Showing posts with label ഇന്‍ഷുറന്‍സ്. Show all posts
Showing posts with label ഇന്‍ഷുറന്‍സ്. Show all posts

Tuesday, December 17, 2013

ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം

പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ തകര്‍ച്ചയ്ക്കു വഴിവയ്ക്കുന്ന ഇന്‍ഷുറന്‍സ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ സജീവ പരിഗണനയിലാണ്. വിദേശ പ്രത്യക്ഷനിക്ഷേപം 26 ശതമാനത്തില്‍നിന്ന് 49 ആയി ഉയര്‍ത്തണം എന്ന നിര്‍ദേശമാണ് ബില്ലില്‍ പ്രധാനമായും പറഞ്ഞിട്ടുള്ളത്. മൂലധന സമാഹരണത്തിനായി പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കണമെന്ന നിര്‍ദേശവുമുണ്ട്.

2008ല്‍ ഈ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍തന്നെ നിരവധി എതിര്‍പ്പുകള്‍ നേരിട്ടു. തുടര്‍ന്ന് ബില്‍ വിശദമായ പരിശോധനയ്ക്കായി ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടു. ഇന്‍ഷുറന്‍സ് മേഖലയിലെ വിദഗ്ധര്‍, ആക്ച്വറിമാര്‍, സംഘടനാപ്രതിനിധികള്‍, മാനേജ്മെന്റ് പ്രതിനിധികള്‍, ധനമന്ത്രാലയത്തിലെ പ്രതിനിധികള്‍, ഇന്ത്യ-യുഎസ് ബിസിനസ് കൗണ്‍സില്‍ തുടങ്ങിയവര്‍ കമ്മിറ്റി മുമ്പാകെ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയും ഈ അഭിപ്രായങ്ങളെല്ലാം ക്രോഡീകരിച്ച് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കുകയുംചെയ്തു. ഈ റിപ്പോര്‍ട്ടില്‍ ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം 26 ശതമാനത്തില്‍നിന്ന് 49 ആയി വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിയെ ശക്തമായി വിമര്‍ശിച്ചു. നിര്‍ദേശം പൂര്‍ണമായി തള്ളിക്കളയണം എന്നാണ് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ഏകകണ്ഠമായി അഭിപ്രായപ്പെട്ടത്. ഇതിനെ അവഗണിച്ചാണ് വിദേശനിക്ഷേപ വര്‍ധനയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. നിലവിലുള്ള നിയമപ്രകാരം ഇന്ത്യയിലെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 26 ശതമാനംവരെ വിദേശനിക്ഷേപം അനുവദിച്ചിട്ടുണ്ട്. ഈ പരിധി നിലനിര്‍ത്തിതന്നെയാണ് ഇന്ത്യയിലെ ഇന്‍ഷുറന്‍സ് മേഖല പുരോഗതി കൈവരിച്ചിട്ടുള്ളത്.

ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ എല്‍ഐസിയും ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളും നല്‍കിക്കൊണ്ടിരിക്കുന്ന മികച്ച പ്രവര്‍ത്തനംതന്നെയാണ് ഈ മേഖലയുടെ പുരോഗതിക്ക് കാരണം. ഐഎംഎഫിന്റെ പുതിയ റിപ്പോര്‍ട്ടുപ്രകാരം ഇന്ത്യയിലെ ഇന്‍ഷുറന്‍സ് മേഖല വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മികച്ച പുരോഗതിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിലെ ഇന്‍ഷുറന്‍സ് മേഖലയുടെ നിയന്ത്രണത്തിലുള്ള ആസ്തികള്‍ ജിഡിപിയുടെ 22.1 ശതമാനമാണ്. പ്രതിശീര്‍ഷ വരുമാനത്തില്‍ ഇന്ത്യയേക്കാള്‍ വളരെ മുന്നില്‍നില്‍ക്കുന്ന പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ അത് ജിഡിപിയുടെ പത്തുശതമാനത്തില്‍ താഴെ മാത്രമേയുള്ളു. ലൈഫ് ഇന്‍ഷുറന്‍സ് മേഖലയുടെ നിയന്ത്രണത്തിലുള്ള ആസ്തികള്‍ ജിഡിപിയുടെ 16.8 ശതമാനമാണെന്നും അതില്‍ 84 ശതമാനവും എല്‍ഐസിയുടെ നിയന്ത്രണത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിലക്കയറ്റം, ജിഡിപിയില്‍ വന്ന തളര്‍ച്ച, സമ്പാദ്യത്തിലുണ്ടായ കുറവ് തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളിലാണ് എല്‍ഐസിയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തെ വിലയിരുത്തേണ്ടത്. ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ടില്‍ ഇന്‍ഷുറന്‍സ് വ്യാപ്തിയുടെ കാര്യത്തില്‍ ഇന്ത്യയിലെ ലൈഫ് ഇന്‍ഷുറന്‍സ് മേഖലയെ വളരെ ഉന്നതമായ സ്ഥിതിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രതിശീര്‍ഷ വരുമാനം ഇന്ത്യയേക്കാള്‍ 35 മടങ്ങോളം അധികമുള്ള അമേരിക്കയിലെ ഇന്‍ഷുറന്‍സ് വ്യാപനതോതിനേക്കാള്‍ മെച്ചപ്പെട്ടതാണ് ഇന്ത്യയുടേതെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ ഇന്‍ഷുറന്‍സ് മേഖല 2013 മാര്‍ച്ചുവരെ 1,91,336 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ പോളിസിയുടമകള്‍ക്കു വിതരണം ചെയ്തിട്ടുണ്ട്. വിദേശനിക്ഷേപം വര്‍ധിപ്പിച്ച് മൂലധന സമാഹരണം നടത്തേണ്ട ഒരു സാഹചര്യവും ഇന്ത്യയിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ നേരിടുന്നില്ല എന്നര്‍ഥം. ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍മാത്രം 23 സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അവയില്‍ ഏതാനും കമ്പനികളൊഴികെ മറ്റെല്ലാം നഷ്ടത്തിലാണ്്. ഏജന്റുമാരുടെയും ഓഫീസുകളുടെയും എണ്ണത്തില്‍ വലിയ വെട്ടിക്കുറവു വരുത്തിയാണ് അവയില്‍ പലതും പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെ ദുര്‍ബലമായ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെ സഹായിക്കാനാണ് മൂലധന അപര്യാപ്തതയുടെ പേരുപറഞ്ഞ് വിദേശനിക്ഷേപം വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുന്നത്. ഇന്‍ഷുറന്‍സ് സ്വകാര്യവല്‍ക്കരണത്തോടെ കമ്പോളത്തില്‍ മത്സരംവരുമ്പോള്‍ പ്രീമിയംനിരക്ക് കുറയുമെന്നും മികച്ച പോളിസികള്‍ രംഗത്തുവരുമെന്നുള്ള സര്‍ക്കാരിന്റെ വാദഗതികളൊന്നും യാഥാര്‍ഥ്യമായില്ല. ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ വാഹനപ്രീമിയം നിരക്കുകളില്‍ അടിക്കടിയുണ്ടാകുന്ന വര്‍ധന ശ്രദ്ധിക്കേണ്ടതാണ്. ഓഹരിക്കമ്പോളത്തിലെ ചാഞ്ചാട്ടങ്ങള്‍ക്ക് അനുസൃതമായി പോളിസി തുകകള്‍ ലഭിക്കുന്ന ഇന്‍ഷുറന്‍സ് വിപണനംതന്നെയാണ് സ്വകാര്യകമ്പനികള്‍ അനുവര്‍ത്തിക്കുന്നത്. പത്തുവര്‍ഷത്തോളം ഇന്‍ഷുറന്‍സ് ബിസിനസ് നടത്തുന്ന ഈ കമ്പനികള്‍ക്ക് ആഭ്യന്തര കമ്പോളത്തില്‍നിന്ന് മൂലധനം സമാഹരിക്കാമെന്നിരിക്കെ, വിദേശനിക്ഷേപത്തിന്റെ പിറകെ പോകേണ്ട കാര്യമില്ല. വിദേശ മൂലധനത്തിന് വിപുലമായ ഇടംനല്‍കുമ്പോള്‍ കമ്പനികള്‍ തമ്മിലുള്ള സംയോജനത്തിന് ആക്കംകൂടും. അങ്ങനെ വരുമ്പോള്‍ മത്സരം കുറയുകയും കുത്തകകള്‍ വര്‍ധിക്കുകയുംചെയ്യും. അത് ഇന്‍ഷുറന്‍സ് മേഖലയില്‍ അനാരോഗ്യകരമായ പ്രവണതകള്‍ക്കാണ് വഴിതെളിക്കുക. ഇന്‍ഷുറന്‍സ് പരിധിയും വ്യാപ്തിയും വര്‍ധിപ്പിക്കാനും മൂലധന സമാഹരണത്തിന് പണംകണ്ടെത്താനും രാജ്യത്തിന്റെ അടിസ്ഥാനമേഖലയുടെ വികസനത്തിന് ധനം സമാഹരിക്കുന്നതിനുമൊക്കെ വിദേശനിക്ഷേപ വര്‍ധന ഉപകരിക്കുമെന്ന സര്‍ക്കാരിന്റെ വാദം സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗീകരിച്ചില്ല. വിദേശ നിക്ഷേപം വര്‍ധിപ്പിച്ചാല്‍ ലോകകമ്പോളത്തിലെ അപകടകരമായ സാഹചര്യം ഇവിടെ പ്രതിഫലിക്കും. സമ്പാദ്യത്തിലൂടെ സമാഹരിക്കുന്ന മൂലധനം രാജ്യത്തിന്റെ പുറത്തേക്കുപോകും. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളില്‍ എഐജി പോലുള്ള വിദേശ ഇന്‍ഷുറന്‍സ് കമ്പനികള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ഇന്ത്യയിലെ ഇന്‍ഷുറന്‍സ് മേഖല ശക്തമായി നിലനിന്നു. അതിനു കാരണം എല്‍ഐസി, ജിഐസി തുടങ്ങിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ ശക്തമായ സാന്നിധ്യമായിരുന്നു. സാമ്പത്തിക പ്രതിസന്ധി ഇപ്പോഴും പൂര്‍ണമായി മാറിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ വിദേശനിക്ഷേപം വര്‍ധിപ്പിക്കുന്നത് രാജ്യത്തിന് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുക. ലോക ഇന്‍ഷുറന്‍സ് കമ്പോളത്തില്‍ ഇന്ത്യ പതിനൊന്നാം സ്ഥാനത്തും ഏഷ്യയില്‍ നാലാംസ്ഥാനത്തുമാണ്. അതില്‍ എല്‍ഐസി നിര്‍ണായകപങ്കു വഹിക്കുന്നു. ഇന്ത്യയിലെ ലൈഫ് ഇന്‍ഷുറന്‍സ് കമ്പോളത്തില്‍ എണ്‍പത്തിമൂന്നു ശതമാനം പോളിസികളും എല്‍ഐസിയാണ് കൈകാര്യംചെയ്യുന്നത്. 1956ല്‍ അഞ്ചുകോടി രൂപ മുതല്‍മുടക്കില്‍ ഇന്‍ഷുറന്‍സ് ബിസിനസ് തുടങ്ങിയ എല്‍ഐസിയുടെ ഇന്നത്തെ ലൈഫ് ഫണ്ട് 14 ലക്ഷം കോടിയും ആകെ ആസ്തി 15 ലക്ഷം കോടിയുമാണ്്. റോഡ്വികസനം, റെയില്‍വേ, ജലസേചനം, ഹൗസിങ്, വൈദ്യുതി തുടങ്ങിയ സാമൂഹിക മേഖലകളില്‍ 1,89,265 കോടി രൂപയാണ് എല്‍ഐസി നിക്ഷേപിച്ചിട്ടുള്ളത്. അങ്ങനെവരുമ്പോള്‍ രാജ്യത്തിന്റെ അടിസ്ഥാന മേഖലകളുടെ വികസനത്തിന് പണംകണ്ടെത്താന്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശനിക്ഷേപം വര്‍ധിപ്പിക്കണമെന്ന വാദത്തിനു പ്രസക്തിയില്ല. ലൈഫ് ഇന്‍ഷുറന്‍സ് കൗണ്‍സിലിന്റെ കണക്കുപ്രകാരം ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം 49 ശതമാനമായി വര്‍ധിപ്പിച്ചാല്‍ ഏകദേശം 60,000 കോടി രൂപയുടെ വിദേശനിക്ഷേപം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കാലത്തുമാത്രം എല്‍ഐസി സര്‍ക്കാരിനു നല്‍കിയത് ഏഴുലക്ഷം കോടി രൂപയാണ്. ഈ തുക രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രയോജനപ്പെടുത്തുന്നത്. പിന്നെ വിദേശനിക്ഷേപത്തിന്റെ ആവശ്യമെന്താണ്?

അപ്പോള്‍ ലക്ഷ്യം ഒന്നേയുള്ളു; പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കലും അതുവഴിയുള്ള സ്വകാര്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കലും. ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെയും മറ്റു നാലു പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെയും ഓഹരികള്‍ പുറത്തെ കമ്പോളത്തില്‍ വിറ്റ് മൂലധന സമാഹരണം നടത്താനും പുതിയ നിയമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നു. ഇത് ഈ കമ്പനികളെ സ്വകാര്യവല്‍ക്കരിക്കുന്നതിനു തുല്യമാണ്. നമ്മുടെ പൊതുമേഖല ജനറല്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടെ മൊത്തം മൂലധനം ഐആര്‍ഡിഎ നിജപ്പെടുത്തിയ 400 കോടിക്കുപകരം 550 കോടി രൂപവരും. ഒരു ലക്ഷം കോടിയിലേറെ രൂപ നിക്ഷേപവും 30,000 കോടി രൂപയുടെ കരുതല്‍ധനവുമുള്ള ഈ കമ്പനികള്‍ക്ക് മൂലധനത്തിന്റെ ആവശ്യംതന്നെയില്ല. നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന നാലു പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ സംയോജിപ്പിച്ച് ഒറ്റക്കമ്പനിയാക്കിയാല്‍ പ്രവര്‍ത്തനം ഇനിയും മെച്ചപ്പെടുത്താവുന്നതേയുള്ളൂ.

*
എന്‍ ഗണപതികൃഷ്ണന്‍ ദേശാഭിമാനി

Saturday, June 20, 2009

കമ്പോള മൌലികവാദവും പിഴ വലിയ പിഴയും

പുതിയ മുതലാളത്തത്തിന് ഏറ്റവും ഇണങ്ങുന്ന വിശേഷണം കുറ്റകൃത്യങ്ങളുടെ സമ്പദ് വ്യവസ്ഥ (Economy of Crime) എന്നാണ്. അതിലെ വ്യക്തികള്‍ മുതല്‍ ചെറിയ സ്ഥാപനങ്ങള്‍ തൊട്ട് വന്‍കിട ഭീമന്മാര്‍ വരെ ആ വിശേഷണത്തിന് അനുകൂലമായാണ് ചിന്തിക്കുന്നതും പ്രവര്‍ ത്തിക്കുന്നതും. സാധാരണ മനുഷ്യരുടെ കുറ്റകൃത്യവാസനയും കമ്പനികളുടെ സാമ്പത്തിക കുംഭകോണങ്ങളും ഈ ശ്രേണിയില്‍പ്പെടുന്നു. പല രാജ്യങ്ങളിലും പടര്‍ന്നു കയറുന്ന അതിക്രമങ്ങളും ഒട്ടു മിക്ക വന്‍കിട സ്ഥാപങ്ങളുമായി ബന്ധപ്പെട്ട കള്ളത്തരങ്ങളും മാധ്യമങ്ങളുടെ സമീപകാല വാര്‍ത്തകളിലെ പ്രധാന ചേരുവകളാണ്.

സത്യം കമ്പ്യൂട്ടേഴ്സിലെ വീഴ്ചകള്‍ സൂക്ഷ്മമായി അന്വേഷിച്ചു ചെന്നവര്‍ക്ക് ചില അമേരിക്കന്‍ കമ്പനികളുടെ കൂടി അവസ്ഥ കാണാനായി. വിപണി കൈയടക്കാന്‍ കുത്തകകള്‍ വ്യാപാരധാര്‍മികത പോലും കാറ്റില്‍പ്പറത്തുന്നതാണ് പുതിയ പ്രവണത. യൂറോപ്യന്‍ യൂണിയന്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ അമേരിക്കന്‍ കമ്പനിയായ ഇന്റലിന് ചുമത്തിയ ഭീമമായ പിഴയാണ് ഈ ശ്രേണിയിലെ ഒടുവിലത്തെ വാര്‍ത്ത. വഴി വിട്ട മാര്‍ഗങ്ങള്‍ അവലംബിച്ച് കമ്പോളം കീഴടക്കാന്‍ ശ്രമിച്ചതിനാണ് കാലിഫോര്‍ണിയ ആസ്ഥാനമാക്കിയുള്ള ആ കമ്പനിക്ക് 7200 കോടി രൂപ പിഴ ചുമത്തിയത്. ലോകത്ത് പേഴ്സണല്‍ കമ്പ്യൂട്ടര്‍ മൈക്രോ പ്രോസസ്സര്‍ വിപണിക്കു വേണ്ട ഉപകരണങ്ങളുടെ 81 ശതമാനവും നിര്‍മ്മിച്ചു നല്‍കുന്നത് ഇന്റലാണ്. എഎംഡി (അഡ്വാന്‍സ്‌ഡ് മൈക്രോ ഡിവൈസസ്) മാത്രമാണ് ഈ രംഗത്തെ അതിന്റെ ഏക എതിരാളി. എഎംഡിയെ കമ്പോളത്തില്‍ നിന്ന് തുരത്താന്‍ യൂറോപ്യന്‍ വിപണിയിലെ വ്യവസ്ഥകളെല്ലാം ഇന്റല്‍ കാറ്റില്‍പ്പറത്തുകയായിരുന്നു. ലോകത്തെ അതി പ്രശസ്ത കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഡെല്‍, എച്ച്പി, ലെനോവ, ഏസര്‍ തുടങ്ങിയവക്ക് സ്വന്തം ഉല്‍പന്നങ്ങള്‍ അടിച്ചേല്‍പിക്കുന്ന കൃത്രിമ സ്ഥിതി സൃഷ്ടിക്കാന്‍ ഇന്റല്‍ രഹസ്യമായി വന്‍ ആനുകൂല്യങ്ങള്‍ വാരി വിതറുകയായിരുന്നത്രെ. എഎംഡിയുടെ ചിപ്പുകളുമായി കമ്പ്യൂട്ടറുകള്‍ ഇറങ്ങുന്നതില്‍ കാലവിളംബമുണ്ടാക്കാനും ഇന്റല്‍ പണം നല്‍കി. ഇതിന് ചില ഉദ്യോഗസ്ഥ മേധാവികളെ ചാക്കിലാക്കാനും ശ്രമിച്ചു.

ഇന്റലിന്റെ ഈ അത്യാഗ്രഹം എഎംഡിയുടെ ജീവനക്കാര്‍ക്കു പോലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. അവരുടെ കമ്പനി ചിപ്പുകള്‍ കൊണ്ട് നിര്‍മ്മിച്ച കമ്പ്യൂട്ടറുകള്‍ അവര്‍ക്ക് അപ്രാപ്യമാകുന്ന അവസ്ഥയാണുണ്ടായത്. അഞ്ചു വര്‍ഷത്തേക്കുള്ള ദീര്‍ഘ പദ്ധതികളിലൂടെയായിരുന്നു ഇന്റല്‍ ആധിപത്യത്തിന് ശ്രമിച്ചത്. എഎംഡിയുമായുള്ള ചില കരാറുകള്‍ വൈകിപ്പിച്ചതിനു പുറമെ പലതും റദ്ദാക്കാനും പ്രേരണയുണ്ടായി.

ഇന്റല്‍ പ്രഖ്യാപിച്ച പല വാഗ്ദാനങ്ങളും ഇളവുകളും തീര്‍ത്തും അധാര്‍മ്മികമാണെന്നാണ് കമ്മീഷണര്‍ നീലി ക്രോയിസ് പ്രതികരിച്ചത്. വിശ്വാസ വഞ്ചനക്ക് അതിന് ചുമത്തിയ അപ്പോഴത്തെ പിഴ വ്യാപാരചരിത്രത്തിലെ തന്നെ ഏറ്റവും വലിയതാണ്. 2008ല്‍ സെയ്ന്റ് ഗോബേയ്‌ന് ഇതിന് കുറവായ പിഴ ഒടുക്കേണ്ടി വന്നിരുന്നു. 2004ല്‍ മൈക്രോസോഫ്റ്റും കുടുങ്ങി. 110000 കോടിയുടെ വ്യാപാരമുളള ഇന്റലിന്റെ യൂറോപ്യന്‍ വ്യാപാര പങ്ക് 30 ശതമാനത്തിലധികമാണ്. ഇപ്പോഴത്തെ പിഴയാവട്ടെ കമ്പനിയുടെ 2008ലെ മൊത്തം ലാഭത്തിന്റെ 4.15 ശതമാനമേ വരൂ എന്നാണ് കമ്മീഷന്‍ അധികൃതരുടെ സമാധാനം. ലോകത്തെ പത്ത് പേഴ്സണല്‍ കമ്പ്യൂട്ടറുകളില്‍ എട്ടിന്റെയും അടിസ്ഥാനം ഇന്റലിന്റെ മൈക്രോ പ്രോസ്സസറാണ്. എഎംഡി 2001ല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു യൂറോപ്യന്‍ കോമ്പിറ്റീഷന്‍ കമ്മീഷന്റെ അന്വേഷണവും പിഴ ചുമത്തലും. ഇന്റലിനെതിരെ എഎംഡി അമേരിക്കന്‍ കോടതിയില്‍ നിയമ നടപടിയും തുടങ്ങിക്കഴിഞ്ഞു. അതിന്റെ വാദം കേള്‍ക്കല്‍ 2010ല്‍ ആരംഭിക്കും. യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട 27 രാജ്യങ്ങളില്‍ വ്യാപാരമത്സരം ഒഴിവാക്കുന്ന നിബന്ധന ലംഘിച്ച് ഇടപാട് നടത്തുന്നതിനെതിരായ നടപടി കൂടിയാണ് ഇന്റലിന് വിനയായത്. കമ്പോളാധിപത്യത്തിന് വഴിവിട്ട് പ്രവര്‍ത്തിക്കുന്നതും എടുത്തു കാട്ടപ്പെടുന്നു.

സാമ്പത്തിക അരാജകത്വത്തെയും മൂലധനം ചോര്‍ത്തിയെടുക്കലിനെയും തുടര്‍ന്ന് പാപ്പരാകുന്ന അമേരിക്കന്‍ കമ്പനികളെ രക്ഷിക്കാന്‍ ഭരണ കേന്ദ്രങ്ങള്‍ തന്നെ സഹായഹസ്തവുമായി ഓടിയെത്തുന്ന കാഴ്ചയാണിന്ന്. സാമ്പത്തിക രംഗത്ത് സര്‍ക്കാര്‍ ഇടപെടല്‍ തീരെ ആവശ്യമില്ലെന്ന് പ്രബോധനം നടത്തിയവര്‍ ഇപ്പോള്‍ ആ സഹായത്തിനു വേണ്ടി തല തല്ലിക്കരയുകയാണ്. എന്നാല്‍ പൊളിഞ്ഞ കമ്പനികളില്‍ നിക്ഷേപിച്ച സാധാരണക്കാരേയും കുംഭകോണങ്ങള്‍ വെറുക്കുന്ന ജീവനക്കാരേയും കുറിച്ച് ഇവര്‍ക്കൊന്നും വേവലാതിയില്ല. ഒരു വന്‍കിട ധനകാര്യക്കമ്പനിയുടെ മേധാവി പറഞ്ഞത് ഇത് അമേരിക്കന്‍ സോഷ്യലിസമാണെന്നാണ്. അതെ സമ്പന്നരുടെ സോഷ്യലിസം (Socialism for the rich). സത്യം കമ്പ്യൂട്ടേഴ്സിലെ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയിലും ഇതേ വായ്ത്താരിയായിരുന്നു. എല്ലാം വിറ്റു പെറുക്കി നിക്ഷേപിച്ചവരെയും അനിശ്ചിതത്വത്തിലായ ജീവനക്കാരെയും കുറിച്ച് പലരും മൌനത്തിലായിരുന്നല്ലോ. റിയല്‍ എസ്റേറ്റ് മേഖലയിലേക്കും ഊഹ ഓഹരിക്കൊതിയിലേക്കും മൂലധനം പകുത്തു നല്‍കിയ രാമലിംഗ രാജു ഇപ്പോഴും നായകന്‍ തന്നെ. ഈ കുറ്റകൃത്യത്തിന് സാങ്കേതിക പിന്തുണയും സ്ഥിതി വിവരണക്കണക്കിന്റെ വ്യാഖ്യാനവും നല്‍കിയ വന്‍ കിട ഉദ്യോസ്ഥരെക്കുറിച്ചാണ് ഇപ്പോള്‍ വിലാപം. അതിലെ നാല് പ്രമുഖര്‍ വിട്ടുപോകുന്നതായാണ് റോളി ശ്രീ വാസ്തവ (Satyam sees exit of top honchos) എഴുതിയത്. നിയമ നടപടികള്‍ ഭയന്നാണ് ഈ പിരിഞ്ഞു പോകലെന്ന് പലരും മനസ്സിലാക്കുന്നുമില്ല. ടെക് മഹീന്ദ്ര ഏറ്റെടുക്കുമ്പോള്‍ സ്ഥാനനഷ്ടം ഉണ്ടാകുമെന്ന് ഭയന്നും ചിലര്‍ 'ഒളിച്ചോടാന്‍' തയ്യാറെടുക്കകയാണത്രെ! മുതിര്‍ന്ന വൈസ് പ്രസിഡന്റുമാരായ വീരേന്ദ്ര അഗര്‍വാളും ഗാരി തീലൂക്ക് സിങും ഇതില്‍പ്പെടുന്നു. ഇതേ നിലവാരത്തിനടുത്തുള്ള കൃഷ് കുമാരസ്വാമിയും രമേഷ് ബാബുവും രാജിവെച്ചതായാണ് വാര്‍ത്ത. സത്യം വൃത്തങ്ങളില്‍ കെ കെ എന്നറിയപ്പെടുന്ന കൃഷ് എച്ച് സി എൽ ലക്ഷ്യമാക്കുകയാണ്. "സ്ഥിതി നല്ലതായിരിക്കുമ്പോള്‍ നീക്കം നടത്തുക'' എന്നതാണ് സത്യം നേതൃനിരയിലെ മുദ്രാവാക്യമെന്നും അടക്കം പറച്ചിലുണ്ട്. എഴുപത് പ്രധാന ഉദ്യോഗസ്ഥര്‍ ഇത് ഏറ്റു വിളിക്കുകയാണെന്ന ഫലിതവും കേള്‍ക്കുന്നു.

സത്യം ശൃംഖലയുടെ വിപുലീകരണത്തില്‍ അഗര്‍വാളിന്റെ പങ്ക് വളരെ വലുതാണ്. 1999 ലാണ് അദ്ദേഹം കമ്പനിയിലെത്തുന്നത്. സിംഗപ്പൂരിലെ വ്യാപാര വികസനത്തില്‍ ഏറെ സംഭാവന നല്‍കുകയും ചെയ്തു. രാജുവിന്റെ കുറ്റ സമ്മതത്തിനു ശേഷം പ്രതിസന്ധി പരിഹാരത്തിനായി രൂപീകരിച്ച സമിതിയിലും അഗര്‍വാള്‍ അംഗമായിരുന്നു. എന്നാല്‍ രാജുവിന്റെ നല്ല പിള്ളയുമായിരുന്നു അദ്ദേഹമെന്നത് മറ്റൊരു കഥ.

ആഗോള സാമ്പത്തിക പ്രതിസന്ധി, പറയപ്പെടുന്ന എല്ലാ നിയന്ത്രണ പ്രതീക്ഷകള്‍ക്കും അപ്പുറമാണെന്ന വെങ്കിടേഷ് ആത്രേയ ( Economic Crisis of global Capitalism : beyond resgulaiotn)യുടെ കാഴ്ചപ്പാട് ഗൌരവമായ ശ്രദ്ധ ആവശ്യപ്പെടുന്നതാണ്. ഇപ്പോഴത്തെ കുഴപ്പത്തെ വെറും ധനപ്രതിസന്ധി മാത്രമായി വായിച്ചെടുക്കുന്നതിലെ പരാധീനതയേയും അദ്ദേഹം വെറുതെ വിടുന്നില്ല. അത്തരം കാഴ്ചപ്പാട് ഉപരിപ്ളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഫിനാന്‍സ് മൂലധനത്തിന്റെ ആധിപത്യ മോഹം ആഭ്യന്തോരോല്‍പാദന വളര്‍ച്ചയില്‍ ഇടിവു വരുത്തിയതായും ആത്രേയ വിലയിരുത്തിയിട്ടുണ്ട്. കമ്പോള മൌലിക വാദികളുടെ വ്യാമോഹങ്ങള്‍ക്ക് പുതിയ പ്രതിസന്ധി ക്ഷതമേല്‍പ്പിച്ചതായും അദ്ദേഹം കണ്ടു. ഓഹരിക്കുതിപ്പ് ചൂണ്ടി ആശ്വാസംകൊളളുന്നവര്‍ എന്നാല്‍ വ്യാവസായിക 'വളര്‍ച്ചാ നിരക്ക്' പൂജ്യത്തിനും താഴെയായത് കാണുന്നുമില്ല. 2008 ല്‍ നിന്ന് 2.3 ശതമാനമാണ് ഈ രംഗത്ത് ഇടിവുണ്ടായത്. ഉല്‍പാദന മേഖലയിലാവട്ടെ തകര്‍ച്ച 3.3 ശതമാനത്തിന്റേതായിരുന്നു. ഓഹരിച്ചന്തയിലെ 80 ശതമാനവും ഈ മേഖലയുടേതാണ്. എന്നിട്ടും ഓഹരി സൂചികയും കമ്പോളവും പ്രതീക്ഷ പുലര്‍ത്തുകയാണത്രെ! തെരഞ്ഞെടുപ്പിന്റെ അനിശ്ചിതത്വങ്ങള്‍ കമ്പോളമനോഭാവത്തെ വലിയ മട്ടില്‍ ഉലച്ചില്ലെന്നും സമാധാനമുണ്ട്. ഓഹരിക്കമ്പോളക്കുതിപ്പ് സാമ്പത്തിക തിരിച്ചു വരവിന്റെ ലക്ഷണമായി വിലയിരുത്തിക്കൂടെന്നാണ് ഹിന്ദു ദിനപത്രം മുഖപ്രസംഗത്തില്‍ മുന്നറിയിപ്പു നല്‍കിയത് (2009 മെയ് 14)

2010-11 ഓടെ ഇന്‍ഷൂറന്‍സ് മേഖലയിലെ ബിസിനസ് 200 ശതമാനം ഏറുമെന്നതാണ് മറ്റൊരു സമാധാനം. അസോചം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇതില്‍ സ്വകാര്യ മേഖലയുടെ കുതിപ്പ് 140 ശതമാനം വരും. അതിനവര്‍ ഉപയോഗിക്കുന്നത് കമ്പോള സൂത്രപ്പണികളാണ്. അടുത്ത രണ്ടു വര്‍ഷത്തിനകം മൊത്തം ഇന്‍ഷുറന്‍സ് ബിസിനസ് 200000 കോടി രൂപ കടക്കുമെന്നാണ് അസോചമിന്റെ കണക്കു കൂട്ടല്‍. ഇപ്പോഴത് 50000 കോടിയുടേതാണ്. വന്‍കിട വിദേശ ഇന്‍ഷുറന്‍സ് കമ്പനികളും തക്കം പാര്‍ത്തിരിക്കയാണ്. സ്വകാര്യ-വിദേശ സംരംഭങ്ങള്‍ ഇന്ത്യന്‍ ഗ്രാമീണ കമ്പോളമാണ് ഇപ്പോള്‍ കൂടുതല്‍ ലക്ഷ്യമാക്കുന്നത്. ഇന്ത്യയിലെ ഇന്‍ഷുറന്‍സ് പ്രീമിയം ആഭ്യന്തരോല്‍പാദനത്തിന്റെ 1.8 ശതമാനത്തിലെത്തിയിട്ടുണ്ട്. അമേരിക്കയിലത് 5.2 ഉം ബ്രിട്ടനില്‍ 6.5 ഉം ദക്ഷിണ കൊറിയയില്‍ 8ഉം ശതമാനമാണ്.

*
അനില്‍കുമാര്‍ എ.വി. കടപ്പാട്: ബാങ്ക് വര്‍ക്കേഴ്സ് ഫോറം

Saturday, June 6, 2009

ഇന്‍ഷൂറന്‍സ് സ്വകാര്യവല്‍ക്കരണത്തിന്റെ 'പിഴ' അടച്ചോ?

ഇന്ത്യന്‍ ഇന്‍ഷൂറന്‍സ് മേഖലയില്‍ ചൂതാട്ടക്കാരുടെ വിളയാട്ടം

സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികളെ നമ്മുടെ ഭരണകൂടം സ്വീകരിച്ചാനയിച്ചിട്ട് 9 വര്‍ഷമാവുന്നു.. ദേശീയവികസനത്തിനും സമ്പാദ്യശീലത്തിനും, സാമൂഹിക സുരക്ഷക്കും സര്‍ക്കാര്‍ കുത്തക തുടര്‍ന്നാല്‍ ഭംഗം വരുമെന്നാണ് ഐ.ആര്‍.ഡി.എ. നിയമം പാസാക്കാന്‍ കൈപൊക്കിയ കോണ്‍ഗ്രസ്സും ബി.ജെ.പി.യും ജനങ്ങളെ ധരിപ്പിച്ചത്. എന്നാല്‍ ജനങ്ങളുടെ വിയര്‍പ്പില്‍ നിന്ന് സമാഹരിക്കുന്ന സമ്പാദ്യം മുഴുവന്‍ സ്വകാര്യകമ്പനികള്‍ വെട്ടിവിഴുങ്ങിക്കഴിഞ്ഞുവെന്നത് സത്യം. ചൂതാട്ടവും, ഊഹക്കച്ചവടവും, വെട്ടിപ്പിടുത്തവും, വഞ്ചനയും ഒന്നിച്ച് ചേര്‍ന്നാല്‍ പോളിസി ഉടമകളുടെ പണത്തിനെന്തു സംഭവിക്കുമെന്ന് യുലിപ്പ് പോളിസികളെക്കുറിച്ച് മനസ്സിലാക്കിയാല്‍ വ്യക്തമാവും. അന്നദാദാവിന്റെ മരണമോ അപകട മരണമോ ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥ നേരിടാന്‍ ലൈഫ് ഇന്‍ഷൂറന്‍സില്‍ ചേരുന്നതിനുപകരം സമ്പാദ്യം ഇരട്ടിപ്പിക്കാനുള്ള എളുപ്പവഴികളിലൊന്നാണ് ഇന്‍ഷൂറന്‍സ് എന്നാണ് സ്വകാര്യകമ്പനികള്‍ പ്രചരിപ്പിക്കുന്നത് അങ്ങനെയാണ് യുലിപ്പ് പോളിസികളുടെ പ്രവാഹമുണ്ടായത്.. ഈ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ വിറ്റ പോളിസികളില്‍ 80% വും യുലിപ്പ് പോളിസികളായിരുന്നു.. വിവിധ തവണകളായോ, ഒരുമിച്ചോ പണമടക്കുന്ന പദ്ധതികളില്‍ ലക്ഷക്കണക്കിനാളുകള്‍ ചേര്‍ന്നു.15,000 മുതല്‍ കോടിക്കണക്കിന് രൂപവരെ നിക്ഷേപം നടത്തി.

എന്താണ് യൂലിപ്പ് പോളിസികളുടെ ഇപ്പോഴത്തെ മൂല്യം?

ഒരു ലക്ഷം രൂപ തവണയടച്ച പോളിസി ഉടമയുടെ കണക്കില്‍ ഇപ്പോള്‍ എത്ര രൂപയാണ് അവശേഷിക്കുന്നത്? പണം ആരടിച്ചെടുത്തു? തരുമെന്നോ കിട്ടുമെന്നോപറഞ്ഞ അധികമൂല്യമെവിടെ? ഓഹരികമ്പോളതകര്‍ച്ചയില്‍ അതൊക്കെ ഒലിച്ചുപോയന്നാണ് ഒരുത്തരം.! കമ്പോളത്തിന് വെട്ടിത്തിന്നാനറിയില്ല, വാരിവിളമ്പാനെ അറിയൂ എന്നാണല്ലോ നമ്മളില്‍ പലരും കരുതിയത്.. സമ്പാദ്യത്തിന് 100%വരെ മൂല്യശോഷണം വന്ന ഒരു വഴി കമ്പോളമാണെങ്കില്‍ മറുവഴി ഇതിലും ഭീകരമാണ്.. നിങ്ങളുടെ നിക്ഷേപത്തില്‍ നിന്ന് തന്നെ ഇന്‍ഷൂറന്‍സ് കമ്പനികള്‍ വെട്ടിമാറ്റുന്ന ചാര്‍ജ്ജുകളുടെ മാതൃക ഇതാണ്.

1. പ്രീമിയം അലോക്കേഷന്‍ചാര്‍ജ്ജ്
2. പോളിസി അഡ്‌മിനിസ്‌ട്രേഷന്‍ ചാര്‍ജ്ജ്
3. മോര്‍ട്ടാലിറ്റിചാര്‍ജ്ജ്
4. ടോപ്പപ്പ് ചാര്‍ജ്ജ്
5. സ്വിച്ചിംഗ് ചാര്‍ജ്ജ്
6. പാര്‍ഷ്യല്‍ വിത്ഡ്രോവല്‍ചാര്‍ജ്ജ്
7. സറണ്ടര്‍ചാര്‍ജ്ജ്

ആദ്യത്തേത് ഏജന്റ് കമ്മീഷന്‍, മാര്‍ക്കറ്റിംഗ് ചിലവുകള്‍, ഇന്‍സിഡന്റല്‍ ചെലവുകള്‍ തുടങ്ങിയവയാണ്.. ആദ്യ പ്രീമിയത്തിന്റെ 5% മുതല്‍ 20% വരെ തുടക്കത്തില്‍ തന്നെ കമ്പനി വരവ് വയ്ക്കുന്നു. പിന്നീട് എല്ലാ മാസവും 7 ശതമാനം വരെ വിവിധ ചാര്‍ജ്ജുകളായി കുറച്ചുകൊണ്ടിരിക്കുന്നു. (ഇവിടെ കൊടുത്തിട്ടുള്ള സ്റേറ്റ്മെന്റ് കാണുക). രണ്ടാമത്തേതാകട്ടെ ഭരണചിലവുകളാണ് ! അച്ചടി, സ്റ്റേഷനറി, പോസ്റ്റേജ്, പ്രോസസിംഗ് തുടങ്ങിയ ഇനങ്ങളിലായി കുറഞ്ഞത് ഒരു പോളിസിയുടെ മേല്‍ പ്രതിമാസം 20 രൂപയെങ്കിലും അടിച്ചു മാറ്റപ്പെടുന്നു. മൂന്നാമത്തെ ചാര്‍ജ്ജ് - റിസ്‌ക് കവര്‍ ചെയ്യുന്നതിനുള്ള വിഹിതമാണ്.. അത് പക്ഷേ നല്‍കേണ്ടതു തന്നെയാണുതാനും.. ഫണ്ട് മാനേജ്‌മെന്റ് ചാര്‍ജ്ജ് എന്നാല്‍ നിങ്ങളുടെ നിക്ഷേപം കമ്പോളത്തില്‍ വില്‍ക്കുക- വാങ്ങുക-തുടങ്ങിയ പ്രക്രിയകള്‍ക്കായി കമ്പനികള്‍ പിടിച്ചെടുക്കുന്ന വിഹിതമാണ്.. മാനേജ് ചെയ്യുന്ന തുകയുടെ 1 മുതല്‍ 5% വരെ ഇങ്ങനെ മാറ്റിവയ്ക്കപ്പെടും! ടോപ്പപ്പ് മുതല്‍ സറണ്ടര്‍ ചെയ്യുന്നതിനു വരെയുള്ള ചാര്‍ജ്ജുകളൊക്കെ പോളിസി ഉടമകളുടെ മേല്‍ വിവിധ ആവശ്യങ്ങള്‍ക്കനുസരിച്ച് അടിച്ചേല്‍പ്പിക്കുന്നതില്‍ വീഴ്ചവരാറില്ല. ചുരുക്കത്തില്‍ യുലിപ് പോളിസിയുടെ പകുതിയോളം (ഇവിടെ ഏതാണ്ട് മുഴുവനും അടിച്ചെടുത്തിരിക്കുന്നു - സ്റ്റേറ്റ്മെന്റ് കാണുക) തുക കമ്പനികളുടെ പേരില്‍ വരവുവക്കാനുള്ളതാണ്.. ശേഷമുള്ളത് കമ്പോളത്തില്‍ നിക്ഷേപിച്ച് ലാഭം കിട്ടിയാല്‍ നിങ്ങള്‍ക്ക് അത് തരുമെന്നാണ് വാഗ്ദാനം!

ഇന്‍ഷൂറന്‍സ് അരിക്കച്ചവടമല്ലല്ലോ.. 'വാഗ്ദാന'മാണവിടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ഉല്‍പ്പന്നം. ഇവിടെ കള്ളന്മാരെ കപ്പലേല്‍പ്പിക്കുന്നുവെന്നുമാത്രമല്ല. അവര്‍ കപ്പലോടിക്കുന്നതാകട്ടെ കടലിലൂടെയല്ല. കമ്പോളത്തിലൂടെയാണ് താനും! കവര്‍ച്ച സുതാര്യമായി നടക്കുന്ന യുലിപ്പിന്റെ വിശേഷങ്ങള്‍ മാക്സ് ന്യൂയോര്‍ക്കിന്റെ ഒരു പോളിസി സ്റ്റേറ്റ്മെന്റ് വെച്ച് ഞങ്ങളിവിടെ വിശദീകരിക്കുന്നു.


(വലുതായി കാണുവാന്‍ ക്ലിക്ക് ചെയ്യുക)

ഇന്‍ഷൂറന്‍സ് സ്വകാര്യവല്‍ക്കരണത്തിന്റെ 'പിഴ' നിങ്ങളടച്ചോ?


“വെറുതെ ഓരോന്ന് പറഞ്ഞ് അവസരങ്ങള്‍ കളഞ്ഞു കുളിക്കരുതേ” എന്നാണ് ഇന്‍ഷൂറന്‍സ് സ്വകാര്യവല്‍ക്കരണത്തെ ഇടതുപക്ഷം എതിര്‍ത്തപ്പോള്‍ നമ്മളില്‍ പലരും പ്രാര്‍ത്ഥിച്ചത്.. സ്വകാര്യ-വിദേശ ബ്രാന്‍ഡുകള്‍ എത്തി. നാട്ടുകാര്‍ക്ക് "പുതിയതും നൂതനവുമായ ഇന്‍ഷൂറന്‍സ് പദ്ധതികള്‍'' അവര്‍ വാരിവിളമ്പി! അതില്‍ ഏറ്റവും മുന്തിയ സാധനമായിരുന്നു 'യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പദ്ധതികള്‍'.. സ്വകാര്യ കമ്പനികള്‍ വിറ്റഴിച്ച ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികളില്‍ 80% വും ഈ ഗണത്തില്‍പ്പെടുന്നു.. നാടോടുമ്പോള്‍ നടുവെ ഓടാതെ വയ്യെന്ന തത്വം പാലിച്ച് എല്‍.ഐ.സിയും അത്തരം പോളിസികള്‍ ഇറക്കി (അത് ഇത്രയും വലിയ നഷ്ടത്തിലല്ല. അവര്‍ നിക്ഷേപം മുഴുവനുമെടുത്ത് ഉണ്ണുന്നില്ല). പോളിസിയിലടയ്ക്കുന്ന തുക ഓഹരി കമ്പോളത്തില്‍ നിക്ഷേപിച്ച് വന്‍തുക കൊയ്തെടുക്കാമെന്നാണ് യുലിപ് പോളിസികള്‍ നല്‍കുന്ന വാഗ്ദാനം.. പൊട്ടകണ്ണന്റെ മാവേലേറുപോലെ, അപൂര്‍വ്വമായി ലക്ഷ്യം കാണില്ലെന്ന് പറയാനാവില്ല.. എന്നാല്‍ ഇവിടെ ഞങ്ങള്‍, ഒരന്താരാഷ്ട്ര ഇന്‍ഷൂറന്‍സ് ഭീമന്റെ ഇന്ത്യന്‍ അവതാരമായ 'മാക്സ് ന്യൂയോര്‍ക്ക്' ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയുടെ പോളിസിക്ക് സംഭവിച്ചത് എന്തെന്ന് വ്യക്തമാക്കുന്ന 'സ്റ്റേറ്റ്മെന്റാണ്' കൊടുത്തിരിക്കുന്നത്.. കമ്പോളത്തില്‍ നിക്ഷേപിച്ച് ലാഭം വാരിയെടുത്ത് പോളിസി ഉടമകളെ സമ്പന്നരാക്കുമെന്ന് വാഗ്ദാനം നല്‍കുന്ന കമ്പനി ഒരു ദമ്പതികളില്‍ നിന്ന് 2007 ഒക്ടോബറില്‍ 50,000 രൂപാ വീതം വാര്‍ഷിക പ്രീമിയം വാങ്ങി (രണ്ടാള്‍ചേര്‍ന്ന് 1 ലക്ഷം) കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ അവര്‍ക്കയച്ചുകൊടുത്ത സ്റേറ്റ്മെന്റാണിവിടെ കൊടുത്തിട്ടുള്ളത്. (ഓര്‍ക്കുക, ഓഹരികമ്പോളം വമ്പന്‍ തകര്‍ച്ചയിലായത് 2008 ഒക്ടോബറില്‍ മാത്രമാണ്. നമ്മുടെ കേസില്‍, കമ്പോളം 'കത്തിനിന്ന' കാലത്താണ് ഇവര്‍ നിക്ഷേപം നടത്തിയത്!)

എന്താണ് ഇതില്‍പറയുന്നത്?

1) നിക്ഷേപ തുകയില്‍ നിന്ന് നിക്ഷേപ നാളില്‍ തന്നെ 20% വീതം (Rs. 10,000/-) 'പ്രീമിയം അലോക്കേഷന്‍ചാര്‍ജ്ജ് (ഏജന്‍സി കമ്മീഷന്‍ മുതല്‍...ഭരണചെലവ് വരെ) കമ്പനിയെടുത്തു.. പോളിസി ഉടമയുടെ പേരില്‍ ബാക്കിയുള്ളത് 40,000/- രൂപയാണ് .. 1518 രൂപയാണ് യൂണിറ്റിന്റെ മൂല്യമായി അയാളുടെ പേരില്‍ കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. 26 രൂപ അതിന്റെ 'പ്രോസസിംഗ് ചാര്‍ജ്ജായി' ഈടാക്കിയത്. കൂടാതെ 2,515.64 രൂപ 'ഫണ്ട്മാനേജ്മെന്റ് ചാര്‍ജ്ജ്' എന്ന കണക്കില്‍ കമ്പനിഅടിച്ചുമാറ്റി.. തുടര്‍ന്ന് ഓരോമാസവും കമ്പനിക്ക് എടുക്കാനുള്ളത് മുഴുവന്‍ യഥാസമയം കിഴിച്ചിട്ടുള്ളത് ശ്രദ്ധിക്കുക.. പോളിസി ഉടമയുടെ പേരിലുള്ള യൂണിറ്റിന്റെ മൂല്യം കുറഞ്ഞുകൊണ്ടിരിക്കുന്നത് എത്ര അളവിലാണെന്നും അവശേഷിക്കുന്ന മൂല്യം എത്രയെന്നും കോളം 8ഉം 9ഉം പറയുന്നുണ്ട്..

പോളിസി എടുത്ത് 12 മാസം കഴിയുമ്പോള്‍ (ഒക്:30, 2008) ഭര്‍ത്താവിന്റെ പേരിലുള്ള 50,000 രൂപയുടെ പോളിസിയുടെ മൂല്യം 397.98 രൂപയും ഭാര്യയുടെ പേരില്‍ (നവംബര്‍ 30ന്) മൂന്ന് പൂജ്യവുമാണുള്ളത്. എന്തൊരത്ഭുതം.

ഞെട്ടരുത്, കഴിഞ്ഞ 9 വര്‍ഷമായി 17 ഓളം സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ രാജ്യത്ത് നിന്ന് പ്രീമിയമായി സമാഹരിച്ച കോടാനുകോടിരൂപയുടെ 80%വും യുലിപ് ഇന്‍ഷൂറന്‍സ് പദ്ധതികളിലൂടെ ആയിരുന്നു. ഫലത്തില്‍ ഇത് മുഴുവന്‍ കവര്‍ച്ച ചെയ്യപ്പെടുകയായിരുന്നു! ഇന്‍ഷൂറന്‍സ് ചൂതാട്ടമായി മാറുകയും, ഭാഗ്യക്കുറിക്ക് സമാനമായിത്തീരുകയും ചെയ്യുന്ന അവസ്ഥയെ 'അവസര' മായി കണ്ട ലക്ഷക്കണക്കിന് പോളിസി ഉടമകളില്‍ നിങ്ങളും പെടുന്നുണ്ടോ? കേരളത്തില്‍ നിന്ന് മാത്രം 15,000 കോടിരൂപാ ഇങ്ങനെ സ്വകാര്യ കമ്പനികള്‍ വിഴുങ്ങിയിട്ടുണ്ടന്നാണ്. പി.എ.ജി.യുടെ ഏരിയല്‍ സര്‍വ്വെ കണ്ടെത്തിയത്.. അന്താരാഷ്‌ട്ര വെട്ടിപ്പുസംഘങ്ങള്‍ക്ക് ഖജനാവ് തന്നെ തുറന്നു കൊടുത്ത് കമ്പോളവ്യവസ്ഥ നിലനിര്‍ത്താന്‍ പാടുപെടുന്ന രാഷ്‌ട്രീയ ദല്ലാള്‍മാര്‍ ഇന്‍ഷൂറന്‍സ് സ്വകാര്യവല്‍ക്കരണത്തിനും, വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കാനും വേണ്ടി കുത്തിമറിയുമ്പോള്‍ ചെറുത്തുനില്‍ക്കുകയും പോരാടുകയും ചെയ്യുന്ന ഇടതുപക്ഷത്തെയും, തൊഴിലാളി സംഘടനകളെയും കുറ്റപ്പെടുത്തിയും കളിയാക്കിയും നടക്കുന്ന മധ്യവര്‍ഗ്ഗവും, സമ്പന്നരും ഇന്‍ഷൂറന്‍സ് സ്വകാര്യവല്‍ക്കരണ തീരുമാനത്തിന്റെ പേരില്‍ അടയ്ക്കുന്ന 'പിഴ' യാണ് ULIP നിക്ഷേപങ്ങള്‍... തുടര്‍ന്നും അതടയ്ക്കുവാന്‍, അവര്‍ക്ക് അവകാശമുണ്ടല്ലോ! കമ്പോളം നീണാള്‍ വാഴട്ടെ... വഞ്ചന നീണാള്‍ വാഴട്ടെ.

രാജാവ് തുണി ഉടുത്തിട്ടില്ല!

ചൂതാട്ടക്കാര്‍ ഖജനാവിലെ പണമെടുത്ത് ധൂര്‍ത്തടിക്കുന്നു...

2008 സെപ്റ്റംബര്‍ 2-ാംവാരം. 8500 കോടി അമേരിക്കന്‍ ഡോളര്‍ ഖജനാവില്‍ നിന്ന് വാങ്ങിയെടുത്ത് ജീവന്‍ നിലനിര്‍ത്തിയ AIGക്ക് പിന്നീട് 8800 കോടി ഡോളര്‍ കൂടി ഫെഡറല്‍ റിസര്‍വ്വിന്റെ വായ്പ കിട്ടി. (ആകെ 17300 കോടി ഡോളര്‍). AIGയുടെ 79 ശതമാനം ഓഹരി ഈടായി വാങ്ങിവെച്ചിട്ടാണ് നാട്ടുകാരുടെ പണമെടുത്ത് ഈ അന്താരാഷ്ട്ര തട്ടിപ്പുവീരന് നൽകിയതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം! പക്ഷെ AIG അതിന്റെ കിട്ടാക്കടങ്ങളിലും, മൂല്യരഹിത സെക്യൂരിറ്റികളിലും മുങ്ങിത്താണുകൊണ്ടിരിക്കുകയാണന്നാണ് വാര്‍ത്തകള്‍... 136 രാഷ്‌ട്രങ്ങളില്‍ 15ലധികം മേഖലകളിലായി പടര്‍ന്നു പന്തലിച്ച് കിടന്ന AIG യുടെ ഘടകങ്ങളില്‍ ഏറെയും ഇതിനോടകം വിറ്റുപെറുക്കി.. ഏറ്റവും അവസാനം വിറ്റത് അമേരിക്കയിലെ 40 സംസ്ഥാനങ്ങളില്‍ ഓട്ടോ ഇന്‍ഷൂറന്‍സ് ചെയ്തുകൊണ്ടിരുന്ന 21st Century Insurance Group ആണ്. കഥയിതാണെങ്കിലും, മുങ്ങിത്താഴുന്ന AIG 2008-2009ലെ 'ബോണസ്' പ്രഖ്യാപിക്കുകയും അത്, കമ്പനിയുടെ ഭരണാധിപന്‍മാരായ എക്സിക്യൂട്ടീവുകള്‍ക്കെല്ലാം വിതരണം ചെയ്യുകയും ഉണ്ടായി! 165 ദശലക്ഷം ഡോളര്‍ ആണ് (ഏതാനും ദശകങ്ങള്‍മാത്രം വരുന്ന) കമ്പനിമേധാവികള്‍ക്ക് വീതിക്കപ്പെട്ടത്. വിവരമറിഞ്ഞ അമേരിക്കന്‍ പ്രസിഡന്റും സെനറ്റും 'ചൂടായ'തിന്റെ വാര്‍ത്തകള്‍ നമ്മള്‍ വായിച്ചുവല്ലോ... അവസാനം നാട്ടുകാരുടെ തെറിയഭിഷേകം ഭയന്ന് സെനറ്റ് ഒരു പുതിയ നിയമം തന്നെ കൊണ്ടുവരാനാണ് തീരുമാനിച്ചത്..

ഖജനാവില്‍ നിന്ന് 5 ബില്യന്‍ ഡോളറിനു മുകളില്‍ ധനസഹായം വാങ്ങിയിട്ടുളള കമ്പനികള്‍ ബോണസ് പ്രഖ്യാപിച്ചാല്‍: 2.5 ലക്ഷം ഡോളറിലധികം തുക ബോണസായി ലഭിക്കുന്ന ഉദ്യോഗസ്ഥര്‍, കിട്ടിയതിന്റെ 90% നികുതിയടക്കണം എന്നാണ് നിയമത്തിലെ വ്യവസ്ഥ!

ഇതെന്തു ബില്ല് ! നികുതിയടക്കാതെ വളര്‍ന്നുവന്ന ഞങ്ങള്‍ നികുതിയടക്കുകയോ? ചത്തുകൊണ്ടിരിക്കുന്ന കമ്പനി മേധാവികള്‍ മുഴുവന്‍ ഞെട്ടിപിടഞ്ഞെണീറ്റു! 2008 സെപ്റ്റംബറിലുണ്ടായ സാമ്പത്തികസുനാമിയില്‍ തകര്‍ന്നുതരിപ്പണമായ ബാങ്കുകളുടെ മേധാവികള്‍ മുഴുവന്‍ ഒബാമക്കെതിരെ രോഷത്തോടെ കുരച്ചുചാടി "ഈ നികുതി നിര്‍ദ്ദേശം കാരണം അടുത്തൊന്നും സാമ്പത്തിക മന്ദ്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അമേരിക്കക്ക് സാധിക്കില്ല'' എന്നാണ് ഖജനാവിന്റെ കനിവില്‍ ജീവിക്കുന്ന ബാങ്കര്‍മാര്‍ ശപിച്ചത്.. "കഴിവുള്ള മഹാപ്രതിഭകളെ ബാങ്ക് /ഇന്‍ഷൂറന്‍സ് / ഓട്ടോ കമ്പനികള്‍ക്ക് നഷ്ടപ്പെടാന്‍ ഈ നികുതി നിര്‍ദ്ദേശം വഴിവയ്ക്കു'' മെന്നാണ് CEO മാര്‍ സംഘം ചേര്‍ന്ന് പ്രഖ്യാപിച്ചത്. ജെ.പി മോര്‍ഗന്‍ 25 ബില്യനും , സിറ്റിഗ്രൂപ്പ് 45 ബില്യനും (ഒപ്പം 118 ബില്യന്‍ ഡോളറിന്റെ ഗ്യാരണ്ടിയും) ഖജനാവില്‍ നിന്ന് വാങ്ങിയിട്ടുണ്ട്.. അവരൊക്കെയാണ് സെനറ്റിന്റെ നികുതി നിര്‍ദ്ദേശത്തിനെതിരെ പടയൊരുക്കം നടത്തുന്നത്.

ഈ ധിക്കാരികളുടെ നേരെ അമേരിക്കന്‍ ജനതയുടെ കടുത്ത രോഷവും പരിഹാസവും അണപൊട്ടി ഒഴുകുന്നുവെന്നാണ് മാധ്യമങ്ങള്‍ എഴുതുന്നത്. എ.ഐ.ജി.യുടെ ഉന്നതഉദ്യോഗസ്ഥന്മാര്‍ ജനരോഷം ഭയന്ന് രഹസ്യകേന്ദ്രങ്ങളില്‍ പോയി ഒളിക്കുകയാണത്രെ! മുങ്ങിയമരുന്ന എ.ഐ.ജിക്ക് നേരെ 6.4 ദശലക്ഷം ചീഞ്ഞ തക്കാളികള്‍ വലിച്ചെറിഞ്ഞ് ഇന്റര്‍നെറ്റിലൂടെ ജനങ്ങള്‍ പ്രതിഷേധിച്ചുവെന്ന് കൂടി കേള്‍ക്കുക! ഒപ്പം അമേരിക്കന്‍ സര്‍ക്കാരിനോട് "ഞങ്ങളുടെ പണമാണത്. അത് തിരിച്ചു വാങ്ങിത്തരൂ'' എന്ന ആവശ്യത്തിന് താഴെ ഇത്രയും പേര്‍ കൈയ്യൊപ്പ്ചാര്‍ത്തിയെന്നത് ചൂതാട്ടക്കരെ ഭയപ്പെടുത്തുന്നു.

AIGയുടെ ഒരു മിനിട്ട് നേരത്തെ നഷ്ടം 4,60,000 ഡോളറാണത്രെ! കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ 'നഷ്ട'മാണിതെന്ന് കമ്പോളമേധാവികള്‍ പറയുന്നു. ജനുവരിമുതല്‍ മാര്‍ച്ച് വരെയുള്ള 3 മാസക്കാലത്തെ നഷ്ടം 60 ബില്യന്‍ ഡോളറായിരുന്നു.. (ഇതാണ് മിനിട്ടിലാക്കികൊടുത്തിരിക്കുന്നത്) ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികള്‍ സെക്യൂരിറ്റികളാക്കി വായ്പയെടുക്കാനും, അമേരിക്കന്‍ സര്‍ക്കാര്‍ നല്‍കിയ ഭീമന്‍ തുകക്ക് പലിശ ഒഴിവാക്കി രക്ഷപെടാനുമാണ് ഇപ്പോള്‍ അവരുടെ ശ്രമം.

അമേരിക്കന്‍ ഖജനാവില്‍ നിന്ന് 173 ബില്യന്‍ ഡോളര്‍ ഇതിനോടകം വാങ്ങിയ എ.ഐ.ജിയുടെ ഓട്ടോ ഇന്‍ഷൂറന്‍സ് യൂണിറ്റ് ഈ കഴിഞ്ഞ ദിവസം 1.9 ബില്യന്‍ ഡോളറിന് സൂറിച്ച് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് വിലക്ക് വാങ്ങി. സൂറിച്ച് ഒരു സ്വിറ്റ്സര്‍ലാന്റ് കമ്പനിയാണ്. 21st Century Insurance Group എന്ന പേരില്‍ അമേരിക്കയിലെ 49 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഓട്ടോ ഇന്‍ഷൂറന്‍സ് കമ്പനിയാണ് എ.ഐ.ജി. കയ്യൊഴിഞ്ഞിരിക്കുന്നത്.

AIG യുടെ ധനകാര്യ ഉല്‍പ്പന്നങ്ങളുടെ വിഭാഗത്തിലെ എക്സിക്യൂട്ടീവ് വൈസ്പ്രസിഡണ്ട് ജാക്ക് ഡെമ്പന്റിസ് ഇതിനിടെ മനഃസ്താപം കൊണ്ട് പരസ്യമായി സ്ഥാനം രാജിവെച്ചു. 7.42 ലക്ഷം ഡോളര്‍ ബോണസ് ലഭിച്ച അദ്ദേഹം ന്യൂയോര്‍ക്ക് ടൈംസില്‍ തന്റെ രാജിക്കത്ത് പ്രസിദ്ധീകരണത്തിന് നല്‍കുകയും ചെയ്തു. "ഞാന്‍ നാണക്കേടുകൊണ്ട് കമ്പനി വിടുകയാണ്, നിങ്ങള്‍ തന്ന ബോണസ്, ധര്‍മ്മസ്ഥാപനങ്ങള്‍ക്ക് സംഭാവന ചെയ്യാനാണ് എന്റെ തീരുമാനം'' അദ്ദേഹത്തിന്റെ രാജിക്കത്തില്‍ പറയുന്നു! ജനങ്ങളുടെ നികുതിപ്പണം വാങ്ങിവച്ച് ഉണ്ണുന്നവര്‍ സെനറ്റിനും ഒബാമക്കും, ജനങ്ങള്‍ക്കുമെതിരെ, രോഷംകൊള്ളുമ്പോള്‍ കമ്പോളാധിപന്മാരുടെ തൊലിയുടെ കട്ടിയും നഗ്നതയുടെ ഭീകരതയും എത്രയുണ്ടെന്ന് നിങ്ങള്‍ ഊഹിക്കുക.

കമ്പോളം നീണാള്‍വാഴട്ടെ!

ഇന്ത്യന്‍ സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ വന്‍നഷ്ടത്തില്‍

വിദേശ നിക്ഷേപപരിധി 26% മാത്രമുള്ള ഇന്ത്യയില്‍ AIG യുടെയും ലോയ്‌ഡിന്റെയും തകര്‍ച്ചക്ക് സമാനമായ ദുരന്തം സംഭവിച്ചില്ലന്നത് നേരാണ്. എന്നാല്‍, ഓഹരികമ്പോളത്തില്‍ പണമെറിഞ്ഞ് നാട്ടുകാരുടെ പണം കവരുന്ന കാര്യത്തില്‍ ഇന്ത്യന്‍ സ്വകാര്യ ഇന്‍ഷൂറന്‍സ് ഒട്ടുമോശമല്ലന്ന് നാം കണ്ടു. ഇതോടൊപ്പം കൂട്ടിവായിക്കാവുന്ന ഒരു വസ്തുത കൂടി ഉണ്ട്. 17 സ്വകാര്യ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്.. അതില്‍ 4 എണ്ണം ഒഴിച്ചുള്ളവയെല്ലാം തുടര്‍ച്ചയായി വന്‍സാമ്പത്തിക നഷ്ടത്തിലാണ്. ഏറെ വൈകാതെ ഇവയൊക്കെ നാട്ടുകാരുടെ പണവുമായി ശൂന്യതയില്‍ വിലയം പ്രാപിച്ചാല്‍ അല്‍ഭുതപ്പെടേണ്ടതില്ലന്ന് സാരം. IRDA പ്രസിദ്ധീകരിച്ച സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികളുടെ 2007-08 ലെ നഷ്ടകണക്കുകള്‍ നോക്കുക.


എവിടേക്കാണ് ഈ കമ്പനികള്‍ പോകുന്നത്? അവയില്‍ നിന്ന് പോളിസി എടുത്തവരുടെ പണം എന്തായിതീരും? എസ്.ബി.ഐ. ലൈഫ് ശ്രീറാം ലൈഫ്, മെറ്റ് ലൈഫ് എന്നിവയാണ് നാമമാത്രലാഭമുണ്ടാക്കിയ മൂന്നു കമ്പനികള്‍. ഏക പൊതുമേഖലാ കമ്പനിയായ എല്‍.ഐ.സിയാവട്ടെ 5 കോടി പ്രവര്‍ത്തന മൂലധനവുമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. 2006-07ല്‍ 774 കോടിയും 2007-08ല്‍ 845 കോടി രൂപയുമാണ് എല്‍.ഐ.സിയുടെ അറ്റാദായം.. 5 ലക്ഷം കോടിയുടെ കരുതല്‍ധനമുള്ള എല്‍.ഐ.സി ഇന്ത്യയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമാണ്.

സ്വകാര്യ കമ്പനികളുടെ നിലനില്‍പ്പ് അപകടത്തില്‍

ഇന്‍ഷൂറന്‍സ് കമ്പനികളുടെ നിലനില്‍പ്പും ആരോഗ്യവും അളക്കുന്നതിനുള്ള മാനദണ്ഡമാണ് സോള്‍വന്‍സി റേഷ്യോ. 17 സ്വകാര്യ ലൈഫ്ഇന്‍ഷൂറന്‍സ് കമ്പനികളില്‍ 5 എണ്ണത്തിന്റെയും സോള്‍വന്‍സി റേഷ്യോ, IRDA നിശ്ചയത്തിന് വളരെ താഴെയെത്തിയതായി കണക്കുകള്‍ പറയുന്നു.. ബാധ്യതകള്‍ ഏറ്റെടുക്കാന്‍ ശേഷിനഷ്ടപ്പെട്ടുവെന്ന് പറയാവുന്ന അഞ്ച് സ്വകാര്യ കമ്പനികള്‍ ഇവയാണ്..

1) അവീവ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി
2) ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ്
3) ഐ.എന്‍.ജി. വൈശ്യാ ലൈഫ് ഇന്‍ഷൂറന്‍സ്
4) മെറ്റ്ലൈഫ് ഇന്ത്യാ ലൈഫ് ഇന്‍ഷൂറന്‍സ്
5) ടാറ്റാ എ.ഐ.ജി.ലൈഫ് ഇന്‍ഷൂറന്‍സ്

‘അനാഥ പോളിസികള്‍' പെരുകുന്നു

കഴിഞ്ഞ 3 വര്‍ഷമായി ആദ്യപ്രീമിയം അടച്ച് നിന്നുപോകുന്ന ഇന്‍ഷൂറന്‍സ് പോളിസികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണത്രെ! 2008-09 ല്‍ 35% പോളിസികള്‍ ക്യാന്‍സലാവുകയുണ്ടായെന്ന് IRDA പറയുന്നു.. ULIP പോളിസികളുടെ തള്ളിക്കയറ്റം കാരണം അനാഥമാവുന്ന പോളിസികളുടെ എണ്ണം 50% വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് IRDA അംഗമായ ശ്രീ. ആര്‍. കണ്ണന്‍ പ്രതീക്ഷിക്കുന്നു.

വിദേശ മ്യൂച്ചല്‍ഫണ്ടുകള്‍ മെലിയുന്നു

വിദേശ മാനേജ്‌മെന്റുകളുടെ നേതൃത്വത്തിലുള്ള മ്യൂച്വല്‍ഫണ്ടുകളുടെ മൂല്യതകര്‍ച്ച തുടരുകയാണ്. 2008 മാര്‍ച്ചില്‍ വിദേശ അസ്സറ്റ് മാനേജ്‌മെന്റ് കമ്പനികളുടെ മൂല്യം 20.6% ആയിരുന്നത് 2009 മാര്‍ച്ചില്‍ നേര്‍പകുതിയായി (11.6%) ഇടിഞ്ഞു. AIG, GIO വിന്റെ മൂല്യം 57.22% ഇടിഞ്ഞപ്പോള്‍ മിറാക്കിന്റെ മൂല്യം 85.57% ആയി താണു. HSBC യുടെ മൂല്യം 39.84% വും ING യുടേത് 70.99%വും താണു! മോര്‍ഗന്‍ ആന്റ് സ്റ്റാന്‍ലിക്ക് 57.80% ശോഷണം സംഭവിച്ചപ്പോള്‍ ഫിഡിലിറ്റിക്ക് 26.5 ശതമാനമാണ് തകര്‍ച്ച!

പടവലങ്ങാ വളര്‍ച്ച

HDFCയുടെ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി വന്‍കടബാധ്യതയില്‍ മുങ്ങുകയാണ്. 502.96 കോടി രൂപയാണ് എച്ച്.ഡി.എഫ്.സി. സ്റ്റാന്‍ഡേര്‍ഡ് ലൈഫിന്റെ 2008-09 വര്‍ഷത്തെ നഷ്ടം. തൊട്ടുമുന്‍വര്‍ഷം അത് 241.51 കോടിയായിരുന്നു. എച്ച്.ഡി.എഫ്.സിക്ക് ഒരു ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനിയുമുണ്ട് HDFC ERGO.. ഇതിന്റെ കച്ചവട നഷ്ടം 25.21 കോടിയാണത്രെ. മറ്റൊരു വമ്പന്‍ ഇന്‍ഷൂറസ് കമ്പനിയാണ് ICICI Prudential. 2008-2009ല്‍ അവരുടെ വാര്‍ഷികവളര്‍ച്ച 2 ശതമാനമാണത്രെ. ICICI Lombard എന്ന പേരില്‍ ഒരു ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനിയും ഇവര്‍ക്കുണ്ട്. 2009 മാര്‍ച്ചില്‍ 19 ശതമാനം പിറകോട്ടാണ് അത് 'വളര്‍ന്നത്'. (ബിസിനസ്സ് ലൈന്‍്‍)

*
കടപ്പാട്: പി.എ.ജി ബുള്ളറ്റിന്‍

Saturday, April 11, 2009

നാളെ കരയാതിരിക്കാന്‍ ഇന്നേ വിവേകികളാകുക

പ്രിയപ്പെട്ട ചങ്ങാതി,
രാഷ്‌ട്രീയമെന്നും തെരഞ്ഞെടുപ്പെന്നും കേള്‍ക്കുമ്പോള്‍ പുച്ഛമാണ് പൊതുവേ.
പക്ഷേ, രാഷ്‌ട്രീയക്കാരുടെ സര്‍ക്കാരുകള്‍ നിര്‍മ്മിക്കുന്ന
നയങ്ങള്‍ക്കും നിയമങ്ങള്‍ക്കുമനുസരിച്ചാണ് നമ്മുടെ ജീവിതം.
രാഷ്‌ട്രീയക്കാര്‍ ഭരണാധികാരികളാകുന്ന പാര്‍ലിമെന്റില്‍
ഒരു ബില്ലു കൊണ്ട് വന്നാല്‍ ബാങ്കുകളെയെല്ലാം ദേശസാല്‍ക്കരിക്കാം.
പൊതുമേഖലാ ബാങ്കുകളെ സ്വകാര്യബാങ്കാക്കുന്നതും, ലയനം നടപ്പാക്കുന്നതും
പാര്‍ലിമെന്റ് നിയമത്തിലൂടെയാണ്.
വിലക്കയറ്റം സ്വയംഭൂവല്ല, കേന്ദ്രസര്‍ക്കാരിന്റെ നയം മൂലം ഉണ്ടാകുന്നതാണ്.
പെന്‍ഷന്‍ നല്‍കേണ്ടത് സര്‍ക്കാരല്ലേ?
കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് പെന്‍ഷന്‍ഫണ്ട് സ്വകാര്യവത്കരിക്കണമെന്നാണ്.
അതെ, പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് ഒരു ജീവിത പരീക്ഷയാണ്.

വിശന്നുപൊരിയുന്ന കടുവയാണ് അമേരിക്കയടക്കമുള്ള മുതലാളിത്ത രാജ്യങ്ങള്‍.
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ അവര്‍ക്ക്
ഇന്ത്യയിലെ ബാങ്കിനെ വേണം, ഇന്‍ഷൂറന്‍സിനെ വേണം,
എന്നിട്ടു വേണം വെന്റിലേറ്ററില്‍ കഴിയുന്ന AIG യെയും മറ്റും രക്ഷിക്കാന്‍ !
അമേരിക്കയുടെ ശിങ്കിടിരാജ്യമായി ഇന്ത്യയെ മാറ്റിയാലെ അതു നടക്കൂ.
ജോര്‍ജ് ബുഷിനെ ഷൂസുകൊണ്ടെറിഞ്ഞത്
ആത്മരോഷത്തിന്റെ പ്രകാശനമായിരുന്നു.
പക്ഷേ ഇന്ത്യന്‍ ജനത ബുഷിനെ ലൌ ചെയ്യുന്നതായി പ്രധാനമന്ത്രിയുടെ വക്കാലത്ത് !
തീര്‍ന്നില്ല, ഭാരതരത്നം നല്കി ആദരിക്കണമെന്ന് കോണ്‍ഗ്രസ്സ് പാര്‍ട്ടി !
അമേരിക്ക ഉത്കണ്ഠയോടെ പരതുകയാണ്.
ആരാണ് ഇന്ത്യയില്‍ അധികാരത്തിലെത്താന്‍ പോകുന്നത് !
ബിജെപി യോ, കോണ്‍ഗ്രസ്സോ? രണ്ടായാലും കുഴപ്പമില്ല !!
പക്ഷേ നാലരകൊല്ലം അമേരിക്കയുടെ അന്നംകുടി മുട്ടിച്ച ഇടതുപക്ഷം
നിര്‍ണ്ണായകമാകുന്നത് അവര്‍ സഹിക്കില്ല.
മൂന്നാം മുന്നണി ഒന്നാം മുന്നണിയാകുന്നത് പൊറുക്കാനാവില്ല.
അതുകൊണ്ടാണ് കേരളത്തിലും ബംഗാളിലും
പ്രത്യേക നിരീക്ഷണം; സ്പെഷ്യല്‍ സാമന്തന്മാര്‍ !
പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് പത്രങ്ങള്‍ വിവരിക്കും പോലെ
ഹോബിയല്ല, മസാലവര്‍ത്തമാനമല്ല,
ജനതാദളിന്റെ സീറ്റോ, മദനിയുടെ വോട്ടോ അല്ല കാര്യം.
ചോദ്യം, നാം അടിമരാജ്യമാകണോ? അഭിമാനരാജ്യമാകണോ?

1991 വരെ ഇന്ത്യയില്‍ അന്തസ്സാര്‍ന്ന ബാങ്കിംഗ് നയമായിരുന്നു.
ആഗോളവത്കരണത്തോടെ ശൈലിമാറി.
എല്ലാ ബാങ്കുകളും “ICICI“കഴുത്തറപ്പന്‍ സംസ്‌ക്കാരത്തിലേയ്ക്ക്” വരണം.
ഇതാണ് കേന്ദ്രസര്‍ക്കാര്‍ തിട്ടൂരം.
അക്കൌണ്ടില്‍ നിന്ന് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുന്നത് ഭീമമായ തോതിലാണ് !
നാട്ടുകാരോട് സമാധാനം പറയേണ്ടത് ക്ളര്‍ക്കും മാനേജര്‍മാരുമാണ്.
ശാഖകളില്‍ ജീവനക്കാരുടെ എണ്ണം കുറഞ്ഞുവരുന്നു.
ഉള്ള ജീവനക്കാരെ അടിച്ചുപരത്തുന്നു, വലിച്ചു നീട്ടുന്നു.
ചെറിയ വായ്പക്കാരോട് കരുണ വേണ്ടന്നാണ് ഉത്തരവ് !
ബാങ്കുകളുടെ RAW MATERIAL ആണ് നിക്ഷേപങ്ങള്‍.
പക്ഷേ ഈ പണത്തെ വിദേശികളുടെ ഇന്‍ഷുറന്‍സിലേയ്ക്ക്
കൂട്ടികൊടുക്കുന്ന പണിക്കാണ് വലിയ പ്രോത്സാഹനം.
ഇതൊന്നും ശാഖകളിലെ ജീവനക്കാരുടെ കുഴപ്പംകൊണ്ട് സംഭവിക്കുന്നതല്ല.
ബാങ്ക് ദേശസാത്കരണത്തെ കേന്ദ്രസര്‍ക്കാര്‍ തലകുത്തി നിര്‍ത്തിയതും
വിദേശികള്‍ക്ക് വെഞ്ചാമരം വീശുന്നതുമാണ് ഈ മാരണങ്ങളുടെയൊക്കെ കാരണം.
അന്തരിച്ചുപോയ ശ്രീമതി. ഇന്ദിരാഗാന്ധി തിരിച്ചുവരുമെങ്കില്‍
UPA സര്‍ക്കാരിനെ അവര്‍ ചമ്മട്ടികൊണ്ടടിക്കും.
അന്നും ഇന്നും ദേശസാല്‍ക്കരണത്തെ പിന്തുണച്ചത് ഇടതുപക്ഷം മാത്രം.

നാലരക്കൊല്ലക്കാലം ഇടതുപക്ഷം കേന്ദ്രനയങ്ങള്‍ക്ക് ബ്രേയ്ക്കിട്ടില്ലായിരുന്നെങ്കില്‍
ലോക സാമ്പത്തിക സുനാമിയില്‍ ഇന്ത്യയും ഒലിച്ചുപോയെനേ.
ബാങ്ക് ഓഫ് മധുര, ലോര്‍ഡ് കൃഷ്ണ ബാങ്ക്, ഒക്കെ വിസ്‌മൃതിയിലാണ്ടു.
കാത്തലിക് സിറിയന്‍ ബാങ്കിന്റെ ഗതിയും ബാങ്കുലയനങ്ങളുടെ ഭാവിയും
വരാന്‍ പോകുന്ന കേന്ദ്രസര്‍ക്കാരാണ് നിശ്ചയിക്കാന്‍ പോകുന്നത് !
സത്യം കമ്പ്യൂട്ടറില്‍ തല്ക്കാലം ബഞ്ചിലിരിത്തിയിരിക്കുന്ന മക്കളുടെ ജീവിതവും
നിശ്ചയിക്കാന്‍ പോകുന്നത് വരുന്ന കേന്ദ്രസര്‍ക്കാരാണ്.
ജീവനക്കാരെ കാണുമ്പോള്‍ വെളുക്കെ ചിരിച്ച്, പാര്‍ലിമെന്റില്‍ പോയി
തൊഴിലാളിക്കെതിരെ കൈ പൊക്കുന്നവര്‍ വന്നാല്‍ ജീവിതം തുലഞ്ഞതു തന്നെ.

മാധ്യമങ്ങള്‍ തുപ്പുന്ന വൈറസുകള്‍ക്കടിമപ്പെട്ടാല്‍ ജീവിതപരീക്ഷയില്‍ തോല്‍ക്കും
കാരണം മാധ്യമങ്ങള്‍ക്ക് കൃത്യമായ, മൂടിവെയ്ക്കപ്പെടുന്ന രാഷ്‌ട്രീയമുണ്ട്.
സ്വാതന്ത്രാനന്തര ഇന്ത്യയിലെ ഒരു ഭാരതീയന്റെ ദുഃഖമേത്? ധാരാളമുണ്ട്.
പക്ഷേ ആഗോളവത്കരണകാലയളവില്‍ 1,78,000 കര്‍ഷകര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നു
കര്‍ഷകര്‍ ഒരു തെറ്റും ചെയ്തില്ല.
കണ്ണില്‍ ചോരയില്ലാത്ത കേന്ദ്രനയങ്ങളാണ് മരണകാരണം.
പക്ഷെ മുഖ്യധാരാമാധ്യമങ്ങള്‍ ഈ ക്രൂരതയെ കുറ്റവിചാരണ നടത്തിയില്ല.
പ്രതിപട്ടിക തയ്യാറാക്കി പ്രസിദ്ധീകരിച്ചില്ല. ജനങ്ങളോട് നീതി കാട്ടിയില്ല.
നാടിന്റെ നട്ടെല്ലാണ് പൊതുമേഖല, നട്ടെല്ല് സ്വകാര്യവത്കരിച്ചു; വിദേശിക്കു വിറ്റു.
റേഷനരിക്ക് സബ്‌സിഡി നല്‍കുന്നത് പാതകം!
പക്ഷേ, കോര്‍പ്പറേറ്റുകള്‍ക്കും, വിദേശികള്‍ക്കും സൌജന്യങ്ങളുടെ പെരുമഴ.
ഇന്ത്യയിലെ കോടീശ്വരന്മാര്‍ സ്വിസ്സ് ബാങ്കിലിട്ടിരിക്കുന്ന തുക 94,55,000 കോടി രൂപ
ജനങ്ങളെ ചൂഷണം ചെയ്ത് നാട്ടില്‍ നിന്ന് കടത്തി കൊണ്ടുപോയ പണമാണിത്.
148 ഡോളര്‍ ആഗോളവിലയുള്ളപ്പോള്‍ പെട്രാളിന്റെ വില 52 രൂപ
38 ഡോളര്‍ ആയി ആഗോളവിലകുറഞ്ഞപ്പോള്‍ ഇവിടെ കുറച്ചത് ഓട്ടക്കാലണ.
പക്ഷെ, വിമാന ഇന്ധനവില നിരവധി തവണ വെട്ടികുറച്ചു !
ഇതൊക്കെയല്ലേ കേന്ദ്രസര്‍ക്കാരിനെ തെരഞ്ഞെടുക്കുന്ന സമയത്ത് ചര്‍ച്ചയാകേണ്ടത് !
ജനങ്ങളെ പഠിപ്പിക്കേണ്ട അദ്ധ്യാപകനാണ് മാധ്യമങ്ങള്‍.
പക്ഷെ, മുഖ്യധാരാമാധ്യമങ്ങള്‍ ജനങ്ങളുടെ കണ്ണുകെട്ടുന്നു. കാതുമൂടുന്നു.
അസത്യങ്ങളെ ക്ളോസപ്പിലിട്ട് കാണിച്ച് ജനങ്ങളെ വിഡ്ഢികളാക്കുന്നു
നാടിന്റെ ക്യാന്‍സര്‍ രോഗത്തിനുള്ള വൈദ്യം അവര്‍ പറഞ്ഞു തരുന്നില്ല
പകരം ഇടതുപക്ഷത്തിന്റെ കാലിന്റെ നഖത്തിലെ കാക്കപ്പുള്ളി
മാരകമാണെന്ന് മാളോരെ ഉദ്ബോധിപ്പിക്കുന്നു
ആഗോളവല്ക്കരണനയങ്ങള്‍ തടസ്സമില്ലാതെ
നടത്തികിട്ടുവാനുള്ള ക്വട്ടേഷന്‍ ടീമാണത്രെ മുഖ്യധാരാമാധ്യമങ്ങള്‍ !

അതിനാല്‍ ഞങ്ങള്‍ പറയുന്നു
ആപത്തുകാലത്തെ സഹായിയാണ് യഥാര്‍ത്ഥ ബന്ധു.
49% FDI ആക്കി ഇന്‍ഷുറന്‍സ് ബില്ല് വന്നപ്പോള്‍ ഖദറും കാവിയും ഒറ്റക്കെട്ട്.
തൊഴിലാളിയോടൊപ്പം കൂടാന്‍ ഇടതുപക്ഷമേ ഉണ്ടായുള്ളൂ.
ഒറീസ്സയില്‍ ക്രിസ്‌ത്യാനികള്‍ കഴിയേണ്ടത് കാട്ടിലാണത്രേ !
സഹായഹസ്തവുമായി ചെന്നത് കമ്മ്യൂണിസ്റുകാര്‍ !
സാക്ഷ്യം പറഞ്ഞത് ഒറീസ്സയിലെ ബിഷപ്പാണ്.
ജയിക്കുന്ന വ്യക്തിയല്ല, ആ വ്യക്തിയുടെ രാഷ്‌ട്രീയപാര്‍ട്ടിയുടെ
നിലപാടാണ് പാര്‍ലിമെന്റിലെ ഗണിതശാസ്ത്രം.
വിദേശ നിക്ഷേപകര്‍, സ്വകാര്യ എണ്ണ കമ്പനികള്‍, അംബാനിമാര്‍ -
ഒക്കെ കോണ്‍ഗ്രസ്സിനു വോട്ടു ചെയ്യാന്‍ കടപ്പെട്ടവരാണ്.
അതുകൊണ്ട് തെരഞ്ഞെടുപ്പില്‍ ജയിക്കാനാകില്ല. അതിനാല്‍
ചില ഔട്ട് സോഴ്സിംഗ് ഏജന്റുമാരെ അവര്‍ നിയമിച്ചിരിക്കുന്നു.
മാധ്യമങ്ങളാണ് ചീഫ് ഔട്ട് സോഴ്സിംഗ് ഏജന്റ്.

തിരക്കഥയും ഛായഗ്രഹണവും നിര്‍വ്വഹിക്കാന്‍ സാമ്രാജത്വവും വിപ്ളവ വായാടികളും റെഡി.
ഞങ്ങള്‍ സവിനയം സമര്‍പ്പിക്കുന്നു.
കേന്ദ്രസര്‍ക്കാരെന്നാല്‍ മെയിന്‍ സ്വിച്ചാണ്; ജീവിതപരീക്ഷയാണ്.
വോട്ടുചെയ്യുന്നതിനു മുമ്പ് മക്കളെയോര്‍ക്കുക, സ്വന്തം തൊഴിലിനെ ഓര്‍ക്കുക
നാളെ കരയാതിരിക്കാന്‍ ഇന്നേ വിവേകികളാകുക
ഇടതുപക്ഷമെന്നാല്‍ ഹൃദയപക്ഷമാണ്.

*

ലോൿസഭാ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ബാങ്ക് ജീവനക്കാരോ‍ട് നടത്തുന്ന അഭ്യർത്ഥന

Thursday, April 2, 2009

Yet they are honourable guys

It was fun to witness the show sipping coffee at the office. Smiling Manmohan Singh and glittering Sonia Gandhi pretending to be in high spirits at the TV screens. They were exhibiting the cover of congress election manifesto displaying their photos. To a question by press reporters as to who is their Prime Ministerial candidate, Sonia covered her photo with her hand.

So, Manmohan Singhji will be the PM if the congress / UPA (United? Progressive? Alliance?) comes to power. The super annuated, bureaucrat turned politician who never faced the electorate in his entire lifetime will don the mantle of the Indian PM for the second consecutive term. Kudos to congress for the high democratic tradition. In Indian National Congress everybody holds posts by appointment. This is democracy. Will a day come when the Indian constitution too can be restructured so that we can do away with ‘Nasty’ elections?

My thoughts went astray on reading the statements of Dr. Manmohan Singh that this time also he is not contesting for the Lok Sabha. This decision is said to be on health grounds. A PM can make use of a lot of facilities for the election campaign which are not available to ordinary citizens. If for reasons of health his travel is restricted, is there not a safe constituency in India where the congress can ensure victory for the PM in waiting? For a person who successfully completed his term of five years in the gaddy of the PM, is it not obligatory to attain the peoples' mandate when the occasion comes ? What else prevents him from facing the electorate if not fear, lack of confidence? In the world democratic sphere, it is the prestige and pride of India that is affected if we are to present a person without peoples mandate again as PM of this largest democracy. And there is no restrictions for the PM to fly on all fools day to London to attend the G 20 Meet.

He has the stealthy steps of a cat

the sharp eyes of a dog

and brings out EVIL

with the seeming innocence of a dove.

This Shakesperean dictum seems apt to establish his deeds.

It is only EVIL that the congress regime has presented to the teeming millions of India, especially since the 90s. Manmohan Singh as the Executive Trustee pulled the strings behind the curtain for a certain period and later was placed in the saddle. Just see the cyclical turn around.

* From 70s upto 80s it was a period of nationalisation of the financial sector. Hundred percent of the insurance and 95 percent of banking came under State control.

* Under Narasimha Rao government Manmohan Singh was appointed as Financial Advisor to the PM. Later he took over as the Finance Minister.

* He appointed the Narasimham Committee. The committee came out with a report endorsing all the important recommendations of IMF enumerated in its study on restructuring of the Indian Financial System. It recommended to do away with directed credit system, abolish lending to priority sector, no for nationalisation, opening up the financial sector to Indian and foreign monopolies.

* Huge public sector term lending institutions with vast assets were placed at the feet of the private tycoons.

* Started the process of privatisation of public sector banks. Acts were amended to permit 33 % disinvestment.

* Opened up doors to foreign and private capital to flood Indian Banking, Insurance and equity Markets.


WHILE CONGRESS WAS ON THE RACE, BJP WAS PLAYING TO THE GALLERY. WHEN BJP TOOK UP THE REIGNS OF POWER, CONGRESS WAS ALL IN SUPPORT OF THE ECONOMIC POLICIES.


* The UPA under congress leadership went along with added vigour.

* Attempted to bring in legislation to further reduce Government stakes in PSBs.

* Majority holding allowed for foreign capital in Indian Private sector banks.

* Attempted to bring in legislation for denationalisation of insurance sector.

* FIIs given a free hand on portfolio investments paving way for casino capitalism.

* Flow of unaccounted and unlawful money was encouraged through tax havens and through unrestricted, unregistered participatory notes.

* Thousands of rural branches of PSB’s closed. Rural credit declined leading to rural poverty and suicide of farmers.

* As credit dried up lakhs of small and tiny industrial enterprises were forced to close shop leading to large scale unemployment.

* Recruitments in government service came to a halt.

* Attempts were made to introduce capital account convertibility.

* Privatisation of pension scheme

* Attempts to divert PF, pension funds to portfolio investments.

Some of these were partially implemented. Most of them, especially those which required legislative sanction could not be implemented. Imagine that all were implemented in full, what would have been the fate of the common man in the context of the global meltdown? By the grace of almighty, such disaster did not happen.

Who protected us from the holocaust?

It is the trade unions fighting in the streets.

It is the Left fighting in Parliament and outside with a decisive number of Parliament members to its credit.

It is the intervention of intellectuals, the economists committed to the common man.

It is the democratic sections of the society allied to the Left forces.

* Now major share of the banks remain under State control as the banking regulation amendment act is not passed in Parliament. If not, it would have changed hands to private and foreign cartels.

* FDI in insurance now remains at 26 %. Had the bill been passed it would have gone upto 49%. By another step 49 to 51 would have been possible.

* PFRDA ( Pension Fund Regulatory and Development Authority) Act is not passed. Hence pension funds did not flow to capital market. Because of that our status of a worker has not been changed to that of a beggar as against what happened to many in the US.

* CAC ( Capital Account Convertibilty) is not implemented. And so, our economic foundations are not devastated.

* Our Navaratna companies are not privatised. The Cargils, Monsantos, Walmarts, et al are still at bay.

And still

Sonia and Manmohan unashamedly claim that

They protected the public sector.

Yet they are honourable guys.

They protected the financial sector.

Yet they are honourable guys.

They protected the poor worker

Yet they are honourable guys.

They protected the poor farmer. (By leading them to the grave)

Yet they are honourable guys.

Yes, it is the question of time to decide what is fair and what is foul. Five years back the NDA felt that India was shining. And the people told them; Look, your leaders may be shining, we are not. Now the congress leaders feel they are glittering. Let them understand all that glitters is not gold. The suffering India will see that they are shown the door.

Sunday, March 29, 2009

നാറുന്നതും മണക്കുന്നതും തിരിച്ചറിയാത്തവർ

“ ഓമനെ, ഒരുവേള പഴക്കമേറിയാൽ ഈ
നാറ്റവും നമുക്ക് സുഗന്ധമായ് വരാം”

എന്ന് കവി പറഞ്ഞപോലെ അമേരിക്കൻ ബാന്ധവം മൂത്തു മൂത്ത് അമേരിക്കക്കാരൻ കാണിക്കുന്ന എന്തു വൃത്തികേടും അതുപോലെ പകർത്തുന്നത് അന്തസായി കരുതുന്ന ഒരു പതനത്തിൽ നാടിന്നെത്തിച്ചേർന്നിരിക്കുന്നു.

സെക്യൂരിറ്റി വേണ്ടുന്ന വൻ‌കിടക്കാരന് സെക്യൂരിറ്റിവച്ചും സെക്യൂരിറ്റിയില്ലാത്ത ചെറുകിടക്കാരന് അതില്ലാതെയും വായ്‌പ നൽകാൻ ഇവിടെ വ്യവസ്ഥയുണ്ടായിരുന്നു. തങ്ങളുടെ സമ്പാദ്യം നിക്ഷേപമായി സർക്കാർ ബാങ്കുകളിൽ നിറഞ്ഞപ്പോൾ ജനങ്ങൾക്ക് പൂർണ സുരക്ഷിതത്വം അനുഭവപ്പെട്ടു. വായ്പ, ആവശ്യക്കാരന് കിട്ടിയിരുന്നു. ചില അപവാദങ്ങളുണ്ടായിരുക്കാം. പക്ഷെ, വൻ തട്ടിപ്പും വെട്ടിപ്പും അഴിമതിയും ഉണ്ടായില്ല. ഇൻഷുറൻസ്, സർക്കാർ കമ്പനികളിൽ ഭദ്രമായിരുന്നു. സർക്കാരിന്റെ കൈകൾ കെടാതെ സൂക്ഷിക്കുന്ന ഭദ്രദീപം വെളിച്ചം പരത്തുന്നതു കണ്ട് ജനങ്ങൾ സം‌പ്രീതരായി. കൃഷി, വ്യവസായം തുടങ്ങി ഉല്പാദനരംഗത്ത് വളർച്ചയും ഉണർവും ഉണ്ടായി.

ഇപ്പോൾ എല്ലാം തകിടം മറിയുകയാണ്. വിദേശിപ്രേമം ഒരു ബാധപോലെ ഭരണധികാരികളെ പിടികൂടിയിരിക്കുന്നു.

സർക്കാർ ബാങ്കുള്ളപ്പോൾ നമുക്കെന്തിനാണ് വിദേശബാങ്ക്, വിദേശ ഇൻഷ്വറൻസ് ? പട്ടാഭി സീതാരാമയ്യയെപ്പോലുള്ള സ്വാ‍തന്ത്ര്യസമരസേനാനികൾ സാമ്രാജ്യത്വ ചൂഷണത്തിന്റെ തിരുക്കുറ്റികളെന്നു വിളിച്ച് ഒരു കാലത്ത് വിദേശ ബാങ്കുകളെ ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്തത് ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ത്യയിലിന്നുള്ള വൻ‌കിട ബാങ്കുകളിൽ പലതും ആരംഭിച്ചത് വിദേശ ചൂഷണത്തിനെതിരെയായിരുന്നു. ദേശീയ സാമ്പത്തിക സ്വാതന്ത്ര്യമായിരുന്നു ഈ ദേശീയ ബാങ്കുകൾ മുന്നോട്ടു വച്ച മുദ്രാവാക്യം.

വിദേശ ഇൻഷുറൻസ് കമ്പനികൾ ജനങ്ങളിൽ നിന്നും പ്രീമിയം ശേഖരിച്ചു പണം വിദേശത്തേക്ക് കടത്തിയ ശേഷം സ്ഥാപനം പൊളിച്ചപ്പോൾ ഉള്ള സമ്പാദ്യം മുഴുവൻ ചോർന്നുപോയ ഇന്ത്യാക്കാരന്റെ പരിദേവനം കണ്ടാണ് നെഹ്രു സർക്കാർ വിദേശക്കമ്പനികളെ ഇവിടെ നിന്നും കെട്ടുകെട്ടിച്ചത്. പൊതുമേഖലയിൽ ലൈഫ് ഇൻഷുറൻസ് ആരംഭിച്ചത്. സർക്കാർ കമ്പനികൾ ഇൻഷുറൻസ് വ്യവസായം സ്‌തുത്യർഹമായി കൈകാര്യം ചെയ്യുമ്പോൾ ഇപ്പണി ചെയ്യാൻ സായിപ്പിനെ വീണ്ടുമെന്തിനാണിവിടെ ക്ഷണിച്ചുവരുത്തുന്നത് ?

അതെ, പഴയ നാറ്റമെല്ലാം ഇവിടെയിപ്പോൾ സുഗന്ധമായി മാറുകയാണ്.

സായിപ്പിന്റെ ബാങ്ക് ചീട്ടു കൊട്ടാരം പോലെ പൊളിഞ്ഞു.

സായിപ്പിന്റെ ഇൻഷുറൻസ് കമ്പനി പൊട്ടിച്ചിതറി, അതിനെ തൊട്ടവരുടെയെല്ലാം കൈപൊള്ളി.

ഈ നാറ്റം ലോകമാകെ പരക്കയാണ്

സ്ലം ഡോഗ് മില്യണയറിൽ അമിതാഭ് ബച്ചനെ കാണാൻ അമേദ്യത്തിലഭിഷിക്തനായി കക്കൂസ് കുഴിയിൽ നിന്നോടുന്ന ധാരാവിയിലെ കുട്ടിയെപ്പോലെ അവർ സായിപ്പിനു പിറകെ പായുകയാണ്.

Friday, February 6, 2009

ഒന്നും പഠിക്കുന്നില്ല; എല്ലാം മറക്കുന്നു

ആഗോള സാമ്പത്തിക തകര്‍ച്ചയുടെ പാഠങ്ങള്‍ ഇനിയും ഏറെ തെളിയാനുണ്ടെന്നിരിക്കെ, ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്, യു.പി.എ. സര്‍ക്കാര്‍, ഇന്‍ഷുറന്‍സ് മേഖലയുടെ ഉദാരവല്‍ക്കരണവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കുന്നു. തങ്ങളുടെ കാലാവധി അവസാനിക്കാറായിരിക്കെ, ഇടമുറിഞ്ഞ ഒരു പാര്‍ലമെന്റ് സമ്മേളനത്തില്‍, മറ്റു പല സുപ്രധാന പ്രശ്നങ്ങളും കൈകാര്യം ചെയ്യാനുള്ള സന്ദര്‍ഭത്തില്‍, വളരെ തിടുക്കത്തില്‍, ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകള്‍ ഗവണ്‍മെന്റ് അവതരിപ്പിച്ചിരിക്കയാണ്.


ഇന്‍ഷുറന്‍സ് നിയമഭേദഗതിബില്ലും
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഭേദഗതി ബില്ലും


ഈ ബില്ലുകള്‍ വേണ്ടത്ര ചര്‍ച്ച കൂടാതെയാണ് ഏ.ആര്‍. അന്തുലെയുടെ രാജിക്കു വേണ്ടിയുള്ള ബി.ജെ.പി. യുടെ ബഹളത്തിനിടയില്‍, യഥാക്രമം രാജ്യസഭയിലും ലോക്സഭയിലും അവതരിപ്പിച്ചത്. ഇതിലൂടെ, ഇന്‍ഷുറന്‍സ് സ്വകാര്യവല്‍ക്കരണം എന്ന അജണ്ട സജീവമായി നിലനിര്‍ത്താന്‍, സര്‍ക്കാരിനെ സഹായിക്കുകയാണ് ബി.ജെ.പി. ചെയ്തത്. ഈ ബില്ലുകള്‍ തങ്ങളുടെ കാലയളവില്‍ പാസ്സാക്കിയെടുക്കാന്‍ കഴിയില്ല എന്ന് വ്യക്തമായി അറിയാമെങ്കിലും, ബില്ലവതരണത്തിലൂടെ, ആഗോള സാമ്പത്തിക തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പൊതു ഉടമാസമ്പ്രദായത്തിന് വന്‍ പ്രാധാന്യം കൈവന്നിരിക്കുന്ന സാഹചര്യത്തില്‍ പോലും ഇന്‍ഷുറന്‍സ് സ്വകാര്യവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും പ്രക്രിയ ഗവണ്‍മെന്റ് തുടരുകയാണ് ചെയ്തിരിക്കുന്നത്. ഇതിന്റെ ലക്ഷ്യം, ഇന്‍ഷുറന്‍സ് മേഖലയുടെ സമ്പൂര്‍ണ്ണ സ്വകാര്യവല്‍ക്കരണവും സര്‍ക്കാര്‍ നിയന്ത്രണം അവസാനിപ്പിച്ച് വിദേശ കുത്തകകള്‍ക്ക് കൂടുതല്‍ ഇടം നല്‍കലുമാണ്.

പുതിയ നിയമ നിര്‍മ്മാണത്തിലടങ്ങിയിരിക്കുന്ന നാല് സുപ്രധാന ഘടകങ്ങള്‍, ഇക്കാര്യത്തിന് ഊന്നല്‍ നല്‍കുന്നുണ്ടെന്ന് വ്യക്തം. ഒന്നാമത്തെ കാര്യം, കമ്പോളത്തില്‍നിന്ന് മൂലധനം സമാഹരിക്കാന്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ അനുവദിക്കുന്നു എന്നതാണ്. രണ്ടാമത്, വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്നു എന്നതാണ്. മൂന്നാമത്, ആരോഗ്യ ഇന്‍ഷുറന്‍സ് പോലെയുള്ള മേഖലകളില്‍, സ്വകാര്യ കമ്പനികളുടെ മൂലധന ആവശ്യങ്ങള്‍ കുറയ്ക്കുന്നു എന്നതാണ്. നാലാമത് ഇന്‍ഷുറന്‍സ് മേഖലയുടെ ഘടനാപരമായ നിയന്ത്രണങ്ങള്‍ക്കു മുകളിലായി മൂലധന പര്യാപ്തതയിലൂടെ സ്വയം നിയന്ത്രണത്തിന് ഊന്നല്‍ നല്‍കുന്നു എന്നതാണ്.

ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍, വിദേശ നിക്ഷേപ പരിധി 26-ല്‍ നിന്ന് 49 ശതമാനമായി വര്‍ദ്ധിപ്പിക്കുന്നതിനു പുറമെ, സര്‍ക്കാരിന്റെ അനുവാദത്തോടെ പൊതുകമ്പോളത്തില്‍നിന്ന് മൂലധനം കണ്ടെത്തുന്നതിന് പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പുതിയ നിയമം അനുവാദം നല്‍കുന്നുണ്ട്. മാത്രവുമല്ല, ബാങ്കുകള്‍ ചെയ്യുന്ന രീതിയില്‍, പുതിയ സാമ്പത്തിക ഉപകരണങ്ങള്‍ വഴി പുതിയ മൂലധനം കണ്ടെത്താന്‍ കൂടി ഇന്‍ഷുറന്‍സ് കമ്പനികളെ നിര്‍ദ്ദിഷ്ട നിയമം അനുവദിക്കുന്നു. അതു കൂടാതെ ലണ്ടനിലെ ലോയ്‌ഡ് കമ്പനിയെ സഹായിക്കുന്നതിനെന്ന് ഒറ്റ നോട്ടത്തില്‍ത്തന്നെ വ്യക്തമാകുന്ന വകുപ്പ് കൂടി പുതിയ നിയമത്തില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. 200 കോടി രൂപയുടെ ചുരുങ്ങിയ മൂലധനമുണ്ടെങ്കില്‍ വിദേശ റീ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ ശാഖകള്‍ തുടങ്ങാം എന്നതാണത്.

നാളിതുവരെ, ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷനു മാത്രമേ ഇന്ത്യയില്‍ റീ ഇന്‍ഷുറന്‍സ് നല്‍കാന്‍ കഴിയുമായിരുന്നുള്ളൂ. അതുപോലെതന്നെ, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍, സ്വകാര്യ കമ്പനികളെ സഹായിക്കുന്നതിനായി ചുരുങ്ങിയ മൂലധനം 100 കോടിയില്‍നിന്ന് 50 കോടിയാക്കി കുറയ്ക്കുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്. കമ്പനികളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ പ്രമോട്ടര്‍മാരെ സഹായിക്കുന്ന വിധത്തില്‍, 10 വര്‍ഷത്തിനു ശേഷം, പ്രമോട്ടര്‍മാര്‍, അവരുടെ ഓഹരിയുടെ ഒരു നിശ്ചിത ഭാഗം വിറ്റഴിക്കണമെന്ന വകുപ്പ് ഇല്ലാതാക്കുന്നുമുണ്ട് പുതിയ നിയമം. പുതിയ നിയന്ത്രണ ചട്ടക്കൂടിന്റെ ഭാഗമെന്നോണം, സ്വയം നിയന്ത്രണ സംവിധാനങ്ങളായി ലൈഫ് ഇന്‍ഷുറന്‍സ് കൌണ്‍സിലും ജനറല്‍ ഇന്‍ഷുറന്‍സ് കൌണ്‍സിലും സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.

മേല്‍ പറഞ്ഞതൊക്കെയാണ് സുപ്രധാന മാറ്റങ്ങളെങ്കിലും, ഈ ഗവണ്‍മെന്റോ, വരാന്‍ പോകുന്ന മറ്റൊരു ഗവണ്‍മെന്റോ LICയ്ക്കു വേണ്ടി എന്താണ് കരുതി വച്ചിരിക്കുന്നത് എന്നതാണ് ഏറെ പ്രധാനം. സ്വകാര്യ കമ്പനികളുടേതു പോലെ, LICയുടെ മൂലധനം വര്‍ദ്ധിപ്പിക്കുക എന്ന നിഷ്കളങ്കമായ നിയമമെന്ന ഭാവേനയാണ് LIC ഭേദഗതി നിയമം അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍, ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ നടപ്പാക്കുന്ന മാറ്റങ്ങളുമായി ചേര്‍ത്തു വായിക്കുമ്പോള്‍ മാത്രമേ നിയമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം പുറത്തു വരികയുള്ളൂ.

പൊതുമേഖലാ കമ്പനികളില്‍ സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ, മൂലധന കമ്പോളത്തില്‍നിന്നും പണം സമാഹരിക്കാന്‍ അവയെ അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതോടൊപ്പം തന്നെയാണ് ഇന്‍ഷുറന്‍സിലെ FDI വര്‍ദ്ധിപ്പിക്കുന്നത്. ഈ വകുപ്പുകള്‍ LIC യ്ക്കുകൂടി ബാധകമാക്കിയിട്ടുണ്ടെങ്കില്‍, LIC യുടെ മൂലധന വര്‍ദ്ധന നടപ്പാക്കുന്നത് അതിന്റെ സ്വന്തം പണം ഉപയോഗിച്ചായിരിക്കില്ല. മറിച്ച് കമ്പോളത്തില്‍നിന്നും വിദേശ നിക്ഷേപകരില്‍നിന്നും സമാഹരിക്കുന്ന പണം ഉപയോഗിച്ചായിരിക്കും. പുതിയ നിയമത്തിലൂടെ, കമ്പോളത്തിലുള്ള സ്വകാര്യ കമ്പനികള്‍ക്ക് തുല്യമായി LIC യെ കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ ഗൂഢശ്രമമാണ് ഈ ആശങ്കയ്ക്കടിസ്ഥാനം. പൊതു ഉടമസ്ഥതയിലുള്ള ലൈഫ്-ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലെ, സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന്റെ സ്ഥാനത്ത് IRDA യുടെ മാര്‍ഗനിര്‍ദ്ദേശങ്ങളും മൂലധന പര്യാപ്തതയും അടിസ്ഥാനമാക്കിയുള്ള 'സ്വയം നിയന്ത്രണം' എന്ന പുതിയ വകുപ്പ് ഈ ആശങ്കയെ കൂടുതല്‍ ബലപ്പെടുത്തുന്നുണ്ട്.

LIC യുടെ പോളിസി ഉടമകള്‍ക്ക് നല്‍കിവരുന്ന 'സോവറിന്‍ ഗ്യാരന്റി' എന്ന സര്‍ക്കാരിന്റെ ഉറപ്പ് പിന്‍വലിക്കാനുള്ള ശ്രമമാണ്, LIC യുടെ മിച്ചത്തിന്റെ ഒരു ഭാഗം-ആസ്തികളും ബാധ്യതകളും തമ്മിലുള്ള വ്യത്യാസം-സോള്‍വെന്‍സി മാര്‍ജിന്‍ ആയി പരിഗണിച്ച്, ആവശ്യമുള്ള സന്ദര്‍ഭത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന കരുതല്‍ ശേഖരമാക്കി മാറ്റണം എന്ന വ്യവസ്ഥയിലൂടെ പ്രതിഫലിക്കുന്നത്. ഇപ്പോള്‍ LIC യുടെ ലാഭത്തിന്റെ 95 ശതമാനവും ബോണസായി പോളിസി ഉടമകള്‍ക്ക് വീതിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ബാക്കി 5% ലാഭവിഹിതമായി സര്‍ക്കാരിന് കൈമാറുന്നു. പുതിയ നിയമമനുസരിച്ച്, പോളിസി ഉടമകള്‍ക്ക് ബോണസ്സായി ലാഭത്തിന്റെ 90-നും 95 ശതമാനത്തിനും ഇടയ്ക്കുള്ള തുക നല്‍കിയാല്‍ മതിയാകും. ചുരുക്കത്തില്‍, സര്‍ക്കാര്‍ നിയന്ത്രണവും സര്‍ക്കാര്‍ ഗ്യാരന്റിയും എന്നതിന്റെ സ്ഥാനത്ത്, സ്വയം നിയന്ത്രണവും മൂലധന പര്യാപ്തതയും സോള്‍വെന്‍സി മാര്‍ജിനും സ്ഥാനം പിടിക്കുന്നു.

ഇന്‍ഷുറന്‍സ് വ്യവസായം നല്‍കുന്ന 'ഉല്‍പ്പന്നം' വിവിധ മേഖലകളിലുണ്ടാകുന്ന അനിശ്ചിതത്വത്തെ ലഘൂകരിക്കുന്നതിനുള്ള വാഗ്ദാനമാണ്. ഈ വാഗ്ദാനം കരാറിലൂടെയാണ് നല്‍കപ്പെടുന്നത്. ഭാവിയിലുണ്ടാകാവുന്ന ഒരു സംഭവത്തില്‍ നിന്നുള്ള നഷ്ടം നികത്തുന്നതിനാണ് ഉപഭോക്താവ് വന്‍തുക പ്രീമിയമായി മുന്‍കൂര്‍ നല്‍കുന്നത്. ഇന്‍ഷുറന്‍സ് കമ്പനികള്‍, പ്രീമിയമായി ലഭിക്കുന്ന പണം, വിവിധ തരത്തിലുള്ള നിക്ഷേപങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഈ നിക്ഷേപത്തിന്റെ വിശദാംശങ്ങളോ, നിക്ഷേപ ഏജന്റിന്റെ കാര്യശേഷി, യോഗ്യത, വിശ്വാസ്യത തുടങ്ങിയ ഒരു കാര്യങ്ങളെക്കുറിച്ചും ഉപഭോക്താവിന് അറിവുണ്ടാവില്ല. എന്നാല്‍ ഈ നിക്ഷേപങ്ങളുടെ ലാഭസാദ്ധ്യതയാണ് വാഗ്ദാനം നിറവേറ്റുന്നതിനുള്ള ഇന്‍ഷുറന്‍സ് കമ്പനികളുടെ ശേഷി നിര്‍ണ്ണയിക്കുന്നത്. അപ്പോള്‍, ഇന്‍ഷുറന്‍സ് ബിസിനസ്സ് എന്നത് വലിയ അപകട സാദ്ധ്യത നിറഞ്ഞ ഒരു ബിസിനസ്സാണ് എന്നര്‍ത്ഥം. കൂടുതല്‍ ബിസിനസ്സും കൂടുതല്‍ ലാഭവും ലഭിക്കുന്നതിനുവേണ്ടി, ഇന്‍ഷുറന്‍സ് കമ്പനികള്‍, പ്രീമിയം വളരെ കുറച്ച് പോളിസി നല്‍കുകയും, പോളിസി ഉടമകളുടെ പണം, അതിസാഹസികമായ രീതിയില്‍ കൂടുതല്‍ 'റിസ്ക്' ഉള്ള നിക്ഷേപങ്ങളില്‍ മുടക്കുകയും ചെയ്യുന്നത് പതിവാണ്. അതുകൊണ്ടുതന്നെ, ഇന്‍ഷുറന്‍സ് വ്യവസായത്തില്‍ കടത്തു മത്സരം നടക്കുന്ന അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ നിരവധി കമ്പനികള്‍ തകരുന്നതില്‍ അത്ഭുതമില്ല.

പൊലിഞ്ഞ വാഗ്ദാനങ്ങള്‍

1990-ല്‍ തന്ന, അമേരിക്കയിലെ പ്രതിനിധി സഭ നിയമിച്ച സബ് കമ്മിറ്റി, അവിടുത്തെ ഇന്‍ഷുറന്‍സ് കമ്പനികളുടെ തകര്‍ച്ചയെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 'പൊലിഞ്ഞ വാഗ്ദാനങ്ങള്‍' എന്നായിരുന്നു അതിന്റെ തലക്കെട്ടുതന്നെ. നിരവധി മുന്‍നിര കമ്പനികളുടെ തകര്‍ച്ചയ്ക്ക് കമ്മിറ്റി കണ്ടെത്തിയ കാരണങ്ങള്‍ ഇവയാണ്- ശീഘ്രഗതിയിലുള്ള വികസനം, മാനേജിംഗ് ഏജന്റുമാരിലുള്ള അമിത ആശ്രിതത്വം, വിപുലവും, സങ്കീര്‍ണ്ണവുമായ റീ ഇന്‍ഷുറന്‍സ് നടപടികള്‍, അമിതമായ വില കുറയ്ക്കല്‍, കരുതല്‍ ധനശേഖര പ്രശ്നം, ലക്കുകെട്ട മാനേജ്‌മെന്റ്, കൃത്രിമം, അത്യാര്‍ത്തി തുടങ്ങിയവ.

ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് അവിടെ ഇന്‍ഷുറന്‍സ് മേഖലയില്‍ വലിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. എന്നാല്‍, നിയന്ത്രണങ്ങള്‍ നടപ്പാക്കിയിട്ടും സ്ഥിതിഗതികളില്‍ വലിയ മാറ്റമുണ്ടായിട്ടില്ല എന്നാണ് AIG യുടെ തകര്‍ച്ച വ്യക്തമാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ AIG തകര്‍ന്നതിന്റെ പ്രധാന കാരണം, ബാങ്കുകള്‍ കൈവശം വച്ചിരുന്ന നിശ്ചിത വരുമാന സെക്യൂരിറ്റികളുടെ ഇന്‍ഷുറന്‍സ് ഏറ്റെടുത്തതിന്റെ ഭാഗമായുണ്ടായ അതിഭീമമായ നഷ്ടമായിരുന്നു. സ്ഥാപനം തകരുമെന്നും വ്യവസ്ഥയാകെ തന്നെ അപകടത്തിലാകുമെന്നുമുള്ള സ്ഥിതി വന്നപ്പോള്‍ AIG യെ ദേശസാല്‍ക്കരിക്കാതെ മറ്റു മാര്‍ഗമില്ലാതായി. ഈ പശ്ചാത്തലത്തില്‍വേണം, നമ്മള്‍ സ്വകാര്യ കമ്പനികളുടെ 'മത്സര ക്ഷമത' എന്ന വിഷയത്തെ സമീപിക്കാന്‍.

പൊതുഉടമാ സമ്പ്രദായത്തിന്റെ നേട്ടങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട്, ഇന്‍ഷുറന്‍സ് വ്യവസായം പുനഃസംഘടിപ്പിക്കേണ്ടതുണ്ടെന്ന് സമീപകാല സംഭവവികാസങ്ങള്‍ തെളിയിക്കുന്നുണ്ട്. തങ്ങളുടെ സാമൂഹ്യ ബാദ്ധ്യതകള്‍ നിറവേറ്റുന്ന കാര്യത്തില്‍, പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇതുവരെ പരാജയപ്പെട്ടിട്ടില്ല. സാമൂഹ്യ മേഖലയിലെ നിക്ഷേപത്തിന് ഭീമമായ തുക സര്‍ക്കാരിന് ലഭ്യമാക്കുക മാത്രമല്ല, പാവപ്പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കുക കൂടി ചെയ്യുന്നുണ്ട് LIC. എന്നിട്ടും സ്വകാര്യവല്‍ക്കരണം മുന്നോട്ടുകൊണ്ടുപോകാനാണ് ഇന്ത്യാഗവണ്‍മെന്റ് ശ്രമിക്കുന്നത്.

സ്വകാര്യ ഇന്‍ഷുറന്‍സിന്റെ ആഗോള തലത്തിലുള്ള അനുഭവം മാത്രമല്ല, ഇന്ത്യയിലെ പൊതുമേഖലാ ഇന്‍ഷുറന്‍സിന്റെ നേട്ടങ്ങളും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. അതുകൊണ്ടുതന്നെ, ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള രണ്ട് ബില്ലുകളും ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ കാലത്തുതന്നെ ഇന്ത്യന്‍ ഇന്‍ഷുറന്‍സ് മേഖലയെ കൂടുതല്‍ ഉദാരവല്‍ക്കരിക്കാനും ആഗോളവല്‍ക്കരിക്കാനും ലക്ഷ്യമിട്ടുള്ളതാണ്.

****

സി.പി.ചന്ദ്രശേഖർ, കടപ്പാട് : പി എ ജി

(പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധനും ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനുമായ ഡോ. സി.പി. ചന്ദ്രശേഖര്‍ 2009 ജനുവരി 16-ലെ ഫ്രന്റ്‌ലൈന്‍ ദ്വൈവാരികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സംക്ഷിപ്തം തയ്യാറാക്കിയത് സി.ബി. വേണുഗോപാല്‍)

Sunday, December 21, 2008

ഇന്‍ഷുറന്‍സ് ഇനി എത്ര സുരക്ഷിതം?

ഇന്‍ഷുറന്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ പരിധി 26 ശതമാനത്തില്‍നിന്ന് 49ശതമാനം വരെ വര്‍ധിപ്പിക്കാനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം രാഷ്‌ട്രത്തെയാകെ അമ്പരപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്‌തിരിക്കയാണ്. ആഗോള മൂലധനമാന്ദ്യം സൃഷ്‌ടിച്ച പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ലോകമെങ്ങുമുള്ള സര്‍ക്കാരുകള്‍ നെട്ടോട്ടമോടുമ്പോള്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ ഉദാരീകരണം വിപുലമാക്കാന്‍ ശ്രമിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ല. നവോദാരത്തിന്റെ പരാജയം യുപിഎ സര്‍ക്കാരിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നാണ് കാണിക്കുന്നത്. അതുപോലെതന്നെ ആഗോളമൂലധനം നവോദാര നയങ്ങളോട് എങ്ങനെ കൂറുപുലര്‍ത്തുന്നുവെന്നും ഇത് തെളിയിക്കുന്നു. എന്നാല്‍ ഈ നീക്കം ചെറുക്കപ്പെടാതിരുന്നാല്‍ അത് നമ്മുടെ ഇന്‍ഷുറന്‍സ് മേഖലയെ വിനാശകരമായി ബാധിക്കുമെന്നതിന് സംശയമില്ല. കാരണം, നമ്മുടെ ദേശീയസമ്പദ്‌വ്യവസ്ഥയുടെ വികാസത്തില്‍ ഗണ്യമായ പങ്കുവഹിക്കുന്ന മേഖലയാണിത്. ദീര്‍ഘകാല നിക്ഷേപത്തിനുവേണ്ട വിഭവങ്ങള്‍ സമാഹരിച്ചുനൽകുന്ന ഈ മേഖലയില്‍ എഫ് ഡി ഐ പരിധി ഉയര്‍ത്തുന്നത് ആത്യന്തികമായി നമ്മുടെ ദേശീയ സമ്പദ്‌വ്യവസ്ഥയെ മുച്ചൂടും തകര്‍ക്കും.

ഇന്‍ഷുറന്‍സ് മേഖലയില്‍ രണ്ടാം തലമുറ പരിഷ്‌ക്കാരം നടപ്പിലാക്കുന്നതിനുവേണ്ടി, പാര്‍ലമെന്റ് സമ്മേളനത്തില്‍ രണ്ട് ബില്ലുകള്‍ അവതരിപ്പിക്കുകയാണല്ലോ. ഇന്‍ഷുറന്‍സ് റഗുലേറ്ററി ഡവലപ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎ) ആൿടിലും ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസ് നാഷണലൈസേഷന്‍ (ജിഐബിഎന്‍എ) ആൿടിലും 1938 ലെ ഇന്‍ഷുറന്‍സ് ആൿടിലും ഭേദഗതി കൊണ്ടുവരുന്ന ബില്ലാണ് ഒന്നാമത്തേത്. രാജ്യസഭയില്‍ അവതരിപ്പിക്കാനുള്ളതാണ് ഈ ബില്‍.

1956 ലെ എല്‍ ഐ സി ആൿടില്‍ ഭേദഗതി വരുത്തുന്ന ബില്ലാണ് രണ്ടാമത്തേത്. എല്‍ഐസിയുടെ ഇന്നത്തെ അഞ്ചുകോടി മൂലധനം 100 കോടിയാക്കി വര്‍ധിപ്പിക്കുകയെന്നതാണ് ഭേദഗതിയുടെ ലക്ഷ്യം. ഇന്‍ഷുറന്‍സ് നിയമത്തിലെ കാലഹരണപ്പെട്ട നിബന്ധനകള്‍ മാറ്റി കാലത്തിനനുസൃതമാക്കി പരിഷ്‌ക്കരിക്കാന്‍ ഈ ഭേദഗതി അനിവാര്യമാണെന്നാണ് സർക്കാർ വാദം. എന്നാല്‍ ഇന്‍ഷുറന്‍സ് മേഖലയെ അതിന്റെ പൊതുമേഖലാസ്‌തിത്വത്തില്‍നിന്നും പറിച്ചെടുത്ത് സ്വകാര്യമേഖലയില്‍ പ്രതിഷ്‌ഠിക്കുക, വിദേശമൂലധനത്തിന് നമ്മുടെ ആഭ്യന്തര നിക്ഷേപത്തില്‍ പിടിമുറുക്കാനുള്ള അവസരം നല്‍കുക എന്നതൊക്കെയാണ് സര്‍ക്കാരിന്റെ യഥാർത്ഥ ലക്ഷ്യങ്ങള്‍.

1999 ലെ ഐആര്‍ഡിഎ ആൿട് പ്രാബല്യത്തില്‍ വന്നതിനുശേഷമാണ് ഇന്‍ഷുറന്‍സ് മേഖലയില്‍ സ്വകാര്യപങ്കാളിത്തം വരുന്നത്. നരസിംഹറാവു സര്‍ക്കാര്‍ നിയോഗിച്ച മല്‍ഹോത്ര കമ്മിറ്റിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ കമ്മിറ്റി റെക്കോർഡ് വേഗത്തില്‍ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുകയും 1994ല്‍ റിപ്പോര്‍ട് മന്‍മോഹന്‍സിങ്ങി (അന്നത്തെ ധനമന്ത്രി) ന് കൈമാറുകയും ചെയ്‌തിരുന്നു. ഈ നിര്‍ദേശങ്ങളെല്ലാം കൃത്യമായ ഉദ്ദേശ്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു. മാത്രമല്ല, ഇന്ത്യന്‍ കുത്തകകളുടെയും വിദേശമൂലധനത്തിന്റെയും താല്പര്യങ്ങള്‍ പരിരക്ഷിക്കുകയെന്നതായിരുന്നു അതിന്റെ ലക്ഷ്യം. ഇന്‍ഷുറന്‍സ് മേഖലയെ സ്വകാര്യവല്‍ക്കരിക്കുക എന്നതായിരുന്നു മല്‍ഹോത്രകമ്മിറ്റി നിര്‍ദേശങ്ങളുടെ മുഖ്യ ഉദ്ദേശ്യം.

അങ്ങനെ വിദേശ ബഹുരാഷ്‌ട്രക്കമ്പനികളും ഇന്ത്യന്‍ സ്വകാര്യക്കമ്പനികളും തമ്മില്‍ കൂട്ടുകെട്ടുണ്ടാക്കുകയെന്ന അജന്‍ഡ നടപ്പിലാക്കപ്പെടുകയുമായിരുന്നു. കൂടാതെ, എല്‍ഐസിയുടെയും ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെയും ആസ്‌തി 100 കോടി രൂപയിലേക്ക് ഉയര്‍ത്തുകയും ഈ കമ്പനികളുടെ സ്വന്തം വിഹിതം 50 ശതമാനമാക്കി വെട്ടിക്കുറയ്‌ക്കുകയും ക്മ്മിറ്റിയുടെ നിർദ്ദേശമായിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങളെല്ലാം മുഴുവന്‍ ജനങ്ങളുടെയും എതിര്‍പ്പുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായി. അഖിലേന്ത്യാ ഇന്‍ഷുറന്‍സ് എംപ്ളോയീസ് അസോസിയേഷ (എ ഐ ഐ ഇ എ) ന്റെ നേതൃത്വത്തില്‍ ഒന്നരക്കോടിയിലേറെ പേര്‍ ഒപ്പിട്ട നിവേദനം പാര്‍ലമെന്റിന് നല്‍കി. എന്നാൽ വിപുലമായ ഒരു ജനതയുടെ വികാരങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുകയായിരുന്നു എന്‍ ഡി എ സര്‍ക്കാര്‍. വിദേശമൂലധനത്തിനും ആഭ്യന്തര സ്വകാര്യ താല്പര്യങ്ങള്‍ക്കും വേണ്ടി പൊതുമേഖലയെ ബലികൊടുക്കുകയായിരുന്നു എന്‍ഡിഎ സര്‍ക്കാറിന്റെ ലക്ഷ്യം. എന്നാല്‍ ശക്തമായ ജനകീയ എതിര്‍പ്പിന് ഫലമുണ്ടായി. വിദേശപങ്കാളിത്തത്തിന് 26 ശതമാനമെന്ന പരിധിവയ്‌ക്കാനും എല്‍ഐസിയുടെയും ജിഐസിയുടെയും മൂലധനഘടനയുമായി കൂട്ടുചേരുന്നത് തടയാനും സര്‍ക്കാര്‍ നിര്‍ബന്ധിതമായി. എല്‍ഐസിയും ജിഐസിയും പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. മല്‍ഹോത്രകമ്മിറ്റി നിര്‍ദേശിച്ചപോലെ സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങളില്‍നിന്ന് സർക്കാരിന് പിന്തിരിയേണ്ടി വന്നു.

എട്ടു വര്‍ഷത്തിനുള്ളില്‍ അസംഖ്യം സ്വകാര്യക്കമ്പനികള്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ ആരംഭിച്ചു. ഇവയിൽ ഭൂരിഭാഗവും ആഗോള ഇന്‍ഷുറന്‍സ് കമ്പനികളുമായി കൂട്ടുചേര്‍ന്നുകൊണ്ടാണ് തങ്ങളുടെ ബിസിനസ് പങ്കാളിത്തം നടത്തിക്കൊണ്ടിരിക്കുന്നത്. ബിസിനസിലെ വന്‍കിട കമ്പനികളായിരുന്നിട്ടും ഇന്‍ഷുറന്‍സ് മേഖലയിലെ പൊതുമേഖലയുടെ ആധിപത്യം തകര്‍ക്കാന്‍ അവയ്‌ക്ക് സാധിച്ചില്ല. പുതിയ പ്രീമിയത്തിലെ 65 ശതമാനം മാര്‍ക്കറ്റ് ഷെയറും മൊത്തം പ്രീമിയത്തിലെ 82 ശതമാനവും ഉള്‍പ്പെടെ എല്‍ ഐ സിയുടെ വിപണി ലൈഫ് ഇൻ‌ഷുറൻ‌സിലെ നിര്‍ണായശക്തിയായി തുടരുകയാണ്. പൊതുമേഖലയിലെ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളായ നാല് സ്ഥാപനവും ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസില്‍ ആധിപത്യം പുനഃസ്ഥാപിച്ചു. വിവിധ തലങ്ങളിലെ പങ്കാളിത്തത്തിന് പരിധിവെച്ചത് വിദേശ മൂലധനത്തെ സംതൃപ്‌തരാക്കിയില്ല. മൂലധനത്തിനുമേലുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാനും ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനുള്ള പരിപൂര്‍ണ സ്വാതന്ത്ര്യം ലഭിക്കാനും വേണ്ടി ആഗോളവല്‍ക്കരണവക്താക്കള്‍ സമ്മര്‍ദങ്ങള്‍ തുടരുകയാണ്. 2004 ല്‍ അവതരിപ്പിച്ച ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചതിതാണ് ; എഫ് ഡി ഐ പരിധി 49 ശതമാനം വരെ ഉയര്‍ത്തും. എന്നാല്‍ എഐഐഇഎ യുടെ പ്രക്ഷോഭത്തിന്റെയും ഇടതുപാര്‍ടികളുടെ ചെറുത്തുനില്‍പ്പിന്റെയും ഫലമായി ഇതൊന്നും സഫലമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.

ഇന്ന് കേന്ദ്രസര്‍ക്കാറിന് നിലനില്‍ക്കാന്‍ ഇടതുപാര്‍ടികളുടെ പിന്തുണ വേണ്ട. ധനമേഖലയിലെ രണ്ടാം തലമുറ പരിഷ്‌ക്കാരങ്ങളുമായി മുന്നോട്ടുപോവാന്‍ തന്നെയാണ് കേന്ദ്രത്തിന്റെ നീക്കം. ബാങ്കിങ് ഭേദഗതി നിയമവും പിഎഫ്ആര്‍ഡിഎ നിയമവും മറ്റു ചില നടപടിക്രമങ്ങളും പാര്‍ലമെന്റില്‍ ഭേദഗതി ചെയ്യാൻ ആലോചിക്കുകയാണ്.

ജനാധിപത്യ വിരുദ്ധവും ഏകപക്ഷീയവുമായി തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് സമ്പാദ്യത്തിന്റെ ഒരു ഭാഗം, സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുകയാണ്. അതുമാത്രമല്ല, ഇന്ത്യന്‍-വിദേശ മൂലധന താല്പര്യങ്ങള്‍ പരിരക്ഷിക്കാന്‍വേണ്ടി വേറെയും ചില പരിഷ്‌ക്കാരങ്ങളുമായി മുന്നോട്ടുപോവാനാണ് അവരുടെ ഉദ്ദേശ്യം.

ഐആര്‍ഡിഎ ആൿടിന്റെ ഭേദഗതി, എഫ് ഡി ഐ പരിധി 49 ശതമാനം വരെ ഉയര്‍ത്താന്‍ പര്യാപ്‌തമാവും. ഇന്‍ഷുറന്‍സ് എന്നത് ഒരു മൂലധനാത്മകമായ ബിസിനസാണെന്നും ഇന്ത്യന്‍ പങ്കാളികള്‍ക്ക് മൂലധനക്ഷാമം ഉണ്ടെന്നും വിദേശനിക്ഷേപ പരിധി ഉയര്‍ത്തുന്നത് ബിസിനസ് വിപുലമാക്കാന്‍ സഹായിക്കുമെന്നുമാണ് സര്‍ക്കാരിന്റെ ന്യായീകരണം. സര്‍ക്കാരിന്റെ വാദമുഖങ്ങള്‍ നിലനില്‍ക്കത്തക്കതല്ല. കാരണം ഇന്ത്യന്‍ പങ്കാളികള്‍ വന്‍കിട വ്യവസായികളും ധനസ്ഥാപനങ്ങളുടെ ഉടമകളും വമ്പിച്ച സമ്പത്ത് നിലനിര്‍ത്തുന്നവരുമാണ്. രാജ്യമെങ്ങും തങ്ങളുടെ ബിസിനസ് പ്രവര്‍ത്തനം വ്യാപിപ്പിച്ചവരാണവര്‍. വിഭിന്ന ധനമേഖലകളിലും മറ്റും ഇവരുടെ വ്യവസായസംരംഭങ്ങള്‍ വ്യാപിച്ചുകിടക്കുന്നതുതന്നെ മേല്‍പ്പറഞ്ഞ വാദമുഖങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്നു.

ഇന്‍ഷുറന്‍സ് മേഖല തുറന്നുകൊടുത്ത അവസരത്തിൽ സര്‍ക്കാരിന്റെ അവകാശവാദമിതായിരുന്നു: വിദേശപങ്കാളികള്‍ തങ്ങളുടെ വിപുലമായ ആഗോള പ്രീമിയം ഫണ്ടിലൂടെ ഇന്ത്യയുടെ പശ്ചാത്തല സൌകര്യങ്ങള്‍ ശക്തിപ്പെടുത്തും. എട്ടുവര്‍ഷത്തെ അനുഭവങ്ങള്‍ തെളിയിക്കുന്നത് ഈ കമ്പനികള്‍ ഒന്നുംതന്നെ അവരുടെ ആഗോള പ്രീമിയം ഫണ്ടിന്റെ ഒരു പങ്കും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നില്ല എന്നാണ്. സര്‍ക്കാരിന്റെ അവകാശവാദം പൊള്ളയാണെന്ന് ഇതോടെ വ്യക്തമായി.

രണ്ടാമതായി, സമ്പദ്‌വ്യവസ്ഥയിലെ എഫ് ഡി ഐ പങ്കിനെ സംബന്ധിച്ച നയസങ്കല്പത്തില്‍ ചില വ്യതിയാനങ്ങളുണ്ട്. വാഷിങ്ടണ്‍ കണ്‍സെന്‍സസിന്റെ മൂശയില്‍ കൊരുത്ത ആശയത്തെയാണ് സര്‍ക്കാര്‍ മുറുകെ പിടിച്ചിരിക്കുന്നത്. അതനുസരിച്ച്, നമ്മുടെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ സുപ്രധാന പങ്ക് നേരിട്ടുള്ള വിദേശ മൂലധനം (എഫ് ഡി ഐ) നിറവേറ്റും. അങ്ങനെ ഇന്ത്യയിലേക്ക് എഫ് ഡി ഐയെ ആകര്‍ഷിക്കാന്‍വേണ്ടി നിരവധി ശ്രമങ്ങള്‍ നടത്തി പരാജയപ്പെട്ടു. ലോകബാങ്കും നിരവധി സര്‍ക്കാരുകളും ലോകമെങ്ങുമുള്ള സമ്പദ്ഘടനയുടെമേല്‍ നവോദാരനയങ്ങള്‍ സൃഷ്‌ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു കമീഷനെ നിയമിക്കാന്‍വേണ്ടി ശ്രമങ്ങള്‍ നടത്തി. നോബല്‍ പുരസ്‌ക്കാര ജേതാവായ മൈക്കീല്‍ സ്‌പെന്‍സിന്റെയും മൊണ്ടെൿസിങ് അലുവാലിയയുടെയും നേതൃത്വത്തിലുള്ള ഗ്രോത്ത് ആന്‍ഡ് ഡെവലപ്‌മെന്റ് കമീഷന്‍ ഇതുമായി ബന്ധപ്പെട്ട് വിപുലമായ ഒരു റിപ്പോര്‍ട് തയാറാക്കി. ഈ റിപ്പോര്‍ടിന്റെ നിഗമനങ്ങളിലൊന്നുംതന്നെ വിദേശനിക്ഷേപ പരിധിയെ സംബന്ധിച്ച ചര്‍ച്ചക്ക് ഇടംകൊടുക്കുന്നില്ല. റിപ്പോര്‍ട് നവോദാര ക്രമത്തോട് കൂറു പുലര്‍ത്തുകയാണ്. എന്നാല്‍ ലോകമെങ്ങും ഉയര്‍ന്നുവരുന്ന ജനരോഷം തണുപ്പിക്കാന്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നു. എഫ് ഡി ഐ യെക്കുറിച്ച് പറയവെ കമീഷന്‍ നിരീക്ഷിക്കുന്നതിതാണ്: "വളര്‍ന്നുവരുന്ന ഒരു സമ്പദ് വ്യവസ്ഥയുടെ താല്പര്യങ്ങള്‍ക്കനുസൃതമായ നിക്ഷേപത്തിന് സഹായകമായ പൊതുനിക്ഷേപമടക്കമുള്ള ആഭ്യന്തര മൂലധനത്തിന് ബദലല്ല, വിദേശസമ്പാദ്യം.''

സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിന്റെ ഭാഗമായി വിപുലമായ നിക്ഷേപങ്ങള്‍ക്ക് കളമൊരുക്കാന്‍ സര്‍ക്കാര്‍തന്നെ നേതൃത്വംകൊടുക്കണമെന്ന ധാരണ ഇന്നത്തെ ധനപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വളര്‍ന്നിട്ടുണ്ട്. അതിനുവേണ്ടി ആഭ്യന്തരസമ്പാദ്യത്തിന്റെ നിയന്ത്രണവും ഉടമസ്ഥതയും രാഷ്‌ട്രത്തില്‍ നിക്ഷിപ്‌തമായിരിക്കണം. ഇന്‍ഷുറന്‍സ് മേഖലയിലെ എഫ് ഡി ഐ പരിധി വര്‍ധിപ്പിക്കുന്നത് ഇതിന് വിലങ്ങുതടിയാണ്. ആഭ്യന്തര സമ്പാദ്യത്തിന്റെ വിപുലമേഖലകളുടെ മേലും ഉടമസ്ഥതയും നിയന്ത്രണവും സ്ഥാപിക്കാന്‍ വിദേശമൂലധനത്തിന് ചുവപ്പു പരവതാനി വിരിക്കുന്ന നീക്കമാണിത്. ഇന്ത്യന്‍ സമ്പദ്ഘടനയെ ഇത് പൂര്‍ണമായും തകര്‍ക്കും.

ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ മല്‍ഹോത്ര കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കുറെ വര്‍ഷങ്ങളായി സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുന്നു. ജി ഐ സിയും നാല് സബ്‌സിഡിയറി കമ്പനികളും എന്നുള്ള ബന്ധം വേര്‍പെടുത്തി. ഈ നാലുകമ്പനികളുടേയും മൂലധനം പരമാവധി നൂറുകോടി രൂപ വീതമാക്കി. ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസ് ദേശസാല്‍ക്കരണ നിയമത്തിന്റെ ഭേദഗതി ഇന്ന് ഈ നാലു കമ്പനികളുടെ മൂലധനത്തെ ഉയര്‍ത്താന്‍ വേണ്ടി കൂടി ഉദ്ദേശിച്ചാണ് എന്നാണ് സർക്കാർ വാദം. സർക്കാർ നേരിട്ട് മൂലധനം നിക്ഷേപിക്കുന്നതിനു പകരം കമ്പനികൾ കമ്പോളത്തിൽ നിന്നും മൂലധനം സ്വരൂപിക്കണം എന്നാണ് ബിൽ വിവക്ഷിക്കുന്നത്. സര്‍ക്കാരിന്റെ പ്രതികൂലമായ നയങ്ങളെയും നിലപാടുകളെയും അതിജീവിച്ചുകൊണ്ട് തന്നെ ഈ നാല് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളും മത്സരാധിഷ്‌ഠിത വിപണിയില്‍ അതിശക്തമായിതന്നെ ഇടപെടുന്നുണ്ട്. 2007-08 സാമ്പത്തികവര്‍ഷത്തില്‍ നാലു കമ്പനികളും കൂടി 2794 കോടി രൂപയുടെ ലാഭം നേടി. സര്‍ക്കാരിന് 449.49 കോടി രൂപയുടെ ഡിവിഡന്റും നല്‍കി. ഈ നാലു കമ്പനികള്‍ക്കും കൂടി 78198 കോടി രൂപയുടെ ആസ്‌തിയുണ്ട്. ആഭ്യന്തരാവശ്യങ്ങള്‍ക്കുവേണ്ട വിഭവങ്ങള്‍ സ്വരൂപിക്കാന്‍ ആവശ്യമായ ശേഷി അവര്‍ക്കുണ്ട്. സമ്പദ് വ്യവസ്ഥയില്‍ പ്രധാന പങ്കു വഹിച്ച ഈ കമ്പനികളെ സ്വകാര്യവ‌ൽ‌ക്കരിക്കുന്നത് രാഷ്‌ട്രനിര്‍മാണ പ്രക്രിയയെ തകിടം മറിക്കുന്നതിന് തുല്യമായിരിക്കും.

ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ സംരക്ഷിക്കുന്ന ഉപാധികള്‍ ( ഇൻ‌സ്‌ട്രമെന്റ്സ്) ഇന്ത്യന്‍ വിപണികള്‍ക്കില്ലെന്ന് പ്രചരിപ്പിക്കുകകൂടി ചെയ്യുന്നുണ്ട് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍. അതുകൊണ്ട്, തങ്ങളുടെ ഇന്‍ഷുറന്‍സ് ഫണ്ടിന്റെ ഒരു ഭാഗം വിദേശരാജ്യങ്ങളിൽ നിക്ഷേപിക്കാന്‍ അവരെ അനുവദിക്കണമെന്നാണ് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ വാദം. സര്‍ക്കാര്‍, ഈ വാദം അംഗീകരിച്ചുവെന്നാണ് തോന്നുന്നത്. ഇന്‍ഷുറന്‍സ് ഫണ്ടുകൾ നിക്ഷേപിക്കുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങളിൽ ഭേദഗതി ചെയ്യാനുള്ള ശ്രമമാണിപ്പോള്‍. പശ്ചാത്തല സൌകര്യങ്ങളുടെ വികസനത്തിനും സാമൂഹിക മേഖലയിലും വിപുലമായ നിക്ഷേപങ്ങള്‍ രാഷ്‌ട്രം ആവശ്യപ്പെടുന്ന ഒരു കാലഘട്ടത്തില്‍ നമ്മുടെ ഇന്‍ഷുറന്‍സ് ഫണ്ട് പുറത്തേക്കൊഴുകുന്ന അവസ്ഥയായിരിക്കും ഇനി വന്നു ചേരുക. പോളിസിയെടുക്കുന്നവരുടെ പണം, ഊഹക്കച്ചവടത്തിന് വിനിയോഗിക്കപ്പെടാന്‍ ഇത് കാരണമാകും. പോളിസിയെടുക്കുന്നവരുടെയും രാഷ്‌ട്രത്തിന്റെ തന്നെയും താല്പര്യങ്ങളെ ഇത് ഹനിക്കും.

എല്‍ ഐ സിയുടെ മൂലധനം 5 കോടിയില്‍നിന്നും 100 കോടിയിലേക്ക് വര്‍ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം. അതിനാണ് 1956 ലെ എല്‍ ഐ സി ആൿട് ഭേദഗതി ചെയ്യാന്‍ ലോകസഭയില്‍ നിയമനിര്‍മാണംകൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനിക്കുവേണ്ടി 100 കോടി രൂപ മൂലധനം സജ്ജമാക്കുകയെന്ന ലക്ഷ്യത്തിനുവേണ്ടിയാണ് ഈ ഭേദഗതിയെ സര്‍ക്കാര്‍ ന്യായീകരിക്കുന്നത്.

എല്‍ ഐ സിയുടെ മൂലധനാടിത്തറയെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് ഈ ഭേദഗതി വ്യഖ്യാനിക്കപ്പെടുന്നത്. പക്ഷേ, ഭേദഗതിയുടെ പിന്നിലുള്ള യഥാര്‍ഥ ലക്ഷ്യം വേറൊന്നാണ്. അത് മല്‍ഹോത്രകമ്മിററിയുടെ നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ സ്‌പഷ്‌ടമാണ്. എല്‍ ഐ സിയുടെ മൂലധനം 100 കോടിയാക്കി വര്‍ധിപ്പിക്കുകയും സര്‍ക്കാര്‍ പങ്കിന്റെ 50 ശതമാനം റദ്ദ് ചെയ്യുകയുമാണ് കമ്മിറ്റി നിര്‍ദേശത്തിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ, ഈ തീരുമാനം, സംശയാസ്‌പദമാണ്. ഇന്ന് എല്‍ ഐ സി നമ്മുടെ രാജ്യത്തെ ഏറ്റവും വലുതും മെച്ചപ്പെട്ടതുമായ ധനകാര്യസ്ഥാപനമായി മാറിയിരിക്കുന്നു. രാഷ്‌ട്രനിര്‍മാണ പ്രവര്‍ത്തനത്തില്‍ അതിന്റെ സംഭാവന വളരെ വലുതാണ്. എല്‍ഐസിയുടെ കടുത്ത എതിരാളികള്‍പോലും അത് അംഗീകരിക്കും. സെറ്റിൽ ചെയ്യുന്ന ക്ലെയിമുകളുടെ കാര്യത്തിലും പോളിസി ഗുണഭോക്താക്കളുടെ കാര്യത്തിലും ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയാണിത്. 24 കോടി പോളിസി ഉടമകളാണ് എല്‍ ഐ സിക്ക് ഉള്ളത്. വികസിത രാഷ്‌ട്രങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യക്ക് മെച്ചപ്പെട്ട ഒരു ഇന്‍ഷുറന്‍സ് മേഖലയുണ്ടെങ്കില്‍ അതിന് കാരണം എല്‍ ഐ സിയുടെ ഉജ്വലമായ പ്രകടനമാണ്. ദേശീയ ജി ഡി പിയുടെ ശതമനത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം 4.1 ശതമാനമാണ്. ഇത് അമേരിക്കയുമായി കിടപിടിക്കുന്നതാണ്. 8.04 ലക്ഷം കോടി രൂപയാണ് എല്‍ ഐ സിയുടെ ആസ്‌തി. അതിന്റെ ബാധ്യതകളെക്കാള്‍ 1.17 ലക്ഷം കോടി രൂപയുടെ ആസ്‌തി അധികമായുണ്ട് എല്‍ ഐ സിക്ക് . ഇത്രയും വിപുലമായ ധനശേഷിയുള്ള ഒരു സ്ഥാപനം ഇന്ത്യയില്‍ വേറെയില്ല.

അതുകൊണ്ട് 95 കോടി നല്‍കുക എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് ഇതിനെ ശക്തിപ്പെടുത്തുക എന്നല്ല. മറിച്ച് ഏറ്റവും വിജയകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ സ്വകാര്യവല്‍ക്കരിക്കാനുള്ള ആദ്യ പടി എന്നാണ്. ഇത്തരമൊരു ദേശീയ സ്ഥാപനത്തെ സ്വകാര്യവല്‍ക്കരിക്കുകയെന്നാല്‍ രാജ്യദ്രോഹകുറ്റം ചെയ്യുകയെന്നാണര്‍ഥം.

അമേരിക്ക, യൂറോപ്പ്, ജപ്പാന്‍ എന്നിവിടങ്ങളിലെല്ലാമുള്ള ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളെ ആഗോള മുതലാളിത്തപ്രതിസന്ധി ആകെ ഉലച്ചിരിക്കുകയാണ്. എ ഐ ജി അതിന്റെ പരാജയം സമ്മതിച്ചിരിക്കുന്നു. മെറ്റ് ലൈഫ്, ന്യൂയോര്‍ക്ക് ലൈഫും ഫെഡറല്‍ റിസര്‍വില്‍ നിന്നും സഹായം തേടിക്കൊണ്ടിരിക്കുകയാണ്. യു കെ പ്രൂഡെന്‍ഷ്യലും അവിവയും നഷ്‌ടത്തിലേക്ക് വീഴുന്നു. ഫോര്‍ടിസിനെ ബല്‍ജിയം സര്‍ക്കാരും മറ്റും ഏറ്റെടുത്തു. ജര്‍മന്‍ കമ്പനിയായ അലയന്‍സും ഇറ്റാലിയന്‍ കമ്പനിയായ ജനറലും കടത്തില്‍ മുങ്ങിക്കുളിച്ചിരിക്കയാണ്. ജപ്പാനിലെയും യൂറോപ്പിലെയും അമേരിക്കയിലെയും മുഴുവന്‍ ഇന്‍ഷുറന്‍സ് മേഖലയും തകര്‍ച്ചയുടെ വക്കിലാവുമെന്ന് റേറ്റിങ്ങ് കമ്പനികള്‍ പ്രവചിക്കുന്നു. അമേരിക്കയിലും യൂറോപ്പിലും പ്രതീക്ഷക്കു തീരെ സാധ്യത കാണുന്നില്ല. ഇവിടങ്ങളില്‍ തകര്‍ച്ചയാണ് വരാന്‍ പോവുന്നത്. ഈ കമ്പനികളെല്ലാം തന്നെ ഇന്ത്യയില്‍ ബിസിനസ് നടത്തുന്നുണ്ട്. എല്ലാ സ്വകാര്യ കമ്പനികളും മൂലധനശോഷണം നേരിടുന്ന സാഹചര്യത്തിലാണ് വിദേശനിക്ഷേപപരിധി 49 ശതമാനമാക്കി ഇത്തരം കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് മേഖലയില്‍ കൂടുതല്‍ ഇടംനല്‍കാന്‍ കേന്ദ്രം ശ്രമിക്കുന്നത്.

കൂടുതല്‍ ഉദാരീകരിക്കാനും പുതുതായി ആരംഭിക്കാനും വേണ്ടി പരിഗണനയിലിരിക്കുന്ന നിയമനിര്‍മാണങ്ങള്‍ നമ്മുടെ ദേശീയതാൽ‌പ്പര്യങ്ങളെയും പോളിസിയുടമകളുടെ താല്പര്യങ്ങളെയും ഒരുപോലെ ഹനിക്കുന്നതാണ്. ഈ നീക്കത്തിനെതിരെ വിപുലമായ എതിര്‍പ്പുതന്നെ ഉയര്‍ന്നുവരുന്നുണ്ട്. ഈ നിയമനിര്‍മാണങ്ങളെ എതിര്‍ക്കാന്‍ ഇടതുപാര്‍ടികള്‍ തീരുമാനിച്ചിരിക്കുകയാണ്. രാഷ്‌ട്രീയ പരിഗണനകള്‍ക്കതീതമായി നിരവധി എം പി മാര്‍ ഈ നീക്കത്തിനെതിരെ ശബ്‌ദമുയര്‍ത്തിക്കഴിഞ്ഞു. എഐഐഇഎ ക്ക് കീഴില്‍ സംഘടിതരായ ഇന്‍ഷുറന്‍സ് ജീവനക്കാര്‍ ഈ നിയമനിര്‍മാണത്തിനെതിരെ പൊതുജനാഭിപ്രായം വളര്‍ത്താന്‍വേണ്ട വിപുലമായ ബഹുജന സമ്പര്‍ക്കപരിപാടിയും സമരപരമ്പരയും നടത്താന്‍ തീരുമാനിച്ചിരിക്കയാണ്. ആഗോള ധനവിപണി വമ്പിച്ച കുഴപ്പം നേരിടുന്ന ഇന്ന് സര്‍ക്കാര്‍ അതിന്റെ വങ്കത്തം മനസ്സിലാക്കുകയും ഇന്‍ഷുറന്‍സ് മേഖലയെ കൂടുതല്‍ ഉദാരീകരിക്കാനുള്ള ശ്രമങ്ങളില്‍നിന്ന് പിന്തിരിയുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

*****

അമാനുള്ളഖാന്‍

(അഖിലേന്ത്യാ ഇന്‍ഷുറന്‍സ് എംപ്ളോയീസ് അസോസിയേഷ ന്റെ (എഐഐഇഎ) പ്രസിഡന്റാണ് ലേഖകൻ)

കൂടുതൽ വായനയ്‌ക്ക്:

FDI i n t h e I n s u r a n c e S e c t o r

Friday, September 19, 2008

പണിമുടക്കുകളാര്‍ക്കു വേണ്ടി?

സ്വതന്ത്ര കമ്പോളത്തിന്റെ സ്വര്‍ഗരാജ്യം പകച്ചു നില്‍കുന്ന ദിവസങ്ങളിലൂടെയാണു നാം കടന്നുപൊയ്കൊണ്ടിരിക്കുന്നത്. നോര്‍ത്തേണ്‍ റോക്കും ബെയര്‍ സ്റ്റേണ്‍സും തകര്‍ന്നപ്പോള്‍ അതിനു ഒത്തിരി ഒത്തിരി കാരണങ്ങള്‍ അവര്‍ കണ്ടെത്തി. അതൊക്കെ പറഞ്ഞു വിശ്വസിപ്പിക്കുവാന്‍ കുറെയേറെ വിശദീകരണങ്ങളും നല്‍കി. ഇപ്പോള്‍ ഫ്രെഡിയായി, പിന്നെ ഫാനിയായി . പിറകെ ലീമാന്‍ ആയി . അതിനു പിറകെ മെരില്‍ ലിഞ്ചു വരുന്നു.പിന്നെ എഐജി .മോര്‍ഗന്‍ സ്റ്റാന്‍‌ലി വരിയില്‍ പിറകെ നില്‍ക്കുന്നുവെന്ന് സാമ്പത്തിക വിദഗ്ധന്മാര്‍ പറയുന്നു. സഹസ്ര കോടി ഡോളര്‍ ദിവസവും കമ്പോളത്തിലേക്ക് ഒഴുക്കി വിടുകയാണ്, തകര്‍ന്ന ഭീമന്മരെ രക്ഷിക്കാന്‍. എന്നിട്ടും പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ല. എല്ലാ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളും വിറങ്ങലിച്ചു നില്‍ക്കുന്നു. എല്ലാ വികസിത മുതലാളിത്ത രാജ്യങ്ങളും കമ്പോളത്തിലേക്ക് പണം ഒഴുക്കി വിടുകയാണ്. സഹസ്ര കോടികളുടെ കണക്കാണു നാം വായിക്കുന്നത്.

അമേരിക്കയിലും വന്‍ മുതലാളിത്ത രാജ്യങ്ങളിലും മാത്രമായി ഇതു ഒതുങ്ങാന്‍ പോകുന്നില്ല. ആഗോളവല്‍കരണ കമ്പോളവുമായി തൊട്ടു നില്‍ക്കുന്ന എല്ലാ രാജ്യങ്ങളെയും ഇതു ബാധിക്കാന്‍ പോകുകയാണ്. മെരില്‍ ലിഞ്ചുമായി ബന്ധപ്പെട്ടു ഇന്ത്യയില്‍ ഐസിഐസിഐ മാത്രമല്ല എസ്‌ബിഐയും, ബാങ്ക് ഒഫ് ഇന്ത്യ യും, ബാങ്ക് ഒഫ് ബറോഡയും, പി‌എന്‍ബി യും എച്‌ഡി‌എഫ്‌സിയും ഒക്കെ ഉണ്ടെന്ന വാര്‍ത്ത വന്നിട്ടുണ്ട്. എഐജിയുമായി ചേര്‍ന്ന് ഇന്‍ഷുറന്‍സ് കച്ചവടം നടത്തുന്ന ടാറ്റ എഐജി, അതുപോലെയുള്ള കമ്പനികളും കുഴപ്പത്തിലേക്കു തന്നെയാണു പോകുന്നത്. അതെ വന്ന വാര്‍ത്തകള്‍ ഭീകരമാണ്. വരാനിരിക്കുന്ന വാര്‍ത്തകള്‍ അതിനേക്കാള്‍ ഭീകരമാണ്.

ഇങ്ങനെ നഷ്ടം വന്ന പണമെല്ലാം അവസാനം തട്ടിയെടുക്കപ്പെടുന്നതു നാട്ടുകാരുടെ കയ്യില്‍ നിന്നുമാണ്. തല്‍ക്കാലം കുറെ പണം സര്‍ക്കാര്‍ ഖജനാവില്‍ നിന്നു കൊടുത്തതും അവസാനം ജനങ്ങള്‍ കൊടുക്കേണ്ടി വരും. അമേരിക്കയിലും ഇംഗ്ലണ്ടിലേയും ജനങ്ങള്‍ മാത്രമല്ല. ലോകത്തിലെ സാധാരണക്കാരെല്ലാം ഇതു സഹിക്കേണ്ടി വരും. എഐജിക്ക് ലോകത്തിലെ മിക്ക രാജ്യങ്ങളിലും ഇന്‍ഷുറന്‍സ് ബിസിനസ്സ് ഉണ്ട് .പെന്‍ഷന്‍ പദ്ധതിയും ഉണ്ട്. സാധരണ ജനങ്ങള്‍ ഇവരെ വിശ്വസിച്ചു എടുത്ത ഇന്‍ഷുറന്‍സ് പോളിസികളും പെന്‍ഷന്‍ നിക്ഷേപങ്ങളും അവര്‍ക്കു നഷ്ടപ്പെടും.

ഓഹരി വില ഇടിഞ്ഞുകൊണ്ടിരിക്കുന്നു. മാര്‍ക്കറ്റുകള്‍ തകര്‍ച്ചയുടെ കഥ പറയുന്നു. അതിന്റെ നഷ്ടവും അവസാനം സാധാരണക്കാ‍രന്റെ ചുമലില്‍ എത്തും.

ഇതു പുതിയ പ്രതിഭാസമല്ല . 1930 നും അതിനു മുന്‍പും അതിനു ശേഷവും മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. അന്നെല്ലം രക്ഷക്ക് ആശ്രയിക്കേണ്ടി വന്നതും ട്രഷറിയെത്തന്നെയാണ്. ആഗോളവല്‍കരണം കയറ്റം കയറാന്‍ തുടങ്ങിയ കാലത്താണ് ലോംഗ് ടേം കാപിറ്റല്‍ മാര്‍ക്കറ്റിന്റെ തകര്‍ച്ചയുണ്ടായത്. റെഗുലേറ്ററി വ്യവസ്ഥകള്‍ കര്‍ശനമാക്കി അതൊക്കെ പരിഹരിച്ചുവെന്നാണ് അപ്പോള്‍ പറഞ്ഞത്. അതിലും എത്രയോ രൂക്ഷമായ തകര്‍ച്ചയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

നിയന്ത്രണങ്ങളില്ലാത്ത കമ്പോളം വളര്‍ച്ചയും വികസനവും കാര്യക്ഷമതയും ഉറപ്പാക്കുമെന്നാണല്ലോ പറഞ്ഞിരുന്നത്. എല്ലാകുഴപ്പത്തിനും കാരണം സ്റ്റേറ്റിന്റെ ഇടപെടലാണെന്നും പറഞ്ഞിരുന്നു. ലൈസന്‍സ് രാജ് എന്നു വിളിച്ച് കളിയാക്കി. ഒരു ചെറിയ നിയന്ത്രണംപോലും അംഗീകരിക്കാനുള്ള സഹിഷ്ണുത കാണിച്ചിരുന്നില്ല. എന്നിട്ടാണ് ഇപ്പോള്‍ മുതലാളിമാര്‍ തകര്‍ത്ത സ്ഥാപനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ പണവും തേടി അവര്‍ കാവല്‍ നില്‍ക്കുന്നത്. എല്ലാം കമ്പോളത്തിനു വിട്ടു കൊടുക്കണമെന്ന് മുറവിളി കൂട്ടുന്ന അമേരിക്കക്ക് ഇങ്ങനെ സംഭവിക്കാമെങ്കില്‍ എന്തായിരിക്കും ഇന്ത്യയുടെ സ്ഥിതി?

ഈ അപകടത്തെപ്പറ്റി നല്ല ധാരണയുള്ളതുകൊണ്ടാണ് തൊഴിലാളി സംഘടനകളും ഇടതുപക്ഷവും ഈ നീക്കങ്ങളെ എന്നും എതിര്‍ത്തു പോന്നിട്ടുള്ളത്. അവരെല്ലാം വികസന വിരുദ്ധരും പിന്തിരിപ്പന്മാരും ആയി ചിത്രീകരിക്കപ്പെട്ടു. ബാങ്ക്, ഇന്‍ഷുറന്‍സ് മേഖലകളില്‍ കഴിഞ്ഞ പതിനാറു കൊല്ലങ്ങള്‍ക്കുള്ളില്‍ നടന്ന ഭൂരിപക്ഷം പണിമുടക്കുകളും സര്‍ക്കാര്‍കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഈ നയങ്ങള്‍ക്കെതിരായായിരുന്നു. ശമ്പളം കളഞ്ഞു അവര്‍ പണിമുടക്കിയത് രാജ്യ സ്നേഹം മുന്‍‌നിര്‍ത്തിയായിരുന്നു . തെരുവിലൂടെ മുദ്രാവാക്യം വിളിച്ചു നടന്നതു ജനങ്ങള്‍ക്കു വേണ്ടിയായിരുന്നു.

പണിമുടക്കിനെതിരെ ആക്രോശിച്ചവര്‍, തൊഴിലാളിയെ പുലഭ്യം പറഞ്ഞവര്‍ ഇപ്പോഴെങ്കിലുമോര്‍ക്കുക. അന്നത് ചെയ്തില്ലായിരുന്നെങ്ങില്‍ ഇന്ത്യയിലെ സാധാരണക്കാരുടെ പെട്ടിയിലെ അവസാന ചില്ലിക്കാശുപോലും ഈ കുത്തൊഴുക്കില്‍ ഒലിച്ചുപോയേനെ. പണിമുടക്കിനെ പുച്ഛിച്ചവര്‍ അറിയുക, ഞങ്ങള്‍ ഉയര്‍ത്തിയ പ്രതിരോധമാണ് ഇന്നീ നാടിനെ തകരാതെ നിര്‍ത്തുന്നത്. എതിര്‍ക്കാന്‍ ഇവിടെ ആളില്ലായിരുന്നുവെങ്കില്‍ ഇന്ത്യയിലെ എല്ലാ ബാങ്കുകളും ഇന്‍‌ഷുറന്‍സ് സ്ഥാപനങ്ങളും വിദേശ മുതലാളിമാരുടെ കൈകളിലമര്‍ന്നേനെ. ഇന്നാട്ടിലെ സാധാരണക്കാരുടെ പണമിട്ടവര്‍ ഓഹരി ചൂതാട്ട കേന്ദ്രങ്ങളില്‍ അമ്മാനമാടിയേനെ. അമേരിക്കയിലെ സുനാമിയും ഐയ്ക്കും ഇന്ത്യന്‍ തീരങ്ങളെയും കടന്നു ഇവിടുത്തെ ജനങ്ങളെയും സമ്പദ് വ്യവസ്ഥയേയും അറബിക്കടലില്‍ മുക്കിയേനെ.

*
എ. സിയാവുദീന്‍

(BEFI കേന്ദ്രക്കമ്മിറ്റി അംഗമാണ് ലേഖകന്‍)

Thursday, September 18, 2008

അമേരിക്ക വിതച്ചത് കൊയ്യുന്നു

വികസിത മുതലാളിത്തലോകം കടുത്ത സാമ്പത്തികപ്രതിസന്ധിയുടെ പ്രാണവേദന അനുഭവിക്കുകയാണ്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബോര്‍ഡിന്റെ ശക്തനായ മുന്‍മേധാവി അലന്‍ ഗ്രീന്‍സ്പാന്‍ ഇതിനെ 'നൂറ്റാണ്ടില്‍ ഒരിക്കല്‍മാത്രം സംഭവിക്കുന്ന പ്രതിഭാസം' എന്നാണ് വിശേഷിപ്പിച്ചത്. വമ്പന്‍ ധനസ്ഥാപനങ്ങള്‍ ചീട്ടുകൊട്ടാരം കണക്കെ തകരുന്നു.

ഏതാനും മാസം മുമ്പ് ബിയര്‍ സ്റ്റേണ്‍സ് മുങ്ങിയപ്പോള്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ സാമ്പത്തികസഹായത്തോടെ ജെ പി മോര്‍ഗാന്‍ ചേസ് അതിനെ ഏറ്റെടുത്തു. പത്തുദിവസം മുമ്പ് ഫാനി മേയും ഫ്രെഡി മാക്കും രക്ഷപ്പെട്ടത് യുഎസ് സര്‍ക്കാര്‍ 20,000 കോടി ഡോളര്‍ ഒഴുക്കിയതുകൊണ്ടാണ്. 158 വര്‍ഷത്തെ പാരമ്പര്യമുള്ള ലേമാന്‍ ബ്രദേഴ്സ് രണ്ടുദിവസം മുമ്പ് പാപ്പര്‍ ഹര്‍ജി ഫയല്‍ചെയ്തു. വാള്‍ സ്ട്രീറ്റില്‍ ലേമാന്റെ മുഖ്യ പ്രതിയോഗി മെറില്‍ ലിഞ്ച് സമാനമായ അവസ്ഥയില്‍നിന്ന് രക്ഷപ്പെട്ടത് ബാങ്ക് ഓഫ് അമേരിക്ക 5000 കോടി ഡോളര്‍ മുടക്കി ഏറ്റെടുത്തതിനാലാണ്. കമ്പോളവില പരിഗണിക്കാതെയാണ് മെറില്‍ ലിഞ്ചിനുവേണ്ടി പണം ഒഴുക്കിയത്. ലക്ഷക്കണക്കിനു കോടി ഡോളര്‍ ആസ്തിയുള്ള അമേരിക്കന്‍ ഇന്‍ഷുറന്‍സ് സ്ഥാപനമായ എഐജി പാപ്പരാകുന്നത് തടയാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ 8500 കോടി ഡോളറിന്റെ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ഒരു രാജ്യാന്തരനിരീക്ഷകന്റെ വാക്കുകള്‍ കടമെടുത്താല്‍ 'ആഗോള സാമ്പത്തികദുരന്തം'ഒഴിവാക്കാനാണ് ഈ തത്രപ്പാട്.

അമേരിക്കയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലുണ്ടായ തകര്‍ച്ചയുമായി നേരിട്ട് ബന്ധപ്പെട്ട കുഴപ്പങ്ങളാണിത്. മേല്‍പ്പറഞ്ഞ എല്ലാ ധനസ്ഥാപനങ്ങളും പ്രത്യക്ഷമായും അല്ലാതെയും ഭീമമായ തോതില്‍ ഭവന നിര്‍മാണവായ്പ നല്‍കിയിട്ടുണ്ട്. റിയല്‍എസ്റ്റേറ്റ് വളര്‍ച്ചയെക്കുറിച്ചുള്ള മിഥ്യാധാരണകളുടെ ബലത്തില്‍ തിരിച്ചടവ് ശേഷി നോക്കാതെ ഉയര്‍ന്ന പലിശനിരക്കില്‍ ഭവനനിര്‍മാണ വായ്പ നല്‍കി. തകര്‍ച്ച തുടങ്ങിയപ്പോള്‍ വായ്പ എടുത്തവര്‍ക്ക് തിരിച്ചടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയായി. വീടുകള്‍ ജപ്തി ചെയ്താല്‍പോലും ധനസ്ഥാപനങ്ങള്‍ക്ക് മുതലാകില്ല; കാരണം വീടുകളുടെ വിലയും ഇടിഞ്ഞു.

മുതലാളിത്തവ്യവസ്ഥയില്‍ ഇതെല്ലാം തീര്‍ച്ചയായും പരിചിതങ്ങളാണ്, ഇക്കുറി റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തകര്‍ച്ചയാണ് വിനാശകാരണമെന്ന് മാത്രം. എന്നാല്‍, വാണിജ്യവളര്‍ച്ചയിലെ ഉയര്‍ന്ന നിരക്ക് കെടുതികള്‍ രൂക്ഷമാക്കി. പഴയ കാലത്തെപ്പോലെ കടം നല്‍കുന്നവരും കടം വാങ്ങുന്നവരും നേരിട്ട് ബന്ധപ്പെടുന്നില്ല. 'വായ്പാ പാക്കേജുകളാണ്' വിറ്റഴിക്കുന്നത്. കയറ്റങ്ങളുടെ കാലത്ത് യുക്തിഹീനമായി, അപകടസാധ്യത പരിഗണിക്കാതെ മുതലാളിത്തം പണം ചെലവിടുന്നു. തകര്‍ച്ചയുടെ ആഘാതം അളവറ്റതാകുകയും ചെയ്യുന്നു.

തകര്‍ച്ച തടയാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ കഴിയുന്നത്ര ശ്രമിച്ചു. ഫിനാന്‍സ് മൂലധനത്തെ രക്ഷിക്കാന്‍ നികുതിദായകരുടെ പണം വന്‍തോതില്‍ ചെലവിട്ടു. പക്ഷേ, നികുതിദായകരുടെ പണം ഉപയോഗിച്ച് ഫിനാന്‍സ് മൂലധനം കൂടുതല്‍ ഊഹക്കച്ചവടം നടത്താന്‍ മാത്രമാണ് ഇത് ഇടയാക്കിയത്. അനുഭവപാഠം ഇതാണ്: " ഞാന്‍ തല നേടി; നികുതിദായകന് ബാക്കി ഭാഗം നഷ്ടപ്പെട്ടു''. ഇത്തരം തലതിരിഞ്ഞ നടപടികള്‍ അടുത്ത തകര്‍ച്ച കൂടുതല്‍ ഭയാനകമാക്കും. ചുരുക്കത്തില്‍, ഇപ്പോഴത്തെ സാമ്പത്തികപ്രതിസന്ധി അമേരിക്കന്‍ സര്‍ക്കാര്‍ തടഞ്ഞില്ലെങ്കില്‍ കടുത്ത സാമ്പത്തികത്തകര്‍ച്ച ഉണ്ടാകും. ലോകമുതലാളിത്തം നേരിടുന്ന തകര്‍ച്ച തൊഴിലില്ലായ്മ, വ്യാപാരമാന്ദ്യം എന്നിങ്ങനെ വിവിധ രൂപത്തില്‍ പ്രതിഫലിക്കും.

മുതലാളിത്തത്തിന്റെ കെടുകാര്യസ്ഥതയും ഊഹക്കച്ചവടം ജനങ്ങള്‍ക്കുവരുത്തിവയ്ക്കുന്ന ദുരിതവും പ്രകടമായതിനുപുറമെ സ്വതന്ത്ര കമ്പോളവ്യവസ്ഥയിലാണ് സമ്പദ്ഘടനയ്ക്ക് ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയുകയെന്ന വാദത്തിന്റെ പൊള്ളത്തരവും ഈ പ്രതിസന്ധി പുറത്തുകൊണ്ടുവന്നു. ലോകത്തെ ഏറ്റവും കരുത്തുറ്റ കമ്പോളത്തെ രക്ഷിക്കാന്‍ സാദാ നികുതിദായകന്റെ പണമാണ് സര്‍ക്കാര്‍ വിനിയോഗിച്ചത്; ഇതില്‍പ്പരം വിരോധാഭാസം മറ്റെന്തുണ്ട്?

ഇന്ത്യയില്‍ സാമ്പത്തിക ഉദാരവല്‍ക്കരണ നടപടികള്‍ ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെതുടര്‍ന്ന് പൂര്‍ണമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല; ഇതിന്റെപേരില്‍ ഇടതുപക്ഷത്തെ 'പുരോഗതിയുടെ ശത്രുക്കള്‍', 'പഴഞ്ചന്മാര്‍' , 'കാലഹരണപ്പെട്ട പ്രത്യയശാസ്ത്രത്തിന്റെ തടവുകാര്‍' എന്നിങ്ങനെ മുദ്രകുത്തി മാധ്യമങ്ങള്‍ നിര്‍ദയം വേട്ടയാടുകയായിരുന്നു. ഇപ്പോഴത്തെ തകര്‍ച്ചയില്‍നിന്ന് ഇന്ത്യക്ക് രക്ഷപ്പെട്ട് നില്‍ക്കാന്‍ കഴിയുന്നതിന് രാജ്യം കടപ്പെട്ടിരിക്കുന്നത് ഇടതുകക്ഷികളോടാണ്. ഭദ്രമായ സൈദ്ധാന്തികധാരണ മുറുകെപിടിച്ചതിനും ഒഴുക്കിനെതിരെ നീന്തിയതിനും ഇടതുപക്ഷത്തിന് അഭിമാനിക്കാം. ഓഹരിവിപണിയില്‍ ഒറ്റയടിക്ക് 15 ശതമാനം ഇടിഞ്ഞപ്പോള്‍, പെന്‍ഷന്‍ ഫണ്ടിനെ ഊഹക്കച്ചവടത്തിന് വിട്ടുകൊടുക്കാതിരിക്കാന്‍ ഇടതുപക്ഷം പൊരുതിയത് എന്തിനാണെന്ന് ഏവര്‍ക്കും ബോധ്യമായി. യുപിഎ പാഠം ഉള്‍ക്കൊള്ളാന്‍ വൈകിയോ?

*******

പ്രൊഫസര്‍ പ്രഭാത് പട്നായിക്

Tuesday, January 29, 2008

മെഡിക്ലെയിം: സാമൂഹ്യസുരക്ഷ പഴങ്കഥ

ആഗോളീകരണവും നവലിബറലിസവും ലാഭം എന്ന മന്ത്രം മാത്രമാണ് ഉരുവിടുന്നത്. സാമൂഹ്യസുരക്ഷ, സബ്‌സിഡി, ക്രോസ് സബ്‌സിഡി, പ്ലാനിംഗ് തുടങ്ങിയ പദങ്ങളൊക്കെ ഈ വ്യവസ്ഥയില്‍ കീഴില്‍ നിഷിദ്ധമാണ്. കാര്യക്ഷമതയുടെ ഏകമാനദണ്ഡം ലാഭമത്രേ. ലാഭമുണ്ടാക്കാനുള്ള ഏകമാര്‍ഗ്ഗം തൊഴിലാളികളെ ചൂഷണം ചെയ്യുക എന്നതാണ്. അതിന്, സാമൂഹ്യ ക്ഷേമം ഉള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും കമ്പോളത്തെ ഏല്‍പ്പിക്കുക എന്നതാണ് നവലിബറലിസത്തിന്റെ വഴി. കമ്പോളം നിയന്ത്രിക്കുന്നതാകട്ടെ വന്‍കിട കുത്തകകളും. കമ്പോളമാണ് ദൈവം എന്നൊക്കെ പറയുന്നത് വെറും വാചകമടി മാത്രം. യഥാര്‍ത്ഥ ദൈവം കുത്തകതന്നെ.

ഇന്‍ഷുറന്‍സ്, അടിസ്ഥാനപരമായി, സ്വകാര്യസ്വത്തിന് സംരക്ഷണം നല്‍കുന്ന ഒരു മുതലാളിത്ത ഉല്പന്നമാണെങ്കിലും അതിനെ സാമൂഹ്യസുരക്ഷയ്ക്കുള്ള ശക്തമായ ഒരു ഉപകരണമാക്കി മാറ്റാന്‍ കഴിയും എന്ന് മൂന്നു ദശകംകൊണ്ട് ഇന്ത്യയിലെ പൊതുമേഖലാ ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന്, ഈ നവലിബറല്‍ കാലഘട്ടത്തില്‍, നാഴികമണി പുറകോട്ടാണ് തിരിയുന്നത്. അതുകൊണ്ട് ഇന്‍ഷുറന്‍സും പുറകോട്ടുപോകുന്നു - 1971-ന് മുന്‍പുള്ള കാലത്തേയ്ക്ക്. സ്വകാര്യകമ്പനികളെ സഹായിക്കുക എന്നതായിരിക്കുന്നു ഇന്ന് പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലക്ഷ്യം. അതിന്റെ ഭാഗമായി അവര്‍ പുതിയ മെഡിക്ലെയിം പോളിസി രംഗത്തിറക്കിയിരിക്കുന്നു. നാലു കമ്പനികള്‍ നാലുതരത്തിലുള്ള പോളിസികളാണ് ഇപ്പോള്‍ വില്‍ക്കുന്നത്. 15000 രൂപയുണ്ടായിരുന്ന ചുരുങ്ങിയ ഇന്‍ഷുറന്‍സ് തുകയുടെ പരിധി അന്‍പതിനായിരവും, ഒരുലക്ഷവുമൊക്കെയായി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. 213 രൂപയുടെ ചുരുങ്ങിയ പ്രീമിയം 600 - ന് മുകളിലും ആയിരത്തിന് മുകളിലുമായിരിക്കുന്നു. കൂടുതല്‍ പണം കൊടുത്ത് സുരക്ഷ വാങ്ങാന്‍ കഴിയുന്നവര്‍ മാത്രം വാങ്ങിയാല്‍ മതി എന്ന് പൊതുമേഖലയും പറഞ്ഞുതുടങ്ങിയിരിക്കുന്നു. സാധാരണക്കാരായ മനുഷ്യരെ ഇന്‍ഷുറന്‍സ് സുരക്ഷയില്‍ നിന്നൊഴിവാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഫലമാണ് പുതിയ മെഡിക്ലെയിം പോളിസി.

പ്രീമിയം വര്‍ദ്ധിപ്പിച്ചു എന്നതുമാത്രമല്ല പ്രശ്നം. പോളിസി നിബന്ധനകളില്‍ യാതൊരു തരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത, മൌലികാവകാശങ്ങളെപോലും ഹനിക്കുന്ന തരത്തിലുള്ള പുതിയ നിബന്ധനകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുകയാണ്. പൊതുമേഖലാ കമ്പനികള്‍ ഇന്‍ഷുറന്‍സ് തുകയും പ്രീമിയം കൂട്ടിയതോടുകൂടി സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളും ആ വഴിക്ക് നീങ്ങിയിരിക്കുന്നു. ഇവര്‍ കൊട്ടിഘോഷിക്കുന്ന, കമ്പോളം അനുവദിക്കുന്ന, തെരഞ്ഞെടുക്കാനുള്ള ഉപഭോക്താവിന്റെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടുകൊണ്ട് സ്വകാര്യകമ്പനികള്‍ക്ക് കൂടുതല്‍ പ്രീമിയം നേടിയെടുക്കാനുള്ള വഴിയൊരുക്കി കൊടുക്കുകയാണ് പൊതുമേഖല.

പുതുക്കിയ മെഡിക്ലെയിം പോളിസിയില്‍ ഏറ്റവും കൂടുതല്‍ മോശമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നത് ന്യൂ ഇന്ത്യയുടെ പോളിസിയിലാണ്. ഏറ്റവും കുറഞ്ഞ ഇന്‍ഷുറന്‍സ് തുക ഒരു ലക്ഷമാണ് എന്നതു മാത്രമല്ല പ്രശ്നം. മുബൈ, ഡല്‍ഹി, മറ്റിടങ്ങള്‍ എന്ന രീതിയില്‍ ഇന്ത്യാ രാജ്യത്തെ മൂന്നു മേഖലകളായി തിരിച്ചിരിക്കുന്നു. മുബൈ-സോണ്‍ I, ഡല്‍ഹി-സോണ്‍ II, മറ്റിടങ്ങള്‍-സോണ്‍ III എന്ന തരത്തില്‍. സോണ്‍ മൂന്നില്‍ പ്രീമിയം അടയ്ക്കുന്ന ഒരാള്‍ക്ക് സോണ്‍ ഒന്നിലോ രണ്ടിലോ പോയി ചികിത്സിച്ചാല്‍ 10-20% തുക ക്ലെയിമില്‍ കുറയും, അതായത്, മുഴുവന്‍ തുകയും ക്ലെയിം കിട്ടാന്‍ കൂടുതല്‍ പ്രീമിയം അടയ്ക്കണം എന്നര്‍ത്ഥം. ഈ രീതി മറ്റു കമ്പനികളിലില്ല. ദന്ത ചികിത്സ ന്യു ഇന്ത്യയുടെ പോളിസി അനുവദിക്കുന്നില്ല. മറ്റു കമ്പനികള്‍ക്ക് അതാവാം. ആയുര്‍വേദ ചികിത്സയ്ക്കാവട്ടെ ന്യൂ ഇന്ത്യയില്‍ 25% മാത്രമേ ലഭിക്കുകയുള്ളു. മറ്റ് മൂന്നു കമ്പനികള്‍ക്കും അത്തരം ഒരു വ്യവസ്ഥയില്ല. ആയുര്‍വേദം എന്നത് ഒരു വൈദ്യശാസ്ത്രമാണ്. സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ചികിത്സാരീതി. സര്‍ക്കാര്‍ തന്നെ നടത്തുന്ന മെഡിക്കല്‍ കോളേജുകളില്‍ നിന്ന് ബിരുദം നേടിവരുന്ന ഡോക്ടര്‍മാര്‍ നല്‍കുന്ന ചികിത്സയ്ക്ക് 25% മാത്രമേ ക്ലെയിം നല്‍കുകയുള്ളു എന്നു പറയുന്നതിന്റെ അടിസ്ഥാനമെന്താണ്? ഒരു പ്രത്യേക ചികിത്സാ രീതി മാത്രം അവലംബിക്കാന്‍ ഉപഭോക്താവില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ഇന്‍ഷുറന്‍സ് കമ്പനി ഇതുവഴി ചെയ്യുന്നത്. ഇത് മൌലികാവകാശ ലംഘനമല്ലാതെ മറ്റെന്താണ്?

പ്ലാറ്റിനം, ഗോള്‍ഡ്, സീനിയര്‍ സിറ്റിസണ്‍സ് തുടങ്ങിയ പേരുകളില്‍ യുണൈറ്റഡ് ഇന്ത്യ പോളിസികള്‍ നല്‍കുന്നു. അപ്പോള്‍ ന്യൂ ഇന്ത്യ, സാധാരണക്കാര്‍ക്ക് വേണ്ടി ഒരു മെഡിക്ലെയിം പോളിസി രൂപപ്പെടുത്തിയിരിക്കുന്നു-ജനതാ മെഡിക്ലെയിം പോളിസി. 50,000; 75,000 എന്നിങ്ങനെ രണ്ട് തുകയ്ക്ക് മാത്രമുള്ള പോളിസിയാണിത്. പേരില്‍ മാത്രമേ 'ജനത' യുള്ളു. ഉള്ളടക്കം മുഴുവനും സാധാരണക്കാരനെതിരാണ്. പ്രീമിയം കൂടുന്നു എന്നു മാത്രമല്ല, വിചിത്രമായ നിബന്ധനകളാണ് പോളിസിയിലുള്ളത്. ആശുപത്രിയിലെ 'ജനറല്‍ വാര്‍ഡി' ലെ ചികിത്സയ്ക്കാണത്രെ ക്ലെയിം നല്‍കുക. ഒരാള്‍ മുറിയെടുത്ത് ചികിത്സ നടത്തിയാല്‍ കാശ് പോയെന്നര്‍ത്ഥം. ഇവിടെയും ആയുര്‍വേദം 25% മാത്രം-അതും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സിച്ചാല്‍ മാത്രം. സര്‍ക്കാര്‍ ആശുപത്രിയില്‍ ജനറല്‍ വാര്‍ഡില്‍ ചികിത്സയ്ക്ക് കാശ് വേണ്ട എന്ന കാര്യം പോളിസി നിര്‍മ്മാതാക്കള്‍ മറന്നുപോയതാണോ? ദന്തചികിത്സ ഇവിടെയും നിഷിദ്ധം. ഡൊമിസിലിയറിയും ഇല്ല. ഒരു വര്‍ഷത്തേയ്ക്ക് ഒഴിവാക്കിയിരുന്ന അസുഖങ്ങളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുകയും ഒഴിവ് രണ്ടു വര്‍ഷത്തേക്കായി ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു.

ചുരുക്കത്തില്‍, സാധാരണക്കാര്‍ക്ക് ഗുണം ലഭിക്കുന്നതിനുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍ തയ്യാറാക്കാന്‍ ബാദ്ധ്യതപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങള്‍, അവരെ അപ്പാടെ ഒഴിവാക്കുകയാണ്. ഇതാണ് ഗ്ലോബലൈസേഷന്‍. ഇതാണ് മാറിയ കാലം. മാസ് ഇന്‍ഷുറന്‍സില്‍നിന്ന് ക്ലാസ് ഇന്‍ഷുറന്‍സിലേക്ക്. സാധാരണ ജനങ്ങള്‍ക്ക് സുരക്ഷ നല്‍കേണ്ട സര്‍ക്കാര്‍ തന്നെ അവരെ കൈവെടിഞ്ഞാല്‍ എന്താണ് ചെയ്യുക? പ്രൊഫ: എം.എന്‍. വിജയന്‍ പറഞ്ഞതുപോലെ: "നിങ്ങള്‍ ശാന്തിക്കാരന് ദക്ഷിണ കൊടുത്ത ഒരു രൂപയെടുത്ത് അയാള്‍ കള്ളു കുടിച്ചാല്‍ നിങ്ങളെന്താ ചെയ്യുക?''

-സി.ബി. വേണുഗോപാല്‍

Friday, August 17, 2007

ഇന്‍ഷുറന്‍സ് ലയനം അവശ്യമോ?

1971ലാണ് ഇന്ത്യയിലെ ജനറല്‍ ഇന്‍ഷുറന്‍സ് വ്യവസായം കേന്ദ്ര ഗവണ്‍മെന്റ് ദേശസാല്‍ക്കരിച്ചത്. 1969ലെ ബാങ്ക് ദേശസാല്‍ക്കരണത്തില്‍ തെരഞ്ഞെടുത്ത 14 ബാങ്കുകളാണ് ഗവണ്‍മെന്റ് ഏറ്റെടുത്തത്. എന്നാല്‍ അതില്‍നിന്നു വ്യത്യസ്തമായി, ജനറല്‍ ഇന്‍ഷുറന്‍സ് വ്യവസായം അപ്പാടെ ദേശസാല്‍ക്കരിച്ചുകൊണ്ട്, അന്ന് നിലവിലുണ്ടായിരുന്ന 106 സ്വദേശ-വിദേശ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഗവണ്‍മെന്റ് ഏറ്റെടുക്കുകയായിരുന്നു. ഗവണ്‍മെന്റിന്റെ ഈ നടപടി പരക്കെ സ്വാഗതം ചെയ്യപ്പെട്ടു.

1972ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസ്സ് നാഷണലൈസേഷന്‍ ആക്റ്റിലൂടെ (GIBNA), ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും (GIC) അതിന്റെ കീഴില്‍ നാലു കമ്പനികളും - നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി - രൂപീകരിക്കപ്പെട്ടു.

ജനറല്‍ ഇന്‍ഷുറന്‍സ് വ്യവസായത്തിന്റെ ദേശസാല്‍ക്കരണത്തിന് സര്‍ക്കാര്‍ പറഞ്ഞ കാരണങ്ങള്‍ തികച്ചും ന്യായവും നീതിയുക്തവുമായിരുന്നു. ചെറുകിട വ്യവസായം, കച്ചവടം, കൃഷി, ഗ്രാമീണ മേഖല തുടങ്ങിയ പ്രധാന മേഖലകളെയൊക്കെത്തന്നെ അന്നത്തെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ അവഗണിച്ചിരുന്നു. രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങളുടേയും ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ സ്വകാര്യ മേഖല നിറവേറ്റിയിരുന്നില്ല എന്നതുകൊണ്ടാണ് ആ വ്യവസായം തന്നെ സര്‍ക്കാര്‍ ഏറ്റെടുത്തത്.

വിസ്മയാവഹമായ വളര്‍ച്ച

ദേശസാല്‍ക്കരണത്തിനുശേഷം വമ്പിച്ച പുരോഗതിയാണ് ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയിലുണ്ടായത്. അന്നുവരെ അവഗണിക്കപ്പെട്ടു കിടന്നിരുന്ന മേഖലകളിലേക്ക് ഇന്‍ഷുറന്‍സ് കടന്നു ചെല്ലുകയും സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കുകയും ചെയ്യുന്നതില്‍, പൊതുമേഖലാ കമ്പനികള്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ചു. 1973ല്‍ 789 ഓഫീസുകളുണ്ടായിരുന്നത് 2006ല്‍ 4305 ആയി വര്‍ദ്ധിച്ചു. 184.26 കോടിയായിരുന്ന പ്രീമിയം 14997.05 കോടിയായി വര്‍ദ്ധിച്ചു. താഴെ കൊടുത്തിട്ടുള്ള പട്ടിക പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ വിസ്മയകരമായ വളര്‍ച്ച വ്യക്തമാക്കുന്നുണ്ട്.

കേവലം 19.5 കോടി രൂപ മൂലധനം മുടക്കി സര്‍ക്കാര്‍ ആരംഭിച്ച നാലു കമ്പനികള്‍ക്കും കൂടി ഇന്ന് 90218.24 കോടി രൂപയുടെ ആസ്തിയുണ്ട്. സാമൂഹ്യ മേഖലയെ സ്വകാര്യ കമ്പനികള്‍ തികച്ചും അവഗണിച്ചപ്പോള്‍, ദേശസാല്‍ക്കരണത്തിനുശേഷം 2006 വരെയുള്ള 34 വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍, സാമൂഹ്യ മേഖലയില്‍ 23644 കോടി രൂപ നിക്ഷേപിച്ചു എന്നത് വിസ്മയാവഹമാണ്.

വൈദ്യുത പദ്ധതികള്‍, ശുദ്ധജല പദ്ധതികള്‍, ഗതാഗത സംവിധാനം, ഭവന നിര്‍മ്മാണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ അടിസ്ഥാന മേഖലകളിലാണ് ഈ നിക്ഷേപം. കൂടാതെ പാവപ്പെട്ടവര്‍ക്കുവേണ്ടി കുടില്‍ ഇന്‍ഷുറന്‍സ്, കന്നുകാലി ഇന്‍ഷുറന്‍സ്, വിള ഇന്‍ഷുറന്‍സ്, ഗ്രാമീണ അപകട ഇന്‍ഷുറന്‍സ് തുടങ്ങി നിരവധി സുരക്ഷാ പദ്ധതികള്‍ വളരെ കുറഞ്ഞ പ്രീമിയം നിരക്കില്‍ നല്‍കി വരുന്നു. ഭൂകമ്പവും വെള്ളപ്പൊക്കവും പോലുള്ള പ്രകൃതി ദുരന്തങ്ങളുണ്ടാവുമ്പോള്‍ സഹായ ഹസ്തവുമായി എത്തുന്നത് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ മാത്രമാണ്.

ലയനമാണ് ആവശ്യം

1999ല്‍ എന്‍ഡിഎ ഗവണ്‍മെന്റാണ് ഈ മേഖല സ്വകാര്യ സംരംഭകര്‍ക്കായി തുറന്നു കൊടുത്തത്. ഇപ്പോള്‍ നാല് പൊതുമേഖലാ കമ്പനികളെ കൂടാതെ എട്ട് സ്വകാര്യ കമ്പനികളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മിക്കവയും വിദേശ പങ്കാളിത്തത്തോടെയുള്ള കമ്പനികളാണ്. ശക്തമായ മത്സരത്തിനിടയിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ പൊതുമേഖലാ കമ്പനികള്‍ക്കു കഴിഞ്ഞിട്ടുണ്ട്. എങ്കിലും സ്വകാര്യ കമ്പനികള്‍ വന്നതോടെ തികച്ചും പുതിയ ഒരു സാഹചര്യം വന്നു ചേര്‍ന്നിട്ടുണ്ട്.

2002ല്‍ എന്‍.ഡി.എ സര്‍ക്കാര്‍, നാല് പൊതുമേഖലാ കമ്പനികളേയും ജി.ഐ.സിയുടെ നിയന്ത്രണത്തില്‍ നിന്നു നീക്കി, അവയെ സ്വതന്ത്ര കമ്പനികളാക്കിക്കൊണ്ട് GIBNA ഭേദഗതി ചെയ്തു. ഇതോടെ കമ്പോളത്തില്‍ മത്സരിക്കാന്‍ എട്ട് സ്വകാര്യ കമ്പനികള്‍ക്കു പുറമെ നാല് സര്‍ക്കാര്‍ കമ്പനികള്‍ കൂടി രംഗത്തുവന്നു. സ്വകാര്യ കമ്പനികളുമായി മത്സരിക്കേണ്ടി വരുന്ന സ്ഥിതി ഇതുമൂലം സംജാതമായിട്ടുണ്ട്. കമ്പോളത്തില്‍ ആരോഗ്യകരമായ മത്സരം കൊണ്ടുവരുന്നതിനാണ്, 1972ല്‍ നാല് കമ്പനികള്‍ സര്‍ക്കാര്‍ സ്ഥാപിച്ചത്. എന്നാല്‍, ഇപ്പോള്‍ മത്സരിക്കാന്‍ എട്ടു കമ്പനികള്‍ വേറെയുള്ളപ്പോള്‍ നാല് പൊതുമേഖലാ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതിന് ന്യായീകരണമില്ല. സര്‍ക്കാര്‍ കമ്പനികള്‍ അന്യോന്യം മത്സരിക്കുന്നത് തികച്ചും യുക്തി രഹിതവും അനാരോഗ്യകരവുമാണ്. അതുകൊണ്ടുതന്നെ ഇന്‍ഷുറന്‍സ് മേഖലയിലെ ഇന്നത്തെ അടിയന്തിര ആവശ്യം നാല് പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളേയും ലയിപ്പിച്ച് ഏകശിലാ കോര്‍പ്പറേഷനാക്കുക എന്നതാണ്.

ലയനം കൊണ്ടുണ്ടാകുന്ന നേട്ടങ്ങള്‍

1. കമ്പനികളെ ലയിപ്പിക്കുന്നതോടെ മൂലധനാടിത്തറയും ആസ്തിയും വര്‍ദ്ധിക്കും.

2. മൂലധനാടിത്തറ വികസിക്കുന്നതോടെ, താരിഫ് നിയന്ത്രണങ്ങള്‍ നീക്കിയിരിക്കുന്ന പുതിയ കാലഘട്ടത്തില്‍, വലിയ റിസ്ക് ഏറ്റെടുക്കുന്നതിനുള്ള ശേഷി വര്‍ദ്ധിക്കും.

3. കൂടുതല്‍ വൈവിധ്യങ്ങളായ ഇന്‍ഷുറന്‍സ് പോളിസികള്‍ കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ കഴിയും.

4. നാല് സര്‍ക്കാര്‍ കമ്പനികള്‍ തമ്മിലുള്ള മത്സരം ഒഴിവാകുകയും പ്രീമിയം സമാഹരണം വര്‍ദ്ധിക്കുകയും ചെയ്യും.

5. ഏകശിലാ കോര്‍പ്പറേഷനാകുന്നതോടെ, നഗരങ്ങളിലെ കേന്ദ്രീകരണം ഒഴിവാക്കി കൂടുതല്‍ മേഖലകളിലേക്ക് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കഴിയും.

6. സാമ്പത്തികാടിത്തറ കൂടുതല്‍ വിപുലവും ശക്തവുമാകുന്നതോടെ സാമൂഹ്യ മേഖലയിലെ നിക്ഷേപങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയും.

7. ഏകശിലാ കോര്‍പ്പറേഷനില്‍, തൊഴില്‍ ഉള്‍പ്പടെയുള്ള വിഭവങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയിലും കാര്യക്ഷമമായും ഉപയോഗിക്കാന്‍ കഴിയും.

8. ഏകശിലാ കോര്‍പ്പറേഷനില്‍, മാനേജ്മെന്റ് ചിലവുകള്‍ വന്‍തോതില്‍ കുറയും. ഇത് കൂടുതല്‍ കാര്യക്ഷമതയിലേക്കും ലാഭത്തിന്റെ വര്‍ദ്ധനവിലേക്കും നയിക്കും.

9. നാല് കമ്പനികളുടേയും ലയനം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.10. കൂടുതല്‍ ജനങ്ങളിലേയ്ക്ക് പ്രത്യേകിച്ചും ഗ്രാമീണ മേഖലയില്‍, ഇന്‍ഷുറന്‍സിന്റെ സന്ദേശം എത്തിക്കാന്‍ കഴിയും.

രൂപീകരണ കാലം മുതല്‍ ഏകശിലാ കോര്‍പ്പറേഷനായി നിലകൊള്ളുന്ന എല്‍.ഐ.സിയുടെ അത്ഭുതകരമായ വളര്‍ച്ച, മേല്‍പ്പറഞ്ഞ വാദങ്ങളെ സാധൂകരിക്കുന്നുണ്ട്. നാല് പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളേയും ലയിപ്പിച്ച് ഏകശിലാ കോര്‍പ്പറേഷനാക്കി മാറ്റണമന്ന് ശുപാര്‍ശ ചെയ്തുകൊണ്ട് പാര്‍ലമെന്റിന്റെ കമ്മിറ്റി ഓണ്‍ പബ്ളിക് അണ്ടര്‍ടേക്കിംഗ്സ് (COPU) 2001ല്‍ തന്നെ കേന്ദ്ര ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതാണ്. എന്നാല്‍ ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ വേണ്ടത്ര താല്പര്യം കാണിച്ചിട്ടില്ല. അതേസമയം, ദേശസാല്‍കൃത ബാങ്കുകള്‍ ലയിപ്പിക്കുന്നതില്‍ ബഹു. ധനകാര്യമന്ത്രി അമിതാവേശം കാട്ടുന്നുമുണ്ട്.

ലോകമെമ്പാടും ലയനങ്ങളും പിടിച്ചടക്കലുകളും (Mergers and Acquisitions) സാധാരണമായിരിക്കെ, ഇന്ത്യയിലെ പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളും രാജ്യതാല്പര്യം മുന്‍നിര്‍ത്തി ലയിപ്പിക്കേണ്ടതാണ്. World Investment Report 2006 പ്രകാരം, 2005ല്‍ രാജ്യാതിര്‍ത്തികള്‍ കടന്ന് സഞ്ചരിച്ച മൂലധനം (FDI) 916 ബില്യണ്‍ ഡോളറായിരുന്നു. ഇതില്‍ 716 ബില്യണും ഉപയോഗിക്കപ്പെട്ടത് ലയനത്തിനും പിടിച്ചടക്കലിനുമായിരുന്നു. ഇന്ത്യയിലെ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ ശക്തിപ്പെടുത്തുമെന്ന് ദേശീയ പൊതുമിനിമം പരിപാടിയില്‍ യുപിഎ സര്‍ക്കാര്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ആ നിലയ്ക്ക്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാല് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അവയെ ലയിപ്പിക്കാനുള്ള നടപടിക്ക്, കേന്ദ്രസര്‍ക്കാര്‍ എത്രയും വേഗം തുടക്കം കുറിക്കണം.

(ലേഖകന്‍: ശ്രീ. സി.ബി.വേണുഗോപാല്‍, ജനറല്‍ സെക്രട്ടറി, കേരള സ്റ്റേറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് എംപ്ലോയീസ് യൂണിയന്‍(KSGIEU)