Sunday, May 25, 2008

ഇട്ടിരാരിശ്ശന്‍ ഫ്രം ഇന്ത്യ

കത്ത് കിട്ടിയപ്പോള്‍ ഇട്ടിരാരിശ്ശന്‍ നമ്പൂതിരി അമ്പരന്നു.ജോര്‍ജ് ബുഷും ടോണിബ്ളെയറും സംയുക്തമായി എഴുതിയ കത്താണ്. കത്തല്ല, ക്ഷണപത്രം.

'വൈറ്റ്ഹൌസില്‍ ഒരു സ്വകാര്യ ഡിന്നര്‍. നാം മൂവര്‍ മാത്രം. വരണം,വരാതിരിക്കരുത്.വിഷയം സുപ്രധാനം. അതുകൊണ്ട് തന്നെ അതീവ രഹസ്യം.

ശേഷം ദര്‍ശനമാത്രയില്‍.... ...

ചിരിച്ചുകൊണ്ട്,
സ്നേഹമെന്ന മട്ടില്‍,
ജോര്‍ജ് ബുഷ്'

ഒറ്റനോട്ടത്തില്‍ ഇട്ടിരാരിശ്ശന് ചതി മനസ്സിലായില്ല.

തിരിച്ചും മറിച്ചും ചിന്തിച്ചു.ഫലം നാസ്തി.

എന്തായാലും പുറപ്പെടാന്‍ തന്നെ തീരുമാനിച്ചു. പുലിയെ അതിന്റെ ഹൌസില്‍ തന്നെ മീറ്റ് ചെയ്യാമല്ലൊ.ഇട്ടിരാരിശ്ശനെയും വഹിച്ചുകൊണ്ട് വിമാനം മേഘങ്ങള്‍ക്കുള്ളില്‍ ഓടിയൊളിച്ചു.

വായുഭഗവതികള്‍ വിമാനത്തിനുള്ളില്‍ പലവിധ ഭക്ഷ്യപേയവസ്തുക്കള്‍ വിതരണം ചെയ്തിട്ടും ഇക്കുറി ഇട്ടിരാരിശ്ശന് താല്‍പ്പര്യം തോന്നിയില്ല; അവര്‍ സുന്ദരികളായി ഭാവിച്ചിട്ടും.

സങ്കടം മറച്ചുവെക്കാനാവാതെ ഭഗവതികളില്‍ ഒന്ന് ഇട്ടിരാരിശ്ശന്റെ ചെവിട്ടില്‍ ചോദിക്കുക തന്നെ ചെയ്തു.

'വാട്ട് ഹാപ്പന്‍ഡ് ഇട്ടിരാരി ?'

ഇട്ടിരാരി ചിരിച്ചുകൊണ്ട് തടുത്തു.

മാളികമുകളേറിയ വിമാനം തോളില്‍ മാറാപ്പുമായി താഴെയിറങ്ങി.

വൈറ്റ് ഹൌസിന്റെ ഉമ്മറപ്പടിയില്‍ ബുഷും ബ്ളെയറും പൂക്കളുമായി ഇട്ടിരാരിശ്ശനെ കാത്തുനിന്നു.

പൂക്കള്‍ കൈമാറി ആലിംഗനത്തിനൊരുങ്ങിയ ബുഷിനെ ഇട്ടിരാരിശ്ശന്‍ വിലക്കി.

'വേണ്ട സായിപ്പേ... ഇതുകൊറെ കണ്ടതാ...'

അതൊരു ഫലിതമാക്കിയെടുത്ത് ബുഷ് ചിരിച്ചുതള്ളി.

കുശലങ്ങള്‍ക്കിടയില്‍ ഇട്ടിരാരിശ്ശന്റെ ശരീരത്തില്‍ ബുഷ് ആര്‍ത്തിയോടെ നോക്കി.

'ഇട്ടിരാരു ..നീ ഭക്ഷിച്ചുതുടങ്ങി അല്ലേ..?'

'ഈയിടെ ഇല്ലം വിറ്റ് ഇത്തിരി കാശ് കിട്ടി..'

'ഗ്വാത്തെമലയില്‍ കൊത്തമരയ്ക്ക് വില കയറിയപ്പോഴേ ഞാന്‍ കരുതി നിന്റെ കയ്യില്‍ നാലു ഡോളര്‍ തടഞ്ഞ് നീ സാമ്പാര്‍ കഴിച്ചുതുടങ്ങിയെന്ന്..എനി ഹൌ നൌ യുവര്‍ ബോഡി ഈസ് പെര്‍ഫെക്റ്റ്'.

ഇട്ടിരാരിശ്ശന് ലേശം പേടിയായി.

ഇവന്‍ ആ ബില്‍ ക്ളിന്റന്റെ മറ്റെപ്പതിപ്പാണോ?

' മൈ നെയിം ഈസ് ഇട്ടിരാരിശ്ശന്‍. നോട്ട് മോണിക്കാ ലെവിന്‍സ്കി'.

'ദാറ്റ്സ് ഇറ്റ്'-ബുഷിന് ചിരി വന്നു.

അതോടെ ബ്ളെയറിനും ചിരിക്കാതിരിക്കാന്‍ വയ്യാതായി.പെട്രോളിലൊരു പിടിത്തം പിടിച്ചാല്‍ ലണ്ടന്‍ തെണ്ടിപ്പോവും.

കമ്പനി സെയ്ക്കിന് ബ്ളെയറും ചിരിച്ചു.

വൈറ്റ്ഹൌസിലെ തീന്‍മേശയിലേക്ക് ഇട്ടിരാരിശ്ശനെ ബുഷ് ആനയിച്ചു.

തലയറ്റ് കിടക്കുന്ന ഭൂഖണ്ഡാന്തര വിഭവങ്ങള്‍.

ബുഷ് ചോദിച്ചു:

'ഇട്ടിരാരു..ആര്‍ യു സ്റ്റില്‍ വെജിറ്റേറിയന്‍?'

'യെസ് ഐ ആം സ്റ്റില്‍ എ ഗ്രീന്‍ ടേയ്ക്കര്‍.'

ഗ്രീന്‍ ടേയ്ക്കര്‍! ബുഷിന് പിടികിട്ടിയില്ല.

ബ്ളെയറിനെ നോക്കി.

ബ്ളെയറാണ് ഇംഗ്ളീഷിന് ട്യൂഷന്‍ കൊടുക്കുന്നത്.

ബ്ളെയര്‍ ഓക്സ്ഫഡിലേക്ക് വിളിച്ചു.

'അത് വെജിറ്റേറിയന്റെ മൂന്നാം ലോക വാക്കാണ്.ഇംഗ്ളീഷ് അധപ്പതിക്കുന്നു എന്ന് കരുതിയാല്‍ മതി.'

തനി കേരളശൈലിയില്‍ ഇട്ടിരാരിശ്ശന് സദ്യ വിളമ്പി.

ഇട്ടിരാരിശ്ശന്‍ ഇലയിലൊന്നു നോക്കി.പിന്നെ പതുക്കെ തുടങ്ങി.

പുളിശ്ശേരിയില്‍ ഒന്ന് കുഴച്ച്,കാളനോലനവിയലില്‍ കൂടി സഞ്ചരിച്ച്,അച്ചാറുകളെ ഒന്ന് തൊട്ടു വന്ദിച്ച് ഉരുളകള്‍ ഇട്ടിരാരിശ്ശന്റെ വായില്‍ നിലയമിട്ടുകള്‍ പോലെ പൊട്ടി.

തുര്‍ക്കിക്കോഴിയുടെ പള്ളക്ക് കുത്തി ബുഷും ബ്ളെയറും മൌനജാഥയിലെന്നപോലെ തിന്നുമ്പോള്‍ ഇട്ടിരാരിശ്ശന്‍ സദ്യയുടെ അഞ്ചാം കാലം കൊട്ടുകയായിരുന്നു.

ശുഭസ്യ ശീഘ്രം. എല്ലാം തീര്‍ന്നു.

അന്തസ്സായി ഒരേമ്പക്കം.

വൈറ്റ് ഹൌസ് ഞെട്ടി.ഒരട്ടിമറി വിമാനം കൂടി വരുന്നു.

സുരക്ഷാസേന തോക്കെടുത്തു.വിമാനവേധ യന്ത്രങ്ങള്‍ തലപൊക്കി.

ബുഷ് പകച്ചുപോയി.

ഇട്ടിരാരിശ്ശന്‍ പറഞ്ഞു:

'പേടിക്കണ്ട.ഒരാചാര വെടിയാ.'

'ഇട്ടിരാരു ..ഭക്ഷണത്തിനുശേഷം ഉറക്കമുണ്ടോ?'-ബുഷ് ചോദിച്ചു.

'..ല്ല്യ.. ഇനീപ്പോ..നോം ഉറങ്ങീന്ന് വെച്ച് മറ്റുള്ളോരുടെ ഉറക്കം പോകണ്ടല്ലോ..'

ബുഷ് വിഷയത്തിലേക്ക് വന്നു.

'ഇട്ടിരാരു ..തന്നെ ക്ഷണിച്ചതൊരു പ്രത്യേക കാര്യത്തിനാണ്. പ്രസിദ്ധ താര്‍ക്കികനാണല്ലോ താന്‍ .തന്നെയൊന്ന് തോല്‍പ്പിക്കണം.'

'സായിപ്പേ.. ലേശം ബുദ്ധിമുട്ടാണ്. തോക്കിന്റെ പാത്തികൊണ്ട് ചിന്തിച്ചാല്‍ ബുദ്ധിയുണ്ടാവില്ലല്ലോ.'

'നമ്മളയച്ച പണ്ഡിതന്മാരെയൊക്കെ താന്‍ വീഴ്ത്തി.വിജ്ഞാനം കൊണ്ട് എഴുന്നേല്‍ക്കാന്‍ വയ്യാതായ പ്രൊഫസര്‍മാരെ താന്‍ വെറും ദേഹണ്ഡക്കാരാക്കി.ഇനി വയ്യ. അമേരിക്കക്ക് തോറ്റ് ശീലമില്ലെന്ന് ഇട്ടിരാരിശ്ശന് അറിയാമല്ലോ?'

'കേട്ടിരിക്ക്ണൂ'.

'ഇത്തവണ താന്‍ തോല്‍ക്കും.തീര്‍ച്ച. നമ്മുടെ ചങ്ങാതി ബ്ളെയര്‍ ഒരു സൂത്രം കൊണ്ടുവന്നിട്ടുണ്ട്.ഒരു ചോദ്യം.താന്‍ വീണതു തന്നെ.ബുദ്ധീണ്ടെങ്കില്‍ പറയ്കാ.'

അതീവ രഹസ്യമായി തയ്യാറാക്കിയ ചോദ്യം ബ്ളെയര്‍ ഇട്ടിരാരിശ്ശന് നേരെ എറിഞ്ഞു.

'നിങ്ങളുടെ അഛന് ഒരു മകനുണ്ട്, അമ്മക്കും ഒരു മകനുണ്ട്.അത് നിങ്ങളുടെ ചേട്ടനോ അനിയനോ അല്ല.പിന്നെ ആരാണ്?'

ഇട്ടിരാരിശ്ശന് ചിരിവന്നു.

'ഹായ്..വിഡ്ഡി..നാം തന്നെ..'

ഇട്ടിരാരിശ്ശന്‍ അടുത്ത ഫ്ളൈറ്റില്‍ തിരിച്ചു പോന്നു.

ബുഷ് ക്ഷീണിച്ചു.

ഏതായാലും സ്വന്തം സ്റ്റാഫിന്റെ ബുദ്ധി പരീക്ഷിക്കാന്‍ ബുഷ് ഒരുങ്ങി.

ദേശീയ സുരക്ഷാ തലവനെ അടിയന്തരമായി വിളിപ്പിച്ചു.

തലവന്‍ തലൈവറെ വണങ്ങി.

ബുഷ് ചോദിച്ചു:

'നിങ്ങളുടെ അഛന് ഒരു കുട്ടി,അമ്മക്കും ഒരു കുട്ടി.അത് നിങ്ങളുടെ ചേട്ടനോ അനിയനോ അല്ല. പിന്നെ ആരാണ്?'

ദേശീയ സുരക്ഷക്ക് ഇടിവെട്ടേറ്റു.

അങ്ങനെയും ഒരു സംഭവമോ?

അടിയന്തരമായി സുരക്ഷാസമിതി ചേര്‍ന്നു. തലകള്‍ പുകഞ്ഞു.

പുകഞ്ഞ കൊള്ളികള്‍ ഒന്നൊന്നായി പുറത്തായി. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെ വിളിച്ചു.

കര്‍ശന നിര്‍ദേശം കൊടുത്തു.

'കുട്ടിയെ അടിയന്തരമായി കണ്ടെത്തണം'.

നാലും നാലു വഴി പാഞ്ഞു. സി ഐ എ ബുദ്ധിരാക്ഷസന്മാരെ പ്രത്യേകം വിളിച്ചു.

'ഗുരുതരമാണ് പ്രശ്നം.എല്ലാ നീചത്തരവും പുറത്തെടുക്കണം.കുട്ടി പുറത്തു വരട്ടെ.'

ഭൂഖണ്ഡം നിവര്‍ത്തിവെച്ച് അതിന്റെ തലയില്‍ തലങ്ങും വിലങ്ങും സുരക്ഷാ തലവന്‍ വരയ്ക്കുമ്പോളാണ് കൊണ്ടലീസ റൈസ് ആ വഴി വരുന്നത്. കീഴ്ച്ചുണ്ട് കടിച്ചു തിന്നുന്ന തലവനോട് റൈസ് കാര്യം തിരക്കി.

'നമ്മുടെ രാജ്യം കുഴപ്പത്തിലാണ്. ഒരു ഭീകര പദ്ധതി ശ്രദ്ധയില്‍പെട്ടിരിക്കുന്നു. അഛനും അമ്മയ്ക്കും ഓരോ കുട്ടികള്‍. അത് നിങ്ങളുടെ ആരാണെന്ന് കണ്ടെത്താന്‍ ഉത്തരവിട്ടിരിക്കുകയാണ് പ്രസിഡന്റ്. ഇറ്റ് ഈസ് എ കോണ്‍സ്പിറസി. ഹൌ കാന്‍ ഐ സോള്‍വ് ദ പസ്ല്‍?'

എലി റൈസ് കണ്ടപോലെ റൈസ് ചിരിച്ചു.

'..ഏയ് പുവര്‍ ഗൈ ..ആന്‍സര്‍ ഈസ് വെരി സിംപിള്‍..ഞാന്‍ ..ഞാനാണ് അത്.'

റിയലി!

തലവന്‍ തലൈവരുടെ അടുത്തേക്ക് ഓടി. പ്രജകളുടെ ബുദ്ധിയെക്കുറിച്ച് സങ്കടപ്പെട്ടിരുന്ന ബുഷിന്റെ മുന്നില്‍ തലവന്‍ തുള്ളിച്ചാടി.

'പ്രശ്നം തീര്‍ന്നു.ആ ഗൂഢാലോചന നമ്മള്‍ തകര്‍ത്തു. മി. പ്രസിഡന്റ് ബി പ്രൌഡ് . ഉത്തരം കിട്ടി.'

'പറയൂ.കേള്‍ക്കട്ടെ.'

'കൊണ്ടലീസ റൈസ് .കൊണ്ടലീസ റൈസാണ് അത്.'

ബുഷ് ദേഷ്യം കൊണ്ട് ചുവന്നു.

'നോണ്‍സെന്‍സ്..റൈസല്ല.ഇട്ടിരാരിശ്ശനാണ് അത്.ഇട്ടിരാരിശ്ശന്‍ ഫ്രം ഇന്ത്യ'.

........

ഒരു ബുഷ് കഥ കൂടി

ഐന്‍സ്റ്റീന്‍ മരിച്ച് സ്വര്‍ഗവാതിലിലെത്തി.സ്വര്‍ഗത്തിന്റെ കാവല്‍ക്കാരന്‍ പത്രോസ് വഴി തടഞ്ഞു.

'നിങ്ങള്‍ ഈ പറഞ്ഞയാള്‍ തന്നെയാണെന്ന് ഞാന്‍ എങ്ങനെ വിശ്വസിക്കും? കള്ളപ്പേരില്‍ പലരും ഇപ്പോള്‍ സ്വര്‍ഗത്തില്‍ കയറാന്‍ ശ്രമിക്കുന്നുണ്ട്.നിങ്ങള്‍ സ്വയം തെളിയിച്ചേ പറ്റൂ. '

ഐന്‍സ്റ്റീന്‍ ഉടന്‍ തന്നെ ഒരു ബോര്‍ഡും ചോക്കും കൊണ്ടുവരാന്‍ പറഞ്ഞു. ബോര്‍ഡില്‍ ആപേക്ഷികതാ സിദ്ധാന്തം തെളിയിച്ചു.

പത്രോസ് ഐന്‍സ്റ്റീനെ കടത്തിവിട്ടു.

പിന്നീട് വന്നത് പിക്കാസോയാണ്.പിക്കാസോവിനോടും പത്രോസ് തെളിവ് ആവശ്യപ്പെട്ടു. പിക്കാസോയും ബോര്‍ഡും ചോക്കും ആവശ്യപ്പെട്ടു. ബോര്‍ഡില്‍ ചിത്രം വരച്ച് പിക്കാസോ തന്റെ കഴിവ് തെളിയിച്ചു.

പിക്കാസോയെയും പത്രോസ് കടത്തിവിട്ടു.

അവസാനം വന്നത് ജോര്‍ജ് ബുഷാണ്. ബുഷിനെയും പത്രോസ് തടഞ്ഞു.

ബുഷ് പറഞ്ഞു:

'ഞാന്‍ അമേരിക്കന്‍ പ്രസിഡന്റാണ്.'

'അങ്ങനെ പറഞ്ഞ് പലരും ഇവിടെ വന്നിട്ടുണ്ട്.അമേരിക്കന്‍ പ്രസിഡന്റാണെന്ന് തെളിയിക്കണം. നിങ്ങള്‍ക്കു മുമ്പ് വന്ന ഐന്‍സ്റ്റീനും, പിക്കാസോയും അവരുടെ കഴിവുകള്‍ തെളിയിച്ചു.'

'ഓഹോ.. ആരാ അവരൊക്കെ?'

പത്രോസിന് പിന്നെ സംശയം ഉണ്ടായില്ല.

'നിങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് തന്നെ.കടന്നുപൊയ്ക്കോളൂ.'

-ശ്രീ എം.എം.പൌലോസ്, കടപ്പാട്: ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കത്ത് കിട്ടിയപ്പോള്‍ ഇട്ടിരാരിശ്ശന്‍ നമ്പൂതിരി അമ്പരന്നു.ജോര്‍ജ് ബുഷും ടോണിബ്ളെയറും സംയുക്തമായി എഴുതിയ കത്താണ്. കത്തല്ല, ക്ഷണപത്രം.

'വൈറ്റ്ഹൌസില്‍ ഒരു സ്വകാര്യ ഡിന്നര്‍. നാം മൂവര്‍ മാത്രം. വരണം,വരാതിരിക്കരുത്.വിഷയം സുപ്രധാനം. അതുകൊണ്ട് തന്നെ അതീവ രഹസ്യം.

ശേഷം ദര്‍ശനമാത്രയില്‍....

ചിരിച്ചുകൊണ്ട്,

സ്നേഹമെന്ന മട്ടില്‍,
ജോര്‍ജ് ബുഷ്'

ശ്രീ എം.എം.പൌലോസിന്റ്റെ നര്‍മ്മഭാവന..

Jayasree Lakshmy Kumar said...

ആദ്യകഥയുടെ മറ്റൊരു വേര്‍ഷന്‍ എവിടെയോ കേട്ടിട്ടുണ്ട്. പുതിയ വേര്‍ഷന്‍ നന്നേ രസിച്ചു