Wednesday, September 8, 2010

മാമ്മന്‍ മാത്യുവിനോട് പറയാനുളളത്

'ധര്‍മോസ്‌മദ് കുലദൈവതം' എന്ന ആപ്‌തവാക്യത്തെ 'ധര്‍മത്തെ ഞാന്‍ സദാ കൊല ചെയ്‌തുകൊണ്ടിരിക്കുന്നു' എന്ന് ഏതോ സരസന്‍ വി കെ എന്‍ ശൈലിയില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. സ്വന്തം തലക്കുറിയുടെ ഈ വ്യാഖ്യാനത്തെ ഒന്നാന്തരം 'ക്വാട്ടബിള്‍ ക്വാട്ടാ'ക്കി വളര്‍ത്തുകയാണ് മലയാളമനോരമ. തമസ്‌ക്കരണം, വളച്ചൊടിക്കല്‍, വക്രീകരണം തുടങ്ങി പ്രചാരവേലയുടെ സകല അടവും പയറ്റുന്നതാണ് ലോട്ടറിവിവാദം സംബന്ധിച്ച മനോരമ വാര്‍ത്തകള്‍.

അന്യസംസ്ഥാന ലോട്ടറിമാഫിയയുടെ നിയമലംഘനത്തെക്കുറിച്ച് ആറുവര്‍ഷത്തോളമായി കേന്ദ്രത്തിനുമുന്നില്‍ കെട്ടിക്കിടക്കുന്ന നിവേദനങ്ങളും ആവശ്യങ്ങളും പരിദേവനങ്ങളും കാണാതെയാണ് മലയാളമനോരമ ലോട്ടറിപരമ്പര എഴുതിയത്. എ കെ ആന്റണിയുടെ കാലത്ത് ഉദ്യോഗസ്ഥതലത്തില്‍ അയച്ച റിപ്പോര്‍ട്ടുകള്‍, മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി നടത്തിയ ഓര്‍മപ്പെടുത്തലുകള്‍ ഇവയൊന്നും പരമ്പരയെഴുത്തുകാര്‍ അറിഞ്ഞില്ല. നാലാംവകുപ്പ് ലംഘനത്തിനെതിരെ നടപടി സ്വീകരിക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിനാണെന്ന് വ്യക്തമാക്കുന്ന എണ്ണമറ്റ കോടതിയുത്തരവുകള്‍ വായിച്ചുനോക്കാനും കോയമ്പത്തൂര്‍- സിക്കിം റൂട്ടില്‍ സര്‍ക്കീട്ടിനിറങ്ങിയ മനോരമയിലെ അപസര്‍പ്പകര്‍ ശ്രമിച്ചില്ല. ഇവയൊക്കെ തമസ്‌ക്കരിച്ച് അവര്‍ സംസ്ഥാന സര്‍ക്കാരിനോട് നിരന്തരം ചോദ്യം ചോദിച്ചുകൊണ്ടേയിരുന്നു.

വിജിലന്‍സ് അന്വേഷണറിപ്പോര്‍ട്ട് കൈയില്‍ കിട്ടി ആഴ്‌ചകള്‍ക്കകം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അത് കേന്ദ്രസര്‍ക്കാരിന് അയച്ചിട്ടും ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചെന്ന പച്ചക്കള്ളം മനോരമ അച്ചടിച്ചുവച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാനലോട്ടറികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ വിവരം പരമ്പരയിലെങ്ങുമില്ല. അതിനെതിരെ സമര്‍പ്പിച്ച കേസില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തില്‍ വിജിലന്‍സ് അന്വേഷണറിപ്പോര്‍ട്ടിനെക്കുറിച്ച് സൂചിപ്പിക്കുന്ന ഭാഗങ്ങളുടെ നേര്‍ക്ക് പരമ്പരയെഴുത്തുകാര്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. ഈ റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കാതിരിക്കുന്നത് ഖേദകരമാണെന്ന് തുറന്നടിക്കുന്ന സര്‍വകക്ഷിസംഘത്തിന്റെ നിവേദനത്തില്‍ ഉമ്മന്‍ചാണ്ടിയും ഒപ്പിട്ടെന്ന വസ്‌തുതയും മനോരമ തമസ്‌ക്കരിച്ചു. യഥാസമയം കോടതിയിലും കേന്ദ്രസര്‍ക്കാരിനുമുന്നിലും ഹാജരാക്കിയ ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചെന്ന് അച്ചടിക്കാന്‍ ഒരു മനസ്സാക്ഷിക്കുത്തും മനോരമയ്‌ക്കുണ്ടായില്ല.

ഓര്‍ഡിനന്‍സ് വിവാദത്തിന്റെ തിരക്കഥ "ഐസക് പ്രതിരോധത്തില്‍, ലോട്ടറി നികുതി ഓര്‍ഡിനന്‍സ് വെട്ടിയത് വി എസ്, പാര്‍ട്ടി പിന്തുണച്ചില്ല, വി എസും'' എന്ന അതിഭയങ്കര വെളിപ്പെടുത്തലുമായാണ് സെപ്‌തംബര്‍ നാലിലെ മനോരമ പുറത്തിറങ്ങിയത്. സാധാരണ നറുക്കിന് ഏഴില്‍നിന്ന് 25 ലക്ഷമായും ബമ്പറിന് 17 ലക്ഷത്തില്‍നിന്ന് 50 ലക്ഷമായും നികുതി ഉയര്‍ത്തുന്ന ഓര്‍ഡിനന്‍സിന്റെ ഫയലില്‍ മുഖ്യമന്ത്രി എഴുതിയ ഒരു കുറിപ്പിനെയാണ് മനോരമയിലെ ഭാവനാശാലി ഇങ്ങനെ വളച്ചൊടിച്ചത്. സിപിഐ എം അധികാരത്തിലിരിക്കുമ്പോള്‍ പാര്‍ടി അറിയാതെ ഇത്തരമൊരു ഓര്‍ഡിനന്‍സിനെക്കുറിച്ച് ആലോചന നടക്കുമെന്ന് വിശ്വസിക്കുന്നവരെയാണോ മനോരമ രാഷ്‌ട്രീയ റിപ്പോര്‍ട്ടിങ്ങിന് നിയോഗിക്കുന്നത് എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ.

ഓരോതവണ നികുതി അടയ്‌ക്കുമ്പോഴും കൂടുതല്‍ വിശദമായ സ്റേറ്റ്മെന്റ് വേണമെന്നും നാലാംവകുപ്പ് ലംഘനമില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് നിഷ്‌ക്കര്‍ഷിക്കണമെന്നുമൊക്കെയുള്ള നിബന്ധനങ്ങള്‍ അടങ്ങുന്നതാണ് ഓര്‍ഡിനന്‍സ്. നികുതി കൊടുക്കുന്നവര്‍ നാലാംവകുപ്പിലെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഒരു ഉപവകുപ്പുകൂടി ചേര്‍ക്കണമെന്ന് ഓര്‍ഡിനന്‍സിനുള്ള ഫയലില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഫയല്‍ വന്നയുടനെതന്നെ ഇത് അംഗീകരിച്ച് ഫയല്‍ നിയമവകുപ്പിന്റെ പരിശോധനയ്‌ക്ക് മുഖ്യമന്ത്രിവഴിതന്നെ അയക്കുകയും ചെയ്‌തു. ഈ നിര്‍ദേശത്തോടൊന്നും ആര്‍ക്കും ഒരെതിരഭിപ്രായവുമില്ല. മാത്രവുമല്ല നാലാംവകുപ്പ് നിബന്ധനകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ലോട്ടറി എന്നാണ് കേരളത്തിന്റെ നിയമത്തില്‍ പേപ്പര്‍ലോട്ടറിയെ നിര്‍വചിച്ചിരിക്കുന്നതുതന്നെ. വളരെ സ്‌പഷ്ടമായി നിയമത്തില്‍ എഴുതിയിരിക്കുന്ന കാര്യത്തെക്കുറിച്ച് ഒരു തര്‍ക്കവും ഉണ്ടാകേണ്ട കാര്യമില്ല.

ഒരു വിവാദത്തിനും അടിസ്ഥാനമില്ലാത്ത ഇക്കാര്യം വിവാദമാക്കി മാറ്റിയത് കേരളകൌമുദി കുടുംബത്തിലെ ഫ്ളാഷ് എന്ന ഉച്ചപ്പത്രത്തില്‍ ഇക്കഴിഞ്ഞ മൂന്നിന് പ്രത്യക്ഷപ്പെട്ട വാര്‍ത്തയാണ്. പ്ളാന്റ് ചെയ്യപ്പെട്ട ഈ വാര്‍ത്തയാണ് മനോരമയുടെ തലക്കെട്ടായത്. വിചിത്രമായ വാദങ്ങളാണ് വാര്‍ത്തയിലാകെ. ഓര്‍ഡിനന്‍സ് അതേപടി ഇറങ്ങിയിരുന്നെങ്കില്‍ അന്യസംസ്ഥാന ലോട്ടറിക്കാരില്‍നിന്ന് നികുതി വാങ്ങേണ്ടി വരുമായിരുന്നത്രേ! മുഖ്യമന്ത്രിയുടെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ ഈ ഗൂഢാലോചന തകര്‍ന്നുപോലും. ഇത്തരം വ്യാഖ്യാനങ്ങള്‍ പത്രത്തിന് നല്‍കുന്നത് ആരാണെന്ന് പത്രാധിപര്‍ അന്വേഷിക്കുന്നത് നന്ന്. "വി എസ് ചേര്‍ത്ത വകുപ്പ് മുക്കാന്‍ മുമ്പും ശ്രമം. ഭേദഗതി വന്നാല്‍ ഗുണം സര്‍ക്കാര്‍ലോട്ടറിക്ക് '' എന്നായി സെപ്‌തംബര്‍ അഞ്ചിന് മനോരമ. "സിക്കിം ഭൂട്ടാന്‍ തടയപ്പെടും'' ഇതിന് ടിക്കര്‍ ബോക്‌സില്‍ വിശദീകരണവും.

കേന്ദ്ര ലോട്ടറിനിയമത്തിന്റെ നാലാംവകുപ്പിന്റെ ലംഘനമുണ്ടായാല്‍ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് അവകാശമില്ലെന്നും അതുകൊണ്ട് കേന്ദ്രം നടപടിയെടുക്കണമെന്നും ചൂണ്ടിക്കാട്ടി എത്രയോ കത്ത് മുഖ്യമന്ത്രിതന്നെ അയച്ചിട്ടുണ്ട്. സര്‍വകക്ഷി നിവേദനത്തിലും ഇക്കാര്യം അടിവരയിട്ട് ആവര്‍ത്തിക്കുന്നുണ്ട്. കൺമുന്നില്‍ കിടക്കുന്ന ഇത്തരം രേഖകളൊക്കെ അവഗണിച്ചാണ് ഈ തിരുമണ്ടന്‍ വ്യാഖ്യാനം മനോരമ ഒന്നാംപേജില്‍ തട്ടിവിട്ടത്.

തങ്ങളുടെ വാര്‍ത്താവിശകലനങ്ങളും വ്യാഖ്യാനങ്ങളും മണ്ടത്തരങ്ങളാകുന്നതില്‍ പത്രത്തിനോ അതെഴുതുന്ന ലേഖകര്‍ക്കോ നാണക്കേട് തോന്നുന്നില്ലെങ്കിലും ലോട്ടറിനിയമത്തെക്കുറിച്ച് സാമാന്യവിവരമുള്ളവരെ ലജ്ജിപ്പിക്കുന്നുണ്ട്. നിയമലംഘനത്തിനെതിരെ നടപടിയെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് എന്തെങ്കിലും അവകാശമുണ്ടെന്ന് വ്യാഖ്യാനിക്കാവുന്ന പഴുതുപോലും കേന്ദ്രനിയമത്തില്‍ ഇല്ലെന്ന് ഉറപ്പുവരുത്തുന്ന പുതിയ കേന്ദ്ര ലോട്ടറിചട്ടങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് മനോരമയുടെ ഭാവനാവിലാസങ്ങള്‍. ആ ചട്ടങ്ങളെ കോടതിയില്‍ ചോദ്യംചെയ്യുന്നത് വലിയൊരു പാതകമാണെന്നാണ് മനോരമയുടെ വ്യാഖ്യാനം.

ഈ ഓര്‍ഡിനന്‍സ് വിവാദതിരക്കഥയുടെ അടുത്ത അങ്കമെന്തെന്ന് ഇപ്പോഴേ പറഞ്ഞേക്കാം. അന്യസംസ്ഥാന ലോട്ടറി ഏജന്റുമാര്‍ സെക്ഷന്‍ 4 ലംഘനം നടത്തുന്നുവെന്ന് ആരോപിച്ച് അവരുടെ നികുതി നിരസിച്ചതിനെതിരെ കോടതിയില്‍ കേസ് നിലവിലുണ്ട്. കേസിലെ വിധി സര്‍ക്കാരിന് എതിരായാല്‍, ഓര്‍ഡിനന്‍സ് വൈകിയതുകൊണ്ടാണ് അത്തരമൊരു വിധി വന്നതെന്ന് പ്രചരിപ്പിക്കാനുള്ള അരങ്ങൊരുക്കലാണ് ഇപ്പോഴത്തെ കഥകള്‍ (അങ്ങനെയൊരു വ്യാഖ്യാനവുമായി മാതൃഭൂമി ഇക്കഴിഞ്ഞ ദിവസം രംഗപ്രവേശം ചെയ്‌തിട്ടുണ്ട്). നടപടിക്രമം പാലിച്ച് ഓര്‍ഡിനന്‍സ് പുറത്തിറങ്ങാന്‍ സ്വാഭാവികമായും വേണ്ടിവരുന്ന കാലയളവിനെ, ബോധപൂര്‍വമായ വൈകിക്കലായി വ്യാഖ്യാനിക്കുന്ന തിരക്കഥയും അണിയറയില്‍ തയ്യാറായിട്ടുണ്ട്.

പത്രപ്രവര്‍ത്തനമെന്നാല്‍ ഉപജാപമാണെന്ന് കരുതുന്ന മാധ്യമപ്രവര്‍ത്തകരുടെ ഒരു തലമുറ നമ്മുടെ സംസ്ഥാനത്തുണ്ട്. വരദാചാരിയുടെ തല, കാണാതെ പോയ സെക്രട്ടറിയറ്റ് ഫയലുകള്‍ തുടങ്ങിയ പച്ചക്കള്ളങ്ങള്‍ സൃഷ്‌ടിച്ച് ലാവ്‌ലിന്‍ കേസില്‍ പരമ്പര എഴുതിയ 'പ്രഗത്ഭമതികള്‍' ഇന്നും മനോരമയിലുമുണ്ട്. പച്ചനുണകള്‍ ബൈലൈന്‍ സഹിതം പ്രസിദ്ധീകരിക്കാനുള്ള ഉളുപ്പില്ലായ്‌മ തെളിയിക്കുന്നത് ഒന്നേയുള്ളൂ, മടങ്ങിവരാനാകാത്തവിധം, അധഃപതനത്തിന്റെ പാതാളത്തിലേക്ക് അവര്‍ താണുപോയിരിക്കുന്നു.

(ലോട്ടറിവിവാദം- മറ്റൊരു ചൂതാട്ടം എന്ന പുസ്തകത്തിലെ ഒരധ്യായത്തില്‍നിന്ന്)

*****

ഡോ. ടി എം തോമസ് ഐസക്

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഈ ഓര്‍ഡിനന്‍സ് വിവാദതിരക്കഥയുടെ അടുത്ത അങ്കമെന്തെന്ന് ഇപ്പോഴേ പറഞ്ഞേക്കാം. അന്യസംസ്ഥാന ലോട്ടറി ഏജന്റുമാര്‍ സെക്ഷന്‍ 4 ലംഘനം നടത്തുന്നുവെന്ന് ആരോപിച്ച് അവരുടെ നികുതി നിരസിച്ചതിനെതിരെ കോടതിയില്‍ കേസ് നിലവിലുണ്ട്. കേസിലെ വിധി സര്‍ക്കാരിന് എതിരായാല്‍, ഓര്‍ഡിനന്‍സ് വൈകിയതുകൊണ്ടാണ് അത്തരമൊരു വിധി വന്നതെന്ന് പ്രചരിപ്പിക്കാനുള്ള അരങ്ങൊരുക്കലാണ് ഇപ്പോഴത്തെ കഥകള്‍ (അങ്ങനെയൊരു വ്യാഖ്യാനവുമായി മാതൃഭൂമി ഇക്കഴിഞ്ഞ ദിവസം രംഗപ്രവേശം ചെയ്‌തിട്ടുണ്ട്). നടപടിക്രമം പാലിച്ച് ഓര്‍ഡിനന്‍സ് പുറത്തിറങ്ങാന്‍ സ്വാഭാവികമായും വേണ്ടിവരുന്ന കാലയളവിനെ, ബോധപൂര്‍വമായ വൈകിക്കലായി വ്യാഖ്യാനിക്കുന്ന തിരക്കഥയും അണിയറയില്‍ തയ്യാറായിട്ടുണ്ട്.

പത്രപ്രവര്‍ത്തനമെന്നാല്‍ ഉപജാപമാണെന്ന് കരുതുന്ന മാധ്യമപ്രവര്‍ത്തകരുടെ ഒരു തലമുറ നമ്മുടെ സംസ്ഥാനത്തുണ്ട്. വരദാചാരിയുടെ തല, കാണാതെ പോയ സെക്രട്ടറിയറ്റ് ഫയലുകള്‍ തുടങ്ങിയ പച്ചക്കള്ളങ്ങള്‍ സൃഷ്‌ടിച്ച് ലാവ്‌ലിന്‍ കേസില്‍ പരമ്പര എഴുതിയ 'പ്രഗത്ഭമതികള്‍' ഇന്നും മനോരമയിലുമുണ്ട്. പച്ചനുണകള്‍ ബൈലൈന്‍ സഹിതം പ്രസിദ്ധീകരിക്കാനുള്ള ഉളുപ്പില്ലായ്‌മ തെളിയിക്കുന്നത് ഒന്നേയുള്ളൂ, മടങ്ങിവരാനാകാത്തവിധം, അധഃപതനത്തിന്റെ പാതാളത്തിലേക്ക് അവര്‍ താണുപോയിരിക്കുന്നു.

chandy said...
This comment has been removed by the author.