Monday, June 21, 2010

ബംഗാളിലെ 33 വര്‍ഷത്തെ ഇടതുമുന്നണി ഭരണം

പശ്ചിമബംഗാളിലെ ഇടതുമുന്നണി സര്‍ക്കാര്‍ ജൂണ്‍ 21ന് 33 വര്‍ഷം പൂര്‍ത്തീകരിക്കുന്നത് ചരിത്രപ്രാധാന്യമുള്ള സംഭവമാണ്. മറ്റേതെങ്കിലും രാഷ്‌ട്രീയ പാര്‍ടി നയിച്ച ഒരു സംസ്ഥാന സര്‍ക്കാരും ഇത്രയും ദീര്‍ഘകാലം അധികാരത്തില്‍ ഇരിക്കുകയോ ജനക്ഷേമ നയങ്ങള്‍ നടപ്പാക്കുകയോ ചെയ്‌തിട്ടില്ല. എന്നാല്‍, സിപിഐ എമ്മിനും ഇടതുമുന്നണിക്കും കഴിഞ്ഞ ഒരു വര്‍ഷം നേരിട്ട തെരഞ്ഞെടുപ്പ് തിരിച്ചടികള്‍-ലോൿസഭ തെരഞ്ഞെടുപ്പിലും 81 നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും-ഉയര്‍ത്തിക്കാട്ടി അതുല്യമായ ഈ റെക്കോഡിനുമേല്‍ കരിനിഴല്‍ പടര്‍ത്താന്‍ ശ്രമം നടക്കുന്നു.

കഴിഞ്ഞ മൂന്ന് ദശകത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളും നടത്തിയ പ്രവര്‍ത്തനങ്ങളും മറച്ചുപിടിക്കാന്‍ ഈ സാഹചര്യം ഉപയോഗപ്പെടുത്തുകയാണ്. 'ചുവപ്പ് ഭരണത്തില്‍ ശ്വാസംമുട്ടി കഴിയുന്ന' സംസ്ഥാനമായി പശ്ചിമ ബംഗാളിനെ ചിത്രീകരിച്ച് കടുത്ത പ്രചാരണം നടക്കുന്നു. വികസനമൊന്നുമില്ലാതെ മരുഭൂമിയായി ബംഗാള്‍ മാറിയെന്നാണ് പ്രചാരണം. ഭരണവര്‍ഗവും കോര്‍പറേറ്റ് മാധ്യമങ്ങളും നടത്തുന്ന ഈ പ്രചാരണത്തില്‍ അത്ഭുതമില്ല, കാരണം ഇത്രയും കാലം ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കിയത് ബൂര്‍ഷ്വ-ഭൂവുടമ വര്‍ഗങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാനുള്ള നയങ്ങളല്ല.

പശ്ചിമ ബംഗാളില്‍ നടപ്പാക്കിയപോലെ വിപുലമായ ഭൂപരിഷ്‌ക്കരണം മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ല. രാജ്യത്ത് മിച്ചഭൂമിയായി വിതരണംചെയ്‌ത മൊത്തം സ്ഥലത്തിന്റെ അഞ്ചിലൊന്നും പശ്ചിമ ബംഗാളിലാണ്. കാര്‍ഷികവികസനത്തിന്റെ നേട്ടം ചെറിയ വിഭാഗം ഭൂവുടമകള്‍ക്കും ധനികകര്‍ഷകര്‍ക്കും മാത്രമായി ഒതുങ്ങാതെ മുഴുവന്‍ കര്‍ഷകര്‍ക്കും ലഭിക്കുന്നുവെന്ന് മറ്റൊരു സംസ്ഥാനത്തും ഉറപ്പാക്കിയിട്ടില്ല. പഞ്ചായത്ത് സംവിധാനം വ്യവസ്ഥാപിതമാക്കിയത് ഗ്രാമീണജനങ്ങള്‍ക്ക് പ്രാദേശികകാര്യങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം നല്‍കി. ഇടതുമുന്നണിയുടെ ദീര്‍ഘകാല ഭരണം സുസ്ഥിരമായ മതനിരപേക്ഷ അന്തരീക്ഷം വളര്‍ത്തി. അധ്വാനിക്കുന്ന ജനതയിലെ വിവിധ വിഭാഗങ്ങള്‍ജനാധിപത്യ അവകാശങ്ങള്‍ നിര്‍വഹിക്കുന്നത് രാഷ്‌ട്രീയസംവിധാനത്തിന്റെ സവിശേഷ ഘടകമായി.

ഇടതുമുന്നണി സര്‍ക്കാരിന്റെ മൂന്ന് പതിറ്റാണ്ടിലേറെയായി നടക്കുന്ന ഭരണം ബംഗാളിനെ പുരോഗതിയിലേക്ക് പരിവര്‍ത്തനം ചെയ്‌തുവെന്നതില്‍ തര്‍ക്കമില്ല. ഇതിന്റെ അര്‍ഥം മുന്നേറ്റത്തിന് സുഗമപാതയാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ മുന്നില്‍ ഉണ്ടായിരുന്നതെന്നല്ല. പ്രത്യേകിച്ച്, 1990കളില്‍ നവഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിയതോടെ രാജ്യത്തെ മുതലാളിത്ത വികസനപാതയില്‍ ഉണ്ടായ മാറ്റത്തിനുശേഷം ജനക്ഷേമനയങ്ങള്‍ പിന്തുടരുന്നത് പ്രയാസകരമായി. അധികാരത്തിലും വിഭവങ്ങളിലും സംസ്ഥാനസര്‍ക്കാരുകള്‍ക്കുള്ള പരിമിതികള്‍ ബദല്‍നയങ്ങള്‍ പിന്തുടരുന്നതിന് പ്രതിബന്ധമായി. നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കും സാമ്രാജ്യത്വവുമായി വളര്‍ന്നുവരുന്ന സഹകരണത്തിനും എതിരായി നിരന്തരപോരാട്ടം നടത്തുന്ന സിപിഐ എമ്മും ഇടതുമുന്നണിയും ശക്തമായ ആക്രമണത്തിന് ഇരകളായി. ഭരണവര്‍ഗത്തിനും സാമ്രാജ്യത്വത്തിനും ഇടതുമുന്നണി സര്‍ക്കാര്‍ തുടര്‍ച്ചയായി നിലനില്‍ക്കുന്നതിനോട് തീരെ യോജിക്കാന്‍ കഴിയില്ല. 2004ലെ ലോൿസഭാ തെരഞ്ഞെടുപ്പിനുശേഷം ദേശീയരാഷ്‌ട്രീയത്തില്‍ സിപിഐ എമ്മും ഇടതുപക്ഷവും വഹിച്ച പങ്ക് ഇതിന് അടിവരയിടുന്നു. സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും ദുര്‍ബലമാക്കാന്‍ ഇടതുമുന്നണി സര്‍ക്കാരിനെ ഒറ്റപ്പെടുത്തണം.

പശ്ചിമബംഗാളില്‍ ഇടതുമുന്നണിയുടെ ദീര്‍ഘമായ ഭരണകാലത്ത് വര്‍ഗസമരത്തിന് ശക്തി കുറഞ്ഞില്ല. മുതലാളിത്ത വികസനത്തിന്റെ പുതിയ ദിശയുടെ പ്രത്യാഘാതത്തില്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും വര്‍ഗബന്ധങ്ങളില്‍ മാറ്റങ്ങളുണ്ടായി. ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കിയ നയങ്ങളുടെ ഫലപ്രാപ്‌തിയുടെ മണ്ഡലത്തില്‍ പുതിയ പ്രശ്‌നങ്ങളും വൈരുധ്യങ്ങളും ഉടലെടുത്തു. സംസ്ഥാനത്തെ രാഷ്‌ട്രീയപരിതസ്ഥിതിയില്‍ സ്വാധീനം ചെലുത്തുന്ന ശക്തികളെക്കുറിച്ച് മനസ്സിലാക്കാന്‍ കൂടുതല്‍ ആഴത്തിലുള്ള വിലയിരുത്തലും ധാരണയും ആവശ്യമാണ്.

സിപിഐ എമ്മിനും ഇടതുപക്ഷത്തിനും എതിരായ ആക്രമണത്തിന്റെ സ്വഭാവം ചില രാഷ്‌ട്രീയസത്യങ്ങള്‍ വെളിപ്പെടുത്തുന്നു. വലതുപക്ഷ പ്രതിപക്ഷം പലപ്പോഴും ഇടതുപക്ഷ മുഖംമൂടി ധരിച്ചാണ് ശക്തമായ കമ്യൂണിസ്‌റ്റ് വിരുദ്ധ പ്രചാരണം നടത്തുന്നത്. വലതുപക്ഷ-പിന്തിരിപ്പന്‍ വേദികളില്‍ അണിനിരക്കാന്‍ ഇടയില്ലാത്തവരില്‍നിന്നാണ് ഈ പ്രചാരണം ഉയരുക. ദശകങ്ങള്‍ക്ക്മുമ്പ് കേരളത്തിലും ഈ പ്രതിഭാസം പ്രകടമായി, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കമ്യൂണിസ്‌റ്റ് വിരുദ്ധ മുന്നണി പുരോഗമന മുദ്രാവാക്യങ്ങളും വാചകക്കസര്‍ത്തുമായി രംഗത്തുവന്നു. സിപിഐ എമ്മിന്റെ ജനകീയ അടിത്തറയില്‍ ഉണ്ടായ ചില വിള്ളലുകള്‍ ഉപയോഗിച്ച്, എല്ലാ കമ്യൂണിസ്‌റ്റ് വിരുദ്ധ ശക്തികളെയും സംഘടിപ്പിച്ച് വലതുപക്ഷ പ്രതിപക്ഷം തീവ്രമായ ആക്രമണം നടത്തി. ലോൿസഭാ തെരഞ്ഞെടുപ്പിനുശേഷം ബംഗാളില്‍ സിപിഐ എം പ്രവര്‍ത്തര്‍ക്കുനേരെ വ്യാപകമായ ആക്രമണം നടക്കുന്നു, ഒരു വര്‍ഷത്തിനുള്ളില്‍ 245 കേഡര്‍മാരാണ് കൊല്ലപ്പെട്ടത്. ആയിരങ്ങള്‍ ഭവനരഹിതരായി. കര്‍ഷകരെ ബലംപ്രയോഗിച്ച് കുടിയൊഴിപ്പിക്കുന്നു. പാര്‍ടിയുടെയും വര്‍ഗബഹുജനസംഘടനകളുടെയും ഓഫീസുകള്‍ കൈയേറുകയും വീടുകള്‍ കൊള്ളയടിക്കുകയുംചെയ്യുന്നു. ഇടതുമുന്നണിക്ക് എതിരായി അണിനിരന്നിട്ടുള്ള രാഷ്‌ട്രീയശക്തികളുടെ തനിനിറം ഇത്തരം ആക്രമണങ്ങള്‍ വെളിപ്പെടുത്തുന്നു.

ഇത് സിപിഐ എമ്മിനും ഇടതുമുന്നണിക്കും എതിരായി നടക്കുന്ന വര്‍ഗപരമായ ആക്രമണം മാത്രമല്ല, ബംഗാളിലെ സാധാരണ ജനങ്ങള്‍ക്കും അവര്‍ കൈവരിച്ച നേട്ടങ്ങള്‍ക്കും എതിരായ ആക്രമണം കൂടിയാണ്. ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണം അവസാനിപ്പിക്കുന്നതിലൂടെ തൃണമൂല്‍-കോണ്‍ഗ്രസ് സഖ്യം യഥാര്‍ഥത്തില്‍ ലക്ഷ്യമിടുന്നത് പ്രതിവിപ്ളവം നടത്തുകയാണ്. ഇവര്‍ 'പരിവര്‍ത്തനം' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഗ്രാമീണമേഖലയില്‍ ആധിപത്യവര്‍ഗങ്ങളുടെയും നിക്ഷിപ്‌ത താല്‍പ്പര്യക്കാരുടെയും ഭരണം സ്ഥാപിക്കുകയാണ്, പെറ്റി ബൂര്‍ഷ്വ പുരോഗമന നാട്യങ്ങളുടെ മറവില്‍ നവഉദാരവല്‍ക്കരണ നയങ്ങള്‍ സ്വതന്ത്രമായി നടപ്പാക്കാനുള്ള അവസരം സൃഷ്‌ടിക്കുകയാണ്.

ഇവിടെ നിര്‍ണായക ചോദ്യങ്ങള്‍ ഉയരുന്നു: ദരിദ്രകര്‍ഷകര്‍ക്കും ദരിദ്രഗ്രാമീണര്‍ക്കും അനുകൂലമായി ഭൂബന്ധങ്ങളിലുണ്ടായ മാറ്റം അട്ടിമറിക്കാന്‍ ഈ ശക്തികളെ അനുവദിക്കാന്‍ കഴിയുമോ? ഭൂപരിഷ്‌ക്കരണത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത സൌധം തകര്‍ക്കാന്‍ അനുവദിക്കാമോ? വര്‍ഗീയ വിഘടനവാദത്തിനും രാഷ്‌ട്രീയ കുതന്ത്രങ്ങള്‍ക്കും തിരികൊളുത്തുന്ന ബൂര്‍ഷ്വാ അവസരവാദ രാഷ്‌ട്രീയത്തിന്റെ തിരിച്ചുവരവ് ബംഗാളില്‍ അനുവദിക്കാമോ? നഗരസഭ തെരഞ്ഞെടുപ്പിനുശേഷം വര്‍ഗീയ അസ്വാസ്ഥ്യത്തിന് തിരികൊളുത്തി ഭയംവിതച്ച് മുതലെടുപ്പ് നടത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ശ്രമിച്ചത് നാം കണ്ടുകഴിഞ്ഞു.

ബംഗാളില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന മതസൌഹാര്‍ദം കമ്യൂണിസ്‌റ്റ് വിരുദ്ധ സങ്കുചിതത്വത്തിന്റെ പേരില്‍ ബലികൊടുക്കുന്നത് അനുവദിക്കാന്‍ കഴിയില്ല. വംശ, മത, ജാതി സ്വത്വങ്ങളെ ആകര്‍ഷിക്കാന്‍ കമ്യൂണിസ്‌റ്റ് വിരുദ്ധര്‍ സ്വത്വരാഷ്‌ട്രീയത്തിന്റെ സങ്കുചിത രൂപങ്ങള്‍ പ്രചരിപ്പിക്കുന്നു. ഇത്തരം രാഷ്‌ട്രീയം അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഐക്യം തകര്‍ക്കുകയും സമൂഹത്തില്‍ പ്രതിലോമപരമായ ഫലങ്ങള്‍ സൃഷ്‌ടിക്കുകയുംചെയ്യും.

ഇടതുമുന്നണിയുടെ ദീര്‍ഘകാലത്തെ തുടര്‍ച്ചയായ ഭരണം വിപുലമായ നേട്ടങ്ങള്‍ക്കൊപ്പം ആശാസ്യമല്ലാത്ത പ്രവണതകളും സൃഷ്‌ടിച്ചിട്ടുണ്ടെന്ന് സിപിഐ എമ്മിന് ബോധ്യമുണ്ട്. സംസ്ഥാന സര്‍ക്കാരിനെ നിയന്ത്രിക്കുകയെന്നത് ഭരണകൂട അധികാര വിനിയോഗമല്ലെന്ന പാര്‍ടിയുടെ അടിസ്ഥാനധാരണയുടെ ഭാഗമാണിത്. ഉദ്യോഗസ്ഥസംവിധാനവും പൊലീസും മറ്റ് സ്ഥാപനങ്ങളും അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടില്ല. ഇത്തരമൊരു സംവിധാനത്തില്‍, സര്‍ക്കാരില്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ടിയിലും സംഘടനയിലും പ്രത്യാഘാതം സൃഷ്‌ടിക്കും. ഈ ബന്ധത്തിന്റെ ദുഷ്‌ഫലങ്ങള്‍ പരിമിതമാക്കാന്‍ തുടര്‍ച്ചയായ ശ്രമം നടത്തിയിട്ടുണ്ടെങ്കിലും. ജനങ്ങളില്‍ ചില വിഭാഗങ്ങള്‍ അകന്നുപോയതായി അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലം വ്യക്തമാക്കുന്നു. ഇത് ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെമാത്രം ഫലമായല്ല. രാഷ്‌ട്രീയമേഖലയിലും പാര്‍ടിയുടെ സംഘടനാപരമായ കുറവുകളിലും ദൌര്‍ബല്യങ്ങളിലും ഈ അകല്‍ച്ചയുടെ കാരണം വേരൂന്നിയിട്ടുണ്ട്.

കുറവുകള്‍ പരിഹരിക്കാനും അകന്നുപോയ ജനവിഭാഗങ്ങളുമായി ബന്ധം പുനഃസ്ഥാപിക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്, അതുകൊണ്ട് മൂന്ന് മേഖലയിലാണ് നടപടി എടുക്കേണ്ടത്-സര്‍ക്കാര്‍, രാഷ്‌ട്രീയ, സംഘടനാ തലങ്ങളില്‍-ഇവ പരസ്‌പരം ബന്ധപ്പെട്ടതാണ്. ബജറ്റില്‍ ആവിഷ്‌ക്കരിച്ച ജനക്ഷേമ നടപടികള്‍ നടപ്പാക്കാനും വിലക്കയറ്റം, കാര്‍ഷികപ്രതിസന്ധി, കേന്ദ്രസര്‍ക്കാര്‍ വിവിധ മേഖലകളില്‍ നടപ്പാക്കുന്ന നയങ്ങള്‍ എന്നിവമൂലം കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് ആശ്വാസം എത്തിക്കാനും ഈ സര്‍ക്കാരിന്റെ അവസാനവര്‍ഷം സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. പ്രചാരണങ്ങളില്‍നിന്ന് വ്യത്യസ്‌തമായി, സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും ജനകീയ അടിത്തറ മതിയായ തോതിലുള്ളതും വിപുലവുമാണ്. ഇടതുമുന്നണിക്കെതിരെ ഇപ്പോള്‍ സംഘടിച്ചിരിക്കുന്ന ശക്തികള്‍ എന്നും ഒന്നിച്ചുനില്‍ക്കില്ല. ശരിയായ തന്ത്രങ്ങള്‍ നടപ്പാക്കിയും ജനങ്ങളിലേക്ക് ഏകമനസ്സോടെ ഇറങ്ങിച്ചെന്നും സ്ഥിതിഗതി വിപരീതദിശയിലാക്കി മാറ്റാന്‍ കഴിയും. പിന്തിരിപ്പന്‍ ശക്തികളുടെ ആക്രമണം നേരിടാനും ജനങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനും പശ്ചിമബംഗാളിലെ സിപിഐ എമ്മും ഇടതുമുന്നണിയും നടത്തുന്ന പ്രയാസകരമെങ്കിലും അനിവാര്യമായ പോരാട്ടത്തിന് പിന്തുണയുമായി പാര്‍ടി ഒന്നാകെയും രാജ്യത്തെ ഇടതുപക്ഷ-ജനാധിപത്യ ശക്തികളും ഒപ്പമുണ്ട്. ഇടതുമുന്നണി സര്‍ക്കാരിനെ സംരക്ഷിക്കുകയെന്നതിന്റെ അര്‍ഥം അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങളും നേട്ടങ്ങളും സംരക്ഷിക്കുകയെന്നതാണ്. പശ്ചിമബംഗാളിലെ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ സുദീര്‍ഘമായ പോരാട്ടങ്ങളുടെ സൃഷ്‌ടിയാണ് ഇടതുമുന്നണി സര്‍ക്കാരെന്നത് നമുക്ക് ഒരിക്കലും വിസ്‌മരിക്കാന്‍ കഴിയില്ല.

*****

പ്രകാശ് കാരാട്ട്

6 comments:

വര്‍ക്കേഴ്സ് ഫോറം said...

കുറവുകള്‍ പരിഹരിക്കാനും അകന്നുപോയ ജനവിഭാഗങ്ങളുമായി ബന്ധം പുനഃസ്ഥാപിക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്, അതുകൊണ്ട് മൂന്ന് മേഖലയിലാണ് നടപടി എടുക്കേണ്ടത്-സര്‍ക്കാര്‍, രാഷ്‌ട്രീയ, സംഘടനാ തലങ്ങളില്‍-ഇവ പരസ്‌പരം ബന്ധപ്പെട്ടതാണ്. ബജറ്റില്‍ ആവിഷ്‌ക്കരിച്ച ജനക്ഷേമ നടപടികള്‍ നടപ്പാക്കാനും വിലക്കയറ്റം, കാര്‍ഷികപ്രതിസന്ധി, കേന്ദ്രസര്‍ക്കാര്‍ വിവിധ മേഖലകളില്‍ നടപ്പാക്കുന്ന നയങ്ങള്‍ എന്നിവമൂലം കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് ആശ്വാസം എത്തിക്കാനും ഈ സര്‍ക്കാരിന്റെ അവസാനവര്‍ഷം സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. പ്രചാരണങ്ങളില്‍നിന്ന് വ്യത്യസ്‌തമായി, സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും ജനകീയ അടിത്തറ മതിയായ തോതിലുള്ളതും വിപുലവുമാണ്. ഇടതുമുന്നണിക്കെതിരെ ഇപ്പോള്‍ സംഘടിച്ചിരിക്കുന്ന ശക്തികള്‍ എന്നും ഒന്നിച്ചുനില്‍ക്കില്ല. ശരിയായ തന്ത്രങ്ങള്‍ നടപ്പാക്കിയും ജനങ്ങളിലേക്ക് ഏകമനസ്സോടെ ഇറങ്ങിച്ചെന്നും സ്ഥിതിഗതി വിപരീതദിശയിലാക്കി മാറ്റാന്‍ കഴിയും. പിന്തിരിപ്പന്‍ ശക്തികളുടെ ആക്രമണം നേരിടാനും ജനങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനും പശ്ചിമബംഗാളിലെ സിപിഐ എമ്മും ഇടതുമുന്നണിയും നടത്തുന്ന പ്രയാസകരമെങ്കിലും അനിവാര്യമായ പോരാട്ടത്തിന് പിന്തുണയുമായി പാര്‍ടി ഒന്നാകെയും രാജ്യത്തെ ഇടതുപക്ഷ-ജനാധിപത്യ ശക്തികളും ഒപ്പമുണ്ട്. ഇടതുമുന്നണി സര്‍ക്കാരിനെ സംരക്ഷിക്കുകയെന്നതിന്റെ അര്‍ഥം അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങളും നേട്ടങ്ങളും സംരക്ഷിക്കുകയെന്നതാണ്. പശ്ചിമബംഗാളിലെ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ സുദീര്‍ഘമായ പോരാട്ടങ്ങളുടെ സൃഷ്‌ടിയാണ് ഇടതുമുന്നണി സര്‍ക്കാരെന്നത് നമുക്ക് ഒരിക്കലും വിസ്‌മരിക്കാന്‍ കഴിയില്ല.

ജിവി/JiVi said...

എന്റെ ഒരു പോസ്റ്റിന്റെ പരസ്യം ഇവിടെയാവാം എന്ന് തോനുന്നു:

ബംഗാളിലെ സ്ഥിതി ശോചനീയം

കാണി said...

ബംഗാളില്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ കണ്ടു പിടിക്കാന്‍ എളുപ്പമാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകളെ പിന്തുടര്‍ന്ന് അവ അവസാനിക്കുന്നിടം മുതല്‍ മുസ്ലിം പ്രദേശങ്ങളായിരിക്കുമെത്രെ... അതു പോലെ റോഡ് അവസാനിക്കുന്നിടം മുതലും മുസ്ലില്‍ പ്രദേശങ്ങള്‍ ആരംഭിക്കും

Aneesh Kumar S said...

കാലം തെളിയിക്കട്ടെ...

ഒന്ന് രണ്ടു കാര്യങ്ങള്‍ മറക്കരുത്..

ഇപ്പോള്‍ ബംഗാളില്‍ നിന്നൊക്കെ ആണ് കൂടുതലും തൊഴിലാളികള്‍ വരുന്നത്. അതിന്റെ അര്‍ഥം ഇവിടെ തൊഴില്‍ കൂടുതല്‍ എന്ന് അല്ല. അവിടെ തൊഴില്‍ കുറവാണെന്നും, അടിസ്ഥാന ശംബളം കുറവാണെന്നും ആണ്.
ഇവിടെ ഉള്ളവരെ പണ്ടേ ഗള്‍ഫിലോട്ട ഓടിചെല്ലോ.

രണ്ടാമതായി .. ഇന്ത്യയിലെ ഏറ്റവും വലിയ പട്ടണങ്ങളില്‍ ഒന്ന് ആയിരുന്നു ഒരു കാലത്ത്‌ കല്‍ക്കട്ട. ഇന്ന് അത് ഏറ്റവും ശോച്ചനിയ അവസ്ഥയിലും.

മരത്തലയന്‍ പട്ടേട്ടന്‍ said...

33 വര്‍ഷം ഭരിച്ച് ബംഗാളിനെ ഒരു പരുവത്തിലാക്കി എന്ന് പറഞ്ഞാല്‍ മതി. മാറി മാറി ഭരിക്കുന്നത്കൊണ്ട് കേരളം ഒരു വിധം രക്ഷപ്പെടുന്നുവെന്നും പറയാം

ജനശക്തി said...

കൊല്‍ക്കത്ത: സുസ്ഥിര ഭരണത്തില്‍ പുത്തന്‍ചരിത്രം രചിച്ചു മുന്നേറുന്ന പശ്ചിമ ബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ 33-ാം വാര്‍ഷികം ലക്ഷങ്ങള്‍ അണിനിരന്ന റാലികളോടെ തിങ്കളാഴ്ച സംസ്ഥാനമാകെ ആഘോഷിച്ചു. കൊല്‍ക്കത്തയിലും വിവിധ ജില്ലകളിലും ഉജ്വല റാലികളും പൊതുയോഗങ്ങളും നടന്നു. ഇടതുമുന്നണി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്ത നേതാജി ഇന്‍ഡോര്‍ സ്റേഡിയത്തില്‍ നടന്ന മഹാറാലിയില്‍ പതിനായിരങ്ങള്‍ അണിനിരന്നു. സ്റേഡിയം തിങ്ങിനിറഞ്ഞതിനാല്‍ ആയിരക്കണക്കിനാളുകള്‍ പുറത്തും കൂടി നില്‍ക്കുകയായിരുന്നു. അക്രമവും കൊലപാതകവും നടത്തി അരാജകത്വം സൃഷ്ടിച്ച് ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കാനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമുള്ള നീക്കങ്ങള്‍ ജനപങ്കാളിത്തത്തോടെ നേരിടുമെന്ന് റാലി പ്രഖ്യാപിച്ചു. 33 വര്‍ഷമായി ഇടതുമുന്നണി സര്‍ക്കാരിനെ തുടര്‍ച്ചയായി അധികാരത്തിലേറ്റിയ വംഗജനത തങ്ങളുടെ ചുമതല തുടര്‍ന്നും നിര്‍വഹിക്കുമെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു റാലി. കൂട്ടുകക്ഷി ഭരണത്തില്‍ ലോകത്തിനു മാതൃകയായ ഇടതുമുന്നണി ഐക്യം കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിച്ച് മുന്നോട്ടു പോകുമെന്നും റാലി പ്രഖ്യാപിച്ചു. ഇടതുമുന്നണി സംസ്ഥാന കമ്മിറ്റി ചെയര്‍മാന്‍ ബിമന്‍ ബസുഅധ്യക്ഷനായി. റാലി മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ഉദ്ഘാടനംചെയ്തു. യോഗശേഷം കലാപരിപാടികള്‍ അരങ്ങേറി. ഗൂഢ രാഷ്ട്രീയ ലക്ഷ്യത്തോടെ കൊള്ളയും കൊലയും നടത്തി സമാധാനം തകര്‍ക്കാനുള്ള വിധ്വംസക ശക്തികളുടെ ഏതു നീക്കവും ശക്തമായി നേരിടുമെന്ന് റാലി ഉദ്ഘാടനംചെയ്ത ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. കഴിഞ്ഞ എല്ലാ തെരഞ്ഞെടുപ്പിലും ജനോപകാരപ്രദമായ വ്യക്തമായ പരിപാടിയുമായി ജനങ്ങളെ സമീപിച്ചതുമൂലമാണ് വീണ്ടും അധികാരത്തിലേറ്റിയത്. മാറ്റം വേണമെന്നു പറയുന്നവര്‍ അത് എന്തിനാണെന്ന്് വ്യക്തമാക്കണം. ജനങ്ങള്‍ക്ക് ഗുണകരമായ കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ എന്തെങ്കിലും പോരായ്മ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിച്ച് മുന്നോട്ടു പോകും- ബുദ്ധദേവ് പറഞ്ഞു. വ്യാപകമായ കുപ്രചാരണത്തിലൂടെ ചെറിയൊരു വിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞതിനാലാണ് ലോക്സഭ, മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിക്ക് നേരീയ പരാജയം നേരിട്ടതെന്ന്് ബിമന്‍ ബസു പറഞ്ഞു. തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ല്‍അവ തിരുത്തി ജനങ്ങളെ വിശ്വാസത്തിലെടുത്ത് ഐക്യത്തോടെ ഇടതുമുന്നണി മുന്നോട്ടുപോകും. ഇടതുമുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടുവരെ എത്തിക്കാന്‍ വ്യാപക പ്രചാരണം സംഘടിപ്പിക്കും-ബിമന്‍ ബസു പറഞ്ഞു. മറ്റ് ഘടകകക്ഷി നേതാക്കളും സംസാരിച്ചു.