Thursday, May 8, 2014

എസ്ബിഐയെ റിലയന്‍സ് വിഴുങ്ങുമ്പോള്‍

സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ ബാങ്കുകള്‍ നല്‍കുന്ന സേവനത്തിലും പ്രവര്‍ത്തനത്തിലും ഒട്ടേറെ മാറ്റങ്ങള്‍ പ്രകടമാവുകയാണ്. ബാങ്കുശാഖകള്‍ നടത്തുന്ന ഇടപാടുകള്‍ സ്വകാര്യവ്യക്തികളെ ഏല്‍പ്പിച്ചാല്‍ എന്തു സംഭവിക്കും എന്ന് നമുക്ക് ഊഹിക്കാം. എന്നാല്‍, അത്തരം നിയമനങ്ങള്‍- ബിസിനസ് കറസ്പോണ്ടന്റ്- നടപ്പാക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. റിസര്‍വ് ബാങ്കിന്റെ ആ ഉത്തരവ് എല്ലാ ബാങ്കുകള്‍ക്കും പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ക്കും ബാധകമാണ്. സ്വകാര്യ വ്യക്തികള്‍ക്കുപകരം കോര്‍പറേറ്റുകളെ ബിസിനസ് കറസ്പോണ്ടന്റുമാരായി നിയമിക്കുമ്പോള്‍ ഇതുപ്രകാരം സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയും റിലയന്‍സും തമ്മില്‍ കരാര്‍ ഒപ്പുവച്ചു. ഇനി സ്റ്റേറ്റ് ബാങ്ക് എന്ത് സേവനം ആര്‍ക്ക് നല്‍കണമെന്ന് റിലയന്‍സ് തീരുമാനിക്കും.

ഗ്രാമീണ വായ്പാ സമ്പ്രദായത്തെക്കുറിച്ച് പഠിക്കാന്‍ നിയമിച്ച എച്ച് ആര്‍ ഖാന്‍ കമ്മിറ്റിയാണ് ബിസിനസ് കറസ്പോണ്ടന്റ്- ബിസിനസ് ഫെലിസിറ്റേഷന്‍ സംവിധാനം ആദ്യമായി ശുപാര്‍ശചെയ്തത്. 2005 ലാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഗ്രാമീണ ബാങ്കിങ് സേവനം മതിയാക്കി ഹുണ്ടികക്കാരെ വെല്ലുന്ന അന്താരാഷ്ട്ര കുത്തകകളുടെ ഫ്രാഞ്ചൈസികള്‍ക്ക് ധനമേഖല കൈമാറാനുള്ള സ്കെച്ചാണ് യഥാര്‍ഥത്തില്‍ ഈ റിപ്പോര്‍ട്ട്. 2005-06 ലെ കേന്ദ്രബജറ്റിന്റെ 48-ാം ഖണ്ഡികയില്‍ ഇപ്രകാരം പറയുന്നു- കാര്‍ഷിക വായ്പാ രംഗത്ത് പുതിയ നിരീക്ഷണങ്ങള്‍ക്ക് സമയമായി. ഗ്രാമീണ മേഖലയില്‍ ഏജന്‍സി മാതൃകയില്‍ വായ്പ/നിക്ഷേപ പദ്ധതി ആവിഷ്കരിക്കാന്‍ ആര്‍ബിഐയോട് നിര്‍ദേശിക്കുന്നു. ഇതിനായി പൗരസമൂഹ സംഘടനകള്‍, എന്‍ജിഒകള്‍, ഗ്രാമീണ വിജ്ഞാന കേന്ദ്രങ്ങള്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തണം.

ഇന്ത്യന്‍ ഗ്രാമീണ വായ്പാ നിക്ഷേപ മേഖല സ്വകാര്യമേഖലയെ ഏല്‍പ്പിച്ചുകൊടുക്കുന്നതിന് രണ്ട് രീതികളാണ് കമ്മിറ്റി നിര്‍ദേശിച്ചത്- ബിസിനസ് ഫെലിസിറ്റേറ്റര്‍, ബിസിനസ് കറസ്പോണ്ടന്റ്. തുടര്‍ന്ന് ബാങ്കുകള്‍ ബിസിനസ് കറസ്പോണ്ടന്റുമാരെ നിയമിക്കാന്‍ തുടങ്ങി. സാമ്പത്തിക ഇടപാടുകള്‍ ബാങ്കുകള്‍ നടത്തുന്നതിനുപകരം സ്വകാര്യ വ്യക്തികളെ ഏല്‍പ്പിക്കുമ്പോള്‍ സംഭവിക്കാവുന്ന അപകടങ്ങള്‍ ഇത്തരം കമ്മിറ്റികള്‍ക്കോ ഭരണാധികാരികള്‍ക്കോ പ്രശ്നമേ അല്ല. ഈ യാത്ര അപകടത്തിലേക്കാണെന്ന് തിരിച്ചറിയാതെ ഈ സംവിധാനം വ്യാപിപ്പിക്കാനാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം.

2010-11 ല്‍ ഒരു രേഖ റിസര്‍വ് ബാങ്ക് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ചെയ്ത കമ്പനികളെ ബിസിനസ് കറസ്പോണ്ടന്റായി (ബിസി) നിയമിക്കാന്‍ അനുമതി നല്‍കി. ഒരാള്‍ക്കുതന്നെ ഒന്നിലധികം ബാങ്കുകളുടെ ബിസിയായി പ്രവര്‍ത്തിക്കാം. ബാങ്കിനകത്തുവച്ചു ചെയ്യുന്ന എല്ലാ ജോലികളും ഇവരെ ഏല്‍പ്പിക്കാന്‍ റിസര്‍വ് ബാങ്കിന് പൂര്‍ണസമ്മതമാണ്. ബാങ്കുകള്‍ക്ക് ബിസി നിശ്ചിത ഫീസ് നിശ്ചയിച്ച് നല്‍കണം. ഇടപാടുകാരില്‍നിന്ന് നേരിട്ട് ഫീസ് വാങ്ങരുത് എന്ന് നിയമം. ബാങ്കിങ് മേഖലയെ തര്‍ക്കാന്‍തന്നെയാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നത്. ക്രമേണ ഗ്രാമപ്രദേശങ്ങളിലെ ശാഖകള്‍ അടച്ചു പൂട്ടും. ബിസികള്‍ രംഗം തകര്‍ക്കും. ഇടപാടുകാര്‍ ബുദ്ധിമുട്ടിലാകും. ജനങ്ങളോടും രാജ്യത്തോടും ഉത്തരവാദിത്തമുള്ള ഭരണകൂടം ബാങ്കിങ് സേവനം ഗ്രാമങ്ങളില്‍ വ്യാപിപ്പിക്കണം. ധനകാര്യ ഉള്‍ച്ചേര്‍ക്കല്‍ എന്ന പേരില്‍ ആഘോഷിക്കുന്നതിനു പകരം ജനകീയ ബാങ്കിങ് സമ്പ്രദായം നടപ്പാക്കി ഓരോ ഇന്ത്യക്കാരനും ബാങ്കിങ്ങിന്റെ ഗുണഫലം ലഭ്യമാക്കുകയാണ് വേണ്ടത്. ഇടപാടുകാരെ ദോഷകരമായി ബാധിക്കുന്ന നടപടികളുമായി അധികാരികള്‍ മുന്നോട്ടുപോകുകയാണ്. ഏറ്റവും ഒടുവിലായി ധനകാര്യ ഉള്‍ച്ചേര്‍ക്കലിന്റെ പേരില്‍ 2000ല്‍ താഴെ ജനസംഖ്യയുള്ള ഗ്രാമങ്ങളില്‍ ഡഹേൃമ ൊമഹഹ യൃമിരവലെ തുടങ്ങാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഈ ശാഖയുടെ നടത്തിപ്പും സ്വകാര്യവ്യക്തിക്കാണ്. അടുത്ത ബാങ്ക് ശാഖയിലെ ഉദ്യോഗസ്ഥര്‍ ആഴ്ചയിലൊരു ദിവസം വന്ന് പരിശോധിക്കും. കുത്തകകള്‍ക്ക് ബാങ്കിങ് സേവനം കൈമാറുന്നത് സമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. വന്‍കിട സ്വകാര്യ ബാങ്കുകള്‍ തകര്‍ന്ന് തരിപ്പണമാകുമ്പോള്‍ ഇവിടെ ബാങ്കുകള്‍തന്നെ സ്വകാര്യ വ്യക്തികളെയും കോര്‍പറേറ്റുകളെയും ഏല്‍പ്പിക്കുകയാണ്. മുഴുവന്‍ ജനങ്ങളും പ്രതിഷേധം ഉയര്‍ത്തണം. ബാങ്കുകളുടെ വിശ്വാസ്യത നഷ്ടപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് കൂട്ടുനില്‍ക്കരുത്. ബാങ്കുകളെ വിഴുങ്ങാന്‍ കോര്‍പറേറ്റുകളെ അനുവദിക്കരുത്.

*
കെ ജി സുധാകരന്‍

No comments: