Friday, September 10, 2010

അതേ കുട്ടി, അതേ കഥ

1968 ല്‍ മാധവിക്കുട്ടി 'വിശുദ്ധപശു' എന്ന കഥ എഴുതി. നന്നേ ചെറിയ കഥ.

നഗരം - പഴത്തോല്‍ പെറുക്കിത്തിന്നുന്ന കുട്ടി- ഒരു പശുവന്ന് പഴത്തോല്‍ കടിച്ചെടുത്തപ്പോള്‍, അവന്‍ അതിനെതള്ളിനീക്കി. സന്യാസിമാരെത്തിച്ചേര്‍ന്ന് ന്യായവാദം നടത്തുന്നു. കുട്ടി പശുവിനെ ഉപദ്രവിച്ചു.- അത് വിശുദ്ധമൃഗമാണ് എന്ന് കണ്ടെത്തി അവനെ കഴുത്തിലമര്‍ത്തിക്കൊല്ലുന്നു.

"ഓം നമ: ശിവായ, അങ്ങയുടെ തിരുനാമം വാഴ്ത്തപ്പെടട്ടെ'' എന്ന സന്യാസിയൊച്ചയില്‍ കഥ തീരുകയാണ്.

കുപ്പത്തൊട്ടി എന്ന വാക്ക് തുടക്കത്തിലെന്നപോലെ ഒടുക്കത്തിലുമുണ്ട്. കുട്ടി പഴത്തോല്‍ കണ്ടെടുക്കുന്ന കുപ്പത്തൊട്ടിയില്‍ തന്നെയാണ് അവന്റെ ജഡം നിക്ഷേപിക്കപ്പെടുന്നതും. പട്ടിണികിടക്കുന്നവനെ നോക്കിക്കാണാന്‍ സന്യാസിമാര്‍ക്ക് കണ്ണില്ല. പട്ടിണി ആകാശവും മണ്ണുംപോലെ സ്വാഭാവികവും സനാതനവുമായ ഒരു കാഴ്‌ചയായിട്ടാവണം അവര്‍ക്ക് തോന്നുന്നത്. വിശപ്പടക്കാന്‍ നഗരപ്പശുവിനോട് മത്സരിക്കുന്ന പട്ടിണിക്കുട്ടി അവര്‍ക്ക് മതശത്രുവായിത്തീരുന്നു.

പഴത്തോല്‍ മനുഷ്യരുടെ തീറ്റ വസ്‌തുവല്ല- അതിനാല്‍ അതുതേടിയെത്തിയ പശുവിനെ കുറ്റപ്പെടുത്താനാവില്ല. അതേസമയം പശുവിന്റെവരവ് കുട്ടിയുടെ ദൈന്യത്തെ പെരുപ്പിക്കുകമാത്രമാണ് എന്നുമറിയണം. വിശപ്പാണ് പശുവിനെ ഓടിക്കാന്‍ ശ്രമിക്കുന്നതിലേക്ക് അവനെ നയിക്കുന്നത്. അത് അനൌചിത്യമാണെങ്കില്‍ പട്ടിണിക്കാരന്റെ അനൌചിത്യമാണത്.

ഈ വിഷയവുമായി ഒരു ബന്ധവുമില്ലാത്ത ഒന്നാണ് സന്യാസിമാരുടെ വരവോടെ ഉണ്ടാകുന്നത്. അവരും, അധികമാളുകളുടെയും ജീവിതത്തിന്റെ പുറന്തോല്‍ മാത്രമായ, മതത്തെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. പശുവിനെ തള്ളിനീക്കിയ കുട്ടിയുടെ വിശദീകരണം തൃപ്തികരമാണ് - വാസ്‌തവത്തില്‍ അതിന്റെയൊന്നും ആവശ്യമില്ലെങ്കിലും.

പക്ഷേ സന്യാസിമാര്‍ക്ക് ഒരു ചോദ്യം ഉന്നയിക്കാനുണ്ട് - '' നിന്റെ മതമേതാണ്?''

"മതം? അതെന്താണ്?'' എന്നാണ് പട്ടിണിക്കുട്ടിയുടെ ചോദ്യം.

മതം ഒഴിഞ്ഞ വയറുകള്‍ക്കുള്ളതല്ല എന്ന് കവി വിവേകാനന്ദന്റെ വിവേകം. ദാരിദ്ര്യമാണ് കുട്ടിയുടെ മതം- പഴത്തോലാണ് അവന്റെ അപ്പോഴത്തെ ദൈവം.

ഇത് സന്യാസിമാര്‍ക്കറിയേണ്ട. അവര്‍ വ്യാജപ്രശ്‌നനിര്‍മ്മാണാനന്ദന്മാരാണ്. സന്യാസവൃത്തിയുമായി പണ്ടേയ്ക്കുപണ്ടേ ചേര്‍ത്തുപറയുന്ന അറിവിന്റെ ഉള്ളില്‍ ഇപ്പോള്‍ പട്ടിണിയുടെ അനാകര്‍ഷകമായ ചരിത്രത്തിന് ഇടമില്ല. ആരാധനാലയങ്ങളില്‍ പോകാറുണ്ടോ എന്ന ചോദ്യവും കുട്ടി നിഷേധിക്കുന്നു. അവന്‍ പറയാറുള്ളത്, "എനിക്ക് കുപ്പായമില്ല. എന്റെ ട്രൌസറിന്റെ പിന്‍വശം കീറിയിരിക്കുന്നു'' എന്നും മറ്റുമാണ്.

അധ്യാത്മികമല്ലാത്ത ഈ പ്രശ്‌നത്തിന് സന്യാസിമാര്‍ക്ക് പരിഹാരമില്ല. പക്ഷേ പശുവിനെ തള്ളിയ കുട്ടി അവര്‍ക്കൊരു പ്രശ്‌നമാണ്. അത് പരിഹരിക്കാനായി അവന്‍ മുസല്‍മാനായിരിക്കണം എന്ന് തീരുമാനിക്കുന്നു. ഒരു തെളിവും അവര്‍ക്കുവേണ്ട - ലിംഗനോട്ടംപോലും നടത്തുന്നില്ല. പശുവിനെ "ഉപദ്രവിച്ച''വന്‍ മുസ്ളീം തന്നെ എന്നവര്‍ക്ക് ഉറപ്പാണ്. "നീ മുസല്‍മാനായിരിക്കണം, പശുവിനെ നീ ഉപദ്രവിച്ചു'' എന്ന് അവര്‍ പറയുമ്പോള്‍ അതിലെ ആദ്യവാക്യം കുട്ടിയ്‌ക്ക് മനസ്സിലാവുന്നില്ല. അതിനാല്‍ അവന്‍ രണ്ടാംവാക്യത്തോട് പ്രതികരിക്കുന്നു.

"നിങ്ങൾ ആ പശുവിന്റെ ഉടമസ്ഥന്മാരാണോ?'' എന്നാണ് കുട്ടി ചോദിക്കുന്നത്.

'ആ പശു' എന്ന പ്രയോഗം സരളമാണെങ്കിലും സാധാരണമല്ല. കുട്ടി തള്ളിമാറ്റിയത് ഒരു പ്രത്യേക പശുവിനെയാണ് എന്നാല്‍ സന്യാസിമാരുടെ ബോധത്തില്‍ ഒരു പ്രത്യേകസന്ദര്‍ഭത്തിലെ പശുവല്ല ഉള്ളത്. പിറന്നതും പിറക്കാനിരിക്കുന്നതുമായ എല്ലാ ഭാരതീയ പശുക്കളും തങ്ങളുടെ സംരക്ഷണയിലാണ് എന്ന പ്രതീതിയിലാണ് അവര്‍ കഴിയുന്നത്.

ഇങ്ങനെ അപഹാസ്യമായ ഉടമസ്ഥത എന്ന വിഷയം നിലവില്‍ വരുന്നു- കപടമായൊരു സാംസ്‌ക്കാരികതയാണത്. കുട്ടിയുടെ ചോദ്യം ഇതിനെയാണ് അവനറിയാതെ വിമര്‍ശിക്കുന്നത്. അവന്‍ ചോദിക്കുന്ന ഒരേയൊരു ചോദ്യവും അതാണ്. അത് അവനെ സന്യാസിമാരുടെ മുമ്പില്‍ ഇരട്ട കുറ്റവാളിയാക്കുന്നു. ഒന്നും പറയാതെ അവര്‍ മരണവിധി നടപ്പിലാക്കുന്നു.

ഇതിന് ദൈവനാമത്തിന്റെ പിന്തുണയുണ്ടെന്നുകൂടി സന്യാസിമാര്‍ പ്രഖ്യാപിക്കുന്നു എന്നുകൂടി കഥയിലുണ്ടെന്നാവുമ്പോള്‍, ഹിന്ദുത്വവാദ സന്യാസത്തിന്റെ ഫാസിസ്‌റ്റ് ഭാവത്തെ നേര്‍ക്കുനേരെ കാണാന്‍ തയ്യാറാവുന്ന കഥയാണിതെന്ന് വ്യക്തമാവുന്നു. 1968 ല്‍ത്തന്നെ ഈ കഥയുണ്ടായി. നല്ല എഴുത്തുകാര്‍ ചരിത്രം കാലേകൂട്ടി വായിക്കുന്നവരാണ്. അതിനാല്‍ അത്ഭുതത്തിനിടമില്ല.

1970 ല്‍ മാധവിക്കുട്ടി 'വിശുദ്ധഗ്രന്ഥം'എന്ന കഥ എഴുതി. നന്നേ നന്നേ ചെറിയ കഥ.

ഇതിലും കുട്ടിയുണ്ട്. പുസ്‌തകപ്പീടികയാണ് കഥാസ്ഥലം. ഈ കഥയിലും 'കുട്ടി' എന്നു മാത്രമേയുള്ളൂ. അവന്റെ പേരുപറഞ്ഞാലുണ്ടാകുന്ന വ്യക്തിത്വസൂചനകള്‍ -മതവിലാസമടക്കം-ഒഴിവായിരിക്കുന്നു.

പുസ്‌തകപ്പീടികയിലെ പണിക്കാരനാണ് അവന്‍. പുസ്‌തകങ്ങള്‍ അലമാരയിലെടുത്തു വെക്കുമ്പോഴാവണം, അവന്റെ കയ്യില്‍ നിന്ന് ക്വൊറാന്റെ ഒരു പ്രതി നിലത്തുവീണുപോകുന്നു.
പുസ്‌തകപ്പീടികയില്‍ സംഭവിക്കാവുന്നത് - വീണത് വിശുദ്ധഗ്രന്ഥമായിപ്പോയാല്‍ പക്ഷേ ചിലപ്പോള്‍ കഥമാറും.

വിശുദ്ധപശുവിലെ കുട്ടിയുടെ ചോദ്യത്തിലെ ഉടമസ്ഥന്‍ എന്നയാള്‍ ഇവിടെ കഥാപാത്രമാണ്-പുസ്‌തപ്പീടികക്കാരന്‍. അയാള്‍ ഉടന്‍ ചോദിക്കുന്നു.'' നീ ഖൊറാന്‍ നിലത്തിട്ടു. നിനക്ക് എങ്ങനെ ധൈര്യമുണ്ടായി?''

"വിശപ്പുകൊണ്ട് തലതിരിയുന്നു'' എന്ന കുട്ടിയുടെ വിശദീകരണം വിചിത്രമായ ഒരു ഉത്തരംകൊണ്ടാണ് , ഈശ്വരനെ അറിയിക്കുക- തനിക്കറിയേണ്ട, എന്നാണ് അയാള്‍ പറയുന്നത്. മതമൌലികവാദിയുടെ തനിനിറം തെളിയുന്നു. ഇയാളും വ്യാജവാദനിര്‍മ്മാണവിദഗ്ധന്‍.

പിന്നീട് സംഭവിക്കുന്നത് വിശുദ്ധപശുവിലെ കാര്യംതന്നെ. കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ട കുട്ടി വധിക്കപ്പെടുന്നു.

ഇത്തവണ മതമേത് എന്ന ചോദ്യമില്ല. പുസ്‌തപ്പീടികക്കാരന്റെ മതത്തില്‍ തന്നെയാവണം കുട്ടിയ്‌ക്കംഗത്വം എന്ന് ധ്വനി. അതൊന്നും അയാളെ സ്വാധീനിക്കുന്നില്ല എന്നും വായനക്കാര്‍ അറിയുന്നു.

പേനാക്കത്തികൊണ്ട് (പുസ്‌തകപ്പീടികയായതിനാല്‍ 'പേനാക്കത്തി' എന്ന പ്രയോഗം സവിശേഷാര്‍ത്ഥം നേടുന്നു) കുട്ടി വധിക്കപ്പെടുന്നു. ഏത് പുസ്‌തകപ്പീടികയിലും, അത് മതമൌലികവാദിയുടേതാണെങ്കില്‍, വധോദ്യുക്തമായ ഒരു കത്തി തയ്യാറായുണ്ട് എന്ന അറിവ് ഭയാനകമാണ്.

കഥയുടെ ഒടുക്കം 'വിശുദ്ധപശു'വിലേതുപോലെത്തന്നെ. അതില്‍ സന്യാസിമാര്‍ പറഞ്ഞവാക്യം തന്നെ ഇവിടെ ഉടമസ്ഥന്‍ പറയുന്നു.

'' ദൈവമേ, അങ്ങയുടെ തിരുനാമം വാഴ്ത്തപ്പെടട്ടെ!'


വര്‍ഗ്ഗീയവാദം ഇന്നത്തെ നിലയില്‍ ചര്‍ച്ചാവിഷയമാവുന്നതിന് മുമ്പ് 1968-70 കാലത്താണ് ഈ കഥകള്‍, പുറവും മറുപുറവുമെന്നപോലെ, മാധവിക്കുട്ടി എഴുതിയത്. വര്‍ഗ്ഗീയവാദത്തിന് വളരെ വിചിത്രമായ യുക്തികളാണ് എപ്പോഴുമുള്ളതെന്നും അവ വാസ്‌തവത്തില്‍ യുക്തികളേ അല്ലെന്നും, അവ യുക്തികളുടെ രൂപമെടുക്കുന്ന വിധ്വംസകതയാണെന്നും- ഈ കഥകളില്‍ നിന്ന് ജനാധിപത്യവാദികള്‍ക്ക് എളുപ്പത്തിലറിയാം.

ഒരേ ഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഇരട്ടക്കഥകള്‍ എന്ന നിലയില്‍ (സമ്പൂര്‍ണ്ണകഥകളുടെ സമാഹാരത്തില്‍ ഇവ തൊട്ടുതൊട്ടല്ല ഉള്ളതെങ്കിലും) വര്‍ഗ്ഗീയവാദം അതേതു മതത്തിന്റെ മുഖവുമായിവന്നാലും ഭീകരമാണെന്ന് ഇവ കാണിച്ചുതരുന്നു.

വലിയ വിഷയം പട്ടിണിയാണെന്നത് കഥകളിലെ ധ്വനിയല്ല. അത് തെളിച്ച് പറയുന്നു. കഥാകാരി ഇങ്ങനെയാണ് തീരുമാനിച്ചിരിക്കുന്നത് എന്നതും ആഖ്യാനശാസ്‌ത്രപരമായും സാമൂഹ്യശാസ്‌ത്രപരമായും ശ്രദ്ധേയമാണ്. കഥാനാമങ്ങള്‍-വിശുദ്ധപശു, വിശുദ്ധഗ്രന്ഥം-മതമൌലികവാദികളുടെ യുക്തിരഹിതമായ വിശുദ്ധവാദത്തിലെ ഹിംസാത്മകതയെ അധികമായി പ്രക്ഷേപിക്കുന്നുണ്ട്.

വര്‍ഗ്ഗീയ പ്രതികരണങ്ങളുടെ 'പൊടുന്നനെ' എന്ന സ്വഭാവമാണ് കഥയിലെ മറ്റൊരുവിഷയം. 'വിശുദ്ധപശു'വില്‍ 'ഉടനെ' എന്ന വാക്കുതന്നെയുണ്ട്. "സന്യാസിമാര്‍ ഉടനെ പ്രത്യക്ഷപ്പെട്ടു''. പുസ്‌തകപ്പീടികക്കാരന്റെ പ്രതികരണവും തീരുമാനവും ഇതേപോലെ അതിവ്യഗ്രം തന്നെ. വിവേകബലത്തെ കൊന്നിട്ടാണ് തിടുക്കം പ്രവര്‍ത്തിക്കുന്നത്.

കുട്ടികളുടെ കൊലപാതകികളുടെ തുടര്‍ജീവിതമെങ്ങനെയാണ്, അവര്‍ നിയമവ്യവസ്ഥയുടെ മുന്നിലെത്തുന്നുണ്ടോ എന്നൊന്നും കഥകളിലില്ല. ഇക്കാര്യം രചനാപരമായ ഏകാഗ്രതമാത്രം മുന്‍നിര്‍ത്തി ഒഴിവായതല്ല- വര്‍ഗ്ഗീയവാദങ്ങളില്‍ കുറ്റവാളികള്‍ മിക്കപ്പോഴും രക്ഷപ്പെടുകയാണ് എന്ന നിരീക്ഷണമാണ് ഈ അഭാവത്തില്‍ സന്നിഹിതമായിരിക്കുന്നത്. അതിലുള്ള പ്രതിഷേധമാണ് കഥകളുണ്ടായതിന്റെ ഒരു കാരണവും.

****

ഇ പി രാജഗോപാലന്‍, കടപ്പാട് : യുവധാര

4 comments:

വര്‍ക്കേഴ്സ് ഫോറം said...

രേ ഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഇരട്ടക്കഥകള്‍ എന്ന നിലയില്‍ (സമ്പൂര്‍ണ്ണകഥകളുടെ സമാഹാരത്തില്‍ ഇവ തൊട്ടുതൊട്ടല്ല ഉള്ളതെങ്കിലും) വര്‍ഗ്ഗീയവാദം അതേതു മതത്തിന്റെ മുഖവുമായിവന്നാലും ഭീകരമാണെന്ന് ഇവ കാണിച്ചുതരുന്നു.

വലിയ വിഷയം പട്ടിണിയാണെന്നത് കഥകളിലെ ധ്വനിയല്ല. അത് തെളിച്ച് പറയുന്നു. കഥാകാരി ഇങ്ങനെയാണ് തീരുമാനിച്ചിരിക്കുന്നത് എന്നതും ആഖ്യാനശാസ്‌ത്രപരമായും സാമൂഹ്യശാസ്‌ത്രപരമായും ശ്രദ്ധേയമാണ്. കഥാനാമങ്ങള്‍-വിശുദ്ധപശു, വിശുദ്ധഗ്രന്ഥം-മതമൌലികവാദികളുടെ യുക്തിരഹിതമായ വിശുദ്ധവാദത്തിലെ ഹിംസാത്മകതയെ അധികമായി പ്രക്ഷേപിക്കുന്നുണ്ട്.

വര്‍ഗ്ഗീയ പ്രതികരണങ്ങളുടെ 'പൊടുന്നനെ' എന്ന സ്വഭാവമാണ് കഥയിലെ മറ്റൊരുവിഷയം. 'വിശുദ്ധപശു'വില്‍ 'ഉടനെ' എന്ന വാക്കുതന്നെയുണ്ട്. "സന്യാസിമാര്‍ ഉടനെ പ്രത്യക്ഷപ്പെട്ടു''. പുസ്‌തകപ്പീടികക്കാരന്റെ പ്രതികരണവും തീരുമാനവും ഇതേപോലെ അതിവ്യഗ്രം തന്നെ. വിവേകബലത്തെ കൊന്നിട്ടാണ് തിടുക്കം പ്രവര്‍ത്തിക്കുന്നത്.

കുട്ടികളുടെ കൊലപാതകികളുടെ തുടര്‍ജീവിതമെങ്ങനെയാണ്, അവര്‍ നിയമവ്യവസ്ഥയുടെ മുന്നിലെത്തുന്നുണ്ടോ എന്നൊന്നും കഥകളിലില്ല. ഇക്കാര്യം രചനാപരമായ ഏകാഗ്രതമാത്രം മുന്‍നിര്‍ത്തി ഒഴിവായതല്ല- വര്‍ഗ്ഗീയവാദങ്ങളില്‍ കുറ്റവാളികള്‍ മിക്കപ്പോഴും രക്ഷപ്പെടുകയാണ് എന്ന നിരീക്ഷണമാണ് ഈ അഭാവത്തില്‍ സന്നിഹിതമായിരിക്കുന്നത്. അതിലുള്ള പ്രതിഷേധമാണ് കഥകളുണ്ടായതിന്റെ ഒരു കാരണവും.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പ്രസക്തം......ഈ കഥകളാണു കുട്ടികളെ പഠിപ്പിക്കേണ്ടതും..!

Suraj said...

പേനാക്കത്തി : പേയ്...നായ്...കത്തി !

അനില്‍@ബ്ലോഗ് // anil said...

പ്രസക്തമായ കഥകള്‍.
ലേബലുകള്‍ ഏതായാലും എല്ലാ മതങ്ങളും ദൈവനാമത്തില്‍ കൊലകള്‍ നടത്തുന്നു. അതില്‍ ജീവന്‍ നഷ്ടപ്പെട്ടത് പട്ടിണിക്കാരനാണെന്നത് മറ്റൊരു പൊതു ഘടകം.