Sunday, June 13, 2010

യുപിഎ സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍

മെയ് 22ന് ഒരു വര്‍ഷം പിന്നിട്ട യുപിഎ ഗവണ്‍മെന്റിന്റെ ഭരണത്തില്‍ തൊഴിലാളിവര്‍ഗത്തിന് സന്തോഷിക്കാനൊന്നുമില്ല. യുപിഎ ഗവണ്‍മെന്റ് അനുവര്‍ത്തിച്ചുവരുന്ന തൊഴിലാളി വിരുദ്ധ നയങ്ങള്‍ കാരണം, എല്ലാ യൂണിയനുകളില്‍പെട്ട തൊഴിലാളികള്‍ക്കിടയിലും ശക്തമായ അസംതൃപ്തി പ്രകടമായ ഒരു വര്‍ഷമാണിത്. അതേ അവസരത്തില്‍ത്തന്നെ ഗവണ്‍മെന്റില്‍നിന്ന് വമ്പിച്ച ആനുകൂല്യങ്ങള്‍ തുടര്‍ച്ചയായി നേടിക്കൊണ്ടിരിക്കുന്ന സമ്പന്ന വിഭാഗങ്ങളും കോര്‍പ്പറേറ്റ് വിഭാഗവും ഏറെ സന്തുഷ്ടരായ കാലഘട്ടവുമാണിത്.

രാജ്യം അഗാധമായ സാമ്പത്തിക പ്രതിസന്ധിയുടെ പിടിയില്‍ അകപ്പെട്ടുകിടക്കുന്ന അവസ്ഥയിലാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. തങ്ങള്‍ക്കുവേണ്ടി വളരെ ഉദാരമായ സുരക്ഷാ പാക്കേജുകള്‍ അനുവദിക്കണമെന്ന്വ്യവസായമേഖലയിലെ വമ്പന്മാരെല്ലാം ശക്തമായി ആവശ്യപ്പെട്ടു. അവരോട് വിധേയത്വം കാണിക്കുന്ന സര്‍ക്കാര്‍ ഉടന്‍തന്നെ നിരവധി ഉത്തേജക പാക്കേജുകള്‍ അവര്‍ക്കുവേണ്ടി പ്രഖ്യാപിച്ചു. നാലുലക്ഷം കോടി രൂപവരുന്ന പാക്കേജുകളാണ് പ്രഖ്യാപിക്കപ്പെട്ടത്. അതിന്റെയെല്ലാം ആത്യന്തികമായ ഭാരം വന്നു പതിച്ചത് രാജ്യത്തെ സാധാരണ ജനങ്ങളുടെ തലയിലാണ്. അസോസിയേറ്റഡ് ചേംബര്‍ ഓഫ് കോമേഴ്സിന്റെ കണക്കനുസരിച്ച്, ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികാരണം ഒരു കോടിയില്‍പ്പരം തൊഴിലാളികള്‍ക്ക് തങ്ങളുടെ ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ടു. തങ്ങളുടേതല്ലാത്ത കാരണങ്ങള്‍കൊണ്ടാണ് അവര്‍ക്ക് തങ്ങളുടെ ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ടത്. എന്നിട്ടും സാധാരണക്കാരെക്കുറിച്ച് (ആം ആദ്മി) ആണയിടുന്ന യുപിഎ സര്‍ക്കാരിന് അവരുടെ ദുരിതങ്ങള്‍ പരിഹരിക്കുന്നതിന് സമയമില്ല. ഭാവി ഇരുളടഞ്ഞതാണെന്നുകണ്ട് കൃഷിക്കാരും തൊഴിലാളികളും ആത്മഹത്യചെയ്യുന്നു. ഇങ്ങനെ ആത്മഹത്യചെയ്യുന്നവരുടെ സംഖ്യ ദിവസം കഴിയുന്തോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ ദുരവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ കേന്ദ്ര ധനകാര്യമന്ത്രിക്ക് സമയമില്ല. ഓഹരി വിപണി കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കണം എന്നതില്‍ മാത്രമാണ് അദ്ദേഹത്തിന് താല്‍പര്യം. അങ്ങനെ ഉയര്‍ന്നാല്‍ ഊഹക്കച്ചവടക്കാര്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാമല്ലോ. അതിലെ ഒരു ഭാഗം, ഭരണക്കാരുടെ പണപ്പെട്ടിയിലേക്ക് ഒഴുകിയെത്തുകയും ചെയ്യും.

ഏറ്റവും ചുരുങ്ങിയ ആവശ്യങ്ങള്‍പോലും നിഷേധിക്കപ്പെടുന്നു

2004ലെ ദേശീയ പൊതുമിനിമം പരിപാടിയില്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കപ്പെട്ടിരുന്നു. 2009 മെയ് ആകുമ്പോഴേക്ക് അവ നടപ്പാക്കപ്പെടും എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ വളരെ ഉദാത്തമായ ചില വാഗ്ദാനങ്ങള്‍പോലും 6 വര്‍ഷമായിട്ടിപ്പോഴും നടപ്പാക്കപ്പെട്ടിട്ടില്ല. ഉദാഹരണത്തിന് ദരിദ്രരായ ഇടത്തരക്കാരുടെ കുടുംബങ്ങളെ അടക്കം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഗ്രാമീണമേഖലയിലും നഗരമേഖലയിലും തൊഴിലുറപ്പു പദ്ധതി നടപ്പാക്കും എന്ന് പൊതുമിനിമം പരിപാടിയില്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഇത്രകാലമായിട്ടും ഗ്രാമീണ ദരിദ്രര്‍ക്ക് മാത്രമേ അത് ബാധകമാക്കപ്പെട്ടിട്ടുള്ളു. ജനസംഖ്യയില്‍ വളരെ ചെറിയ ഒരു ഭാഗത്തിനേ അതുകൊണ്ടുള്ള മെച്ചം ലഭിച്ചിട്ടുള്ളു. ഈ പദ്ധതിയിലെ അഴിമതികാരണം ബ്യൂറോക്രാറ്റുകള്‍ കൂടുതല്‍ സമ്പന്നരായിത്തീര്‍ന്നു. അതേ അവസരത്തില്‍ ഈ പദ്ധതികൊണ്ട് ലഭിക്കേണ്ടിയിരുന്ന തുച്ഛമായ മെച്ചംപോലും ദരിദ്ര കുടുംബങ്ങള്‍ക്ക് ലഭിച്ചതുമില്ല. ഒന്നാം യുപിഎ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തപോലെ, പട്ടണപ്രദേശങ്ങളിലെ ദരിദ്ര കുടുംബങ്ങളിലേക്കുകൂടി ഈ പദ്ധതി വ്യാപിപ്പിക്കണമെന്ന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം ബധിരകര്‍ണങ്ങളിലാണ് വന്നുപതിച്ചത്.

അങ്കണവാടി പദ്ധതി സാര്‍വത്രികമാക്കിത്തീര്‍ക്കാമെന്ന് വാഗ്ദാനംചെയ്തിരുന്നതാണ്. എന്നാല്‍ അത് നടപ്പാക്കിയില്ലെന്നു മാത്രമല്ല, അങ്കണവാടി വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടെയും സ്ഥിതി ഇപ്പോഴും ദയനീയമായി തുടരുകയും ചെയ്യുന്നു. ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ മിനിമം സൌകര്യങ്ങളേ അവര്‍ ആവശ്യപ്പെടുന്നുള്ളു. അതുപോലും അനുവദിക്കാത്ത കേന്ദ്രസര്‍ക്കാരിനോടുള്ള അവരുടെ അസംതൃപ്തിയാണ് മെയ് 4ന് സംഘടിപ്പിക്കപ്പെട്ട അവരുടെ റാലിയില്‍ പ്രതിഫലിച്ചത്.

ഉച്ചഭക്ഷണം വെച്ചുവിളമ്പുന്ന തൊഴിലാളികളുടെയും സാമൂഹ്യ ആരോഗ്യപ്രവര്‍ത്തകരായ "ആശ'' (അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിറ്റ്സ്) പ്രവര്‍ത്തകരുടെയും സ്ഥിതി അതിനേക്കാള്‍ ദയനീയമാണ്. "ഓണററി'' തൊഴിലാളികളാണെന്ന പേരുംപറഞ്ഞ് അവര്‍ക്ക് വേതനം നിഷേധിക്കുന്നു; അതേ അവസരത്തില്‍ പറയത്തക്ക അലവന്‍സുകളൊന്നും നല്‍കുന്നുമില്ല. അവരുടെ സ്ഥിതി മെച്ചപ്പെടുത്തുമെന്ന് ഗവണ്‍മെന്റ് വീണ്ടും വീണ്ടും വാഗ്ദാനം നല്‍കുന്നുണ്ടെങ്കിലും അവരുടെ സ്ഥിതി ഇപ്പോഴും പരിതാപകരമാണ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി അവര്‍ വിലമതിക്കാനാവാത്ത സേവനമാണ് ചെയ്യുന്നത് എന്ന് നാം ഓര്‍ക്കണം.

"ഇഷ്ടംപോലെ ജോലിക്കുവെയ്ക്കാം, ഇഷ്ടംപോലെ പിരിച്ചുവിടാം'' എന്ന നയം തങ്ങള്‍ നടപ്പാക്കുകയില്ല എന്നാണ് ഒന്നാം യുപിഎ ഗവണ്‍മെന്റ് നല്‍കിയിരുന്ന മറ്റൊരു വാഗ്ദാനം. എന്നാല്‍ നമ്മുടെ വ്യവസായ സംരംഭങ്ങളില്‍ ഈ നയം പ്രാവര്‍ത്തികമാക്കാം എന്ന് കേന്ദ്രഗവണ്‍മെന്റ്, കഴിഞ്ഞവര്‍ഷത്തെ സാമ്പത്തിക സര്‍വ്വെയില്‍ നാണമില്ലാതെ വാദിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. തൊഴിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ട്രേഡ് യൂണിയനുകളുമായി കൂടിയാലോചിക്കും എന്നതാണ് ഗവണ്‍മെന്റ് നല്‍കിയിരുന്ന മറ്റൊരു വാഗ്ദാനം. എന്നാല്‍ അത് കടലാസ്സില്‍ത്തന്നെ കിടക്കുകയാണ്.

ഗവണ്‍മെന്റുതന്നെ നിയമിച്ച കമ്മിറ്റികളും പാര്‍ലമെന്ററി കമ്മിറ്റികളും സമര്‍പ്പിച്ച ശുപാര്‍ശകള്‍ക്ക് ഗവണ്‍മെന്റ് പുല്ലുവിലപോലും കല്‍പിക്കുന്നില്ല. ഡോ. അര്‍ജുന്‍ സെന്‍ ഗുപ്ത കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കാര്യത്തിലും തൊഴില്‍ സംബന്ധിച്ച പാര്‍ലമെന്റിന്റെ സ്റ്റാന്റിങ്കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കാര്യത്തിലും ഇത് വളരെ വ്യക്തമാണ്. അസംഘടിതമേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച ബില്ലില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തണം എന്ന് ഈ രണ്ടു കമ്മിറ്റികളും ശുപാര്‍ശചെയ്യുകയുണ്ടായി. എന്നാല്‍ ആ ശുപാര്‍ശകളെല്ലാം നിഷ്കരുണം അവഗണിക്കപ്പെടുകയാണുണ്ടായത്. യുപിഎ സര്‍ക്കാരിന് പിന്‍തുണ നല്‍കുന്ന യൂണിയനുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും ഈ ബില്ലിലെ വകുപ്പുകളെ പൂര്‍ണ്ണമായും തള്ളിക്കളയുന്നു. ട്രേഡ്യൂണിയനുകളുടെ കാഴ്ചപ്പാടുകളെയെല്ലാം ഗവണ്‍മെന്റ് അവഗണിച്ചുതള്ളി. കാരണം തൊഴിലുടമകളെ പിണക്കാന്‍ ഗവണ്‍മെന്റ് ആഗ്രഹിക്കുന്നില്ല.

ബോണസ് നല്‍കുന്നതിനുള്ള പരിധി എടുത്തുകളയണം എന്ന് ട്രേഡ് യൂണിയനുകളെല്ലാം ആവശ്യപ്പെടുന്നതാണ്. എന്നാല്‍ ബോണസ് നിയമത്തിലെ ആ വകുപ്പ് മാറ്റാന്‍ തൊഴിലുടമകള്‍ക്ക് സമ്മതമില്ലാത്തതിനാല്‍ ഗവണ്‍മെന്റ് അതിന് തയ്യാറില്ല. കരാര്‍ തൊഴില്‍ നിയന്ത്രിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നതിനുള്ള നിയമം കര്‍ശനമായി നടപ്പാക്കുകയല്ല, മറിച്ച് അത് കൂടുതല്‍ അയവേറിയതാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. തൊഴിലുടമകള്‍ക്ക് കൂടുതല്‍ കരാര്‍ ജോലിക്കാരെ നിയമിക്കാന്‍ കഴിയുന്നതിനുവേണ്ടിയാണത്. കേന്ദ്രഗവണ്‍മെന്റുതന്നെ, അതിന്റെ നിരവധി ജോലികള്‍ പുറംജോലിക്കാരെ ഏല്‍പിക്കുകയാണ്. ഇങ്ങനെ പുറംജോലി ഏറ്റെടുക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍, കരാര്‍ ജോലിക്കാരെ നിഷ്കരുണം ചൂഷണംചെയ്യുന്നു; തൊഴില്‍ നിയമങ്ങളെല്ലാം ലംഘിക്കുന്നു.

ത്രികക്ഷി ചര്‍ച്ചയുടെ തകര്‍ച്ച

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള ഭൂരിപക്ഷം ത്രികക്ഷി കമ്മിറ്റികളും 2009-10 കാലഘട്ടത്തില്‍ യോഗം ചേര്‍ന്നതേയില്ല. യോഗംചേര്‍ന്നവരാകട്ടെ, തങ്ങളെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കിയതുമില്ല. 2009ല്‍ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് കൈക്കൊണ്ട തീരുമാനങ്ങള്‍പോലും, അവയുടെ ശരിയായ അര്‍ത്ഥത്തില്‍ നടപ്പാക്കപ്പെട്ടിട്ടില്ല.

ഇപ്പോള്‍ നിലവിലുള്ളതുപോലുള്ള ആഴ്ചയിലെ 48 മണിക്കൂര്‍ ജോലിസമയം കൂടുതല്‍ കൂലിയൊന്നും നല്‍കാതെ 60 മണിക്കൂര്‍ ആക്കി ഉയര്‍ത്തണമെന്ന് കഴിഞ്ഞവര്‍ഷത്തെ സാമ്പത്തിക സര്‍വ്വെ വാചാലമായി ആവശ്യപ്പെടുന്നു. ലാഭമുണ്ടാക്കിക്കൊണ്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കരുതെന്ന് ട്രേഡ്യൂണിയന്‍ പ്രസ്ഥാനം ഒന്നടങ്കം സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. എന്നിട്ടും ഓഹരിവിറ്റ് 25,000 കോടിയില്‍പരം രൂപ സംഭരിച്ച് ബജറ്റ് കമ്മി കുറയ്ക്കാനാണ് ഗവണ്‍മെന്റ് കഴിഞ്ഞ ബജറ്റില്‍ തീരുമാനിച്ചത്.

ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പല ബഹുരാഷ്ട്ര കമ്പനികളും (അവയുടെ സംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്) ഇന്ത്യയിലെ തൊഴില്‍ നിയമങ്ങള്‍ മാനിക്കുന്നില്ല. കൂടുതല്‍ വിദേശ നിക്ഷേപത്തെ ആകര്‍ഷിക്കുന്നതിന്റെ പേരില്‍ അവയുടെ ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് അനുവാദം നല്‍കുകയാണ്. ഇത്തരം സ്ഥാപനങ്ങളിലെ മിക്ക ജീവനക്കാരും കോണ്‍ട്രാക്ടര്‍മാരുടെ കീഴിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്; അവര്‍ക്ക് വളരെ തുച്ഛമായ വേതനമേ ലഭിക്കുന്നുള്ളൂ. കൂടുതല്‍ സമയം ജോലിചെയ്യുന്നതിന് തൊഴിലാളികള്‍ നിര്‍ബന്ധിതരായിത്തീരുന്നു. യൂണിയന്‍ രൂപീകരിച്ചതിന്റെപേരിലും അല്ലെങ്കില്‍ ആവശ്യങ്ങളടങ്ങിയ നിവേദനം സമര്‍പ്പിച്ചതിന്റെപേരിലും തൊഴിലാളികളെ തൊഴിലുടമകള്‍ സ്വേച്ഛാധിപത്യപരമായി പിരിച്ചുവിടുന്നു. ബഹുരാഷ്ട്രക്കമ്പനികളിലെ തൊഴിലാളികളുടെ പ്രക്ഷോഭങ്ങളെ, പൊലീസിനെ ഉപയോഗിച്ച് പൈശാചികമായി അടിച്ചമര്‍ത്തുന്നു. തൊഴില്‍ മന്ത്രാലയത്തിന്റെമുന്നില്‍ ഒരു തര്‍ക്കം അവതരിപ്പിക്കുന്നതുപോലും, ട്രേഡ്യൂണിയനുകളെ സംബന്ധിച്ചിടത്തോളം ഭഗീരഥ പ്രയത്നമായിത്തീരുന്നു. ഇന്ത്യയിലെ തൊഴിലാളിവര്‍ഗത്തിനുമേല്‍ ബഹുരാഷ്ട്രക്കമ്പനികള്‍ കെട്ടിയേല്‍പിച്ച അടിമസമാനമായ പുതിയ പരിത:സ്ഥിതികളെ നിശ്ശബ്ദം വീക്ഷിക്കുന്ന അവസ്ഥയിലേക്ക് രണ്ടാം യുപിഎ സര്‍ക്കാര്‍ അധഃപതിച്ചിരിക്കുന്നു.

സാമൂഹ്യക്ഷേമ പദ്ധതികളെ പരിഹാസ്യമാക്കിത്തീര്‍ക്കുന്നു

കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ രണ്ടാം യുപിഎ സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷ എന്ന സങ്കല്‍പത്തെത്തന്നെ പരിഹാസ്യമാക്കിത്തീര്‍ത്തിരിക്കുന്നു. ജീവനക്കാരുടെ പെന്‍ഷന്‍പദ്ധതി സാമൂഹ്യ സുരക്ഷാപദ്ധതിയല്ലാതായി മാറിക്കഴിഞ്ഞിരിക്കുന്നു. പുതിയ പെന്‍ഷന്‍ പദ്ധതി കൊണ്ടുവന്നപ്പോള്‍ പെന്‍ഷന്റെ അളവ് വര്‍ദ്ധിപ്പിക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിരുന്നതാണ്. എന്നാല്‍ അതുണ്ടായില്ല. പ്രോവിഡന്റ്ഫണ്ട് ഡെപ്പോസിറ്റിന്റെ പലിശനിരക്ക് 12 ശതമാനത്തില്‍നിന്ന് 8.5 ശതമാനമാക്കി സര്‍ക്കാര്‍ കുറച്ചു. അതുവഴി ജീവനക്കാരുടെ പെന്‍ഷന്‍ തുക സര്‍ക്കാര്‍ കുറച്ചിരിക്കുകയാണ്. ചില തൊഴിലാളികള്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ തുക വളരെ തുച്ഛമാണ്-പലപ്പോഴും അത് മാസത്തില്‍ 100 രൂപയില്‍ താഴെയാണ്. പെന്‍ഷന്‍ ഫണ്ടിന്റെ ഒരു ഭാഗം ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിന് ഗവണ്‍മെന്റ് ഏകപക്ഷീയമായി കൈക്കൊണ്ട തീരുമാനം കാരണം, ഓഹരി വിപണിയിലെ ചൂതാട്ടക്കാര്‍ക്ക് ഊഹക്കച്ചവടപരമായ ലാഭം നേടുന്നതിനുള്ള ഉപാധിയായി പെന്‍ഷന്‍ഫണ്ട് മാറിയിരിക്കുകയാണ്.

ജീവനക്കാര്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് നല്‍കുന്ന വിഹിതം വര്‍ധിപ്പിക്കുകയാണെങ്കിലേ, അഥവാ പെന്‍ഷന്‍ തുക കുറയ്ക്കുകയാണെങ്കിലേ, ഈ പെന്‍ഷന്‍ പദ്ധതി പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയൂ എന്നാണ്, ഈയിടെ കേന്ദ്ര തൊഴില്‍ മന്ത്രാലയം തയ്യാറാക്കിയ ഒരു പ്രബന്ധത്തില്‍ പറയുന്നത്. അത്തരം അപഹാസ്യമായ ഒരു നിര്‍ദ്ദേശം അംഗീകരിക്കാന്‍ ട്രേഡ്യൂണിയനുകള്‍ക്ക് കഴിയില്ല. എന്നാല്‍ ബോര്‍ഡില്‍ തങ്ങള്‍ക്കുള്ള ഭൂരിപക്ഷം ഉപയോഗിച്ച് അത്തരം തൊഴിലാളിവിരുദ്ധമായ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ തുനിയുന്നത്.

സ്വകാര്യ പെന്‍ഷന്‍ഫണ്ട് മാനേജര്‍മാരെ നിയമിക്കാന്‍ നിശ്ചയിച്ചിട്ടുള്ള ഗവണ്‍മെന്റ്, വാര്‍ധക്യകാലത്ത് ജീവനക്കാര്‍ക്ക് സാമൂഹ്യ സുരക്ഷയായി പെന്‍ഷന്‍ നല്‍കുന്നതിന് ഗവണ്‍മെന്റിനുള്ള ഉത്തരവാദിത്വം ഉപേക്ഷിക്കുന്നതിനാണ് തുനിയുന്നത്.

കേന്ദ്രഗവണ്‍മെന്റ് ജീവനക്കാരുടെയും സംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാരുടെയും കാര്യത്തില്‍ 2004നുശേഷം നിയമനം ലഭിച്ചിട്ടുള്ള എല്ലാവര്‍ക്കും കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതിയാണ് ബാധകമാക്കിയിട്ടുള്ളത്. പെന്‍ഷന്‍ പദ്ധതിയെ ഒരു നിശ്ചിത ആനുകൂല്യ പദ്ധതിയില്‍നിന്ന് നിശ്ചിത കോണ്‍ട്രിബ്യൂഷന്‍ പദ്ധതിയാക്കി രണ്ടാം യുപിഎ സര്‍ക്കാര്‍ മാറ്റിത്തീര്‍ത്തിരിക്കുന്നു. ഇടതുപക്ഷ കക്ഷികളുടെ ശക്തമായ എതിര്‍പ്പുകാരണം പെന്‍ഷന്‍ ബില്ല് പാര്‍ലമെന്റില്‍ പാസാക്കുന്നതിന് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെങ്കിലും, ഇതിനകംതന്നെ സര്‍ക്കാര്‍, പരിഷ്കരിച്ച പെന്‍ഷന്‍ പദ്ധതിയുടെ നടത്തിപ്പിനായി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്റര്‍മാരേയും പെന്‍ഷന്‍ ഫണ്ട് ഓപ്പറേറ്റര്‍മാരേയും നിയമിച്ചുകഴിഞ്ഞു. പെന്‍ഷനായി ലഭിക്കുന്ന തുക തങ്ങളുടെ വിശ്രമ ജീവിതത്തിനു പര്യാപ്തമല്ലാത്തതിനാല്‍, പെന്‍ഷന്‍ പറ്റിയവരുടെ സ്ഥിതി ദിവസംതോറും വഷളായിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ രാജ്യത്തെങ്ങും പെന്‍ഷണര്‍മാരുടെ സംഘടനകള്‍ രൂപീകരിക്കപ്പെട്ടുവരുന്നു; പ്രാദേശിക സമരങ്ങള്‍ ഉയര്‍ന്നുവരുന്നു.

സ്വാതന്ത്ര്യാനന്തരമുള്ള ഗവണ്‍മെന്റുകള്‍ നടപ്പാക്കിയ സാമൂഹ്യസുരക്ഷാ നടപടികളില്‍ വെള്ളംചേര്‍ത്തുകൊണ്ടോ അഥവാ അവ തുടച്ചുനീക്കിക്കൊണ്ടോ ആണ്, സര്‍ക്കാര്‍ ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ക്ഷേമരാഷ്ട്രം എന്ന സങ്കല്‍പനംതന്നെ സര്‍ക്കാര്‍ ഫലത്തില്‍ ഉപേക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സാമൂഹ്യനീതിയോടുകൂടിയ സാമ്പത്തിക വളര്‍ച്ചയെ സംബന്ധിച്ച സര്‍ക്കാരിന്റെ ഗീര്‍വാണം, ഇന്ത്യയിലെ സാധാരണക്കാരെപ്പറ്റിക്കുന്നതിനുള്ള ഒരു മാര്‍ഗം മാത്രമാണ്. ഒന്നാം യുപിഎ ഗവണ്‍മെന്റിന്റെയും രണ്ടാം യുപിഎ ഗവണ്‍മെന്റിന്റെയും കാലത്ത്, സാമ്പത്തികമായ അസമത്വം അസാധാരണമായ വിധത്തില്‍ വര്‍ദ്ധിച്ചിരിക്കുന്നു. 2009ലെ മനുഷ്യ വികസന റിപ്പോര്‍ട്ടില്‍നിന്ന് അക്കാര്യം വ്യക്തമാകുന്നുണ്ട്. ഈ റിപ്പോര്‍ട്ടിലെ കണക്കനുസരിച്ച് ഇക്കാര്യത്തില്‍ 182 രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് 134-ാം സ്ഥാനമാണുള്ളത്. അഞ്ചുകൊല്ലം മുമ്പ് ഇന്ത്യയുടെ സ്ഥാനം 123-ാമത്തേതായിരുന്നു. ജിഡിപിയുടെ അടിസ്ഥാനത്തില്‍ സാമ്പത്തികവളര്‍ച്ചയുടെ കാര്യത്തില്‍ രണ്ടം സ്ഥാനമാണ്് ഇന്ത്യയ്ക്കുള്ളതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും മനുഷ്യ വികസനത്തിന്റെ കാര്യത്തില്‍ നമ്മുടെ രാജ്യം എത്രയോ പിറകിലാണ് എന്നാണിത് കാണിക്കുന്നത്.

കൂട്ടായ സമരങ്ങളില്‍ അണിചേരുക

യുപിഎ സര്‍ക്കാര്‍ പിന്‍തുടരുന്ന പിന്‍തിരിപ്പന്‍ നയങ്ങള്‍കാരണം, രാജ്യത്തെ ട്രേഡ്യൂണിയന്‍ പ്രസ്ഥാനമാകെ താഴെ കൊടുത്തിരിക്കുന്ന അഞ്ച് പ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഒരു പൊതുവേദിയില്‍ അണിനിരക്കാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നിരിക്കുന്നു-അവശ്യവസ്തുക്കളുടെ കുത്തനെയുള്ള വിലക്കയറ്റം, സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലും വളര്‍ന്നുവരുന്ന തൊഴിലില്ലായ്മ, തൊഴില്‍ നിയമങ്ങളുടെ ലംഘനം, ലാഭകരമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍, അസംഘടിത മേഖലയുടെ സാമൂഹ്യ സുരക്ഷയ്ക്കുവേണ്ടി പ്രത്യേക ഫണ്ട് രൂപീകരിക്കല്‍ എന്നിവയാണ് ആ അഞ്ച് പ്രശ്നങ്ങള്‍. 2009 സെപ്തംബര്‍ 14ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ കണ്‍വെന്‍ഷനില്‍വെച്ച് ഐഎന്‍ടിയുസിയും ബിഎംഎസും അടക്കമുള്ള എല്ലാ ട്രേഡ് യൂണിയനുകളും ഈ ആവശ്യങ്ങള്‍ അംഗീകരിച്ചിരിക്കുന്നു. യുപിഎ ഗവണ്‍മെന്റിന്റെ തൊഴിലാളിവര്‍ഗ നയത്തെ എതിര്‍ക്കുന്നതിനുവേണ്ടി 2009 ഒക്ടോബര്‍ 28ന് ഈ ട്രേഡ് യൂണിയനുകള്‍ ദേശീയ പ്രതിഷേധദിനം ആചരിക്കുകയുണ്ടായി. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് 2009 ഡിസംബര്‍ 14ന് പാര്‍ലമെന്റിനുമുന്നില്‍ വമ്പിച്ച ഒരു ധര്‍ണനടത്തി. തുടര്‍ന്ന് 2010 മാര്‍ച്ച് 5ന് രാജ്യത്തെങ്ങും പിക്കറ്റിങ്ങും ജയില്‍ നിറയ്ക്കല്‍ സമരവും സംഘടിപ്പിക്കപ്പെട്ടു. ഈ സമരത്തില്‍ 10 ലക്ഷത്തില്‍പ്പരം തൊഴിലാളികള്‍ ആവേശപൂര്‍വം പങ്കെടുക്കുകയുണ്ടായി.

ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ഈ ശ്രദ്ധേയമായ ഐക്യം, 2010 ജൂലൈ 15ന് വിളിച്ചുചേര്‍ക്കപ്പെടുന്ന ദേശീയ കണ്‍വെന്‍ഷനില്‍വെച്ച് കൂടുതല്‍ ദൃഢമായി വിളക്കിച്ചേര്‍ക്കപ്പെടും; വരുന്ന സെപ്തംബര്‍ മാസത്തില്‍ ഒരു ദിവസത്തെ അഖിലേന്ത്യാ പണിമുടക്ക് സംഘടിപ്പിക്കാനുള്ള തീരുമാനം ആ കണ്‍വെന്‍ഷന്‍ കൈക്കൊള്ളും. ഐക്യത്തിനും ഗവണ്‍മെന്റിന്റെ തൊഴിലാളിവര്‍ഗവിരുദ്ധ നയങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പിനും തൊഴിലാളികള്‍ വ്യഗ്രതയോടെ തയ്യാറായി മുന്നോട്ടു വരുന്നു എന്നാണ് ഈ സംഭവവികാസങ്ങളെല്ലാം കാണിക്കുന്നത്. സ്വാതന്ത്ര്യത്തെ തുടര്‍ന്ന് തൊഴിലാളികള്‍ നേടിയെടുത്ത നേട്ടങ്ങളെ സംരക്ഷിക്കുന്നതിനായി ഒറ്റക്കെട്ടായി അണിനിരക്കാന്‍, തൊഴിലാളികളുടെ ദയനീയമായ ജീവിത പരിത:സ്ഥിതിയും തൊഴില്‍ പരിതഃസ്ഥിതിയും അവരെ നിര്‍ബന്ധിതരാക്കിത്തീര്‍ക്കുന്നു എന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.

യുപിഎ ഗവണ്‍മെന്റ് അനുവര്‍ത്തിക്കുന്ന ആഗോളവല്‍ക്കരണ സാമ്പത്തികനയത്തിന്റെ മര്‍ക്കടമുഷ്ടി സ്വഭാവം ഇന്ന് തൊഴിലാളിവര്‍ഗത്തിന് തികച്ചും വ്യക്തമായിരിക്കുന്നു. നിയന്ത്രണങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള വിപണി സമ്പദ്വ്യവസ്ഥ കോര്‍പ്പറേറ്റ് മേഖലയെ കൂടുതല്‍ തടിപ്പിക്കുകയും തൊഴിലാളിവര്‍ഗത്തിന്റെയും സാധാരണക്കാരുടെയുംമേല്‍ കൂടുതല്‍ ദുരിതങ്ങള്‍ കയറ്റിവെയ്ക്കുകയും മാത്രമേ ചെയ്തിട്ടുള്ളു എന്ന് അവര്‍ തങ്ങളുടെ പ്രായോഗികാനുഭവങ്ങളില്‍നിന്ന് മനസ്സിലാക്കിയിരിക്കുന്നു.

കേന്ദ്രഗവണ്‍മെന്റിലെ മന്ത്രിമാര്‍ കോര്‍പ്പറേറ്റ് കുടുംബങ്ങള്‍ക്കുവേണ്ടി പരസ്യമായി നടത്തിയ സ്വജനപക്ഷപാതങ്ങള്‍ വമ്പിച്ച അഴിമതി ആരോപണങ്ങളായി ഉയര്‍ന്നുവന്നിരിക്കുന്നു. അവ പാര്‍ലമെന്റിലും പുറത്തും തുറന്നു കാട്ടപ്പെട്ടുവെങ്കിലും ഖജനാവില്‍നിന്ന് വമ്പിച്ച തുകയാണ് ഒലിച്ചുപോകുന്നത്. എന്നിട്ടും അഴിമതികാണിച്ചവരുടെമേല്‍ കര്‍ശനമായ നടപടി കൈക്കൊള്ളുന്നതിന് യുപിഎ ഗവണ്‍മെന്റിന് കഴിയുന്നില്ല. കാരണം അങ്ങനെ ചെയ്താല്‍ അത് ഗവണ്‍മെന്റിന്റെ സ്ഥിരതയേയും നിലനില്‍പിനേയുംതന്നെ ബാധിക്കും.

തൊഴിലാളിവര്‍ഗത്തിന്റെയും അധ്വാനിക്കുന്ന ജനങ്ങളുടെയും ശക്തമായ ബഹുജനസമരങ്ങളിലൂടെ മാത്രമേ ഗവണ്‍മെന്റിന്റെ ഈ നയങ്ങള്‍ തിരുത്താന്‍ കഴിയൂ. സര്‍ക്കാരിന്റെ പാപ്പരായ നയങ്ങള്‍ തിരുത്തിച്ചാലേ, തൊഴിലാളിവര്‍ഗത്തിന്റേയും സാധാരണജനങ്ങളുടെയും ഉപജീവനമാര്‍ഗ്ഗം മെച്ചപ്പെടുത്താന്‍ കഴിയു. ഗവണ്‍മെന്റിന്റെ പിന്‍തിരിപ്പന്‍ നയങ്ങള്‍ക്കെതിരായി, രാജ്യമൊന്നാകെ കടുത്ത വര്‍ഗ സമരത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

*
എം കെ പന്ഥെ കടപ്പാട്: ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രാജ്യം അഗാധമായ സാമ്പത്തിക പ്രതിസന്ധിയുടെ പിടിയില്‍ അകപ്പെട്ടുകിടക്കുന്ന അവസ്ഥയിലാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. തങ്ങള്‍ക്കുവേണ്ടി വളരെ ഉദാരമായ സുരക്ഷാ പാക്കേജുകള്‍ അനുവദിക്കണമെന്ന്വ്യവസായമേഖലയിലെ വമ്പന്മാരെല്ലാം ശക്തമായി ആവശ്യപ്പെട്ടു. അവരോട് വിധേയത്വം കാണിക്കുന്ന സര്‍ക്കാര്‍ ഉടന്‍തന്നെ നിരവധി ഉത്തേജക പാക്കേജുകള്‍ അവര്‍ക്കുവേണ്ടി പ്രഖ്യാപിച്ചു. നാലുലക്ഷം കോടി രൂപവരുന്ന പാക്കേജുകളാണ് പ്രഖ്യാപിക്കപ്പെട്ടത്. അതിന്റെയെല്ലാം ആത്യന്തികമായ ഭാരം വന്നു പതിച്ചത് രാജ്യത്തെ സാധാരണ ജനങ്ങളുടെ തലയിലാണ്. അസോസിയേറ്റഡ് ചേംബര്‍ ഓഫ് കോമേഴ്സിന്റെ കണക്കനുസരിച്ച്, ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികാരണം ഒരു കോടിയില്‍പ്പരം തൊഴിലാളികള്‍ക്ക് തങ്ങളുടെ ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ടു. തങ്ങളുടേതല്ലാത്ത കാരണങ്ങള്‍കൊണ്ടാണ് അവര്‍ക്ക് തങ്ങളുടെ ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ടത്. എന്നിട്ടും സാധാരണക്കാരെക്കുറിച്ച് (ആം ആദ്മി) ആണയിടുന്ന യുപിഎ സര്‍ക്കാരിന് അവരുടെ ദുരിതങ്ങള്‍ പരിഹരിക്കുന്നതിന് സമയമില്ല. ഭാവി ഇരുളടഞ്ഞതാണെന്നുകണ്ട് കൃഷിക്കാരും തൊഴിലാളികളും ആത്മഹത്യചെയ്യുന്നു. ഇങ്ങനെ ആത്മഹത്യചെയ്യുന്നവരുടെ സംഖ്യ ദിവസം കഴിയുന്തോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ ദുരവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ കേന്ദ്ര ധനകാര്യമന്ത്രിക്ക് സമയമില്ല. ഓഹരി വിപണി കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കണം എന്നതില്‍ മാത്രമാണ് അദ്ദേഹത്തിന് താല്‍പര്യം. അങ്ങനെ ഉയര്‍ന്നാല്‍ ഊഹക്കച്ചവടക്കാര്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാമല്ലോ. അതിലെ ഒരു ഭാഗം, ഭരണക്കാരുടെ പണപ്പെട്ടിയിലേക്ക് ഒഴുകിയെത്തുകയും ചെയ്യും.