Thursday, May 15, 2014

ബ്ലേഡിന്റെ സാമ്പത്തികശാസ്ത്രം

ബ്ലേഡ് മാഫിയയുടെ അഴിഞ്ഞാട്ടം നിയന്ത്രിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും ദുര്‍ബലങ്ങളായ സര്‍ക്കാര്‍ നടപടികളും പുരോഗമിക്കുന്നു. തലസ്ഥാനത്ത് അഞ്ചംഗ കുടുംബത്തിന്റെ അതിദാരുണമായ അന്ത്യത്തിലേക്കു നയിച്ച ബ്ലേഡ് മാഫിയയുടെ അതിക്രമങ്ങളെ കടുത്ത ഭാഷയില്‍ അപലപിക്കണം. അവര്‍ക്ക് ഒത്താശ ചെയ്യുന്ന പൊലീസിനെയും രാഷ്ട്രീയ നേതാക്കളെയും നിശിതമായി വിമര്‍ശിക്കണം. അപ്പോഴും ചില അടിസ്ഥാന പ്രശ്നങ്ങള്‍ അവശേഷിക്കുന്നു.

അഞ്ചരക്കോടി രൂപയുടെ കടബാധ്യത മരിച്ച കുടുംബം വരുത്തിവച്ചു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ദൈനംദിന വീട്ടാവശ്യങ്ങള്‍ക്കായല്ല അഞ്ചരക്കോടിയുടെ കടബാധ്യത ഉണ്ടായത്. ഓഹരി വിപണിയിലെ ചൂതാട്ടം നല്‍കിയേക്കാവുന്ന അധികവരുമാനമാണ് അത്ര ഉയര്‍ന്ന ബാധ്യത ഏറ്റെടുക്കാന്‍ കുടുംബത്തെ പ്രേരിപ്പിച്ചത്. ഉയര്‍ന്ന പലിശയ്ക്ക് കടമെടുത്ത്, അതിലും ഉയര്‍ന്ന ലാഭം ഓഹരി വിപണിയില്‍നിന്ന് ലഭിക്കുമെന്ന കണക്കുകൂട്ടല്‍ പിഴച്ചതാണ് കാര്യങ്ങളാകെ തകിടംമറിച്ചത്. ഊഹക്കച്ചവടത്തിന്റെ ഭ്രമാത്മകത കേരളീയ സമൂഹത്തിന് അന്യമായിരുന്നു 1991 വരെ. 1991 മുതല്‍ നടപ്പാക്കുന്ന നവ ഉദാരവല്‍ക്കരണത്തിന്റെ ഉല്‍പ്പന്നമാണിത്.

പണമില്ലായ്മയല്ല കേരളത്തിന്റെ പ്രശ്നം. ബാങ്കുകളിലെ നിക്ഷേപം നല്‍കുന്ന സൂചന അതാണ്. 2000ത്തില്‍ മൊത്തം ബാങ്ക് നിക്ഷേപം 38,619 കോടി രൂപയായിരുന്നു. 2013 ജൂണിലെ കണക്കനുസരിച്ച് അത് 2,39,213 കോടിയായി വളര്‍ന്നു. 520 ശതമാനം വളര്‍ച്ച. പ്രവാസി നിക്ഷേപം മൊത്തം നിക്ഷേപത്തിന്റെ 32 ശതമാനമാണ്. സഹകരണ മേഖലയിലെ നിക്ഷേപം ഇതിനു പുറമെ. പക്ഷേ, ഈ നിക്ഷേപം ഉല്‍പ്പാദനമേഖലയിലേക്ക് വഴിതിരിച്ചുവിടുന്നില്ല. കാര്‍ഷിക-വ്യവസായ നിക്ഷേപം ഇടിയുകയാണ്. സര്‍ക്കാരിന്റെ മൂലധന നിക്ഷേപവും ഇടിയുന്നു. ഉദാഹരണമായി, 2010-11ല്‍ കൃഷിക്കും അനുബന്ധ സേവനങ്ങള്‍ക്കും നടത്തിയ മൂലധന നിക്ഷേപം 339 കോടി രൂപയായിരുന്നു. 2012-13ല്‍ അത് 192 കോടിയായി ഇടിഞ്ഞു. വ്യവസായം, തൊഴില്‍ മേഖലയിലെ നിക്ഷേപം 364 കോടിയില്‍നിന്ന് 274 കോടി രൂപയിലേക്ക് കുറഞ്ഞു. വര്‍ധിച്ച മൂലധന നിക്ഷേപത്തിന്റെ അഭാവത്തില്‍ സ്തംഭനാവസ്ഥയില്‍ തുടരുന്ന കാര്‍ഷിക-വ്യവസായരംഗം, ലാഭക്കൊതിയന്മാരെ ആകര്‍ഷിക്കാതായി. വരുമാനവര്‍ധന നല്‍കുന്ന മറ്റു മാര്‍ഗങ്ങളായി അവര്‍ക്ക് പഥ്യം. മെയ്യനങ്ങാതെ, അധിക വരുമാനം നല്‍കുന്ന ഊഹക്കച്ചവടവും പ്രകൃതിവിഭവങ്ങളുടെ ചൂഷണവും അവര്‍ക്ക് അഭികാമ്യമായി. നവഉദാരവല്‍ക്കരണം അടിസ്ഥാനവും പ്രേരണയുമായി. ധന (ഓഹരി) മൂലധനത്തിന്റെ സ്വതന്ത്രവിന്യാസത്തിനുള്ള തടസ്സങ്ങള്‍ ഒഴിവാക്കുകയാണല്ലോ നവഉദാരവല്‍ക്കരണത്തിന്റെ കാതല്‍.

വന്‍കിട ഓഹരി ഇടപാടുകാര്‍ ബാങ്കുവായ്പ ഉപയോഗിച്ച് ഓഹരിചൂതാട്ടം നടത്തുന്ന ദുരൂഹമേഖലയിലേക്ക്, ചൂതാട്ടത്തിന്റെ ബാലപാഠങ്ങളറിയാത്ത ഒരു കുടുംബം നടന്നുകയറുകയായിരുന്നു. അതിനവര്‍ സ്വീകരിച്ച മാര്‍ഗമോ? ബ്ലേഡു മാഫിയക്കുമുമ്പില്‍ സ്വയം ബലിയാടാവുകയും. പലിശയ്ക്ക് പണം കടംകൊടുക്കല്‍, ഭൂമിയുടെ ആവര്‍ത്തിച്ചുള്ള കൈമാറ്റം, മണലൂറ്റ്, പാറഖനം, കായലുകളുടെയും നദികളുടെയും വനങ്ങളുടെയും കൈയേറ്റം തുടങ്ങിയവ ലാഭസാധ്യതകളാക്കി വികസിപ്പിച്ച വലിയൊരു വിഭാഗം, മനുഷ്യര്‍ക്കും പ്രകൃതിക്കും ഒരുപോലെ ഭീഷണിയുയര്‍ത്തി വളരുകയാണ്. സര്‍ക്കാരിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണ ഇടനിലക്കാരുടെ ഒരു പുതുസമൂഹത്തെ എല്ലാ പ്രദേശങ്ങളിലും സൃഷ്ടിച്ചു. സാധാരണക്കാരായ ജനങ്ങള്‍ പലിശനിരക്കും നിബന്ധനകളും അവഗണിച്ചുപോലും വായ്പ വാങ്ങുന്നത് മുഖ്യമായും മൂന്നു കാര്യങ്ങള്‍ക്കാണ്. പെണ്‍മക്കളുടെ വിവാഹം, മക്കളുടെ ഉന്നത വിദ്യാഭ്യാസം, ഗുരുതരമായ രോഗങ്ങളുടെ ചികിത്സ. ഒഴിവാക്കാനാവാത്തവയാണ് ആ ചെലവുകള്‍. ആവശ്യത്തിന്റെ സമ്മര്‍ദം, മറ്റു സ്രോതസ്സുകളുടെ അഭാവത്തില്‍, ആവശ്യക്കാരനെ ബ്ലേഡ് വായ്പക്കാരുടെ അരികില്‍ എത്തിക്കുന്നു.

ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളിലല്ല വായ്പ നിക്ഷേപിക്കപ്പെടുന്നത്. സ്വാഭാവികമായും തിരിച്ചടയ്ക്കാനുള്ള ശേഷി ആര്‍ജിക്കുന്നില്ല. മുതലും പലിശയും പലിശയ്ക്കുമേല്‍ പലിശയും ചേര്‍ത്ത് വലിയൊരു ബാധ്യത ഏറ്റെടുക്കേണ്ട സ്ഥിതി സംജാതമാകുന്നു. ആത്മഹത്യയോ വീടും പറമ്പും വിറ്റ് ഒളിച്ചോട്ടമോ ആണ് ഫലം. പൊലീസിനെ ഉപയോഗിച്ച് കൊള്ളപ്പലിശക്കാരെ ജയിലിലടയ്ക്കുന്നതു കൊണ്ടുമാത്രം പ്രശ്നപരിഹാരമാകുന്നില്ല. ജനങ്ങള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് ഉദാരമായ തിരിച്ചടവു വ്യവസ്ഥയില്‍ വായ്പ ലഭ്യമാക്കുന്ന സംവിധാനം ഉണ്ടാകണം. ഒപ്പം വിവാഹച്ചെലവുകളും കുറയ്ക്കാനാകണം. സര്‍ക്കാരിന്റെ ഇടപെടല്‍ ഇവിടെ അനിവാര്യമാകുന്നു.

രാജ്യത്ത് വായ്പയുടെ പ്രധാന സ്രോതസ്സാണ് വാണിജ്യ ബാങ്കുകള്‍. സുവികസിതമായ ഒരു ബാങ്കിങ് ശൃംഖല കേരളത്തിലുണ്ട്. ഏതെങ്കിലും വാണിജ്യ ബാങ്കുകളുടെ ശാഖകളില്ലാത്ത പ്രദേശങ്ങള്‍ ചുരുങ്ങും. ദൗര്‍ഭാഗ്യവശാല്‍ ബാങ്കുകള്‍ സാധാരണക്കാര്‍ക്ക് ബാലികേറാമലയാണ്. ഇടപാടുകളിലെ നടപടിക്രമങ്ങളും ബാങ്കുകളുടെ പൊതുസമീപനവും സാധാരണക്കാരെ പിന്തിരിപ്പിക്കുന്നു. ജനങ്ങളുടെ പണം കൈകാര്യംചെയ്യുന്ന ബാങ്കുകള്‍ക്ക് ജനങ്ങളോടു പ്രതിബദ്ധതയില്ല. വല്ലപ്പോഴും തുന്നല്‍ യന്ത്രങ്ങളോ വികലാംഗര്‍ക്ക് മുച്ചക്രവാഹനങ്ങളോ ദാനം ചെയ്യുന്നതില്‍ ഒതുങ്ങുന്നു വാണിജ്യബാങ്കുകളുടെ സാമൂഹ്യ പ്രതിബദ്ധത. വന്‍ ലാഭമാണ് അവ വാരിക്കൂട്ടുന്നത്. 2013 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കനറ ബാങ്ക് മൊത്തം 5890 കോടി രൂപ ലാഭമുണ്ടാക്കി. എച്ച്ഡിഎഫ്സി ബാങ്ക് 7467 കോടിയും. ഇവ ചില ഉദാഹരണങ്ങള്‍ മാത്രം. ലാഭത്തിന്റെ ചെറിയൊരു ശതമാനം ഉപയോഗപ്പെടുത്തിയാല്‍ കുറഞ്ഞ പലിശനിരക്കില്‍ സാധാരണക്കാര്‍ക്ക് ദീര്‍ഘകാല വായ്പകള്‍ നല്‍കാനാവും. അതിനവര്‍ക്ക് താല്‍പ്പര്യമില്ല. മറിച്ച്, വന്‍കിടകാര്‍ക്ക് നിര്‍ലോപം വായ്പ നല്‍കുന്നു. കോര്‍പറേറ്റ് മേഖല വായ്പ തിരിച്ചടവില്‍ വീഴ്ചവരുത്തുന്നു. ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നു. അവസാനം വായ്പ കുടിശ്ശിക എഴുതിത്തള്ളുന്നു. ഈ പ്രക്രിയ രാജ്യത്ത് നിരന്തരം നടക്കുന്നു.

കിട്ടാക്കടം എഴുതിത്തള്ളുമ്പോഴുള്ള നഷ്ടം നികത്താന്‍ പൊതുമേഖലാ ബാങ്കുകള്‍ 2013-14ല്‍ 90,000 കോടി രൂപയാണ് നീക്കിവച്ചത്. 2013 സെപ്തംബര്‍വരെയുള്ള കണക്കനുസരിച്ച് പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 2,36,000 കോടി രൂപയാണ്. എത്ര ഭീമമായ സംഖ്യയാണ് കിട്ടാക്കടമായി അവശേഷിക്കുന്നത് എന്നു മനസിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ ആകെ ചെലവുമായി താരതമ്യപ്പെടുത്തിയാല്‍ മതി. 2013-14 സാമ്പത്തികവര്‍ഷത്തില്‍ കേരളത്തിന്റെ മൊത്തം ചെലവ് കേവലം 68,264 കോടി രൂപയാണ്. അനുദിനം വര്‍ധിക്കുന്ന സ്വര്‍ണവിലയും സ്ത്രീധനത്തിന്റെ നീരാളിപ്പിടിത്തവും വിവാഹം രക്ഷാകര്‍ത്താക്കള്‍ക്കുമേല്‍ ദുര്‍വഹമായ ഭാരമേല്‍പ്പിക്കുന്നു.

സ്ത്രീധന നിരോധന നിയമം നിലവിലുണ്ടെങ്കിലും അതു വളരെ ദുര്‍ബലമാണ്; നടപ്പാക്കപ്പെടുന്നുമില്ല. സംസ്ഥാനത്തെ മൂന്നുകേന്ദ്രങ്ങളില്‍ ഡൗറി പ്രിവന്‍ഷന്‍ ഓഫീസര്‍മാരുണ്ട്. വിവാഹസമ്മാനം എന്ന നിലയ്ക്ക് പെണ്‍മക്കളെ സ്വര്‍ണാഭരണങ്ങള്‍ അണിയിക്കുമ്പോള്‍, സ്ത്രീധന നിരോധന നിയമം ബാധകമാകുന്നില്ല. വിവാഹത്തോടനുബന്ധിച്ച് നല്‍കുന്ന സ്വര്‍ണാഭരണങ്ങളും വസ്തുവകകളും സ്ത്രീധനമായി കണക്കാക്കുകയും ഡൗറി പ്രിവന്‍ഷന്‍ ഓഫീസര്‍ക്ക് സ്വയമേവ കേസെടുക്കാന്‍ അധികാരം നല്‍കുകയും ചെയ്താല്‍ വലിയൊരു പരിധിവരെ വിവാഹച്ചെലവുകള്‍ ലഘൂകരിക്കാന്‍ കഴിയും. പക്ഷേ, അതിന് സ്വര്‍ണാഭരണ വ്യാപാരികളുടെ സമ്മര്‍ദം അതിജീവിക്കാന്‍ സര്‍ക്കാരിനു കഴിയണം. സമൂഹത്തിന്റെ പൊതുബോധത്തില്‍ മാറ്റമുണ്ടാവുകയാണ് ശാശ്വത പരിഹാരം.

രോഗചികിത്സയും വിദ്യാഭ്യാസവും താങ്ങാനാവാത്ത ഭാരമാണ് ജനങ്ങളില്‍ ഏല്‍പ്പിക്കുന്നത്. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുകയും സ്വകാര്യമേഖല ആ രംഗങ്ങളില്‍ ആധിപത്യമുറപ്പിക്കുകയും ചെയ്തതോടെയാണ് വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും സാധാരണക്കാര്‍ക്ക് അപ്രാപ്യമായത്. അതായത്, ബ്ലേഡ് മാഫിയയുടെ മുന്നിലേക്ക് സാധാരണക്കാരെ എറിഞ്ഞുകൊടുക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത് സര്‍ക്കാര്‍ പ്രതിബദ്ധതയോടെ പിന്തുടരുന്ന നവഉദാരവല്‍ക്കരണ നയങ്ങളാണെന്നര്‍ഥം.

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍

No comments: