ഐക്യകേരളത്തില്‍ ഒരു വികസന അജണ്ട തയ്യാറാക്കുന്നതിനായി 1956ല്‍ കമ്യൂണിസ്‌റ്റ് പാര്‍ടി തൃശൂരില്‍വെച്ച് ഒരു വിശേഷാല്‍ സമ്മേളനം തന്നെ ചേരുകയുണ്ടായി. ആ രേഖയുടെ ചുരുക്കം ഇതായിരുന്നു.
- കേരളത്തിന്റെ വികസനത്തിന് തടസ്സമായി നില്‍ക്കുന്നത് കേരളത്തിന്റെ ഭൂവുടമ സമ്പ്രദായമാണ്. അതിനാല്‍ ഭൂവുടമാ സമ്പ്രദായത്തില്‍ മാറ്റം വരുത്തണം.
- അടിസ്ഥാന വ്യവസായങ്ങള്‍ പൊതു ഉടമയില്‍ വികസിപ്പിക്കണം. അതോടൊപ്പം സ്വകാര്യ മൂലധനത്തേയും കേരളത്തിലെ വ്യവസായ മേഖലയിലേക്ക് ആകര്‍ഷിക്കണം.
- വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ക്ഷേമ പ്രവര്‍ത്തനങ്ങൾ എന്നിവയിൽ ഊന്നിക്കൊണ്ട് ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തണം.
- ഭൂപരിഷ്‌ക്കരണവും കൂട്ടായ വിലപേശലും ഇത്തരം പ്രവർത്തനങ്ങളുടെ അനിവാര്യ ഘടകമാകണം.
- വികസനപ്രവര്‍ത്തനത്തില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തണം.
- നികുതി ഭാരങ്ങള്‍ സാധാരണക്കാരനുമേല്‍ അടിച്ചേല്‍പ്പിക്കരുത്.
- വിദ്യുച്‌ഛക്തി, വ്യാവസായികവികസനം, റെയില്‍വെ വികസനം, പരമ്പരാഗത വ്യവസായങ്ങളുടെ സംരക്ഷണം, വിദ്യാഭ്യാസവികസനം, അധികാര വികേന്ദ്രീകരണം, ആരോഗ്യമേഖല ശക്തിപ്പെടുത്തൽ, തൊഴിലാളികളുടെ അവകാശസംരക്ഷണം, ക്ഷേമപ്രവര്‍ത്തനങ്ങൾ, കാര്‍ഷിക മേഖലാ പരിഷ്‌ക്കരണം എന്നിവയ്‌ക്ക് ഊന്നൽ നൽകുന്ന വികസനത്തെ സംബന്ധിച്ച വ്യക്തമായ കാഴ്‌ചപ്പാട് വേണം.
കാര്‍ഷിക പരിഷ്‌ക്കരണമായിരുന്നു ഇവയിലേറ്റവും പ്രധാനപ്പെട്ടത്. വരുമാന വര്‍ദ്ധനയില്‍ കൂടുതല്‍ നീതിപൂര്‍വ്വകമായ പങ്ക് തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തുംവിധം തൊഴിലാളി സംഘടനകളുടെ അവകാശങ്ങൾ അംഗീകരിക്കണമെന്നതും പിന്തുണാ സംവിധാനങ്ങൾ ഒരുക്കണമെന്നതുമായിരുന്നു മറ്റൊന്ന്. സ്വത്തിന്റെയും വരുമാനത്തിന്റെയും ഇത്തരം പുനര്‍ വിതരണങ്ങള്‍ക്ക് പുറമെ വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമസൌകര്യങ്ങള്‍ തുടങ്ങിയവയില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നതിലും വലിയ ഊന്നല്‍ ഇടതുപക്ഷം നല്‍കി.
കാര്‍ഷിക പരിഷ്‌ക്കാരങ്ങള്‍ കാര്‍ഷിക വളര്‍ച്ചയില്‍ എടുത്തു ചാട്ടം സൃഷ്‌ടിക്കുമെന്നും കാര്‍ഷിക സംസ്‌ക്കരണ വ്യവസായങ്ങള്‍ അഭിവൃദ്ധിപ്പെടുമെന്നുമായിരുന്നു പ്രതീക്ഷ. വ്യവസായ വളര്‍ച്ചയില്‍ സ്വകാര്യ മൂലധനത്തെ പ്രേത്സാഹിക്കുന്നതിനോടൊപ്പം ശക്തമായ പൊതുമേഖലാ സംവിധാനമുണ്ടാക്കുക, വൈദ്യുതി മറ്റു പശ്ചാത്തല സൌകര്യങ്ങള്‍ എന്നിവ ഒരുക്കുക തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാരിന്റെ പങ്ക് ഈ വികസന കാഴ്‌ചപ്പാട് എടുത്തുകാട്ടി.
മുകളില്‍ വിവരിച്ച വികസന പരിപ്രേക്ഷ്യം എത്രമാത്രം നടപ്പാക്കാനായി? നടപ്പാക്കിയതിന്റെ ഫലമായി എന്തെല്ലാം മാറ്റങ്ങള്‍ കേരളത്തിലുണ്ടായി? മാറിയ കേരളത്തിന്റെ പുതിയ വികസന അജണ്ട എന്ത് ? ഐക്യകേരളം 50 വര്‍ഷം പിന്നിടുന്ന വേളയില്‍ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങളാണിവ.
ആദ്യം തന്നെ വ്യക്തമാക്കേണ്ടുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. ഇന്ത്യന്‍ യൂണിയനിലെ ഒരു സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന് തനതായ ഒരു വികസന അജണ്ട നടപ്പാക്കുന്നതിന് സ്വാഭാവികമായി പരിധികളും പരിമിതികളും ഉണ്ടായിരുന്നു. അസന്തുലിതമായ കേന്ദ്രസംസ്ഥാന ബന്ധങ്ങളുടെയും മുതലാളിത്ത വികസന നയങ്ങളുടെയും ചട്ടകൂടിനുള്ളിലേ പ്രവര്‍ത്തിക്കുവാന്‍ കഴിയുമായിരുന്നുള്ളു. വിദേശ വാണിജ്യ പ്രദാനമായ സംസ്ഥാനമെന്ന നിലയില്‍ ആഗോളസാമ്പത്തിക സ്ഥിതി ഗതികളും നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തെ ഗണ്യമായി ബാധിക്കും. ഇപ്രകാരം അന്തര്‍ദേശീയവും ദേശീയവുമായ മാറ്റങ്ങളുടെ കൂടി സൃഷ്‌ടിയാണ് നമ്മുടെ സംസ്ഥാനത്തെ വികസനമെന്നത് മറക്കാതെ തന്നെ കഴിഞ്ഞ അരനൂറ്റാണ്ടു കാലത്തെ പ്രാദേശിക വികസനാനുഭവത്തെകുറിച്ചൊരു വിലയിരുത്തല്‍ പ്രസക്തമാണ്.
കേരള സമ്പദ്ഘടന അന്ന്
1957 ലെ കേരള സമ്പദ്ഘടനയുടെ സ്വഭാവം എന്തായിരുന്നു? സാമ്പത്തിക ശാസ്‌ത്രദൃഷ്‌ടിയില്‍ ഒരു രാജ്യത്തിന്റെ അല്ലെങ്കില്‍ പ്രദേശത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാന സൂചികകള്‍ ഇവയാണ്.
1) വരുമാനം
2) ഉപഭോഗം
3) സമ്പാദ്യം
4) നിക്ഷേപം.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളുടെ വരുമാനം വളരെ താഴ്ന്നതായിരിക്കും. അവികസനത്തിന്റെ അല്ലെങ്കില്‍ വികസനത്തിന്റെ ഏറ്റവും നല്ല ചുരുക്കെഴുത്ത് സൂചികയായി കണക്കാക്കുന്നത് വരുമാനത്തെയാണ്. വരുമാനത്തില്‍ ഒരു ഭാഗം ജനങ്ങളുടെ ഉപഭോഗത്തിനായി പ്രയോജനപ്പെടുത്തുന്നു. ബാക്കി സമ്പാദ്യങ്ങളായി മാറുന്നു. താഴ്ന്ന വരുമാനമുള്ള പ്രദേശങ്ങളില്‍ സ്വാഭാവികമായി ഉപഭോഗനിലവാരവും താഴ്ന്നിരിക്കും. താഴ്ന്ന നിക്ഷേപ വരുമാന മാകട്ടെ ഭാവി വരുമാന വളര്‍ച്ചയ്‌ക്ക് പ്രതിബന്ധമാകും. അങ്ങനെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അവികസിത പ്രദേശങ്ങളുടെ വരുമാനം താഴ്ന്നതാണെന്നു മാത്രമല്ല പ്രശ്‌നം. അവിടത്തെ വരുമാന വളര്‍ച്ചയും താഴ്ന്നിരിക്കുന്നു. ഇതിനെയാണ് അവികസനത്തിന്റെ വിഷമവൃത്തം എന്നു പറയുന്നത്.
1957ലെ കേരള സംസ്ഥാനത്തിന്റെ സാമ്പത്തിക സൂചികകള്‍ എടുത്താല്‍ മുന്‍ഖണ്ഡികയില്‍ വിവരിച്ച പിന്നോക്ക സാമ്പത്തിക നിലയുടെ ഒരു ശുദ്ധമാതൃകയായിരുന്നു കേരളം എന്ന് കാണാം. 1960ല്‍ കേരളത്തിലെ പ്രതിശീര്‍ഷ വരുമാനം 276 രൂപയായിരുന്നു. അഖിലേന്ത്യാ പ്രതിശീര്‍ഷ വരുമാനമാകട്ടെ 310 രൂപയും സാമ്പത്തിക വരുമാനത്തിന്റെ കാര്യത്തില്‍ കേരളം പിന്നിലായിരുന്നുവെന്നത് അവിതര്‍ക്കിതമായൊരു കാര്യമാണ്.
കേരളീയന്റെ ശരാശരി ഉപഭോഗ നിലവാരവും അഖിലേന്ത്യാ ശരാശരിയേക്കാള്‍ വളരെ താഴ്ന്നതായിരുന്നു. ദേശീയ ഉപഭോക്തൃ സര്‍വ്വേയുടെ കണക്കുകള്‍ എടുത്തപ്പോൾ കേരളീയന്റെ ഉപഭോഗം ഇന്ത്യയില്‍ ഏറ്റവും താഴ്ന്നതായിരുന്നു. ഇത് വലിയ ഞെട്ടലുണ്ടാക്കി. കാരണം മരണനിരക്ക് പോലെയുള്ള ആരോഗ്യ നിലയെടുത്താല്‍ കേരളം മെച്ചപ്പെട്ട നിലയിലായിരുന്നു. അപ്പോള്‍ ഉപഭോഗം ഇത്രമാത്രം താഴ്ന്നിരിക്കുകയില്ലെന്ന് പല വിദഗ്ദ്ധന്‍മാരും വാദിച്ചു. സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റഡീസിന്റെ ആദ്യ ഡയറക്‌ടറായിരുന്നു പ്രൊഫ. പി.ജി.കെ. പണിക്കരായിരുന്നു ഈ കടങ്കഥയുടെ ചുരുളഴിച്ചത്. കപ്പയിലും മത്സ്യത്തിലും ഊന്നിക്കൊണ്ടുള്ള കേരളീയന്റെ ‘ക്ഷണക്രമത്തിലേയ്‌ക്കും പുരയിട കൃഷിയിലൂടെ ലഭിക്കുന്ന സൌജന്യ ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമെല്ലാം അദ്ദേഹത്തിന്റെ പഠനം വെളിച്ചം വീശി. ഈ തിരുത്തലുകള്‍ വരുത്തിയാല്‍ കേരളീയന്റെ ശരാശരി ഉപഭോഗം ഗണ്യമായി മെച്ചപ്പെടും എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാല്‍ അപ്പോഴും കേരളീയന്റെ ശരാശരി ഉപഭോഗം അഖിലേന്ത്യാ ശരാശരിയെക്കാള്‍ താഴെയായി തന്നെ തുടര്‍ന്നു. ദാരിദ്ര്യം തന്നെയായിരുന്നു നമ്മുടെ സംസ്ഥാനത്തിന്റെ മുഖമുദ്ര.
സമ്പാദ്യത്തെയും നിക്ഷേപത്തെയും കുറിച്ച് വ്യക്തമായ കണക്കുകളില്ല. എന്നാല്‍ ഒന്നാം പദ്ധതി കാലത്ത് തിരു-കൊച്ചി സംസ്ഥാനത്തെ സംബന്ധിച്ച് ലഭ്യമായ കണക്കുകള്‍ എടുത്താല്‍ ഈ കാലയളവില്‍ വരുമാനവളര്‍ച്ച വളരെ മന്ദഗതിയിലായിരുന്നു എന്ന് കാണാം. സ്വാതന്ത്ര്യാനന്തര കാലത്ത് ഇന്ത്യയിലുണ്ടായ പൊതു കുതിപ്പില്‍ കേരളത്തിനു പങ്കു കൊള്ളാനായില്ല. വ്യവസായ വളര്‍ച്ചയില്‍ ഇതു വ്യക്തമായി കാണാം. പുറത്തു നിന്നുള്ള മൂലധനത്തിന്റെ പിന്മാറ്റം, സംസ്ഥാന പദ്ധതികളുടെ ദൌര്‍ബല്യങ്ങൾ, കേന്ദ്ര സര്‍ക്കാരിന്റെ അവഗണന ഇവയൊക്കെ പ്രതിബന്ധങ്ങളായിരുന്നു. അഖിലേന്ത്യാ ശരാശരിയേക്കാള്‍ കുറവായിരുന്നു കേരളത്തിലുണ്ടായിരുന്ന വരുമാന വര്‍ധന. വളര്‍ച്ചയിലെ മാന്ദ്യം നിക്ഷേപത്തിലും സമ്പാദ്യത്തിലും ഉള്ള ദൌര്‍ബല്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
സാമ്പത്തിക സൂചികകള്‍ പ്രകാരം പിന്നോക്ക പ്രദേശമായിരുന്നുവെങ്കിലും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയുടെ സൂചികകൾ എടുത്താല്‍ കേരളം അന്നുതന്നെ മറ്റു സംസ്ഥാനങ്ങളുടെ മുന്നിലായിരുന്നു. 1961ല്‍ ഇന്ത്യയുടെ സാക്ഷരത 24.02 ശതമാനമായിരുന്നുവെങ്കില്‍ കേരളത്തിന്റേത് 56.85 ശതമാനമായിരുന്നു. കേരളത്തിലെ മരണനിരക്കും താരതമ്യേന താഴ്ന്ന നിലയിരിലായിരുന്നു കേരള മാതൃക എന്ന് അക്കാലത്താരും വിശേഷിപ്പിച്ചിരുന്നില്ലെങ്കിലും കാതലിന്‍ ഗൌവ്വിനെപ്പോലുള്ള പണ്ഡിതര്‍ പലരും കേരളത്തിന്റെ തനിമകളെക്കുറിച്ച് നിരീക്ഷിച്ചിട്ടുണ്ട്. സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനങ്ങള്‍ വിദ്യാഭ്യാസ- ആരോഗ്യ സേവനങ്ങളെക്കുറിച്ച് സൃഷ്‌ടിച്ച ജനകീയ അവകാശ ബോധമാണ് ഇതിന് അടിസ്ഥാന കാരണം. കീഴേ നിന്നുള്ള ഈ ഇടപെടലുകളോട് പ്രതികരിച്ചു കൊണ്ടാണെങ്കിലും ഈ മേഖലകളില്‍ നടപടികള്‍ സ്വീകരിക്കുവാന്‍ ഭരണകൂടങ്ങള്‍ നിര്‍ബന്ധിതമായി.
കേരള സമ്പദ്ഘടന ഇന്ന്
അമ്പതു വര്‍ഷം കൊണ്ട് മുകളില്‍ വിവരിച്ച ചിത്രം എപ്രകാരം മാറി? ഏറ്റവും നാടകീയമായ മാറ്റം സംഭവിച്ചത് ജനങ്ങളുടെ ഉപഭോഗനിലവാരത്തിലാണ്. 1970 മുതല്‍ പ്രതിശീര്‍ഷ വരുമാനം ഉയരാന്‍ തുടങ്ങി. ഇതിന്റെ ഫലമായി മറ്റു സംസ്ഥാനങ്ങള്‍ക്കിടയില്‍ ഉപഭോഗനിലവാരത്തില്‍ 1973-74 ല്‍ കേരളത്തിന്റെ സ്ഥാനം പത്തായിരുന്നത് ഇപ്പോള്‍ മൂന്നാമതായി ഉയര്‍ന്നിരിക്കുകയാണ്. ഉപഭോഗച്ചെലവ് കുത്തനെ ഉയരുക മാത്രമല്ല കേരളീയരുടെ ഉപഭോഗത്തിന്റെ സ്വഭാവത്തിലും മാറ്റം വന്നു. ചെലവുകുറഞ്ഞ കപ്പയ്‌ക്കും മീനിനും നാടന്‍ പച്ചകറികള്‍ക്കും പകരം കൂടുതല്‍ മാംസവും പുറത്തുനിന്നുള്ള പച്ചക്കറികളും പാലും സംസ്‌ക്കരിച്ച ഭക്ഷ്യപദാര്‍ത്ഥങ്ങളും നാമിന്ന് ഉപയോഗിക്കുന്നു. മൊത്തം ഉപഭോക്തൃ ചെലവില്‍ ഉപഭോക്തൃ ആഡംബര ഉത്പന്നങ്ങളുടെ പ്രാധാന്യം ഏറ്റവും ഉയര്‍ന്നിരിക്കുന്നത് കേരളത്തിലാണ്. കാർ, ഫ്രിഡ്‌ജ്, ടെലിവിഷന്‍ തുടങ്ങിയവയുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് നമ്മുടെ സംസ്ഥാനം.
ഉയരുന്ന ഉപഭോക്തൃ നിലവാരത്തിന്റെ ചില ആഡംബര / ധൂര്‍ത്ത് വശങ്ങള്‍ പരിഗണിക്കുമ്പോള്‍ അനിയന്ത്രിതമായ ഒരു ഉപഭോക്തൃ സംസ്‌ക്കാരത്തിന് നാം വഴിപ്പെടുന്നില്ലേ എന്ന ചോദ്യം പ്രസക്തമാണ്. നമുക്ക് അനുയോജ്യമില്ലാത്ത ആഡംബര വീടുകളുടെ നിര്‍മ്മാണം ഇതിനൊരുദാഹരണമാണ്. എന്നാല്‍ മൊത്തത്തിലെടുത്താല്‍ ഉയര്‍ന്ന ഉപഭോഗനിലവാരം ഒരു നേട്ടമായിത്തന്നെ കാണേണ്ടതാണ് ഇതാകട്ടെ ശരാശരി ജനങ്ങളുടെ ജീവിത നിലവാരത്തെ മെച്ചപ്പെടുത്തിയിട്ടുമുണ്ട്.
വരുമാനത്തില്‍ നിന്ന് ഉപഭോഗം കിഴിക്കുമ്പോഴാണല്ലോ സമ്പാദ്യം കിട്ടുക. മേല്‍പ്പറഞ്ഞ പ്രകാരം ഉപഭോഗച്ചെലവുയരുമ്പോള്‍ സമ്പാദ്യം കുറയില്ലേ എന്നു ചിലര്‍ ഭയപ്പെട്ടേക്കാം. അതു കേരളത്തില്‍ സംഭവിച്ചിട്ടില്ല. ഉപഭോഗ നിലവാരം ഉയര്‍ന്നതിനോടൊപ്പം തന്നെ സമ്പാദ്യനിലവാരവും ഉയര്‍ന്നു. സമ്പാദ്യം പണമായോ അല്ലെങ്കില്‍ ആസ്‌തികളായോ വയ്‌ക്കാം. രണ്ടിടത്തും കേരളം മുന്നോട്ടാണു കുതിച്ചിട്ടുള്ളത്. ഗ്രാമീണ കുടുംബങ്ങളുടെ സ്വത്തു സംബന്ധിച്ച കണക്കെടുപ്പ് 10 വര്‍ഷം കൂടുമ്പോള്‍ റിസര്‍വ്വ് ബാങ്ക് നടത്താറുണ്ട്. അതുപ്രകാരം കേരളം ഇന്നു പഞ്ചാബ് കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്താണ്. മൂന്നു ദശാബ്‌ദങ്ങള്‍ക്കു മുമ്പ് കേരളത്തിന്റെ സ്ഥാനം 8 ആയിരുന്നു. പണസമ്പാദ്യം സംബന്ധിച്ച നല്ലൊരു സൂചിക ബാങ്ക് ഡെപ്പോസിറ്റുകളാണ്. ഏറ്റവും വേഗതയില്‍ ബാങ്ക് ഡെപ്പോസിറ്റുകള്‍ വളര്‍ന്ന സംസ്ഥാനമാണ് കേരളം. പ്രതിശീര്‍ഷ ബാങ്ക് ഡെപ്പോസിറ്റ് ദേശീയ ശരാശരിയുടെ 70 ശതമാനം മാത്രമായിരുന്നത് 120-130 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്.
സമ്പാദ്യത്തിലും ഉപഭോഗത്തിലും മാത്രമല്ല മൊത്തം ജീവിത ഗുണമേയിലും കേരളം കുതിച്ചുയര്‍ന്നു. ഐക്യകേരളം രൂപീകരിക്കപ്പെട്ടപ്പോള്‍ തന്നെ കേരളത്തിന്റെ ആരോഗ്യ സൂചിക താരതമ്യേന മെച്ചപ്പെട്ടാതായിരുന്നു എന്നു നേരത്തെ സൂചിപ്പിച്ചുവല്ലോ. കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ മൂന്നു കാര്യങ്ങള്‍ നടന്നു. ഒന്നാമതായി വിദ്യാഭ്യാസ ആരോഗ്യാദി മേഖലകളിലെ പുരോഗതി സാര്‍വ്വത്രികവും സന്തുലിതവുമായിത്തീര്‍ന്നു. എന്നാൽ തിരു-കൊച്ചിയെ അപേക്ഷിച്ച് മലബാര്‍ വളരെ പിന്നിലായിരുന്നു. ഐക്യകേരളം രൂപീകരിക്കുന്നതിനു മുമ്പ് ഈ അന്തരം വര്‍ധിച്ചു വരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചു ദശാബ്‌ദകാലത്തിനിടയ്‌ക്ക് നാടകീയമായ മാറ്റം സംഭവിച്ചു. മലബാര്‍ പ്രദേശം അതിവേഗം തിരു-കൊച്ചിയോടൊപ്പം ഉയരാന്‍ തുടങ്ങി.
രണ്ടാമതായി കേരളവും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളും തമ്മിലുള്ള അന്തരവും കൂടുതല്‍ കൂടുതല്‍ പ്രകടമാകാനും അതുവഴി പണ്ഡിത ശ്രദ്ധ നേടാനും തുടങ്ങി. സമീപകാലത്തായി ഈ അന്തരം കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇതു സ്വാഭാവികവുമാണ്. കാരണം, കേരളം വിദ്യാഭ്യാസ ആരോഗ്യ സൂചികകളില്‍ ഏറ്റവും ഉന്നതിയില്‍ എത്തിയിരിക്കുകയാണ്. പൊതു ആരോഗ്യ വിദ്യാഭ്യാസ സംവിധാനങ്ങള്‍ മാത്രമല്ല ഭക്ഷ്യ സുരക്ഷ, ക്ഷേമ സുരക്ഷാ സൌകര്യങ്ങൾ, ഏതാണ്ടെല്ലാവര്‍ക്കും കിടപ്പാടം, തൊഴിലവകാശങ്ങള്‍ എന്നു തുടങ്ങി ഒട്ടേറെ നേട്ടങ്ങള്‍ സാധാരണക്കാര്‍ക്കു ലഭ്യമായി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശമാണെങ്കിലും സാമൂഹിക ക്ഷേമ കാര്യങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍കേരള വികസന മാതൃക എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.
സാമൂഹിക ക്ഷേമരംഗത്തെ കുതിപ്പിന്റെ മറ്റൊരു നാടകീയ നേട്ടം ജനസംഖ്യാ പരിണാമ ചക്രം പൂര്‍ത്തിയായി എന്നതാണ്. 1957 ല്‍ കേരളത്തിലെ ജനസംഖ്യാ അതിവേഗം വളരുകയായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കേരളത്തില്‍ ജനസംഖ്യാ വര്‍ധന വളരെ താഴ്ന്നതായിരുന്നു. ജനിക്കുന്നവരില്‍ ഒരു നല്ല പങ്ക് പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് മരിച്ചു പോകുന്നു എന്നതുകൊണ്ടായിരുന്നു ഈ അവസ്ഥാ വിശേഷം. 20 ആം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഒരു പോലെ ഉയര്‍ന്ന ജനന മരണ നിരക്കുകള്‍ മൂലം ജനസംഖ്യാ വര്‍ധന വളരെ താഴ്ന്നതായിരുന്നു. മുപ്പതുകള്‍ മുതല്‍ ഇതില്‍ മാറ്റം വരാന്‍ തുടങ്ങി. മരണനിരക്കു കുറഞ്ഞു. ജനനനിരക്ക് പഴയപടി തന്നെ തുടര്‍ന്നു. ജനനനിരക്ക് ശീലങ്ങളാല്‍ നിബന്ധിതമാണല്ലോ. മരണനിരക്ക് കുറഞ്ഞിട്ടും ജനനിരക്ക് ഉയര്‍ന്നു തന്നെ നിലകൊണ്ടതു കൊണ്ട് ജനപ്പെരുപ്പത്തിന്റെ വേഗത കൂടി. ഇതാണ് ഐക്യ കേരള രൂപീകരണ കാലത്തെ സ്ഥിതി.
എന്നാല്‍ ഇന്ന് സ്ഥിതിവേശം ആകെ മാറിക്കൊണ്ടിരിക്കുകയാണ്. ജനനിരക്ക് കുത്തനെ കുറഞ്ഞു തുടങ്ങി. ശിശുമരണനിരക്ക് കുത്തനെ കുറഞ്ഞതിന്റെ ഫലമായി ജനങ്ങളുടെ കുടുംബം സംബന്ധിച്ച സങ്കല്പനങ്ങള്‍ക്കും തന്നെ മാറ്റമുണ്ടായി. “ചെറിയ കുടുംബം സന്തുഷ്‌ടകുടുംബം” എന്നത് ഒരു നിര്‍ബന്ധവുമില്ലാതെ എല്ലാവരും അംഗീകരിക്കുന്നു. ജനപ്പെരുപ്പം കുത്തനെ കുറഞ്ഞിരിക്കുന്നു. കാല്‍നൂറ്റാണ്ടിനു ശേഷം ജനസംഖ്യാ വര്‍ധനവ് നാമമാത്രം എന്ന നിലയിലേക്ക് കേരളം മാറും.
സാമ്പത്തിക ഗതിമാറ്റങ്ങള്‍
കഴിഞ്ഞ അഞ്ചു പതിറ്റാണ്ടില്‍ ഏറ്റവും ശ്രദ്ധേയമായ പുരോഗതിയുണ്ടായ സാമൂഹ്യ-സാമ്പത്തിക സൂചികകളെക്കുറിച്ചാണ് മുകളില്‍ വിവരിച്ചത്. എന്നാല്‍ സമ്പാദ്യം ഉയര്‍ന്നിട്ടും വ്യാവസായിക കാര്‍ഷിക മേഖലയില്‍ നിക്ഷേപം ഉയരുന്നില്ല എന്നതാണ് കേരളത്തിലെ വികസന പ്രതിസന്ധിയുടെ പ്രധാന കാരണം. ഉപഭോഗനിലവാരത്തിലും ജീവിത നിലവാരത്തിലും ഉണ്ടായ മെച്ചം സാമ്പത്തിക വളര്‍ച്ചയില്‍ പ്രതിഫലിക്കുന്നില്ല.
കേരളത്തിലെ സാമ്പത്തിക വരുമാനത്തിന്റെ വളര്‍ച്ചയുടെ ചരിത്രത്തെ 4 ഘട്ടമായി തിരിക്കാം. ഒന്നാമത്തേത് 1947 മുതല്‍ 1960 കളുടെ ആദ്യം വരെയുള്ള കാലമാണ്. ഈ കാലയളവില്‍ കേരളത്തിലെ ആഭ്യന്തര വരുമാനത്തിന്റെ വളര്‍ച്ച അഖിലേന്ത്യാ ശരാശരിയേക്കാള്‍ താഴ്ന്നതായിരുന്നുവെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ.
1960 കളുടെ മധ്യം മുതല്‍ 70 കളുടെ മധ്യം വരെയുള്ള രണ്ടാം ഘട്ടത്തില്‍ കേരളത്തിലെ സാമ്പത്തിക വളര്‍ച്ചയുടെ ഗതിവേഗം കൂടി. ഇന്ത്യയിലെ ശരാശരി വളര്‍ച്ചയെക്കാള്‍ മെച്ചപ്പെട്ട പ്രകടനം കേരളം കാഴ്‌ചവച്ചു. എന്നാല്‍ 70 കളുടെ മധ്യം മുതല്‍ ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെട്ടപ്പോള്‍ കേരളം തകരുകയാണുണ്ടായത്. കാര്‍ഷിക വ്യാവസായിക ഉത്പാദന മേഖലയില്‍ ഉണ്ടായ അതിരൂക്ഷമായ മുരടിപ്പാണ് കേരള വികസന സംവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.
സാമ്പത്തിക വളര്‍ച്ച നേടാനായില്ലെങ്കില്‍ ഭൂതകാലത്തിന്റെ സാമൂഹിക നേട്ടങ്ങള്‍ നിലനിര്‍ത്താനാവില്ലെന്ന് ഏവരും തിരിച്ചറിഞ്ഞു. സാമ്പത്തിക മുരടിപ്പിനെക്കുറിച്ചുള്ള രൂക്ഷമായ തര്‍ക്കം നടക്കവേ തന്നെ 1980 കളുടെ അവസാനത്തോടെ സാമ്പത്തിക വളര്‍ച്ചയില്‍ ഒരു ഗണ്യമായ മാറ്റം ദൃശ്യമായിത്തുടങ്ങി. കേരള സമ്പദ്ഘടന വീണ്ടും ഉണര്‍വിന്റെ പാതയിലേക്കു നീങ്ങി മൊത്തത്തില്‍ അഖിലേന്ത്യ ശരാശരിയേക്കാള്‍ മെച്ചപ്പെട്ട നിലയില്‍ കൂടുതല്‍ വേഗതയില്‍ നാം വളര്‍ന്നു. ഇതിന്റെ ഫലമായി കേരളത്തിന്റെ പ്രതിശീര്‍ഷ വാര്‍ഷിക വരുമാനം അഖിലേന്ത്യാ ശരാശരിയുടെ ഒപ്പമോ കൂടുതലോ ആയി. 2005-06 ലെ കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം 32852 രൂപയായിരുന്നപ്പോള്‍ ഇന്ത്യയിലെ പ്രതിശീര്‍ഷ വരുമാനം 25825 രൂപയാണ്.
എന്നാല്‍ 1990കളുടെ അവസാനത്തോടെ സ്ഥിതി വീണ്ടും മാറി. ഈ കാലയളവിനെയാണ് നാലാം ഘട്ടമായി വിശേഷിപ്പിക്കുന്നത്.
മൊത്തത്തില്‍ എടുത്താല്‍ അഖിലേന്ത്യാ ശരാശരിയേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ് കേരളം. എന്നാല്‍ 1980 കളുടെ അവസാനം കാര്‍ഷിക മേഖലയിലും വ്യാവസായിക മേഖലയിലും പ്രത്യക്ഷപ്പെട്ട ഉണര്‍വ്വ് നഷ്‌ടപ്പെട്ടു. സേവനതുറകളിലാണ് വളര്‍ച്ചയുണ്ടാകുന്നത്. ഈ വളര്‍ച്ചയാകട്ടെ നാമമാത്രമായ തൊഴിലാണ് സൃഷ്‌ടിക്കുന്നത്. തൊഴിലില്ലായ്‌മ തന്മൂലം രൂക്ഷമാകുന്നു. ‘ഭൂരിപക്ഷം ജനങ്ങള്‍ ഉപജീവനം നടത്തുന്ന കാര്‍ഷിക വ്യവസായ മേഖലകളിലെ മുരടിപ്പ് നാട്ടില്‍ അസമത്വവും ദാരിദ്ര്യവും വര്‍ദ്ധിപ്പിക്കുന്നു.
ഭൂപരിഷ്‌ക്കരണം സാമ്പത്തിക മാറ്റങ്ങള്‍ക്ക് പിന്നില്‍
കേരളത്തിലെ സാമൂഹിക സാമ്പത്തിക പുരോഗതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ചില അടിസ്ഥാന ഘടകങ്ങളെ ചുരുക്കി അവലോകനം ചെയ്യുന്നത് നന്നായിരിക്കും. സ്വാതന്ത്ര്യ സമരാനന്തര കേരളത്തിലുണ്ടായ ഏറ്റവും സുപ്രധാന നടപടികള്‍ ഇവയാണെന്ന് പറയാം.
1) ‘ഭൂപരിഷ്‌ക്കരണം
2) ഗള്‍ഫ് കുടിയേറ്റം
3) വിദ്യാഭ്യാസത്തിന്റെ വ്യാപനം
4) സര്‍ക്കാര്‍ ഇടപെടലും ആസൂത്രണവും.
ഭൂപരിഷ്‌ക്കരണത്തിന്റെ ഫലമായി കാര്‍ഷിക സമ്പത്തിന്റെ കാര്യത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടായി. ലക്ഷക്കണക്കിന് കുടിയാന്മാര്‍ക്ക് ഭൂമികിട്ടി. ലക്ഷക്കണക്കിന് (കര്‍ഷകതൊഴിലാളി കുടുംബങ്ങളില്‍ 92ശതമാനത്തിനും) കുടികിടപ്പുകാര്‍ക്ക് കിടപ്പാടംകിട്ടി. എന്നാല്‍ ഭരണമാറ്റവും നിയമത്തിലെ പഴുതുകളും മൂലം മിച്ചഭൂമി ഫലപ്രദമായി ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. ഭൂപരിഷ്‌ക്കരണം പരമ്പരാഗത സവര്‍ണമേധാവിത്വത്തിന്റെ അടിത്തറയിളക്കി. കര്‍ഷകത്തൊഴിലാളികളുടെ വിലപേശല്‍ കഴിവും വര്‍ധിച്ചു. മലബാര്‍ പ്രദേശത്തെ വിദ്യാഭ്യാസ ആരോഗ്യ സൂചികകളുടെ ഗണ്യമായ ഉയര്‍ച്ചയെ ഇവിടുത്തെ ഭൂപരിഷ്‌ക്കരണവുമായി ബന്ധപ്പെടുത്തിക്കൊണ്ടല്ലാതെ വിശദീകരിക്കാനാവില്ല.
ഭൂപരിഷ്‌ക്കരണത്തിന്റെ ഫലമാണ് കേരളത്തിലെ കാര്‍ഷിക മുരടിപ്പ് എന്നൊരു സിദ്ധാന്തമുണ്ട്. 1970കളുടെമധ്യംമുതല്‍ 80കളുടെ തുടക്കംവരെ നീണ്ട കാര്‍ഷിക മുരടിപ്പാണ് ഈ വിശദീകരണത്തിന് വഴിയൊരുക്കിയത്. എന്നാല്‍ 1980കളുടെ അവസാനം പ്രത്യക്ഷപ്പെട്ട കാര്‍ഷിക ഉണര്‍വ് ഈ വിമര്‍ശനങ്ങളുടെ മുനയൊടിച്ചു. ഭൂമി ലഭിച്ച കൃഷിക്കാരന്‍ കൂടുതല്‍ ഉയര്‍ന്നവിലകിട്ടുന്ന വാണിജ്യ വിളകളിലേക്ക് തിരിഞ്ഞു. ഈ ദീര്‍ഘകാല വിളകളില്‍ നടത്തുന്ന നിക്ഷേപങ്ങളില്‍ ഫലം ഉണ്ടാവണമെങ്കില്‍ കാലതാമസം ഉണ്ടാകുമെന്നതിനാലാണ് 1970കളില്‍ കാര്‍ഷിക വളര്‍ച്ച മന്ദഗതിയിലായത്. എന്നാല്‍ പുതുതായി നട്ട തെങ്ങും റബറുമെല്ലാം ഫലം തരാന്‍ തുടങ്ങിയതോടെ കാര്‍ഷിക വളര്‍ച്ചയും സാധാരണ നിലയിലായി.
എങ്കിലും കേരളത്തിലെ ഭൂപരിഷ്‌ക്കരണം ബംഗാളിലെന്നപോലെ കാര്‍ഷിക വളര്‍ച്ചയില്‍ കുതിച്ചുചാട്ടം സൃഷ്‌ടിച്ചില്ല എന്നത് യാഥാര്‍ഥ്യമാണ്. ബംഗാളും കേരളവുമായിട്ടുള്ള ഒന്നാമത്തെ വ്യത്യാസം നമ്മുടെ വാണിജ്യവിളകളുടെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്നത് പുറംകമ്പോളത്തിലെ പ്രവണതകളാണെന്നതാണ്. രണ്ടാമതായി നാം താരതമ്യേന ഫലപ്രദമായി നടപ്പാക്കിയത് ഭൂപരിഷ്‌ക്കരണമാണ് ഇതോടൊപ്പം നടപ്പാക്കേണ്ട മറ്റ് പല കാര്‍ഷിക പരിഷ്‌ക്കരണ നടപടികളും കേരളത്തില്‍ നടപ്പാക്കിയില്ല. ഉദാഹരണത്തിന് ‘ഭൂപരിഷ്‌ക്കരണത്തിന്റെ ഫലമായി തകര്‍ന്ന പരമ്പരാഗത സ്ഥല-ജല മാനേജുമെന്റുകള്‍ക്കുപകരം ജനകീയ സംവിധാനം ഉണ്ടാക്കുന്നതില്‍ നാം ശ്രദ്ധിച്ചില്ല. ഇത് രൂക്ഷമായ പരിസ്ഥിതി തകര്‍ച്ചയ്‌ക്ക് ഇടയാക്കി.
മിച്ചഭൂമി ഫലപ്രദമായി ഏറ്റെടുക്കാന്‍ കഴിയാത്തതുകൊണ്ട് കര്‍ഷകതൊഴിലാളികള്‍ക്ക് കിടപ്പാടമേ നല്‍കാനായുള്ളൂ. ഇതും കേരളത്തിലെ നാട്ടിന്‍പുറങ്ങളിലെ തൊഴില്‍ പ്രശ്‌നങ്ങളും ചേര്‍ന്നപ്പോള്‍ സങ്കീര്‍ണമായ സ്വഭാവം കാര്‍ഷിക ബന്ധങ്ങള്‍ക്കുണ്ടായി. തോട്ടം മേഖല മാറ്റിനിര്‍ത്തിയാല്‍ ചെറുകിട ഉല്പാദകരാണ് കാര്‍ഷിക മേഖലയുടെ മുഖമുദ്ര. എന്നാല്‍ ചെറുകിട ഉല്പാദകരില്‍ മുഖ്യപങ്കും കാര്‍ഷിക കൂലിവേലക്ക് ആളെ നിര്‍ത്തുന്നവരാണ്. തങ്ങള്‍ കാര്‍ഷികേതര മേഖലകളില്‍ ശമ്പളപണിക്കോ സ്വയംതൊഴിലിനോ പോകുന്നിതനാലാണ് കൃഷിക്ക് കൂലിക്ക് ആളിനെവെക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നത്. ഈ സ്ഥിതിവിശേഷത്തിലാണ് കൃഷിക്കാരുടെയും കര്‍ഷകതൊഴിലാളികളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് കൃഷിക്കാര്‍ക്ക് മെച്ചമായ വരുമാനവും കര്‍ഷകതൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനവും ഉറപ്പുവരുത്തുന്നതുമായ നൂതന സംവിധാനങ്ങള്‍ അനിവാര്യമാകുന്നത്. ഗ്രൂപ്പ് ഫാമിംഗിനെകുറിച്ച് ചിന്തിക്കാന്‍ 1987ലെ സര്‍ക്കാര്‍ വരേണ്ടിവന്നു. ലേബര്‍ ബാങ്കിനെകുറിച്ച് ചിന്തിക്കാന്‍ 1996ലെ സര്‍ക്കാര്‍ വേണ്ടിവന്നു. ബൂര്‍ഷ്വാ ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ട് ഇതിന് ഒട്ടേറെ പരിമിതികളുണ്ട്. ശാസ്‌ത്രീയമായി കാര്‍ഷിക ബന്ധങ്ങള്‍ കരുപ്പിടിപ്പിക്കുന്നത് ഒരു അജണ്ടയായി ഇന്നും തുടരുകയാണ്. യാഥാര്‍ഥ്യബോധത്തോടെ ഭാവനാപൂര്‍ണമായ പരിപാടികള്‍ തയ്യാറാക്കേണ്ടതുണ്ട്.
കാര്‍ഷിക മേഖലയുടെ മറ്റൊരുപ്രശ്‌നം ഓരോ വിളയും പ്രത്യേകം എടുത്താല്‍ ഉല്പാദനക്ഷമത താഴ്ന്നതാണ് എന്നതാണ്. ഇത് ഉല്പന്ന കമ്പോളത്തില്‍ പ്രതിസന്ധി സൃഷ്‌ടിക്കുന്നു എന്നു മാത്രമല്ല; തൊഴില്‍മേഖലയിലും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നു. ജീവിതചെലവിനനുസരിച്ച് കൂലി കൂടിയേതീരൂ. എന്നാല്‍ കൂലിവര്‍ധനവിന്റെ തോതിലെങ്കിലും ഉല്പാദനക്ഷമത ഉയര്‍ന്നില്ലെങ്കില്‍ അത് നിക്ഷേപം ഇടിയുന്നതിലേക്കോ തൊഴിലവസരം ഇടിയുന്നതിലേക്കോ നയിക്കും എന്നത് ലളിതമായ സാമ്പത്തിക യുക്തിയാണ്. അന്തരിച്ച പ്രൊഫ.ടി.എൻ.കൃഷ്ണനാണ് ഈ നിരീക്ഷണം നടത്തിയത്. ഇതിനെ കേന്ദ്രീകരിച്ചായിരുന്നു ഇ.എം.എസിന്റെ മത്തായി മാഞ്ഞൂരാന്‍ സ്‌മാരക പ്രഭാഷണം. ഇ.എം.എസിന്റെ പ്രഭാഷണം വിപുലമായ സംവാദത്തിന് കളമൊരുക്കി. പരമ്പരാഗത വ്യവസായങ്ങളെ സഹകരണാടിസ്ഥാനത്തില്‍ പുനസംഘടിപ്പിക്കുന്നതിനും ശ്രമങ്ങള്‍ നടന്നു. അതുവഴി ഈ മേഖലകളിലെല്ലാം ട്രേഡ് യൂനിയന്‍ പിന്തുണയോടെ നടന്ന ഇടപെടലുകളുടെ ഫലമായി ഈ മേഖലയിലെ അധ്വാനിക്കുന്നവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്.
വിദ്യാഭ്യാസത്തിന്റെ വ്യാപനം
കേരളത്തിന്റെ വിദ്യാഭ്യാസത്തിന്റെ ചരിത്രം 19-ആം നൂറ്റാണ്ടിലാണ് ആരംഭിക്കുന്നതെങ്കിലും സാര്‍വ്വത്രികമായത് സ്വാതന്ത്ര്യസമരകാലത്താണ്. ബഹുജനങ്ങളുടെ ഇടപെടലും സര്‍ക്കാര്‍ ധനസഹായവും ഭൂപരിഷ്‌ക്കരണവുമെല്ലാം ഈ വ്യാപനത്തിനു പിന്നില്‍ സുപ്രധാന ഘടകങ്ങളായിരുന്നു.
വിദ്യാഭ്യാസ വളര്‍ച്ച പ്രത്യേകിച്ച് സ്‌ത്രീ വിദ്യാഭ്യാസത്തിലെ പുരോഗതി സുപ്രധാനമായ സാമൂഹിക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ശിശുമരണനിരക്കിലുണ്ടായിട്ടുള്ള നാടകീയമായ ഇടിവും കുടുംബസങ്കല്പത്തെക്കുറിച്ചുണ്ടായ മാറ്റവും സ്‌ത്രീവിദ്യാഭ്യാസത്തില്‍നിന്നുണ്ടായവയാണ്. നാം നേരത്തേകണ്ട ജനസംഖ്യാ വളര്‍ച്ചാ നിയന്ത്രണത്തിന്റെ പ്രേരണ സ്‌ത്രീവിദ്യാഭ്യാസമാണെന്ന് പല പണ്ഡിതന്മാരും തെളിയിച്ചിട്ടുണ്ട്. എയ്‌ഡഡ് സ്‌കൂളുകള്‍ അടക്കമുള്ള പൊതുവിദ്യാഭ്യാസത്തിന്റെ സാമൂഹ്യനിയന്ത്രണം മതേതര ജനാധിപത്യ പൌരബോധമുണ്ടാക്കാന്‍ സഹായകരമായി.
വിഭ്യാസത്തിന്റെ വ്യാപനം തൊഴില്‍ കമ്പോളങ്ങളിലും മാറ്റങ്ങള്‍ വരുത്തി. വിദ്യാഭ്യാസം തൊഴില്‍ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു. രൂക്ഷമായ തൊഴിലില്ലായ്‌മ ഉണ്ടെങ്കിലും പല പരമ്പരാഗത തൊഴിലുകള്‍ക്കും ആളെ കിട്ടാനില്ലാത്ത നില സംജാതമായി. പരമ്പരാഗത ജാതി മിഥ്യാഭിമാനബോധത്തെ ഇല്ലായ്‌മചെയ്യാന്‍ വിദ്യാഭ്യാസത്തിന് കഴിഞ്ഞിട്ടില്ല. കര്‍ഷകതൊഴിലാളിയുടെ നാലില്‍ ഒന്ന് കൂലി ലഭിക്കാത്ത സെയില്‍സ്ഗേളായി പണിയെടുക്കാന്‍ എത്രവേണമെങ്കിലും ആളുണ്ട്. എന്നാല്‍ കര്‍ഷകതൊഴിലാളി പണികള്‍ക്ക് പലയിടത്തും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ആളെകൊണ്ടുവരേണ്ടിവരുന്നു.
വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിന്റെ ഫലമായി വന്ന മാറ്റങ്ങള്‍ക്കനുസൃതമായി തൊഴില്‍ തുറകളെ നവീകരിക്കേണ്ടത് ആവശ്യമായി തീര്‍ന്നിരിക്കുന്നു. കാര്‍ഷിക പരമ്പരാഗത മേഖലകളില്‍ ഉചിതമായ സാങ്കേതിക മാറ്റങ്ങള്‍ വരുത്തി തൊഴിലുകളെ നവീകരിക്കേണ്ടത് പ്രധാനമാണ്. ഈ സന്ദര്‍ഭത്തില്‍ ഇടതുപക്ഷത്തിനെതിരെ പിന്തിരിപ്പന്മാര്‍ ഉയര്‍ത്തുന്ന കുപ്രചരണത്തെ തുറന്നുകാട്ടേണ്ടതുണ്ട്. കാര്‍ഷിക പരമ്പരാഗത മേഖലയിലെ യന്ത്രവല്‍ക്കരണത്തിനും കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനും എതിരായ നമ്മുടെ മുന്‍കാല നിലപാടാണ് കേരളത്തെ പുറകോട്ടാക്കിയതെന്നാണ് കുപ്രചാരണം. മുന്‍കാലത്തെടുത്ത നിലപാടിനെക്കുറിച്ച് ഒരു കുറ്റബോധവും ഉണ്ടാകേണ്ടതില്ല. അന്നത്തെ തൊഴില്‍ കമ്പോളത്തിന്റെ സ്ഥിതിയില്‍ യന്ത്രവല്‍ക്കരണത്തിനെതിരായ നിലപാട് തികച്ചും ശരിയായിരുന്നു. എന്നാല്‍ ഇന്ന് തൊഴില്‍ കമ്പോളത്തിന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വന്നിരിക്കുന്നു. അത് കണക്കിലെടുത്തുകൊണ്ട് കാലാനുസൃതമായ മാറ്റം നവീകരണത്തോടെ സ്വീകരിക്കുന്നത് തികച്ചും തത്വാധിഷ്‌ഠിതമായ സമീപനം തന്നെയാണ്. യന്ത്രവല്‍ക്കരണത്തോടും സാങ്കേതിക വിദ്യയോടുമുള്ള ഈ വൈരുദ്ധ്യാത്മക സമീപനത്തെ മനസ്സിലാക്കുന്നതിന് വിമര്‍ശകര്‍ക്ക് കഴിയുന്നില്ല.
കേരളത്തിന്റെ വിദ്യാഭ്യാസത്തിന് രണ്ട് ദൌര്‍ബല്യങ്ങളുണ്ട്. ഒന്നാമത്തേത് സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ടതാണ്. ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടി സാര്‍വ്വത്രിക പൊതുസംവിധാനത്തെ തകര്‍ത്ത് വരേണ്യവര്‍ഗത്തിനു മാത്രമായി മെച്ചപ്പെട്ട വിദ്യാഭ്യാസം ചുരുക്കുക എന്നതാണ് പിന്തിരിപ്പന്‍ സമീപനം. ഇതിനു ബദലായി പൊതുവിദ്യാഭ്യാസ ഗുണനിലവാരം എങ്ങനെ മെച്ചപ്പെടുത്താമെന്നതാണ് നമ്മുടെ മുന്നിലെ വെല്ലുവിളി. ഉന്നത വിദ്യാഭ്യാസത്തിന്റെ വ്യാപനവും വൈവിധ്യവല്‍ക്കരണവും ഗുണനിലവാരം ഉയര്‍ത്തലുമാണ് രണ്ടാമത്തേത്. വിദ്യാഭ്യാസ മെരിറ്റും സാമൂഹ്യനീതിയും നിലനിര്‍ത്തിക്കൊണ്ട് ഇതെങ്ങിനെ സാധിക്കാം എന്നത് ഗൌരവവും അടിയന്തിര പ്രാധാന്യമുള്ളതുമായ പ്രശ്‌നമായി തീര്‍ന്നിരിക്കുന്നു.
വിദ്യാഭ്യാസ മേഖലയിലെ മുകളില്‍പറഞ്ഞ രണ്ടാംതലമുറ പ്രശ്‌നങ്ങളെപ്പോലെതന്നെ ആരോഗ്യമേഖലയിലും രണ്ടാംതലമുറ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പൊതു ആരോഗ്യസംവിധാനങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ട് ജനസാമാന്യത്തിന്റെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തിക്കൊണ്ടും പുതിയ ആരോഗ്യപ്രശ്‌നങ്ങളെ നേരിടുന്നതിന് സ്പെഷ്യലൈസ്‌ഡ് ആശുപത്രികളും മറ്റും അത്യന്താപേക്ഷിതമാണ്. ആദ്യത്തേതിനെ തള്ളിപ്പറഞ്ഞുകൊണ്ട് രണ്ടാമത്തേതില്‍ ഊന്നുന്നതാണ് പിന്തിരിപ്പന്‍ സമീപനം.
ജനസംഖ്യാപരിണാമം ജനപ്പെരുപ്പ പ്രശ്‌നത്തെ പരിഹരിച്ചപ്പോള്‍ പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. സമൂഹത്തില്‍ പ്രായംചെന്നവരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നിരിക്കുകയാണ്. ഇവരുടെ പരിരക്ഷ ഗൌരവമായൊരു സാമൂഹ്യപ്രശ്‌നമായി ഉയര്‍ന്നിരിക്കുന്നു. ഇങ്ങനെ ഓരോ മേഖലയിലും പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്നു. അവയ്‌ക്ക് പരിഹാരം കാണേണ്ടിയിരിക്കുന്നു.
ഗള്‍ഫ് കുടിയേറ്റം
കേരളത്തിലെ ജനങ്ങളുടെ ഉപഭോഗ സമ്പാദ്യ നിലവാരത്തില്‍ ഉണ്ടായിട്ടുള്ള നാടകീയമായ മാറ്റത്തെ മനസ്സിലാക്കണമെങ്കില്‍ ഗള്‍ഫ് കുടിയേറ്റത്തെയും വിദേശ വരുമാനത്തേയും പരിഗണിക്കണം. കേരളത്തിന്റെ വിദേശ കുടിയേറ്റത്തിന് ദീര്‍ഘനാളത്തെ ചരിത്രമുണ്ട്. 30കളുടെ സാമ്പത്തിക തകര്‍ച്ചയോടെയാണ് വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ തൊഴില്‍തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയിതുടങ്ങിയത്. തോട്ടം മേഖലയില്‍ പണിയെടുക്കുന്നതിനായി സ്വാതന്ത്ര്യത്തിന് മുമ്പ് ശ്രീലങ്കയിലേക്കും മലേഷ്യയിലേക്കും പോയിട്ടുണ്ട്. എന്നാല്‍ 50കളില്‍ ഈ ഒഴുക്ക് നിലച്ചു. അക്കാലത്താണ് പാശ്ചാത്യ നാടുകളിലേക്ക് മധ്യതിരുവിതാംകൂറില്‍നിന്നുള്ള കുടിയേറ്റം ആരംഭിച്ചത്. എന്നാല്‍ ഈ കുടിയേറ്റധാരകളില്‍നിന്ന് എണ്ണത്തിലും സാമൂഹ്യ വ്യാപ്തിയിലും ഗുണപരമായിതന്നെ വ്യത്യസ്‌തപ്പെട്ടതായിരുന്നു എഴുപതുകളില്‍ ആരംഭിച്ച ഗള്‍ഫ് കുടിയേറ്റം. ഈ കുടിയേറ്റക്കാരില്‍ നല്ലപങ്കും വിദഗ്ദ തൊഴിലാളികളും സാധാരണക്കാരുമായിരുന്നു. ഗണ്യമായ ഭാഗം പിന്നോക്ക സമുദായങ്ങളില്‍നിന്നും പിന്നോക്ക പ്രദേശങ്ങളില്‍നിന്നുമായിരുന്നു. പാശ്ചാത്യ നാടുകളിലേക്കുള്ള കുടിയേറ്റക്കാരില്‍നിന്നും വ്യത്യസ്‌തമായി ഗള്‍ഫ് കുടിയേറ്റക്കാര്‍ വരുമാനത്തില്‍ സിംഹഭാഗവും നാടിലേക്കയച്ചു. എഴുപതുകളുടെ മധ്യഭാഗം മുതല്‍ ഇപ്രകാരം കേരളത്തിലേക്ക് ഒഴുകിയെത്തിയ വിദേശ വരുമാനം ഇന്നിപ്പോള്‍ സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ നാലിലൊന്നിലേറെ വരും. വിദേശ വരുമാനവും ആഭ്യന്തര വരുമാനവും കൂട്ടിയാല്‍ ശരാശരി കേരളീയന്റെ യഥാര്‍ത്ഥ വരുമാനം ദേശീയ ശരാശരിയേക്കാളും മുപ്പത് ശതമാനമെങ്കിലും ഉയര്‍ന്നിരിക്കും.
ഗള്‍ഫില്‍നിന്നുള്ള വരുമാനവര്‍ധനവാണ് ഉപഭോഗനിലവാരത്തിലും സമ്പാദ്യ വരുമാനത്തിലും പ്രതിഫലിക്കുന്നത്. ചുരുക്കത്തില്‍ കേരള സമ്പദ്ഘടനയുടെ അടിസ്ഥാന ഭാവങ്ങളിലുണ്ടായ ഈ മാറ്റത്തിന്റെ പ്രധാനഘടകം ഗള്‍ഫ് വരുമാനമാണ്. വിദേശ മലയാളികളുടെ ഈ സംഭാവന സംസ്ഥാന വികസനത്തിന് പുതിയ സാധ്യതകള്‍ തുറക്കുന്നുണ്ട്. ഒരു വശത്ത് വിപുലമായ ഒരു ഉപഭോക്തൃ കമ്പോളം സംസ്ഥാനത്തിനുള്ളില്‍തന്നെ സൃഷ്‌ടിക്കപ്പെട്ടു. ഈ ഉപഭോഗ കമ്പോളത്തെ ആശ്രയിച്ചുകൊണ്ടുതന്നെ പല വ്യവസായങ്ങള്‍ക്കും തുടക്കം കുറിക്കാനാകും. മറുവശത്ത് പുതിയ വ്യവസായങ്ങള്‍ക്കും കാര്‍ഷിക മേഖലയിലെ നിക്ഷേപങ്ങള്‍ക്കും ആവശ്യമായ സമ്പാദ്യം സംസ്ഥാനത്തിനുള്ളില്‍തന്നെ ലഭ്യമായി. കേരളത്തിലെ ബാങ്കുകളില്‍ കിടക്കുന്ന ഈ ചെറുകിട സമ്പാദ്യങ്ങളെ നിക്ഷേപങ്ങളായി മാറ്റുവാന്‍ കഴിഞ്ഞാല്‍ അത് സംസ്ഥാനത്തിന്റെ വികസനത്തില്‍ എടുത്തുചാട്ടം സൃഷ്‌ടിക്കും.
എന്നാല്‍ ഗള്‍ഫ് സമ്പാദ്യത്തില്‍ നല്ലപങ്കും ബാങ്ക്റൂട്ടുവഴി സംസ്ഥാനത്തിന് പുറത്തേക്കൊഴുകുന്നു എന്നതാണ് യാഥാര്‍ഥ്യം. അതുപോലെതന്നെ ഉപഭോക്തൃ ഉല്പന്നങ്ങള്‍ക്കും കെട്ടിടനിര്‍മ്മാണങ്ങള്‍ക്കുമെല്ലാമായി ചെലവഴിക്കപ്പെടുന്ന പണം സംസ്ഥാനത്തിനുള്ളില്‍ അനുരണനങ്ങള്‍ സൃഷ്‌ടിക്കുന്നില്ല. സാധന സാമഗ്രികളില്‍ മിക്കവയും സംസ്ഥാനത്തിന് പുറത്തുനിന്നും വാങ്ങുന്നതായതുകൊണ്ട് മഴക്കാലത്ത് മഴവെള്ളംപോലെ ഒറ്റയടിക്ക് ഗള്‍ഫ് ചെലവിന്റെ നല്ലപങ്കും സംസ്ഥാനത്തിന്റെ പുറത്തേക്ക് ഒഴുകിപ്പോകുന്നു.
ഈ സ്ഥിതിവിശേഷംമൂലമാണ് ഗള്‍ഫ് പണത്തിന്റെ വരവ് സേവനതുറകള്‍ക്ക് പുറത്ത് കാര്‍ഷിക വ്യവസായ മേഖലയില്‍ ശ്രദ്ധേയമായ ചലനങ്ങളൊന്നും സൃഷ്‌ടിക്കാതെ പോകുന്നത്. നമ്മുടെ നാട്ടിലെ ഇടത്തരക്കാരുടെ സമ്പാദ്യത്തെ കാര്‍ഷിക വ്യവസായ മേഖലകളിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പ്രായോഗിക പരിപാടികള്‍ ആവിഷ്‌ക്കരിക്കുക എന്നതാണ് ഇന്നു നേരിടുന്ന അടിസ്ഥാന വെല്ലുവിളികളിലൊന്ന്.
സംസ്ഥാന സര്‍ക്കാരിന്റെ ധനകാര്യകുഴപ്പം
പരിമിതികള്‍ എന്തൊക്കെയുണ്ടെങ്കിലും സ്വാതന്ത്ര്യാനന്തര കാലത്ത് സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടത്തിയ ആസൂത്രണവും നിക്ഷേപവും സാമ്പത്തിക പരിണാമത്തെ സ്വാധീനിച്ച ഒരു സുപ്രധാന ഘടകമായിരുന്നു. പൊതു നിക്ഷേപത്തില്‍ നാം വിദ്യാഭ്യാസ ആരോഗ്യാദി മേഖലകള്‍ക്കാണ് മുന്‍ഗണന നല്‍കിയത്. അതിന്റെ ഗുണവും ഉണ്ടായിട്ടുണ്ടെന്ന് നാം കണ്ടു. ഗള്‍ഫ് വരുമാന വര്‍ധന മലയാളിയുടെ മാനവിക ശേഷി പുരോഗതിയുടെ ഫലംകൂടിയാണ് എന്നു കാണുന്നതില്‍ തെറ്റില്ല. അതുപോലെതന്നെ സ്വകാര്യവ്യവസായ മൂലധനം മുമ്പോട്ടുവരാത്ത സാഹചര്യത്തില്‍ വ്യവസായവല്‍ക്കരണം ത്വരിതപ്പെടുത്തുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രദ്ധേയമായ പങ്കുനിര്‍വഹിച്ചിട്ടുണ്ട്. സംസ്ഥാന വ്യവസായങ്ങളുടെ ഗണ്യമായ ഭാഗം ഇന്നും പൊതുമേഖലയിലാണ്.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് ഇനിയും തുടര്‍ന്ന് ഇതുപോലെ സമ്പദ്ഘടനയില്‍ ഇടപെടുന്നതിനുള്ള ശേഷി അതിവേഗം ദുര്‍ബലപ്പെട്ടുകൊണ്ടിരിക്കുകയാണ്. അത്രയേറെ രൂക്ഷമായ പ്രതിസന്ധിയിലാണ് സംസ്ഥാന സര്‍ക്കാർ. ഒരു വശത്ത് സാമൂഹ്യക്ഷേമ രംഗത്തെ ഊന്നല്‍മൂലം വളരെ ഉയര്‍ന്ന ആവര്‍ത്തനച്ചെലവ് ബാധ്യതയായി സര്‍ക്കാരിനുണ്ട്. മറുവശത്ത് സമ്പദ്ഘടനയുടെ കയറ്റുമതിയുന്മുഖസ്വഭാവവും ഭരണഘടനാപരമായ പരിമിതികളും മൂലം ചെലവിനനുസരിച്ച് ആഭ്യന്തര നികുതി വരുമാനം ഉയര്‍ത്താന്‍ കഴിയുന്നില്ല. കേന്ദ്രസര്‍ക്കാരാവട്ടെ സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍ ധനക്കുഴപ്പത്തിന്റെ ഭാരം അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. കേരള സംസ്ഥാനത്തിന്റെ സവിശേഷ പ്രശ്‌നങ്ങളെ പരിഗണിക്കുന്നില്ല. ഈ അവഗന കൂടി ചേര്‍ന്നപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ധനപ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.
പുതിയ വികസന അജണ്ട
ഐക്യകേരളത്തിനുമുന്നില്‍ 1957ല്‍ മുന്നോട്ടുവെച്ച അജണ്ടയില്‍ പലതും ഇന്ന് യാഥാര്‍ഥ്യമായി. കേരള സംസ്ഥാനത്തിന് അഭിമാനിക്കാന്‍ ഏറെ നേട്ടങ്ങളുണ്ട്. ജനിക്കുന്ന കുഞ്ഞുങ്ങളില്‍ 99 ശതമാനവും ഒരു വയസിനപ്പുറം ജീവിക്കുന്നു. കുഞ്ഞുങ്ങളെല്ലാം സ്‌ക്കൂളില്‍ ചേരുന്നു. ഏതാണ്ട് എല്ലാവര്‍ക്കും എഴുതാനും വായിക്കാനുമറിയാം, ഏതാണ്ട് 74 വയസുവരെ ജീവിക്കുന്നു, പഴയ ഉച്ചനീചത്വങ്ങളില്ല, താരതമ്യേന മെച്ചപ്പെട്ട കൂലികിട്ടുന്നു, ഏതാണ്ട് എല്ലാവര്‍ക്കും കിടപ്പാടം ഉറപ്പുവരുത്തിയ ഭൂപരിഷ്‌ക്കരണം നടപ്പാക്കി, അടുത്തകാലംവരെ മുഴുവനാളുകള്‍ക്കും റേഷന്‍ ലഭ്യമായിരുന്നു, കുടിവെള്ളം, പാര്‍പ്പിടം, റോഡ്, വൈദ്യുതി, ടെലഫോൺ, ആരോഗ്യപരിരക്ഷ, കമ്പോളം, ഗ്രാമീണ റോഡുകള്‍ തുടങ്ങി മറ്റേത് സംസ്ഥാനത്തേക്കാളും മെച്ചപ്പെട്ട ഒരു ജീവിതം കേരളത്തിലെ സാധാരണക്കാര്‍ക്ക് ഉറപ്പുവരുത്താന്‍ കഴിഞ്ഞിരിക്കുന്നു.
ഈ നേട്ടങ്ങള്‍ക്കെല്ലാം പുഴുക്കുത്തുവീണുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനങ്ങളുടെ ഗുണനിലവാരം തൃപ്‌തികരമല്ല. വിദ്യാസമ്പന്നരായ പുതിയ തലമുറയ്‌ക്ക് അനുയോജ്യമായ തൊഴിലുകള്‍ സംസ്ഥാനത്ത് വേണ്ടത്രയില്ല. കൃഷിയാകട്ടെ ശോഷിച്ചുകൊണ്ടിരിക്കുകയാണ്. പരമ്പരാഗത വ്യവസായങ്ങള്‍ പ്രതിസന്ധിയിലാണ്. കേരളത്തിലെ പഴയലോകം നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ പുതിയ ലോകം കൈവന്നിട്ടുമില്ല. ഇതാണ് നമ്മുടെ ദുരവസ്ഥ. അതിന്റെ ഫലമായി കേരളത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ വന്നു. ലോകവും മാറി. മാറുന്ന ലോകത്ത് മാറിയ കേരളത്തിന് ഒരു കര്‍മ്മ പരിപാടി രൂപീകരിക്കണം. 1957ല്‍ ഐക്യകേരളത്തിന് സമഗ്രമായ ഒരു വികസന കാഴ്‌ചപ്പാട് മുന്നോട്ടുവെച്ച ഇടതുപക്ഷ പുരോഗമന ശക്തികള്‍തന്നെ ഇന്നത്തെ വികസന പ്രതിസന്ധിക്കും സമഗ്രമായൊരു പരിഹാരപരിപാടി മുന്നോട്ടുവെച്ചുകൊണ്ടാണ് 2006ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചത്. ഐക്യകേരള പ്രസ്ഥാനത്തിന്റെ കാലത്തുണ്ടായിരുന്നതുപോലെ ഇതുസംബന്ധിച്ച് ഒരഭിപ്രായ സമന്വയം ഉണ്ടാകണം. ഇത്തരമൊരു അഭിപ്രായ സമന്വയം ഉരുത്തിരിഞ്ഞുവരുന്നുണ്ട് എന്നാണ് കരുതുന്നത്.
ഒന്ന്.: കാര്‍ഷിക പരമ്പരാഗത മേഖലകളിലെ ചെറുകിട ഉല്പാദകരെയും കൂലിവേലക്കാരെയും സംരക്ഷിച്ചേതീരൂ അവരുടെ വരുമാനവര്‍ധന ഉറപ്പുവരുത്തിക്കൊണ്ടുള്ള നവീകരണവും പുനഃസംഘടനയും ഈ മേഖലകളില്‍ വേണം.
രണ്ട്. നമ്മുടെ വിദ്യാഭ്യാസ ആരോഗ്യാദി പൊതുസൌകര്യങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തണം. ഈ തുറകളില്‍ സാമൂഹ്യനീതിയും അര്‍ഹതയും ഉറപ്പുവരുത്തിക്കൊണ്ട് ഉന്നതതലങ്ങളെ വിപുലീകരിക്കണം. ഇരുപതാം നൂറ്റാണ്ടിന്റെ സാമൂഹ്യനേട്ടങ്ങള്‍ സംരക്ഷിച്ചുകൊണ്ടുവേണം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാമ്പത്തിക കുതിപ്പിന് കേരളം തയ്യാറെടുക്കാൻ.
മൂന്ന്. ദ്രുതഗതിയിലുള്ള വളര്‍ച്ച ഉറപ്പുതരുന്നതും നമുക്ക് നല്ല മത്സരശേഷിയുള്ളതുമായ പുതിയ മേഖലകള്‍ കണ്ടെത്തി പ്രത്യേക ഊന്നല്‍ നല്‍കണം. എങ്കിലേ സാമ്പത്തിക വളര്‍ച്ചയുടെ വേഗത ഇനിയും ഉയര്‍ത്താനാകൂ. വിദ്യാസമ്പന്നരായ യുവതിയുവാക്കളുടെ തൊഴില്‍ പ്രതീക്ഷകള്‍ക്ക് അനുസൃതമായ വിജ്ഞാനം അടിസ്ഥാനമായ ഐ.ടിപോലുള്ള മേഖല, സേവനപ്രധാനമായ ടൂറിസംപോലുള്ള തുറകൾ, വൈദഗ്ദ്യപ്രധാനമായ വ്യവസായങ്ങളും ലൈറ്റ് എഞ്ചിനിയറിംഗും മൂല്യവര്‍ധനവില്‍ കുതിച്ചുചാട്ടം ഉറപ്പുവരുത്തുന്ന കാര്‍ഷിക ഉല്പന്ന സംസ്‌ക്കരണം തുടങ്ങിയ വ്യവസായങ്ങളും ആണ് നമ്മുടെ പുതിയ വളര്‍ച്ചാ സ്രോതസ്സുകൾ. ഇവിടങ്ങളില്‍ വലിയതോതില്‍ സ്വകാര്യനിക്ഷേപം അനിവാര്യമാണ്. ഇതിന് പ്രചോദനം നല്‍കുന്ന രീതിയിൽ ഭൌതികവും സാമൂഹ്യവുമായ പശ്ചാത്തല സൌകര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. ഭൂതകാലത്തിലെ ജനകീയക്ഷേമനേട്ടങ്ങള്‍ സംരക്ഷിച്ചുവേണം പുതിയ വളര്‍ച്ചാസ്രോതസുകളിലേക്കുള്ള വഴികള്‍ തുറക്കുവാൻ. കാര്‍ഷിക മേഖലയില്‍ വിളകളെ അടിസ്ഥാനമാക്കി മുകളില്‍നിന്നുള്ള വികസന തന്ത്രത്തിനുപകരം പ്രാദേശിക സ്ഥല-ജല പ്രത്യേകതകള്‍ കണക്കിലെടുത്തുകൊണ്ടുള്ള നീര്‍ത്തടാടിസ്ഥാനത്തിലുള്ള ആസൂത്രണത്തിലേക്ക് ചുവടുമാറണം.
നാല്. ഇരുപതാം നൂറ്റാണ്ടില്‍ കൈവരിക്കാന്‍ കഴിയാതെപോയ ചില സാമൂഹ്യലക്ഷ്യങ്ങള്‍ ഇനി നമുക്ക് യാഥാര്‍ഥ്യമാക്കാന്‍ കഴിയണം. പൊതുധാരയില്‍നിന്ന് ഒറ്റപ്പെട്ടുപോയ ആദിവാസികൾ, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവരുടെ പിന്നോക്കാവസ്ഥ പരിഹരിക്കുക, തുല്യതയും നീതിയും സ്‌ത്രീകള്‍ക്ക് ഉറപ്പുവരുത്തുക, പരിസ്ഥിതി സംരക്ഷിക്കുക എന്നിവയാണിവ. ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയും നീതിപൂര്‍വ്വമുള്ള വളര്‍ച്ചയും തമ്മില്‍ വൈരുധ്യമുണ്ട് എന്ന വാദഗതികളെ നമ്മള്‍ നിരാകരിക്കുകയാണ്.
അഞ്ച്. ജനാധിപത്യ അധികാര വികേന്ദ്രീകരണവും മറ്റ് ഭരണപരിഷ്‌ക്കാരങ്ങളും അഴിമതി നിര്‍മ്മാര്‍ജ്ജനവും. നമ്മുടെ വികസന തന്ത്രത്തില്‍ മറ്റൊരു മുഖ്യഘടകം
ചുരുക്കത്തില്‍ നീതിപൂര്‍വ്വവും സ്ഥായിയും ആയ ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയാണ് നമ്മുടെ അജണ്ട. ഇതിലെ പുതിയ ഘടകം ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയാണ്. ഈ വികസന സമീപനത്തെ അടിസ്ഥാനമാക്കി വിപുലമായ അഭിപ്രായ സമന്വയം സംസ്ഥാനത്ത് സൃഷ്‌ടിക്കാന്‍ കഴിയും. കേന്ദ്ര സര്‍ക്കാരിന്റെ ആഗോളവല്‍ക്കരണ നയങ്ങളെക്കുറിച്ചും വികസനത്തിന്റെ പൊതുചട്ടക്കൂടിനെക്കുറിച്ചും അടിസ്ഥാനപരമായ അഭിപ്രായവ്യത്യാസങ്ങള്‍ മറച്ചുവെക്കാനാകില്ല. വികസന സ്‌കീമുകളെ സംബന്ധിച്ച പ്രായോഗിക നിലപാടുകളെയും അവ സ്വാധീനിക്കും. ഈ അടിസ്ഥാനത്തിലാണല്ലോ രണ്ട് രാഷ്‌ട്രീയ മുന്നണികള്‍ കേരളത്തില്‍ നിലനില്‍ക്കുന്നത്. ഈ അഭിപ്രായഭേദങ്ങള്‍ മറച്ചുവെക്കാതെതന്നെ മുകളില്‍ വിവരിച്ച വികസന തന്ത്രം പ്രായോഗികമായി നടപ്പാക്കുന്നതിന് വിശാലമായ ജനകീയ ഐക്യം വളര്‍ത്തിയെടുക്കുന്നതിനാണ് നമ്മള്‍ പരിശ്രമിക്കേണ്ടത്.
പുതിയ വികസനതന്ത്രം നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് സുപ്രധാനമായ പങ്കുണ്ടായിരിക്കും. സര്‍ക്കാര്‍ പിന്‍വാങ്ങുകയല്ല കൂടുതല്‍ ശക്തമായി ഇടപെടുകയാണ് വേണ്ടത്. എന്നാല്‍ ഇതിനു തടസ്സം നില്‍ക്കുന്ന രണ്ടു കാര്യങ്ങളുണ്ട്. ഒന്നാമത്തേത് നമ്മുടെ ഭരണയന്ത്രം തുരുമ്പെടുത്തിരിക്കുന്നുവെന്നതാണ്. അധികാരവികേന്ദ്രീകരണം പകുതിവഴിയിലേ ആയിട്ടുള്ളൂ. ഇത് പൂര്‍ണമാകണമെങ്കില്‍ ഈ മാറ്റങ്ങള്‍ക്കനുസൃതമായി മുകള്‍തട്ടിലെ മനോഭാവങ്ങളിലും സമ്പ്രദായങ്ങളിലും മാറ്റം വരണം. ഭരണപരിഷ്‌ക്കാര കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ഏതാണ്ട് വിസ്‌മൃതിയിലായിരുന്നുവല്ലോ.
രണ്ടാമത്തെ ദൌര്‍ബല്യം സര്‍ക്കാരിന്റെ ധനകാര്യപ്രതിസന്ധിയാണ്. ഇതിനു പരിഹാരമായി ഇന്ന് ദേശീയതലത്തില്‍ ഔദ്യോഗികമയി അംഗീകരിക്കപ്പെട്ടിരിക്കുന്ന പ്രതിവിധി നമുക്ക് സ്വീകാര്യമല്ല. ജനങ്ങളുടെ ക്ഷേമവും വികസനവും എന്തുമാവട്ടെ ധനഉത്തരവാദിത്വ നിയമത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ റവന്യൂകമ്മി ഇല്ലാതാക്കുന്നതിനുവേണ്ടി പണമുണ്ടെങ്കിലും ചെലവ് ചുരുക്കണമെന്ന വാദത്തെ നാം എതിര്‍ക്കുന്നു. റവന്യൂകമ്മി ഗണ്യമായി കുറയ്‌ക്കുകയോ ഇല്ലാതാക്കുകയോ വേണം എന്നുള്ളതില്‍ തര്‍ക്കമില്ല. എന്നാല്‍ സര്‍ക്കാരിന്റെ വികസന മേഖലയിലെ ഇടപെടല്‍ ദുര്‍ബലപ്പെടുത്തിയും സാമൂഹ്യക്ഷേമ ചെലവുകള്‍ കുറച്ചുകൊണ്ടും റവന്യൂ-ധന കമ്മി കുറയ്‌ക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതിന് യാഥാര്‍ഥ്യബോധത്തോടെയുള്ള ഒരു സമയപ്പട്ടികവേണം. ഇക്കാര്യത്തില്‍ വ്യക്തമായ ഒരു ധനകാര്യ കാഴ്‌ചപ്പാട് സര്‍ക്കാരിനുണ്ട്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ റവന്യൂ കമ്മി 3.3 ശതമാനമായിരുന്നു. 2009-10 ല്‍ അത് 1.9 ശതമാനമായി കുറഞ്ഞിരിക്കുന്നു. 2010-11 ഓടെ റവന്യൂ കമ്മി ഇല്ലാതാക്കണമെന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ 2010-11 ല്‍ ഇത് 1.4 ശതമാനമായി കുറയുകയേയുളളു. 13-ആം ധനകമ്മീഷന്‍ തീര്‍പ്പുകള്‍ സംസ്ഥാനത്തിന് ദോഷകരമായതാണ് ഇതിനു കാരണം. സംസ്ഥാനത്തിനുളള കേന്ദ്ര നികുതി വിഹിതം 2.6 ശതമാനമായിരുന്നത് ധനകമ്മീഷന്‍ തീര്‍പ്പുപ്രകാരം 2.3 ശതമാനമായി കുറഞ്ഞിരിക്കുന്നു. ഇത് 13-ആം ധനകമ്മീഷന്റെ അവാര്‍ഡ് കാലയളവില്‍ സംസ്ഥാന സര്‍ക്കാരിന് 5000 കോടി രൂപയുടെ നഷ്‌ടമുണ്ടാക്കുമെന്നാണ് കണക്കാക്കിയിട്ടുളളത്. ഈ പ്രതികൂല അവസ്ഥയിലും റവന്യൂ കമ്മി കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കമ്മി പൂജ്യമാക്കണമെങ്കില്‍ ശമ്പള പരിഷ്‌ക്കരണ ചെലവുകളും പെന്‍ഷന്‍ ചെലവുകളും സൂമൂഹ്യക്ഷേമ ചെലവുകളും വേണ്ടെന്നു വയ്‌ക്കണം. ഇതിനു സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ല. അര്‍ഹമായ കേന്ദ്ര നികുതി വിഹിതം നിഷേധിച്ച് റവന്യൂ കമ്മി ഇല്ലാതാക്കുന്നതിന്റെ ‘ഭാരം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കണം എന്ന നയത്തോട് ഇടതുമുന്നണി സര്‍ക്കാരിന് യോജിപ്പില്ല.
ധനകമ്മിക്ക് യാന്ത്രിക പരിധികള്‍ നിശ്ചയിക്കുന്നതിനോട് സംസ്ഥാന സര്‍ക്കാരിന് യോജിപ്പില്ല. എന്നാലും ഇത് പരിധിക്കപ്പുറം കടന്നുകൂടാ. സംസ്ഥാന സര്‍ക്കാരിന്റെ ധനസ്ഥിക്ക് താങ്ങാവുന്നതിനപ്പുറം കടം പാടില്ല എന്നര്‍ത്ഥം. മൂലധന ചെലവുകള്‍ക്ക് കടംവാങ്ങാനേ പാടില്ല എന്ന നിലപാട് ഇടതുമുന്നണി സര്‍ക്കാരിനില്ല. കടം താങ്ങാവുന്നതാകണമെന്നു മാത്രം. കടം വാങ്ങുന്ന പണം വികസന ചെലവുകള്‍ക്ക് മുടക്കുകയും വേണം. ഇത്തരത്തിലുളള ഒരു പരിശോധനയും സംഗതമാണ്. 2004-05 ല്‍ 4.04 ശതമാനമായിരുന്ന ധനകമ്മി 2010-11 ലെ ബഡ്‌ജറ്റ് കണക്കുകള്‍ പ്രകാരം 3.49 ശതമാനമായി കുറയും. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുളള പരിധി 3.50 ആണ്. ഇങ്ങനെ കടം വാങ്ങുന്ന പണം മൂലധനചെവുകള്‍ക്ക് മുടക്കുന്നുണ്ടൊ എന്നത് പ്രസക്തമാണ്. മൂലധനചെലവുകളില്‍ ഉണ്ടായിട്ടുളള നാടകീയമായ വളര്‍ച്ച സംസ്ഥാന ധനനയത്തിന്റെ ശരിമ തെളിയിക്കുന്നതാണ്. 2004-05 ല്‍ 682 കോടി രൂപ മാത്രമായിരുന്ന മൂലധന ചെലവ് 2010-11 ല്‍ 4145 കോടി രൂപയായി ഉയരും. ഇത് സര്‍വ്വകാല റക്കോര്‍ഡാണ്.
മാന്ദ്യകാലത്ത് ഭരണാനുമതി നല്‍കിയ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ആവശ്യമായ പണം ബഡ്‌ജറ്റില്‍ വകകൊളളിച്ചിരിക്കുകയാണ്. കടത്തിന്റെ പലിശ ഭാരം എത്രയെന്നതും പ്രസക്തമായ ഒരു വസ്‌തുതയാണ്. 2004-05 ല്‍ സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 3.28 ശതമാനമായിരുന്നു പലിശച്ചെലവ്. ഇത് 2010-11 ല്‍ 2.36 ശതമാനമായി കുറയും. ആകെ കടബധ്യതയിലും ഗണ്യമായ കുറവാണ് ഉണ്ടായിട്ടുളളത്. 2004-05 ല്‍ സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 39.12 ശതമാനമായിരുന്ന കടബാധ്യത 2010-11 ല്‍ 32.02 ശതമാനമായി കുറയും. ചുരുക്കത്തില്‍ കടവും പലിശയും കുറയുന്നു. അതേ സമയം തന്നെ മൂലധനചെലവ് ഗണ്യമായി ഉയരുന്നു. സംസ്ഥാന ധനസ്ഥിതിയുടെ ഏറ്റവും ആരോഗ്യകരമായ ഒരുചിത്രമാണ് ഇതു നല്‍കുന്നത്.
റവന്യൂകമ്മി മറ്റൊരുതരത്തില്‍ ഇല്ലാതാക്കുന്നതിനും വ്യക്തമായ തന്ത്രം ആവിഷ്‌ക്കരിച്ചിരിച്ചിട്ടുണ്ട്. അതിന്റെ മുഖ്യവശം റവന്യൂ വരുമാനത്തില്‍ ഗണ്യമായ വര്‍ധന ഉറപ്പുവരുത്തുക എന്നതാണ്. 2004-05 ല്‍ 9783 കോടി രൂപയായിരുന്ന തനതു വരുമാനം 2010-11 ല്‍ 23198 കോടി രൂപയായി ഉയര്‍ന്നു. മൂല്യവര്‍ധിത നികുതിയിലും വില്‍പ്പനനികുതിയിലുമുണ്ടായ വര്‍ദ്ധനവാണ് ഇതിന് ആധാരം. ആഗോള സാമ്പത്തിക മാന്ദ്യം പ്രതികൂലമായി ബാധിച്ചിട്ടും സംസ്ഥാനത്തിന്റെ വാണിജ്യ വില്‍പന നികുതി വര്‍ദ്ധനവ് 14 ശതമാനമാണ്. കഴിഞ്ഞ നാലുകൊല്ലത്തെ ശരാശരി നികുതി വളര്‍ച്ച 20 ശതമാനം വരും.
ഉപസംഹാരം
ഇരുപതാം നൂറ്റാണ്ടില്‍ കേരളം മുതലാളിത്ത വികസനപാതയ്‌ക്കുള്ളില്‍നിന്നുകൊണ്ട് താരതമ്യേന ജനക്ഷേമകരമായ ഒരു വികസനപാത സൃഷ്‌ടിച്ചു. മുതലാളിത്ത വ്യവസ്ഥയുടെ എല്ലാ പരിമിതികളും ഉണ്ടെങ്കിലും സമാനമായ മറ്റുപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട ജീവിതസൌകര്യങ്ങള്‍ അത് കേരളത്തിലെ പൌരന്മാര്‍ക്ക് നല്‍കി. കേരള വികസന മാതൃക എന്നും മറ്റും പറയുന്ന ഈ പ്രതിഭാസം, പൌരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള കൊളോണിയല്‍ കാലഘട്ടത്തിലെയടക്കമുള്ള പ്രക്ഷോഭ പ്രവര്‍ത്തനങ്ങളിലൂടെയാണ് രൂപംകൊണ്ടത്. കൊളോണിയല്‍ ചട്ടക്കൂടിനുള്ളിലും ഈ ജനമുന്നേറ്റത്തെ പാടെ തിരസ്‌ക്കരിക്കുന്നതിന് സാമ്രാജ്യത്വത്തിന് കഴിഞ്ഞില്ല. സ്വാതന്ത്ര്യാനന്തര കാലത്ത് മുതലാളിത്ത വികസന ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുതന്നെ കേരളത്തില്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ ഈ പാരമ്പര്യത്തെ മുന്നോട്ടുകൊണ്ടുപോയി. ഐക്യകേരളത്തിലെ പ്രഥമസര്‍ക്കാര്‍ ഈ പ്രക്രിയയിലെ നിര്‍ണായക നാഴികക്കല്ലായിരുന്നു.
ജനങ്ങളുടെ ചെറുത്തുനില്‍പ്പിനും പ്രക്ഷോഭത്തിനും അവയോട് പ്രതികരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കും അടിസ്ഥാനപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍പോലും കൂടുതല്‍ ജനക്ഷേമകരമായ ഒരു സ്ഥിതിവിശേഷം സൃഷ്‌ടിക്കാനാവുമെന്ന് നമ്മുടെ അനുഭവം കാണിക്കുന്നു. ഈ പാരമ്പര്യത്തില്‍നിന്ന് ആവേശമുള്‍ക്കൊണ്ടുകൊണ്ടാണ് അമ്പതാം വാര്‍ഷികവേളയില്‍ പുതിയൊരു വികസന അജണ്ടയ്‌ക്ക് തുടക്കം കുറിക്കുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനുമുള്ള കാല്‍വയ്പ് നടത്തുന്നത്.
പുനര്‍വിതരണത്തില്‍ ഊന്നിക്കൊണ്ടുള്ള സാമൂഹ്യ സാമ്പത്തിക നീതിയുടെ ഭൂതകാലത്തില്‍നിന്ന് ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയുടെയും ആധുനികവല്‍ക്കരണത്തിന്റെയും ഭാവിയിലേക്ക് കേരളം നീങ്ങുകയാണ്. ഈ രണ്ട് ലോകങ്ങള്‍തമ്മില്‍ ഒരു പാലം പണിയേണ്ടതുണ്ട്. സാമ്പത്തികനീതിയും ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയും സമന്വയിപ്പിച്ചുകൊണ്ടുള്ള പുതിയൊരു കേരള മാതൃക സൃഷ്‌ടിക്കേണ്ടിയിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ നേട്ടങ്ങള്‍ മുറുകെപിടിച്ചുകൊണ്ടുവേണം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഉയരങ്ങളിലേക്ക് കയറാന്‍. ഈയൊരു കാഴ്‌ചപ്പാടോടെ കര്‍ഷിക പരമ്പരാഗത മേഖലകള്‍ക്കും വിദ്യാഭ്യാസ ആരോഗ്യാദി സേവനതുറകള്‍ക്കും ടൂറിസം, ഐ.ടി., ആധുനിക വ്യവസായങ്ങള്‍ തുടങ്ങിയ പുതിയ വളര്‍ച്ചാസ്രോതസ്സുകള്‍ക്കും ഏതാണ്ട് തുല്യപ്രാധാന്യംനല്‍കുന്ന ഒരു സമീപനമാണ് സ്വീകരിച്ചുപോരുന്നത്.
*****
ഡോ. ടി.എം. തോമസ് ഐസക് , കടപ്പാട് : യുവധാര
1 comment:
ഇരുപതാം നൂറ്റാണ്ടില്‍ കേരളം മുതലാളിത്ത വികസനപാതയ്‌ക്കുള്ളില്‍നിന്നുകൊണ്ട് താരതമ്യേന ജനക്ഷേമകരമായ ഒരു വികസനപാത സൃഷ്‌ടിച്ചു. മുതലാളിത്ത വ്യവസ്ഥയുടെ എല്ലാ പരിമിതികളും ഉണ്ടെങ്കിലും സമാനമായ മറ്റുപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട ജീവിതസൌകര്യങ്ങള്‍ അത് കേരളത്തിലെ പൌരന്മാര്‍ക്ക് നല്‍കി. കേരള വികസന മാതൃക എന്നും മറ്റും പറയുന്ന ഈ പ്രതിഭാസം, പൌരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള കൊളോണിയല്‍ കാലഘട്ടത്തിലെയടക്കമുള്ള പ്രക്ഷോഭ പ്രവര്‍ത്തനങ്ങളിലൂടെയാണ് രൂപംകൊണ്ടത്. കൊളോണിയല്‍ ചട്ടക്കൂടിനുള്ളിലും ഈ ജനമുന്നേറ്റത്തെ പാടെ തിരസ്‌ക്കരിക്കുന്നതിന് സാമ്രാജ്യത്വത്തിന് കഴിഞ്ഞില്ല. സ്വാതന്ത്ര്യാനന്തര കാലത്ത് മുതലാളിത്ത വികസന ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുതന്നെ കേരളത്തില്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ ഈ പാരമ്പര്യത്തെ മുന്നോട്ടുകൊണ്ടുപോയി. ഐക്യകേരളത്തിലെ പ്രഥമസര്‍ക്കാര്‍ ഈ പ്രക്രിയയിലെ നിര്‍ണായക നാഴികക്കല്ലായിരുന്നു.
ജനങ്ങളുടെ ചെറുത്തുനില്‍പ്പിനും പ്രക്ഷോഭത്തിനും അവയോട് പ്രതികരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കും അടിസ്ഥാനപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍പോലും കൂടുതല്‍ ജനക്ഷേമകരമായ ഒരു സ്ഥിതിവിശേഷം സൃഷ്‌ടിക്കാനാവുമെന്ന് നമ്മുടെ അനുഭവം കാണിക്കുന്നു. ഈ പാരമ്പര്യത്തില്‍നിന്ന് ആവേശമുള്‍ക്കൊണ്ടുകൊണ്ടാണ് അമ്പതാം വാര്‍ഷികവേളയില്‍ പുതിയൊരു വികസന അജണ്ടയ്‌ക്ക് തുടക്കം കുറിക്കുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനുമുള്ള കാല്‍വയ്പ് നടത്തുന്നത്.
പുനര്‍വിതരണത്തില്‍ ഊന്നിക്കൊണ്ടുള്ള സാമൂഹ്യ സാമ്പത്തിക നീതിയുടെ ഭൂതകാലത്തില്‍നിന്ന് ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയുടെയും ആധുനികവല്‍ക്കരണത്തിന്റെയും ഭാവിയിലേക്ക് കേരളം നീങ്ങുകയാണ്. ഈ രണ്ട് ലോകങ്ങള്‍തമ്മില്‍ ഒരു പാലം പണിയേണ്ടതുണ്ട്. സാമ്പത്തികനീതിയും ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയും സമന്വയിപ്പിച്ചുകൊണ്ടുള്ള പുതിയൊരു കേരള മാതൃക സൃഷ്‌ടിക്കേണ്ടിയിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ നേട്ടങ്ങള്‍ മുറുകെപിടിച്ചുകൊണ്ടുവേണം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഉയരങ്ങളിലേക്ക് കയറാന്‍. ഈയൊരു കാഴ്‌ചപ്പാടോടെ കര്‍ഷിക പരമ്പരാഗത മേഖലകള്‍ക്കും വിദ്യാഭ്യാസ ആരോഗ്യാദി സേവനതുറകള്‍ക്കും ടൂറിസം, ഐ.ടി., ആധുനിക വ്യവസായങ്ങള്‍ തുടങ്ങിയ പുതിയ വളര്‍ച്ചാസ്രോതസ്സുകള്‍ക്കും ഏതാണ്ട് തുല്യപ്രാധാന്യംനല്‍കുന്ന ഒരു സമീപനമാണ് സ്വീകരിച്ചുപോരുന്നത്.
Post a Comment