Friday, September 17, 2010

ഒരു വനിതാ മാവോയിസ്റ്റിന്റെ വെളിപ്പെടുത്തല്‍

ഇടതൂര്‍ന്ന് വളര്‍ന്നുനില്‍ക്കുന്ന സാല്‍വനത്തിലെ ഭീതിദമായ ശാന്തത ആരെയും സ്‌തബ്‌ധരാക്കുന്നതാണ്. വളഞ്ഞുപുളഞ്ഞ വൃത്തിഹീനമായ പാതയിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് തെളിച്ചമുള്ള വ്യത്യസ്‌തമായ ഒരു ഇടം പ്രത്യക്ഷപ്പെടുന്നു. മരതകപച്ചവര്‍ണത്തില്‍ ഇടതൂര്‍ന്ന പച്ചിലപ്പടര്‍പ്പുകള്‍ക്കിടയില്‍ ഒരു പാറപ്പുറത്ത് ഒരു സ്‌ത്രീ രൂപം ഇരിക്കുന്നു; ഒരു നേര്‍ത്ത ടവ്വല്‍കൊണ്ട് അവര്‍ തലമറച്ചിട്ടുണ്ട്. അവര്‍ ധരിച്ചിരിക്കുന്ന കടും നീലനിറത്തിലുള്ള സാല്‍വാര്‍ കമ്മീസ് ആ ചുറ്റുപാടിന് ഇണങ്ങുന്നതാണ്. വളരെ ചെറിയൊരു ശബ്‌ദം കേള്‍ക്കുന്ന മാത്രയില്‍തന്നെ അവളുടെ കണ്ണുകള്‍ സൂക്ഷ്‌മതയോടെ അതിവേഗം ചുറ്റും പരതുന്നു. ശിവ എന്ന ഉമ എന്ന ശോഭ മണ്ഡി. തുളഞ്ഞ് കയറുന്ന ഒരു നോട്ടത്തെ തുടര്‍ന്ന് ചെറുതായൊന്ന് പുഞ്ചിരിച്ചു. ഞങ്ങളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു താന്‍ എന്ന് സിപിഐ മാവോയിസ്റ്റിന്റെ ഝാര്‍ഗ്രാം ഏരിയ കമാന്‍ഡറായ ആ 23കാരി പറഞ്ഞു.

മുപ്പതോളംവരുന്ന ഒരു മാവോയിസ്റ്റ് സായുധസംഘത്തിന് നേതൃത്വം നല്‍കിയിരുന്ന ഉമ നാലുമാസംമുമ്പ് അവരില്‍നിന്ന് ഒളിച്ച് കഴിയുകയാണ്. ഒരു ഡോക്‌ടറെ കാണാനെന്ന പേരില്‍ അവള്‍ തന്റെ കമാന്‍ഡ്പോസ്റ്റില്‍നിന്ന് ഒളിച്ചോടുകയാണുണ്ടായത്. കുറച്ചുകാലം അവള്‍ തന്റെ അമ്മായിയോടൊപ്പം ഒളിച്ചുകഴിഞ്ഞു. ഇപ്പോള്‍ തന്റെ കഥ ലോകം അറിയണമെന്നാണ് അവള്‍ പറയുന്നത്. അവള്‍ സര്‍ക്കാരിന് കീഴടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്. മിക്കവാറും ആഗസ്റ്റ് 26ന് അവള്‍ നക്‌സലിസവുമായുള്ള ബന്ധം ഔപചാരികമായിത്തന്നെ അവസാനിപ്പിച്ചേക്കും.

നക്‌സലൈറ്റുകള്‍ക്കൊപ്പംചേര്‍ന്ന് ഏഴുവര്‍ഷത്തിനുശേഷം എന്തുകൊണ്ടാണ് തന്റെ പോരാട്ടം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് ? "അനീതിക്കെതിരെ പോരാടുന്നു എന്ന് അവകാശപ്പെടുന്ന അവര്‍ (മാവോയിസ്റ്റ് നേതാക്കൾ) അതേ അനീതിയാണ് ചെയ്യുന്നത്.'' ഉമ പറയുന്നു: "കിഷന്‍ജിയുടെ സാന്നിധ്യത്തില്‍തന്നെ, ചില നേതാക്കന്മാരുടെ ദുഃസ്വഭാവത്തിനെതിരെ ഞാന്‍ പ്രതിഷേധിച്ചു. അവരാരും അത് ഇഷ്‌ടപ്പെട്ടില്ല. എന്നോട് ഇനി ആരും സംസാരിക്കരുതെന്ന് സ്‌ക്വാഡ് അംഗങ്ങള്‍ക്ക് നേതാക്കള്‍ നിര്‍ദ്ദേശം നല്‍കി. എന്നെ അവര്‍ ഒറ്റപ്പെടുത്തി. ഞാന്‍ ഇനിയും പ്രതിഷേധിക്കുകയാണെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അവര്‍ താക്കീത് ചെയ്‌തു.''

നേതാക്കന്മാരുടെ എന്തു നടപടിയാണ് അവള്‍ക്ക് ഇഷ്‌ടപ്പെടാതിരുന്നത് ? "അവര്‍ ബലാത്സംഗംചെയ്‌തു.'' ക്രോധാവേശംകൊണ്ട് തിളങ്ങിയ കണ്ണുകളോടെ അവള്‍ പെട്ടെന്ന് പ്രതികരിച്ചു-"ഞാന്‍ നക്‌സലുകള്‍ക്കൊപ്പംചേര്‍ന്ന് ഏകദേശം ഒരു വര്‍ഷമായപ്പോള്‍ ഝാര്‍ഖണ്ണ്ഡിലെ വനപ്രദേശത്തെ ഒരു ക്യാമ്പില്‍ എന്നെ ഒരു രാത്രി സെന്‍ട്രി ഡ്യൂട്ടിക്ക് നിയോഗിച്ചു. പെട്ടെന്നാണ് ഇരുട്ടില്‍നിന്ന് ബികാസ് (ഇപ്പോള്‍ ഇയാള്‍ മാവോയിസ്റ്റുകളുടെ സംസ്ഥാന സൈനികകമ്മീഷന്‍ തലവനാണ്.) കടന്നുവന്നത്. കുറച്ചുവെള്ളം കൊണ്ടുവരാന്‍ അയാള്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ അതിനുവേണ്ടി തിരിഞ്ഞ ഉടന്‍ അയാള്‍ എന്നെ ബലാല്‍ക്കാരമായി കെട്ടിപ്പിടിച്ചു; ചില 'വൃത്തികെട്ട ഏര്‍പ്പാടുകൾക്ക് തുനിഞ്ഞു''. അവള്‍ എതിര്‍ത്തപ്പോള്‍ കഴുത്തുഞെരിച്ച് കൊന്നുകളയുമെന്ന് ബികാസ് അവളെ ഭീഷണിപ്പെടുത്തി. ബലംപ്രയോഗിച്ച് കീഴടക്കിയശേഷം ബികാസ് തന്നെ ബലാത്സംഗം ചെയ്‌തു എന്ന് അവള്‍ പറഞ്ഞു. അന്ന് അവള്‍ക്ക് 17 വയസ്സായിരുന്നു.

"ഇതിനെക്കുറിച്ച് ആരോടും ഒന്നും പറയരുത് എന്ന് അയാള്‍ എന്നെ താക്കീത് ചെയ്‌തു. എന്നാല്‍ ഞാന്‍ ഈ കാര്യം ആകാശിനോട് പറഞ്ഞു. (കിഷന്‍ജിയുടെ വിശ്വസ്‌തനും സംസ്ഥാനകമ്മിറ്റി അംഗവുമാണ് ആകാശ്) താന്‍ ഇക്കാര്യത്തില്‍ വേണ്ടത് ചെയ്യാം എന്ന് അയാള്‍ പറഞ്ഞു; പക്ഷേ ഒന്നും ചെയ്‌തില്ല. യഥാര്‍ത്ഥത്തില്‍ ആകാശിന്റെ ഭാര്യ അനു കിഷന്‍ജിക്കൊപ്പമാണ് കഴിയുന്നത്.'' ഉമ പറഞ്ഞു.

മിക്കവാറും എല്ലാ വനിതാ കേഡര്‍മാരെയും ഉന്നത മാവോയിസ്റ്റ് നേതാക്കള്‍ ലൈംഗികമായി ചൂഷണം ചെയ്യാറുണ്ട്. ഉന്നത വനിതാ മാവോയിസ്റ്റ് നേതാക്കള്‍ക്കാകട്ടെ പലരുമായും ലൈംഗിക ബന്ധവുമുണ്ട്. ഉമ പറയുന്നു-"ഒരംഗം ഗര്‍ഭിണിയായാല്‍ ഗര്‍ഭം അലസിപ്പിക്കുകയല്ലാതെ അവള്‍ക്ക് മറ്റൊരു പോംവഴി ഇല്ല. കുട്ടികളെ ബാധ്യതയായാണ് അവര്‍ കാണുന്നത്. ഗറില്ലകളുടെ ചൊടിയും ചുണയും വീര്യവും കുട്ടികള്‍ ഇല്ലാതാക്കും എന്നാണ് അവര്‍ കരുതുന്നത് ''.

മറ്റു വനിതാ നക്‌സലൈറ്റുകള്‍ അനുഭവിക്കുന്ന നിഷ്‌ഠൂരതകളെക്കുറിച്ചുള്ള കഥകള്‍ ഉമ കേട്ടിട്ടുണ്ട്. "സീമ എന്ന് വിളിക്കുന്ന മറ്റൊരു കേഡർ, ആകാശ് അവളെ ബലാല്‍സംഗം ചെയ്‌തതായി എന്നോട് പറഞ്ഞു. ബേല്‍പഹാഡി സ്‌ക്വാഡ് കമാന്‍ഡര്‍ മദന്‍ മഹാതോയുടെ ഭാര്യ ജബയെ (രഞ്ജിത്പാല്‍ എന്ന) രാഹുല്‍ ബലാത്സംഗം ചെയ്‌തു. ഈ കേസില്‍ മാവോയിസ്റ്റു ക്യാമ്പുകളിലെ മുഖ്യ ആയുധ പരിശീലകനായ രാഹുലിനെ പാര്‍ടി ശിക്ഷിച്ചു. അയാളെ മേഖലാ കമ്മിറ്റിയില്‍നിന്ന് മൂന്നുമാസത്തേക്ക് ഒഴിവാക്കി'' -ഉമ പറഞ്ഞു.

സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറി ഗൌതം എന്നുവിളിക്കുന്ന സുദീപ് ചോങ്ദറും ഇതേപോലൊരു നടപടിക്ക് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അയാളെ ഝാര്‍ഖണ്ഡിലെ പശ്ചിമസിംഗ്‌ഭൂം ജില്ലയിലേക്ക് സ്ഥലംമാറ്റിയതായും അവര്‍ പറഞ്ഞു. വനത്തിനുള്ളിലെ ക്യാമ്പുകളിലും ഗ്രാമങ്ങളിലെ ഒളി സങ്കേതങ്ങളിലും മാറിമാറിയാണ് മാവോയിസ്റ്റുകള്‍ കഴിയുന്നത്. ഓരോ സ്ഥലത്തും കഴിയുന്നതിന് സമയവിഭജനം നടത്തിയിട്ടുണ്ട്. മാവോയിസ്റ്റുകളുടെ തോക്കിനുമുന്നില്‍ ഭയന്ന് അവര്‍ക്ക് ഒളിസങ്കേതം നല്‍കാന്‍ ഗ്രാമീണര്‍ നിര്‍ബന്ധിതരാവുകയാണ്. പൊലീസ് ആക്രമണങ്ങളില്‍നിന്ന് അവരെ രക്ഷിക്കാന്‍ കാവലിരിക്കാനും ഗ്രാമീണര്‍ നിര്‍ബന്ധിക്കപ്പെടുന്നു. "സുദീപ് ഗ്രാമങ്ങളില്‍ ഒളിവില്‍ കഴിയുമ്പോള്‍ അയാള്‍ ആ വീടുകളിലെ സ്‌ത്രീകളെ ബലാത്സംഗംചെയ്യാറുണ്ട്. അവര്‍ക്ക് പ്രതിഷേധിക്കാന്‍പോലും പറ്റില്ല.'' ഉമ വെളിപ്പെടുത്തുന്നു.

നിരവധി ഉന്നത മാവോയിസ്റ്റ് നേതാക്കള്‍ അവളെ ലൈംഗികമായി ചൂഷണം ചെയ്‌തു. ഉമ പറയുന്നു: ഒരു ദിവസം ബംഗാൾ‍-ഝാര്‍ഖണ്ഡ്-ഒറീസ മേഖലാ കമ്മിറ്റി അംഗം കമല്‍ മൈതി അവളുടെ രക്ഷയ്‌ക്കായി എത്തി. കിഷന്‍ജിയും മറ്റ് ഉന്നത മാവോയിസ്റ്റ് നേതാക്കളും പങ്കെടുത്ത ഒരു യോഗത്തില്‍ ഉമയുമായി ബന്ധം സ്ഥാപിക്കാനുള്ള തന്റെ ഇഷ്‌ടം കമല്‍ വെളിപ്പെടുത്തി. നേതാക്കള്‍ അത് അംഗീകരിച്ചു. "ജബാ സംഭവത്തിനുശേഷം ഞാന്‍ മനസ്സിലാക്കിയത് വനിതാ കേഡര്‍മാര്‍ക്ക് ലൈംഗിക ചൂഷണത്തില്‍നിന്നും സംരക്ഷണം കിട്ടണമെങ്കില്‍ അവള്‍ ഏതെങ്കിലും ഒരു സീനിയര്‍ നേതാവിനൊപ്പം ആയിരിക്കണം എന്നാണ്.'' അവള്‍ പറഞ്ഞു. അതൊരു വഴിത്തിരിവായിരുന്നു. തുടര്‍ന്ന് നക്‌സലൈറ്റ് നിരയില്‍ അവള്‍ ക്രമേണ ഉയര്‍ന്നുവന്നു.

പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പ്രധാന മാവോയിസ്റ്റുകളുടെ പട്ടികയില്‍പെടുന്നവളാണ് ഉമ. ഒട്ടേറെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്‌തത് അവളാണെന്ന് കരുതപ്പെടുന്നു. സില്‍ദയിലെ 24 സുരക്ഷാ സൈനികരുടെ കൂട്ടക്കൊല (2010 ഫെബ്രുവരി), രണ്ട് പൊലീസുകാരെ കൊലപ്പെടുത്തുകയും ഒരു പൊലീസ് ഓഫീസറെ തട്ടിക്കൊണ്ടുപോവുകയും ചെയ്‌ത സംക്രാലി പൊലീസ് സ്‌റ്റേഷന്‍ ആക്രമണം (2009, ഒക്‌ടോബർ) എന്നിവ അവയില്‍പ്പെടുന്നു. 2007ല്‍ നടന്ന ഝാര്‍ഖണ്ഡിലെ പാര്‍ലമെന്റംഗം സുനില്‍ മഹാതോയുടെ കൊലപാതകത്തിലും അവര്‍ക്ക് പങ്കുണ്ടെന്ന് കരുതപ്പെടുന്നു.

പിസിപിഎ അംഗങ്ങള്‍ക്ക് ഉപദേശവും നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നതും ഉമയായിരുന്നു. ജ്ഞാനേശ്വരി ട്രെയിന്‍ അട്ടിമറിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ജയിലിലുള്ള ബാപി മഹാതൊയും അവളുടെ മാര്‍ഗദര്‍ശനത്തിന്‍കീഴില്‍ പ്രവര്‍ത്തിച്ചവരില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം കേന്ദ്ര-സംസ്ഥാന സംയുക്ത സേന ലാല്‍ഗഢിലേക്ക് കടന്നപ്പോള്‍ അവര്‍ക്കുനേരെ വെടിവെച്ചവരില്‍ മറ്റു മാവോയിസ്റ്റുകള്‍ക്കൊപ്പം അവളുമുണ്ടായിരുന്നു. ഝാര്‍ഗ്രാമില്‍ അവള്‍ ദീദി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഝാര്‍ഗ്രാമില്‍ പിസിപിഎ സംഘടിപ്പിച്ചത് ഉമ ഒറ്റയ്‌ക്കായിരുന്നു.

2003ലാണ് ഉമ നക്‌സലൈറ്റുകള്‍ക്കൊപ്പം ചേര്‍ന്നത്. അന്ന് സിപിഐ (മാവോയിസ്റ്റ്) രൂപം കൊണ്ടിട്ടുണ്ടായിരുന്നില്ല. "ഞാന്‍ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിലാണ് ചേര്‍ന്നത്. അത് പിന്നീട് മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്ററില്‍ ലയിച്ചാണ് 2004ല്‍ സിപിഐ (മാവോയിസ്റ്റ്) രൂപംകൊണ്ടത്'' - അവള്‍ പറഞ്ഞു. ഉമ എന്ന പേര് പിന്നീട് അവള്‍ക്ക് നല്‍കപ്പെടുകയാണുണ്ടായത്. "നല്ല തടിച്ച് തുടുത്ത ശരീര പ്രകൃതമായിരുന്നു എന്റേത്. എന്നെ കാണാന്‍ ഉമാഭാരതിയെപ്പോലെയുണ്ട് എന്ന് അനു (ആകാശിന്റെ ഭാര്യ, കിഷന്‍ജിയുടെ 'സഖി') പറഞ്ഞു. അങ്ങനെ അവളാണ് എനിക്ക് ഉമ എന്ന് പേരിട്ടത്''.

അവളുടെ സംഘടനാപരമായ കഴിവുകള്‍ മാവോയിസ്റ്റ് നേതാക്കള്‍ തിരിച്ചറിഞ്ഞു. പശ്ചിമ മെദിനിപ്പൂരിലെ ജംബൊനിയിലെയും ദഹിജൂരിയിലെയും ഗിരിവര്‍ഗ്ഗ സ്‌ത്രീകളെ സംഘടിപ്പിക്കാനുള്ള ചുമതല അവള്‍ക്ക് നല്‍കി. ഝാര്‍ഖണ്ഡിലെ ഗോരബന്ധ വനത്തില്‍വെച്ച് അവര്‍ക്ക് മൂന്നുമാസം ആയുധ പരിശീലനവും നല്‍കിയിരുന്നു. "ആദ്യം മരക്കൊമ്പുകള്‍ ഉപയോഗിച്ചുള്ള ഡമ്മി ആയുധങ്ങള്‍കൊണ്ടാണ് ഞങ്ങള്‍ക്ക് പരിശീലനം നല്‍കിയത്. റിക്രൂട്ട്ചെയ്യപ്പെടുന്ന എല്ലാപേരും ആദ്യ സെഷനില്‍തന്നെ മൂന്ന് വെടിയുണ്ടകള്‍ പായിക്കേണ്ടതുണ്ട്. കൃത്യമായി ലക്ഷ്യസ്ഥാനത്ത് വെടിവെയ്‌ക്കാന്‍ കഴിയുന്നവരെ സായുധ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുന്നു''-അവള്‍ തുടര്‍ന്നു.

തോക്കുകള്‍ക്കും ഗറില്ലാ പോരാട്ടത്തിനുമിടയിലും അവളിലെ സ്‌ത്രീ ചിലപ്പോഴെല്ലാം തന്റെ നഖങ്ങളില്‍ ചായംപുരട്ടാനും കമ്മല്‍ ധരിക്കാനും മോഹിക്കാറുണ്ട്. അവള്‍ ഇങ്ങനെ തുടര്‍ന്നു- "എന്നാൽ, നല്ല മണമുള്ള സോപ്പ് തേയ്‌ക്കാന്‍പോലും ഞങ്ങളെ അനുവദിച്ചിരുന്നില്ല; ഞങ്ങളെ തിരിച്ചറിയാതിരിക്കാനാണ് അത്. കേഡര്‍മാരെല്ലാം ലൈഫ്ബോയ് സോപ്പ് മാത്രമാണ് ഉപയോഗിച്ചിരുന്നത്.''

അവള്‍ സ്വന്തം ഇഷ്‌ടപ്രകാരമാണോ നക്‌സല്‍ പ്രസ്ഥാനത്തില്‍ ചേര്‍ന്നത്? സാഹചര്യങ്ങള്‍ അവളെ അതില്‍ എത്തിക്കുകയാണുണ്ടായത്. ഒരു കുടുംബത്തിലെ നാല് കുട്ടികളില്‍ രണ്ടാമത്തേതാണ് ഉമ. രക്ഷിതാക്കള്‍ക്കൊപ്പം അവള്‍ നിത്യവൃത്തിക്കായി പാടങ്ങളില്‍ കൂലിവേല ചെയ്യുകയോ സാല്‍മരത്തിന്റെ ഇലയും മഹുവ ഇലയും കുര്‍കുട്ട് എന്ന് അറിയപ്പെടുന്ന ഒരിനം ചുവന്ന ഉറുമ്പുകളെയും ശേഖരിച്ച് വില്‍ക്കുകയോ ആയിരുന്നു. "പഠിക്കാന്‍ ഞാന്‍ മോശമായിരുന്നില്ല. കണക്ക് മാത്രമായിരുന്നു വലിയ പ്രയാസമുള്ള വിഷയം. പകല്‍ മുഴുവന്‍ പണിയെടുക്കുകയും രാത്രി പഠിക്കുകയുമായിരുന്നു.'' ബാങ്കുറ ജില്ലയിലെ ഖയേര്‍പഹാഡി ഗ്രാമത്തില്‍നിന്നുള്ള ഈ പെണ്‍കുട്ടി ഓര്‍ക്കുന്നു-"10-ാം ക്ളാസ് പാസാകാന്‍ കഴിഞ്ഞില്ല.''

ഇത് 2002ല്‍ ആയിരുന്നു. 8-ാം ക്ളാസില്‍ പഠിച്ചുകൊണ്ടിരുന്ന അവളുടെ ഇളയ സഹോദരന്‍ സഞ്ജയനെ അതിനകംതന്നെ തീവ്രവാദികള്‍കൊണ്ടുപോയിരുന്നു. അവന്‍ ലാല്‍ഗഢ് സ്‌ക്വാഡ് അംഗമായി; ഇപ്പോള്‍ ജയിലിലാണ്. "എന്റെ അച്‌ഛന്‍ ജമാധര്‍ മണ്ഡി മുഴുക്കുടിയനായിരുന്നു; ക്ഷയരോഗവും ബാധിച്ചിരുന്നു. അദ്ദേഹത്തിന് മരുന്നുവാങ്ങാന്‍പോലും പണമില്ലായിരുന്നു. അതിനായി ഞങ്ങള്‍ക്ക് സ്വന്തമായുണ്ടായിരുന്ന ഭൂമി വിറ്റു, പലരില്‍നിന്നും പണം കടം വാങ്ങുകയും ചെയ്‌തു.'' അവള്‍ ഓര്‍ക്കുന്നു.

ഇങ്ങനെ കുടുംബം നിതൃവൃത്തിക്കായി വലഞ്ഞിരുന്നപ്പോഴാണ് ചില 'പാര്‍ടി' അംഗങ്ങള്‍ സഹായ വാഗ്ദാനവുമായി എത്തിയത്. "അവര്‍ എന്റെ അച്‌ഛന്റെ കൈയില്‍ കുറച്ച് പണം കൊടുത്തു. എന്നിട്ട് എന്നോട് അവരോടൊപ്പം ചേരാന്‍ പറഞ്ഞു. അവരോടൊപ്പം ജോലിചെയ്യാന്‍ ഇഷ്‌ടമില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചുപോരാമെന്നാണ് അവര്‍ പറഞ്ഞത്.'' ഉമ വെളിപ്പെടുത്തി. ജോലി കിട്ടുമെന്നുള്ള പ്രതീക്ഷയാണ് അവളെ കുടുക്കിയത്.

അവരുമായി കരാര്‍ ഉറപ്പിച്ചശേഷമാണ് ഇനി ഒരിക്കലും വീട്ടിലേക്ക് പോകാനാവില്ല എന്ന് അവള്‍ക്ക് ബോധ്യമായത്. "ഇവിടെ വരുന്നവരാരും ഒരിക്കലും തിരിച്ചുപോകാറില്ല.'' ഒരു പ്രമുഖ നേതാവ് പിന്നീട് അവളോട് പറഞ്ഞു. ദാരിദ്ര്യത്തില്‍നിന്ന് മോചനം നേടാന്‍ അവള്‍ ആഗ്രഹിച്ചു. പക്ഷേ അവള്‍ക്ക് മനസ്സിലാക്കാന്‍ പറ്റാത്ത ഒരു പ്രത്യയശാസ്‌ത്രത്തിന്റെ ബന്ധനത്തില്‍ അവള്‍ അകപ്പെട്ടുപോവുകയാണുണ്ടായത്.

ഏഴുവര്‍ഷക്കാലത്തെ ചോരചൊരിയലിനെത്തുടര്‍ന്ന് അവള്‍ക്ക് ഇപ്പോള്‍ മരണത്തെക്കുറിച്ച് പേടിയില്ല. ഇത്രയുംകാലം അവള്‍ സര്‍ക്കാരിനോട് പൊരുതിക്കൊണ്ടിരുന്നു എന്നാല്‍ അതേ സര്‍ക്കാര്‍ അവളെ പുനരധിവസിപ്പിക്കും എന്ന പ്രതീക്ഷയാണ് ഇപ്പോള്‍ അവള്‍ക്കുള്ളത്. "ഒരു ചെറിയ അവസരം ലഭിച്ചാല്‍ മാവോയിസ്റ്റുകളുമായി വിടപറഞ്ഞ് ഒളിച്ചോടാന്‍ തയ്യാറായി നില്‍ക്കുന്ന ഒട്ടേറെ കാഡര്‍മാര്‍ ഇനിയുമുണ്ട് ''.

*****

രാഖി ചക്രവര്‍ത്തി, കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ, 2010 ആഗസ്റ്റ് 24)

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇടതൂര്‍ന്ന് വളര്‍ന്നുനില്‍ക്കുന്ന സാല്‍വനത്തിലെ ഭീതിദമായ ശാന്തത ആരെയും സ്‌തബ്‌ധരാക്കുന്നതാണ്. വളഞ്ഞുപുളഞ്ഞ വൃത്തിഹീനമായ പാതയിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് തെളിച്ചമുള്ള വ്യത്യസ്‌തമായ ഒരു ഇടം പ്രത്യക്ഷപ്പെടുന്നു. മരതകപച്ചവര്‍ണത്തില്‍ ഇടതൂര്‍ന്ന പച്ചിലപ്പടര്‍പ്പുകള്‍ക്കിടയില്‍ ഒരു പാറപ്പുറത്ത് ഒരു സ്‌ത്രീ രൂപം ഇരിക്കുന്നു; ഒരു നേര്‍ത്ത ടവ്വല്‍കൊണ്ട് അവര്‍ തലമറച്ചിട്ടുണ്ട്. അവര്‍ ധരിച്ചിരിക്കുന്ന കടും നീലനിറത്തിലുള്ള സാല്‍വാര്‍ കമ്മീസ് ആ ചുറ്റുപാടിന് ഇണങ്ങുന്നതാണ്. വളരെ ചെറിയൊരു ശബ്‌ദം കേള്‍ക്കുന്ന മാത്രയില്‍തന്നെ അവളുടെ കണ്ണുകള്‍ സൂക്ഷ്‌മതയോടെ അതിവേഗം ചുറ്റും പരതുന്നു. ശിവ എന്ന ഉമ എന്ന ശോഭ മണ്ഡി. തുളഞ്ഞ് കയറുന്ന ഒരു നോട്ടത്തെ തുടര്‍ന്ന് ചെറുതായൊന്ന് പുഞ്ചിരിച്ചു. ഞങ്ങളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു താന്‍ എന്ന് സിപിഐ മാവോയിസ്റ്റിന്റെ ഝാര്‍ഗ്രാം ഏരിയ കമാന്‍ഡറായ ആ 23കാരി പറഞ്ഞു.

Anonymous said...

മാവൊയിസ്റ്റു മാത്റമല്ല എല്ലാ പാറ്‍ട്ടിയിലും ഈ ദൌറ്‍ബല്യങ്ങള്‍ ഉണ്ട്‌, ആണും പെണ്ണും എവിടെ ഉണ്ടോ അവിടെ എല്ലം ലൈംഗിക ആകറ്‍ഷണം കീഴടക്കല്‍ രതി പ്റേമ നൈരാശ്യം ഇവയുണ്ട്‌

ഗ്ളാമറ്‍ ഉണ്ടെങ്കില്‍ പാറ്‍ട്ടിയിലും ഓഫീസിലും പള്ളിയിലും ആശ്രമത്തിലും കന്യാസ്ത്റീ മഠത്തിലും എവിടെയും പെട്ടെന്നു ഉയരാം തണ്റ്റെ ലൈംഗികതയെ ഫലപ്റദമായി ഉപയോഗിച്ചാല്‍ അത്യുന്നതങ്ങളില്‍ എത്താന്‍ ഏതു സ്ത്റീക്കും കഴിയും

പീ വീ നരസിംഹ റാവു തണ്റ്റെ ആത്മകഥാപരമായ നോവലില്‍ ഒരു അനിതാ സ്പീക്കറുമായുള്ള ബന്ധം ഒരു ഫാം ഹൌസില്‍ വച്ചുള്ള ലംഗിക ബന്ധം ഒക്കെ എഴുതിയിട്ടുണ്ട്‌, ഒളിവിലെ ഓറ്‍മ്മകളില്‍ തോപ്പില്‍ ഭാസിയും ചിലത്‌ സൂചിപ്പിച്ചിട്ടുണ്ട്‌

കേരളത്തിലെ കമ്യൂണീസ്റ്റ്‌ പ്റ്‍സ്ഥാനം പരിശോധിച്ചാല്‍ ഇതുപോലെ എത്റയോ ബന്ധങ്ങള്‍ കാണാം

വനാന്തരങ്ങളിലും മറ്റും പോകുമ്പോള്‍ മനുഷ്യണ്റ്റെ ആസക്തി കൂടും എല്‍ ടീ ടീയിലും ഇതൊക്കെ ഉണ്ടായിരുന്നു , ഏതു പ്റസ്ഥാനത്തിലും ഉണ്ട്‌.

ഗ്ളാമറ്‍ ഉണ്ടായിട്ടല്ലേ സിന്ധു ജോയി പെട്ടെന്നു നേത്റ്‍നിരയില്‍ എത്തിയത്‌?