Tuesday, June 15, 2010

ചരിത്രത്തിന് സാക്ഷിയായി ഹോ ചിമിന്‍ സിറ്റി

ഹോ ചിമിന്‍ സിറ്റി (മുന്‍ സെയ്‌ഗോണ്‍) യിലേക്ക് മെയ് 14ന് ഞാന്‍ നടത്തിയ ആദ്യ സന്ദര്‍ശനം സംഭവബഹുലവും അവിസ്‌മരണീയവുമായിരുന്നു. കൃത്യം 35 വര്‍ഷത്തിനും രണ്ട് ആഴ്ചകള്‍ക്കും മുമ്പ് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍, സെയ്‌ഗോണ്‍ വിമോചിപ്പിക്കപ്പെട്ടു എന്ന ബിബിസി വാര്‍ത്തയ്‌ക്ക് സ്ഥിരീകരണം ലഭിക്കാന്‍ ഞങ്ങള്‍ ഉത്തര വിയറ്റ്നാം എംബസിയിലേക്ക് ചില പ്രതിനിധികളെ അയയ്‌ക്കാന്‍ തീരുമാനിച്ചു. ഒടുവില്‍ 1975ലെ ആ മെയ്‌ദിനത്തില്‍ ഏറെക്കുറെ ജെഎന്‍യു ഒന്നടങ്കം എംബസിയിലേക്ക് മാര്‍ച്ച് ചെയ്യുകയാണുണ്ടായത്. ആഹ്ളാദ പ്രകടനത്തിന്റെ ഒരന്തരീക്ഷമാണുണ്ടായിരുന്നത്; എന്നാല്‍ ഉല്‍ക്കണ്ഠയും അവിശ്വാസവും നിലനിന്നിരുന്നുതാനും.; കാരണം, ആ കാലത്ത് വാര്‍ത്തയുടെ നിജസ്ഥിതി സ്ഥിരീകരിക്കാന്‍ സെല്‍ഫോണുകളോ ഇന്റര്‍നെറ്റോ ഒന്നും ഉണ്ടായിരുന്നില്ല. വാര്‍ത്ത സ്ഥിരീകരിക്കാനുള്ള ഒരേയൊരു മാര്‍ഗം അശ്വമുഖത്തുനിന്നു തന്നെ അത് നേരിട്ട് ശ്രവിക്കുകയായിരുന്നു. അതിശക്തമായ അമേരിക്കന്‍ സാമ്രാജ്യത്വത്തിനുമേല്‍ വിയറ്റ്നാം ജനത കൈവരിച്ച വിജയം ആവേശകരവും ലോകത്താകെയുള്ള പുരോഗമന ശക്തികളെ ആഹ്ളാദിപ്പിക്കുന്നതുമായിരുന്നു. വളരെ പെട്ടെന്ന്, തന്നെ സാമ്രാജ്യത്വവിരുദ്ധവും അമേരിക്കന്‍ വിരുദ്ധവുമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു തുടങ്ങി. "അമോര്‍ നാം, തുമോര്‍ നാം വിയറ്റ്നാം, വിയറ്റ്നാം'' എന്ന മുദ്രാവാക്യമാണ് സ്വാഭാവികമായും മേല്‍ക്കൈ നേടിയത്. എംബസിയിലെ ജീവനക്കാര്‍ വാര്‍ത്ത സ്ഥിരീകരിച്ചതോടെ മാത്രമാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. എന്തൊരു ആവേശകരമായ മെയ്‌ദിനമായിരുന്നു അത് !

അമേരിക്ക തങ്ങളുടെ പാവ ഭരണകൂടത്തിനുവേണ്ടി നിര്‍മ്മിച്ചു നല്‍കിയ അക്കാലത്തെ ദക്ഷിണ വിയറ്റ്നാം പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ (ഇപ്പോള്‍ അതിനെ ഒരു മ്യൂസിയമായും ഇവന്റ് സെന്ററായുമായാണ് ഉപയോഗിക്കുന്നത്; ഏകീകരണ കൊട്ടാരം എന്നാണ് അത് അറിയപ്പെടുന്നത് ) നിന്നാല്‍ നമുക്ക് വിമോചനസേനയുടെയും കൊട്ടാരത്തിലേക്ക് ടാങ്കുകള്‍ ഇരച്ചു കയറുന്നതിന്റെയുമെല്ലാം ദൃശ്യങ്ങള്‍ സങ്കല്‍പിക്കാനാകും. എന്റെ പിന്നില്‍ ഒളിച്ചോടുന്ന അന്നത്തെ പ്രസിഡന്റിനെ കൊണ്ടുപോകാന്‍ തയ്യാറായി എത്തിയ അമേരിക്കന്‍ ഹെലികോപ്‌റ്റര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. എന്നാല്‍ ഇത്തരമൊരു സാധ്യത മുന്‍കൂട്ടി കണ്ട പ്രസിഡന്റ് ഒരാഴ്‌ച മുമ്പു തന്നെ സ്ഥലം വിട്ടിരുന്നു.

ദക്ഷിണ വിയറ്റ്നാം റിപ്പബ്ളിക്കില്‍ നിന്നുള്ള അവസാനത്തെ വിമാനം, നാടുവിടുന്ന അമേരിക്കന്‍ അംബാസിഡറെയും വഹിച്ചുകൊണ്ടുള്ളതായിരുന്നു. സെയ്‌ഗോണ്‍ വിമോചിക്കപ്പെടുന്നതിനും മണിക്കൂറുകള്‍ക്ക് മുമ്പ് അമേരിക്കന്‍ എംബസിയുടെ മേല്‍ത്തട്ടില്‍നിന്നായിരുന്നു അത് യാത്ര പുറപ്പെട്ടത്.

1960കളിലും 70കളിലും വളര്‍ന്ന ഏതൊരാളുടെയും മനസ്സില്‍ സ്‌മരണകള്‍ ആര്‍ത്തിരമ്പി എത്തും; ആരുടെയും മനസ്സ് വികാരവിക്ഷുബ്‌ധമാവുകയും ചെയ്യും. "അമോര്‍ നാം, തുമോര്‍ നാം വിയറ്റ്നാം, വിയറ്റ്നാം'' "ഹോഹോ ഹോചിമിന്‍'' "ഞങ്ങള്‍ പൊരുതും, ഞങ്ങള്‍ വിജയം വരിക്കും'' എന്നീ മുദ്രാവാക്യങ്ങള്‍ നിറഞ്ഞുനിന്ന കാലമായിരുന്നു അത്. എന്നോടൊപ്പം വന്ന വിയറ്റ്നാമീസ് സഖാക്കളും ഗൈഡും 1975നുശേഷം - അതിനും വളരെനാള്‍ കഴിഞ്ഞ് - ജനിച്ചവരായിരുന്നു. എന്നിരുന്നാലും അവരില്‍ നിസ്സീമമായ ദേശസ്‌നേഹവും അഭിമാനബോധവും നിറഞ്ഞുനിന്നിരുന്നു. "അതിശക്തരായ അമേരിക്കന്‍ സാമ്രാജ്യത്വത്തെ ഞങ്ങള്‍ അടിയറ പറയിച്ചു; അതിനുമുമ്പ് ഫ്രഞ്ചുകാരെയും ജപ്പാന്‍കാരെയും ഞങ്ങള്‍ തുരത്തിഓടിച്ചിരുന്നു''. എന്നാല്‍ ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരിലുള്ള ആവേശവും അഭിമാനവും തികച്ചും വേറിട്ടതു തന്നെയാണ്.

വിയറ്റ്നാം ജനതയ്‌ക്ക് ഇത്ര മഹത്തായ ഒരു വിജയം നേടാന്‍ കഴിഞ്ഞത് എങ്ങനെയാണ് ? ഏജന്റ് ഓറഞ്ചും നാപ്പാം ബോംബും വന്‍തോതില്‍ അതിനൂതന ആയുധങ്ങളുമെല്ലാം ഉണ്ടായിട്ടും അറുപതിനായിരത്തിലധികം അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും മൂന്ന് ലക്ഷത്തിലേറെപ്പേര്‍ മാരകമായ പരിക്കേല്‍പ്പിക്കപ്പെടുകയും ചെയ്‌തു. രണ്ടാം ലോക യുദ്ധത്തില്‍ മൊത്തം ഉപയോഗിച്ചതിനേക്കാള്‍ അഞ്ച് ഇരട്ടി ബോംബുകളാണ് അമേരിക്കന്‍ സാമ്രാജ്യത്വം വിയറ്റ്നാമില്‍ വര്‍ഷിച്ചത്. പഴയ സെയ്‌ഗോണില്‍നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള പ്രസിദ്ധമായ കു ചി തുരങ്കം സന്ദര്‍ശിച്ചപ്പോള്‍ എനിക്ക് കാണാന്‍ കഴിഞ്ഞത് അവിടെ നടന്ന ഗറില്ലാ യുദ്ധത്തിന്റെ സുപ്രധാനമായ ഒരു സവിശേഷതയാണ്.

ഏകദേശം 700 കിലോമീറ്റര്‍ ദൂരത്തില്‍ നാല് തട്ടുകളുള്ള തുരങ്കങ്ങളുടെ ഒരു നിരയാണ് 20 വര്‍ഷത്തിലേറെക്കാലം കൊണ്ട് രാത്രി കാലങ്ങളില്‍ അധിനിവേശ അമേരിക്കന്‍ സൈന്യത്തിന്റെ മൂക്കിനു താഴെ അവര്‍ പണി കഴിച്ചത്. ആകസ്‌മികമായ ഗറില്ലാ ആക്രമണങ്ങള്‍ക്കുശേഷം വിയറ്റ്നാം പോരാളികള്‍ അനായാസം അപ്രത്യക്ഷരാവുകയായിരുന്നു. അമ്പരന്നുപോയ അമേരിക്കക്കാര്‍ നാപ്പാം ബോംബുപയോഗിച്ച് വനങ്ങള്‍ നശിപ്പിച്ചു; ജനങ്ങളെ കൊന്നൊടുക്കാനും അംഗഭംഗപ്പെടുത്താനും ഏജന്റ് ഓറഞ്ച് വര്‍ഷിച്ചു; ആ പ്രദേശമാകെ ആവാസയോഗ്യമല്ലാതാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ വിയറ്റ്നാം പോരാളികള്‍ ഭൂഗര്‍ഭ അറകളില്‍ ആയിരുന്നതിനാല്‍ ആകാശത്തുനിന്നുള്ള ബോംബാക്രമണങ്ങളില്‍നിന്നും മാരകമായ രാസായുധങ്ങളില്‍നിന്നും ഗുരുതരമായ നാശം സംഭവിക്കാതെ രക്ഷപ്പെട്ടു. വാസ്തവത്തില്‍ പൊട്ടാത്ത അമേരിക്കന്‍ ബോംബുകളും ഗ്രനേഡുകളുമാണ് അവര്‍ അമേരിക്കന്‍ സൈന്യത്തെ കൊല്ലുന്നതിന് ഉപയോഗിച്ചത്. ഭൂമിക്കടിയില്‍വെച്ച് പാചകം ചെയ്യുന്നതിന്റെ അടയാളം അവരുടെ ഭൂഗര്‍ഭ താവളം കണ്ടെത്താന്‍ അമേരിക്കക്കാരെ സഹായിക്കും എന്ന് ബോധ്യമുള്ളതിനാല്‍, അവര്‍ പുക കടത്തിവിട്ടത് പച്ചിലപ്പടര്‍പ്പുകളുടെ മൂന്ന് തട്ടുകള്‍ക്കിടയിലൂടെ ആയിരുന്നു. ഈ പുകയില്‍ കുരുമുളക് പൊടിയും മുളക് പൊടിയും വിതറിയിരുന്നതിനാല്‍ മണം പിടിച്ചെക്കാന്‍ പരിശീലനം നേടിയ അമേരിക്കന്‍ നായ്‌ക്കള്‍ക്ക് അവരുടെ സ്ഥാനം ഏതെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല.

ആ തുരങ്കങ്ങളുടെ പ്രവേശന മാര്‍ഗം ഏതെന്ന് തിരിച്ചറിയാന്‍ ഇപ്പോള്‍ എനിക്ക് അസാധ്യമായിരിക്കുന്നു. അവ വളരെ ഇടുങ്ങിയ കവാടങ്ങളാണ് - വിശാലമായ ഇടങ്ങളില്‍ എത്തുന്നതിന് നിരവധി മീറ്റര്‍ ദൂരം പിന്നിടണം. എന്നെ സംബന്ധിച്ചിടത്തോളം അതിനകത്തേക്ക് കടക്കാന്‍ ഏറെ പണിപ്പെടേണ്ടതായി വന്നു. എന്നാലും മൂന്ന് പ്രത്യേക സ്ഥലങ്ങളിലായി ചില ഭാഗങ്ങളില്‍ ഞാന്‍ ഞെങ്ങിഞെരുങ്ങി അതിനകത്ത് കടന്നു. വിയറ്റ്നാംകാരുടെ ശരീര പ്രകൃതത്തിനനുസരിച്ചായിരുന്നു അവ നിര്‍മ്മിക്കപ്പെട്ടിരുന്നത്. പൊണ്ണത്തടിയന്മാരായ അമേരിക്കക്കാര്‍ തുരങ്കത്തില്‍ കടക്കുന്നതും അതിനകത്ത് ചലിക്കുന്നതും തടയാനും കൂടിയായിരുന്നു ഇത്. തുരങ്കം കണ്ടെത്താനും അതിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് കടക്കാനും അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് കഴിഞ്ഞാല്‍പോലും അത് തടയപ്പെടും. അമേരിക്കന്‍ സൈനികര്‍ അതിനകത്ത് കെണിയില്‍ കുടുങ്ങും.

തുരങ്കം ചുറ്റി നടന്ന് കണ്ട രണ്ട് മണിക്കൂര്‍ സമയം തികച്ചും ആഹ്ളാദകരമായിരുന്നു. ആ തുരങ്കം കണ്ടെത്താനോ അതിനകത്ത് കടക്കാനോ ആര്‍ക്കും ഒറ്റയ്‌ക്ക് സാധ്യമേയല്ല. നാപ്പാമും ഏജന്റ് ഓറഞ്ചും കൊണ്ട് കരിച്ച് കരിക്കട്ട പോലാക്കിയ മണ്ണ് ഇപ്പോള്‍ ഇടതൂര്‍ന്ന് വള്ളിപ്പടര്‍പ്പുകള്‍ നിറഞ്ഞ് നിബിഡ വനമായിരിക്കുന്നു. ആരോഗ്യവും ഊര്‍ജ്ജസ്വലതയുമുള്ള വിയറ്റ്നാംകാര്‍ ഇപ്പോള്‍ ശരിക്കും വീണ്ടെടുപ്പ് നടത്തിയിരിക്കുകയാണ്; ഇന്ന് അവര്‍ ശരിക്കും ചൊടിയും ചുണയുമുള്ളവരായിരിക്കുന്നു.

കേന്ദ്ര കമ്മിറ്റിയംഗവും ഹോചിമിന്‍ സിറ്റി പാര്‍ടി കമ്മിറ്റിയുടെ ഉപമേധാവിയും ആയ ഹ്യൂഞ് തി നാനുമായുള്ള ചര്‍ച്ചയില്‍ ഈ കാര്യം സ്ഥിരീകരിക്കപ്പെട്ടു; ഞങ്ങളെ സ്വാഗതം ചെയ്യുന്നതിനായി അവര്‍ ഞങ്ങള്‍ക്ക് ഒരു വിരുന്ന് നല്‍കിയിരുന്നു. അവര്‍ വിയറ്റ്കോങ് പോരാളി ആയിരുന്നു. ഹോചിമിന്‍ സിറ്റിയും കൊല്‍ക്കത്തയും നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും സമാനമാണെന്ന് ഞങ്ങള്‍ തമ്മില്‍ നടന്ന ചര്‍ച്ച വ്യക്തമാക്കി. ഹാനോയ്യെക്കാള്‍ രണ്ട് ഇരട്ടി വലിപ്പമുള്ളതാണ് ഹോചിമിന്‍ സിറ്റി. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വ്യവസായ കേന്ദ്രവുമാണ് അത്. ബിഞ് ദുവോങ് സാമ്പത്തിക - വ്യാവസായിക മേഖലയിലേക്കുള്ള എന്റെ സന്ദര്‍ശനം വെളിപ്പെടുത്തിയത്, സിംഗപ്പൂരുമായി ചേര്‍ന്ന് ഈ മേഖലയില്‍ ഉന്നത സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഉല്‍പാദന യൂണിറ്റുകള്‍ അതിവേഗം മുന്നേറുന്നതായിട്ടാണ്. 2020 ആകുമ്പോള്‍ വ്യവസായവല്‍കൃത രാജ്യം എന്ന പദവിയില്‍ എത്തിച്ചേരണം എന്നാണ് വിയറ്റ്നാം ലക്ഷ്യമാക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള മേഖലകളില്‍ സാര്‍വത്രികമായ സര്‍ക്കാര്‍ സഹായം എന്ന മുന്‍ നിലപാടിന്റെ സ്ഥാനത്ത് പണം മുടക്കാന്‍ പ്രാപ്‌തിയുള്ളവരില്‍നിന്നും പണം ഈടാക്കണം എന്ന തത്വം നടപ്പാക്കിയിരിക്കുന്നതായും ചര്‍ച്ചകള്‍ വെളിപ്പെടുത്തി. മറ്റ് സോഷ്യലിസ്റ്റ് രാജ്യങ്ങളിലെപ്പോലെ തന്നെ പരിഷ്‌ക്കരണ പ്രക്രിയ സാമ്പത്തിക അസമത്വങ്ങള്‍ വര്‍ധിക്കുന്നതിനാണ് ഇടയാക്കിയത്. എന്നാല്‍ വിയറ്റ്നാം കമ്യൂണിസ്റ്റ് പാര്‍ടിക്കും സര്‍ക്കാരിനും ഈ സാഹചര്യത്തെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ട്; സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുന്നതിന് അവര്‍ നടപടികള്‍ സ്വീകരിക്കുകയുമാണ്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ കാര്യത്തില്‍ വിയറ്റ്നാം ഇന്ന് മുന്‍നിരയിലുള്ള രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്താണ്. ദീര്‍ഘകാലമായി അരി ഇറക്കുമതി ചെയ്‌തിരുന്ന വിയറ്റ്നാം ഇപ്പോള്‍ ഏറ്റവും വലിയ രണ്ടാമത്തെ അരി കയറ്റുമതി രാജ്യമായിരിക്കുകയാണ്.

സമ്പന്നവും ഐശ്വര്യപൂര്‍ണവുമായ സോഷ്യലിസ്റ്റ് വിയറ്റ്നാം കെട്ടിപ്പടുക്കുന്നതിനായി വിയറ്റ്നാം കമ്യൂണിസ്റ്റ് പാര്‍ടിയും വിയറ്റ്നാം ജനതയും നടത്തുന്ന പരിശ്രമങ്ങള്‍ കേന്ദ്രീകരിച്ചാണ് വിയറ്റ്നാമിനോടുള്ള നമ്മുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത്. രക്തരൂഷിതമായ സാമ്രാജ്യത്വ ഇടപെടലുകള്‍ കാരണം ഏറെ വൈകിപ്പോയ സോഷ്യലിസത്തിന്റെ ഗുണഫലങ്ങളും അതോടൊപ്പം മൂന്ന് സാമ്രാജ്യത്വശക്തികള്‍ക്കെതിരെ പൊരുതി നേടിയ ധീരോദാത്തമായ വിജയങ്ങളുടെ നേട്ടങ്ങളും സുദൃഢമാക്കുന്നതിന് ഇതു മാത്രമാണ് ഒരേയൊരു പോംവഴി.


*****

സീതാറാം യെച്ചൂരി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

1960കളിലും 70കളിലും വളര്‍ന്ന ഏതൊരാളുടെയും മനസ്സില്‍ സ്‌മരണകള്‍ ആര്‍ത്തിരമ്പി എത്തും; ആരുടെയും മനസ്സ് വികാരവിക്ഷുബ്‌ധമാവുകയും ചെയ്യും. "അമോര്‍ നാം, തുമോര്‍ നാം വിയറ്റ്നാം, വിയറ്റ്നാം'' "ഹോഹോ ഹോചിമിന്‍'' "ഞങ്ങള്‍ പൊരുതും, ഞങ്ങള്‍ വിജയം വരിക്കും'' എന്നീ മുദ്രാവാക്യങ്ങള്‍ നിറഞ്ഞുനിന്ന കാലമായിരുന്നു അത്.