Tuesday, September 21, 2010

'ഗാന്ധിയന്മാരുടെ' കാവിഭയം

കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ 'കാവിഭീകരത' എന്ന പ്രയോഗം പാര്‍ലമെന്റില്‍ വലിയ ഒച്ചപ്പാടാണുണ്ടാക്കിയത്. ഇന്ത്യന്‍ പരമാധികാരത്തെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് നിരുപാധികം അടിയറവയ്‌ക്കുന്ന സ്വഭാവഘടനയോടെ ആണവക്കരാര്‍ പാസാക്കിയെടുക്കാന്‍ ബിജെപി, ശിവസേന തുടങ്ങിയ ഹിന്ദുരാഷ്‌ട്രവാദക്കാരുടെ ഒത്താശ വേണ്ടിവന്നുവെന്നതിനാല്‍, ചിദംബരത്തിന്റെ 'കാവിഭീകരത' എന്ന പ്രയോഗത്തെ തള്ളിക്കളയേണ്ട ഗതികേട് കോൺ‌ഗ്രസിനുണ്ടായി. ഇതോടെ മഹാത്മാഗാന്ധി എതിര്‍ത്തിരുന്ന അമേരിക്കനൈസേഷനോട് അന്തര്‍ദേശീയമായ ദാസ്യം കാണിക്കുന്നതിനുവേണ്ടി ഗാന്ധിഘാതകനായ ഗോഡ്‌സേയുടെ ഹിന്ദുരാഷ്‌ട്രവാദപരമായ 'കാവിഭീകരത'യോട് വിധേയപ്പെട്ട കോൺ‌ഗ്രസ് എല്ലാ അര്‍ഥത്തിലും ഗാന്ധിനിന്ദാ പ്രസ്ഥാനമായി മാറുകയായിരുന്നു. അതിനാല്‍ കോൺ‌ഗ്രസില്‍നിന്ന് ഇനി മതേതരജനാധിപത്യത്തിന്റെ ഭാവിഭദ്രതയ്‌ക്ക് ഏറെയൊന്നും പ്രതീക്ഷിക്കാനില്ല.

അമേരിക്കയും ബിജെപിയും ഒരുപോലെ പങ്കിടുന്ന ഇസ്രയേല്‍ അനുകൂലമായ 'മുസ്ളിം വിരുദ്ധത' അമേരിക്കന്‍ ദാസ്യം നിലനിര്‍ത്തുവാന്‍വേണ്ടി ബിജെപിയെ അടിസ്ഥാനപരമായി ചെറുക്കാതെ കോൺ‌ഗ്രസും പിന്‍പറ്റുന്നു. ഇക്കാര്യം കോൺ‌ഗ്രസ് മന്ത്രിസഭയില്‍ അംഗമായിരിക്കാന്‍ വേണ്ടിമാത്രം മുസ്ളിംമതവിശ്വാസികളെ ഉപയോഗിക്കുന്ന ഇ അഹമ്മദിനെപ്പോലുള്ളവര്‍ക്കൊഴികെ മറ്റാര്‍ക്കും മനസിലാകും.

യഥാര്‍ഥത്തില്‍ 'കാവിഭീകരത' എന്ന ചിദംബരത്തിന്റെ പ്രയോഗവും സമകാലികവും ചരിത്രപരവുമായ വസ്‌തുതകള്‍ക്ക് നിരക്കുന്ന ഒന്നാണ്. കാവിധരിച്ച് സന്യാസി ചമഞ്ഞ് മറാത്തക്കാരിയായ പ്രഗ്യാസിങ് താക്കൂറും ഗുജറാത്തിലെ അസീമാനന്ദയും ഒക്കെ സംഘപരിവാര നേതൃത്വങ്ങളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ഒത്താശകളോടെ മലേഗാവിലും മെക്ക മസ്‌ജിദിലുമൊക്കെ ബോംബ്‌സ്‌ഫോടനങ്ങള്‍ നടത്തിയ പശ്ചാത്തലത്തിലാണ് 'കാവിഭീകത' എന്ന പ്രയോഗം സമകാലീനമായ ശരിയായിരിക്കുന്നത്.

ഇനി എന്തുകൊണ്ടാണ് 'കാവിഭീകരത' എന്ന പ്രയോഗം ചരിത്രപരമായ ശരിയായിരിക്കുന്നതെന്ന് സൂചിപ്പിക്കാം. ഛത്രപതി ശിവജിയുടെ കൊടിനിറം എന്ന നിലയിലാണ് ഹിന്ദുമഹാസഭയും ആര്‍എസ്എസും ശിവസേനയും വിശ്വഹിന്ദുപരിഷത്തുമൊക്കെ കാവിയെ മാനിക്കുന്നത്. ഛത്രപതി ശിവജിയെ ചരിത്ര പുരുഷനായി കണ്ടുകൊണ്ടാണ് വീരസവര്‍ക്കറും മുംങ്ജേയും ഒക്കെ 'ഹിന്ദുരാഷ്‌ട്ര' വാദം ഉയര്‍ത്തുന്നത്. ഈ ആശയത്തിന്റെ പ്രചാരണത്തിനുവേണ്ടിയാണ് നാഥുറാം വിനായക് ഗോഡ്‌സേയുടെ പത്രാധിപത്യത്തില്‍ 'ഹിന്ദുരാഷ്‌ട്ര' എന്ന പ്രസിദ്ധീകരണം ആരംഭിച്ചതും. ഗോഡ്‌സെ ആചാരനിഷ്‌ഠനായ മറാത്ത ബ്രാഹ്മണനായിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ അയാള്‍ ഉയര്‍ത്തിയത് ത്രിവര്‍ണ പതാകയല്ല ശിവജിയുടെ കാവിപ്പതാകയായിരുന്നു. ആ ഗോഡ്‌സേയാണ് ഗാന്ധിജിയെ വെടിവച്ചുകൊന്നത്.

ഗോഡ്‌സേയുടെ ഗാന്ധിവധമാണ് ലോകത്തെ നടുക്കിയ ഇന്ത്യയിലെ ആദ്യത്തെ 'കാവിഭീകര' പ്രവര്‍ത്തനം. മുസ്ളിം മതവിദ്വേഷിയല്ലായിരുന്നു എന്നതാണ് ഗാന്ധിജിയെ വധിക്കാന്‍ പ്രേരണയായതെന്ന് ഗോഡ്‌സേതന്നെ കുറ്റസമ്മതത്തില്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ കാവിഭീകരതയുടെ പ്രധാന ലക്ഷണംതന്നെ മുസ്ളിം വിദ്വേഷമാണെന്നാണ് ഗാന്ധിവധത്തിലൂടെ ഗോഡ്‌സേ തെളിയിച്ചത്. മുസ്ളിം വിദ്വേഷിയല്ല എന്നതൊഴിച്ചാല്‍, താനൊരു യാഥാസ്ഥിതിക ഹിന്ദുവാണെന്ന് കൂടെക്കൂടെ പ്രഖ്യാപിച്ചിരുന്ന, ഗോസംരക്ഷണവാദിയായ, സദാ രാമനാമം ജപിച്ചിരുന്ന, ഭഗവത്ഗീതയ്‌ക്ക് വ്യാഖ്യാനമെഴുതിയ ഗാന്ധിജിയെ ഗോഡ്‌സേ വധിച്ചതിന് മറ്റൊരു പ്രബലകാരണവും ഇല്ല.

ഗോഡ്‌സേയുടെ മുസ്ളിം വിദ്വേഷത്തിലൂന്നിയ 'ഹിന്ദുരാഷ്‌ട്ര കാവിഭീകരത'തന്നെയാണ് ബാബറി മസ്‌ജിദ് തകര്‍ത്ത കര്‍സേവയിലും ഗുജറാത്തിലെ മുസ്ളിം വംശഹത്യയിലും എം എഫ് ഹുസൈന്‍ എന്ന കലാകാരനെ ഇന്ത്യ വിടാന്‍ നിര്‍ബന്ധിതനാക്കിയ പ്രവര്‍ത്തനങ്ങളിലും ഒക്കെ ശിവസേനയും സംഘപരിവാറും ബിജെപിയും ആവര്‍ത്തിച്ചത്. ഇതിന്റെയെല്ലാം പ്രഭവകേന്ദ്രം ഛത്രപതി ശിവജിയുടെയും വീരസവര്‍ക്കറുടെയും ഗോഡ്‌സേയുടെയും വിശ്വഹിന്ദുപരിഷത്തിന്റെയും ശിവസേനയുടെയും ജന്മസ്ഥാനമായ ആര്‍എസ്എസിന്റെ ആസ്ഥാനകേന്ദ്രം സ്ഥിതിചെയ്യുന്ന മറാത്തയാണ്. ഈ വസ്‌തുതകളുടെയെല്ലാം അടിസ്ഥാനത്തിലാണ് 'കാവിഭീകരത' എന്ന പ്രയോഗം ചരിത്രപരമായ ശരിയായിരിക്കുന്നത്.

ഇങ്ങനെ സമകാലികവും ചരിത്രപരവുമായ 'കാവിഭീകരത' എന്ന ശരിയായ പ്രയോഗത്തെ തള്ളിപ്പറഞ്ഞുകൊണ്ട് മുതിര്‍ന്ന കോൺ‌ഗ്രസ് നേതാവ് ജനാര്‍ദന്‍ ദ്വിവേദി നടത്തിയ പ്രസ്‌താവനകള്‍ അങ്ങേയറ്റം അപലപനീയമാണ്. ഭീകരതയുടെ നിറം കറുപ്പാണെന്നാണ് അദ്ദേഹം പറയുന്നത്. ഇത് കറുത്തവരെയെല്ലാം മ്ളേച്‌ഛരായി കാണുന്ന വര്‍ണവാദമാണ്. മാത്രമല്ല 'കറുപ്പ് ' ഭീകരതയുടെ നിറമാണെന്നൊക്കെ പറഞ്ഞാല്‍ കറുത്ത കാളിയും കറുത്ത രാമനും കാര്‍വര്‍ണനായ കൃഷ്ണനുമൊക്കെ ഭീകരതയുടെ പ്രതീകങ്ങളാണ് എന്നു പറയേണ്ടിവരും. വെളുത്ത ബ്രാഹ്മണന്‍ മാത്രമേ ശാന്തനായുള്ളൂ എന്നതാകും വാദത്തിന്റെ മറുവശം. ഇതൊക്കെ സമ്മതിക്കുവാന്‍ കോൺ‌ഗ്രസ് തയ്യാറാകുമോ?

ദ്വിവേദി പറയുന്നത് കാവി സ്വാതന്ത്ര്യസമരത്തിന്റെയും ഇന്ത്യയുടെ പാരമ്പര്യത്തിന്റെയും പൌരാണികതയുടെയും നിറമാണെന്നത്രെ. ഖദറും ചര്‍ക്കയുമാണ് ഇന്ത്യന്‍ ബഹുജനങ്ങളെ മുഴുവന്‍ ബ്രിട്ടനെതിരെ അണിനിരത്തിയ സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകങ്ങള്‍. ഇതിനെ അപ്രസക്തമാക്കുംവിധം കാവിയെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെടുത്തുന്നത് ഗാന്ധിജിയുടെ ഖദറിനെയും ചര്‍ക്കയെയും അപമാനിക്കലാണ്.

ഗാന്ധിജിയേക്കാള്‍ കോൺ‌ഗ്രസിന്റെ അമേരിക്കന്‍ ദാസ്യവൃത്തികളെ പിന്തുണയ്‌ക്കുക 'കാവിഭീകരത'യാണെന്നും അതിനാല്‍ ഗാന്ധിജിയെ അപമാനിച്ചിട്ടായാലും ഗാന്ധിഘാതകരുടെ 'കാവിഭീകരത'യെ ഞങ്ങള്‍ വെള്ളപൂശും എന്നുമാണ് ജനാര്‍ദന്‍ ദ്വിവേദിയിലൂടെ കോൺ‌ഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. കാവിഭീകരതയെ തള്ളിപ്പറയാത്ത ജനാര്‍ദന ദ്വിവേദിമാരുടെ കോൺ‌ഗ്രസ് ഗാന്ധിജിയെയല്ല ഗാന്ധിഘാതകരെയാണ് ഇപ്പോള്‍ വെള്ളപൂശുന്നത്. ഇത് അപലപനീയമാണ്.

*****

വിശ്വഭദ്രാനന്ദ ശക്തിബോധി, കടപ്പാട് ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ 'കാവിഭീകരത' എന്ന പ്രയോഗം പാര്‍ലമെന്റില്‍ വലിയ ഒച്ചപ്പാടാണുണ്ടാക്കിയത്. ഇന്ത്യന്‍ പരമാധികാരത്തെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് നിരുപാധികം അടിയറവയ്‌ക്കുന്ന സ്വഭാവഘടനയോടെ ആണവക്കരാര്‍ പാസാക്കിയെടുക്കാന്‍ ബിജെപി, ശിവസേന തുടങ്ങിയ ഹിന്ദുരാഷ്‌ട്രവാദക്കാരുടെ ഒത്താശ വേണ്ടിവന്നുവെന്നതിനാല്‍, ചിദംബരത്തിന്റെ 'കാവിഭീകരത' എന്ന പ്രയോഗത്തെ തള്ളിക്കളയേണ്ട ഗതികേട് കോണ്‍‌ഗ്രസിനുണ്ടായി. ഇതോടെ മഹാത്മാഗാന്ധി എതിര്‍ത്തിരുന്ന അമേരിക്കനൈസേഷനോട് അന്തര്‍ദേശീയമായ ദാസ്യം കാണിക്കുന്നതിനുവേണ്ടി ഗാന്ധിഘാതകനായ ഗോഡ്‌സേയുടെ ഹിന്ദുരാഷ്‌ട്രവാദപരമായ 'കാവിഭീകരത'യോട് വിധേയപ്പെട്ട കോണ്‍‌ഗ്രസ് എല്ലാ അര്‍ഥത്തിലും ഗാന്ധിനിന്ദാ പ്രസ്ഥാനമായി മാറുകയായിരുന്നു. അതിനാല്‍ കോണ്‍‌ഗ്രസില്‍നിന്ന് ഇനി മതേതരജനാധിപത്യത്തിന്റെ ഭാവിഭദ്രതയ്‌ക്ക് ഏറെയൊന്നും പ്രതീക്ഷിക്കാനില്ല.