Saturday, June 5, 2010

വലതുപക്ഷ മുന്‍വിധികള്‍ തിരുത്തപ്പെടുമ്പോള്‍

പ്രത്യയശാസ്‌ത്രത്തിന്റെ തടവറയില്‍നിന്ന് മോചിതരാകാനുള്ള ആഹ്വാനമാണ് കഴിഞ്ഞ യുഡിഎഫ് വാഴ്ചയില്‍ കേരളം കേട്ടത്. ആഗോളവല്‍ക്കരണത്തിന്റെ രണ്ടാംതലമുറ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കാന്‍ നിശ്ചയദാര്‍ഢ്യത്തോടെ നിലയുറപ്പിച്ച ആന്റണിയെയാണ് അന്ന് കേരളം കണ്ടത്. വികസനത്തിന്റെ ലാസ്‌റ്റ് ബസാണ് തന്റെ ഭരണമെന്ന് ഉദ്ബോധിപ്പിച്ച ആന്റണി 'സമരരഹിത കേരള'മെന്ന 'സുന്ദരമായ' ആശയം പുറത്തെടുത്തു.

ഒഴിഞ്ഞ ഖജനാവിനെപ്പറ്റിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തിന്റെ വലുപ്പത്തെ സംബന്ധിച്ചും കോളമിസ്‌റ്റുകള്‍ ഉപന്യസിച്ചു. ആയുര്‍ദൈര്‍ഘ്യമേറിയ കേരളത്തില്‍ പെന്‍ഷന്‍കാര്‍ പെരുകുന്നതുമൂലം ശമ്പളത്തേക്കാള്‍ കൂടുതല്‍ തുക പെന്‍ഷനായി നല്‍കുന്നതിനെപ്പറ്റി മലയാളമനോരമ ഉള്‍പ്പെടെയുള്ള മാധ്യമപ്രഭുക്കള്‍ പരിതപിച്ചു. പൊതുമേഖലയെ തീറ്റിപ്പോറ്റാന്‍ സര്‍ക്കാര്‍ ഖജനാവിന് ബാധ്യതയില്ലെന്നും പൊതുസ്ഥാപനങ്ങള്‍ ജനങ്ങളുടെ പണം തിന്നുന്ന ഇത്തിള്‍ക്കണ്ണികളാണെന്നും സൂക്തങ്ങള്‍ അവതരിച്ചു.

പൊതുസ്ഥാപനങ്ങള്‍ എന്തിന്? ഏതിനും സ്വകാര്യമേഖലയും സ്വകാര്യനിക്ഷേപവും വരും. സ്വകാര്യമൂലധനം കടന്നുവരാന്‍ തടസ്സമായി തൊഴിലാളികള്‍ നില്‍ക്കരുതെന്ന ഉപദേശത്തിന്റെ മറവില്‍ തൊഴിലാളിസംഘടനകള്‍ സാമൂഹ്യദ്രോഹികളാണെന്ന് മുദ്ര കുത്തപ്പെട്ടു. എല്ലാവര്‍ക്കും സര്‍ക്കാര്‍ജോലി നല്‍കുന്ന കാലം കഴിഞ്ഞെന്ന് മന്ത്രിമാര്‍ മൊഴിഞ്ഞുനടന്നു.

പെന്‍ഷനും ആനുകൂല്യങ്ങളും സൌജന്യങ്ങളും ഇനി പ്രതിക്ഷിക്കേണ്ടതില്ല. ധര്‍മാശുപത്രികളും സൌജന്യചികിത്സയും ഒരു സര്‍ക്കാരിനും തുടരാനാവില്ല എന്നൊക്കെയാണ് കോൺഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നത്. സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കാന്‍ നിയമനനിരോധവും തസ്തിക വെട്ടിക്കുറയ്ക്കലും കുറുക്കുവഴിയായി. ഇതിനെല്ലാം പൊതുസമൂഹത്തിന്റെ പിന്തുണ ലഭിക്കാന്‍ തക്കവിധം തുടര്‍ച്ചയായ കള്ളപ്രചാരണങ്ങള്‍ ഉയര്‍ന്നു. മാധ്യമങ്ങള്‍ മുഖപ്രസംഗങ്ങളിലൂടെ വലതുപക്ഷ രാഷ്‌ട്രീയത്തിന്റെ ആശയ പരിസരം സൃഷ്‌ടിക്കാന്‍ ഉത്സുകരായി. ഇടതുപക്ഷ കേരളത്തിനെ 'പ്രത്യയശാസ്‌ത്ര തടവറ'യില്‍നിന്ന് മോചിപ്പിച്ച് ഒരു സമരരഹിത വലതുപക്ഷ കേരളം സൃഷ്‌ടിക്കായി യുഡിഎഫ് സര്‍ക്കാരിന്റെ മാനിഫെസ്റ്റോ ആയി 'ധവളപത്രം' പുറത്തുവന്നു.

യുഡിഎഫ് വാഴ്ചക്കെതിരായി നടന്ന പ്രതിപക്ഷപോരാട്ടത്തിന്റെ ഊന്നല്‍ ആഗോളവല്‍ക്കരണത്തിന്റെ ചുവടുപിടിച്ച ഈ തെറ്റായ നയങ്ങള്‍ക്കെതിരായിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍മുതല്‍ യുവജനങ്ങള്‍വരെയും കൃഷിക്കാര്‍ മുതല്‍ വിദ്യാര്‍ഥികള്‍വരെയും സമരരംഗത്തിറങ്ങിയത് ഒരു ബദല്‍ സൃഷ്‌ടിക്കാനായിരുന്നു.

കഴിഞ്ഞ നാലുവര്‍ഷക്കാലത്തെ ഇടതുപക്ഷഭരണത്തെ വിലയിരുത്തുമ്പോള്‍ ഉയരുന്ന രാഷ്‌ട്രീയമായ ചോദ്യം ബദല്‍ സൃഷ്ടിക്കപ്പെട്ടോ എന്നതുതന്നെയാണ്. 'സമരരഹിതകേരളം' എന്ന ആന്റണിയുടെ ആഗ്രഹം അദ്ദേഹത്തിന്റെ ഭരണകാലത്ത് യാഥാര്‍ഥ്യമായില്ല. എന്നാല്‍, യുഡിഎഫിന്റെ നേതൃത്വത്തിലുള്ള സംഘടനകള്‍ക്കുപോലും ഇന്ന് സമരങ്ങള്‍ സംഘടിപ്പിക്കാനാകാതെ വരുന്നതെന്തുകൊണ്ടാണ് ?

സമരങ്ങള്‍ കേരളത്തില്‍ അവസാനിച്ചിട്ടില്ല. ആസിയന്‍ കരാറിനെതിരെ ഉജ്വലപോരാട്ടമാണ് കേരളജനത നടത്തിയത്. വിലക്കയറ്റം സൃഷ്‌ടിക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെയും കേന്ദ്ര അവഗണനക്കെതിരെയും എത്രയോ സമരങ്ങള്‍ ഇവിടെ നടന്നു. പക്ഷേ, സംസ്ഥാന സര്‍ക്കാരിനെതിരായി വലതുപക്ഷ സംഘടനകള്‍ക്കുപോലും തങ്ങളുടെ അണികളെ രംഗത്തിറക്കാനാകാത്തവിധം ഒരു സാഹചര്യം ഇവിടെ സൃഷ്ടിക്കപ്പെട്ടത് എന്തുകൊണ്ടാണ് ? അധ്വാനിക്കുന്ന ജനതയുടെ താല്‍പ്പര്യങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ സംരക്ഷിക്കുന്നെന്നു മാത്രമല്ല, അവരുടെ പോരാട്ടത്തിന്റെ ഉപകരണംകൂടിയായി സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ന്നതിന്റെ സാക്ഷ്യപത്രം കൂടിയാണിത്.

രണ്ടായിരത്തഞ്ഞൂറിലേറെ സ്‌കൂളുകള്‍ പൂട്ടാന്‍ ഒരു ഭരണാധികാരി ഉത്തരവിടുന്നതിനെപ്പറ്റി ഇന്ന് ആലോചിക്കാന്‍പോലും കേരളത്തില്‍ ആര്‍ക്കെങ്കിലും കഴിയുമോ? പൊതുമേഖലയെയും പൊതുസ്ഥാപനങ്ങളെയും പൊതു ഇടങ്ങളെയും തകര്‍ത്ത് സ്വകാര്യമേഖലയെ വളര്‍ത്തുകയെന്നതാണ് യുഡിഎഫ് ഭരണകാലത്ത് കേരളം കണ്ടതെങ്കില്‍ സ്വകാര്യമേഖലയെ ആക്രമിക്കുകയോ തകര്‍ക്കുകയേ ചെയ്യാതെതന്നെ നിയമപരമായ പ്രോത്സാഹനങ്ങള്‍ സ്വകാര്യമേഖലയ്ക്ക് നല്‍കിക്കൊണ്ട് പൊതുസ്ഥാപനങ്ങളെ സംരക്ഷിക്കുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തത്. സ്വകാര്യ നിക്ഷേപങ്ങളെയും വ്യവസായസംരംഭകരെയും സംരക്ഷിച്ചും പ്രോത്സാഹിപ്പിച്ചും തൊഴിലവസരങ്ങള്‍ ഉറപ്പാക്കുമ്പോള്‍ത്തന്നെ സാധാരണക്കാരന്റെ അത്താണികളായ പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, പൊതുമേഖലാ വ്യവസായം, പൊതുനിരത്തുകള്‍, പൊതുയാത്രാസംവിധാനങ്ങള്‍ എന്നിവയെ മാന്യമായി സംരക്ഷിക്കുകയുംചെയ്തു. പൊതുവിതരണ സംവിധാനവും സഹകരണ സ്റോറുകളും വിലക്കയറ്റത്തെ ചെറുത്തു.

അഞ്ചാണ്ടു കൂടുമ്പോള്‍ മുന്നണികള്‍ മാറിമാറി ഭരിക്കണമെന്ന് പറഞ്ഞാല്‍ ഈ പൊതുസ്ഥാപനങ്ങളെ തകര്‍ക്കാന്‍ യുഡിഎഫിന് അവസരം നല്‍കണം എന്നാണര്‍ഥം. പെന്‍ഷന്‍തുക കുറയ്ക്കാനോ, കുടിശ്ശികയാക്കാനോ വേണ്ടി ഒരു വലതുപക്ഷ സര്‍ക്കാരിനെ ആരാണ് ആഗ്രഹിക്കുക?

നെല്‍പ്പാടങ്ങളില്‍ കൃഷി അപ്രായോഗികമാണെന്നും ഇനി നെല്‍കൃഷി ചെയ്യാനാളുണ്ടാവില്ലെന്നും അക്കാലത്ത് പ്രചാരണങ്ങളുയര്‍ന്നു. കൃഷിക്കാര്‍ ആത്മഹത്യചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ഭരണകൂട അവഗണനയാണ് കാര്‍ഷികമേഖലയ്ക്കുണ്ടായത്. എല്‍ഡിഎഫിന്റെ നാലാം വാര്‍ഷികത്തിലെത്തുമ്പോള്‍ നെല്‍കൃഷി ലാഭകരമായെന്നു മാത്രമല്ല, നെല്‍പ്പാടങ്ങള്‍ തരിശിടുന്നത് അവസാനിപ്പിക്കുന്നു. പുരയിടങ്ങളില്‍ത്തന്നെ നെല്‍കൃഷി തിരിച്ചുവരുന്ന നിലയായി.

പെന്‍ഷനുകളുടെയും മറ്റ് സൌജന്യങ്ങളുടെയും കാലം കഴിഞ്ഞെന്നും മത്സരത്തിലൂടെ അതിജീവിനശേഷിയുള്ള കഴിവുറ്റവന്റെ സമൂഹമാണ് വരാനിരിക്കുന്നതെന്നുമാണ് വലതുപക്ഷ പ്രത്യയശാസ്‌ത്രം പ്രചരിപ്പിക്കപ്പെട്ടത്. എല്ലാ ക്ഷേമപദ്ധതികളും സൌജന്യങ്ങളും വ്യാപകമാവുകയും അര്‍ഹരുടെ എണ്ണം വര്‍ധിപ്പിക്കുകയും തുക ഉയര്‍ത്തുകയും ചെയ്യുമ്പോള്‍ കേരളത്തില്‍ മുന്‍വിധികളും മുന്‍ഗണനകളും കീഴ്‌മേല്‍ മറിഞ്ഞു.

ഇടത്-വലതു മുന്നണികള്‍ തമ്മിലുള്ള വ്യാത്യാസമില്ലാതായെന്ന് 'നിഷ്കളങ്ക രാഷ്‌ട്രീയം'' ഉരുവിടുന്ന നിഷ്പക്ഷരെയും ധാരാളം കാണാം. ജീവിതത്തിന്റെ നേരനുഭവങ്ങള്‍കൊണ്ട് ഓരോ വിഭാഗവും സാക്ഷ്യം പറയട്ടെ. യുഡിഎഫ് വാഴ്ചയിലെ കേരളത്തിന് മാറ്റം സംഭവിച്ചിട്ടുണ്ടോ?

ഏവര്‍ക്കും അനുഭവവേദ്യമായ ഈ മാറ്റങ്ങള്‍ എന്തുകൊണ്ട് അനുഭവസ്ഥര്‍പോലും വേണ്ടവിധം ഓര്‍മിക്കുന്നില്ല. വിവാദങ്ങളുടെയും കള്ളപ്രചാരണങ്ങളുടെയും കാര്‍മേഘപടലങ്ങള്‍ നേട്ടങ്ങളുടെ കാഴ്ച മറയ്ക്കുന്നതുകൊണ്ട് നേട്ടങ്ങളും ഭരണമികവുകളും ഇല്ലാതാകുന്നില്ല. വലതുപക്ഷ രാഷ്‌ട്രീയം കേരള സമൂഹത്തില്‍ സൃഷ്‌ടിച്ച മുന്‍വിധികളെ കടപുഴക്കിയ സാര്‍ഥകമായ നാലുവര്‍ഷമാണ് കടന്നുപോയത്. കാഴ്ച മറഞ്ഞുപോയി എന്നതിനാല്‍ സൂര്യതേജസ്സ് ഇല്ലാതാകുന്നില്ല.

കമ്യൂണിസ്റ് ഇടതുപക്ഷ സര്‍ക്കാരുകള്‍ക്ക് അഞ്ചുകൊല്ലംപോലും അനുവദിക്കാത്ത വലതുപക്ഷ അസഹിഷ്ണുതയാണ് വിമോചന സമരം മുതല്‍ പലതവണ കേരളം ദര്‍ശിച്ചിട്ടുള്ളത്. ഇപ്പോള്‍ അഞ്ചുകൊല്ലം തികയ്ക്കാനാകുമെന്നും മെച്ചപ്പെട്ട ഭരണം കാഴ്ചവയ്ക്കാനാകുമെന്നും സമൂഹത്തെ ബോധ്യപ്പെടുത്തിക്കഴിഞ്ഞു.


*****

അഡ്വ. കെ അനില്‍കുമാര്‍, കടപ്പാട് : ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കമ്യൂണിസ്റ് ഇടതുപക്ഷ സര്‍ക്കാരുകള്‍ക്ക് അഞ്ചുകൊല്ലംപോലും അനുവദിക്കാത്ത വലതുപക്ഷ അസഹിഷ്ണുതയാണ് വിമോചന സമരം മുതല്‍ പലതവണ കേരളം ദര്‍ശിച്ചിട്ടുള്ളത്. ഇപ്പോള്‍ അഞ്ചുകൊല്ലം തികയ്ക്കാനാകുമെന്നും മെച്ചപ്പെട്ട ഭരണം കാഴ്ചവയ്ക്കാനാകുമെന്നും സമൂഹത്തെ ബോധ്യപ്പെടുത്തിക്കഴിഞ്ഞു.

Anonymous said...

തേനും പാലും ഒഴുകുന്നത്‌ കാരണം വഴിയില്‍ നടക്കാനേ പറ്റുന്നില്ല എവിടെയും പുരോഗതി പ്റതിപക്ഷം എന്നു പറയുന്നത്‌ മുഖ്യന്‍ തന്നെ ആണു ബൈബിളില്‍ പറഞ്ഞ സ്വറ്‍ഗ്ഗരാജ്യം കാണാന്‍ അവസരമുണ്ടായി ഇനി ജനം എല്ലം ഇതുപോലെ ചിന്തിക്കുന്നോ എന്നു പഞ്ചായത്‌ അസംബ്ളി ഇലക്ഷന്‍ റിസല്‍റ്റ്‌ വരുമ്പോള്‍ അറിയാം