Sunday, September 5, 2010

ഇരയും വേട്ടക്കാരനും

പശ്ചിമേഷ്യയിലെ സംഘര്‍ഷമേഖലകളില്‍ സമാധാനം സ്ഥാപിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള വാഗ്ദാനങ്ങള്‍ ഇറാഖിലും അഫ്‌ഗാനിസ്ഥാനിലും എങ്ങനെയാണ് ബാധിക്കുന്നതെന്ന് കഴിഞ്ഞയാഴ്‌ച ഇതേ പംക്തിയില്‍ വിവരിച്ചിരുന്നു. ഇപ്പോള്‍ ഇസ്രയേലും പലസ്‌തീനും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെന്ന ഭാവേന അമേരിക്കന്‍ പ്രസിഡന്റിന്റെ വെള്ളക്കൊട്ടാരത്തില്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. വേട്ടക്കാരനായ ഇസ്രയേല്‍, ഇരയായ പലസ്‌തീന്‍, പ്രശ്നം അവസാനിച്ചുകാണാന്‍ ആഗ്രഹിക്കുന്ന അയല്‍വാസി ജോര്‍ദാന്‍, വേട്ടക്കാരന്റെ സഹായി അമേരിക്ക എന്നീ നാല് കക്ഷികളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

പലസ്‌തീന്‍ അതോറിറ്റിയുടെ അധ്യക്ഷനായ മഹ്‌മൂദ് അബ്ബാസും ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യു എസ് പ്രസിഡന്റ് ബറാക് ഒബാമയും യോര്‍ദാന്‍ രാജാവ് അബ്‌ദുള്ളയുമാണ് ദൌത്യസംഘങ്ങളെ നയിക്കുന്നത്. ഇവര്‍ക്കു പുറമെ ഹോസ്‌നി മുബാറക്കും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

നാസറിന്റെ കാലത്ത് പലസ്‌തീന്റെ ഉറച്ച ബന്ധുവായിരുന്നു ഈജിപ്‌ത്. അദ്ദേഹത്തിന്റെ മരണശേഷം അധികാരമേറ്റ അന്‍വര്‍ സാദത്ത് പലസ്‌തീനെ വഞ്ചിച്ചു. ആ സാദത്തിന്റെ പിന്‍ഗാമിയാണ് മുബാറക്. അങ്ങനെ വെള്ളക്കൊട്ടാരത്തിലെ ചര്‍ച്ചയില്‍ മുന്‍തൂക്കം ഇസ്രയേല്‍ പക്ഷത്തിനാകുന്നു. അമേരിക്കയും ഈജിപ്‌തും പലസ്‌തീനെതിരെ അണിനിരന്നപ്പോള്‍ നിഷ്പക്ഷന്‍ എന്ന് വിളിക്കാവുന്നത് ജോര്‍ദാന്‍ രാജാവ് അബ്‌ദുള്ള മാത്രമായി.

ചര്‍ച്ചകള്‍ ആരംഭിക്കുമ്പോഴും പലസ്‌തീന്റേതാണെന്ന് അമേരിക്കപോലും സമ്മതിക്കുന്ന ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് ഇസ്രയേല്‍ നിയമവിരുദ്ധമായി അതിക്രമിച്ചു കയറിയ ജൂതകോളനികളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലും പലസ്‌തീനുമായി ഏതെങ്കിലും വിധത്തില്‍ ധാരണയുണ്ടാകുന്ന പക്ഷം അതിലെ ഏറ്റവും പ്രധാനപ്പെട്ട ഇനം ജോര്‍ദാന്‍ പടിഞ്ഞാറെക്കരയിലെ ജൂതകോളനികള്‍ പൊളിച്ചുമാറ്റുക എന്നതാണ്. സമാധാന ചര്‍ച്ച നടക്കുമ്പോള്‍തന്നെ കോളനിവല്‍ക്കരണം തുടരുകയെന്നത് സമാധാനത്തിനുള്ള മാര്‍ഗമേ അല്ല.

ചിതലരിച്ച ചിത്രം

1948ല്‍ ഐക്യരാഷ്‌ട്ര സഭയുടെ നേതൃത്വത്തില്‍ പഴയ പലസ്‌തീന്‍ രാഷ്‌ട്രം ജൂതര്‍ക്കും അറബികള്‍ക്കുമായി വിഭജിച്ചത് വിചിത്രമായ അതിര്‍ത്തി തിരിവുകളോടെയായിരുന്നു. അതിര്‍ത്തി നിര്‍ണയപ്രകാരം ജോര്‍ദാന്‍ പടിഞ്ഞാറെക്കരയ്‌ക്കും ഒരുതരത്തിലും ജൂതന്‍മാരുടെ ആവാസസ്ഥലമെന്ന് വിശേഷിപ്പിക്കാന്‍ കഴിയാത്ത മധ്യധരണ്യാഴിയിലെ ഗാസ മുനമ്പിനും ഇടയിലാണ് ഇസ്രയേല്‍ ഭൂമി. അപ്പുറത്തും ഇപ്പുറത്തുമായി പലസ്‌തീനും. ഇസ്രയേലിന്റെ അനുവാദത്തോടെയല്ലാതെ കരവഴിയോ ആകാശമാര്‍ഗമോ രണ്ട് പലസ്‌തീന്‍ മേഖലകള്‍ക്ക് ബന്ധപ്പെടാന്‍ കഴിയില്ല. ഇസ്രയേലിന്റെ തലസ്ഥാനം മധ്യധരണ്യാഴി തീരത്തെ ചരിത്രപ്രസിദ്ധമായ ടെല്‍ അവീവ് നഗരമായി നിശ്ചയിച്ചതിനൊപ്പം ജോര്‍ദാന്‍ പടിഞ്ഞാറെക്കരയില്‍ ജോര്‍ദാന്‍ നദിയുടെ തൊട്ടടുത്തുതന്നെ സ്ഥിതിചെയ്യുന്ന ജെറുസലേം നഗരം പലസ്‌തീന്റെ തലസ്ഥാനമായി തീരുമാനിക്കപ്പെട്ടു.

ജോര്‍ദാന്‍ പടിഞ്ഞാറെക്കരയാല്‍ ചുറ്റപ്പെട്ട ജെറുസലേം നഗരത്തിന്റെ ഒരുഭാഗം ഇസ്രയേല്‍ കൈയേറി അവരുടെ രണ്ടാം തലസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുകയാണ്. വാരിയെല്ലിനിടയില്‍ കഠാരി തറച്ചതുപോലെ ഈ ജെറുസലേമിലെ അധിനിവേശം പലസ്‌തീന് നിത്യഭീഷണിയും നിരന്തര തലവേദനയുമാണ്. ഇപ്പോഴത്തെ ഇസ്രയേല്‍ അധിനിവേശം പടിഞ്ഞാറെക്കരയില്‍ തുടരുകയാണെങ്കില്‍ ഒടുവില്‍ അതും ഇസ്രയേലിന്റെ വകയായി തീരുമാനിക്കാമെന്ന വാദം വന്നേക്കും. ഗാസാ മുനമ്പില്‍ ഇപ്രകാരം ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തിലായിരിക്കണമെന്നും അവിടെയൊന്നും പലസ്‌തീന്‍ നിയമമോ നിയമപാലകരോ നുഴഞ്ഞുകയറരുതെന്നും വാദിച്ചത് ഓര്‍ക്കുക. ഒടുവില്‍ ഐക്യരാഷ്‌ട്ര സഭയുടെ ശക്തമായ ഇടപെടല്‍ കാരണം ജൂതന്‍മാരെ ഗാസാ ചീന്തിലെ കുടിയേറ്റ കേന്ദ്രങ്ങളില്‍നിന്ന് പിന്‍വലിക്കാന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അത് വലിയ സംഘട്ടനത്തിന് വഴിവച്ചു. ഇസ്രയേല്‍ സര്‍ക്കാരിനെപ്പോലും എതിര്‍ത്തുകൊണ്ട് അവിടത്തെ ഭീകരവാദികള്‍ ഈ ഗാസാ ജൂതകോളനികളില്‍ ഇപ്പോഴും പിടിച്ചുനില്‍ക്കുകയാണ്.

ഇസ്രയേലികള്‍ കടന്നാക്രമിക്കുന്നത് പലസ്‌തീനിനെ മാത്രമല്ല. ലെബനന്റെ തെക്കുഭാഗത്ത് അറബികള്‍ കുടിയേറിപാര്‍ക്കുന്നു എന്നാരോപിച്ചുകൊണ്ട് അവിടെ ഇസ്രയേല്‍ നടത്തിയ കടന്നാക്രമണങ്ങള്‍ കുപ്രസിദ്ധമാണ്. ഇസ്രയേല്‍ എന്ന വേട്ടക്കാരന്റെ മറ്റൊരു ഇര സിറിയയാണ്. ഇസ്രയേലിന്റെ വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ ഗോലാന്‍ പീഠഭൂമി എന്ന പേരില്‍ അറിയപ്പെടുന്ന സിറിയന്‍ മേഖല ഇസ്രയേല്‍ പിടിച്ചെടുത്ത് കൈവശം വച്ചിരിക്കുകയാണ്. വെള്ളക്കൊട്ടാരത്തില്‍ നടന്നുവരുന്ന ഇപ്പോഴത്തെ ചര്‍ച്ചയില്‍ ഗോലാന്‍ പീഠഭൂമി പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കാന്‍ സിറിയന്‍ രാജാവ് ഹുസൈനെ ക്ഷണിക്കേണ്ടതായിരുന്നു. പക്ഷേ, ക്ഷണിച്ചില്ല.

ഇപ്പോള്‍ പലസ്‌തീന്‍ എന്ന രാഷ്‌ട്രം ചിതലരിച്ച ഒരു ചിത്രം പോലെയോ കീറിപ്പറിഞ്ഞ ഒരു തുണിക്കഷണംപോലെയോ ആണിരിക്കുന്നത്. ഇങ്ങനെയുള്ള ഒരു രാജ്യത്തിന് എങ്ങനെയാണ് രാജ്യരക്ഷ ഉറപ്പുവരുത്താനാവുക? കയറിയും ഇറങ്ങിയും വളഞ്ഞും പുളഞ്ഞും സ്ഥിതിചെയ്യുന്ന അതിന്റെ അതിര്‍ത്തികളെല്ലാം കുടിയേറ്റങ്ങളും അതിര്‍ത്തിലംഘനങ്ങള്‍കൊണ്ടും അസ്വസ്ഥമായിരിക്കുകയാണ്. ഈ കാര്യങ്ങള്‍ ഒന്നും ചര്‍ച്ചചെയ്യാതെ കുശലം പറഞ്ഞും ഹസ്‌തദാനംചെയ്‌തും ഫോട്ടോക്ക് പോസ് ചെയ്‌തും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതിനപ്പുറം ബറാക് ഒബാമയുടെ ഈ നാടകംകൊണ്ട് എന്ത് ഫലമാണുണ്ടാവുക?


*****

പി ഗോവിന്ദപ്പിള്ള, കടപ്പാട് : ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇപ്പോള്‍ പലസ്‌തീന്‍ എന്ന രാഷ്‌ട്രം ചിതലരിച്ച ഒരു ചിത്രം പോലെയോ കീറിപ്പറിഞ്ഞ ഒരു തുണിക്കഷണംപോലെയോ ആണിരിക്കുന്നത്. ഇങ്ങനെയുള്ള ഒരു രാജ്യത്തിന് എങ്ങനെയാണ് രാജ്യരക്ഷ ഉറപ്പുവരുത്താനാവുക? കയറിയും ഇറങ്ങിയും വളഞ്ഞും പുളഞ്ഞും സ്ഥിതിചെയ്യുന്ന അതിന്റെ അതിര്‍ത്തികളെല്ലാം കുടിയേറ്റങ്ങളും അതിര്‍ത്തിലംഘനങ്ങള്‍കൊണ്ടും അസ്വസ്ഥമായിരിക്കുകയാണ്. ഈ കാര്യങ്ങള്‍ ഒന്നും ചര്‍ച്ചചെയ്യാതെ കുശലം പറഞ്ഞും ഹസ്‌തദാനംചെയ്‌തും ഫോട്ടോക്ക് പോസ് ചെയ്‌തും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതിനപ്പുറം ബറാക് ഒബാമയുടെ ഈ നാടകംകൊണ്ട് എന്ത് ഫലമാണുണ്ടാവുക?