Saturday, May 31, 2008

പരമാധികാരത്തിന് പണയാധാരം ചമയ്ക്കുമ്പോള്‍

കോളനിവാഴ്ചയില്‍ നിന്ന് മോചനം നേടിയ സ്വതന്ത്രപരമാധികാര രാജ്യങ്ങളുടെ ഒരു വലിയനിരതന്നെ ഇരുപതാം നൂറ്റാണ്ടില്‍ രൂപംകൊള്ളുകയുണ്ടായി. രണ്ടാം ലോകയുദ്ധാനന്തരം നിലവില്‍ വന്ന ഈ നവസ്വതന്ത്ര രാജ്യങ്ങളാണ് മൂന്നാം ലോകരാജ്യങ്ങള്‍ എന്നറിയപ്പെട്ടത്. 1945 ല്‍ രണ്ടാം ലോകയുദ്ധത്തിനൊടുവില്‍ ഫാസിസത്തിനുമേല്‍ സോവിയറ്റ് യൂണിയന്‍ നേടിയ ഐതിഹാസികവിജയം, ശക്തമായ ഒരു സോവിയറ്റ് ചേരിയുടെ ആവിര്‍ഭാവം എന്നിവയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ദേശീയ വിമോചന സമരങ്ങള്‍ കോളനിരാജ്യങ്ങളിലാകെ കരുത്താര്‍ജിച്ചു. ഇതോടൊപ്പം ബ്രിട്ടനുള്‍പ്പെടെയുള്ള കൊളോണിയല്‍ ശക്തികള്‍ ദുര്‍ബലപ്പെടുക കൂടി ചെയ്തതാണ് ഇരുപതാം നൂറ്റാണ്ടിലെ അപകോളനീകരണ പ്രക്രിയെ ത്വരിതപ്പെടുത്തിയത്. ഈ അപകോളനീകരണ പ്രക്രിയയുടെ മുഖ്യമായ ഉള്ളടക്കം എന്തായിരുന്നു? കൊളോണിയല്‍ ശക്തികളുടേയും അവരുടെ കീഴിലുള്ള വന്‍കിട മൂലധനത്തിന്റേയും ആധിപത്യത്തില്‍ നിന്ന് നവസ്വതന്ത്രരാജ്യങ്ങള്‍ തങ്ങളുടെ പ്രകൃതിവിഭവങ്ങളുടേയും സമ്പത്തിന്റേയും ഉടമസ്ഥത വീണ്ടെടുത്തു എന്നതായിരുന്നു അത്. ഇന്ത്യയടക്കമുള്ള മൂന്നാം ലോകരാജ്യങ്ങളില്‍ പൊതുമേഖല കെട്ടിപ്പടുത്തതും ബാങ്ക്, അടിസ്ഥാന വ്യവസായങ്ങള്‍, എണ്ണയടക്കമുള്ള പ്രകൃതിവിഭവസ്രോതസ്സുകള്‍ എന്നിവയുടെ ദേശസാല്‍ക്കരണം നടപ്പിലാക്കിയതും അങ്ങിനെയായിരുന്നു. ഈ നടപടികളിലൂടെ തങ്ങളുടെ സാമ്പത്തിക പരമാധികാരം ഉറപ്പുവരുത്തിക്കൊണ്ട് രാഷ്ട്രീയ പരമാധികാരത്തെ ശക്തിപ്പെടുത്താനാണ് മൂന്നാം ലോകരാജ്യങ്ങള്‍ പരിശ്രമിച്ചത്.

വീണ്ടും കോളനിവല്‍ക്കരണം

എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളായപ്പോഴേക്കും മുതലാളിത്തവികാസം ആഗോളവല്‍ക്കരണത്തിന്റെ സവിശേഷഘട്ടത്തിലെത്തി. ഇതൊടൊപ്പം സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും സോഷ്യലിസ്‌റ്റ് ചേരി നേരിട്ട തിരിച്ചടികളും കൂടിയായപ്പോള്‍ ലോകശാക്തിക ബലാബലത്തില്‍ സാമ്രാജ്യത്വത്തിന് മേധാവിത്വം കൈവന്നു. ഇതോടെ സാമ്രാജ്യത്വ ആഗോളവല്‍ക്കരണം ഗതിവേഗമാര്‍ജിക്കുകയും മൂന്നാംലോകരാജ്യങ്ങളുടെ സാമ്പത്തിക പുനര്‍കോളനീകരണ പ്രക്രിയ അതിന്റെ മുഖ്യ ഉള്ളടക്കമായിത്തീരുകയും ചെയ്തു. സ്വതന്ത്ര രാജ്യങ്ങളുടെ സാമ്പത്തിക പരമാധികാരത്തിനു നേരെയുള്ള നിരന്തരകടന്നാക്രമണങ്ങളും രാഷ്ട്രപരമാധികാരത്തെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങളുമായി സാമ്രാജ്യത്വ ആഗോളവല്‍ക്കരണം പരിണമിച്ചുകൊണ്ടിരിക്കുകയാണ്.

ഐ എം എഫ്, ലോകബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സികളുടെ വായ്പാകരാറുകളിലൂടെയും ലോകവ്യാപാരസംഘടനയുടെ വ്യാപരകരാറുകളിലൂടേയും നവലിബറല്‍ നയങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ് സാമ്രാജ്യത്വം ചെയ്യുന്നത്. ധനമൂലധനത്തെ പ്രീണിപ്പിക്കുന്നതിനായുള്ള ഇളവുകളുടെ ധാരാളിത്തം ദേശീയ ഗവണ്‍മെന്റുകളുടെ നികുതികളുള്‍പ്പെടെയുള്ള വരുമാനത്തിന്റെ ഇടിവ്, സാമൂഹ്യ സാമ്പത്തിക ഉത്തരവാദത്തങ്ങളില്‍ നിന്നുള്ള ഭരണകൂടത്തിന്റെ പിന്‍മാറ്റം, ഈ ശൂന്യതയിലേക്ക് സ്വദേശിയും വിദേശിയുമായ സ്വകാര്യമൂലധനത്തിന്റെ കടന്നുവരവ് എന്നിവ പുത്തന്‍ നയങ്ങളുടെ മുഖമുദ്രയാണ്. ഇതെല്ലാം സാമ്പത്തിക നയരൂപീകരണത്തിനും അതിനനുസൃതമായ നിയമനിര്‍മാണങ്ങള്‍ക്കും ഉള്ള ഭരണകൂടത്തിന്റെ അധികാരത്തെ വന്‍തോതില്‍ കവര്‍ന്നെടുക്കുന്നു. ദേശീയ നിയമങ്ങള്‍ പലതും ബ്രട്ടന്‍വുഡ് സ്ഥാപനങ്ങളുടേയും ലോകവ്യാപാരസംഘടനയുടേയും കരാറുകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി പൊളിച്ചെഴുതപ്പെടേണ്ടി വരുന്നു. ഇങ്ങനെ സാമ്പത്തിക പരമാധികാരം അപഹരിക്കപ്പെടുന്നതിന് സമാന്തരമായി രാഷ്ട്രീയ പരമാധികാരത്തിനു നേരെയുള്ള ഭീഷണികളും സമ്മര്‍ദ്ദങ്ങളും വര്‍ദ്ധിച്ചുവരുന്നു. പലപ്പോഴും നഗ്നമായ സൈനിക അധിനിവേശവും രാഷ്ട്രീയ ആധിപത്യസ്ഥാപനവുമായി അതുമാറുകയും ചെയ്യുന്നു. ഇറാഖില്‍ സംഭവിച്ചതും ഇറാന്‍, സിറിയ, ക്യൂബ, കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ പരമാധികാരത്തെ ചവിട്ടിമെതിക്കാന്‍ പാകത്തില്‍ 'വാഴ്ചാമാറ്റം' എന്ന അപരിഷ്കൃത സിദ്ധാന്തം തന്നെ അമേരിക്കന്‍ സാമ്രാജ്യത്വം ആവിഷ്കരിച്ച് നടപ്പാക്കിവരുന്നു.

മൂലധനം എന്ന യജമാനന്‍

ഈ പശ്ചാത്തലത്തിലാണ് ദേശീയപരമാധികാരം പ്രതിരോധിക്കുക എന്നത് സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനെതിരായ ചെറുത്തുനില്‍പ്പിന്റെ മുഖ്യ മുദ്രാവാക്യവായി മാറുന്നത്. ഇന്ത്യയിലും നവലിബറല്‍ നയങ്ങള്‍ നടപ്പാക്കപ്പെട്ട 91നുശേഷം രാജ്യത്തിന്റെ സാമ്പത്തിക രാഷ്ട്രീയ പരമാധികാരത്തിനുനേരെ സാമ്രാജ്യത്വ കടന്നാക്രമണം രൂക്ഷമാവുകയും ഭരണാധികാരികള്‍ അതിനു മുമ്പില്‍ പതറുകയും പലപ്പോഴും വഴങ്ങുകയും ചെയ്യുന്ന അനുഭവങ്ങളാണുള്ളത്. നരസിംഹറാവു ഗവണ്‍മെന്റിന്റെ കാലത്തുതന്നെ പ്രകടമായിത്തുടങ്ങിയ ഈ പ്രവണതകള്‍ ബി ജെ പി നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന്റെ കാലത്ത് കൂടുതല്‍ ശക്തിപ്പെട്ടു. ഇപ്പോഴത്തെ യു പി എ ഗവണ്‍മെന്റാകട്ടെ നവലിബറല്‍ നയങ്ങളോടുള്ള പ്രത്യയശാസ്ത്ര പ്രതിബദ്ധതയും വിധേയത്വവും നിമിത്തം ദേശീയപരമാധികാരവും താല്‍പ്പര്യങ്ങളും ബലികഴിക്കാന്‍ പോലും മടികാണിക്കാതിരുന്ന എത്രയോ സന്ദര്‍ഭങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും. രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രധാനപ്പെട്ട മൂന്ന് നടപടികള്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ നിന്ന് കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ ഉണ്ടായിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ സമയോചിതമായ ഇടപെടലും ഉറച്ച നിലപാടും മൂലം രാജ്യതാല്‍പ്പര്യങ്ങള്‍ ഒരുപരിധിവരെ സംരക്ഷിക്കാന്‍ കഴിഞ്ഞുവെങ്കിലും ആപത്ത് ഇപ്പോഴും നിലനില്‍ക്കുകയാണ് എന്നതുകൊണ്ട് ജാഗ്രത തുടരേണ്ടതുണ്ട്.

ഒന്നാമതായി പൊതുമേഖലയുടെ കാര്യം തന്നെയാണ്. പൊതുമേഖല സ്ഥാപിക്കപ്പെട്ടതുതന്നെ സ്വന്തം വിഭവങ്ങള്‍ക്കും സമ്പത്തിനും മേലുള്ള നിയന്ത്രണം വീണ്ടെടുക്കുന്നതിന്റെയും സ്വാശ്രിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുടേയും ഭാഗമായിട്ടാണ് എന്ന് ചൂണ്ടിക്കാണിച്ചുവല്ലോ. ആ പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതിലൂടെ നമ്മുടെ ആസ്തികളും വിഭവങ്ങളും കൊള്ളയടിക്കപ്പെടുകയും സമ്പദ്‌വ്യവസ്ഥക്കുമേല്‍ രാജ്യത്തിനുള്ള നിയന്ത്രണം വന്‍തോതില്‍ നഷ്ടപ്പെടുകയുമാണ് ചെയ്യുന്നത്. ലോകത്ത് പലയിടത്തുമെന്നപോലെ ഇന്ത്യയിലും പൊതുമേഖലാ ആസ്തികള്‍ നിസ്സാരവിലക്ക് കയ്യടക്കപ്പെടുന്ന സ്ഥിതി ആഗോളവല്‍ക്കരണത്തിന്റെ ഫലമായി ഉണ്ടായിട്ടുണ്ട്. പ്രാകൃത മൂലധനസമാഹരണത്തിന്റേതായ നവജാത മുതലാളിത്തത്തിന്റെ ഘട്ടത്തെ അനുസ്‌മരിപ്പിക്കുന്ന നിലയിലാണ് പൊതുആസ്തികള്‍ കൊള്ളയടിക്കപ്പെടുന്നത് എന്ന് പല സാമ്പത്തിക ശാസ്ത്രജ്ഞരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നവലിബറല്‍ നയങ്ങളുടെ മറ്റ് പലഘടകങ്ങള്‍ക്കുമെതിരായത് എന്നതുപോലെ പൊതുമേഖലവിറ്റുതുലക്കുന്നതിനെതിരായ ജനവിധികൂടിയാണ് 2004 ലെ ലോക്‍സഭാതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ഇക്കാര്യം ശക്തിയുക്തം ഉന്നയിച്ച ഇടതുപക്ഷത്തിന്റെ ഇടപെടല്‍ മൂലമാണ് ലാഭമുണ്ടാക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പന പൊതുമിനിമം പരിപാടി (സി എം പി)യില്‍ ഉള്‍പ്പെടുത്താതിരുന്നത്. എന്നാല്‍ സി എം പിയ്ക്ക് വിരുദ്ധമായി ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയില്‍ പ്രധാനസ്ഥാനമുള്ള 'നവരത്ന' സ്ഥാപനങ്ങളുള്‍പ്പെടെയുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനക്കെതിരായി ഇടതുപക്ഷം നടത്തിയ കടുത്ത ചെറുത്തുനില്‍പ്പിനൊടുവില്‍ ആ തീരുമാനങ്ങള്‍ തല്‍ക്കാലം ഉപേക്ഷിക്കപ്പെടുകയായിരുന്നു. എന്നാല്‍ അത് നടപ്പാക്കാന്‍ ചിദംബരവും അനുചരന്മാരും ഇപ്പോഴും തക്കം പാര്‍ത്തിരിക്കുകയാണ്.

രണ്ടാമതായി വിദേശനിക്ഷേപത്തിന് സമ്പദ്ഘടനയുടെ വിവിധ മേഖലകള്‍ കൂടുതല്‍ തുറന്നുകൊടുക്കാനും ധനമൂലധനത്തെ പ്രീണിപ്പിക്കാനുമുള്ള നടപടികള്‍ സാമ്പത്തിക പരമാധികാരം ദുര്‍ബലപ്പെടുത്താന്‍ ഇടയാക്കുന്നവയാണ്. ബാങ്ക്, ഇന്‍ഷുറന്‍സ് മേഖലകളിലെ വിദേശ നിക്ഷേപപരിധി ഉയര്‍ത്താനും പെന്‍ഷന്‍ ഫണ്ട് സ്വകാര്യവല്‍ക്കരിക്കാനുമുള്ള ശ്രമങ്ങള്‍, ചില്ലറവില്‍പ്പന മേഖലയില്‍ പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിക്കാന്‍ നടത്തിയ നീക്കങ്ങള്‍ എന്നിവ ചില ഉദാഹരണങ്ങളാണ്. ബാങ്ക് ഇന്‍ഷുറന്‍സ് മേഖലകളില്‍ വിദേശമൂലധനത്തിന് മേധാവിത്വം ലഭിക്കുന്നത് സാമ്പത്തിക ആശ്രിതത്വം വര്‍ധിപ്പിക്കുന്ന നടപടിയാണ്. ഇടതുപക്ഷത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ ഇക്കാര്യത്തിലും ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് തുണയായി. പക്ഷേ ഇതിനര്‍ഥം ഈ നടപടികളെല്ലാം കേന്ദ്രസര്‍ക്കാര്‍ എന്നേക്കുമായി ഉപേക്ഷിച്ചു എന്നല്ല. സമരം തുടരേണ്ടതുണ്ട് എന്നര്‍ഥം.

അമേരിക്കയുടെ കെണിയില്‍

മൂന്നാമതായി, അമേരിക്കയുമായി 'തന്ത്രപരമായ സാമ്പത്തികസഖ്യം' സ്ഥാപിക്കാനുള്ള മന്‍മോഹന്‍ സിങ്ങിന്റെ നീക്കത്തിന്റെ ഭവിഷ്യത്തുകളും ഗുരുതരമാണ്. ബുഷിന്റേയും മന്‍മോഹന്റേയും പരസ്പരസന്ദര്‍ശനങ്ങളില്‍ ഉരുത്തിരിഞ്ഞുവന്ന പ്രധാനധാരണകളിലൊന്ന് ഇന്ത്യാ-യുഎസ് സി ഇ ഒ ഫോറത്തിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതു സംബന്ധിച്ചാണ്. ഈ ഫോറത്തിന്റെ 30 നിര്‍ദ്ദേശങ്ങളില്‍ 21 ഉം അമേരിക്കന്‍ കുത്തകള്‍ക്കും മൂലധനത്തിനും മാത്രം ഗുണം ചെയ്യുന്നതാണ്. മൊണ്‍സാന്റോ, വാള്‍മാര്‍ട്ട് തുടങ്ങിയ വിനാശകാരികളായ അമേരിക്കന്‍ ബഹുരാഷ്ട്രകുത്തകകളും മറ്റുമാണ് ഈ നീക്കങ്ങള്‍ക്കു പിന്നില്‍ ചരടുവലിക്കുന്ന പ്രധാനശക്തികള്‍ എന്നതില്‍നിന്നുതന്നെ ഫലം ഊഹിക്കാവുന്നതാണല്ലോ. ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയുടെ അടിത്തറ പൊളിച്ചെഴുതുകയും അമേരിക്കന്‍ മൂലധനത്തിന് പിടിമുറുക്കാന്‍ അവസരം കിട്ടുകയുമായിരിക്കും ഇതിലൂടെ ഉണ്ടാവുക.

അമേരിക്കയുമായുളള ഈ തന്ത്രപരമായ സാമ്പത്തിക പങ്കാളിത്തത്തിന്റെ തുടര്‍ച്ചയാണ് സൈനിക സഹകരണവും വിവാദമായ ആണവകരാറുമെല്ലാം. അതായത്, സാമ്പത്തികവും സൈനികവും രാഷ്ട്രീയവുമായ തലങ്ങളുള്ള 'തന്ത്രപരമായ ഒരു സഖ്യം' അമേരിക്കയും ഇന്ത്യയും ചേര്‍ന്ന് രൂപപ്പെടുന്നുവെന്നര്‍ഥം. ഈ തന്ത്രപരമായ സഖ്യത്തിന്റെ പ്രത്യാഘാതങ്ങള്‍ എത്രഗുരുതരമായിരിക്കുമെന്ന് ആണവകരാറും ഈ കരാറിനുവേണ്ടി അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയ ഹൈഡ് നിയമവും വ്യക്തമാക്കുന്നുണ്ട്. ആണവകരാറിലേയും ഹൈഡ് നിയമത്തിലേയും നിരവധി വ്യവസ്ഥകള്‍ ഇന്ത്യയുടെ പരമാധികാരത്തിനും സ്വതന്ത്രവിദേശനയത്തിനും തീര്‍ത്തും എതിരാണ്. ഇന്ത്യ ഭാവിയില്‍ ആണവപരീക്ഷണം നടത്താന്‍ പാടില്ല എന്ന വ്യവസ്ഥ തന്നെ ഒരു ഉദാഹരണം. ഇന്ത്യ ആണവപരീക്ഷണം നടത്തരുത് എന്നത് ഇന്ത്യ സ്വയം സ്വീകരിക്കേണ്ട മാതൃകാപരമായ ഒരു തീരുമാനമാണ്. ആണവപരീക്ഷണം ഇന്ത്യ നടത്താതിരിക്കുന്നതാണ് അഭിലഷണീയം എന്നു പറയുമ്പോള്‍ തന്നെ അക്കാര്യം അമേരിക്കയോടുള്ള ഒരു ബാധ്യതയായിത്തീരുന്നു. അത് ഒരിക്കലും സ്വീകാര്യമല്ല. ഒരു പരമാധികാര രാജ്യത്തിന്റെ നയപരമായ തീരുമാനമെടുക്കാനുള്ള അധികാരം ഇവിടെ മറ്റൊരു രാഷ്ട്രത്തിന് അടിയറവെക്കപ്പെടുകയാണ്. ഹൈഡ് നിയമത്തില്‍ പറയുന്ന മറ്റൊരു വ്യവസ്ഥ, ഇന്ത്യയുടെ വിദേശനയം അമേരിക്കന്‍ നയത്തിന് അനുസൃതമാണെന്ന് വര്‍ഷാവര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് കോണ്‍ഗ്രസിന് റിപ്പോര്‍ട്ട് ചെയ്യണമെന്നതാണ്. യു എസ് പ്രസിഡന്റിനോ കോണ്‍ഗ്രസ്സിനോ ഇന്ത്യയുടെ വിദേശനയം തൃപ്തികരമായില്ലെങ്കില്‍ കരാറില്‍ നിന്ന് പിന്‍വാങ്ങാന്‍ അത് കാരണമായിത്തീരും, അതിനര്‍ഥം കരാര്‍ യാഥാര്‍ഥ്യമായാല്‍ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കപ്പെടുക വൈറ്റ്ഹൌസിലായിരിക്കും എന്നാണ്. സാമ്രാജ്യത്വ യജമാനന്റെ സൂക്ഷ്മപരിശോധനക്കും സ്വഭാവസര്‍ട്ടിഫിക്കറ്റിനും ഇന്ത്യവിധേയമായിത്തീരണം എന്ന് വ്യവസ്ഥ ചെയ്യപ്പെടുമ്പോള്‍ പരമാധികാരം എന്ന തത്വത്തിന് തന്നെ എന്തു പ്രസക്തിയാണുള്ളത്? ഇന്ത്യ ആണവസാമഗ്രികള്‍ നിര്‍മ്മിച്ചുകൂടാ രാജ്യത്തിനകത്ത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് അത്തരം സാമഗ്രികള്‍ മാറ്റിക്കൂടാ, ഇന്ത്യയുടെ ആണവനിലയങ്ങള്‍ അമേരിക്കന്‍ പരിശോധകര്‍ക്ക് തുറന്നുകൊടുക്കണം തുടങ്ങിയ വ്യവസ്ഥകളും ഇന്ത്യയുടെ പരമാധികാരത്തിലുള്ള ഇടപെടലുകളല്ലാതെ മറ്റെന്താണ്?

ആണവകരാറിനൊപ്പം ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന 'പ്രതിരോധ ചട്ടക്കൂട് കരാര്‍' ലോജിസ്‌റ്റിക്സ് സപ്പോര്‍ട്ട് എഗ്രിമെന്റ് എന്നിവയും ദേശീയപരമാധികാരത്തിന് ഭീഷണി സൃഷ്ടിക്കുന്നവയാണ്. ലോജിസ്‌റ്റിക്സ് സപ്പോര്‍ട്ട് എഗ്രിമെന്റ് പ്രകാരം അമേരിക്കന്‍ സൈന്യത്തിന് ഇന്ത്യയുടെ നാവിക വ്യോമതാവളങ്ങളും ഇന്ത്യന്‍ ഭൂപ്രദേശവും മൂന്നാമതൊരു രാജ്യത്തിനെതിരെ സൈനികനീക്കത്തിന് ഉപയോഗിക്കാനുള്ള അധികാരം ലഭിക്കും! സംയുക്ത സൈനികാഭ്യാസങ്ങളും ആയുധക്കച്ചവടവും പ്രതിരോധസഹകരണവുമെല്ലാമായി ഇന്ത്യ അമേരിക്കയുടെ ഏഷ്യയിലെ പങ്കാളിയായിത്തീരുമ്പോള്‍ നമ്മുടെ സ്വാതന്ത്ര്യത്തിനുതന്നെ അത് ഭീഷണിയാകും. ഈ ഗൌരവസ്ഥിതി മനസ്സിലാക്കിയാണ് ഇടതുപക്ഷം കടുത്ത ചെറുത്തുനില്‍പ്പ് നടത്തിയതും ആണവകരാറിന്റെ തുടര്‍നടപടികളില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിച്ചതും. പാര്‍ലമെന്റില്‍ ബഹുഭൂരിപക്ഷവും കരാറിനെതിരാണ് എന്നതുപോലും കണക്കിലെടുക്കാതെയാണ് കരാറുമായി മുന്നോട്ടുപോകാന്‍ യു പി എ സര്‍ക്കാര്‍ വ്യഗ്രതകാണിച്ചിരുന്നത് എന്നോര്‍ക്കണം. പാര്‍ലമെന്റിനെ അവഗണിക്കുക എന്നാല്‍ ഇന്ത്യന്‍ ജനതയുടെ ഇച്ഛയെത്തന്നെ അവഗണിക്കുക എന്നാണര്‍ഥം.

അനുസരണയുള്ള രാജ്യം

ആണവകരാര്‍ യാഥാര്‍ഥ്യമാകുന്നതിനുമുമ്പുതന്നെ ഇന്ത്യ കൂടുതലായി അമേരിക്കന്‍ വിധേയത്വം പ്രകടിപ്പിച്ചു തുടങ്ങുകയും വാഷിങ്ടണ്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍പ്പോലും ഇടപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്തതിന് നിരവധി ഉദാഹരണങ്ങള്‍ കാണാനാവും. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയില്‍ ഇറാനെതിരായി ഇന്ത്യ രണ്ടു തവണ വോട്ട് രേഖപ്പെടുത്തിയത് സാമ്രാജ്യത്വവിധേയത്വത്തിന്റെ മികച്ച ദൃഷ്ടാന്തമാണ്. മറ്റൊരു ചേരിചേരാരാജ്യവും ഇതുചെയ്തില്ലെന്ന് ഓര്‍ക്കണം. ഇറാന്‍ പാകിസ്ഥാന്‍ ഇന്ത്യാ പൈപ് ലൈന്‍ പദ്ധതിയില്‍നിന്ന് ഇടക്കാലത്ത് ഇന്ത്യ പിന്‍മാറിയതും അമേരിക്കന്‍ സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു.(ഇപ്പോള്‍ എണ്ണവില വര്‍ദ്ധനയെത്തുടര്‍ന്ന് ഗത്യന്തരമില്ലാതെ ചര്‍ച്ചകള്‍ പുനരാരംഭിച്ചിട്ടുണ്ട്). പൈപ് ലൈന്‍ പദ്ധതിക്കുവേണ്ടി ശക്തമായി നിലകൊണ്ട മണിശങ്കര്‍ അയ്യരെ പെട്രോളിയം വകുപ്പില്‍ നിന്നുതന്നെ മാറ്റി അവിടെ അമേരിക്കന്‍ പക്ഷപാതിയായ മുരളിദേവ്റയെ പ്രതിഷ്ഠിച്ചത് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള അമേരിക്കന്‍ സ്വാധീനം എത്രയെന്ന് വ്യക്തമാക്കുന്നു. ഇസ്രായേലുമായുള്ള ഇന്ത്യയുടെ പുതിയ ചങ്ങാത്തത്തിനു പിന്നിലുള്ളതും അമേരിക്കയുടെ ഇംഗിതമാണ്. പലസ്തീന്‍ ജനതയേയും ഇതര അറബ് രാജ്യങ്ങളേയും ലക്ഷ്യം വെക്കുന്നതിന് ഇസ്രായേലിനെ സഹായിക്കാന്‍ അവരുടെ ചാരഉപഗ്രഹം വിക്ഷേപിച്ചതും ഇന്ത്യയായിരുന്നു. ഇസ്രായേലില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്നതും ഇന്ത്യതന്നെ. പലസ്തീനിലെ കുഞ്ഞുങ്ങളേയും നിസ്സഹായരായ മനുഷ്യരേയും കൊന്നൊടുക്കാന്‍ ഉപയോഗിക്കുന്ന അതേ ആയുധങ്ങളുടെ പങ്കുപറ്റുന്നവരാക്കി ഇന്ത്യയെ മാറ്റിയത് യു പി എ സര്‍ക്കാരാണ്. പലസ്തീനിന്റെ എക്കാലത്തേയും നല്ല സുഹൃത്തായിരുന്ന ഇന്ത്യയെ ഇസ്രയേലി കൊലയാളികളുടെ കൂടാരത്തിലെത്തിച്ചതാകട്ടെ അമേരിക്കന്‍ സമ്മര്‍ദവും. ആഗോളവല്‍ക്കരണത്തിന്റെ നവലിബറല്‍ നയങ്ങള്‍ നടപ്പാക്കിയതിലൂടെ മുന്‍ ബി ജെ പി സര്‍ക്കാരും ഇപ്പോഴത്തെ യു പി എ സര്‍ക്കാരും എങ്ങനെയാണ് ഇന്ത്യയെ സാമ്പത്തികവും രാഷ്ട്രീയവുമായ ആശ്രിതത്വത്തിന്റെ ആപത്തിലേക്ക് നയിച്ചത് എന്ന് വ്യക്തമാക്കാനാണിത്രയും പറഞ്ഞത്. ദേശീയ പരമാധികാരം സംരക്ഷിക്കാനുള്ള സമരം സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനെതിരായ സമരത്തിന്റെ മുഖ്യമുദ്രാവാക്യമായി ഉന്നയിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.

--ശ്രീ എം ബി രാജേഷ്, കടപ്പാട്: യുവധാര

Friday, May 30, 2008

ഞാന്‍ എന്ന ഞാന്‍

ഒന്ന്

ബസ്സില്‍ നല്ല തിരക്കായിരുന്നു; എനിക്കാണെങ്കില്‍ പൈസക്ക് നല്ല അത്യാവശ്യവും.

എന്റെ മുന്നില്‍ നില്‍ക്കുന്ന നല്ലവനായ മനുഷ്യന്റെ പോക്കറ്റില്‍ എനിക്കാവശ്യമായ പണം ഉണ്ട്. ചോദിച്ചാല്‍ തരികയും ചെയ്യും.

എന്നാലും ഒരു മടി.

ഒരഭിമാന കോംപ്ളക്സ്.അതിന് വഴങ്ങി.

ചോദിച്ചാല്‍ എനിക്കു തരുമായിരുന്ന ആ പണം അദ്ദേഹം അറിയാതെ ഞാന്‍ എടുത്തു.

തെറ്റല്ല.

പണമിടപാടുകള്‍ രഹസ്യമായിരിക്കണം. ഞാന്‍ ആ ധര്‍മം അനുഷ്ഠിക്കുക മാത്രമാണ് ചെയ്തത്.ഇത്തരം സത്യസന്ധതകള്‍ക്കിന്ന് വല്ല വിലയുമുണ്ടോ?

അതുപോകട്ടെ.ചില സ്ഥലങ്ങളില്‍ ഇത്തരം പ്രവൃത്തിയെ അസൂയക്കാര്‍ പോക്കറ്റടി എന്ന് വിളിച്ച് ആക്ഷേപിക്കുക കൂടി ചെയ്യുന്നു.

കഷ്ടകാലം.

പണം പോയത് അദ്ദേഹം അറിഞ്ഞു.

ബഹളമായി.

ദൈവം സഹായത്തിനെത്തി.

എന്നെയല്ല; എന്റെ അടുത്തുനിന്ന ആളെയാണ് പിടിച്ചത്.

എല്ലാവരും കൂടി ആ കള്ളനെ നന്നായി കൈകാര്യം ചെയ്തു.അയാള്‍ അത്ര പന്തിയല്ലെന്ന് എനിക്കും തോന്നിയിരുന്നു.

ദ്രോഹി.

എനിക്കും ദേഷ്യം വന്നു.

ഞാനും കൊടുത്തു അവനിട്ട് രണ്ട്.

എന്തുചെയ്യാം!

ഞാനും ഒരു സാമൂഹ്യജീവിയായിപ്പോയില്ലെ!

രണ്ട്

ഒറ്റയിടി.

ഭാര്യ ചത്തതുപോലെ വീണു.

കുറച്ചുനേരം കഴിഞ്ഞ് തൊട്ടുനോക്കി.

ഉപമ കാണാനില്ല.

ചത്തു എന്നര്‍ഥം.

അയല്‍ക്കാര്‍ സ്നേഹമുള്ളവരായിരുന്നു.അവര്‍ ഉടനെ പൊലീസില്‍ അറിയിച്ചു.

തന്നെപ്പോലെ തന്റെ അയല്‍ക്കാരനെ സ്നേഹിച്ചതിനു കിട്ടിയ പ്രതിഫലം.

ഒരു വണ്ടിപ്പോലീസാണ് എത്തിയത്.

രക്ഷപ്പെടാന്‍ ഒരു മാര്‍ഗവുമില്ല.

അറസ്റ്റുചെയ്തു കൊണ്ടുപോവുമ്പോള്‍ തിരിഞ്ഞുനോക്കി.

വാതില്‍പ്പടിയിലെ സ്റ്റിക്കര്‍ ഇപ്പോഴുമുണ്ട് 'ശ്രീ കാട്ടൂരപ്പന്‍ ഈ വീടിന്റെ ഐശ്വര്യം'

ഹാവൂ! ആശ്വാസമായി.

മൂന്ന്

ആദ്യരാത്രി.

സെറ്റിങ്സൊക്കെ റെഡിയാണ്.

അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കും.

കരുതിവെച്ച ഡയലോഗുകള്‍ ഒന്നുകൂടി ഓര്‍ത്തു.

മറന്നാല്‍ തീര്‍ന്നു.

സഹായത്തിനാരും ഉണ്ടാവില്ല.

ദൈവമേ, അരുമ മകനെ കൈവിടല്ലേ!

അവള്‍ വന്നു.

തണുപ്പ്,നിലാവ്,നേരിയ കാറ്റ് എന്നിവയെല്ലാം നേരത്തെ ഹാജരുണ്ട്.പശ്ചാത്തലത്തില്‍ രാക്കിളിപ്പാട്ടുകാര്‍ തയാറെടുക്കുന്നു.

ഞാന്‍ തുടങ്ങി.

പഠിച്ചത് പാഴായില്ല.

നാവില്‍ മണി മണി പോലെ വന്നു വീണു.

കയ്യടി ഡയലോഗുകള്‍.

കസറി.

അവളും വിട്ടില്ല.

പഠിച്ച കള്ളി!

നാടകം ക്ളൈമാക്സിലെത്തി.

അവസാന രംഗം.

വികാര തീവ്രവാദിയായി ഞാന്‍ പതിവു ഡയലോഗുകള്‍ കാച്ചി.

'ഇനി ഞാനും നീയുമില്ല.നമ്മളേയുള്ളു.നമുക്കിടയില്‍ മതിലുകളില്ല,വരമ്പുകളില്ല എന്തിന് വായുപോലുമില്ല.
നിന്നെക്കുറിച്ച് എനിക്കൊന്നും അറിയേണ്ട. എന്നാല്‍ എന്നെക്കുറിച്ച് നീ അറിയണം. നിന്നില്‍ നിന്ന് മറച്ചുവെച്ച ഒരു ഭൂതകാലം എനിക്കു വേണ്ട. ഞാന്‍ നല്ലവനായിരുന്നില്ല. എല്ലാത്തരം പാപവും ചെയ്തവന്‍. നീചന്‍. ഇതാ, നിന്റെ സ്നേഹത്തിന്റെ മുന്നില്‍ ഈ കൊടുംവഞ്ചകന്‍.എനിക്കു മാപ്പു തരൂ,എന്നെ ശുദ്ധീകരിക്കൂ
...'

അവള്‍ തിരിച്ചടിച്ചു.

'ഞാനും പാപിയാണ്. എന്നെയും ശുദ്ധീകരിക്കൂ.'

കര്‍ട്ടന്‍.

നാടകം തീര്‍ന്നു.

പിറ്റെദിവസം ഞാന്‍ അവള്‍ക്ക് വിവാഹമോചനത്തിന് വക്കീല്‍നോട്ടീസയച്ചു.

നാല്

സന്ധ്യ,കടല്‍,കാമുകി,ഞാന്‍.

തിരക്കൊഴിഞ്ഞു.

എനിക്കും അവള്‍ക്കുമിടയില്‍ സാഗരസംഗീതം മാത്രം.

സംഗീതത്തില്‍ ഞങ്ങള്‍ അറിയാതെ ലയിച്ചു.

മനസ്സിന്റെ കെട്ടുകള്‍ അഴിഞ്ഞു.

അപ്പൂപ്പന്‍ താടികള്‍ പോലെ അതു പറന്നു.പരസ്പരം പുണര്‍ന്ന് കാറ്റിനൊപ്പം അത് പറന്നു പറന്നു പോയി,വിഹായസ്സിലേക്ക്.

പറ്റിയ സന്ദര്‍ഭം.

ഞാന്‍ ചോദിച്ചു.

'പ്രണയത്തിന്റെ നിറം?'

അവളുടെ കണ്ണുകള്‍ പാതിയടഞ്ഞു.
സ്വപ്നത്തിലെന്നപോലെ അവള്‍ ശബ്ദംതാഴ്ത്തി പറഞ്ഞു.

'നീല'

മിടുക്കി.

'പ്രണയത്തിന്റെ പ്രായം?'

'കടലിനോളം.'

'ഇപ്പോള്‍ കാറ്റു പറയുന്നത്?'

'പോകരുതേയെന്ന്..'

ശരിയാവുന്നില്ല.

വിചാരിച്ച വഴിയെയല്ല വരവ്.

ഇവള്‍ റൂട്ടു മാറുന്നു.

സിലബസ്സൊന്നു പരിഷ്ക്കരിച്ചു.

ചോദ്യം മാറ്റി.

'എവിടെയാണ് സംഗമഭൂമി?'

'പിരിയാന്‍ വയ്യാത്തിടത്ത്.'

പോര.പിടി തരുന്നില്ല.

വിഷയത്തിലേക്കു വരുന്നില്ല.

ഇനി വളച്ചു കെട്ടണ്ട.

'നിന്റെ അഛന്‍ നല്ല വായനക്കാരനാണോ?'

' അത്യാവശ്യത്തിന്.'

'ദെറിദ..?'

'അയ്യോ..ഇല്ല'

'ലകാന്‍..?'

'കേട്ടിട്ടില്ല.'

'സല്‍മാന്‍ റുഷ്ദി?'

'അഛനൊരു പാവമാണ്.'

'മാര്‍ക്വേസ്..?'

'അറിയാനിടയില്ല.'

'കോളറക്കാലത്തെ പ്രണയം ഞാനിനി ആരോട് ചര്‍ച്ച ചെയ്യും? നിന്റെ അഛന്‍ പിന്നെ എന്താണ് വായിക്കുന്നത്?'

'ഹരിനാമകീര്‍ത്തനം.'

'ഛേ..'

'ആദര്‍ശവാദിയായ ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ പിന്നെ മറ്റെന്താണ് വായിക്കുക?'

'ദരിദ്രനാണ് അല്ലേ..?'

'എല്ലാ രീതിയിലും..'

എനിക്ക് പെട്ടെന്ന് തമാശ വന്നു.

'മോളെ എങ്ങനെ കെട്ടിക്കുമെന്ന് നിന്റെ അഛന്‍ കരുതി..?'

അവള്‍ക്ക് സങ്കടം വന്നു.

കടലിനെ നോക്കി അവള്‍ കരഞ്ഞു.

കരയട്ടെ.. പാവം!

അല്ലാതെ അവള്‍ എന്ത് ചെയ്യാന്‍!

വിധി.

എനിക്ക് സഹിക്കാനായില്ല.

ആദ്യം കണ്ട ഓട്ടോയില്‍ തന്നെ കയറി ഞാന്‍ സൂത്രത്തില്‍ രക്ഷപ്പെട്ടു.

കൃത്യസമയത്ത് ബുദ്ധി കാണിച്ചുതന്ന ദൈവത്തിന് നന്ദിയും പറഞ്ഞു. സ്ത്രീധന വിരുദ്ധസമരത്തിന് സംഭാവന നല്‍കാന്‍ ഈ അനുഭവം എന്നെ പ്രാപ്തനാക്കുകയും ചെയുതു.

അനുഭവമാണല്ലോ ഏറ്റവും വലിയ അധ്യാപകന്‍.

അഞ്ച്

ഏതൊരു പണ്ഡിതനെയും പോലെ ഞാന്‍ എന്നെത്തന്നെ സ്നേഹിച്ച് ഒരു പരുവമായി.

നിസ്സാര ബുദ്ധിയെങ്ങാനുമാണോ ഈ തലയില്‍ ദൈവം കയറ്റിവെച്ചിരിക്കുന്നത്!

എനിക്കു മതിയായി!.

എന്നാല്‍ പ്രബുദ്ധകേരളം അതു മനസ്സിലാക്കുന്നുണ്ടോ?

ദാ, ഇപ്പോള്‍ തന്നെ നോക്കൂ.

ഞാനൊരു തീവണ്ടി യാത്രയിലാണ്. എനിക്ക് മാത്രം ഇരിക്കാന്‍ സീറ്റില്ല. ഞാന്‍ അങ്ങനെ നില്‍ക്കേണ്ട ഒരാളാണോ?.
എനിക്ക് നിന്ന് യാത്രചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ട് പറയുന്നതല്ല. ഇതിലും വലിയ വിഷമങ്ങള്‍ ഞാന്‍ നേരിട്ടിട്ടുള്ള കാര്യം നിങ്ങള്‍ക്കു തന്നെ അറിയാമല്ലൊ.

എന്നാല്‍ ഇപ്പോള്‍ ഞാന്‍ അങ്ങനെ യാത്ര ചെയ്യേണ്ട ഒരാളല്ലല്ലോ.എന്റെ ബുദ്ധി,എന്റെ കഴിവ് എല്ലാം ഒന്നാലോചിച്ച് നോക്കു. ഞാന്‍ ഒരു നിസ്സാരക്കാരനല്ലല്ലോ!

എന്നിട്ടെന്താ?

എല്ലാവരും ഇരിക്കുന്നു, ഞാന്‍ മാത്രം നില്‍ക്കുന്നു.

വായന മരിച്ചു, സത്യം!

എന്തായാലും ഒരാള്‍ എന്നെ തിരിച്ചറിഞ്ഞെന്ന് മനസ്സിലായി.

അയാള്‍ എനിക്ക് സീറ്റൊഴിഞ്ഞു തന്നു.

സത്യം വൈകിയാണെങ്കിലും അംഗീകരിക്കപ്പെട്ടല്ലൊ!. നന്നായി.

പക്ഷേ അയാള്‍ ഒരു വായനക്കാരനാണെന്ന് കണ്ടിട്ട് തോന്നുന്നില്ല.കാഴ്ചക്കും ഉണ്ട് ഒട്ടൊരു വൈരൂപ്യം.

എന്താണാവോ ഇനം?

അര്‍ഹമായ സീറ്റു തന്നെയാണോ കിട്ടിയത്?

ഒരു ശങ്ക.

ശങ്ക തീര്‍ക്കാന്‍ തന്നെ തീരുമാനിച്ചു.

ഞാന്‍ ചോദിച്ചു:

'ആരാ?'

അയാള്‍ പേരു പറഞ്ഞു.

അതില്‍ എനിക്കു വേണ്ട നിര്‍ണായക വിവരം ഉണ്ടായിരുന്നില്ല.

ഞാന്‍ വീണ്ടും ചോദിച്ചു:

'അല്ല. എന്താ?'

അയാള്‍ക്ക് എന്റെ ചോദ്യത്തിലെ ബുദ്ധിപരമായ പ്രശ്നം പിടികിട്ടിയില്ല.

ഞാന്‍ അയാളുടെ ചെവിട്ടില്‍ പതുക്കെ ചോദിച്ചു:

'എന്താ ജാതി?'

തീവണ്ടി ചൂളം വിളിച്ചതിനാല്‍ ശരിക്കും കേട്ടില്ല.

അല്ലെങ്കില്‍ തന്നെ ജാതിയില്‍ എന്തിരിക്കുന്നു.

മനുഷ്യന്‍ നന്നായാല്‍ പോരെ!

*

-ശ്രീ എം എം പൌലോസ്, കടപ്പാട്: ദേശാഭിമാനി

Thursday, May 29, 2008

യോഗ - ആത്മീയതയുടെ ഒളിച്ചുകടത്ത്

ഒന്ന്

വംശീയത, ദേശീയത, ആത്മീയത എന്നീ ഉപാധികളാണ് വ്യക്തികളുടെ മനസ്സില്‍ സ്വയം പ്രതിഷ്ഠിക്കാനും സമൂഹത്തിനുമേല്‍ ആധിപത്യം സ്ഥാപിക്കാനും ഫാഷിസം ഉപയോഗിക്കുന്നത്. വില്‍ഹെം റൈഹ് (Whelhem Reich) ഫാഷിസത്തിന്റെ മനഃശാസ്ത്രതലങ്ങള്‍ വിവരിക്കുന്ന Mass Psychology of Facism എന്ന ഗ്രന്ഥത്തില്‍ ആവിഷ്കരിച്ച ഈ സിദ്ധാന്തം സാമൂഹിക മനഃശാസ്ത്രം (Social Psychology) പൊതുവെ അംഗീകരിച്ചിട്ടുണ്ട്.

വംശീയതയും ദേശീയതയും ഫാഷിസത്തിന്റെ ഉപാധികളാണെന്ന കാര്യത്തില്‍ ആര്‍ക്കുംതന്നെ സംശയമുണ്ടാവില്ല. ആത്മീയത എങ്ങനെയാണ് ഫാഷിസത്തിന്റെ ഉപകരണമാകുക എന്ന് ചിലരെങ്കിലും സംശയിക്കാനിടയുണ്ട്. കാരണം ജര്‍മനിയിലെ നാസികള്‍ മുഖ്യ ഉപകരണമായി ഉപയോഗിച്ചത് ആത്മീയതയല്ല, വംശീയതയും ദേശീയതയുമാണ്. എന്നാല്‍ ഇറ്റാലിയന്‍ ഫാഷിസം വംശീയതയോടും ദേശീയതയോടും ഒപ്പം തുല്യപ്രാധാന്യത്തോടെ ആത്മീയതയും ഉപയോഗിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നു. തുടക്കത്തില്‍ കത്തോലിക്കാസഭയുമായി ഇടഞ്ഞുനിന്ന മുസ്സോളിനി പിന്നീട് സഭയുമായി രമ്യതയിലായി. കത്തോലിക്കാസഭ കത്തോലിക് ഇന്റഗ്രലിസത്തിന്റെ (Catholic lntegralism) ഭാഗമായി ഫാഷിസത്തെ ഉള്‍പ്പെടുത്തുകയും ക്ലെരിക്കല്‍ ഫാഷിസം എന്ന പുതിയ പ്രസ്ഥാനം തുടങ്ങുകയും ചെയ്തു. ചില ഇറ്റാലിയന്‍ ബിഷപ്പുമാര്‍ തങ്ങള്‍ ക്ലെരിക്കല്‍ ഫാഷിസ്റ്റുകളാണെന്ന് അഭിമാനപൂര്‍വം അവകാശപ്പെട്ടിരുന്നു. ജര്‍മനിയിലെ നാസികള്‍ വളരെ വൈകിയാണ് ക്രിസ്തുമതവുമായി രമ്യതയിലായത്. നാസി പാര്‍ടി സ്ഥാപിച്ച് പത്തുവര്‍ഷത്തിനുശേഷം 1928-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വെറും 2 ശതമാനം വോട്ടാണ് അവര്‍ക്ക് കിട്ടിയത്. റോമന്‍ കത്തോലിക്കാസഭയുമായും പ്രൊട്ടസ്റ്റന്റുകളുമായും രമ്യതയിലാകാതെ മുന്നേറാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയ ഹിറ്റ്ലര്‍ രണ്ടു ക്രിസ്ത്യന്‍ വിഭാഗങ്ങളെയും കൂട്ടുപിടിക്കുകയും നിരീശ്വരവാദികളായ ബോള്‍ഷെവിക്കുകള്‍ക്കെതിരായി ആത്മീയവാദികളായ ക്രിസ്ത്യാനികളും നാസികളും യോജിക്കണമെന്ന് പ്രചാരണം നടത്തുകയും ചെയ്തു. ഇതിന്റെ ഫലമായി കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകളും നാസിപാര്‍ടിയുടെ അര്‍ധസൈനിക വിഭാഗമായ storm troopers നെ അനുകരിച്ച് Storm troopers of Christ എന്നപേരില്‍ സംഘങ്ങളുണ്ടാക്കി. മാര്‍ട്ടിന്‍ നിമോളറെ പ്പോലെ ചില ബിഷപ്പുമാര്‍ നാസികളുമായി യോജിക്കാന്‍ വിസമ്മതിച്ചു. അങ്ങനെയുള്ളവര്‍ വളരെവേഗംതന്നെ അപ്രത്യക്ഷരാകുകയും ചെയ്തു. ഈ വസ്തുതകള്‍ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആത്മീയതയും ഫാഷിസത്തിന്റെ ഉപാധിയാണെന്ന നിഗമനത്തില്‍ വില്‍ഹെം റൈഹ് എത്തിച്ചേര്‍ന്നത്.

ജോര്‍ജ് ഈറ്റ്വെലിനെപ്പോലുള്ള ആധുനിക നിരീക്ഷകര്‍ ഫാഷിസത്തിനു തനതായ ഒരു ആത്മീയതയുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. ഹിറ്റ്ലര്‍, മുസ്സോലിനി, ഫ്രാങ്കോ തുടങ്ങിയ ഫാഷിസ്റ്റ് ഭരണത്തലവന്മാരെല്ലാം സര്‍വശക്തനായ ദൈവത്തോട് സാദൃശ്യമുള്ളവരായിരുന്നു. അവരുടെ പാര്‍ടിയും ഭരണകൂടവും മതസംഘടനയുടെ പല സ്വഭാവങ്ങളുംവെച്ചുപുലര്‍ത്തിയിരുന്നു. നാസികള്‍ക്ക് നേതാവിനോടുള്ള വിധേയത്വം വെളിവാക്കുന്ന അനുഷ്ഠാനങ്ങളുണ്ട്. ഫാഷിസ്റ്റ് ഭരണകൂടംതന്നെ വൈദികവല്‍ക്കരിക്കപ്പെട്ടിരുന്നു (sacralised) എന്നാണ് ജോര്‍ജ് ഈറ്റ്വെലിന്റെ നിഗമനം. ജപ്പാനിലെ ഫാഷിസം യൂറോപ്യന്‍ ഫാഷിസത്തേക്കാള്‍ കൂടുതല്‍ ആത്മീയത പ്രകടിപ്പിച്ചു. ജപ്പാന്‍കാര്‍ ചക്രവര്‍ത്തിയെ ദൈവത്തിന്റെ അവതാരമായി ആരാധിച്ചു. അവസാനഘട്ടത്തില്‍ ഹിറ്റ്ലര്‍ ക്രിസ്തുമതത്തിനു പകരം നാസികളുടെ മതം എന്ന വ്യക്തമായ ആത്മീയതയില്‍ എത്തിച്ചേര്‍ന്നു. 1934-ലെ ന്യൂറംബര്‍ഗ് റാലിയില്‍ ലെനി റീഫെന്‍സ്റ്റാള്‍(Leni Riefenstahl) നിര്‍മിച്ച Triumph of the Will എന്ന സിനിമയില്‍ ഹിറ്റ്ലര്‍ ദൈവത്തെപ്പോലെ ആകാശത്തിലെ മേഘപാളികള്‍ക്കിടയില്‍നിന്നും ഇറങ്ങിവരുന്നതായും നാസികള്‍ ആരാധിക്കുന്നതായും ചിത്രീകരിച്ചു!

ഇന്ത്യന്‍ ഫാഷിസത്തിന്റെ പ്രത്യക്ഷരൂപമാണ് ഹിന്ദുത്വം. ഇന്ത്യയില്‍ പരമാധികാരത്തില്‍ വരാനാണ് ഹിന്ദുത്വം ശ്രമിക്കുന്നത്. രാഷ്ട്രീയ ഹിന്ദുത്വം പലരൂപങ്ങളിലും പ്രത്യക്ഷപ്പെടുമെന്ന് ജ്യോതിര്‍മയ ശര്‍മ Hindutva; Exploring The Idea of Hindu Nationalism എന്ന ഗ്രന്ഥത്തില്‍ അഭിപ്രായപ്പെടുന്നു. പലരൂപങ്ങളിലൊന്ന് മൃദുഹിന്ദുത്വമാണ്. പൊതുസമൂഹത്തിന്റെ സമ്മതി നേടാനും പൊതുബോധത്തില്‍ (Common Sense) അധീശത്വം (Hegemony) സ്ഥാപിക്കാനും ഇന്ത്യയിലെ ഫാഷിസ്റ്റുശക്തിയായ രാഷ്ട്രീയഹിന്ദുത്വം സ്വീകരിച്ചിട്ടുള്ള അടവുകളില്‍ ഒന്നാണ് മൃദുഹിന്ദുത്വം. സ്വാമി വിവേകാനന്ദന്‍, അരബിന്ദോ എന്നിവരുടെ ആശയങ്ങളെ ആസ്പദമാക്കി രൂപപ്പെടുത്തിയതാണ് മൃദുഹിന്ദുത്വം. ഹൈന്ദവ മുദ്രകളെയും ആചാരാനുഷ്ഠാനങ്ങളെയും ഉത്സവങ്ങളെയും മൃദുഹിന്ദുത്വം ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ തെളിവുകളിലൊന്നാണ് യോഗയെക്കുറിച്ചുള്ള പ്രചണ്ഡമായ പ്രചാരണം. ഇന്റര്‍നെറ്റ് എക്‍സ്‌പ്ലോററിന്റെ അഡ്രസ് ബാറില്‍ Yoga എന്ന് ടൈപ് ചെയ്താല്‍ കിട്ടുന്നത് 75,000,000 വെബ് സൈറ്റുകളാണ്. ഈ പ്രചാരണത്തില്‍ ചില ഇടതുപക്ഷ ബുദ്ധിജീവികളും അറിയാതെ പങ്കാളികളായിപ്പോകുന്നുണ്ട്. ഫാഷിസത്തിന്റെ ഉപാധികളിലൊന്നായ ആത്മീയതയെ ജീവിതത്തിന്റെ പല മണ്ഡലങ്ങളിലേക്കും ഒളിച്ചുകടത്താനുള്ള ശ്രമത്തില്‍ അവരും അറിയാതെ പങ്കെടുത്തുപോകാറുണ്ട്.

രണ്ട്

ആത്മീയതയുടെ ആടയാഭരണങ്ങളൊക്കെ അഴിച്ചുമാറ്റി പരിശോധിച്ചാല്‍ യോഗ ഒരു വ്യായാമമുറ മാത്രമാണെന്ന് മനസ്സിലാകും. കൂട്ടിയോജിപ്പിക്കുക എന്ന് അര്‍ഥമുള്ള യജ് ധാതുവില്‍നിന്നാണ് നിഷ്പാദനം. വൈദികസാഹിത്യത്തില്‍ യോഗ എന്ന പദം കൊണ്ട് മൌലികമായി ഉഴവ് മൃഗങ്ങള്‍ക്ക് നുകം വെയ്ക്കുക. കുതിരകള്‍ക്ക് ജീനികെട്ടുക എന്നൊക്കെയായിരുന്നു അര്‍ഥമെന്ന് തത്വചിന്തകനും ചരിത്രകാരനുമായ എസ് എന്‍ ദാസ് ഗുപ്ത അഭിപ്രായപ്പെടുന്നു (A History lndian Philosophy Vol. ip 226). ഏറ്റവും 'ഉദാത്തവും' 'കേവലവു'മായ മാനസികാവസ്ഥ കൈവരിക്കുന്നതിനായി അനുഷ്ഠിക്കുന്ന ചില ചര്യകളെ സൂചിപ്പിക്കാന്‍ ഈ പദം അതിപുരാതനകാലം മുതലേ ഉപയോഗിച്ചിരുന്നു. ഇന്ത്യയുടെ ദാര്‍ശനികമണ്ഡലത്തിലെ ഒരു പ്രത്യേക വിഭാഗത്തെയാണ് 'യോഗദര്‍ശനം' എന്ന വിവക്ഷകൊണ്ടുദ്ദേശിക്കുന്നത്. പതഞ്ജലി എന്ന മഹര്‍ഷി രചിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന യോഗസൂത്രത്തിലാണ് യോഗദര്‍ശനത്തിന്റെ ആദ്യപ്രതിപാദനമുള്ളത്. പതഞ്ജലിയുടെ യോഗസൂത്രം രൂപപ്പെട്ടത് പൊതുവര്‍ഷം (Common Era) 540 കളിലാണെന്നും പൊതുവര്‍ഷത്തിനുമുമ്പ് (BCE) രണ്ടാം നൂറ്റാണ്ടിലാണെന്നും രണ്ടഭിപ്രായമുണ്ട്. അതിപ്രാചീനകാലം മുതലേ യോഗവും സാംഖ്യവും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നും പില്‍ക്കാലത്ത് അവ തമ്മിലുള്ള ബന്ധം ദൃഢീകരിച്ചതിന്റെ ഫലമായി തത്വചിന്തയില്‍ 'സാംഖ്യ-യോഗം' എന്നാണ് പലപ്പോഴും പരാമര്‍ശിക്കപ്പെടാറുണ്ടായിരുന്നതെന്നും ദേബീപ്രസാദ് ചതോപാധ്യായ ചൂണ്ടിക്കാണിക്കുന്നു(LOKAYATA- A Study in Ancient lndian Materialism- page 436).

അതുകൊണ്ട് യോഗയെക്കുറിച്ച് പറയുന്നതിനുമുമ്പ് സാംഖ്യത്തെക്കുറിച്ച് അല്പം പറയേണ്ടിയിരിക്കുന്നു. പ്രാചീന സാംഖ്യ നിരീശ്വരവാദമാണ്. സാംഖ്യത്തെക്കുറിച്ച് ദേബിപ്രസാദ് ചതോപാധ്യായ ഇങ്ങനെ എഴുതി: "ഈ ദര്‍ശനത്തിന്റെ മഹത്തായ പ്രാചീനത പരിഗണിക്കുമ്പോള്‍ പ്രകൃത്യതീത തത്വത്തിന്റെ അംഗീകാരം അനാവശ്യമാക്കിത്തീര്‍ത്തത് ശരിക്കും ബുദ്ധിപരമായ അതിസാഹസികതയുടെ തെളിവാണ്. കപിലന്റെ സമകാലീനര്‍ പ്രകൃതിയെയും പ്രകൃതിനിയമങ്ങളെയുംകുറിച്ചുള്ള തങ്ങളുടെ യഥാര്‍ത്ഥജ്ഞാനത്തിന്റെ പോരായ്മ പ്രകൃത്യതീതത്തോടുള്ള ആദരാതിശയംകൊണ്ട് നികത്താന്‍ വ്യാപൃതരായിരിക്കുകയും, ലോകത്തിന്റെ അന്ധാളിപ്പിക്കുന്ന സങ്കീര്‍ണതയെ നിര്‍ണയിക്കാന്‍ ഒരു ദിവ്യശില്‍പിയെ സ്വപ്നം കാണുകയും ചെയ്ത സമയത്ത്, പദാര്‍ഥത്തെയും ചലനത്തെയുംപറ്റി ലഭ്യമായ അറിവ് വളരെ പരിമിതമാണെങ്കിലും, കപിലന്‍ പദാര്‍ഥത്തിന്റെയും അതിന്റെ അസ്തിത്വരീതിയായ ചലനത്തിന്റെയും സ്വയംപര്യാപ്തതയില്‍ ഉറച്ചുനിന്നു. ലോകദാര്‍ശനിക ചരിത്രത്തിലെ ഏറ്റവും പ്രാചീനമായ രൂപത്തെയാണ് സാംഖ്യം പ്രതിനിധീകരിക്കുന്നത്. മാത്രമല്ല, അതിന്റെ നിരീശ്വരവാദം ശാസ്ത്രീയമോ ചുരുങ്ങിയത് അര്‍ദ്ധശാസ്ത്രീയമോ ആയ പരിഗണനകളാല്‍ പ്രേരിതം കൂടിയായിരുന്നു'' (ഇന്ത്യന്‍ നിരീശ്വരവാദം-പുറം 74,75). പ്രാചീനലോകത്തിന്റെ ധിഷണയുടെ നേട്ടങ്ങളുടെ മകുടോദാഹരണമാണ് സാംഖ്യം. പ്രപഞ്ചത്തിന്റെ ആദികാരണം പ്രാഥമിക പദാര്‍ഥമായിരുന്നുവെന്ന് യുക്തിയുടെ അടിസ്ഥാനത്തില്‍ അനുമാനിച്ച സാംഖ്യദാര്‍ശനികര്‍ ഈശ്വരന്റെ അസ്തിത്വം സ്ഥാപിക്കാനുള്ള ശ്രമം വ്യര്‍ഥമാണെന്ന് കണ്ടെത്തി. ഈ വ്യര്‍ഥത തെളിയിക്കാനും അവര്‍ ശ്രമിച്ചു. പ്രാചീനസാംഖ്യത്തിലില്ലാതിരുന്ന അനേകം അന്യമായ ആശയങ്ങളെ പ്രമാണഗ്രന്ഥങ്ങളായ സാംഖ്യസൂത്രത്തിലേക്കും സാംഖ്യകാരികകളിലേക്കും അന്നത്തെ ഋഷിമാര്‍, ഇന്നത്തെ ചില ബുദ്ധിജീവികളെപ്പോലെ, ഒളിച്ചു കടത്തിയതിന്റെ ഫലമായി സാംഖ്യം ആസ്തിക ദര്‍ശനങ്ങളുടെ കൂട്ടത്തില്‍പ്പെടുത്തി എണ്ണാന്‍ തുടങ്ങി.

പലരും കരുതുന്നതുപോലെ യോഗം പില്‍ക്കാലത്ത് സാംഖ്യദര്‍ശനത്തിന്റെ അടിത്തറയില്‍ പ്രതിഷ്ഠിക്കപ്പെട്ടതല്ലെന്ന് ദേബിപ്രസാദ് ചതോപാധ്യായ സമര്‍ഥിക്കുന്നു (LOKAYATA page 436). അതിപ്രാചീനകാലം മുതലേ സാംഖ്യദര്‍ശനത്തോടൊപ്പം യോഗചര്യകളും പരാമര്‍ശിക്കുന്ന പതിവുണ്ടായിരുന്നുവെന്നും പില്‍ക്കാല ധിഷണകള്‍ പ്രാചീനമായ ഈ സമ്പ്രദായത്തെ പുനരുജ്ജീവിപ്പിക്കുക മാത്രമേ ചെയ്തുള്ളുവെന്നും യുക്തിപൂര്‍വം അനുമാനിക്കാവുന്നതാണ്. ഈ ചരിത്രസിദ്ധാന്തമനുസരിച്ച് സാംഖ്യദര്‍ശനത്തിന്റെയും യോഗശാസ്ത്രത്തിന്റെയും വികാസത്തില്‍ മൂന്നു ഘട്ടങ്ങളുണ്ട്. പ്രാരംഭത്തില്‍ ആദിമ ജനസമൂഹങ്ങളില്‍ നിലനിന്നിരുന്ന ബീജഭൂതമായ സാംഖ്യയോഗമെന്ന സിദ്ധാന്തപ്രയോഗ സംയുക്തം. പില്‍ക്കാലത്ത് ഇവയുടെ വേറിടലും വേറിട്ട വഴികളിലുള്ള വികാസവും. ഒടുവില്‍ ബന്ധം പുനഃസ്ഥാപിക്കല്‍. ഇതിനിടയില്‍ മുമ്പ് സൂചിപ്പിച്ചവിധം സാംഖ്യദര്‍ശനത്തിന് രൂപാന്തരം ഭവിക്കുകയും ആത്മീയതയുടെ ആടയാഭരണങ്ങള്‍ അണിയുകയും ചെയ്തു. ഈ ഘട്ടത്തിലാണ് പതഞ്ജലി യോഗചര്യയുടെ ലക്ഷ്യം കൈവല്യാവസ്ഥ കൈവരിക്കലാണെന്ന് പ്രഖ്യാപിച്ചതും യോഗസൂത്രം രചിച്ചതും.

ആദിമഗോത്രങ്ങളില്‍ നിലനിന്നിരുന്ന യോഗചര്യകളെ കണ്ടെടുത്ത് ക്രോഡീകരിക്കുക മാത്രമാണ് പതഞ്ജലി ചെയ്തതെന്ന് എസ് എന്‍ ദാസ്‌ഗുപ്ത പറയുന്നു. യോഗസൂത്രത്തിന് ഏറ്റവും ആദ്യമുണ്ടായ വ്യാസഭാഷ്യത്തെ നിരൂപണം ചെയ്ത വാചസ്പതിയും വിജ്ഞാനഭിക്ഷുവും പതഞ്ജലി യോഗസൂത്രങ്ങളുടെ രചയിതാവല്ല, സംശോധകനും പ്രസാധകനും മാത്രമാണെന്ന് പറഞ്ഞിട്ടുള്ള കാര്യം ഇതിനുപോല്‍ബലകമായി ദാസ്‌ഗുപ്ത ചൂണ്ടിക്കാട്ടുന്നു (History of lndian Philosophy- Vol. 1 page 238). പതഞ്ജലി 'പരോക്ഷശരീരം', 'അംഗമുക്തശരീരം' (Body Without Organs- BWD) എന്നൊക്കെപ്പറഞ്ഞ് ഈശ്വരനെ (പരാമാത്മാവിനെ) മനസ്സിലേക്ക്, മനഃശാസ്ത്രത്തിലേക്കും ഒളിച്ചു കടത്താനല്ല ശ്രമിച്ചത്. നേര്‍ക്കുനേരെ സത്യസന്ധമായിത്തന്നെ പറഞ്ഞു: "ചിത്തം നാനാവൃത്തികള്‍ കൈക്കൊള്ളുന്നതിനെ തടയുന്നതാകുന്നു യോഗം. അപ്പോള്‍ ദ്രഷ്ടാവ് (വ്യക്തി) കൈവല്യസ്വരുപത്തില്‍ (പരമാത്മാവിന്റെ അംശമായ ആത്മാവില്‍) സ്ഥിതിചെയ്യുന്നു'' (യോഗസൂത്രം- സമാധിപാദം-സൂത്രങ്ങള്‍ 2,3- സ്വാമി വിവേകാനന്ദന്റെ രാജയോഗം എന്ന ഗ്രന്ഥത്തില്‍നിന്ന്- പുറം 110,115). പതഞ്ജലി പറഞ്ഞത് വളരെ ലളിതമാണ്. മസ്തിഷ്കത്തിലേക്കെത്തുന്ന സംഞ്ജകള്‍ നിരോധിക്കുകയും മനസ്സ് ഏതെങ്കിലുമൊരു ബിന്ദുവില്‍ കേന്ദ്രീകരിക്കുകയും ചെയ്തുകൊണ്ട് കുറേ നേരം കഴിച്ചുകൂട്ടിയാല്‍ വ്യതിരിക്ത ബോധാവസ്ഥയില്‍, തന്മയാവസ്ഥയില്‍, ആകുമെന്നുള്ളത് ലളിതമായ മനഃശാസ്ത്ര തത്വമാണ്. ഈ വ്യതിരിക്തബോധാവസ്ഥയാണ് 'കൈവല്യസ്വരൂപത്തില്‍ സ്ഥിതി ചെയ്യല്‍'. പതഞ്ജലി യോഗദര്‍ശനത്തില്‍ ഈശ്വരനെ മുന്‍വാതിലിലൂടെത്തന്നെയാണ് കടത്തിക്കൊണ്ടുവന്നത്. യോഗത്തില്‍ ഈശ്വരനെ പ്രതിഷ്ഠിച്ചിട്ടും അതിന്റെ ആദിമമായ ഭൌതികസ്വഭാവം പൂര്‍ണമായും തിരസ്കരിക്കാനായില്ല. അതുകൊണ്ട് ആദിമസമൂഹങ്ങളുടെ മാന്ത്രികചര്യകളില്‍ യോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ പണ്ഡിതന്മാര്‍ക്ക് കഴിഞ്ഞു.

ആദിമജനതകളുടെ ജീവിതത്തില്‍ മാന്ത്രികചിന്തകള്‍ക്കും ചര്യകള്‍ക്കും പ്രധാനസ്ഥാനമാണുണ്ടായിരുന്നത്. ആധുനിക മനഃശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍ പ്രാകൃതസമൂഹങ്ങളുടെ മാന്ത്രികചിന്തകളിലും ചര്യകളിലും നിന്നാണ് എല്ലാം മതങ്ങളും ഉത്ഭവിച്ചതെന്ന് കാണാന്‍ കഴിയും. മാന്ത്രികചിന്തകളുടെ അടിത്തറമേലാണ് മതങ്ങള്‍ നിലനില്‍ക്കുന്നതും. വൈദികപുരോഹിതന്മാരുടെ മന്ത്രോച്ചാരണങ്ങളും യാഗയജ്ഞാദികളും അനാര്യഗോത്രങ്ങളിലെ പൂജാരികളുടെയും വെളിച്ചപ്പാടുകളുടെയും പ്രകടനങ്ങളും ബലികളും മാന്ത്രിക നടപടികളായിരുന്നു. മാന്ത്രികമായ പ്രവൃത്തികള്‍ മനുഷ്യമനസ്സുകളില്‍ മിഥ്യകള്‍ സൃഷ്ടിക്കുന്നു. മാന്ത്രികവിദ്യകളിലൂടെ പ്രകൃതിയെ സ്വാധീനിക്കാനും ഈശ്വരനെക്കൊണ്ട് തങ്ങള്‍ക്കുവേണ്ടി പലതും ചെയ്യിക്കാനും കഴിയുമെന്ന് അവര്‍ വിശ്വസിച്ചു. ഒരര്‍ഥത്തില്‍ പ്രാകൃതസമൂഹങ്ങളുടെ നിലനില്പുതന്നെ മാന്ത്രികകര്‍മങ്ങളുടെ'വിജയത്തില്‍' ആയിരുന്നു. മാന്ത്രികന് (പുരോഹിതന്‍, പൂജാരി, വെളിച്ചപ്പാട്) തന്മയാവസ്ഥ കൈവരിക്കേണ്ടത് ആവശ്യമായിരുന്നു. തന്നില്‍ കുടികൊള്ളുന്ന അസാധാരണശക്തിയെ അനുഭവിച്ചറിഞ്ഞെങ്കിലേ ആത്മവിശ്വാസത്തോടെ മാന്ത്രികചര്യകള്‍ ചെയ്ത് ഫലസിദ്ധി നേടാന്‍ കഴിയുകയുള്ളുവെന്ന് മാന്ത്രികന്‍ വിശ്വസിച്ചു. തന്നില്‍ കുടികൊള്ളുന്ന അസാധാരണ ശക്തിയുടെ സഹായത്താലാണ് തന്റെ മാന്ത്രികചര്യകളും മന്ത്രോച്ചാരണങ്ങളും ലോകത്തെയും പ്രകൃതിയെയും സ്വാധീനിക്കുന്നതെന്നും അയാള്‍ വിശ്വസിച്ചു. തന്നിലെ ഭ്രമാത്മകശക്തിയെ അനുഭവപ്പെടുത്തുന്ന തന്മയാവസ്ഥ (trance state) കൈവരിക്കാന്‍ ആദിമമാന്ത്രികന്‍ പല സങ്കേതങ്ങളും ഉപയോഗിച്ചിരുന്നു. ഈ സങ്കേതങ്ങളില്‍പ്പെട്ടവയാണ് ശ്വസനനിയന്ത്രണം, പലതരത്തിലുള്ള യോഗാസനങ്ങള്‍, ആത്മപീഡനങ്ങള്‍, ജിതേന്ദ്രിയത്വം, സംജ്ഞാനിരോധം, സോമരസമുള്‍പ്പെടെയുള്ള മദിരസേവ തുടങ്ങിയവയെല്ലാം. ഇവയില്‍ നിന്നുത്ഭൂതമാകുന്ന വ്യതിരിക്ത ബോധാവസ്ഥ മനഃശാസ്ത്രത്തില്‍ അജ്ഞാതമോ അഗമ്യമോ അല്ല. നാഡീവിജ്ഞാനീയത്തിന്റെയും മനഃശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ ഇത്തരം മാനസികാവസ്ഥകളെക്കുറിച്ച് പഠിക്കാനാവില്ലെന്നും വ്യാഖ്യാനശാസ്ത്രത്തില്‍ (Hermeneutics) മാത്രം നിലനില്പുള്ള നിഗൂഢ മനഃശാസ്ത്രസിദ്ധാന്തങ്ങളുടെ ദിവ്യപ്രഭയില്‍ നോക്കിയാല്‍ മാത്രമേ കാണാന്‍ സാധിക്കുകയുള്ളുവെന്നും ശഠിക്കുന്നത് ഹിന്ദുത്വത്തിന്റെ ആത്മീയതയെ മനഃശാസ്ത്രത്തിലേക്കും മനോരോഗചികിത്സയിലേക്കും ഒളിച്ചു കടത്താന്‍ അറിഞ്ഞോ അറിയാതെയോ നടത്തുന്ന ശ്രമമാണ്.

മൂന്ന്

ആത്മീയത ഒളിച്ചു കടത്തുവാന്‍ ഏറ്റവും എളുപ്പമുള്ള മണ്ഡലം മനഃശാസ്ത്രമാണ്. ഭൌതികവാദികളും ആത്മീയവാദികളും ഇന്നും തുടര്‍ന്നുപോരുന്ന തര്‍ക്കവിഷയമാണ് മനസ്സും ശരീരവും തമ്മിലുള്ള ബന്ധം. ഇക്കാര്യം 'ചിന്ത' പ്രസിദ്ധീകരിച്ച മനഃശാസ്ത്രം മനസ്സിന്റെ കാണാലോകം എന്ന പുസ്തകത്തില്‍ ഈ ലേഖകന്‍ വിശദീകരിച്ചിട്ടുണ്ട്. മസ്തിഷ്കത്തില്‍ (ശരീരത്തില്‍) നിന്നും വേറിട്ട് സ്വതന്ത്രമായി നിലനില്പുള്ള ഉണ്‍മയാണ് മനസ്സെന്ന് ആത്മീയവാദികള്‍ വിശ്വസിക്കുന്നു. ശരീരവും മനസ്സും വേറെ വേറെയാണെന്ന ദ്വൈതവാദം (bodymind dualism) തുടങ്ങിവെച്ചത് ആധുനിക തത്വശാസ്ത്രത്തിന്റെ സ്ഥാപകനെന്നു വിശേഷിപ്പിക്കപ്പെടുന്ന റെനെ ദെക്കാര്‍ത്തെ (Rene Descartes 1596-1650) ആണ്. മനസ്സ് വേറിട്ട ഒരു പദാര്‍ഥമാണെന്നായിരുന്നു ദെക്കാര്‍ത്തെയുടെ സിദ്ധാന്തം. പക്ഷേ ശരീരത്തിന്റെ പദാര്‍ഥത്തില്‍നിന്നും വ്യത്യസ്തമായ പദാര്‍ഥമാണ് മനസ്സിന്റേത്. യാഥാര്‍ഥ്യം (reality) ദ്വൈതമാണെന്ന് (dual) ദെക്കാര്‍ത്തെ വാദിച്ചു. ഭൌതികപദാര്‍ഥവും അതിന്റെ വ്യാപൃതാവസ്ഥയായ (extended form) ആത്മാവും (spirit) ചേര്‍ന്നതാണ് യാഥാര്‍ഥ്യം. സാധാരണ ഭൌതികപദാര്‍ഥം മനുഷ്യന് കാണാന്‍ കഴിയും. അതിന്റെ വ്യാപൃതാവസ്ഥയായ ആത്മാവ് എന്ന പദാര്‍ഥം അദൃശ്യമാണ്. ശരീരമെന്ന ഭൌതികപദാര്‍ഥത്തില്‍ ചിന്തിക്കുന്ന പദാര്‍ഥമായ ആത്മാവ് സ്ഥിതി ചെയ്യുന്നു. ചിന്തിക്കുന്ന പദാര്‍ഥമായ മനസ്സിന് ശരീരമെന്ന ഭൌതികപദാര്‍ഥം യാഥാര്‍ഥ്യമാണോ എന്ന സംശയം ചിപ്പോഴൊക്കെ ഉണ്ടാകാറുണ്ട്. താന്‍ എന്ന വ്യക്തി യഥാര്‍ഥത്തില്‍ ഉള്ളതാണോ എന്ന രൂപത്തിലാണ് ഈ സംശയം വ്യക്തിയുടെ മനസ്സില്‍ തെളിയും. ഇതാണ് പ്രസിദ്ധമായ "കാര്‍ട്ടീസിയന്‍ സംശയം.'' ദെക്കാര്‍ത്തെക്കുണ്ടായ സംശയം അദ്ദേഹം ചിന്തയിലൂടെ സ്വയം നീക്കി. "ഞാന്‍ ചിന്തിക്കുന്നു. അതുകൊണ്ട് ഞാന്‍ ഉണ്ട്''എന്ന നിഗമനത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു.

മനസ്സെന്ന വ്യാപൃതരൂപത്തിലുള്ള പദാര്‍ഥവും ശരീരമെന്ന സാധാരണ ഭൌതികപദാര്‍ഥവും തമ്മില്‍ ബന്ധിപ്പിക്കുന്നത് തലയോട്ടിക്കകത്ത് മസ്തിഷ്കത്തിന്റെ അടിയിലായി സ്ഥിതിചെയ്യുന്ന പിനിയല്‍ ഗ്രന്ഥിയാണെന്ന് അദ്ദേഹം ഊഹിക്കുകയും മനുഷ്യനുമാത്രമേ ഈ ഗ്രന്ഥിയുള്ളുവെന്ന് വിശ്വസിക്കുകയും ചെയ്തു. മറ്റു ജന്തുക്കളെല്ലാം ആത്മാവില്ലാത്ത സ്വയം ചലദ് യന്ത്രങ്ങള്‍ (automata) ആണെന്നായിരുന്നു വാദം. ദെക്കാര്‍ത്തെക്ക് മനസ്സ് അഥവാ ആത്മാവ് പദാര്‍ഥത്തിന്റെ വികസിതവും ഉദാത്തവുമായ രൂപമാണ്. ദൈവത്തില്‍ ഈ ഉദാത്തരൂപത്തിലുള്ള പദാര്‍ഥം മാത്രമേയുള്ളുവെന്ന് ദെക്കാര്‍ത്തെ വിശ്വസിച്ചു. ദെക്കാര്‍ത്തെയുടെ ദ്വൈതവാദം പില്‍ക്കാലത്ത് ക്രിസ്തുമതം ഏറ്റെടുത്തു. മനസ്സ് അഥവാ ആത്മാവ് ശരീരത്തോട് ബന്ധിപ്പിക്കപ്പെട്ട ഉദാത്തരൂപത്തിലുള്ള പദാര്‍ഥമല്ല വേറിട്ട, സ്വതന്ത്രമായ ഉണ്‍മയാണെന്ന് വാദിച്ചു. അങ്ങനെ ദ്വൈതവാദികള്‍ ആസ്തികരും അതിന്റെ നിഷേധകര്‍ നാസ്തികരുമായി.

മനസ്സ് ശരീരത്തില്‍നിന്നും വ്യത്യസ്തമായ പദാര്‍ഥമാണെന്ന് ദെക്കാര്‍ത്തെ പറഞ്ഞതിനെ പൂര്‍ണമായും നിഷേധിക്കാനായിരുന്നു ആത്മീയവാദികളുടെ തുടര്‍ന്നുള്ള ശ്രമം. അവര്‍ ചെന്നെത്തിയത് പദാര്‍ഥത്തിന്റെ പൂര്‍ണമായ നിഷേധത്തിലായിരുന്നു. ബ്രിട്ടീഷ് തത്വചിന്തകനായ ബെല്‍ക്കെലെ (George Berkely 1680-1753) അഭൂതാത്മകവാദത്തില്‍ (immaterialism) ചെന്നെത്തി. പദാര്‍ഥത്തിന്റെ നിലനില്പ് ആത്മാവിലാണ്. ആത്മാവ് ഗ്രഹിക്കുമ്പോള്‍ മാത്രമേ പദാര്‍ഥത്തിന് നിലനില്പുള്ളുവെന്നാണ് ബെര്‍ക്കെലെ വാദിച്ചത്. ആത്മാവ് ഗ്രഹിച്ചില്ലെങ്കില്‍ ശരീരമില്ല. ശരീരത്തിന്റെ അസ്തിത്വം ആത്മാവിനെ ആശ്രയിച്ചാണ്. ഔപനിഷദ മായാവാദത്തോട് അടുത്തു നില്‍ക്കുന്നതാണ് ബെര്‍ക്കെലെയുടെ Immaterialism. ഇതിന്റെ നേരെ എതിര്‍വശത്ത് നില്‍ക്കുന്നതാണ് യാന്ത്രികഭൌതികവാദം. ഇതിന്റെ വേരുകള്‍ യഥാര്‍ഥത്തില്‍ ദെക്കാര്‍ത്തെയുടെ സിദ്ധാന്തങ്ങളിലാണുള്ളത്. ദെക്കാര്‍ത്തെക്ക് ഒരു നൂറ്റാണ്ടിനുശേഷം ജീവിച്ചിരുന്ന ജൂലിയന്‍ ഒഫ്റെ ദെ ലാ മത്രി (Julien Offray de la Mettrie 1709-1751) "മനുഷ്യയന്ത്രം'' (L homme machine) എന്ന ഗ്രന്ഥം രചിച്ചു. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ആശ്രയിച്ച് യാന്ത്രികമായി മാത്രമാണ് മനസ്സ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം വാദിച്ചു.

ആധുനിക നാഡീവിജ്ഞാനീയം (Neuroscience) ശരീരവും മനസ്സും എന്ന ദ്വൈതവാദത്തിന് വിരാമമിട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകം മസ്തിഷ്കദശകം എന്നാണറിയപ്പെടുന്നത്. ഈ കാലയളവില്‍ നടന്ന മസ്തിഷ്കപരീക്ഷണങ്ങള്‍ ഒരു കാര്യം അസന്ദിഗ്ദ്ധമായി തെളിയിച്ചു. മസ്തിഷ്കത്തിന്റെ ബഹുമുഖ പ്രവര്‍ത്തനങ്ങളുടെ ഒരു ഭാഗമാണ് മനസ്സെന്ന പ്രതിഭാസം. മനുഷ്യന്റെ മസ്തിഷ്കത്തില്‍ പതിനായിരം കോടി നാഡീകോശങ്ങള്‍ (neurons) ഉണ്ട്. ഒരു നാഡീകോശം ശരാശരി പതിനായിരം മറ്റു നാഡീകോശങ്ങളുമായി സിനാപ്‌സുകളിലൂടെ സന്ധിക്കുന്നു. നാഡീകോശങ്ങള്‍ പരസ്പരം സന്ധിച്ച് അനേകശതകോടി കണ്ണികളുള്ള നാഡീവലകള്‍ (neural networks) രൂപപ്പെട്ടിരിക്കുന്നു. ഈ നാഡീവലകളില്‍ ചിലതിന്റെ പ്രവര്‍ത്തനഫലമാണ് മനസ്സ് എന്ന പ്രതിഭാസം. നാഡീവലകളില്‍ ചിലതിന്റെ പ്രവര്‍ത്തനം ഒന്നിനുപുറകേ ഒന്നായി അനേകം പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ ആന്തരികമായ മനോവ്യാപാരങ്ങളായും ബാഹ്യമായ വ്യവഹാരങ്ങളായും (behaviours) പ്രത്യക്ഷമാകുന്നു. ഇങ്ങനെ ആധുനിക നാഡീവിജ്ഞാനീയം മനസ്സ് മസ്തിഷ്കത്തിന്റെ പ്രാതിഭാസികം (Phenomenon) ആണെന്ന് അസന്ദിഗ്ദ്ധമായി തെളിയിച്ചതോടെ ആത്മീയ വാദികള്‍ ആത്മാവ് മനസ്സില്‍നിന്നും വേറിട്ട് സ്വതന്ത്രമായി നില്‍ക്കുന്ന "അതിഭൌതിക ശക്തി'' (metaphysical force)ആണെന്ന് വാദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് കാലഹരണപ്പെട്ട മനസ്സ്-ശരീരം ദ്വൈതവാദത്തിനു (mind-body dualism) പകരം അവതരിപ്പിക്കപ്പെട്ട മനസ്സ്- ആത്മാവ് ദ്വൈതവാദമാണ് (mind-spirit dualism). മനുഷ്യനില്‍ മാത്രമേ മനസ്സും ആത്മാവും ഒരുമിച്ചു സ്ഥിതിചെയ്യുന്നുള്ളുവെന്നും ജന്തുക്കള്‍ക്ക് മനസ്സ് മാത്രമേയുള്ളു, ആത്മാവില്ല എന്നുമാണ് ആത്മീയവാദികളുടെ വിശ്വാസം.

നാഡീവിജ്ഞാനീയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം മനസ്സിനെക്കുറിച്ച് പഠിക്കാനാവില്ലെന്ന കാര്യം സുവിദിതമാണ്. ബോധത്തിന്റെ നിര്‍ണയനം ഭൌതികസാഹചര്യങ്ങളെ ആശ്രയിച്ചാണ് നടക്കുന്നത്. പക്ഷേ ഏതെങ്കിലും തത്വചിന്തകന്റെ ഊഹാധിഷ്ഠിതമായ സങ്കല്പത്തിലൂടെ മാത്രമേ മനസ്സിനെക്കുറിച്ചുള്ള പൂര്‍ണജ്ഞാനം സിദ്ധിക്കൂ എന്നു പറയുന്നത് അതിഭൌതിക ചിന്തനം (metaphysical thinking) മൂലമാണ്. തത്വചിന്തകന് സ്വന്തം ചിന്തകളോട് സിദ്ധാന്ത പക്ഷപാതം (hypothesis bias) ഉണ്ടാകുന്നത് സ്വാഭാവികമാണ്. ചിന്തകനേക്കാള്‍ സിദ്ധാന്ത ശാഠ്യം അനുഗാമികള്‍ കാണിക്കാറുണ്ട്. പ്രപഞ്ചത്തെ മുഴുവന്‍ താന്‍ ആരാധിക്കുന്ന ചിന്തകന്റെ സിദ്ധാന്തക്കുഴലില്‍ കടത്തണമെന്നായിരിക്കും അനുഗാമിയുടെ വാശി.

മനോവിശകലനത്തിന്റെ ഉപജ്ഞാതാവായ സിഗ്മണ്ട് ഫ്രോയിഡ് നിരീശ്വരനായിരുന്നെങ്കിലും മനസ്സിന്റെ പിന്നില്‍ അബോധമനസ്സെന്ന കാരണകര്‍ത്താവിനെ (ഈശ്വരനെ) പ്രതിഷ്ഠിച്ചു. അദ്ദേഹത്തിന്റെ അബോധനിയതിവാദം (Unconscious Determinism) മാര്‍ക്സിസ്റ്റ് ദര്‍ശനത്തിന്റെ സാമൂഹ്യനിയതി സിദ്ധാന്തത്തില്‍ ((Social Determinism)റദ്ദായിപ്പോയി. ഫ്രോയിഡ് തുടങ്ങിവെച്ച മനോവിശകലനം (psychoanalysis) മാത്രമാണ് മനഃശാസ്ത്രം എന്ന് ധരിച്ചുവശായ ചിലരുണ്ട്. ഇവരാണ് അറിഞ്ഞും അറിയാതെയും മനുഷ്യമനസ്സിന്റെ പിന്നിലേക്ക് ആത്മാവിനെ (ഈശ്വരനെ) പലരൂപത്തിലും ഒളിച്ചു കടത്തി പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. അവരുടേതാണ് ഫ്രോയിഡിന്റേതിനേക്കാള്‍ ഭൌതികവാദപരമായ സിദ്ധാന്തമെന്ന് പറഞ്ഞുകൊണ്ടേയിരിക്കും.

നാല്

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഹൈദരാബാദിലെ ഡെക്കാണ്‍ മെഡിക്കല്‍ കോളേജ് സൈക്യാട്രിവിഭാഗം ഒരു തുടര്‍ വൈദ്യവിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഒരു വനിതാ പ്രൊഫസര്‍ അവതരിപ്പിച്ച പ്രബന്ധം 'വിഷാദരോഗ ചികിത്സയില്‍ യോഗയുടെ സ്ഥാനം' എന്ന വിഷയത്തെക്കുറിച്ചുള്ളതായിരുന്നു. അവര്‍ മനോരോഗങ്ങളുടെ ചികിത്സയില്‍ യോഗയുടെ സ്ഥാനം നിര്‍ണയിക്കാനുള്ള ഒന്നിലധികം പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അതില്‍ ആദ്യത്തെ ഗവേഷണമാണ് വിഷാദരോഗ ചികിത്സയില്‍ യോഗയുടെ പങ്കിനെക്കുറിച്ചുള്ളതെന്നും പറഞ്ഞു. ഗവേഷണത്തിന്റെ ആദ്യഫലങ്ങളാണ് അവര്‍ അവതരിപ്പിച്ചത്. യോഗചികിത്സ (yogatherapy) നിശ്ചയമായും മനഃശാസ്ത്രചികിത്സയുടെ (psychotherapy)ഫലങ്ങളോടൊപ്പം നില്‍ക്കുന്ന ഗുണഫലങ്ങള്‍ ഉളവാക്കിയിട്ടുണ്ടെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. സ്കിസോഫ്രീനിയ തുടങ്ങിയ മനോരോഗങ്ങള്‍ക്കും യോഗചികിത്സ ഫലപ്രദമാകുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. ഇന്ത്യയില്‍ പല ഭാഗങ്ങളിലായി ഒരു ഡസനോളം പഠനങ്ങളാണ് ഈ വിഷയത്തെക്കുറിച്ച് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അവരറിയിച്ചു. യോഗചികിത്സ (yogatherapy) വ്യാപകമായി ഉപയോഗിച്ചാല്‍ മരുന്നുകളുടെ ഉപയോഗം കുറയ്ക്കാനാവുമെന്നായിരുന്നു അവരുടെ നിഗമനം. ഒരു കാര്യം ഇപ്പോള്‍തന്നെ പ്രവചിക്കാനാവും. പഠനങ്ങളുടെയെല്ലാം ഫലം യോഗചികിത്സ അത്യുത്തമമാണെന്ന് തെളിയിക്കപ്പെടല്‍തന്നെ ആയിരിക്കും.

വ്യക്തിത്വഘടനയിലെ വൈകല്യങ്ങള്‍ ദൂരീകരിക്കുന്നതില്‍ യോഗയുടെ പങ്കിനെക്കുറിച്ചാണ് മറ്റൊരു ഗവേഷണം. ബാംഗ്ളൂരിലെ NIMHANS (National lnstitute of Mental Health and Neurosciences) നടത്തിയ സെമിനാറിലെ ഒരു പ്രബന്ധം ഈ വിഷയത്തെക്കുറിച്ചുള്ളതായിരുന്നു. പ്രബന്ധത്തിന്റെ ശീര്‍ഷകം ഇങ്ങനെയായിരുന്നു: A randomized control trial of the effect of yoga on Gunas (personality) and Health in normal healthy volunteers. വ്യക്തിത്വഘടനയെക്കുറിച്ചുള്ള ആധുനിക മനഃശാസ്ത്ര സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലുള്ള പഠനങ്ങളല്ല. യോഗശാസ്ത്രമനുസരിച്ചുള്ള സത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങള്‍ നിര്‍ണയിക്കുന്ന വ്യക്തിത്വഘടനയുടെ അടിസ്ഥാനത്തിലാണത്രേ പഠനം നടത്തുന്നത്. ഒരു വ്യക്തിയിലെ ഈ മൂന്നു ഗുണങ്ങളും അളക്കാനുള്ള മാനദണ്ഡവും ഗവേഷകര്‍ തയാറാക്കിയിട്ടുണ്ട്. Vedic Personality lnventory (VPl) എന്നാണ് വിവരപട്ടികയുടെ പേര്. സത്വം, രജസ്സ്, തമസ്സ് എന്നീ മൂന്നു ഗുണങ്ങളുടെ അസന്തുലിതാവസ്ഥയാണ് വ്യക്തിത്വ വൈകല്യങ്ങള്‍ (Personality Disorders) ഉള്‍പ്പെടെയുള്ള മാനസികാസ്വാസ്ഥ്യങ്ങള്‍ക്കും പല ശാരീരികരോഗങ്ങള്‍ക്കും നിദാനമെന്നാണ് ഗവേഷകരായ എസ് ദേശ്‌പാണ്ഡേ, എച്ച് ആര്‍ നാഗേന്ദ്ര, രഘുരാം എന്നീ മനോരോഗ വിദഗ്ദ്ധരുടെ സിദ്ധാന്തം. ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെയെല്ലാം പടിയിറക്കി പിണ്ഡംവെച്ച് വൈദികശാസ്ത്രത്തെ പുനരധിവസിപ്പിക്കാനുള്ള ശ്രമം ഇന്ന് വ്യാപകമായി നടക്കുന്നുണ്ട്.

മസ്തിഷ്കത്തില്‍ യോഗത്തിന്റെയും ധ്യാനത്തിന്റെയും സ്ഥാനങ്ങള്‍ നിര്‍ണയിക്കാനും അവയുടെ ശാസ്ത്രീയാടിത്തറ കണ്ടെത്താനുമായിരുന്നു മലയാളിയായ ഒരു മനോരോഗവിദഗ്ദ്ധന്റെ ശ്രമം. അതിനായി അദ്ദേഹം അത്യന്താധുനിക സങ്കേതങ്ങളെല്ലാം ഉപയോഗപ്പെടുത്തി. പൌരാണികമായ കാര്യങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ നല്ലതുതന്നെ. പക്ഷേ ആധുനികശാസ്ത്രത്തിന്റെ കണ്ടെത്തലുകളെ പടിയിറക്കിവിട്ട് ശുദ്ധികര്‍മം നടത്തി വേദോപനിഷത്തുകളിലെ 'ശാസ്ത്രങ്ങളെ' കുടിയിരുത്താനാണുദ്ദേശമെങ്കിലോ? പ്രബന്ധം അവസാനിപ്പിക്കുന്നതങ്ങനെയാണ്:

Take Home Message: Meditative Practices have a positive impact on mental health. The neurobiological correlates during meditation partly explain the beneficial role.

Article: " Neurobiology of Spirituality" Year: 2008 Volume: 6 lssue: 1 Mens Sana Monographs (MSM)

അഞ്ച്

ചികിത്സ ഫലപ്രദമാകുന്നത് എല്ലായ്പ്പോഴും ചികിത്സയുടെ ഫലസിദ്ധികൊണ്ടു മാത്രമാകണമെന്നില്ല. അനേകം രോഗങ്ങള്‍ സ്വയം പരിഹാര്യങ്ങളാണ്. മറ്റൊരു ഘടകം പ്ലേസിബോ ഇഫക്റ്റാണ്. ബൈബിള്‍ക്കഥയിലെ രക്തസ്രാവമുള്ള സ്ത്രീ യേശുവിന്റെ തിരുവസ്ത്രത്തില്‍ സ്പര്‍ശിച്ചപ്പോള്‍ രോഗം ഭേദമായി. അപ്പോള്‍ യേശു അവളോട് പറഞ്ഞു: സ്ത്രീയേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു. വിശ്വാസം മൂലമുള്ള രോഗശമനം (faith healing) എങ്ങനെ സംഭവിക്കുന്നുവെന്ന് ഇന്ന് നാഡീവിജ്ഞാനീയത്തിനും മനഃശാസ്ത്രത്തിനും ഭൌതികമായ നിലപാടുതറയില്‍നിന്നുകൊണ്ട് തന്നെ വിശദീകരിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പ്ലേസിബോ ഇഫക്റ്റിനെക്കുറിച്ച് (Placebo effect) ആധുനിക ശാസ്ത്രത്തിന് ഭൌതികയാഥാര്‍ഥ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള വിശദീകരണങ്ങളുണ്ട്. ഭൌതികപ്രതിഭാസം മാത്രമായ പ്ലേസിബോ ഇഫക്റ്റിനെ ചൂഷണം ചെയ്തുകൊണ്ട് യോഗവും ധ്യാനവും മാത്രമല്ല 'സിദ്ധൌഷധങ്ങളും' വിറ്റഴിക്കുന്നുണ്ട്. ആത്മീയത കമ്പോളത്തിലെത്തിയതുകൊണ്ട് അപകടമൊന്നുമില്ല. ഉപയോഗമൂല്യമുണ്ടെന്ന് വിശ്വസിക്കുന്നവര്‍ പണംമുടക്കി വാങ്ങും. വില്പന മൊത്തമായും ചില്ലറയായും നടക്കും. അതുകൊണ്ട് ഭക്ഷ്യവസ്തുക്കളുടെ വിലയിലെന്തെങ്കിലും വര്‍ധനയുണ്ടാകുമെന്നോ വ്യവസായരംഗത്ത് എന്തെങ്കിലും മാന്ദ്യമുണ്ടാകുമെന്നോ ഭയപ്പെടേണ്ടതില്ല. പക്ഷേ സമൂഹത്തിന്റെ പൊതുബോധത്തില്‍നിന്ന് (അന്റോണിയോ ഗ്രാംഷിയുടെ Common Sense എന്ന പരികല്പന) ഭൌതികതയെ പടിയിറക്കിവിട്ട് ആത്മീയതയെ കുടിയിരുത്തുന്നതിലെ ഹിഡന്‍ അജന്‍ഡ ബുദ്ധിജീവികള്‍ കാണാതെ പോകുന്നത് ബുദ്ധിമോശംതന്നെ. ഇന്ത്യന്‍ ഫാഷിസത്തിന് പരമാധികാരത്തിലേക്കുള്ള രഥമുരുട്ടാന്‍ ആത്മീയതയുടെ സ്നിഗ്ധതയുള്ള സമതലം ഒരുക്കുകയാണെന്ന കാര്യം ഓര്‍ക്കണം.

-ഡോ. എന്‍ എം മുഹമ്മദലി, കടപ്പാട്: ദേശാഭിമാനി

ചിത്രങ്ങള്‍ക്ക് കടപ്പാട്: ദി ഹിന്ദു

ചക്രവര്‍ത്തീ, വീണ വായിക്കരുത്.....

മദ്യപാനം ജോര്‍ജ് ബുഷിനെ ഒരിക്കല്‍ ഭ്രാന്തിന്റെ വക്കോളം എത്തിച്ചു. ചികിത്സിച്ച് രക്ഷപ്പെട്ടു. ഭ്രാന്ത് പുലമ്പാന്‍ ഭ്രാന്തനാവണമെന്നില്ല. ഇന്ത്യക്കാരും ചൈനക്കാരും ഭക്ഷണം കഴിക്കുന്നതുകൊണ്ട് ലോകത്തിന് വിശക്കുന്നു എന്നാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ വെളിപാട്.

ഒരുകാര്യം ബുഷ് സമ്മതിക്കുന്നു-ലോകത്തിന് വിശക്കുന്നു!

വാഷിങ്ടണിലെ ലോകബാങ്കിന്റെ കവാടത്തില്‍ 'ദാരിദ്ര്യത്തിനെതിരെ ഞങ്ങള്‍ പൊരുതുന്നു' എന്നെഴുതിയവര്‍ പതിറ്റാണ്ടുകള്‍ക്കുശേഷം സമ്മതിക്കുന്നു-ലോകത്തിന് വിശക്കുന്നു.

ദാരിദ്ര്യമില്ലാത്ത ലോകം, രോഗങ്ങളില്ലാത്ത ലോകം, നിരക്ഷരനില്ലാത്ത ലോകം എന്നീ മന്ത്രം ഉരുക്കഴിച്ചവര്‍ ഇപ്പോള്‍ സമ്മതിക്കുന്നു-ലോകത്തിന് വിശക്കുന്നു.

എന്തെല്ലാമായിരുന്നു അവകാശവാദങ്ങള്‍!

ഈജിപ്തിലെ കുട്ടികളെ സ്കൂളിലെത്തിച്ചു; കിര്‍ഗിസ്ഥാനില്‍ പള്ളിക്കൂടങ്ങള്‍ തുറന്നു; ആഫ്രിക്കയില്‍ ക്ഷയരോഗത്തിന് മരുന്നെത്തിച്ചു. എറിട്രിയയില്‍ മലേറിയ തുടച്ചു നീക്കി; ഇന്തോനേഷ്യയിലും ശ്രീലങ്കയിലും സുനാമിത്തിരകളെ തിരിച്ചിറക്കാന്‍ രക്ഷാസൈന്യത്തെ അയച്ചു; ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ വൈദ്യുതി എത്തിച്ചു; കമ്പോഡിയയില്‍ വസ്ത്രനിര്‍മാണഫാക്ടറികള്‍ തുറന്നു; മെക്സിക്കോയില്‍ വീടുകള്‍ പണിതു...

ഇങ്ങനെ മഹാമനസ്കതയുടെ ഉന്നതശൃംഗങ്ങളില്‍നിന്ന് കാരുണ്യത്തിന്റെ ചാലുകള്‍ കീറിയവര്‍ സമ്മതിക്കുന്നു-ലോകത്തിന് വിശക്കുന്നു.

എവിടെ ഇവര്‍ സൃഷ്ടിച്ച നൂതനലോകം? എവിടെ വിപണിയുടെ ധാര്‍മികബോധം? എവിടെ രണ്ടു പതിറ്റാണ്ടിനിടയിലെ പൊളിച്ചടുക്കലുകള്‍? എവിടെ മനുഷ്യമുഖമുള്ള നൂതനലോകം?എന്തെല്ലാം ഇവര്‍ നമ്മളെ പഠിപ്പിച്ചു? എന്തെല്ലാം പുതിയ സൂക്തങ്ങള്‍ നമ്മള്‍ ഉരുവിട്ടു?

'ചരിത്രം അവസാനിച്ചു'(ഫ്രാന്‍സിസ് ഫുകുയാമ), 'നവലോക ക്രമം'(ജോര്‍ജ് ബുഷ് സീനിയര്‍), 'സംസ്കാരങ്ങളുടെ സംഘട്ടനം' (സാമുവല്‍ ഹണ്ടിങ്ട)'ലെക്സസ് ആന്‍ഡ് ഒലീവ് ട്രീ'(തോമസ് ഫ്രീഡ്മാന്‍), 'വിഭവയുദ്ധം'(മിഷെല്‍ ടിക്ളെയര്‍),'ഭീകരതക്കെതിരെ യുദ്ധം'(ജോര്‍ജ് ബുഷ്)..

പുതിയ ബ്രാഹ്മണ്യത്തിന്റെ ഈ സഹസ്രനാമങ്ങള്‍ക്കുശേഷവും അമേരിക്കന്‍പ്രസിഡന്റ് സമ്മതിക്കുന്നു-ലോകത്തിന് വിശക്കുന്നു.

വിശപ്പെന്ന കുറ്റത്തിന് വൈറ്റ്ഹൌസിലെ ചെന്നായ്ക്കള്‍ കാരണം കണ്ടെത്തി-എലികള്‍ ധാന്യം മോഷ്ടിക്കുന്നു! ദംഷ്ട്രകള്‍ ഒളിപ്പിച്ച ഫലിതം!

അമേരിക്കയ്ക്ക് എന്നും ശത്രുക്കള്‍ വേണം. ഒരു ശത്രു ഇല്ലാതായാല്‍ ഒറ്റരാത്രികൊണ്ട് അവര്‍ മറ്റൊരു ശത്രുവിനെ ഉണ്ടാക്കും! അവര്‍ സ്വാതന്ത്ര്യത്തിന് ശത്രുക്കളെ ഉണ്ടാക്കി; ജനാധിപത്യത്തിന് ശത്രുക്കളെ ഉണ്ടാക്കി; വികസനത്തിന് ശത്രുക്കളെ ഉണ്ടാക്കി; സംസ്കാരങ്ങള്‍ക്ക് ശത്രുക്കളെ ഉണ്ടാക്കി; മതങ്ങള്‍ക്ക് ശത്രുക്കളെ ഉണ്ടാക്കി. ഇപ്പോള്‍ വിശപ്പിനും ശത്രുക്കളെ ഉണ്ടാക്കി!

തുടരുകയാണ് കഥ.

ജോര്‍ജ് ബുഷിലൂടെ..ഐ എം എഫിലൂടെ..ലോകബാങ്കിലൂടെ..ലോകവ്യാപാര സംഘടനയിലൂടെ.

മുത്തശ്ശിക്കഥയിലെ മാന്ത്രികക്കുടുക്കകള്‍ ചോറും കറിയും തന്നില്ല. കുട്ടികള്‍ ചോറിനുവേണ്ടി പാതിരാത്രിയില്‍ ഉണര്‍ന്നു കരയും. ഉറങ്ങുന്നവരെ ദുഃസ്വപ്നം വേട്ടയാടും. ഇത് അതിശയോക്തിയല്ല. 33 രാജ്യങ്ങളെ ഭക്ഷ്യക്ഷാമം കാത്തിരിക്കുന്നു.10 കോടി മനുഷ്യര്‍ കൂടി പട്ടിണിയിലേക്ക് വീഴാന്‍ പോകുന്നു. ഇതു രണ്ടും ലോകബാങ്കിന്റെ മുന്നറിയിപ്പാണ്. വയറൊട്ടി, എല്ലുന്തി, കണ്ണുകള്‍ കുഴിഞ്ഞ അസ്ഥികൂടങ്ങള്‍ സ്വതന്ത്രവിപണികളിലെ തെരുവുവീപ്പകള്‍ക്കകത്ത് ഭക്ഷണം തെരയും.വരാന്‍ പോകുന്നത് വസന്തമല്ല; വരള്‍ച്ചയാണ്.

ആപത്തുകള്‍ മനസ്സിലാകാന്‍ വാര്‍ത്തകളിലൂടെ വെറുതെ കണ്ണോടിച്ചാല്‍ മതി. 'വിലക്കയറ്റത്തിനും ശമ്പളം വെട്ടിക്കുറച്ചതിനും എതിരെ ഈജിപ്തില്‍ ദേശവ്യാപകമായി സമരം നടന്നു.പ്രകടനക്കാര്‍ കടകള്‍ കൊള്ളയടിച്ചു, പൊലീസിനെ ആക്രമിച്ചൂ.' 'ഹെയ്തിയില്‍ ഒരു വര്‍ഷത്തിനിടെ 50 ശതമാനത്തിലേറെ വിലകയറി. ലെസ് കെയസ് നഗരത്തില്‍ ജനങ്ങള്‍ അക്രമാസക്തരായി. നാലുപേര്‍ വെടിയേറ്റു മരിച്ചു.' 'വിലക്കയറ്റം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഐവറി കോസ്റ്റില്‍ വന്‍ പ്രകടനം. പ്രകടനക്കാര്‍ അക്രമാസക്തരായി. പൊലീസ് വെടിവയ്പില്‍ 10 പേര്‍ക്ക് ഗുരുതരമായ പരിക്ക്.' 'കാമറൂണില്‍ വിലക്കയറ്റത്തിനെതിരെ കലാപം. കലാപം നാലുദിവസം നീണ്ടു. 40 മരണം. 15 വര്‍ഷത്തിനുശേഷം കാമറൂണിലുണ്ടായ ഏറ്റവും വലിയ കലാപം.' 'വിലക്കയറ്റത്തിനെതിരെ മൊസാമ്പിക്കില്‍ ജനങ്ങള്‍ അക്രമാസക്തരായി. നാലുപേര്‍ വെടിയേറ്റു മരിച്ചു.' 'പാലിനും അരിക്കും ഉണ്ടായ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് സെനെഗലില്‍ കലാപം തുടരുന്നു.' 'യെമനില്‍ ഗോതമ്പിന്റെ വില രണ്ടുമാസംകൊണ്ട് രണ്ടിരട്ടിയായി. വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് അഞ്ചുദിവസം തുടര്‍ച്ചയായ കലാപം.' .......

തീര്‍ന്നില്ല,

മൌരിറ്റാനിയയില്‍, ബൊളീവിയയില്‍, മെക്സിക്കോയില്‍, ബുര്‍ക്കിന ഫാസോയില്‍, ഉസ്‌ബെക്കിസ്ഥാനില്‍..ഭക്ഷ്യക്ഷാമം പടരുകയാണ്.

പഞ്ചാബിലെ ഓട്ടോമൊബൈല്‍ കച്ചവടക്കാരന്‍ ഊണുകഴിച്ചതുകൊണ്ടാണോ യെമനില്‍ ഗോതമ്പിന്റെ വില ഉയര്‍ന്നത്? രാമനാഥപുരത്തെ പനകയറ്റക്കാരന്‍ പാലുകുടിച്ചതുകൊണ്ടാണോ സെനഗലില്‍ പാലിന് വില കയറിയത്?

ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ ജനപ്പെരുപ്പമായിരുന്നു ദാരിദ്ര്യത്തിനു 'കാരണം'. ലാറ്റിനമേരിക്കയില്‍ പ്രസവം നിന്നില്ലെങ്കില്‍ ലോകം പട്ടിണികിടന്നുമരിക്കും എന്നവര്‍ വിലപിച്ചു. ജനസംഖ്യ നിയന്ത്രിക്കാന്‍ അവര്‍ വിയറ്റ്നാമിലെ വയലുകളില്‍ ബോംബു വിതച്ചു; ലാറ്റിനമേരിക്കന്‍ സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ വന്ധ്യതയുടെ മരുന്നു വിതച്ചു.

ലാറ്റിനമേരിക്കയിലെ ഗര്‍ഭസ്ഥശിശുക്കളുടെ നേരെ അമേരിക്ക കാഞ്ചിവലിച്ചത് മറ്റൊന്നിനായിരുന്നു.

നിക്കരാഗ്വയിലെ തെരുവില്‍നിന്ന് ഗറില്ലകള്‍ പാടി:'ഞങ്ങള്‍ എലികള്‍ ഇന്നൊരു പൂച്ചയെ കൊന്നു.'

ലാറ്റിനമേരിക്കയില്‍ കലാപകാരികള്‍ ജനിക്കരുത്. വിടനായ രാജാവ് അന്തപ്പുരങ്ങളില്‍ തളച്ചിട്ട വെപ്പാട്ടിയുടെ ശരീരംമാത്രമാണ് അവര്‍ക്ക് ലാറ്റിനമേരിക്ക. അവര്‍ക്ക് ക്യൂബയിലെ പഞ്ചസാര വേണം, കൊളംബിയയിലെ കാപ്പി വേണം, ഹോണ്ടുറാസിലെ ഏത്തപ്പഴം വേണം, ബ്രസീലിലെ ഇരുമ്പ് വേണം,ബൊളീവിയയിലെ നാകം വേണം, വെനിസ്വേലയിലെ പെട്രോള്‍ വേണം, ചിലിയിലെ ചെമ്പ് വേണം. അതുകൊണ്ട് ജനപ്പെരുപ്പം ദാരിദ്ര്യത്തിന് കാരണമായി! ജനിക്കാനിരിക്കുന്നവന്‍ ജനിച്ചവന്റെ ശത്രുവായി!. മൂന്ന് പതിറ്റാണ്ടുകള്‍കൊണ്ട് സിദ്ധാന്തം മാറി. മനുഷ്യന്‍ ഇപ്പോള്‍ ഭാവിയുടെ ആപത്തല്ല, സ്വത്താണ്. മൂലധനമാണ്. വികാരങ്ങള്‍പോലും വിഭവമാണ്. വിഭവം വ്യാപാരമാണ്. കാലത്തിനൊപ്പം കാരണങ്ങളും മാറുന്നു. അന്ന് പട്ടിണിക്കു കാരണം ജനപ്പെരുപ്പം. ഇന്ന് കാരണം ഇന്ത്യയും ചൈനയും.

വസ്തുതകള്‍ മാറുമ്പോള്‍ വ്യാഖ്യാനങ്ങള്‍ മാറാം. എന്നാല്‍, വ്യാഖ്യാനങ്ങള്‍ക്കുവേണ്ടി വസ്തുതകളെ മാറ്റുകയാണ് അമേരിക്ക. സ്വാര്‍ഥതയാണ് അമേരിക്ക. അവര്‍ക്ക് സൌഹൃദങ്ങളില്ല,താല്‍പ്പര്യങ്ങളേയുള്ളു. അവര്‍ മെക്സിക്കോയോട് തക്കാളിയും ഫിലിപ്പീന്‍സിനോട് പൈനാപ്പിളും ഉണ്ടാക്കാന്‍ പറഞ്ഞു. അത് ആ രാജ്യങ്ങളുടെ നന്മയ്ക്കല്ല,ഫ്ളോറിഡയിലും കാലിഫോര്‍ണിയയിലും ഉണ്ടാക്കുന്നതിനേക്കാള്‍ ലാഭമായതുകൊണ്ടാണ്. കൃഷിക്കല്ല, കയറ്റുമതിക്ക് പ്രാധാന്യം നല്‍കണമെന്ന സാമ്പത്തികശാസ്ത്രവും അവര്‍ അവതരിപ്പിച്ചു. അതിന്റെ ഫലമുണ്ടായി. കൊച്ചു കൊച്ചു കൃഷിസ്ഥലങ്ങള്‍ ഇല്ലാതായി. മാലിയിലെ കൃഷിക്കാര്‍ വയലുകള്‍ വിട്ട് നഗരത്തില്‍ ചേക്കേറി. പടിഞ്ഞാറന്‍ കമ്പനിയിലെ കൂലിപ്പണിക്കാരായി മാറി. ചെറിയ രാജ്യങ്ങളിലെ ധാന്യശേഖരം കുറഞ്ഞു.ലോകത്തിന്റെ തന്നെ ധാന്യശേഖരം കാല്‍നൂറ്റാണ്ടിനിടയില്‍ ഏറ്റവും കുറഞ്ഞു. ഉണ്ണാനില്ലാതെ മനുഷ്യര്‍ ഉഴറുമ്പോള്‍ അമേരിക്ക ധാന്യം ജൈവഇന്ധനമാക്കി മാറ്റുന്നു. വിലയില്‍ ഭക്ഷ്യവിപണിയും എണ്ണവിപണിയും മത്സരിക്കുമ്പോള്‍ ചോറ് എണ്ണയായി മാറുന്നു.

2004-07ല്‍ 50 കോടി ടണ്‍ ജൈവഇന്ധനമാണ് അമേരിക്ക ഉണ്ടാക്കിയത്.അടുത്തവര്‍ഷം മാത്രം 11.40 കോടി ഭക്ഷ്യധാന്യം ജൈവഇന്ധനമാക്കും. ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ കണക്കു പ്രകാരം ഇത് 82 രാജ്യത്തിനുള്ള ഭക്ഷണമാണ്. സമ്പന്നന്റെ കാറുകളുടെ വിശപ്പുമാറ്റാന്‍ ദരിദ്രന്റെ അത്താഴം റാഞ്ചുന്നു.കാറിന്റെ നിലവിളി ബുഷിന് താങ്ങാനാവുന്നില്ല. രാജരഥ്യകളില്‍ രഥമുരുളാന്‍ മനുഷ്യന്‍ ദൈവതുല്യമായി കരുതുന്ന ഭക്ഷണം കത്തിക്കുന്നു. ചോരയെങ്കില്‍ ചോര; മാംസമെങ്കില്‍ മാംസം-യന്ത്രങ്ങള്‍ക്ക് വിശക്കാതിരിക്കട്ടെ!

ധാന്യപ്പുരകള്‍ക്ക് തീ കൊളുത്തി പെട്രോളൂറ്റുന്നവര്‍ നരകത്തില്‍ നിന്ന് വേദമോതുന്നു. വൈറ്റ്ഹൌസിലെ വ്യാഘ്രങ്ങള്‍ എന്നിട്ടും ചാടിവീഴുന്നു-ഇന്ത്യയുടെ നേരെ.

ചക്രവര്‍ത്തീ, വീണ വായിക്കരുത്.

-ശ്രീ എം എം പൌലോസ് കടപ്പാട്: ദേശാഭിമാനി

Wednesday, May 28, 2008

ഇത് സാമ്രാജ്യത്വം, മനുഷ്യമുഖം അസാദ്ധ്യം

മൂലധനം രണ്ടുതരത്തില്‍ സ്വരൂപിക്കാം. ഒന്ന് പാടുപെട്ട് സ്ഥാപനങ്ങളുണ്ടാക്കി, ക്രമേണ ഉണ്ടാക്കുന്ന മൂലധനം. രണ്ട് കേന്ദ്രീകരണത്തിലൂടെ, നിലനില്‍ക്കുന്ന സ്ഥാപനങ്ങള്‍ വാങ്ങിക്കൂട്ടി സ്വരൂപിക്കുന്ന മൂലധനം. ധനമൂലധനത്തിന് കഷ്ടപ്പെട്ടു വളരാന്‍ താല്‍പര്യമില്ല. കാരണം അത് അടിസ്ഥാനപരമായി ഊഹക്കച്ചവടത്തില്‍ അധിഷ്ഠിതമാണ്. പണച്ചുരുക്കത്തിന്റെ ഒരു അന്തരീക്ഷം സൃഷ്ടിച്ച് വേഗം വേഗം വാങ്ങിക്കൂട്ടി വേഗം വളരുക, എന്നതാണിതിന് താല്‍പര്യം. ധനമൂലധനത്തിന്റെ ഈ മോഹം വളരെക്കാലമായി നിലനില്‍ക്കുന്ന ഒന്നാണ്. ഇടതുപക്ഷ സാമ്പത്തികകാരന്മാരുടെ മനസ്സില്‍ വെറുതെ പൊട്ടിമുളച്ചതല്ല. മുപ്പതുകളിലെ ഗ്രേറ്റ് ഡിപ്രഷനുപോലും വഴിതെളിച്ച ഘടകങ്ങളിലൊന്നാണ് അത്. തൊഴിലില്ലായ്മയെ ചെറുക്കാന്‍, സ്റ്റേറ്റിന്റെ ഇടപെടലിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്ന കാലമാണത്. എന്നിട്ടും ഇരുപതാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ബൂര്‍ഷ്വാ സാമ്പത്തിക ശാസ്ത്രജ്ഞനായ കെയിന്‍സ് ‌പോലും അന്ന് ധനമൂലധനത്തിന്റെ ദയാവധത്തിനുവേണ്ടി വാദിച്ചു. ഊഹക്കച്ചവടത്തിലൂടെ ലാഭമുണ്ടാക്കുന്ന ക്രിയാത്മകമല്ലാത്ത നിക്ഷേപങ്ങളെ, സ്റ്റേറ്റിന്റെ ഇടപെടലിലൂടെ ഉദ്യോഗങ്ങളും ഡിമാന്റും സൃഷ്ടിക്കാനുളള അവസരം നഷ്ടപ്പെടുത്തുന്നതിന്റെ പേരില്‍ ദയാവധം നടത്തി ഒഴിവാക്കാണമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴതൊരു ആഗോള പ്രതിഭാസമാണ്.

തമ്മില്‍ തമ്മില്‍ അസഹിഷ്ണുത പുലര്‍ത്തുന്ന കുറച്ചു രാജ്യങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല ഇപ്പോള്‍ ധന മൂലധനം. അത് ആഗോളമാണ് എന്നതു തന്നെ പണച്ചുരുക്കത്തോടുള്ള താല്‍പര്യത്തിന് സ്വാഭാവികമായ ഒരു ക്ഷമത നല്‍കുന്നു. ഇത് വളരെ പ്രധാനമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു- കാരണം തൊഴിലില്ലായ്മ പരിഹരിക്കാന്‍ കൂടുതല്‍ നിക്ഷേപവുമായി രംഗത്തു വരുന്ന ഒരു ഗവണ്‍മെന്റിന്റെ കീഴിലുള്ള രാജ്യത്തുനിന്ന് ധനമൂലധനംഒഴുകി മറയുന്നു. ആ രാജ്യം വിശ്വസ്തതയില്ലാത്തതായി മാറുന്നു. ധനമൂലധനത്തിന് കടന്നുവരാനുള്ള ഒരു സുരക്ഷിത ഇടമില്ലാതായി മാറുന്നു. ധനമൂലധനം പറന്നുപോയിക്കഴിഞ്ഞാല്‍ ഗവണ്‍മെന്റ് തൊഴില്‍ സൃഷ്ടിക്കാനുള്ള പദ്ധതികളില്‍ നിന്നും പിന്‍മാറാന്‍ നിര്‍ബന്ധിതമാകുന്നു. നിങ്ങള്‍ സ്വയം ഒരു ലളിതമായ ഒരു ചോദ്യം ചോദിക്കുക. യൂറോപ്പില്‍ മുഴുവന്‍ 'രണ്ടക്ക' തൊഴിലില്ലായ്മ നിലനില്‍ക്കുന്നു. ഈ അടുത്തുവരെ അവിടെ ഉണ്ടായിരുന്നത് സോഷ്യലിസ്റ്റ് ഗവണ്‍മെന്റുകളോ സോഷ്യല്‍ ഡമോക്രാറ്റിക് ഗവണ്‍മെന്റുകളോ ആണ് . തൊഴിലില്ലായ്മ തുടച്ചുമാറ്റും എന്ന വാഗ്ദാനത്തിന്മേലാണ് അവര്‍ അധികാരത്തിലേറിയത്. എന്നാല്‍ ആരും തന്നെ അതില്‍ വിജയിച്ചില്ല. അവര്‍ ചീത്തയാള്‍ക്കാരായതുകൊണ്ടല്ല. ഭരണകൂടത്തിന്റെ ഇടപെടല്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനെ നിരാകരിക്കുന്ന ആഗോള ഓഹരി മൂലധനം സൃഷ്ടിക്കുന്ന സങ്കീര്‍ണമായ അന്തരീക്ഷത്തിലാണവര്‍ പ്രവര്‍ത്തിക്കുന്നത്, എന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

ദേശീയ ബൂര്‍ഷ്വാസി അന്യം നില്‍ക്കുന്നു

സാമ്രാജ്യത്വ ആഗോളവത്ക്കരണം അതിന്റെ തന്നെ പ്രതിരോധ സംവിധാനങ്ങള്‍ വളര്‍ത്തിയെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമാണ് അവര്‍ക്കിടയിലുള്ള വൈരുദ്ധ്യങ്ങളെ ഒതുക്കിനിര്‍ത്തുന്ന തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നത്. ലെനിന്‍ സാമ്രാജ്യത്വ ശക്തികള്‍ക്കിടയിലെ ശത്രുത (inter-imperialist rivalry) സാമ്രാജ്യത്വത്തിന്റെ വളരെ നിര്‍ണ്ണായകമായ ദൌര്‍ബല്യമായാണ് പരിഗണിച്ചിരുന്നത്. ഇത് മൂര്‍ച്ഛിച്ച് ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെപ്പറ്റി അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ ഇന്ന് അവര്‍ ഇത്തരം വൈരുദ്ധ്യങ്ങളെ ഒതുക്കി വയ്ക്കുന്നുണ്ടെന്നതാണ് വസ്തുത. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടുകൂടി സാമ്രാജ്യത്വത്തിന് ശക്തമായ വെല്ലുവിളികള്‍ ആ രീതിയില്‍ നേരിടേണ്ടിയും വരുന്നില്ല. അതോടെ സാമ്രാജ്യത്വം ആന്തരികവും ബാഹ്യവുമായ വെല്ലുവിളികള്‍ നേരിടുന്നില്ല.

ഐ.ടിയുമായി ബന്ധപ്പെട്ടു വളര്‍ന്നുവന്ന കുതിപ്പ് പല രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും തകര്‍ന്നെങ്കിലും, മൂന്നാം ലോകരാജ്യങ്ങളിലെ ബൂര്‍ഷ്വാസിയുടെ വലിയൊരു വിഭാഗം അവരുടെ വളര്‍ച്ച കാണുന്നത് സാമ്രാജ്യത്വത്തോട് ബന്ധം സ്ഥാപിച്ചുകൊണ്ടാണ്. വാസ്തവത്തില്‍ നമുക്ക് നമ്മുടെ സ്വന്തം ഫൈനാന്‍സിയേഴ്സ് ഉണ്ട്, സാമ്പത്തിക ഉദാരവത്ക്കരണം പോലെ സ്വന്തം സാമ്പത്തിക താത്പര്യവുമുണ്ട്. പക്ഷേ എന്താണ് സ്വന്തം, എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നതാണ് പ്രശ്നം.

സ്വാതന്ത്ര്യാനന്തര ആസൂത്രണത്തിന്റെ കാലത്ത് ഇന്ത്യയിലെ ബൂര്‍ഷ്വാസി സാമ്രാജ്യത്വ നയങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു വികസന സമീപനം എടുത്തിരുന്നു. സ്വയം പര്യാപ്തതയിലൂന്നിയ ഒരു സമീപനം. പക്ഷേ ഇന്നത് ഉപേക്ഷിച്ചിരിക്കുന്നു. ഇപ്പോള്‍ ബൂര്‍ഷ്വാക്യാമ്പില്‍ ആഗോളവത്ക്കരണ പ്രക്രിയയുമായി കൂട്ടുകൂടുന്നതിന്റെ കാര്യത്തില്‍ യാതൊരു ബദല്‍ ആശയവും ഇല്ലാതായിട്ടുണ്ട്. ഇന്ന് ഒരു മൂന്നാം ലോകരാജ്യവും സാമ്രാജ്യത്വവികസന മാതൃകയ്ക്ക് വ്യത്യസ്ഥമായി ഒരു ബദലും മുന്നോട്ട് വയ്ക്കുന്നില്ല.

മൂന്നാലോക രാജ്യങ്ങളിലെ ബൂര്‍ഷ്വാസികള്‍ക്കിടയിലും താരതമ്യേന വലിയ ഐക്യവും കൂട്ടുചേരലും പ്രകടമാവുകയും ചെയ്യുന്നു. ഈ ഐക്യം നേടിയെടുക്കുന്നത് പൂര്‍ണ്ണമായും മൂന്നാലോകരാജ്യങ്ങളിലെ ജനവിഭാഗങ്ങളെ ദുരിതങ്ങളിലേക്ക് തള്ളി വിട്ടുകൊണ്ടാണ്. ആഫ്രിക്ക, ഇന്ത്യ, ലാറ്റിന്‍ അമേരിക്ക, കിഴക്കന്‍ ഏഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളെ ദുരിതങ്ങളിലേക്ക് തള്ളിവിടുന്ന പ്രക്രിയയിലൂടെയാണ് സാമ്രാജ്യത്വം പുതിയ ഐക്യവും കൂട്ടുകെട്ടും വളര്‍ത്തുന്നത്.

ഏതെങ്കിലും മൂന്നാം ലോകരാജ്യത്തിന്റെ ഭരണകൂടം വ്യത്യസ്തമായ ബദല്‍ അജണ്ട നടപ്പാക്കാന്‍ തുനിയുമ്പോള്‍ ആ രാജ്യത്തുനിന്നും മൂലധനം പുറത്തേയ്ക്ക് ഒഴുകുകയും, പലവിധത്തിലുള്ള വൈഷമ്യങ്ങള്‍ക്ക് അവര്‍ വിധേയമാകുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ തൊഴിലാളികളുടേയും കര്‍ഷകരുടേയും വലിയതോതിലുള്ള പിന്‍തുണയില്ലാതെ അവര്‍ക്ക് ശക്തമായ ബദല്‍ നയങ്ങളുമായി മുന്നോട്ടുപോകാന്‍ കഴിയില്ല. ഉദാഹരണമായി രാഷ്ട്രീയകക്ഷികള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ വ്യത്യസ്ഥമായ ഒരു ബദല്‍ അജണ്ടയുമായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാകുമെന്നു കരുതുക. സാമ്രാജ്യത്വ ആഗോളവത്കരണ നയങ്ങള്‍ക്കു വ്യത്യസ്തമായ ഒരു നയം മുന്നോട്ടുവെച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ശക്തമായ സ്ഥാനം കിട്ടുമെന്നുറപ്പുണ്ടാകുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ മൂലധനം രാജ്യം വിടുന്ന അവസ്ഥ ഉണ്ടാകും. ദക്ഷിണാഫ്രിക്കയില്‍ നെല്‍സണ്‍ മണ്ടേല അധികാരത്തില്‍ വരുന്നതിനുമുമ്പുതന്നെ മൂലധനം രാജ്യത്തിനു പുറത്തേക്ക് ഒഴുകിയത് ഉദാഹരണമാണ്.

സാമ്രാജ്യത്വത്തിന്റെ പ്രതിരോധങ്ങള്‍

തൊഴിലില്ലായ്മയും, സാമ്പത്തിക മാന്ദ്യവും സൃഷ്ടിക്കപ്പെട്ടിട്ടുള്ള എല്ലാ സാഹചര്യങ്ങളിലും മതവര്‍ഗീയതയും വര്‍ഗീയവാദവും വളര്‍ന്നുവന്നിട്ടുണ്ട്. ഇത് ലോകത്തെല്ലായിടത്തും നടക്കുന്നു. നമ്മുടെ രാജ്യവും അതില്‍ നിന്ന് വ്യത്യസ്തമല്ല. നമ്മുടെ രാജ്യവും ആഗോളസമൂഹത്തിന്റെ ഭാഗമാണ്. ഫ്രാന്‍സ്, ജര്‍മ്മനി, ഓസ്ട്രേലിയ തുടങ്ങി എല്ലായിടത്തും, വംശീയത വളര്‍ന്നുവരുന്നു. ഇത്തരത്തിലുള്ള വിഘടന പ്രവണതകള്‍ ജനങ്ങളുടെ ഐക്യത്തെ തകര്‍ക്കുന്നു. ആത്യന്തികമായി ഇത് സാമ്രാജ്യത്വ ആഗോളവത്ക്കരണപ്രക്രിയയെ ശക്തിപ്പെടുത്തുന്നു. വ്യത്യസ്ഥമായ രാഷ്ട്രീയസ്വഭാവമാണെങ്കില്‍ കൂടി അധികാരത്തിലേറി കഴിഞ്ഞാല്‍ പിന്നെ മുന്‍സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിരിക്കും അവര്‍ പിന്നീട് ചെയ്യുന്നത്. ഇന്ത്യയില്‍ മതവര്‍ഗീയ ശക്തികള്‍ കോണ്‍ഗ്രസ്സിന്റെ ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരെ സ്വദേശി മുദ്രാവാക്യവുമായി അധികാരത്തിലേറി. എന്നാല്‍ അധികാരത്തിലെത്തിയതോടെ അവര്‍ സാമ്രാജ്യത്വ ആഗോളവത്കരണത്തിന്റെ ഏറ്റവും ശക്തരായ പ്രയോക്താക്കളായി മാറി. ഇത് സാമ്രാജ്യത്വത്തിന്റെ പ്രതിരോധ തന്ത്രമാണ്.

ജനങ്ങളുടെ ഏതുതരത്തിലുള്ള വിഘടനപ്രവണതയും സാമ്രാജ്യത്വത്തെ ശക്തമാക്കുകയായിരിക്കും ചെയ്യുന്നത്. ജനങ്ങളുടെ ദുരിതങ്ങള്‍ വര്‍ദ്ധിക്കുംതോറും സാമ്രാജ്യത്വം പ്രതിരോധ തന്ത്രങ്ങള്‍ വളര്‍ത്തിയെടുക്കും. ഇത്തരം തന്ത്രങ്ങളെ തിരിച്ചറിയുകയും ജാഗ്രത പുലര്‍ത്തുകയും വേണം. ഒരുതരം ആശയപരമായ മേല്‍ക്കൈ സൃഷ്ടിച്ചുകൊണ്ട് സത്യത്തെ സാധ്യമാകുവുന്നത്ര മറച്ചുവെക്കുന്ന രീതിയാണ് അവര്‍ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ രണ്ടുകാര്യങ്ങള്‍ ആവശ്യമായി വരുന്നു. ഒന്നാമത്തേത് നമുക്ക് ബദല്‍സിദ്ധാന്തം ഉണ്ടാക്കേണ്ടതുണ്ടെന്നതാണ്. എന്തുകൊണ്ട് ജനങ്ങള്‍ ദരിദ്രരാകുന്നു, ദുരിതമനുഭവിക്കുന്നു എന്ന് പറയാന്‍ കഴിയുന്ന ഒരു സിദ്ധാന്തം. രണ്ടാമത്തേത് നമുക്ക് ഈ സിദ്ധാന്തത്തെ അവതരിപ്പിക്കാനുള്ള സംവിധാനം ഉണ്ടാകണം എന്നതാണ്. അതിന്റെ എല്ലാ സങ്കല്പങ്ങളും വ്യക്തമായിരിക്കണം.

വസ്തുതകളെ മറച്ചുവെയ്ക്കുന്ന സാമ്രാജ്യത്വ തന്ത്രത്തിന്റെ ഭാഗമാണ് അവര്‍ ഇന്ന് കൊണ്ടുവരുന്ന ആശയങ്ങള്‍. അത്തരത്തിലുള്ള ഒരു സങ്കല്പമാണ് 'ഗവേര്‍ണന്‍‌സ് '. ഇത് ഒരു ലോകബാങ്ക് ആശയമാണ. മൂന്നാം ലോകരാജ്യങ്ങളുടെ ദരിദ്രാവസ്ഥക്ക് കാരണം ഗവേര്‍ണന്‍സ് ദുര്‍ബലമായതിനാലാണ്. പ്രശ്നം കിടക്കുന്നത്, രാഷ്ട്രങ്ങളിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലുമാണ് അല്ലാതെ സാമ്രാജ്യത്വ ആഗോളവത്കരണ നയങ്ങളിലല്ല എന്ന ആശയമാണവര്‍ കൊണ്ടുവരുന്നത്. സാമ്രാജ്യത്വം സൃഷ്ടിക്കുന്ന പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിനാണ് ഗവേര്‍ണന്‍‌സിന്റെ പ്രശ്നം അവര്‍ ഉയര്‍ത്തുന്നത്.

ഗവേര്‍ണന്‍‌സിന്റെ പ്രശ്നം ചൂണ്ടിക്കാട്ടി ഭരണക്രമത്തെയാകെ കാര്യക്ഷമമാക്കുന്നതിന് വേണ്ടിയുള്ള പരിഹാരങ്ങളും നിര്‍ദ്ദേശങ്ങളും കൊണ്ടുവരുമ്പോള്‍ അത് സര്‍ക്കാരിന്റെ പങ്ക് കുറക്കുകയാണ് ചെയ്യുന്നത്. Deflation എന്ന പരിഹാരം മാത്രമാണ് അവര്‍ക്കുള്ളത്. ഇത് ബന്ധപ്പെടുന്നത് സര്‍ക്കാരിന്റെ ചെലവുമായാണ്. പ്രത്യേകിച്ച് സാമൂഹ്യ മേഖലയിലെ ചെലവുകളുമായി. സൌജന്യ സേവന രംഗത്തെ ചെലവുകള്‍ നിലനിര്‍ത്താന്‍ സര്‍ക്കാരിന് കഴിയാതാകുന്നുവെങ്കില്‍ അതിനെ സ്വകാര്യവല്‍ക്കരിക്കാമെന്ന വാദമാണ് ഉയര്‍ത്തുക. സ്വകാര്യവല്‍ക്കരിക്കുന്നതോടെ സര്‍ക്കാരേതര സംഘടനകള്‍ ഈ രംഗത്ത് കടന്നുവരികയായിരിക്കും ചെയ്യുക. സാമ്രാജ്യത്വം ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ എന്‍.ജി.ഒ.കള്‍ക്ക് ധാരാളം സാമ്പത്തികസഹായങ്ങള്‍ നല്‍കുന്നു. ഇതിന്റെ ഫലം രാജ്യത്തിന്റ liquidation ആണ്. സമൂഹത്തോട് യാതൊരു ഉത്തരവാദിത്വവുമില്ലാത്ത വ്യക്തികള്‍ ആ സ്ഥാനം കയ്യടക്കുന്നു.

എന്തുചെയ്യണം

ഈ സാഹചര്യത്തില്‍ നാം എന്താണ് ചെയ്യേണ്ടത് എന്ന പ്രശ്നം ഉയര്‍ന്നുവരുന്നു. നാം മനസ്സിലാക്കേണ്ടത് നാം ജീവിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ വളരെ വ്യത്യസ്ഥമായ ഒരു ലോകത്താണ് എന്നതാണ്. സാമ്രാജ്യത്വം മുമ്പത്തെക്കാള്‍ ശക്തമായ ഒരു കാലത്താണ് എന്നു തിരിച്ചറിയുക പ്രധാനമാണ്. സാമ്രാജ്യത്വം നേരിട്ടുള്ള കൊളോണിയല്‍ രീതിയല്ല, പ്രയോഗിച്ചുകൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയുക പ്രധാനമാണ്. ആക്രമണത്തിനുവേണ്ടി ടാര്‍ജെറ്റ് ചെയ്യാന്‍ അത്തരം ഒരു രൂപം ഇല്ല. ഇറാക്കിന്റെ ആക്രമണത്തെ എടുക്കൂ. അതിന് കൃത്യമായ ഒരു ടാര്‍ജെറ്റ് ഇല്ല. വാസ്തവത്തില്‍ അദൃശ്യമായ ധനമൂലധനപ്രവാഹങ്ങളാണ് ഉള്ളത്. കമ്പോളത്തെ അക്രമിക്കുവാന്‍ നമുക്ക് ഒരു തോക്കുകൊണ്ട് സാധ്യമല്ല. നാം ജീവിക്കുന്നത് വളരെ വ്യത്യസ്ഥമായ വളരെ ബുദ്ധിമുട്ടേറിയ ഒരു ലോകത്താണെന്നതാണ് ഇത് നമ്മെ ബോധ്യപ്പെടുത്തുന്നത്.

തൊഴിലെടുക്കുന്നവരുടെ കര്‍ഷകരുടെ കര്‍ഷകതൊഴിലാളികളുടെ ദുരിതങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു എന്ന വസ്തുതയാണ് ഇന്ന് നിലവിലുള്ളത്. ഇത് ശക്തമായ പ്രതിരോധങ്ങള്‍ പടുത്തുയര്‍ത്തുന്നതിനുള്ള സാധ്യതകള്‍ സൃഷ്ടിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

ഏതൊരു പ്രതിരോധവും രൂപപ്പെടുത്തുന്നതില്‍ Organic Intellectuals ന്റെ പങ്ക് സുപ്രധാനമാണ്. ഇത് അടിസ്ഥാനപരമായി വിദ്യാസമ്പന്നരുടെ വിഭാഗമാണ്. വ്യത്യസ്തതയാര്‍ന്ന, അര്‍പ്പണമനോഭാവമുള്ള വിദ്യാസമ്പന്നരുടെ വര്‍ഗ്ഗം അടിച്ചമര്‍ത്തപ്പെടുന്ന അടിസ്ഥാന വിഭാഗത്തെ സംഘടിപ്പിക്കുന്നതിന് മുന്നില്‍ വരേണ്ടതുണ്ട്. ബൂര്‍ഷ്വാവര്‍ഗം, സാമ്രാജ്യത്വവുമായി കൂട്ടുചേര്‍ന്നു മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍, വിദ്യാസമ്പന്നര്‍, പലതരത്തിലും സാമ്രാജ്യത്വം ഒരുക്കുന്ന കെണിയില്‍, വീണുകൊണ്ട് സ്വന്തം ഉപജീവനത്തെ രൂപപ്പെടുത്തുവാന്‍ തന്നെ വളരെ ദയാരഹിതമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നതില്‍ ആകര്‍ഷണീയത കണ്ടെത്താന്‍ തയ്യാറാകുന്നു. അതുകൊണ്ടു തന്നെ Organic Intellectuals നെ തെരഞ്ഞെടുക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു പ്രക്രിയയായി മാറുന്നു. മാത്രമല്ല വിദ്യാഭ്യാസരംഗത്തെ സ്വകാര്യവത്ക്കരണവും വാണിജ്യവത്ക്കരണവും ഈ പ്രക്രിയയ്ക്ക് തടസ്സമാകുന്നു.

ഇതിനൊക്കെ സഹായകരമാകുന്ന വളരെ വിശാലമായ ഐക്യനിര വളര്‍ത്തിയെടുക്കേണ്ടതുണ്ട്. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനെതിരായ അജണ്ട മുന്നോട്ടുവച്ചു പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ഐക്യനിര. ഈ ഐക്യത്തില്‍ രാഷ്ട്രീയ ഉള്ളടക്കമുണ്ട്. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനെതിരായ രാഷ്ട്രീയ ഉള്ളടക്കം. ഈ കൂട്ടുകെട്ടില്‍ എല്ലാ തരത്തിലുള്ള സാമൂഹ്യസംഘടകളും എല്ലാത്തരം സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പുറത്തുനില്‍ക്കുന്ന, എന്നാല്‍ ജനങ്ങളുടെ താത്പര്യങ്ങള്‍ ശക്തമായി ഉയര്‍ത്തിപ്പിടിക്കുന്ന ഗ്രൂപ്പുകളും ഉള്‍പ്പെടണം. നിരവധി ഗ്രൂപ്പുകള്‍ പ്രാദേശികമായ സാമ്രാജ്യത്വവിരുദ്ധ സമരങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവയുമാകാം. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഒക്കെ തന്നെ വര്‍ഗപരമായ ഉള്ളടക്കം ഉണ്ട്. പ്രായോഗികമായ തലത്തില്‍ പ്രവര്‍ത്തിക്കുന്ന അത്തരം നിരവധി സംഘടനകളും ഗ്രൂപ്പുകളും, കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുക വഴി, സാമ്രാജ്യത്വവിരുദ്ധ സമരത്തിന് വിശാലമായ ഐക്യനിര വളര്‍ന്നുവരും.

ജനപക്ഷത്തുനിന്നുകൊണ്ട് പ്രായോഗികമായി നടത്തുന്ന ഏതൊരു ഇടപെടലും സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്കെതിരാണ്. അതുകൊണ്ട് പ്രായോഗിക പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ട്, ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കുന്നവര്‍ വ്യവസ്ഥയുടെ സ്വഭാവത്തെ മനസിലാക്കണം. അതുപോലെ സാമൂഹ്യവ്യവസ്ഥയെ വിമര്‍ശിച്ചുകൊണ്ട് വന്‍തോതിലുള്ള പ്രതിരോധനിര കെട്ടിപ്പെടുക്കുന്ന പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം തിരിച്ചറിയേണ്ടതാണ്. ഈ രീതിയില്‍ പ്രായോഗികമായ ഇടപെടലുകളിലൂടെ മാറ്റങ്ങള്‍ക്ക് വേണ്ടി മാറ്റങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരും വ്യവസ്ഥിതിക്കെതിരെ സമഗ്രമായ പ്രതിരോധനിര രൂപപ്പെടുത്തുന്നവരും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധം സാമ്രാജ്യത്വത്തിനെതിരെയുള്ള പ്രതിരോധ സമരം ആരംഭിക്കാനുള്ള മാര്‍ഗ്ഗമാണെന്നതില്‍ തര്‍ക്കമില്ല.

-പ്രഭാത് പട്‌നായിക് കടപ്പാട് PAG ബുള്ളറ്റിന്‍

Tuesday, May 27, 2008

വന്നെടി നാത്തൂനേ ഐ.പി.എല്‍

ബിപിഎല്‍കാര്‍ക്ക് അങ്ങനെ ഐപിഎല്‍ വന്നെടീ നാത്തൂനേ. ബിപിഎല്‍ എന്നു വെച്ചാലെന്താണെന്നോ? ബി പി എല്‍ ബിലോ പൊവേര്‍ട്ടിലൈന്‍. ദാരിദ്യ്രരേഖക്കു താഴെയുള്ളവര്‍. അക്ഷാംശരേഖയെക്കാളും രേഖാംശരേഖയെക്കാളും ജീവിതഗന്ധിയായ രേഖയാണ് നാത്തൂനേ അത്. ഇന്ത്യ തന്നെ ഒരു ബിപിഎല്‍ രാജ്യമാണ്. മൂന്നുനേരം ഭക്ഷണം കഴിക്കാന്‍ പോയിട്ട് അതൊന്നു കാണാന്‍ യോഗമുള്ളവര്‍ പോലും ന്യൂനപക്ഷമാണ്. ഇതാ നാത്തൂനേ. എല്ലാറ്റിനും അറുതിയായി. ദരിദ്രനാരായണന്മാരുടെ വയറ്റിലെ വിശപ്പുമാറ്റാന്‍ കണ്ണിന്റെ മുന്നിലേക്ക് ഒരു കളിയങ്ങിട്ടുതന്നു. എവിടെയോ ഇരിക്കുന്ന വലിയ കളിക്കാരന്‍. ഐപിഎല്‍ ഇന്ത്യന്‍പ്രീമിയര്‍ലീഗ്. ക്രിക്കറ്റിന്റെ ആധുനികമുഖമാണത്രേ. ഒന്നു പറഞ്ഞ് രണ്ടിന് കയറി ഒരു അടിയാണ്. ഓ മതി. സന്തോഷമായി. ബിപിഎല്‍കാര് ഇനി കുറേക്കാലം ഐപിഎല്‍ കണ്ട് വയറു നിറച്ചോളും.

സുനാമി, കത്രീനകൊടുങ്കാറ്റ്, നര്‍ഗ്ഗീസ് ചുഴലിക്കാറ്റ് തുടങ്ങിയവപോലെ ഐപിഎല്‍ ഭൂകമ്പവും പെട്ടെന്നായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് പിടികിട്ടുന്നതിനു മുമ്പ് ലേലം വിളിയും ചിട്ടിപിടിയ്ക്കലും ഒക്കെ കഴിഞ്ഞു. കളിക്കാരെ വീതിച്ചെടുത്തു. അടുത്ത ദിവസം മുതല്‍ കളിയും തുടങ്ങി. ആരാണ് എന്താണ് എന്നാണ് ഐപിഎല്‍ന്റെ അവസാനം എന്നതിനെക്കുറിച്ചൊന്നും നമ്മള്‍ ബിപിഎല്ലന്മാര്‍ക്ക് വ്യക്തതയില്ല. അല്ല അതിപ്പൊ ആര്‍ക്കുവേണം. നമുക്ക് കണ്ണിനുമുന്നില്‍ എന്തെങ്കിലുമൊക്കെ നടന്നുകൊണ്ടിരിക്കണം.

ഇതുവരെ നമുക്ക് ഏകദിനക്രിക്കറ്റിനെക്കുറിച്ചേ പിടിപാടുണ്ടായിരുന്നുള്ളൂ. കോഴികൂവുമ്പോ ഹാറ്റുംബാറ്റുമൊക്കെയായി ഗ്രൌണ്ടിലിറങ്ങുന്നു. ത്രിസന്ധ്യ വരെ കളിക്കുന്നു. നാളെ കാണാമെന്ന് പറഞ്ഞ് തിരിച്ചുകയറുന്നു. പക്ഷെ ഐപിഎല്‍ വ്യത്യാസമാണത്രെ. ട്വന്റി ട്വന്റിയാണത്രെ. ഫാസ്റ്റാണ്. ഓരോ ബോളിലും മിനിമം ഫോറെങ്കിലും അടിച്ചില്ലെങ്കില്‍ സംഗതി ബോറാകും.

രാജ്യത്തിനുവേണ്ടി കളിക്കുന്നതിനും ഐപിഎല്ലിനു വേണ്ടി കളിക്കുന്നതിനും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട് നാത്തൂനേ. അതില്‍ പ്രധാനവ്യത്യാസം ഐപിഎല്ലില്‍ ചോദിക്കാനും പറയാനും ഒരാളുണ്ടെന്നതാണ്. ജോലിക്കാര്‍ എങ്ങനെ പണിയെടുക്കുന്നു എന്നും നോക്കി ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് മുതലാളിമാര്‍ ചാടിത്തൂങ്ങുകയും കെട്ടിമറിയുകയുമൊക്കെ ചെയ്യും. രാജ്യത്തിനുവേണ്ടി കളിക്കുമ്പോള്‍ കളിക്കാര്‍ക്ക് പേടിക്കാനൊന്നുമില്ല. രണ്ടു റണ്ണേ എടുത്തുള്ളോ? സാരമില്ല. വിക്കറ്റൊന്നും കിട്ടിയില്ലേ? വിഷമിക്കണ്ട. കളിക്കാന്‍ പോയ രാജ്യത്ത് ഒന്നു കറങ്ങി കാറ്റും കൊണ്ട് ഒരു പിക്നിക് മൂഡില്‍ തിരിച്ചുവരാം. പാവം രാജ്യം. എന്തൊക്കെ സഹിച്ചു? കൂട്ടത്തില്‍ ഇതും എന്ന മട്ടില്‍ അങ്ങ് സഹിക്കും. പക്ഷെ നാത്തൂനേ ഐപിഎല്‍ അങ്ങനെയല്ല. തോറ്റാല്‍ ചിലപ്പോള്‍ വിവരമറിയും. മുതലാളിമാര്‍ ടീമിനെ വിറപ്പിച്ചു നിര്‍ത്തുന്ന വാര്‍ത്തകള്‍ നാത്തൂന്‍ വായിച്ചില്ലേ? കളിക്കാര്‍ക്ക് ആവേശവും ആത്മാര്‍ത്ഥതയും കൂടും.

എന്നു ടിവി തുറന്നാലും ക്രിക്കറ്റ് ആണെന്നതാണ് ഐപിഎല്ലും പരമ്പരാഗതഏകദിനവും തമ്മിലുള്ള മറ്റൊരു വ്യത്യാസം. പരമ്പരാഗതഏകദിനത്തിന്റെ മട്ടുംമാതിരിയും ഇങ്ങനെയാണ്. ഒരുദിവസം ന്യൂസിലാന്‍ഡ് ടീം ഇന്ത്യ സന്ദര്‍ശിക്കുന്നു. അവര്‍ സന്ദര്‍ശിച്ച് തിരിച്ചുപോകുമ്പോള്‍ പിന്നാലേ ഇന്ത്യന്‍ ടീം അങ്ങോട്ടുപോകുന്നു. അപ്പോഴുണ്ട് ആസ്ത്രേല്യന്‍ ടീംസൌത്ത് ആഫ്രിക്കന്‍ടീമുമായി എവിടെയോ വെച്ച് മത്സരിക്കുന്നു എന്നറിഞ്ഞ് ന്യൂസിലാന്‍ഡും ഇന്ത്യയും കൂടി അങ്ങോട്ടുതിരിക്കുന്നു. അവിടെ ഒരു ചതുര്‍രാഷ്ട്രം. ചതുര്‍രാഷ്ട്രത്തിനിടയില്‍ അറിയുന്നു ഇംഗ്ളണ്ടില്‍ ത്രിരാഷ്ട്രം നടക്കുന്നു എന്ന്. ഒരു വഴിയ്ക്കിറങ്ങിയതല്ലേ അവിടേം കൂടി ഒന്നു ടച്ചു ചെയ്തുപോരാം എന്ന് മനസ്സില്‍ കണ്ട് അങ്ങോട്ടൊരു യാത്രയായി. ചുരുക്കത്തില്‍ നമ്മുടെ കണ്‍വെട്ടത്തു നിന്ന് മാറിയാണ് അധികം കളിയും. കളി കഴിഞ്ഞു വരുമ്പോള്‍ ലഗേജില്‍ കുറേ റിക്കോര്‍ഡുകളും കാണും.

പക്ഷെ ഐപിഎല്‍ ക്രിക്കറ്റ് നമ്മുടെ വീട്ടുമുറ്റത്താണ്. കണ്ണടച്ചാലും ശരി ശബ്ദമെങ്കിലും കാതില്‍ വീഴും. ശത്രുരാജ്യത്തോട് കളിക്കുമ്പോഴുള്ള വീറിലാണ് ഓരോ കളിക്കാരനും. മറ്റൊരു രാജ്യത്തിനോട് കളിക്കുമ്പോള്‍ അവരെ കളിയാക്കും. അന്യരാജ്യമായതുകൊണ്ട് പെട്ടെന്ന് കയറി അടിക്കില്ലെന്ന് ധൈര്യമുണ്ട്. അഥവാ തല്ലിയാലും വിഷയം അന്തര്‍ദേശീയമാകും. പക്ഷെ ഐപിഎല്ലില്‍ തോറ്റവന് കൈകൊടുത്താലും ശരി കൈയോടെ കിട്ടും. കരച്ചിലാകും. അയ്യോ! ശ്ശെ ഇത്രേ ഉള്ളോ ഉശിരെന്ന് കാണുന്നവര്‍ മൂക്കത്ത് വിരല്‍ വെക്കും. പിന്നെ എന്‍ക്വയറി കമ്മീഷനായി. റിപ്പോര്‍ട്ടായി.

മനുഷ്യജീവിതത്തിനെ മുന്നോട്ടു കൊണ്ടുപോകുന്നതിനുവേണ്ടിയാണ് നാത്തൂനേ സ്പോര്‍ട്സും ഗെയിംസുമെല്ലാം. ഇവിടെ ജീവിതത്തിന്റെ കാഴ്ചകളില്‍ നിന്നുള്ള തിരിച്ചുവിടലായിരിക്കുകയാണ് പല കളികളും.

-കൃഷ്ണപൂജപ്പുര

സോഷ്യലിസത്തെക്കുറിച്ചൊരു പുനരാലോചന

സോഷ്യലിസവും സാമ്പത്തിക ഉദാരവല്‍ക്കരണവും ഒരേ ധൈഷണികമായ ഉറവിടത്തില്‍ നിന്നുള്ള രണ്ടു ഭാഗങ്ങളാണെന്നത് വിരോധാഭാസമായി തോന്നാം - ബൂര്‍ഷ്വാ സമൂഹം സ്വയം പ്രവര്‍ത്തന ക്ഷമവും സ്വയം ചലനാത്മകവുമായ സാമ്പത്തിക വ്യവസ്ഥയാണെന്ന ആദംസ്‌മിത്തിന്റെ ആശയത്തില്‍ നിന്നാണ് ഇത് രണ്ടും ഉദയം ചെയ്തത്. ഏതെങ്കിലും ഒരു പരമാധികാരിയുടെയോ സര്‍ക്കാരിന്റെയോ അനാവശ്യമായ ഇടപെടലിലൂടെ ഈ വ്യവസ്ഥയുടെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് തികച്ചും നിഷ്‌‌ഫലവും ഏറ്റവും വിനാശകരവുമായിരിക്കും; അത്തരം നിയന്ത്രങ്ങള്‍ ബൂര്‍ഷ്വാ സമൂഹത്തിന്റെ പ്രവര്‍ത്തനത്തിന്റെ സംയോഗത്തെത്തന്നെ തകര്‍ക്കും എന്ന് അദ്ദേഹം കരുതി. ഈ വ്യവസ്ഥയെ, തികച്ചും പ്രകൃതി നിയമങ്ങള്‍ക്കനുസൃതമായ, പുരോഗമനാത്മകവും കാരുണ്യപൂര്‍വ്വവുമായ, സാമൂഹ്യാഭിവൃദ്ധിക്കാവശ്യമായ ഒന്നായിട്ടാണ് ആദം സ്മിത്ത് ദര്‍ശിച്ചത്. അതിന്റെ പരിണിതഫലമായി "രാഷ്ട്രങ്ങളുടെ സമ്പത്തി''ന്റെ(Wealth of Nations) അഭിവൃദ്ധി എന്ന അര്‍ത്ഥത്തില്‍ ദോഷകരമല്ലാത്തതും ഉല്പാദനക്ഷമവുമായ "പുരോഗതി'' സാധ്യമാവുമെന്നും അദ്ദേഹം പറയുന്നു. ആയതിനാല്‍, അദ്ദേഹവും അദ്ദേഹത്തിന്റെ അനുയായികളും, മുതലാളിത്തത്തിനപ്പുറം ഒന്നുമില്ലെന്നും നാം ചരിത്രത്തിന്റെ അന്ത്യത്തില്‍ എത്തിയിരിക്കുകയാണെന്നുമുള്ള അവിതര്‍ക്കിതമായ നിഗമനത്തില്‍ എത്തിച്ചേരുന്നു. അതാണ്, ക്ലാസിക്കല്‍ അര്‍ത്ഥശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം''....... ചരിത്രമുണ്ട്, പക്ഷേ അത് ഇനി അല്പവും മുന്നോട്ടേയ്ക്കില്ല'' എന്ന് മാര്‍ക്സിന് പറയേണ്ടതായി വന്നത്.

സോഷ്യലിസത്തിനുവേണ്ടി

ബൂര്‍ഷ്വാ സമൂഹം സ്വയം പ്രവര്‍ത്തനക്ഷമവും സ്വയംചലനാത്മകവുമായ വ്യവസ്ഥയാണെന്ന് അംഗീകരിക്കുമ്പോള്‍തന്നെ, അത് കാരുണ്യപൂര്‍വവും പുരോഗമനാത്മകവുമായ ഒരു വ്യവസ്ഥയല്ല, മറിച്ച് തികച്ചും വിരുദ്ധമായ, ചൂഷണത്തിലധിഷ്ഠിതമായ, ഒരു വശത്ത് സമ്പത്തിന്റെ കനത്ത വളര്‍ച്ചയും മറുവശത്ത് ദുരിതത്തിന്റെ കനത്ത കൂമ്പാരവും പ്രദാനം ചെയ്യുന്ന ഒരു വ്യവസ്ഥയാണെന്ന് കാണേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ വ്യവസ്ഥ സൃഷ്ടിക്കുന്ന, ദുരിതപൂര്‍ണ്ണവും മനുഷ്യത്വരഹിതവുമായ പരിണത ഫലങ്ങള്‍, ഈ വ്യവസ്ഥയുടെ വിപ്ലവാത്മകമായ തകര്‍ത്തെറിയല്‍, അനിവാര്യമാക്കുന്നു.

തീര്‍ച്ചയായും ഇതായിരുന്നു മാര്‍ക്സിന്റെ വാദം. ക്ലാസിക്കല്‍ സമ്പദ്‌വ്യവസ്ഥയെ അതിന്റെ ആരംഭ ബിന്ദുവായി കണക്കാക്കുകയും എന്നാല്‍ കൂടുതല്‍ ആഴത്തില്‍, ക്ലാസിക്കല്‍ ചോദ്യങ്ങളുന്നയിച്ചുകൊണ്ട് പല നിഗമനങ്ങളിലും എത്തിച്ചേരുന്നു എന്നതുകൊണ്ടുതന്നെ, സോഷ്യലിസത്തിനു വേണ്ടിയുള്ള മാര്‍ക്സിന്റെ വാദം തികച്ചും ശാസ്ത്രീയമായിരുന്നു. ഒരു മുതലാളിത്ത വ്യവസ്ഥയും ഒരു സാങ്കല്പിക സോഷ്യലിസ്‌റ്റ് വ്യവസ്ഥയും ചേര്‍ത്തുവച്ച്, സോഷ്യലിസ്‌റ്റ് വ്യവസ്ഥയുടെ മാഹാത്മ്യം വിളമ്പുകയല്ല മാര്‍ക്സ് ചെയ്തത്. അതുപോലെ തന്നെ, ഉല്പാദന ഉപകരണങ്ങള്‍ പൊതു ഉടമയിലായിരിക്കുമ്പോഴും സമൂഹത്തിന് നന്നായി പുരോഗമിക്കാന്‍ കഴിയുമെങ്കില്‍ പിന്നെ, ചിലയാളുകള്‍ - മുതലാളിമാര്‍ - ലാഭം കുന്നു കൂട്ടുന്നതിന് എന്താണ് ന്യായീകരണം എന്ന ചോദ്യം വെറുതെ ചോദിക്കുകയല്ല ചെയ്തത്. ചുരുക്കത്തില്‍, രണ്ടു വ്യവസ്ഥകള്‍ തമ്മില്‍, ധാര്‍മ്മിക തലത്തില്‍ നിന്നുകൊണ്ട്, കേവലമായ ചില താരതമ്യം നടത്തി സോഷ്യലിസത്തിനുവേണ്ടി വാദിക്കുകയുമല്ല മാര്‍ക്സ് ചെയ്തത്. മനുഷ്യന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അന്വേഷണം ഏറ്റെടുക്കുകയാണ് ചെയ്തത്. വാസ്തവത്തില്‍ ഈ അന്വേഷണം മുതലാളിത്തത്തിനും അപ്പുറത്തേക്കെത്തുകയായിരുന്നു. അതുകൊണ്ടുതന്നെയാണ്, മാര്‍ക്സിസത്തെ, സോഷ്യലിസത്തിന്റെ അനിവാര്യത പ്രഖ്യാപിക്കുന്ന ഒരു സിദ്ധാന്തമായി മാത്രം കാണരുതെന്നു പറയുന്നത്.

മനുഷ്യന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അന്വേഷണം മുതലാളിത്തത്തിനകത്ത് പൂര്‍ത്തീകരിക്കാന്‍ കഴിയില്ല എന്നു പറയുന്നതും സോഷ്യലിസം അനിവാര്യമാണ് എന്നു പറയുന്നതും ഒന്നല്ല. പ്രശ്നം പ്രയോഗത്തിന്റേതാണ്; പ്രവചനത്തിന്റേതല്ല.
മാര്‍ക്സിന്റെ വാദം ഇതു മാത്രമായിരുന്നില്ല. കൂടുതല്‍ ആഴത്തിലേക്ക് അതിറങ്ങിച്ചെന്നു. മുതലാളിത്തം മനുഷ്യ സ്വാതന്ത്ര്യത്തിനെതിരാവുന്നത്, അത്, ഒരുവശത്ത് സമ്പത്തുല്പാദിപ്പിക്കുമ്പോള്‍ മറുവശത്ത് ദുരിതങ്ങളുല്പാദിപ്പിക്കുന്നു എന്നതുകൊണ്ടുമാത്രമല്ല. മനുഷ്യ സ്വാതന്ത്ര്യത്തിന്റെ മുന്‍ഉപാധികളായ, ഏറ്റവും ചുരുങ്ങിയ ഭൌതിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സാഹചര്യം മുതലാളിത്തം സൃഷ്ടിക്കുന്നില്ല എന്നതോ അസമത്വവും അരക്ഷിതത്വവും അതുല്പാദിപ്പിക്കുന്നു എന്നതോ മാത്രമല്ല. മറിച്ച്, ബാഹ്യമായ സമ്മര്‍ദ്ദ ശക്തികളുടെ ഉപകരണങ്ങളായി വ്യക്തികള്‍ മാറുന്ന ഒരു സ്വയം പ്രവര്‍ത്തക, സ്വയം പ്രേരിത വ്യവസ്ഥയ്ക്കകത്ത് മനുഷ്യനെ കുടുക്കിയിടുന്നു എന്നതുകൊണ്ടാണ് മുതലാളിത്തം മനുഷ്യവിരുദ്ധമാവുന്നത്. തൊഴിലാളികളെ സംബന്ധിച്ചുമാത്രമല്ല "മൂലധനത്തിന്റെ മൂര്‍ത്തീകരണം'' എന്ന് മാര്‍ക്സ് വിശേഷിപ്പിച്ച, മൂലധനത്തിന്റെ സഹജമായ പ്രവണതകള്‍ക്ക് മാധ്യസ്ഥം വഹിക്കുന്ന മനുഷ്യ ഏജന്റുമാര്‍ എന്ന് മാര്‍ക്സ് വിശേഷിപ്പിച്ച, മുതലാളിമാരെ സംബന്ധിച്ചും ഇത് ശരി തന്നെയാണ്.

വ്യക്തികളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ചല്ല ഈ വ്യവസ്ഥയുടെ പ്രവര്‍ത്തന ഫലങ്ങളുണ്ടാകുന്നത്. മാത്രവുമല്ല ഈ ആഗ്രഹങ്ങള്‍ തന്നെ വ്യക്തികളുടെ സങ്കല്പനങ്ങളോ സാമൂഹ്യപരമായ കാരണങ്ങളാല്‍ ഉണ്ടാകുന്നതോ അല്ല. മുതലാളിത്ത വ്യവസ്ഥയുടെ പ്രവര്‍ത്തനത്തിന്റെ യുക്തി തന്നെ അത് വ്യക്തികളെ പ്രചോദിപ്പിക്കുന്നു എന്നതാണ്. ലഭ്യമായ സാമ്പത്തിക വ്യവസ്ഥയ്ക്കകത്തുനിന്നും നിഷ്കാസനം ചെയ്യപ്പെടാനുള്ള സാദ്ധ്യത ഏറെയാണ് എന്നറിഞ്ഞുകൊണ്ടുതന്നെ നിങ്ങള്‍ക്കതിനെ നിരാകരിക്കാം. കഴിവുള്ളവന്റെ അതിജീവനം എന്ന് എല്ലാ മുതലാളിമാരും വിശ്വസിക്കുന്ന, പ്രയോഗവല്‍ക്കരിക്കുന്ന, ഡാര്‍വിന്‍ സിദ്ധാന്തത്തില്‍ നിന്നും കുതറി മാറാന്‍ ശ്രമിക്കുന്ന ഏതൊരു മുതലാളിയും മുതലാളി എന്ന നിലയ്ക്ക് നിഷ്ക്കാസനം ചെയ്യപ്പെടും എന്നതുപോലെ.

ചരക്കുപൂജയെക്കുറിച്ചുള്ള (Commodity fetishism) ചര്‍ച്ചയില്‍, മുതലാളിത്ത വ്യവസ്ഥയിലെ സാമൂഹ്യ ബന്ധങ്ങള്‍, വസ്തുക്കള്‍ തമ്മിലുള്ള ബന്ധമാണ് എന്നും, അതുകൊണ്ടുതന്നെ സാമൂഹ്യബന്ധങ്ങളുടെ ഫലമായി പ്രത്യക്ഷമാകുന്നത്, വസ്തുക്കളുടെ തന്നെ സഹജമായ ഗുണമാണെന്നും മാര്‍ക്സ് പറയുന്നുണ്ട്. വാസ്തവത്തില്‍, മുതലാളിത്തത്തിനു കീഴില്‍, മനുഷ്യര്‍ ഉള്‍പ്പെടെ ഒക്കെയും വസ്തുക്കളാണ്, ചരക്കുകളാണ്. റിക്കാര്‍ഡോയുമായി ബന്ധപ്പെടുത്തി മാര്‍ക്സ് പറയുന്നത് നോക്കുക: “ഈ പരികല്പനയില്‍ തൊഴിലാളികള്‍ തന്നെയും മുതലാളിത്ത ഉല്പാദനത്തിന്റെ ഭാഗമായി മാറുന്നു - തൊഴിലാളികളുടെ തന്നെയോ ഉല്പാദനത്തിന്റെയോ ലക്ഷ്യമല്ലാത്ത, കേവലം ഉല്പാദന ഉപകരണങ്ങള്‍.... നിരന്തരമായും നിശ്ചയമായും റിക്കാര്‍ഡോ ഈ പ്രവണതകളെക്കുറിച്ച് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ വലിയ ആക്രോശങ്ങളുണ്ടായി.”

വസ്തുവല്‍ക്കരണം, മുതലാളിത്ത പ്രതിഭാസങ്ങളായ ചരക്കുവല്‍ക്കരണം, അന്യവല്‍ക്കരണം എന്നിവയില്‍ നിന്നും വ്യത്യസ്തമാണ്. ഇത്, മുതലാളിത്തത്തില്‍, വസ്തുക്കള്‍ എങ്ങിനെ പ്രകടമാകുന്നുവെന്നതിനെയോ മൂലധനത്തിന്റെ അന്യവല്‍കൃത രൂപത്തില്‍ പ്രത്യക്ഷമാകുന്ന അദ്ധ്വാനത്തിന്റെ ഉല്പന്നമെന്ന യാഥാര്‍ത്ഥ്യത്തെയോ സംബന്ധിക്കുന്നതുമല്ല. മറിച്ച്, സ്വയം പ്രവര്‍ത്തക, സ്വയം പ്രേരകമായ വ്യവസ്ഥയ്ക്കകത്ത് സംജാതമാകുന്ന മൂലധനത്തിന്റെ സഹജമായ പ്രവണതകള്‍ക്ക് വഴിയൊരുക്കുന്ന മനുഷ്യ ഏജന്റുമാരെ സൃഷ്ടിക്കുന്നതു വഴി, മനുഷ്യരെ വിഷയങ്ങളല്ലാതാക്കുകയും കേവലം വസ്തു എന്ന തലത്തിലേക്ക് ചുരുക്കുകയും ചെയ്യുന്ന മുതലാളിത്ത പ്രതിഭാസത്തെയാണ് വസ്തുവല്‍ക്കരണം കൊണ്ടര്‍ത്ഥമാക്കുന്നത്. ഈ വസ്തുവല്‍ക്കരണം സ്വാതന്ത്ര്യത്തിന്റെ നിഷേധം തന്നെയാണ്. മനുഷ്യനെ വസ്തുവല്‍ക്കരിക്കുന്നു എന്നതുകൊണ്ടു തന്നെയാണ് മുതലാളിത്തം സ്വാതന്ത്ര്യവിരുദ്ധമാവുന്നത്. ഈ വസ്തുവല്‍ക്കരണത്തെ മറികടന്നുകൊണ്ട്, മനുഷ്യസ്വാതന്ത്ര്യത്തിന് വഴിയൊരുക്കുന്നത് സോഷ്യലിസം മാത്രമാണ്. അതിനുള്ള ഒരു മുന്‍ഉപാധി, ഉല്പാദനോപകരണങ്ങളുടെ പൊതു ഉടമസ്ഥതയാണ്.

വസ്തുവല്‍ക്കരണം അവസാനിപ്പിക്കല്‍

മേല്‍പറഞ്ഞ വാദം, സോഷ്യലിസത്തിന് അനുകൂലമായി സാധാരണയായി മുന്നോട്ടുവയ്ക്കുന്ന വാദങ്ങളില്‍നിന്നും അടിസ്ഥാനപരമായിത്തന്നെ വിഭിന്നമാണ്. ഈ വ്യത്യസ്തതയെ സംബന്ധിച്ച് ഊന്നിപ്പറയേണ്ടത് വളരെയേറെ പ്രധാനമാണ്. കാരണം ഈ വ്യത്യസ്തമായ വാദഗതികളില്‍ നിന്നാണ് സോഷ്യലിസത്തെ സംബന്ധിച്ച വ്യത്യസ്ത വീക്ഷണങ്ങള്‍ ഉരുത്തിരിഞ്ഞുവരുന്നത്. സാധാരണ ഗതിയിലുള്ള വാദമുഖങ്ങള്‍ രണ്ടുതരത്തിലുള്ളവയണ്. "ഉല്പാദന''വുമായി ബന്ധപ്പെട്ട വാദവും "വിതരണ''വുമായി ബന്ധപ്പെട്ട വാദവും. ആദ്യത്തെ വാദത്തെക്കുറിച്ചു നമുക്ക് പരിശോധിക്കാം. മുതലാളിത്തത്തിന് സവിശേഷമായുള്ള ഉല്പാദനബന്ധങ്ങള്‍ കാരണം ചില ഘട്ടങ്ങളില്‍ ഉല്പാദനശക്തികള്‍ നിശ്ചലമാകാറുണ്ട് അപ്പോള്‍ ഉല്പാദന ശക്തികളുടെ വികാസത്തെ മുന്നോട്ടുകൊണ്ടുപോകുന്നതാണ് സോഷ്യലിസം എന്നതാണ് സര്‍വസാധാരണമായ ഒരുവാദം; "ഉല്പാദനശക്തികളുടെ മുന്നേറ്റം'' എന്ന സോഷ്യലിസത്തെ സംബന്ധിച്ച വാദം മാര്‍ക്സിന്റെ നിരവധി കൃതികളില്‍ നിന്നും ഉരുത്തിരിഞ്ഞുവന്നതാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നാം; പ്രത്യേകിച്ചും അദ്ദേഹത്തിന്റെ പ്രസിദ്ധമായ "അര്‍ത്ഥശാസ്ത്ര നിരൂപത്തിനൊരു സംഭാവന'' യ്ക്കുള്ള മുഖവുരയില്‍ നിന്ന്. ഔദ്യോഗിക ചൈനീസ് സാഹിത്യത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് കുപ്രസിദ്ധമായ ഉപരിപ്ലവമായ ഈ വായനയാണ്. സോഷ്യലിസത്തെ സംബന്ധിച്ച ഏഴു ശതമാനം വളര്‍ച്ച സോഷ്യലിസവുമായി ചേര്‍ന്നു പോകുന്നു എന്ന മുന്‍ സോവിയറ്റ് പ്രധാനമന്ത്രി അലക്സി കോസിഗിന്റെ പരാമര്‍ശവും ഇതുപോലൊന്നാണ്.

എന്നാല്‍ മാര്‍ക്സാകട്ടെ 'ഉല്പാദന ശക്തികളെ' തികച്ചും ഭൌതികമായ അര്‍ത്ഥത്തിലല്ല കണ്ടത്. ഉല്പാദന ശക്തികളെ അതിന്റെ സാദ്ധ്യമായ ഏറ്റവും ഉയര്‍ന്ന തലത്തിലേക്കെത്തിക്കുന്നതോടെ ഉല്പാദന രീതി കാലഹരണപ്പെട്ടു പോകും എന്ന മാര്‍ക്സിന്റെ പരാമര്‍ശത്തെ അതിന്റെ തികച്ചും ഭൌതികമായ വ്യാഖ്യാനത്തില്‍ കാണുന്നത് ശരിയായിരിക്കില്ല. 'തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം' എന്ന കൃതിയില്‍ മാര്‍ക്സ് തന്നെ ഇതുന്നയിക്കുന്നുണ്ട്. "ഉല്പാദനത്തിന്റെ എല്ലാ ഉപകരണങ്ങളിലും വച്ച് ഏറ്റവും വലിയ ഉല്പാദനശക്തി വിപ്ലവകാത്മകമായ വര്‍ഗ്ഗം തന്നെയാണ്. വിപ്ലവാത്മക ശക്തികളെയെല്ലാം ഒരു വര്‍ഗ്ഗമെന്ന നിലയില്‍ സംഘടിപ്പിക്കുകയെന്നു പറയുമ്പോള്‍ പഴയ സമൂഹത്തിന്റെ ഗര്‍ഭപാത്രത്തില്‍ നിന്നും പിറന്നു വീഴേണ്ട എല്ലാ ഉല്പാദന ശക്തികളും നിലവില്‍ വന്നു കഴിഞ്ഞുവെന്നാണ് കരുതേണ്ടത്.'' വിപ്ലവകാരിയായ തൊഴിലാളിവര്‍ഗ്ഗം എന്നത് കേവലം ഒരു ഉല്പാദക ശക്തിയല്ല. മറിച്ച് ബൂര്‍ഷ്വാ സമൂഹത്തിലെ ഉല്പാദന ശക്തികളുടെ വികാസത്തിന്റെ ഏറ്റവും ഉന്നത തലത്തെ പ്രതിനിധാനം ചെയ്യുന്ന ശക്തിയാണ് അത്.”

മാര്‍ക്സിന്റെ ഈ പ്രസ്താവന, മനുഷ്യ മോചനത്തിന് സോഷ്യലിസം എത്രമാത്രം അനിവാര്യമാണെന്ന അദ്ദേഹത്തിന്റെ അവബോധത്തില്‍ നിന്നുള്ളതാണെന്നു കാണണം. മുതലാളിത്തത്തിനു കീഴിലുള്ള അസ്വതന്ത്രമായ മാനുഷികാവസ്ഥയില്‍ നിന്നുള്ള മോചനപോരാട്ടം ആരംഭിക്കുന്നത് ഈ അസ്വാതന്ത്ര്യത്തെക്കുറിച്ച് നാം അറിയുന്നതോടുകൂടിയാണ്, അതായത്, അസ്വാതന്ത്ര്യത്തിന്റെ അടിവേരുകളെക്കുറിച്ചുള്ള ആശയവാദപരമായ ധാരണയ്ക്ക് പകരം ശാസ്ത്രീയമായ ധാരണ ആരംഭിക്കുന്നതോടുകൂടിയാണ്, 'ആന്റി ഡ്യൂറിംഗി'ല്‍ എംഗല്‍സ് പറയുന്നുണ്ട്; "സ്വാതന്ത്ര്യം അനിവാര്യതയുടെ അംഗീകാരമാണ്.'' മുതലാളിത്ത ഉല്പാദന രീതിയുടെ വളരെ സ്വാഭാവികമായ ചലന നിയമങ്ങള്‍, ഈ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍, ഈ അനിവാര്യതയുടെ മേഖലയെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നു കാണാം. ഈ നിന്നുള്ള സ്വാതന്ത്ര്യം ആരംഭിക്കുന്നതും ഈ നിയമങ്ങളെക്കുറിച്ച് അറിയുന്നതോടുകൂടിയാണ്; വിപ്ലവകാരിയായ തൊഴിലാളി വര്‍ഗ്ഗത്തിന്റെ രൂപീകരണത്തോടുകൂടി അത് മൂര്‍ദ്ധന്യാവസ്ഥയിലെത്തുന്നു; വിപ്ലവകരമായ പ്രയോഗത്തിലേക്ക് ഈ അറിവിനെ വികസിപ്പിച്ചെടുക്കാന്‍ കഴിയുന്ന ഒരു തലത്തിലേക്ക് അത് എത്തിക്കുന്നു.

ഈ അറിവിന്റെ വികാസത്തിലേക്കുള്ള പ്രക്രിയയില്‍ സാമ്പത്തികക്കുഴപ്പം, സാമ്പത്തികമാന്ദ്യം തുടങ്ങിയ മുതലാളിത്ത വികാസത്തിന്റെ പ്രത്യേക ഘട്ടങ്ങളില്‍ ഈ അറിവിന്റെ സാധ്യതയുടെ പ്രായോഗികമായ തെളിവ് പ്രദാനം ചെയ്യുന്നു; എന്നാല്‍ സാമ്പത്തികക്കുഴപ്പങ്ങളും മാന്ദ്യങ്ങളും നിലനില്‍ക്കുന്നത് സോഷ്യലിസത്തിന് ആവശ്യമായ ഘടകമാണെന്നോ മുതലാളിത്തത്തിന്റെ പരിസമാപ്തി സാമ്പത്തിക മാന്ദ്യത്തിന്റെ അന്തിമ ഘട്ടത്തോടുകൂടിയാണെന്നോ പറയുന്നതുപോലെയല്ല ഇത്. (മാര്‍ക്സ് ഇങ്ങനെ പറയുന്നതായാണ് ബേണ്‍സ്‌റ്റൈന്റെ വ്യാഖ്യാനം; എന്നാല്‍ ഈ വാദഗതിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് - " യാതൊരു പ്രതീക്ഷയ്ക്കും വകയില്ലാത്ത ഒരു സ്ഥിതി എന്നത് മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം ഉണ്ടാവില്ല''എന്ന് ലെനിന്‍ പറഞ്ഞത്.)

"വിതരണ''വുമായി ബന്ധപ്പെട്ട വാദഗതിയുടെയും സ്ഥിതി ഇതുതന്നെയാണ്. മുതലാളിത്തത്തിന്‍ കീഴില്‍ സമത്വവും "വിതരണത്തിലെ നീതിയും'' കൈവരിക്കാനാവില്ല എന്ന കാര്യം സംശയാതീതമാണ്. അവയുടെ സാക്ഷാത്ക്കാരവും സോഷ്യലിസത്തിലേ സാധ്യമാകൂ. എന്നാല്‍ അവ രണ്ടും കൈവരിക്കലാണ് സോഷ്യലിസം എന്നു കരുതുന്നത് ശരിയായിരിക്കില്ല. ഒന്നുകൂടി ആവര്‍ത്തിക്കട്ടെ, മനുഷ്യവര്‍ഗ്ഗത്തിന്റെ വസ്തുവല്‍ക്കരണം അവസാനിപ്പിച്ച് സ്വാതന്ത്ര്യത്തിലേക്ക് നയിക്കാനാണ് സോഷ്യലിസം ലക്ഷ്യമിടുന്നത്.

ജനാധിപത്യത്തിന്റെ നിഷേധം

ബൂര്‍ഷ്വാ സമൂഹത്തിലെ, വ്യക്തികളുടെ വസ്തുവല്‍ക്കരണമെന്നത് അത്തരം സമൂഹങ്ങളിലെ രാഷ്ട്രീയ സമ്പദ്ഘടനയില്‍ മറഞ്ഞിരിക്കുന്ന ഒരു കാര്യമായി മാത്രം കണ്ടുകൂട. അത് അവരുടെ അസ്തിത്വത്തിലേക്കു തന്നെ വ്യാപിക്കുന്നുണ്ട്. മറ്റുമേഖലകളുമായി യാതൊരു ബന്ധവുമില്ലാതെ, സമ്പദ് വ്യവസ്ഥ ഒറ്റയ്ക്ക്, വേറിട്ടുനില്‍ക്കുന്നതുമില്ല. അത് മൊത്തം വ്യവസ്ഥയുടെ ഭാഗം മാത്രമാണ്. . മുതലാളിത്തത്തിന്റെ സഹജമായ പ്രവണതകള്‍ നിറവേറ്റപ്പെടണമെന്നുണ്ടെങ്കില്‍, അതിനനുസരിച്ച് വ്യവസ്ഥയ്ക്കകത്തെ എല്ലാ മേഖലകളും ഒരേപോലെ പ്രവര്‍ത്തിക്കേണ്ടതാവശ്യമാണ്. ഒരു ബൂര്‍ഷ്വാ സമൂഹത്തിലെ ഭരണകൂടം അതിന്റെ സഹജമായ വാസനകള്‍ നിറവേറുന്നതിനുള്ള സഹായങ്ങള്‍ ചെയ്തുകൊടുക്കും. വ്യവസ്ഥ നിലനിര്‍ത്തുന്നതിനുവേണ്ടി, ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍, അവയ്ക്കുമേല്‍ ചില നിയന്ത്രണങ്ങള്‍, അതും താല്‍ക്കാലികം മാത്രം, ഏര്‍പ്പെടുത്താന്‍ ഭരണകൂടം തയ്യാറാകുമെങ്കിലും മൂലധനത്തിന്റെ സഹജവാസനകള്‍ നിറവേറ്റുന്നതില്‍ നിന്നും തടയാന്‍ ഒരിക്കലും അതിന് കഴിയുകയില്ല. ഇക്കാരണം കൊണ്ടാണ് ബൂര്‍ഷ്വാ സമൂഹം മൌലികമായി ജനാധിപത്യവിരുദ്ധമാകുന്നത്. നിരന്തരം പരിവര്‍ത്തനാത്മകമായ സമ്പദ് ഘടനയും ഭരണകൂടവും തമ്മില്‍ ഭിന്നതയുണ്ടാകുന്ന, വളരെ സവിശേഷമായ ചുരുക്കം ചില സന്ദര്‍ഭങ്ങളിലൊഴികെ, സമ്പദ്ഘടനയുടെ മേഖലയില്‍ വസ്തുക്കളാകുവാനും രാഷ്ട്രീയ മേഖലയില്‍ വിഷയങ്ങളാകുവാനും മനുഷ്യര്‍ക്ക് കഴിയില്ല.

ജനാധിപത്യവിരുദ്ധം

ബൂര്‍ഷ്വാ സമൂഹം ജനാധിപത്യവിരുദ്ധമാണ് എന്നു പറഞ്ഞാല്‍ ഒറ്റനോട്ടത്തില്‍ അത് തികച്ചും വിചിത്രമായി തോന്നാം. കാരണം തങ്ങള്‍ക്കു മാത്രമേ ജനാധിപത്യം ഉറപ്പാക്കാന്‍ കഴിയുകയുള്ളൂ എന്നാണല്ലോ ബൂര്‍ഷ്വാസി എക്കാലവും അവകാശപ്പെട്ടുപോരുന്നത്. എന്നാല്‍ മനുഷ്യന്റെ ഇച്ഛാശക്തിയില്‍ നിന്നും ബോധത്തില്‍ നിന്നും വ്യത്യസ്തമായി, സ്വയം പ്രവര്‍ത്തനക്ഷമവും സ്വയം ചലനാത്മകവുമായ സാമ്പത്തിക വ്യവസ്ഥിതി എന്ന സങ്കല്പത്തിലടങ്ങിയിട്ടുള്ളത് മനുഷ്യ സ്വാതന്ത്ര്യത്തിന്റെ മാത്രമല്ല, ജനാധിപത്യത്തിന്റെതന്നെ നിഷേധമാണ് എന്നത് അവിതര്‍ക്കിതമായ വസ്തുതയാണ്. എന്നാല്‍, ഈ നിഷേധത്തെ നാനാവിധത്തില്‍ മൂടിവെയ്ക്കുകയാണ്. ഔപചാരികമായ ബൂര്‍ഷ്വാ ജനാധിപത്യം ജനങ്ങള്‍ രാഷ്ട്രീയ പ്രക്രിയയില്‍ വിഷയങ്ങള്‍ എന്ന നിലയില്‍ സജീവമായി ഇടപെടുന്നതിനെ തടയുന്ന പല അടരുകളായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ്.

നമ്മുടേതുപോലുള്ള സമൂഹത്തില്‍ ഈ വിശ്ളേഷം സ്ഥാപിക്കുന്ന പ്രക്രിയ, ഒരു പ്രത്യേക കാരണം മൂലം, സുതാര്യമായി മാറുന്നുണ്ട്. ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍, ബൂര്‍ഷ്വാ വാഴ്ചയുടെ ദൃഢീകരണം എന്ന ദശാസന്ധിയും കടന്ന് മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ട ശേഷമാണ് പ്രായപൂര്‍ത്തി വോട്ടവകാശം നിലവില്‍ വന്നത്. എന്നാല്‍ ഇന്ത്യയിലാവട്ടെ ബൂര്‍ഷ്വാ വാഴ്ചയുടെ ദൃഢീകരണത്തിനു മുന്‍പ്, സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം തന്നെ, പ്രായപൂര്‍ത്തി വോട്ടവകാശമുള്ള ബൂര്‍ഷ്വാ ജനാധിപത്യം നിലവില്‍ വന്നിരുന്നു. അതുകൊണ്ട്, നിലനില്‍ക്കുന്ന ജനാധിപത്യ സ്ഥാപനങ്ങള്‍ക്കും പ്രയോഗങ്ങള്‍ക്കും എതിരായ ഒരു 'പ്രതിവിപ്ലവം' സാദ്ധ്യമായി എങ്കില്‍ മാത്രമേ നമ്മുടേതുപോലെ ഒരു സമൂഹത്തില്‍ ബൂര്‍ഷ്വാ വാഴ്ചയുടെ ദൃഢീകരണം സാദ്ധ്യമാവൂ. ഈ പ്രതിവിപ്ലവം തീര്‍ച്ചയായും വന്‍കിട ബൂര്‍ഷ്വാസിയും സാമ്രാജ്യത്വവും തമ്മിലുള്ള ബന്ധത്തില്‍ ചില മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. കാരണം സാമ്രാജ്യത്വത്തിന്റെ പിന്തുണയില്ലാതെ ബൂര്‍ഷ്വാ വാഴ്ചയുടെ ദൃഢീകരണം സാദ്ധ്യമല്ല തന്നെ. (ഇന്തോ - യുഎസ് ആണവ കരാര്‍ ഈ മാറ്റത്തിന്റെ സൂചനകള്‍ നല്‍കുന്നുണ്ട്). പക്ഷെ, ജനങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനം ഇല്ലാതാക്കുന്നതുള്‍പ്പെടെ ജനാധിപത്യത്തിന്റെ മേഖലയില്‍ നടക്കുന്ന പ്രതിവിപ്ലവം പ്രകടമാണ്. (ജനങ്ങളോട് നേരിട്ടോ അല്ലാതെയോ കടപ്പെട്ടിരിക്കുന്ന നീതിന്യായ സംവിധാനം ഇക്കാര്യത്തില്‍ നേതൃത്വപരമായ പങ്കുവഹിക്കുന്നുണ്ടെന്നുകാണാം).

ബൂര്‍ഷ്വാ സമൂഹത്തില്‍ ജനാധിപത്യത്തിന്റെ അപചയത്തിനുള്ള വഴികള്‍ നിരവധിയാണ്. ഒന്ന്, ലെനിന്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ, ബ്യൂറോക്രസിയും പട്ടാളവും ഭരണകൂട ഉപകരണങ്ങളുടെ അടിത്തറയാവുകയും തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ കൂടുതല്‍ കൂടുതല്‍ ആലങ്കാരികമായി മാറുകയും ചെയ്യുന്നതോടുകൂടിയുള്ള ഭരണകൂടത്തിന്റെ ദുര്‍ബ്ബലപ്പെടല്‍. രണ്ട്, കൂട്ടായ പ്രായോഗിക പ്രവര്‍ത്തനം സാദ്ധ്യമല്ലാത്ത തരത്തിലുള്ള ജനങ്ങളുടെ വംശീയമോ ഭാഷാപരമോ മതപരമോ ആയ സംഘടിക്കലും അതല്ലെങ്കില്‍ കേവലം വ്യക്തിപരമായ പ്രശ്നങ്ങളിലേക്കു മാത്രമുള്ള ചുരുങ്ങലും. മൂന്ന് - ബൂര്‍ഷ്വാ വ്യവസ്ഥയെ ഉറപ്പിക്കുന്ന മദ്ധ്യവര്‍ഗ്ഗത്തെ പ്രീതിപ്പെടുത്തുക എന്ന ഒറ്റലക്ഷ്യം പിന്തുടരുന്ന വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ ഒക്കെ അജണ്ട ഒന്നാകുന്നതുകൊണ്ട് വോട്ടര്‍മാര്‍ക്ക് നിഷേധിക്കപ്പെടുന്ന തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളി 'വികസനം' എന്ന അജണ്ടയ്ക്ക് മുന്തിയ പ്രാധാന്യം ലഭിക്കുന്നതുകൊണ്ട് മിക്കവാറും രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറെക്കുറെ സമാനസ്വഭാവമുള്ള മുതലാളിത്താനുകൂല നയങ്ങള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാവുന്നത് ഇതിനു തെളിവാണ്.

ബഹുമാനമില്ലായ്മ

പൊതുജനാഭിപ്രായം തികച്ചും എതിരായിരുന്നിട്ടും ഇറാഖിലെ യുദ്ധം ഇപ്പോഴും തുടരുന്നത്, മുതലാളിത്ത ജനാധിപത്യത്തിനകത്ത് പൊതുജനാഭിപ്രായത്തിന് തരിമ്പും വിലകല്പിക്കപ്പെടുന്നില്ല എന്നതിന്റെ ദൃഷ്ടാന്തമാണ്. ഇക്കാര്യത്തില്‍ രാഷ്ട്രീയ കക്ഷികള്‍ക്കിടയില്‍ വലിയ അഭിപ്രായ വ്യത്യാസമൊന്നുമില്ല എന്നത് ശ്രദ്ധേയമാണ്. നാലാമത്തേത് ജനങ്ങള്‍ക്കിടയില്‍ വളര്‍ത്തപ്പെടുന്ന അരക്ഷിതബോധമാണ്. ഇത് ജനങ്ങള്‍ തമ്മിലുള്ള പരസ്പ വിശ്വാസം ഇല്ലാതാക്കുന്നു. തന്മൂലം കൂട്ടായ പ്രവര്‍ത്തനങ്ങള്‍ അസാധ്യമായ സ്ഥിതിവിശേഷം സംജാതമാവുന്നു. ഇതേ തുടര്‍ന്ന്, അക്രമത്തിലൂടെ നിലവിലുള്ള അവസ്ഥ തുടരുന്നതിനനുകൂലമായ സാഹചര്യം സംജാതമാവുന്നു. കടുത്ത മുതലാളിത്ത ചൂഷണത്തിനെതിരെ നിരന്തരം ചെറുത്തുനില്പുകള്‍ നടന്നുകൊണ്ടിരിക്കുന്ന ബൂര്‍ഷ്വാ സമൂഹത്തില്‍, അത്തരം അരക്ഷിത ബോധം മനുഷ്യ മനസ്സില്‍ സൃഷ്ടിക്കുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ല. സമൂഹത്തിലെ ഒരു വിഭാഗത്തിനെ മറ്റൊരു വിഭാഗത്തിനെതിരായി തിരിക്കുകയാണ് ചെയ്യുന്നത്. അഞ്ചാമത്തേത്, മാധ്യമങ്ങളും ജനപ്രിയ സംസ്കാരത്തിന്റെ വ്യാപാരികളും ബോധപൂര്‍വ്വം സമൂഹത്തില്‍ സൃഷ്ടിക്കുന്ന ജീര്‍ണ്ണതയാണ്. ഈ പട്ടിക ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്.

സോഷ്യലിസം, യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തിന്റെ സാക്ഷാത്കാരം തന്നെയാണ്. സോഷ്യലിസവും ജനാധിപത്യവും വിപരീതങ്ങളാണ് എന്നത് മുതലാളിത്തത്തിന്റെ പ്രചരണമാണ്. മറിച്ച്, ജനതയുടെ വസ്തുവല്‍ക്കരണത്തെ മറികടക്കാന്‍ ലക്ഷ്യമിടുന്ന സോഷ്യലിസമാണ് ജനാധിപത്യവുമായി ചേര്‍ന്നു നില്‍ക്കുന്നത്. സോഷ്യലിസത്തിന്‍ കീഴില്‍ മാത്രമെ ജനാധിപത്യം പൂത്തുലഞ്ഞ് നില്‍ക്കാന്‍ വേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടുന്നുള്ളൂ. അതിനുപരി, സോഷ്യലിസം തന്നെയാണ് ജനാധിപത്യത്തിന്റെ സമ്പൂര്‍ണ്ണമായ പൂക്കാലം. ഇതു സംബന്ധിച്ച് നമുക്ക് പിന്നീട് പരിശോധിക്കാവുന്നതാണ്. സോഷ്യലിസവും ജനാധിപത്യവും ഒത്തുപോകാത്തതാണ് എന്ന വാദഗതിയെ ന്യായീകരിക്കാന്‍ മുന്‍സോഷ്യലിസ്റ്റു രാജ്യങ്ങളിലെ പ്രവര്‍ത്തനാനുഭവങ്ങള്‍ ചൂണ്ടിക്കാണിക്കാറുണ്ട്. അതുകൊണ്ട് അതുസംബന്ധിച്ച് ചുരുക്കമായ ഒരു പരിശോധന നമുക്ക് ആദ്യം നടത്താം.

മുന്‍കാലാനുഭവങ്ങള്‍

മാനവരാശിയെ യുദ്ധത്തിന്റെ കെടുതികളില്‍ നിന്ന് രക്ഷിക്കുന്നതിനാണ്, വാസ്തവത്തില്‍, യുദ്ധം തന്നെ ഒരുക്കിയ അവസരത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് സോഷ്യലിസ്‌റ്റ് വിപ്ലവം അരങ്ങേറിയത്. താരമ്യേന പിന്നോക്കം നിന്നിരുന്ന രാജ്യത്താണ് സോഷ്യലിസ്‌റ്റ് വിപ്ലവം നടന്നത്. അതാകട്ടെ പൊടുന്നനെ സംഭവിച്ചതുമായിരുന്നു. യഥാര്‍ത്ഥത്തില്‍ പ്രതീക്ഷിച്ചപോലെ, ആ വിപ്ലവം മറ്റുരാജ്യങ്ങളിലേക്ക്, പ്രത്യേകിച്ചും വികസിത രാജ്യങ്ങളിലേക്ക്, വ്യാപിച്ചതുമില്ല. അങ്ങനെ, ആദ്യ സോഷ്യലിസ്റ്റു രാഷ്ട്രം ശത്രുക്കളാല്‍ വലയംചെയ്യപ്പെട്ടിരുന്നു. അതിന്റെ നിലനില്പിനുതന്നെ കടുത്ത പോരാട്ടം അനിവാര്യമായിരുന്നു. ഗ്രഹാം ദീനിന്റെ 'ദ ഹ്യുമന്‍ ഫാക്റ്റര്‍' എന്ന നോവലിലെ ഒരു കമ്മ്യൂണിസറ്റ് കഥാപാത്രം പറയുന്നപോലെ '1917 മുതല്‍ എന്റെ രാജ്യം യുദ്ധം ചെയ്യുകയാണ്'' എന്നതായിരുന്നു സ്ഥിതി. ഒറ്റപ്പെടുത്തലിന്റേതായ ഈ പശ്ചാത്തലത്തിലാണ്, അതായത് നാസി ജര്‍മ്മനി ഉള്‍പ്പെടെയുള്ള ശത്രുവലയത്തിന്റെ വെല്ലുവിളികളെ മറികടക്കുന്നതിനായി ഉല്പാദന ശക്തികളെ വികസിപ്പിക്കുന്നിനുള്ള ആശയറ്റ പരിശ്രമങ്ങളുടെയും രാജ്യത്തിന്റെ ഉല്പാദനശേഷി വര്‍ദ്ധിപ്പിക്കുന്നതിനു നടത്തിയ തീവ്രപരിശ്രമങ്ങളില്‍ നിന്ന് കര്‍ഷകജനത അകന്നു നിന്നതിന്റെയും പശ്ചാത്തലത്തിലുമാണ് സോവിയറ്റ് ഭരണകൂടത്തിന്റെ എല്ലാ സ്ഥാപനങ്ങളും സ്ഥാപിതമായത്. അങ്ങനെയാണ് തൊഴിലാളിവര്‍ഗ്ഗത്തിന്റെ സര്‍വ്വാധിപത്യത്തിന്റെ പേരില്‍, കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ സര്‍വ്വാധിപത്യത്തെ സ്ഥാനവല്‍ക്കരിക്കുന്നതിന് ഇടയായത്.

എന്നാല്‍ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള കാലത്ത് കൂടുതല്‍ രാഷ്ട്രങ്ങള്‍ സോവിയറ്റ് സഖ്യത്തിലേക്കു വന്നതോടെ ഈ ഒറ്റപ്പെടലിന് അറുതിയായി. എന്നാല്‍ ഈ പുതിയ സഖ്യരാഷ്ട്രങ്ങള്‍ താരതമ്യേന പിന്നോക്ക രാഷ്ട്രങ്ങളായിരുന്നു എന്നുമാത്രമല്ല, അവയില്‍ പലതും ഈ ചേരിയില്‍ വരാന്‍ ഇടയായത് , നാസിസത്തിനെതിരെ സോവിയറ്റ് ചെമ്പട നടത്തിയ വിജയകരമായ മുന്നേറ്റത്തിന്റെ ഫലമായിട്ടുമായിരുന്നു. സോവിയറ്റ് യൂണിയനു തുണയായി മാറേണ്ടിയിരുന്ന ഈ രാജ്യങ്ങള്‍ പലപ്പോഴും ഒരു ഭാരമായി മാറുകയായിരുന്നു. സോവിയറ്റ് യൂണിയന്റെ രാഷ്ട്രീയ സ്ഥാപനങ്ങളെ പുതുക്കിപ്പണിയേണ്ടിയിരുന്ന ഈ രാജ്യങ്ങള്‍ സോവിയറ്റ് "മാതൃക''യെ അതേപടി പകര്‍ത്തുകയുമാണുണ്ടായത്.

ഈ "മാതൃക'' സോവിയറ്റു വിപ്ലവം വിഭാവനം ചെയ്തിരുന്ന സോവിയറ്റ് ഭരണകൂടം സംബന്ധിച്ച കാഴ്ചപ്പാടില്‍ നിന്നും ഏറെ അകലെയായിരുന്നു എന്നതാണ് പ്രത്യക്ഷത്തില്‍ തന്നെയുള്ള വസ്തുത. വിപ്ലവത്തിന്റെ തൊട്ടുമുന്‍പുള്ള ദിനങ്ങളില്‍തന്നെ ലെനിന്‍ ഇങ്ങനെ പറഞ്ഞിരുന്നു: "ഇരുപതു ദശലക്ഷം ജനങ്ങളെയും ഉള്‍ക്കൊള്ളുന്നതല്ലെങ്കിലും, നിശ്ചയമായും പത്ത് ദശലക്ഷം ജനങ്ങളെയെങ്കിലും ഉള്‍ക്കൊള്ളുന്ന ഒരു ഭരണകൂട ഉപകരണം നമുക്കിപ്പോള്‍തന്നെ ചലനാത്മകമാക്കണം.'' ഇവിടെ ലെനിന്‍ വിഭാവനം ചെയ്തിരിക്കുന്നത് വളരെ വ്യക്തമായും വര്‍ഗ്ഗത്തിന്റേതായ ഒരു ഭരണകൂടമായിരുന്നു. ജനങ്ങളുമായി യാതൊരുബന്ധവുമില്ലാത്ത ഒരു ചെറിയ ഗൂഢസംഘം ജനലക്ഷങ്ങളെ ബാധിക്കുന്ന നിര്‍ണ്ണായകമായ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വപരമായ,ദുര്‍ബലമായ, ബൂര്‍ഷ്വാഭരണകൂടങ്ങളില്‍ നിന്നും വ്യത്യസ്തമായി തൊഴിലാളി വര്‍ഗ്ഗരാഷ്ട്രീയം പ്രയോഗവല്‍ക്കരിക്കുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റേതായ ഭരണകൂടമാണ് ഇവിടെ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ നിലവില്‍ വന്ന രാഷ്ട്രീയ സ്ഥാപനമാകട്ടെ, തികച്ചും കേന്ദ്രീകൃതമായ പാര്‍ട്ടി സര്‍വാധിപത്യത്തിന്റേതായിരുന്നു. അത് ക്രമേണ, തൊഴിലാളി വര്‍ഗ്ഗത്തെ മാത്രമല്ല പാര്‍ട്ടിയെയാകെതന്നെ അരാഷ്ട്രീയവല്‍ക്കരിച്ചു. (സോഷ്യലിസത്തില്‍ വിശ്വാസമില്ലാത്ത ഒരാള്‍ക്ക് സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാവാന്‍ കഴിഞ്ഞു എന്ന് നമ്മള്‍ പിന്നീടറിഞ്ഞു).

പുതിയ തരത്തിലുള്ള വസ്തുവല്‍ക്കരണം

ഇത് ചില സവിശേഷ പിഴവുകള്‍ മൂലമുണ്ടായതാണെന്നോ "വ്യക്തിഗതമായ ഘടകങ്ങള്‍'' മൂലമുണ്ടായതാണെന്നോ മറ്റൊരു വിധത്തിലാണ് എല്ലാം സംഭവിച്ചിരുന്നതങ്കില്‍ അങ്ങനെ സംഭവിക്കുമായിരുന്നില്ല എന്നോ ഇപ്പോള്‍പറയുന്നതിന് യാതൊരു പ്രസക്തിയുമില്ല. സോവിയറ്റ് സോഷ്യലിസത്തിന്‍ കീഴില്‍ മുഴുവന്‍ പേര്‍ക്കും തൊഴില്‍ നല്‍കുവാനും ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുവാനും ഒരു ബദല്‍ നയം രൂപീകരിക്കുവാനും മുതലാളിത്ത വ്യവസ്ഥയുടെ കീഴിലുണ്ടാകുന്ന വസ്തുവല്‍ക്കരണം ഇല്ലാതാക്കുവാനും കഴിഞ്ഞെങ്കിലും തികച്ചും ഒരു പുതിയ തരം വസ്തുവല്‍ക്കരണത്തിന് രൂപം നല്‍കുക കൂടി ചെയ്തു ആ വ്യവസ്ഥ. ഉല്പാദനോപകരണങ്ങളുടെ സ്വകാര്യ ഉടമസ്ഥതയുടെ സ്ഥാനത്ത് പൊതു ഉടമസ്ഥതയും (സാമൂഹിക ഉടമസ്ഥതയെന്നു പറയാം) ദേശീയ ആസൂത്രണത്തിലൂടെയുള്ള ചരക്കുല്പാദന രീതിയും നിലവില്‍വന്നതോടെ ബൂര്‍ഷ്വാ വസ്തുവല്‍ക്കരണം ഇല്ലാതാക്കുമെങ്കിലും സോഷ്യലിസ്‌റ്റ് സമൂഹത്തിലെ വിഷയങ്ങളാകുവാന്‍ രാഷ്ട്രീയ വ്യവഹാരത്തിലൂടെ മാത്രമേ ജനങ്ങള്‍ക്ക് കഴിയുകയുള്ളൂ. (തൊഴിലാളികള്‍ നിയന്ത്രിക്കുന്ന ഫാക്റ്ററികള്‍ സ്ഥാപിക്കുന്നതിലൂടെ ഈ ആത്മനിഷ്ഠത തിരികെ കൊണ്ടുവരാമെന്ന് വിശ്വസിച്ച യുഗോസ്ലാവ്യന്‍ മാതൃകയ്ക്കും ചരക്കുല്പാദനത്തെ മറികടക്കുവാനോ ബൂര്‍ഷ്വാ വസ്തുവല്‍ക്കരണം ഇല്ലാതാക്കുവാനോ കഴിഞ്ഞില്ല.) ജനങ്ങള്‍ക്ക് വിഷയങ്ങള്‍ എന്ന നിലയിലുള്ള പങ്കാളിത്തം ഒരിക്കലും ലഭിക്കില്ല എന്നാണ് തൊഴിലാളിവര്‍ഗ്ഗം അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നതിന്റെ അര്‍ത്ഥം. അവര്‍ ബൂര്‍ഷ്വാ വസ്തുവല്‍ക്കരണത്തില്‍ നിന്നും രക്ഷ പ്രാപിച്ചെങ്കിലും, മറ്റൊരുതരം വസ്തുവല്‍ക്കരണത്തിന്റെ കെണിയില്‍ അകപ്പെടുകയായിരുന്നു.

ഇതൊക്കെയാണെങ്കിലും പഴയ ആ സോഷ്യലിസ്റ്റ് സമ്പ്രദായത്തിന്റെ ഐതിഹാസികമായ നേട്ടങ്ങളെ തള്ളിക്കളയാന്‍ ആര്‍ക്കുമാവില്ല. അത് നിലനിന്ന സമൂഹങ്ങളില്‍ ആഭ്യന്തരമായുണ്ടായ വമ്പിച്ച നേട്ടങ്ങള്‍ക്കെല്ലാം ഉപരിയായി, ഫാസിസത്തെ പരാജയപ്പെടുത്താനും കോളനിവാഴ്ച അവസാനിപ്പിക്കാനും അരനൂറ്റാണ്ടിലേറെക്കാലം സാമ്രാജ്യത്വകൊള്ളയില്‍ നിന്നും ലോകത്തെയാകെ മോചിപ്പിക്കുവാനും ആ വ്യവസ്ഥിതിക്കു കഴിഞ്ഞു എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. തന്റെ കേംബ്രിഡ്ജ് സെമിനാറുകളില്‍ ജൊവാന്‍ റോബിന്‍സണ്‍ പറയാറുള്ളതുപോലെ, "സോവിയറ്റു യൂണിയന്‍ ഇല്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ നമുക്കിവിടെ ഇതുപോലെ ഇരിക്കാന്‍ ആകുമായിരുന്നില്ല.” എന്നാലും പഴയ സോഷ്യലിസം അതിന്റെ കാലഘട്ടത്തിന്റെ സൃഷ്ടിയായിരുന്നു എന്ന വസ്തുത അവശേഷിക്കുന്നു. മറ്റു പല കാര്യങ്ങളിലുമെന്നപോലെ ഇന്ന് കാലമാകെ മാറിയിരിക്കുകയാണ്. ഉദാഹരണത്തിന്, ലെനിന്റെ ചിന്തയെ ഏറെ സ്വാധീനിച്ച സാമ്രാജ്യത്വ രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത ഇന്ന് ഏറെക്കുറെ മയപ്പെടുത്തപ്പെട്ടിരിക്കുന്നു. ചുരുങ്ങിയപക്ഷം ഇക്കാരണത്താലെങ്കിലും ഇന്നത്തെ സോഷ്യലിസ്‌റ്റ് പദ്ധതി തികച്ചും വ്യത്യസ്തമായ അടിത്തറയിലായിരിക്കണം പടുത്തുയര്‍ത്തേണ്ടത്. മനുഷ്യന്റെ വസ്തുവല്‍ക്കരണത്തെ അതിജീവിക്കുകയെന്ന കാഴ്ചപ്പാട് സാക്ഷാത്ക്കരിക്കണമെങ്കിലും ഇത്തരത്തില്‍ ഒരു പുതുക്കിപ്പണിയല്‍ അനിവാര്യമാണ്.

ജനാധിപത്യത്തിന്റെ പൂക്കാലം

തീര്‍ച്ചയായും, അത്തരത്തിലുള്ള ഒരു പുതുക്കിപ്പണിയലിന്റെ കേന്ദ്രബിന്ദു രാഷ്ട്രീയ രംഗത്തുള്ള ജനങ്ങളുടെ ഇടപെടല്‍തന്നെ ആയിരിക്കണം. ശരിക്കുമുള്ള ജനാധിപത്യത്തില്‍ ഈ ജനകീയ ഇടപെടല്‍ അനിവാര്യമായിരിക്കെ, സോഷ്യലിസത്തെ ജനാധിപത്യം പൂത്തുലഞ്ഞു നില്‍ക്കുന്ന കാലമായി കാണാം. ഉല്പാദനോപാധികളുടെ പൊതു ഉടമസ്ഥതയെന്ന സാമ്പത്തികപരികല്പനയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല സോഷ്യലിസം, മറിച്ച് ജനങ്ങളുടെ രാഷ്ട്രീയ ഇടപെടല്‍ എന്ന അര്‍ത്ഥത്തില്‍ ശരിക്കുമുള്ള ജനാധിപത്യത്തിന്റെ കുത്തൊഴുക്കായിരിക്കണം സോഷ്യലിസം. സ്ഥിതിഗതികളെക്കുറിച്ചുള്ള ശരിയായ ധാരണ ഇല്ലായ്‌മ പലപ്പോഴും ഈ ഇടപെടലില്‍ പരിമിതികള്‍ക്കിടയാക്കും. ഇതില്‍ നിന്ന് പുറത്തുകടക്കാന്‍ വഴികളൊന്നും കാണാതിരിക്കുമ്പോള്‍ പുതിയ വഴിവെട്ടിത്തെളിക്കേണ്ടത്, കണ്ടെത്തേണ്ടത് വിപ്ലവപാര്‍ട്ടിയാണ്. ഓരോ ഘട്ടത്തിലും ഈ ജനകീയ രാഷ്ട്രീയ ഇടപെടല്‍ സുഗമമായി മുന്നോട്ടുകൊണ്ടുപോകാനുള്ള പാത കണ്ടെത്തേണ്ടത്, സോഷ്യലിസത്തിന്റെ യഥാര്‍ത്ഥ അന്തസത്തയായ ജനാധിപത്യത്തെ കെട്ടഴിച്ചുവിടുന്ന പ്രക്രിയ തടസ്സപ്പെടാതിരിക്കാനുള്ള പ്രായോഗിക രാഷ്ട്രീയ പ്രവര്‍ത്തനത്തിന് രൂപം നല്‍കേണ്ടത് വിപ്ലവ പാര്‍ട്ടിയാണ്. ജനങ്ങളുടെ സ്ഥാനത്ത് തങ്ങളെത്തന്നെ പകരംവെയ്ക്കുകയോ തങ്ങളുടെ സര്‍വാധിപത്യം നടപ്പാക്കുന്നതിനായി ജനങ്ങളെ അരാഷ്ട്രീയവല്‍ക്കരിക്കുകയോ അല്ല വിപ്ലവപാര്‍ട്ടിയുടെ കടമ; നേരെമറിച്ച്, ജനങ്ങളെ രാഷ്ട്രീയവല്‍ക്കരിച്ച് മുന്നോട്ടേയ്ക്കുള്ള ഓരോചുവടുവയ്പിലും അവരെ ശരിയായി നയിക്കുകയും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ രംഗത്തുനിന്ന് ജനങ്ങള്‍ അകറ്റപ്പെടുന്നില്ലയെന്ന് ഉറപ്പുവരുത്തലാണ് വിപ്ലവപാര്‍ട്ടിയുടെ കടമ.

എന്നാല്‍, ഇതിന് പാര്‍ട്ടിയെയും ജനങ്ങളെയും തമ്മില്‍ ബന്ധപ്പെടുത്തുന്നതിനുള്ള സ്ഥാപനങ്ങള്‍ക്ക് രൂപം കൊടുക്കുകയും വിപ്ലവപാര്‍ട്ടി മറ്റു പാര്‍ട്ടികളുമായി ബന്ധപ്പെടുകയും മാത്രം ചെയ്താല്‍ പോര. മാര്‍ക്സിത്തോടുള്ള ശരിയായ സമീപനവും പാര്‍ട്ടിക്ക് ആവശ്യമാണ്. പഴയ സോഷ്യലിസം മാര്‍ക്സിസത്തെ ഒരു മതഗ്രന്ഥത്തെയെന്നപോലെ തികച്ചും അടഞ്ഞ, സമ്പൂര്‍ണ്ണമായ ആരാധനാപൂര്‍വ്വവും പരിപാലിക്കപ്പെടേണ്ട ഒന്നായി മഹത്വവല്‍ക്കരിക്കുകയായിരുന്നു. പഴയ സോഷ്യലിസത്തിന്റെ രീതിയനുസരിച്ച്, മാര്‍ക്സിസം എന്ന ഒരു "സംഗതി'' ഉണ്ടായിരുന്നു (ലെനിനെയും ഇപ്രകാരം മഹത്വവല്‍ക്കരിച്ചിരുന്നതിനാല്‍, മാര്‍ക്സിസം - ലെനിനിസം എന്നു പറയാം) മാവോ അത് ചൈനയില്‍ "പ്രയോഗത്തില്‍'' വരുത്തി; അതേപോലെ നാം ഇന്ത്യയിലും അത് നടപ്പാക്കണം. അടിസ്ഥാനപരമായിതന്നെ തെറ്റായ ഈ സമീപനമാണ് നാളിതുവരെ നല്ലൊരുവിഭാഗം ഇടതുപക്ഷ ചിന്തയിലും ആധിപത്യം പുലര്‍ത്തിയിരുന്ന സവിശേഷത.

ഏകപക്ഷീയമായി "സിദ്ധാന്ത''ത്തെ "പ്രയോഗ''ത്തില്‍ നിന്നും വേര്‍തിരിക്കുന്നതിനാലാണ്, "പ്രയോഗ''വും സിദ്ധാന്തമാണ് എന്ന് അംഗീകരിക്കാത്തതിനാലാണ് ഈ സമീപനം തെറ്റായിരിക്കുന്നത്. ഇത്തരത്തില്‍ വേര്‍പെടുത്തുന്നതുമൂലം അത് മാര്‍ക്സിസത്തിന് സമ്പൂര്‍ണ്ണവും അടഞ്ഞതുമായ സിദ്ധാന്തമെന്ന നിലയില്‍ മതപരമായ പരിവേഷം നല്‍കുന്നു. അത് മാര്‍ക്സിസത്തെ പരിപോഷിപ്പിക്കാന്‍ ആവശ്യമായ സ്രോതസ്സുകളായി മനുഷ്യരാശി ആര്‍ജ്ജിച്ച (ആര്‍ജ്ജിച്ചു കൊണ്ടിരിക്കുന്ന) വിജ്ഞാനപുരോഗതിയെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നു. നേരെമറിച്ച് മാര്‍ക്സിസത്തെ മഹത്വവല്‍ക്കരിക്കാന്‍ ആവശ്യമായതെന്ന് സ്വയം കരുതുന്ന ചില കാര്യങ്ങളെ മാത്രം വിജ്ഞാനപുരോഗതിയുടെ മണ്ഡലത്തില്‍ നിന്നും ഏകപക്ഷീയമായും യാതൊരു ന്യായീകരണവുമില്ലാതെയും വേര്‍തിരിച്ചെടുക്കുന്നു. മറ്റെല്ലാ കാര്യങ്ങളെയും അപ്രസക്തമാണെന്നു പറഞ്ഞ് അവഗണിക്കുന്നു. അത്, ഇടതുപക്ഷ സൈദ്ധാന്തിക പഠനങ്ങളെ വിലകുറച്ചുകാണുകയും സര്‍ഗാത്മകതയെ നിരുത്സാപ്പെടുത്തുകയും ചെയ്യുന്നു. (ഈ സമീപനത്തിന്റെ മാതൃക ഇതാണ് '' - പ്രാധാന്യമുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും മാര്‍ക്സ് തന്നെ പറഞ്ഞുവച്ചിട്ടുണ്ട്; അവയെല്ലാം ശരിയാണെന്ന് സ്ഥാപിക്കാന്‍ വേണ്ട കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്നതിനപ്പുറം ഞാനെന്തു പറയാനാണ്??'')

ഇതൊക്കെയും ന്യായീകരിക്കപ്പെടുന്നത് "പാഠങ്ങള്‍'' നാം ഉപേക്ഷിച്ചാല്‍ പിന്നെ സിദ്ധാന്തങ്ങള്‍ ആര്‍ക്കും കൈകാര്യം ചെയ്യാമെന്നുവരുന്നത് പ്രായോഗിക പ്രവര്‍ത്തനത്തിന്റെ വഴിയില്‍ തടസ്സങ്ങളുണ്ടാക്കും എന്നു പറഞ്ഞാണ്. എന്നാല്‍ ഈ ന്യായീകരണങ്ങള്‍ അപ്പാടെ വിശ്വസിക്കാനാവില്ല. ഇതിന്റെ അര്‍ത്ഥം മഹത്വവല്‍ക്കരിക്കപ്പെട്ട മൂലകൃതികള്‍ക്കനുസരിച്ചല്ലാതെ ജനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവില്ലയെന്നാണ് . അങ്ങനെ, ഒരു മതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാതെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്നു പറയുന്നത് സോഷ്യലിസത്തിന്റെ ജ്ഞാനസിദ്ധാന്തത്തെതന്നെ അടിസ്ഥാനപരമായും നിഷേധിക്കലാണ്. സൈദ്ധാന്തികമായ മേഖലയില്‍ പൌരന്മാരെന്ന സ്ഥാനം ആര്‍ജിക്കാന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ സാമൂഹികവും രാഷ്ട്രീയവുമായ ജീവിതത്തിലും അവര്‍ക്ക് അതിന് സാധിക്കാത്ത സ്ഥിതിവരും. മതത്തിനോട് എന്നപോലെയുള്ള സമീപനമല്ല മാര്‍ക്സിസത്തോട് സ്വീകരിക്കേണ്ടത്; മാര്‍ക്സിസത്തെ അടിസ്ഥാനപരമായും ഒരു തുറന്ന വ്യവസ്ഥിതിയായി പരിഗണിക്കേണ്ടതുണ്ട്.

വര്‍ത്തമാനത്തെ മനസ്സിലാക്കല്‍

മറ്റൊരുവിധത്തില്‍ പറയുകയാണെങ്കില്‍, മാര്‍ക്സിസത്തെ പുനര്‍നിര്‍മ്മിക്കുന്നതിലൂടെ വര്‍ത്തമാനകാലത്തെ അറിയുവാനുള്ള ശ്രമമാണ് നമ്മള്‍ നടത്തുന്നത്. സമകാലികാവസ്ഥയെ ശരിയായവിധം അറിയുവാനുള്ള ഈ ഓരോ ശ്രമവും, അടഞ്ഞ പ്രമാണങ്ങളെ അടിസ്ഥാനമാക്കിയുള്ള സൈദ്ധാന്തിക പ്രയോഗമല്ല, മറിച്ച്, മാര്‍ക്സിസത്തെ പുനര്‍നിര്‍മ്മിക്കാനുള്ള ക്രിയാത്മകമായ പരിശ്രമമാണ്. അതിന്റെ സാധുത പരിശോധിക്കേണ്ടത് അത് "പാഠ''ത്തില്‍ നിന്നു വ്യതിചലിക്കുന്നുണ്ടോ ഇല്ലയോ എന്നു നോക്കിയിട്ടില്ല. അത് ശരിയാണോ അല്ലയോ എന്നു വിലയിരുത്തിയിട്ടാണ്. വര്‍ത്തമാന കാലത്തെ മനസ്സിലാക്കാന്‍ അത് നമ്മെ സഹായിക്കുന്നുണ്ടോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലാണ്. സോഷ്യലിസമെന്ന ലക്ഷ്യം ഏറ്റെടുത്ത് മുന്നേറാന്‍ ആഗ്രഹിക്കുന്ന ചിന്താശേഷിയുള്ള ഏതൊരാളും ഇത്തരത്തില്‍ മാര്‍ക്സിസത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുകയാണ്. അത്തരം മനുഷ്യര്‍ തമ്മില്‍ നടത്തുന്ന സംവാദങ്ങളെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ മാര്‍ക്സിസത്തെ പുനര്‍നിര്‍മ്മിക്കുന്നവയാണ്. മാര്‍ക്സും ലെനിനും മറ്റുള്ളവരും നമുക്ക് നല്‍കിയ സങ്കല്പനങ്ങളുടെ അടിസ്ഥാനത്തല്‍ വ്യത്യസ്തമായ വിധത്തിലുള്ള പ്രയോഗത്തിലൂടെ സമഗ്രത നേടാനുള്ള പരിശ്രമങ്ങളാണ് അവയെല്ലാം; പക്ഷെ അതൊന്നും ഈ അടിസ്ഥാന സങ്കല്പനങ്ങള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കണമെന്ന നിര്‍ബന്ധവുമില്ല (വിജ്ഞാനത്തിലെ മുന്നേറ്റത്തിലൂടെ മാര്‍ക്സിസം നിരന്തരം പുഷ്ടിപ്പെട്ടുകൊണ്ടിരിക്കണം എന്നാണ് ഇതിനര്‍ത്ഥം).

ഇങ്ങനെ, സംവാദങ്ങള്‍ കൊണ്ട് സമ്പന്നമായ അന്തരീക്ഷത്തിലാണ് വിപ്ലവപാര്‍ട്ടി പ്രവര്‍ത്തിക്കേണ്ടത്. ഇങ്ങനെ മാത്രമെ വര്‍ത്തമാനകാലത്തെ വിലയിരുത്തുമ്പോള്‍ ഭീമമായ പിശകുകള്‍ സംഭവിക്കാതിരിക്കാനുള്ള ജാഗ്രത പുലര്‍ത്താന്‍ പാര്‍ട്ടിക്കു കഴിയുകയുള്ളൂ. ഒരു വിപ്ലവ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ശാസ്ത്രീയമായ തുറന്ന ചര്‍ച്ചകളാണ് അതിന്റെ ജീവവായു. അത്തരത്തിലുള്ള ചര്‍ച്ചകളുടെ അഭാവത്തില്‍ അതിന്റെ നിലനില്പുതന്നെ അസാധ്യമാണ്. എന്നാല്‍ ഇത്തരം തുറന്ന ചര്‍ച്ചകള്‍ക്ക് പരിപൂര്‍ണ്ണമായ ബൌദ്ധിക സ്വാതന്ത്ര്യംമാത്രം പോര; മറിച്ച് വൈവിധ്യപൂര്‍ണ്ണമായി അഭിപ്രായങ്ങള്‍ നിലനില്‍ക്കുകയും വേണം (വ്യത്യസ്തമായ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലനില്‍ക്കേണ്ടതും ആവശ്യമാണ്) അതുപോലെതന്നെ വിപ്ലവപാര്‍ട്ടിയുടെ സംഘടനാതത്വമായ "ജനാധിപത്യകേന്ദ്രീകരണം'' എന്ന സങ്കല്പനത്തിന് പുനര്‍നിര്‍വചനം നല്‍കേണ്ടതും ആവശ്യമാണ്. ബ്രെസ്‌റ്റ്-ലിത്തോവ്സ്ക് കരാറിനെ എതിര്‍ത്ത ബുഖാറിനും മറ്റ് "ഇടതുപക്ഷ കമ്യൂണിസ്റ്റുകാര്‍''ക്കും വിപ്ലവാനന്തര കാലഘട്ടത്തിലെ ഏറ്റവും വിഷമം പിടിച്ച കാലഘട്ടത്തില്‍പ്പോലും "കമ്യൂണിസ്‌റ്റ്'' എന്ന പേരില്‍ സ്വന്തമായി പത്രംപ്രസിദ്ധീകരിക്കാനും നിലപാടുകള്‍ക്കെതിരായി അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കാനും കഴിഞ്ഞിരുന്നു എന്ന കാര്യം നാം ഓര്‍ക്കണം. ബോള്‍ഷെവിക് പാര്‍ട്ടിയുടെ സംഘടനാതത്വം "ജനാധിപത്യകേന്ദ്രീകരണം'' ആയിരിക്കണം എന്ന അഭിപ്രായം മുറുകെപ്പിടിച്ചിരുന്ന ലെനിന്‍പോലും ഇടതുപക്ഷ കമ്യൂണിസ്റ്റുകാരുമായി അതിരൂക്ഷമായ സംവാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നപ്പോള്‍തന്നെ, അവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്ത് അവരെ നിശ്ശബ്ദരാക്കിയിരുന്നില്ല. ഭിന്നാഭിപ്രായമുള്ളവരെ ഇങ്ങനെ നിശ്ശബ്ദരാക്കുന്ന ഇത്തരം നടപടികള്‍ പില്ക്കാലത്ത് കടന്നുകൂടിയ അനഭിലഷണീയമായ പ്രവണതയാണ്.

പഴയ സോഷ്യലിസത്തിന്‍ കീഴില്‍ പാര്‍ട്ടിയുടെ സര്‍വാധിപത്യത്തിന് ന്യായീകരണം കണ്ടെത്തിയത് "സിദ്ധാന്ത''വും “രാഷ്ട്രീയ”വും തമ്മിലുള്ള വൈരുദ്ധ്യത്തിലൂന്നിയാണ്; ഇവിടെ, “സിദ്ധാന്ത”മെന്നത് നേതൃനിരയിലുള്ള കുറച്ചുപേരുടെ മാത്രം സ്വകാര്യ ഏര്‍പ്പാട് ആയിരുന്നുവെങ്കില്‍ “രാഷ്ട്രീയം” എന്നത് സിദ്ധാന്തം പറയുന്നതിന്‍പടി, യാതൊരുത്സാഹവുമില്ലാതെ, യാന്ത്രികമായി, ജനങ്ങള്‍ പങ്കെടുത്തിരുന്ന ഒരു മണ്ഡലമായിരുന്നു. ഈ സങ്കല്പനത്തില്‍, 'സിദ്ധാന്തം' എന്നത് തികച്ചും അടഞ്ഞ ഒരു സംവിധാനമായിരുന്നു. സിദ്ധാന്തത്തെ തുറന്നസംവിധാനമായി നാം കാണുകയും "സിദ്ധാന്ത''വും "രാഷ്ട്രീയ''വും തമ്മില്‍ അഥവ "സിദ്ധാന്ത''വും "പ്രയോഗ''വും തമ്മില്‍ അഥവാ "സൈദ്ധാന്തിക''രും "പ്രായോഗിക പ്രവര്‍ത്ത''കരും തമ്മില്‍ ഉള്ള വൈരുദ്ധ്യങ്ങള്‍ പരിഹരിച്ചാല്‍ പാര്‍ട്ടി സര്‍വാധിപത്യത്തിന്റെ ബൌദ്ധികമായ അടിത്തറതന്നെ നീക്കം ചെയ്യാനാവും.

സോഷ്യലിസത്തെ സംബന്ധിച്ച് ഉന്നയിക്കപ്പെടുന്ന അടിസ്ഥാനപരമായ പ്രശ്നം, സോഷ്യലിസ്‌റ്റ് സമൂഹത്തില്‍ തൊഴിലെടുക്കുന്നതിനുള്ള പ്രചോദനത്തെക്കുറിച്ചാണ് ഫ്യൂഡല്‍ സമൂഹത്തില്‍, ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും സമ്മര്‍ദ്ദവും അതിനു തുണയായി ബലപ്രയോഗവും നടത്തിയാണ് ആളുകളെക്കൊണ്ട് പണിയെടുപ്പിച്ചിരുന്നത്. അടിയാളന്മാര്‍ ഭൂപ്രഭുക്കന്മാരുടെ പാടങ്ങളില്‍ പണിയെടുക്കാതിരിക്കുകയോ ഉല്പന്ന പാട്ടം കൊടുക്കാതിരിക്കുകയോ ചെയ്താല്‍ കായികമായി ശിക്ഷിക്കപ്പെടുമായിരുന്നു; തന്റെ സ്വന്തം പാടത്ത് കഠിനാദ്ധ്വാനം നടത്തിയില്ലെങ്കില്‍, പാട്ടംകൊടുത്തുകഴിഞ്ഞാല്‍ അയാള്‍ക്ക് പട്ടിണിയെ ശരണം പ്രാപിക്കേണ്ടതായി വരുമായിരുന്നു.

കരുതല്‍ സേന

ഒരു മുതലാളിത്ത സമൂഹത്തില്‍ തൊഴില്‍ കമ്പോളത്തിലെ കരുതല്‍ സേനയുടെ സമ്മര്‍ദ്ദം ജനങ്ങളെ തൊഴിലെടുക്കാന്‍ നിര്‍ബന്ധിതരാക്കുന്നുണ്ട്. ഒരു തൊഴിലാളി "പണിയെടുക്കാത്ത അലസനോ'', "കുഴപ്പക്കാരനോ'' എന്ന് സംശയിക്കപ്പെട്ടാല്‍ അയാളെ അപ്പോള്‍തന്നെ പിരിച്ചുവിടും. തല്‍സ്ഥാനത്ത് മറ്റൊരാളെ അപ്പോള്‍തന്നെ നിയമിക്കുകയും ചെയ്യും; തൊഴിലാളികളുടെ കരുതല്‍സേന നിലനില്‍ക്കുന്നതുകൊണ്ട് അതിന് അല്പവും ബുദ്ധിമുട്ട് ഉണ്ടാവില്ല. എന്നാല്‍, എല്ലാവര്‍ക്കും തൊഴില്‍ ലഭ്യമാവുന്ന, ക്ഷേമ നടപടികള്‍ ലഭ്യമാവുന്ന സോഷ്യലിസ്‌റ്റ് വ്യവസ്ഥയില്‍, മുതലാളിയുടെ ചാട്ടവാറിനെയോ തൊഴിലില്ലായ്മയെയോ ഭയപ്പെടേണ്ടാത്ത തൊഴിലാളിക്ക് തൊഴിലെടുക്കാനുള്ള പ്രചോദനം എന്താണ്? ചിലര്‍ നിര്‍ദ്ദേശിക്കുന്നത് പാര്‍ട്ടി സര്‍വാധിപത്യത്തിലൂടെ പ്രകടിപ്പിക്കപ്പെടുന്ന രാഷ്ട്രീയ സമഗ്രാധിപത്യം സോഷ്യലിസ്റ്റു സമൂഹത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അനുപേക്ഷണീയമാണെന്നാണ്. കാരണം, ഈ സംവിധാനത്തില്‍ ഏറെക്കുറെ പൂര്‍ണ്ണമായും തൊഴില്‍ ലഭ്യതയുണ്ട്; ക്ഷേമനടപടികള്‍ ഒട്ടേറെയുണ്ട്; അതായത് അത്തരം ഒരു സമൂഹത്തില്‍ ബലപ്രയോഗത്തിന്റെ സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കേണ്ടതുണ്ടെന്നാണ്.

അച്ചടക്കത്തിന്റെ ഉപകരണങ്ങള്‍

മുകളില്‍ പറഞ്ഞതിന് ബദലായി, (പിന്നീട് ഗോര്‍ബച്ചേവിന്റെ ഭരണകാലത്ത് സോവിയറ്റ് യൂണിയനില്‍ നടപ്പാക്കിയതിനു സമാനമായ) ചില പരീക്ഷണങ്ങള്‍ പഴയ യൂഗോസ്ലാവിയയില്‍ നടത്തുകയുണ്ടായി. തൊഴിലാളികള്‍ തന്നെ നിയന്ത്രിക്കുന്ന ഫാക്ടറികളില്‍ അലസന്മാരായ തൊഴിലാളികളെ ഉയര്‍ന്ന തൊഴില്‍ സംസ്ക്കാരം ഉള്ളവരാക്കി മാറ്റുന്നതിന് തൊഴിലാളി സംഘങ്ങളെത്തന്നെ ചുമതല ഏല്‍പ്പിച്ചിരുന്നു. തങ്ങളുടെ സഹപ്രവര്‍ത്തകരില്‍ നിന്നുള്ള സാമൂഹിക സമ്മര്‍ദ്ദം തൊഴിലാളികള്‍ക്ക് പണിയെടുക്കാനുള്ള പ്രചോദനമായി. ഗോര്‍ബച്ചേവിന്റെ കാലഘട്ടത്തിലാകട്ടെ, സര്‍ക്കാരും തൊഴിലാളികളുടെ കൂട്ടായ്മയും തമ്മില്‍ കരാറുകള്‍ ഒപ്പിടുമ്പോള്‍, തൊഴില്‍ ചെയ്യാനുള്ള പ്രചോദനം നല്‍കുന്നതിന്റെ ഉത്തരവാദിത്വം സര്‍ക്കാരില്‍ നിന്ന് തൊഴിലാളി സംഘങ്ങള്‍ക്കു കൈമാറി. എന്നാല്‍ യുഗോസ്ലാവ് സോഷ്യലിസത്തില്‍ തൊഴിലില്ലായ്‌മ ഗണ്യമായി വര്‍ദ്ധിച്ചു; അതുകൊണ്ടുതന്നെ സമ്മര്‍ദ്ദതന്ത്രം പേരിനുമാത്രമാവുകയും, "പുറത്താക്കല്‍'' ഭീഷണി യാഥാര്‍ത്ഥ്യമാവുകയും ചെയ്തു. സോവിയറ്റു പരീക്ഷണമാകട്ടെ, അധികനാള്‍ നീണ്ടുനിന്നില്ല. അത് തുടര്‍ന്നിരുന്നെങ്കില്‍ പോലും അതിനും യുഗോസ്ലാവ് സമ്പ്രദായത്തിന്റെ ഗതിതന്നെ വരുമായിരുന്നു.

യുഗോസ്ലാവ് നേതൃത്വം സ്ഥിരമായി പറഞ്ഞു കൊണ്ടിരുന്നത് തൊഴിലാളികളുടെ മാനേജ്‌മെന്റ് സാമൂഹിക സ്വത്തിനെ നിഷേധിക്കുന്നില്ലെന്നാണ്. സാമൂഹിക സ്വത്തിന്റെ നിയന്ത്രണവും മേല്‍നോട്ടവും തൊഴിലാളികള്‍ക്കാവുന്നു എന്നു മാത്രമാണ്. ഓരോ ഫാക്ടറിയെയും അടിസ്ഥാനമാക്കി തൊഴിലാളികളുടെ സംഘങ്ങള്‍ക്ക് ആ സാമൂഹിക സ്വത്തിന്റെ മാനേജ്‌മെന്റ് ഏല്‍പ്പിച്ചുകൊടുക്കുക മാത്രമാണെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് തൊഴിലാളി വര്‍ഗ്ഗത്തിന്റെ ശകലീകരണമാണ്. വ്യക്തികളെന്ന നിലയില്‍ ശകലീകരിക്കപ്പെട്ടില്ലെങ്കിലും ഓരോ ഫാക്ടറിയിലെയും തൊഴിലാളി സംഘങ്ങളായി ശകലീകരിക്കപ്പെട്ടു. വ്യത്യസ്ത ഫാക്ടറികളുടെ മാനേജ്‌മെന്റ് വ്യത്യസ്ത തൊഴിലാളി സംഘടനകള്‍ക്കായതിനാല്‍ അവര്‍ തമ്മിലുള്ള ബന്ധം കമ്പോളമാണ് നിര്‍ണ്ണയിച്ചിരുന്നത്. "കമ്പോള സോഷ്യലിസം'' എന്നാല്‍ നാണയപ്പെരുപ്പം, തൊഴിലില്ലായ്മ, വമ്പിച്ച അസമത്വം തുടങ്ങിയ ചരക്കുല്‍പ്പാദകമായ ബൂര്‍ഷ്വാ സമൂഹങ്ങളില്‍ നിലനിന്ന സര്‍വ സവിശേഷതകളും പുനരുല്‍പ്പാദിപ്പിക്കുന്ന ചരക്കുല്‍പ്പാദനത്തിന്റെ രൂപം മാത്രമണ്. "കമ്പോള സോഷ്യലിസം'' എന്ന വാക്കില്‍ തന്നെ വൈരുദ്ധ്യം അടങ്ങിയിട്ടുണ്ട്; സോഷ്യവിസത്തിന്റെ നിഷേധംതന്നെ അതിലുണ്ട്. (അതായത്, ചില പ്രത്യേക ആവശ്യങ്ങള്‍ക്കായി സോഷ്യലിസ്‌റ്റ് സമൂഹത്തില്‍ കമ്പോളത്തെ ഉപയോഗിക്കാമെന്ന ആശയത്തില്‍ തെറ്റില്ലെങ്കിലും അടുത്തയിടെയായി ചൈന പറഞ്ഞുകൊണ്ടിരിക്കുന്ന "സോഷ്യലിസ്‌റ്റ് ചരക്ക് ഉല്പാദനം'' എന്ന സങ്കല്പനം നിലനില്‍ക്കുന്നതല്ല.)

ഒരു സോഷ്യലിസറ്റ് സമൂഹത്തില്‍ തൊഴിലെടുക്കാനുളള പ്രചോദനത്തിന്റെ അടിത്തറയായി വര്‍ത്തിക്കേണ്ടത് സാമൂഹ്യപ്രതിബദ്ധതയാണ്. (തൊഴില്‍തന്നെ ആനന്ദം പകരുന്നതായിരിക്കണം എന്ന വാസ്തവം നിലനില്‍ക്കേതന്നെ) തൊഴില്‍ പ്രചോദനത്തെ സംബന്ധിച്ച് മേല്‍ചൂണ്ടിക്കാണിച്ച ചര്‍ച്ചകളിലെല്ലാം തന്നെ തൊഴിലാളികള്‍ പ്രചോദിതരാവുന്നത് വ്യക്തിപരമായ സ്വാര്‍ത്ഥ താല്‍പര്യത്തിലൂടെമാത്രമണെന്ന് മുന്‍വിധിയിലൂന്നി, തൊഴിലെടുക്കുന്നതിന് അവരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതാണ് കാണാന്‍ കഴിയുന്നത്. പഴയ സോഷ്യലിസത്തിന്റെ മുന്നിലുള്ള കൃത്യമായ യാഥാര്‍ത്ഥ്യത്തിന്റെ പ്രതിഫലനമാകാം ഇത്; എന്നാല്‍ അതിന് സോഷ്യലിസ്റ് സമൂഹത്തിന്റെ അടിത്തറയാകാനാവില്ല. തീര്‍ച്ചയായും യഥാര്‍ത്ഥ സോഷ്യലിസ്റ് സമൂഹത്തില്‍ സാമൂഹിക പ്രതിബദ്ധത ഉണ്ടാകേണ്ടതും ബൂര്‍ഷ്വാ സമൂഹം വളര്‍ത്തിയെടുക്കുന്ന സ്വാര്‍ത്ഥ താല്പര്യങ്ങളെ അതിജീവിക്കേണ്ടതും അനിവാര്യമാണ്. അത്തരത്തിലുളള വ്യക്ത്യധിഷ്ഠിത പ്രേരണകളെ അതിജീവിക്കാനുളള ശ്രമം തന്നെയാണ് ബൂര്‍ഷ്വാ സമൂഹത്തിനകത്തും തൊഴിലാളികളുടെ കൂട്ടായ്മകളിലൂടെ പ്രകടമാകുന്നത്. ഈ കൂട്ടായ്മ തന്നെയാണ് സോഷ്യലിസത്തിലേക്കുളള യാത്രയുടെ തുടക്കമാകുന്നത്. ഈ യാത്ര ഒടുവിലെത്തിചേരുന്നത് വിപ്ലവകാരിയായ തൊഴിലാളിയുടെ രൂപീകരണത്തിലാണ്.

ബൂര്‍ഷ്വാ സമൂഹത്തിന്റെ സവിശേഷതയായ വ്യക്തിതാല്‍പര്യത്തെ അതിജീവിക്കുന്നതിനുളള ഉപാധിയായിട്ടാണ് തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയത്തെയും, അതിലെ പോരാട്ടങ്ങളെയും മാര്‍ക്സ് കണ്ടത്. പഴയ സോഷ്യലിസം തൊഴിലാളികളെ അരാഷ്ട്രീയവല്‍ക്കരിച്ചു. ഭാവിയിലെ സോഷ്യലിസത്തെക്കുറിച്ചുളള നമ്മുടെ കാഴ്ചപ്പാട് രാഷ്ട്രീയത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പും തൊഴിലാളി വര്‍ഗ്ഗത്തിന്റെ നിരന്തരമായ പോരാട്ടവും ആവശ്യപ്പെടുന്നുണ്ട്. ഇത് സോഷ്യലിസ്‌റ്റ് സമൂഹത്തില്‍ തൊഴില്‍പ്രചോദനത്തെക്കുറിച്ചുളള നമ്മുടെ ചോദ്യത്തിന് ഉത്തരംനല്‍കുകയും ചെയ്യും.

സോഷ്യലിസ്‌റ്റ് അജണ്ടയുടെ പ്രസക്തി

ചരിത്രത്തില്‍ ഉടനീളം ഉണ്ടായതില്‍ വെച്ച് ഏറ്റവും തീവ്രമായ പരിശ്രമമാണ് മുതലാളിത്തത്തെ "പരിഷ്ക്കരിക്കു''ന്നതിനുവേണ്ടി രണ്ടാം ലോകയുദ്ധാനന്തരമുള്ള രണ്ടരദശകക്കാലം സാക്ഷ്യം വഹിച്ചത്. മുതലാളിത്ത രാജ്യങ്ങളില്‍ നടപ്പാക്കിയ കെയനീഷ്യന്‍ സിദ്ധാന്തമനുസരിച്ചുള്ള ഡിമാന്റ് മാനേജ്‌മെന്റ് മുന്‍പൊന്നും ഉണ്ടാകാത്തവിധം തൊഴിലില്ലായ്മ നിരക്ക് കുറച്ചു. ഡിമാന്റിനു ലഭിച്ച വന്‍കുതിപ്പ് നിക്ഷേപം വര്‍ദ്ധിപ്പിക്കാനുള്ള ശക്തമായ പ്രചോദനമായി മാറി; ഇത് മുതലാളിത്തത്തിന്റെ ചരിത്രത്തില്‍ നാളിതുവരെ ഉണ്ടായിട്ടില്ലാത്തവിധമുള്ള വലിയതോതിലുള്ള വളര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്തു. ഇതിനോടൊപ്പംതന്നെ തൊഴിലാളികളുടെ ഉല്പാദനക്ഷമതയും വലിയതോതില്‍ വര്‍ദ്ധിച്ചു. അതിന്റെ ഫലമായി, തൊഴില്‍ സാധ്യത ഏറെക്കുറെ പൂര്‍ണ്ണമായ നിലയില്‍ എത്തിയതോടൊപ്പംതന്നെ തൊഴിലാളികള്‍ക്ക് ഉയര്‍ന്ന നിരക്കിലുള്ള കൂലി വര്‍ദ്ധന നേടിയെടുക്കാനും കഴിഞ്ഞു. ഇതോടൊപ്പം സോഷ്യല്‍ ഡെമോക്രാറ്റിക് സര്‍ക്കാരുകള്‍ നടപ്പിലാക്കിയ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ മനുഷ്യമുഖമുള്ള ഒരു വ്യവസ്ഥയാണ് മുതലാളിത്തമെന്ന പ്രതീതി പരത്തുകയും ചെയ്തു.

അതേസമയംതന്നെ, മറുവശത്ത്, കോളനിവാഴ്ച അവസാനിപ്പിച്ചത് ലോകജനതയെ ആകെ തങ്ങളുടെ രാഷ്ട്രീയ നുകത്തിന്‍കീഴില്‍ അടിച്ചമര്‍ത്തി തളച്ചിട്ടിരിക്കുകയാണെന്ന ദുഷ്‌ക്കീര്‍ത്തിയില്‍ നിന്നും മുതലാളിത്തത്തെ രക്ഷിച്ചു. ഇതാകട്ടെ മുതലാളിത്തം മാറ്റത്തിനു വിധേയമായിരിക്കുന്നു, അതേസമയം സോഷ്യലിസം കാലഹരണപ്പെട്ടിരിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കുന്നതിനും ഇടയാക്കി. ഇതുതന്നെയാണ് കെയ്ന്‍സ് ആഗ്രഹിച്ചതും പ്രവചിച്ചതും സിദ്ധാന്തവല്‍ക്കരിച്ചതും. "നിക്ഷേപങ്ങള്‍ ഏറെക്കുറെ സമഗ്രമായി സാമൂഹികവല്‍ക്കരിക്കുന്നത് പൂര്‍ണ്ണമായ തൊഴില്‍ സാദ്ധ്യത സൃഷ്ടിക്കുമെന്ന് തെളിയിക്കപ്പെടും..... ഉല്പാദനോപകരണങ്ങളുടെ ഉടമസ്ഥത സ്വായത്തമാക്കുകയല്ല ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം പ്രധാനം.''

"മുതലാളിത്തത്തിന്റെ സുവര്‍ണ്ണയുഗം'' എന്ന് വിളിക്കപ്പെടുന്ന സുദീര്‍ഘമായ സമൃദ്ധിയുടേതായ ഈ കാലഘട്ടം ചില പ്രത്യേക സാഹചര്യങ്ങളിലല്ലാതെ വ്യവസ്ഥിതിയുടെ "നൈസര്‍ഗ്ഗികത''യെ അതിജീവിക്കാന്‍ കഴിയില്ലെന്നതിന്റെ തെളിവാണ്. എന്നാല്‍ എല്ലാപേര്‍ക്കും തൊഴില്‍ ലഭ്യമാകുന്ന സാഹചര്യം സംജാതമായതോടെ തൊഴിലാളികള്‍ക്കുമേല്‍ മൂലധനത്തിനുണ്ടായിരുന്ന ആധിപത്യം കുറയാന്‍ തുടങ്ങി. "പുറത്താക്കലി''നുള്ള അവസരം കുറഞ്ഞു. എന്നാല്‍, തൊഴിലാളികള്‍ കൂലികൂടുതലിനുവേണ്ടിയുള്ള സമ്മര്‍ദ്ദം മൂലധനത്തിനുമേല്‍ ചെലുത്തുകയും ചെയ്തു. ഇതിനോടൊപ്പം കെയ്‌നീഷ്യന്‍ ഡിമാന്റ് മാനേജ്‌മെന്റ് നടപ്പാക്കാനുള്ള ദേശരാഷ്ട്രങ്ങളുടെ കരുത്ത് ചോര്‍ന്നു തുടങ്ങുകയും ചെയ്തിരുന്നു. അതേസമയംതന്നെ മൂലധന കേന്ദ്രീകരണത്തിനുള്ള മുതലാളിത്തത്തിന്റെ സഹജസ്വഭാവം പണത്തിന്റെ ആഗോളവല്‍ക്കരണത്തിനും ആഗോളധനമൂലധനത്തിന്റെ വളര്‍ച്ചയ്ക്കും അവസരമൊരുക്കി. അന്താരാഷ്ട്ര ധനമൂലധനത്തിന്റെ പ്രേരണകളെ അവഗണിക്കുന്നത് മൂലധന പ്രവാഹത്തിന് വിഘാതമാകും എന്നതുകൊണ്ട്, ദേശരാഷ്ട്രങ്ങള്‍ സ്വമനസ്സാലെ ഇഷ്ടപ്പെട്ടില്ലെങ്കില്‍പോലും, കെയ്‌നീഷ്യന്‍ ഡിമാന്റ് മാനേജ്‌മെന്റ് കൈവെടിയാന്‍ നിര്‍ബന്ധിതരായി.

അല്പായുസ്സായ കെയ്‌നീഷ്യനിസം

പിന്‍തിരിഞ്ഞു നോക്കുമ്പോള്‍, യുദ്ധാനന്തര കാലഘട്ടത്തിലെ സവിശേഷമായ ഒരു ദശാസന്ധിയില്‍ ഉണ്ടായ താല്ക്കാലിക പ്രതിഭാസം മാത്രമായിരുന്നു കെയ്‌നീഷ്യനിസം എന്ന് വ്യക്തമാകും. ആ സവിശേഷ ദശാസന്ധി പിന്നിട്ടതോടുകൂടി, "പരിഷ്കൃതമായ മുതലാളിത്തം'' എന്ന പരിപാടിതന്നെ കുഴിച്ചുമൂടപ്പെട്ടു. ലോക മുതലാളിത്തത്തിന്റെ വളര്‍ച്ചാനിരക്കുകള്‍ തലകുത്തിവീണു എന്നു മാത്രമല്ല വികസിത മുതലാളിത്ത രാഷ്ട്രങ്ങളില്‍ തൊഴിലില്ലായ്‌മ നിരക്ക് ഇരട്ട അക്കത്തിലെത്തി സ്ഥിരമാവുകയും ചെയ്തു. "സുവര്‍ണ്ണ യുഗാ'നന്തര കാലഘട്ടത്തില്‍ തൊഴിലാളികളുടെ യഥാര്‍ത്ഥ വേതനം അക്ഷരാര്‍ത്ഥത്തില്‍ തന്നെ നിശ്ചലമാവുകയും ചെയ്തു. ഇതോടൊപ്പം തന്നെ, ലോകത്താകെയുള്ള പ്രകൃതി വിഭവങ്ങള്‍, പ്രത്യേകിച്ചും എണ്ണ, കയ്യടക്കാനുള്ള സാമ്രാജ്യത്വത്തിന്റെ ഒടുങ്ങാത്ത പരിശ്രമത്തെത്തുടര്‍ന്ന് പുനര്‍ കോളനിവല്‍ക്കരണത്തിന്റെ പ്രവണതകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.

ഈ പുനര്‍ കോളനിവല്‍ക്കരണ നടപടികള്‍ക്ക് മൂന്നാംലോക രാഷ്ട്രങ്ങളിലെ വന്‍കിട ബൂര്‍ഷ്വാസിയുടെ കൂടി പിന്തുണ സാമ്രാജ്യത്വത്തിന് ലഭിക്കുകയും ചെയ്തു. മുന്‍പ് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളില്‍ ജനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന ഈ വന്‍കിട ബൂര്‍ഷ്വാസി ഇപ്പോള്‍ ജനങ്ങളുടെ താല്പര്യങ്ങള്‍ക്കെതിരായി സാമ്രാജ്യത്വവുമായി കൂട്ടുകൂടുവാന്‍ തുടങ്ങി. ജനങ്ങളെ സംബന്ധിച്ചിടത്തോളം കോളനിവാഴ്ചയുടെ പഴയകാല അനുഭവങ്ങള്‍ മടങ്ങിവന്നു; കടുത്ത കാര്‍ഷിക പ്രതിസന്ധി, പ്രാഥമിക ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദകര്‍ നേരിടുന്ന അരക്ഷിതാവസ്ഥ, കര്‍ഷകരുടെ ഭൂമി കോര്‍പ്പറേറ്റുകള്‍ കവര്‍ന്നെടുക്കുന്ന അവസ്ഥ, ചെറുകിട ഉല്‍പ്പാദനത്തിന്റെ തകര്‍ച്ച, പൊതുവില്‍, പ്രാകൃത മൂലധന സഞ്ചയത്തിന്റെ തള്ളിക്കയറ്റം. ഇതിനെ ചുറ്റുപാടുകളില്‍ നടത്തുന്ന "കയ്യേറ്റത്തിലൂടെയുള്ള മൂലധന സഞ്ചയം'' എന്നു വിളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഇവയൊന്നുംതന്നെ കാര്യമായ തൊഴില്‍ വര്‍ദ്ധനവിന് ഇടവരുത്തുന്നതല്ലാത്തതിനാല്‍, അതിവേഗം വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്‌മ, ദാരിദ്ര്യം, വിശപ്പ്, പട്ടിണി, അരക്ഷിതത്വം എന്നിവയായിരിക്കും പരിണിതഫലം. ചുരുക്കത്തില്‍ മുതലാളിത്തത്തിന്റെ "പരിഷ്ക്കരണം'' സംബന്ധിച്ച പറച്ചിലുകള്‍ എല്ലാം പൊള്ളയായ വാക്കുകള്‍ മാത്രമാണെന്ന് വ്യക്തം.

അതുകൊണ്ട് എക്കാലത്തേയുംപോലെ സോഷ്യലിസ്‌റ്റ് അജണ്ട ഇപ്പോഴും പ്രസക്തമാണ്. സോഷ്യലിസ്റ്റു പ്രസ്ഥാനം ഗതിവേഗം കൈവരിക്കാത്തിടത്തോളം സാമ്രാജ്യത്വത്തിനെതിരായ രോഷം ഭീകരവാദം പോലെയുള്ള അക്രമാത്മകവും പ്രയോജനരഹിതവും വിധ്വംസകവും മനുഷ്യത്വരഹിതവുമായ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിച്ചുകൊണ്ടിരിക്കും. ലെനിന്റെയും ലക്സംബര്‍ഗ്ഗിന്റെയും കാലത്തേതുപോലെ സോഷ്യലിസവും കിരാതത്വവും തമ്മിലുള്ളതാണ് നമ്മുടെ മുന്നിലുള്ള തെരഞ്ഞെടുപ്പ്. ഇന്ന് ലോകത്തെയാകെ കൊള്ളയടിക്കുന്ന സാമ്രാജ്യത്വം അതേപോലെ തന്നെ ക്രൂരമായിട്ടുള്ള ഭീകരവാദ സംഘങ്ങളുമായി ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ട് മാനവസംസ്കാരത്തിന്റെ നിലനില്പിനുതന്നെ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. സാമ്രാജ്യത്വത്തെയും അതിന്റെ ഭീകരവാദ "അപര''നെയും ഒരേപോലെ സൃഷ്ടിക്കുന്ന ഇന്നത്തെ വ്യവസ്ഥിതി തകര്‍ക്കുന്നതിലൂടെ മാത്രമേ മാനവരാശിക്ക് ഇതില്‍ നിന്ന് രക്ഷനേടാനാകൂ.

നിശ്ചയമായും സോഷ്യലിസത്തിന്റെ പുനഃരുദ്ധാരണത്തിന് കുറേയേറെ സമയമെടുക്കും. സാമ്രാജ്യത്വത്തിനകത്തെ വൈരുദ്ധ്യങ്ങള്‍ ഏറെക്കുറെ നിശ്ശബ്ദമായിരിക്കുന്ന ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ "മുതലാളിത്തത്തിന്റെ പൊതുപ്രതിസന്ധി'' താരതമ്യേന ചുരുങ്ങിയ കാലത്തിനുള്ളില്‍ മൂര്‍ച്ഛിക്കുമെന്നും അത് ആ വ്യവസ്ഥിതിയുടെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നുമുള്ള പഴയ കോമിന്റേണ്‍ സങ്കല്പനത്തിന് പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. ഫ്യൂഡലിസത്തില്‍ നിന്ന് മുതലാളിത്തത്തിലേക്കുള്ള പരിവര്‍ത്തനത്തിന് മുന്നൂറുവര്‍ഷത്തിലേറെ നീണ്ടകാലയളവ് വേണ്ടിവന്നകാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് "ന്യൂ ലെഫ്റ്റ് റിവ്യൂ'' വിലെ അഭിമുഖത്തില്‍ ജോര്‍ജ് ലുക്കാച്ച് പറയുന്നത്, അതേപോലെതന്നെ മുതലാളിത്തത്തില്‍ നിന്ന് സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനത്തിനും നീണ്ടകാലം വേണ്ടിവരും എന്നുമാണ്. ഇത് ഏറെക്കുറെ ശരിയാണെന്നാണ് തോന്നുന്നത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും ചൈനയിലെ വളച്ചൊടിക്കലുകളുമൊക്കെ സുദീര്‍ഘമായ ഈ പരിവര്‍ത്തന കാലയളവിലെ ചില ഘട്ടങ്ങളായിട്ടു മാത്രമെ കാണാന്‍ കഴിയൂ. എന്നാല്‍ അനിവാര്യമായും ഈ പരിവര്‍ത്തനം സംഭവിക്കും എന്ന കാര്യത്തില്‍ മാനവരാശിയുടെ ഭാവിയില്‍ വിശ്വാസമുള്ള ആര്‍ക്കും സംശയാലുക്കളാകാന്‍ കഴിയില്ല.
ഈ പരിവര്‍ത്തനത്തിന്റെ രീതി കൃത്യമായും എന്തായിരിക്കുമെന്നും ഈ പരിവര്‍ത്തന പ്രക്രിയക്കിടയില്‍ ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍ എന്തെല്ലാമായിരിക്കുമെന്നും ഇനിയും ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളാണ്. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ഉരുത്തിരിഞ്ഞ് വരാന്‍പോകുന്ന സോഷ്യലിസത്തെ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് നമുക്ക് ഉണ്ടാകണം എന്നതാണ് ഇപ്പോള്‍ പ്രധാനം. മനുഷ്യസ്വാതന്ത്ര്യത്തില്‍ അതിഷ്ഠിതമായതും തുറന്നതും ഒരു തരത്തിലുളള മുരടിപ്പുമില്ലാത്തതും ജനങ്ങളെ നിരന്തരം രാഷ്ട്രീയവല്‍ക്കരിക്കുന്നതും പരിപൂര്‍ണ്ണമായ ജനാധിപത്യത്തെ കെട്ടഴിച്ചുവിടുന്നതുമായിരിക്കും അങ്ങനെ ഉരുത്തിരിഞ്ഞുവരുന്ന സോഷ്യലിസം.

*

-പ്രഭാത്പട്നായിക്

കടപ്പാട് : എക്കണോമിക് & പൊളിറ്റിക്കല്‍ വീക്കലി, 2007 നവംബര്‍ 3-9, PAG Bulletin.

മലയാള രൂപാന്തരം : സി.ബി. വേണുഗോപാല്‍, ജന. സെക്രട്ടറി, കേരള സ്റ്റേറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് എം‌പ്ലോയീസ് യൂണിയ‍ന്‍(KSGIEU)