Tuesday, June 8, 2010

ദുരന്തബാധിതര്‍ക്ക് നീതിയെവിടെ?

ഭോപാല്‍ ദുരന്തക്കേസിലെ വിചാരണക്കോടതിവിധി അപ്രതീക്ഷിതമല്ല. 23 വര്‍ഷം നീണ്ട വിചാരണ പൂര്‍ത്തിയാക്കിയപ്പോള്‍ മല എലിയെ പ്രസവിച്ചതുപോലെയായി. ഇരുപതിനായിരത്തിലേറെ മനുഷ്യജീവന്‍ കവര്‍ന്ന വാതകചോര്‍ച്ച കേസില്‍ ഭോപാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് മോഹന്‍ തിവാരി അടച്ചിട്ട കോടതിമുറിയില്‍ തിങ്കളാഴ്ച പ്രസ്താവിച്ച വിധിന്യായത്തില്‍ എട്ടു പ്രതികളും കുറ്റംചെയ്തതായി കണ്ടെത്തി. ഒരാള്‍ വിചാരണയ്ക്കിടെ മരണമടഞ്ഞിരുന്നു. ശേഷിച്ച ഏഴുപേര്‍ക്ക് രണ്ടുവര്‍ഷംവീതം തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. യൂണിയന്‍ കാര്‍ബൈഡിന് അഞ്ചുലക്ഷം രൂപ പിഴശിക്ഷയും. രാജ്യം കണ്ട ഏറ്റവും കൊടിയ വിഷവാതക ദുരന്തത്തിനുത്തരവാദികളായവര്‍ക്ക് കാല്‍നൂറ്റാണ്ടിനുശേഷം കിട്ടുന്ന ശിക്ഷ!

1984 ഡിസംബര്‍ രണ്ടിന് രാത്രിയാണ് മധ്യപ്രദേശിലെ ഭോപാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍നിന്ന് വിഷവാതകം ചോര്‍ന്നത്. ഡിസംബര്‍ ആറിന് കേസ് ഏറ്റെടുത്ത സിബിഐ 1987 ഡിസംബര്‍ ഒന്നിന് കുറ്റപത്രം സമര്‍പ്പിച്ചു. 12 പേരാണ് പ്രതിപ്പട്ടികയിലുണ്ടായത്. അമേരിക്കന്‍ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷന്റെ അന്നത്തെ ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്സനാണ് ഒന്നാംപ്രതി. യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ചെയര്‍മാന്‍ കേശുബ് മഹീന്ദ്ര രണ്ടാംപ്രതിയും. ആന്‍ഡേഴ്സനെ ഹാജരാക്കാന്‍ ഇതുവരെ അന്വേഷകര്‍ക്ക് സാധിച്ചില്ല. പിടിക്കാന്‍ കഴിഞ്ഞില്ല; ഗൌരവമായി ശ്രമിച്ചതുമില്ല. 178 പ്രോസിക്യൂഷന്‍ സാക്ഷികളെയും പ്രതിഭാഗത്തുനിന്ന് എട്ടുപേരെയും വിചാരണചെയ്തു. ഇതുമായി ബന്ധപ്പെട്ട് 3008 രേഖയും കോടതിയില്‍ ഹാജരാക്കി. എല്ലാം കഴിഞ്ഞ് ഇപ്പോള്‍ വിധി വന്നപ്പോള്‍ ഒന്നാംപ്രതി ആന്‍ഡേഴ്സനെക്കുറിച്ച് അതില്‍ പരാമര്‍ശംപോലുമില്ല. വിധി വന്നയുടന്‍, ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റിസ് ജ. കെ ജി ബാലകൃഷ്ണന്‍ പ്രതികരിച്ചത്, "വൈകിവന്ന വിധി'' എന്നാണ്.
ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്റെയും അന്വേഷണ ഏജന്‍സികളുടെയും ദുരവസ്ഥയാണ് ഈ കേസിന്റെ വിചാരണയും വിധിയും സൂചിപ്പിക്കുന്നത് എന്നുപറയാതെ വയ്യ. യഥാര്‍ഥത്തില്‍ ഭോപാല്‍ ദുരന്തത്തിന് ഇരയായവരോട് യൂണിയന്‍ കാര്‍ബൈഡ് കമ്പനി കാണിച്ച കൊടുംപാതകത്തിന്റെ അതേ ഗൌരവമുള്ള വഞ്ചനയാണ് ഇന്നാട്ടിലെ ഭരണാധികാരികളും കാണിച്ചത്. ഭോപാലില്‍ ശാസ്ത്രീയ അന്വേഷണത്തിന് വരദരാജന്‍കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ആ കമ്മിറ്റി കണ്ടെത്തിയത്, ഒരുതരത്തിലുമുള്ള സുരക്ഷാ മാനദണ്ഡവും കമ്പനി പാലിച്ചിരുന്നില്ലെന്നും അതുകൊണ്ടുമാത്രമാണ് ഇത്രയും ഭീകരമായ അപകടമുണ്ടായതെന്നുമാണ്. അങ്ങനെ റിപ്പോര്‍ട്ടെഴുതിയ മുതിര്‍ന്ന ശാസ്ത്രജ്ഞനെ ടെലിഫോണിലൂടെ സ്ഥലംമാറ്റി അപ്രധാന തസ്തികയിലേക്ക് ഒതുക്കാനാണ് അന്നത്തെ ഭരണം തയ്യാറായത്. കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍തന്നെ രംഗത്തിറങ്ങി യൂണിയന്‍ കാര്‍ബൈഡിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നെന്ന് ശക്തമായ ആരോപണം അന്നുയര്‍ന്നിരുന്നു.

ഭോപാലില്‍ ഉറങ്ങിക്കിടന്ന ആയിരങ്ങളുടെ മരണം മാത്രമല്ല സംഭവിച്ചത്. തലമുറകള്‍തന്നെ ദുരന്തത്തിനിരയായി. വാതകദുരന്തത്തിനുശേഷം ജനിച്ചുവീണ കുഞ്ഞുങ്ങള്‍ രോഗബാധിതരും അംഗവിഹീനരുമൊക്കെയാണ്. ദുരിതം ഇന്നും തുടരുന്നു. ഒരാള്‍ക്ക് ലഭിച്ച ഏറ്റവും വലിയ നഷ്ടപരിഹാരം നാലുലക്ഷം രൂപയാണ്. ദുരിതമനുഭവിക്കുന്ന ആയിരങ്ങള്‍ക്ക് ഒരുപൈസപോലും ലഭിച്ചില്ല. യൂണിയന്‍ കാര്‍ബൈഡ് കമ്പനിയെ നിയമപരമായ ബാധ്യതകളില്‍നിന്ന് രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വലിയതോതില്‍ നടന്നു. അതിന്റെയെല്ലാം തുടര്‍ച്ചയാണ് ലോകത്തെ നടുക്കിയ ദുരന്തം സംബന്ധിച്ച കേസില്‍ ഇപ്പോള്‍ വന്ന വിധി. ഇന്നാട്ടില്‍ ആണവദുരന്തമുണ്ടായാല്‍ അതിന്റെ ബാധ്യതയില്‍നിന്ന് അമേരിക്കന്‍കമ്പനികളെ ഒഴിവാക്കാനുള്ള നിയമനിര്‍മാണത്തിനു ശ്രമിക്കുകയാണിപ്പോള്‍ യുപിഎ സര്‍ക്കാര്‍. അവര്‍ക്കുമുന്നില്‍ ജനങ്ങളില്ല- കോര്‍പറേറ്റുകളേയുള്ളൂ; ഇന്ത്യയില്ല- അമേരിക്കന്‍ വിധേയത്വമേയുള്ളൂ.

*
കടപ്പാട്: ദേശാഭിമാനി

ഭോപാല്‍ മനുഷ്യക്കുരുതിയുടെ ഇരുപത്തഞ്ചാം വാര്‍ഷികം

1 comment:

വര്‍ക്കേഴ്സ് ഫോറം said...