Monday, September 6, 2010

പോസ്‌റ്റ് മാർക്‌സിസം... 1

പോസ്‌റ്റ് മാര്‍ക്‌സിസം എന്നാല്‍ മാര്‍ക്‌സിസത്തിന് ശേഷമുള്ളത് എന്നര്‍ത്ഥം. സോഷ്യലിസ്‌റ്റ് പരാജയവും നവലിബറലിസവും ചേര്‍ന്ന് ലോകത്തിന് സംഭാവന ചെയ്‌ത ഇടതുപക്ഷ വിഭ്രാന്തികളിലൊന്നാണിത്. 'ബദലില്ല' എന്ന വാദത്തെ സിദ്ധാന്തവല്‍ക്കരിക്കുന്ന 'ദാര്‍ശനികവ്യാപാര'മെന്ന് ചുരുക്കിപ്പറയാം. ഇടതുപക്ഷക്കാരായിരിക്കുകയോ, തീവ്ര ഇടതുപക്ഷത്തിന്റെ ചിറകില്‍ പറന്നുനടന്ന് അടിതെറ്റി വീഴുകയോ ചെയ്‌തവരുടെ സൈദ്ധാന്തിക വെളിപാടുകളാണ് പോസ്‌റ്റ്മാര്‍ക്‌സിസത്തിന്റെ ധാരയില്‍പ്പെടുന്ന ചിന്തകള്‍. പോസ്‌റ്റ് മോഡേണിസത്തിലേക്ക് - മാര്‍ക്‌സിസ്‌റ്റ് വീക്ഷണമുള്ളവരെ കൈപിടിച്ചാനയിക്കുന്ന ദൌത്യമാണ് ഇത്. കേരളത്തില്‍ ഒരു ദശാബ്‌ദത്തിലധികമായി വൈവിദ്ധ്യമാര്‍ന്ന വേഷങ്ങളില്‍ ഇത്തരം 'ദാര്‍ശനിക വ്യാപാരം' നടക്കുന്നുണ്ട്. ഒരളവുവരെ മാര്‍ക്‌സിസ്‌റ്റ് പ്രയോഗത്തിന്റെ വീഴ്‌ചകള്‍ ഈ 'ജനാധിപത്യ' വാചക കസര്‍ത്തുകള്‍ക്ക് ബലം നല്‍കുന്നുവെന്നത് സത്യമാണ്. ഡോ.എം.പി. പരമേശ്വരനിലൂടെ പുറത്തുവന്ന 'നാലാം ലോകം' അതിമനോഹരമായ ഒരു പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റ് ആവിഷ്‌ക്കാരമായിരുന്നുവെന്ന് ഓര്‍ക്കുക.

മാര്‍ക്‌സിസ്‌റ്റ് പ്രയോഗത്തിന്റെ പാഠങ്ങള്‍ - അതിന്റെ പരിമിതികളും നേട്ടങ്ങളും യഥാര്‍ത്ഥ മാര്‍ക്‌സിസ്‌റ്റ് കാഴ്‌ചപ്പാടില്‍ വിശകലനം ചെയ്‌ത്, 'ജനാധിപത്യത്തിന്റെ സാക്ഷാത്കാര'മായി സോഷ്യലിസ്‌റ്റ് ബദലിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ മുഖ്യധാരാ ഇടതുപക്ഷത്തിന് കഴിയാതിരിക്കുന്നുവെന്ന സത്യം , പോസ്‌റ്റ് മാര്‍ക്‌സിസം സാധാരണ മനുഷ്യരുടെ മനസുകളിലും വ്യത്യസ്‌തഭാവങ്ങളില്‍ കടന്നു കയറാന്‍ ഇടവരുത്തുന്നു. നവലിബറലിസത്തിന്റെ പ്രഭാപൂരത്തില്‍,ആഗോളവല്‍ക്കരണത്തിനും മൂലധനവാഴ്‌ചക്കും കീഴടങ്ങുവാനും 'അതല്ലാതെ മാര്‍ഗ്ഗമില്ല'ന്ന് ഉറപ്പിക്കാനും അത് അവരെ പ്രേരിപ്പിക്കുന്നുണ്ട്. 'വിപ്ളവങ്ങള്‍ വരാന്‍ ഏറെകാലം എടുക്കും, നമുക്ക് തല്‍ക്കാലം ജീവിക്കാം' എന്ന രീതിയില്‍ ചിന്തിക്കുന്നവര്‍ ഈ 'മാര്‍ഗ്ഗമില്ലായ്‌മ'യുടെ സൃഷ്‌ടിയാണ്... രാഷ്‌ട്രീയപ്രവര്‍ത്തനത്തെ വെറും 'മാനേജ്‌മെന്റ്' മാത്രമാക്കുന്ന മധ്യവര്‍ഗ്ഗനേതൃത്വങ്ങള്‍ പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റ് സ്വാധീനത്തില്‍പ്പെടുന്നവരാണ് എന്ന് കൂടി നാം മനസ്സിലാക്കേണ്ടതാണ്.

നവലിബറല്‍ കഷായങ്ങള്‍ 'വിമോചന ദ്രവ്യങ്ങളായി' നൊട്ടിനുണയുന്ന ജനതയും ജനനായകരും പോസ്‌റ്റ്മാര്‍ക്‌സിസത്തിന്റെ മയക്കുമരുന്നാണ് മേമ്പൊടിയായി ചേര്‍ക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പോസ്‌റ്റ്മാര്‍ക്‌സിസ്‌റ്റ് വിഭ്രാന്തികളുടെ അടിസ്ഥാനം അന്വേഷിക്കേണ്ടിവരുന്നു. ലോകപ്രശസ്‌ത ഇടതുപക്ഷ ചിന്തകന്‍ ഡോ. ജയിംസ് പെട്രാസ്, പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റ് വിവക്ഷകളെ, മാര്‍ക്‌സിസ്‌റ്റ് അടിത്തറയില്‍ വിശകലനം ചെയ്യുകയാണ് ഇവിടെ. യഥാര്‍ത്ഥ ഇടതുപക്ഷത്തിന്റെ രാഷ്‌ട്രീയസമരത്തിന് അവശ്യം വേണ്ടുന്ന സമരായുധങ്ങളാണ് ഈ വിശകലനത്തില്‍ നിറയുന്നത്. വായിക്കുക.

എഡിറ്റര്‍, പി എ ജി ബുള്ളറ്റിന്‍

'പോസ്‌റ്റ്മാര്‍ക്‌സിസം' മാര്‍ക്‌സിസ്‌റ്റ് വിരുദ്ധമാവുന്നതെന്തുകൊണ്ട് ?

നിയോലിബറലിസത്തിന്റെ 'വിജയ'വും സോഷ്യലിസത്തിന്റെ 'പരാജയവും' ബുദ്ധിജീവികളില്‍ സൃഷ്‌ടിച്ച വിഭ്രാന്തിയുടെ ഫലമാണ് 'പോസ്‌റ്റ്മാര്‍ക്‌സിസം.' എന്താണ് ഈ സാധനം?

സോഷ്യലിസം ഒരു പരാജയപ്പെട്ട ദര്‍ശനവും പ്രവര്‍ത്തന പരിപാടിയും ആണെന്ന് പ്രഖ്യാപിക്കുന്നിടത്തുനിന്നാണ് പോസ്‌റ്റ് മാര്‍ക്‌സിസം മുളപൊട്ടുന്നത്. സിദ്ധാന്തങ്ങളെല്ലാം മാര്‍ക്‌സിസ്‌റ്റ് പരാജയത്തിന്റെ മാര്‍ഗ്ഗത്തില്‍ വീണുടയും. പ്രത്യയശാസ്‌ത്രങ്ങള്‍ 'വ്യാജ'മാകുന്നതാണ് അതിന്റെ കാരണം! ഒറ്റ വംശത്തെയോ ലിംഗത്തെയോ മേധാവിയാക്കുന്ന ലോകത്തെയാണത് സൃഷ്‌ടിക്കുന്നത്. അതുകൊണ്ട് വര്‍ഗ്ഗങ്ങള്‍ വെറും കെട്ടുകഥയാണ്.. വര്‍ഗ്ഗസമരവും! സാംസ്‌ക്കാരികമാണ് എല്ലാ രാഷ്‌ട്രീയപ്രശ്‌നങ്ങളും! ലിംഗം, ഗോത്രം, ജാതി, വംശം തുടങ്ങിയ, സ്വത്വപ്രശ്‌നങ്ങളാണ് സ്ഥായിയായുള്ളത്. പോസ്‌റ്റ് മാര്‍ക്‌സിസം ഇങ്ങനെയൊക്കെയാണ് പറയുന്നത്. രാഷ്‌ട്രവും രാഷ്‌ട്രീയ അധികാരവും ജനാധിപത്യത്തിന്റെ ശത്രുക്കളാണ്. പൌരസമൂഹമാണ് ജനാധിപത്യത്തിന്റെ ആവിഷ്‌ക്കാരകേന്ദ്രം! കേന്ദ്രീകൃത ആസൂത്രണം ജനാധിപത്യവിരുദ്ധമാണ്. കമ്പോളമാണ് ജനാധിപത്യപരം!!

അധികാരത്തിനായുള്ള ഇടതുപക്ഷത്തിന്റെ പോരാട്ടങ്ങള്‍ സ്വേഛാധിപത്യത്തിനുള്ള വഴി തേടലാണ്. അങ്ങനെ സംഭവിച്ചാല്‍ പൌരസമൂഹത്തെ അത് നിശ്ചലമാക്കും. പ്രാദേശിക പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള പ്രാദേശിക സമരങ്ങളാണ് മാറ്റത്തിനുള്ള ഏക പോംവഴി. കേന്ദ്രീകൃതസ്വഭാവമുള്ള രാഷ്‌ട്രീയസംഘടനകള്‍ അപകടകാരികളാണ്. പകരം പ്രാദേശിക - സാംസ്‌ക്കാരിക കൂട്ടായ്‌മകളാണ് വേണ്ടത്. അവയ്‌ക്ക് അന്തര്‍ദേശീയ സമ്മര്‍ദ്ദത്തിനുള്ള ശേഷിയുണ്ടാവും, ഇങ്ങനെയെല്ലാമാണ് അവര്‍ പ്രഖ്യാപിക്കുന്നത്. വിപ്ളവങ്ങളെ പോസ്‌റ്റ്മാര്‍ക്‌സിസം തള്ളിക്കളയുന്നു. അതിനി സാധ്യമേയല്ലന്നാണ് പറയുന്നത്. ജനാധിപത്യപരമായ മാറ്റങ്ങള്‍ തെരഞ്ഞെടുപ്പുകളിലൂടെ സംഭവിക്കും! അതുകൊണ്ട് തന്നെ വര്‍ഗ്ഗപരമായ കൂട്ടായ്‌മകള്‍ കാലഹരണപ്പെട്ട ആശയമാണ്. വര്‍ഗ്ഗസമരങ്ങള്‍ സാമൂഹിക അരക്ഷിതാവസ്ഥയുണ്ടാക്കുന്നതും, പ്രശ്‌നപരിഹാരത്തെ തളര്‍ത്തുകയുമാണ് ചെയ്യുന്നത്. അന്താരാഷ്‌ട്ര ഏജന്‍സികളും, സര്‍ക്കാരും, പ്രാദേശിക കൂട്ടായ്‌മകളും ചേര്‍ന്നാല്‍ വികസനം സാധ്യമാണ് എന്നുകൂടി ഈ വികല ദാര്‍ശനികര്‍ വിലയിരുത്തുന്നു!

പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകളുടെ ഏറ്റവും പ്രധാനപ്പെട്ട നിഗമനങ്ങളിലൊന്ന് 'സാമ്രാജ്യത്വവിരുദ്ധത' ശുദ്ധ അസംബന്ധവും കാലഹരണപ്പെട്ട ആശയവുമാണെന്നുള്ളതാണ്. ആഗോളവല്‍കൃത സമൂഹത്തിന്റെ സാമ്പത്തിക കേന്ദ്രങ്ങളുമായുള്ള ഏറ്റുമുട്ടല്‍ അസാധ്യമാണത്രെ! മൂലധനവും, സാങ്കേതിക വിദ്യയും ധനികരാഷ്‌ട്രങ്ങളില്‍നിന്ന് ദരിദ്രരാജ്യങ്ങളിലേക്കൊഴുകിയെത്തുന്നതുകൊണ്ട് 'സാമ്രാജ്യത്വ'മെന്നത് വെറും സങ്കല്‍പ്പം മാത്രമാണ് ! അതിനുചേരുന്ന ഒരു വികസന കാഴ്‌ചപ്പാടും പോസ്‌റ്റ് മാര്‍ക്‌സിസം മുന്നോട്ട് വയ്‌ക്കുന്നുണ്ട്. ജനകീയ പ്രസ്ഥാനങ്ങള്‍ ദരിദ്രരെ സംഘടിപ്പിക്കുന്നതിന് മാത്രം ശ്രദ്ധിക്കുന്നതിന് പകരം ജനപങ്കാളിത്തത്തോടെ, വിദേശഫണ്ടിന്റെയും, പ്രൊഫഷണല്‍ സംഘങ്ങളുടെയും സഹായത്തോടെ പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കുകയാണ് വേണ്ടതെന്ന് പോസ്‌റ്റ്മാര്‍ക്‌സിസ്‌റ്റുകള്‍ പറയുന്നു. സര്‍ക്കാറിതര സംഘടനകളുടെ സംഘാടനവും, കൂട്ടായ്‌മയും സൃഷ്‌ടിച്ച് വിദേശഫണ്ട് വാങ്ങി ലോകമാകെ ഈ വികസന നയം നടപ്പാക്കുന്നതില്‍ അവര്‍ വ്യാപൃതരാണ്.

ചുരുക്കത്തില്‍, പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ വികസനത്തിന്റെ തന്ത്രങ്ങളും വിമര്‍ശനങ്ങളുമാണ് മുന്നോട്ട് വയ്‌ക്കുന്നതെന്ന് തോന്നാം. മാര്‍ക്‌സിസത്തോട് പരമപുച്‌ഛമാണതിന്. മുതലാളിത്തത്തിന് വിനീത വിധേയരായി, അതിന്റെ ചിറകില്‍ കയറിയിരുന്ന് ജനാധിപത്യവാചാടോപം നടത്തുകയാണെന്ന് പറയുന്നതാണ് കൂടുതല്‍ ശരി. അവര്‍ക്ക് മുമ്പില്‍ ചരിത്രം അവസാനിച്ചു. മുതലാളിത്തം, ചരിത്രത്തിലെ അവസാന അദ്ധ്യായമാണ് ! മൂക്കുകുത്തി വീഴുന്ന പ്രതിസന്ധികളോ, ലാഭമെന്ന ഒറ്റ ലക്ഷ്യത്തോടെ മൂലധനം നടത്തുന്ന ആഗോളതേരോട്ടമോ; അതില്‍ ചതഞ്ഞരയുന്ന മഹാഭൂരിപക്ഷം വരുന്ന ജനങ്ങളോ ഒന്നും ഈ പ്രത്യയശാസ്‌ത്ര വിശാരദന്മാരുടെ ഉറക്കം കെടുത്തുന്നില്ല.

ആഗോള മൂലധനത്തിന്റെ ലാഭത്തിന്റെ ഒരംശം 'ഫണ്ടാ'യി വാങ്ങി വെച്ച് തീസിസുകള്‍ എഴുതുകയും, എന്‍.ജി.ഒ.കളെ മുന്‍നിര്‍ത്തി 'വികസന പരിപ്രേഷ്യം' ചമയ്‌ക്കുകയും ചെയ്യുന്ന പോസ്‌റ്റ് മാര്‍ക്‌സിസം 21-ആം നൂറ്റാണ്ടിലെ ആഗോള കമ്പോള തകര്‍ച്ചയുടെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ മാത്രം സമ്പൂര്‍ണ്ണമായി അപ്രസക്തമായി തീരേണ്ടതാണ്.... പക്ഷേ പടുവൃദ്ധന്‍ മുതലാളിത്തവ്യവസ്ഥക്ക്, പണിയെടുക്കുന്നവരെ തല്ലാനുള്ള വടിയായി, പോസ്‌റ്റ് മാര്‍ക്‌സിസവും, അതിന്റെ വക്താക്കളും നമുക്കിടയില്‍ അഭിരമിക്കുന്നുവെന്നതാണ് സത്യം...

സോഷ്യലിസം പരാജയമായിരുന്നു എന്നത് വെറും വിമര്‍ശനമാണോ, സത്യമല്ലേ?

സോഷ്യലിസത്തിന്റെ ഒരു സങ്കല്‍പം മാത്രമാണ് തകര്‍ന്ന ഭരണസംവിധാനങ്ങള്‍. എന്താണ് തകര്‍ന്നത്, രാഷ്‌ട്രീയ വ്യവസ്ഥയാണോ അതോ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥയാണോ? റഷ്യ, പോളണ്ട്, ഹംഗറി, നിരവധി മുന്‍സോവിയറ്റ് റിപ്പബ്ളിക്കുകള്‍ തുടങ്ങിയ രാജ്യങ്ങളില്‍ സമീപ വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ദൃശ്യമായ പ്രവണത ഭൂരിപക്ഷം വോട്ടര്‍മാരും മുന്‍കാലത്ത് നിലനിന്ന സാമൂഹ്യക്ഷേമ നയങ്ങളും സാമ്പത്തിക നടപടികളും തിരിച്ചുവരുന്നതിന് മുന്‍ഗണന നല്‍കിയെന്നാണ് തെളിയിക്കുന്നത്. മുന്‍ കമ്യൂണിസ്‌റ്റ് രാജ്യങ്ങളിലെ ബഹുജനാഭിപ്രായം ഇത്തരമൊരു പരാജയത്തിന്റെ സൂചനയാണെങ്കില്‍ മേല്‍പ്പറഞ്ഞ ഫലം ലഭിക്കുമായിരുന്നില്ല. രണ്ടാമതായി, സോഷ്യലിസത്തിന്റെ പരാജയമെന്നതിലൂടെ പോസ്‌റ്റ്മാര്‍ക്‌സിസ്‌റ്റുകള്‍ അര്‍ത്ഥമാക്കുന്നത് ആഭ്യന്തരമായി സോഷ്യലിസ്‌റ്റ് പ്രയോഗങ്ങളുടെ അപര്യാപ്‌തതകളുടെ ഫലമായി ഇടതുപക്ഷത്തിന് ഭരണാധികാരം നഷ്‌ടപ്പെടുന്നതിനെയാണോ അതോ പുറത്തുനിന്നുള്ള രാഷ്‌ട്രീയ സൈനിക ആക്രമണത്തിലൂടെ സംഭവിക്കുന്ന പരാജയത്തെയാണോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്. പടിഞ്ഞാറന്‍ യൂറോപ്പില്‍ ഹിറ്റ്ലറുടെ ആക്രമണം മൂലമുണ്ടായ ജനാധിപത്യ തകര്‍ച്ചയെ ഒരാളും ജനാധിപത്യത്തിന്റെ പരാജയമായി കണക്കാക്കിയിരുന്നില്ല. മുതലാളിത്ത ഭീകരഭരണം, അല്ലെങ്കില്‍ അമേരിക്കയുടെ ഇടപെടലാണ് ചിലി, അര്‍ജന്റീന, ബൊളീവിയ, ഉറുഗ്വേ, ഡൊമിനിക്കന്‍ റിപ്പബ്ളിക്ക്, ഗ്വാട്ടിമാല, നിക്കരാഗ്വ, എല്‍സാല്‍വദോര്‍, അംഗോള, മൊസാമ്പിക്ക്, അഫ്‌ഗാനിസ്ഥാന്‍ മുതലായ രാജ്യങ്ങളിലെ ഇടതുപക്ഷത്തിന്റെ പിന്നോട്ടടിയുടെ പ്രധാന കാരണങ്ങളിലൊന്ന്. സൈനിക പരാജയങ്ങള്‍ സാമ്പത്തിക വ്യവസ്ഥയുടെ പരാജയങ്ങളല്ല. അതൊരിക്കലും സോഷ്യലിസ്‌റ്റ് അനുഭവങ്ങളുടെ കാര്യക്ഷമതയെ പ്രതിഫലിപ്പിക്കുന്നുമില്ല.

താരതമ്യേന സുശക്തമായ സോഷ്യലിസ്‌റ്റ് ജനകീയഭരണങ്ങളുണ്ടായിരുന്നപ്പോള്‍ ആഭ്യന്തരമായി നിലനിന്ന സാമൂഹ്യസാമ്പത്തിക നിലവാരം പിന്നീടുള്ളതിനേക്കാള്‍ എത്രയോ മെച്ചമായിരുന്നു. ജനകീയ പങ്കാളിത്തം, ആരോഗ്യം, വിദ്യാഭ്യാസം, വികസനനിലവാരം എന്നിവയില്‍ അലന്‍ഡെയുടെ ചിലി പിനോച്ചെയുടെ ഭരണകാലത്തേക്കാള്‍ ഏറെ മുന്നിലായിരുന്നു. നിക്കരാഗ്വയില്‍ സാന്‍ഡിനിസ്‌റ്റാ ഭരണകാലത്തെ നിലവാരം സമോറായുടെ കാലത്തേക്കാള്‍ ഏറെ മെച്ചപ്പെട്ടതായിരുന്നു. ഗ്വാട്ടിമാലയില്‍ അര്‍ബൈന്‍സ് ഭരണകാലത്തെ കാര്‍ഷികപരിഷ്‌ക്കാരങ്ങളും മനുഷ്യാവകാശസംരക്ഷണവും അട്ടിമറിയിലൂടെ അമേരിക്ക സ്ഥാപിച്ച സര്‍ക്കാരിന്റെ കാലത്തെ ഭൂമികേന്ദ്രീകരണവും ഒന്നരലക്ഷത്തോളം പേരുടെ കൂട്ടക്കൊലയുമായി താരതമ്യമില്ലാത്തതാണ്.

നിയോലിബറലിസത്തിന്റെ സാര്‍വ്വദേശീയ മേധാവിത്വം ഒരു വസ്‌തുതയല്ലേ?

ഇപ്പോള്‍ നിയോലിബറലുകള്‍ ഭരണത്തിലിരിക്കുകയും മാര്‍ക്‌സിസ്‌റ്റുകാര്‍ അധികാരഭ്രഷ്‌ടരാവുകയും ചെയ്‌തിരിക്കുന്നു എന്നതൊരു വസ്‌തുതയാണ്. എന്നാല്‍ പാശ്ചാത്യനാടുകളില്‍ മാര്‍ക്‌സിസ്‌റ്റ് - സോഷ്യലിസ്‌റ്റ് സ്വാധീനിത്തിലുള്ള ബഹുജനപ്രസ്ഥാനങ്ങള്‍ വന്‍പ്രക്ഷോഭങ്ങള്‍ നയിക്കുകയും നിയോലിബറല്‍ നയങ്ങളെ വെല്ലുവിളിക്കുകയും ചെയ്യാത്ത ഒരിടവുമില്ല. പരാഗ്വേയിലും, ഉറുഗ്വേയിലും ബൊളീവിയയിലും ഇന്ത്യയിലും വിജയകരമായ പൊതുപണിമുടക്കുകള്‍ രൂപപ്പെട്ടു. മെൿസിക്കോയില്‍ വിപുലമായ കര്‍ഷകപ്രസ്ഥാനങ്ങളും റെഡ് ഇന്ത്യാക്കാരുടെ പ്രസ്ഥാനങ്ങളുമുണ്ട്. ബ്രസീലില്‍ ഭൂരഹിതതൊഴിലാളികളുടെ പ്രസ്ഥാനമുണ്ട്. ഇതിലെല്ലാം മാര്‍ക്‌സിസ്‌റ്റ് സ്വാധീനം പ്രകടമാണ്. കമ്യൂണിസ്‌റ്റ് ബ്ളോക്കിനു പുറത്തുള്ള സോഷ്യലിസം തീര്‍ച്ചയായും അടിസ്ഥാനപരമായി ജനാധിപത്യപരമാണ്. അവ ജനാധിപത്യശക്തികളാവുന്നത് താഴെതട്ടിലുള്ള ജനകീയ താല്പര്യങ്ങളെ പ്രതിനിധീകരിക്കുന്നതുകൊണ്ടും അവ സ്വതന്ത്രമായി തീരുമാനിക്കപ്പെട്ടതുകൊണ്ടുമാണ്. അവയ്‌ക്ക് ജനകീയാടിത്തറയുണ്ട്.

പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ക്ക് സോവിയറ്റ് കമ്യൂണിസം അടിസ്ഥാനപരമായി വിപ്ളവപരമാണ്, ജനാധിപത്യ സോഷ്യലിസ്‌റ്റ് ഉള്ളടക്കമുള്ള ലാറ്റിനമേരിക്കന്‍ ബഹുജനപ്രസ്ഥാനങ്ങള്‍ അവരില്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കുന്ന ഘടകങ്ങളാണ്. സൈനിക പരാജയങ്ങളെയും ഇടതുപക്ഷത്തിന്റെ രാഷ്‌ട്രീയ പരാജയങ്ങളെയും ആശയക്കുഴപ്പത്തോടെയാണ് പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ സമീപിക്കുന്നത്. വിപരീതമായ രണ്ടു സംഗതികളുടെ നിയോലിബറല്‍ കൂടിച്ചേരലിനെയാണ് അവര്‍ ന്യായീകരിക്കുന്നത്. കിഴക്കന്‍ കമ്യൂണിസത്തിന്റെ കാര്യത്തില്‍പോലും കമ്യൂണിസത്തിന്റെ പരിവര്‍ത്തനസ്വഭാവവും ചലനാത്മകതയും അംഗീകരിക്കാന്‍ പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ വിസമ്മതിക്കുകയാണ്. സാമൂഹ്യ ഉടമസ്ഥത, സാമൂഹ്യക്ഷേമ നടപടികള്‍, കാര്‍ഷികപരിഷ്‌ക്കാരം, പാര്‍ലമെന്ററി ജനാധിപത്യം എന്നിവയുമായി കൂട്ടിച്ചേര്‍ക്കപ്പെട്ട സോഷ്യലിസ്‌റ്റ് സമന്വയം പുതിയ സാമൂഹ്യ രാഷ്‌ട്രീയപ്രസ്ഥാനങ്ങളുടെ സവിശേഷതയാണ്. ഈയര്‍ത്ഥത്തില്‍ പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റ് വീക്ഷണമായ 'പ്രത്യയശാസ്‌ത്രത്തിന്റെ അന്ത്യം' അവരുയര്‍ത്തുന്ന പ്രത്യയശാസ്‌ത്രപ്രഖ്യാപനത്തിന്റെ അസ്ഥിരതയാണ് വ്യക്തമാക്കുന്നത്.

(തുടരുന്നു....)
*****

മുഖാമുഖം : ഡോ. ജെയിംസ് പെട്രാസ്

കടപ്പാട് : പി എ ജി ബുള്ളറ്റിന്‍

2 comments:

വര്‍ക്കേഴ്സ് ഫോറം said...

പോസ്‌റ്റ് മാര്‍ക്‌സിസം എന്നാല്‍ മാര്‍ക്‌സിസത്തിന് ശേഷമുള്ളത് എന്നര്‍ത്ഥം. സോഷ്യലിസ്‌റ്റ് പരാജയവും നവലിബറലിസവും ചേര്‍ന്ന് ലോകത്തിന് സംഭാവന ചെയ്‌ത ഇടതുപക്ഷ വിഭ്രാന്തികളിലൊന്നാണിത്. 'ബദലില്ല' എന്ന വാദത്തെ സിദ്ധാന്തവല്‍ക്കരിക്കുന്ന 'ദാര്‍ശനികവ്യാപാര'മെന്ന് ചുരുക്കിപ്പറയാം. ഇടതുപക്ഷക്കാരായിരിക്കുകയോ, തീവ്ര ഇടതുപക്ഷത്തിന്റെ ചിറകില്‍ പറന്നുനടന്ന് അടിതെറ്റി വീഴുകയോ ചെയ്‌തവരുടെ സൈദ്ധാന്തിക വെളിപാടുകളാണ് പോസ്‌റ്റ്മാര്‍ക്‌സിസത്തിന്റെ ധാരയില്‍പ്പെടുന്ന ചിന്തകള്‍. പോസ്‌റ്റ് മോഡേണിസത്തിലേക്ക് - മാര്‍ക്‌സിസ്‌റ്റ് വീക്ഷണമുള്ളവരെ കൈപിടിച്ചാനയിക്കുന്ന ദൌത്യമാണ് ഇത്. കേരളത്തില്‍ ഒരു ദശാബ്‌ദത്തിലധികമായി വൈവിദ്ധ്യമാര്‍ന്ന വേഷങ്ങളില്‍ ഇത്തരം 'ദാര്‍ശനിക വ്യാപാരം' നടക്കുന്നുണ്ട്. ഒരളവുവരെ മാര്‍ക്‌സിസ്‌റ്റ് പ്രയോഗത്തിന്റെ വീഴ്‌ചകള്‍ ഈ 'ജനാധിപത്യ' വാചക കസര്‍ത്തുകള്‍ക്ക് ബലം നല്‍കുന്നുവെന്നത് സത്യമാണ്.

മലമൂട്ടില്‍ മത്തായി said...

Well it is good that the Marxists themselves are talking about Post-Marxism. At the very least, they are coming to terms with the death of Marxism itself.

As if that is not enough, the reddest of the red, the Chinese are the best known capitalists now. The Indian edition, CPM cannot even call themselves the party with the difference - more indifference to people than anything else. When will the party theoreticians come to terms with practical caste line politics of India?