Wednesday, September 22, 2010

വികേന്ദ്രീകരണം ശക്തിപ്പെടുത്താന്‍ എല്‍ഡിഎഫിന്റെ വിജയം അനിവാര്യം

തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലേക്ക് കേരളം നീങ്ങുകയാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്‌സല്‍ എന്നുകൂടി ഇതിനെ പൊതുവില്‍ വിശേഷിപ്പിക്കുന്നുണ്ട്. അധികാരം ജനങ്ങളിലേക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് കമ്യൂണിസ്‌റ്റുകാര്‍ എന്നും പൊരുതിയത്. കയ്യൂര്‍സഖാക്കള്‍ ഉള്‍പ്പെടെ അധികാരം ജനങ്ങള്‍ക്ക് ലഭിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് രക്തസാക്ഷിത്വം വരിച്ചത്. 1957ല്‍ വന്ന കമ്യൂണിസ്‌റ്റ് മന്ത്രിസഭ അധികാരവികേന്ദ്രീകരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. കമ്യൂണിസ്‌റ്റ് പാര്‍ടി നയിച്ച മന്ത്രിസഭകള്‍ പിന്നീടും ഇക്കാര്യത്തില്‍ ശുഷ്‌ക്കാന്തി കാണിച്ചു. 1957ല്‍ ഇ എം എസിന്റെയും 1997ല്‍ നായനാരുടെയും നേതൃത്വത്തില്‍ നിലവില്‍ വന്ന ഭരണപരിഷ്‌കാരകമീഷനുകള്‍ അധികാരവികേന്ദ്രീകരണത്തിന്റെ പ്രശ്‌നം ഗൌരവമായി കൈകാര്യംചെയ്‌തു. അധികാരവികേന്ദ്രീകരണത്തിനായി കേരളത്തില്‍ നടപടികള്‍ നീക്കിയപ്പോള്‍ അധികാരം കേന്ദ്രീകരിക്കാനുള്ള നയങ്ങള്‍ കേന്ദ്ര കോൺ‌ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവരാനാണ് പരിശ്രമിച്ചിരുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കേന്ദ്രം നേരിട്ട് നിയന്ത്രിക്കാന്‍ നോക്കി. ഇതിനെതിരെ പൊരുതിയാണ് സിപിഐ എം മുന്നോട്ടു പോയത്.

1996ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെയാണ് അധികാരവികേന്ദ്രീകരണപ്രക്രിയ കൂടുതല്‍ തീവ്രമായി നടപ്പാക്കാനുള്ള നടപടികള്‍ കേരളത്തില്‍ ഉണ്ടായത്. അതിന് നേതൃപരമായ പങ്ക് വഹിച്ചത് ഇ എം എസായിരുന്നു. പദ്ധതി വിഹിതത്തിന്റെ നാല്‍പ്പത് ശതമാനം ത്രിതല പഞ്ചായത്തുകള്‍ക്ക് നല്‍കി. വികസനത്തിന്റെ കുതിച്ചുചാട്ടം ഈ കാലയളവില്‍ ഉണ്ടായി. അടിസ്ഥാന സൌകര്യവികസനത്തില്‍ ഉള്‍പ്പെടെയുണ്ടായ ഈ നേട്ടങ്ങള്‍ ജനങ്ങള്‍ ആവേശത്തോടെ ഇന്നും ഓര്‍ക്കുന്നു. അതിനെ തകര്‍ക്കാനാണ് യുഡിഎഫ് ശ്രമിച്ചത്.

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയത്തിന് പ്രധാന കാരണമായിത്തീരും. യുഡിഎഫ് ഭരണത്തില്‍ കേരളം കര്‍ഷക ആത്മഹത്യകളുടെ കേന്ദ്രമായി. ആയിരത്തിലേറെ കര്‍ഷകരാണ് ആത്മഹത്യ ചെയ്‌തത്. കര്‍ഷകരെ സംരക്ഷിക്കാനോ ആത്മഹത്യചെയ്‌തവരുടെ കുടുംബങ്ങളെ സഹായിക്കാനോ ഒരു നടപടിയും യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചില്ല. നഷ്‌ടപരിഹാരം നല്‍കുന്നതിനും കടങ്ങള്‍ എഴുതിത്തള്ളുന്നതിനും തയ്യാറായത് എല്‍ഡിഎഫ് സര്‍ക്കാരാണ്.

ആദിവാസികള്‍ മുത്തങ്ങയില്‍ സമരം നടത്തിയപ്പോള്‍ വെടിവച്ചുകൊല്ലുന്ന നയമാണ് യുഡിഎഫ് സ്വീകരിച്ചത്. ഇതേപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭം നടന്നിട്ടും അത് ചെവിക്കൊള്ളാന്‍ അന്നത്തെ സര്‍ക്കാര്‍ തയ്യാറായില്ല. അവരാണ് ഇപ്പോള്‍ എല്ലാറ്റിനും ജുഡീഷ്യല്‍ അന്വേഷണം എന്ന ആവശ്യവുമായി മുന്നോട്ട് വരുന്നത്. വെടിവെയ്‌പില്‍ കൊല്ലപ്പെട്ട ആദിവാസി ജോഗിയുടെ കുടുംബത്തെ സംരക്ഷിച്ചതും ജോഗിയുടെ മകള്‍ക്ക് ജോലി നല്‍കിയതും എല്‍ഡിഎഫ് സര്‍ക്കാരാണ്.

ക്ഷേമപദ്ധതികളെ തകര്‍ക്കുക എന്നതായിരുന്നു യുഡിഎഫിന്റെ നയം. ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശികയായി. കുടിശ്ശിക വിതരണംചെയ്യുന്നതിനും പെന്‍ഷനുകള്‍ 300 രൂപയാക്കി വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടി സ്വീകരിച്ചത് ഈ സര്‍ക്കാരാണ്. ഒരു പെന്‍ഷനും ലഭിക്കാത്ത 60 വയസ്സ് തികഞ്ഞവര്‍ക്ക് 100 രൂപ പെന്‍ഷന്‍ നല്‍കുന്നതിനുള്ള പദ്ധതി മുന്നോട്ടുവച്ച് വൃദ്ധക്ഷേമത്തിലും പുതിയ കാല്‍വയ്‌പാണ് ഈ സര്‍ക്കാര്‍ നടത്തിയത്. എസ് സി / എസ് ടി വിദ്യാര്‍ഥികളുടെ സ്‌റ്റൈപെന്‍ഡ് വര്‍ധിപ്പിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്ന പദ്ധതിയും ഈ സര്‍ക്കാരിന് അവകാശപ്പെട്ടതാണ്. നെല്ലിന്റെ താങ്ങുവില എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ 7 രൂപയായിരുന്നു. ഇന്നത് 13 രൂപയാക്കി ഉയര്‍ത്തി. പൊതുമേഖല 250 കോടി രൂപയോളം സര്‍ക്കാരിന് നല്‍കുന്ന സ്ഥിതി വന്നു. പൊതുമേഖല വിറ്റുതുലയ്‌ക്കുന്ന കാലത്ത് ഇവിടെ പുതിയ പൊതുമേഖല സ്ഥാപനങ്ങള്‍ ആരംഭിക്കുന്നു. സമ്പൂര്‍ണ വൈദ്യുതീകരണത്തിന് സര്‍ക്കാര്‍ നേതൃത്വം കൊടുത്തു. ഊര്‍ജസംരക്ഷണത്തിനായി സൌജന്യനിരക്കില്‍ സിഎഫ്എല്‍ നല്‍കുന്നു.

ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ കേരളം പുതിയ അധ്യായം രചിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ സൌകര്യം വര്‍ധിപ്പിച്ചു. കൂടുതല്‍ ജീവനക്കാരെ നിയമിച്ചു. സ്‌പെഷ്യാലിറ്റി ഡോക് ‌ടര്‍മാരുടെ സേവനം ആശുപത്രികളില്‍ ഉറപ്പുവരുത്തുന്ന സ്‌പെഷ്യാലിറ്റി കേഡര്‍ നടപ്പാക്കി. മെഡിക്കല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചു. വിദ്യാഭ്യാസ മേഖലയില്‍ സാമൂഹ്യനീതി ഉറപ്പാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കി. കോളേജുകളില്‍ പുതിയ തസ്‌തികകള്‍ കൊണ്ടുവന്നു. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന മലബാര്‍ മേഖലയില്‍ പ്ളസ്‌ടു വിദ്യാലയങ്ങള്‍ പുതുതായി അനുവദിച്ചു. വിദ്യാഭ്യാസമേഖലയിലെ എല്ലാ സമ്മര്‍ദഗ്രൂപ്പുകളെയും മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഈ നടപടിയെക്കുറിച്ച് യുഡിഎഫിനുപോലും പരാതി ഉന്നയിക്കാനായില്ല. പ്ളസ്‌ടു അഡ്‌മിഷന്‍ ഓൺലൈനിലൂടെ നടപ്പാക്കിയതിലൂടെ അഴിമതിരഹിതമായ സമീപനം മുന്നോട്ട് വയ്‌ക്കപ്പെട്ടു. വിദ്യാലയങ്ങളില്‍ കംപ്യൂട്ടര്‍ വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കി. വെറ്ററിനറി-ഫിഷറീസ് സര്‍വകലാശാല രൂപീകരിക്കാനുള്ള നടപടിയും സര്‍ക്കാര്‍ ആരംഭിച്ചു.

പരമ്പരാഗത മേഖലയെ സംരക്ഷിക്കുന്നതിനും ഈ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടു. മത്സ്യകടാശ്വാസ പദ്ധതി നടപ്പാക്കി. കയറിന് ഡിസ്‌ട്രസ്‌ഡ് പര്‍ച്ചേസിങ് സമ്പ്രദായം കൊണ്ടുവന്നു. കശുവണ്ടിമേഖലയില്‍ ഏറ്റവും ഉയര്‍ന്ന തൊഴില്‍ദിനം സംഭാവന ചെയ്യുന്നതിനും സര്‍ക്കാരിന് കഴിഞ്ഞു. റിബേറ്റുകള്‍ പുനഃസ്ഥാപിച്ചു. യുഡിഎഫ് ഇല്ലാതാക്കിയ ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് തിരിച്ചുനല്‍കി. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു. അതുകൊണ്ടുതന്നെ കഴിഞ്ഞ ഓണം-ബക്രീദ് കാലം കേരളത്തില്‍ സമൃദ്ധിയുടേതായി മാറിയത് ഈ നയങ്ങളുടെ ഫലമായിട്ടായിരുന്നു. ക്രമസമാധാനത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ മികച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് ലഭിച്ചതും കേരളത്തിനാണ്.

സിപിഐ എം നേതൃത്വത്തില്‍ ജനകീയ താല്‍പ്പര്യം സംരക്ഷിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണി കൂടുതല്‍ കെട്ടുറപ്പോടെ മുന്നോട്ടു പോവുകയാണ്. തമ്മില്‍തല്ലും ദുര്‍നയങ്ങളും യുഡിഎഫിനെ തളര്‍ത്തിയിരിക്കുന്നു. കെ എം മാണിയും ഗൌരിയമ്മയും എം വി രാഘവനും കോൺ‌ഗ്രസിനെ തള്ളിപ്പറഞ്ഞു. ശിഥിലീകരിക്കപ്പെടുന്ന ആ മുന്നണിക്ക് ജനതയുടെ താല്‍പ്പര്യം സംരക്ഷിക്കാനാവില്ല. സ്വന്തം സംഘടനയ്‌ക്കകത്ത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടത്താന്‍പോലും കഴിയാത്ത കോൺ‌ഗ്രസാണ് ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുന്നത് എന്നും ഓര്‍ക്കണം.

പരിമിതികള്‍ക്കകത്തുനിന്ന് ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് ബദല്‍ ഉയര്‍ത്തി മുന്നോട്ടുപോകുന്ന സംസ്ഥാനസര്‍ക്കാരിന്റെ ജനക്ഷേമകരമായ നടപടികളെ തകര്‍ക്കുന്ന വിധമാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നത്. റബര്‍ ഇറക്കുമതി ശക്തിപ്പെടുത്തി; ഇറക്കുമതിച്ചുങ്കം കുറച്ചു. കശുവണ്ടിയെയും കയറിനെയും കയറ്റുമതി പ്രോത്സാഹനത്തില്‍ നിന്ന് മാറ്റി. ഊര്‍ജിത നെല്ലുവികസന പരിപാടിയില്‍ കേരളം ഇല്ല. സ്‌റ്റാറ്റ്യൂട്ടറി റേഷന്‍ സംവിധാനത്തെ നിലംപരിശാക്കാനുള്ള ഗൂഢപദ്ധതികള്‍ തുടരുന്നു. ഈ നയങ്ങള്‍ക്കെതിരായ പ്രതിഷേധം യുഡിഎഫിനെതിരായതുമാണ്.

ജനകീയ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ജനങ്ങളെ അഭിമുഖീകരിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ യുഡിഎഫ് ജാതി-മത വികാരങ്ങള്‍ ഉയര്‍ത്തി വിജയം നേടാനാകുമോ എന്ന പരീക്ഷണം നടത്തുന്നു. സിപിഐ എമ്മും എല്‍ഡിഎഫും മതവിശ്വാസത്തെ സംരക്ഷിക്കാനാണ് എന്നും നിലകൊണ്ടിട്ടുള്ളത്. വിശ്വസിക്കുന്നവര്‍ക്ക് വിശ്വസിക്കാനും അല്ലാത്തവര്‍ക്ക് അങ്ങനെ കഴിയാനുമുള്ള അവസരമാണ് നിലനില്‍ക്കേണ്ടത്. ക്ഷേത്രങ്ങളില്‍ പിന്നോക്കക്കാര്‍ക്കും ദളിതര്‍ക്കും പ്രവേശനമില്ലാതിരുന്ന കാലത്ത് അതിനുവേണ്ടി പൊരുതിയത് എ കെ ജിയെയും കൃഷ്‌ണപിള്ളയെയും പോലെയുള്ള കമ്മ്യൂണിസ്‌റ്റുകാരാണ്. തലശേരിയില്‍ പള്ളിക്ക് കാവല്‍നിന്ന 'കുറ്റ'ത്തിനാണ് സ: യു കെ കുഞ്ഞിരാമന്‍ രക്തസാക്ഷിയായത്. ഒറീസയില്‍ ആരാധനാലയം നഷ്‌ടപ്പെട്ട ക്രിസ്‌ത്യന്‍ വിഭാഗങ്ങള്‍ ആരാധനയ്‌ക്ക് ഉപയോഗിച്ചത് സിപിഐ എം ഓഫീസായിരുന്നുവെന്നത് ഏവര്‍ക്കും അറിവുള്ളതാണ്. ഭൂരിപക്ഷ വര്‍ഗീയത ഉയര്‍ത്തുന്ന വെല്ലുവിളിയെ പ്രതിരോധിക്കുന്നതിന് ജീവന്‍ കൊടുത്തും പൊരുതുന്നത് കമ്യൂണിസ്‌റ്റുകാരാണെന്ന സത്യം ആര്‍ക്കും നിഷേധിക്കാനാവില്ല. ഈ യാഥാര്‍ഥ്യം തിരിച്ചറിയുന്ന മതവിശ്വാസികള്‍ എല്‍ഡിഎഫിനൊപ്പമാണ് അണിനിരക്കുക. മതത്തെ സംരക്ഷിക്കുന്നതിനും ബഹുമാനിക്കുന്നതിനും എല്‍ഡിഎഫ് എന്നും പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍, ജനങ്ങളെ തമ്മിലടിപ്പിക്കുന്ന വര്‍ഗീയ തീവ്രവാദ ഭീകരവാദപ്രസ്ഥാനങ്ങളുമായി സന്ധിയില്ല.

അധികാരം ജനങ്ങള്‍ക്ക് ലഭിക്കുന്നതിനാണ് കമ്യൂണിസ്‌റ്റുകാര്‍ പ്രവര്‍ത്തിക്കുന്നത്. അത് ഒരു വിഭാഗത്തിന്റെ കൈകളിലേക്ക് ഒതുക്കുന്നതിനെതിരെയാണ് കമ്യൂണിസ്‌റ്റുകാര്‍ എന്നും പൊരുതിയത്. ആ പോരാട്ടത്തിലാണ് അനേകം ധീരപോരാളികള്‍ക്ക് ജീവന്‍ വെടിയേണ്ടിവന്നത്. ഈ വസ്‌തുതകള്‍ കണക്കിലെടുത്ത്, ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന എല്‍ഡിഎഫിനെ വിജയിപ്പിക്കേണ്ടത് കേരളത്തിലെ ജനാധിപത്യവിശ്വാസികളുടെ മുഴുവന്‍ കടമയാണെന്നു തിരിച്ചറിയണം.


*****

ടി ശിവദാസമേനോന്‍, കടപ്പാട് : ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അധികാരം ജനങ്ങള്‍ക്ക് ലഭിക്കുന്നതിനാണ് കമ്യൂണിസ്‌റ്റുകാര്‍ പ്രവര്‍ത്തിക്കുന്നത്. അത് ഒരു വിഭാഗത്തിന്റെ കൈകളിലേക്ക് ഒതുക്കുന്നതിനെതിരെയാണ് കമ്യൂണിസ്‌റ്റുകാര്‍ എന്നും പൊരുതിയത്. ആ പോരാട്ടത്തിലാണ് അനേകം ധീരപോരാളികള്‍ക്ക് ജീവന്‍ വെടിയേണ്ടിവന്നത്. ഈ വസ്‌തുതകള്‍ കണക്കിലെടുത്ത്, ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന എല്‍ഡിഎഫിനെ വിജയിപ്പിക്കേണ്ടത് കേരളത്തിലെ ജനാധിപത്യവിശ്വാസികളുടെ മുഴുവന്‍ കടമയാണെന്നു തിരിച്ചറിയണം.