Tuesday, June 22, 2010

സഫ്‌ദറിന്റെ വിളി

ഇരുപത്തഞ്ച് വര്‍ഷം മുമ്പത്തെ ഒരു ഫോണ്‍കോള്‍. ആജ്ഞയായിരുന്നോ സ്നേഹമസൃണമായ അഭ്യര്‍ഥനയായിരുന്നോ? എന്തായാലും കൊടുങ്ങല്ലൂര്‍ക്കാരന്‍ ടി കെ സോമന്റെ ഡല്‍ഹിജീവിതം മാറ്റിമറിക്കാന്‍ കോള്‍ ധാരാളമായിരുന്നു. 1986ന്റെ തുടക്കത്തില്‍ 'മോട്ടേറാം കാ സത്യഗ്രഹ് ' എന്ന നാടകത്തില്‍ അഭിനയിക്കാന്‍ സഫ്‌ദര്‍ ഹാശ്‌മിയുടെ ക്ഷണം സ്വീകരിച്ചിരുന്നില്ലെങ്കില്‍ ഡല്‍ഹിയിലെ മലയാളികളായ നൂറുകണക്കിന് സര്‍ക്കാര്‍ ജീവനക്കാരുടേതുപോലെ അലസവും അരാഷ്‌ട്രീയവും ആവര്‍ത്തനവിരസവുമാവുമായിരുന്നു തന്റെ ജീവിതവുമെന്ന് സോമന്‍ ഉറച്ചു വിശ്വസിക്കുന്നു. ജനനാട്യമഞ്ചിനൊപ്പം കാല്‍നൂറ്റാണ്ട് പിന്നിടുന്ന ഈ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥന്‍ ഓരോ വര്‍ഷം 200-300 വരെ തെരുവുകളിലും വേദികളിലും വേഷമിട്ടെന്ന് ഏകദേശ കണക്ക്. ഡല്‍ഹിയില്‍ മാത്രമല്ല, നാടകസ്നേഹികളുള്ള എല്ലായിടത്തും ചമയമണിഞ്ഞിട്ടുണ്ട്.

സഫ്‌ദര്‍ എന്നും അങ്ങനെയായിരുന്നു. മുന്നില്‍നിന്നു നയിക്കുമ്പോള്‍ നല്‍കുന്ന ആജ്ഞകള്‍ ഒരിക്കലും ആജ്ഞയായി തോന്നിയിരുന്നില്ല സോമനും മറ്റു കലാകാരന്മാര്‍ക്കും. ആരും അദ്ദേഹത്തിന്റെ ആകര്‍ഷണവലയത്തില്‍ പെട്ടുപോവും. എല്ലാവരെയും പ്രോത്സാഹിപ്പിക്കും. മൂന്നുവര്‍ഷം- 1986 മുതല്‍ 1989 വരെ മാത്രമേ ആ ആത്മബന്ധം ഉണ്ടായുള്ളൂ. എന്തായാലും കൊടുങ്ങല്ലൂരിലെ സ്‌കൂളില്‍ പഠനകാലത്ത് തുടങ്ങിയ നാടകാഭിനയം തുടക്കക്കാരന്റെ കൌതുകത്തോടെ 59-ാം വയസ്സിലും തുടരാന്‍ സോമനു കൂട്ട് സഫ്‌ദറിന്റെ തിളക്കമുള്ള ഓര്‍മകളാണ്. സഫ്‌ദറിന്റെ രക്തസാക്ഷിത്വത്തിനുശേഷം അദ്ദേഹത്തിന്റെ സഖാവും ഭാര്യയുമായ മാലശ്രീ ഹാശ്‌മിയുടെ നേതൃത്വത്തില്‍ നടക്കുന്ന എല്ലാ നാടകപരീക്ഷണങ്ങള്‍ക്കുമൊപ്പം സോമനുമുണ്ട്.

പ്രേംചന്ദിന്റെ സത്യഗ്രഹ് എന്ന കഥ മോട്ടേറാം കാ സത്യഗ്രഹ് എന്ന നാടകമാക്കിയത് സഫ്‌ദറാണ്. സംവിധാനം ഹബീബ് തന്‍വീര്‍. കഥ നാടകമാക്കുന്നതിലും ഹബീബ് കാര്യമായ സഹായം ചെയ്‌തു. നാടകത്തില്‍ അഭിനയിക്കാനുള്ള ക്ഷണം ഭയപ്പാടോടെയാണ് കേട്ടത്. ആദ്യ രണ്ടുദിവസം ക്ഷണം കേട്ടതായി നടിച്ചില്ല. പിന്നെ സഫ്‌ദറിന്റെ ആജ്ഞയ്‌ക്ക് വഴങ്ങാതിരിക്കാനായില്ല. നാടകരംഗത്തെ കുലപതിയായ ഹബീബ് സാബിന്റെ നാടകത്തില്‍ അഭിനയിക്കാന്‍ കഴിയുമോ എന്ന ഭയം, അഭിനയിക്കുന്നത് സോഹ്റാ സൈഗലിനെയും സഫ്‌ദര്‍ ഹാശ്‌മിയെയുംപോലുള്ള പ്രമുഖര്‍. രണ്ടുമണിക്കൂറുള്ള പ്രൊസീനിയം നാടകം. അതിപ്പോഴും പ്രസക്തം. ഡല്‍ഹിയിലെ നാടകാഭിനയത്തിന്റെ തുടക്കം അങ്ങനെ. ഇരുപതിലേറെ സ്റ്റേജുകള്‍. സോമന്‍ എത്തുംമുമ്പുതന്നെ ബക്രിപോലുള്ള പ്രൊസീനിയം നാടകങ്ങള്‍ ജനനാട്യമഞ്ച് ചെയ്തിരുന്നു. ഇത്തരം ബൃഹദ് സംരംഭങ്ങളില്‍നിന്നു ചെറിയ തെരുവുനാടകങ്ങളിലേക്ക് മാറുന്നതിന് ചരിത്രപരമായ കാരണമുണ്ട്. അടിയന്തരാവസ്ഥക്കാലത്തുണ്ടായ നിയന്ത്രണങ്ങളും മഞ്ചിനെ സഹായിച്ച സംഘടനകള്‍ സാമ്പത്തികമായി തകര്‍ന്നതുമാണ് ചെലവുകുറഞ്ഞ തെരുവുനാടക പരീക്ഷണങ്ങളിലേക്കെത്തിച്ചത്, ജനനാട്യമഞ്ചിനെ മാറ്റാന്‍ നിര്‍ബന്ധിതമാക്കിയത്. മെഷീന്‍ ആയിരുന്നു ആദ്യത്തേത്. സോമന്‍തന്നെ 6000 വേദിയില്‍ ഇത് അവതരിപ്പിച്ചിട്ടുണ്ട്. ആദ്യം ഭാഷ പ്രശ്‌നമായിരുന്നു. റിഹേഴ്‌സല്‍സമയത്തുണ്ടാവുന്ന പിശകുകള്‍ സുഹൃത്തുക്കള്‍ തിരുത്തും. മോട്ടേറാമിന്റെ റിഹേഴ്‌സല്‍സമയത്ത് ഹബീബ് സാബിന്റെ മകള്‍ നാഗീന്‍ തന്റെ ഹിന്ദിയെ കളിയാക്കിയതിന്റെ ഓര്‍മ ഇപ്പോഴും സ്വയം തിരുത്താന്‍ പ്രേരിപ്പിക്കാറുണ്ട്. ഇത് മലയാളത്തെയും സഹായിച്ചിട്ടുണ്ട്. സ്‌ഫുടതയോടെ മലയാളം സംസാരിക്കാന്‍ കഴിയുന്നത് നാടകാഭിനയംകൊണ്ടാണ്- സോമന്‍ പറയുന്നു

ജനനാട്യമഞ്ചിന്റെ എല്ലാ നാടകത്തിലും അഭിനയിക്കാനായി. ജ്യോതിബാ ഫുലെയുടെ ജീവിതത്തെ ആസ്പദമാക്കി ജി പി ദേശ്‌പാണ്ഡെ എഴുതിയ സത്യശോധക് നാടകവും ഔരത്, ഡോ. ബ്രജേഷ് എഴുതിയ ഹം യഹീ രഹേംഗേ, ഉള്‍ടേ ജമാനേ കേ ഓര്‍ പോലുള്ളവയുമാണ് പ്രധാനം. എന്നെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ശംബൂക് വധ് എന്ന നാടകമാണ്. അത് വലിയൊരു അനുഭവമാണ്. ശംബൂകന്റെ ലീഡ് റോള്‍ ഞാനാണ് ചെയ്തത്. ശംബൂക് വധ് മഹാരാഷ്‌ട്രയില്‍ എത്രയോ വേദികളില്‍ അവതരിപ്പിച്ചു. ഡല്‍ഹിക്കു പുറത്ത് മൂന്നു കൊല്ലം വിശാഖപട്ടണത്ത് ജോലിചെയ്യുമ്പോഴും മുടങ്ങാതെ ജനുവരി ഒന്നിന് സഫ്‌ദര്‍ദിനത്തില്‍ നാടകം അഭിനയിക്കാന്‍ എത്തിയിരുന്നു. ഹബീബ് തന്‍വീര്‍ എന്റെ ഭാഷാപ്രശ്‌നമറിഞ്ഞിട്ടും കാസ്റ്റ് ചെയ്തു. മരിക്കുന്നതിനു തൊട്ടുമുമ്പ് ഉള്‍ടേ ഹോ ജമാനേ ആയേ എന്ന നാടകം അവതരിപ്പിക്കുന്നതു കാണാന്‍ അദ്ദേഹം എത്തിയിരുന്നു. അതില്‍ രണ്ടു വേഷത്തില്‍ അഭിനയിച്ച എന്നെ വിളിച്ചു പറഞ്ഞു: "നീയൊരു നല്ല നടനായിരിക്കുന്നു'' എന്ന്. ആ സര്‍ട്ടിഫിക്കറ്റ് വലിയ പ്രോത്സാഹനമായി.

തെരുവില്‍ നാടകം അഭിനയിക്കുമ്പോള്‍ ഉണ്ടാവുന്നത് തീവ്രമായ അനുഭവമാണ്. ജനങ്ങളുടെ കണ്ണുകളില്‍ നോക്കിയാണ് അഭിനയിക്കുന്നത്. അതുകൊണ്ട് പ്രതികരണം അപ്പപ്പോള്‍ ലഭിക്കും. വേദിയില്‍ പട്ടിയും പശുവും കടന്നുവരും. കള്ളുകുടിയന്മാര്‍ വന്ന് അവര്‍ക്കും അഭിനയിക്കണമെന്നു പറയും. കലാകാരന് ഇത്രയും തീക്ഷ്‌ണമായ അനുഭവവും പ്രതികരണവും മറ്റെങ്ങും ലഭിക്കില്ല.

അടുത്തവര്‍ഷം സര്‍വീസില്‍നിന്നു വിരമിക്കുന്ന സോമനെ ഡല്‍ഹിയില്‍ത്തന്നെ പിടിച്ചുനിര്‍ത്തുന്നത് ജനനാട്യമഞ്ചും നാടകങ്ങളുമാണ്. അവിവാഹിതനായ അദ്ദേഹത്തിന് റിട്ടയര്‍മെന്റിനുശേഷം നാട്ടിലേക്കു മടങ്ങുന്നതിനേ കഴിയുന്നില്ല. നാടകത്തെ അത്രയേറെ പ്രണയിക്കുന്നു.

*****

എന്‍ എസ് സജിത്, കടപ്പാട് : ദേശാഭിമാനി വാരാന്തപ്പതിപ്പ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇരുപത്തഞ്ച് വര്‍ഷം മുമ്പത്തെ ഒരു ഫോണ്‍കോള്‍. ആജ്ഞയായിരുന്നോ സ്നേഹമസൃണമായ അഭ്യര്‍ഥനയായിരുന്നോ? എന്തായാലും കൊടുങ്ങല്ലൂര്‍ക്കാരന്‍ ടി കെ സോമന്റെ ഡല്‍ഹിജീവിതം മാറ്റിമറിക്കാന്‍ കോള്‍ ധാരാളമായിരുന്നു. 1986ന്റെ തുടക്കത്തില്‍ 'മോട്ടേറാം കാ സത്യഗ്രഹ് ' എന്ന നാടകത്തില്‍ അഭിനയിക്കാന്‍ സഫ്‌ദര്‍ ഹാശ്‌മിയുടെ ക്ഷണം സ്വീകരിച്ചിരുന്നില്ലെങ്കില്‍ ഡല്‍ഹിയിലെ മലയാളികളായ നൂറുകണക്കിന് സര്‍ക്കാര്‍ ജീവനക്കാരുടേതുപോലെ അലസവും അരാഷ്‌ട്രീയവും ആവര്‍ത്തന വിരസവുമാവുമായിരുന്നു തന്റെ ജീവിതവുമെന്ന് സോമന്‍ ഉറച്ചു വിശ്വസിക്കുന്നു. ജനനാട്യമഞ്ചിനൊപ്പം കാല്‍നൂറ്റാണ്ട് പിന്നിടുന്ന ഈ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥന്‍ ഓരോ വര്‍ഷം 200-300 വരെ തെരുവുകളിലും വേദികളിലും വേഷമിട്ടെന്ന് ഏകദേശ കണക്ക്. ഡല്‍ഹിയില്‍ മാത്രമല്ല, നാടകസ്നേഹികളുള്ള എല്ലായിടത്തും ചമയമണിഞ്ഞിട്ടുണ്ട്.