Friday, September 17, 2010

വിദ്യാഭ്യാസത്തെ 'കച്ചവട'മാക്കിയ സുപ്രീം കോടതിയുടെ മുതലക്കണ്ണീര്‍

കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ പ്രവേശന പരീക്ഷ അസാധുവാക്കിയ ഹൈക്കോടതി വിധി റദ്ദാക്കാന്‍ വിസമ്മതിച്ചു കൊണ്ട് പരമോന്നത നീതിപീഠം നടത്തിയ നിരീക്ഷണം കെങ്കേമമായി. സ്വാശ്രയ വിദ്യാഭ്യാസം കലര്‍പ്പില്ലാത്ത വാണിജ്യ-വ്യവസായ കേന്ദ്രമായെന്ന കണ്ടുപിടുത്തം നീതിപീഠം തന്നെ നടത്തിയിരിക്കുന്നു. സുനാമി വാര്‍ത്ത പോലെ എന്തോ മഹാ ദുരന്തമുണ്ടായിരിക്കുന്നു എന്ന മട്ടിലാണ് തൊട്ടടുത്ത ദിവസം ഭൂഗോളത്തിലാകെ പ്രചാരമുള്ള പത്രങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. സ്വാശ്രയ വിദ്യാഭ്യാസം കച്ചവട കേന്ദ്രമാണെന്ന യാഥാര്‍ത്ഥ്യം ന്യായാസനങ്ങളില്‍ ഉപവിഷ്‌ടരായ മിലോര്‍ഡ് മാര്‍ നിരീക്ഷിക്കുമ്പോള്‍ മാത്രം മഹാത്ഭുതമാകുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാവുന്നില്ല. ആന്റണി സര്‍ക്കാര്‍ നേരത്തെ സ്വാശ്രയ സ്ഥാപനങ്ങള്‍ ആരംഭിച്ചത് മുതല്‍ കേരളീയ സമൂഹമാകെ അംഗീകരിച്ച യാഥാര്‍ത്ഥ്യമാണത്. യഥാര്‍ത്ഥത്തില്‍ ഇതേ സര്‍വ്വോന്നത ന്യായാസനമാണ് സ്വാശ്രയ വിദ്യാഭ്യാസത്തെ വാണിജ്യ-വ്യവസായ പ്രവര്‍ത്തനമാക്കുന്നതിനുളള പച്ചപ്പരവതാനി വിരിച്ചതും അതിനുതകുന്ന നിയമ വ്യാഖ്യാനം നടത്തിയതും എന്ന യാഥാര്‍ത്ഥ്യം നാം ഓര്‍ക്കേണ്ടതല്ലേ?

വിദ്യാഭ്യാസ പ്രവര്‍ത്തനത്തെ കച്ചവട വാണിജ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 1990 കള്‍ വരെ കണക്കാക്കപ്പെട്ടിരുന്നില്ല. അക്കാരണത്താലാണ് മോഹിനി ജെയിന്‍ കേസിൽ, വിദ്യാഭ്യാസം ലഭിക്കുന്നതിനുളള അവകാശത്തിന് ഭരണഘടനാ ദത്തമായ ജീവിക്കാനുളള അവകാശ(അനുഛേദം 21)ത്തില്‍ ഉള്‍ച്ചേര്‍ന്നതാണെന്ന സക്രിയമായ വ്യാഖ്യാനം നല്‍കിയത്. തുടര്‍ന്നുളള ഉണ്ണികൃഷ്ണന്‍ കേസ്സില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് തൊഴില്‍ ചെയ്യുന്നതിനോ, വ്യവസായ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ ഉളള മൌലികാവകാശമായി [(അനുഛേദം 19(1) (ജി1) ]കണക്കാക്കണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടെങ്കിലും സുപ്രീം കോടതി അത് നിരസിക്കുകയാണുണ്ടായത്. വിദ്യാഭ്യാസ സ്ഥാപന നടത്തിപ്പിനെ വ്യവസായ വാണിജ്യ പ്രവര്‍ത്തനമായി കണക്കാക്കാനാവില്ല എന്ന നിരീക്ഷണമാണ് ജസ്റിസ് ജീവന്‍ റെഡ്ഡി അന്ന് നടത്തിയത്.

എന്നാല്‍ 2002 ലെ ടി. എം.എ പൈ കേസില്‍ സുപ്രീം കോടതിയുടെ 11 അംഗ ബഞ്ചിന്റെ വിധി ന്യായത്തോടെ അതുവരെയുളള കാഴ്‌ചപ്പാടുകള്‍ അട്ടിമറിക്കപ്പെടുകയാണുണ്ടായത്. പൈ കേസിലാണ് വിദ്യാഭ്യാസ നടത്തിപ്പ് വ്യവസായ വാണിജ്യ പ്രവര്‍ത്തനം നടത്തുന്നതിനുളള മൌലികാവകാശമായി സുപ്രീം കോടതി അംഗീകരിച്ചത്. ഉദാരവത്കരണ നയങ്ങളുടെ സ്വാധീനമാണ് ഇത്തരമൊരു വിധി പ്രസ്‌താവത്തിനിടയാക്കിയതെന്ന് വിധി ന്യായത്തിലെ നിരീക്ഷണങ്ങള്‍ തന്നെ അടിവരയിട്ട് സ്ഥാപിക്കുന്നുണ്ട്. 'പ്രൊഫഷണല്‍ വിദ്യാഭ്യാസം തേടുന്ന ഏതൊരാളും അതിന്റെ' വില നല്‍കണമെന്നും വിദ്യാഭ്യാസം പൊതു നന്മ (പബ്ളിക്ക് ഗുഡ്) യല്ലെന്നും സ്വകാര്യ നന്മ (പ്രൈവറ്റ് ഗുഡ്) യാണെന്നും മറ്റും നിരീക്ഷിക്കാന്‍ കോടതിക്ക് യാതൊരു മടിയുമുണ്ടായില്ല. ബ്രട്ടന്‍വുഡ് സ്ഥാപനങ്ങളുടെ (ഐ.എം.എഫ്., ലോകബാങ്ക് ) കച്ചവട വ്യാഖ്യാനങ്ങള്‍ ഇന്ത്യന്‍ ന്യായാസനങ്ങള്‍ ഏറ്റു പാടുന്ന ദുര്യോഗത്തിനാണ് കോടതി മുറികള്‍ സാക്ഷ്യം വഹിച്ചത്. പുത്തന്‍ ഉദാരവല്‍ക്കരണ നയങ്ങളുടെ ജുഡീഷ്യല്‍ വ്യാഖ്യാനങ്ങള്‍ കോടതി മുറിയില്‍ പ്രതിധ്വനിച്ചു. വിദ്യാഭ്യാസം ലഭിക്കുന്നതിനുളള, മാന്യതയോടെ ജീവിക്കുന്നതിനുളള അവകാശം പുത്തന്‍ വ്യാഖ്യാനത്തോടെ അസാധുവായി. വിദ്യാഭ്യാസ സ്ഥാപന നടത്തിപ്പുകാരുടെ വ്യാപാര-കച്ചവട അവകാശങ്ങള്‍ അംഗീകരിക്കപ്പെട്ടു.

വിദ്യാഭ്യാസ നടത്തിപ്പ് വ്യവസായ വാണിജ്യ പ്രവര്‍ത്തനത്തിനുളള മൌലികാവകാശമാണെന്ന് തീര്‍പ്പ് കല്പിച്ച പരമോന്നത നീതിപീഠം ഇപ്പോള്‍ ഒന്നുമറിയാത്ത ഭാവം നടിക്കുകയാണോ? സ്വാശ്രയ വിദ്യാഭ്യാസം വ്യവസായ വാണിജ്യ കേന്ദ്രമായെന്ന് നിരീക്ഷിക്കുന്ന നീതിപീഠം അതിന്റെ തന്നെ മുന്‍ ഉത്തരവുകള്‍ പരിശോധിക്കാന്‍ തയ്യാറാവുകയാണ് വേണ്ടത്. സ്വാശ്രയ സ്ഥാപനങ്ങളില്‍ ക്രോസ് സബ്‌സിഡി വിലക്കിയ കോടതി നിര്‍ധന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങളാണ് തകര്‍ത്തെറിഞ്ഞത്. എന്‍ആര്‍ഐ ക്വാട്ടയുടെ മറവില്‍ വന്‍തുക തോന്നിയപോലെ ഫീസീടാക്കാന്‍ മാനേജ്മെന്റുകള്‍ക്ക് സൌകര്യമൊരുക്കിയതും ഇതേ കോടതി തന്നെ. ഉയര്‍ന്ന ഫീസ് നല്‍കാന്‍ ശേഷിയുളളവര്‍ക്ക് ഇത്തരം സ്ഥാപനങ്ങളില്‍ സംവരണമാകാം എന്ന നിലപാടാണ് കോടതിക്കുളളത്. നിര്‍ധനവിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവ് നല്‍കി പ്രവേശനം നല്‍കുന്നതിനോടാണ് കോടതിയുടെ എതിര്‍പ്പെന്നത് നിരവധി വ്യവഹാരങ്ങളില്‍ കോടതി സ്വീകരിച്ച സമീപനം അടിവരയിടുന്നുണ്ട്.

സ്വാശ്രയ സ്ഥാപങ്ങള്‍ കലര്‍പ്പില്ലാത്ത കച്ചവട കേന്ദ്രങ്ങളാകുന്നതുകൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ പ്രവേശനവും ഫീസും നിയന്ത്രിക്കുന്നതിനുളള നിയമ നിര്‍മ്മാണം നടത്തിയത്. സ്വാശ്രയ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവേശന പരീക്ഷ സുതാര്യമല്ലാത്തതിനാലാണ് സര്‍ക്കാര്‍ നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന എന്‍ട്രന്‍സ് ലിസ്റില്‍ നിന്ന് പ്രവേശനം നടത്തണമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെ-യ്‌തത്. സ്വകാര്യ മാനേജ്മെന്റുകള്‍ സ്വന്തം നിലക്ക് പ്രവേശന പരീക്ഷ നടത്തുന്നത് മെരിറ്റ് അട്ടിമറിക്കാനാണെന്ന് ആര്‍ക്കാണറിയാത്തത്? എന്നിട്ടും നമ്മുടെ നീതിപീഠം പ്രവേശന പരീക്ഷാ നടത്തിപ്പ് മാനേജ്മെന്റുകളുടെ മൌലികാവകാശമാണെന്നും സ്വാശ്രയ നിയമത്തിലൂടെ മൌലികാവകാശ ലംഘനമാണ് നടത്തുന്നതെന്നുമുളള നിഗമനത്തിലാണ് എത്തിച്ചേര്‍ന്നത്. മാനേജ്മെന്റുകള്‍ ഇഷ്‌ടാനുസരണം ഫീസീടാക്കുന്ന നിലയുണ്ടായാല്‍ മെറിറ്റുണ്ടെങ്കില്‍ മാത്രം പ്രവേശനം ലഭിക്കില്ല. വന്‍തുക കോഴ നല്‍കാന്‍ കഴിയാത്ത മിടുക്കന്‍മാരായ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് ഫീസ് നിയന്ത്രണത്തിനും നിയമത്തില്‍ വ്യവസ്ഥ ചെയ്‌തത്. സാമൂഹ്യ നീതിയും മെറിറ്റും പാലിച്ചു കൊണ്ടുളള സ്വാശ്രയ നിയമത്തിലെ സുപ്രധാന വ്യവസ്ഥകള്‍ റദ്ദ് ചെയ്‌തതും മാനേജ്മെന്റിന് തോന്നിയ പോലെ പ്രവേശനം നടത്തുന്നതിനും ഫീസീടാക്കുന്നതിനുമുളള സൌകര്യമൊരുക്കിയതും കേരള ഹൈക്കോടതിയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചെങ്കിലും സ്വാശ്രയ സ്ഥാപനങ്ങളുടെ പരീക്ഷാ പ്രഹസനം റദ്ദ് ചെയ്യുന്നതിനോ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യുന്നതിനോ കോടതി തയ്യാറായിരുന്നില്ല.

മാനേജ്മെന്റ് താല്‍പര്യം സംരക്ഷിക്കുന്നതിനുതകും വിധമുളള വിധി പ്രസ്‌താവമാണ് തുടര്‍ച്ചയായി കോടതികളില്‍ നിന്നുണ്ടായത്. അത്തരമൊരു സാഹചര്യത്തില്‍ മാനേജ്മെന്റുകളുമായി ചര്‍ച്ച ചെയ്‌ത് പരിമിതമായ തോതിലെങ്കിലും സാമൂഹ്യ നീതി ഉറപ്പാക്കുന്നതിനുളള പരിശ്രമമാണ് ഒരു സംസ്ഥാന സര്‍ക്കാരിന് ചെയ്യാനുളളത്. ആ ലക്ഷ്യം മുന്‍ നിര്‍ത്തിയുളള പരിശ്രമത്തിന്റെ ഫലമായി 50 ശതമാനം സീറ്റുകളില്‍ ഫീസിളവില്‍ പ്രവേശനമുറപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഒരു സീറ്റില്‍ പോലും ഫീസിളവ് നല്‍കുന്നതിന് കഴിഞ്ഞിരുന്നില്ലെന്നത് പലരും സൌകര്യപൂര്‍വ്വം മറക്കുകയാണ്. സര്‍ക്കാരുമായി ധാരണയിലെത്താതെ, സ്വന്തം നിലക്ക് പ്രവേശനം നടത്തുന്ന സ്ഥാപനങ്ങള്‍ മുഴുവന്‍ സീറ്റിലും ഉയര്‍ന്ന ഫീസാണ് ഈടാക്കുന്നത്. എന്‍ട്രന്‍സ് ലിസ്‌റ്റില്‍ നിന്നാണ് പ്രവേശനമെങ്കിലും മെറിറ്റടിസ്ഥാനത്തിലുളള പ്രവേശനമല്ല ഇവിടെ നടത്തുന്നത്. മാനേജ്മെന്റിന്റെ സ്വന്തം നിര്‍വ്വചനത്തിലുളള വ്യാജ മെറിറ്റാണ് പ്രവേശനത്തിനാധാരം.

സ്വാശ്രയ വിദ്യാഭ്യാസ മേഖല കറകളഞ്ഞ കച്ചവടമായെന്ന് വിലപിക്കുന്ന കോടതി, യഥാര്‍ത്ഥ വസ്‌തുതകള്‍ സൌകര്യപൂര്‍വ്വം വിസ്‌മരിക്കുകയോ മറച്ചുവെക്കുകയോ ആണ് ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥാപന നടത്തിപ്പ് വ്യവസായ വാണിജ്യ പ്രവര്‍ത്തനമാണെന്ന് സ്വന്തം വിധി പ്രസ്‌താവത്തിലൂടെ തീര്‍പ്പ് കല്‍പ്പിച്ചതിന് ശേഷം, ഈ മേഖല കറകളഞ്ഞ കച്ചവടമായെന്ന് നിരീക്ഷിക്കുന്നത് കേവലമായ ഗിമ്മിക്കല്ലേ? കയ്യടി കിട്ടുക എന്നതില്‍ കവിഞ്ഞ് മറ്റെന്തെങ്കിലും ലക്ഷ്യം ഇതിനുണ്ടെന്ന് വിശ്വസിക്കുക പ്രയാസം. സ്വാശ്രയ സ്ഥാപനങ്ങളില്‍ മെറിറ്റും സാമൂഹ്യ നീതിയും ഉറപ്പാക്കുന്നതിന് സംസ്ഥാന നിയമ സഭ ഐകകണ്ഠ്യേന പാസ്സാക്കിയ സ്വാശ്രയ നിയമം ഭരണ ഘടനാ വിരുദ്ധമാക്കിയ കോടതി ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുന്നത് മിതമായി പറഞ്ഞാല്‍ കാപട്യമല്ലേ? മൂലധനത്തിന്റെ മൂരിക്കുട്ടന്‍മാര്‍ കയറി നിരങ്ങുന്ന പാത്രക്കടയാക്കി സ്വാശ്രയ വിദ്യാഭ്യാസത്തെ മാറ്റിയതില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് നമ്മുടെ പരമോന്നത നീതി പീഠംകൂടിയാണെന്ന് പറയാതെ വയ്യ.

*****

കെ കെ രാഗേഷ്, കടപ്പാട് : ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ പ്രവേശന പരീക്ഷ അസാധുവാക്കിയ ഹൈക്കോടതി വിധി റദ്ദാക്കാന്‍ വിസമ്മതിച്ചു കൊണ്ട് പരമോന്നത നീതിപീഠം നടത്തിയ നിരീക്ഷണം കെങ്കേമമായി. സ്വാശ്രയ വിദ്യാഭ്യാസം കലര്‍പ്പില്ലാത്ത വാണിജ്യ-വ്യവസായ കേന്ദ്രമായെന്ന കണ്ടുപിടുത്തം നീതിപീഠം തന്നെ നടത്തിയിരിക്കുന്നു. സുനാമി വാര്‍ത്ത പോലെ എന്തോ മഹാ ദുരന്തമുണ്ടായിരിക്കുന്നു എന്ന മട്ടിലാണ് തൊട്ടടുത്ത ദിവസം ഭൂഗോളത്തിലാകെ പ്രചാരമുള്ള പത്രങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. സ്വാശ്രയ വിദ്യാഭ്യാസം കച്ചവട കേന്ദ്രമാണെന്ന യാഥാര്‍ത്ഥ്യം ന്യായാസനങ്ങളില്‍ ഉപവിഷ്‌ടരായ മിലോര്‍ഡ് മാര്‍ നിരീക്ഷിക്കുമ്പോള്‍ മാത്രം മഹാത്ഭുതമാകുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാവുന്നില്ല. ആന്റണി സര്‍ക്കാര്‍ നേരത്തെ സ്വാശ്രയ സ്ഥാപനങ്ങള്‍ ആരംഭിച്ചത് മുതല്‍ കേരളീയ സമൂഹമാകെ അംഗീകരിച്ച യാഥാര്‍ത്ഥ്യമാണത്. യഥാര്‍ത്ഥത്തില്‍ ഇതേ സര്‍വ്വോന്നത ന്യായാസനമാണ് സ്വാശ്രയ വിദ്യാഭ്യാസത്തെ വാണിജ്യ-വ്യവസായ പ്രവര്‍ത്തനമാക്കുന്നതിനുളള പച്ചപ്പരവതാനി വിരിച്ചതും അതിനുതകുന്ന നിയമ വ്യാഖ്യാനം നടത്തിയതും എന്ന യാഥാര്‍ത്ഥ്യം നാം ഓര്‍ക്കേണ്ടതല്ലേ?