Monday, September 6, 2010

പോരാട്ടം പട്ടിണിക്കിടുന്ന കേന്ദ്രനയത്തിനെതിരെ

ദേശീയതലത്തില്‍ എല്ലാ കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകളും അഖിലേന്ത്യാ ഫെഡറേഷനുകളും ചേര്‍ന്ന് നടത്തുന്ന പ്രക്ഷോഭത്തിന്റെയും പണിമുടക്കിന്റെയും പ്രധാന ആവശ്യം 'വിലക്കയറ്റം തടയുക - പൊതു വിതരണം ശക്തമാക്കുക - ഊഹക്കച്ചവടം തടയുക' എന്നതാണ്. ഈ മുദ്രാവാക്യം രാജ്യത്താകെ ചര്‍ച്ചാവിഷയമായിരിക്കുന്നു. ദേശീയവും സാര്‍വദേശീയവുമായ ചില സംഭവ വികാസങ്ങളാണ് പ്രശ്‌നത്തെ സജീവമാക്കിയത്. നാം ഉയര്‍ത്തുന്ന മുദ്രാവാക്യത്തിന് പ്രാധാന്യം കൈവന്നിട്ടുണ്ടെന്ന് എല്ലാ തൊഴിലാളികളും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരും തിരിച്ചറിയേണ്ടതുണ്ട്. അതിന് സഹായിക്കുന്ന കുറിപ്പാണിത്.

1. സുപ്രീം കോടതി ഒരു വിധിയിലൂടെ നിലവില്‍ രാജ്യത്തുള്ള 'പരിമിതമായ' സ്റാറ്റ്യൂട്ടറി റേഷനിങ് സമ്പ്രദായം അട്ടിമറിച്ചിരിക്കുകയാണ്. 2 ലക്ഷം രൂപയില്‍ താഴെ പ്രതിവര്‍ഷ വരുമാനമുള്ളവര്‍ക്ക് മാത്രം റേഷന്‍ നല്‍കിയാല്‍ മതിയെന്നും എപിഎല്‍ വിഭാഗത്തെ പൂര്‍ണമായും ഒഴിവാക്കണമെന്നുമാണ് വിധി.

എ. ഈ വിധി കേരളം ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും ബഹുഭൂരിപക്ഷം കുടുംബങ്ങള്‍ക്കും റേഷന്‍ നിഷേധിക്കും. സുപ്രീംകോടതി ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള വരുമാന പരിധി പ്രകാരം മാസം 17,000 രൂപ വരുമാനമുള്ള കുടുംബങ്ങളെപ്പോലും റേഷന് അര്‍ഹതയില്ലാത്തവരാക്കി.

ബി) വിധിയുടെ മറ്റൊരു പ്രത്യാഘാതം നിലവിലുള്ള പരിമിതമായ പൊതുവിതരണ ശൃംഖലതന്നെ തകര്‍ക്കപ്പെടുമെന്നതാണ്. ഉദാഹരണത്തിന് കേരളത്തില്‍ 14,000 റേഷന്‍ കടകളുണ്ട്. എപിഎല്‍ കാര്‍ഡുകാര്‍ക്കെല്ലാം റേഷന്‍ നിഷേധിക്കുക വഴി ഈ കടകളില്‍ ഭൂരിപക്ഷവും അടച്ചുപൂട്ടേണ്ടി വരും. വിലക്കയറ്റം കാരണം ജനം നട്ടംതിരിയുമ്പോഴാണ് പൊതുവിതരണ ശൃംഖലപോലും ഇല്ലാതാക്കുന്നത്.

സി. നിലവിലുള്ള ബിപിഎല്‍ കാര്‍ഡുകളില്‍ അനര്‍ഹരായവര്‍ കടന്നുകൂടിയിട്ടുണ്ട്. അതുകൊണ്ട്, കര്‍ക്കശ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ബിപിഎല്‍ കാര്‍ഡുകളുടെ എണ്ണം പുനര്‍നിര്‍ണയിക്കണമെന്നാണ് സുപ്രീംകോടതി പറഞ്ഞിട്ടുള്ളത്. എല്ലാ സംസ്ഥാനങ്ങളിലും പ്ളാനിങ് കമീഷന്‍ അംഗീകരിച്ചിട്ടുള്ള ബിപിഎല്‍ കണക്കുകള്‍ അര്‍ഹരായ ലക്ഷക്കണക്കിന് കുടുംബങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ളതാണെന്ന ആക്ഷേപം സംസ്ഥാന സര്‍ക്കാരുകള്‍ ഉന്നയിച്ചിട്ടുണ്ട്. ഉദാഹരണത്തിന് കേരളത്തില്‍ കേന്ദ്രത്തിന്റെ കണക്കുപ്രകാരം 14 ലക്ഷം ബിപിഎല്‍ കാര്‍ഡുകാരേ ഉള്ളൂ. സംസ്ഥാനത്തിന്റെ കണക്കനുസരിച്ച് 20 ലക്ഷവും.

ഡി. സുപ്രീം കോടതിതന്നെ നിയോഗിച്ച സെന്‍ട്രല്‍ വിജിലന്‍സ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ വിധി വന്നത്. വിജിലന്‍സിന്റെ പരിശോധനയില്‍ കേരളം ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളെയും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നാണ് മാധ്യമവാര്‍ത്ത. എന്നാല്‍, സംസ്ഥാന ഗവമെന്റുകള്‍ക്ക് വിജിലന്‍സ് പരാമര്‍ശിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നിലപാടുകള്‍ വ്യക്തമാക്കാനുള്ള അവസരംപോലും സുപ്രീം കോടതി നല്‍കിയിട്ടില്ലെന്നും പറയുന്നു. ഇത് ശരിയാണെങ്കില്‍ പ്രാഥമിക നീതിയുടെതന്നെ നിഷേധമാണ്.

2. ആഗസ്ത് 24ന് റിസര്‍വ് ബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതില്‍ വളരെ ഗൌരവമുള്ള ചില കാര്യങ്ങള്‍ ഉന്നയിക്കുന്നു. റിസര്‍വ് ബാങ്കിന്റെ ധനനടപടികള്‍ കൊണ്ടുമാത്രം (Monetary Measures) വിലക്കയറ്റവും പണപ്പെരുപ്പവും കുതിച്ചുയരുന്നത് തടയാന്‍ കഴിയുന്നില്ല. ഭക്ഷ്യസുരക്ഷിതത്വം കൈവരിക്കണമെങ്കില്‍ ഭക്ഷ്യധാന്യങ്ങളുടെ ബഫര്‍ സ്‌റ്റോക്കുകള്‍ തുടര്‍ന്നും സൂക്ഷിക്കുക, ഫലപ്രദമായി വിതരണശൃംഖലയിലൂടെ അത് കാര്യക്ഷമമായി ഉപയോഗിക്കുക തുടങ്ങിയവ പ്രധാനമാണ്. 120 കോടി ജനങ്ങളുള്ള നമ്മുടെ രാജ്യത്തിന് ഭക്ഷ്യസുരക്ഷ ആര്‍ജിക്കാനോ തുടര്‍ന്ന് നിലനിര്‍ത്താനോ ഇറക്കുമതി കൊണ്ടുമാത്രം സാധിക്കില്ല. ഇറക്കുമതി ഭീമമായ ചെലവുണ്ടാക്കുന്നുവെന്ന് മാത്രമല്ല, പണപ്പെരുപ്പത്തെ നിയന്ത്രിക്കാനും കഴിയില്ല.
വിതരണ ശൃംഖലയില്‍ കൂടെക്കൂടെയുണ്ടാകുന്ന തകര്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍ പണപ്പെരുപ്പം കുറഞ്ഞ നിരക്കില്‍ നിര്‍ത്തുന്നതിനുള്ള റിസര്‍വ് ബാങ്കിന്റെ പരിശ്രമങ്ങള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നു. പണപ്പെരുപ്പത്തിന്റെ നിരക്ക് കുറഞ്ഞ തോതില്‍ നിര്‍ത്താതെ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനോ അതിന്റെ നേട്ടങ്ങള്‍ സാമാന്യ ജനങ്ങള്‍ക്ക് അനുഭവയോഗ്യമാക്കാനോ കഴിയില്ല. അതിനാല്‍ ചുരുങ്ങിയ പക്ഷം അവശ്യ ഭക്ഷ്യ ഇനങ്ങളിലെങ്കിലും വിതരണ ശൃംഖലയുടെ ഘടനയിലെ ന്യൂനതകളും അപാകതകളും പരിഹരിക്കുന്നതിനുള്ള ഇടക്കാല സമീപനം അടിയന്തരമായി ഉണ്ടാകണം.

കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കേണ്ടത് പ്രധാനമാണ്. 2009-10ല്‍ ധാന്യോല്‍പ്പാദനനിരക്കില്‍ 1.6 ശതമാനം വര്‍ധനമാത്രമാണുണ്ടായത്. ജനസംഖ്യ വര്‍ധനയുടെ നിരക്ക് 1.9 ശതമാനവും. റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുള്ള നിഗമനങ്ങള്‍ക്ക് കടകവിരുദ്ധമാണ് കേന്ദ്രത്തിന്റെ ഭക്ഷ്യനയം. 'വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ഛിച്ചതും പാല് ' എന്ന നിലക്കാണ് സുപ്രീംകോടതി വിധിയെ കേന്ദ്രഭക്ഷ്യവകുപ്പ് സ്വീകരിച്ചിട്ടുള്ളത്. ഭക്ഷ്യവകുപ്പിന്റെ കണക്കനുസരിച്ച് ബിപിഎല്‍ കാര്‍ഡുള്ള കുടുംബങ്ങളുടെ എണ്ണം 6.52 കോടിയാണ്. പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യമാണ് ഇവര്‍ക്ക് നല്‍കുന്നത്. കര്‍ക്കശമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഈ കുടുംബങ്ങളുടെ എണ്ണം കുറയ്‌ക്കാനാണ് ശ്രമം. മാത്രമല്ല, കാര്‍ഡുകള്‍ വഴി നേരിട്ട് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതിന് പകരം ഭക്ഷ്യ സ്‌റ്റാമ്പുകള്‍ നല്‍കി ഇഷ്‌ടമുള്ള കടകളില്‍നിന്ന് ധാന്യം വാങ്ങുക എന്ന പദ്ധതി അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. ഗവൺമെന്റ് നല്‍കുന്ന സബ്‌സിഡികള്‍ക്കുള്ള തുക ഈ ഭക്ഷ്യ സ്‌റ്റാമ്പുകളില്‍ കാണിച്ചിരിക്കും. വ്യാപാരികള്‍ അത് കുറച്ചുള്ള വിലയാണ് വാങ്ങുക. ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ള കുടുംബങ്ങള്‍ക്കുപോലും ധാന്യങ്ങള്‍ നല്‍കുന്ന ഉത്തരവാദിത്തത്തില്‍നിന്ന് ഗവൺമെന്റ് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണിത്.

ഈ പദ്ധതി നടപ്പായാല്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ സ്‌റ്റാമ്പ് ഉപയോഗിച്ച് കമ്പോളത്തില്‍നിന്ന് ഭക്ഷ്യധാന്യം വാങ്ങേണ്ടി വരും. സുപ്രീം കോടതി വിധിയനുസരിച്ച് എപിഎല്‍ കാര്‍ഡുകാര്‍ മുഴുവന്‍ പൊതുകമ്പോളത്തെ ആശ്രയിച്ചുകൊള്ളണം. സംയുക്ത ട്രേഡ് യൂണിയനുകളുടെ ഡിമാന്‍ഡ് വഴി ഞങ്ങള്‍ സുപ്രീം കോടതിയുടെ വിധിക്കും ഭക്ഷ്യവകുപ്പിന്റെ പദ്ധതികള്‍ക്കും എതിരാണെന്ന് വ്യക്തമാക്കട്ടെ.

വില ക്രമാതീതമായി ഉയര്‍ന്നതായി ബോധ്യപ്പെടുന്ന സമയത്ത് അതില്‍ ഇടപെടാനുള്ള ഒരു പദ്ധതിയും സ്‌കീമിലുണ്ട്. 'Open Market Operations' എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. അതുപ്രകാരം കമ്പോളവില ക്രമാതീതമായി ഉയര്‍ന്നുവെന്ന് ബോധ്യമാകുമ്പോള്‍ കൈവശമുള്ള ബഫര്‍ സ്‌റ്റോക്കില്‍നിന്ന് ഗവൺമെന്റ് ഏതാനും ലക്ഷം ടൺ ധാന്യങ്ങള്‍ നിശ്ചിത വിലയിട്ട് കമ്പോളത്തില്‍ വില്‍ക്കും. അതിന്റെ ഫലമായി കമ്പോളത്തില്‍ ലഭ്യമായ ധാന്യങ്ങളുടെ അളവ് വര്‍ധിക്കുകയും അതുവഴി ഭക്ഷ്യധാന്യവിലകുറയുകയും ചെയ്യുമെന്ന് ഈ ഉദ്യോഗസ്ഥ മേധാവികള്‍ വാദിക്കുന്നു (Supply and Demand Theory). ബഫര്‍ സ്‌റ്റോക്ക് ചെലവഴിക്കാന്‍ തുടങ്ങിയാല്‍ ഗവൺമെന്റിന്റെ കൈവശമുള്ള കരുതല്‍ സ്‌റ്റോക്കുകള്‍ കൂടി കുത്തക വ്യാപാരികളുടെ ഗോഡൌണുകളിലെത്തും. റിലയന്‍സ്, ബിര്‍ള, ടാറ്റ തുടങ്ങിയ വന്‍ കമ്പനികള്‍ പോലും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറന്ന് റിട്ടെയില്‍ വ്യാപാരം തുടങ്ങിയിട്ടുണ്ട്. വാള്‍മാര്‍ട്ട് തുടങ്ങി വിദേശ കുത്തകകള്‍ക്കും റീട്ടെയില്‍ വ്യാപാരത്തില്‍ ഇന്ത്യയില്‍ പ്രവേശനം അനുവദിക്കുകയാണ്.

3. കേന്ദ്രഗവമെന്റും റിസര്‍വ് ബാങ്കും തമ്മില്‍ വിലനയത്തിന്റെയും പണപ്പെരുപ്പത്തിന്റെയും കാര്യത്തില്‍ ഭിന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്. വിലക്കയറ്റവും പണപ്പെരുപ്പത്തിന്റെ രണ്ടക്കസംഖ്യയിലേക്കുള്ള വര്‍ധനയും തടയാനുള്ള നടപടികള്‍ റിസര്‍വ് ബാങ്കിനാണുള്ളതെന്നാണ് കേന്ദ്രധനമന്ത്രിയുടെ പക്ഷം. മാത്രമല്ല അതിനുള്ള നടപടികള്‍ അവര്‍ എടുക്കുന്നുണ്ടെന്നും പ്രശ്‌നം കാലവര്‍ഷാരംഭത്തോടെ പരിഹരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. എന്നാല്‍, റിസര്‍വ് ബാങ്കിന് ഇതിനുള്ള ഉപാധി ധനനടപടികള്‍ (Monetary Measures) മാത്രമാണ്. അതാകട്ടെ അനുഭവത്തില്‍ ഫലപ്രദമല്ലെന്നും തെളിഞ്ഞു. ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാതിരിക്കുന്നതില്‍ വിവിധ വകുപ്പുകളും മന്ത്രിമാരും റിസര്‍വ് ബാങ്കും പരസ്‌പരം പഴിചാരുന്ന സ്ഥിതിയാണ്. ഇതില്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ല. കമ്പോളത്തില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് ഉത്തരവാദിത്തമൊഴിയുന്ന കേന്ദ്രഭക്ഷ്യവകുപ്പിന്റെ സമീപനത്തോടും യോജിപ്പില്ല. നിലവിലെ പരിമിത പൊതുവിതരണ ശൃംഖല കൂടുതല്‍ വികസിപ്പിച്ചും ന്യൂനതകളും അപാകതകളും തിരുത്തിയും ന്യായവിലയ്‌ക്ക്നിത്യോപയോഗസാധനങ്ങള്‍ വിതരണംചെയ്യാനുള്ള ഉത്തരവാദിത്തം കേന്ദ്രഗവൺമെന്റ് ഏറ്റെടുക്കണമെന്നുമാണ് ഞങ്ങളുടെ ആവശ്യം. ഇക്കാര്യത്തില്‍ എല്ലാ സംസ്ഥാനസര്‍ക്കാരുകളെയും സഹകരിപ്പിക്കുന്നതിനുള്ള സമീപനവും കേന്ദ്രം എടുക്കണം. ബിപിഎല്‍ കാര്‍ഡുകള്‍ അര്‍ഹതയുള്ളവര്‍ക്ക് ലഭിക്കാനും അനര്‍ഹരായവര്‍ക്ക് ലഭിക്കാതിരിക്കാനും ജാഗ്രത വേണം.

4. റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ ആഗോള ധനപ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ ഇന്ത്യന്‍ സമ്പദ്ഘടനയെയും ബാധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. സ്ഥാപനങ്ങള്‍ക്ക് ഇടപാടുകള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് രൊക്കം പണമില്ലാതെ വിഷമിക്കുന്ന സാഹചര്യങ്ങളുണ്ടായി. ഈ സന്ദര്‍ഭത്തില്‍ കേന്ദ്രവും റിസര്‍വ് ബാങ്കും ഇടപെട്ട് 5,60,000 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി സര്‍ക്കാരിന്റെ കടവും ധനകമ്മിയും വര്‍ധിച്ചു.

അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, ജപ്പാന്‍ തുടങ്ങിയ വികസിത മുതലാളിത്ത രാജ്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ചെയ്‌ത ഉത്തേജക പദ്ധതികള്‍ അവിടെ ഫലപ്രദമായെന്നും അത് ഇന്ത്യക്കും മാതൃകയാക്കാമെന്നും റിസര്‍വ് ബാങ്ക് കരുതുന്നു. എന്നാല്‍ വികസിത മുതലാളിത്ത രാജ്യങ്ങളിലെ വീണ്ടെടുപ്പ് പ്രക്രിയ ഇപ്പോള്‍ വീണ്ടും പ്രതിസന്ധിയിലാണ്. ധനപ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ മാന്ദ്യത്തില്‍നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ടില്ലെന്നു മാത്രമല്ല, എല്ലാ വികസിതരാജ്യങ്ങളും ആദ്യത്തെ മാന്ദ്യത്തില്‍നിന്ന് കരകയറുന്നതിന് മുമ്പായിത്തന്നെ മറ്റൊരു മാന്ദ്യത്തിലേക്ക് വഴുതി വീണിരിക്കുകയാണ്. ഇത് വികസിത രാജ്യങ്ങളുടെ ഭാവി കൂടുതല്‍ ഇരുളടഞ്ഞതാക്കിയിട്ടുണ്ട്.

ഐഎംഎഫിന്റെയും സാമ്പത്തിക വിദഗ്ധരുടെയും അഭിപ്രായത്തില്‍ 2011 മുതല്‍ ആരംഭിക്കുന്ന ദശവര്‍ഷത്തില്‍ ഈ രാജ്യങ്ങളില്‍ സാമ്പത്തിക വളര്‍ച്ചയുണ്ടാകില്ല. ഈ സാഹചര്യത്തില്‍ വികസിത മുതലാളിത്ത രാജ്യങ്ങളില്‍ നിക്ഷേപങ്ങള്‍ക്ക് സാധ്യത മങ്ങി. ആഗോള പണമൂലധന ഉടമകളുടെ കൊള്ളലാഭമുണ്ടാക്കാനുള്ള പരിശ്രമം ഊഹക്കച്ചവടത്തിലേക്ക് നീങ്ങുകയാണ്. വികസ്വര രാജ്യങ്ങളിലേക്ക് ഈ ഫണ്ടുകളുടെ കുത്തൊഴുക്കു തന്നെയുണ്ടായേക്കാം. ലാഭമെടുത്ത് കഴിഞ്ഞാല്‍ പുറത്തേക്കും തിരിച്ചൊഴുകിയേക്കും.

ലോകവിപണിയില്‍ ഭക്ഷ്യധാന്യങ്ങളുടെ വില വീണ്ടും കുതിച്ചുയര്‍ന്നേക്കാം. ആഗോള വിപണിയില്‍ ധാന്യവില കുതിച്ചുയര്‍ന്നാല്‍ അതിന്റെ പ്രതിഫലനം ഇന്ത്യയിലുമുണ്ടാകും. ഈ സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷ പ്രധാന പ്രശ്‌നമായി ഉയര്‍ന്നുവരികയാണ്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തണമെങ്കില്‍ പൊതുവിതരണ ശൃംഖല അതിവേഗം വികസിപ്പിച്ച് അതുവഴി സാര്‍വത്രിക റേഷനിങ്ങ് എല്ലാ കുടുബങ്ങൾക്കും ഉറപ്പാക്കുകയും വേണം. ഈ മുദ്രാവാക്യങ്ങളാണ് ദേശീയ ട്രേഡ് യൂണിയനുകളുടെ പ്രക്ഷോഭത്തിലും സെപ്‌തംബർ 7 ലെ പണിമുടക്കിലും പ്രധാന ഇനം.


****

കെ എന്‍ രവീന്ദ്രനാഥ്, സിഐടിയു സംസ്‌ഥാന പ്രസിഡന്റ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ദേശീയതലത്തില്‍ എല്ലാ കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകളും അഖിലേന്ത്യാ ഫെഡറേഷനുകളും ചേര്‍ന്ന് നടത്തുന്ന പ്രക്ഷോഭത്തിന്റെയും പണിമുടക്കിന്റെയും പ്രധാന ആവശ്യം 'വിലക്കയറ്റം തടയുക - പൊതു വിതരണം ശക്തമാക്കുക - ഊഹക്കച്ചവടം തടയുക' എന്നതാണ്. ഈ മുദ്രാവാക്യം രാജ്യത്താകെ ചര്‍ച്ചാവിഷയമായിരിക്കുന്നു. ദേശീയവും സാര്‍വദേശീയവുമായ ചില സംഭവ വികാസങ്ങളാണ് പ്രശ്‌നത്തെ സജീവമാക്കിയത്. നാം ഉയര്‍ത്തുന്ന മുദ്രാവാക്യത്തിന് പ്രാധാന്യം കൈവന്നിട്ടുണ്ടെന്ന് എല്ലാ തൊഴിലാളികളും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരും തിരിച്ചറിയേണ്ടതുണ്ട്. അതിന് സഹായിക്കുന്ന കുറിപ്പാണിത്.