Friday, May 30, 2008

ഞാന്‍ എന്ന ഞാന്‍

ഒന്ന്

ബസ്സില്‍ നല്ല തിരക്കായിരുന്നു; എനിക്കാണെങ്കില്‍ പൈസക്ക് നല്ല അത്യാവശ്യവും.

എന്റെ മുന്നില്‍ നില്‍ക്കുന്ന നല്ലവനായ മനുഷ്യന്റെ പോക്കറ്റില്‍ എനിക്കാവശ്യമായ പണം ഉണ്ട്. ചോദിച്ചാല്‍ തരികയും ചെയ്യും.

എന്നാലും ഒരു മടി.

ഒരഭിമാന കോംപ്ളക്സ്.അതിന് വഴങ്ങി.

ചോദിച്ചാല്‍ എനിക്കു തരുമായിരുന്ന ആ പണം അദ്ദേഹം അറിയാതെ ഞാന്‍ എടുത്തു.

തെറ്റല്ല.

പണമിടപാടുകള്‍ രഹസ്യമായിരിക്കണം. ഞാന്‍ ആ ധര്‍മം അനുഷ്ഠിക്കുക മാത്രമാണ് ചെയ്തത്.ഇത്തരം സത്യസന്ധതകള്‍ക്കിന്ന് വല്ല വിലയുമുണ്ടോ?

അതുപോകട്ടെ.ചില സ്ഥലങ്ങളില്‍ ഇത്തരം പ്രവൃത്തിയെ അസൂയക്കാര്‍ പോക്കറ്റടി എന്ന് വിളിച്ച് ആക്ഷേപിക്കുക കൂടി ചെയ്യുന്നു.

കഷ്ടകാലം.

പണം പോയത് അദ്ദേഹം അറിഞ്ഞു.

ബഹളമായി.

ദൈവം സഹായത്തിനെത്തി.

എന്നെയല്ല; എന്റെ അടുത്തുനിന്ന ആളെയാണ് പിടിച്ചത്.

എല്ലാവരും കൂടി ആ കള്ളനെ നന്നായി കൈകാര്യം ചെയ്തു.അയാള്‍ അത്ര പന്തിയല്ലെന്ന് എനിക്കും തോന്നിയിരുന്നു.

ദ്രോഹി.

എനിക്കും ദേഷ്യം വന്നു.

ഞാനും കൊടുത്തു അവനിട്ട് രണ്ട്.

എന്തുചെയ്യാം!

ഞാനും ഒരു സാമൂഹ്യജീവിയായിപ്പോയില്ലെ!

രണ്ട്

ഒറ്റയിടി.

ഭാര്യ ചത്തതുപോലെ വീണു.

കുറച്ചുനേരം കഴിഞ്ഞ് തൊട്ടുനോക്കി.

ഉപമ കാണാനില്ല.

ചത്തു എന്നര്‍ഥം.

അയല്‍ക്കാര്‍ സ്നേഹമുള്ളവരായിരുന്നു.അവര്‍ ഉടനെ പൊലീസില്‍ അറിയിച്ചു.

തന്നെപ്പോലെ തന്റെ അയല്‍ക്കാരനെ സ്നേഹിച്ചതിനു കിട്ടിയ പ്രതിഫലം.

ഒരു വണ്ടിപ്പോലീസാണ് എത്തിയത്.

രക്ഷപ്പെടാന്‍ ഒരു മാര്‍ഗവുമില്ല.

അറസ്റ്റുചെയ്തു കൊണ്ടുപോവുമ്പോള്‍ തിരിഞ്ഞുനോക്കി.

വാതില്‍പ്പടിയിലെ സ്റ്റിക്കര്‍ ഇപ്പോഴുമുണ്ട് 'ശ്രീ കാട്ടൂരപ്പന്‍ ഈ വീടിന്റെ ഐശ്വര്യം'

ഹാവൂ! ആശ്വാസമായി.

മൂന്ന്

ആദ്യരാത്രി.

സെറ്റിങ്സൊക്കെ റെഡിയാണ്.

അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കും.

കരുതിവെച്ച ഡയലോഗുകള്‍ ഒന്നുകൂടി ഓര്‍ത്തു.

മറന്നാല്‍ തീര്‍ന്നു.

സഹായത്തിനാരും ഉണ്ടാവില്ല.

ദൈവമേ, അരുമ മകനെ കൈവിടല്ലേ!

അവള്‍ വന്നു.

തണുപ്പ്,നിലാവ്,നേരിയ കാറ്റ് എന്നിവയെല്ലാം നേരത്തെ ഹാജരുണ്ട്.പശ്ചാത്തലത്തില്‍ രാക്കിളിപ്പാട്ടുകാര്‍ തയാറെടുക്കുന്നു.

ഞാന്‍ തുടങ്ങി.

പഠിച്ചത് പാഴായില്ല.

നാവില്‍ മണി മണി പോലെ വന്നു വീണു.

കയ്യടി ഡയലോഗുകള്‍.

കസറി.

അവളും വിട്ടില്ല.

പഠിച്ച കള്ളി!

നാടകം ക്ളൈമാക്സിലെത്തി.

അവസാന രംഗം.

വികാര തീവ്രവാദിയായി ഞാന്‍ പതിവു ഡയലോഗുകള്‍ കാച്ചി.

'ഇനി ഞാനും നീയുമില്ല.നമ്മളേയുള്ളു.നമുക്കിടയില്‍ മതിലുകളില്ല,വരമ്പുകളില്ല എന്തിന് വായുപോലുമില്ല.
നിന്നെക്കുറിച്ച് എനിക്കൊന്നും അറിയേണ്ട. എന്നാല്‍ എന്നെക്കുറിച്ച് നീ അറിയണം. നിന്നില്‍ നിന്ന് മറച്ചുവെച്ച ഒരു ഭൂതകാലം എനിക്കു വേണ്ട. ഞാന്‍ നല്ലവനായിരുന്നില്ല. എല്ലാത്തരം പാപവും ചെയ്തവന്‍. നീചന്‍. ഇതാ, നിന്റെ സ്നേഹത്തിന്റെ മുന്നില്‍ ഈ കൊടുംവഞ്ചകന്‍.എനിക്കു മാപ്പു തരൂ,എന്നെ ശുദ്ധീകരിക്കൂ
...'

അവള്‍ തിരിച്ചടിച്ചു.

'ഞാനും പാപിയാണ്. എന്നെയും ശുദ്ധീകരിക്കൂ.'

കര്‍ട്ടന്‍.

നാടകം തീര്‍ന്നു.

പിറ്റെദിവസം ഞാന്‍ അവള്‍ക്ക് വിവാഹമോചനത്തിന് വക്കീല്‍നോട്ടീസയച്ചു.

നാല്

സന്ധ്യ,കടല്‍,കാമുകി,ഞാന്‍.

തിരക്കൊഴിഞ്ഞു.

എനിക്കും അവള്‍ക്കുമിടയില്‍ സാഗരസംഗീതം മാത്രം.

സംഗീതത്തില്‍ ഞങ്ങള്‍ അറിയാതെ ലയിച്ചു.

മനസ്സിന്റെ കെട്ടുകള്‍ അഴിഞ്ഞു.

അപ്പൂപ്പന്‍ താടികള്‍ പോലെ അതു പറന്നു.പരസ്പരം പുണര്‍ന്ന് കാറ്റിനൊപ്പം അത് പറന്നു പറന്നു പോയി,വിഹായസ്സിലേക്ക്.

പറ്റിയ സന്ദര്‍ഭം.

ഞാന്‍ ചോദിച്ചു.

'പ്രണയത്തിന്റെ നിറം?'

അവളുടെ കണ്ണുകള്‍ പാതിയടഞ്ഞു.
സ്വപ്നത്തിലെന്നപോലെ അവള്‍ ശബ്ദംതാഴ്ത്തി പറഞ്ഞു.

'നീല'

മിടുക്കി.

'പ്രണയത്തിന്റെ പ്രായം?'

'കടലിനോളം.'

'ഇപ്പോള്‍ കാറ്റു പറയുന്നത്?'

'പോകരുതേയെന്ന്..'

ശരിയാവുന്നില്ല.

വിചാരിച്ച വഴിയെയല്ല വരവ്.

ഇവള്‍ റൂട്ടു മാറുന്നു.

സിലബസ്സൊന്നു പരിഷ്ക്കരിച്ചു.

ചോദ്യം മാറ്റി.

'എവിടെയാണ് സംഗമഭൂമി?'

'പിരിയാന്‍ വയ്യാത്തിടത്ത്.'

പോര.പിടി തരുന്നില്ല.

വിഷയത്തിലേക്കു വരുന്നില്ല.

ഇനി വളച്ചു കെട്ടണ്ട.

'നിന്റെ അഛന്‍ നല്ല വായനക്കാരനാണോ?'

' അത്യാവശ്യത്തിന്.'

'ദെറിദ..?'

'അയ്യോ..ഇല്ല'

'ലകാന്‍..?'

'കേട്ടിട്ടില്ല.'

'സല്‍മാന്‍ റുഷ്ദി?'

'അഛനൊരു പാവമാണ്.'

'മാര്‍ക്വേസ്..?'

'അറിയാനിടയില്ല.'

'കോളറക്കാലത്തെ പ്രണയം ഞാനിനി ആരോട് ചര്‍ച്ച ചെയ്യും? നിന്റെ അഛന്‍ പിന്നെ എന്താണ് വായിക്കുന്നത്?'

'ഹരിനാമകീര്‍ത്തനം.'

'ഛേ..'

'ആദര്‍ശവാദിയായ ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ പിന്നെ മറ്റെന്താണ് വായിക്കുക?'

'ദരിദ്രനാണ് അല്ലേ..?'

'എല്ലാ രീതിയിലും..'

എനിക്ക് പെട്ടെന്ന് തമാശ വന്നു.

'മോളെ എങ്ങനെ കെട്ടിക്കുമെന്ന് നിന്റെ അഛന്‍ കരുതി..?'

അവള്‍ക്ക് സങ്കടം വന്നു.

കടലിനെ നോക്കി അവള്‍ കരഞ്ഞു.

കരയട്ടെ.. പാവം!

അല്ലാതെ അവള്‍ എന്ത് ചെയ്യാന്‍!

വിധി.

എനിക്ക് സഹിക്കാനായില്ല.

ആദ്യം കണ്ട ഓട്ടോയില്‍ തന്നെ കയറി ഞാന്‍ സൂത്രത്തില്‍ രക്ഷപ്പെട്ടു.

കൃത്യസമയത്ത് ബുദ്ധി കാണിച്ചുതന്ന ദൈവത്തിന് നന്ദിയും പറഞ്ഞു. സ്ത്രീധന വിരുദ്ധസമരത്തിന് സംഭാവന നല്‍കാന്‍ ഈ അനുഭവം എന്നെ പ്രാപ്തനാക്കുകയും ചെയുതു.

അനുഭവമാണല്ലോ ഏറ്റവും വലിയ അധ്യാപകന്‍.

അഞ്ച്

ഏതൊരു പണ്ഡിതനെയും പോലെ ഞാന്‍ എന്നെത്തന്നെ സ്നേഹിച്ച് ഒരു പരുവമായി.

നിസ്സാര ബുദ്ധിയെങ്ങാനുമാണോ ഈ തലയില്‍ ദൈവം കയറ്റിവെച്ചിരിക്കുന്നത്!

എനിക്കു മതിയായി!.

എന്നാല്‍ പ്രബുദ്ധകേരളം അതു മനസ്സിലാക്കുന്നുണ്ടോ?

ദാ, ഇപ്പോള്‍ തന്നെ നോക്കൂ.

ഞാനൊരു തീവണ്ടി യാത്രയിലാണ്. എനിക്ക് മാത്രം ഇരിക്കാന്‍ സീറ്റില്ല. ഞാന്‍ അങ്ങനെ നില്‍ക്കേണ്ട ഒരാളാണോ?.
എനിക്ക് നിന്ന് യാത്രചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ട് പറയുന്നതല്ല. ഇതിലും വലിയ വിഷമങ്ങള്‍ ഞാന്‍ നേരിട്ടിട്ടുള്ള കാര്യം നിങ്ങള്‍ക്കു തന്നെ അറിയാമല്ലൊ.

എന്നാല്‍ ഇപ്പോള്‍ ഞാന്‍ അങ്ങനെ യാത്ര ചെയ്യേണ്ട ഒരാളല്ലല്ലോ.എന്റെ ബുദ്ധി,എന്റെ കഴിവ് എല്ലാം ഒന്നാലോചിച്ച് നോക്കു. ഞാന്‍ ഒരു നിസ്സാരക്കാരനല്ലല്ലോ!

എന്നിട്ടെന്താ?

എല്ലാവരും ഇരിക്കുന്നു, ഞാന്‍ മാത്രം നില്‍ക്കുന്നു.

വായന മരിച്ചു, സത്യം!

എന്തായാലും ഒരാള്‍ എന്നെ തിരിച്ചറിഞ്ഞെന്ന് മനസ്സിലായി.

അയാള്‍ എനിക്ക് സീറ്റൊഴിഞ്ഞു തന്നു.

സത്യം വൈകിയാണെങ്കിലും അംഗീകരിക്കപ്പെട്ടല്ലൊ!. നന്നായി.

പക്ഷേ അയാള്‍ ഒരു വായനക്കാരനാണെന്ന് കണ്ടിട്ട് തോന്നുന്നില്ല.കാഴ്ചക്കും ഉണ്ട് ഒട്ടൊരു വൈരൂപ്യം.

എന്താണാവോ ഇനം?

അര്‍ഹമായ സീറ്റു തന്നെയാണോ കിട്ടിയത്?

ഒരു ശങ്ക.

ശങ്ക തീര്‍ക്കാന്‍ തന്നെ തീരുമാനിച്ചു.

ഞാന്‍ ചോദിച്ചു:

'ആരാ?'

അയാള്‍ പേരു പറഞ്ഞു.

അതില്‍ എനിക്കു വേണ്ട നിര്‍ണായക വിവരം ഉണ്ടായിരുന്നില്ല.

ഞാന്‍ വീണ്ടും ചോദിച്ചു:

'അല്ല. എന്താ?'

അയാള്‍ക്ക് എന്റെ ചോദ്യത്തിലെ ബുദ്ധിപരമായ പ്രശ്നം പിടികിട്ടിയില്ല.

ഞാന്‍ അയാളുടെ ചെവിട്ടില്‍ പതുക്കെ ചോദിച്ചു:

'എന്താ ജാതി?'

തീവണ്ടി ചൂളം വിളിച്ചതിനാല്‍ ശരിക്കും കേട്ടില്ല.

അല്ലെങ്കില്‍ തന്നെ ജാതിയില്‍ എന്തിരിക്കുന്നു.

മനുഷ്യന്‍ നന്നായാല്‍ പോരെ!

*

-ശ്രീ എം എം പൌലോസ്, കടപ്പാട്: ദേശാഭിമാനി

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ബസ്സില്‍ നല്ല തിരക്കായിരുന്നു; എനിക്കാണെങ്കില്‍ പൈസക്ക് നല്ല അത്യാവശ്യവും.എന്റെ മുന്നില്‍ നില്‍ക്കുന്ന നല്ലവനായ മനുഷ്യന്റെ പോക്കറ്റില്‍ എനിക്കാവശ്യമായ പണം ഉണ്ട്. ചോദിച്ചാല്‍ തരികയും ചെയ്യും.എന്നാലും ഒരു മടി.ഒരഭിമാന കോംപ്ളക്സ്.അതിന് വഴങ്ങി.ചോദിച്ചാല്‍ എനിക്കു തരുമായിരുന്ന ആ പണം അദ്ദേഹം അറിയാതെ ഞാന്‍ എടുത്തു.തെറ്റല്ല.പണമിടപാടുകള്‍ രഹസ്യമായിരിക്കണം. ഞാന്‍ ആ ധര്‍മം അനുഷ്ഠിക്കുക മാത്രമാണ് ചെയ്തത്.ഇത്തരം സത്യസന്ധതകള്‍ക്കിന്ന് വല്ല വിലയുമുണ്ടോ?അതുപോകട്ടെ.ചില സ്ഥലങ്ങളില്‍ ഇത്തരം പ്രവൃത്തിയെ അസൂയക്കാര്‍ പോക്കറ്റടി എന്ന് വിളിച്ച് ആക്ഷേപിക്കുക കൂടി ചെയ്യുന്നു.

ശ്രീ എം എം പൌലോസിന്റെ നര്‍മ്മം വിതറിയ രചന. സ്വയം പരിഹാസം എന്നു വിളിക്കാം...

ജിജ സുബ്രഹ്മണ്യൻ said...

കള്ളൻ എന്നു കേൾക്കുമ്പോൾ തന്നെ പേടീയാണ്. പോക്കറ്റടിക്കാരനും ഒരു കള്ളൻ തന്നെയല്ലേ?. :‌)

Anonymous said...

തയ്യല്‍ക്കാരനും ഒരു പാവം പോക്കറ്റടിക്കാരനാണ്..:(