Sunday, September 5, 2010

അധ്യാപക സമൂഹം നേരിടുന്ന വെല്ലുവിളികള്‍

മികച്ച അധ്യാപകനേയും മികച്ച വിദ്യാഭ്യാസത്തേയും സമൂഹം എപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്. ആരാണ് മികച്ച അധ്യാപകന്‍? സമൂഹം ഏറ്റവും വിമര്‍ശന വിധേയരായി കാണുന്ന ഒരു വിഭാഗമായിരിക്കുന്നു, ഇന്ന് അധ്യാപകര്‍. ഇന്നത്തെ അധ്യാപകരുടെ കഴിവിനേയും ആത്മാര്‍ത്ഥതയേയും കുറിച്ച് വിമര്‍ശനമുണ്ട്. തങ്ങളുടെ കുട്ടികള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെ നിലവാരക്കുറവിനെക്കുറിച്ച് ആശങ്കപ്പെടുന്ന രക്ഷിതാക്കള്‍ അധ്യാപകനെയാണ് അതിന് പ്രധാന പ്രതിയായി കാണുന്നത്. ആധുനിക സമൂഹം ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ നേരിടാന്‍ അധ്യാപക സമൂഹത്തിന് അത്രവേഗം സാധിച്ചെന്നു വരില്ല. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ തത്രപ്പെടുന്ന രക്ഷാകര്‍ത്തൃ സമൂഹത്തിന്റെ താല്‍പ്പര്യങ്ങളെ സംരക്ഷിക്കാന്‍ അധ്യാപകര്‍ക്കാവുമോ എന്നതാണ് പ്രശ്‌നം. കേരളത്തിലെ അധ്യാപകസമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയാണിത്.

ആധുനിക ഭാരതം ലോകത്തിനു സംഭാവന ചെയ്‌ത വിദ്യാഭ്യാസ പ്രവര്‍ത്തകരില്‍ പ്രഥമ ഗണനീയനായിരുന്നു മഹാത്മാഗാന്ധി. അധ്യാപകരെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം ഇങ്ങനെയായിരുന്നു. 'നമുക്കാവശ്യമുളളത് ഭാവനാശക്തിയും ഉത്സാഹവുമുളള വിദ്യാഭ്യാസ ശാസ്‌ത്രജ്ഞരെയാണ്. തങ്ങള്‍ കുട്ടികളെ എന്താണ് പഠിപ്പിക്കുന്നതെന്ന് അവര്‍ പ്രതിദിനം ചിന്തിക്കും. പഴയ ഗ്രന്ഥങ്ങളില്‍ നിന്നുളള ജ്ഞാനമല്ല, മറിച്ച് സ്വന്തം നിരീക്ഷണശക്തിയേയും ചിന്താശേഷിയേയും ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നവരാകണം അവര്‍'. ഏതെങ്കിലും മാതൃകകള്‍ പിന്തുടരുക എന്നതല്ല, സ്വന്തം ധാരണാശേഷിയില്‍ അടിയുറച്ചു നിന്നുകൊണ്ട് കുട്ടികളെ പ്രാപ്‌തരാക്കാന്‍ സാധിക്കുന്ന അധ്യാപനത്തിന് അധ്യാപകര്‍ ഉടമയാകണം എന്നാണ് ഗാന്ധിജി പറഞ്ഞിരിക്കുന്നത്.

അധ്യാപകന്‍ കേവലം അറിവിന്റെ വിതരണക്കാരന്‍ മാത്രമല്ലെന്ന ധാരണ വ്യാപിപ്പിക്കുവാന്‍ ആധുനിക കാലത്ത് പരിശ്രമം നടക്കുന്നുണ്ട്. കുട്ടിയെ അറിവു നിര്‍മ്മിക്കാന്‍ സജ്ജരാക്കുകയെന്ന ലക്ഷ്യമായിരിക്കണം അധ്യാപകന്റെ മുന്നിലുണ്ടാകേണ്ടതെന്നാണ് ആധുനിക വിദ്യാഭ്യാസചിന്തകള്‍ പറയുന്നത്. എന്നാല്‍ സമൂഹത്തിന്റെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പ്രതീക്ഷിതതലം ഉയര്‍ത്തുന്ന പ്രശ്‌നവും ചെറുതല്ല. കുട്ടികളുടെ പ്രവേശന പരീക്ഷായോഗ്യതകളിലെ വിജയമാണ് അവര്‍ വിദ്യാഭ്യാസ നിലവാരത്തിന്റെ ഉരകല്ലായി കാണുന്നത്. അവിടെ വിജയിക്കാനായാല്‍ എല്ലാമായി എന്നാണ് സങ്കല്പം. അതിനാല്‍, വിദ്യാഭ്യാസത്തെക്കുറിച്ചുളള സമൂഹത്തിന്റെ കാഴ്‌ചപ്പാട്മാറ്റിക്കൊണ്ടേ അധ്യാപകനേയും വിലയിരുത്താന്‍ സാധിക്കൂ.

മികച്ച അധ്യാപകരെന്നു പേരെടുത്തവരുടെ നീണ്ടനിര പരിശോധിച്ചാല്‍ അവരെല്ലാം സാമൂഹിക പ്രസക്തമായ കാര്യങ്ങളില്‍കൂടി അവരുടെ വ്യക്തിമുദ്ര പതിപ്പിച്ചവരായിരുന്നുവെന്ന് മനസ്സിലാക്കാം. ക്ലാസ്സ് മുറിക്കും പാഠപുസ്‌തകത്തിനും സ്‌ക്കൂളിന്റെ ചുറ്റുമതിലുകള്‍ക്കും പുറത്ത് ഒരു ലോകമുണ്ടെന്ന് അവര്‍ക്കറിയാമായിരുന്നു. ആ സമൂഹത്തിന്റെ പ്രതീക്ഷകള്‍ക്കും ആവശ്യങ്ങള്‍ക്കുമനുസരണമായി തങ്ങളുടെ കുട്ടികള്‍ വളരുവാനാണ് അവര്‍ പ്രവര്‍ത്തിച്ചത്. ആധുനിക കാലത്തെ അധ്യാപക സമൂഹത്തിന് സംഭവിച്ചുപോയ ഒരപചയം ഇവിടെയാണ്. സ്‌ക്കൂളിനു പുറത്തുളള ലോകത്തെ പാഠപുസ്‌തകവും പാഠ്യപദ്ധതിയുമായി ബന്ധിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കാതെ പോകുന്നു. അങ്ങനെയൊരു പ്രവര്‍ത്തനത്തെക്കുറിച്ച് അവര്‍ക്ക് ചിന്തിക്കാന്‍ തന്നെ സാധിക്കുന്നില്ല. നിലവിലുളള നമ്മുടെ പാഠ്യപദ്ധതിതന്നെ സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് ക്ലാസ്സ്മുറിയില്‍ ചര്‍ച്ച ചെയ്യണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. ശരിയായ തിരിച്ചറിവു പുലര്‍ത്തുന്ന ഒരധ്യാപക സമൂഹത്തിന് മാത്രമേ ഇത് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കൂ.

കേരളത്തിലെ 'അധ്യാപക പ്രസ്ഥാനം - ഒരു ചരിത്രം' എന്ന പുസ്‌തകത്തില്‍ അധ്യാപകരുടെ പഴയ പ്രവര്‍ത്തന രീതിയെപ്പറ്റി ഇങ്ങനെ പറയുന്നുണ്ട്. 'അധ്യാപക പ്രസ്ഥാനം അധ്യാപകരുടെ ദൈനംദിന താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സാമ്രാജ്യത്വ വിരുദ്ധ സമരത്തില്‍ അധ്യാപകരെ അണിനിരത്തുന്നതിനും മാത്രമല്ല പ്രവര്‍ത്തിച്ചത്. പിന്നെയോ? നാടിനെ ബാധിക്കുന്ന സമസ്‌തകാര്യങ്ങളിലും അവര്‍ താല്പര്യം കാട്ടി. അതിനാല്‍ അവര്‍ ജനങ്ങളുടെ ആദരവും അംഗീകാരവും നേടി. വരുമാനമുള്ളവരായിട്ടും അവര്‍ നടത്തുന്ന പ്രവര്‍ത്തനം അവരോടുള്ള ആദരവ് വര്‍ദ്ധിക്കുന്നതിനിടയാക്കി'. ഈ ചരിത്രം ആധുനിക കാലത്തെ അധ്യാപകനും അറിയേണ്ടതു തന്നെയാണ്. അധ്യാപനത്തിന്റെ മഹനീയ മാതൃകയ്ക്ക് നാം നമ്മുടെ മുന്‍ഗാമികളെക്കുറിച്ച് മനസ്സിലാക്കണമെന്ന പാഠനമാണിത് പറഞ്ഞുതരുന്നത്.

എന്നാല്‍, ആധുനിക സമൂഹം അധ്യാപകന്റെ സ്വതന്ത്രചിന്തയ്‌ക്കും പ്രവര്‍ത്തനത്തിനും വഴിതുറന്നു കൊടുക്കുന്നുണ്ടോ എന്നു സംശയിക്കണം. വിദ്യാഭ്യാസത്തക്കുറിച്ചുള്ള ആധുനിക സങ്കല്‍പങ്ങള്‍ സമൂഹം വേത്ര മനസ്സിലാക്കാതെ പോകുന്നത് ഇതിനൊരു കാരണമാണ്. മതാധിഷ്‌ഠിതമായ കാഴ്‌ചപ്പാടുകള്‍ നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ പിടിമുറുക്കുന്നത് ഈ അപചയം സൃഷ്‌ടിക്കുന്നതിന് ഇടവരുത്തിയിട്ടുണ്ട്. മൂല്യബോധത്തിന്റേയും സന്മാര്‍ഗ്ഗികതയുടേയും ഉപദേശങ്ങളും പ്രഭാഷണങ്ങളുമായി പഠനം മാറണമെന്നാണ് ചിലര്‍ വാദിക്കുന്നത്. സമൂഹത്തിലെ ശരിയേതെന്ന് സ്വാനുഭവങ്ങളിലൂടെ നിര്‍ണ്ണയിക്കാനും താന്‍ ഉള്‍കൊള്ളേണ്ട മൂല്യബോധത്തെക്കുറിച്ച് തിരിച്ചറിയാനും കുട്ടിയെ പ്രേരിപ്പിക്കുന്ന വിദ്യാഭ്യാസമാണ് വേണ്ടതെന്ന് പലരും സമ്മതിക്കുന്നില്ല. വ്യാപകമായ അര്‍ത്ഥതലത്തില്‍ നിന്ന് കുട്ടിയ്‌ക്കു ലഭിക്കേണ്ട വിദ്യാഭ്യാസത്തെക്കുറിച്ച് വളരെ ചുരുക്കിയ കാഴ്‌ചപ്പാടുകള്‍ രൂപീകരിക്കാനാണ് വിവിധ മതനേതൃത്വങ്ങളുടെ കൂടെക്കൂടെയുള്ള ഇടപെടലും പ്രസ്‌താവനകളും വഴിവെക്കുന്നത്. തൊടുപുഴ ന്യൂമാന്‍സ് കോളേജ് അധ്യാപകന്റെ ചോദ്യപേപ്പര്‍ നിര്‍മ്മാണവും തുടര്‍ന്നു നടന്ന ക്രൂരമായ കൈവെട്ടും ഇത്തരം പ്രവണതകളുടെ അപകടകരമായ സാധ്യതകളാണ് വെളിപ്പെടുത്തുന്നത്.

മാനവിക വിഷയങ്ങള്‍ മാത്രമല്ല, ഗണിതവും, ശാസ്‌ത്രവും എല്ലാം പഠിക്കുമ്പോഴും മാനവിക ബോധത്തോടെയത് ഉള്‍ക്കൊള്ളാന്‍ സഹായിക്കുന്ന രീതിശാസ്‌ത്രമാണ് പിന്തുടരേണ്ടത്. എന്നാല്‍ ഇത് ഉണ്ടാവുന്നില്ലെന്നു മാത്രമല്ല, മാനവിക വിഷയങ്ങള്‍ തന്നെ ആവശ്യമില്ലാത്തതായി മാറുന്നുവെന്നതും മറ്റൊരു ദുരവസ്ഥയാകുന്നു.

വിവരസാങ്കേതികവിദ്യ ഉള്‍പ്പടെയുള്ള ആധുനിക വിജ്ഞാനത്തെ വേണ്ടവണ്ണം ഉപയോഗിച്ചുകൊണ്ടേ ഇന്നത്തെ അധ്യാപകന് നിലനില്‍ക്കാനാവൂ. നമ്മുടെ അധ്യാപകര്‍ പക്ഷേ ആവശ്യമായ വേഗതയില്‍ ഇതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നില്ല എന്നതും സത്യം. ദേശീയ പാഠ്യപദ്ധതി രേഖ തന്നെ പറയുന്നത് അധ്യാപകരേയും കുട്ടികളേയും വിവരസാങ്കേതിക വിദ്യയുടെ കേവലം ഉപഭോക്താക്കളാക്കാതെ സ്രഷ്‌ടാക്കളാക്കാന്‍ പരിശ്രമിക്കണമെന്നാണ്. ക്ലാസ്സ് മുറിയിലേക്കാവശ്യമായ പഠന വസ്‌തുക്കള്‍ സ്വയം നിര്‍മ്മിക്കാനാവശ്യമായ പരിശീലനം അധ്യാപകര്‍ക്ക് ലഭിക്കണമെന്നര്‍ത്ഥം.

അധ്യാപക സമൂഹം നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളെ പ്രായോഗിക ബുദ്ധിയോടെ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതില്‍ പലപ്പോഴും ഭരണ നേതൃത്വം പരാജയപ്പെടുന്നുണ്ട്. ഇത് ഒട്ടേറെ അസ്വസ്ഥതകളാണ് ഈ മേഖലയില്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നത്. അധ്യാപനത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ നിരന്തര പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാന്‍ ബദ്ധശ്രദ്ധ കാണിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റ്, പക്ഷേ അധ്യാപകരുടെ തൊഴില്‍ നഷ്‌ടമെന്ന ഭീഷണിയെക്കുറിച്ച് തികച്ചും നിശബ്‌ദമാണ്.

കേരളത്തില്‍, കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടയില്‍ ഇരുപതിനായിരത്തോളം അധ്യാപക തസ്‌തികകളാണ് നഷ്‌ടാപ്പെട്ടിരിക്കുന്നതെന്നാണ് ഔദ്യോഗിക കണക്കുകള്‍ തന്നെ പറയുന്നത്. ജനസംഖ്യാനുപാതികമായ കുറവാണ് സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കുറയ്‌ക്കുന്നതിന്റെ പ്രധാനകാരണം. മറ്റൊന്ന് അണ്‍- എയ്‌ഡഡ് സ്ഥാപനങ്ങളുടെ വ്യാപനവും. ജോലി സുരക്ഷിതത്വമില്ലാത്ത ഒരധ്യാപക സമൂഹത്തിന് എങ്ങനെ ഉയര്‍ന്ന നിലയില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാനാവും?

കേരളത്തിലെ പൊതു വിദ്യാഭ്യാസമേഖലയിലെ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ച ഇടതുമുന്നണി സര്‍ക്കാര്‍ ഇക്കാര്യത്തിലും ഉചിതമായ നടപടി ഉടന്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്ടിലെ ' അധ്യാപകന്റെ അധികാരവും പ്രൊഫഷണല്‍ സ്വാതന്ത്ര്യവും' എന്ന ശീര്‍ഷകത്തിനു താഴെ സൂചിപ്പിച്ചിരിക്കുന്നത്, പഠിതാവിന് ഭയരഹിതമായ അന്തരീക്ഷം, സ്വാതന്ത്ര്യം, അംഗീകാരം, ബഹുമാനം എന്നിവ ആവശ്യമാണെന്നതുപോലെ അധ്യാപകര്‍ക്കും ഇവയെല്ലാം ആവശ്യമാണ് എന്നു തന്നെയാണ്.


*****

എന്‍. ശ്രീകുമാര്‍, കടപ്പാട് : ജനയുഗം

2 comments:

വര്‍ക്കേഴ്സ് ഫോറം said...

അധ്യാപകദിന ചിന്തകള്‍

ചിത്രഭാനു Chithrabhanu said...

ഇന്ന് സെപ്റ്റംബർ 5. അദ്ധ്യാപക ദിനം. ആദ്യം വായിക്കുന്ന വാർത്ത ഇതാണ്. തൊടുപുഴയിൽ വിവാദ ചോദ്യപ്പേപ്പർ തയ്യാറാക്കിയ അദ്ധ്യാപകനെ മാനേജ്മെന്റ് ജോലിയിൽനിന്നും പിരിച്ചുവിട്ടു. സസ്പൻഷൻ, മകനു നേരെ ആക്രമണം, കൈവെട്ടൽ, വധശ്രമം... ഇതാ പിരിച്ചുവിടലും. ശിക്ഷിച്ചു തീരുന്നതെപ്പോഴാണാവോ. കേരളം ഭ്രാന്താലയം തന്നെ