Wednesday, June 9, 2010

ഭൂമിയോളം ഒരു പന്ത്

ഹലോ, നിങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്കു പോകുന്നുണ്ടോ. ഇല്ലെങ്കിലും നിങ്ങളുടെ ഹൃദയം അവിടെയായിരിക്കും. അല്ലെങ്കില്‍ നിങ്ങള്‍ തീര്‍ത്തും ഒരരസികനായിരിക്കണം.

ഇതാ, സമയമായി. കിനാവുണ്ട്, കാര്യമുണ്ട്, കല്‍പ്പനയുണ്ട്. വിരുതും വിരോധാഭാസവുമുണ്ട്. വീഴ്ചയും പ്രതീക്ഷയും പ്രവചനവുമുണ്ട്. ഒക്കെ ചേര്‍ന്ന് ഒരു പന്തിന്റെ രൂപത്തില്‍ മുന്നിലെത്തിക്കഴിഞ്ഞു. ഭൂമിയോളം ഒരു പന്ത്- പത്തൊമ്പതാമത് ലോകകപ്പ് ഫുട്ബോള്‍.

ആഫ്രിക്കയുടെ സുകൃതമാണിത്. ഭൂഗോളത്തിലെ ഏറ്റവും ജനപ്രിയ കളിയുടെ ലോകമാമാങ്കത്തിന് നിന്ദിതരുടെയും പീഡിതരുടെയും വന്‍കര പച്ചപ്പരവതാനി ഒരുക്കുന്നത് ഒട്ടേറെ സവിശേഷതകളോടെ. ലോകമെങ്ങും വീശിയടിക്കുന്ന സോക്കറിന്റെ ആവേശക്കൊടുങ്കാറ്റിന് ദിശ ഒന്നുമാത്രം. മഴവില്ലിന്റെയും വജ്രത്തിന്റെയും നാടായ ദക്ഷിണാഫ്രിക്ക. ഭൂമിയിലെ സകലയിടങ്ങളിലുമായി അനേക ശതകോടി ഫുട്ബോള്‍ പ്രണയികള്‍ ജൂണ്‍ 11ന് ജൊഹന്നസ്ബര്‍ഗിലെ സോക്കര്‍സിറ്റിയില്‍ ആദ്യവിസില്‍ മുഴങ്ങുന്നത് കാതോര്‍ത്തിരിക്കയാണ്.

കാറ്റുനിറച്ച ഒരു തുകലുറയുടെ അര്‍ഥശൂന്യതയിലേക്ക് ബുദ്ധിയുടെയും കേളീതന്ത്രങ്ങളുടെയും നിരവധി മസ്തിഷ്കങ്ങളും ബൂട്ടുകെട്ടിയ കാലുകളും ആത്മാവ് പകര്‍ന്നുനില്‍ക്കുമ്പോള്‍ ജനസമൂഹങ്ങള്‍ ഇളകിമറിയുന്നു. മനംകുളിര്‍പ്പിക്കുന്ന സുന്ദര പദചലനങ്ങളോടെ പിഴവില്ലാത്ത വ്യാകരണത്തില്‍, തികഞ്ഞ താളനിബദ്ധതയോടെ പുല്‍മേടുകളില്‍ കവിതകള്‍ പിറക്കുന്നു. അതിനൊരു ലയമുണ്ട്, ചന്തമുണ്ട്. ജനകോടികളുടെ മിഴിയും മനവും കവര്‍ന്നെടുക്കുന്ന മാസ്മരികതയാണ് ഫുട്ബോളിന്റെ ജീവന്‍. അത് ഹൃദയഭാഷയാണ്; സഹോദരബന്ധമാണ്. യുദ്ധം, ദുരന്തം, പ്രണയം, കലഹം എന്നിവയൊക്കെയും അത് വിടപറയും. പന്ത് അതിന്റെയൊന്നും കോര്‍ട്ടിലായിരിക്കില്ല.

ലോകമെമ്പാടുമുള്ള മനുഷ്യമനസ്സുകളുടെ അടിസ്ഥാന കായികസങ്കല്‍പ്പം ഫുട്ബോളില്‍ ഉരുണ്ടുകൂടുന്നു. കളിക്കളത്തില്‍ കാണുന്നത് വെറും കായികമായ കാര്യമല്ല; ഒരു കലയാണെന്നു മനസ്സിലാക്കാനും ഫുട്ബോള്‍പ്രേമിക്കു കഴിയുന്നു. തളച്ചിടാന്‍ ശ്രമിക്കുന്നവരെ നൃത്തച്ചുവടുകളോടെ കടത്തിവെട്ടി കുതിക്കുന്ന വിങ്ങര്‍മാര്‍, ചടുല ചുവടുകളോടെ കുതിച്ചെത്തുന്ന മധ്യനിരക്കാര്‍, പന്തടക്കവും മെയ്വഴക്കവും കണ്ണഞ്ചിക്കുന്ന വിസ്ഫോടനശേഷിയുമുള്ള മുന്നേറ്റക്കാര്‍, ലക്ഷ്യംഭേദിക്കാനെത്തുന്നവരെ വരച്ചവരയില്‍ നിര്‍ത്തുന്ന പ്രതിരോധക്കാര്‍, ഏത് മിന്നലടിയും റാഞ്ചിയെടുക്കുന്ന ഗോളിമാര്‍- ഇവരെല്ലാം ഫുട്ബോളിനെ കളിയായി, കലയായി, കാവ്യമായി, സൌന്ദര്യമായി ആവിഷ്കരിക്കുകയാണ്. ഈ കളിയില്‍ സര്‍വകാല ചക്രവര്‍ത്തിയായ ഒരേയൊരു പെലെയുടെ അതുല്യപാടവവും മാറഡോണയുടെ മാന്ത്രികസ്പര്‍ശവും യോഹാന്‍ ക്രൈഫിന്റെ കലാഭംഗിനിറഞ്ഞ നീക്കങ്ങളും ഷൂട്ടിങ് പാടവവും അര്‍ജന്റീനയുടെ പുതിയ സൂപ്പര്‍താരം മെസ്സിയുടെ പടക്കുതിരയെപ്പോലുള്ള കുതിപ്പും എല്ലാം ഈ കളിയില്‍ ഓരോ കാലത്തെയും മാസ്മരികഭാവങ്ങളാണ്.

ഹൃദയവും ഞരമ്പും കോര്‍ത്തുകൊണ്ടുള്ള ബുദ്ധിപരമായ മത്സരമാണ് ഫുട്ബോള്‍. പരസ്പരം ബഹുമാനിച്ച് അച്ചടക്കത്തോടെയുള്ള യുദ്ധം. ലോകകപ്പ് മത്സരങ്ങളില്‍ നിറങ്ങളോ വ്യക്തികളോ വിഷയമാകുന്നില്ല. ഏകലോകം എന്ന ചിന്താഗതിയാണ് കാഴ്ചക്കാര്‍ പങ്കിടുക. സരളമായ ജീവിതപ്രത്യക്ഷങ്ങളായും സങ്കീര്‍ണമായ പരോക്ഷങ്ങളായും പ്രതിബിംബിക്കപ്പെടുന്ന കാല്‍പ്പന്തുകളിയില്‍ ലോകത്തിന്റെ സകലയിടങ്ങളിലുമുള്ള ജനത ഉത്സവമാഘോഷിക്കുന്നുണ്ട്. നിശ്ചിതമായ ലക്ഷ്യത്തിലേക്ക് പന്തുമായി അതിലംഘിച്ചു മുന്നേറുന്ന കൂട്ടായ്മയില്‍ ഓരോ വ്യക്തിയും ഏകാകിയാണ്. സംഘപൊരുത്തംകൊണ്ട് ഉന്നംതേടുന്ന ഫുട്ബോള്‍, ജീവിതത്തെ ഏറ്റവും സാര്‍ഥകമായി പ്രതീകവല്‍ക്കരിക്കുന്നു. ജീവിതസമാനത ഇത്രയും സുതാര്യമാക്കുന്ന മറ്റൊരു അധ്വാനത്തിന്റെ കളി വേറെയില്ല. അംബരചുംബികളിലെ വിത്തേശ്വരന്മാരും ചേരികളില്‍ ജീവിതം തളച്ചിടുന്ന ദരിദ്രനാരായണന്മാരും കറുത്തവനും വെളുത്തവനും പണ്ഡിതനും പാമരനും വൃദ്ധനും ബാലനുമെല്ലാം ഫുട്ബോള്‍ ഒരുപോലെ ഹൃദയത്തോടു ചേര്‍ത്തുവയ്ക്കുന്നു. ഓര്‍ക്കുക, പെലെയും മാറഡോണയും ക്രൈഫും ഉള്‍പ്പെടെയുള്ള ഇതിഹാസങ്ങള്‍ ദാരിദ്ര്യത്തില്‍ പിറന്നുവീണവരാണ്.

യേശുക്രിസ്തു വീണ്ടും ലോകത്ത് അവതരിക്കുകയാണെങ്കില്‍ എന്തുണ്ടാവും എന്നു ചോദിച്ചപ്പോള്‍ അജ്ഞാതനായ ഫുട്ബോള്‍ഭ്രാന്തന്റെ മറുപടി, സെന്റ് പീറ്റര്‍ ഇന്‍സൈഡ്റെറ്റ് സ്ഥാനത്തേക്കു മാറും എന്നായിരുന്നു. അപ്പോഴും പന്തിനെ പരിലാളിക്കുകയും ഗോളടിക്കുകയും മനക്കണ്ണുകൊണ്ട് കളിവായിക്കുകയുംചെയ്യുന്ന സെന്റര്‍ ഫോര്‍വേഡിന്റെ സ്ഥാനം ഗലീലായിലെ പ്രക്ഷുബ്ധമായ കടലിനെ ശാന്തമാക്കിയ ആ മഹാനുഭാവനുതന്നെയായിരിക്കും. ഇതൊരു കഥ.

കടുത്ത റോമന്‍ കത്തോലിക്കാ മതവിശ്വാസികളായ ബ്രസീലുകാരുടെ ആത്മസാക്ഷാത്കാരമായി സാവോപോളോയിലെ കുന്നിന്‍മുകളില്‍ രണ്ടു കൈയും നീട്ടി എന്തോ ആവശ്യപ്പെടുന്നതിന്റെ പ്രതീകംപോലെ മാനംമുട്ടെ നില്‍ക്കുന്ന യേശുവിന്റെ പ്രതിമയുണ്ട്. സാവോപോളോയിലെ മൈതാനങ്ങളിലും കടല്‍ത്തീരങ്ങളിലും പന്തുരുളുന്നതുകണ്ട് ആഹ്ളാദഭരിതനായ സര്‍വശക്തന്‍ ഒരു പന്ത് ഇങ്ങോട്ടടിച്ചുതരൂ എന്നാവശ്യപ്പെടുകയാണെന്ന് ബ്രസീലുകാര്‍ കരുതിപ്പോരുന്നു. കളിപ്പെരുമയിലും ആസ്വാദനശേഷിയിലും ബ്രസീലുകാര്‍ക്കും ഇറ്റലിക്കാര്‍ക്കും ഒപ്പമോ അതിലും മുന്നിലോ ആണ് മിക്ക ജനസഞ്ചയങ്ങളും. ഫുട്ബോളിന്റെ ആകൃതിയുള്ള സിസിലി ദ്വീപിനെ പന്തായി സങ്കല്‍പ്പിക്കുന്നവരാണ് ഇറ്റലിക്കാര്‍.

ദേശീയ ഫുട്ബോള്‍ ടീം ഏതൊരു ജനതയുടെയും ആശയും ആവേശവും മുദ്രണംചെയ്യുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഒരു ഫുട്ബോള്‍മത്സരം വഴിത്തിരിവായി മാറിയെന്നതാണ് വസ്തുത. 1911ല്‍ കൊല്‍ക്കത്തയിലെ മോഹന്‍ബഗാന്‍ ക്ളബ് ബ്രിട്ടീഷുകാരുടെ ഈസ്റ്റ് യോര്‍ക്ഷര്‍ റെജിമെന്റിനെ തോല്‍പ്പിച്ച് ഐഎഫ്എ ഷീല്‍ഡ് നേടി. സാമ്രാജ്യത്വശക്തിയുടെ അധീശത്വം തകര്‍ത്തെറിയാന്‍ കഴിയുമെന്ന് ചൂഷിതരും മര്‍ദിതരുമായ നമ്മുടെ ജനതയ്ക്ക് അന്ന് തിരിച്ചറിവു നല്‍കിയ നിമിഷം.

ഈ ഫുട്ബോള്‍ജ്വരത്തിന് ഒരു മറുവശംകൂടിയുണ്ട്. വിവാഹപ്രായമെത്തിയ പെണ്‍മക്കള്‍ക്ക് വരന്മാരെ അന്വേഷിച്ച് പത്രങ്ങളില്‍ പരസ്യംചെയ്യുന്ന ലാറ്റിനമേരിക്കയിലെ മാതാപിതാക്കള്‍ ഒരു വ്യവസ്ഥ ഉന്നയിക്കാറുണ്ട്. വരന് ഫുട്ബോള്‍കമ്പം ഉണ്ടാകരുതെന്ന്. ജീവിച്ചിരിക്കുന്ന ഭര്‍ത്താവിന്റെ 'വിധവ'യായി തന്റെ മകള്‍ കഴിയുന്നതു കാണാന്‍ ഒരു അച്ഛനോ, അമ്മയോ ഇഷ്ടപ്പെടില്ലല്ലോ. ഫുട്ബോള്‍ലഹരി തലയ്ക്കുപിടിച്ചാല്‍ മനുഷ്യന്‍ എങ്ങനെയൊക്കെയാകാമെന്നതിന്റെ കഥയില്ലാകഥകള്‍ എത്രവേണമെങ്കിലുമുണ്ട്.

ആഹ്ളാദാരവങ്ങളുടെ കൊടുമുടിയില്‍ എല്ലാം മറന്ന് നൃത്തംചവിട്ടുന്നവരും പരാജയത്തിന്റെ പടുകുഴിയില്‍ പതിച്ച് വിലപിക്കുന്നവരും രാജ്യാതിര്‍ത്തികള്‍ക്കും വംശ, വര്‍ണ, ഭാഷാ അതിരുകള്‍ക്കും അതീതമാണ്.

ബ്രസീലിന്റെയോ, അര്‍ജന്റീനയുടെയോ വലയില്‍ ഗോള്‍ വീഴുമ്പോള്‍ അനേകായിരം മൈലുകള്‍ക്കിപ്പുറം മലപ്പുറത്തെ തെരട്ടമ്മലെന്നോ, അരീക്കോടെന്നോ ഭേദമില്ലാതെ കേരളത്തിന്റെ വിദൂരഗ്രാമങ്ങളില്‍പോലും തേങ്ങലുയരുന്നു. 2002ല്‍ ഏഷ്യയില്‍ ആദ്യമായി നടന്ന ലോകകപ്പ് ടെലിവിഷനില്‍ കണ്ടവരില്‍ ഏറ്റവുമധികംപേരും പ്രായംകൂടിയവരും ചൈനയിലായിരുന്നു. മുമ്പ് ഡേവിഡ് ബക്കമും ഇപ്പോള്‍ ജര്‍മനിയുടെ ബലാക്കും തങ്ങളുടെ ലോകകപ്പ് സ്വപ്നങ്ങള്‍ പരിക്കിനു തീറെഴുതിക്കൊടുത്തപ്പോള്‍ ഇംഗ്ളീഷുകാരും ജര്‍മന്‍കാരും മാത്രമല്ല നിരാശരായത്; മലയാളികളുമുണ്ട്. റൊണാള്‍ഡിന്യോയെ ടീമില്‍ എടുക്കാത്തതിന് കോച്ച് ദുംഗയെ പ്രാകുന്നവര്‍ പെലെയെയും മാറഡോണയെയും സ്വന്തം കുടുംബാംഗത്തെപ്പോലെ സ്നേഹിക്കുന്നു. ഫുട്ബോളിന്റെ ഈ സാര്‍വജനീനതയ്ക്ക് മറ്റൊരു കളിക്കും അവകാശപ്പെടാനില്ലാത്ത വൈകാരിക സ്പര്‍ശമുണ്ട്. അതുപോലെ വിനോദത്തിനു മുകളില്‍ ചൂതാട്ടത്തിന്റെ നിഴല്‍വീണ ഫുട്ബോളിന്റെ ദുരന്തചരിത്രത്തിലെ രക്തസാക്ഷിയായ കൊളംബിയന്‍താരം എസ്കോബാറിന്റെ ദൈന്യമായ കരച്ചിലും ചോരയുടെ ഗന്ധവും ആര്‍ക്കാണ് മറക്കാനാവുക.

ദേശീയതയുടെ പ്രാണശ്വാസമാവുന്ന ഏക കളിയല്ല ഫുട്ബോള്‍. എന്നാല്‍, ഐക്യരാഷ്ട്രസഭയേക്കാള്‍ കൂടുതല്‍ അംഗബലമുണ്ട് ഇന്ന് അന്താരാഷ്ട്ര ഫെഡറേഷന്. ഭൂമിയിലെ പകുതിയോളം ജനങ്ങളും ടെലിവിഷനില്‍ ഈ കളി കാണുന്നു. ലോകത്ത് 25 കോടിയിലേറെപ്പേര്‍ ഫുട്ബോള്‍കളിക്കാരായുണ്ടെന്നാണ് ഫിഫയുടെ കണക്ക്. വിത്തപ്രമാണികളും വിപണനക്കാരും കവര്‍ന്നിട്ടും ഫുട്ബോളിന് ഇന്നും ഒരു കളിയെന്ന നിലയില്‍ സാമൂഹികധര്‍മം നിര്‍വഹിക്കാനാവുന്നുണ്ട്. ഫുട്ബോളിന്റെ ഇന്നലെകള്‍ക്കുള്ള സ്വപ്നസദൃശമായ സുതാര്യതകള്‍ക്കുമേല്‍ പണാധിപത്യത്തിന്റെയും ചൂതാട്ടത്തിന്റെയും നിഴല്‍ വീശിയിരിക്കുന്നുവെന്നത് മറന്നുകൂടാ. അണിയറയില്‍ കോടികളുടെ പന്തയക്കെട്ടു നാടകത്തിനുകൂടി ദക്ഷിണാഫ്രിക്ക വേദിയാകുമെന്ന് ആശങ്കയുയരുന്നു. എങ്ങനെയും ജയിക്കുക എന്നത് ടീമുകളുടെ മന്ത്രമായി മാറുമ്പോള്‍ ഫിഫ ഉയര്‍ത്തുന്ന ഫെയര്‍പ്ളേ സങ്കല്‍പ്പംതന്നെ ചോദ്യമായിത്തീരുന്നു.

ലോകകപ്പ് ഫുട്ബോള്‍ ലോകത്തിന്റെ ഉത്സവമാണ്. ഇത് ഒരു മഹാഭാരതമാണ്. ഭക്തിയുടെ, വിശ്വസ്തതയുടെ, സ്നേഹത്തിന്റെ,കരുത്തിന്റെ, കൌശലത്തിന്റെ തന്ത്രങ്ങളുടെ കഥ. എല്ലാ യുദ്ധങ്ങളില്‍നിന്നും വ്യത്യസ്തമായി അന്തിമവിധിപോലെ ഒരു ജേതാവുണ്ടാകും. തികച്ചും പരിപൂര്‍ണനായ ജേതാവ്. മനുഷ്യന്‍ ഇന്നേവരെ കണ്ട ജീവിതത്തിന്റെ എല്ലാ വികാരവിക്ഷോഭങ്ങളും സ്തോഭങ്ങളും വീഴ്ചകളും ഉയിര്‍പ്പുകളും കാല്‍പ്പന്തുകളിയിലുണ്ട്.

മനുഷ്യന്റെ ധര്‍മശാസ്ത്രങ്ങളെക്കുറിച്ചും കടപ്പാടുകളെക്കുറിച്ചും എനിക്ക് ഏറ്റവും ദൃഢമായ അറിവുണ്ടാക്കിയ ഈ കളിയോട് ഞാന്‍ അത്രയേറെ ബാധ്യസ്ഥനായിരിക്കുന്നുവെന്ന് വിശ്വസാഹിത്യത്തിലെ ഉജ്വല നക്ഷത്രമായ അല്‍ബേര്‍ കമ്യു പറഞ്ഞത്, ഫുട്ബോളിനെ ആരാധിക്കുന്ന ജനകോടികളുടെ വേദപ്രമാണംതന്നെയാണ്. നാലുകൊല്ലംകൂടുമ്പോള്‍ പൂക്കുന്ന മരങ്ങളാണ് ഓരോ ലോകകപ്പും. ഓരോ നാലാമത്തെ തിരിവിലും ഫുട്ബോളിന്റെ അനന്തമായ, ആവര്‍ത്തനരഹിതമായ സൌന്ദര്യത്തിന്റെ പൂക്കാടുകള്‍ നാം കാണുന്നു. കാത്തിരിപ്പിന്റെ വിരസതയില്‍നിന്ന് കളിയുടെ ഹൃത്തടങ്ങളിലേക്ക് ഊളിയിട്ടിറങ്ങാന്‍ സമയമായി.... ഇതാ ദക്ഷിണാഫ്രിക്ക 2010.

*
എ എന്‍ രവീന്ദ്രദാസ് കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഫിഫ സൈറ്റ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മനുഷ്യന്റെ ധര്‍മശാസ്ത്രങ്ങളെക്കുറിച്ചും കടപ്പാടുകളെക്കുറിച്ചും എനിക്ക് ഏറ്റവും ദൃഢമായ അറിവുണ്ടാക്കിയ ഈ കളിയോട് ഞാന്‍ അത്രയേറെ ബാധ്യസ്ഥനായിരിക്കുന്നുവെന്ന് വിശ്വസാഹിത്യത്തിലെ ഉജ്വല നക്ഷത്രമായ അല്‍ബേര്‍ കമ്യു പറഞ്ഞത്, ഫുട്ബോളിനെ ആരാധിക്കുന്ന ജനകോടികളുടെ വേദപ്രമാണംതന്നെയാണ്. നാലുകൊല്ലംകൂടുമ്പോള്‍ പൂക്കുന്ന മരങ്ങളാണ് ഓരോ ലോകകപ്പും. ഓരോ നാലാമത്തെ തിരിവിലും ഫുട്ബോളിന്റെ അനന്തമായ, ആവര്‍ത്തനരഹിതമായ സൌന്ദര്യത്തിന്റെ പൂക്കാടുകള്‍ നാം കാണുന്നു. കാത്തിരിപ്പിന്റെ വിരസതയില്‍നിന്ന് കളിയുടെ ഹൃത്തടങ്ങളിലേക്ക് ഊളിയിട്ടിറങ്ങാന്‍ സമയമായി.... ഇതാ ദക്ഷിണാഫ്രിക്ക 2010.