Wednesday, May 21, 2008

ഒരു മദ്ധ്യവേനല്‍ പ്രണയരാവ്

എറണാകുളത്തെ ബാങ്കുജീവനക്കാരുടെ കലാസാംസ്കാരിക കൂട്ടായ്‌മയായ ബീമിന്റെ 302 -ആം പരിപാടിയായി ഇക്കഴിഞ്ഞ ഏപ്രില്‍ 24ന് എറണാകുളം ഫൈന്‍ ആര്‍ട്ട്സ് ഹാളില്‍ അരങ്ങേറിയ 'ഒരു മദ്ധ്യവേനല്‍ പ്രണയരാവ്'എന്ന നാടകം ഫൈന്‍ ആര്‍ട്ട്സ് ഹാളിലെ നിറഞ്ഞ സദസ്സിന് തികച്ചും നൂതനമായ ഒരു നാടകാനുഭവമാണ് പകര്‍ന്നു നല്‍കിയത്. കോട്ടയം എം.ജി.യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ലെറ്റേര്‍സില്‍ അദ്ധ്യാപകനായ പ്രസിദ്ധ നാടകപ്രവര്‍ത്തകന്‍ ശ്രീ പി ബാലചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച നാടകം സ്കൂള്‍ ഓഫ് ലെറ്റേര്‍സിന്റെ തലവന്‍ ഡോ. വി.സി ഹാരിസ് അടക്കം ഇരുപത്തിയഞ്ചോളം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് വേദിയില്‍ എത്തിച്ചത്.

വ്യത്യസ്ത കാലദേശങ്ങളില്‍ രചിക്കപ്പെട്ട കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം, ഷേക്‍സ്‌പിയറുടെ 'മിഡ്‌സമ്മര്‍ നൈറ്റ്സ് ഡ്രീം', ചങ്ങമ്പുഴയുടെ രമണന്‍ എന്നിവ ഒരേ സ്ഥലകാല രാശിയില്‍ പരസ്പരം സംഗമിക്കുമ്പോള്‍ ഉരുത്തിരിഞ്ഞുവരുന്ന അസംബന്ധവും ഹാസ്യവും നിറഞ്ഞ കാഴ്ചകളുടെ രംഗപാഠമാണ് ഈ നാടകം.

കണ്ണുകളില്‍ പ്രണയതൈലം ഇറ്റിച്ച് സര്‍വ്വരെയും പ്രണയികളാക്കുന്ന ഒരു മാജിക്കല്‍ കഥാപാത്രമാണ് മിഡ്‌സമ്മര്‍ നൈറ്റ്സ് ഡ്രീം എന്ന ഷേക്‍സ്‌പിയര്‍ കോമഡിയിലെ പക്ക്. നാം നെഞ്ചോട് ചേര്‍ത്ത് വയ്ക്കാന്‍ ഇഷ്ടപ്പെടുന്ന ക്ലാസിക്ക് കൃതികളായ ശാകുന്തളത്തിലും രമണനിലും ശ്രദ്ധേയമായ ഒരു സമാനത ദര്‍ശിക്കാവുന്നതാണ്- രണ്ടിലും നിഷേധിക്കപ്പെട്ട പ്രണയമാണല്ലോ പ്രമേയം. ഈ ദുരവസ്ഥക്ക് പരിഹാരമുണ്ടാക്കി ദുഷ്യന്തന് ശകുന്തളയിലും ചന്ദ്രികയ്ക്ക് രമണനിലും പ്രണയമുണ്ടാക്കാന്‍ പക്ക് തന്റെ പ്രണയതൈലവുമായി രംഗത്തു വരുന്നു. പക്ഷെ പക്കിനും അദ്ദേഹത്തിന്റെ സഹായിയായി വരുന്ന 'സാനുമതി' എന്ന ദിവ്യ സുന്ദരിക്കും തൈലപ്രയോഗത്തിനിടയില്‍ അബദ്ധത്തില്‍ കഥാപാത്രങ്ങള്‍ പരസ്പരം മാറിപ്പോകുകയും തല്‍ഫലമായി ദുഷ്യന്തന് ചന്ദ്രികയിലും ശകുന്തളയ്ക്ക് രമണനിലും ദുഷ്യന്തന്റെ തോഴന്‍ മാണ്ഡവ്യന് മാന്‍പേടയിലും തീവ്രമായ പ്രേമം ഉണ്ടാകുകയും ചെയ്യുന്നു. ഇതോടെ അസംബന്ധങ്ങളുടെ കുത്തൊഴുക്കാണ് സംഭവിക്കുന്നത്.

ആശയക്കുഴപ്പങ്ങളുടെ പരിസമാപ്തിയില്‍ ദുഷ്യന്തന്‍ രമണനെ വധിക്കുകയും രമണന്റെ മൃതദേഹം പക്ക് സ്വതസിദ്ധമായ കൌശലത്തോടെ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. രമണനെ ഒരു മരച്ചില്ലയില്‍ കെട്ടിത്തൂക്കിയിട്ട് മരണം ഒരു ആത്മഹത്യയാണെന്ന് വരുത്തുകയും അതിന് രമണന്റെ തന്നെ വാക്കുകള്‍ തെളിവായി ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. "സത്യം പറഞ്ഞാല്‍ പെണ്ണിനോടല്ല എനിക്ക് പ്രണയം, ആത്മഹത്യയോടാണ് '' എന്ന് രമണന്‍ നാടകത്തില്‍ പലയിടത്തും പറയുന്നുണ്ട്.

അവസാനം ജഡ്‌ജിയും പോലീസും ഡോക്ടറും എല്ലാം അടങ്ങുന്ന ഔദ്യോഗിക സംവിധാനം രമണന്റെ മരണം കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നും അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വിധിയെഴുതുന്നു. ഈ നിഗമനത്തിലെത്താന്‍ രമണന്റെ തന്നെ മേല്‍ ഉദ്ധരിച്ച വാക്കുകളെ അവരും ആവര്‍ത്തിക്കുന്നു.

ഏറ്റവും മൃദുലവും ചേതോഹരവുമായ പ്രണയം എന്ന വികാരം തികച്ചും അപഹാസ്യമായിത്തീരുന്ന ക്രൂരമായ കാഴ്ചയാണ് നാടകം കാണിച്ചുതരുന്നത്. നാം ജീവിക്കുന്ന ഈ കാലഘട്ടം മൂല്യങ്ങളെ തകിടം മറിക്കുന്നതും ഉന്മൂലനം ചെയ്യുന്നതും എങ്ങനെയെന്ന് പരിഹാസത്തോടെ കാണിച്ചുതരുന്ന നാടകമാണ്, പോസ്‌റ്റ് മോഡേണ്‍ പാരഡി എന്നു വിശേഷിപ്പിക്കാവുന്ന 'ഒരു മദ്ധ്യവേനല്‍ പ്രണയരാവ്'.
നിശിത്മായ ആക്ഷേപഹാസ്യത്തിലൂന്നിയ നാടകത്തിലെ സംഭാഷണങ്ങള്‍ വാചികത്തെ നാട്യപ്രയോഗത്തിന്റെ ദൃശ്യാനുഭവത്തിനൊപ്പം പ്രതിഷ്ഠിക്കുന്നു. അങ്ങേ അറ്റം സംഭാഷണപ്രധാനമാണ് ഈ നാടകം. ചില ഉദാഹരണങ്ങള്‍-

ശാകുന്തളത്തിലെ കഥാപാത്രങ്ങള്‍ രംഗപ്രവേശം ചെയ്യുമ്പോള്‍ പക്ക് പറയുന്നു-"അങ്ങനെ ചുമ്മാ കയറി വന്നാല്‍ പോരാ, ആ വരവില്‍ തൌര്യത്രികം കൊണ്ടു വരണം. അതുകൊണ്ടു വന്നോ?'' അപ്പോള്‍ "അല്ലാ..ശരിക്കും അതെന്തോന്നാ? മോതിരമോ വളയോ മറ്റോ ആണോ ? '' എന്ന് ചോദിക്കുന്ന കഥാപാത്രത്തിനോട് പക്ക് - "എടേ, അതേ.. അതീ ജനകോടികളുടെ വിശ്വസ്ത ജ്വല്ലറിയൊന്നുമല്ല. നാട്യധര്‍മ്മീന്നു പറയുന്ന ആഭരണവാ. ഗീത-നൃത്ത-വാദ്യങ്ങളുടെ ഒരു മലായിപ്പ്. അങ്ങനെ വേണം കേറി വരാന്‍. മനസ്സിലായോ ? എന്നാ നേരം കളയാതെ അങ്ങനൊന്ന് കേറി വാ. മ്യൂസിക്ക് തരാം.. റെഡി 1,2,3,4....''

അതുപോലെ കാലില്‍ ദര്‍ഭമുന കൊണ്ടു നില്‍ക്കുന്ന ശകുന്തളയുടെ പ്രസിദ്ധമായ പോസ് അഭിനയിക്കാന്‍ നടിയോട് പറയുന്ന പക്ക് - "വളരെ ഡ്രമാറ്റിക്ക് ആയ ഒരു പോസ്‌റ്ററാണിത്. ഈ നില്‍‌പ്പ് കാലാന്തരത്തില്‍ രാജാ രവിവര്‍മ്മയുടെ ബ്രഷിലും കാന്‍‌വാസിലും എത്തേണ്ടതാ..പിന്നെ ശിവകാശിയിലെ കലണ്ടറുകളില്‍, ലാറി ബേക്കര്‍ മോഡല്‍ കെട്ടിടങ്ങളില്‍, ഉത്സവ പറമ്പുകളില്‍.''

മറ്റൊരു സംഭാഷണം ശ്രദ്ധിക്കുക -

പക്ക് : "കീഴ്‌തട്ടിലുള്ള രണ്ടുപേര്‍ തമ്മിലും മേല്‍തട്ടിലുള്ള രണ്ടുപേര്‍ തമ്മിലും പ്രണയത്തിലേര്‍പ്പെട്ടാല്‍ വര്‍ഗ്ഗപരമായ സംഘര്‍ഷം ഒഴിവാകുമെന്നാ ഞാന്‍ കരുതിയേ. ഇനിയിപ്പം അവിടെയും പ്രശ്നമാണല്ലോ? രമണാ... താനിങ്ങനെ തെന്നി മാറി വഴുവഴാന്ന് നില്‍ക്കാതെ തൊറന്നു പറ.. തന്റെ നിലപാടെന്താ ?''

രമണന്‍ : "സിറ്റിയിലൊള്ള നല്ല ഒന്നാന്തരം പച്ചപ്പരിഷ്ക്കാരിയും പണക്കാരിയുമായ ഒരു പെണ്ണെന്നെ പ്രേമിച്ചാലല്ലേ നാട്ടുകാര്‍ക്ക് അതൊരു വിഷയമാവൂ. കോളിളക്കമുണ്ടാവൂ. മൊത്തം കൊളമായി പരാജയപ്പെടുന്ന ഒരു പ്രേമത്തോടാ എനിക്ക് താല്‍പര്യം. സത്യം പറഞ്ഞാല്‍ പെണ്ണിനോടല്ല എനിക്ക് പ്രണയം; ആത്മഹത്യയോടാ.''

പക്ക് :" മരണത്തില്‍ രമിക്കുന്നവനാ രമണന്‍. ശരിക്കും പറഞ്ഞാ ഇയാളെ മരണന്‍ എന്നാ വിളിക്കേണ്ടത്. ''

രമണന്റെ മൃതദേഹം മരച്ചില്ലയില്‍ തൂക്കിയ ശേഷം

പക്ക് : "ജോബീ, ഈ ദൃശ്യം മനോഹരമായൊന്നു ലൈറ്റപ്പ് ചെയ്തേ..കാഴ്ചക്കാര്‍ക്കും പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും ഈ മനോഹരദൃശ്യത്തോടായിരിക്കും താല്‍പര്യം. അവര്‍ക്ക് സന്തോഷമായിക്കോട്ടെ.''

"ലോകാ സമസ്താ പ്രണയോ ഭവന്തു'' എന്നാണ് നാടകത്തിലെ പക്കിന്റെ അവസാന വാചകം.

മലയാള നാടക രംഗത്ത് സ്വതന്ത്രമായ പുതിയ സൃഷ്ടികളൊന്നും ഉണ്ടാകുന്നില്ല എന്ന് ദു:ഖിക്കുന്ന നാടക സ്നേഹികള്‍ക്ക് ഒരു ആശ്വാസമാണ് ഈ നാടകം. അന്യഭാഷാ നാടകങ്ങളുടെ തര്‍ജ്ജമകളോ അല്ലെങ്കില്‍ ലബ്‌ധ പ്രതിഷ്ഠരായ എഴുത്തുകാരുടെ കഥകളുടെയോ നോവലുകളുടേയോ ഒക്കെ അഡാപ്റ്റേഷന്‍സ് മാത്രമാണ് ഇന്ന് നാടക രംഗത്ത് അരങ്ങേറുന്നത്. സ്വതന്ത്ര സംരംഭങ്ങള്‍ നടക്കുന്നത് യഥാര്‍ത്ഥത്തില്‍ പ്രൊഫഷണല്‍ നാടക രംഗത്താണ്. പക്ഷെ പൊതുവില്‍ ഇന്നത്തെ പ്രൊഫഷണല്‍ നാടകങ്ങളെ ‍, നാടകത്തെ ഗൌരവപൂര്‍വ്വം കാണുന്നവര്‍ ഉത്തമ കലാസൃഷ്ടികളായി പരിഗണിക്കുന്നില്ല. അവയില്‍ പലതും ആഭാസകരമായ കച്ചവടച്ചരക്കുകളുടെ നിലവാരത്തില്‍ നിന്നും ഉയരുന്നില്ല. ഈയൊരു സാഹചര്യത്തില്‍ 'ഒരു മദ്ധ്യവേനല്‍ പ്രണയരാവ് 'പോലുള്ള നാടക സംരംഭങ്ങള്‍ തീര്‍ച്ചയായും പ്രശംസയര്‍ഹിക്കുന്നു. അവതരണത്തിലെ പുതുമയും അനന്യതയും ഈ നാടകത്തെ ഏറെ ശ്രദ്ധേയമാക്കുന്നു. കഥാപാത്രങ്ങളും നടീനടന്മാരും പ്രേക്ഷകരും പരസ്പരം പുല്‍കുന്ന ഒരു സൌഹൃദത്തിന്റെ ഊഷ്‌മളത ഈ നാടകത്തിന്റെ സവിശേഷതയാണ്. 'മാറാമറയാട്ടം', 'മായാസീതാങ്കം' തുടങ്ങിയ ശ്രദ്ധേയ നാടകങ്ങള്‍ മലയാളത്തിനു സംഭാവന ചെയ്ത പി ബാലചന്ദ്രന്റെ ഉജ്വലവും വ്യത്യസ്തവുമായൊരു സൃഷ്ടിയാണ് ഈ നാടകമെന്ന് നിസ്സംശയം പറയാം.

-ശ്രീ. എ.എന്‍. രവീന്ദ്രന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വ്യത്യസ്ത കാലദേശങ്ങളില്‍ രചിക്കപ്പെട്ട കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം, ഷേക്‍സ്‌പിയറുടെ 'മിഡ്‌സമ്മര്‍ നൈറ്റ്സ് ഡ്രീം', ചങ്ങമ്പുഴയുടെ രമണന്‍ എന്നിവ ഒരേ സ്ഥലകാല രാശിയില്‍ പരസ്പരം സംഗമിക്കുമ്പോള്‍ ഉരുത്തിരിഞ്ഞുവരുന്ന അസംബന്ധവും ഹാസ്യവും നിറഞ്ഞ കാഴ്ചകളുടെ രംഗപാഠമാണ് 'ഒരു മദ്ധ്യവേനല്‍ പ്രണയരാവ്'എന്ന നാടകം.

ഏറ്റവും മൃദുലവും ചേതോഹരവുമായ പ്രണയം എന്ന വികാരം തികച്ചും അപഹാസ്യമായിത്തീരുന്ന ക്രൂരമായ കാഴ്ചയാണ് നാടകം കാണിച്ചുതരുന്നത്.

നാം ജീവിക്കുന്ന ഈ കാലഘട്ടം മൂല്യങ്ങളെ തകിടം മറിക്കുന്നതും ഉന്മൂലനം ചെയ്യുന്നതും എങ്ങനെയെന്ന് പരിഹാസത്തോടെ കാണിച്ചുതരുന്ന നാടകമാണ്, പോസ്‌റ്റ് മോഡേണ്‍ പാരഡി എന്നു വിശേഷിപ്പിക്കാവുന്ന 'ഒരു മദ്ധ്യവേനല്‍ പ്രണയരാവ്'. നിശിതമായ ആക്ഷേപഹാസ്യത്തിലൂന്നിയ നാടകത്തിലെ സംഭാഷണങ്ങള്‍ വാചികത്തെ നാട്യപ്രയോഗത്തിന്റെ ദൃശ്യാനുഭവത്തിനൊപ്പം പ്രതിഷ്ഠിക്കുന്നു.

എം.ജി.യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ലെറ്റേര്‍സില്‍ അദ്ധ്യാപകനായ പ്രസിദ്ധ നാടകപ്രവര്‍ത്തകന്‍ ശ്രീ പി ബാലചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച നാടകം സ്കൂള്‍ ഓഫ് ലെറ്റേര്‍സിന്റെ തലവന്‍ ഡോ. വി.സി ഹാരിസ് അടക്കം ഇരുപത്തിയഞ്ചോളം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് വേദിയില്‍ അവതരിപ്പിച്ചത്.

നാടകത്തെക്കുറിച്ച് ശ്രീ എ എന്‍ രവീന്ദ്രന്‍ എഴുതിയ ഒരു ചെറിയ കുറിപ്പ്