Thursday, June 17, 2010

ഭോപാലും ആണവബാധ്യതാ ബില്ലും

ഭോപാല്‍ കൂട്ടക്കൊലക്കേസില്‍ നീതി പരിഹാസ്യമായതിനെത്തുടര്‍ന്ന് പ്രതിഷേധക്കൊടുങ്കാറ്റ് അലയടിക്കുകയാണ്. യൂണിയന്‍ കാര്‍ബൈഡ് കമ്പനിക്ക് ലഭിച്ച സംരക്ഷണത്തിനും അതിന്റെ ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്സനെ രാജ്യം വിടാന്‍ അനുവദിച്ച രീതിക്കും എതിരായി ഉയരുന്ന രോഷം അത്യന്തം ന്യായമുള്ളതാണ്.

ഇരുപത്താറ് വര്‍ഷമായി നീളുന്ന ദൌര്‍ഭാഗ്യകരമായ ഈ സംഭവം വര്‍ഗപരമായ ചില സത്യങ്ങള്‍ പുറത്തുകൊണ്ടുവന്നു. ഒന്നാമതായി, അന്നത്തെ കേന്ദ്രസര്‍ക്കാരും തുടര്‍ന്നു വന്ന സര്‍ക്കാരുകളും അമേരിക്കയിലെയും ഇന്ത്യയിലെയും വന്‍കിട മുതലാളിമാരുടെയും കോര്‍പറേറ്റുകളുടെയും താല്‍പ്പര്യങ്ങളാണ് സംരക്ഷിച്ചത്. രണ്ടാമത്തെ വര്‍ഗപരമായ വസ്തുത, കൊല്ലപ്പെട്ട 20,000 പേരും നിത്യരോഗികളായി മാറിയ പതിനായിരങ്ങളും ഭോപാലിലെ പാവപ്പെട്ട ജനങ്ങളായിരുന്നു, ഇവരുടെ കാര്യത്തില്‍ ഭരണവര്‍ഗത്തിനും അവരുടെ രാഷ്ട്രീയപ്രതിനിധികള്‍ക്കും നഷ്ടപ്പെടാന്‍ ഒന്നുമില്ല. നീതിന്യായസംവിധാനത്തിലും പ്രതിഫലിച്ചത് വര്‍ഗപരമായ ഈ പക്ഷപാതമാണ്. മൂന്നാമത്തെ കാര്യം, കേന്ദ്രസര്‍ക്കാരിന്റെയും ഭരണകക്ഷിയുടെയും വര്‍ഗപരമായ കാഴ്ചപ്പാടില്‍ ഇപ്പോഴും മാറ്റമില്ല, സിവില്‍ ആണവബാധ്യതാ ബില്ലിന്റെ കാര്യത്തില്‍ പ്രകടമാകുന്നത് ഈ സത്യമാണ്.

ഭോപാല്‍ കേസിലെ വിധി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആണവബാധ്യതാ ബില്ലിന്റെ കാര്യത്തില്‍ നേരിട്ട് പ്രസക്തമാണ്. ഭോപാല്‍ വിധി വന്ന് രണ്ടു ദിവസത്തിനുശേഷം മാത്രമാണ് ആണവബാധ്യതാബില്‍ പരിശോധിക്കാന്‍ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം ചേര്‍ന്നത്. സര്‍ക്കാര്‍ ഈ ബില്ലിന് രൂപം നല്‍കിയ ഘട്ടത്തില്‍ത്തന്നെ സിപിഐ എം ഇതിനെ തള്ളിപ്പറഞ്ഞിരുന്നു. ഇന്ത്യ-അമേരിക്ക ആണവകരാര്‍ ഉണ്ടാക്കിയപ്പോള്‍ യുപിഎ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാനാണ് ഈ നിയമം കൊണ്ടുവന്നത്. 1 2 3 കരാര്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് സിപിഐ എം പൊളിറ്റ്ബ്യൂറോ 2008 ഒക്ടോബര്‍ രണ്ടിന് ഇറക്കിയ പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞു:

"30 വര്‍ഷമായി പുതിയ ഇടപാടുകാരെ ആരെയും കിട്ടാതെ നാശോന്മുഖമായിക്കൊണ്ടിരുന്ന അമേരിക്കന്‍ ആണവവ്യവസായത്തില്‍നിന്ന് കുറഞ്ഞത് പതിനായിരം മെഗാവാട്ട് വൈദ്യുതിയെങ്കിലും വാങ്ങാന്‍ ഇന്ത്യ ബാധ്യസ്ഥമാവുകയാണ്. വിതരണക്കാരെ ആണവ അപകടത്തിന്റെ എല്ലാ ബാധ്യതകളില്‍നിന്നും ഇത് ഒഴിവാക്കുകയും ചെയ്യുന്നു.''

അന്നത്തെ വിദേശസെക്രട്ടറി അമേരിക്കന്‍ അണ്ടര്‍ സെക്രട്ടറി വില്യം ബേസിന് അയച്ച കത്തില്‍ ഈ ഉറപ്പ് നല്‍കി.

ഇന്ത്യക്ക് റിയാക്ടറുകള്‍ നല്‍കുന്ന അമേരിക്കന്‍ കമ്പനികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പാര്‍ലമെന്റില്‍ ആണവബാധ്യതബില്‍ അവതരിപ്പിച്ചത്. എന്തെങ്കിലും ആണവഅപകടം ഉണ്ടായാല്‍ അതുമൂലം ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതില്‍നിന്ന് ഈ കമ്പനികളെ ഒഴിവാക്കുന്നു. വെസ്റിങ്ഹൌസും ജനറല്‍ ഇലക്ട്രിക്കും ആവശ്യപ്പെടുന്നത് ഭോപാല്‍ കേസില്‍ യൂണിയന്‍ കാര്‍ബൈഡിന് വഹിക്കേണ്ടിവന്ന പരിമിതമായ ബാധ്യതപോലും (സുപ്രീംകോടതി അംഗീകരിച്ച ഒത്തുതീര്‍പ്പ് പ്രകാരം 47 കോടി ഡോളര്‍) തങ്ങളുടെ ചുമലില്‍ വരരുതെന്നാണ്. അപകടം ഉണ്ടാകുന്നപക്ഷം ആണവറിയാക്ടര്‍ദാതാക്കളെ നിയമപരമായി പിടികൂടുന്നത് അസാധ്യമാക്കുന്ന തരത്തില്‍ ഞെട്ടിപ്പിക്കുന്ന നിയമം കൊണ്ടുവന്ന് കോണ്‍ഗ്രസ് മുന്നണിസര്‍ക്കാര്‍ അമേരിക്കയുടെ ചൊല്‍പ്പടിക്ക് വഴങ്ങിയിരിക്കുന്നു.

ആണവറിയാക്ടര്‍ ദാതാക്കളും നടത്തിപ്പുകാരും തമ്മിലുണ്ടാക്കുന്ന കരാറില്‍ ഇത്തരമൊരു വ്യവസ്ഥ ഉള്‍പ്പെടുത്തിയാല്‍ വിദേശവിതരണക്കാര്‍ അപകടങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ബാധ്യസ്ഥരാകുമെന്ന വാദം ഉന്നയിച്ച് സര്‍ക്കാര്‍ ഈ പ്രശ്നത്തില്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിച്ചു. എന്നാല്‍ സര്‍ക്കാര്‍ പറയാതിരുന്ന കാര്യം, ഇന്ത്യയില്‍ ആണവനിലയങ്ങള്‍ നടത്തുന്ന പൊതുമേഖലാ സ്ഥാപനമായ ന്യൂക്ളിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയോ റിയാക്ടറുകള്‍ നല്‍കുന്ന അമേരിക്കന്‍ കമ്പനിയോ ഈ വ്യവസ്ഥ കരാറില്‍ ഉള്‍പ്പെടുത്തില്ലെന്നതാണ്. ഈ നിയമം പാസാകുന്ന പക്ഷം, നിര്‍മാണത്തിലെയോ രൂപകല്‍പ്പനയിലെയോ അപാകതകാരണം അപകടം സംഭവിച്ചാല്‍ നിലയങ്ങളുടെ നടത്തിപ്പുകാര്‍ക്കോ ദുരന്തത്തിന്റെ ഇരകള്‍ക്കോ വിതരണക്കാരില്‍നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ കഴിയില്ല. സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരു വ്യവസ്ഥ വിതരണക്കാരുടെ ഭാഗത്തുനിന്നുള്ള 'മനഃപൂര്‍വമായ പ്രവൃത്തി കാരണമോ തികഞ്ഞ അശ്രദ്ധ നിമിത്തമോ' അപകടം സംഭവിച്ചാല്‍ നിലയങ്ങളുടെ നടത്തിപ്പുകാര്‍ക്ക് നഷ്ടപരിഹാരം തേടാന്‍ കഴിയുമെന്നതാണ്. രൂപകല്‍പ്പനയിലോ നിര്‍മാണത്തിലോ ഉണ്ടാകുന്ന അപാകത മനഃപൂര്‍വമായ പ്രവൃത്തിയുടെയോ അശ്രദ്ധയുടെയോ ഫലമാണെന്നു തെളിയിച്ച് വിതരണക്കാരെ പിടികൂടുന്നത് അത്യന്തം പ്രയാസകരമായ സംഗതിയാണ്.

നിലയം നടത്തിപ്പുകാരുടെ ബാധ്യത പരമാവധി 500 കോടി രൂപയായും ആണവഅപകടം ഉണ്ടാകുന്നപക്ഷം മൊത്തം സാമ്പത്തികബാധ്യത 2140 കോടി രൂപയായും നിജപ്പെടുത്തിയിരിക്കുന്നു. നിലയംനടത്തിപ്പുകാരുടെ ബാധ്യത 500 കോടി രൂപയായി പരിമിതപ്പെടുത്തിയത് ആണവമേഖലയില്‍ സ്വകാര്യകമ്പനികള്‍ക്ക് പ്രവേശനം നല്‍കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ്. ആണവനിലയങ്ങള്‍ നടത്തുന്ന ഇന്ത്യയിലെയോ വിദേശത്തെയോ സ്വകാര്യകമ്പനികളുടെ പരമാവധി ബാധ്യത 500 കോടി രൂപയായി നിയമംവഴി പരിമിതപ്പെടുത്തിയിരിക്കുന്നു. അങ്ങനെ, വിദേശകമ്പനികള്‍ ഉള്‍പ്പടെയുള്ള സ്വകാര്യഓപ്പറേറ്റര്‍മാര്‍ക്ക് ഭാവിയില്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കും.

സര്‍ക്കാരിന്റെ വര്‍ഗപരമായ വീക്ഷണം വ്യക്തമാണ്. ആണവഅപകടം ഉണ്ടായാല്‍ ജനങ്ങള്‍ അവരുടെ ജീവനോ ആരോഗ്യമോ വിലയായി നല്‍കേണ്ടിവരും, പക്ഷേ, ബാധ്യത പരിമിതപ്പെടുത്തിയതിലൂടെ അമേരിക്കന്‍ കമ്പനികളുടെയും ഇന്ത്യന്‍ കോര്‍പറേറ്റുകളുടെയും ലാഭത്തിന് സംരക്ഷണം ലഭിക്കുന്നു. ഭോപാല്‍ കേസില്‍ യൂണിയന്‍ കാര്‍ബൈഡ് നല്‍കിയ നഷ്ടപരിഹാരം 713 കോടി രൂപയാണ് (47 കോടി ഡോളര്‍). ആണവഅപകടം ഉണ്ടായാല്‍ അതിന്റെ കെടുതി ഭോപാല്‍ ദുരന്തത്തേക്കാള്‍ എത്രയോ വലുതായിരിക്കും. ആണവബാധ്യതാബില്‍ അനുസരിച്ച്, പരമാവധി നഷ്ടപരിഹാരം 2140 കോടി രൂപയായിരിക്കും, ഇതില്‍ ഏറിയപങ്കും സര്‍ക്കാര്‍തന്നെ നല്‍കുകയും ചെയ്യണം.

ആണവഅപകടങ്ങള്‍ക്കുള്ള ഉപനഷ്ടപരിഹാരം സംബന്ധിച്ച ഉടമ്പടിയാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരു പിടിവള്ളി. ഈ രാജ്യാന്തരഉടമ്പടിയില്‍ ചേരുന്നതുവഴി ആണവദുരന്തത്തിന്റെ ഇരകള്‍ക്ക് അന്താരാഷ്ട്രഫണ്ടുകളില്‍നിന്നുള്ള നഷ്ടപരിഹാരം ലഭ്യമാകുമെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. സര്‍ക്കാര്‍ പറയാത്തകാര്യം, അമേരിക്കയുടെ മുന്‍കൈയില്‍ കൊണ്ടുവന്ന ഈ ഉടമ്പടി ആണവസാമഗ്രികള്‍ വിതരണംചെയ്യുന്നവര്‍ക്ക് പൂര്‍ണസംരക്ഷണം നല്‍കുന്നുവെന്നതാണ്. കേവലം 13 രാജ്യമേ ഈ ഉടമ്പടിയില്‍ ചേര്‍ന്നിട്ടുള്ളൂ, അതില്‍ത്തന്നെ നാലുപേര്‍ മാത്രമേ ഇത് സ്ഥിരീകരിച്ചിട്ടുള്ളൂ. ആണവബാധ്യതയ്ക്ക് പരിധി നിശ്ചയിക്കാത്ത വിയന്ന കവന്‍ഷന്‍പ്രകാരം എന്തുകൊണ്ട് പ്രവര്‍ത്തിക്കുന്നില്ലെന്ന ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി നല്‍കണം. രാജ്യങ്ങള്‍ക്ക് സ്വതന്ത്രമായ ബാധ്യതവ്യവസ്ഥകള്‍ കൊണ്ടുവരാനും വിയന്ന പ്രഖ്യാപനം അനുമതി നല്‍കുന്നു.

ആണവബാധ്യതാനിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ കാട്ടിയ ഉപായങ്ങളില്‍നിന്ന് അമേരിക്കയ്ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ അവര്‍ക്ക് എത്രത്തോളം വ്യഗ്രതയുണ്ടെന്ന് വ്യക്തമാകുന്നു. പ്രതിപക്ഷകക്ഷികള്‍ ഒന്നടങ്കം എതിര്‍ത്തതിനെത്തുടര്‍ന്ന് ബജറ്റ് സമ്മേളനത്തിന്റെ ആദ്യപാദത്തില്‍ ബില്‍ അവതരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല, ഇതേത്തുടര്‍ന്ന് സമ്മേളനത്തിന്റെ അവസാനഘട്ടത്തില്‍ ബില്‍ കൊണ്ടുവരാന്‍ സമാജ്‌വാദി പാര്‍ടി, ആര്‍ജെഡി തുടങ്ങിയ കക്ഷികളുമായി സര്‍ക്കാരിന് കരാര്‍ ഉണ്ടാക്കേണ്ടിവന്നു. സാധാരണഗതിയില്‍ ഊര്‍ജം സംബന്ധിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റിക്കാണ് ബില്‍ പരിഗണനയ്ക്ക് വിടേണ്ടിയിരുന്നത്. എന്നാല്‍, കോണ്‍ഗ്രസ് എംപി അധ്യക്ഷനായ ശാസ്ത്ര-സാങ്കേതിക സ്റ്റാന്‍ഡിങ് കമ്മിറ്റിക്കാണ് ബില്‍ വഴിതിരിച്ച് വിട്ടത്. മനഃപൂര്‍വമായ പ്രവൃത്തിയാലോ അശ്രദ്ധയാലോ അപകടം ഉണ്ടായാല്‍ റിയാക്ടര്‍ വിതരണക്കാരനോട് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ നടത്തിപ്പുകാര്‍ക്ക് പരിമിതമായ അവകാശം നല്‍കുന്ന വ്യവസ്ഥപോലും ബില്ലില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ദുര്‍ബലമായ ഈ വകുപ്പില്‍പോലും അമേരിക്കയിലെ ആണവവ്യവസായ ലോബി അതൃപ്തി പ്രകടിപ്പിക്കുകയും ഇത് നീക്കണമെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തു.

അമേരിക്കന്‍ ആണവവ്യവസായലോബിയാണ് സിവില്‍ആണവ ബാധ്യതാബില്ലിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. പരിചിതമായ ശൈലിയിലാണ് ബാധ്യത നിശ്ചയിച്ചിരിക്കുന്നത്. ശക്തമായ എണ്ണലോബി അമേരിക്കന്‍ കോണ്‍ഗ്രസില്‍ സ്വാധീനം ചെലുത്തി എണ്ണക്കിണര്‍ ചോര്‍ച്ച ഉണ്ടായാല്‍ നല്‍കേണ്ട നഷ്ടപരിഹാരം പരമാവധി 7.5 കോടി ഡോളറായി പരിമിതപ്പെടുത്തി. ഇപ്പോള്‍ മെക്സിക്കന്‍ ഉള്‍ക്കടലില്‍ ബ്രിട്ടീഷ് പെട്രോളിയം നടത്തുന്ന എണ്ണക്കിണറിലുണ്ടായ ചോര്‍ച്ചയെത്തുടര്‍ന്ന് നഷ്ടപരിഹാരത്തിന്റെ പരിധി 1000 കോടി ഡോളറായി ഉയര്‍ത്തുകയോ പരിധി എടുത്തുകളയുകയോ ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നു.

ഉറപ്പ് പാലിക്കണമെന്ന് ആവശ്യപ്പെട്ട് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ നിരന്തര സമ്മര്‍ദമാണ് നേരിടുന്നത്. അമേരിക്കന്‍ രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി വില്യം ബേസ് ആണവബാധ്യതാനിയമത്തിന്റെ ആവശ്യകത സംബന്ധിച്ച് ജൂണ്‍ ഒന്നിന് വിദേശകാര്യ കൌസിലില്‍ നടത്തിയ "ഇന്ത്യയുടെ ഉയര്‍ച്ചയും ഇന്ത്യ-അമേരിക്ക പങ്കാളിത്തത്തിനുള്ള വാഗ്ദാനവും'' എന്ന പ്രസംഗത്തില്‍ പറഞ്ഞു:

" സിവില്‍ ആണവ അടിസ്ഥാനസൌകര്യങ്ങള്‍ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ പദ്ധതിക്ക് പിന്തുണ നല്‍കാന്‍ അമേരിക്കന്‍ കമ്പനികള്‍ തയ്യാറെടുത്തിരിക്കുകയാണ്. രണ്ട് റിയാക്ടര്‍ പാര്‍ക്കുകള്‍ക്ക് സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. പ്രധാനമന്ത്രി കഴിഞ്ഞയാഴ്ച പരസ്യമായി വാദിച്ചതുപോലെ ഇന്ത്യയുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ രാജ്യാന്തര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ബാധ്യതാനിയമം പാര്‍ലമെന്റ് പാസാക്കേണ്ടതുണ്ട്''.

ഇതിന് തൊട്ടുപിന്നാലെ നടന്ന ഇന്ത്യ-അമേരിക്ക തന്ത്രപരമായ സംഭാഷണത്തില്‍ വിദേശമന്ത്രി എസ് എം കൃഷ്ണ ആണവബാധ്യതാബില്‍ നിയമമാക്കുമെന്ന് അമേരിക്കയ്ക്ക് ഉറപ്പ് നല്‍കുകയുമുണ്ടായി.

ഭോപാലുകളും വാറന്‍ ആന്‍ഡേഴ്സന്‍മാരും ആവര്‍ത്തിക്കുന്നത് അനുവദിക്കാന്‍ കഴിയില്ല. ഇതിനായി, ഭോപാല്‍ ഫാക്ടറിയും പരിസരവും ശുചീകരിക്കുന്നതിനുള്ള മുഴുവന്‍ ചെലവും യൂണിയന്‍ കാര്‍ബൈഡ് ഏറ്റെടുത്ത ഡൌ കെമിക്കല്‍സ് വഹിക്കണം. വിരോധാഭാസമെന്നു പറയട്ടെ, ഡൌവിനെ ഇത്തരം ബാധ്യതകളില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് മന്ത്രിതല സമിതിക്ക് രൂപംനല്‍കിയത്. സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങളുടെ കാര്യത്തില്‍ ഇതൊരു അമ്ളപരീക്ഷണമാണ്.

ഭോപാല്‍ ദുരന്തത്തില്‍നിന്ന് എന്തെങ്കിലും പാഠം ഉള്‍ക്കൊണ്ടിട്ടുണ്ടെങ്കില്‍ സിവില്‍ബാധ്യതപോലെതന്നെ ക്രിമിനല്‍ബാധ്യതയും നിശ്ചയിക്കണം. രാജ്യത്തെയും വിദേശത്തെയും വന്‍കിട ബിസിനസുകാരുടെ വാണിജ്യ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യന്‍ ജനതയുടെ ജീവന്റെയും സുരക്ഷയുടെയും കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്. ഇത് ഉറപ്പാക്കാനുള്ള ആദ്യ ചുവട് വെയ്ക്കാന്‍ ആണവബാധ്യതാബില്‍ പരാജയപ്പെടുത്തുന്നതിലൂടെ കഴിയും.

*
പ്രകാശ് കാരാട്ട് കടപ്പാട്: ദേശാഭിമാനി 17 ജൂണ്‍ 2010

6 comments:

വര്‍ക്കേഴ്സ് ഫോറം said...

ഭോപാല്‍ കൂട്ടക്കൊലക്കേസില്‍ നീതി പരിഹാസ്യമായതിനെത്തുടര്‍ന്ന് പ്രതിഷേധക്കൊടുങ്കാറ്റ് അലയടിക്കുകയാണ്. യൂണിയന്‍ കാര്‍ബൈഡ് കമ്പനിക്ക് ലഭിച്ച സംരക്ഷണത്തിനും അതിന്റെ ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്സനെ രാജ്യം വിടാന്‍ അനുവദിച്ച രീതിക്കും എതിരായി ഉയരുന്ന രോഷം അത്യന്തം ന്യായമുള്ളതാണ്.

ഇരുപത്താറ് വര്‍ഷമായി നീളുന്ന ദൌര്‍ഭാഗ്യകരമായ ഈ സംഭവം വര്‍ഗപരമായ ചില സത്യങ്ങള്‍ പുറത്തുകൊണ്ടുവന്നു. ഒന്നാമതായി, അന്നത്തെ കേന്ദ്രസര്‍ക്കാരും തുടര്‍ന്നു വന്ന സര്‍ക്കാരുകളും അമേരിക്കയിലെയും ഇന്ത്യയിലെയും വന്‍കിട മുതലാളിമാരുടെയും കോര്‍പറേറ്റുകളുടെയും താല്‍പ്പര്യങ്ങളാണ് സംരക്ഷിച്ചത്. രണ്ടാമത്തെ വര്‍ഗപരമായ വസ്തുത, കൊല്ലപ്പെട്ട 20,000 പേരും നിത്യരോഗികളായി മാറിയ പതിനായിരങ്ങളും ഭോപാലിലെ പാവപ്പെട്ട ജനങ്ങളായിരുന്നു, ഇവരുടെ കാര്യത്തില്‍ ഭരണവര്‍ഗത്തിനും അവരുടെ രാഷ്ട്രീയപ്രതിനിധികള്‍ക്കും നഷ്ടപ്പെടാന്‍ ഒന്നുമില്ല. നീതിന്യായസംവിധാനത്തിലും പ്രതിഫലിച്ചത് വര്‍ഗപരമായ ഈ പക്ഷപാതമാണ്. മൂന്നാമത്തെ കാര്യം, കേന്ദ്രസര്‍ക്കാരിന്റെയും ഭരണകക്ഷിയുടെയും വര്‍ഗപരമായ കാഴ്ചപ്പാടില്‍ ഇപ്പോഴും മാറ്റമില്ല, സിവില്‍ ആണവബാധ്യതാ ബില്ലിന്റെ കാര്യത്തില്‍ പ്രകടമാകുന്നത് ഈ സത്യമാണ്.

N.J Joju said...

ഇവിടെ ഒന്നാമതായി ഉത്തരം കിട്ടേണ്ട ചോദ്യം ആണവവൈദ്യുതി വേണമോ വേണ്ടയോ എന്നതാണ്‌. വേണ്ട എന്നാണ്‌ ഉത്തരമെങ്കില്‍ കാര്യങ്ങള്‍ വളരെ ലളിതമാണ്‌. പക്ഷേ വേണം എന്നാണ്‌ ഉത്തരമെങ്കില്‍ അത്‌ വീണ്ടും ഉയര്‍ത്തുന്നതു ചോദ്യങ്ങളാണ്‌.

അമേരിക്കയെക്കുറിച്ചുപറയുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ ന്യൂക്ളിയാര്‍ ഊര്‍ജ്ജം ഉത്പാദിപ്പിയ്ക്കുന്ന രാജ്യമാണ്‌ അമേരിയ്ക്ക. 2009൯ല്‍ അവിടുത്തെ 104൪ റിയാക്ടറുകള്‍ 799ബില്ല്യണ്‍ കിലോ വാട്ട്‌ ഔവര്‍ ഊര്‍ജ്ജമാണ്‌ ഉത്പാദിപ്പിച്ചത്‌.

ഈ ലേഖനത്തില്‍ തന്നെ പറയുന്നതുപോലെ ആണവ അപകടം ഉണ്ടായാല്‍ അതിണ്റ്റെ ആഘാതം വളരെ വലുതു തന്നെയായിരിയ്ക്കും. പക്ഷേ അതിണ്റ്റെ ബാധ്യത ആരു ഏറ്റെടുക്കണം എന്നതാണ്‌ ചോദ്യം.

അവശ്യമായ ഏല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചു തന്നെയാവും ഏതൊരു ന്യൂക്ളിയാര്‍ പവര്‍സ്റ്റേഷനും പ്രവര്‍ത്തനം ആരംഭിയ്ക്കുക. നിലവിലുള്ള സാങ്കേതികവിദ്യയും നിലവിലുള്ള സുരക്ഷാക്രമീകരണങ്ങളുമേ ഏതൊരു കമ്പനിയ്ക്കും കൈക്കൊള്ളാനാവൂ. അങ്ങനെയുള്ള ഒരു സംരംഭത്തിണ്റ്റെ ബാധ്യത മുഴുവന്‍ കമ്പനിയ്ക്കായിരിയ്ക്കും എന്നു പറയുന്നതില്‍ അസ്വാഭാവികതയുണ്ട്‌. ന്യായമായും സര്‍ക്കാര്‍ തന്നെയാണ്‌ അതിണ്റ്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത്‌.

മനപ്പൂര്‍വ്വമായ പ്രവര്‍ത്തിയാല്‍ ആണവദുരന്തം ഉണ്ടാക്കുക എന്നത്‌ തെറ്റിദ്ധാരണാജനകമാണ്‌ പ്രയോഗമാണ്‌. എന്നിരുന്നാല്‍ തന്നെയും കമ്പനിയുടെ ഭാഗത്ത്‌ പിഴവുകളുണ്ടെങ്കില്‍ ബാധ്യതയുടെ ഒരു പങ്ക്‌ തീര്‍ച്ചയായും കമ്പിനി വഹിച്ചേ മതിയാവൂ.

അശ്രദ്ധകൊണ്ട്‌ എന്നത്‌ കൂടുതല്‍ വിശദീകരിക്കേണ്ട ഒന്നാണ്‌. കമ്പനിയെ സംബന്ധിച്ചിടത്തോളം ചില പ്രവര്‍ത്തന ക്രമം രൂപീകരിയ്ക്കാനേ കഴിയൂ. പിന്നെയുള്ള വീഴ്ചകള്‍ അപ്പോള്‍ അവിടെയുണ്ടാവുന്ന ഉദ്യോഗസ്ഥരുടെയും ജോലിക്കാരുടെയും വീഴ്ചകളാണ്‌. അതിനു കമ്പനി നഷ്ടപരിഹാരം കൊടുക്കണം എന്നു പറയുന്നതില്ലെ ശരിയും തര്‍ക്കവിഷയമാണ്‌.

മംഗലാപുരം വിമാനാപകടത്തിണ്റ്റെ ബാധ്യത ആര്‍ക്കാണ്‌? ബോയിംഗിനോ? എയറിന്ത്യക്കോ? സര്‍ക്കാരിനോ? പൈലറ്റിനോ? വിമാനത്താവളം നിര്‍മ്മിച്ച കമ്പിനിയ്ക്കോ? പദ്ധതി അംഗീകരിച്ച സര്‍ക്കാരിനോ?

മുല്ലപ്പെരിയാര്‍ അപകടമുണ്ടായാല്‍ ആര്‍ക്കാണു ബാധ്യത. തമിഴ്നാടിനോ? കേരളത്തിനോ? കേന്ദ്രത്തിനോ?

മാരുതിക്കാറിടിച്ചാല്‍ നഷ്ടപരിഹാരം കൊടുക്കേണ്ടത്‌ മാരുയോ ഉടമസ്ഥനോ ഇന്‍ഷ്യുറന്‍സുകാരോ

Vivara Vicharam said...
This comment has been removed by the author.
Vivara Vicharam said...

നമുക്കു് വൈദ്യൂതി വേണം. അതു് ആണവ വൈദ്യൂതി തന്നെയാകണമെന്നു് നിര്‍ബ്ബന്ധമില്ലാത്തതു് പോലെ തന്നെ ആണവ വൈദ്യൂതി പാടെ ഒഴിവാക്കാനും കഴിയില്ല. അതു് കൊണ്ടു് ജോജുവിന്റെ ചോദ്യത്തിനുത്തരം ആണവ വൈദ്യൂതി വേണമെന്നു് തന്നെയാണു്. പക്ഷെ, മറ്റു് മാര്‍ഗ്ഗങ്ങള്‍ എല്ലാം കൊട്ടിയടച്ചു് അമേരിക്കന്‍ ആണവ കേന്ദ്രങ്ങള്‍ക്കു് പിറകേ മാത്രം പോകുന്നതിലെ യുക്തിഹീനത മുമ്പു് ഒട്ടേറെ പറഞ്ഞു് പോയിട്ടുള്ളതാണു്. അതാണു് ഇന്ത്യയുടെ വിലപേശല്‍ കഴിവു് ഇടിക്കുന്ന ഘടകം. വ്യാപാരത്തില്‍ വിലപേശല്‍ ഒരു അംഗീകൃത ഘടകമാണല്ലോ ?
അമേരിക്കയുടെ ആണവ കഴിവിനെക്കുറിച്ചു് യാതൊരു തര്‍ക്കവുമില്ല.

ആണവ അപകടം ഉണ്ടായാല്‍ അതിന്റെ ബാധ്യത ആരു് ഏറ്റെടുക്കണം എന്നതു തന്നെയാണു് പ്രസക്തമായ ചോദ്യം. സര്‍ക്കാരും ജനങ്ങളും തന്നെയാണ്‌ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് എന്ന ജോജുവിന്റെ സമീപനം തന്നെയാണു് കേന്ദ്ര സര്‍ക്കാരും എടുത്തിരിക്കുന്നതു് എന്നു് വേണം കരുതാന്‍. അമേരിക്കന്‍ കമ്പനികള്‍ക്കു് പരമാവധി കുറഞ്ഞ ബാധ്യത.

ഇതിനോടാണു് സഖാവു് പ്രകാശ് കാരാട്ടു് വിയോജനം രേഖപ്പെടുത്തിയിരിക്കുന്നതു്.

മനപ്പൂര്‍വ്വമായ പ്രവര്‍ത്തിയാല്‍ ആണവദുരന്തം ഉണ്ടാക്കുക എന്നത്‌ തെറ്റിദ്ധാരണാജനകമാണ്‌ എന്ന ജോജുവിന്റെ കണ്ടെത്തലിനോടു് കേന്ദ്ര സര്‍ക്കാര്‍ പോലും യോജിക്കുന്നില്ല. അതിനായി ഒരു വകുപ്പു് ബില്ലില്‍ ചേര്‍ത്തിട്ടുണ്ടു്. എങ്കിലും അങ്ങിനെയാരും ചെയ്യുമെന്നു് നാമാരും സ്വാഭാവികമായും പ്രതീക്ഷിക്കില്ല. പക്ഷെ, ലാഭത്തിനു് വേണ്ടി പല സുരക്ഷാ ക്രമീകരണങ്ങളിലും വിട്ടു വീഴ്ച ചെയ്യുന്ന മുതലാളിത്ത വ്യവസ്ഥിതിയില്‍ അത്തരം സംഭവങ്ങള്‍ തള്ളിക്കളയാനുമാവില്ല. വ്യവസായ മലിനീകരണം നിയന്ത്രിക്കാന്‍ നിയമവും മാര്‍ഗ്ഗവുമുണ്ടെങ്കിലും പ്രയോഗത്തില്‍ വരാത്തതു് കൊണ്ടാണല്ലോ നമ്മുടെ വ്യസായ മേഖല മലിനീകരണം കൊണ്ടു് ശ്വാസം മുട്ടുന്നതു്. ലാഭക്കൊതി കൊണ്ടു് മാലിന്യ സംസ്കരണത്തില്‍ കണ്ണടക്കുന്നതു് കൊണ്ടാണതു്. അതേ പോലെ ഇവിടെയും നടക്കാം.

ഏതായാലും ജോജു അമേരിക്കന്‍ ആണവ കമ്പനികള്‍ക്കു് വേണ്ടി അവരേക്കാള്‍ ശക്തമായി വാദിക്കുന്നു !

മംഗലാപുരം വിമാനാപകടത്തിണ്റ്റെ ബാധ്യത അപകടത്തിനു് കാരണമായ പിഴവു് എന്തെന്നതിനെ ആശ്രയിച്ചാണിരിക്കുന്നതു്. നിര്‍മ്മാണത്തിലുള്ള പിഴവാണെങ്കില്‍ കമ്പനിക്കും, പൈലറ്റിന്റെ പിഴവാണെങ്കില്‍ പൈലറ്റിനും അതിനു് എയര്‍ലൈന്‍സ് ഉത്തരവാദിയാണെങ്കില്‍ അവരും ....... അങ്ങിനെ മറ്റെന്തെങ്കിലുമാണെങ്കില്‍ അതിനും.

മുല്ലപ്പെരിയാര്‍ ഇനിയൊരപകടമുണ്ടായാല്‍ തമിഴ്നാടിനും കേന്ദ്രത്തിനും സുപ്രീം കോടതിക്കുമൊക്കെ ഉത്തര വാദിത്വമുണ്ടാകും. കാരണം കേരളം അതിനു് ഉടന്‍ പരിഹാരത്തിനു് ശ്രമിക്കുമ്പോള്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണവര്‍.
മാരുതികാറിന്റെ കാര്യത്തിലും മൂര്‍ത്തമായ സാഹചര്യത്തിനനുസരിച്ചാണു് ഉത്തരം.

അതേ പോലെ ആണവ നിലയങ്ങളുടെ കാര്യത്തിലും മൂര്‍ത്തമായ സാഹചര്യങ്ങള്‍ക്കനുസരിച്ചു് ഉത്തരവാദിത്വം ഏല്‍ക്കേണ്ടിവരും. അതു കൊണ്ടാണു് അമേരിക്കന്‍ കമ്പനികളെ ഇത്തരത്തില്‍ ഒഴിവാക്കരുതെന്നു് കാരാട്ടു് പറയുന്നതു്.

Vivara Vicharam said...
This comment has been removed by the author.
Vivara Vicharam said...

അമേരിക്കന്‍ കമ്പനികള്‍ പണം വാങ്ങാതെ തരുന്നതല്ല, പ്രസ്തുത നിലയങ്ങള്‍. അതൊരു വ്യാപാര ഇടപാടാണു്. അതില്‍ പണം ഉള്‍പെട്ടിരിക്കുന്നു. വിലയും ലാഭവും ഇന്‍ഷുറന്‍സും മറ്റുമെല്ലാമുണ്ടു്. അക്കൂട്ടത്തില്‍ കമ്പനിയുടെ ഉത്തരവാദിത്വവും ഗണ്യമായിരിക്കണമെന്നാണു് സ. കാരാട്ടു് പറയുന്നതു്.

അങ്ങിനെ പറഞ്ഞാല്‍ ആണവ നിലയം അവര്‍ തരില്ലെന്നാണു് കേന്ദ്ര സര്‍ക്കാരും അവരുടെ വക്കാലെത്തെടുത്തിരിക്കുന്ന ജോജുവും പറയുന്നതു്. ഈ അടിമ മനോഭാവമാണു് നമ്മുടെ പ്രധാന പ്രശ്നം. ആദ്യം മറ്റു് വഴികളെല്ലാം രാഷ്ട്രീയ മുന്‍വിധികളാല്‍ അടച്ചു. (ഇറാനുമായിള്ള പൈപ്പ് ലൈന്‍ കരാര്‍, തനതു് ഗവേഷണം അവതാളത്തിലാക്കി തോറിയം അധിഷ്ഠിത ആണവ സാധ്യതകള്‍ മരവിപ്പിച്ചു, യൂറേനിയം ഘനനം മന്ദഗതിയിലാക്കി, പാരമ്പര്യേതര ഊര്‍ജ്ജ രംഗം അവഗണിച്ചു). ഇത്തരത്തില്‍ കയ്യിലിരിപ്പു് കൊണ്ടു് ഗതികേടിലെത്തിച്ചു് ഇനി മറ്റൊരു മാര്‍ഗ്ഗമില്ലെന്നു് വിലപിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളതു്. മാതാപിതാക്കളെ കൊന്ന കുറ്റവാളി താന്‍ അനാഥനാണെന്നു് വിലപിച്ചു് കുറ്റവിമുക്തനാവാന്‍ നോക്കുന്ന കഥ പോലെയാണു് കേന്ദ്ര സര്‍ക്കാരിന്റേയും ജോജുവിന്റേയും വിലാപം.

ഇതൊരു വ്യാപാര ഇടപാടായതിനാല്‍ തന്നെ കാരാട്ടു് പറയുന്നതാണു് ശരി.

ജോജു പറയുന്നതു് ശരിയായെടുത്താല്‍ അമേരിക്കന്‍ കമ്പനികള്‍ക്കു് മാത്രം നേട്ടം.

കാരാട്ടു് പറയുന്നതു് കേട്ടാല്‍ ഇന്ത്യയ്ക്കും ഇന്ത്യക്കാര്‍ക്കുമുണ്ടാകാവുന്ന കോട്ടം കുറയും.


അപകടമേ ഉണ്ടാകാതിരിക്കട്ടെയെന്നു് സര്‍വ്വ ശക്തിയോടും കൂടി ആഗ്രഹിക്കുന്നു.