപ്പിച്ച പ്രസ്‌താവനയുമായി ബന്ധപ്പെടുത്തി താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു? എവിടെയാണ് പിശക് പറ്റിയത് ?

അദ്ദേഹം പറഞ്ഞതില്‍ ചില സത്യങ്ങളുണ്ട്. അതൊരു ചരിത്രകാലത്തെ ശരിയാണ്, ഇന്നത്തേക്കാളെന്നതിലുപരി. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നിലവിലുള്ള രാജ്യങ്ങളില്‍ അവര്‍ ക്ഷാമം ഉണ്ടാകാതെ നോക്കുന്നു.എന്നാല്‍ ചിലയിടങ്ങളില്‍ നിങ്ങള്‍ക്കറിയാത്ത നിലയിലുള്ള ക്ഷാമമുണ്ട്. മറ്റൊന്ന് ഇന്ത്യയില്‍ വലിയൊരു ക്ഷാമമുണ്ടായാല്‍ മാധ്യമങ്ങള്‍ അതിനെ അവഗണിക്കില്ല. ഏകാധിപത്യ രാജ്യത്ത് സര്‍ക്കാര്‍ പറയുന്നതിനനുസരിച്ച് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടിവരും. അപ്പോള്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ ധൈര്യപ്പെട്ടില്ലെന്നും വരും. എന്തായാലും ഇത് വളരെ ലളിതവും ആകര്‍ഷകവുമായ വിശകലനമാണ്. ഒരു പരിധിക്കപ്പുറത്തേക്ക് ഈ വിശകലനത്തെ ഉപയോഗപ്പെടുത്തിക്കൂടാ. ഇത് മാധ്യമങ്ങള്‍ രക്ഷാകര്‍ത്താക്കളാണെന്ന ധാരണയുണ്ടാക്കും. യഥാര്‍ഥത്തില്‍ അവര്‍ അങ്ങനെയല്ല. രണ്ടാമതായി, സ്വതന്ത്ര ഇന്ത്യയില്‍ 1967 ല്‍ ബിഹാറില്‍ ഭീകരമായ ക്ഷാമമുണ്ടായ അനുഭവം നമുക്കുണ്ട്. പക്ഷേ ഭരണാധികാരികള്‍ അതിനെ ക്ഷാമമെന്ന് വിളിച്ചില്ല. അമര്‍ത്യാസെന്‍ പറഞ്ഞത് ശരിയാണ്. നമുക്ക് മുപ്പത് ലക്ഷത്തോളം ജീവനുകള്‍ നഷ്‌ടപ്പെട്ട ബംഗാള്‍ ക്ഷാമത്തെപോലെ മറ്റൊന്നില്ല. അദ്ദേഹമതിനെ ജനാധിപത്യ വ്യവസ്ഥയില്‍ ക്ഷാമമുണ്ടാവില്ലെന്ന തന്റെ സിദ്ധാന്തവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു.

ഞാന്‍ നിങ്ങളുടെ ഹൃദയത്തില്‍ കൊള്ളുന്ന ചില കാര്യങ്ങള്‍ പറയാം. ഇന്ത്യയില്‍ ക്ഷാമവും ക്ഷാമംപോലുള്ള അവസ്ഥയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിനെ ക്ഷാമമെന്ന് പ്രഖ്യാപിച്ചില്ല. ക്ഷാമം കാരണം കൂട്ടമരണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ജില്ലാ കലൿടര്‍മാര്‍ 'ഫാമിന്‍ കോഡ് ' നടപ്പിലാക്കിയ ജില്ലകളെയും പ്രദേശങ്ങളെയും പല സംസ്ഥാനങ്ങളിലും ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരാം. ക്ഷാമം ഉണ്ടാവുകയാണെങ്കില്‍ അതിനനുസരിച്ചുള്ള കാര്‍ഡുകള്‍ വിതരണം ചെയ്യും. അവര്‍ ജനങ്ങളെ രക്ഷിക്കാന്‍ 'ഫാമിന്‍ കോഡ് ' ഇറക്കുന്നു. എന്നാല്‍ ക്ഷാമം പ്രഖ്യാപിക്കാന്‍ അവര്‍ക്കാവില്ല. അവരതിനെ ക്ഷാമാവസ്ഥ എന്ന നിലയില്‍ കൈകാര്യം ചെയ്യുന്നു. അങ്ങനെ പറയുന്നില്ലെന്നുമാത്രം. ഇതൊക്കെ കാണാന്‍ കഴിയുന്ന അസ്വഭാവികതകളാണ്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് വിശാല അര്‍ഥത്തില്‍ ഈ നിലപാട് ശരിയാണെങ്കിലും തത്വത്തില്‍നിന്നുള്ള നിരവധി വ്യതിചലനങ്ങള്‍ കാണാതിരുന്നുകൂടാ. 1993 ല്‍ ഞാന്‍ പലാമു (ബിഹാർ‍)വില്‍ പോയി. അന്നത്തെ കലൿടര്‍ അവിടെ 'ഫാമിന്‍കോഡ് ' പ്രാബല്യത്തിലാക്കിയിരുന്നു. ഞാന്‍ അവിടെ ചെന്നപ്പോള്‍ സ്ഥിതി വളരെ ദയനീയമായിരുന്നു. എന്തിനായിരുന്നു അദ്ദേഹം അങ്ങനെ ചെയ്‌തത് ? ജീവന്‍ രക്ഷിക്കാന്‍ അതാവശ്യമെന്നതിനാലായിരുന്നു. പക്ഷേ അദ്ദേഹം ക്ഷാമമെന്ന് പ്രഖ്യാപിച്ചില്ല. അങ്ങനെ പ്രഖ്യാപിച്ചാല്‍ അടുത്ത ദിവസം തന്നെ സ്ഥലംമാറ്റ ഉത്തരവ് അദ്ദേഹത്തിന്റെ കയ്യിലെത്തും. അപ്പോള്‍ ക്ഷാമം പ്രഖ്യാപിക്കാത്തതില്‍ രാഷ്‌ട്രീയ കാരണങ്ങളുണ്ട്.

ഇപ്പോള്‍ ചില എംഎല്‍എമാര്‍ അവരുടെ മണ്ഡലത്തെ വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടുന്നു, അവിടെ അങ്ങനെയൊന്നില്ലെങ്കിലും. അവര്‍ക്കറിയാം വളരെയേറെ പദ്ധതികളും പണവും ഇതിലൂടെ അവിടെയെത്തും. ചില ജില്ലാ കലക്ടര്‍മാര്‍ അവരുടെ ജില്ലയെ നൿസല്‍ ബാധിത മേഖലയായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടുന്നു. അതുവഴി സാധാരണ നിലയിലുള്ള അക്കൌണ്ടിങ്ങിന് വിധേയമാക്കാത്ത കോടിക്കണക്കിന് രൂപ പൊലീസ് സേനയെ നവീകരിക്കാന്‍ എന്ന പേരില്‍ അവര്‍ക്ക് കിട്ടും.

അമര്‍ത്യാബാബുവിന്റെ വാക്കുകള്‍ ചരിത്രപരമായി നിലനില്‍ക്കും. എന്നാല്‍ അതിനെ അക്ഷരാര്‍ഥത്തില്‍ എടുക്കരുത്. രണ്ടാമതായി, മാധ്യമങ്ങളെക്കുറിച്ച് അദ്ദേഹംതന്നെ എഴുതിയതുപോലെ നിത്യപട്ടിണി മാധ്യമങ്ങള്‍ക്ക് വിഷയമല്ലാതാകുന്നു. വിചിത്രവും അഭൂതപൂര്‍വവുമായതുമാണ് അവര്‍ക്ക് വേണ്ടത്. ക്ഷാമത്തിന് ശ്രദ്ധയാകര്‍ഷിക്കാനാവും. എന്നാല്‍ ഇന്ത്യയുടെ പ്രശ്‌നം ക്ഷാമമല്ല, വലിയ തോതിലുള്ള പട്ടിണിയാണ്. നമ്മുടെ മാധ്യമങ്ങള്‍ ക്ഷാമം അനുവദിക്കില്ല എന്നതില്‍ നമുക്ക് സന്തോഷിക്കാം. എന്നാല്‍ അറുന്നൂറോ എഴുന്നോറോ ലക്ഷം ജനങ്ങളെ നിത്യപട്ടിണിക്കിടാന്‍ അവ അനുവദിക്കും.

ഇന്ത്യന്‍ ജനതയുടെ ഭൂരിഭാഗവും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതേസമയം, കാര്‍ഷിക പ്രതിസന്ധി അതിന്റെ പാരമ്യത്തിലാണ്. ഈ വേദനിക്കുന്ന സത്യം പൊതുമണ്ഡലത്തില്‍ എത്തിക്കുന്നതില്‍ വളരെ പ്രധാന പങ്കാണ് മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ താങ്കള്‍ വഹിച്ചത്. ഇതിനോടുള്ള ഭരണകൂടത്തിന്റേയും രാഷ്‌ട്രീയനേതൃത്വത്തിന്റേയും പ്രതികരണത്തെക്കുറിച്ച് എങ്ങനെ വിലയിരുത്തുന്നു?

ഭരണകൂടം ഒരു വിചിത്ര ജീവിയാണ്. അതെപ്പോഴും പാവങ്ങള്‍ക്ക് ആശ്വാസമേകുന്നതിനെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും. വിദര്‍ഭയിലെ കര്‍ഷക ആത്മഹത്യയെക്കുറിച്ചുള്ള 'ഹിന്ദു'വിന്റെ റിപ്പോര്‍ട്ടിനുശേഷം പ്രധാനമന്ത്രി അവിടം സന്ദര്‍ശിച്ചു. ഇപ്പോള്‍ അവിടുത്തെ സാഹചര്യം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുമ്പുള്ളതിനേക്കാള്‍ ഏറെ മെച്ചപ്പെട്ടു. കാരണം ഒന്നോ രണ്ടോ നടപടികളിലൂടെ ചില അടിയന്തര സഹായം എത്തിച്ചു. എന്നാല്‍ ഈ ദുരിതം വിതക്കുന്ന നയം തിരുത്താന്‍ തയ്യാറായില്ല. ദുരിതാശ്വാസ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നു. അതിന് കാരണമായ കര്‍ഷകവിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ പിന്തുടരുകയും ചെയ്യുന്നു. ഇത് വെള്ളം തുറന്നുവിട്ട് ധാന്യമാവ് ഉണക്കാന്‍ ശ്രമിക്കുന്നതുപോലെയാണ്. അത് പരാജയപ്പെടും. താല്‍ക്കാലിക സഹായം ഇതുകൊണ്ട് ഉണ്ടാകുമെങ്കിലും പിന്നീട് നയങ്ങള്‍ തന്നെ നാശം വിതയ്‌ക്കും. വരള്‍ച്ചയും വെള്ളപ്പൊക്കവും മൂലമുണ്ടാകുന്ന നാശങ്ങള്‍ നിങ്ങള്‍ക്ക് പരിഹരിക്കാനാവും. എന്നാല്‍ ദീര്‍ഘകാല നയത്തിന്റെ ഭാഗമായുള്ള നാശങ്ങള്‍ പരിഹരിക്കുക പ്രയാസമായിരിക്കും.

നിങ്ങള്‍ എന്ത് പരിഹാരം കണ്ടാലും അതിന്റെ ഫലം താല്‍ക്കാലികവും ക്ഷണികവുമാണ്. പിന്നീട് അത് പഴയ അവസ്ഥയിലാകും. പട്ടിണി പടരുകയും ജനങ്ങള്‍ ക്ഷുഭിതരാവുകയും ചെയ്‌ത 2004 ല്‍ എന്തായിരുന്നു സംഭവിച്ചത്. ഡോ. എം എസ് സ്വാമിനാഥന്റെ കീഴില്‍ ഒരു ദേശീയ കമീഷന്‍ രൂപീകരിച്ചു. അവര്‍ നിരവധി ശുപാര്‍ശകള്‍ സമര്‍പ്പിച്ചു. എന്നാല്‍ അതില്‍ ഒന്നുപോലും സര്‍ക്കാര്‍ നടപ്പാക്കിയില്ല. അവര്‍ കമീഷനുകളുണ്ടാക്കുന്നു. അതില്‍ പ്രഗല്‍ഭമതികളെ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ അവരുടെ നിര്‍ദേശങ്ങളെ തീര്‍ത്തും അവഗണിക്കുന്നു. ദേശീയ കര്‍ഷക കമീഷന്റെ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ ശ്രീമാന്‍ ശരത് പവാര്‍ ഇതുവരെ ഒരു നീക്കവും നടത്തിയിട്ടില്ല. കാര്‍ഷിക പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌ത ഒരാളുടെ വീടുപോലും ശരത്പവാര്‍ സന്ദര്‍ശിച്ചില്ല. അദ്ദേഹമാണ് രാജ്യത്തിന്റെ കാര്‍ഷിക വകുപ്പുമന്ത്രി. ഇദ്ദേഹം ഐപിഎല്‍ ഫൈനൽ‍, ഐപിഎല്‍ സെമിഫൈനൽ‍, ഐപിഎല്‍ വൺ‍, ഐപിഎല്‍ ടു ഇതെല്ലാം കാണാന്‍ ദര്‍ബണില്‍ (ദക്ഷിണാഫ്രിക്ക) വരെ പോകുന്നു. പക്ഷേ അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനമായ മഹാരാഷ്‌ട്രയില്‍ ആത്മഹത്യ ചെയ്‌ത ഒരു കര്‍ഷകന്റെ വീട്ടില്‍പോലും അദ്ദേഹം പോയില്ല. ഇത്തരക്കാരാണ് നമ്മുടെ രാജ്യത്തെ നയിക്കുന്നത്.

വര്‍ധിച്ചുവരുന്ന വാണിജ്യവല്‍ക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു മാധ്യമ മേഖലയിലാണ് താങ്കള്‍ പ്രവര്‍ത്തിക്കുന്നത്. സ്വന്തം ആദര്‍ശങ്ങള്‍ മുറുകെപ്പിടിക്കുന്ന ഒരു പത്രപ്രവര്‍ത്തകന്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ച് വിശദീകരിക്കാമോ?

ഞാന്‍ കരുതുന്നു ഞാന്‍ ഭാഗ്യവാനാണെന്ന്. പത്തുപതിനാല് വര്‍ഷത്തെ സ്വതന്ത്ര പത്രപ്രവര്‍ത്തനം. 'ഹിന്ദു'വിലാകട്ടെ എനിക്ക് വളരെയേറെ സ്വാതന്ത്ര്യമാണ് തരുന്നത്. ഇന്ന് ഞാന്‍ എവിടെയാണെന്നതുപോലും അവര്‍ക്കറിയില്ല. പത്തര വര്‍ഷക്കാലം ആര്‍ കെ കരണ്‍ജിയയോടൊപ്പം 'ബ്ളിറ്റ്സി'ല്‍ പ്രവര്‍ത്തിച്ചു. അവിടെയും എനിക്ക് അവിശ്വസനീയമായ സ്വാതന്ത്ര്യം തന്നിരുന്നു. എന്റേത് ഒരു ഉദാഹരണമോ നിയമമോ ആയി കാണരുത്, അതൊരു അപവാദമാണ്. മാധ്യമങ്ങളുടെ വാണിജ്യനീതിയുടെ ആക്രമണത്തെ അതിജീവിക്കുക എന്നത് ഇന്ന് പത്രപ്രവര്‍ത്തകന് ഏറെ പ്രയാസകരമാണ്.

കാന്‍ ചലച്ചിത്രോല്‍സവം റിപ്പോര്‍ട്ട് ചെയ്യാന്‍ ടി വി ചാനലുകള്‍ അവരുടെ റിപ്പോര്‍ട്ടര്‍മാരുടെയും ക്യാമറക്കാരുടെയും വലിയ പടയെതന്നെ അയക്കുന്നു. പക്ഷേ അവര്‍ അവിടെ അവലോകനം ചെയ്യുന്നത് ചലച്ചിത്രോല്‍സവത്തെയല്ല, അവിടെയെത്തിയ ഐശ്വര്യ റോയിയെയാണ്. ഇതാണ് വാണിജ്യനീതി. ഈ യാത്രക്കുവേണ്ടി കോടികളാണ് അവര്‍ ചെലവഴിക്കുന്നത്. എന്നാല്‍ അവരുടെ കേന്ദ്ര ഓഫീസ് സ്ഥിതിചെയ്യുന്ന മുംബൈയില്‍നിന്ന് ഏറെയൊന്നും കിലോമീറ്ററുകള്‍പോലും അകലെയല്ലാത്ത മറാത്ത്‌വാഡയിലെ കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരാളെപോലും അയക്കുന്നില്ല. ഇതിനാവശ്യമാകുന്ന തുകയാകട്ടെ ആയിരമോ രണ്ടായിരമോ രൂപ മാത്രം.ഇതാണ് പത്രപ്രവര്‍ത്തനത്തിലെ വാണിജ്യനീതി. ഇതുപോലുള്ള നൂറുകണക്കിന് ഉദാഹരണങ്ങള്‍ എനിക്ക് നല്‍കാന്‍ കഴിയും. ഇങ്ങനെയൊരു സാഹചരത്തില്‍ എന്താണൊരു മാധ്യമപ്രവര്‍ത്തകന്‍ ചെയ്യുക?

ദന്തേവാഡ കൂട്ടക്കൊല നടന്ന് നാലഞ്ചുദിവസത്തെ പല പത്രങ്ങളും ഞാന്‍ കാണുകയുണ്ടായി. ഞാന്‍ അന്ന് മറാത്ത്‌വാഡയിലായിരുന്നു. അവിടെ നിന്ന് ബസില്‍ മുംബൈയിൽ‍. പിന്നീട് വിമാനത്തില്‍ കൊല്‍ക്കത്തയിൽ‍. വീണ്ടും അവിടെ നിന്ന് വിമാനത്തില്‍ ഡല്‍ഹിക്ക്. എന്തായിരുന്നു എല്ലാ പത്രങ്ങളുടെയും മുന്‍പേജിൽ‍. സാനിയ മിര്‍സയും ഷൊഹ്യ്ബും. അതിന് മറാത്തി, ബംഗാളി. ഹിന്ദി, ഇംഗ്ളീഷ് എന്ന വ്യത്യാസമുണ്ടായിരുന്നില്ല. ദന്തേവാഡക്കുമാത്രം സാനിയയെയും ഷൊഹ്യ്ബിനെയും മുന്‍പേജില്‍നിന്ന് മാറ്റാന്‍ സാധിച്ചു. ദന്തേവാഡ സംഭവത്തിനുശേഷം അവരിരുവരും മുന്‍പേജിലേക്ക് വന്നു. അതാണ് വാണിജ്യപരമായ സദാചാരം.

ഒരു പത്രപ്രവര്‍ത്തകന്‍ എങ്ങനെ ഇതിനോട് പൊരുതും? ഒരു പത്രപ്രവര്‍ത്തകന്റെ മുന്നിലെ വെല്ലുവിളി സ്വകാര്യകോളത്തില്‍ എങ്ങനെ പൊതു ഇടം വര്‍ധിപ്പിക്കാമെന്നതാണ്. നിങ്ങള്‍ ഉയര്‍ത്തുന്ന വിഷയത്തിന് ഇടം കിട്ടുന്നവിധം എങ്ങനെ നിങ്ങള്‍ക്ക് വാദിക്കാന്‍ കഴിയും. നിങ്ങള്‍ സ്വയം എങ്ങനെ ആ മാധ്യമത്തിന്റെ അനിവാര്യഘടകമായി മാറും. ഇതൊക്കെയാണ് ഒരു നല്ല മാധ്യമപ്രവര്‍ത്തകന്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ‍. ഇതൊരു ദൈനംദിന പോരാട്ടമാണ്. പല യുദ്ധങ്ങളിലും നിങ്ങള്‍ തോറ്റുപോയേക്കാം. എന്നാല്‍ വിജയവും വരും. പക്ഷേ പരാജയസാധ്യത കാണാതിരിക്കാനും പാടില്ല. വിജയത്തിലേക്ക് കുറുക്കുവഴികളില്ല. അങ്ങനെയൊന്നുണ്ടെങ്കില്‍ പോരാട്ടത്തിന്റെ ആവശ്യമില്ല. നമ്മള്‍ തമ്മില്‍ ഇങ്ങനെയൊരു ചര്‍ച്ചയും ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് വളരെയേറെ പ്രയാസകരമെങ്കിലും ഇത് സാധ്യമാണ്.

വിദ്യാര്‍ഥികളും യുവാക്കളുമാണ് മാധ്യമ സ്വാധീനത്തിന് ഏറ്റവും അധികം വിധേയരാവുന്നത്. അവരുടെ ജീവിത ശൈലിയിലും തീരുമാനത്തിലും അത് പ്രതിഫലിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയെ എങ്ങനെ നോക്കിക്കാണുന്നു?

ഇത് പല തലങ്ങളിലായി നടക്കുന്നു. കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷമായി ഞാന്‍ ജേര്‍ണലിസം പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇന്നും എന്നെ അതിശയിപ്പിക്കുന്ന വസ്‌തുത മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നവര്‍ പലരും ആദര്‍ശവാദികളാകുന്നു എന്നതാണ്. നിങ്ങള്‍ക്ക് പണമാണ് ആവശ്യമെങ്കില്‍ പരസ്യത്തിലേക്ക് തിരിയാം. എന്തുകൊണ്ടാണ് മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് വരുന്നത് ? അവര്‍ക്ക് അവരുടേതായ ആദര്‍ശങ്ങളുണ്ട്. അവര്‍ തനതായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. യുവജനങ്ങള്‍ ലോകത്തെ മാറ്റിത്തീര്‍ക്കാന്‍ ആഗ്രഹിക്കുന്നു. അവര്‍ സാമൂഹ്യ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ആഗ്രഹിക്കുന്നു. സാധാരണക്കാരുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടവര്‍ ജേര്‍ണലിസത്തിലേക്ക് വരുന്നു. പിന്നീട് അവര്‍ പത്രങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ ക്രൂരമായ പരിഹാസത്തെ നേരിടേണ്ടിയും വരുന്നു.

അടിച്ചമര്‍ത്തലുകളെ, കുടിയിറക്കലുകളെ, പോഷകാഹാരക്കുറവിനെപ്പറ്റി എഴുതാന്‍ ആഗ്രഹിച്ചുവരുന്ന പത്രപ്രവര്‍ത്തകന്‍ 'ആക്റ്റിവിസ്റ്റ് ' എന്ന് മുദ്രകുത്തപ്പെടും. അവര്‍ പറയും അയാളൊരു ജേര്‍ണലിസ്റ്റ് അല്ലെന്ന്. അയാള്‍ മധ്യപ്രദേശില്‍ പോയി പട്ടിണിയെക്കുറിച്ച്, വിദര്‍ഭയില്‍പോയി കര്‍ഷക ആത്മഹത്യയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്‌തുവെന്നിരിക്കട്ടെ അപ്പോഴും അയാളെ വിളിക്കുക 'ആക്റ്റിവിസ്റ്റ് ' എന്നുതന്നെയായിരിക്കും. എന്നാല്‍ ഇതേ മുറിയില്‍ ഇരുപത് വര്‍ഷമായി ഓഫീസ് സമയത്തിനിടെ ഒരിക്കല്‍പോലും പുറത്തിറങ്ങാതെ മറ്റൊരാളിരിക്കുന്നു. എല്ലാ ദിവസവും കോര്‍പറേറ്റുകളുടെ, വ്യവസായികളുടെ പത്രക്കുറിപ്പിനെ അയാള്‍ വാര്‍ത്തയാക്കി മാറ്റുന്നു. അയാളാകട്ടെ 'പ്രൊഫഷണൽ ‍' എന്ന് വിളിക്കപ്പെടും. കാരണം, കോര്‍പറേറ്റ് മാധ്യമലോകം ആഗ്രഹിക്കുന്നതെന്തോ അതാണ് അയാള്‍ പറയുന്നത്. സാമൂഹ്യപ്രശ്‌നങ്ങളെക്കുറിച്ച് എഴുതുന്നയാള്‍ നിര്‍വഹിക്കുന്നത് കോര്‍പറേറ്റുകളുടെ താല്‍പര്യമല്ല. അതുകൊണ്ടാണയാളെ 'ആക്റ്റിവിസ്റ്റ് ' എന്ന് വിളിക്കുന്നത്. കോര്‍പറേറ്റ് മീഡിയക്കായി വാര്‍ത്തകള്‍ ചമക്കുന്നവരെ നമ്മള്‍ 'കോര്‍പറേറ്റ് ആക്റ്റിവിസ്റ്റ് ' എന്ന് വിളിക്കണം. ഇരുപത് വര്‍ഷമായി അങ്ങനെ പ്രവര്‍ത്തിക്കുന്നയാളെ എന്തുകൊണ്ട് നമ്മള്‍ അങ്ങനെ വിളിക്കുന്നില്ല? നമ്മള്‍ നേരിന്റെ അര്‍ഥം തലകീഴാക്കിയിരിക്കുന്നു. പകര്‍ത്തിയെഴുത്തിനെ മാധ്യമപ്രവര്‍ത്തനമായും അത്തരക്കാരെ 'പ്രൊഫഷണൽ ‍' എന്നും വിളിക്കുന്നു. ജനജീവിത പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നവവര്‍ സ്ഥിരബുദ്ധിയില്ലാത്തവര്‍ എന്ന് മുദ്രകുത്തപ്പെടാം. കോര്‍പറേറ്റ് ലോകത്തിന്റെ പ്രത്യയശാസ്‌ത്രത്തിന് മാധ്യമമേഖലയിലുള്ള സ്വാധീനമാണത്. ഇവിടെ വെളുപ്പ് കറുപ്പാകുന്നു, കറുപ്പ് വെളുപ്പാകുന്നു.

മാധ്യമങ്ങളുടെ യഥാര്‍ഥ ജനാധിപത്യവല്‍ക്കരണത്തിനും ജനതയുടെ യഥാര്‍ഥ താല്‍പര്യം പ്രകടിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കും വേണ്ടി സമൂഹത്തിലെ പുരോഗമന ചേരിക്ക് എന്ത് ചെയ്യാനാവും?

ആദ്യം തന്നെ പറയട്ടെ. ഉത്തരം നിങ്ങളുടെ ചോദ്യത്തില്‍ തന്നെയുണ്ട്. മാധ്യമങ്ങളുടെ ജനാധിപത്യവല്‍ക്കരണത്തിനുള്ള ശ്രമമുണ്ടാകണം. ജനാധിപത്യത്തിന്റേയോ സുതാര്യതയുടേയോ നിയമങ്ങളില്‍നിന്നും മാധ്യമങ്ങളെ ഒരിക്കലും ഒഴിച്ചുനിര്‍ത്താനാവില്ല. ഇന്ന് മാധ്യമങ്ങള്‍ എല്ലായിടത്തും രാഷ്‌ട്രീയപ്രവര്‍ത്തകരുടെമേല്‍ വിവരാവകാശനിയമം പ്രയോഗിക്കുകയാണ്. അതില്‍ തെറ്റില്ലതാനും. അശോക് ചവാന്റെ തെരഞ്ഞെടുപ്പ് കണക്കുകള്‍ വിവരാവകാശ നിയമം ഉപയോഗിച്ചാണ് ഞാന്‍ എടുത്തത്. അതിനെക്കുറിച്ച് ഞാന്‍ എഴുതിയിട്ടുണ്ട്. മാധ്യമങ്ങള്‍ ഇത് ഉപയോഗിച്ച് രാഷ്‌ട്രീയ പ്രവര്‍ത്തകരെ സംബന്ധിച്ചും മറ്റുമുള്ള വിവരങ്ങള്‍ എടുക്കുന്നു. അപ്പോള്‍ മാധ്യമങ്ങള്‍ക്കും സുതാര്യത വേണം. അവര്‍ എന്തുചെയ്യുന്നു? എങ്ങനെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു? എത്രത്തോളം പണം വരുന്നു, അതാരില്‍നിന്ന് ? എവിടെ നിന്ന് ? ഇതെല്ലാം അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. മാധ്യമങ്ങളെ എന്തുകൊണ്ട് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു? തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു രാഷ്‌ട്രീയപാര്‍ടി നിങ്ങള്‍ക്ക് പണം നല്‍കിയെന്നിരിക്കട്ടെ, അത് അറിയാനുള്ള സ്വാതന്ത്ര്യം വായനക്കാര്‍ക്കുണ്ട്. അത് വിവരാവകാശനിയമത്തിന്‍ കീഴില്‍ വരണം.

ജനങ്ങള്‍ കുത്തകാധിപത്യത്തിനെതിരെ പൊരുതണം. എല്ലാവരുടെ ശബ്‌ദത്തിനും മാധ്യമങ്ങളില്‍ ഇടം കിട്ടണം. നമ്മള്‍ മാധ്യമമേഖലയിലെ പൊതുസംരംഭത്തെ പിന്താങ്ങുകയും ശക്തിപ്പെടുത്തുകയും വേണം. പല നല്ല രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്കും ലോൿസഭ ടി വി വേദിയാകുന്നുണ്ട്. മറ്റ് പല ചാനലുകളിലെയും വിഡ്‌ഢികളില്‍നിന്നും വ്യത്യസ്‌തമായി ലോൿസഭ ടി വിയില്‍ ചോദ്യകര്‍ത്താക്കള്‍ക്ക് സാമാന്യ രാഷ്‌ട്രീയ ധാരണയുണ്ടാകും.

പ്രമുഖ ചാനലുകള്‍ക്ക് മിക്കപ്പോഴും കിട്ടുന്നത് നേരിയ ധാരണപോലും ഇല്ലാത്തവരെയാണ്. ദന്തേവാഡ ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ മാപ്പ് നിങ്ങള്‍ കാണിക്കുകയാണെങ്കില്‍ അതില്‍ ദന്തേവാഡയെ കണ്ടെത്താന്‍ അവര്‍ക്കാവില്ല. ചരിത്ര പശ്ചാത്തലമോ രാഷ്‌ട്രീയധാരണയോ ഇല്ലാതെയാണ് അവര്‍ ചോദ്യം ചോദിക്കുക. മികച്ച രാഷ്‌ട്രീയ ചര്‍ച്ചകള്‍ ലോൿസഭ ടി വിയില്‍ എനിക്ക് കാണാന്‍ കഴിഞ്ഞു. സോമനാഥ് ചാറ്റര്‍ജിയുടെ സ്വാധീനം അതിനൊരു കാരണമായിട്ടുണ്ട്. അദ്ദേഹം കാരണമെന്തുതന്നെയായാലും അങ്ങനെയൊരു ഇടം ഒരുക്കി. അതൊരു നല്ല കാര്യമായിരുന്നു. പണം ഉണ്ടാക്കാനായിരുന്നില്ല ആ ചാനല്‍ ആരംഭിച്ചത്. വാണിജ്യപരമായ താല്‍പര്യങ്ങള്‍ അതിനില്ല. ചില സമയങ്ങളില്‍ ചില രാഷ്‌ട്രീയ കാരണങ്ങളാല്‍ അസംബന്ധം നിറയാറുണ്ടെങ്കിലും മറ്റ് സമയങ്ങളില്‍ ഗൌരവപ്പെട്ട ചര്‍ച്ചകള്‍ തന്നെയാണ് നടക്കാറുള്ളത്.

മാധ്യമ ജനാധിപത്യവല്‍ക്കരണത്തിന് മാധ്യമമേഖലയില്‍ ശക്തമായ പൊതുസംരംഭങ്ങളുണ്ടാവണം. കേന്ദ്രത്തിന്റെ കയ്യില്‍ വലിയ ചാനല്‍ ഉണ്ടായിക്കോട്ടെ. ഒപ്പം സംസ്ഥാനങ്ങള്‍ക്കും അവരുടേതായ ചാനലുകള്‍ ഉണ്ടാവണം. ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്വതന്ത്രമായതും പൊതുഉടമയിലുള്ളതുമായ മാധ്യമങ്ങള്‍ വേണം.

നിങ്ങള്‍ നിങ്ങളുടെ ജനാധിപത്യ അവകാശത്തെ സംരക്ഷിക്കുന്നില്ലെങ്കില്‍ അവ നഷ്‌ടമാകും. നിങ്ങള്‍ക്കായി അത് കാത്തിരിക്കില്ല. ജനാധിപത്യപ്രക്രിയ ഉള്ളതുകൊണ്ട് മാത്രമായില്ല. നിങ്ങള്‍ അതിനെ ദൈനംദിനം വിലയിരുത്തണം. അവകാശത്തിനായുള്ള പോരാട്ടം തുടരുകയും വേണം. സമൂഹത്തിലെ ജനാധിപത്യവല്‍ക്കരണത്തിനെന്നപോലെ മാധ്യമങ്ങളുടെ ജനാധിപത്യവല്‍ക്കരണത്തിനും പൊരുതണം. മറ്റൊന്ന്, തീവ്രമായ കുത്തകാധിപത്യ പ്രവണതകള്‍ക്കെതിരെ നിയമനിര്‍മാണത്തിന് ആവശ്യപ്പെടുകയും വേണം.

അമേരിക്ക ഒഴികെ എല്ലാ പ്രധാന പാശ്ചാത്യരാജ്യങ്ങള്‍ക്കും പൊതുഉടമയിലുള്ള മികച്ച മാധ്യമങ്ങള്‍ ഉണ്ട്. ആസ്‌ത്രേലിയയിലെ എ ബി സി, കാനഡയിലെ സി ബി സി, ബ്രിട്ടനിലെ ബിബിസി ഇവ ഈ ഗണത്തില്‍പെടും. അമേരിക്കയിലുണ്ടായിരുന്ന മികച്ച മാധ്യമങ്ങളായ നാഷണല്‍ പബ്ളിക് റേഡിയോയും മറ്റും യാഥാസ്ഥിതിക സമ്മര്‍ദം തകര്‍ത്തുകളഞ്ഞു. മാധ്യമത്തിന്റെ ഉള്ളടക്കത്തില്‍ പ്രതിഷേധിക്കാനും ഉള്ളടക്കമെന്താകണമെന്ന് ആവശ്യപ്പെടാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്. കാരണം മാധ്യമങ്ങള്‍ ഉണ്ടാക്കിയത് ജനങ്ങളാണ്, ഓഹരി ഉടമകളല്ല. അത് സ്വാതന്ത്ര്യസമരത്തിന്റെ സൃഷ്ടിയാണ്. നിങ്ങളും ആ മഹത്തായ പാരമ്പര്യത്തിന്റെ അവകാശിയാണ്. Journalism is for the people, not for the share holders. അതുകൊണ്ട് ഇവിടെ എല്ലാവര്‍ക്കും അവരുടെ വീക്ഷണങ്ങള്‍ പ്രകടിപ്പിക്കാനും മാധ്യമപ്രവര്‍ത്തനത്തിൽ പങ്കാളിയാവാനും അവകാശമുണ്ട്. സ്വകാര്യതാല്‍പര്യത്തിന്റെ സങ്കുചിത മേഖലകള്‍ക്കായി അതിനെ തീറെഴുതാനാവില്ല.

മുഖ്യധാരാ മാധ്യമങ്ങള്‍ നവഉദാരീകരണ ശക്തികളുടെ കൈപ്പിടിയില്‍ ഒതുങ്ങുന്ന ഈ കാലഘട്ടത്തില്‍ ബദല്‍ മാധ്യമ സാധ്യതയെ എങ്ങനെ നോക്കിക്കാണുന്നു?

ഇന്ത്യക്ക് ബദല്‍ മാധ്യമങ്ങളുടെ നീണ്ട പാരമ്പര്യമാണുള്ളത്. ഇന്നതെ മുഖ്യധാരാ മാധ്യമങ്ങള്‍ 1947 വരെ ബദല്‍ മാധ്യമങ്ങളായിരുന്നു. കാരണം, അത് ബ്രിട്ടീഷ് സാമ്രാജ്യത്വമാധ്യമത്തിന് ബദലായിരുന്നു. എന്നാല്‍ കഴിഞ്ഞ മുപ്പത്-നാല്‍പത് വര്‍ഷത്തിനിടെ മാധ്യമങ്ങള്‍ ഒരു ചെറിയ വരേണ്യവിഭാഗത്തിന്റെ കൈകളിലായി. ഇതുകാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബദല്‍മാധ്യമങ്ങള്‍ മുളപൊട്ടി. ഒരുമേഖലയില്‍ മാത്രം ഒതുങ്ങി പ്രവര്‍ത്തിക്കുന്ന ആഡംബരം നമുക്ക് ആവശ്യമില്ലെന്ന് എനിക്ക് തോന്നി. എല്ലാ മേഖലയിലും നമുക്ക് പൊരുതേണ്ടതുണ്ട്. ഞാന്‍ ബദല്‍മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും ഒരുപോലെ ഇടപെടും. ഞാന്‍ മുഖ്യധാരാ മാധ്യമപ്രവര്‍ത്തനത്തെ പൂര്‍ണമായും ഉപേക്ഷിച്ച് അതിനെ അതിന്റെ മുതലാളിമാര്‍ക്ക് മൊത്തമായും വിട്ടുകൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞാനെന്തിന് അവരുടെ ജീവിതം സന്തോഷകരമാക്കണം. മുഖ്യധാരാ മാധ്യമങ്ങളില്‍ നിങ്ങളുടെ അവകാശത്തിന് പൊരുതുക. ബദല്‍ മാധ്യമങ്ങള്‍ക്കുള്ള നിങ്ങളുടെ പിന്തുണ തുടരുകയും ചെയ്യുക.

ഞാന്‍ രാവിലെ പറഞ്ഞപോലെ മാധ്യമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നവര്‍ ചുരുങ്ങിയത് മൂന്ന് ബദല്‍ പ്രസിദ്ധീകണങ്ങളുടെയെകിലും വരിക്കാരനാകണം. ഇത്തരം ആനുകാലികങ്ങള്‍ നടത്തുന്നത് വളരെ ചെറിയ മുതല്‍മുടക്കുമായാണ്. എന്നാല്‍ അവരതില്‍ പ്രസക്തമായ അറിവുകള്‍ നല്‍കുന്നു. മാധ്യമങ്ങളെക്കുറിച്ച് വിമര്‍ശനമുള്ളവരോട് എന്റെ ചോദ്യം നിങ്ങള്‍ ഇ പി ഡബ്ള്യൂ വരിക്കാരനാണോ? നിങ്ങള്‍ ഫ്രണ്ട്ലൈന്‍ വരിക്കാരനാണോ? ഇതുപോലെ നിരവധി ആനുകാലികങ്ങളുണ്ട്. അവയില്‍ ഏതിന്റേയെങ്കിലും വരിക്കാരനാണോ എന്നതാണ്. സാമ്പത്തിക നഷ്‌ടം സഹിച്ചും അവ വിലപ്പെട്ട അറിവ് പ്രദാനം ചെയ്യുന്നു. നമ്മള്‍ അവയെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യണം.

*
pragoti യില്‍ പ്രസിദ്ധീകരിച്ച പി.സായ്നാഥുമായുള്ള അഭിമുഖത്തിന്റെ മലയാള ഭാഷാന്തരം

കടപ്പാട്: ചിന്ത വാരിക ചിത്രങ്ങള്‍ക്ക് കടപ്പാട് : ദി ഹിന്ദു, pragoti