Sunday, May 18, 2014

ഭാഷ ഒരു സാംസ്കാരിക ഉല്‍പ്പന്നമാണ്

മാതൃഭാഷയ്ക്കു വേണ്ടിയുള്ള ചര്‍ച്ചകളില്‍ ഏറെ ഉയര്‍ന്നു കേള്‍ക്കാറുള്ള ഒരു വാദം ഭാഷ നശിക്കുമ്പോള്‍ സംസ്കാരം നശിക്കുന്നു എന്നതാണ്. മാതൃഭാഷയിലൂടെയാണ് സംസ്കാരത്തിന്റെ വിനിമയവും അതിജീവനവും എന്നാണ് വാദിക്കപ്പെടുന്നത്. സംസ്കാരം ഒരു വ്യക്തിയിലേക്ക് കടന്നെത്തുന്നത് ഭാഷയിലൂടെയാണെന്നും മാതൃഭാഷയെ തിരസ്കരിക്കുമ്പോള്‍ നാം നമ്മുടെ സംസ്കാരത്തെയാണ് റദ്ദ് ചെയ്യുന്നതെന്നും സമര്‍ഥിക്കപ്പെടുന്നു. ഈ വാദം ഒരര്‍ഥത്തില്‍ പ്രസക്തമായിരിക്കുമ്പോള്‍ തന്നെ ഈ വിഷയത്തിന് മറ്റൊരു തലം കൂടിയുണ്ടെന്നത് മലയാളത്തിനു വേണ്ടിയുള്ള ആവേശത്തില്‍ നാം മറന്നുകളയുന്നുണ്ട്. ഭാഷ സംസ്കാരത്തിന്റെ ഒരുല്‍പ്പന്നമാണ് എന്നതാണ് ആ വസ്തുത. ഒരു ജനവിഭാഗത്തിന്റെ ആര്‍ജിത സംസ്കാരത്തിലൂന്നിയാണ് ഭാഷ വികസിക്കുന്നത്. അതുകൊണ്ടാണ് ഏതു ഭാഷയിലും അത് വളര്‍ന്നുവന്ന ദേശത്തിന്റെ സാംസ്കാരിക മുദ്രയും തെളിഞ്ഞുകാണുന്നത്.

ഒരു ദേശത്തെ സംബന്ധിച്ച് ഭാഷ സ്വയം പര്യാപ്തവും കേവലവുമായ സ്വത്വമല്ല. മറ്റു പലതിന്റെയും എന്നപോലെ സംസ്കാരത്തിന്റെയും കൈത്താങ്ങില്ലാതെ ഒരു ഭാഷയും നിലനില്‍ക്കുകയോ വളരുകയോ ചെയ്യുന്നില്ല. സംസ്കാരത്തിന്റെ അപഭ്രംശം ഭാഷയുടെ അപഭ്രംശമായിത്തീരുന്നത് അങ്ങനെയാണ്. അതായത് ഭാഷ നശിക്കുമ്പോള്‍ സംസ്കാരം നശിക്കുകയല്ല മറിച്ച് സംസ്കാരം നശിക്കുന്നത് കൊണ്ടാണ് ഭാഷ നശിക്കുന്നത് എന്നു ചുരുക്കം. ഉദാഹരണങ്ങളിലൂടെ ഇത് വിശദീകരിക്കാന്‍ കഴിയും. മോന്തായം വളഞ്ഞാല്‍ കഴുക്കോലമ്പത്തിനാലും വളയും എന്ന പഴഞ്ചൊല്ല് മോന്തായവും കഴുക്കോലുമില്ലാത്ത കോണ്‍ക്രീറ്റ് സംസ്കാരത്തില്‍ നിലനില്‍ക്കില്ല. നിലനില്‍ക്കണം എന്നു വാദിക്കുന്നതില്‍ യുക്തിയുമില്ല. മലയാളത്തെ സമ്പുഷ്ടമാക്കിയ പഴഞ്ചൊല്ലുകളുടെയും ശൈലികളുടെയും ഒരു മഹാപ്രപഞ്ചം മുഴുവന്‍ ഏറിയോ കുറഞ്ഞോ നമ്മുടെ സംസ്കാരത്തിന്റെ ഉല്‍പ്പന്നങ്ങളായിരുന്നു. നമ്മുടെ തച്ചുശാസ്ത്രത്തിന്റെ, വാസ്തുവിദ്യയുടെ, കൃഷിയുടെ, കൈത്തൊഴിലുകളുടെ, ജീവിതവീക്ഷണത്തിന്റെ ഉല്‍പ്പന്നങ്ങളായിരുന്നു അവയെല്ലാം. ഇവയെല്ലാം മാറിമറിയുകയോ ക്ഷയിക്കുകയോ ചെയ്യുമ്പോള്‍ അതിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് എന്തു പ്രസക്തിയാണ് ബാക്കിവരിക? കോലായ എന്ന മലയാളത്തനിമയുള്ള പദം വ്യവഹാര ഭാഷയില്‍നിന്ന് അപ്രത്യക്ഷമായെന്നും പകരം സിറ്റ്ഔട്ട് എന്ന അന്യപദം ആദേശം ചെയ്തുവെന്നും നാം വിലപിക്കുന്നു. കോലായ എന്നത് ഒരു സംസ്കാരത്തിന്റെ ചിഹ്നം കൂടിയാണെന്നത് വിസ്മരിച്ചുകൂടാ. സിറ്റ്ഔട്ട് മറ്റൊരു സംസ്കാരത്തിന്റെയും. കോലായ സംസ്കാരത്തെ സിറ്റ്ഔട്ട് സംസ്കാരം അധിനിവേശം ചെയ്തതുകൊണ്ടാണ് കോലായ സിറ്റ്ഔട്ടിന് (ഗെറ്റ് ഔട്ട് എന്നതിന്റെ പര്യായം!) വഴിമാറിയത്. പത്തായം പെറും ചക്കി കുത്തും എന്ന പഴഞ്ചൊല്ലിന് പത്തായവും നെല്ലുകുത്തുമില്ലാത്ത ഒരു സംസ്കാരത്തില്‍ നിലനില്‍ക്കാന്‍ കഴിയുമോ?

ബഹുനില ഫ്ളാറ്റുകളില്‍ ജീവിക്കുന്ന കുട്ടികള്‍ക്ക് മുറ്റം എന്ന പദം എന്ത് വൈകാരികാനുഭവമാണ് നല്‍കുക? അമ്മേ എന്നു വിളിക്കുമ്പോള്‍ ഉണ്ടായിത്തീരുന്ന ഒരു വൈകാരിക പരിസരം മമ്മി എന്നു വിളിക്കുമ്പോള്‍ ഉണ്ടാകുന്നില്ല എന്നത് നാം പണ്ടേ വാദിച്ചെടുത്ത് സമര്‍ഥിച്ച കാര്യമാണ്. മമ്മി എന്നുവിളിക്കുന്ന കുട്ടിക്കും വിളിക്കാന്‍ പ്രേരിപ്പിച്ച അമ്മയ്ക്കും അമ്മ എന്ന സംജ്ഞയുടെ അതേ അളവിലും തൂക്കത്തിലും മമ്മി വിളിയിലും ആ വൈകാരികത നിലനിര്‍ത്താന്‍ കഴിയും. കേട്ടുനില്‍ക്കുന്ന നമുക്കാണ് അത് പ്രശ്നമായിത്തീരുന്നത്. ആന എന്ന വാക്ക് കേരളീയരുടെ ധാരാളം സാംസ്കാരിക പരിസരങ്ങളുമായി ബന്ധപ്പെട്ടതാണെന്നും എലിഫന്റ് എന്ന ആംഗലേയ പദത്തിന് ആ അനുഭവങ്ങളെ ദ്യോതിപ്പിക്കാന്‍ കഴിയില്ലെന്നും വാദിക്കുന്നവരുണ്ട്. എന്നാല്‍ എലിഫന്റ് എന്നപദം മാത്രം ഉപയോഗിച്ചു ശീലിച്ചവര്‍ ഇത് നിഷേധിക്കുക തന്നെ ചെയ്യും. നാം നമ്മുടെ ചെറുനാഴികൊണ്ട് ലോകത്തെ അളക്കാന്‍ ശ്രമിക്കുന്നതുകൊണ്ടുള്ള കുഴപ്പമാണിത്. ആന എന്ന പദത്തിന് ആന എന്ന ജീവിയുമായുള്ള ബന്ധം ആരോപിതമാണെന്ന കാര്യം മറക്കാതിരിക്കുക. (അമ്മ, ആന തുടങ്ങിയ മലയാളത്തനിമയുള്ള പദങ്ങള്‍ നിലനിര്‍ത്തേണ്ടതില്ലെന്നും അവയെ അതിന്റെ സ്വാഭാവിക മരണത്തിനു വിട്ടേക്കുക എന്നൊന്നുമല്ല ഇതിനര്‍ഥം. അന്ധമായ ഇംഗ്ലീഷ് വിധേയത്വത്തിന് പരവതാനി വിരിക്കലുമല്ല. നമ്മുടെ സാംസ്കാരിക പരിസരങ്ങളുടെ മാറ്റം ഭാഷയിലും പ്രതിഫലിക്കുന്നു എന്ന് ചൂണ്ടിക്കാണിക്കുക മാത്രം). എന്തിന് എസ്എംഎസിന്റെ ഈ യുഗത്തില്‍ പ്രേമലേഖനം എന്ന സാമാന്യം ആധുനികമായ പദം പോലും പുതിയ തലമുറക്ക് അന്യമായിത്തീരുന്നതില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? കേരളത്തിന്റെ ഗ്രാമീണ സംസ്കൃതിയുടെ ചിഹ്നങ്ങളായ പദങ്ങള്‍ ക്രമേണ നമ്മില്‍നിന്ന് അകന്നുപോകും. അവയ്ക്ക് ആവശ്യവുമില്ലാതെയാകും. അത്തരം പദങ്ങളുടെ ഫോസിലുകള്‍ ശബ്ദതാരാവലിയാകുന്ന കാഴ്ചബംഗ്ലാവില്‍ മാത്രമാകും പിന്നീട് ഉണ്ടാവുക.

നിര്‍ബന്ധപൂര്‍വം നമ്മുടെ വ്യവഹാരങ്ങളില്‍ ഏറെക്കാലം അതിനെ നിലനിര്‍ത്താനാവില്ല. പ്രയോഗിക്കാവുന്ന സന്ദര്‍ഭങ്ങള്‍ വ്യവഹാരങ്ങളില്‍ ഉണ്ടാവുകയുമില്ല. ആവശ്യമില്ലാത്ത ഒന്നിനെയും പ്രകൃതി പോലും നിലനിര്‍ത്തുന്നില്ല. പഴയ കേരള സംസ്കാരത്തെ നമുക്ക് പിടിച്ചുനിര്‍ത്താന്‍ കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം. പഴയ കൃഷിരീതികള്‍ നിലനിര്‍ത്താന്‍ കഴിയുമോ? മരം കൊണ്ട് വീടു പണിയാന്‍ കഴിയുമോ? കൈത്തൊഴിലുകള്‍ നിലനിര്‍ത്തിയിട്ട് പ്രയോജനമുണ്ടാകുമോ? ഇവയെല്ലാം അസാധ്യമാക്കുന്ന വിധത്തില്‍ നമ്മുടെ ചുറ്റുപാടുകള്‍ മാറിക്കഴിഞ്ഞു. അനുദിനം വര്‍ധിക്കുന്ന ജനസംഖ്യ കേരളത്തിന്റെ ഭൂമിയെ വാസസ്ഥലങ്ങളും റോഡുകളും കെട്ടിടങ്ങളുമാക്കി പരിവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്നു. മൊബൈല്‍ ടവറുകളും ബഹുനില ഫ്ളാറ്റുകളും റിസോര്‍ട്ടുകളും വിനോദ സഞ്ചാരകേന്ദ്രങ്ങളും അനുദിനം വികസിക്കുന്ന നിരത്തുകളും പങ്കിട്ടെടുത്തുകൊണ്ടിരിക്കുന്നു. വൃദ്ധസദനങ്ങള്‍, ഐടി പാര്‍ക്കുകള്‍, ഷോപ്പിങ് മാളുകള്‍, മോണോ റെയില്‍, നൂതന വിവരസാങ്കേതിക വിദ്യയുടെ വ്യാപനം, മനുഷ്യവിഭവശേഷി, കയറ്റുമതി, ദൃശ്യമാധ്യമ വിപ്ലവം തുടങ്ങിയ പുത്തന്‍ ജീവിതസാഹചര്യങ്ങളും നഗരവല്‍ക്കരണവും കേരളത്തിന്റെ സംസ്കാരത്തെയും പങ്കിട്ടെടുത്ത് വിഴുങ്ങിക്കൊണ്ടിരിക്കുന്നു. കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക പരിസരങ്ങള്‍ മാറുന്നു എന്നതിന്റെ അപരിഹാര്യമായ ഒരര്‍ഥം മലയാളവും മാറും എന്നുതന്നെയാണ്. മലയാളം നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നവര്‍ അടിയന്തരമായി ചെയ്യേണ്ട കാര്യം മാറുന്ന പരിതസ്ഥിതികള്‍ക്കനുസരിച്ച് ഭാഷയെ നവീകരിക്കുകയാണ്. അല്ലാതെ പഴയ പ്രയോഗങ്ങളിലും പദങ്ങളിലും തൂങ്ങിക്കിടന്ന് നിലവിളിക്കുകയല്ല.

കേരള സംസ്കാരത്തിന്റെ അപചയത്തിനു പിന്നില്‍ കേരളീയരുടെ മനോഭാവ മാറ്റങ്ങള്‍ക്കു പിന്നില്‍, ആലോചനാ വിഷയങ്ങളുടെ അപഭ്രംശങ്ങള്‍ക്കു പിന്നില്‍ കമ്പോള-മൂലധനശക്തികളുടെ ബോധപൂര്‍വമായ നടപടികളാണെന്ന വസ്തുതയും നിലനില്‍ക്കുന്നുണ്ട്. അതിനെ ചെറുക്കാന്‍ നമ്മുടെ സാംസ്കാരികത്തനിമയെ ആവുന്നത്ര മേഖലകളില്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. സംസ്കാരം ഒരു പ്രതിരോധ പോര്‍മുഖമാണ്. അതിന്റെ വീറുറ്റ കരങ്ങള്‍ മാതൃഭാഷയത്രെ. ആ കരങ്ങള്‍ക്ക് ശക്തി ലഭിക്കണമെങ്കില്‍ സാംസ്കാരിക ശരീരം ഊര്‍ജസ്വലമായിരിക്കേണ്ടതുണ്ട്. നമ്മുടെ പ്രതിരോധങ്ങള്‍ ദുര്‍ബലമായിത്തീരുന്നുണ്ടെങ്കില്‍ അതിന്റെ കാരണം മറ്റെങ്ങും അന്വേഷിക്കേണ്ടതില്ല. പ്രാദേശിക ഭാഷയ്ക്കും ഭാഷാഭേദങ്ങള്‍ക്കും ഈ അടുത്തകാലത്ത് കിട്ടുന്ന സമ്മതിയും പ്രോത്സാഹനവും അത്ര നിഷ്കളങ്കമാണോ എന്നതും ആലോചിക്കേണ്ടതുണ്ട്.

ഭാഷയുടെ ഓജസ്സ്, സൗന്ദര്യം എന്നൊക്കെ നാം അതിനെ ആദരിക്കുന്നത് യുക്തം തന്നെ. എന്നാല്‍ മലയാളം എന്ന മാനകഭാഷയുടെ ശിഥിലീകരണത്തിലാവരുത് അതിന്റെ പര്യവസാനം. ഗ്രാമീണ പദങ്ങളും പ്രയോഗങ്ങളും വീണ്ടെടുക്കണമെന്ന് നാം പറയുമ്പോള്‍ അതിന്റെ പ്രസക്തിയും അതിജീവനശേഷിയും തീര്‍ച്ചയായും പരിഗണിക്കേണ്ടതാണ്. ഇന്ന് സ്കൂള്‍, കോളേജ് തലങ്ങളില്‍ പരിചരിക്കപ്പെടുന്നത് സ്ഥൂലഭാഷയെന്നോ വൈകാരിക ഭാഷയെന്നോ വിളിക്കപ്പെടാവുന്ന ഭാഷയുടെ ബാഹ്യതലം മാത്രമാണ്. വൈകാരിക ഭാഷ സാഹിത്യമാണെന്ന് എളുപ്പം തെറ്റിദ്ധരിക്കപ്പെടുകയും പുതിയ പഠനക്രമത്തില്‍ കുട്ടികള്‍ സാഹിത്യരചനയിലും ഭാഷാ പ്രയോഗത്തിലും ഏറെ മുന്നേറിക്കഴിഞ്ഞുവെന്ന് ഘോഷിക്കപ്പെടുകയും ചെയ്യുന്നു. സൂക്ഷ്മഭാഷയെന്നോ ബൗദ്ധിക ഭാഷയെന്നോ കരുതപ്പെടാവുന്ന ഭാഷയുടെ ആന്തരസത്തയിലേക്ക് വിദ്യാലയങ്ങള്‍ കടക്കുന്നതേയില്ല. പാഠപുസ്തകത്തില്‍ അതിന് സാധ്യതകളുണ്ടെങ്കിലും പാഠങ്ങളുടെ ആശയതലത്തില്‍ മാത്രം പഠനം ഒതുങ്ങിപ്പോകുന്നതിനു കാരണം പാഠ്യപദ്ധതി സമീപനമാണ്. അര്‍ഥത്തിന്റെ ഈഷല്‍ ഭേദങ്ങളെപ്പോലും ദ്യോതിപ്പിക്കാന്‍ പര്യാപ്തമായ ഭാഷാശേഷിയെയാണ് സൂക്ഷ്മഭാഷ എന്നതുകൊണ്ട് ഇവിടെ അര്‍ഥമാക്കുന്നത്. ഉദാഹരണത്തിന് സ്ഥൂലഭാഷയില്‍ അമ്മ എന്ന പദത്തിന്റെ പര്യായമാണ് ജനനി. എന്നാല്‍ സൂക്ഷ്മഭാഷയില്‍ അമ്മ എന്ന പദത്തിന്റെ അര്‍ഥത്തില്‍നിന്ന് വളരെ അകലെ മറ്റൊരു അര്‍ഥതലത്തിലാണ് ജനനി എന്ന പദം. രണ്ടും രണ്ടു സങ്കല്‍പങ്ങളാണ്. (ജനനി എന്ന പദം പോലും ശരാശരി വിദ്യാര്‍ഥികള്‍ക്ക് അജ്ഞാനമാണ്. പിന്നെയല്ലേ അതിന്റെ അര്‍ഥഭേദം തിരിച്ചറിയുക!)

വിദ്യാര്‍ഥികളുടെ പദകോശം ദയനീയമായ വിധത്തില്‍ പരിമിതമായിക്കൊണ്ടിരിക്കുകയാണ്. ആശയങ്ങള്‍ക്ക് പ്രാമുഖ്യം ലഭിക്കുന്ന പുതിയ ഭാഷാപഠനത്തില്‍ കൈവശമുള്ള ചുരുക്കം വാക്കുകള്‍കൊണ്ട് വ്യവഹാരങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് പുതിയ തലമുറ. ഭാഷാധ്യാപകര്‍ ആശയങ്ങള്‍ പഠിപ്പിക്കുന്നവരായി മാറുന്നു. ആശയങ്ങള്‍ എവിടെനിന്നും ലഭിക്കും എന്ന വസ്തുത ഓര്‍മിക്കണം. പത്രങ്ങള്‍, ടിവി, സാമൂഹ്യ ഇടപെടലുകള്‍, ഇന്റര്‍നെറ്റ് തുടങ്ങി വിദ്യാര്‍ഥികള്‍ക്ക് ആശയങ്ങള്‍ ലഭിക്കാവുന്ന സ്രോതസ്സുകള്‍ നിരവധിയാണ്. എന്നാല്‍ സമ്പന്നമായ പദകോശം, സൂക്ഷ്മഭാഷാപ്രയോഗങ്ങള്‍, പ്രയോഗ സാധുതകള്‍ ഇവയൊക്കെ സ്വായത്തമാകണമെങ്കില്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ വേണം. ഭാഷയുടെ ആന്തര ലോകത്തിലേക്ക് പ്രവേശിക്കാന്‍ അധ്യാപകന്റെ സഹായം കൂടിയേ തീരൂ. (വായനക്കാരനായ ഒരു വിദ്യാര്‍ഥി എം ടിയെയും ബഷീറിനെയും വായിച്ചു രസിച്ചേക്കാം.

വി കെ എന്നിനെ വായിച്ചു ഗ്രഹിക്കാന്‍ കഴിയുമോ? ആനന്ദ്? ഒ വി വിജയന്‍? ഇവരൊക്കെ ആവിഷ്കരിച്ച അതിവിപുലവും സങ്കീര്‍ണവുമായ സാഹിത്യത്തിന്റെയും ചിന്തയുടെയും അതിര്‍ത്തികള്‍ക്ക് പുറത്തായിപ്പോകുന്നു പുതിയ തലമുറ. ഇത് വ്യക്തിപരമായ നഷ്ടത്തെക്കാളുപരി രാഷ്ട്രത്തിന്റെയും വരുംകാലത്തിന്റെയും നഷ്ടമാണ്). ഇന്നത്തെ ഭാഷാപഠനത്തിന്റെ സ്വാഭാവികമായ ദുരന്തം പുതിയ തലമുറ പുതിയതൊന്നും ചിന്തയിലോ എഴുത്തിലോ ആവിഷ്കരിക്കാന്‍ പ്രാപ്തരാകുന്നില്ല എന്നുതന്നെയാണ്. ചിന്തിക്കാന്‍ ഭാഷ വേണം. സൂക്ഷ്മ ചിന്തക്കും അതിന്റെ പ്രകാശനത്തിനും സൂക്ഷ്മഭാഷ വേണം. ഓര്‍ക്കുക - ലോകത്തെ എന്നും മുന്നോട്ടു നയിച്ചത് പുതിയ ചിന്തയും ആശയങ്ങളുമായിരുന്നു. ചിന്താശേഷിയറ്റ ഒരു തലമുറയില്‍നിന്ന് അത് പ്രതീക്ഷിക്കാനാവുമോ? കമ്പോള കേന്ദ്രീകൃതമായ മൂലധനശക്തികള്‍ക്ക് ചിന്താശേഷിയുള്ളവരെ ആവശ്യമില്ല എന്നതുകൂടി ഇതോടൊപ്പം ചേര്‍ത്തുവായിച്ചാല്‍ ചിത്രം വ്യക്തമാകും.

*
വി പി ഏലിയാസ് ദേശാഭിമാനി വാരിക

No comments: