Tuesday, September 7, 2010

റിസർവ് ബാങ്കിന് കൂച്ചുവിലങ്ങ്

"ഇന്ത്യന്‍ ധനകാര്യമേഖലയെ മേലില്‍ ആരാവും നിയന്ത്രിക്കുക? റിസർവ് ബാങ്ക് തന്നെയോ? അതോ ഒരു കൂട്ടം റെഗുലേറ്റര്‍മാരോ? അതുമല്ലെങ്കില്‍ ധനകാര്യവകുപ്പോ?'' ചോദിക്കുന്നത് ഡോ: രാകേഷ് മോഹന്‍. റിസർവ് ബാങ്കിന്റെ മുന്‍ ഡെപ്യൂട്ടി ഗവര്‍ണ്ണര്‍.

ഒരു വ്യാഴവട്ടക്കാലം റിസർവ് ബാങ്കിനെ മുന്‍നിരയിലിരുന്നു നിയന്ത്രിച്ച ഒരാള്‍ക്കുപോലും ഇപ്പോഴൊരു സംശയമുദിക്കാന്‍ കാരണമെന്തുണ്ടായി.

2010 ജൂണ്‍ 18ന് കേന്ദ്രഗവണ്‍മെന്റ് ഒരു ഓര്‍ഡിനന്‍സ് പ്രഖ്യാപിച്ചു. സെക്യൂരിറ്റീസ് ആന്റ് ഇന്‍ഷുറന്‍സ് (വാലിഡേഷന്‍ ആന്റ് റെഗുലേഷന്‍) ഓര്‍ഡിനന്‍സ് - 2010. ആഗസ്‌റ്റ് 6ന് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചു. ബില്‍ പാസ്സായി; നിയമമായി നാലു പ്രധാന നിയമങ്ങള്‍ ഇതിലൂടെ ഭേദഗതി ചെയ്തു.

(1) റിസർവ് ബാങ്ക് ഓഫ് ഇന്ത്യാ നിയമം - 1934
(2) ഇന്‍ഷുറന്‍സ് നിയമം - 1938
(3) സെക്യൂരിറ്റീസ് ആന്റ് കോണ്‍ട്രാക്ട് (റെഗുലേഷന്‍) നിയമം - 1956
(4) സെബി നിയമം - 1992

അങ്ങനെ, 76 വര്‍ഷത്തെ പാരമ്പര്യമുള്ള റിസർവ് ബാങ്കിനെ വന്ധ്യംകരിക്കുന്നതില്‍ യു.പി.എ സര്‍ക്കാര്‍ ഒരുപടി മുന്നോട്ടുനീങ്ങി. റിസർവ് ബാങ്കിന്റെ സ്വയം ഭരണാധികാരത്തിന് സാരമായ ശോഷണം സംഭവിച്ചു. നമ്മുടെ ജനപ്രതിനിധികള്‍ക്ക് അതത്ര പ്രശ്‌നമായി തോന്നിയില്ല. രാഷ്‌ട്രീയ പാര്‍ട്ടികള്‍ പൊതുവെ നിസ്സംഗത പാലിച്ചു. ഇടതുപക്ഷം എതിര്‍ത്തു.

എന്നാല്‍ ഇന്ത്യന്‍ ബിനിനസ് പത്രമാധ്യമങ്ങളില്‍ ഒരു മാസക്കാലമായി ഗൌരവപൂര്‍ണ്ണമായ ചര്‍ച്ച നടക്കുന്നുണ്ടായിരുന്നു. എ. വൈദ്യനാഥന്‍, എസ്.എസ്. താരാപ്പൂര്‍, രാകേഷ് മോഹന്‍, പി.എ. ശേഷന്‍ തുടങ്ങിയ പ്രമുഖരെല്ലാം ഓര്‍ഡിനന്‍സിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ചു. ഒരുപക്ഷെ, മുന്‍ ഗവര്‍ണ്ണര്‍ സി. രാഗരാജന്‍ മാത്രമായിരുന്നു അപവാദം.

ഓര്‍ഡിനന്‍സിന്റെ ഉറവിടം

തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു, ഓര്‍ഡിനന്‍സിന്റെ ആഗമനം. ആഗോളതലത്തില്‍ റിസർവ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ യശസ്സ് അത്രയേറെ ഉയര്‍ന്നു നില്‍ക്കുകയാണ്. രണ്ട് ആഗോള സാമ്പത്തിക സുനാമികളെ നിഷ്പ്രയാസം അതിജീവിച്ച സെന്‍ട്രല്‍ ബാങ്ക്. അസൂയാവഹമായ അവധാനതയും ജാഗ്രതയും പ്രദര്‍ശിപ്പിച്ച്, ഭ്രാന്തമായ ലാഭക്കൊതിയെയും ചൂതാട്ട ഉല്പന്നങ്ങളെയും അതിര്‍ത്തിയില്‍ വേലികെട്ടി തടഞ്ഞ കരുത്തനായ റെഗുലേറ്റര്‍. ഭരണകര്‍ത്താക്കളുടെ സമ്മര്‍ദ്ദത്തെ സമര്‍ത്ഥമായി ചെറുത്തുതോല്പ്പിച്ച് ബാങ്കുകളെയും അവയില്‍ നിക്ഷേപിച്ച ജനങ്ങളുടെ ജീവിത സമ്പാദ്യങ്ങളെയും കാത്തുപരിപാലിച്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.

യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പോളിസികളെ (യൂലിപ്‌സ്) ആരുനിയന്ത്രിക്കണമെന്ന കാര്യത്തില്‍ ഒരു തര്‍ക്കം സുപ്രീംകോടതിയിലെത്തിയിരുന്നു. സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യാ (സെബി) ചെയര്‍മാന്‍ സി.ബി. ഭാവെ ചില നിബന്ധനകള്‍ പുറപ്പെടുവിച്ചു. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ) എതിര്‍ത്തു. യൂലിപ്‌സ് സെക്യൂരിറ്റി ഇനമാണെന്ന് സെബിയും, അല്ലാ, ഇന്‍ഷുറന്‍സ് ഉല്പന്നമാണെന്ന് ഐ.ആര്‍.ഡി.എയും വാദിച്ചു. സുപ്രീംകോടതി വിധി പറയാനിരിക്കെ, ഗവണ്‍മെന്റ് ഓര്‍ഡിന്‍സ് പുറപ്പെടുവിച്ചു. ശ്രീ. ഭാവെ വിദേശത്തായിരുന്നു. ഐ.ആര്‍.ഡി.എ നിലപാട് ശരിവെയ്‌ക്കുന്നതായിരുന്നു ഓര്‍ഡിനന്‍സ്. പക്ഷെ, കൂട്ടത്തില്‍ നാലു നിയമഭേദഗതികളും ഉള്‍പ്പെടുത്തി. മേലില്‍ അവകാശതര്‍ക്കം ഒഴിവാക്കാന്‍വേണ്ടി എന്നതായിരുന്നു ന്യായം.

ഇതുവരെ ഹൈലെവല്‍ കമ്മറ്റി ഓണ്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റിന്റെ അദ്ധ്യക്ഷസ്ഥാനം റിസർവ് ബാങ്കിനായിരുന്നു. സെബിയും, ഐ.ആര്‍.ഡി.എയും പെന്‍ഷന്‍ ഫണ്ട് റെഗുലേറ്റി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റിയും (പി.എഫ്.ആര്‍.ഡി.എ) അംഗങ്ങളും. ഭേദഗതിയനുസരിച്ച് സംയുക്ത സംവിധാനത്തിന്റെ അദ്ധ്യക്ഷന്‍ ധനകാര്യമന്ത്രിയായിരിക്കും. കണ്‍വീനര്‍ ധനകാര്യ സെക്രട്ടറിയും. സമിതിയുടെ തീര്‍പ്പ് റിസർവ് ബാങ്കും അനുസരിക്കണം. ഇത് റിസർവ് ബാങ്കിനെ തരം താഴ്ത്തലാണ്. റിസർവ് ബാങ്കിനെ ട്രഷറിക്ക് കീഴ്‌പെടുത്തി ധനമന്ത്രാലയത്തിന്റെ കേവലം ഉപവിഭാഗമാക്കി ഒതുക്കി. പ്രഗത്ഭരായ ഐ.ജി. പട്ടേല്‍, മന്‍മോഹന്‍ സിങ്ങ്, ബിമല്‍ ജലാന്‍, സി. രംഗരാജന്‍, എന്നിവര്‍ ഗവര്‍ണ്ണര്‍മാരായിരുന്നപ്പോള്‍ റിസർവ് ബാങ്കിന്റെ സ്വയം ഭരണാധികാരം വിട്ടുകൊടുത്തില്ല. മുന്‍ ഐ.എ.എസുകാരനായ ഡോ: വൈ.വി.റെഡ്ഡിയും സര്‍ക്കാരിന് കീഴടങ്ങിയില്ല. ഇപ്പോള്‍ മറ്റൊരു മുന്‍ ഐ.എ.എസുകാരനായ ഡി. സുബ്ബറാവു നിസ്സഹായത പുലര്‍ത്തുന്നു.

സെന്‍ട്രല്‍ ബാങ്കിന്റെ ധര്‍മ്മം

റിസർവ് ബാങ്കിന്റെ ശനിദശയാരംഭിച്ചത് 1991ലാണ്. ഒന്നാം നരസിംഹം കമ്മറ്റി (1991) അതിന് കളമൊരുക്കി. രണ്ടാം നരസിംഹം കമ്മറ്റി (1998) വാണിജ്യ ബാങ്കുകളുടെ സ്വയം നിയന്ത്രണസിദ്ധാന്തം മുന്നോട്ടുവച്ചു. റിസർവ് ബാങ്കിന്റെ കരാളഹസ്‌തങ്ങള്‍ക്കിടയില്‍ കിടന്ന് വാണിജ്യബാങ്കുകള്‍ ഞെരിഞ്ഞമരുകയാണെന്നായിരുന്നു, എം. നരസിംഹത്തിന്റെ വിലാപം. യഥാര്‍ത്ഥത്തില്‍, ഇത് ആഗോളവത്കരണ, ഉദാരണവത്കരണ നയങ്ങളുടെ പ്രതിധ്വനിയായിരുന്നു. ഒരു ബാഹ്യഏജന്‍സിയുടെ നിയന്ത്രണത്തിന് പകരം, കോര്‍പ്പറേറ്റ് ഗവേര്‍ണന്‍സ് തത്വങ്ങളനുസരിച്ച് ബാങ്കിംഗ് കമ്പനികള്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിയുമെന്നായിരുന്നു കമ്പോളവേദ ശാസ്‌ത്രികളുടെ വിശ്വാസം. പരിഷ്‌ക്കാരം എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം തന്നെ നിയന്ത്രണമുക്തമാക്കുക എന്നായി മാറിയിരുന്നു. ക്രമേണ, റിസർവ് ബാങ്ക് ഉദ്യോഗസ്ഥര്‍ ബാങ്കുകള്‍ സന്ദര്‍ശിച്ച് നടത്തുന്ന പരിശോധന (On Site Inspection) ഉപേക്ഷിക്കപ്പെട്ടു. ബാങ്കുകള്‍ സമര്‍പ്പിക്കുന്ന റിപ്പോട്ടുകള്‍ പരിശോധിച്ചുള്ള നിയന്ത്രണം (Off Site Inspection) മതിയെന്നായി.

ഇതിനിടെ, 2008 ഏപ്രിലില്‍ ചിക്കാഗോ പ്രൊഫസര്‍ രഘുറാം ജി.രാജന്‍ ഇന്ത്യന്‍ ധനകാര്യമേഖലയ്‌ക്കാവശ്യമായ രണ്ടാം തലമുറ പരിഷ്‌ക്കാരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിലും റിസർവ് ബാങ്കിനെ നിര്‍വ്വീര്യമാക്കി, ഒരു സൂപ്പര്‍ റെഗുലേറ്റര്‍ രൂപം കൊള്ളേണ്ടതിന്റെയാവശ്യം ഊന്നിപറഞ്ഞു. ആഗോള പ്രതിസന്ധി പൊട്ടിപുറപ്പെട്ടതോടെ രഘുറാം രാജന്‍ റിപ്പോര്‍ട്ടിന്റെ വിലയിടിഞ്ഞു. എന്നാല്‍ 2010-11 ലേക്കുള്ള യൂണിയന്‍ ബജറ്റില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി ഒരു ഫൈനാഷ്യല്‍ സ്റെബിലിറ്റി ആന്റ് ഡെവലപ്‌മെന്റ് കൌണ്‍സില്‍ (എഫ്.എസ്.ഡി.സി) രൂപീകരിക്കുമെന്നു പ്രഖ്യാപിച്ചു.

ഇന്ത്യയിലെ റിസർവ് ബാങ്കും, അമേരിക്കയിലെ ഫെഡറല്‍ റിസർവ് സിസ്‌റ്റവും, പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയും, ബാങ്ക് ഓഫ് ഇംഗ്ളണ്ടുമൊക്കെ അതാതു രാഷ്‌ട്രങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകളാണ്. സെന്‍ട്രല്‍ ബാങ്ക് എന്നാല്‍ ഗവണ്‍മെന്റിന്റെ ബാങ്കാണ്. വാണിജ്യ ബാങ്കുകളുടെ നിയന്ത്രണവും മേല്‍നോട്ടവും സെന്‍ട്രല്‍ ബാങ്കില്‍ നിക്ഷിപ്‌തമായിരിക്കും. ഒപ്പം, കറന്‍സി നോട്ട് ഇഷ്യൂ, പൊതുകടം, പണനയം, വായ്‌പാനയം എന്നിവ കൈകാര്യം ചെയ്യുന്നതും സെന്‍ട്രല്‍ ബാങ്കാണ്. ചുരുക്കത്തില്‍, ധനമേഖലാ സുസ്ഥിരത ഉറപ്പുവരുത്തുകയെന്ന പരമമായ ദൌത്യം സെന്‍ട്രല്‍ ബാങ്കിന് മാത്രം ഉള്ളതാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ മറ്റ് നിയന്ത്രണാധികാരികളില്‍ നിന്നും വളരെ ഉയര്‍ന്ന വിതാനത്തിലെത്തിച്ചിരുന്നത് ഈ കടമയാണ്.

സുപ്രധാനവും നിര്‍ണ്ണായകവുമായ ഈ പദവി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും തട്ടിയെടുക്കാന്‍ സാധുവായ ഒരു ന്യായവും ആരുമിതുവരെ ചൂണ്ടിക്കാണിച്ചില്ല.

കാസിനോ ബാങ്കിംഗ്

നിക്ഷേപ സമാഹരണവും വായ്‌പാ വിതരണവും എന്നും ബാങ്കുകളുടെ മുഖ്യധര്‍മ്മങ്ങളായിരുന്നു. എന്നാല്‍ രണ്ട് പതിറ്റാണ്ടുകളെങ്കിലുമായി, അമേരിക്കയില്‍ ബാങ്കുകള്‍ക്ക് രൂപാന്തരം സംഭവിക്കുകയായിരുന്നു. ബാങ്കുകള്‍ പരീക്ഷണ വസ്‌തുക്കളായി മാറി. പുതുമയും നവീകരണവും ലക്ഷ്യമിട്ട്, നിരവധി പുത്തന്‍, ചൂതാട്ട ഉപകരണങ്ങള്‍ വിപണിയിലിറക്കി. ഫെഡറല്‍ റിസർവിന്റെ കണ്ണുവെട്ടിക്കാന്‍ വമ്പന്‍ ബാങ്കുകള്‍ നിക്ഷേപ സമാഹരണം നടത്താതെ, ഇന്‍വെസ്‌റ്റ്‌മെന്റ് ബാങ്കുകളായി പ്രവര്‍ത്തിച്ചു. ഇന്‍വെസ്‌റ്റ്‌മെന്റ് ബാങ്കുകളെ നിയന്ത്രിക്കേണ്ടത് മൂലധന വിപണിയുടെ റെഗുലേറ്റര്‍ ആയ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷന്‍ (എസ്.ഇ.സി) ആണ്. എസ്.ഇ.സി.യ്‌ക്കാവട്ടെ, നിക്ഷേപ ബാങ്കുകളുടെ മേല്‍ നാമമാത്രമായ നിയന്ത്രണമേ ഉണ്ടായിരുന്നുള്ളു.

ഇന്‍വെസ്‌റ്റ്‌മെന്റ് ബാങ്കുകള്‍ വായ്‌പ നല്‍കുന്നത് തിരിച്ചുപിടിക്കാനായിരുന്നില്ല. വായ്‌പകളെ ഉടന്‍ ഈടാക്കി മാറ്റും (സെക്യൂരിറ്റൈസേഷന്‍). ഈ സെക്യൂരിറ്റികളെ തരംതിരിച്ച്, കെട്ടുകളാക്കി, ചായം പൂശി മറിച്ചുവില്‍ക്കും. ഇവ ഡെറിവേറ്റീവ്സ് എന്നറിയപ്പെട്ടു. വൈകാതെ, ഈ വില്‍പന, ചൂതാട്ടത്തിന്റെ രൂപം പ്രാപിച്ചു. വായ്‌പ വിറ്റു കിട്ടുന്ന പണം വീണ്ടും വായ്‌പ നല്‍കി. പലപ്പോഴും വേണ്ടത്ര ഈടില്ലാതെ. ഭവനവായ്‌പ രംഗത്തായിരുന്നു ഈ ചൂതാട്ടമേറെയും. അങ്ങനെ ഈടു കുറഞ്ഞ സബ്പ്രൈം ഭവനവായ്‌പകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചു. ലാഭം കൊയ്യാനുള്ള കൈവിട്ട കളിയായിരുന്നു ഇത്. ബാങ്ക് മേധാവികള്‍ അമിതമായ റിസ്‌ക്ക് എടുത്ത്, ലാഭത്തിന്റെ സിംഹഭാഗവും ഇന്‍സെന്റീവ് ഇനത്തില്‍ തട്ടിയെടുത്തു.ഉയര്‍ന്ന ഡിവിഡന്റ് വിതരണം ചെയ്‌തു.

18 വര്‍ഷം ഫെഡറല്‍ റിസർവിന്റെ അധിപനായിരുന്ന അലന്‍ ഗ്രീൻ‌സ്‌പാന്‍ പലിശനിരക്ക് ഒരു ശതമാനത്തിലും താഴെയാക്കി നിര്‍ത്തി, ഈ ചൂതുകളിക്ക് പ്രോത്സാഹനം നല്‍കി. വായ്‌പാ പ്രളയവും കൃത്രിമ സമൃദ്ധിയും അമേരിക്കന്‍ ബാങ്കുകളെ 'കാസിനോ' ബാങ്കുകളാക്കി. ഒട്ടും സുതാര്യതയില്ലാത്തിതിനാല്‍ നിഴല്‍ ബാങ്കിംഗ് എന്ന വിശേഷണവും കൈവന്നു. 2009 സെപ്‌തംബറില്‍ കുമിളകള്‍ പൊട്ടി. ബാങ്കുകള്‍ തകര്‍ന്നു. 158 വര്‍ഷം പഴക്കമുള്ള ലേമാന്‍ ബ്രദേഴ്‌സ് തകരുമ്പോള്‍ കടം മൂലധനത്തിന്റെ 130 ഇരട്ടിയായിരുന്നു. ബാങ്കുകളെ ജാമ്യത്തിലെടുക്കാന്‍ 23,70,000 കോടി ഡോളര്‍ നികുതിപ്പണമാണ് അമേരിക്ക ചിലവിട്ടത്. എന്നിട്ടും, 14 ദശലക്ഷം പേര്‍ ഇപ്പോഴും തൊഴില്‍ രഹിതരാണ്. വീടുകള്‍ ജപ്‌തിചെയ്‌തുപോയി. ഭാവി അനിശ്ചിതത്വത്തിലാണ്.

പരിഷ്‌ക്കാരത്തിന്റെ പുനര്‍ നിർവചനം

സെക്യൂരിറ്റൈസേഷനും ഡെറിവേറ്റീവുകളും ഇന്ത്യയെ സാരമായി ബാധിച്ചില്ല. തടസ്സം രണ്ടായിരുന്നു: ഒന്ന്, ഇന്ത്യന്‍ ബാങ്കുകളുടെ പൊതുമേഖലാ ഘടന; രണ്ട്, റിസർവ് ബാങ്കിന്റെ സാന്നിധ്യവും ശക്തിയും. ഡോ: വൈ.വി. റെഡ്ഡിയുടെ നേതൃത്വത്തില്‍ റിസർവ് ബാങ്ക് നിതാന്ത ജാഗ്രത പാലിച്ചു. കോര്‍പ്പറേറ്റ് മാധ്യമങ്ങളും സ്വാതന്ത്രകമ്പോളവാദികളും റിസർവ് ബാങ്കിനെ ആക്ഷേപിച്ചതിന് കണക്കില്ല. വൈ.വി. റെഡ്ഡിയെ പഴഞ്ചനെന്നു മുദ്രകുത്തി. ഗ്യാലറിയുടെ കൈയ്യടി ലക്ഷ്യമിട്ട് ഡോ: റെഡ്ഡി കണ്‍ട്രോള്‍ രാജ് പുനസ്ഥാപിക്കുകയാണെന്ന് പ്രചരിപ്പിച്ചു. റെഡ്ഡിയുടെ കാലാവധി നീട്ടിക്കൊടുക്കുകയുണ്ടായില്ല. പകരം, ധനമന്ത്രാലയത്തില്‍ നിന്ന് സുബ്ബറാവുവിനെ ഗവര്‍ണ്ണറായി വാഴിച്ചു. ആ സുബ്ബറാവുവാണിപ്പോള്‍ യാചനയുമായി പ്രണബ് മുഖര്‍ജിയെ സമീപിച്ചത്. ഓര്‍ഡിനന്‍സ് കാലഹരണപ്പെടണമെന്ന് ഗവര്‍ണ്ണര്‍ ആഗ്രഹിച്ചു. പകരം, സംയുക്ത സമിതിയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനവുമായി മടങ്ങേണ്ടിവന്നു.

ലോകം മുഴുവന്‍ കേന്ദ്രബാങ്കുകളുടെ ശാക്തീകരണത്തെക്കുറിച്ചാണ് ചര്‍ച്ചചെയ്യുന്നത്. ഐ.എം.എഫ് രേഖ ഉദ്ധരിച്ച് ശ്രീ. വൈദ്യനാഥന്‍ സമർത്ഥിക്കുന്നത്."ഗവണ്‍മെണ്ടില്‍ നിന്നും സ്വതന്ത്രമായ, കൂടുതല്‍ കര്‍ശനവും സുശക്തവും സുതാര്യവുമായ ഒരു നിയന്ത്രണാധികാരകേന്ദ്രമാണ് ഇന്നാവശ്യം'' എന്നാണ്.

നവീകരണം, അഥവാ പരിഷ്‌ക്കരണം (Reform) എന്ന വാക്കിന്റെ നിര്‍വചനം തിരുത്തിയെഴുതപ്പെടുന്നതായി ഡോ: വൈ.വി. റെഡ്ഡി ഈയിടെ ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. റിഫോം എന്നാല്‍ പുതിയ അര്‍ത്ഥം വീണ്ടും നിയന്തണത്തിലേക്ക് എന്നാണ്.

വാള്‍ സ്‌ട്രീറ്റിന് കടിഞ്ഞാണ്‍

അമേരിക്കയിലെ ഓഹരിവിപണി കേന്ദ്രമാണ് വാള്‍ സ്‌ട്രീറ്റ്. നിക്ഷേപ ബാങ്കുകളുടെ വിഹാരരംഗം. ഈ വാള്‍ സ്‌ട്രീറ്റിനെ കടിഞ്ഞാണിടുന്ന ഒരു നിയമം ഈയിടെ അമേരിക്ക പാസ്സാക്കി. സെനറ്റര്‍മാരായ ക്രിസ് ഡോഡ്, ബേര്‍ണി ഫ്രാങ്ക് എന്നിവര്‍ അവതരിപ്പിച്ച 2319 പേജ് വരുന്ന ബില്ലില്‍ 500ല്‍ പരം വകുപ്പുകളാണുള്ളത്. ഒബാമയുടെ ഇക്കണോമിക് റിക്കവറി അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ വാള്‍ക്കര്‍ തയ്യാറാക്കിയ ബില്‍ വെളിച്ചം കാണുമോ എന്ന് സംശയിച്ചവരുണ്ട്. അത്രമാത്രം രൂക്ഷമായ എതിര്‍പ്പാണ് റിപ്പബ്ളിക്കന്‍ പാര്‍ട്ടി പടുത്തുയര്‍ത്തിയത്. ഒബാമ സോഷ്യലിസ്‌റ്റാണെന്നുവരെ ആക്ഷേപമുയര്‍ന്നു. രാജ്യമാകെ 'ചായ സല്‍ക്കാര' പ്രചരണം സംഘടിപ്പിച്ചു. ബില്ല് പാസാവാന്‍ മൂന്നു റിപ്പബ്ളിക്കന്‍ സെനറ്റര്‍മാരുടെ പിന്തുണ ആവശ്യമായിരുന്നു. പലവട്ടം ഒത്തുതീര്‍പ്പുചര്‍ച്ചനടന്നു. പല വകുപ്പുകളിലും വെള്ളം ചേര്‍ത്തു. വാള്‍ സ്‌ട്രീറ്റിനെ തൊടാന്‍ കഴിയില്ല എന്ന ആക്രോശങ്ങള്‍ക്കിടയിലും, മനസാന്നിദ്ധ്യം കൈവെടിയാതെ 15-07-2010ന് ബാരക്ക് ഹുസൈന്‍ ഒബാമ ബില്‍ പാസാക്കിയെടുത്തു. സാമ്പത്തിക ലോകത്തെ മഹാത്ഭുതമെന്ന് ഇതിനെ വിശേഷിപ്പിക്കാം.

'പതനത്തെ അതിജീവിക്കാനുള്ള വലുപ്പം' അവകാശപ്പെടുന്ന ഭീമന്‍ നിക്ഷേപ ബാങ്കുകളും അവരുടെ പുന്നാര ഉല്‍പ്പന്നങ്ങളായ ഡെറിവേറ്റീവുകളും മേലില്‍ നിയന്ത്രണ വിധേയമാകും. ധനകാര്യ ലോകത്തെ കൂട്ടനശീകരണായുധങ്ങളെന്ന് ധനാഢ്യനിക്ഷേപകന്‍ വാറന്‍ ബഫറ്റ് വിശേഷിപ്പിച്ചത് ഈ ഉല്പന്നങ്ങളെയാണ്. ജീവന്‍ പണയംവെച്ച് ചൂതുകളിയിലേര്‍പ്പെടുന്ന ബാങ്കുമേധാവികളുടെ കൂറ്റന്‍ പ്രതിഫലത്തിന് പുതിയ നിയമം കടിഞ്ഞാണിടും. തകരുന്ന ബാങ്കുകളെ മേലില്‍ ഖജനാവിലെ നികുതിപ്പണമുപയോഗിച്ച് രക്ഷപ്പെടുത്തുകയില്ല. ലാഭം സ്വകാര്യവല്‍ക്കരിക്കുകയും നഷ്‌ടം ദേശസാല്‍കരിക്കുകയും ചെയ്യുന്ന ഏര്‍പ്പാടിന് വിരാമമായി.

ഒബാമയുടെ പുതിയ നിയമം മത്സരവും കാര്യക്ഷമതയും സംരംഭകത്വവും നശിപ്പിക്കുമെന്ന് ആക്ഷേപിച്ചവരോടായി അദ്ദേഹം പ്രതിവചിച്ചതിപ്രകാരമായിരുന്നു.

‘മത്സരം വിലയിലും ഗുണമേന്മയിലുമായിരിക്കണം;
കുടിലതന്ത്രങ്ങളിലും കെണികളിലും മത്സരമാവശ്യമില്ല'.

സ്വാതന്ത്രകമ്പോളത്തിന്റെ പറുദീസയില്‍ ബാങ്കുകള്‍ക്കു മേല്‍ കനത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍, ഇന്ത്യയില്‍ വിജയഗാഥയുമായി ശിരസ്സുയര്‍ത്തി നില്‍ക്കുന്ന റിസർവ് ബാങ്കിന്റെ ചിറകരിയുന്നത് വിധി വൈപരീത്യമാണ്. നാണയപ്പെരുപ്പം നിയന്ത്രിക്കുകയെന്ന ധര്‍മ്മവുമായി റിസർവ് ബാങ്ക് ഒരു മൂലയില്‍ ഒതുങ്ങിക്കഴിയണമെന്ന താല്പര്യമാണിവിടെ വിജയിച്ചത്. നാശം വിതയ്‌ക്കുന്ന കാളക്കൂറ്റന്മാരെയും കരടിക്കൂട്ടങ്ങളെയും കയറൂരിവിട്ട് ഇന്ത്യയിലും കാസിനോ ബാങ്കിംഗ് നടപ്പാക്കുകയാണോ യുപിഎ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

*****

കെ.വി. ജോര്‍ജ്ജ്

( BEFI സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സ്വാതന്ത്രകമ്പോളത്തിന്റെ പറുദീസയില്‍ ബാങ്കുകള്‍ക്കു മേല്‍ കനത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍, ഇന്ത്യയില്‍ വിജയഗാഥയുമായി ശിരസ്സുയര്‍ത്തി നില്‍ക്കുന്ന റിസര്‍വ് ബാങ്കിന്റെ ചിറകരിയുന്നത് വിധി വൈപരീത്യമാണ്. നാണയപ്പെരുപ്പം നിയന്ത്രിക്കുകയെന്ന ധര്‍മ്മവുമായി റിസര്‍വ് ബാങ്ക് ഒരു മൂലയില്‍ ഒതുങ്ങിക്കഴിയണമെന്ന താല്പര്യമാണിവിടെ വിജയിച്ചത്. നാശം വിതയ്‌ക്കുന്ന കാളക്കൂറ്റന്മാരെയും കരടിക്കൂട്ടങ്ങളെയും കയറൂരിവിട്ട് ഇന്ത്യയിലും കാസിനോ ബാങ്കിംഗ് നടപ്പാക്കുകയാണോ യുപിഎ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.