Friday, June 25, 2010

ഗോത്രത്തനിമ, അന്ധവിശ്വാസം, ആഭിചാരം

മാനവരാശിയെ ഒന്നടങ്കം ആവേശത്തിന്റെ പരകോടിയിലേക്ക് ആനയിക്കാന്‍ ഫുട്ബോളിനെപ്പോലെ മറ്റൊന്നിനും കഴിഞ്ഞിട്ടില്ല. കണ്ണീരും കിനാവും ഇഴപിരിയുന്ന കളിമുറ്റങ്ങളിലൂടെ ആ തുകല്‍പ്പന്ത് പുതിയ ലക്ഷ്യങ്ങള്‍ തേടുമ്പോള്‍ അത് ലോകത്തിന്റെ സുകൃതമാകുന്നു. സ്ഥലകാലങ്ങള്‍ക്കതീതമായി മനുഷ്യന്റെ കായികാഹ്ളാദമായിത്തീര്‍ന്ന വിനോദമാണ് കാല്‍പ്പന്തുകളി. അതുകൊണ്ടുതന്നെ ലോകകപ്പ് ഫുട്ബോള്‍ ലോകത്തിന്റെ ഉത്സവമാണ്.

എന്നാല്‍, ഫുട്ബോളിനെ കായികവിനോദമെന്നതിനെക്കാള്‍ മനുഷ്യകുലത്തിന്റെ ഗോത്രസ്വഭാവത്തോട് ചേര്‍ന്നിരിക്കുന്ന ഒന്നായി കാണാനാണ് നരവംശശാസ്ത്രജ്ഞര്‍ക്കും സാമൂഹ്യശാസ്ത്രവിചക്ഷണര്‍ക്കും ഇഷ്ടം. സമാധാനവും സാഹോദര്യവും ഈ കളിയുടെ ഉപരിതലത്തില്‍ മാത്രമാണ് ഉള്ളതെന്നും ആഴത്തിലേക്ക് അത് മനുഷ്യന്റെ പ്രാകൃതചോദനകളെ ഉണര്‍ത്തുന്ന ഒന്നാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

യഥാര്‍ഥ യുദ്ധത്തിലേതുപോലെ ചോരപ്പുഴകള്‍ ഇല്ലെന്നതൊഴിച്ചാല്‍ ആഗോളതലത്തില്‍ നടക്കുന്ന ഗോത്രയുദ്ധമാണത്രെ ഫുട്ബോള്‍. നിറപ്പകിട്ടാര്‍ന്ന വസ്ത്രങ്ങളണിഞ്ഞ്, ദേശത്തിന്റെ പതാക വീശിയെത്തുന്നവര്‍ പഴയ ഗോത്രവര്‍ഗക്കാരുടെ ആധുനികപകര്‍പ്പ് മാത്രമാണ്. ദേശീയപതാക എന്നത് ഗോത്രങ്ങളുടെ അടിസ്ഥാനലക്ഷണമാണെന്നും മത്സരം നടക്കുമ്പോള്‍ സ്റ്റേഡിയത്തിലും അതിനുശേഷം തെരുവിലും കലാപം വിതറുന്ന തെമ്മാടിക്കൂട്ടങ്ങള്‍ ഗോത്രസ്വഭാവത്തിന്റെ പകര്‍പ്പുകളാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ഈ കളിയിലെ താരങ്ങളെ ആരാധകര്‍ ഒരുതരം അടിമസ്വഭാവത്തോടെ സേവിക്കുന്നു. താരത്തിന് കൈകൊടുക്കുമ്പോഴോ അയാളോടൊത്ത് ഫോട്ടോ എടുക്കുമ്പോഴോ ലോകം കീഴടക്കിയ അനുഭൂതിയാണ് ആരാധകര്‍ക്ക്. നിങ്ങള്‍ക്ക് നിങ്ങളുടെ കാമുകിയെ, ഭാര്യയെ മാറ്റാം. വാഹനം, ജോലി, രാഷ്ട്രീയം, സുഹൃത്തുക്കള്‍ എല്ലാം മാറാം. പക്ഷേ, നിങ്ങള്‍ക്ക് ഒരിക്കലും ഇഷ്ട ഫുട്ബോള്‍ ടീമിനെ മാറ്റാനാവില്ല. അര്‍ജന്റീനയിലും മറ്റും വിവിധ ഫുട്ബോള്‍ ക്ളബ്ബുകളുടെ ആരാധകര്‍ ബദ്ധശത്രുക്കളെപ്പോലെയാണ്. ബ്രസീലിലും ജര്‍മനിയിലും ഇംഗ്ളണ്ടിലും എന്തിന് കൊല്‍ക്കത്തയിലും ഗോവയിലുമെല്ലാം കാണുന്ന, ഭ്രാന്തിന്റെ വക്കോളമെത്തുന്ന ഈ ഫുട്ബോള്‍ കമ്പം ആരാധകരെ വ്യത്യസ്ത ഗോത്രങ്ങളാക്കി മാറ്റുന്നുവത്രെ. അങ്ങനെ നോക്കുമ്പോള്‍ ഗോത്രത്തനിമയുടെ, ദേശീയവികാരത്തിന്റെ, സ്നേഹത്തിന്റെ, പകയുടെ, വിശ്വാസങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും തന്ത്രത്തിന്റെയും മന്ത്രത്തിന്റെയും ആഭിചാരക്രിയകളുടെയുമൊക്കെ പ്രദര്‍ശനശാലയാണ് ഈ കളിമേടുകള്‍.

ഓരോ ലോകകപ്പിനും അത്തരം രസകരമായ കഥകളും വസ്തുതകളുമുണ്ട്. 80 ആണ്ട് പിന്നിടുന്ന ലോകകപ്പിലെ രസകരമായ ആ കഥകളും വിസ്മയങ്ങളും വിശേഷങ്ങളും ഓര്‍ക്കാന്‍ ഇതിലും പറ്റിയ സമയമില്ല. ഫുട്ബോള്‍ കളിയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിരിക്കാം. ആധുനികസങ്കേതങ്ങള്‍ ഉപയോഗിക്കുന്നുണ്ടാകാം. പക്ഷേ, ഭൂരിഭാഗം കളിക്കാരും ആരാധകരും പരിശീലകരും അന്ധവിശ്വാസങ്ങളുടെ പഴയ ലോകത്തുതന്നെയാണ്. മതം, അനുഷ്ഠാനം, ജ്യോത്സ്യം, ദുര്‍മന്ത്രവാദം എന്തുതന്നെയായാലും ഫുട്ബോള്‍ ലോകത്ത് അനുയായികള്‍ക്ക് പഞ്ഞമില്ല. ദക്ഷിണാഫ്രിക്കയിലെത്തിയ ഓരോ ടീമിനുമൊപ്പം അന്ധവിശ്വാസങ്ങളുടെ ഓരോ പെട്ടികൂടി ഉണ്ടെന്നുറപ്പ്.

ഈ ലോകകപ്പില്‍ സ്പെയിനിന്റെ കോച്ചായ വിസെന്റെ ഡെല്‍ ബോസ്കിന് മഞ്ഞ കണ്ടാല്‍ ഹാലിളകില്ല. പക്ഷേ, കഴിഞ്ഞ ലോകകപ്പില്‍ അവരുടെ പരിശീലകനായിരുന്ന ലൂയി അരഗോണിസിന് മഞ്ഞ കണ്ടാല്‍ കലിയിളകുമായിരുന്നു. അന്ന് മഞ്ഞ ടീഷര്‍ട്ട് ഇട്ട് ക്യാമ്പിലെത്തിയ റൌള്‍ ഗോണ്‍സാലസിന്റെ അപ്പൂപ്പനെവരെ അരഗോണിസ് ചീത്തവിളിച്ചു. കാരണം ബ്രസീലുകാരുടേതാണ് മഞ്ഞക്കുപ്പായം. അവരുടെ ചരിത്രനേട്ടങ്ങളെല്ലാം മഞ്ഞയുടുപ്പില്‍ കയറിയതിനു ശേഷമാണെങ്കില്‍, അരഗോണിസിന് അത് നിര്‍ഭാഗ്യത്തിന്റെ നിറമാണ്. ഇക്കാര്യം അറിയാത്തതാണ് റൌളിന് വിനയായത്.

ലോകകപ്പ് ഫുട്ബോളില്‍ പങ്കെടുക്കുന്ന താരങ്ങളും പരിശീലകരും ടീമുമായി ബന്ധപ്പെട്ടവരുമെല്ലാം ഇത്തരം അന്ധവിശ്വാസങ്ങളുടെ പിടിയിലാകും. അന്ധവിശ്വാസങ്ങളെന്നു കേള്‍ക്കുമ്പോള്‍ ആഫ്രിക്കയെന്നാകും എല്ലാവരും ആദ്യമോര്‍ക്കുക. പക്ഷേ, യാഥാര്‍ഥ്യമറിയുമ്പോള്‍ മറിച്ച് പറയേണ്ടിവരും. മഞ്ഞക്കുപ്പായമിട്ട് ലോകം ജയിക്കുന്ന ബ്രസീലിനുമുണ്ട് ഇത്തരം അന്ധവിശ്വാസങ്ങള്‍. മരിയോ സഗാലോ എന്ന ഇതിഹാസകോച്ചിന് 13 എന്ന അക്കത്തോട് കടുത്ത ആരാധനയാണ്. ആ നമ്പറുള്ള ഷര്‍ട്ടേ അദ്ദേഹം ധരിക്കാറുള്ളൂ. അന്തോണിസ് പുണ്യവാളന്റെ ഭക്തയായ ഭാര്യയാണ് സഗാലോയെ പുണ്യവാളന്റെ നമ്പറായ 13ന്റെ അടിമയാക്കിയത്. കളിക്കാരനായും കോച്ചായും ലോകകപ്പ് ഉയര്‍ത്തിയ അപൂര്‍വബഹുമതിക്ക് ഉടമയാണ് സഗാലോ എന്നും ഓര്‍ക്കുക.

1986ല്‍ അര്‍ജന്റീനയെ വിശ്വവിജയത്തിലേക്ക് നയിക്കുകയും '90ല്‍ ഫൈനലിലെത്തിക്കുകയും ചെയ്ത കാര്‍ലോസ് ബിലാര്‍ഡോയും ഇക്കാര്യത്തില്‍ മോശക്കാരനല്ല. ഈ രണ്ട് ടൂര്‍ണമെന്റിലും ഇദ്ദേഹം ഒരേ ടൈതന്നെയാണ് ധരിച്ചത്. മെക്സിക്കോ ലോകകപ്പില്‍ അര്‍ജന്റീനയുടെ ആദ്യകളിക്കു മുമ്പ് ടീമിലെ ഒരു കളിക്കാരനോട് അദ്ദേഹത്തിന് ടൂത്ത്പേസ്റ്റ് വാങ്ങേണ്ടിവന്നു. കളിയില്‍ ടീം ജയിച്ചതോടെ ഫൈനല്‍വരെ, അടവുകളുടെ ആശാനെന്ന് അറിയപ്പെടുന്ന ബിലാര്‍ഡോ ടൂത്ത്പേസ്റ്റ് ഇരക്കല്‍ ശീലമാക്കി.

ദക്ഷിണാഫ്രിക്കയില്‍ ഫ്രാന്‍സിന്റെ പരിശീലകനായ റെയ്മണ്ട് ഡൊമെഷ് തന്നെയായിരുന്നു കഴിഞ്ഞതവണയും ടീമിനെ നയിച്ചത്. പക്ഷേ, അന്നദ്ദേഹം ഒരു പുകിലുണ്ടാക്കി. കളിക്കാരുടെ ജന്മനാള്‍ നോക്കിയാണ് അവരെ ടീമിലെടുത്തതെന്ന അദ്ദേഹത്തിന്റെ പ്രസ്താവന പരക്കെ എതിര്‍പ്പുണ്ടാക്കി. റോബര്‍ട്ട് പെറസിനെപ്പോലുള്ള സ്കോര്‍പ്പിയോ നാളുകാരാണ് ഇതിന്റെ ദുരന്തഫലം അനുഭവിച്ചത്. കോച്ചിന്റെ അഭിപ്രായത്തില്‍ സ്കോര്‍പ്പിയോക്കാര്‍ പരസ്പരം കൊന്നുതീരുന്നവരാണ്.

കൊമ്പന്‍പോയ വഴിയെ മോഴ എന്നാണല്ലോ ചൊല്ല്. പരിശീലകരുടെ കാര്യം ഇതാണെങ്കില്‍ കളിക്കാരുടെ കാര്യം പറയാനുണ്ടോ. 1986ലെ മെക്സിക്കോ ലോകകപ്പില്‍ സുവര്‍ണപാദുകം നേടിയ ഇംഗ്ളണ്ടിന്റെ ഗാരി ലിനേക്കര്‍ വാംഅപ്പില്‍ ഗോളിലേക്ക് പന്തടിക്കുകയേ ഇല്ല. അങ്ങനെ ചെയ്താല്‍ മത്സരത്തില്‍ ഗോളടിക്കില്ലെന്നാണ് വിശ്വാസം. അതേപോലെ ആദ്യപകുതിയില്‍ ഗോളടിച്ചില്ലെങ്കില്‍ രണ്ടാംപകുതിയില്‍ ജേഴ്സി മാറ്റും. ഗോളടിച്ചിട്ടുണ്ടെങ്കില്‍ അതേ കുപ്പായംതന്നെയാകും ധരിക്കുക.

റുമാനിയയുടെ മുന്‍താരമായ അഡ്രിയാന്‍ മുട്ടു ശാപങ്ങളൊന്നും ഏല്‍ക്കാതിരിക്കാന്‍ അടിവസ്ത്രം തലതിരിച്ച് ധരിക്കുമായിരുന്നു. അര്‍ജന്റീനയുടെ മുന്‍ ലോകകപ്പ് ഗോളി സെര്‍ജിയോ ഗൊയ്ക്കോഷ്യയാകട്ടെ പുറത്തുപറയാന്‍ കൊള്ളാത്ത ശീലക്കാരനായിരുന്നു. പെനല്‍റ്റി നേരിടാന്‍ ക്രോസ്ബാറിനു കീഴെ എത്തുംമുമ്പെ ഷോര്‍ട്സ് അല്‍പമൊന്നുയര്‍ത്തി മൂത്രമൊഴിക്കുകയായിരുന്നു ഗൊയ്ക്കോഷ്യയുടെ പതിവ്. ഗ്രൌണ്ടിലേക്ക് പോകുമ്പോള്‍ ബസ്സില്‍ ഒരേ സീറ്റില്‍ ഇരിക്കുക, എപ്പോഴും ഒരേ പാട്ട് കേള്‍ക്കുക അങ്ങനെ ഒരുപാട് അന്ധവിശ്വാസങ്ങള്‍ ഫുട്ബോള്‍ ലോകത്തുണ്ട്.

ലോകകപ്പിന് കഥകള്‍ വേറെയുമുണ്ട് പറയാന്‍. 1974ല്‍ പശ്ചിമജര്‍മനിയില്‍ നടന്ന ലോകകപ്പിന് സയര്‍ (കോംഗോ) ടീം എത്തിയത് മന്ത്രവാദികളുടെ വലിയ സംഘവുമായാണ്. ഒറ്റ ലക്ഷ്യം മാത്രം, ജയം. കണ്ടമാനം കാശുപൊടിച്ച് അത്യപൂര്‍വമായ ആഭിചാരകര്‍മങ്ങള്‍ ചെയ്തു. പക്ഷേ, ഫലം അവര്‍ക്കുതന്നെ തിരിച്ചടിയാകുകയായിരുന്നു. ആദ്യം സ്കോട്ലന്‍ഡിനോടും പിന്നെ ബ്രസീലിനോടും പരാജയപ്പെട്ട സയര്‍ ടീം യൂഗോസ്ളാവിയയോട് തോറ്റു തുന്നംപാടി (9-1).

ലോകകപ്പ് എത്തുമ്പോള്‍ തായ്ലന്‍ഡിലെ പ്രശസ്തയായ ഒരു ജ്യോതിഷിയുടെ വീട്ടില്‍ കാണികള്‍ എത്തും. വ്യാഴനില ആര്‍ക്കാണ് അനുകൂലമെന്ന് ഈ ജ്യോതിഷി പറഞ്ഞാല്‍ വാതുവെപ്പുകാര്‍ പിന്നെ മറ്റൊരു ടീമിനെക്കുറിച്ച് ചിന്തിക്കാറില്ല.

1966ലെ ജേതാക്കളായ ഇംഗ്ളണ്ടിന്റെ പരിശീലകന്‍ ആല്‍ഫ് റാംസെ വല്ലാത്തൊരു പ്രകൃതക്കാരനായിരുന്നു. ക്വാര്‍ട്ടറില്‍ ഇംഗ്ളണ്ട് അര്‍ജന്റീയെ തോല്‍പിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ക്രൌര്യം പ്രകടമായത്. കളി കഴിഞ്ഞയുടനെ റാംസെ ഗ്രൌണ്ടിലേക്ക് കുതിക്കുന്നതു കണ്ടപ്പോള്‍ വിജയം ആഘോഷിക്കാനാണെന്നാണ് കരുതിയത്. എന്നാല്‍, തന്റെ കളിക്കാര്‍ എതിര്‍ ടീമംഗങ്ങള്‍ക്ക് സൌഹൃദത്തിന്റെ സ്മരണികയായി ജഴ്സി കൈമാറുന്നത് തടയാനാണ് അദ്ദേഹം വെപ്രാളപ്പെട്ട് കുതിച്ചത്. തന്റെ കളിക്കാരോട് റാംസെ ആക്രോശിച്ചു-'നമ്മള്‍ മൃഗങ്ങളുമായി കുപ്പായം പങ്കുവെക്കാറില്ല'.

ലോകകപ്പ് ഫുട്ബോളില്‍ ഏറ്റവും ശ്രദ്ധേയമായ വാക്കുകള്‍ ഫ്രഞ്ചുകാരനായ ഇമ്മാനുവല്‍ഗംബാര്‍ദെയുടേതാണ്. 1938ലെ ടൂര്‍ണമെന്റില്‍ സ്വീഡന്‍ 8-0ന് ക്യൂബയെ തകര്‍ത്തു. അഞ്ചു ഗോള്‍ കണ്ടപ്പോഴേക്കും, ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ അദ്ദേഹം ടൈപ്പ് റൈറ്റര്‍ അടച്ചുവെച്ചു. ' അഞ്ചു ഗോള്‍വരെ ആകാം. അതില്‍ ജര്‍ണലിസമുണ്ട്. അതിനു ശേഷമുള്ളത് സ്റ്റാറ്റിസ്റ്റിക്സ് മാത്രമായിരുന്നു' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

*
എ എന്‍ രവീന്ദ്രദാസ് കടപ്പാട്: ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മാനവരാശിയെ ഒന്നടങ്കം ആവേശത്തിന്റെ പരകോടിയിലേക്ക് ആനയിക്കാന്‍ ഫുട്ബോളിനെപ്പോലെ മറ്റൊന്നിനും കഴിഞ്ഞിട്ടില്ല. കണ്ണീരും കിനാവും ഇഴപിരിയുന്ന കളിമുറ്റങ്ങളിലൂടെ ആ തുകല്‍പ്പന്ത് പുതിയ ലക്ഷ്യങ്ങള്‍ തേടുമ്പോള്‍ അത് ലോകത്തിന്റെ സുകൃതമാകുന്നു. സ്ഥലകാലങ്ങള്‍ക്കതീതമായി മനുഷ്യന്റെ കായികാഹ്ളാദമായിത്തീര്‍ന്ന വിനോദമാണ് കാല്‍പ്പന്തുകളി. അതുകൊണ്ടുതന്നെ ലോകകപ്പ് ഫുട്ബോള്‍ ലോകത്തിന്റെ ഉത്സവമാണ്.

എന്നാല്‍, ഫുട്ബോളിനെ കായികവിനോദമെന്നതിനെക്കാള്‍ മനുഷ്യകുലത്തിന്റെ ഗോത്രസ്വഭാവത്തോട് ചേര്‍ന്നിരിക്കുന്ന ഒന്നായി കാണാനാണ് നരവംശശാസ്ത്രജ്ഞര്‍ക്കും സാമൂഹ്യശാസ്ത്രവിചക്ഷണര്‍ക്കും ഇഷ്ടം. സമാധാനവും സാഹോദര്യവും ഈ കളിയുടെ ഉപരിതലത്തില്‍ മാത്രമാണ് ഉള്ളതെന്നും ആഴത്തിലേക്ക് അത് മനുഷ്യന്റെ പ്രാകൃതചോദനകളെ ഉണര്‍ത്തുന്ന ഒന്നാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.